തടവുകാരന് ലോകമെങ്ങും പേരില്ല, തടവറയിലേക്ക് കയറുന്നതോടെ അവന്‍/അവള്‍ ഒരു അക്കമായി മാറും

കവിയാണ് ബെഹറൂസ്. ഇറാനില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ 35 വയസ്സ്. കുര്‍ദുകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് എഴുതി ഇറാനില്‍ നോട്ടപ്പുള്ളിയായി.
ബെഹറൂസ് ബൂചാനി
ബെഹറൂസ് ബൂചാനി

ടിഞ്ഞാറന്‍ ഇറാനില്‍നിന്ന് ആറു വര്‍ഷം മുന്‍പ് രാഷ്ട്രീയ അഭയം തേടി യാത്ര തിരിച്ചതാണ് ബെഹറൂസ് ബൂചാനി. കുര്‍ദാണ്, ഇറാന്‍, ഇറാഖ്, തുര്‍ക്കി എന്നിവിടങ്ങളില്‍ പരന്നുകിടക്കുന്ന കുര്‍ദിസ്ഥാനിലെ ഒരു മനുഷ്യന്‍. കുര്‍ദുകളുടെ സ്വത്വം, അവരുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ എന്നിവ ലോകം വേണ്ടവിധം ചര്‍ച്ച ചെയ്യാത്ത പ്രശ്‌നങ്ങള്‍. അവര്‍ മലകളാല്‍ ചുറ്റപ്പെട്ട ഗ്രാമങ്ങളിലാണ് കഴിഞ്ഞുപോരുന്നത്. കുര്‍ദുകള്‍ എല്ലായിടത്തും വലിയ തോതില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. അവരുടെ പുരാതനമായ വിശ്വാസങ്ങള്‍ക്കും സംസ്‌കാരത്തിനും ഒരിക്കലും വില കല്പിക്കപ്പെട്ടില്ല. എല്ലാ നാടുകളിലും അവിടെയുള്ള ഭരണകൂടങ്ങള്‍ അവരെ പാര്‍ശ്വവല്‍ക്കരിച്ചു. ഒരിക്കലും പൗരന്മാരായി പരിഗണിക്കപ്പെട്ടില്ല. കുര്‍ദിസ്ഥാന്‍ എന്ന അവരുടെ സ്വപ്നം അദൃശ്യ രാജ്യം എന്ന അമൂര്‍ത്തതയിലേക്ക് തള്ളിമാറ്റപ്പെട്ടു. 

കവിയാണ് ബെഹറൂസ്. ഇറാനില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ 35 വയസ്സ്. കുര്‍ദുകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് എഴുതി ഇറാനില്‍ നോട്ടപ്പുള്ളിയായി. വിമതനായി. അവിടം നില്‍ക്കാന്‍ പറ്റാതായപ്പോള്‍ അദ്ദേഹം ഓസ്ട്രേലിയയിലേക്ക് രാഷ്ട്രീയ അഭയം മോഹിച്ച് യാത്ര തിരിച്ചു. പിടിക്കപ്പെട്ടു. പാപ്പുവ ന്യൂഗിനിയ ദ്വീപസമൂഹങ്ങളിലെ മാനസ് എന്ന ദ്വീപില്‍ പല നാടുകളില്‍നിന്നും വന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം തടവിലായി. ഇക്കാലത്ത് വാട്ട്സാപ്പ് ഉപയോഗിച്ച് എഴുതുകയും അത് പുറം ലോകത്ത് എത്തിക്കുകയും ചെയ്തു. ആത്മകഥാപരമായ പുസ്തകം 'നോ ഫ്രണ്ട്, ബട്ട് മൗണ്ട്യന്‍സ്, റൈറ്റിങ്ങ് ഫ്രം മാനസ് പ്രിസണ്‍' എന്ന പുസ്തകം വാട്ട്സാപ്പ് മാധ്യമമാക്കി എഴുതി. ഇറാനിലെ ഭാഷയായ ഫാര്‍സിയിലെഴുതിയ പുസ്തകം ഒമിഡ് തോഫിഗിയാന്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. കഴിഞ്ഞ വര്‍ഷം പിക്കഡോര്‍ പുസ്തകം ഇംഗ്ലീഷിലിറക്കി. അഭയാര്‍ത്ഥിയായി തടവില്‍ കഴിയുന്ന കവിയുടെ ജീവിതം അങ്ങനെയാണ് ലോകമറിഞ്ഞത്. ഓസ്ട്രേലിയയില്‍ എഴുത്തുകാരും ബുദ്ധിജീവികളും പൗരാവകാശ പ്രവര്‍ത്തകരും ബെഹറൂസിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നു. പക്ഷേ, ഭരണകൂടം ഇളകിയില്ല. ഒടുവില്‍ ഒരു വര്‍ഷം മുന്‍പ് മാനസ് ദ്വീപിലെ ജയില്‍ പൂട്ടി. പക്ഷേ, തടവുകാര്‍ക്ക് ദ്വീപ് വിട്ടു പോകാനുള്ള അനുമതിയില്ല. അവര്‍ അവിടെത്തന്നെയുള്ള തുറന്ന ജയിലുകളില്‍ (ക്യാമ്പുകളില്‍) കഴിയണം. അഭയാര്‍ത്ഥികളായ തടവുകാര്‍ എല്ലായ്പോഴും നിരീക്ഷണത്തിലാണ്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ വിക്ടോറിയന്‍ പുരസ്‌കാരം (65 ലക്ഷം രൂപയാണ് സമ്മാനത്തുക) ബെഹറൂസിന്റെ 'നോ ഫ്രണ്ട്സ്, ബട്ട് മൗണ്ട്യന്‍സ്, റൈറ്റിംഗ് ഫ്രം മാനസ് പ്രിസണ്‍' കരസ്ഥമാക്കി.

