അപൂര്‍വ്വ വരകളുടെ അപൂര്‍വ്വ അച്ഛന്‍; പ്രിയ എഎസ് എഴുതുന്നു

ജീവിതത്തില്‍ ചെയ്ത പാപങ്ങളെണ്ണിപ്പെറുക്കിയുള്ള ക്രിസ്തീയ പ്രാര്‍ത്ഥനകള്‍ ചില്ലുപേടകത്തിനുള്ളിലെ ജീവനറ്റ ശരീരത്തിനെ പൊതിയുന്ന നേരത്ത് പന്തലിലെ കസേരയിലിരുന്ന് ഞാനാലോചിച്ചു,
അപൂര്‍വ്വ വരകളുടെ അപൂര്‍വ്വ അച്ഛന്‍; പ്രിയ എഎസ് എഴുതുന്നു

ജീവിതത്തില്‍ ചെയ്ത പാപങ്ങളെണ്ണിപ്പെറുക്കിയുള്ള ക്രിസ്തീയ പ്രാര്‍ത്ഥനകള്‍ ചില്ലുപേടകത്തിനുള്ളിലെ ജീവനറ്റ ശരീരത്തിനെ പൊതിയുന്ന നേരത്ത് പന്തലിലെ കസേരയിലിരുന്ന് ഞാനാലോചിച്ചു, ക്ലിന്റ് എപ്പോഴെങ്കിലും മരണം വരച്ചിട്ടുണ്ടോ?

ക്ലിന്റിനെക്കുറിച്ചുള്ള ഏതു ചോദ്യവും മുഴുവനാകും മുന്‍പേ, ഉത്തരം ഒറ്റവാക്കിലൊതുക്കാതെ ഏതൊക്കെയോ സംഭവവിവരണങ്ങള്‍ സഹിതം കഥപോലെ മുന്നില്‍ വരച്ചിടാന്‍ പറ്റുന്ന രണ്ടേ രണ്ടാളുകള്‍ ജോസഫും ചിന്നമ്മയും. അതിലെ ജോസഫാണ് പള്ളിപ്രാര്‍ത്ഥനകളും കേട്ട് ചില്ലുപേടകത്തിനുള്ളിലെ സമയമാംരഥത്തില്‍. ജോസഫ് കൂടെ കൂട്ടാത്തതില്‍ തളര്‍ന്നിരിപ്പാണ് ചിന്നമ്മച്ചേച്ചി... പിന്നാരോടു ചോദിക്കും എന്റെ ചോദ്യം? 
ചുണ്ടിനുമേലെ കൈവച്ച് ''മോളെ, കേക്കുന്നുണ്ടോ ഈ പ്രാര്‍ത്ഥനകളിലെ പാപക്കണക്കൊക്കെ'' എന്ന് ജോസഫ് അടക്കിച്ചിരിക്കുന്നതായി തോന്നി ജാതിമരച്ചോട്ടില്‍ കാറ്റിളകിയപ്പോള്‍. ഈ പ്രാര്‍ത്ഥനയുടെയൊന്നും അകമ്പടിയില്ലാതെ തന്നെ യേശു നേരിട്ടു  വന്നാവും ജോസഫിനേയും ചിന്നമ്മയേയും സ്വര്‍ഗ്ഗയാത്രയ്ക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുപോവുക എന്ന നിശ്ചയം കാരണം എനിക്കുമപ്പോള്‍ നീറ്റലിനിടയിലൂടെ ചിരിയൂറി. കാരണം ജോസഫും ചിന്നമ്മയും എവിടെ ചെയ്തിരിക്കുന്നു പാപം? അവര്‍ക്കറിയുന്ന ഒരേയൊരു പാപം സ്‌നേഹമാണ്. ജീവജാലങ്ങളെ മുഴുവന്‍ അവരോളം സ്‌നേഹിച്ച മറ്റാരുമില്ല.

