മക്കള്‍ തിലകം പുരട്ചി തലൈവരെ കളത്തില്‍ തളച്ച കഥ!    

പിന്നീട് തോമസ് പിക്ച്ചേഴ്സ് എന്ന ചലച്ചിത്ര നിര്‍മ്മാണ കമ്പനി തുടങ്ങിയപ്പോള്‍ ജാവ്ലിന്‍ എറിയുന്ന ത്രോയറെ ഒരു വൃത്തത്തിലാക്കി ബാനറിന്റെ എംബ്ലമാക്കി പ്രതിഷ്ഠിച്ചത്.
മക്കള്‍ തിലകം പുരട്ചി തലൈവരെ കളത്തില്‍ തളച്ച കഥ!    

1930-കളില്‍ തന്റെ പിതൃസഹോദരനായ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്‍ നടത്തിവന്ന ഞാറയ്ക്കല്‍ സന്മാര്‍ഗ്ഗവിലാസം നടനസഭയുടെ മിശിഹാചരിത്രം, സ്നാപകയോഹന്നാന്‍, മഗ്ദലന മറിയം തുടങ്ങിയ വിശ്രുത നാടകങ്ങളുമായി ബന്ധപ്പെട്ടാണ് വടക്കുംതല പുത്തനങ്ങാടി അബ്രഹാം മകന്‍ തോമസ് കലാപ്രവര്‍ത്തനത്തിന്റെ പൊതുധാരയിലെത്തുന്നത്.
അതിനു മുന്‍പേ വിദ്യാര്‍ത്ഥിനാളുകള്‍ തൊട്ടേ കലാരംഗത്തും കായികരംഗത്തും തോമസ് തന്റെ പ്രാവീണ്യം തെളിയിക്കാന്‍ തുടങ്ങിയിരുന്നു. ക്രിക്കറ്റും ജാവ്ലിന്‍ ത്രോയുമൊഴികെ എല്ലാ കായിക കലകളിലും തോമസ് സ്‌കൂളില്‍ അദ്വിതീയനായിരുന്നു. ഒരു ദിവസം സ്‌കൂളിലെ കായികദിനത്തില്‍ ജാവ്ലിന്‍ ത്രോ മത്സരത്തില്‍ പങ്കെടുക്കാന്‍ എല്ലാവരും നിര്‍ബ്ബന്ധിച്ചു. യാതൊരു മുന്‍പരിചയവുമുണ്ടായിരുന്നില്ല. ഒരൊരുക്കവുമില്ലാതെ ജാവ്ലിന്‍ കയ്യിലെടുത്തു. രണ്ടുംകല്പിച്ചൊരേറെറിഞ്ഞു. ഫലം പ്രഖ്യാപിച്ചപ്പോള്‍ സ്വര്‍ണ്ണ മെഡല്‍ വടക്കുംതല പുത്തനങ്ങാടി അബ്രഹാം മകന്‍ പി.എ. തോമസിന്! ആ ഒരു ചങ്കൂറ്റം, അതായിരുന്നു ജീവിതത്തിലുടനീളം തോമസിന്റെ ഏറ്റവും വലിയ കൈമുതല്‍. 

അന്നത്തെ ആ ഓര്‍മ്മ മനസ്സില്‍ ഇരമ്പിനിന്നിരുന്നതുകൊണ്ടാണത്രെ പിന്നീട് തോമസ് പിക്ച്ചേഴ്സ് എന്ന ചലച്ചിത്ര നിര്‍മ്മാണ കമ്പനി തുടങ്ങിയപ്പോള്‍ ജാവ്ലിന്‍ എറിയുന്ന ത്രോയറെ ഒരു വൃത്തത്തിലാക്കി ബാനറിന്റെ എംബ്ലമാക്കി പ്രതിഷ്ഠിച്ചത്.

ഓരോ ചിത്രത്തിനുമവസാനം തുടക്കത്തിലെറിഞ്ഞ ജാവ്ലിന്‍ കൃത്യമായി ഉന്നത്തില്‍ വന്നു ആഞ്ഞുതറച്ചു നിന്നാടുന്ന ദൃശ്യം കാണിക്കുന്നവിധത്തില്‍  കൂടിയായിരുന്നു ലോഗോയുടെ വിഭാവനം താനുദ്ദേശിച്ച വിജയം നേടാന്‍ കഴിയാതെ ചിത്രം പരാജയപ്പെട്ടാല്‍ ''ഉന്നം തെറ്റി; പടം ചീറ്റി'' എന്നു സ്വയം പറയുമായിരുന്നത്രെ തോമസ്. ചിത്രം അരോചകമായി അനുഭവപ്പെടുമ്പോള്‍ ആ ജാവ്ലിന്‍ തങ്ങളുടെ നെഞ്ചത്താണ് വന്നുകൊണ്ടതെന്ന് പ്രേക്ഷകരും പറഞ്ഞിരുന്നു എന്നൊരു കമന്റ് തോമസിന്റെ സാന്നിദ്ധ്യത്തില്‍ തോമസ് പിക്ച്ചേഴ്സിന്റെ അവസാന ചിത്രമായ 'നിഴല്‍മൂടിയ നിറങ്ങ'ളുടെ സെറ്റില്‍ വച്ച് ഭരത്ഗോപി പറഞ്ഞത് ഇതിന്റെ കുസൃതിബാക്കി. ജേസി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഗോപിയായിരുന്നു നായകന്‍. 

