സഹയാത്രികനെപ്പോലെ എഴുതിയത്: ഫിദല്‍ കാസ്‌ട്രോയെക്കുറിച്ച്

ഫിദല്‍ കാസ്ട്രോയുടെ ജീവിതം അതിസാഹസികത എന്ന വാക്കിനും അപ്പുറമാണ്. അപകടങ്ങളിലും പരാജയങ്ങളിലുമാണ് അതിസാഹസികത കൊണ്ടുചെന്നെത്തിക്കുക എന്നാണ് നാം പഠിച്ചിട്ടുള്ള രാഷ്ട്രീയ പാഠം.
സഹയാത്രികനെപ്പോലെ എഴുതിയത്: ഫിദല്‍ കാസ്‌ട്രോയെക്കുറിച്ച്

ഫിദല്‍ കാസ്ട്രോയുടെ ജീവിതം അതിസാഹസികത എന്ന വാക്കിനും അപ്പുറമാണ്. അപകടങ്ങളിലും പരാജയങ്ങളിലുമാണ് അതിസാഹസികത കൊണ്ടുചെന്നെത്തിക്കുക എന്നാണ് നാം പഠിച്ചിട്ടുള്ള രാഷ്ട്രീയ പാഠം. അത് ചരിത്രത്തെ പിന്നോട്ടു നയിക്കുമെന്ന് രാഷ്ട്രീയ ആചാര്യന്മാര്‍ എപ്പോഴും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എഴുപതുകളിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തെ നാല്പതു വര്‍ഷങ്ങള്‍ക്കുശേഷവും നാം വിലയിരുത്തുന്നത് അങ്ങനെയാണ്. ഇനിയൊരു തലമുറ അത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കരുതെന്നു തന്നെയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ നിരന്തരം യുവാക്കളെ ഉപദേശിക്കുന്നത്. എന്നിട്ടവര്‍ ചെറുപ്പക്കാരായ അണികളെ ഉത്തേജിപ്പിക്കാനായി ചെഗുവേരയുടെ ടീഷര്‍ട്ടുകളും സമ്മാനിക്കുന്നു. ഫിദലിനൊപ്പം ചെഗുവേരയുടെ ചരിത്രം തമസ്‌കരിക്കുന്നതില്‍ ഇടതുപക്ഷം ജാഗരൂകരാണ്. നമ്മുടെ കാലത്തുതന്നെ നടന്ന ചരിത്രത്തെ കേവലം ടീഷര്‍ട്ടുകളില്‍നിന്നും ആര്‍ഭാടങ്ങളില്‍നിന്നും മോചിപ്പിക്കുന്ന കര്‍ത്തവ്യമാണ് കെ.എം. ലെനിന്‍ എന്ന ജീവചരിത്രകാരന്‍ സ്വയം ഏറ്റെടുത്തിരിക്കുന്നത്. മണ്ടേലയേയും സദ്ദാം ഹുസൈനേയും ഫിദലിനേയുമൊക്കെ അദ്ദേഹം ചരിത്രരചനയുടെ വിഷയമാക്കുമ്പോള്‍ വ്യക്തമായൊരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്. മാനവികതയുടേയും സാമ്രാജ്യത്വ വിരുദ്ധതയുടേയും തെളിഞ്ഞ നിലപാടുകള്‍ 