ക്ലിന്റ് എന്ന വര, അവന്‍ ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും പൂര്‍ണ്ണമായത് ജോസഫെന്നും ചിന്നമ്മയെന്നും പേരുള്ള രണ്ടു മനുഷ്യര്‍. അവന്‍ ചാലിച്ച നിറങ്ങള്‍ക്ക് കൂട്ട് മാലാഖമാരും കാവല്‍ മാലാഖമാരും ആയിരുന്നതുകൊണ്ടാണ്. വെറും സാധാരണ മനുഷ്യരായിരുന്നു അവര്‍. ഒരു ജീനിയസിന്റെ വരകള്‍ക്ക് വിളക്കാവാനോ കൂട്ടാവാനോ കാവലാകാനോ തക്കവിധമുള്ള മന:ശാസ്ത്ര സംഹിതകളൊന്നും പരിചയമില്ലാത്ത രണ്ടു സാധാരണക്കാര്‍. സാധാരണക്കാരായ രണ്ടു മനുഷ്യര്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യതകളേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളു. വേറിട്ടുയര്‍ന്നു നില്‍ക്കുന്ന സാംസ്‌കാരിക പശ്ചാത്തലമുള്ള വീടുകളില്‍നിന്നും വരുന്നവരുമായിരുന്നില്ല അവര്‍.

പക്ഷേ, മകന്റെ വര തെളിഞ്ഞുവരുന്നത്, ഒരു വരപോലും അറിയാത്ത അവര്‍ സാകൂതം നോക്കിനിന്നു. അതിവിവരശാലികളായ അച്ഛനമ്മമാര്‍പോലും ''കണ്ണില്‍ക്കണ്ടിടത്തൊക്കെ വരക്കല്ലേ, നാറുന്ന മീനിനെ തിരിച്ചിട്ടും മറിച്ചിട്ടും വീട്ടിനകത്തേയ്ക്കു കൊണ്ടുവന്ന് നോക്കല്ലേ, കൂടാന്‍ പോയ കല്യാണത്തിന്റെ പകുതിക്കുവച്ച് ബാ, തിരിച്ചുപോകാം എന്നു മടുപ്പു പറഞ്ഞ് വാശിപിടിക്കല്ലേ'' എന്നെല്ലാം വിലക്കുകള്‍ കല്പിക്കുന്നയിടത്തുകൂടിയെല്ലാം അവര്‍ അവനൊപ്പം ചേര്‍ന്നു നടന്നു. 

വരക്കുട്ടിയുടെ ലോകത്തിന്റെ നിറവും ചിറകും അതിരും നമ്മള്‍ സാധാരണക്കാരുടേതുപോലല്ല എന്നു തിരിച്ചറിഞ്ഞ് അവരവന്റെ വരത്താളത്തിനും മനത്താളത്തിനും ഒപ്പിച്ചു തുള്ളി. അവനൊപ്പിച്ച് അവര്‍ താളം തുള്ളിയില്ലായിരുന്നു എങ്കില്‍ എഡ്മഡ് ക്ലിന്റ് എന്ന ഏഴു വയസ്സുകാരന് ലോകം വിടും മുന്‍പ് ഇത്രയേറെ കാഴ്ചകള്‍ കിട്ടുമായിരുന്നില്ല, നിറങ്ങള്‍ സ്വത്താകുമായിരുന്നില്ല, ചായങ്ങളും വേദികളും അവന് കൂട്ടു വരുമായിരുന്നില്ല, ഇത്രമാത്രം വരവൈവിദ്ധ്യങ്ങള്‍ തന്നു യാത്ര പോകാന്‍ അവനാകുമായിരുന്നില്ല.