ടെന്നീസില്‍ ഒരു അതോറിറ്റി തന്നെയായിരുന്നു തോമസ്. ടെന്നീസില്‍ നേടിയിരുന്ന ആധികാരിക പരിജ്ഞാനത്തിന്റെ ബലത്തിലാണ് തോമസ് പിന്നീട് ടെന്നീസ് അക്കാദമി പോലൊരു കേന്ദ്രം ചെന്നൈയില്‍ സ്ഥാപിച്ചത്. ചലച്ചിത്രരംഗത്തുള്ളപ്പോള്‍ ഇന്നത്തെ ടൗണ്‍ റെയില്‍വെ സ്റ്റേഷനു തൊട്ടുണ്ടായിരുന്ന ടെന്നീസ് കോര്‍ട്ടില്‍ പതിവായി ബാറ്റുമായി പ്രത്യക്ഷപ്പെടുന്ന അദ്ദേഹം സമീപമുള്ള സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഞങ്ങളുടെ പതിവു കാഴ്ചാകൗതുകമായിരുന്നു. അന്ന് മലയാളത്തിലുള്ളതിനെക്കാള്‍  കൂടുതലും തമിഴിലും തെലുങ്കിലുമാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. ചിന്നപ്പതേവരുമൊക്കെയൊത്തു പല സംഘട്ടനരംഗങ്ങളിലും പൊരുതി തിളങ്ങുന്ന ദൃശ്യങ്ങള്‍ മനസ്സിലുണ്ട്. ഞാനാദ്യമായി കാണുന്ന സിനിമാനടന്‍ കൂടിയായിരുന്നു പി.ജെ. തോമസ്.
പക്ഷിരാജ സ്റ്റുഡിയോ ഉടമ ശ്രീരാമലുനായിഡുവുമായുള്ള സൗഹൃദമാണ് പി.എ. തോമസിനെ സിനിമാഭിനയത്തിലേക്കു നയിച്ചത്. 1951-ല്‍ ശ്രീരാമുലു നിര്‍മ്മിച്ച മലയാള ചിത്രമായ 'വനമാല'യായിരുന്നു ആദ്യ ചിത്രം. അതിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്‍ നിര്‍മ്മിച്ച 'നിര്‍മ്മല'യുടെ ഏകോപകരില്‍ തോമസുമുണ്ടായിരുന്നു. വനമാലയെ തുടര്‍ന്ന് പ്രസന്ന, കാഞ്ചന, ചതുരംഗം, മിന്നല്‍പ്പടയാളി തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ചു. മുടിയനായ പുത്രന്‍, വേലുത്തമ്പിദളവാ, ശ്രീ അയ്യപ്പന്‍, വിരുതന്‍ശങ്കു തുടങ്ങിയ ചിത്രങ്ങളിലും മലയാളത്തില്‍ തോമസിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതോര്‍ക്കുന്നു.

സിനിമയില്‍ ഇപ്രകാരം സജീവമായി വര്‍ത്തിക്കുമ്പോള്‍ തന്നെ സമാന്തരമായി കേരളകലാസമിതി എന്നൊരു നാടകസംഘവും അദ്ദേഹം ആരംഭിച്ചിരുന്നു. എന്‍.എന്‍. പിള്ള, തിക്കുറിശ്ശി, സെബാസ്റ്റിന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, പാപ്പുക്കുട്ടി ഭാഗവതര്‍, മാവേലിക്കര പൊന്നമ്മ തുടങ്ങിയ അക്കാലത്തെ പ്രഗല്‍ഭമതികളില്‍ പലരും കേരള കലാസമിതിയുമായി പലപ്പോഴായി സഹകരിച്ചിരുന്നു.

എസ്.എല്‍. പുരം സദാനന്ദന്റെ 'ഒരാള്‍ കൂടി കള്ളനായി' എന്ന നാടകം 1964-ല്‍ ചലച്ചിത്രമാക്കിക്കൊണ്ടായിരുന്നു പി.എ. തോമസ് എന്ന നിര്‍മ്മാതാവിന്റേയും സംവിധായകന്റേയും ആദ്യപാദം. എസ്.എല്‍. പുരത്തിന്റെ ചലച്ചിത്രപ്രവേശവും ഈ ചിത്രത്തിലൂടെയായിരുന്നു എന്നു തോന്നുന്നു.
തുടര്‍ന്ന് തോമസ്, കെ.ജി. സേതുനാഥിന്റെ രചനയില്‍ ഒരുക്കിയ കുടുംബിനി വന്‍ വിജയമായി; ചിത്രം രാഷ്ട്രപതിയുടെ മെറിറ്റ് സര്‍ട്ടിഫിക്കറ്റ് നേടി. അന്നു വാര്‍ത്താപ്രക്ഷേപണവകുപ്പു മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് അവാര്‍ഡ് സമ്മാനിച്ചത്. കവിയൂര്‍ പൊന്നമ്മ ശ്രദ്ധേയമായ അമ്മവേഷം ആദ്യമായണിയുന്നതും ആവേശത്തിന്റെ ആള്‍ വിഗ്രഹമായി തലമുറകളുടെ മനസ്സില്‍ പ്രതിഷ്ഠ നേടുന്നതും കുടുംബിനിയിലൂടെയാണ്.  പ്രശസ്ത നടി മീന സിനിമയിലെത്തുന്നതും ഈ ചിത്രത്തിലൂടെയാണ്.