അനാവരണം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ എങ്ങനെ മനുഷ്യചരിത്രത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ പഠിക്കപ്പെടണം/നോക്കിക്കാണണം എന്നത് അദ്ദേഹത്തിന്റെ വ്യക്തമായ ഉന്നങ്ങളാണ്. ഫിദലിന്റെ സാഹസങ്ങള്‍ ഉദാഹരിക്കാന്‍ അനേകായിരം സംഭവങ്ങളുള്ളതില്‍ ചെറിയ പരാമര്‍ശങ്ങളെടുത്ത് വൈപുല്യം വെളിപ്പെടുത്തുന്നതിലാണ് ഗ്രന്ഥകാരന്റെ ശ്രദ്ധ. വിപ്ലവമുണ്ടാക്കാനായി ഗ്രാന്‍മ എന്ന ബോട്ടില്‍ ക്യൂബയുടെ തീരത്തെത്തിയ 79 പേര്‍ ബാത്തിസ്തയുടെ സൈന്യത്തിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ചിതറി, പലരും മരിച്ചു, ഫിദലും രണ്ട് അനുയായികളും മാത്രം അവശേഷിച്ച് കരിമ്പിന്‍ വയലില്‍ അനങ്ങാതെ അഞ്ചു ദിവസം കഴിഞ്ഞ അനുഭവം ഗ്രന്ഥകാരന്‍ പ്രത്യേകം ചികഞ്ഞെടുത്ത് കൂടെയുണ്ടായിരുന്ന ഫൗസ്തിനോ പെരസിന്റെ വാക്കുകളിലൂടെ അവതരിപ്പിക്കുന്നു. ''ചെളിയില്‍ പുതഞ്ഞ് അനങ്ങാതെ കിടക്കുമ്പോഴും അഞ്ചു ദിവസവും ഫിദല്‍ ക്യൂബന്‍ വിപ്ലവത്തെക്കുറിച്ച് സംസാരിക്കുകയും സ്വപ്നങ്ങള്‍ മെനയുകയും ചെയ്തു. ഫിദല്‍ തന്റെ ഭാവിപരിപാടികളെക്കുറിച്ച് ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. രാജ്യത്തിന്റെ സംഘാടനത്തെപ്പറ്റി, ക്യൂബന്‍ ജനതയെപ്പറ്റി, ഒരു വിപ്ലവം സമാരംഭിക്കേണ്ടതിന്റെ അനിവാര്യതയെപ്പറ്റി, ഒരു യഥാര്‍ത്ഥ വിപ്ലവത്തെപ്പറ്റി... ഫിദലിന്റെ വര്‍ത്തമാനം കേട്ടുകൊണ്ടിരിക്കെ അപ്പോള്‍ ഞങ്ങള്‍ അകപ്പെട്ടുപോയ ശോചനീയാവസ്ഥയെപ്പറ്റി ബോധം വന്നപ്പോള്‍ സ്വയം പറഞ്ഞുപോയി - നാശം, ഇദ്ദേഹത്തിന് ഭ്രാന്തായിപ്പോയിരിക്കണം! കാരണം ഇനി അധികനേരം ജീവിക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമില്ലായിരുന്നു.'' ശരിയാണ്, മറ്റുള്ളവര്‍ക്ക് അവിശ്വസനീയതയും ഭ്രാന്തും മാത്രമായ സങ്കല്പങ്ങള്‍ മരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവയാണ്; ഫിദലിന്റെ കാര്യത്തില്‍ മറിച്ചും.

