പ്രകൃതി നമ്മോട് ഖേദത്തോടെ പറയുന്നതിനു മുന്‍പ്: സിവി ബാലകൃഷ്ണന്‍ എഴുതുന്നു

ചെറുത്തുനില്‍പ്പുകള്‍ പരാജയപ്പെടുകയാണെങ്കില്‍ ഭൂപടം ഒരിക്കല്‍ക്കൂടി തിരുത്തപ്പെടാം. നാം കരുതലോടെ, വിവേകത്തോടെ, ജാഗ്രതയോടെ, മൂല്യബോധത്തോടെ നിലപാടുകള്‍ കൈക്കൊള്ളേണ്ടതുണ്ട്
പ്രകൃതി നമ്മോട് ഖേദത്തോടെ പറയുന്നതിനു മുന്‍പ്: സിവി ബാലകൃഷ്ണന്‍ എഴുതുന്നു

രു വ്യക്തി എവിടെ ആദരിക്കപ്പെടുമ്പോഴും അഭിവിന്ദ്യമാകുന്നത് ഒരു കര്‍മ്മസംഹിതയാണ്. ഏതൊരാളാണോ മനസ്സുകൊണ്ട് ഇന്ദ്രിയങ്ങളെ അടക്കി; ഞാന്‍, എന്റേത് എന്ന ഭാവങ്ങളുപേക്ഷിച്ച് കര്‍മ്മഫലങ്ങളില്‍ ആസക്തി കൂടാതെ കര്‍മ്മേന്ദ്രിയങ്ങള്‍കൊണ്ട് സ്വധര്‍മ്മം അനുഷ്ഠിക്കുന്നത്, അവന്‍ വിശിഷ്ടനായിത്തീരുന്നു എന്ന് ഭഗവദ്ഗീതയിലെ കര്‍മ്മയോഗത്തിലുണ്ട്. നിഷ്ഠാപൂര്‍വ്വവും നിഷ്‌കാമവുമായ കര്‍മ്മങ്ങളിലൂടെ വൈശിഷ്ട്യമാര്‍ജ്ജിച്ച ടി.പി. പത്മനാഭന്‍ മാസ്റ്റര്‍ക്ക് സാമൂഹ്യസേവന പുരസ്‌കാരം സമ്മാനിക്കാനായതില്‍ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. എത്രയോ കാലമായി ഞങ്ങള്‍ പരിചിതരാണ്; സൗഹൃദം പങ്കിടുന്നവരാണ്. പ്രകൃതിയുടെ സൂക്ഷ്മപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയ പപ്പന്‍മാഷ് (അങ്ങനെയാണ് മിക്കവരും വിളിക്കുക) ഉല്‍കൃഷ്ടമായ ഈ പുരസ്‌കാരത്തിന് ഒരു ശരിയായ കണ്ടെത്തലാണെന്നതില്‍ സംശയമില്ല. 

ഈ സന്ദര്‍ഭത്തില്‍ യശശ്ശരീരനായ പ്രൊഫ. ജോണ്‍സി ജേക്കബ്ബിനെ ഓര്‍ക്കാതിരിക്കാനാവില്ല. 1965 തൊട്ട് 1992 വരെ പയ്യന്നൂര്‍ കോളേജില്‍ ജന്തുശാസ്ത്ര വിഭാഗം അധ്യാപകനായിരുന്ന ജോണ്‍സി മാഷാണ് പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ പപ്പന്‍മാഷെപ്പോലെ ഒട്ടനേകം പേര്‍ക്കു മാര്‍ഗ്ഗദര്‍ശിയായത്. കുട്ടനാടിന്റെ വടക്കുകിഴക്കു ഭാഗമായ മറിയപ്പള്ളിയില്‍ ജനിച്ച ജോണ്‍സി ജേക്കബ്ബ് അവസാന നിശ്വാസവായു അലിയിച്ചു ചേര്‍ത്തത് ഞങ്ങളുടെ ഈ ദേശത്താണ്. പ്രകൃതിസ്‌നേഹികളുടെ ആദ്യത്തെ സംഘടനയായ സുവോളജിക്കല്‍ ക്ലബ്ബ് ജോണ്‍സി മാഷുടെ സങ്കല്പത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പ്രകൃതിപഠനക്യാമ്പ് ഏഴിമലയില്‍ സംഘടിപ്പിച്ചതിന്റെ പെടാപ്പാട് ആത്മകഥയിലൊരിടത്ത് മാഷ് സരസമായി പ്രതിപാദിച്ചിട്ടുണ്ട്. ആ ക്യാമ്പില്‍ പപ്പന്‍മാഷുമുണ്ടായിരുന്നു. 1977 ഡിസംബര്‍ 28 മുതല്‍ 1978 ജനുവരി 1 വരെ നീണ്ട ക്യാമ്പ് പലര്‍ക്കും അത്ഭുതവും മാതൃകയുമായി. ഒരേസമയത്ത് വഴിയും വഴികാട്ടിയുമായി. 

