സ്വേച്ഛാധിപത്യവും നവമാധ്യമങ്ങളും: ജി മധുസൂദനന്‍ എഴുതുന്നു

നവമാധ്യമയുഗത്തിന്റെ ആദ്യകാല സൈദ്ധാന്തികര്‍, നവ സാങ്കേതികവിദ്യകളെക്കുറിച്ച് ഏറെ പ്രത്യാശകള്‍ പ്രചരിപ്പിച്ചിരുന്നു. അവരില്‍ ആദ്യം പ്രസിദ്ധനായത് മാര്‍ഷല്‍ മക്ലൂഹനാണ്.
സ്വേച്ഛാധിപത്യവും നവമാധ്യമങ്ങളും: ജി മധുസൂദനന്‍ എഴുതുന്നു


വമാധ്യമയുഗത്തിന്റെ ആദ്യകാല സൈദ്ധാന്തികര്‍, നവ സാങ്കേതികവിദ്യകളെക്കുറിച്ച് ഏറെ പ്രത്യാശകള്‍ പ്രചരിപ്പിച്ചിരുന്നു. അവരില്‍ ആദ്യം പ്രസിദ്ധനായത് മാര്‍ഷല്‍ മക്ലൂഹനാണ്. ഏറെ വലിപ്പമുള്ള കംപ്യൂട്ടര്‍ യന്ത്രങ്ങള്‍ പ്രചാരത്തിലായിത്തുടങ്ങിയ കാലത്ത്, വ്യക്തിഗത കംപ്യൂട്ടറുകള്‍, ലാപ്ടോപ്, ഇന്റര്‍നെറ്റ് എന്നിവയ്ക്ക് രണ്ടു ദശകങ്ങള്‍ക്കു മുന്‍പ്, 1964-ലാണ് മക്ലൂഹന്റെ പ്രസിദ്ധ കൃതിയായ 'മാധ്യമങ്ങളെ മനസ്സിലാക്കുമ്പോള്‍' പ്രസിദ്ധീകൃതമായത്. അതിലെ ഒന്നാം അദ്ധ്യായത്തിന്റെ തലക്കെട്ടും ആദ്യവാചകവുമായ 'മാധ്യമം തന്നെയാണ് സന്ദേശം' (ങലറശൗാ ശ െവേല ാലമൈഴല) ലോകപ്രസിദ്ധമായി. മക്ലൂഹന്‍ തന്നെ അതിനെ നിര്‍വ്വചിക്കുന്നത് ഇങ്ങനെയാണ്: ''നമ്മുടെ തന്നെ വിപുലനമായ മാധ്യമങ്ങളില്‍ പുതിയ സാങ്കേതികവികാസങ്ങള്‍ സൃഷ്ടിക്കുന്ന തോതിന്റെ വര്‍ദ്ധനവില്‍നിന്നാണ് വ്യക്തിഗതവും സാമൂഹികവുമായ പ്രത്യാഘാതങ്ങളുണ്ടാകുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഉള്ളടക്കം അഥവാ അര്‍ത്ഥമല്ല പ്രധാനം; മാധ്യമം സൃഷ്ടിക്കുന്ന മാനസിക, വൈകാരിക പ്രത്യാഘാതങ്ങളാണ് കണക്കിലെടുക്കേണ്ടത്.'' അതിന്റെ രാഷ്ട്രീയ-സാമ്പത്തിക വശങ്ങള്‍ മക്ലൂഹന് പ്രധാനമായിരുന്നില്ല. ഒരു കൃതിയിലെ അര്‍ത്ഥവും ഉള്ളടക്കവുമല്ല, പാഠത്തിലെ ഭാഷ മാത്രമാണ് പ്രധാനമെന്ന ഉത്തരാധുനിക ഭാഷ്യത്തിനു സമാനമായിരുന്നു ഈ നിലപാട്.

മാര്‍ഷല്‍ മക്ലൂഹന്റെ അണ്ടര്‍സാറ്റാഡിങ് മീഡിയ
മാര്‍ഷല്‍ മക്ലൂഹന്റെ അണ്ടര്‍സാറ്റാഡിങ് മീഡിയ


മക്ലൂഹന്റെ കൃതിയുടെ അവസാന അദ്ധ്യായം 'ഓട്ടോമേഷനെ'ക്കുറിച്ചാണ് (Automation). അതില്‍ 'കംപ്യൂട്ടര്‍' എന്ന വാക്ക് നാലഞ്ചുതവണ കടന്നുവരുന്നുണ്ടെങ്കിലും, കംപ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും വ്യാപകമായ പ്രചാരവും വാണിജ്യവല്‍ക്കരണവും അദ്ദേഹത്തിന്റെ ജീവിതകാലത്ത് നടക്കുകയുണ്ടായില്ല. ഓട്ടോമേഷന് പ്രത്യയശാസ്ത്രപരമോ സാമൂഹികമോ ആയ യാതൊരു പ്രാധാന്യവുമില്ലെന്നുപോലും ഈ അവസാന അദ്ധ്യായത്തില്‍ അദ്ദേഹം പറയുന്നുണ്ട്. 1964-നു ശേഷം ഏതാണ്ട് ഒരു ദശകം, മക്ലൂഹന്റെ പ്രശസ്തി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പക്ഷേ, 1970-കളുടെ മദ്ധ്യത്തോടെ അത് ക്ഷയിക്കുകയും ചെയ്തു. 1967-ല്‍ തലച്ചോറിന്റെ ശസ്ത്രക്രിയയ്ക്കു വിധേയനാവുകയും 1979-ല്‍ പക്ഷാഘാതം പിടിപെടുകയും 1980 ഡിസംബര്‍ 31-ന് അദ്ദേഹം മരണമടയുകയും ചെയ്തു. ''യന്ത്ര സാങ്കേതികവിദ്യകള്‍ (Machine technology) ശൈഥില്യവും കേന്ദ്രീകരണവും മനുഷ്യബന്ധങ്ങളെ ഉപരിപ്ലവവുമാക്കുന്നു. ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍ ഇതിനു വിരുദ്ധമായി ജീവിതത്തില്‍ ഏകോപനവും വികേന്ദ്രീകരണവും അര്‍ത്ഥവും സൃഷ്ടിക്കുന്നു'' എന്ന മക്ലൂഹന്റെ ശുഭാപ്തിവിശ്വാസം അസ്ഥാനത്തായിരുന്നുവെന്ന് കാലം തെളിയിച്ചു. സാങ്കേതികവിദ്യയുടെ രാഷ്ട്രീയ സമ്പദ്ശാസ്ത്രം വിഗണിക്കുകയും ഏത് സാങ്കേതികവിദ്യയേയും ലാഭത്തിനുള്ള ഉപകരണമായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യാനുള്ള മുതലാളിത്തത്തിന്റെ ശക്തി മക്ലൂഹന്‍ തിരിച്ചറിഞ്ഞില്ല.

1967-ല്‍ തന്നെ ഗൈ ദബോര്‍, നവമാധ്യമയുഗത്തെ 'കെട്ടുകാഴ്ചകളുടെ സമൂഹം' എന്നു പരിഹസിച്ചിരുന്നു. 'കെട്ടുകാഴ്ചകളുടെ ലോകത്തിന്റെ ആദ്യത്തെ വ്യപദേഷ്ടാവ്' (അുീഹീഴശേെ) എന്ന് മക്ലൂഹനെ ദബോര്‍ കളിയാക്കുകയും ചെയ്തു. മാര്‍ക്‌സിയന്‍ ചിന്തകനായിരുന്ന ദബോര്‍ തന്റെ കൃതി എഴുതുമ്പോഴും വിവരസാങ്കേതികവിദ്യ വികസിതമായിരുന്നില്ലെങ്കിലും ഏറെ ദീര്‍ഘദൃഷ്ടിയോടെയാണ്  അദ്ദേഹം നവസമൂഹത്തെ വിലയിരുത്തിയത്. 

ഗൈ ദബോര്‍
ഗൈ ദബോര്‍


ദബോറിന്റെ ദീര്‍ഘവീക്ഷണം കാലം ശരിവെച്ചു. വിവരസാങ്കേതികവിദ്യ പ്രചാരത്തിലായിക്കഴിഞ്ഞ 1996-ല്‍ മാനുവേല്‍ കാസ്റ്റല്‍സ് മക്ലൂഹനെ ഇങ്ങനെ തിരുത്തി: ''സന്ദേശം തന്നെയാണ് മാധ്യമം'' (message is the medium). സന്ദേശത്തിന്റെ സ്വഭാവ സവിശേഷതകള്‍ മാധ്യമത്തെ രൂപപ്പെടുത്തുന്നു. തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് സമൂഹത്തെ രൂപപ്പെടുത്തുന്നതിനായി വിവരസാങ്കേതികവിദ്യയെ മുതലാളിത്തം ഇപ്പോള്‍ ഉപയോഗിക്കുന്നു. അതിന്റെ ഏറ്റവും ഭീഷണമായ മുഖം-തൊഴിലുകള്‍ അസ്തമിക്കുന്നത്-മുന്‍പ് വിശകലനം ചെയ്തിരുന്നു. നവമാധ്യമ സാങ്കേതികവിദ്യകളെക്കുറിച്ച് ഏറ്റവുമധികം ചിന്തിക്കുകയും എഴുതുകയും ചെയ്ത പോള്‍ വിറീലിയോ, ഏറെ ദുരന്തപൂര്‍ണ്ണമായി ഇങ്ങനെ പ്രവചിച്ചു: '20-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍, വിവരസാങ്കേതികവിദ്യയുടെ പൊതുവായ പ്രവര്‍ത്തനത്തിലൂടെ നമ്മുടെ ഭൗമഗ്രഹത്തിന്റെ ഭൂരിഭാഗവും പ്രദൂഷിതമായി, ചുരുങ്ങി ഇല്ലാതാകും.'' മുതലാളിത്ത വളര്‍ച്ചയുടെ ഉപകരണമായി മാറിയ ഈ നവ സാങ്കേതികവിദ്യകള്‍ നമ്മെ ആഗോള പാരിസ്ഥിതിക തകര്‍ച്ചയിലേക്കും നയിക്കുന്നു. മക്ലൂഹന്‍ പറഞ്ഞ വികേന്ദ്രീകരണത്തിനു പകരം 'ബിഗ് ഡേറ്റ' (Big Data)യുടെ ആഗോള കേന്ദ്രീകരണത്തിലേയ്ക്കു നയിക്കുന്നു. അല്‍ഗോറിഥങ്ങള്‍ (Algorithm) നയിക്കുന്ന ലോകത്ത് 'മനുഷ്യര്‍ വെറും ഡേറ്റയായി' (we are data) എന്ന് ഒരു ചിന്തകന്‍ വിലപിക്കുന്നതും അതാണ്. മുതലാളിത്ത വ്യവസ്ഥയുടെ പൊതുസ്വഭാവമായ ജനാധിപത്യ വിരുദ്ധതയെ ഈ നവസാങ്കേതികവിദ്യകള്‍ ഏറെ ബലപ്പെടുത്തുന്നു.