ലാറ്റിനമേരിക്കന്‍ സ്വാതന്ത്ര്യത്തിനും സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കുമെതിരെ ഫിദല്‍ നടത്തിയ സാഹസിക പോരാട്ടങ്ങള്‍ ലോകവിപ്ലവ ചരിത്രത്തില്‍ അനന്യതകള്‍ പേറുന്ന സംഭവങ്ങളാകുമ്പോള്‍ത്തന്നെ ക്യൂബന്‍ വിപ്ലവം നമ്മുടെ രാഷ്ട്രീയ പ്രയോഗികതകളില്‍ ഒരിക്കലും ഇടംപിടിക്കാന്‍ ഇടയില്ല. എന്നാല്‍, സാമൂഹ്യമാറ്റങ്ങള്‍ക്കുവേണ്ടി കൊതിക്കുന്ന യുവത്വങ്ങള്‍ക്ക് നെഞ്ചിലേറ്റാന്‍ അവ എന്നും ആവേശം നല്‍കുന്നു. കൂടെ ചെഗുവേരയുണ്ടെന്നത് മാറ്റ് കൂട്ടുന്നുമുണ്ട്. മലയാളത്തിലടക്കം പല ഭാഷകളില്‍ പല പ്രാവശ്യം ആഖ്യാനം ചെയ്യപ്പെട്ട ജീവിതമാണത്. കെ.എം. ലെനിന്റെ ആഖ്യാനത്തില്‍ ഫിദല്‍ എന്ന വ്യക്തിയെ കേന്ദ്രമാക്കി ആധുനിക ക്യൂബ രൂപംകൊള്ളുന്നതിന്റെ ചരിത്രം അനാവരണം ചെയ്യപ്പെടുന്നു. മനുഷ്യമോചനത്തിനായുള്ള അദമ്യമായ ഇച്ഛാശക്തിയും സാദ്ധ്യതകളും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഫിദല്‍ കാസ്ട്രോവിലൂടെ ഗ്രന്ഥകാരന്‍ അന്വേഷിക്കുന്നതു്. ഒരു ചരിത്ര വിദ്യാര്‍ത്ഥിയുടെ പഠനോത്സുകതയിലേക്കവ വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു. പുതിയ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു പഠിതാവിനെപ്പോലെ അദ്ദേഹം എപ്പോഴും നമ്മോടൊപ്പമുണ്ട്. ചരിത്രത്തെ നിര്‍ണ്ണയിച്ച യുദ്ധയാത്രകളായാണ് ക്യൂബന്‍ വിപ്ലവത്തെ വിശേഷിപ്പിക്കാറ്. അങ്ങനെ കാണാനുള്ള എല്ലാ ചേരുവകളും ഫിദലിന്റെ ജീവിതത്തിലുണ്ട്. പക്ഷേ, സമരതീക്ഷ്ണതകളുടെ ആവേശങ്ങള്‍ ഒട്ടും ചോരാതെ പറഞ്ഞുപോകുമ്പോഴും രാഷ്ട്രീയ ചരിത്രത്തിലും പ്രായോഗികതകളിലും ഫിദല്‍ നല്‍കിയ ഉള്‍ക്കാഴ്ചകളും തന്ത്രങ്ങളും വേര്‍തിരിച്ചെടുക്കാന്‍ ഗ്രന്ഥകാരന്‍ അതീവ ശ്രദ്ധചെലുത്തുന്നു. അമേരിക്കയുടെ മാരകമായ സാമ്രാജ്യത്വ പ്രഹരശേഷിയെ ഇത്രകാലം വെല്ലുവിളിച്ച് നിലനിര്‍ത്തിയത് ഒരു ധീരോദാത്തന്റെ തന്‍പോരിമയെക്കാള്‍ അമേരിക്കന്‍ പ്രസിഡന്റുമാരേയും പെന്റഗണ്‍ ബുദ്ധിരാക്ഷസന്മാരേയും നിഷ്പ്രഭമാക്കിയ രാഷ്ട്രീയ തന്ത്രങ്ങളാണെന്ന് നാം ഈ പുസ്തകത്തിന്റെ ഓരോ താളുകളിലും തിരിച്ചറിയുന്നു.