തുടര്‍ന്ന് തോമസ് നിര്‍മ്മിച്ച ചിത്രമാണ് 'പോര്‍ട്ടര്‍ കുഞ്ഞാലി'. അതു കഴിഞ്ഞായിരുന്നു 'ഭൂമിയിലെ മാലാഖ'. ഈ ചിത്രത്തിലൂടെയാണ് ജേസി സിനിമയിലെത്തുന്നത്. പ്രതിസന്ധിഘട്ടങ്ങളെ വളരെ സമചിത്തതയോടെയും ലാഘവത്വത്തോടെയും അക്ഷോഭ്യനായി കൈകാര്യം ചെയ്യുമായിരുന്ന തോമസിന്റെ Crisis Management Skill തന്നെ അത്ഭുതപ്പെടുത്തിയ കഥ ജേസി പറയുമായിരുന്നു. സത്യനും പ്രേംനസീറും ഒരുമിച്ചഭിനയിച്ച സ്റ്റേഷന്‍മാസ്റ്റര്‍ ആയിരുന്നു  തോമസിന്റെ അടുത്ത ചിത്രം. റെയില്‍വേ സ്റ്റേഷന്‍മാസ്റ്ററുടെ യൂണിഫോറമണിഞ്ഞു കയ്യില്‍ സിഗ്‌നല്‍ ഫ്‌ലാഗുമായി പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന സത്യന്റെ ചിത്രമടങ്ങുന്ന ഒരു പോസ്റ്റര്‍ ഇപ്പോഴുമോര്‍ക്കുന്നു.
പിന്നീടായിരുന്നു 'കായംകുളം കൊച്ചുണ്ണി'. സത്യന്റെ ദേഹയെടുപ്പും അഭിനയത്തികവും കൊച്ചുണ്ണി എന്ന വീരസാഹസികനായ നായകനെ അതിന്റെ എല്ലാ നിറഭേദങ്ങളോടെയും അവതരിപ്പിക്കുന്നതിനു ഏറെ സഹായകമായി. ഈ ചിത്രത്തിലെ റൊമാന്റിക് ഹീറോ ആയി പ്രത്യക്ഷപ്പെട്ടതും ഗാനരംഗങ്ങള്‍ പാടി അഭിനയിച്ചതും ഗായകന്‍ യേശുദാസായിരുന്നു.

കള്ളിപ്പെണ്ണ്, മാടത്തരുവി, സഹധര്‍മ്മിണി, പാവപ്പെട്ടവള്‍, പോസ്റ്റ്മാന്‍ എന്നീ ചിത്രങ്ങള്‍ ആണ് തോമസ് പിക്ച്ചേഴ്സില്‍നിന്നും പിന്നീടുവന്നത്. കാര്യമായ ചലനമൊന്നും സൃഷ്ടിക്കാന്‍ ഇവയ്ക്കായില്ല. ആ കാലഘട്ടത്തില്‍ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഒരു കൊലപാതകത്തിന്റെ കഥ പ്രധാനമായും പുതുമുഖങ്ങളെ അണിനിരത്തി ചലച്ചിത്രമാക്കിയതായിരുന്നു മാടത്തരുവി. ഇതേ കഥ മുഖ്യതാരങ്ങളെ അണിനിരത്തി മൈനത്തരുവി എന്ന പേരില്‍ ഉദയായും സമാന്തരമായി നിര്‍മ്മിച്ചു. വിജയിക്കാനുള്ള ഊഴം കുഞ്ചാക്കോയുടെ മൈനത്തരുവിക്കായിരുന്നു. പാവപ്പെട്ടവള്‍ ആയിരുന്നു വിധുബാലയുടെ ആദ്യ ചിത്രം.