മാനുവല്‍ കാസ്റ്റല്‍സ്
മാനുവല്‍ കാസ്റ്റല്‍സ്

ക്ഷയിക്കുന്ന ജനാധിപത്യം

വ്യവസായ മുതലാളിത്തത്തിന്റെ ഉദയം തന്നെ ജനവിരുദ്ധതയിലൂടെയായിരുന്നു. മണ്ണില്‍ കൃഷി ചെയ്തു ജീവിച്ചിരുന്ന മനുഷ്യരെ ആട്ടിയോടിച്ച്, അവരുടെ ഭൂമി ബലമായി പിടിച്ചെടുത്ത്, കെട്ടിയടച്ച് സ്വന്തമാക്കി വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുകൊണ്ടാണ് ഇംഗ്ലണ്ടില്‍ വ്യവസായ മുതലാളിത്തം വളര്‍ന്നു തുടങ്ങിയത്. ശരിയായ ജനാധിപത്യ ഭരണകൂടങ്ങള്‍ നിലവില്‍ വന്നതിനുശേഷവും മൂലധന ഉടമകള്‍ക്ക് ഭരണകൂടത്തിലുള്ള സ്വാധീനം തുടര്‍ന്നു. എങ്കിലും ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന ജനായത്ത ഭരണകൂടങ്ങളെ തെരഞ്ഞെടുപ്പുകളിലൂടെ താഴെയിറക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍, നവലിബറലിസത്തിന്റെ കാലത്ത് ഈ ജനശക്തി ഏറെ ക്ഷയിച്ചു. നവലിബറലിസവും മുതലാളിത്ത ആഗോളീകരണവും പരാജയപ്പെട്ടപ്പോള്‍, രക്ഷകരായി എത്തി തെരഞ്ഞെടുപ്പിലൂടെ ഭരണം പിടിച്ചടക്കിയ വലതുപക്ഷ സ്വേച്ഛാധിപതികളെയാണ്- വിചത്രമെന്നു തോന്നുമെങ്കിലും ഇന്നു ലോകമാസകലം നാം കാണുന്നത്. അമേരിക്കയില്‍ ട്രംപ്, റഷ്യയില്‍ പുട്ടിന്‍, തുര്‍ക്കിയില്‍ എര്‍ഡോഗന്‍, ബ്രസീലില്‍ ജയര്‍ ബൊള്‍സൊനാരോ തുടങ്ങി ഇന്ത്യയിലെ സമീപകാല സംഭവങ്ങള്‍ വരെ ഇതിന്റെ തെളിവുകളാണ്. ഹിറ്റ്ലറും തെരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തിലെത്തിയതെന്നും മറന്നുകൂടാ. തീവ്ര വലതുപക്ഷത്തിന്റെ ഈ വളര്‍ച്ച ഭാഗികമായെങ്കിലും ഒരു ആഗോളപ്രതിഭാസമാണ്.

എര്‍ഡോഗന്‍
എര്‍ഡോഗന്‍

സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയ്ക്കുശേഷം, സോഷ്യലിസം പരാജയപ്പെട്ടുവെന്ന ചിന്ത ലോകമാസകലം വരുത്തിയ വിശ്വാസനഷ്ടമാണ് ഈ വലതുപക്ഷ ചായ്വിന്റെ ഒരു കാരണം. മറ്റൊന്ന് തീവ്ര വലതുപക്ഷക്കാര്‍ 'ശത്രു'ക്കളായി കണ്ടെത്തുന്ന കുടിയേറ്റക്കാരേയും ന്യൂനപക്ഷങ്ങളേയും എതിര്‍ക്കാന്‍ സോഷ്യലിസ്റ്റുകള്‍ക്കും ലിബറലുകള്‍ക്കും കഴിയില്ല എന്നതാണ്. നിര്‍മ്മിച്ചെടുക്കുന്ന 'ശത്രു'വിനെ ചൂണ്ടിക്കാണിച്ച് അസംതൃപ്തരായ ഭൂരിപക്ഷത്തില്‍ ഒരു വിഭാഗത്തിന്റെ വോട്ടുനേടിയാണ് പുതിയ സ്വേച്ഛാധിപതികള്‍ അധികാരത്തിലെത്തുന്നത്. ശബരിമലയുടെ പേരില്‍ സംഘപരിവാര്‍ കേരളത്തില്‍ നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നത് 'അവിശ്വാസി'കളായ ശത്രുക്കളെയാണ്. 'വിശ്വാസി സമൂഹം', 'ഭക്തര്‍' എന്നിങ്ങനെ പുതിയ വര്‍ഗ്ഗങ്ങളെ അവര്‍ സൃഷ്ടിക്കുന്നു. ഈ പുതിയ വര്‍ഗ്ഗനിര്‍വ്വചനത്തില്‍ ജാതിവിവേചനവും സാമ്പത്തിക ഉച്ചനീചത്വവും തമസ്‌കരിക്കപ്പെടുന്നു.

ജെയര്‍ ബോല്‍സൊനാരോ
ജെയര്‍ ബോല്‍സൊനാരോ

സാമ്പ്രദായിക സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ അധികാരത്തിലെത്തിയ നാടുകളില്‍ പലയിടത്തും സ്വേച്ഛാധിപത്യം നടപ്പിലാക്കിയതും ചരിത്രമാണ്. സ്റ്റാലിനിസം സോവിയറ്റ് റഷ്യയെ ഒരു വലിയ സ്വേച്ഛാധിപത്യ രാജ്യമാക്കി. ഗ്രാമങ്ങളില്‍ ഭൂമി ബലമായി പിടിച്ചെടുത്തത് 'കുലാക്കുകള്‍' എന്ന വന്‍കിട ഭൂവുടമകളില്‍ നിന്നുമാത്രമല്ല, എല്ലാ കര്‍ഷരില്‍ നിന്നുമായിരുന്നു. ഭൂമിയുടെ ഇത്തരത്തിലുള്ള കേന്ദ്രീകരണത്തെ ചെറുത്ത ലക്ഷക്കണക്കിനു കര്‍ഷകര്‍ കൊലചെയ്യപ്പെട്ടു. ഇതൊന്നും മാര്‍ക്‌സിസത്തില്‍ വിഭാവനം ചെയ്ത കാര്യങ്ങളായിരുന്നില്ല. 'സ്വതന്ത്രരായി ഒത്തുചേരുന്ന കൂട്ടുല്പാദകരുടെ' കൂട്ടായ്മകളാണ് മാര്‍ക്‌സ് വിഭാവനം ചെയ്തത്. കര്‍ഷകരെ നിഷ്‌കാസനം ചെയ്യുന്ന കേന്ദ്രീകരണമല്ല, മിച്ചഭൂമി പിടിച്ചെടുത്ത് ഭൂമിയില്ലാത്തവന് ഭൂമി നല്‍കുന്ന ഭൂപരിഷ്‌കരണമാണ് വേണ്ടിയിരുന്നത്. ഭരണകൂടങ്ങള്‍ കൊഴിയുന്ന അവസ്ഥയാണ്, സ്വേച്ഛാധിപത്യമല്ല മാര്‍ക്‌സ് വിഭാവനം ചെയ്തത്. ഒരു യഥാര്‍ത്ഥ സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ അധികാരം ജനങ്ങളുടെ സഭകളിലേക്ക് വികേന്ദ്രീകൃതമാകണം. മുന്‍പ് കമ്പോഡിയയിലും ഇപ്പോള്‍ വടക്കന്‍ കൊറിയയിലും ചൈനയിലുമൊക്കെ നിലവിലുള്ളത് സ്വേച്ഛാധിപത്യ ഭരണമാണ്.
സാമ്പ്രദായിക സോഷ്യലിസ്റ്റ് ഭരണകൂടങ്ങളെ നിരാകരിക്കുന്ന സോഷ്യലിസ്റ്റ് ദര്‍ശനം ഇപ്പോള്‍ ലോകമാസകലം വളര്‍ന്നിട്ടുണ്ട്. അത് ഉള്‍ക്കൊള്ളുന്ന പുതിയ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വളരുന്നുണ്ട്. സമീപകാല ഭാവിയില്‍ മുതലാളിത്തം നേരിടാന്‍ പോകുന്ന ഭീമമായ തകര്‍ച്ചയുടെ വേളയില്‍ ഈ നവസോഷ്യലിസം ശക്തിപ്രാപിച്ച് വളരുക തന്നെ ചെയ്യും. ഇന്നത്തെ തെരഞ്ഞെടുക്കപ്പെട്ട വലതുപക്ഷ സ്വേച്ഛാധിപതികള്‍ ജനാധിപത്യത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന രീതിയുടെ പൊതു സ്വഭാവസവിശേഷതകള്‍ ഇനി പറയുന്നവയാണ്:

പുടിന്‍
പുടിന്‍


* ജനാധിപത്യ ഭരണവ്യവസ്ഥയിലെ വിവിധ സ്ഥാപനങ്ങളേയും ഘടകങ്ങളേയും സ്വന്തം വരുതിയിലാക്കുകയോ നശിപ്പിക്കുകയോ ചെയ്യുക.
* അതിന്റെ ആരംഭം ജനപ്രതിനിധിസഭകളില്‍ത്തന്നെ ആരംഭിക്കുന്നു. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ കഴിവതും ഒഴിവാക്കുക, ജനപ്രതിനിധിസഭകളെ മറികടന്ന് ഓര്‍ഡിനന്‍സ്, എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ തുടങ്ങിയ വഴികളിലൂടെ സ്വേച്ഛാനുസാരിയായി നിയമപരിഷ്‌കരണവും നിയമനിര്‍മ്മാണവും നടത്തുക.
* ജനാധിപത്യത്തിലെ മറ്റൊരു നെടുംതൂണായ ജുഡീഷ്യറിയില്‍ കൈകടത്തുകയും തനിക്കു വിധേയരായ ജഡ്ജിമാരെ നിയമിക്കാനും ശ്രമിക്കുക. സമീപകാലത്ത് സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ കൈകടത്താന്‍ ശ്രമിച്ച വേളയില്‍ ഇന്ത്യയിലെ ഇപ്പോഴത്തെ നിയമമന്ത്രി ഒരിക്കല്‍ ടെലിവിഷന്‍ ക്യാമറകളെ നോക്കി ചോദിച്ചത്, ''ജഡ്ജിമാരുടെ നിയമനത്തില്‍, ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ വിശ്വസിച്ചുകൂടേ?'' എന്നാണ്. ജുഡീഷ്യറിയെ രാഷ്ട്രീയ സ്വാധീനത്തില്‍നിന്ന് അകറ്റിനിര്‍ത്തുകയെന്ന പരമപ്രധാന ജനാധിപത്യ തത്ത്വം അദ്ദേഹം മറന്നു.