ഹൈപ്പര്‍ രചന

ഫിദലിനോടൊപ്പം ക്യൂബയും ലാറ്റിനമേരിക്കന്‍ സാഹചര്യങ്ങളും അമേരിക്കന്‍ സാമ്രാജ്യത്വവും വിശകലനം ചെയ്യുന്ന അനേകം ഗ്രന്ഥങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഈ പുസ്തകം. ക്യൂബന്‍ വിപ്ലവം അരങ്ങേറുമ്പോഴുണ്ടായ വിസ്മയത്തിന്റേയും ആവേശത്തിന്റേയും നാളുകള്‍ ഗ്രന്ഥകാരന്‍ ആമുഖത്തില്‍ ഓര്‍മ്മിക്കുന്നുണ്ട്. അന്നുമുതല്‍ തുടങ്ങിയ വായനയിലൂടെ, നിരീക്ഷണങ്ങളിലൂടെ ഒരു സഹചാരിയെപ്പോലെ ഫിദലിനെ അദ്ദേഹം പിന്തുടര്‍ന്നു. ഇന്റര്‍നെറ്റിന്റേയും ഇ-ബുക്കുകളുടേയും കാലത്ത് അവയൊക്കെ വിപുലമായി പുനരവതരിക്കുകയും പുസ്തകരചനയിലെത്തുകയും ചെയ്തു. മുപ്പതോളം തെരഞ്ഞെടുത്ത കൃതികള്‍ ബിബ്ലിയോഗ്രാഫിയിലുണ്ടു്; അതിലേറെ ഗ്രന്ഥങ്ങള്‍ റഫര്‍ ചെയ്തതിന്റെ അടയാളങ്ങള്‍ പുസ്തകത്താളുകളിലുണ്ട്. റഫറന്‍സുകളില്‍നിന്ന് റഫറന്‍സുകളിലേക്ക് ചാടിപ്പോകുന്ന ഹൈപ്പര്‍ ടെക്സ്റ്റ് രീതിയാണ് ഗ്രന്ഥകാരന്‍ സ്വീകരിച്ചിട്ടുള്ളത്. പ്രമേയത്തെ കേന്ദ്രസ്ഥാനത്ത് നിറുത്തി പലയിടങ്ങളിലേക്ക് വെളിച്ചം വീശി എഴുത്ത് കടന്നുപോകുന്നു. ഫിദലിനെ നോക്കിക്കണ്ട അനേകരുടെ അനേകം കാഴ്ചകളെക്കുറിച്ച് വിസ്തൃതമായ ഒരിടം അങ്ങനെ വായനക്കാരന് ലഭിക്കുന്നു. വിപ്ലവം നടക്കുന്നതിനു തൊട്ടുമുന്‍പ് സീറാമിസ്ത്ര മലനിരകളില്‍വച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ഹെര്‍ബര്‍ട്ട് മാത്യൂസ് ഫിദലിനെ കണ്ടുമുട്ടുകയും ഇന്റര്‍വ്യൂ ചെയ്യുകയും ചെയ്യുന്ന അദ്ധ്യായം ('ന്യൂയോര്‍ക്ക് ടൈംസ് അഭിമുഖം') ഒന്നിനു പുറകെ മറ്റൊന്നായി മാന്ത്രികച്ചെപ്പു തുറക്കുന്നതുപോലെയുള്ള ഒരു അനുഭവമാണ്. ഹെര്‍ബര്‍ട്ട് മാത്യൂസിന്റെ അഭിമുഖം മാത്രമല്ല, ആ കണ്ടുമുട്ടലിനെക്കുറിച്ച് മാത്യൂസിന്റെ ജീവചരിത്രകാരന്മാരുടെ നിരീക്ഷണങ്ങളിലേക്കും എഴുത്ത് പടരുന്നു. മാത്യൂസിനു പിന്നാലെ മറ്റൊരു ജേര്‍ണലിസ്റ്റ് മെനസെസും കടന്നുവരുന്നു. ഇന്റര്‍നെറ്റ് കാലത്തെ വായനാനുഭവങ്ങള്‍ എഴുത്തുകളിലേക്ക് സംക്രമിക്കുമ്പോഴുണ്ടാകുന്ന രചനാ തന്ത്രമാണിത്. ഇതില്‍ ഗ്രന്ഥകര്‍ത്താവ് കൃതഹസ്തനുമാണ്. റഫറന്‍സുകളുടെ കൂമ്പാരങ്ങളില്‍പ്പെട്ട് എഴുത്ത് ഒരിക്കലും കേന്ദ്രപ്രമേയവുമായുള്ള ബന്ധം വിച്ഛേദിക്കുന്നില്ല. മലയാളത്തിലെ ജീവചരിത്രങ്ങളില്‍ 'ഹൈപ്പര്‍ രചന'കളുടെ സമര്‍ത്ഥമായ മാതൃകകളായി മാറുകയാണ് കെ.എം. ലെനിന്റെ കൃതികള്‍. നെറ്റില്‍ ഹൈപ്പര്‍ ലിങ്കുകളിലൂടെയുള്ള യാത്രകള്‍ പലപ്പോഴും പുറപ്പെട്ട ഇടത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്തവണ്ണം ലക്ഷ്യബോധങ്ങള്‍ തെറ്റിക്കുന്നവയാണ്. അവയെ ആസ്പദിച്ചുള്ള രചനകളുടെ പ്രധാന പോരായ്മ ബന്ധങ്ങളുടെ തെളിമയില്ലാത്ത 'വെട്ടിച്ചേര്‍ക്കലുകള്‍' (Cut and Paste) ആണ്. കെ.എം. ലെനിന്റെ രചനകളില്‍ ശാഖോപശാഖകളിലൂടെയുള്ള ചംക്രമണങ്ങള്‍ വായനയ്ക്ക് ഇടര്‍ച്ച വരാത്തവണ്ണം സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു. സംഭവബഹുലമായ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ അതിന്റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ച ലോകസാഹചര്യങ്ങളും തത്ത്വശാസ്ത്രങ്ങളും ഫിദലിനോടൊപ്പം ഉദ്ഗ്രഥിക്കപ്പെട്ടിരിക്കുന്നു. 