എന്‍എന്‍ പിള്ള

തമിഴ് സിനിമയില്‍ അദ്വിതീയനും രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയുമായിരുന്ന എം.ജി. ആറുമായി അടുത്ത ഹൃദയബന്ധം പുലര്‍ത്താന്‍ ഇടവന്നതാണ് തോമസിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായത്. മലയാളിയായ എം.ജി. രാമചന്ദ്രന്‍ മലയാളികളോടുള്ള പ്രത്യക്ഷമായ ചായ്വ് എന്നും ശ്രദ്ധാപൂര്‍വ്വം ഒഴിവാക്കിപ്പോന്നിരുന്നു. അതിനൊരപവാദമായി പി.എ. തോമസ് ഒരു കാലഘട്ടത്തില്‍ എം.ജി.ആറില്‍ ഏറ്റവും പ്രബലമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മലയാളിയായി മാറി. ഈ പശ്ചാത്തലത്തിന്റെ ആനുകൂല്യം ഉപയോഗിച്ചാണ് എം.ജി.ആര്‍. നായകനായി തലൈവന്‍ എന്ന പേരില്‍ ചിത്രം തോമസ് പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്നത്. ടൈറ്റില്‍ എം.ജി.ആറിനെ പ്രത്യേകം ആകര്‍ഷിച്ചുകാണണം. മക്കള്‍ തിലകം, പുരടച്ചി തലൈവര്‍ എന്നൊക്കെയായിരുന്നുവല്ലോ അദ്ദേഹത്തില്‍ തമിഴ്മക്കള്‍ ചാര്‍ത്തിപ്പോന്ന ആരാധനാവിശേഷണങ്ങള്‍!

തിക്കുറിശ്ശി
തിക്കുറിശ്ശി

ബ്ലാക്ക് & വൈറ്റ് കാലഘട്ടത്തിനിടയിലാണ് തലൈവന്‍ നിര്‍മ്മാണമാരംഭിച്ചത്. അതു തനിക്കപകടമാകുമെന്നു മുന്‍കൂട്ടി കാണാന്‍ തോമസിനു കഴിഞ്ഞില്ല. ബ്ലാക്ക് & വൈറ്റ് സിനിമകള്‍ കളര്‍ സിനിമകള്‍ക്കായി വഴിമാറുകയും കളര്‍ സിനിമകള്‍ അരങ്ങുവാഴുകയും ചെയ്തപ്പോള്‍ പ്രമുഖര്‍ക്കാര്‍ക്കും ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളോടു പിന്നെ താല്പര്യമില്ലാതായി. ഈ ചുവടുമാറ്റം എം.ജി.ആറിനുമുണ്ടായി. അദ്ദേഹം നോക്കുമ്പോള്‍ നിര്‍മ്മാണഘട്ടത്തിലിരിക്കുന്ന തന്റെ ചിത്രങ്ങളില്‍ തലൈവന്‍ ഒഴികെ മറ്റെല്ലാം വര്‍ണ്ണചിത്രങ്ങളാണ്. അവയുടെ ഘോഷവരവിനിടയില്‍ തലൈവന്‍ ഇറങ്ങിയാല്‍ അതു തനിക്ക് ക്ഷീണമാകും. തലൈവന്റെ  നിര്‍മ്മാണത്തിന്റെ തുടര്‍പാദത്തില്‍ എം.ജി.ആര്‍. മെല്ലെ അമാന്തം കാണിക്കാന്‍ തുടങ്ങി. നിലവിലിരുന്ന അനുഭവവഴക്കമനുസരിച്ച് എം.ജി.ആര്‍. അപ്രകാരം ഒരു മെല്ലെപ്പോക്കു നയമവലംബിച്ചാല്‍ അതിന്റെ സൂചന ആ ചിത്രം മുടങ്ങി, പിന്നെ നിലച്ച്, ഒടുവില്‍ ഉപേക്ഷിക്കപ്പെടുമെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ തന്റെ സാമ്പത്തിക അടിത്തറതന്നെ ഇളകുമെന്ന് തോമസിനറിയാമായിരുന്നു. അതൊഴിവാക്കണമെങ്കില്‍ തലൈവന്‍ പൂര്‍ത്തിയാക്കി വിതരണക്കാര്‍ക്കു കൈമാറണം. പിന്നീടുള്ള ലാഭനഷ്ടങ്ങള്‍ തന്നെ ബാധിക്കാതിരിക്കാനുള്ള ചലച്ചിത്ര മെയ്വഴക്കം തോമസിനുണ്ടായിരുന്നു. എം.ജി.ആറിന്റെ പ്രീതി നിലനിറുത്തിക്കൊണ്ട് തലൈവന്‍ പൂര്‍ത്തിയാക്കാനുള്ള വഴിതേടിയായി പിന്നെ രാപകല്‍ ചിന്ത.