ട്രംപ്
ട്രംപ്


*    ജനാധിപത്യത്തിലെ മൂന്നാമത്തെ മുഖ്യഘടകമായ എക്‌സിക്യൂട്ടീവില്‍, സ്വന്തം ഇഷ്ടക്കാരെ-അവര്‍ തന്റെ വിടുപണി ചെയ്യുമെന്ന ഒറ്റക്കാരണത്താല്‍ - സൃഷ്ടിക്കുക. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ അവഗണിച്ച്, സ്വന്തം ഏറാന്‍ മൂളികളെ പ്രോത്സാഹിപ്പിക്കുക, അങ്ങനെ നീതിയും നിയമനടത്തിപ്പും നശിപ്പിക്കുക
* പ്രലോഭനങ്ങളിലൂടെയും ഭീഷണിയിലൂടെയും മാധ്യമങ്ങളെ സ്വന്തം വരുതിയിലാക്കുക. വരുതിയില്‍ നില്‍ക്കാന്‍ വിസമ്മതിക്കുന്നവരെ റെയ്ഡുകള്‍ നടത്തിയും കള്ളക്കേസില്‍ കുടുക്കിയും ഉടമയെ ഭീഷണിപ്പെടുത്തി മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിടുവിച്ചും പലപ്പോഴും ഹിംസയിലൂടെ ഇല്ലായ്മ ചെയ്തും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അസാധ്യമാക്കുക. ഇന്ത്യയില്‍ ഇപ്പോള്‍ ഭൂരിഭാഗം മാധ്യമ സ്ഥാപനങ്ങളും ഈ അവസ്ഥയിലാണ്. 

* ഭരണഘടനാനുസൃതമായി സ്ഥാപിതമായതും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥരുമായ സ്ഥാപനങ്ങളെ നിയമവിരുദ്ധമായ കൈകടത്തലുകളിലൂടെ നശിപ്പിക്കുക. സി.ബി.ഐ, റിസര്‍വ്വ് ബാങ്ക്, ഇലക്ഷന്‍ കമ്മിഷന്‍, സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍, കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍, ദേശീയ ഹരിത ട്രൈബ്യൂണല്‍ എന്നിവയുടെ ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ തന്നെ നല്ല ഉദാഹരണം. ഇവിടെയെല്ലാം അഴിമതിക്കാരായ സ്വന്തം ഇഷ്ടക്കാരെ നിയമിക്കുകയോ, ഭരണഘടനാവിരുദ്ധമായ ഇടപെടലുകള്‍ നടത്തുകയോ, നിയമനങ്ങളില്‍ വെള്ളം ചേര്‍ക്കുകയോ ഒക്കെ ചെയ്ത് ഈ പ്രധാന സ്ഥാപനങ്ങളെ ദുര്‍ബ്ബലപ്പെടുത്തിക്കഴിഞ്ഞു. അഴമിതിവിരുദ്ധതയുടെ പേരുപറഞ്ഞ് അധികാരത്തില്‍ വന്നവര്‍, അഴിമതി നിയന്ത്രണത്തില്‍ നിര്‍ണ്ണായകമായ 'ലോക്പാല്‍' എന്ന സ്ഥാപനം നിലവില്‍ വരുത്താനോ, അതിലേക്ക് നിയമനം നടത്താനോ ഇതുവരെ തുനിഞ്ഞിട്ടില്ല.

* ഭരണഘടനാനുസൃതമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും അവര്‍ നല്‍കുന്ന ഉത്തരവുകളും ഭരണഘടന പൗരന്മാര്‍ക്കു നല്‍കുന്ന സ്വാതന്ത്ര്യങ്ങളുമല്ല, ആള്‍ക്കൂട്ട ഭീകരതയാണ് പ്രധാനമെന്നവര്‍ പ്രഖ്യാപിക്കും. വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ കേരളത്തില്‍ ആടിത്തകര്‍ക്കുന്ന അസംബന്ധ നാടകവും ഗോസംരക്ഷണത്തിന്റെ പേരില്‍ വടക്കേ ഇന്ത്യയില്‍ നടക്കുന്ന ന്യൂനപക്ഷങ്ങളുടെ കൊലപാതകങ്ങളും ഈ ആള്‍ക്കൂട്ട ഭീകരതയുടെ ചില ഉദാഹരണങ്ങള്‍ മാത്രം. ഈ രാഷ്ട്രീയ വൈകൃതത്തെക്കുറിച്ച് നോം ചോംസ്‌കി പറയുന്നത്: ''മനുഷ്യരില്‍ ഉറങ്ങിക്കിടക്കുന്ന വിവരണാതീതമായ അയുക്തികതകളെ, ഈ രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നു'' എന്നാണ്.

നരേന്ദ്രമോദി
നരേന്ദ്രമോദി

* അഭിപ്രായ സ്വാതന്ത്ര്യം നശിപ്പിക്കുക. എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചിലപ്പോള്‍ കൊലപാതകങ്ങള്‍ വരെ എത്തുന്നത് സമീപകാലത്ത് ഇന്ത്യയിലും നാം കണ്ടു. തീവ്ര വലതുപക്ഷ സംഘടനകള്‍ക്ക് ഇതിനൊക്കെ ഭരണകൂടത്തിന്റെ മൗനാനുവാദം ലഭിക്കുന്നു; അവര്‍ക്കെതിരെ എടുക്കുന്ന കേസുകളില്‍ പലപ്പോഴും അവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നു. ഇന്ത്യയിലെമ്പാടും എഴുത്തുകാര്‍ക്കു നേരെ നിരവധി അക്രമസംഭവങ്ങള്‍ നടന്നു. ഭരണകൂട ഭീകരതയ്ക്കും നയങ്ങള്‍ക്കുമെതിരെ സംസാരിക്കുന്നവരെ 'ദേശദ്രോഹി'കളായി മുദ്രകുത്തുകയും അവര്‍ക്കുനേരെ തീവ്ര വലതുപക്ഷ സംഘടനകളെ തുറന്നുവിടുകയും ചെയ്യുന്നു. 'ദേശസ്‌നേഹ'ത്തിന്റെ കുത്തക ഈ തീവ്ര വലതുപക്ഷം സ്വയം ഏറ്റെടുക്കുന്നു. 
മുകളില്‍ പറഞ്ഞ സ്വഭാവസവിശേഷതകള്‍ ഇനിയും ഏറെ പറയാനാകും. എന്നാല്‍, നമ്മുടെ വിഷയം, ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ സ്വേച്ഛാധിപത്യ പ്രവണതകളെ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ എങ്ങനെ പരിപോഷിപ്പിക്കുന്നു എന്നതാണല്ലോ; അതിലേക്കു തന്നെ മടങ്ങാം. ഈ നവസാങ്കേതികവിദ്യകള്‍ മൂന്നു വിധത്തിലാണ് സ്വേച്ഛാധിപത്യങ്ങള്‍ വളര്‍ത്തുന്നത്: 

* വിരലില്‍ എണ്ണാവുന്ന ബഹുരാഷ്ട്ര ഭീമന്മാരുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പുലരുന്ന നവമാധ്യമ പ്ലാറ്റ്ഫോമുകള്‍ അവരുടെ താല്പര്യസംരക്ഷണത്തിനും അവര്‍ക്കാവശ്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായും കുത്തകകള്‍ക്ക് ഡേറ്റ ചോര്‍ത്തി നല്‍കാനുമായി ഉപയോഗിക്കപ്പെടുന്നു. ബഹുരാഷ്ട്ര കമ്പനികളുടെ കുത്തകകള്‍ സാമൂഹിക പരിണാമത്തിന് ഏറ്റവും വലിയ വിനയായി മാറിയിരിക്കുന്നു. 'ഫേസ്ബുക്ക്' ഇന്ന് ലോകത്ത് പൗരന്മാരെ നിരീക്ഷിക്കാനുള്ള ഏറ്റവും വലിയ ചാരസംവിധാനമായി മാറിയിരിക്കുന്നു.

*    ജനാധിപത്യവും വികേന്ദ്രീകരണവും പ്രോത്സാഹിപ്പിക്കുമെന്ന ആദ്യകാല പ്രയോക്താക്കളുടെ വിശ്വാസത്തെ തകിടം മറിച്ചുകൊണ്ട്, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ തീവ്ര വലതുപക്ഷത്തിന്റെ ഏറ്റവും വലിയ ആയുധമായിരിക്കുന്നു. വ്യാജവാര്‍ത്താപ്രചാരണം, ട്രോളിംഗ്, ഓണ്‍ലൈന്‍ ചാരപ്രവര്‍ത്തനം തുടങ്ങിയവയിലൂടെ തീവ്ര വലതുപക്ഷം ഈ രംഗം കയ്യടക്കിയിരിക്കുന്നു.    

*    ഈ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചു നടത്തുന്ന ചാരവൃത്തിയിലൂടെയും അദൃശ്യമായ നിയന്ത്രണങ്ങളിലൂടെയും സ്വതന്ത്ര ചിന്തയ്ക്ക് തടയിടാനും സ്വേച്ഛാധിപത്യം പരിപോഷിപ്പിക്കാനും തീവ്ര വലതുപക്ഷത്തിനു കഴിയുന്നു. ഇന്റര്‍നെറ്റും ഇ-മെയിലും മൊബൈലുമെല്ലാം ഭരണകൂടങ്ങളുടെ ഇച്ഛാനുസൃതമായി നിയന്ത്രിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. കൂടാതെ 'ആധാര്‍' പോലുള്ള ഡിജിറ്റല്‍ ബയോമെട്രിക് സംവിധാനങ്ങളും പൗരന്മാരെ നിരീക്ഷിക്കാനുള്ള ഉപകരണങ്ങളാക്കുന്നു.

കുത്തകകളുടെ സ്വേച്ഛാധിപത്യം

ഇന്ന് ലോകത്താകമാനം നവമാധ്യമ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത് ആറ് അമേരിക്കന്‍ കുത്തകകളാണ്: ഗൂഗിള്‍, ഫേസ്ബുക്ക്, യാഹു, ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നിവ. ലോക ജനതയെക്കുറിച്ചുള്ള വിവരങ്ങളത്രയും ഈ ബഹുരാഷ്ട്ര ഭീമന്മാര്‍ ശേഖരിച്ചു വെച്ചിരിക്കുന്നു. 

ലോകത്താകമാനം ഉപയോഗിക്കപ്പെടുന്ന അമേരിക്കയിലും ചൈനയിലും നിര്‍മ്മിക്കുന്ന 'ചിപ്പു'കളില്‍, ആ ചിപ്പുകളുപയോഗിച്ചു നിര്‍മ്മിക്കുന്ന ഗാഡ്ജറ്റുകളിലൂടെ കടന്നുപോകുന്ന വിവരങ്ങളത്രയും ചോര്‍ത്തിയെടുക്കാനുള്ള രഹസ്യ 'മൈക്രോ പ്രോസസ്സര്‍' സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. 


അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തുള്ള 'സിലിക്കണ്‍ വാലി' കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ കമ്പനികള്‍ സൃഷ്ടിക്കുന്നത് ജനസംഖ്യയിലെ അതീവ സമ്പന്നരായ 'ഒരു ശതമാനത്തിന്റെ സമ്പദ്വ്യവസ്ഥ'യാണെന്ന് ഇന്നു പരക്കെ ആക്ഷേപമുണ്ട്. മുതലാളിത്തത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്തത്ര സമ്പത്തിന്റെ കേന്ദ്രീകരണം ഈ നവസാങ്കേതികവിദ്യ സാധ്യമാക്കുന്നു. 2014-ല്‍ ലോക സമ്പദ്വ്യവസ്ഥയിലെ ഏറ്റവും വലിയ അഞ്ച് കമ്പനികളായ ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, വെരിസോണ്‍, സാംസംഗ് എന്നിവയുടെ കയ്യിലുണ്ടായിരുന്ന സഞ്ചിത മിച്ചധനം 38700 കോടി ഡോളറായിരുന്നു; അത് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 2013-ലെ മൊത്തം ദേശീയ ഉല്പന്നത്തിനു തുല്യമായിരുന്നു. ആമസോണിന്റെ പുസ്തക വ്യാപാരം ഇതെഴുതുന്ന ആളടക്കമുള്ള എല്ലാവര്‍ക്കും പുസ്തകങ്ങള്‍ വാങ്ങാന്‍ ഏറെ സൗകര്യപ്രദമാണ്. ഈ സൗകര്യത്തിന്റെ മറുവശം, ആമസോണിന്റെ ഈ രംഗത്തെ കുത്തകമൂലം ലോകത്തെ പകുതിയിലധികം പുസ്തകക്കടകള്‍ അടഞ്ഞുവെന്നതാണ്. കുത്തകാധികാരം ഉപയോഗിച്ച് പ്രസാധകരില്‍നിന്നു കൂടുതല്‍ പണം പിടുങ്ങലും വരുതിക്കുവരാത്തവരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയുമൊക്കെ സാധാരണമാണെന്ന് ഒരു വിദഗ്ധന്‍ പറയുന്നു. മാത്രമല്ല, 2013-ല്‍ ബി.ബി.സി നടത്തിയ ഒരു രഹസ്യ അന്വേഷണത്തില്‍, ആമസോണിന്റെ ഗോഡൗണുകളിലെ തൊഴില്‍ സാഹചര്യം ഏറ്റവുമധികം മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതാണെന്നും തൊഴിലാളികള്‍ക്കു മാനസികവും ശാരീരികവുമായ തകരാറുകളുണ്ടാക്കുന്നതാണെന്നും  തെളിഞ്ഞു. അങ്ങേയറ്റം ഹൃദയശൂന്യമായ സാഹചര്യങ്ങളാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. 20-ാം നൂറ്റാണ്ടിലെ പഴയ കുത്തകകളുടെ പുതിയ അവതാരങ്ങളാണ് ഇപ്പോഴത്തെ ഇന്റര്‍നെറ്റ് കുത്തകകള്‍.

ഇനി ഗൂഗിളിന്റെ കാര്യമെടുക്കാം. ആപ്പിള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വിപണിമൂല്യമുള്ള (40000 കോടി ഡോളര്‍) കമ്പനിയാണ് ഗൂഗിള്‍. വെറും 5500 കോടി ഡോളര്‍ വിപണിമൂല്യമുള്ള ജനറല്‍ മോട്ടോഴ്സ് രണ്ടുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമ്പോള്‍, ഗൂഗിള്‍ അമ്പതിനായിരത്തോളം പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കുന്നത്. അവരുടെ വാര്‍ഷിക ലാഭം 1500 കോടിയിലധികം ഡോളറാണ്. ലോകത്തെ 'സര്‍ച്ച്' ബിസിനസ്സിന്റെ 65 ശതമാനവും ഗൂഗിളിനാണ്; ചില രാജ്യങ്ങളില്‍ ഇത് 90 ശതമാനം വരെയാണ്. ആഗോള 'വിവരക്കുത്തക' (കിളീൃാമശേീി ാീിീുീഹ്യ)യായി ഗൂഗിള്‍ മാറിയിരിക്കുന്നു. സ്വന്തമായി ഒരു ഉല്പന്നവുമില്ലാതെ, സാങ്കേതികവിദ്യ ഉപയോഗിച്ച് 'മദ്ധ്യവര്‍ത്തി'യായി പ്രവര്‍ത്തിക്കുന്ന പുതിയതരം കുത്തക. അവരുടെ സര്‍വ്വീസ് വെറുതെ ലഭിക്കുന്നു; അവര്‍ വരുമാനമുണ്ടാക്കുന്നത് പരസ്യങ്ങളില്‍നിന്നാണ്. വ്യവസായയുഗത്തിലെ വന്‍കിട ഫാക്ടറികളെപ്പോലുള്ള പുതിയൊരു 'ഡേറ്റ ഫാക്ടറി' (Data factory).

മാര്‍ക്ക് സുക്കര്‍ബെര്‍ഗ്
മാര്‍ക്ക് സുക്കര്‍ബെര്‍ഗ്


സുക്കര്‍ബര്‍ഗിന്റെ ഫേയ്സ്ബുക്ക് മറ്റൊരു വലിയ പ്രതിഭാസമാണ്. 2014-ല്‍ ഫേസ്ബുക്കിന്റെ വിപണിമൂല്യം 19000 കോടി ഡോളറായിരുന്നു; കൊക്കോകോള, ഡിസ്നി, എ.ടി. & ടി. എന്നീ കമ്പനികളേക്കാളധികം. 2014-ല്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ സംഖ്യ 130 കോടിയായിരുന്നു; ലോക ജനസംഖ്യയുടെ 19 ശതമാനം. അതില്‍ 50 ശതമാനം ആളുകളും ആഴ്ചയില്‍ ആറു തവണയെങ്കിലും ഫേയ്സ്ബുക്ക് ഉപയോഗിക്കുന്നു. 2014-ല്‍ മൊബൈല്‍ സാങ്കേതികവിദ്യയിലേക്ക് മാറിയതോടെ, ഫേയ്സ്ബുക്ക് ഉപയോഗിക്കുന്നവരുടെ സംഖ്യ ഏറെ വര്‍ദ്ധിച്ചു. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ അവരുടെ 17 ശതമാനം സമയവും ഫേസ്ബുക്കിലാണെന്നാണ് പറയപ്പെടുന്നത്. ഗൂഗിള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കുത്തക കമ്പനിയാണ് ഫേസ്ബുക്ക് ഇപ്പോള്‍. ആഗോളഗ്രാമവും സൗഹൃദവും മറ്റും സൃഷ്ടിക്കാന്‍ പുറപ്പെട്ട ഈ മാധ്യമത്തിന്റെ ഫലം പലപ്പോഴും വിപരീത ദിശയിലാണെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. അതുപയോഗിക്കുന്നവരില്‍ നല്ലൊരു ശതമാനം കൂടുതല്‍ അസന്തുഷ്ടരും മറ്റുള്ളവരോട് അസൂയയും പകയുമുള്ളവരും നിരാശരുമാണെന്നു പല ആഗോള പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍ നമുക്കെന്തിനാണ് ഈ മുഖമില്ലാത്ത 'ഫേയ്സ്ബുക്ക്?'

ഒരു യഥാര്‍ത്ഥ മനുഷ്യബന്ധത്തിന്റെ 'ശല്യ'ങ്ങളില്ലാത്ത സാങ്കേതികവിദ്യകളിലൂടെ ലഭിക്കുന്ന സൗഹൃദമെന്ന മിഥ്യയിലേക്ക് ഏറെപ്പേരും ആകര്‍ഷിതരാകുന്നു. ഒരാളെ 'ബ്ലോക്ക്' ചെയ്താല്‍ ഈ ബന്ധം അവസാനിപ്പിക്കാം. ഇന്റര്‍നെറ്റില്‍ ലഭ്യമായ അശ്ലീല വീഡിയോകളുടെ (Pornography) ബാഹുല്യം, ഒട്ടേറെപ്പേര്‍ക്ക് ഓണ്‍ലൈന്‍ രതിസുഖം പകരുന്നുണ്ട്. ലൈംഗിക പങ്കാളിയുമായുള്ള ശാരീരിക ബന്ധത്തിന്റെ സുഖമില്ലാത്ത ഈ രതിസുഖത്തെ മന:ശാസ്ത്രജ്ഞര്‍ 'ഓര്‍ഗാസ്മട്രോണ്‍' (Orgasmtron) എന്നു വിളിക്കുന്നു. നേരിട്ടുള്ള ബന്ധങ്ങളില്ലാത്ത ലോകം വിസ്മൃതിയുടേതാണ്. സ്മൃതി നഷ്ടമാകുന്നതിന്റെ അര്‍ത്ഥം ചിന്തയും അസ്തമിക്കുന്നുവെന്നാണ്. ചിന്ത അസ്തമിക്കുമ്പോള്‍ സ്വേച്ഛാധിപത്യം സുഗമമാകുന്നു.

ഇനിയുമുണ്ട് നിരവധി ഇന്റര്‍നെറ്റ് കമ്പനികളുടെ കഥകള്‍. അവയിലേക്കൊന്നും ഇപ്പോള്‍ കടക്കുന്നില്ല. ഒന്നുമാത്രം പറയാം. അവര്‍ സൃഷ്ടിച്ച 'ഡേറ്റ ഫാക്ടറികള്‍' അവര്‍ക്കു നല്‍കുന്ന സ്വേച്ഛാധിപത്യശക്തി വളരെ വലുതാണ്. പരസ്യങ്ങളിലൂടെയുള്ള വിപണിവിപുലനത്തെ പ്രോത്സാഹിപ്പിക്കാന്‍ വ്യവസായ കുത്തകകളുമായും ജനങ്ങളുടെമേല്‍ സ്വേച്ഛാധികാരം ഉറപ്പിക്കാന്‍ ഭരണകൂടങ്ങളുമായും സഹകരിച്ച് സ്വന്തം ശക്തിയും ധനവും വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്ക് മടിയൊന്നുമില്ല. 2010-ല്‍ ഗൂഗിളിന്റെ മേധാവിയായിരുന്ന എറിക് ഷ്മിഡ്റ്റ് ഇങ്ങനെ വീമ്പു പറഞ്ഞിരുന്നു: ''ഗൂഗിള്‍ ഉപയോഗിക്കുന്നവരുടെ സ്വഭാവസവിശേഷതകളുമായി ഞങ്ങള്‍ക്കുള്ള പരിചയം മൂലം, ഓരോരുത്തരും എവിടെയാണെന്നും എന്താണറ ചെയ്യുന്നതെന്നും ഞങ്ങള്‍ക്ക് കൃത്യമായി അറിയാന്‍ കഴിയുന്നു.'' വ്യവസായ മുതലാളിത്ത കാലത്തെ റോക്ക്ഫെല്ലര്‍, ആന്‍ഡ്രൂ കാര്‍ണഗി, ജെ.പി. മോര്‍ഗന്‍ എന്നിവരെപ്പോലെ, അദ്ധ്വാനിക്കാതെ ധനം കുന്നുകൂട്ടുന്ന ഇവരെ ജോണ്‍ നോട്ടണ്‍ വിളിക്കുന്നത് ''നമ്മുടെ കാലത്തെ കൊള്ള പ്രഭുക്കള്‍ (ഞീയയലൃ യമൃീി)' എന്നാണ്. സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്ക് ഈ ഇന്റര്‍നെറ്റ് കുത്തകകളെ ഉപയോഗപ്പെടുത്താം; തങ്ങളുടെ വരുതിയില്‍ നിന്നില്ലെങ്കില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി അവരെ ബുദ്ധിമുട്ടിച്ച് വരുതിയിലാക്കാം. നാം അതിവേഗം എത്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൈബര്‍ ലോകത്ത് ആമസോണ്‍ എന്ന ഒരേയൊരു പുസ്തകശാലയും ഫേസ്ബുക്ക് എന്ന ഒരേയൊരു സാമൂഹ്യ നെറ്റ്വര്‍ക്കും ഗൂഗിള്‍ എന്ന ഒരേയൊരു സര്‍ച്ച് എഞ്ചിനും മൈക്രോസോഫ്റ്റ് എന്ന ഒരേയൊരു സോഫ്റ്റ്വെയര്‍ കുത്തകയുമൊക്കെ ആയിരിക്കുമോ ഉണ്ടാവുക? 