ജോണ്‍സി ജേക്കബ്ബ് എന്ന പേരിലെ സി ക്രിസ്റ്റഫറിന്റെ ചുരുക്കമാണ്. ക്രിസ്റ്റഫര്‍ എന്നാല്‍ ക്രിസ്തുവിനെ വഹിക്കുന്നവന്‍ എന്നാണര്‍ത്ഥം. ബൈബിള്‍ ശ്രദ്ധയോടെ വായിച്ചപ്പോള്‍ മനസ്സിലായ സത്യം യേശുവും ക്രിസ്തുമതവും വിപരീതദിശകളിലാണെന്നതത്രെ. യേശു ചെയ്യരുതെന്ന് കല്പിച്ചതെല്ലാം സഭ ചെയ്യുന്നു. ചെയ്യാന്‍ പറഞ്ഞതൊന്നും ചെയ്യുന്നുമില്ല. 

യേശുവിന്റെ വചനങ്ങള്‍ പാലിക്കാതെ ആ വിശുദ്ധനാമത്തെ അപമാനിക്കുന്ന മതത്തില്‍ തുടരുക അസഹ്യമായതുകൊണ്ട് ഹിന്ദുവായിത്തീര്‍ന്ന അന്നു രാത്രി യേശുവിനോട് പറഞ്ഞു: 
''കര്‍ത്താവേ, ഞാനിപ്പോള്‍ ക്രിസ്തുമതത്തിനു പുറത്തായി.''
''മോനേ, ഞാനൊരിക്കലും അതില്‍ ഉണ്ടായിരുന്നില്ലല്ലോ?'' യേശു ഉടനെ നല്‍കിയ മറുപടി അങ്ങനെയായിരുന്നു. 