കെഎം ലെനിന്‍
കെഎം ലെനിന്‍

നെറ്റിലെ ഹൈപ്പര്‍ ടെക്സ്റ്റുകള്‍ രണ്ടു പതിറ്റാണ്ടുകളായി വായനയെ പുനര്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. എഴുതപ്പെടുന്ന/അച്ചടിക്കപ്പെടുന്ന എല്ലാ കൃതികളും ഡിജിറ്റലായി സംരക്ഷിക്കാനുള്ള അക്ഷരങ്ങളുടെ പുതിയ കോഡിംഗ് സമ്പ്രദായമായ യൂണിക്കോഡ് മലയാളത്തിലെത്തിയത് 2004-ല്‍ ആണ്. അച്ചടിയിലേക്കെത്തിയിട്ട് മൂന്നാലു വര്‍ഷങ്ങളേ ആയുള്ളൂ. കൃതികളുടെ വരാനിരിക്കുന്ന ഡിജിറ്റല്‍ ജീവിതത്തില്‍ കൃതികള്‍തന്നെ ഹൈപ്പര്‍ ടെക്സ്റ്റുകളായി മാറുകയും റഫറന്‍സുകളും ബിബ്ലിയോഗ്രാഫികളും ഹൈപ്പര്‍ ലിങ്കുകളായിത്തീരുകയും ചെയ്യും. ഫിദലിനുവേണ്ടി ഗ്രന്ഥകാരന്‍ ഉപയോഗിച്ച കൃതികള്‍ വിലപ്പെട്ട തെരഞ്ഞെടുപ്പുകളാണ്. ഓരോന്നിനെക്കുറിച്ചും സ്വകീയമായ ധാരണകളും കാഴ്ചപ്പാടുകളുമുണ്ടെന്ന് ഉദ്ധരണികളില്‍ തെളിയുന്നു. ഗ്രന്ഥകാരന്റെ കുറിപ്പുകള്‍ ബിബ്ലിയോഗ്രാഫിയില്‍ ചേര്‍ക്കുന്നത് ഭാവിവായനയുടെ ദിശാബോധം രൂപപ്പെടുത്താന്‍ സഹായകമാകും. വെറും Abstract എന്നതിലുപരി ജീവചരിത്രകാരന്റെ പുസ്തകങ്ങളോടുള്ള സവിശേഷമായ നിലപാടുകള്‍ സൂചിപ്പിക്കുന്ന കുറിപ്പുകള്‍ അര്‍ത്ഥവത്തായ ഹൈപ്പര്‍ ലിങ്കുകളെ നിര്‍ണ്ണയിക്കാനിട നല്‍കും. തുടര്‍ച്ചകളുടെ ചരട് എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെട്ടു പോയേക്കാവുന്ന ഹൈപ്പര്‍ ടെക്സ്റ്റുകളുടെ ലോകത്ത് വായനയുടെ ഇടങ്ങള്‍ ചിതറിപ്പോകാതെ സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ശേഖരങ്ങള്‍ക്കിവ ആവശ്യമാണ്. ഫിദലിനുവേണ്ടി തയ്യാറാക്കിയ സൂചിക നാല്‍പ്പതിലേറെ അദ്ധ്യായങ്ങളിലെ വൈവിദ്ധ്യമാര്‍ന്ന പരാമര്‍ശങ്ങളെ ഒരുമിപ്പിക്കുന്നു.

