ജാതിരാഷ്ട്രീയത്തിന്റെ ഭൂമികയില്‍: മോദിയുടെ ഹൃദയം കവര്‍ന്ന നിതീഷ് കുമാര്‍

സാമ്പത്തിക സംവരണം ഉള്‍പ്പെടെയുള്ള തന്ത്രങ്ങളുമായി നിതീഷ് കുമാര്‍ മേല്‍ജാതിക്കാരെ ലക്ഷ്യമിടുമ്പോള്‍ ദളിതരിലും പിന്നോക്കക്കാരിലുമാണ് വിശാല പ്രതിപക്ഷ മുന്നണിയുണ്ടാക്കിയ പാര്‍ട്ടികളുടെ പ്രതീക്ഷ. 
ജാതിരാഷ്ട്രീയത്തിന്റെ ഭൂമികയില്‍: മോദിയുടെ ഹൃദയം കവര്‍ന്ന നിതീഷ് കുമാര്‍

ബീഹാറിലെ ജനവിധി മോദിയുടെ വ്യക്തിപരമായ വിജയമോ പരാജയമോ ആണെന്നുറപ്പ്. പഴയ ശത്രുവാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ നായകന്‍. എന്‍.ഡി.എ മുന്നണിക്കായി വൈരം മറന്ന് പ്രവര്‍ത്തിക്കുന്നത് ശത്രു മോദിയുടെ ഹൃദയം കവര്‍ന്ന നിതീഷ് കുമാറാണ്. ശത്രുവിന്റെ ശത്രു രാംവിലാസ് പസ്വാനും മോദിയുടെ വലംകൈ. എന്നാല്‍, ബീഹാറില്‍ ശക്തിയേക്കാള്‍ വലുത് യുക്തിയാണെന്ന വിചാരത്തിലാണ് ബി.ജെ.പിയുടെ സഖ്യകക്ഷികള്‍. നിതീഷ്‌കുമാറിന്റെ ജെ.ഡി.യു, പാസ്വാന്റെ എല്‍.ജെ.പിയുമാണ് എന്‍.ഡി.എ മുന്നണിയിലുള്ളത്. കോണ്‍ഗ്രസിനൊപ്പം ആര്‍.ജെ.ഡിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും ആര്‍. എല്‍. എസ്.പിയും ശരദ് യാദവിന്റെ ജെ.ഡി.യു(എസ്)വും ഇടതുപക്ഷവുമടക്കമുള്ള പാര്‍ട്ടികളാണ് വിശാലപ്രതിപക്ഷ മുന്നണിയിലുള്ളത്.

