താറാവുകള്‍ക്കിടയില്‍ ഒരു ഫ്‌ലെമിംഗോ: അന്തരിച്ച എഴുത്തുകാരന്‍ വിജയ് നമ്പീശനെക്കുറിച്ച്

ഒരിക്കല്‍ ടി.എസ്. എലിയറ്റ് സ്റ്റീഫന്‍ സ്‌പെന്‍സറോട് ചോദിച്ചു: ഭാവിയില്‍ എന്താവാനാണ്  ആഗ്രഹം? ''ഭാവിയില്‍ കവിയാവണം'', സ്‌പെന്‍സര്‍ ഉടന്‍ തന്നെ മറുപടി പറഞ്ഞു.
വിജയ് നമ്പീശന്‍
വിജയ് നമ്പീശന്‍

ഒരിക്കല്‍ ടി.എസ്. എലിയറ്റ് സ്റ്റീഫന്‍ സ്‌പെന്‍സറോട് ചോദിച്ചു: ഭാവിയില്‍ എന്താവാനാണ്  ആഗ്രഹം? ''ഭാവിയില്‍ കവിയാവണം'', സ്‌പെന്‍സര്‍ ഉടന്‍ തന്നെ മറുപടി പറഞ്ഞു.
1930-കളിലാണ് ഈ എലിയറ്റ്-സ്‌പെന്‍സര്‍ സംഭാഷണം നടന്നത്. 'തരിശുഭൂമി'യുടെ (The Waste land) പ്രസിദ്ധീകരണത്തെ തുടര്‍ന്ന് കവിതാലോകത്ത് അതിപ്രശസ്തനായിരുന്നു എലിയറ്റ്. സ്റ്റീഫന്‍ സ്‌പെന്‍സറാകട്ടെ, വളര്‍ന്നുവരുന്ന, ഒരു യുവ കവിയും. എലിയറ്റ് പത്രാധിപരായിരുന്ന 'ദ ക്രൈറ്റീരിയന്‍' എന്ന മാസികയില്‍ സ്‌പെന്‍സറുടെ നാലു കവിതകള്‍ പ്രസിദ്ധീകരണത്തിനു തെരഞ്ഞെടുക്കപ്പെട്ട സന്തോഷത്തില്‍ പുതുകവിയെ മുതിര്‍ന്ന കവി ഉച്ചഭക്ഷണത്തിനു ക്ഷണിച്ചതായിരുന്നു അവസരം. യുവ കവിയുടെ മറുപടി കേട്ട് എലിയറ്റ് പറഞ്ഞു:
''താന്‍ കവിത എഴുതുന്നു എന്നു പറഞ്ഞാല്‍ എനിക്കു മനസ്സിലാകും. പക്ഷേ, 'കവിയാകുക' എന്നതുകൊണ്ട് താന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നു മനസ്സിലായില്ല.''

