'കേരള'യെ മാറ്റുന്നവര്‍ 'ഇ.എം.എസ്സി'നെ മാറ്റുമോ?: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

കഴിഞ്ഞ നവംബര്‍ രണ്ടാം വാരത്തിലാണ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ആ സംസ്ഥാനത്തിലെ രണ്ടു പ്രമുഖ നഗരങ്ങളുടെ പേര് മാറ്റിയത്.
'കേരള'യെ മാറ്റുന്നവര്‍ 'ഇ.എം.എസ്സി'നെ മാറ്റുമോ?: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

ഴിഞ്ഞ നവംബര്‍ രണ്ടാം വാരത്തിലാണ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ആ സംസ്ഥാനത്തിലെ രണ്ടു പ്രമുഖ നഗരങ്ങളുടെ പേര് മാറ്റിയത്. ഫൈസാബാദിന് അയോധ്യ എന്ന പേര് നല്‍കി. അലഹബാദിന് പ്രയാഗ്രാജെന്നും. നേരത്തേ 'മുഗള്‍ സറായ്' എന്നറിയപ്പെട്ട റെയില്‍വേ സ്റ്റേഷന്റെ പേര് ദീന്‍ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്നു മാറ്റിയിരുന്നു. മുഗള്‍ (മുസ്ലിം) സംസ്‌കാരത്തെ സൂചിപ്പിക്കുന്ന പേരുകള്‍ തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് യോഗി ആദിത്യനാഥ് സ്ഥലപ്പേര് മാറ്റവുമായി മുന്നോട്ടു പോകുന്നത്. 
ഈ നീക്കത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെ പല പാര്‍ട്ടികളും വിമര്‍ശിച്ചിട്ടുണ്ട്. വിമര്‍ശകരുടെ കൂട്ടത്തില്‍ എന്‍.ഡി.എ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമുണ്ടെന്നത് ശ്രദ്ധേയമാണ്. ആ പാര്‍ട്ടിയുടെ നേതാവായ ഓംപ്രകാശ് രാജ്ഭര്‍ ബി.ജെ.പിയുടെ പേരുമാറ്റ ഭ്രമത്തെ പരിഹസിക്കയുണ്ടായി.  അദ്ദേഹം ചോദിച്ചതിങ്ങനെ: മുസ്ലിം പശ്ചാത്തലം ധ്വനിപ്പിക്കുന്ന പേരുകളൊക്കെ മാറ്റുന്ന ബി.ജെ.പി അതിന്റെ ദേശീയവക്താവായ ഷാനവാസ് ഹുസൈന്റേയും കേന്ദ്രമന്ത്രി മുക്തര്‍ അബ്ബാസ് നഖ്വിയുടേയും യു.പി. മന്ത്രി മുഹ്‌സിന്‍ റാസയുടേയും പേര് മാറ്റുമോ?

അതിദേശീയതയും അതിമതാത്മകതയും ആര്‍.എസ്.എസ്സിന്റേയും ബി.ജെ.പിയുടേയും മുഖമുദ്രകളാണ്. ഉന്മാദത്തോളം ചെന്നെത്താവുന്ന ആ വികാരങ്ങളാണ് അവയുടെ രാഷ്ട്രീയ മൂലധനം. മതത്തിലും സംസ്‌കാരത്തിലും അപരരെ സൃഷ്ടിച്ചുവേണം അവയ്ക്ക് രാഷ്ട്രീയവലയം വികസിപ്പിക്കാന്‍. ഭാരതീയ മതമോ ഭാരതീയ സംസ്‌കാരമോ അല്ലെന്നു വിധിയെഴുതി ഈ രാജ്യത്തിന്റെ സംസ്‌കാരത്തില്‍ ചരിത്രപരമായി ഇഴുകിച്ചേര്‍ന്ന പലതിനേയും ഒഴിച്ചുനിര്‍ത്തുക എന്ന വികൃതസിദ്ധാന്തമാണ് തീവ്ര ഹൈന്ദവ വലതുപക്ഷം പിന്തുടര്‍ന്നു പോന്നിട്ടുള്ളത്. സര്‍വ്വമത പുനരേകോപനത്തിലും വിരുദ്ധവിശ്വാസമിശ്രണത്തിലും അധിഷ്ഠിതമായ അനുരഞ്ജനാത്മക സംസ്‌കാര (syncretic culture)മാണ് ആധുനിക ഇന്ത്യയുടെ സംസ്‌കാരമെന്ന സത്യം സംഘപരിവാര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടത്രേ സ്ഥലപ്പേരുകള്‍ പോലും നൂറുശതമാനം ഹൈന്ദവമായിരിക്കണമെന്ന് അവര്‍ നിഷ്‌കര്‍ഷിക്കുന്നത്. 