ലൗലി ആനന്ദ്
ലൗലി ആനന്ദ്

ശക്തിപ്രകടനത്തിനൊരുങ്ങുന്ന ജെ.ഡി.യു ആകെയുള്ള 40 ലോക്സഭാ മണ്ഡലങ്ങളില്‍ 17 എണ്ണത്തില്‍ മത്സരിക്കും. 17 സീറ്റുകളില്‍ ബി.ജെ.പിയും. ബാക്കി ആറു സീറ്റുകളില്‍ പാസ്വാന്റെ എല്‍.ജി.പിയും ജനവിധി തേടും.  ഈ സീറ്റ് വിഭജനം ബി.ജെ.പിയെ സംബന്ധിച്ചടത്തോളം ഒരു ത്യാഗമാണ്. ജെ.ഡി.യു ഒപ്പമില്ലാതെ കഴിഞ്ഞ തവണ മറ്റ് സഖ്യകക്ഷികളുമൊത്ത് മത്സരിച്ചപ്പോള്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് 22 സീറ്റുകളാണ് കിട്ടിയത്. സഖ്യകക്ഷികളുടേത് കൂടി ചേര്‍ത്താല്‍ 40 സീറ്റുകളില്‍ 31 എണ്ണം എന്‍.ഡി.എ മുന്നണിക്ക് നേടാനുമായി. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന് രണ്ടു സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. മത്സരിക്കാനുള്ള സീറ്റുകള്‍ കുറഞ്ഞതിന്റെ നീരസം പാസ്വാനുണ്ടെങ്കിലും എല്‍.ജി.പി ആ അസ്വാരസ്യങ്ങളൊന്നും പുറത്തു കാട്ടുന്നില്ല. ഏതായാലും മാര്‍ച്ച് മൂന്നിന് പാറ്റ്നയില്‍ നടക്കുന്ന ഐക്യറാലിക്ക് മുന്‍പ് സീറ്റ് ധാരണ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് മോദിയുടെയും അമിത്ഷായുടെയും കണക്കുകൂട്ടല്‍.
എങ്കിലും എന്‍.ഡി.എയെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ഒട്ടേറെയാണ്. കഴിഞ്ഞ തവണ എന്‍.ഡി.എ മുന്നണിയിലുള്ള പലരും ഇന്നില്ല. ഉദാഹരണത്തിന് ഉപേന്ദ്ര കുശ്വ നയിക്കുന്ന പാര്‍ട്ടി ആര്‍.എല്‍.എസ്.പി. മുന്നണിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പുറത്തുപോയിരുന്നു. തുടര്‍ന്ന് ആര്‍.ജെ.ഡി നയിക്കുന്ന മഹാസഖ്യത്തില്‍ ചേരുകയും ചെയ്തു.

കീര്‍ത്തി ആസാദ്
കീര്‍ത്തി ആസാദ്

അഴിമതി വിരുദ്ധ പ്രതിച്ഛായ കൊണ്ട് നിലനിന്നിരുന്ന നിതീഷിന്റെ ജനപ്രീതി പഴങ്കഥയാണ്. മുസാഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ നടന്ന ലൈംഗികപീഡനങ്ങളടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. 2005 മുതല്‍ മുഖ്യമന്ത്രിയായി തുടരുന്ന നിതീഷ് ഇനിയെങ്കിലും അധികാരത്തില്‍ നിന്ന് താഴെയിറങ്ങണമെന്നാണ് ജനങ്ങളുടെ ആവശ്യമെന്ന് ആര്‍.എല്‍.എസ്.പി മേധാവി ഉപേന്ദ്ര പറയുന്നു. അതേസമയം, 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കിയത് ഗുണകരമാകുമെന്ന ആത്മവിശ്വാസത്തിലാണ് നിതീഷ് കുമാര്‍. 

ലാലുപ്രസാദ് യാദവ്
ലാലുപ്രസാദ് യാദവ്

ജോര്‍ജ് ഫെര്‍ണാണ്ടസും നിതീഷ് കുമാറും ഉള്‍പ്പെടെയുള്ള സമതാപാര്‍ട്ടിയും ശരത് യാദവിന്റെ ജനതാദള്‍ വിഭാഗവും ചേര്‍ന്നാണ് ഇപ്പോഴുള്ള ജനതാദള്‍ യുണൈറ്റഡ് എന്ന പാര്‍ട്ടി രൂപീകരിച്ചത്. 2005-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒപ്പമായിരുന്നു ജെ.ഡി.യു. ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍.ജെ.ഡിയെ തോല്‍പ്പിച്ച് ഭരണവും നേടി. അന്നു മുതല്‍ എന്‍.ഡി.എ മുന്നണിയിലെ പ്രധാനിയായിരുന്നു നിതീഷ് കുമാര്‍. എന്നാല്‍, 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യപ്രചാരകനായി നരേന്ദ്രമോദിയെ ബി.ജെ.പി തിരഞ്ഞെടുത്തതോടെ സഖ്യത്തില്‍ വിള്ളലുണ്ടായി. ഗുജറാത്ത് കലാപത്തില്‍ കുറ്റാരോപിതനായി നില്‍ക്കുന്ന മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ജെ.ഡി.യുവിന്റെയും നിതീഷിന്റെയും  നിലപാട്.