ആത്മകഥയെന്നും ജീവിത ആഖ്യാനമെന്നും വിളിക്കാവുന്ന രീതിയിലാണ് ഈ രചനയുടെ നിര്‍മ്മിതി. അവാര്‍ഡ് നേരില്‍ സ്വീകരിക്കാന്‍ ബെഹറൂസിനെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. പുസ്തകത്തിന്റെ പ്രകാശനത്തില്‍ പങ്കെടുക്കാനും എഴുത്തുകാരന്  സാധിച്ചിരുന്നില്ല.
നാലു മാസം മുന്‍പ് ഈ പുസ്തകം വായിച്ചപ്പോള്‍ എഴുത്തുകാരന്റെ അസാധാരണ സഹനങ്ങള്‍ ഞെട്ടിപ്പിച്ചിരുന്നു. പുസ്തകത്തിന് അതിന്റെ ഔന്നത്യം കണക്കിലെടുത്ത് തന്നെയാണ് തടവിലിട്ട രാജ്യത്തിന് ഏറ്റവും വലിയ പുരസ്‌കാരം നല്‍കേണ്ടിവന്നത്. 

ബെഹറൂസിന്റെ പ്രസാധകര്‍ പിക്കഡോറിന് എഴുത്തുകാരനെ ഇന്റര്‍വ്യൂ ചെയ്യാന്‍ താല്പര്യമുണ്ടെന്ന് കാണിച്ചയച്ച ഇ-മെയിലിന് അവരുടെ പബ്ലിസിസ്റ്റ് സാലി ബട്ട്ലറാണ് പ്രതികരിച്ചത്. എഴുത്തുകാരന്റേയും വിവര്‍ത്തകന്റേയും വാട്ട്സാപ്പ് നമ്പറുകള്‍ തന്ന് അതില്‍ ബന്ധപ്പെടുന്നതാകും നല്ലതെന്ന് സാലി പറഞ്ഞു. ആദ്യ വിളിയില്‍ത്തന്നെ ബെഹറൂസിനെ കിട്ടി. അവാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്നുണ്ടായ പല തിരക്കുകള്‍ക്കിടയിലും അദ്ദേഹം സംസാരിക്കാന്‍ തയ്യാറായി. ആ സംഭാഷണം ഇവിടെ രേഖപ്പെടുത്തുന്നു.

മാനസ് ദ്വീപില്‍ താങ്കള്‍ക്കൊപ്പം ആരൊക്കയുണ്ട്?
ഇവിടെ എനിക്കൊപ്പം തടവുകാരായ 200 പുരുഷന്മാരാണുള്ളത്. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍. റോഹിങ്ക്യകളും ഉണ്ട്. അതെ, എല്ലാവരും രാഷ്ട്രീയ അഭയാര്‍ത്ഥികള്‍. ആഭ്യന്തര യുദ്ധങ്ങളും അധിനിവേശ യുദ്ധങ്ങളും രാഷ്ട്രീയ വിമതത്വവും കാരണം ജന്മനാടുകളില്‍നിന്ന് ഓടിപ്പോന്നവര്‍. ഇതിനടുത്തായി ക്രിസ്മസ് ദ്വീപില്‍ അഭയാര്‍ത്ഥി കുടുംബങ്ങള്‍ തടവില്‍ കഴിയുന്നു. അതിനടുത്ത നാരുവ ദ്വീപിലും അഭയാര്‍ത്ഥി തടവുകാരുണ്ട്. ഞങ്ങളെ ജയിലില്‍നിന്നു മാറ്റി. ഇപ്പോള്‍ ഒരു ക്യാമ്പിലാണ്. ജയിലും ക്യാമ്പും തമ്മില്‍ വലിയ വ്യത്യാസമില്ല. തുറന്ന ജയില്‍ എന്നു പറയാം. ഇവിടെ കഴിയുന്നവരുടെ നാടുകളെക്കുറിച്ച് ഞാന്‍ പറഞ്ഞല്ലോ. അപ്പോള്‍ത്തന്നെ ഈ മനുഷ്യര്‍ എന്തെല്ലാം കാരണങ്ങളാലാണ് ഇവിടെ എത്തിപ്പെട്ടതെന്ന് എല്ലാവര്‍ക്കും മനസ്സിലാകുമെന്നു ഞാന്‍ കരുതുന്നു. ഇത് ഇന്നത്തെ ലോകത്തിലെ അഭയാര്‍ത്ഥികളുടെ ഭൂപടം കൂടിയാണെന്നാണ് എന്റെ അഭിപ്രായം.

