''ഒരു യാത്രയെ അളക്കേണ്ടത് മൈലുകള്‍ കൊണ്ടല്ല, സുഹൃത്തുക്കളെക്കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു''

ഡല്‍ഹിയില്‍നിന്നും ബാഗ്ഡോഗ്രയിലേക്കുള്ള ആകാശയാത്രയില്‍ ഇടതുവശത്തേക്കു നോക്കിയാല്‍ ഹിമാലയനിരകള്‍ കാണാം.
''ഒരു യാത്രയെ അളക്കേണ്ടത് മൈലുകള്‍ കൊണ്ടല്ല, സുഹൃത്തുക്കളെക്കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു''

ല്‍ഹിയില്‍നിന്നും ബാഗ്ഡോഗ്രയിലേക്കുള്ള ആകാശയാത്രയില്‍ ഇടതുവശത്തേക്കു നോക്കിയാല്‍ ഹിമാലയനിരകള്‍ കാണാം. യാത്രയിലുടനീളം നീണ്ടുനില്‍ക്കുന്ന മനോഹരമായ ആ കാഴ്ച ആദ്യമായി കാണുന്നത് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വാരാണസിയിലേക്ക് പോകുമ്പോഴാണ്. അലസമായി ദൂരേക്ക് നോക്കിയിരിക്കുമ്പോള്‍ മേഘങ്ങള്‍ക്കുമപ്പുറത്ത് മഞ്ഞുമൂടിക്കിടക്കുന്ന മലനിരകള്‍ പ്രത്യക്ഷമാവുന്നു. അവിശ്വസനീയവും അവിസ്മരണീയവുമായ ചില മുഹൂര്‍ത്തങ്ങള്‍ യാത്രയുടെ അനിവാര്യതകളാകാറുണ്ട് പലപ്പോഴും. 'ബാഗ്ഡോഗ്ര' പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങ് ജില്ലയിലാണ്. തേയിലത്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന, അത്രയൊന്നും വലുതല്ലാത്ത ഒരു പട്ടണം. അവിടെ ജനിച്ചുവളര്‍ന്ന ഒരു ചെറുപ്പക്കാരനാണ് അടുത്ത സീറ്റില്‍ ഇരിക്കുന്നത്. അക്ഷമയോടെ പുറത്തെ അനന്തതയിലേക്ക് നോക്കുകയും എത്താറായിട്ടുണ്ടാകുമോ എന്ന് ഉത്കണ്ഠപ്പെടുകയും ചെയ്യുന്നുണ്ട് അയാള്‍. തലേദിവസം രാത്രിയിലാണ് അയാളുടെ അച്ഛന്‍ മരിച്ചത്. അവസാനമായി കാണാന്‍ യാത്ര പുറപ്പെട്ടിരിക്കുകയാണ്. മഞ്ഞുപുതച്ചുകിടക്കുന്ന ഹിമാലയനിരകളില്‍ വെയില്‍വീഴുന്നത് അത്ര നല്ല കാഴ്ചയായിരിക്കില്ല അയാള്‍ക്ക്. 

''A journey is best measured in friends rather than miles.' ടിം കാഹില്‍ എന്ന സഞ്ചാരസാഹിത്യകാരന്റെ വരികളാണ്. ഒരു യാത്രയെ അളക്കേണ്ടത് മൈലുകള്‍ കൊണ്ടല്ല, സുഹൃത്തുക്കളെക്കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. അതു സത്യമാണെന്ന് തെളിയിക്കാന്‍ ബാഗ്ഡോഗ്ര എയര്‍പോര്‍ട്ടില്‍ രണ്ടുപേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. യാത്രയില്‍ ഇനിയങ്ങോട്ട് ഞങ്ങള്‍ക്ക് കൂട്ടുണ്ടാകേണ്ടവര്‍. അതിലുപരി ഗാങ്ടോക്ക് യാത്രയുടെ എല്ലാ ഒരുക്കങ്ങളും നടത്തിയവര്‍. പ്രിയപ്പെട്ട മഞ്ജു, സഞ്ജയ് നിങ്ങളെക്കുറിച്ചെഴുതാതെ ഈ യാത്രാക്കുറിപ്പ് ഒരിക്കലും പൂര്‍ണ്ണമാവുകയില്ല.

കോറണേഷന്‍ ബ്രിഡ്ജ്, ഡാര്‍ജലിങ്- ജല്‍പായ് ഗുരി ജില്ലകളെ ബന്ധിപ്പിക്കുന്നത് ഈ പാലമാണ്
കോറണേഷന്‍ ബ്രിഡ്ജ്, ഡാര്‍ജലിങ്- ജല്‍പായ് ഗുരി ജില്ലകളെ ബന്ധിപ്പിക്കുന്നത് ഈ പാലമാണ്

ഒരുമിച്ച് കയറേണ്ട മലകളും വഴിയരികിലെ ഡാബകളിലെ ചൂടുള്ള ചോറും പരിപ്പുകറിയും മസാലച്ചായയും നമ്മളെ കാത്തിരിക്കുന്നുണ്ട്, മഞ്ഞുവീണുകിടക്കുന്ന വീതികുറഞ്ഞ നിരത്തുകളിലൂടെ മുന്നില്‍ വഴി തെളിഞ്ഞുകാണാതെ വണ്ടി നിരങ്ങിനീങ്ങുമ്പോള്‍ ശ്വാസമടക്കിപ്പിടിച്ച് നമുക്ക് മിണ്ടാതിരിക്കേണ്ടതുണ്ട്, തൃപ്തിവരാതെ വീണ്ടും വീണ്ടും സെല്‍ഫികളെടുക്കേണ്ടതുണ്ട്.