അതെന്തായാലും ബൈബിള്‍ ജോണ്‍സിമാഷെ അഗാധമായി സ്വാധീനിച്ചിരുന്നു. യേശുവിനെപ്പോലെ വയലിലെ പുല്ലില്‍പ്പോലും അദ്ദേഹം മഹത്വം ദര്‍ശിച്ചു. ആകാശത്തിലും ഭൂമിയിലും വിശ്വാസമര്‍പ്പിച്ച് കൈനിറയെ വിത്തുകള്‍ വാരിയെറിഞ്ഞു. 1973-ല്‍ ജോണ്‍സി മാഷ് മുന്‍കൈ എടുത്ത് രൂപീകരിച്ച 'സൊസൈറ്റി ഫോര്‍ എന്‍വയേണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള' അഥവാ 'സീക്ക്' (SEEK) എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും നിസ്തുലവുമായിരുന്നു. 
കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തനത്തിനു തുടക്കമിട്ട പ്രസിദ്ധീകരണം ജോണ്‍സി മാഷ് സുവോളജിക്കല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ 'മൈന'യെന്ന വാര്‍ഷിക ബുള്ളറ്റിനാണ്. മൈന വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു പക്ഷി ഈയടുത്ത കാലത്ത് മാധ്യമങ്ങളില്‍ പരാമര്‍ശവിധേയമാവുകയുണ്ടായി. ശൈത്യാരംഭത്തില്‍ യൂറോപ്യന്‍ നാടുകളില്‍നിന്ന് മരുതുല്യമായ ഇടങ്ങളിലേക്കു പലായനം ചെയ്യുന്ന റോസി പാസ്റ്റര്‍ പക്ഷിനിരീക്ഷകര്‍ക്ക് സ്റ്റെര്‍ണസ് റോസിയസ്സാണ്. മണല്‍ക്കാടുകള്‍ തേടുന്ന ഈ ദേശാടനപ്പറവകളെ കോട്ടയം തിരുനക്കര പ്രദേശങ്ങളില്‍ ധാരാളമായി കണ്ടുതുടങ്ങിയിട്ടുണ്ടെന്നതില്‍ ഒരു വിപല്‍സൂചന നിസ്സംശയമായും അടങ്ങിയിട്ടുണ്ട്. അത്തരം വിപല്‍സന്ദേശങ്ങള്‍ നിരവധിയാണ്. അന്റാര്‍ട്ടിക്കയിലേയും ഗ്രീന്‍ലാന്‍ഡിലേയും വന്‍ ഹിമാദ്രികള്‍ അതിദ്രുതം ഉരുകുന്നതും തല്‍ഫലമായി സമുദ്രനിരപ്പ് ഉയരുന്നതും സമീപഭാവിയില്‍ ലോകത്ത് ഭീകരമായ കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുമെന്ന് ഗവേഷകര്‍ ആശങ്കപ്പെടുന്നു. പതിറ്റാണ്ടുകളായി ഘനീഭവിച്ചുകിടക്കുന്ന ഭീമാകാരങ്ങളായ ഹിമശൈല പംക്തികള്‍ ഉരുകുന്നതിന്റെ വേഗത വര്‍ദ്ധിച്ചത് പ്രാദേശികതലത്തില്‍ കാലാവസ്ഥ വ്യതിയാനത്തിനും അധികം വൈകാതെ ആഗോളതലത്തിലുള്ള വ്യതിയാനത്തിനും നിമിത്തമാകുമെന്ന് വെല്ലിംഗ്ടണ്‍ സര്‍വ്വകലാശാലയുടെ അന്റാര്‍ട്ടിക് ഗവേഷണകേന്ദ്രം നടത്തിയ പഠനം വ്യക്തമാക്കുന്നു. മഞ്ഞുരുക്കം ഏറ്റവുമധികം ബാധിക്കുക സമുദ്രജലപ്രവാഹങ്ങളെയാവും. ഒപ്പം കാറ്റുകളുടെ ഗതി മാറും. ദ്വീപുകള്‍ പലതും അപ്രത്യക്ഷമാകും. മനുഷ്യര്‍ ഞെരുക്കത്തിലാകും. 

ജോണ്‍ സി ജേക്കബ്
ജോണ്‍ സി ജേക്കബ്


ഒരു ചരിത്രസ്മൃതി മനസ്സിലെത്തുന്നു. റഷ്യന്‍ വിപ്ലവത്തിന്റെ വിജയത്തെത്തുടര്‍ന്ന് ബോള്‍ഷെവിസത്തില്‍ പരിസ്ഥിതിവാദം കൂടി ഉള്‍പ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയുണ്ടായി. അവര്‍ക്ക് അത്തരമൊരു ശ്രമത്തിന് മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ പിന്തുണയുണ്ടായിരുന്നു. മാര്‍ക്സ് എഴുതി: Even an entire society, a nation, or all simultaneously existing societies taken together... are not owners of earth. They're simply its possessers; its beneficiaries and have to bequeath it in an improved state to succeeding generations.