എസ്എല്‍ പുരം സദാനന്ദനും ഭാര്യയും
എസ്എല്‍ പുരം സദാനന്ദനും ഭാര്യയും


കടിച്ച, അല്ലെങ്കില്‍ കടിക്കാനോങ്ങിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിക്കണം; ദംശനം ഒഴിവാക്കിക്കണം.
താന്‍ കൂടി സഹവര്‍ത്തിച്ച സന്മാര്‍ഗ്ഗവിലാസം നടനസഭയുടെ ഏറ്റവും പ്രസിദ്ധമായ നാടകം മിശിഹാചരിത്രം ആയിരുന്ന വസ്തുത തോമസ് ഓര്‍ത്തെടുത്തു. മിശിഹാ, ക്രിസ്തു, യേശു... ജീസസ്!  ഒരു മന്ത്രം പോലെ ആ രാത്രി മുഴുവന്‍ ആ നാമം ഉച്ചരിച്ചുകാണണം.
യുറേക്കാ എന്നു മനസ്സില്‍ വിളിച്ചുകൂവിക്കൊണ്ട് തോമസ് ഉറക്കവും ആശങ്കകളുണര്‍ത്തിയ ആലസ്യവും വിട്ടുണര്‍ന്നു.
നേരെ ചലച്ചിത്രരംഗത്ത് എഴുത്തുവഴിയിലും രാഷ്ട്രീയരംഗത്തും എം.ജി.ആറിന്റെ തുല്യശക്തിയായി വിരാജിച്ചിരുന്ന എം. കരുണാനിധിയെ ചെന്നുകണ്ട് മുഖവുരയില്ലാതെ ആഗമനോദ്ദേശ്യം പറഞ്ഞു :
എനിക്കൊരു ചിത്രത്തിനു സംഭാഷണമെഴുതിത്തരണം. തലൈവര്‍ അഭിനയിക്കും. 

ചോദ്യഭാവത്തില്‍ കരുണാനിധി പുരികമുയര്‍ത്തി.
ജീസസിന്റെ കഥ. ചിത്രത്തിന്റെ പേരും ജീസസ്! എം.ജി.ആര്‍. ജീസസാകും.
കരുണാനിധിയുടെ പുരികം താനെ താഴ്ന്നു. പ്രലോഭിതനായിക്കഴിഞ്ഞു എന്ന് ആ മുഖമിനുക്കം വിളംബരം ചെയ്തു.
സന്തോഷം, തീര്‍ച്ചയായും എഴുതാം. 
ആ സമ്മതപദം മൂലധനമാക്കി നേരെ എം.ജി.ആര്‍. തോട്ടത്തില്‍ ചെന്ന് എം.ജി.ആറിനെ കണ്ടു.
കലൈജ്ഞര്‍ കരുണാനിധി എഴുതി ഞാനൊരു ചിത്രം പ്ലാന്‍ ചെയ്യുന്നു. ജീസസിന്റെ കഥ! അതില്‍ നായകനായി അഭിനയിക്കണം.
വിശ്വാസം വരാതെ എം.ജി.ആര്‍. ചോദിച്ചു:
കലൈജ്ഞര്‍ സമ്മതിച്ചോ ?
സമ്മതിച്ചു. വേണമെങ്കില്‍ വിളിച്ചു ചോദിക്കാം.
അത്ര ഉറപ്പിച്ചു തോമസ് പറയുമ്പോള്‍ അവിശ്വസിക്കുന്നതെന്തിന്! കരുണാനിധി എഴുതാമെന്നു സമ്മതിച്ചുവെന്ന് തോമസ് വെറുതെ പറയില്ല.
ക്രിസ്തുചരിതത്തിലെ നിരവധി ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ എം.ജി.ആറിന്റെ മനസ്സില്‍ക്കൂടി കടന്നുപോയി. ഏതൊരു നടനേയും മോഹിപ്പിക്കുന്ന കഥാപാത്രമാണ് ജീസസ്. എം.ജി.ആര്‍. ആ മോഹവലയില്‍ കൃത്യമായി ചെന്നുകയറി.
നമുക്കു ചെയ്തുകളയാം...
അടുത്ത ക്ഷണം തോമസ് ചിത്രം അനൗണ്‍സ് ചെയ്തു.
വരുന്നു...
തോമസ് പിക്ച്ചേഴ്സിന്റെ ബ്രഹ്മാണ്ഡ ചലച്ചിത്രമഹാശില്പം!
ലോകരക്ഷകനായ യേശുനാഥന്റെ ഇതിഹാസ കഥ
സംഭാഷണം : കലൈജ്ഞര്‍ എം.കരുണാനിധി.
നായകന്‍ : മക്കള്‍ തിലകം പുരട്ചി തലൈവര്‍ എം.ജി.ആര്‍.
നിര്‍മ്മാണം, സംവിധാനം : പി.എ. തോമസ്
ഇന്ത്യന്‍ ചലച്ചിത്രവേദിയും അതിന്റെ ഭേരി ചെന്നെത്തുന്ന മറ്റു രാജ്യങ്ങളിലെ ചലച്ചിത്ര കമ്പോളങ്ങളും അമ്പരന്നു; പിന്നെ ശരിയാണോ എന്നു ശങ്കിച്ചു. ഒടുവില്‍ അത്ഭുതപ്പെട്ടു. പിന്നെ താമസിക്കാതെ അടുത്ത ക്ഷണത്തില്‍ ജീസസ് ചിത്രത്തിന്റെ താന്താങ്ങളുടെ ടെറിട്ടറിയിലെ വിതരണാവകാശം മറുകൈയ്ക്കു പോകാതിരിക്കാന്‍ കരുക്കള്‍ നീക്കുവാന്‍ തുടങ്ങി.