വ്യാജവാര്‍ത്തയും ട്രോളിങ്ങും

ടെലിവിഷന്‍ ചാനലുകളെ സ്വന്തം വരുതിയിലാക്കുമ്പോള്‍, പ്രധാനപ്പെട്ട വാര്‍ത്തകളെ തമസ്‌കരിക്കാനും ചര്‍ച്ച ചെയ്യേണ്ടവ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുമെന്ന് ഉറപ്പാക്കാനും ചര്‍ച്ചയുടെ സൂത്രധാരന്മാര്‍ വിശകലനങ്ങളെ വളച്ചൊടിച്ച് തങ്ങള്‍ക്കു അനുകൂലമാക്കുന്നത് ഉറപ്പാക്കാനുമൊക്കെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നു. 'ദേശീയ ചാനലുകള്‍' എന്നു വിളിക്കപ്പെടുന്ന ഇംഗ്ലീഷ് ചാനലുകളില്‍ ഭൂരിഭാഗവും ഇന്ത്യയിലിപ്പോള്‍ ഈ 'മെരുങ്ങല്‍' പ്രക്രിയയ്ക്ക് വഴങ്ങിയിരിക്കുന്നു. ടെലിവിഷനെക്കാളധികം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ എന്നിവയിലൂടെ. സാമൂഹ്യമാധ്യമങ്ങളുടെ സൈബര്‍ ആകാശത്ത് ആയിരക്കണക്കിനാളുകളെ തങ്ങള്‍ക്കനുകൂലമായ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനായി സജ്ജമാക്കി നിര്‍ത്തുകയേ വേണ്ടു. മനുഷ്യരെക്കൂടാതെ ഇന്റര്‍നെറ്റ് ബോട്ട് (Internet boat) അഥവാ വെബ് റോബോട്ടുകളെ ഉപയോഗിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന രീതിയും ഇപ്പോള്‍ വ്യാപകമാണ്. 'ബോട്ട്' എന്നത് സ്വയം പ്രവര്‍ത്തിക്കുന്നതിനായി പ്രോഗ്രാം ചെയ്ത പ്രത്യേകതരം സോഫ്റ്റ്വെയര്‍ ആണ്. അമേരിക്കയില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍, ഈ വിഷയത്തില്‍ വന്ന ഏറ്റവും പുതിയൊരു കൃതിയില്‍ പറയുന്നത് ''ട്വിറ്ററിനെപ്പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളില്‍ നല്ലൊരു ശതമാനം ബോട്ടുകളിലൂടെയാണ് സാധ്യമാക്കുന്നതെന്നാണ്.'' അവയുടെ സ്രഷ്ടാക്കള്‍ക്ക് ബോട്ടുകളുടെ മറവിലിരുന്ന്, പിടിക്കപ്പെടാതെ, വ്യാജവാര്‍ത്തയും വിദ്വേഷവും പരത്തുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു.

അമേരിക്കയില്‍ ട്രംപിനെ അധികാരത്തിലെത്തിക്കുന്നതില്‍ വ്യാജവാര്‍ത്താപ്രചരണം ഒരു പങ്ക് വഹിച്ചിരുന്നു. ഇന്ത്യയില്‍ അധികാരം നിലനിര്‍ത്തുന്നതിന് വ്യാജവാര്‍ത്ത പ്രചരണം ഇപ്പോഴും തകൃതിയായി നടക്കുന്നു. ശബരിമല വിഷയത്തില്‍ നാനാവിധത്തിലുള്ള കുപ്രചരണങ്ങള്‍ നടത്താന്‍ സംഘപരിവാര്‍ ഈ മാധ്യമങ്ങളെ ഉപയോഗിക്കുന്നു.

ഇന്ത്യയിലെ വ്യാജവാര്‍ത്താ വ്യവസായത്തെക്കുറിച്ച് ബി.ബി.സി നടത്തിയ ഏറ്റവും പുതിയ ആധികാരിക പഠനത്തിലെ ശ്രദ്ധേയമായ കണ്ടെത്തല്‍ ഇനി പറയാം. 'ഡിജിറ്റല്‍ പ്രളയ'ത്തില്‍ നഷ്ടമാകുന്ന സത്യത്തേയും വ്യാജവാര്‍ത്തയെ തീവ്ര വലതുപക്ഷ ദേശീയവാദികള്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നതുമാണ് ബി.ബി.സിയുടെ പഠനം വെളിവാക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന നുണകള്‍ സത്യത്തിന്റേയും നുണയുടേയും അതിര്‍വരമ്പുകള്‍ ഇല്ലാതാക്കി ജനങ്ങളെ സംശയാലുക്കളാക്കുന്നു. ഇതിനിടയില്‍ സാധാരണ പൗരന്മാരുടെ ശബ്ദം മുങ്ങിപ്പോകുന്നു. പലപ്പോഴും വ്യാജചിത്രങ്ങളും ഫോട്ടോകളും ഇതിനായി ഉപയോഗിക്കുന്നു. ചിന്തയെയല്ല, വികാരങ്ങളെ ഇളക്കിവിടാനാണ് ഈ നുണപ്രചരണം ലക്ഷ്യമിടുന്നത്. വ്യാജവാര്‍ത്ത ലഭിക്കുന്ന വ്യക്തികള്‍ അവരുടെ സാമൂഹിക-രാഷ്ട്രീയ സ്വത്വമനുസരിച്ചാണ് അത് കൂടുതല്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നത്. ഇതില്‍ വലതുപക്ഷത്തു നില്‍ക്കുന്നവരാണ് മുന്നില്‍. ഉദാഹരണത്തിന് കേരളത്തില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജിന് ആറ് ലക്ഷം അനുയായികള്‍ ഉള്ളപ്പോള്‍, സി.പി.എമ്മിന്റെ ഫേസ്ബുക്ക് പേജിന് മൂന്നുലക്ഷം അനുയായികള്‍ മാത്രമാണുള്ളത്. വസ്തുതകളെക്കാള്‍, ഒരാളുടെ രാഷ്ട്രീയ സ്വത്വം പ്രധാനമായി മാറുന്നു. 

വലതുപക്ഷത്തിന്റെ സ്വത്വനിര്‍മ്മിതിയേയും നുണപ്രചാരണത്തേയും സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഹിന്ദുത്വ 'മേന്മ'യും ശക്തിയും പഴമയുടെ പുനരുദ്ധാരണവും സംരക്ഷണവും 'ദേശീയ അഭിമാനം', 'പുരോഗതി' (ശക്തമായ രാഷ്ട്രം), നേതാവിന്റെ വ്യക്തിത്വവും ശക്തിയും എന്നിവയാണ്. ചിലരൊക്കെ സത്യമെന്തെന്ന് അന്വേഷിച്ചറിയാന്‍ തുനിയാറുണ്ടെങ്കിലും ഒരു വ്യാജവാര്‍ത്ത തങ്ങളുടെ രാഷ്ട്രീയ സ്വത്വത്തിന് അനുകൂലമാണെങ്കില്‍ സത്യം തിരയാതെ അത് പ്രചരിപ്പിക്കുകയാണ് പതിവ്. ട്വിറ്ററില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന 'ഹാന്‍ഡി'ലുകള്‍ ഏറെയും തീവ്ര വലതുപക്ഷത്തിന്റേതാണ്. പല ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും അക്രാമകമായ പ്രതിഷേധങ്ങള്‍ക്കും കാരണമാകുന്ന ഈ വ്യാജവാര്‍ത്തകള്‍, ശരിയായ സമസ്യകള്‍ക്കു പകരം ജനജീവിതത്തിന് അപ്രസക്തമായ വൈകാരിക സമസ്യകള്‍ക്കു പ്രാധാന്യം നല്‍കുന്നു. നാടിന്റെ ധ്രുവീകരണം ഫേസ്ബുക്കിലും കൃത്യമായി പ്രകടമാകുന്നുണ്ട്. വലതുപക്ഷത്തിന്റെ നുണപ്രചരണം ഏറ്റവും സംഘടിതമായ രീതിയില്‍ തന്നെ നടക്കുന്നതിന്റെ അപകടങ്ങള്‍ ബി.ബി.സിയുടെ പഠനം ചൂണ്ടിക്കാണിക്കുന്നു.

ഇന്റര്‍നെറ്റ് ലോകത്തിലെ ഗുണ്ടകളാണ് ട്രോളുകള്‍ (Troll) എന്നറിയപ്പെടുന്നത്. ഏറെയും തീവ്ര വലതുപക്ഷത്തിന്റെ വക്താക്കളാണ് ഈ ഓണ്‍ലൈന്‍ മാഫിയ പ്രവര്‍ത്തനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ധാരാളം പണമിറക്കി ആയിരക്കണക്കിനാളുകളെ ട്രോളുകളായി നിലനിര്‍ത്തുന്നു. തങ്ങളുടെ നിലപാടുകളോട് യോജിക്കാത്തവരെ പ്രകോപിപ്പിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയും ന്യൂനപക്ഷവിരോധം പ്രചരിപ്പിക്കുകയും ധ്രുവീകരണം സൃഷ്ടിക്കുകയും വധ-ബലാത്സംഗ ഭീഷണികള്‍ മുഴക്കുകയുമൊക്കെ ഇവരുടെ പതിവാണ്. വ്യാജവാര്‍ത്താപ്രചരണത്തിന്റെ കൂടെപ്പിറപ്പാണ് ഈ 'ട്രോളിങ്ങ്' വ്യവസായം. മതേതര-പുരോഗമന നിലപാടുള്ള സ്ത്രീകളായ പത്രപ്രവര്‍ത്തകര്‍ ഈ ട്രോളുകളുടെ പ്രിയപ്പെട്ട ഇരകളാണ്; അവരെ ദ്വയാര്‍ത്ഥമുള്ള 'സിക്കുലര്‍ പ്രസ്റ്റിട്യൂട്ടുകള്‍' (Sickular Prestitutes) എന്ന വികല നാമം നല്‍കി ഏറ്റവുമധികം അസഭ്യമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ഭീഷണികള്‍ മുഴക്കുകയും ചെയ്യുന്നു. ഇത്തരം കൃത്യങ്ങളെക്കുറിച്ച് നേരിട്ടനുഭവമുള്ള ഇന്ത്യന്‍ പത്രപ്രവര്‍ത്തകയായ സ്വാതി ചതുര്‍വേദിയുടെ 'ഞാനൊരു ട്രോള്‍' എന്ന കൃതി ഇതിനകം വായിച്ചിട്ടില്ലാത്തവര്‍ വേഗം വാങ്ങി വായിക്കേണ്ടതാണ്. ട്രോളിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്രിമിനലുകളെ തീവ്ര വലതുപക്ഷ നേതൃത്വം പ്രോത്സാഹിപ്പിക്കുകയും വിരുന്നിനു വിളിക്കുകയും 'യോദ്ധാക്കള്‍' എന്നവരെ പ്രശംസിക്കുകയും ചെയ്യുന്നതിന്റെയൊക്കെ കഥകള്‍ സ്വാതി വിവരിക്കുന്നുണ്ട്. വലതുപക്ഷ ട്രോളിങ്ങിന്റെ ഭീകരതയത്രയും ഈ കൃതി വെളിവാക്കുന്നുണ്ട്. പ്രാകൃതരായ നൂറുകണക്കിന് തീവ്ര വലതുപക്ഷ 'ട്വിറ്റര്‍' യോദ്ധാക്കളുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ അതിലുണ്ട്. ദേശദ്രോഹികളുടേയും ജനദ്രോഹികളുടേയും ഈ വലിയ അദൃശ്യ ആള്‍ക്കൂട്ടം അവരുടെ ഭീകരതയെ ന്യായീകരിക്കുന്നത് 'ദേശീയത'യുടെ പേരിലാണെന്നതാണ് ഏറ്റവും വിചിത്രം. ഓണ്‍ലൈന്‍ പ്രാകൃതത്വം പലപ്പോഴും തെരുവുകളിലേക്കൊഴുകി ആള്‍ക്കൂട്ട കൊലപാതകങ്ങളായും മറ്റും പരിണമിക്കുന്നുവെന്നതാണ് ഏറ്റവും ഭയാനകമായ സംഗതി.