മറ്റു പല രാജ്യങ്ങളുടേയും സംസ്‌കാരങ്ങളിലെന്ന പോലെ ഇന്ത്യയുടെ  സംസ്‌കാരത്തിലും വ്യത്യസ്ത കാലസന്ധികളില്‍ വികസിച്ചുവന്ന വിവിധ സംസ്‌കാരങ്ങള്‍ മേളിക്കുകയും അലിഞ്ഞുചേരുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ ഹിന്ദുഭൂരിപക്ഷ രാജ്യമാണെങ്കില്‍ ഇറാന്‍ മുസ്ലിം ഭൂരിപക്ഷ രാജ്യമാണ്. പക്ഷേ, ഇറാന്‍ എന്ന രാഷ്ട്രത്തിന്റെ സംസ്‌കാരം ഇസ്ലാമികമാണെന്ന് ആരവകാശപ്പെട്ടാലും അത് ശരിയല്ല. തീര്‍ത്തും അനിസ്ലാമികമായ പ്രാചീന പേര്‍ഷ്യന്‍ (സൊരാഷ്ട്രീയന്‍) സംസ്‌കാരവും ഇസ്ലാമിക സംസ്‌കാരവും ആധുനിക കാലത്ത് അവിടെ സ്വാധീനം ചെലുത്തിയ പാശ്ചാത്യ സംസ്‌കാരവും കൂടിച്ചേര്‍ന്നതാണ് ഇന്നത്തെ ഇറാനിയന്‍ സംസ്‌കാരം. അതുപോലെ, പ്രാചീന ഭാരതീയ സംസ്‌കാരവും മധ്യകാല മുസ്ലിം സംസ്‌കാരവും ആധുനിക കാല പാശ്ചാത്യ സംസ്‌കാരവും കൂടിക്കലര്‍ന്നു രൂപപ്പെട്ട സംസ്‌കാരമത്രേ വര്‍ത്തമാനകാല ഇന്ത്യയുടെ സംസ്‌കാരം. 

ഈ പരമാര്‍ത്ഥം ഹൈന്ദവ മൗലികവാദികള്‍ സമ്മതിക്കാതിരിക്കുന്നതു മനസ്സിലാക്കാം. പക്ഷേ, മാര്‍ക്സിസത്തില്‍ ഊന്നിനില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷക്കാര്‍ അത് സമ്മതിക്കാതെ പോയാലോ? ഇംഗ്ലീഷിലും ഹിന്ദിയിലും കേരളത്തെ 'കേരള' (KERALA) എന്നു വിളിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഇടതുമുന്നണി സര്‍ക്കാര്‍ പറയുന്നത്. അതിനുള്ള പ്രമേയം ഫെബ്രുവരി 6-ന് സംസ്ഥാന അസംബ്ലിയില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയും കാര്യവിവരപ്പട്ടികയില്‍ അതുള്‍പ്പെടുത്തുകയും ചെയ്തിരുന്നു. വിഷയത്തെക്കുറിച്ചു പഠിക്കാന്‍ സാവകാശം വേണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രമേയാവതരണം പിണറായി സര്‍ക്കാര്‍ തല്‍ക്കാലം മാറ്റിവെച്ചിരിക്കയാണ്. 