രാഷ്ട്രീയ അഭയം തേടിയുള്ള ഇറാനില്‍ നിന്നാരംഭിച്ച താങ്കളുടെ യാത്രയെക്കുറിച്ച് പറയാമോ?
സത്യത്തില്‍ ഞാനിപ്പോള്‍ ഇറാനെക്കുറിച്ച് പറയാനല്ല ആഗ്രഹിക്കുന്നത്. ഓസ്ട്രേലിയയെക്കുറിച്ച് പറയാനാണ്. ഞങ്ങള്‍ക്കിവിടെ രാഷ്ട്രീയ അഭയം കിട്ടണം. അതിനു വേണ്ടി വന്ന മനുഷ്യരാണ് ഞങ്ങള്‍. അതിനു പകരം കിട്ടിയത് തടവറയാണ്. അതിനെ തുറന്നു കാട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് പുസ്തകം എഴുതിയത്. ഈ ദ്വീപിലും മൊബൈല്‍ ടവര്‍ ഉള്ളതു കൊണ്ട് എന്റെ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാട്ട്സാപ്പ് സന്ദേശങ്ങളായി പുസ്തകത്തിന്റെ ഓരോ അധ്യായങ്ങള്‍ എഴുതി. അതു പുറത്തേയ്ക്ക് കടത്താനും പ്രസിദ്ധീകരിക്കാനും സാധിച്ചു. കുര്‍ദുകളായതിനാല്‍ പല തരത്തിലുള്ള ഭരണകൂട ഭീകരതയും ഇറാനില്‍ ഞാന്‍ അനുഭവിച്ചു. കവി എന്ന നിലയിലും മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലും ഭരണകൂടത്തിന്റെ കണ്ണിലെ കരടായി. ഓടിപ്പോരുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല. മാതാപിതാക്കളും രണ്ടു സഹോദരങ്ങളും അടങ്ങിയതാണ് എന്റെ കുടുംബം. വിവാഹിതനല്ല. പടിഞ്ഞാറന്‍ ഇറാനിലെ ഇലം എന്ന സ്ഥലത്തുള്ളവരാണ് ഞങ്ങള്‍. ഇറാനില്‍നിന്നും ആദ്യമെത്തിയത് ഇന്തോനേഷ്യയിലാണ്. അഭയാര്‍ത്ഥികളുടെ ഒരു സംഘമായാണ് ഞങ്ങള്‍ വന്നത്. ഇന്തോനേഷ്യയില്‍ ആഴ്ചകളോളം കുടുങ്ങി. ഞങ്ങളെ ഓസ്ട്രേലിയയില്‍ എത്തിക്കാമെന്നേറ്റ് പണം വാങ്ങിയ ഏജന്റ് പറ്റിക്കുകയായിരുന്നു. 

പിന്നീട് ഇന്ത്യോനേഷ്യയില്‍നിന്നും കടല്‍മാര്‍ഗ്ഗം തന്നെ ഓസ്ട്രിയയിലേക്ക് എത്താന്‍ ശ്രമിച്ചു. ഞങ്ങള്‍ വന്ന ബോട്ട് ഇടയ്ക്ക് തകരാറിലായി. മുങ്ങി. മരക്കഷണത്തില്‍ പിടിച്ചു കടലില്‍ കിടന്നു. മത്സ്യബന്ധനത്തൊഴിലാളികളുടെ ബോട്ടാണ് അവസാനം രക്ഷപ്പെടുത്തിയത്. പക്ഷേ, ആ ബോട്ടില്‍ പോകുമ്പോള്‍ ഓസ്ട്രേലിയയുടെ ഒരു യുദ്ധക്കപ്പല്‍ വന്നു ഞങ്ങളെ പിടികൂടി. ആദ്യം പാപ്പുവ ന്യൂഗിനിയയിലെ ക്രിസ്മസ് ദ്വീപില്‍. പിന്നീട് മാനസ് ദ്വീപിലെ തടവറയിലേക്ക്. കൂടെയുണ്ടായിരുന്ന കുടുംബങ്ങളെ നാരുവ ദ്വീപിലേക്ക് വിട്ടു. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും അഴുക്കുകളാണ് എന്ന നിലപാടിലാണല്ലോ. അത് കാര്യങ്ങള്‍ ഒരിക്കലും പരിഹരിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിച്ചു.

ഈ അവസ്ഥയുടെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് താങ്കള്‍ക്കു പറയാനുണ്ടാകുമല്ലോ?
പുസ്തകത്തില്‍ പറയുന്നുണ്ട്. യൂറോപ്പ്-അമേരിക്കന്‍ കോളനൈസേഷന്‍. മിഡിലീസ്റ്റിനെ ഈ ശക്തികള്‍ കോളനികളാക്കിയിരിക്കുകയാണ്. ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കൊപ്പം ഇതുംകൂടി ചേര്‍ന്നിരിക്കുന്നു. യൂറോപ്യന്‍ ശക്തികള്‍ ഒരുകാലത്ത് കണ്ടെത്തി എന്ന് അവകാശപ്പെടുന്ന കപ്പല്‍ ചാലുകള്‍ ഇന്ന് അഭയാര്‍ത്ഥികള്‍ തങ്ങളുടെ രക്ഷാമാര്‍ഗ്ഗമെന്ന് കരുതി ഉപയോഗപ്പെടുത്തുന്നു. ഇത് ചരിത്രത്തിലെ ഒരു വിരുദ്ധോക്തിയാണെന്ന് തോന്നാം. പക്ഷേ, അന്നും ഇന്നും ഈ പറഞ്ഞ രാജ്യങ്ങളിലെ മനുഷ്യര്‍ കോളനി ഇരകളാണ്. കോളനി ഭരണ തന്ത്രങ്ങള്‍ തന്നെയാണ് അതാതിടങ്ങളില്‍ ഭരിക്കുന്ന 'സ്വന്തം' ഭരണാധികാരികളും അനുവര്‍ത്തിക്കുന്നത്. അതാണ് പ്രശ്‌നം. കുറേ മനുഷ്യര്‍ ഇതിനോട് പൊരുതി മരിക്കുന്നു. മറ്റുള്ളവര്‍ എന്നെപ്പോലെയോ, ഇതിലും മോശമായോ ജീവിക്കുന്നു. 