ക്ലിന്റ് അസാമാന്യ ജീനിയസായിരുന്നു എന്നു സമ്മതിക്കാതെ വയ്യ. എങ്കില്‍, അവന്റെ അച്ഛനുമമ്മയും അസാമാന്യ ഉള്‍ക്കാഴ്ചയുള്ള അപൂര്‍വ്വ ഇനം അച്ഛനമ്മമാരായിരുന്നുവെന്നും സമ്മതിച്ചേ പറ്റൂ. വേറെ ആരുടെ മകനായി പിറന്നിരുന്നുവെങ്കിലും ക്ലിന്റിന് ഈ വരയുയരം ഉണ്ടാകുമായിരുന്നില്ല. ആ ഒരു തിരിച്ചറിവുകൊണ്ടാണ് ക്ലിന്റിന്റെ അച്ഛനേയും അമ്മയേയും അളക്കേണ്ടത്. 
ക്ലിന്റിന്റെ അച്ഛനുമമ്മയും എന്നതല്ല അവരുടെ മാഹാത്മ്യം. ക്ലിന്റിനു പറ്റിയ അച്ഛനുമമ്മയും എന്നുപോലുമല്ല, ക്ലിന്റിന് ഈ ലോകത്തേയ്ക്കു വച്ചു കിട്ടാവുന്നതിലേറ്റവും അനുയോജ്യരായ അച്ഛനുമമ്മയും എന്നതാണ് എന്റെ വിലയിരുത്തല്‍.

ഒരിക്കല്‍, അതായത് 2017-ലെ ക്രിസ്മസ് കാലത്ത് എന്റെ മകന്‍ ജോസഫിനോടും ചിന്നമ്മയോടും ഫോണിലൂടെ ക്രിസ്മസ് കുശലങ്ങള്‍ ചോദിക്കുകയും ''നിങ്ങള് നക്ഷത്രമിട്ടോ ക്ലിന്റങ്കിളേ?'' എന്നു തിരക്കുകയും ''ക്ലിന്റായിരുന്നില്ലേ മോനേ ഞങ്ങളുടെ നക്ഷത്രം...'' എന്ന് ജോസഫ് മറുപടി പറഞ്ഞതു കേട്ട് കൂമ്പിയ മുഖവുമായി സങ്കടപ്പെട്ട് അവന്‍ എന്റെയരികില്‍ വന്നു നില്‍ക്കുകയും ചെയ്തു. ഇപ്പോഴുമെന്റെ മനസ്സില്‍ വലിയൊരു നക്ഷത്രംപോലെ ആ വാചകം ആടിയുലഞ്ഞു കിടക്കുന്നു. ഒപ്പം ഞാന്‍ തിരിച്ചറിയുന്നു ആ നക്ഷത്രവിളക്കിനു തെളിഞ്ഞുകിടക്കാനുള്ള ആകാശമേലാപ്പായിരുന്നു ചിന്നമ്മയും ജോസഫും. 

നക്ഷത്രമില്ലാത്ത ആകാശമുണ്ടാകാം;
പക്ഷേ, ആകാശമില്ലാതെ നക്ഷത്രമില്ല

ജോസഫ് കിടക്കുന്ന ചില്ലുപെട്ടിക്കടുത്ത്, ക്ലിന്റിനെക്കുറിച്ച് A Brief Hour Of Beauty എന്ന പുസ്തകമെഴുതിയ അമ്മുനായരുടെ അമ്മയുടെ തോളിലേക്ക് ചാഞ്ഞ് തളര്‍ന്നിരുന്ന്, ഞാനടുത്തു ചെന്നപ്പോള്‍ എന്റെ കൈയെടുത്തു പിടിച്ച് ഒന്നും മിണ്ടാതെ ചിന്നമ്മച്ചേച്ചി ഇരിക്കുന്ന ഈ മഞ്ഞുമ്മല്‍ വീട്ടിലേയ്ക്ക് ഞാന്‍ മുന്‍പൊരു തവണ വന്നിട്ടുണ്ട്. ക്ലിന്റ് ചിത്രത്തിന്റെ സംവിധായകന്‍ ഹരികുമാറിനൊപ്പം. ചിത്രത്തിന്റെ പൂജയുടെ തലേന്ന്...
''ക്ലിന്റുമായി ഏറ്റവുമടുപ്പമുള്ളയാളാണ് പ്രിയ'' എന്ന് ജോസഫ് എനിക്കു ചാര്‍ത്തിത്തന്ന മേല്‍വിലാസപ്രകാരം എന്റെ വീടിന്റെ ഗേറ്റില്‍ വന്ന് ചിന്നമ്മച്ചേച്ചിക്കും ജോസഫിനുമൊപ്പം ഹരികുമാര്‍ സര്‍ എന്നെ കൂട്ടത്തില്‍ കൂട്ടി. ക്ലിന്റിന്റെ കല്ലറയിലും ക്ലിന്റ് മുട്ടിലിഴയുന്ന പ്രായത്തില്‍ മുറ്റത്തെ മണ്ണില്‍ കോറിയിട്ട വരകളുടെ ഓര്‍മ്മമുദ്രകള്‍ പേറിനില്‍ക്കുന്ന ചിന്നമ്മച്ചേച്ചിയുടെ വീട്ടിലേക്കും അന്നു ഞങ്ങള്‍ പോയി.