കവിയൂര്‍ പൊന്നമ്മ
കവിയൂര്‍ പൊന്നമ്മ


തോമസ് പരമാവധി മതമേലദ്ധ്യക്ഷന്മാരെയും ദേശീയപ്രമുഖരേയുമെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് ഒരു വലിയ പൂജ നടത്തുവാനുറച്ചു. മദിരാശി അന്നോളം കണ്ടിട്ടുള്ള ഏറ്റവും വലിയ പൂജാമഹാമഹം! ഓരോ ദിവസവും ചിത്രം സംബന്ധമായ പുതിയ പുതിയ വാര്‍ത്തകള്‍ പുറത്തുവിട്ടുകൊണ്ടുമിരുന്നു.
ചിത്രത്തിന്റെ വാതില്‍പ്പുറ ചിത്രീകരണമത്രയും വിദേശങ്ങളില്‍, യേശുദേവന്‍ ജീവിച്ചിരുന്ന അതേ ലൊക്കേഷനുകളില്‍; ബത്ലഹേമില്‍, ജറുസലേമില്‍, കാല്‍വരിയില്‍, ഗത്സെമനില്‍... യേശു ജീവിതവുമായി ബന്ധപ്പെട്ട ഒരു സ്ഥലവും ഒഴിവാക്കുന്നില്ല.

മാവേലിക്കര പൊന്നമ്മ
മാവേലിക്കര പൊന്നമ്മ


ഇന്ത്യയ്ക്കകത്തും പുറത്തും ഉള്ള വിവിധ ഭാഷകളിലെ  അതിപ്രഗല്‍ഭരായ അഭിനേതാക്കള്‍  ജീസസില്‍ അണിനിരക്കുന്നു. ലോകത്തിലെ ഏറ്റവും പ്രഗല്‍ഭരായ സാങ്കേതിക കലാകാരന്മാര്‍ ചിത്രത്തില്‍ സഹകരിക്കുന്നു.
ഇങ്ങനെയൊരു സിനിമ ഇന്ത്യയില്‍നിന്നുമിതാദ്യം; ഒരുപക്ഷേ, ലോകത്തില്‍തന്നെ!

ആരായിരിക്കും ജോസഫും മറിയവും? സ്നാപകയോഹന്നാന്‍, ശലോമി, ഹെരോദ,  കയ്യഫാസ്, പിലാത്തോസ്, 12 ശ്ലീഹന്മാര്‍, ലാസര്‍, മഗ്ദലനമറിയം...? അഭ്യൂഹങ്ങള്‍ എമ്പാടുമൊഴുകി.
പൂജ ഗംഭീരമായി. ജീസസായി മുള്‍മുടി ചൂടി കുരിശും പേറി നില്‍ക്കുന്ന എം.ജി.ആറിന്റെ ഒരു സ്റ്റില്‍ മാത്രമേ അന്നു ചിത്രീകരിച്ചുള്ളൂ.
ആ സ്റ്റില്‍ ഒരു കലണ്ടറാക്കി. ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞു.
ഇതിനിടയില്‍ സ്വകാര്യതയില്‍ എം.ജി.ആറിനെ കിട്ടിയപ്പോള്‍ തോമസ് ഒരു പ്രായോഗിക പരിതാപം പറഞ്ഞു.

തലൈവന്‍ അപൂര്‍ണ്ണമായി കിടക്കുന്നതുകൊണ്ട് ജീസസിനെ ഇന്‍ഡസ്ട്രി മാര്‍ക്കറ്റിന്റ ചുമതലക്കാര്‍ ആ പേരില്‍ ഇടിച്ചുതാഴ്ത്തുവാന്‍ ശ്രമിക്കുന്നു.
അതു പാടില്ലലോ എന്നു എം.ജി.ആറിനു തോന്നി.
ജീസസിനോടുള്ള കമ്പം മനസ്സില്‍ തിളച്ചുനില്‍ക്കുകയല്ലേ, പിന്നെ വൈകിയില്ല, തലൈവന്‍ പൂര്‍ത്തിയാക്കി തിയേറ്ററുകളിലെത്തിച്ചു.
ഇനി ആ പേരില്‍ ഒരു തലവേദന വേണ്ട.
തോമസ് ഇച്ഛിച്ചതും വൈദ്യര്‍ കുറിച്ചതും ഒന്ന്!