പക്ഷേ, ജോസഫ് സ്റ്റാലിന് ഈയൊരു സമീപനമായിരുന്നില്ല. പരിസ്ഥിതി പ്രവര്‍ത്തകരെ ശത്രുക്കളായും പരിസ്ഥിതി ശാസ്ത്രത്തെ അസംബന്ധമായും കണ്ട സ്റ്റാലിന്‍ തന്റെ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി അനേകം ശാസ്ത്രജ്ഞരേയും പരിസ്ഥിതിവാദികളേയും കൊന്നൊടുക്കി. ട്രോഫിംലിസെന്‍കോയുടെ വ്യാജശാസ്ത്രത്തെ വാനോളം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ചരിത്രപരമായ ഭൗതികവാദത്തിന്റെ നിയമങ്ങള്‍ പ്രകാരം പ്രകൃതി ഒന്നടങ്കം വിപ്ലവത്തിന് ഉപയുക്തമാക്കേണ്ടതാണെന്നായിരുന്നു ചൈനയില്‍ മാവോ സ്വീകരിച്ച നിലപാട്. അവിടെയും പരിസ്ഥിതിവാദം നിരാകൃതമായി. 

നമ്മുടെ നാട്ടില്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. പരിസ്ഥിതിയെക്കുറിച്ചു പറയുന്നത് തീവ്രവാദമായി വിശേഷിപ്പിക്കപ്പെടുന്നു. പരിസ്ഥിതിവാദികളെ അര്‍ബന്‍ മാവോയിസ്റ്റുകളെന്നു വിളിക്കുന്നു. കേമന്മാരെന്നു സ്വയം വിശ്വസിച്ചുകൊണ്ട് അധികാരപീഠങ്ങളിലിരിക്കുന്ന ചിലരാകട്ടെ, നിര്‍ലജ്ജം പരിഹാസവാക്കുകള്‍കൊണ്ട് അവരെ പുച്ഛിക്കുന്നു. ഒരു മഹാദുരന്തം പ്രവചിച്ച മാധവ് ഗാഡ്ഗില്‍ അവര്‍ക്കു കണ്ണിലെ കരടാണ്. നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പാവം ഗ്രാമീണര്‍ അവര്‍ക്കു കഴുകന്മാരാണ്. മഹാരാഷ്ട്രയിലേയും ഡല്‍ഹിയിലേയും കര്‍ഷകമുന്നേറ്റങ്ങളില്‍ അവര്‍ ആവേശംകൊള്ളുന്നത് ഇവിടെയുള്ള സാധാരണ കര്‍ഷകരുടെ കഴുത്തുകള്‍ ഞെരുക്കിക്കൊണ്ടാണ്. വയലുകള്‍ നഷ്ടപ്പെട്ട് നിസ്സഹായരും നിരാലംബരുമായിത്തീര്‍ന്ന കര്‍ഷകരുടെ ആത്മനൊമ്പരം അവരെ ആനന്ദിപ്പിക്കുന്നു. കരിമണല്‍ ഖനനത്തിലൂടെ ആലപ്പാട്ടുനിന്ന് തുടച്ചുമാറ്റപ്പെട്ട അയ്യായിരം കുടുംബങ്ങളുടെ അഗാധശോകം അവരെ സ്പര്‍ശിക്കുന്നില്ല. ആകെക്കൂടി അവശേഷിക്കുന്ന മൂന്ന് കുടുംബങ്ങളുടെ അതിജീവനത്തിനായുള്ള പിടച്ചില്‍ അവര്‍ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. കേരള മെറ്റല്‍സ്  ആന്‍ഡ് മിനറല്‍സ് ലിമിറ്റഡ് (KMML) എന്ന സ്ഥാപനം ഖനനം തുടങ്ങും മുന്‍പ് 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ടായ പ്രദേശം ഇപ്പോള്‍ ഒന്‍പതു ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ഇടമായി. അവിടെത്തന്നെയും ആഴമേറിയ ഗര്‍ത്തങ്ങള്‍ ഹേതുവായി പ്രവേശനം നിരോധിച്ചിരിക്കുന്നുവെന്ന അറിയിപ്പുകളാണ്. ഇരുപതിനായിരം ഹെക്ടര്‍ ഭൂമി ഖനനത്തിലൂടെ കടലായിത്തീര്‍ന്നു. ഖനനം തുടരുകയാണെങ്കില്‍ കരുനാഗപ്പള്ളി, ഓച്ചിറ പട്ടണങ്ങളിലേക്കും കടല്‍ എത്തിച്ചേരാന്‍ ഏറെ കാലമെടുക്കില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇരുപത്തിനാലു ക്ഷേത്രങ്ങളും രണ്ടു ക്രിസ്ത്യന്‍ പള്ളികളും ഒന്‍പതു പള്ളിക്കൂടങ്ങളും പത്തു ഗ്രന്ഥാലയങ്ങളും ആറായിരം വീടുകളും ഖനനത്തിലൂടെ തുടച്ചുമാറ്റപ്പെട്ട ആലപ്പാട് ഒരു പ്രതീകമായി നിലകൊള്ളുന്നു. 