പുസ്തക രചനയില്‍ ആരുടെയൊക്കെ സഹായമുണ്ടായിട്ടുണ്ട്?
റൈറ്റിങ്ങ് ത്രൂ ഫെന്‍സസ് എന്ന സംഘടനയുടെ കോ-ഓര്‍ഡിനേറ്റര്‍ ജാനറ്റ് ഗാല്‍ബ്രിയത്ത് പ്രധാനപ്പെട്ട ഒരാളാണ്. അവര്‍ 2014-ല്‍ എന്നെ ജയിലില്‍ വന്നു കണ്ടു. അതോടെ എഴുത്തല്ലാതെ മറ്റു വഴി മുന്നിലില്ലെന്ന് എനിക്കുറപ്പായി. അവരന്ന് ഞാനെഴുതിയ ഒരു ലേഖനം മസ്‌ക്കാരയില്‍ പ്രസിദ്ധീകരിച്ചു. അതോടെ ഗാര്‍ഡിയന്‍ എന്നെ എഴുതാന്‍ ക്ഷണിച്ചു. അത് മുന്‍നിര പ്രസിദ്ധീകരണങ്ങളില്‍ എഴുതാന്‍ വേദിയൊരുക്കി. അങ്ങനെയാണ് ബെഹറൂസ് ബൂചാനി എന്ന എഴുത്തുകാരനെ, കവിയെ ലോകം അറിഞ്ഞു തുടങ്ങിയത്. പക്ഷിയുടെ ജന്മമുള്ള ജാനറ്റിന് എന്നാണ് പുസ്തകത്തിലെ ആദ്യ പേജിലുള്ള അവര്‍ക്കുള്ള സമര്‍പ്പണം. എന്റെ പരിഭാഷകന്‍ ഒമിഡ് തോഫിഗിയാനാണ് ഈ പുസ്തകം സാധ്യമാക്കിയത്. സിഡ്നി യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായ ഇറാന്‍ വേരുകളുള്ള ഒമിഡ് എന്നും എനിക്ക് പിന്തുണ നല്‍കി. പുസ്തകം പ്രസിദ്ധപ്പെടുത്തിയ പിക്കഡോര്‍ പ്രധാനപ്പെട്ട പ്രചോദന കേന്ദ്രമാണ്. ഇവരോടെല്ലാം നന്ദിയുണ്ട്. ഇതോടൊപ്പം ലോകത്തിന്റെ പല ഭാഗത്തുള്ളവര്‍ ഈ രചന വായിച്ചു. അവരില്‍ പലരും പ്രതികരണങ്ങള്‍ അറിയിച്ചു. പിന്തുണ പ്രഖ്യാപിച്ചു. ഇതെല്ലാമാണ് ഇന്നും എന്നെ നില നിര്‍ത്തുന്നത്. 

ഇപ്പോള്‍ താങ്കള്‍ ബെഹറൂസ് ബൂചാനിയല്ല, മറിച്ച് എം.ഇ.ജി 45 എന്ന നമ്പര്‍ ആണെന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്?
നിങ്ങളോട് സംസാരിക്കുന്ന ഈ സമയത്തും ഞാന്‍ എം.ഇ.ജി 45 എന്ന നമ്പര്‍ തന്നെയാണ്. തടവുകാരന് ലോകമെങ്ങും പേരില്ല. തടവറയിലേക്ക് കയറുന്നതോടെ അയാള്‍/അവള്‍ ഒരു അക്കമായി മാറും. അതായത് നിങ്ങള്‍ മനുഷ്യനല്ലാതാകും. പേരു നഷ്ടപ്പെടുമ്പോള്‍ വേരുകള്‍ കടപുഴകുന്നു. അതാണ് ലോകമെങ്ങുമുള്ള തടവറകളില്‍ സംഭവിക്കുന്നത്. ഞാനിപ്പോള്‍ ഈ നമ്പര്‍ മാറ്റി എന്റെ യഥാര്‍ത്ഥ പേര് തിരിച്ചു കിട്ടാന്‍ വേണ്ടിയാണ് പൊരുതുന്നത്. ജയിലിലായതു കൊണ്ട് ഈ കുര്‍ദിനു ഭക്ഷണം കിട്ടുന്നുണ്ടല്ലോ എന്നു ചിലര്‍ എന്റെ എഴുത്തിനെ പരിഹസിച്ചിട്ടുണ്ട്. തൂക്കിക്കൊല്ലാന്‍ കൊണ്ടുപോകുന്നയാളോട് തലേ രാത്രി ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം എന്താണെന്നു ചോദിക്കാറുണ്ട്. അതേ സമീപനമാണ് ഈ പരിഹാസത്തില്‍ ഞാന്‍ കാണുന്നത്.