തെറ്റും ശരിയും 

ഫിദലിനെക്കുറിച്ചുള്ള ആരാധന നിറഞ്ഞ കുറിപ്പുകളോടൊപ്പം വിമര്‍ശനങ്ങളും നാം പുസ്തകത്തില്‍ കണ്ടുമുട്ടുന്നു. 'ഫിദലിന്റെ തെറ്റുകള്‍' എന്നൊരു അദ്ധ്യായം തന്നെ പുസ്തകത്തിലുണ്ട്. നെറ്റിലെ വായനെയെക്കാള്‍ അവയെ വ്യത്യസ്തമാക്കുന്നതു് ഗ്രന്ഥകാരന്‍ ഉടനീളം വച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ ബോദ്ധ്യങ്ങളും ജനാധിപത്യത്തിന്റെ കശാപ്പുകാരനായ അമേരിക്കന്‍ സാമ്രാജ്യത്തത്തോടുള്ള വിമര്‍ശനങ്ങളുമാണ്. 'വിമര്‍ശനങ്ങളിലെ ശരിയും തെറ്റും' എന്ന അവസാന അദ്ധ്യായത്തില്‍. സി.ഐ.എ. മാധ്യമങ്ങള്‍ നിരന്തരം പ്രചരിപ്പിച്ച വിമര്‍ശനങ്ങള്‍ക്കു് അതേ നാണയത്തില്‍ അദ്ദേഹം മറുപടി പറയുന്നുണ്ടു്. തെറ്റുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അതീതനല്ല ഫിദല്‍ എന്ന് ഓര്‍മ്മിപ്പിക്കുമ്പോഴും ആയുധനിര്‍മ്മാണവും മരണവ്യാപാരവും നടത്തി പല ജനാധിപത്യ രാഷ്ട്രങ്ങളേയും കശാപ്പുചെയ്യുന്ന അമേരിക്കയ്ക്ക് ഫിദലിനെ വിമര്‍ശിക്കാന്‍ എന്ത് ധാര്‍മ്മികാവകാശം എന്നാണ് ഗ്രന്ഥകാരന്റെ ചോദ്യം. ജനാധിപത്യത്തെ അട്ടിമറിച്ച് പട്ടാളഭരണത്തിലൂടെ അരുംകൊലകള്‍ നടപ്പാക്കിയ ബാത്തിസ്തയെ ആയുധമെടുത്ത് പുറത്താക്കുന്നതില്‍ ഒരു തെറ്റുമില്ല എന്ന ഫിദലിന്റെ വാദം അദ്ദേഹം ആവര്‍ത്തിക്കുന്നു. 'ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും' എന്ന് ബാത്തിസ്തയുടെ വിചാരണ കോടതിയില്‍ ഫിദല്‍ ചെയ്ത പ്രസ്താവന തന്നെയാണ് ചരിത്രത്തിന്റെ കോടതിയില്‍ ഫിദലിനുവേണ്ടി നിരത്താവുന്ന ഏറ്റവും സമര്‍ത്ഥമായ വാദം. യാങ്കി പാവഗവണ്‍മെന്റിന്റെ കൊടുംക്രൂരതയെ പ്രതിരോധിക്കാനും ഇല്ലായ്മ ചെയ്യാനും ഫിദല്‍ ചെയ്ത 'തെറ്റുകള്‍' അനിവാര്യമായ ശരികളായി മാറുന്നു എന്നാണ് ഗ്രന്ഥകാരന്‍ പക്ഷം.

നുറുങ്ങുവെട്ടങ്ങള്‍

ക്യൂബന്‍ വിപ്ലവത്തിന്റെ നാള്‍വഴികളും ഒളിപ്പോരാട്ടങ്ങളുടെ വിക്ഷുബ്ധതകളും ഫിദലിന്റെ ജൈത്രയാത്രകളും പല വഴികളിലൂടെ വായനയിലിടം പിടിക്കുന്നു. ഫിദല്‍ ഹവാനയില്‍ എത്തിയപ്പോഴുണ്ടായ ജനക്കൂട്ടത്തിന്റെ ആവേശം ചിത്രീകരിക്കുന്ന രംഗം അനേകം സാക്ഷ്യങ്ങളില്‍നിന്നുമുള്ള ഗ്രന്ഥകാരന്റെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത വെളിവാക്കുന്നു. ഒരു സ്ത്രീയുടെ പ്രതികരണത്തിലൂടെ ആ ചരിത്രനിമിഷം പകര്‍ത്തിയ ചിക്കാഗോ ട്രിബ്യൂണലിന്റെ ലേഖകനെയാണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്: ''എനിക്കദ്ദേഹത്തെ കാണണം, എനിക്കദ്ദേഹത്തെ കണ്ടേ പറ്റൂ -ഉന്മാദാവസ്ഥയിലെത്തിയ ഒരു സ്ത്രീ പറഞ്ഞു. അവരുടെ കണ്ണുകളില്‍നിന്ന് കണ്ണുനീര്‍ പ്രവഹിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ രക്ഷിച്ചു. ഒരു രാക്ഷസനില്‍നിന്നും തെമ്മാടിക്കൂട്ടത്തില്‍നിന്നും കൊലയാളികളില്‍നിന്നും അദ്ദേഹം ഞങ്ങളെ മോചിപ്പിച്ചു.''