മലനിരകളിലെ സ്വപ്‌നഭൂമി
ബാഗ്ഡോഗ്രയില്‍നിന്നും നാലരമണിക്കൂര്‍ യാത്രചെയ്താല്‍ ഗാങ്ടോക്കിലെത്താം. ബാഗ്ഡോഗ്ര, ന്യൂ ജല്‍പായ്ഗുരി, സിലിഗുരി എന്നീ റോഡുകളെല്ലാം സെവോക് റോഡില്‍ ചെന്നുചേര്‍ന്ന് നാഷണല്‍ ഹൈവേ (NH 10) ആയി രൂപാന്തരപ്പെടുന്നു. സിലിഗുരിയെ ഗാങ്ടോക്കുമായി ബന്ധിപ്പിക്കുന്ന ഹൈവേയാണിത്. സിലിഗുരിനഗരത്തില്‍നിന്നും ഏകദേശം ഇരുപതു കിലോമീറ്റര്‍ വടക്കോട്ടുപോയാല്‍ ടീസ്റ്റ നദിക്കു കുറുകെ കിടക്കുന്ന 'കോറണേഷന്‍ ബ്രിഡ്ജ്' കാണാം. ഡാര്‍ജിലിങ്ങ്, ജല്‍പായ്ഗുരി ജില്ലകളെ ബന്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 1941-ല്‍ പണിതീര്‍ത്തതാണ് ഈ പാലം. ടീസ്റ്റ നദിയുടെ മനോഹാരിത പൂര്‍ണ്ണമായും ഒപ്പിയെടുക്കാന്‍ പാകത്തിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. ജോര്‍ജ്ജ് ആറാമന്റേയും എലിസബത്ത് രാജ്ഞിയുടേയും കിരീടധാരണത്തിന്റെ സ്മരണയ്ക്കുവേണ്ടിയാണ് ഇതിന് കോറണേഷന്‍ ബ്രിഡ്ജ് എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ടീസ്റ്റ നദിക്കരയിലൂടെ ദീര്‍ഘദൂരം ഡ്രൈവ് ചെന്നെത്തുന്നത് കിഴക്കന്‍ സിക്കിമിലെ റാങ്ങ്പോ എന്ന ചെറുനഗരത്തിലേക്കാണ്. ബംഗാളിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ കിടക്കുന്ന ഈ നഗരമാണ് സിക്കിമിന്റെ കവാടം. പശ്ചിമ ബംഗാളിനേയും സിക്കിമിനേയും റാങ്പോ വേര്‍തിരിക്കുന്നു. ഒരു ഭാഗത്ത് മലനിരകളും മറുഭാഗത്ത് തിടുക്കമില്ലാതെ ഒഴുകുന്ന അല്ലെങ്കില്‍ ഒഴുക്കില്ലെന്നുതന്നെ തോന്നിക്കുന്ന വിധത്തില്‍ ഹരിതനീലിമയാര്‍ന്ന ടീസ്റ്റാനദിയും ഏതോ പാട്ടിന്റെ വരികളെ ചുണ്ടുകളിലെത്തിക്കുന്നു. കിഴക്കന്‍ ഹിമാലയത്തില്‍നിന്നും ഉത്ഭവിച്ച് സിക്കിം, പശ്ചിമ ബംഗാള്‍ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ ഒഴുകി ബംഗ്ലാദേശിലെ ബ്രഹ്മപുത്രയില്‍ ലയിക്കുന്ന നദിയാണ് ടീസ്റ്റ. ഡാമുകളുടെ എണ്ണം കൂടുന്നതുകൊണ്ടാകണം ഇടയ്ക്കെല്ലാം ഒഴുകാന്‍ മറന്നുപോകുന്നുണ്ട് ടീസ്റ്റ.

റാങ് പോപാസ്, സിക്കിമിന്റെ പ്രവേശന കവാടം
റാങ് പോപാസ്, സിക്കിമിന്റെ പ്രവേശന കവാടം

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം. ചുറ്റുപാടും മലനിരകള്‍. ടിബറ്റ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയാണ് അന്താരാഷ്ട്ര അതിര്‍ത്തികള്‍. തെക്കുഭാഗത്തെ അതിര്‍ത്തി പങ്കിടുന്നത് ഇന്ത്യന്‍ സംസ്ഥാനമായ പശ്ചിമ ബംഗാള്‍. പതിനേഴാം നൂറ്റാണ്ടില്‍ നംഗ്യാല്‍ രാജവംശമാണ് പ്രസിദ്ധമായ 'സില്‍ക്ക് റൂട്ടി'ല്‍ കിടക്കുന്ന സിക്കിം കണ്ടുപിടിച്ചത്. ബുദ്ധപുരോഹിതനായ ഫുന്റ്സോങ് നംഗ്യാല്‍ 1642ല്‍ സിക്കിം സാമ്രാജ്യത്തിന്റെ ആദ്യത്തെ രാജാവായി. വളരെക്കാലം കഴിഞ്ഞ് സിക്കിം ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു നാട്ടുരാജ്യമാവുകയും 1975-ല്‍ ഇന്ത്യയിലെ 22-ാമത്തെ സംസ്ഥാനമായി നിലവില്‍വരികയും ചെയ്തു. കിഴക്കന്‍ ഹിമാലയനിരകളില്‍ സ്ഥിതിചെയ്യുന്ന സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്ക് ബുദ്ധമതക്കാരുടെ ഒരു പ്രധാന തീര്‍ത്ഥാടനകേന്ദ്രമാണ്. ഒരുകാലത്ത് ടിബറ്റിലേക്ക് യാത്രചെയ്തിരുന്ന വ്യാപാരികളുടെ പ്രധാന ഇടത്താവളമായിരുന്നു ഇവിടം. നേപ്പാളി വംശജരാണ് സിക്കിം നിവാസികളില്‍ ഭൂരിപക്ഷവും. തദ്ദേശനിവാസികളില്‍ ഭൂട്ടിയ, ലെപ്ച എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. നേപ്പാളി, ഭൂട്ടിയ, ലെപ്ച, ഇംഗ്ലിഷ് എന്നിവയാണ് സംസാരഭാഷകള്‍.