'കേരള' എന്നത് കൊളോണിയല്‍ സംസ്‌കാരത്തിന്റെ ഭാഗമായി വന്നതാണ് എന്നത്രേ സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ആ പ്രയോഗം നാടിന്റെ സംസ്‌കാരത്തിന്റേയും ഭാഷയുടേയും സത്ത ഉള്‍ക്കൊള്ളുന്നില്ല എന്നു നിയമസഭാംഗങ്ങള്‍ക്ക് വിതരണം ചെയ്ത പ്രമേയത്തില്‍ പറയുന്നുണ്ട്. ബ്രിട്ടീഷ് ഭരണത്തിന്റേയും ആംഗ്ലേയ ഭാഷാസംസ്‌കാരത്തിന്റേയും ഫലമായി രൂപപ്പെട്ടതാണ് 'കേരള' എന്നത് ശരി തന്നെ. എന്നുവെച്ച് അതുപേക്ഷിക്കപ്പെടേണ്ടതുണ്ടോ? സംസ്‌കാരങ്ങളുടെ ആദാനപ്രദാനങ്ങള്‍ അംഗീകരിക്കുകയും ഭാഷാപരമോ മതപരമോ വംശപരമോ ആയ അന്ധതകളെ മറികടക്കുകയും ചെയ്യുന്നതാണ് പൊതുവെ മാര്‍ക്സിസ്റ്റ് രീതി. അതുകൊണ്ടാണ് 'കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)' എന്ന പേര് മലയാളീകരിക്കുകയോ ഭാരതവല്‍ക്കരിക്കുകയോ ചെയ്യാതെ ഇപ്പോഴും അതേപടി നിലനിര്‍ത്തപ്പെടുന്നത്. 

ഇടുങ്ങിയ ഭാഷാവികാരത്തിന്റേയും സംസ്‌കാര ദുരഭിമാനത്തിന്റേയും പിറകെ പോയി പേരുകള്‍ മാറ്റാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ എവിടെച്ചെന്നെത്തുമെന്നു മുഖ്യമന്ത്രിയോ ഇടതുമുന്നണിയോ ആലോചിച്ചിട്ടുണ്ടോ? ഏലംകുളം മനക്കല്‍ ശങ്കരനെയാണ് ഇക്കാലമത്രയും നാം ഇ.എം.എസ് എന്ന ആംഗ്ലേയാക്ഷരങ്ങളില്‍ വിളിച്ചുപോന്നത്. മലയാളത്തനിമ വേണമെന്നു ശഠിച്ചാല്‍ ഇം.എം.എസ്സിനെ ഇനിയങ്ങോട്ട് എ.മ.ശ എന്നു വിളിക്കേണ്ടിവരും. എ.കെ.ജി എന്നു വിളിച്ചുപോന്ന ആയില്യത്ത് കുറ്റിയേരി ഗോപാലന്റെ പേര് ആ.കു.ഗോ എന്നും ഇ.കെ. നായനാര്‍ എന്നറിയപ്പെട്ട ഏറമ്പാല കൃഷ്ണന്‍ നായനാരുടെ പേര് ഏ.കൃ. നായനാര്‍ എന്നും വി.എസ്. അച്യുതാനന്ദന്‍ എന്നു വിളിക്കപ്പെടുന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്റെ പേര് വേ.ശ. അച്യുതാനന്ദന്‍ എന്നും തിരുത്തേണ്ടിവരും. 