ശത്രുഘ്‌നന്‍ സിന്‍ഹ
ശത്രുഘ്‌നന്‍ സിന്‍ഹ

സിപിഎമ്മുമായി ചേര്‍ന്നാണ് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ജെഡിയു നേരിട്ടത്. എന്നാല്‍ കിട്ടിയതാകട്ടെ രണ്ട് സീറ്റും. പരാജയത്തെ തുടര്‍ന്ന് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തുടര്‍ന്ന് ജിതിന്‍ റാം മാഞ്ചിയുടെ നേതൃത്വത്തില്‍ ജെ.ഡി.യു പുതിയ സര്‍ക്കാരുണ്ടാക്കി. സര്‍ക്കാരിനെതിരെ ബി.ജെ.പി വിശ്വാസപ്രേമയം അവതരിപ്പിച്ചെങ്കിലും ആര്‍.ജെ.ഡി പിന്തുണയോടെ ജെ.ഡി.യു സര്‍ക്കാര്‍ അതിനെ മറികടന്നു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതുവരെ മുഖ്യഎതിരാളികളായിരുന്ന ആര്‍.ജെ.ഡി.യുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കിയാണ് ജെഡിയു മത്സരത്തിനിറങ്ങിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ആകെയുള്ള 243 സീറ്റുകളില്‍ 178 എണ്ണത്തിലും മഹാസഖ്യം വിജയിച്ചു. 101 സീറ്റില്‍ മത്സരിച്ച ജെഡിയു 71 എംഎല്‍എമാരുമായി ജയിച്ചു കയറി. 101 സീറ്റില്‍ മത്സരിച്ച ആര്‍.ജെ.ഡിക്ക് 80 എംഎല്‍എമാരെ കിട്ടിയെങ്കിലും ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയായി. ഇതിനിടെ, ആര്‍.ജെ.ഡിയും ജെ.ഡി.യുവിനുമിടയിലുള്ള അകല്‍ച്ച ശക്തമായി.സര്‍ക്കാരില്‍ പിടിമുറുക്കാനുള്ള ലാലു പ്രസാദ് യാദവിന്റെ ശ്രമങ്ങള്‍ നിതീഷിനെ അസ്വസ്ഥനാക്കി. ഒടുവില്‍ ലാലുവിനും കുടുംബത്തിനുമെതിരായ സിബിഐ അന്വേഷണം അനിവാര്യമായ പിളര്‍പ്പിലേക്ക് മഹാസഖ്യത്തെ നയിച്ചു. അന്ന് ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമായ തേജസ്വിയാണ് ഇന്ന് നിതീഷിന്റെ ശക്തനായ എതിരാളി. 

മുന്നോക്കക്കാര്‍ പിന്തുണയ്ക്കുന്ന എന്‍.ഡി.എ മുന്നണിയും പിന്നോക്കക്കാര്‍ മുഖ്യവോട്ടുബാങ്കായ വിശാലപ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇത്തവണ ബീഹാറില്‍ നടക്കുക. 10 കോടിയിലധികം ജനസംഖ്യയുള്ള ബീഹാറില്‍ ജനവിധിയില്‍ നിര്‍ണായകമാകുക ജാതിരാഷ്ട്രീയം തന്നെയാണ്. ജനസംഖ്യയുടെ പകുതിയിലധികം പേര്‍ പിന്നോക്കക്കാരാണ്. ഇതില്‍ ഭൂരിഭാഗവും യാദവരാണ്. ആര്‍.ജെ.ഡിയുടെ നിര്‍ണായക ശക്തി ഇവരാണ്. 16% വരും ദളിതുകള്‍. 17% മുസ്ലീങ്ങളും. 15 മുതല്‍ 20 ശതമാനം വരെയാണ് മേല്‍ജാതിക്കാര്‍. 1990 കളില്‍ യാദവ-മുസ്ലീം വോട്ടുകള്‍ നേടിയാണ് ലാലു അധികാരത്തിലെത്തിയത്. എന്നാല്‍, അഴിമതിയും കുത്തഴിഞ്ഞ ഭരണവും ആര്‍.ജെ.ഡിയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കി. 2005-ല്‍ പുതിയ ജാതിസമവാക്യങ്ങള്‍ രൂപപ്പെട്ടതോടെ ബി.ജെ.പി. ജെ.ഡി.യു സംഖ്യം അധികാരത്തിലെത്തി. 2014-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് നിതീഷ് കുമാര്‍ ബി.ജെ.പിയുമായി തെറ്റിയതോടെ ജെ.ഡി.യു രണ്ടു സീറ്റിലൊതുങ്ങി. തൊട്ടടുത്ത വര്‍ഷം ആര്‍.ജെ.ഡി- കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്ന ജെ.ഡി.യു ഒബിസി-മുസ്ലീം- ദളിത് വോട്ടുകള്‍ മൊത്തത്തില്‍ നേടി. ഇത് മുന്‍വര്‍ഷം വിജയിച്ച ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുമായി. 