യാത്രകള്‍ വെളിച്ചത്തിന്റെ ഉറവിടങ്ങളാണ്. വഴിയില്‍നിന്നും വീണുകിട്ടുന്ന വെളിച്ചത്തിന്റെ തുണ്ടുകളെ കൂട്ടിവെച്ച് ഉള്ളിലൊരു കുഞ്ഞുസൂര്യനെയുണ്ടാക്കാം. വളഞ്ഞും പുളഞ്ഞും വണ്ടി മലകയറുമ്പോള്‍ സൂര്യന്‍ മരങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിക്കുകയാണ്. സമുദ്രനിരപ്പില്‍നിന്നും 1650 മീറ്റര്‍ ഉയരത്തിലാണ് ഗാങ്ടോക്ക്. കാലിംപോങ്ങ്കാരനായ ഗാങ്ടോക് നിവാസി സിമോണ്‍ എന്ന ചെറുപ്പക്കാരനാണ് ഡ്രൈവര്‍.

അസ്തമയം കഴിഞ്ഞാണ് ഗാങ്ടോക്കിലെത്തിയത്. ഗാങ്ടോക്കിന്റെ ഹൃദയമായ എം.ജി. റോഡില്‍നിന്നും വളരെ അടുത്തുള്ള സമ്മിറ്റ് ഡെന്‍സോങ് എന്ന ഹോട്ടലിലാണ് അടുത്ത മൂന്നു ദിവസത്തെ താമസം. സുഖകരമായ തണുപ്പുള്ള കാലാവസ്ഥ. പിറ്റേന്നു രാവിലെ ഇളംപച്ച നിറമുള്ള കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ ശ്വാസം നിലച്ചുപോകുന്ന തരത്തില്‍ അത്ഭുതകരമായ കാഴ്ച മുന്നില്‍. മനോഹരമായ ഗാങ്ടോക്ക് താഴ്വരകള്‍ക്കപ്പുറത്ത് മഞ്ഞില്‍ പുതച്ചുകിടക്കുന്ന കഞ്ചന്‍ജംഗ. ഇന്ത്യയിലെ ഒന്നാമത്തേയും ലോകത്തിലെ മൂന്നാമത്തേയും ഉയരംകൂടിയ കൊടുമുടി. പര്‍വ്വതങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് ഗാങ്ടോക്ക് ഒരു പറുദീസയാകുന്നു. ഗാങ്ടോക്കിലെ ആദ്യത്തെ പകല്‍ സോംഗോ തടാകവും പ്രസിദ്ധമായ നാഥു ലാ ചുരവും കാണാനായിരുന്നു പരിപാടിയെങ്കിലും കനത്ത ഹിമപാതം കാരണം നാഥു ലാ ചുരത്തിലേക്ക് പോകാനുള്ള അനുമതി ടൂറിസം ഡിപ്പാര്‍ട്ട്മെന്റില്‍നിന്നും ലഭിച്ചില്ല. സോംഗോ തടാകം വരെ പോകാനുള്ള അനുമതി മാത്രമാണ് അന്നു കിട്ടിയത്. ഗാങ്ടോക്കില്‍നിന്നും 40 കിലോമീറ്റര്‍ അകലെയാണ് സോംഗോ അല്ലെങ്കില്‍ ചന്‍ഗു എന്നു വിളിക്കുന്ന തടാകം. സമുദ്രനിരപ്പില്‍നിന്നും 3753 മീറ്റര്‍ ഉയരത്തിലാണിത്. ഭൂട്ടിയ ഭാഷയില്‍ സോംഗോ എന്നാല്‍ ജലത്തിന്റെ ഉറവിടം എന്നാണര്‍ത്ഥം. ഇന്ത്യയിലെ ഉയരം കൂടിയ തടാകങ്ങളില്‍ ഒന്നാണിത്. ചൈനയുടെ അതിര്‍ത്തി ഈ തടാകത്തില്‍നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയാണ്.

മൂന്നാം മൈല്‍ ചെക്ക്പോസ്റ്റില്‍ കാറുകളുടെ ഒരു നീണ്ടനിര തന്നെയുണ്ടായിരുന്നു. തടാകത്തിലേക്കുള്ള പെര്‍മിറ്റ് പരിശോധിക്കുന്നത് അവിടെയാണ്. ചന്‍ഗുവിലേക്കുള്ള യാത്ര ദുഷ്‌കരമായിരുന്നു. തുടര്‍ച്ചയായ മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും കാരണം റോഡിന്റെ അവസ്ഥ പലയിടത്തും മോശമായിരുന്നു. കൂടാതെ കനത്ത മൂടല്‍മഞ്ഞുള്ളതിനാല്‍ വഴി തെളിഞ്ഞു കാണുന്നുമുണ്ടായിരുന്നില്ല. സോംഗോയിലെത്തിയപ്പോഴേക്കും മഞ്ഞുവീഴാന്‍ തുടങ്ങിയിരുന്നു. ഹിമപാതവുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച. വിശേഷണങ്ങള്‍ക്കതീതമായ പ്രകൃതിഭംഗി. ചുറ്റും മഞ്ഞുമലകള്‍. അവ പ്രതിബിംബിക്കുമ്പോള്‍ കൂടുതല്‍ സുന്ദരമാകുന്ന തടാകം. മലകളില്‍നിന്നുള്ള മഞ്ഞുരുകിയാണ് തടാകത്തില്‍ ജലം നിറയുന്നത്. സിക്കിമിലെ ജനങ്ങള്‍ തടാകത്തെ വളരെ പവിത്രമായാണ് കണക്കാക്കുന്നത്. യാക്ക് സവാരി ഇവിടുത്തെ മറ്റൊരാകര്‍ഷണമാണ്. പണം കൊടുത്താല്‍ മനോഹരമായി അലങ്കരിച്ച യാക്ക് മൃഗങ്ങളുടെ പുറത്തിരുന്ന് തടാകത്തിനു ചുറ്റും സവാരി ചെയ്യാം. തുടര്‍ച്ചയായി മഞ്ഞുപെയ്തിരുന്നതുകൊണ്ട് തിരിച്ചുപോകുമ്പോഴേക്കും തടാകം ഉറഞ്ഞുകട്ടിയാകാന്‍ തുടങ്ങിയിരുന്നു. രാവിലെ തടാകത്തിലേക്ക് പോകുമ്പോള്‍ ചായകുടിച്ചിരുന്ന അതേ കടയില്‍ത്തന്നെയാണ് ഉച്ചഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നത്. ആവിപറക്കുന്ന ചോറും പരിപ്പുകറിയും ക്വാളിഫ്‌ലവര്‍ സബ്ജിയും. സിമോണിന് പരിചയമുള്ള കടയാണത്. ആറോ ഏഴോ പേര്‍ക്ക് ഇരിക്കാനുള്ള സ്ഥലമേ ഉള്ളുവെങ്കിലും നല്ല വൃത്തിയോടെയും വെടിപ്പോടെയും വെച്ചിരിക്കുന്നതു കണ്ടപ്പോള്‍ അതിശയിച്ചു. മൂന്നു ചെറുപ്പക്കാരികളാണ് ആ കട നോക്കി നടത്തുന്നത്.