കോണ്‍ഗ്രസ്സടക്കമുള്ള മറ്റു പാര്‍ട്ടിക്കാര്‍ക്കും ഇതേ പ്രശ്‌നമുണ്ട്. കന്നോത്ത് കരുണാകരന്‍ എന്ന കെ. കരുണാകരനെ ക. കരുണാകരനെന്നും അറക്കപ്പറമ്പില്‍ കുര്യന്‍ ആന്റണിയെ അ.കു. അന്തോണിയെന്നും വിളിക്കേണ്ട അവസ്ഥയിലെത്തും അവര്‍. ആള്‍പ്പേരിലും സ്ഥലപ്പേരിലും മാത്രം ഒതുക്കാനാവില്ല മലയാളിത്തത്തോടുള്ള ആരാധന. പദവിപ്പേരുകളിലും വേണ്ടിവരും മാറ്റം. മുഖ്യമന്ത്രിപദത്തിലിരിക്കുന്ന വ്യക്തിയെ സഹമന്ത്രിമാരും എം.എല്‍.എമാരും മറ്റും സാധാരണ സി.എം. എന്നാണ് പരാമര്‍ശിക്കാറ്. ചീഫ് മിനിസ്റ്റര്‍ ചുരുങ്ങി സി.എം. ആവുകയാണ്. ആ പ്രയോഗവും കോളനീകരണത്തിന്റെ അവശിഷ്ടം തന്നെ. അത് തൂത്തെറിയണമെങ്കില്‍ ഇനിയങ്ങോട്ട് സി.എമ്മിനെ മു.മ (മുഖ്യമന്ത്രി എന്നതിന്റെ ചുരുക്കം) എന്നു വിളിക്കേണ്ടിവരും. ജില്ലാ കലക്ടര്‍ക്കും വേണ്ടിവരും പേരുമാറ്റം. കലക്ടര്‍ ആംഗ്ലേയസംസ്‌കാരത്തിന്റെ ഭാഗമാണ്. കലക്ടറെ മലയാളീകരിച്ചാല്‍ ശേഖരന്‍ എന്നു കിട്ടും. കേരളത്തിലെ ജില്ലാ കലക്ടര്‍മാര്‍ ഇനിയങ്ങോട്ട് ജില്ലാ ശേഖരന്മാര്‍ എന്നറിയപ്പെടട്ടെ എന്നു വെക്കേണ്ടിവരും. 

കൊളോണിയല്‍ സംസ്‌കാര വിരുദ്ധതയുടെ പേരില്‍ മലയാളത്തനിമ തേടിപ്പോയാല്‍ കാര്യങ്ങള്‍ അവിടെയും അവസാനിക്കില്ല. കേരളത്തിലെ യൂണിവേഴ്സിറ്റികള്‍ അറിയപ്പെടുന്നത് യൂണിവേഴ്സിറ്റി ഓഫ് കേരള, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് എന്നിങ്ങനെയാണ്. അവയില്‍നിന്നു ആംഗ്ലേയത നുള്ളിക്കളഞ്ഞാല്‍ അവ 'കേരളം സര്‍വകലാശാല'യും 'കോഴിക്കോട് സര്‍വകലാശാല'യും ആയി മാറും.  ആ പേരുകളില്‍ നല്‍കപ്പെടുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കു രാജ്യത്തിനു വെളിയില്‍ ഏതെങ്കിലും യൂണിവേഴ്സിറ്റികളില്‍ തുടര്‍പഠനം നിര്‍വഹിക്കാന്‍ സാധിച്ചെന്നു വരില്ല. കാരണം, പാശ്ചാത്യ രാഷ്ട്രങ്ങളില്‍ മാത്രമല്ല, മറ്റിടങ്ങളിലും സര്‍വകലാശാലകള്‍ അറിയപ്പെടുന്നത് യൂണിവേഴ്സിറ്റി എന്ന പേരിലാണ്. 'കേരളം സര്‍വകലാശാല'യില്‍നിന്നു കൈപ്പറ്റിയ ബിരുദ സാക്ഷ്യപത്രം അമേരിക്കിയിലേയോ യൂറോപ്പിലേയോ യൂണിവേഴ്സിറ്റികളില്‍ കാണിച്ചാല്‍ അവരത് ചവറ്റുകുട്ടയില്‍ നിക്ഷേപിക്കാനാണിട. 

മതങ്ങളിലേക്കും ഇസങ്ങളിലേക്കും ചെല്ലുമ്പോഴും മലയാളത്തനിമ പ്രശ്‌നം സൃഷ്ടിക്കും. സര്‍ക്കാരേതര വ്യവഹാരങ്ങളില്‍ മാത്രമല്ല, സര്‍ക്കാര്‍ വ്യവഹാരങ്ങളിലും ഇസ്ലാം, മുസ്ലിം എന്നീ സംജ്ഞകള്‍ നാം നിരന്തരം ഉപയോഗിച്ചു പോരുന്നു. നൂറ് ശതമാനം അറേബ്യനാണ് ആ രണ്ട് സംജ്ഞകളും. അറേബ്യന്‍ സാംസ്‌കാരികാധിനിവേശത്തിന്റെ ഫലമായാണ് ആ വാക്കുകള്‍ നമ്മുടെ വ്യവഹാരങ്ങളില്‍ പ്രതിഷ്ഠ നേടിയത്. അവയെ മലയാളീകരിക്കാന്‍ പോയാല്‍ ഇസ്ലാമിനു പകരം 'കീഴടങ്ങല്‍' എന്നും മുസ്ലിമിനു പകരം 'കീഴടങ്ങുന്നവന്‍' എന്നും പ്രയോഗിക്കേണ്ടിവരും. അതോടെ മുസ്ലിം ലീഗ് എന്ന പാര്‍ട്ടി തന്നെ കേരളത്തില്‍ ഇല്ലാതാവും. മുസ്ലിം ലീഗിന്റെ പേര് കീഴടങ്ങുന്നവരുടെ ലീഗ് എന്നാക്കേണ്ടിവരും. 'ലീഗ്'  ആംഗ്ലേയമായതുകൊണ്ട് അതും ശരിയാവില്ല. കീഴടങ്ങുന്നവരുടെ കക്ഷി എന്നു വിളിക്കേണ്ടിവരും മുസ്ലിം ലീഗിനെ. 