പരിഹാസമായാലും സത്യസന്ധമായ പ്രസ്താവമായാലും കവിതാ ചരിത്രത്തിലുടനീളമുള്ളതാണ് എലിയറ്റ് സൂചിപ്പിച്ച ഈ 'മനസ്സിലാകായ്മ'. അതായത്, ചില കവികള്‍ കവിതകള്‍ എഴുതുകയായിരുന്നോ കവിയാകാന്‍ ശ്രമിക്കുകയായിരുന്നോ അവരുടെ ജീവിതത്തില്‍ എന്നു തോന്നും മരണാനന്തരം അവരെപ്പറ്റി ചില സുഹൃത്തുക്കളും ആരാധകരും അനുസ്മരിക്കുന്നതു വായിച്ചാല്‍. കവികള്‍ക്കു മാത്രമല്ല, സാഹിത്യത്തിന്റേയും കലയുടേയും മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതു ബാധകമാണ്. സംശയമുള്ളവര്‍; അയ്യപ്പന്‍, ജോണ്‍ എബ്രഹാം, സുരാസു, കഴിഞ്ഞ വര്‍ഷം മരണമടഞ്ഞ ചിത്രകാരന്‍ ഗിരീഷ് കുമാര്‍ എന്നിവരെപ്പറ്റിയുള്ള സുഹൃത്തുക്കളുടെ ഓര്‍മ്മകള്‍ സമാഹരിച്ച പുസ്തകങ്ങള്‍ വായിച്ചുനോക്കുക. അവരുടെ സൃഷ്ടികളെപ്പറ്റിയല്ല അധികമാരും പറയുന്നത്. പാളം തെറ്റി ഓടി അപകടത്തിലേക്കെത്തിച്ചേര്‍ന്ന അവരുടെ പാവം ജീവിതത്തെപ്പറ്റിയാണ്. ആ പാളം തെറ്റല്‍ ആഘോഷിക്കുകയാണ് ഇതിലൊക്കെ. ജീവിതത്തില്‍ അവര്‍ക്കു സംഭവിച്ച വ്യക്തിപരമായ വീഴ്ചകള്‍-അമിത ലഹരി, മദ്യപാനം, ക്രമംതെറ്റിയുള്ള ജീവിതം, വിചിത്രമായ പെരുമാറ്റ രീതികള്‍-അവരുടെ സര്‍ഗ്ഗാത്മകതയിലേക്കുള്ള ഉയര്‍ച്ചയായി വിലയിരുത്തപ്പെടുന്നു. ആനാത്മാര്‍ത്ഥവും കാല്പനികവുമായ വാക്കുകളും ശൈലികളും പതിരുപോലെ പാറിപ്പോകുന്ന ദാര്‍ശനിക ഉദ്ധരണികളും നിറഞ്ഞ കപട വിലാപങ്ങളാണ് ഇവയെല്ലാം.

സ്റ്റീഫന്‍ സ്‌പെന്‍സറെപ്പറ്റി ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് എഴുതിയതാണ് ഈ അനുസ്മരണങ്ങള്‍ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത്. ''കവിതയെഴുതാന്‍ ചെലവഴിച്ചെതിനെക്കാള്‍ കൂടുതല്‍ സമയം സ്‌പെന്‍സര്‍ തന്റെ ജീവിതത്തില്‍ ചെലവഴിച്ചത് കവിയായിത്തീരാനായിരുന്നു'', ജോണ്‍ സതര്‍ലാന്റ് എഴുതിയ 'സ്റ്റീഫന്‍ സ്‌പെന്‍സര്‍: ഒരു അംഗീകൃത ജീവചരിത്രം' എന്ന പുസ്തകം നിരൂപണം ചെയ്തുകൊണ്ട് 'ദ അറ്റ്‌ലാന്റിക്' മാസികയില്‍ ഹിച്ചന്‍സ് എഴുതി.
2017-ല്‍ മരിച്ച ഇന്ത്യന്‍ ഇംഗ്ലീഷ് വിജയ് നമ്പീശന്റെ കവിതകളും ഗദ്യ രചനകളും നമ്പീശനെപ്പറ്റി സുഹൃത്തുക്കളായ കവികളും എഴുത്തുകാരും എഴുതിയ അനുസ്മരണങ്ങളും വായിച്ചപ്പോഴാണ് എലിയറ്റും സ്‌പെന്‍സറും ഹിച്ചിന്‍സും കടന്നുവന്നത്.

പുതുനിര ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറ്റവും ശ്രദ്ധേയനായിരുന്നു വിജയ് നമ്പീശന്‍. അദ്ദേഹത്തിന്റെ ജീവിതത്തിലെ താളപ്പിഴകളായിരുന്നില്ല  അതിനു കാരണം. സൂക്ഷ്മമായ ഭാഷാബോധവും ജീവിത നിരീക്ഷണവുമായിരുന്നു. ഗണിതശാസ്ത്രപരമെന്നു വിശേഷിപ്പിക്കാന്‍ കഴിയുന്നത്ര കൃത്യമായിരുന്നു വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ഈ കവി സൂക്ഷിച്ച ശ്രദ്ധ.