കടയുടെ മുന്‍വശത്ത് പല നിറങ്ങളിലുള്ള കമ്പിളി വസ്ത്രങ്ങളും തൊപ്പികളുമെല്ലാം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു. അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം ചില്ലുകൂട്ടിനുള്ളില്‍ അടുക്കിവെച്ചിരിക്കുന്ന മാഗി നൂഡില്‍സ് പാക്കറ്റുകളായിരുന്നു. സിക്കിമിലൂടെ യാത്രചെയ്യുമ്പോള്‍ ഏതു ഭക്ഷണശാലയിലും എപ്പോള്‍ വേണമെങ്കിലും കിട്ടുന്ന ഒരു സാധനം അതു മാത്രമാണ്. മോമോസ്, തുക്പ ഇതെല്ലമാണ് സിക്കിമിലെ ഭക്ഷണമെങ്കിലും വിപണനത്തിന്റെ സാധ്യത കണക്കിലെടുക്കുമ്പോള്‍ അതെല്ലാം പിറകിലായിപ്പോകുന്നു. ഇന്ത്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ സംസ്ഥാനവും ഗോവ കഴിഞ്ഞാല്‍ ഏറ്റവും ചെറിയ സംസ്ഥാനവുമായ സിക്കിമിന്റെ പ്രധാനപ്പെട്ട വരുമാനം ടൂറിസത്തില്‍നിന്നും കാര്‍ഷികവൃത്തിയില്‍നിന്നുമാണ്. ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം വളരെ കൂടുതലുള്ള ഗാംങ്ടോക്കില്‍ ഏറെ പേര്‍ നേരിട്ടോ അല്ലാതെയോ ടൂറിസവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നുണ്ട്. നിയമങ്ങള്‍ ഇവിടെ കര്‍ശനമാണ്. അതില്‍ ടൂറിസ്റ്റുകളുടെ സുരക്ഷയും വണ്ടിക്കാര്‍ അവരില്‍നിന്നും കൂടുതല്‍ പണം ഈടാക്കാന്‍ പാടില്ല എന്ന നിയമവുമുണ്ട്. വേനലിലും വസന്തത്തിലുമാണ് എറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ ഇവിടം സന്ദര്‍ശിക്കുന്നത്. 

റുംടെക് മൊണാസ്ട്രറി, ബന്‍ഝക്രി വെള്ളച്ചാട്ടം ഇവയായിരുന്നു അടുത്ത ദിവസത്തെ സന്ദര്‍ശനപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഗാങ്ടോക്കില്‍നിന്നും 23 കിലോമീറ്റര്‍ അകലെ ഗാങ്‌ടോക്ക് നഗരത്തിന് അഭിമുഖമായി കിടക്കുന്ന മലയിലാണ് കഗ്യു വിഭാഗക്കാരുടെ റുംടെക് ബുദ്ധവിഹാരം. വിസ്മയിപ്പിക്കുന്ന ഭൂപ്രകൃതി. റുംടെക്കില്‍നിന്നും ഗാങ്ടോക്ക് നഗരത്തിന്റെ മനോഹാരിത മുഴുവനും ആസ്വദിക്കാം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ടിബറ്റില്‍ ഉടലെടുത്തതാണ് കഗ്യു ബുദ്ധിസം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒന്‍പതാമത് കര്‍മപ്പയായിരുന്ന വാങ്ചുക് ദോര്‍ജി സ്ഥാപിച്ച റുംടെക് മൊണാസ്ട്രി കാലക്രമേണ ജീര്‍ണ്ണാവസ്ഥയിലെത്തുകയും 1950-കളിലെ ടിബറ്റന്‍ കലാപകാലത്ത് ലാമകളോടും സന്ന്യാസിമാരോടുമൊപ്പം ഇന്ത്യയിലേക്ക് പലായനം ചെയ്ത രങ്ജുങ് റിങ്പെ ദോര്‍ജി എന്ന പതിനാറാമത് ഗ്യാല്‍വ കര്‍മപ്പയെ സിക്കിം രാജാവായിരുന്ന താഷി നംഗ്യാല്‍ സിക്കിമില്‍ കഗ്യു ആസ്ഥാനമുണ്ടാക്കാനായി ക്ഷണിക്കുകയും തകര്‍ന്നു കിടക്കുന്ന പഴയ റുംടെക്ക് മൊണാസ്ട്രിക്ക് അദ്ദേഹം പുതുജീവന്‍ നല്‍കുകയും ചെയ്തു എന്നത് സമീപകാല ചരിത്രം. റുംടെക്ക് ധര്‍മ്മചക്ര സെന്റര്‍ എന്നു വിളിക്കുന്ന ഇപ്പോഴത്തെ റുംടെക് മൊണാസ്റ്റെറി സ്ഥാപിച്ചത് അദ്ദേഹമാണ്. ഈ ബുദ്ധവിഹാരത്തിനുള്ളില്‍ മനോഹരമായ ഒരു ദേവാലയവും സന്ന്യാസിമാര്‍ക്ക് താമസിക്കാനുള്ള ആശ്രമവുമുണ്ട്. ഉജ്ജ്വലമായ ചുവര്‍ച്ചിത്രങ്ങളും താങ്കകളും (തുണിയില്‍ ചെയ്ത പെയിന്റിങ്ങുകള്‍) വിഗ്രഹങ്ങളുമടങ്ങുന്ന വിശാലമായ പ്രാര്‍ത്ഥനാമുറിയും ടിബറ്റന്‍ ബുദ്ധിസത്തിന്റെ ആത്മാവു കാണിച്ചുതരുന്നു.