ആര്‍ജെഡി നേതാക്കളായ തേജസ്വനി യാദവും സഹോദരന്‍ തേജ് പ്രതാപും
ആര്‍ജെഡി നേതാക്കളായ തേജസ്വനി യാദവും സഹോദരന്‍ തേജ് പ്രതാപും

കൂടൊരുക്കി
കോണ്‍ഗ്രസ്

അതേസമയം ബി.ജെ.പി, ജെ.ഡി.യു, എന്‍.സി.പി, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികളിലെ വിമതര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി സീറ്റ് നേടാന്‍ നോക്കുന്നുണ്ട്. യു.പി. കഴിഞ്ഞാല്‍ ബീഹാറിനാണ് രാഹുല്‍ ഗാന്ധി ഊന്നല്‍ നല്‍കുന്നതെന്ന സൂചന ഈ നേതാക്കളെ ആവേശഭരിതരാക്കുന്നു. മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ്, ചലച്ചിത്ര നടന്‍ ശത്രുഘ്നന്‍ സിന്‍ഹ എന്നിവര്‍ കോണ്‍ഗ്രസിനൊപ്പമാണ്. ഇവര്‍ രണ്ടുപേരും ബി.ജെ.പി എംപിമാരുമാണ്. മുന്‍ എം.പി ഉദയ് സിങ്, സ്വതന്ത്ര എം.എല്‍.എ മൊകാമ, ആനന്ദ് സിന്‍ഹ, ജാന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് എന്നിവരാണ് കോണ്‍ഗ്രസിലേക്ക് ചേരാന്‍ ഒരുങ്ങുന്ന മറ്റു നേതാക്കള്‍. മുന്‍ കേന്ദ്രമന്ത്രിയായ എല്‍.എന്‍. മിശ്രയുടെ ചെറുമകന്‍ ജെ.ഡി.യു നേതാവ് ഋഷി മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നുകഴിഞ്ഞു. മുന്‍ എംപി ആനന്ദ് മോഹന്റെ ഭാര്യ ലൗലി ആനന്ദും എന്‍.സി.പി നേതാവ് താരിഖ് അന്‍വറും നേരത്തേ പാര്‍ട്ടിയിലെത്തിയിരുന്നു. ഇവര്‍ക്കെല്ലാം സീറ്റ് നല്‍കേണ്ടി വരുമെന്നതു മാത്രമല്ല കോണ്‍ഗ്രസിനുള്ള ബാധ്യത. ഇവരെല്ലാം ഉയര്‍ന്ന ജാതിയിലുള്ളവരാണ്. പൊടുന്നനെ നേതൃത്വത്തില്‍ ഇവരെ ഉള്‍ക്കൊള്ളിച്ചാല്‍ അത് ആര്‍.ജെ.ഡി എതിര്‍ക്കും. കാരണം ആര്‍.ജെ.ഡിയുടെ വോട്ടുബാങ്കില്‍ അധികവും ഒബിസി, ദളിത് വോട്ടര്‍മാരാണ്. വിശാലപ്രതിപക്ഷ മുന്നണിയിലുള്ള മാഞ്ചിക്ക് ദളിത് ഉപജാതിയായ മുസഹര്‍ വോട്ടുബാങ്കുണ്ട്. ഉപേന്ദ്ര കുശ് വയ്ക്ക് കോയ്റി വോട്ടുബാങ്കുമുണ്ട്. 