പുതിയ 'പാനോപ്റ്റിക്കോണ്‍' 

ഗൂഗിളിന്റേയും ഫേസ്ബുക്കിന്റേയും ആമസോണിന്റേയും 'ആധാര്‍' കാര്‍ഡ് പോലുള്ള ഗവണ്‍മെന്റ് ഡേറ്റാ ബാങ്കുകളുടേയും ഡേറ്റാ ഫാക്ടറികള്‍ പുതിയ 'പാനോപ്റ്റിക്കോണ്‍' സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നു. സി.ഐ.എയെക്കാളും വലിയ ചാരപ്രവര്‍ത്തനങ്ങളാണ് 'ഡേറ്റാ ഖനന'ത്തിലൂടെ ഇവര്‍ നടത്തുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജറമി ബന്തം പറഞ്ഞ 'പാനോപ്റ്റിക്കോണ്‍' മണ്ഡലാകാര സംവിധാനം ഒരു ജയിലിലോ ഒരു കെട്ടിടത്തിലോ ഓഫീസിലോ ഏറിയാല്‍ ഒരു ചെറിയ നഗരത്തിലോ സീമിതമായിരുന്നു. അന്ന് ഇന്നത്തെ സാങ്കേതികവിദ്യകള്‍ ഇല്ലാതിരുന്നതിനാല്‍ പരിമിതമായ നിരീക്ഷണ സംവിധാനങ്ങളില്‍ ചാരവൃത്തി സീമിതമായിരുന്നു. ഇന്നതൊരു ആഗോള ചാര സംവിധാനമായി വളര്‍ന്നിരിക്കുന്നു. അതിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുംമുന്‍പ് 'പാനോപ്റ്റിക്കോണ്‍' എന്താണെന്ന ഹ്രസ്വ വിശകലനമാകാം.

ഗ്രീക്ക് മിത്തുകളിലെ നൂറു കണ്ണുകളുള്ള 'പാനോപ്റ്റിസ്' എന്ന ദൈവത്തിന്റെ പേരില്‍നിന്നാണ് ജറമി ബന്തം 'പാനോപ്റ്റിക്കോണ്‍' എന്ന പദമുണ്ടാക്കിയത്. ബന്തമിന്റെ പാനോപ്റ്റിക്കോണ്‍ സിദ്ധാന്തത്തെ സാംസ്‌കാരികമായി വിശകലനം ചെയ്ത മൈക്കല്‍ ഫൂക്കോ അതിനെ നിര്‍വ്വചിക്കുന്നത് ഇങ്ങനെയാണ്: ''ചുറ്റുപാടും നിരവധി മുറികള്‍ (അറകള്‍) നിറയുന്ന ഒരു മണ്ഡലാകാര കെട്ടിടം; നടുക്ക് ഒരു ഉയരമുള്ള ഗോപുരം. ഗോപുരത്തിനു ചുറ്റും വീതിയുള്ള ജനാലകള്‍. അവിടെയിരുന്ന് മണ്ഡലാകാര കെട്ടിടത്തിലെ മുറികളിലെ ഉള്‍ഭാഗത്തെ ജനാലയിലൂടെ മുറിക്കുള്ളിലെ സംഭവങ്ങള്‍ ഗോപുരത്തിലെ മേധാവിക്കു നിരീക്ഷിക്കാം; മുറികളിലെ ബാഹ്യഭാഗത്തുള്ള ജനാലയിലൂടെ ഉള്ളിലേക്ക് വെളിച്ചം കടന്നുവരുന്നതിനാല്‍ ദൃശ്യത വര്‍ദ്ധിക്കുന്നു. ഓരോ മുറിക്കും ഈ രണ്ട് ജനാലകളേ ഉണ്ടായിരിക്കുകയുള്ളൂ. അവയ്ക്കുള്ളില്‍ മനുഷ്യരെ തടവിലിടുന്നു. ഗോപുരത്തിലിരിക്കുന്ന നിരീക്ഷകന് എല്ലാ മുറികളിലും നടക്കുന്നത് നിരീക്ഷിക്കാനാകും.'' മുറിക്കുള്ളില്‍ കഴിയുന്നവരില്‍ അവര്‍ എപ്പോഴും നിരീക്ഷണത്തിലാണെന്ന ബോധമുണര്‍ത്തി, അധികാരത്തിന്റെ സ്വതന്ത്രപ്രവര്‍ത്തനം ഉറപ്പാക്കാം. ''മനസ്സിനുമേല്‍ മനസ്സിന്റെ ശക്തി ഉറപ്പാക്കുന്ന''ത് സാധ്യമാക്കുന്നത്, നിരീക്ഷിക്കപ്പെടുന്നുവെന്ന ഭീതിയിലൂടെയാണെന്ന് ബന്തം പറഞ്ഞിരുന്നു. ഗോപുരത്തിലിരിക്കുന്ന നിരീക്ഷകനെ കെട്ടിടത്തിലെ മുറികളിലുള്ളവര്‍ക്ക് കാണാന്‍ കഴിയില്ല; അയാള്‍ക്ക് എല്ലാം കാണുകയും ചെയ്യാം. ഈ പാനോപ്റ്റിക്കോണ്‍ ഒരു പരീക്ഷണശാല കൂടിയാണ്; പരീക്ഷണങ്ങള്‍ നടത്താനുള്ള യന്ത്രമായും താമസക്കാരില്‍ സ്വഭാവവ്യതിയാനങ്ങള്‍ സൃഷ്ടിക്കാനും അവരെ ചട്ടങ്ങള്‍ക്കു വിധേയമാക്കി പരിശീലിപ്പിക്കാനും 'നേര്‍വഴി'ക്ക് നടത്താനും നിരീക്ഷകനു കഴിയുന്ന പരീക്ഷണശാലയാണിത്. ഭരണാധികാരി ഇച്ഛിക്കുന്ന 'അച്ചടക്കം' ഉറപ്പാക്കുന്ന വ്യവസ്ഥ. കരാള വ്യവസ്ഥകളെ ലംഘിക്കാതെ കഴുതകളെപ്പോലെ പണിയെടുത്തു കഴിയുന്ന ജനക്കൂട്ടത്തെ സൃഷ്ടിക്കുന്നതാണ് പാനോപ്റ്റിക്കോണ്‍ സംവിധാനം. അതിന്റെ ഇലക്ട്രോണിക് രൂപമാണ് നവസാങ്കേതികവിദ്യകളിലൂടെ സൃഷ്ടിച്ചെടുക്കുന്നത്. ഏറ്റവും കഷ്ടപ്പെട്ട് അധിക സമയം പണിയെടുക്കുമ്പോള്‍ ചിന്തിക്കാന്‍ സമയം കിട്ടില്ല. 

ഗൂഗിളിനും ഫേസ്ബുക്കിനും ആമസോണിനുമൊക്കെ അവ ഉപയോഗിക്കുന്നവരുടെ വിവരഖനനത്തില്‍നിന്നും അവരുടെ 'പോസ്റ്റുകളി'ല്‍നിന്നും അവര്‍ വിലയ്ക്കു വാങ്ങുന്ന സാധനങ്ങളുടെ സ്വഭാവത്തിലും വിലയിലും നിന്നും അവരുടെ ഇ-മെയിലുകളില്‍നിന്നും അവരെക്കുറിച്ച് എല്ലാം അറിയാന്‍ കഴിയുന്നു. പരസ്യങ്ങളിലൂടെ അവരെ നിരന്തരം മെരുക്കാനും തങ്ങളുടെ വഴിക്ക് തിരിക്കാനും അവര്‍ ശ്രമിക്കും. അവരുടെ ചിന്തയുടെ സ്വഭാവം മനസ്സിലാക്കി അവരെ രാഷ്ട്രീയമായി പരുവപ്പെടുത്താന്‍ ഭരണകൂടങ്ങളെ സഹായിക്കുന്നതിന് ഡേറ്റ കൈമാറും. അത്തരം ഡേറ്റ ചോര്‍ത്തലിന് ഗൂഗിളും ഫേസ്ബുക്കും മറ്റും നിരവധി നിയമക്കുരുക്കുകളില്‍ കുടുങ്ങിയിട്ടുണ്ട്. 2013-ല്‍ എഡ്വേര്‍ഡ് സ്നോഡന്‍ വെളിപ്പെടുത്തിയ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ 'പ്രിസം കുംഭകോണം' (ജൃശാെ ടരമിറമഹ) വന്‍കിട സ്വകാര്യ ഡേറ്റാ കമ്പനികളും സര്‍ക്കാരും ഒത്തുചേര്‍ന്ന് ജനങ്ങളെ ചാരപ്രവര്‍ത്തനത്തിനു വിധേയമാക്കുന്നതിന്റെ വലിയ ഉദാഹരണമാണ്. ഇന്റര്‍നെറ്റിന്റെ ചരിത്രകാരനായ ജോണ്‍ നോട്ടണ്‍ ഈ കുംഭകോണത്തെക്കുറിച്ചു പറഞ്ഞത്: ''നമ്മുടെ പരസ്പര ബന്ധിത ലോകത്തിന്റെ രഹസ്യ വയറിംഗ് വെളിച്ചത്തു കൊണ്ടുവന്ന സംഭവം'' എന്നാണ്. നോട്ടണ്‍ തുടരുന്നു: ''ഗൂഗിള്‍, ഫേയ്സ്ബുക്ക്, യാഹു, ആമസോണ്‍, ആപ്പിള്‍, മോക്രോസോഫ്റ്റ് എന്നീ സ്വകാര്യ കമ്പനികളെല്ലാം തന്നെ അമേരിക്കന്‍ സൈബര്‍ നിരീക്ഷണ സംവിധാനത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്.'' ന്യൂയോര്‍ക്ക് ടൈംസിലെ രണ്ടു ലേഖകര്‍ പറഞ്ഞത്, സിലിക്കണ്‍ വാലി കമ്പനികളും ദേശീയ സുരക്ഷാ എജന്‍സിയും ചേര്‍ന്നു ചാരപ്രവര്‍ത്തനത്തെ ഒരു വ്യവസായമാക്കി മാറ്റുന്ന ''ഡേറ്റ ഖനനത്തിന്റെ സങ്കീര്‍ണ്ണ യാഥാര്‍ത്ഥ്യം'' ഈ സംഭവം പുറത്തു കൊണ്ടുവന്നുവെന്നാണ്. ഫേയ്സ്ബുക്കിലും ട്വിറ്ററിലും വാട്ട്സ് ആപ്പുകളിലുമെല്ലാം തങ്ങളുടെ സ്വകാര്യത ഒരു മടിയുമില്ലാതെ തുറന്നിടുന്ന ജനങ്ങള്‍ക്ക് ഈ ചാരവൃത്തിയെക്കുറിച്ച് ആശങ്കകളില്ലാത്തത് സ്വാഭാവികമാകാം. 