സ്വര്‍ണ്ണനിറത്തിലുള്ള ആയിരത്തിയൊന്ന് ചെറു ബുദ്ധപ്രതിമകളും അനേകം പുരാതന ഗ്രന്ഥങ്ങളും ദേവാലയത്തിനുള്ളിലുണ്ട്. ബുദ്ധമതത്തെക്കുറിച്ചുള്ള അറിവു നല്‍കുന്ന ഇടമാണ് റുംടെക്ക് ബുദ്ധവിഹാരം. ധര്‍മ്മചക്ര സെന്ററിലും നളന്ദ ഇന്‍സ്റ്റിറ്റിയൂട്ടിലും ടിബറ്റന്‍ ബുദ്ധമതത്തെക്കുറിച്ച് പഠിപ്പിക്കുന്നു. യോദ്ധാ സിനിമയിലെ ഉണ്ണിക്കുട്ടനെ ഓര്‍മ്മിപ്പിക്കുന്ന കുട്ടിലാമകള്‍ വിശാലമായ ആശ്രമമുറ്റത്ത് ഓടിക്കളിക്കുന്നു. ഇടയ്ക്ക് മുറ്റത്തിന്റെ നടുവിലുള്ള ഇരുമ്പുതൂണിനു മുകളിലേക്ക് നാണയം എറിയുന്നുമുണ്ട് അവര്‍. മനസ്സില്‍ എന്തെങ്കിലും ആഗ്രഹിച്ച് മുകളിലേക്ക് നാണയമെറിഞ്ഞ് ആ നാണയം തൂണിനു മുകളിലെ തട്ടില്‍ വീഴുകയാണെങ്കില്‍ ആഗ്രഹിച്ചതു നടക്കും എന്നാണ് വിശ്വാസം. കിട്ടപ്പയെന്ന നല്ലപാതി രണ്ടുതവണ നാണയം മുകളിലെ തട്ടില്‍ നിക്ഷേപിച്ചതിന്റെ വാശിയില്‍ ഒന്നെങ്കിലും വീഴണേയെന്ന പ്രാര്‍ത്ഥനയോടെ ഏറ് തുടങ്ങി. എപ്പോഴും കരുതലോടെ കൂടെ നടക്കുന്ന മഞ്ജുവിന് താഴെ വീഴുന്ന നാണയങ്ങള്‍ പെറുക്കിത്തന്ന് മടുക്കുന്നതിനു മുന്‍പുതന്നെ ഒരു നാണയം തട്ടില്‍ കുടുങ്ങി. ഇതെല്ലാം ഒരു ക്യാമറക്കണ്ണ് പകര്‍ത്തിയിരുന്നു എന്നതിന്റെ തെളിവ് പിന്നീട് സഞ്ജയ് വാട്ട്സാപ്പിലൂടെ തരികയും ചെയ്തു. വാട്ട്സാപ്പും ഫേസ്ബുക്കും ഇല്ലാതിരുന്ന കാലത്ത് നമ്മളെല്ലാം വെറുതെ ഫോട്ടോ എടുത്ത് കാശുകളഞ്ഞു എന്നുപറഞ്ഞ് ആരോ മുന്‍പ് ചിരിപ്പിച്ചിരുന്നു. മൊണാസ്ട്രറിയില്‍നിന്നും തിരിച്ചിറങ്ങുമ്പോള്‍ വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന പ്രാര്‍ത്ഥനാചക്രങ്ങള്‍ കറക്കിക്കൊണ്ടു നടന്നു. അതും പ്രാര്‍ത്ഥനയ്ക്കു തുല്യം തന്നെയെന്ന് ബുദ്ധമതം പറയുന്നു. 
ബന്‍ഝക്രി വെള്ളച്ചാട്ടവും അതിനോടനുബന്ധിച്ച എനര്‍ജി പാര്‍ക്കും ഒരു വിനോദകേന്ദ്രമാണ്. വളരെ ചെറിയൊരു വെള്ളച്ചാട്ടം. ഒരു കൃത്രിമ തടാകവും വിളക്കുമാടവും അനേകം പ്രതിമകളുംകൊണ്ട് ആകര്‍ഷകമാക്കിയിരിക്കുന്ന ഒരിടം എന്നതില്‍ക്കവിഞ്ഞ് വലിയ പ്രാധാന്യമൊന്നും തോന്നാതിരുന്ന സ്ഥലം. 'ബന്‍' എന്നാല്‍ കാടെന്നും 'ഝക്രി' എന്നാല്‍ സാമ്പ്രദായികമായി സുഖപ്പെടുത്തുന്ന ആളെന്നുമാണര്‍ത്ഥം. ബന്‍ഝക്രി ഒരു ഇതിഹാസ കഥാപാത്രമാണ്. അയാള്‍ ഗുഹകളില്‍ താമസിച്ച് ദുര്‍ഭൂതങ്ങളേയും ആത്മാക്കളേയും ആരാധിച്ചിരുന്നു എന്ന് സിക്കിമുകാര്‍ വിശ്വസിക്കുന്നു. ഉച്ചയ്ക്ക് നന്നായി വിശക്കുന്ന നേരത്താണ് ബന്‍ഝക്രിയിലെത്തിയത്. അവിടെ ആകെയുണ്ടായിരുന്നത് 'ഫാസ്റ്റ് ഫുഡ്' മാത്രം കിട്ടുന്ന ഒരു ചെറുഭക്ഷണശാല മാത്രം. മാഗിയും ഫ്രൈഡ് റൈസും കഴിച്ചവര്‍ വലിയ കുഴപ്പമില്ലാതെ രക്ഷപ്പെടുകയും അന്നേവരെ കഴിച്ചിട്ടില്ലാത്ത തുക്പയുടെ പിറകെ പോയവള്‍ക്ക് പകുതിവയറോടെ ബന്‍ഝക്രി വിടേണ്ടിവരികയും ചെയ്തു. 