പുസ്തകം ആത്മകഥാപരം എന്ന നിലയില്‍ അവതരിപ്പിച്ചിരിക്കുന്നു. പല ഭാഗങ്ങള്‍ക്കും ഫിക്ഷന്റെ സ്വഭാവം കാണാം. നിറയെ കവിതകള്‍ ഉപയോഗിച്ചിട്ടുണ്ട്. അല്ലെങ്കില്‍ കവിതയിലൂടെ (ഡയറിക്കുറിപ്പുകള്‍ക്ക് സമാനമായ വരികളിലൂടെ)യാണ് ഈ ഗദ്യ പുസ്തകം മുന്നേറുന്നത്. അവാര്‍ഡ് വാര്‍ത്തയില്‍ പല മാധ്യമങ്ങളും ആത്മകഥാപരമായ നോവല്‍ എന്നാണ് പറഞ്ഞത്. എനിക്ക് കിട്ടിയ പുസ്തകത്തില്‍ ജീവചരിത്രം എന്നാണ് കണ്ടത്?
ഈ പുസ്തകത്തിന്റെ ഴാനര്‍ എന്നോട് ചോദിക്കരുത്. ഇതൊരു ആര്‍ട്ടിസ്റ്റിക്ക് പീസായി കാണണം. കലയാണിത്. അല്ലാതെ ഞാന്‍ ജയിലില്‍ കിടന്നു, അതുകൊണ്ട് ഇങ്ങിനെ ഒരു പുസ്തകമെഴുതി എന്ന നിലയില്‍ മാത്രമുള്ള വിലയിരുത്തല്‍ പുസ്തകത്തെ ചുരുക്കിക്കാണുന്ന രീതിയാണ്. രൂപകങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് എഴുതുന്നത്. അത് കലയുടെ അടിസ്ഥാനമാണ്. അങ്ങനെ കൂടി ഞാന്‍ ഈ രചനയെ കാണുന്നുണ്ട്.

പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ മനുഷ്യശരീരങ്ങള്‍ ശോഷിക്കുന്നതിനെക്കുറിച്ച് പറയുന്നു. ഭക്ഷണമായി കിട്ടിയ പരിക്കന്‍ ധാന്യക്കട്ടയില്‍ കടിക്കുമ്പോള്‍ താങ്കളുടെ ഒരു പല്ല് അടര്‍ന്നു പോന്നതിനെക്കുറിച്ച് എഴുതുന്നു. മരണത്തെക്കുറിച്ച് ആവര്‍ത്തിക്കുന്നു. ഇതിനിടെ മനുഷ്യന്റെ ആത്മീയതയും നശിക്കുന്നു. ഈ രണ്ടു കാര്യങ്ങളും വായനയില്‍ മുഖത്തു വന്നടിക്കുന്നു. ഇത്തരം അനുഭവങ്ങള്‍ ഓരോ താളിലും വായനക്കാരന്‍ അഭിമുഖീകരിക്കുന്നുണ്ട്?
പല്ല് അടര്‍ന്നുപോരികയും മോണയില്‍ വേരുകള്‍ ബാക്കിയാവുകയും ചെയ്യുന്നതിനെക്കുറിച്ചാണ് ആ ഭാഗത്ത് പറയുന്നത്. എല്ലാം അടര്‍ന്നുപോരുമ്പോഴും വേരുകള്‍ ബാക്കിനില്‍ക്കുന്നു. മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമാണിത്. ആത്മീയതയെ നാം തേടുന്നതും വേരുകളിലൂടെയാണ്. 

സൂര്യന്റെ കൊടുംവെയിലില്‍ പൊള്ളി പിന്നിയ തൊലിയില്‍ പൊതിഞ്ഞ അസ്തികൂടമാണ് ഞാനെന്ന് ഈ അവസ്ഥയെ അഭിസംബോധന ചെയ്തുകൊണ്ടു താങ്കള്‍ പറയുന്നുണ്ട്? 
അതാണ് സത്യം. ഞാന്‍ മാത്രമല്ല, മാനസ് ദ്വീപിലുള്ള എല്ലാ അഭയാര്‍ത്ഥികളും ഇതേ മാനസികവും ശാരീരികവുമായ അവസ്ഥയില്‍ തന്നെ. 

തങ്ങള്‍ക്കറിയാത്ത ഭൂതകാലമാണ് ഓരോ അഭയാര്‍ത്ഥിയും പേറുന്നത് എന്നും താങ്കള്‍ നിരീക്ഷിക്കുന്നുണ്ട്?
അതെ. എന്നെത്തന്നെ എടുക്കൂ. ഞാനൊരു കുര്‍ദാണ്. ചരിത്രത്തില്‍ ആദ്യം കുര്‍ദുകള്‍ പീഡിപ്പിക്കപ്പെട്ടത് എന്നാണ്, എന്തിന്റെ പേരിലാണ്. അതേ കാരണത്താലാണോ ഞാനടക്കമുള്ളവര്‍ ഇറാനില്‍ മറ്റു ചിലര്‍ ഇറാഖിലും ഇനി ചിലര്‍ തുര്‍ക്കിയിലും പീഡിപ്പിക്കപ്പെടുന്നത്? അതാണ് ഞാന്‍ പറഞ്ഞത് അറിയാത്ത ഭൂതകാലമാണ് ഞങ്ങളെപ്പോലുള്ളവര്‍ പേറിനടക്കുന്നതെന്ന്. എന്തിന്റെ പേരിലാണ് സിവിലയന്മാരായ ഞങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത്. അതിനുള്ള ഉത്തരം തേടാനാണ് ഞാന്‍ പുസ്തകത്തില്‍ ശ്രമിക്കുന്നത്, അതില്‍ തന്നെയാണ് ലോകം പരാജയപ്പെടുന്നതും.