ജയേഷ് പാടിച്ചാലിന്റെ ചിത്രപ്രദര്‍ശനം
ജയേഷ് പാടിച്ചാലിന്റെ ചിത്രപ്രദര്‍ശനം

ഭൂപടം തിരുത്തപ്പെടുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സൈലന്റ്വാലി പദ്ധതിക്കെതിരെ ജോണ്‍സിമാഷ് നേതൃത്വം നല്‍കി നയിച്ച സമരം ഫലം കണ്ടിരുന്നു. എന്നാല്‍, ഏഴിമലയില്‍ നാവിക അക്കാദമി സ്ഥാപിക്കുന്നതിനെതിരെ നടത്തിയ പ്രക്ഷോഭം ഫലവത്തായില്ല. നേവല്‍ അക്കാദമിയിലൂടെ രാജ്യം പ്രച്ഛന്നഭീതിയില്‍ അതിന്റെ സുരക്ഷ ഭദ്രമാക്കി. എന്നാല്‍, സമീപഗൃഹങ്ങള്‍ യഥാര്‍ത്ഥ ഭീതിയില്‍ തീര്‍ത്തും അരക്ഷിതങ്ങളായി. കുടിവെള്ളത്തിനു ആശ്രയിച്ചിരുന്ന ഒട്ടേറെ കിണറുകള്‍ വീണ്ടെടുക്കാനാവാത്തവിധം മലിനങ്ങളായി. കോളിഫോം ബാക്ടീരിയ പുതിയൊരു അക്കാദമി അവയില്‍ തീര്‍ത്തിരിക്കുന്നു. 

ഭൂപടത്തില്‍ ഇപ്പോള്‍ കണ്ടങ്കാളിയിലെ ഉര്‍വ്വരതയാര്‍ന്ന ഇരുന്നൂറ് ഏക്കറിലേറെ വിസ്താരമുള്ള കൃഷിയിടമുണ്ട്. പരിസ്ഥിതിലോലമായ മണ്ണ്. ആര്‍ദ്രമായ നീര്‍ത്തടങ്ങള്‍. അവ ഒരു കൂറ്റന്‍ എണ്ണസംഭരണശാലയാക്കി മാറ്റാനുള്ള നീക്കം തുടങ്ങിയിട്ട് നാളുകളായി. നിലം കവര്‍ന്നെടുക്കാന്‍ ഭൂമാഫിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ സാമ്പത്തിക താല്പര്യങ്ങള്‍ മാത്രം പ്രത്യയശാസ്ത്രമായ സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒപ്പം നില്‍ക്കുന്നു.

ചെറുത്തുനില്‍പ്പ് പരാജയപ്പെടുകയാണെങ്കില്‍ ഭൂപടം ഒരിക്കല്‍ക്കൂടി തിരുത്തപ്പെടാം. നാം കരുതലോടെ, വിവേകത്തോടെ, ജാഗ്രതയോടെ, മൂല്യബോധത്തോടെ നിലപാടുകള്‍ കൈക്കൊള്ളേണ്ടതുണ്ട്: വളരെ വൈകിപ്പോയെന്ന് പ്രകൃതി നമ്മോട് ഖേദത്തോടെ പറയുന്നതിനു മുന്‍പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com