'ക്യൂബന്‍ മിസ്സൈല്‍ പ്രതിസന്ധി' എന്ന അദ്ധ്യായത്തെ ഗ്രന്ഥകാരന്‍ തന്റെ യൗവ്വനത്തിലേക്കുള്ള ഒരു പിന്മടക്കം പോലെയാണ് രേഖപ്പെടുത്തുന്നത്. ലോകത്തെ മുള്‍മുനയില്‍ നിറുത്തിയ ആ ദിനങ്ങളില്‍ കെന്നഡിയും ക്രൂഷ്ചേവും ബര്‍ട്രാന്റ് റസ്സലുമൊക്കെ അരങ്ങത്തെത്തുമ്പോള്‍ ക്യൂബ കടന്നുപോയ സന്ദിഗ്ദ്ധതകളെ സ്വന്തം ജീവിതത്തെ തൊട്ടുരുമ്മി കടന്നുപോയ വിഹ്വലതകളായി അദ്ദേഹം അനുഭവിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ കടന്നുപോയ അപൂര്‍വ്വമായ ചരിത്രസംഭവങ്ങളോടുള്ള ഹൃദയയൈക്യം ഫിദല്‍ കാസ്ട്രോയുമൊത്തുള്ള ഗ്രന്ഥകാരന്റെ സഹയാത്രകളുടെ മാനസികാനുഭവങ്ങളാണ്. ഫിദല്‍ ജീവിച്ച കാലത്തോടുള്ള അദ്ദേഹത്തിന്റെ ഇഴയടുപ്പം വായനക്കാരനിലേക്കും സംക്രമിക്കുന്നു. ഫിദലിനും ചെഗുവേരയുമോടൊപ്പം നാം മൂന്നാം ലോകരാജ്യങ്ങളിലെ ഉയിര്‍ത്തെഴുന്നേല്പില്‍ പങ്കുചേരുന്നു. മഹാത്മാഗാന്ധിയേയും നെഹ്രുവിനേയും നാം മറ്റൊരു വെളിച്ചത്തില്‍ ഓര്‍ത്തെടുക്കുന്നു. ആ സുഹൃദ്വലയത്തില്‍ യാസര്‍ അറാഫത്തും ഇന്ദിരാ ഗാന്ധിയും കൈകോര്‍ക്കുന്നു. റൂസ്വെല്‍റ്റിനെ വ്യത്യസ്തനായൊരു അമേരിക്കന്‍ പ്രസിഡന്റായി നാം തിരിച്ചറിയുന്നു. റൂസ്വെല്‍റ്റ് അല്പകാലം കൂടി ജീവിച്ചിരുന്നെങ്കില്‍ ഹിരോഷിമയില്‍ ആറ്റംബോംബ് വീഴില്ലായിരുന്നു എന്ന ഗ്രന്ഥകാരന്റെ കണ്ടെത്തല്‍ ക്യൂബയും ഫിദലും കടന്നുപോയ ദുരിതതീക്ഷ്ണതകളില്‍ പെയ്ത അണുവര്‍ഷത്തിന്റെ കൂടി സൂചനകളാണ്.