പാപ്പുവ ന്യൂഗിനിയിലെ ദ്വീപുകളെക്കുറിച്ച് പല കഥകളും പുറത്ത് 'പരിഷ്‌കൃത' ലോകം പ്രചരിപ്പിക്കാറുണ്ട്. അവിടെയുള്ള ഗോത്രവര്‍ഗ്ഗക്കാര്‍ നരഭോജികളാണെന്നുള്‍പ്പെടെയുള്ള കാര്യങ്ങളാണ് കേള്‍ക്കാറ്?
കേട്ടതില്‍ സത്യമായി ഇതുവരെ അനുഭവപ്പെട്ടത് അവര്‍ മുതല ഇറച്ചി തിന്നുമെന്ന കാര്യമാണ്. മറ്റൊന്നും ശരിയല്ലെന്നാണ് എന്റെ അഭിപ്രായം.

താങ്കള്‍ ഒരു സിനിമയില്‍ സഹസംവിധായകനായിട്ടുണ്ട്. ഇറാന്‍ സിനിമ ലോക തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യുന്ന ഒന്നാണല്ലോ?
2017-ല്‍ സംവിധാനം ചെയ്ത ചൗക്ക പ്ലീസ് ടെല്ലസ് ദ ടൈം എന്ന സിനിമയാണത്. മാനസ് ദ്വീപിലെ അഭയാര്‍ത്ഥി തടവറയെക്കുറിച്ചുള്ള സിനിമയാണിത്. അറഷ് കമാലി സര്‍വെസ്താനിയും ഞാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഡോക്കുമെന്ററി. ഓസ്ട്രേലിയ എന്നെപ്പോലുള്ളവരെ മാനസ് ദ്വീപിലേക്ക് നാടുകടത്തിയതിനെ ചോദ്യം ചെയ്യുന്ന സിനിമയാണത്. തടവറരംഗങ്ങള്‍ ഞാന്‍ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച് പുറത്തെത്തിച്ചു. പുസ്തകം എത്തിച്ചതുപോലെ തന്നെ. അങ്ങനെ പല മാധ്യമങ്ങളില്‍ ഈ അവസ്ഥ, ഞങ്ങളുടെ കുറ്റം എന്താണെന്നതിനുള്ള ഉത്തരം കേള്‍ക്കാനായി ശ്രമിക്കുന്നു. സത്യത്തില്‍ ഒരു ഉത്തരവും ഇല്ലെന്നതാണ് വസ്തുത. ഇറാനില്‍ പല സംവിധായകരും വീട്ടുതടങ്കലില്‍ ആണ്, ചിലര്‍ നാടുവിട്ടോടിപ്പോയവരും. അക്കാര്യം വിസ്മരിക്കരുത്.

ദ്വീപിലെ തടവില്‍ 2002-2018 കാലത്ത് (മാനസ്, നാരുവ, ക്രിസ്മസ് ദ്വീപുകളില്‍) 15 പേര്‍ മരിച്ചതായി താങ്കളുടെ വിവര്‍ത്തകന്‍ പുസ്തകത്തിനുവേണ്ടി എഴുതിയ ആമുഖത്തില്‍ പറയുന്നുണ്ട്?
മരണം എപ്പോഴും സമീപസ്ഥമാണ്. മലമ്പനി പരത്തുന്ന കൊതുകുകള്‍ എല്ലായിടത്തുമുണ്ട്. വിഷാദവും കുടുംബങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളും ഞങ്ങളെ കൊന്നുകളയുന്നുണ്ട്.

രാജ്യാതിര്‍ത്തികള്‍ എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ലെന്ന് താങ്കള്‍ പറയുന്നു?
35 വര്‍ഷത്തിനിടയില്‍ ഞാന്‍ ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. ആദ്യം കുര്‍ദിസ്ഥാന്റെ അതിര്‍ത്തികളെക്കുറിച്ചാണ് കേട്ടത്. പിന്നീടത് മറ്റു പല അതിര്‍ത്തികളുമായി. ഓസ്ട്രേലിയയില്‍ വന്നപ്പോള്‍ അവരുടെ അതിര്‍ത്തിക്കു പുറത്ത് എന്നു പറഞ്ഞാണ് മാനസ് ദ്വീപില്‍ കൊണ്ടുതള്ളിയത്. ഞാന്‍ എഴുതിയിട്ടുണ്ട്, സ്വന്തമായി നിര്‍മ്മിച്ച പാലങ്ങള്‍ അതുണ്ടാക്കിയയാള്‍ തന്നെ കത്തിച്ചുകളഞ്ഞതിനു സമാനമാണിതെന്ന്.