ടെമി ടീ ഗാര്‍ഡന്‍, സംദ്രുപ്‌ത്സെ ഹില്‍, നാംചിയിലെ സിദ്ധേശ്വര ധാം എന്നിവിടങ്ങളിലേക്കായിരുന്നു മൂന്നാം ദിവസത്തെ യാത്ര. ടെമി ടീ ഗാര്‍ഡന്‍ തെക്കന്‍ സിക്കിമിലാണ്. സിക്കിമിലെ ഏക ചായത്തോട്ടവും ലോകത്തിലെ തന്നെ മികച്ച ചായത്തോട്ടങ്ങളില്‍ ഒന്നുമാണിത്. പന്നച്ചെടികള്‍ സമൃദ്ധമായി വളരുന്ന സുന്ദരമായ മലഞ്ചരിവുകളിലൂടെയായിരുന്നു മുകളിലേക്കുള്ള യാത്രയെങ്കിലും മോശമായിരുന്ന കാലാവസ്ഥ ഞങ്ങളുടെ ഉത്സാഹത്തെ അല്പമൊന്നു കുറയ്ക്കുകയാണുണ്ടായത്. റോഡിന്റെ സ്ഥിതിയും തൃപ്തികരമായിരുന്നില്ല. മുകളിലേക്കു കയറുന്തോറും വീതികുറഞ്ഞതും കൂടുതല്‍ വളവുകളുള്ളതുമായിത്തീരുകയാണ് വഴി. ഹോട്ടലില്‍നിന്നും പുറപ്പെട്ട് അധികസമയം കഴിയുന്നതിനു മുന്‍പുതന്നെ എസ്.ഡി.എഫി (സിക്കിം ഡെമൊക്രാറ്റിക് ഫ്രണ്ട്)ന്റെ കൊടി പിടിപ്പിച്ച വാഹനങ്ങള്‍ കടന്നുപോകുന്നതു കണ്ടു. സിക്കിം മുഖ്യമന്ത്രിയായ പവന്‍ കുമാര്‍ ചാമ്ലിങ്ങ് 1993-ല്‍ കണ്ടുപിടിച്ച പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയാണിത്. തുടര്‍ച്ചയായി അഞ്ചുതവണ സിക്കിം ലെജിസ്ലേറ്റിവ് അസംബ്ലി ഇലക്ഷനുകള്‍ ജയിച്ച പാര്‍ട്ടിയെന്ന പേരും അഞ്ചുതവണ മുഖ്യമന്ത്രി പദം സ്വന്തമാക്കിയ നേതാവെന്ന പേരും പവന്‍ ചാമ്ലിങ്ങിനും തന്റെ പാര്‍ട്ടിക്കും സ്വന്തം.

എസ്.ഡി.എഫിന്റെ ഇരുപത്തിയാറാമത് സ്ഥാപകദിനത്തോടനുബന്ധിച്ചുള്ള സമ്മേളനമാണ് റാങ്ങ്പോയിലെ മൈനിങ്ങ് ഗ്രൗണ്ടില്‍ നടക്കാന്‍ പോകുന്നതെന്ന് സിമോണ്‍ പറഞ്ഞറിഞ്ഞു. മലകയറുന്നതിനനുസരിച്ച് പലഭാഗത്തുനിന്നും ആളുകളെ തിക്കിനിറച്ച് മലയിറങ്ങുന്ന കൊടികെട്ടിയ വാഹനങ്ങളുടെ വരവും കൂടിക്കൊണ്ടിരുന്നു. വഴിയില്‍ ഏലത്തോട്ടങ്ങള്‍ കണ്ടു. ഇരുണ്ട പകല്‍. ടെന്‍ഡോങ്ങ് കുന്നിന്റെ ചരിവിലാണ് ടെമി ടീ ഗാര്‍ഡന്‍. ദൂരേയ്ക്കുള്ള കാഴ്ചകളൊന്നും വ്യക്തമല്ല. ഇത്തിരി സൂര്യവെളിച്ചം മോഹിച്ചുപോയ സമയങ്ങള്‍. വെയിലുണ്ടായിരുന്നെങ്കില്‍ ചായത്തോട്ടത്തില്‍നിന്നുമുള്ള കാഴ്ചകള്‍ക്ക് കൂടുതല്‍ മിഴിവുണ്ടാകുമായിരുന്നു. 
തെക്കന്‍ സിക്കിം ജില്ലയുടെ തലസ്ഥാനമാണ് നാംചി. നാംചി ടൗണില്‍നിന്നും ഏകദേശം പത്തുകിലോമീറ്റര്‍ അകലെയാണ് സംദ്രുപ്‌ത്സെ കുന്ന്. ഭൂട്ടിയ ഭാഷയില്‍ 'ആഗ്രഹം സഫലമാക്കുന്ന കുന്ന്' എന്നര്‍ത്ഥം. കുന്നിന്‍മുകളില്‍ പദ്മസംഭവ ഗുരുവിന്റെ ഭീമാകാര പ്രതിമയുണ്ട്. ഗുരു റിന്‍പോചെ എന്നും പേരുള്ള ഇദ്ദേഹം ടിബറ്റന്‍ ബുദ്ധിസത്തിന്റെ പ്രാരംഭകന്‍ എന്നു കരുതപ്പെടുന്നു. എട്ടാം നൂറ്റാണ്ടില്‍ ടിബറ്റില്‍ വജ്രയാന ബുദ്ധിസം പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഗുരു റിന്‍പോചെ ആയിരുന്നു. താമരയില്‍നിന്നും പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഇദ്ദേഹത്തിന്റെ അവതാരത്തെക്കുറിച്ച് ശാക്യമുനി ബുദ്ധന്‍ കാലേക്കൂട്ടി പ്രവചിച്ചിരുന്നു എന്ന് പുരാണങ്ങളുടെ സമര്‍ത്ഥനം. 45 മീറ്റര്‍ ഉയരമുള്ള സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള പ്രതിമ നാംചി പട്ടണത്തേയും എതിരെയുള്ള കുന്നുകളേയും ഒട്ടൊരു രൗദ്രതയോടെ ഉറ്റുനോക്കുന്നു. 1997-ല്‍ ദലൈലാമ തറക്കല്ലിട്ട പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയായത് 2004-ലാണ്. പ്രതിമയുടെ ചുറ്റും നടന്നാല്‍ ഇടതൂര്‍ന്ന കാടുകളും മലകളും കാണാം. ഇടയ്ക്കിടെ വന്ന് ഗുരുപ്രതിമയുടെ മുഖം മറയ്ക്കുന്നുണ്ട് കോടമഞ്ഞ്. ചുറ്റും ചാരുതയുള്ള പൂന്തോട്ടം. കാറ്റും തണുപ്പും. സംദ്രുപ്‌ത്സെ മനസ്സിനെ സംതൃപ്തമാക്കുന്നു. ഛായാഗ്രാഹകര്‍ക്കും പ്രകൃതിരമണീയത ഇഷ്ടപ്പെടുന്നവര്‍ക്കും ഒരുപാട് സാധ്യതകളുള്ള സ്ഥലമാണ് സംദ്രുപ്‌ത്സെ. ഗാങ്ടോക്ക് യാത്രയിലെ ഏറ്റവും മനോഹരമായ സെല്‍ഫി നല്‍കിയ സ്ഥലവും ഇവിടം തന്നെ എന്നത് എടുത്തുപറയുന്നു.