കേരള എന്ന പ്രയോഗത്തില്‍ കൊളോണിയല്‍ സ്വാധീനം കാണുന്നവര്‍ക്ക് 'ഇസ'ങ്ങളില്‍ ആ സ്വാധീനം കാണാതിരിക്കാന്‍ പറ്റുമോ? മാര്‍ക്സിസം, ലെനിനിസം, മാവോയിസം, സോഷ്യലിസം, ഗാന്ധിസം, ഫാസിസം, നാത്സിസം എന്നിവയിലെല്ലാം തുളുമ്പിനില്‍ക്കുന്നത് കൊളോണിയല്‍ ഭാഷാഗന്ധമത്രേ. കേരളത്തനിമയും മലയാളത്തനിമയും കൂടിയേ തീരൂ എന്നു വെച്ചാല്‍ എല്ലാ ഇസങ്ങളോടും നമുക്ക് വിടപറയേണ്ടിവരും. 

വിടചൊല്ലല്‍ പ്രക്രിയയ്ക്ക് അവിടെ വിരാമമിടാനാവില്ല. ഒട്ടും മലയാളത്തനിമയില്ലാത്ത ഒരു മുദ്രാവാക്യം ഒരു നൂറ്റാണ്ടോളമായി മലയാളികള്‍ അത്യുച്ചത്തില്‍ വിളിച്ചുപോരുന്നുണ്ട്. മറ്റാരെക്കാളുമേറെ ഇടതുപക്ഷത്തിനു കൂടുതല്‍ പ്രിയങ്കരമാണ് 'ഇങ്കിലാബ് സിന്ദാബാദ്' എന്ന ആ മുദ്രാവാക്യം. വിപ്ലവം നീണാള്‍ വാഴട്ടെ എന്നര്‍ത്ഥം വരുന്ന പ്രസ്തുത മുദ്രാവാക്യം 1921-ല്‍ ഹസ്രത്ത് മൊഹാനി എന്ന ഉറുദുകവി സംഭാവന ചെയ്തതാണ്. പേര്‍ഷ്യന്‍ ഭാഷ വഴി ഉറുദുവിലെത്തിയ വാക്കുകളാണ് ഇങ്ക്വിലാബും സിന്ദാബാദും. മലയാളത്തിന്റെ മണം തീരെയില്ലാത്ത ആ മുദ്രാവാക്യം ഇടതുപക്ഷം ഉപേക്ഷിക്കുമോ?

യഥാര്‍ത്ഥത്തില്‍ 'കേരള' എന്ന പ്രയോഗത്തോടുള്ള  വിപ്രതിപത്തിക്കടിയിലുള്ളത് ഭാഷാപരമായ ഷോവിനിസമാണ്. ഒട്ടും അഭിലഷണീയമല്ലാത്ത സാംസ്‌കാരിക ഷോവിനിസത്തിന്റെ ഭാഗമാണ് ഭാഷാപരമായ ഷോവിനിസം. പിണറായി വിജയനും കൂട്ടരും ആ ഷോവിനിസം പ്രകടിപ്പിക്കുമ്പോള്‍, അവര്‍ യോഗി ആദിത്യനാഥിനു പഠിക്കുകയാണോ എന്നു വല്ലവരും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com