താങ്കള്‍ എഴുതുന്നത് ഫാര്‍സിയില്‍ (പേര്‍ഷ്യന്‍) ആണ്. ഒരു കുര്‍ദ് എന്ന നിലയില്‍ താങ്കളെ അടിച്ചമര്‍ത്തുന്ന ഇറാന്‍ ഭരണകൂടത്തിന്റെ ഭാഷയാണിത്. താങ്കളുടെ വിവര്‍ത്തകന്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്?
കുര്‍ദിഷില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് ഞാന്‍ ഫാര്‍സി പഠിക്കുന്നത്. മാധ്യമപ്രവര്‍ത്തനത്തിന്  ഇറാനില്‍ ഫാര്‍സി വേണമായിരുന്നു. ഭാഷയുടെ കാര്യം അങ്ങനെ സംഭവിച്ചിട്ടുള്ളതാണ്. പുസ്തകം ഇപ്പോള്‍ ഇംഗ്ലീഷില്‍ മാത്രമേ വന്നിട്ടുള്ളൂ. ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി 21 ഭാഷകളില്‍ വരും. ഫാര്‍സി ഉള്‍പ്പെടെ.

കുര്‍ദിഷില്‍?
വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള അഭയാര്‍ത്ഥികള്‍ ഇന്ന് 'ബോട്ട്പീപ്പിള്‍' എന്നു വിളിക്കപ്പെടുന്നു?
കടല്‍പ്പാതകള്‍ രഹസ്യവഴികളാണെന്ന തോന്നല്‍ കൊണ്ടാണിത്. ബോട്ടുകളുമായി ബന്ധപ്പെട്ട ഏജന്റുമാര്‍ പലായനം ആഗ്രഹിക്കുന്ന മനുഷ്യരുടെ അടുത്ത് എത്തുകയാണ്. അങ്ങനെയാണ് ഇന്ന് അഭയാര്‍ത്ഥികള്‍ 'ബോട്ട് പീപ്പിളായി' മാറുന്നത്.

കടല്‍ത്തിരമാലകളെ എപ്പോള്‍ വേണമെങ്കിലും മനുഷ്യനെ മുക്കിത്താഴ്ത്തുന്ന ശക്തിയായി താങ്കള്‍ അവതരിപ്പിക്കുന്നു. ആകാശത്തെ നോക്കി വിശ്വസ്തതയോടെ മലര്‍ന്നുകിടക്കാമെന്ന് താങ്കള്‍ എഴുതിയിട്ടുണ്ട്. ആകാശം സത്യമാണ്, ഉറപ്പിച്ചു നിര്‍ത്തിയ രീതിയിലുള്ള നക്ഷത്രങ്ങളെ വിശ്വസിക്കാം, ചന്ദ്രന്റെ യാനത്തില്‍ കള്ളമൊന്നുമില്ല, ഇങ്ങനെയുള്ള ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടല്ലോ?
കടലില്‍ ഏറ്റവും അപകടകരമായ ബോട്ടുകളില്‍ യാത്ര ചെയ്യേണ്ടിവന്നതിനെക്കുറിച്ച് എഴുതിയതാണത്. കടല്‍യാത്ര അത്രയും മാരകമായിരുന്നു. ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍, ഞങ്ങളെ യുദ്ധക്കപ്പലിലേക്ക് മാറ്റിയ ശേഷം നാവിക സേനക്കാര്‍ രണ്ടു തുളയിട്ടു. ആ ബോട്ട് ഉടനെ മുങ്ങിപ്പോയി. അവര്‍ക്ക് തുളയിടാന്‍ ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ. അങ്ങനെയുള്ള ബോട്ടുകളില്‍ മലര്‍ന്നുകിടക്കുമ്പോള്‍ ആകാശവും നക്ഷത്രങ്ങളും ചന്ദ്രനും നല്‍കിയ ആശ്വാസം, അതനുഭവിച്ചവര്‍ക്കേ പങ്കുവെയ്ക്കാന്‍ കഴിയൂ. 

ക്രിസ്മസ് ദ്വീപില്‍ നിങ്ങള്‍ ചെന്നിറങ്ങുന്നതിന് ഏതാനും ദിവസം മുന്‍പ് ലെബനോനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പൊലീസുകാര്‍ തല്ലിച്ചതച്ചതായി പറയുന്നുണ്ടല്ലോ?
ഓസ്ട്രേലിയയിലും അഭയാര്‍ത്ഥി അഭിപ്രായം പ്രകടിപ്പിച്ചാല്‍ കൊടും മര്‍ദ്ദനം തന്നെയാണ് കിട്ടുക. ലബനോനില്‍നിന്നും വന്നവരെ മാനസ് ദ്വീപിലേക്കു മാറ്റാന്‍ തീരുമാനിച്ചതിനെ അവര്‍ എതിര്‍ത്തു. തുടര്‍ന്നാണ് മര്‍ദ്ദനവും ഏറ്റുമുട്ടലും ഉണ്ടാകുന്നത്.