അരാഷ്ട്രീയവല്‍ക്കരണം

നിരീക്ഷണത്തിലൂടെ ഭീതി പരത്തുന്നതിനും 'അച്ചടക്കം' സൃഷ്ടിക്കുകയും ചെയ്യുന്നതിനു പുറമേ, ഈ നവസാങ്കേതികവിദ്യകള്‍ നല്‍കുന്ന നിരവധി 'ആനന്ദ' ഉപാധികളും നല്ലൊരു വിഭാഗത്തെ രാഷ്ട്രീയമായി മയക്കിക്കിടത്തുന്നതിനും സഹായിക്കുന്നുണ്ട്. അരാഷ്ട്രീയവല്‍ക്കരണം ജനാധിപത്യത്തിലെ ഏറ്റവും വലിയ അപകടമാണ്; അതും സ്വേച്ഛാധിപത്യത്തിന് സൈ്വരവിഹാരം നടത്താന്‍ സഹായകമാകുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചും അപ്രധാനമായ സമസ്യകള്‍ ഊതിവീര്‍പ്പിച്ചും ഫാസിസ്റ്റുകള്‍ ജനങ്ങളെ വഴിതെറ്റിച്ച് അരാഷ്ട്രീയവല്‍ക്കരിക്കുന്നു. 'ഗോസംരക്ഷണം', 'വിശ്വാസ സംരക്ഷണം', 'ആചാരസംരക്ഷണം', 'ക്ഷേത്രസംരക്ഷണം', 'പുനര്‍നാമകരണം' എന്നിങ്ങനെ നിരവധി മാര്‍ഗ്ഗങ്ങളിലൂടെ തങ്ങളുടെ ഭരണപരാജയം മറച്ചുവെയ്ക്കാനും ജീവല്‍സമസ്യകളില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാനും ഇന്ത്യയിലും തീവ്ര വലതുപക്ഷം നടത്തുന്ന ശ്രമങ്ങള്‍ നാം കാണുന്നുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് ഇപ്പോള്‍ ജനങ്ങളുടെ മയക്കുമരുന്നായി മാറിയിരിക്കുന്നു. യുവാക്കളുടെ പുതിയ ഉപഭോഗസ്വപ്നമാണ് ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍.

അമേരിക്കന്‍ നാഷനല്‍ സെക്യൂരിറ്റി ആസ്ഥാനം
അമേരിക്കന്‍ നാഷനല്‍ സെക്യൂരിറ്റി ആസ്ഥാനം


തന്റെ സ്വേച്ഛാധിപത്യം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ റഷ്യന്‍ പ്രധാനമന്ത്രി വ്ളാഡിമിര്‍ പുട്ടിന്‍ ഈ നവസാങ്കേതികവിദ്യകളെ സമര്‍ത്ഥമായി ഉപയോഗിക്കുന്നു. റഷ്യന്‍ സര്‍ച്ച് എന്‍ജിനുകളില്‍ ഏറ്റവുമധികം വരുന്ന ചോദ്യങ്ങള്‍ 'പ്രേമം എന്നാല്‍ എന്താണ്?' 'എങ്ങനെയാണ് വണ്ണം കുറയ്ക്കുന്നത്?' തുടങ്ങിയവയാണ്; 'എന്താണ് ജനാധിപത്യം?' 'മനുഷ്യാവകാശം എങ്ങനെയാണ് സംരക്ഷിക്കുക?' എന്നല്ല എന്ന് 'നെറ്റ് മതിഭ്രമം: എങ്ങനെ ലോകത്തിന്റെ വിമോചനം തടയാം' എന്ന കൃതിയില്‍ എവ്ജനി മൊറോസോവ് പറയുന്നു. യുട്യൂബിന്റെ റഷ്യന്‍ അവതാരമായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റൂട്യൂബിലും (ഞൗൗേയല), 'റഷ്യന്‍ ഡോട്ട് റൂ' എന്ന വെബ്സൈറ്റിലുമെല്ലാം വിലകുറഞ്ഞ തമാശ പ്രോഗ്രാമുകളും ഉത്തേജക വീഡിയോകളുമൊക്കെ കുത്തിനിറച്ച് യുവാക്കളെ അവയിലേക്ക് ആകര്‍ഷിച്ച് അവരെ

അരാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ കഥയും മൊറോസോവ് തുടര്‍ന്നു പറയുന്നുണ്ട്. ഡിജിറ്റല്‍ സമൃദ്ധിയുടെ പുളപ്പില്‍, രാഷ്ട്രീയ-ചരിത്ര-സാമൂഹിക ബോധങ്ങളില്‍നിന്നകലുന്ന ഒരു തലമുറയെ സൃഷ്ടിക്കാന്‍ മുതലാളിത്ത മേലാളര്‍ ശ്രമിച്ചുകൊണ്ടിരിക്കും. 'വ്യാജവിവരങ്ങളുടെ യുഗം' എന്ന കൃതിയില്‍ ഷഹീദ് നിക്ക് മൊഹമ്മദ് പറയുന്നത് അറിവിന്റെ പ്രചാരത്തിലധികം, ഇന്റര്‍നെറ്റ് വിവരക്കേട് പ്രചരിപ്പിക്കുന്നുവെന്നാണ്. അമേരിക്കയിലെ ഇന്നത്തെ യുവത്വം 'ഏറ്റവും മന്ദബുദ്ധികളായ തലമുറ' (ഊായെേല ഴലിലൃമശേീി) ആണെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളതും അദ്ദേഹം എടുത്തെഴുതുന്നു. ചരിത്രവും ഭൂമിശാസ്ത്രവും ശാസ്ത്രവും സാഹിത്യവുമൊന്നും അവര്‍ക്കു വശമില്ല.

ഈ അരാഷ്ട്രീയവല്‍ക്കരണത്തിന്റെ മറ്റൊരു കാരണം, നവസാങ്കേതികവിദ്യകള്‍ വളര്‍ത്തുന്ന 'സാങ്കേതിക യൂട്ടോപ്യനിസ'മാണ് (ഠലരവിീഡീേുശമിശാെ). എല്ലാ സമസ്യകളും സാങ്കേതികവിദ്യകള്‍കൊണ്ട് പരിഹരിക്കാനാകുമെന്നും ഘടനാപരമായ സാമൂഹിക മാറ്റങ്ങള്‍ ആവശ്യമില്ലെന്നുമുള്ള മിഥ്യാധാരണ അതു പരത്തുന്നു. സാമൂഹിക സംഘര്‍ഷങ്ങള്‍ക്കു പകരം, ഉപകരണങ്ങളിലൂടെ 'വിമോചനം' (ഘശയലൃമശേീി യ്യ ഴമറഴലെേ) സിദ്ധാന്തം പ്രചരിപ്പിക്കപ്പെടുന്നു. സാങ്കേതികവിദ്യ നല്‍കുന്ന താല്‍ക്കാലിക സുഖങ്ങളില്‍ മുഴുകി, എതിര്‍പ്പുകള്‍ മറന്ന് മന്ദീഭവിച്ചു കിടക്കുന്ന സമൂഹത്തിലാണ് തീവ്ര വലതുപക്ഷം വിളവിറക്കുന്നത്. ഈ അവസ്ഥയെക്കുറിച്ചുള്ള നിരാശാബോധമല്ല നമുക്കു വേണ്ടത്; കാരണം, നിരാശാബോധം കൂടുതല്‍ അരാഷ്ട്രീയവല്‍ക്കരണത്തിനു കാരണമായേക്കാം. ഒരുപക്ഷേ, സാമൂഹ്യ മാധ്യമങ്ങളെത്തന്നെ ചെറുത്തുനില്പിന് ഉപയോഗിക്കാം. മുതലാളിത്തത്തിന്റെ പരാജയവും ആസന്നമായ തകര്‍ച്ചയും നവസാങ്കേതികവിദ്യകള്‍ സൃഷ്ടിക്കാന്‍ പോകുന്ന വ്യാപകമായ തൊഴില്‍ നഷ്ടവും അവയിലൂടെ നടക്കുന്ന സമ്പത്തിന്റെ കേന്ദ്രീകരണവുമൊക്കെ ശക്തമായി ജനങ്ങളിലേക്ക് പകര്‍ന്നു നല്‍കുക എന്നതാണ് ഇന്നു പുരോഗമന ബുദ്ധിജീവികളുടെ ധര്‍മ്മം. ആസന്നമായ ഭാവിയില്‍ സ്വേച്ഛാധിപത്യത്തിനും മുതലാളിത്തത്തിനും എതിരെ വലിയ ചെറുത്തുനില്പുകള്‍ ഉയര്‍ന്നുവരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

ഭരണകൂട സ്വേച്ഛാധിപത്യം

ഇന്റര്‍നെറ്റിന്റെ ചില ആദ്യകാല സൈദ്ധാന്തികര്‍ സ്വപ്നം കണ്ട ഹരിത-ജനാധിപത്യ-സോഷ്യലിസ്റ്റ് യൂട്ടോപ്യയല്ല, നേര്‍വിരുദ്ധമായ ഒരു മുതലാളിത്ത ഡിസ്റ്റോപ്യയാണ് അത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അത് ധനികരുടേയും ടെക്നോക്രാറ്റുകളുടേയും ഭരണകൂടങ്ങളുടേയും അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെ സ്വേച്ഛാധിപത്യം വളരുന്നതിനും സഹായകമാകുന്നു. ഈ നവസാങ്കേതികവിദ്യ ചരിത്രത്തേയും രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തേയും തമസ്‌കരിക്കുന്നു. ഒരു തലമുറയുടെ ചരിത്രബോധത്തെ ഇല്ലായ്മ ചെയ്ത്, അവരെ അരാഷ്ട്രീയവല്‍ക്കരിക്കുന്നു. വികേന്ദ്രീകൃത മുതലാളിത്തമല്ല, കേന്ദ്രീകൃത സ്വേച്ഛാധിപത്യമാണ് അത് സൃഷ്ടിക്കുന്നത്. ഇന്റര്‍നെറ്റ് ചരിത്രകാരനായ ജോണ്‍ നോട്ടന്റെ ചില വരികള്‍ എടുത്തെഴുതിക്കൊണ്ട് റോബര്‍ട്ട് മക്ചെസ്നി പറയുന്നത്: ''മിലിട്ടറിയും ദേശീയ സുരക്ഷാ ഏജന്‍സികളും ഇന്റര്‍നെറ്റിനെ അവരുടെ സ്വന്തമാക്കാന്‍ പാടുപെടുന്നു. അവരെ സംബന്ധിച്ച് ചാരവൃത്തി നടത്താനായി സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ച സാങ്കേതികവിദ്യയാണത്. കാരണം, ചെലവുകൂടിയവരും തെറ്റുചെയ്യുന്നവരുമായ മനുഷ്യരെക്കാള്‍ ചാരവൃത്തിക്ക് ഏറ്റവും ഉപയുക്തമായ മാധ്യമമാണ് കംപ്യൂട്ടറുകള്‍'' എന്നാണ്.