നാംചിയിലെ അവസാന കാഴ്ച സിദ്ധേശ്വര്‍ ധാമിന്റേതായിരുന്നു. നാംചി ടൗണില്‍നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ സൊളൊഫോക്ക് കുന്നിലാണ് പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളുടേയും ചാര്‍ ധാമിന്റേയും ചെറുപകര്‍പ്പായ സിദ്ധേശ്വര്‍ ധാം. ബൃഹത്തായ ഒരു ശിവപ്രതിമയ്ക്ക് ചുറ്റുമായാണ് ഇവയെല്ലാം ഉണ്ടാക്കിയിരിക്കുന്നത്. സിക്കിമിലെ തീര്‍ത്ഥാടന വിനോദസഞ്ചാര സംരംഭമായ ഈ സമുച്ചയം 29 ഹെക്ടറില്‍ പരന്നുകിടക്കുന്നു. സായിബാബ മന്ദിര്‍, നന്ദി പ്രതിമ, മ്യൂസിക്കല്‍ ഫൗണ്ടന്‍, സമതലപ്രദേശങ്ങളില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന പൂക്കള്‍ ഇവയെല്ലാം കാഴ്ചയെ സ്വാധീനിക്കുന്നതാണ്. തണുത്ത കാറ്റും മഞ്ഞും കൂടിക്കലരുമ്പോള്‍ കമ്പിളിവസ്ത്രങ്ങളുടെ കട്ടി കുറഞ്ഞുപോയോ എന്ന സംശയം പൊന്തിവരുന്നു. സിക്കിമില്‍ മഞ്ഞുകാലം ഇനിയും കഴിഞ്ഞിട്ടില്ലെന്ന് തണുപ്പു പറയുന്നു. തിരിച്ച് ഹോട്ടലിലെത്തിയപ്പോഴേക്കും അസ്തമയം കഴിഞ്ഞിരുന്നു. 

ശുചിത്വം ഗാങ്ടോക്ക് നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലുമുണ്ട്. ജൈവകൃഷിയും മാലിന്യനിര്‍മാര്‍ജ്ജനത്തിനുള്ള പുത്തന്‍ രീതികളും പാഴ്വസ്തുക്കള്‍ പുനരുല്പാദനം നടത്തുന്നതിലുള്ള ശ്രദ്ധയും ഈ നഗരത്തെ വൃത്തിയും വെടിപ്പുമുള്ളതാക്കുന്നു. പ്ലാസ്റ്റിക്ക് നിരോധിച്ചിരിക്കുന്ന സംസ്ഥാനമാണ് സിക്കിം. യാത്രയില്‍ ഇടയ്ക്കിടയ്ക്ക് സിമോണ്‍ അക്കാര്യം ഞങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പാഴ്വസ്തുക്കള്‍ വഴിയില്‍ കളയുന്നതിന് പിഴ കൊടുക്കേണ്ടിവരും. ഗാങ്ടോക്കിന്റെ സിരാകേന്ദ്രമായ എം.ജി.മാര്‍ഗ്ഗില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ആളുകള്‍ക്കിടയില്‍നിന്നു പുകവലിക്കാനും സമ്മതമില്ല. മാര്‍ക്കറ്റില്‍ പ്രത്യേകമായി ഉണ്ടാക്കിയ സ്മോക്കിങ്ങ് റൂമിലിരുന്ന് നിങ്ങള്‍ക്ക് സിഗരറ്റുകള്‍ വലിച്ചുതള്ളാം. ഹോണടിക്കുന്നതും പിഴയൊടുക്കേണ്ടതായ കുറ്റമാണ് അവിടെ. ഏറ്റവും ശുചിത്വമാര്‍ന്ന വിനോദസഞ്ചാരകേന്ദ്രത്തിനുള്ള അവാര്‍ഡ് ടൂറിസം മന്ത്രാലയത്തില്‍നിന്നും ലഭിച്ച നഗരമാണ് ഗാങ്ടോക്ക്. ഈ ചെറുനഗരം വൃത്തിയുടെ കാര്യത്തില്‍ മറ്റുള്ള വലിയ നഗരങ്ങളെ പിന്നിലാക്കുന്നു. 'ഗാങ്ടോക്ക് ബ്യൂട്ടിഫയേര്‍സ്' എന്നെഴുതിയ ജാക്കറ്റ് ധരിച്ച ജോലിക്കാരെ നഗരത്തില്‍ എല്ലായിടത്തും കാണാം. ഗാങ്ടോക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമിച്ചിരിക്കുന്ന ഇവരുടെ പ്രധാന ജോലി നഗരം ഭംഗിയായി സൂക്ഷിക്കുക എന്നതു തന്നെയാണ്.  