ഉദ്ദിഷ്ടകാര്യത്തിന് സഹസ്രഹസ്രം നന്ദി മനസ്സുകൊണ്ട് എം.ജി.ആറിനു പറഞ്ഞ ശേഷം തോമസ് ജീസസ് സംരംഭത്തില്‍നിന്നും പതുക്കെ പിന്‍വലിഞ്ഞു.
അന്വേഷിക്കുമ്പോഴൊക്കെ ഓരോരോ കാരണങ്ങള്‍... ഒടുവിലൊടുവിലായപ്പോള്‍ എം.ജി.ആറിനു ജീസസ് നടക്കാനുള്ള പ്രൊജക്ട് അല്ലെന്നു ബോദ്ധ്യമായി.
സാധാരണഗതിയില്‍ തന്നെ ചതിയില്‍പ്പെടുത്തിയ ഒരാളുടെ നേര്‍ക്ക് എം.ജി.ആര്‍. തൃക്കണ്ണു തുറന്നു നോക്കിയാല്‍ അതോടെ എതിര്‍മുഖം രംഗത്തുനിന്നും തുടച്ചുനീക്കപ്പെടും. അയാള്‍ക്കു പിന്നെ മറ്റേതെങ്കിലും ചെറിയ വഴികളിലൂടെ എം.ജി.ആറിന്റെ  മുന്നില്‍പ്പെടാതെ ശിഷ്ടകാലം തള്ളിനീക്കാം. ഇവ്വിധ വൈരനിഗ്രഹ കഥകള്‍ നിരവധി. 

തോമസിന്റെ കാര്യത്തില്‍ അതുണ്ടായില്ല. ബുദ്ധി ഉപയോഗിച്ചും കൗശലം കൊണ്ടും തോമസ് തന്റെമേല്‍ പരോക്ഷമായി നേടിയ വിജയം  എം.ജി.ആര്‍. പ്രതിപക്ഷ ബഹുമാനത്തോടെ നന്നായി ആസ്വദിച്ചു കാണണം. തോമസിനെതിരെ പ്രത്യക്ഷത്തില്‍ നീക്കങ്ങള്‍ ഒന്നും ഉണ്ടായില്ല. ചുണക്കുട്ടികള്‍ക്കു എതിര്‍മുഖത്തായാലും ചുണക്കുട്ടികളെ കാണുമ്പോള്‍ ശത്രുതയ്ക്കു പകരം ആദരവും തോന്നാമെന്നതിന് ചരിത്രത്തില്‍ സാക്ഷ്യങ്ങള്‍ വേണമല്ലോ! 
ജീസസ് വര്‍ഷങ്ങള്‍ക്കു ശേഷം തോമസ് ചിത്രമാക്കി. ജീസസായി എം.ജി.ആറല്ല അഭിനയിച്ചത്. പക്ഷേ, ജയലളിത ചിത്രത്തിലുണ്ടായിരുന്നു. അതോടെ തമിഴകത്തെ മൂന്നു മുഖ്യമന്ത്രിമാരെ ക്യാമറയ്ക്കു മുന്‍പില്‍ നിറുത്തിയ സംവിധായക നിര്‍മ്മാതാവ് (എം.ജി.ആര്‍, കരുണാനിധി, ജയലളിത) എന്ന സ്ഥാനവും തോമസിനു സ്വന്തമായി! ജെമിനി ഗണേശന്‍, മേജര്‍ സുന്ദരരാജന്‍, വി.കെ. രാമസ്വാമി തുടങ്ങിയവരായിരുന്നു മലയാളത്തിലും ഹിന്ദിയിലുമായി നിര്‍മ്മിച്ച ജീസസില്‍ പ്രധാനമായും അഭിനയിച്ചത്. ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. ജാവലിന്റെ ഉന്നംപിടിച്ചു, തോമസിന്റെ വിപണനതന്ത്രം നഷ്ടം ഒഴിവാക്കിയെടുത്തോ എന്നറിയില്ല. അഥവാ നഷ്ടം വന്നാല്‍ത്തന്നെയും അതിന്റെ ഇരട്ടി എം.ജി.ആര്‍. ജീസസായി പ്രത്യക്ഷപ്പെടുന്ന ബഹുവര്‍ണ്ണ കലണ്ടര്‍ അദ്ദേഹത്തിനു നേടിക്കൊടുത്തിരിക്കണം!

തോമാശ്ലീഹ, സ്വര്‍ണ്ണമെഡല്‍ എന്നീ ചിത്രങ്ങള്‍ തുടര്‍ന്നു നിര്‍മ്മിച്ച തോമസിന്റെ അവസാന ചിത്രം ജേസി സംവിധാനം ചെയ്ത മുന്‍പേ സൂചിപ്പിച്ച നിഴല്‍മൂടിയ നിറങ്ങള്‍ ആയിരുന്നു. ചിത്രം പരാജയമായി. ജാവ്ലിന്‍ പ്രേക്ഷകന്റെ നെഞ്ചത്തു തറയ്ക്കുമെന്ന് ഗോപി തമാശയ്ക്കു പറഞ്ഞത് ശരിയായി ഭവിച്ചു. അതും പണം വച്ചുള്ള ചീട്ടുകളിയില്‍. ചീട്ടുകളിയില്‍ അസാധാരണമായ കൈമിടുക്കുണ്ടായിരുന്നു തോമസിന്. സാമ്പത്തിക ക്ലേശത്തിന്റെ അരിഷ്ടതകള്‍ക്കിടയിലൂടെയായിരുന്നു നിഴല്‍മൂടിയ നിറങ്ങളുടെ ചിത്രീകരണം നടന്നിരുന്നത്. പക്ഷേ, അതുകൊണ്ട് ഒരു ബുദ്ധിമുട്ടും അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും പ്രൊഡക്ഷന്‍ ടീമിനും വരാതെ തോമസ് കാത്തത് ചീട്ടുറാണിമാരുടെ സഹകരണത്തിലായിരുന്നു.