വിജയത്തില്‍ കുറഞ്ഞൊന്നും ജെ.ഡി.യു ലക്ഷ്യമിടുന്നില്ല. അതുകൊണ്ടാണ് അമിത് ഷാ മുന്‍കൈയെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധന്‍ പ്രശാന്ത് കിഷോറിനെ കൊണ്ടുവന്നത്. ലാലു പ്രസാദ് യാദവ്- റാബ്റി ദേവി ദമ്പതികളുടെ മകനായ തേജസ്വി യാദവാണ് പ്രതിപക്ഷനേതൃനിരയിലെ താരം. മുന്‍ ക്രിക്കറ്റ് താരമായ തേജസ്വി നിതീഷ്‌കുമാറുമായുള്ള സഖ്യകാലത്ത് ആര്‍.ജെ.ഡിയുടെ ഉപമുഖ്യമന്ത്രിയായിരുന്നു. സഖ്യം പിളര്‍ന്നപ്പോള്‍ സ്ഥാനം നഷ്ടമായെങ്കിലും ജനപ്രീതിയില്‍ ഇടിവുണ്ടായില്ല. ലാലു പ്രസാദ് യാദവ്- റാബ്റി ദേവി ദമ്പതികളുടെ മകനായ തേജസ്വി യാദവാണ് പ്രതിപക്ഷനേതൃനിരയിലെ താരം. മുന്‍ ക്രിക്കറ്റ് താരമായ തേജസ്വി നിതീഷ്‌കുമാറുമായുള്ള സഖ്യകാലത്ത് ആര്‍.ജെ.ഡിയുടെ ഉപമുഖ്യമന്ത്രിയായിരുന്നു. സഖ്യം പിളര്‍ന്നപ്പോള്‍ സ്ഥാനം നഷ്ടമായെങ്കിലും ജനപ്രീതിയില്‍ ഇടിവുണ്ടായില്ല. ഒരു ത്രില്ലര്‍ സിനിമ കണക്കെയാണ് തേജ്വസിയുടെ ജീവിതം. പത്താംതരം പാസാകും മുന്‍പേ പഠിപ്പുനിര്‍ത്തി. ബാറ്റും ബോളുമെടുത്ത് ക്രിക്കറ്റ് കളിക്കാനിറങ്ങി. 2008 ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനുവേണ്ടി മധ്യനിര ബാറ്റ്സ്മാനായി അഞ്ചുമാച്ച് കളിച്ചു. ജാര്‍ഖണ്ഡ് ടീമിലും കുറച്ചുനാള്‍. അതോടെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചു. പിന്നെ കാണുന്നത് ബീഹാര്‍ രാഷ്ട്രീയത്തില്‍. മൂത്തസഹോദരനായ തേജ് പ്രതാപും  ഇളയ ഏഴു സഹോദരിമാരുമൊക്കെയുണ്ടായിട്ടും തേജ്വസി ലാലുവിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി. ജെഡിയു നേതാവ് നിതീഷ് കുമാറുമായി ചേര്‍ന്നുണ്ടാക്കിയ സഖ്യസര്‍ക്കാരില്‍ ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായി 2015-ല്‍ചുമതലയേല്‍ക്കുമ്പോള്‍ തേജസ്വിക്കു പ്രായം 26 വയസ്. സഹോദരനായ തേജ് പ്രതാപിന് തേജസ്വിയുടെ ഈ ഉയര്‍ച്ച അത്ര പിടിച്ച മട്ടില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ അതൊന്നും ബാധിക്കാനിടയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com