ബ്രിട്ടീഷ് കൗണ്‍സിലും പോയട്രി സൊസൈറ്റി ഓഫ് ഇന്ത്യയും ചേര്‍ന്നു 1990-ല്‍ സംഘടിപ്പിച്ച അഖിലേന്ത്യാ കവിതാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയതോടെയാണ് വിജയ് നമ്പീശന്‍ എന്ന കവിയെപ്പറ്റി കവിതാലോകം കേട്ടത്. 'മദ്രാസ് സെന്‍ട്രല്‍' എന്ന കവിതക്കായിരുന്നു സമ്മാനം. കവിതയുടെ ഒരു ഏകദേശ വിവര്‍ത്തനം ഇങ്ങനെ'' കറുത്ത തീവണ്ടി ഫ്‌ലാറ്റുഫോമില്‍ വന്നു നില്‍ക്കുന്നു, ചുട്ടുപഴുത്ത ഇരുമ്പ് വെള്ളത്തില്‍ മുക്കിയാലെന്നപോലെയുള്ള സീല്‍ക്കാരവുമായി.


ഇങ്ങനെ തിടുക്കം കാട്ടരുതെന്ന് ചുമട്ടുകാരോടു പറയൂ-
ഹതാശമായ ഒരു യാത്രയ്ക്കുശേഷം 
സ്വന്തം ആപത്തുകളുമായി കുറച്ചു വിശ്രമിക്കുക നല്ലതാണ്
ഞാനറിയാതെ നാളെകള്‍ വരുന്ന
വിദൂരയിടങ്ങളിലേക്കു നീണ്ട റെയില്‍പ്പാളികള്‍
ചാഞ്ഞുകിടക്കുന്നു.
ഒരേ സമയം എനിക്കു രണ്ടിടത്ത് ഉണ്ടാകാന്‍ കഴിയില്ല:
അത് സ്വതസിദ്ധ പ്രമാണമാണ്.
വരൂ, നമുക്ക് അഴുക്കുപുരണ്ട ചായക്കടയില്‍ പോയി
അഴുക്കു പുരണ്ട് ഒരു കപ്പ് ചായ കുടിക്കാം.

വിശ്രമിക്കുക പ്രയാസം.
യാത്ര പിന്‍വാങ്ങുംതോറും
മെല്ലെ, മെല്ലെ എന്റെ തല കറങ്ങുന്നു.
ഇപ്പോള്‍ ഞാനൊരു സിഗരറ്റു വലിക്കുമെന്നു തോന്നുന്നില്ല.
അതിനു വേണ്ടത്ര സമയമുണ്ട്,
എല്ലാം പൂര്‍ണ്ണമായി എന്നു
നൂറാം തവണ ഞാന്‍ ഉറപ്പു വരുത്തട്ടെ.

എന്റെ കീശയാണ് എന്റെ പാക്കട്ട്;
വെള്ള നൈലോണ്‍ സഞ്ചിയില്‍
കടലാസുകള്‍ ഭദ്രമാണ്-നല്ലത്;
പുസ്തകവും കുറിപ്പുകളും പുറത്തേ അറയിലാണ്;
നാടകള്‍ ബന്ധിച്ച് സുരക്ഷിതമായി
തവിട്ടുനിറമുള്ള പെട്ടി ഇവിടെയുണ്ട്.
യാത്ര തുടങ്ങിയപ്പോഴുള്ളതെല്ലാം
എന്റെ കൈവശമുണ്ട്,
ആശയക്കുഴപ്പത്തില്‍,
അത്രമാത്രം ആശയക്കുഴപ്പത്തില്‍
ഞാന്‍ പുറപ്പെട്ടപ്പോളുള്ള ഒരോര്‍മ്മയുണ്ട്.