യാത്രകളില്‍ കണ്ടുമുട്ടുന്ന എല്ലാ മുഖങ്ങളേയും ഓര്‍ത്തുവെയ്ക്കുക സാധ്യമല്ല. എങ്കിലും ഗാങ്ടോക്ക് യാത്ര എന്നോര്‍ക്കുമ്പോള്‍ എക്കാലവും തെളിഞ്ഞുവരുമെന്ന് ഉറപ്പുള്ള ഒരു മുഖം സിമോണിന്റേതാണ്. മുഴുവന്‍ യാത്രയിലും ഞങ്ങളുടെ കൂടെയുണ്ടായിരുന്നയാള്‍. സൈമണ്‍ എന്ന പേരാണ് സിമോണ്‍ എന്നായി മാറിയത്. പശ്ചിമ ബംഗാളിലെ കാലിംപോങ്ങ് നിവാസിയായ മൈക്കല്‍ സുന്‍ദാസിന്റേയും സിക്കിംകാരിയായ യാങ്കി ലാമു ഭൂട്ടിയയുടേയും മകനായ സിമോണിന് പഠിക്കാന്‍ കഴിഞ്ഞത് ഒന്‍പതാം ക്ലാസ്സുവരെ മാത്രം. അതിനുകാരണം പിതാവിന്റെ മരണമാണെന്ന് ആ ചെറുപ്പക്കാരന്‍ പറയുന്നു. അച്ഛന്റെ നാടായ കാലിംങ്പോങ്ങിലായിരുന്നു സിമോണിന്റെ വിദ്യാഭ്യാസം. സഹോദരിമാര്‍ കോളേജില്‍ പഠിക്കുന്നതുകൊണ്ട് അമ്മയും ഇപ്പോള്‍ അവരുടെ കൂടെ കാലിംങ്പോങ്ങിലാണ് താമസം. സിമോണ്‍ അമ്മയുടെ സ്ഥലമായ ഗാങ്ടോക്കിലും. അമ്മയേയും രണ്ടു സഹോദരിമാരേയും സംരക്ഷിക്കാനുള്ള ചുമതല തന്റെ കൈകളിലാണെന്ന് നിശ്ചയമുള്ള ഈ ചെറുപ്പക്കാരന്‍ കിട്ടുന്നതെല്ലാം കൂട്ടിവെയ്ക്കുന്നു. അവരെക്കുറിച്ച് പറയുമ്പോള്‍ അയാളുടെ മുഖത്ത് നിലാവുദിക്കുന്നു. അമ്മ ഭക്ഷണമുണ്ടാക്കാന്‍ എടുത്തുവെയ്ക്കുന്ന കോഴിമുട്ടകള്‍ സൗന്ദര്യ സംരക്ഷണത്തിനായി അനിയത്തിമാര്‍ മുഖത്തും തലയിലും തേച്ചുപിടിപ്പിക്കുന്നതിലുള്ള ആശങ്ക ചിരിച്ചുകൊണ്ടാണെങ്കിലും വെളിപ്പെടുത്തുന്നുണ്ട് സിമോണ്‍. നല്ലൊരു ഗിറ്റാറിസ്റ്റായ സിമോണ്‍ ഒഴിവുസമയങ്ങളില്‍ സംഗീതമേളകളില്‍ പങ്കെടുക്കാറുണ്ട്. പാട്ടിലുള്ള അയാളുടെ അഭിരുചി മനസ്സിലാക്കാന്‍ ബാഗ്ഡോഗ്രയില്‍നിന്നും ഗാങ്ടോക്കിലേക്കുള്ള ആദ്യയാത്രയില്‍ തിരഞ്ഞെടുത്ത പാട്ടുകള്‍ മാത്രം മതിയായിരുന്നു. 'ഹാന്‍ഡ്സം ബോയ്' എന്നു സ്വയം വിശേഷിപ്പിച്ച് തന്റെ കൂടെ ഫോട്ടോ എടുക്കാന്‍ പറയുന്ന, ചിരിക്കുമ്പോള്‍ കണ്ണുകളുടെ സ്ഥാനത്ത് ഒരു വരമാത്രം ബാക്കിയാകുന്ന സിമോണ്‍ തന്റെ ഭാവിയിലേക്ക് നോക്കുന്നത് വളരെ ശ്രദ്ധയോടെയാണ്. ബാഗ്ഡോഗ്ര എയര്‍പോര്‍ട്ടില്‍ ഞങ്ങളെ ഇറക്കി ഗാങ്ടോക്കിലേക്ക് തിരിച്ചുപോകുന്ന അവന്റെ വണ്ടി റോഡിലേക്ക് കടക്കുന്നത് കുറച്ചു നേരം നോക്കിനിന്നു. നാളെ ഞങ്ങളെപ്പോലെ മറ്റൊരു കൂട്ടം യാത്രക്കാരേയും കൊണ്ട് അവന്‍ ഗാങ്ടോക്കിലെ മലകള്‍ കയറുകയും ഇറങ്ങുകയും ചെയ്യും. കേട്ട പാട്ടുകള്‍ വീണ്ടും വീണ്ടും കേള്‍പ്പിക്കുകയും പറഞ്ഞ കഥകള്‍ വീണ്ടും വീണ്ടും പറയുകയും ചെയ്യും. ആവര്‍ത്തനങ്ങളുടെ ഒരു വലിയ പരമ്പരയായ ജീവിതത്തെ എന്നുമവന്‍ ചിരിച്ചുകൊണ്ട് ആഘോഷിക്കട്ടെ. വഴിപിരിയലുകള്‍ ചില യാത്രകളില്‍ ഒഴിച്ചുകൂടാനാവാത്തതാണെന്ന് സാക്ഷ്യപ്പെടുത്തി ബാക്കിയായ ഞങ്ങളും ഇരുവഴിക്ക് പിരിയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com