അവാര്‍ഡ് നേടിയ പുസ്തകത്തിന്റെ പുറം ചട്ടയില്‍ ഓസ്ട്രേലിയന്‍ നോവലിസ്റ്റും ബുക്കര്‍ സമ്മാന ജേതാവുമായ റിച്ചാര്‍ഡ് ഫ്‌ലാനഗന്റെ ഒരു കമന്റ് കൊടുത്തിട്ടുണ്ടല്ലോ. ''നമ്മുടെ സര്‍ക്കാരിന് ഈ മനുഷ്യന്റെ ശരീരത്തെ ജയിലില്‍ അടക്കാന്‍ കഴിഞ്ഞു; പക്ഷേ, ഇദ്ദേഹത്തിന്റെ ആത്മാവ് ഒരു സ്വതന്ത്ര മനുഷ്യന്റേതാണ്'' എന്ന്?
ആ സ്വാതന്ത്ര്യം വെച്ചാണ് ഞാന്‍ പോരാടുന്നത്. എനിക്ക് പോരാടിയേ പറ്റൂ. 

താങ്കളുടെ പുസ്തകം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന അന്തരീക്ഷം ഇപ്പോഴുണ്ടായിട്ടുണ്ട്. ഓസ്ട്രേലിയയില്‍ പ്രത്യേകിച്ചും. ഇതിന്റെ ഭാഗമായി താങ്കളെ മോചിപ്പിക്കുകയും താങ്കള്‍ക്കൊപ്പമുള്ളവര്‍ ഇപ്പോഴുള്ള നിലയില്‍ തുടരുകയുമാണെങ്കില്‍, അതിനോട് എങ്ങനെ പ്രതികരിക്കും?
ഞാന്‍ മാത്രമല്ല, എല്ലാവരും മോചിപ്പിക്കപ്പെടണം. മാന്യമായുള്ള ജീവിതവും സാധ്യമാകണം. ഓസ്‌ട്രേലിയന്‍ ഭരണകൂടം ഞങ്ങളുടെ കാര്യത്തിലുള്ള മൗനം വെടിയണം. ഞാന്‍ ആദ്യം പറഞ്ഞില്ലേ, ഞങ്ങള്‍ ഓരോരുത്തരും പുറപ്പെട്ടുപോന്ന രാജ്യത്തെ പ്രശ്‌നങ്ങളല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. അത് ഞങ്ങളെ സംബന്ധിച്ച് കഴിഞ്ഞ കാര്യങ്ങളാണ്. ഞങ്ങള്‍ക്കിപ്പോള്‍ ഓസ്ട്രേലിയയില്‍ രാഷ്ട്രീയ അഭയം കിട്ടണം. അതിനെക്കുറിച്ച് ലോകം സംസാരിക്കണം. അതിന് ഈ പുസ്തകവും ഞങ്ങളുടെ സിനിമയും മറ്റു ലേഖനങ്ങളും കവിതകളുമെല്ലാം സഹായകമാകട്ടെ എന്നാണ് പറയാനുള്ളത്. അവാര്‍ഡിന്റെ വര്‍ണ്ണപ്പൊലിമയ്‌ക്കൊപ്പം ഞങ്ങളുടെ അന്തസ്സാര്‍ന്ന ജീവിതം പരിഗണിക്കപ്പെടണം. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇവിടെ ഞങ്ങളുടെ കുറ്റം എന്താണെന്ന് പറയുന്നില്ല. ഞങ്ങള്‍ ശിക്ഷിക്കപ്പെട്ടിരിക്കുകയാണോ എന്നും പറയുന്നില്ല. എത്ര വര്‍ഷം ഞങ്ങള്‍ ഇങ്ങനെ കഴിയണം എന്നും വ്യക്തമാക്കിയിട്ടില്ല. ഡിറ്റന്‍ഷന്‍ എന്ന പേരില്‍ നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഈ രീതിയില്‍ത്തന്നെ ഞങ്ങള്‍ മരണം വരെ തുടരണമെന്നാണോ പറയുന്നത്? ഈ ചോദ്യമാണ് ലോകത്തിന്റെ മുന്‍പില്‍ വരേണ്ടത്. ഒമിദ് മസുമാലിയും (23) ഹുദാന്‍ യാസീനും (21) മാനസ് ദ്വീപിലെ ഈ തടവ് പ്രഹേളിക സഹിക്കവയ്യാതെ ശരീരത്തില്‍ തീ കൊളുത്തി. ഈ മനുഷ്യാവസ്ഥയോട് പ്രതികരിക്കാന്‍ ഓസ്ട്രേലിയന്‍ ഭരണകൂടത്തിനും പൊതുസമൂഹത്തിനും ബാധ്യതയുണ്ട്. ഞങ്ങള്‍ക്കാര്‍ക്കും കുറ്റപത്രങ്ങള്‍ തന്നിട്ടില്ല. വിധിപ്രസ്താവനകളുമുണ്ടായിട്ടില്ല. പിന്നെ ഈ തടവിന് എന്താണ് ന്യായം?  

സുഹൃത്തുക്കളില്ല, മലകളല്ലാതെ എന്ന തോന്നലില്‍ ഇപ്പോള്‍ മാറ്റമുണ്ടോ?
അതു കുര്‍ദുകള്‍ പൊതുവായി പറയുന്ന കാര്യമാണ്. പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ സുഹൃത്ത്. ഞാന്‍ അതിനു കൊതിക്കുന്നു, അതിനായി പൊരുതുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com