കലാശാലയിലെ രാഷ്ട്രീയ ജീവിതത്തെ വിവരിക്കുന്ന അദ്ധ്യായത്തെ 'അപായങ്ങളുടെ തോഴന്‍' എന്നാണ് ഗ്രന്ഥകാരന്‍ പേരിട്ടിരിക്കുന്നതു്. അതിനുശേഷമുള്ള എല്ലാ അദ്ധ്യായങ്ങള്‍ക്കും ചേരുന്നൊരു ശീര്‍ഷകമാണതു്. മൊങ്കാദ സൈനിക ക്യാമ്പു് പിടിച്ചെടുക്കാനുള്ള പരാജയപ്പെട്ട ആക്രമണം ഈ വിശേഷണത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയാണ്. മരണവും രക്തസാക്ഷിത്വവും ആടിത്തിമിര്‍ക്കുന്ന ഒരു സംഘനൃത്തമായാണ് മൊങ്കാദ ആക്രമണം വായനക്കാര്‍ക്കു മുന്‍പില്‍ വിരിയുന്നത്. ഫിദല്‍ അസാദ്ധ്യതകളുടെ തോഴനായി അതില്‍ പകര്‍ന്നാടുന്നു.

യുദ്ധത്തിന്റേയും ഒളിപ്പോരാട്ടങ്ങളുടേയും രാഷ്ട്രീയ തന്ത്രജ്ഞതയുടേയും പരാജയങ്ങളുടേയും അപായങ്ങളുടേയുമൊക്കെ രാപ്പകലുകളില്‍നിന്ന് കാസ്ട്രോയെ പലപ്പോഴും ഗ്രന്ഥകാരന്‍ അടര്‍ത്തിമാറ്റുന്നുണ്ട്. അത്തരം ചെറിയ മിന്നലാട്ടങ്ങളാണ് ഒരു വ്യക്തിയുടെ, ആ വ്യക്തി രക്തം കൊടുത്ത ചരിത്രത്തില്‍ എന്നും ശേഷിക്കുന്ന സൗന്ദര്യവും സത്യവുമെന്ന് അദ്ദേഹത്തിനറിയാം. വീരഗാഥകളില്‍ നഷ്ടപ്പെട്ടുപോയ അത്തരം കണ്ടെത്തലുകള്‍ ഫിദലിനേയും അദ്ദേഹത്തിന്റെ ചരിത്രത്തേയും ഏറെ പ്രിയപ്പെട്ടതാക്കിത്തീര്‍ക്കുന്നു. നാതി എന്ന കാമുകി ഫിദലിനയച്ച എഴുത്തുകള്‍ പിന്നീട് സമാഹരിച്ചത് ഇരുവരുടേയും മകള്‍ അലീനയായിരുന്നു. ഫിദലിന്റെ ദാര്‍ശനിക അന്വേഷണങ്ങളും ഒടുങ്ങാത്ത വിജ്ഞാന തൃഷ്ണയും ഗ്രന്ഥകാരന്‍ അവരുടെ പ്രണയത്തില്‍നിന്ന് തെരഞ്ഞുപിടിക്കുന്നു. നാതിയ എഴുതി: ''അങ്ങയുടെ അളവറ്റ വിജ്ഞാനത്തിന്റേയും തത്ത്വജ്ഞാനത്തിന്റേയും മൃദുലതയുടേയും അരികെ ഞാന്‍ എത്രയോ ചെറുതായിപ്പോകുന്നു. അങ്ങ് വളരെയേറെ അറിയുന്നു. എന്നാല്‍, അങ്ങ് സ്വാഭാവികമായി നേടിയ ഓരോന്നിലും എന്നെ പങ്കാളിയാക്കുന്നതിലുള്ള പ്രശംസനീയവും ഉദാരവുമായ മാര്‍ഗ്ഗമായിരുന്നു എന്നെ വളരെയേറെ ആകര്‍ഷിച്ചത്. അങ്ങ് കരം ഗ്രഹിച്ച് എന്നെ നയിച്ചത് മാനവചരിത്രത്തിലൂടെയും തത്ത്വജ്ഞാനത്തിലൂടെയും സാഹിത്യത്തിലൂടെയും ആയിരുന്നു. അങ്ങ് എനിക്കായി തുറന്നുതരുന്നത് പുത്തനും ഇതുവരെ പര്യവേക്ഷണവിധേയമാകാത്തതും ആശ്ചര്യകരവുമായ ചക്രവാളങ്ങളായിരുന്നു. ഇല്ല, ഫിദല്‍, ഈ സമ്പത്തെല്ലാം അങ്ങയുടെ ഉള്ളിലുണ്ട്. അത് അങ്ങയോടൊപ്പം പിറന്നു, അങ്ങയോടൊപ്പം അത് മരിക്കയും ചെയ്യും.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com