എംജിആര്‍
എംജിആര്‍


ചെന്നൈയിലായിരുന്നു ഷൂട്ടിംഗ് രാവിലെയുള്ള അത്യാവശ്യ ചെലവുകള്‍ക്കു മാത്രം തികയുന്ന പണം മാനേജരെ ഏല്‍പ്പിച്ചിട്ട് തോമസ് മ്യൂസിക് അക്കാദമിക്കടുത്തുള്ള ഹോട്ടലിലേക്കു പോകും. തെലുങ്കുനാട്ടില്‍ നിന്നുമുള്ള കോടീശ്വരന്മാര്‍ നോട്ടുകെട്ടുകളുടെ അടുക്കുമായി പണം വച്ചു ചീട്ടുകളിക്കാനെത്തുന്ന ഹോട്ടലിലാണത്. മുറിയെടുത്തിരുന്നിട്ടാണ് മത്സരം പതിവ്. കളി തുടങ്ങാറാകുമ്പോള്‍ ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവുമായി തോമസ് ഏറ്റവും വലിയ സ്റ്റോക്കിന് കളിക്കുന്നവരുടെ മുറിയിലെത്തി പങ്കുചേരും. കളിയിലെ ആദ്യ റൗണ്ടിലെ ആദ്യ ചീട്ടിലെ പന്തയമോതാനുള്ള പണം മാത്രമേ കയ്യിലുള്ള എന്നു തോമസിനെ കണ്ടാല്‍ തോന്നില്ല. എന്ത് ഇന്ദ്രജാലം കൊണ്ടാണോ, ആദ്യ റൗണ്ടുകളിലെല്ലാം വിജയം തോമസിനായിരുന്നു. ഉച്ചയാകുമ്പോള്‍ തന്റെയടുത്തു വരുന്ന പ്രൊഡക്ഷന്‍ മാനേജരുടെ കയ്യില്‍ അതുവരെ നേടിയ പണം എണ്ണി ഏല്പിക്കും. വൈകുന്നേരം വരെയുള്ള ഷൂട്ടിംഗ് പിന്നെ കുശാല്‍. പ്രൊഡക്ഷന്‍ മാനേജര്‍ വൈകുന്നേരം ഒരു വരവുകൂടി വരും. അന്നത്തെ ബാറ്റയടക്കമുള്ള സമസ്ത ചെലവിനും പിറ്റേന്നു രാവിലത്തെ പ്രാതലിനും വരെയുള്ള ആവശ്യങ്ങള്‍ക്കും വേണ്ട പണം തോമസില്‍നിന്നും വാങ്ങി മാനേജര്‍ സമാധാനത്തോടെ തിരിച്ചുപോകും. ഒടുവില്‍ കളിയവസാനിച്ചു വീട്ടിലേക്കു മടങ്ങുംവഴി പ്രസിഡന്‍സി ക്ലബ്ബിലെ കാര്‍ഡ്സ്  റൂമിലൊന്നു കയറി രണ്ടു റൗണ്ട് കളിക്കും. കഴിയുമെങ്കില്‍ രണ്ടു റൗണ്ടിലും ഒന്നു തോറ്റുകൊടുത്തിട്ടു സ്ഥലം വിടും. കണ്ണുകിട്ടാതിരിക്കാന്‍ വേണ്ടിയുള്ള അടവുവിദ്യയാണതെന്നത്രെ തോമസ് ശിഷ്യനായ സംവിധായകന്‍ ശശികുമാറിന്റെ കണ്ടെത്തല്‍. അസാധ്യ കാര്യങ്ങളുടെ മല്പാന്‍ എന്ന വിശേഷണം തനിക്കു കൃത്യമായും ഇണങ്ങുമെന്ന് തോമസ് തെളിയിച്ചിട്ടുള്ളത് ഒരിക്കലല്ല.
പതിനഞ്ചു മലയാള ചിത്രവും ഒരു തമിഴ് ചിത്രവും തോമസ് നിര്‍മ്മിച്ചു. തോമസ് സ്റ്റുഡിയോ എന്ന പേരില്‍ ഒരു നിര്‍മ്മാണ കേന്ദ്രം തുടങ്ങിയപ്പോള്‍ ഉദ്ഘാടകനായി ക്ഷണിച്ചത് ചിരകാല സുഹൃത്തായിരുന്ന ശ്രീരാമലു നായിഡുവിനെയായിരുന്നു. ബന്ധങ്ങളുടെ നെറിവ്, നേര് എല്ലാ കൗശലകുസൃതികള്‍ക്കിടയിലും തോമസ് അഭംഗുരം പുലര്‍ത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com