ഇന്റര്‍നെറ്റ് കമ്പനികളുടെ കൈവശമുള്ള ഡേറ്റ, രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും അവര്‍ ശ്രമിക്കുന്നു. 'കേംബ്രിഡ്ജ് അനലറ്റിക്ക' എന്ന കമ്പനി ഫേസ്ബുക്കുമായി ചേര്‍ന്നു നടത്തിയ ഡേറ്റ ദുരുപയോഗം ഈയിടെ ഏറെ ചര്‍ച്ചാവിഷയമായി. ഫേസ്ബുക്ക് സ്ഥാപകനും ഉടമയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് രണ്ടു തവണ അമേരിക്കന്‍ പാര്‍ലമെന്റ് കമ്മിറ്റികളുടെ മുന്‍പില്‍ ഹാജരായി കുറ്റസമ്മതം നടത്തേണ്ടിവന്നു. റഷ്യന്‍ ഇന്റര്‍നെറ്റ് ഗുണ്ടകള്‍ (ഒമരസലൃ) അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമങ്ങളും പ്രസിദ്ധമാണ്. സൈബര്‍ തുറസ്സുകളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ഭരണകൂടങ്ങളും നിരന്തരം ശ്രമിക്കുന്നു. ഇതേക്കുറിച്ച് നടത്തിയ ഒരു ആഗോളപഠനം വെളിവാക്കുന്ന വസ്തുതകള്‍ ഇവയാണ്: 

*    കഴിഞ്ഞ എട്ടുവര്‍ഷമായി പലവിധത്തിലും ലോകത്താകമാനം ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം കുറഞ്ഞുകൊണ്ടിരിക്കുന്നു. ജൂണ്‍ 2017 മുതല്‍ 26 രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം കുറഞ്ഞു. 'വ്യാജവാര്‍ത്ത' പ്രചരിപ്പിക്കുന്നുവെന്ന പേരില്‍ 17 രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുന്ന നിയമങ്ങള്‍ അംഗീകരിക്കുകയോ പരിഗണനയ്ക്ക് എടുക്കുകയോ ചെയ്തു.

* ഇന്റര്‍നെറ്റ് ഡേറ്റയില്‍ കൈകടത്തുന്നതിനായി 18 രാജ്യങ്ങള്‍ ചാരപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കി.

* ഡിജിറ്റല്‍ സ്വേച്ഛാധിപത്യ വളര്‍ച്ചയില്‍ മുന്‍നിരയിലുള്ള ചൈന നടത്തിയ ആഗോള പരിശീലന കളരികളില്‍, 36 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
ലോകത്തിലെ മൊത്തം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 40 ശതമാനം (140 കോടി) ചൈന, ഇന്ത്യ, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങളിലാണ്. ഇതില്‍ ചൈനയില്‍ 74 കോടിയും ഇന്ത്യയില്‍ 42 കോടിയും ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയുമുണ്ട്. കൂടാതെ ഈജിപ്ത്, ശ്രീലങ്ക, കമ്പോഡിയ, കെനിയ, നൈജീരിയ, ഫിലിപ്പൈന്‍സ്, വെനിസ്വേല, യുക്രെയ്ന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണുള്ളത്. മുന്‍പു പറഞ്ഞ പഠനത്തില്‍ 43-ാം റാങ്കുള്ള ഇന്ത്യയെ 'ഭാഗികമായി സ്വാതന്ത്ര്യം' എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീരെ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളില്‍ 73-ാം റാങ്കുള്ള പാകിസ്താനും 88-ാം റാങ്കുളള ചൈനയുമുണ്ട്; ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം ഏറ്റവും കുറഞ്ഞ രാജ്യമാണ് ചൈന. അവര്‍ നടപ്പിലാക്കുന്ന നെറ്റ് സ്വേച്ഛാധിപത്യം, മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ചൈന സ്വാധീനം ചെലുത്തുന്നതായും ഈ പഠനം പറയുന്നു.

ഡിജിറ്റല്‍ സാങ്കേതികവിദ്യയെ സമ്പൂര്‍ണ്ണ സ്വേച്ഛാധിപത്യത്തിനായി ഉപയോഗിക്കാനുള്ള പരീക്ഷണം സജീവമായി നടക്കുന്ന രാജ്യമാണ് മുതലാളിത്ത പാത സ്വീകരിച്ച ചൈന. ഷീ ജിങ്പിങ് ഇപ്പോള്‍ ചൈനയുടെ സ്വേച്ഛാധിപതിയാണ്. നിലവിലുള്ള സ്വാതന്ത്ര്യ നിയന്ത്രണങ്ങള്‍ക്കു പുറമെ, എല്ലാ ചൈനക്കാര്‍ക്കും പുതിയൊരു 'മാര്‍ക്കിടല്‍ സിസ്റ്റം' (Rating system) ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. സോഷ്യല്‍ ക്രെഡിറ്റ് (Social credit system) എന്നാണവര്‍ അതിനെ വിളിക്കുന്നതെങ്കിലും വിമര്‍ശകര്‍ പറയുന്നത് 'വിശ്വാസനിലവാര'ത്തിനുള്ള മാര്‍ക്കാണ് (S system of rating social trust) നല്‍കുന്നതെന്നാണ്. നിലവിലുള്ള സ്വേച്ഛാധിപത്യ ഭരണത്തെ മനസ്സുകൊണ്ടുപോലും എതിര്‍ക്കുന്നവരെ കണ്ടെത്തി, അവര്‍ക്ക് നിരവധി കാര്യങ്ങളില്‍ (ഉദാഹരണത്തിന് ബാങ്കില്‍നിന്നുളള കടം) വിലക്ക് ഏര്‍പ്പെടുത്തി ജീവിതം ദുസ്സഹമാക്കുകയെന്നതാണ്  ഉദ്ദേശ്യം. 2020-നകം 140 കോടി ചൈനക്കാരിലേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതി ഇപ്പോള്‍ 30 നഗരങ്ങളില്‍ പൈലറ്റ് രൂപത്തില്‍ നടപ്പിലാക്കിവരുന്നു. മുതലാളിത്ത വളര്‍ച്ചയുടെ പാതയും സ്റ്റാലിനിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ ഇലക്ട്രോണിക് രൂപവും ഇവിടെ സംഗമിക്കുന്നു. കഴിഞ്ഞ മൂന്നു ദശകങ്ങളിലെ മുതലാളിത്ത വളര്‍ച്ചയുടെ സൃഷ്ടിയായ സുഖലോലുപരായ വലിയ ചൈനീസ് മധ്യവര്‍ഗ്ഗം ഇതിനോടൊക്കെ എങ്ങനെ പ്രതികരിക്കുമെന്നു കണ്ടറിയേണ്ടതാണ്. ഒരുപക്ഷേ, അവരുടെ പണമുണ്ടാക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതുകൊണ്ട്, ജനാധിപത്യ സ്വാതന്ത്ര്യം അവര്‍ അടിയറവച്ചെന്നു വരാം. ചൈനയിലും ഒരു ദിനം മുതലാളിത്ത വളര്‍ച്ച, വിഭവ പ്രതിസന്ധികളെ നേരിട്ട് തകരുക തന്നെ ചെയ്യും. അതിന്റെ പ്രത്യാഘാതങ്ങളെ നേരിടാന്‍ സ്വേച്ഛാധിപത്യമുറകള്‍ സ്വീകരിച്ചാല്‍, ഓര്‍വെല്ലിയന്‍ പേടിസ്വപ്നം ഒരു യാഥാര്‍ത്ഥ്യമായി മാറും.

ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന 43-ാം റാങ്കിനെക്കുറിച്ച് മുന്‍പ് പറഞ്ഞുവല്ലോ; സ്വതന്ത്ര ചിന്ത തടയാനും പുരോഗമന ആശയങ്ങള്‍ക്കു കൂച്ചുവിലങ്ങിടാനും മാധ്യമസ്വാതന്ത്ര്യം ക്ഷയിപ്പിക്കാനും ചാരപ്രവര്‍ത്തനത്തിനുമൊക്കെയായി ഡിജിറ്റല്‍ സാങ്കേതികവിദ്യകളെ ഉപയോഗിക്കാനുള്ള ശ്രമം ഇന്ത്യയിലും നടക്കുന്നുണ്ട്. എല്ലാ പൗരന്മാരുടേയും ബയോമെട്രിക് ഡേറ്റ ശേഖരിച്ച് അവര്‍ക്കുമേല്‍ നിരീക്ഷണം നടത്താനുള്ള ശ്രമമായിരുന്നു 'ആധാര്‍' കാര്‍ഡ്. അതിന്റെ ഭീകരത കുറയ്ക്കാന്‍ സുപ്രീംകോടതിയുടെ വിധി സഹായകമായി. എങ്കിലും ആ കേസിന്റെ വാദം കേള്‍ക്കുന്ന സമയത്ത് ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞത്: ''പൗരന്റെ സ്വകാര്യത എന്നത് ഒരു മൗലികാവകാശമല്ല'' എന്ന വികല ന്യായമാണ്. 'സ്വകാര്യത ഉറപ്പാക്കുന്ന നിയമം' (Privacy law) ഇല്ലാത്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. സ്വകാര്യത ഒരു മൗലിക അവകാശമായി അംഗീകരിക്കുന്ന ഉത്തരവ് സുപ്രീംകോടതി 2018-ല്‍ പുറപ്പെടുവിച്ചു. പരാജയപ്പെട്ട നോട്ട് നിരോധനത്തിനു ശേഷം, കണ്ടെത്തിയ 'ഡിജിറ്റല്‍ ഇന്ത്യ'യുടെ നിര്‍ബ്ബന്ധിത നടപ്പാക്കലാണ് മറ്റൊരു സ്വേച്ഛാധിപത്യ പദ്ധതി. സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരാന്‍ പല ശ്രമങ്ങളും നടന്നെങ്കിലും ഇതുവരെ സഫലമായിട്ടില്ല. സദാ ജാഗ്രത്തായ ഒരു സമൂഹത്തിനു മാത്രമേ ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com