നമ്മുടെ അവസ്ഥകള്‍ മാറ്റാന്‍,
വരവും പോക്കും നിയന്ത്രിക്കാന്‍
ഇത്രമാത്രം ശക്തി നമുക്കുണ്ട് എന്നു ചിന്തിക്കുമ്പോള്‍
പേടിയാവുന്നു:
എവിടെ നമ്മളെ ആവശ്യമില്ലെന്നു അറിയുക,
നമ്മുടെ ആവശ്യമില്ലായ്മ
മറ്റെവിടേക്കെങ്കിലും കൊണ്ടുപോകുക.

മദ്രാസ് ഐ.ഐ.ടിയില്‍നിന്ന് എന്‍ജിനീയറിങ്ങ് ബിരുദം നേടിയ വിജയ് നമ്പീശന്‍ 29-ാമത്തെ വയസ്സിലാണ് ഈ കവിത എഴുതിയതും സമ്മാനം നേടിയതും. പഠിച്ചതു എന്‍ജിനീയറിങ്ങ് ആയിരുന്നെങ്കിലും തന്റെ ജീവിതമാര്‍ഗ്ഗമായി അയാള്‍ തെരഞ്ഞെടുത്തത് അക്ഷരങ്ങളുടെ ലോകമായിരുന്നു. നമ്പീശന്റെ ഈ പരിണാമത്തെപ്പറ്റി കവിയുടെ മരണാനന്തരം പ്രസിദ്ധീകരിച്ച 'ഇവയായിരുന്നു എന്റെ സ്വഗൃഹങ്ങള്‍' എന്ന സമ്പൂര്‍ണ്ണ കവിതാ സമാഹാരത്തിന്റെ അവതാരികയില്‍, ഡല്‍ഹി ഐ.ഐ.ടി പ്രൊഫസറും കവിയുമായ രുക്മിണി ഭായാ നായര്‍ എഴുതുന്നു:
ബിരുദം അവകാശപ്പെടാന്‍ വിജയ് ഒരിക്കലും കൂട്ടാക്കിയില്ല. അതായിരുന്നു ആത്യന്തികമായും വിജയ്; ചുറുചുറുക്കുള്ളവന്‍, എന്തുവന്നാലും കടകവിരുദ്ധമായി കാണുന്നവന്‍, 'പ്രായോഗിക പരിഹാരങ്ങളുടെ ചുകന്ന മാംസത്തെക്കാള്‍ അപൂര്‍വ്വമായവ' തിന്നു ശീലിച്ചവന്‍. 'തേന്‍ തുള്ളികളും സ്വര്‍ഗ്ഗത്തിന്റെ പാലും കുടിച്ചു വളര്‍ന്നവന്‍. ഒരു ഐ.ഐ.ടി എന്‍ജിനീയര്‍ക്ക് ഏറ്റവും നന്നായി എന്താകാന്‍ കഴിയുമെന്ന് അയാള്‍ ലോകത്തിനു കാണിച്ചുകൊടുത്തു-ഭാവനയുടെ മുന്നണിപ്പോരാളികളില്‍ ഒരു ചിന്തകന്‍.
ഇതെഴുതിയ രുക്മിണി ഭായാ നായര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. കുട്ടികളെ പഠിപ്പിക്കുന്നു, കവിത എഴുതുന്നു, അന്താരാഷ്ട്ര സെമിനാറുകളിലും സാഹിത്യോത്സവങ്ങളിലും പറന്നെത്തി പങ്കെടുക്കുന്നു. 'ഭാവനയുടെ മുന്നണിപ്പോരാളിയാകാന്‍ തീരുമാനിച്ച വിജയ് നമ്പീശനോ, കുടിച്ച്, കുടിച്ച് കരള്‍ തകര്‍ന്ന് 54-ാം വയസ്സില്‍ നൂറ്റിയിരുപതു പേജുകളുള്ള ഒരു കവിതാസമാഹാരവും കുറച്ചു ഗദ്യ രചനകളും മാത്രം അവശേഷിപ്പിച്ച് മരിച്ചു.
1990-കളില്‍ മുംബൈയില്‍ എത്തുന്നതോടെയാണ് വിജയ് നമ്പീശന്റെ കവിതയും ജീവിതവും മാറുന്നത്. ആ കാലത്തെപ്പറ്റി സുഹൃത്തും എഴുത്തുകാരനുമായ സി.പി. സുരേന്ദ്രന്‍ പറയുന്നത് ഇങ്ങനെ:

ആ ബോംബെ കാലത്ത് കവിതയും ഗദ്യവും സമ്മാനം വാങ്ങാനുള്ളതായിരുന്നില്ല. പുസ്തകശാലകളിലും റസ്റ്റോറന്റുകളിലും തിരിച്ചറിയപ്പെടാനുള്ളതുമായിരുന്നില്ല. ധിക്കാരം നിറഞ്ഞതും അപകടകരവുമായ കര്‍മ്മകാണ്ഡമായിരുന്നു. നിസ്സഹായമായ ഉള്‍വിളികള്‍ വരുംകാല ക്രിസ്തുവിനെ കുരിശേറാനും സ്വതന്ത്രമായ കൈകള്‍ കൊണ്ട് ആദ്യത്തെ ആണി സ്വയം തുളച്ചിറക്കാനും പ്രേരിപ്പിക്കുന്നതുപോലെയായിരുന്നു. കവിത കാല്പനികമാണ്, ആത്മബലിയുടെ ഒടുങ്ങാത്ത കര്‍മ്മമാണ്.
എഴുത്ത് ഒരു തൊഴിലായി മാറിയ ഈ കാലത്ത് വിജയ് നമ്പീശന്‍ വ്യത്യസ്തനായിരുന്നു എന്നും സുരേന്ദ്രന്‍ എഴുതുന്നുണ്ട്. ഒരു അവതരണം, സ്വത്വത്തിന്റെ ഒരു പരിഹാസക്കൂത്ത്. ഒരു ഫെലോഷിപ്പിനോ അവാര്‍ഡിനോ വിമാന ടിക്കറ്റിനോ വേണ്ടിയുള്ള ഭ്രാന്തുപിടിച്ച അള്ളിപ്പിടിച്ചു നില്‍ക്കല്‍. ബുദ്ധിയുള്ള ഒരാള്‍ക്ക് ഏറെ ക്ലേശകരമായ മറ്റൊരു കാര്യം: സ്വയം പരസ്യപ്പെടുത്തല്‍. ഇതൊന്നും വിജയ് നമ്പീശനു വശമില്ലായിരുന്നു. ഉണ്ടെങ്കില്‍ത്തന്നെ അയാളെക്കൊണ്ട് പറ്റില്ലായിരുന്നു. അതുകൊണ്ട് കോര്‍പ്പറേറ്റ് എഴുത്തുകാര്‍ നിറഞ്ഞാടുന്ന ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യലോകത്ത് അയാള്‍ ഉള്‍വലിഞ്ഞു. രചനകള്‍ കുറഞ്ഞു. പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടല്‍ ക്രമേണ ഇല്ലാതായി. പുറത്തു വന്നപ്പോഴൊക്കെ അത് അമിത മദ്യപാനത്തിന്റെ ബോധരാഹിത്യത്തില്‍ ചെന്നവസാനിച്ചു.

വിജയ് നമ്പീശനെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ സുഹൃത്തുക്കള്‍ പറയുന്നത് അയാളോടൊപ്പമുള്ള മദ്യപാന അനുഭവങ്ങളെപ്പറ്റിയാണ്. അയാള്‍ ബോധരഹിതനായി ഗോവണിയില്‍ വീണതിനെപ്പറ്റി, കണ്ടുമുട്ടി ഒന്നോ രണ്ടോ സംഭാഷണം കഴിയുമ്പോഴേയ്ക്കും അടുത്തുള്ള ബാറിലേക്കു കയറുന്നതിനെപ്പറ്റി. ഈ ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ കൂടെ കുടിച്ചവര്‍ ജീവിച്ചിരിക്കുന്നു. വിജയ് മാത്രം ഇല്ല.

കവിതയില്‍ മാത്രം ഒതുങ്ങിനിന്നതായിരുന്നില്ല വിജയ് നമ്പീശന്റെ പ്രതിഭാസിദ്ധി. 'ബീഹാര്‍ ഒരു പ്രേക്ഷകന്റെ കണ്ണില്‍, (Bihar in the Eye of the Beholder), 'ഭാഷ ഒരു നീതിശാസ്ത്രം (Language as an Ethic) എന്നീ പഠനങ്ങളും 'രണ്ടു നാഴി ഭക്തി (Two Measures of Bhakti) എന്ന പേരില്‍ പൂന്താനത്തിന്റെ ജ്ഞാനപ്പാനയുടേയും മേല്‍പ്പത്തൂരിന്റെ നാരായണീയത്തിന്റേയും ഇംഗ്ലീഷ് വിവര്‍ത്തനവും പ്രസിദ്ധീകൃത കൃതികളില്‍പ്പെടുന്നുണ്ട്. കവിതകളിലെന്നപോലെ അതിസൂക്ഷ്മമായ ഭാഷാബോധമാണ് ഗദ്യ രചനകളുടേയും സവിശേഷത. ഭാഷയുടെ നീതിയെപ്പറ്റിയുള്ള ആലോചനകളില്‍ വിജയ് നമ്പീശന്‍ എഴുതുന്നു: വാക്കുകളും ബിംബങ്ങളുമല്ല ആശയവിനിമയത്തിന്റെ കേന്ദ്രസ്ഥാനത്തുള്ളത്. സത്യനിഷ്ഠയാണ്. അതില്ലാത്ത ഭാഷ രാഷ്ട്രീയവും കൃത്രിമവുമായി മാറുന്നു.
ബോംബെയിലെത്തുന്ന യുവ ഇന്ത്യന്‍ ഇംഗ്ലീഷ് കവികള്‍ ഡോം മൊറേയ്‌സ് എന്ന അതിപ്രശസ്ത കവിയുടെ വലയത്തില്‍ ചെന്നുചേരുക സ്വാഭാവികമായിരുന്നു. മനസ്സില്‍ കവിതയുള്ളവരെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും ഡോമിന് എന്നും താല്പര്യമായിരുന്നു. അങ്ങനെ ഡോമിന്റെ സമീപം എത്തി തിരിച്ചറിയപ്പെട്ട മൂന്നു കവികളാണ് പിന്നീട് ശ്രദ്ധേയരായത്. അതില്‍ ഒരാളായിരുന്നു വിജയ് നമ്പീശന്‍. ജീത്ത് തയ്യിലും സി.പി. സുരേന്ദ്രനുമാണ് മറ്റു രണ്ടു പേര്‍. പെന്‍ഗ്വിന്‍ പ്രസാധകരുടെ 'ജമിനി' പുസ്തക പരമ്പരയില്‍ ഇവരെ തെരഞ്ഞെടുത്തതും അവതരിപ്പിച്ചതും ഡോം മൊറേയ്‌സ് ആണ്. ഈ മൂന്നു പേരും മലയാളി പേരുകളുള്ളവരാണ് എന്നത് ആകസ്മികം. വിജയ് നമ്പീശനെപ്പറ്റി ചോദിച്ചപ്പോള്‍ ഒരിക്കല്‍ ഡോം പറഞ്ഞു: പൗരുഷമില്ലാത്ത താറാവുകള്‍ക്കിടയില്‍ ഒരു ഫ്‌ലമിംഗോ ആണ് അവന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com