അന്നെന്നെ കൂട്ടി ആ മുറ്റത്തും വീടിനകത്തും നടന്ന് ജോസഫ് തുരുതുരാ ക്ലിന്റ് കഥകള്‍ പറഞ്ഞു. ചിന്നമ്മച്ചേച്ചിയുടെ ജിം വിദഗ്ദ്ധനാങ്ങള മുറ്റത്തിറങ്ങിനിന്ന് എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ തിരിഞ്ഞുനോക്കുമ്പോള്‍, തൊട്ടുപിന്നില്‍ വരവിദ്വാന്‍ കുട്ടിയങ്ങനെ വരച്ചു മുന്നേറുന്ന കാഴ്ചയാവും. എക്‌സര്‍സൈസ് ചെയ്യുന്ന മൂച്ചില്‍ എങ്ങാനും വരക്കുഞ്ഞനെ ചവിട്ടിപ്പോയിരുന്നെങ്കിലോ എന്നു വിചാരിച്ച് കളം മാറ്റിച്ചവിട്ടുന്നയാള്‍ പിന്നെ തിരിഞ്ഞുനോക്കുമ്പോഴും താന്‍ നില്‍ക്കുന്നിടത്തോളവും  വര തന്നെ വര...!
മേക്കാമോതിരമിട്ട് ചട്ടേം മുണ്ടും ഉടുത്ത് ദീവാനിലിരുന്ന അമ്മമ്മയെ (ചിന്നമ്മച്ചേച്ചിയുടെ അമ്മയെ) അവന്‍ വരച്ചിട്ടേയില്ലെന്നു കേട്ട് ഞാനത്ഭുതപ്പെട്ടു. വെന്തിങ്ങയും വിശറിയും മേക്കാമോതിരവും വരയാളെ എങ്ങനെ ആകര്‍ഷിക്കാതെ പോയി?

ക്ലിന്റിനെ വര പഠിപ്പിച്ച മണല്‍ത്തരികളെ സാക്ഷിനിര്‍ത്തി അന്നെനിക്കതെല്ലാം വിസ്തരിച്ചു തന്നയാള്‍ നിശ്ചേതനായി കിടക്കുന്ന ചില്ലുപേടകത്തിന്റെ കാല്‍ക്കല്‍ വെളുത്തപൂക്കള്‍... ഞാനോര്‍ത്തു, ക്ലിന്റിനു താമരപ്പൂക്കളാണിഷ്ടം.
സെമിത്തേരിമുറ്റത്തെ ക്ലിന്റിന്റെ വരക്കിടപ്പ് കാണിക്കാന്‍ മകനേയും കൊണ്ടുപോയ നേരത്ത്, ജോസഫ് പറഞ്ഞുതന്നിട്ടുള്ള ക്ലിന്റിന്റെ താമരപ്പൂവിഷ്ടം മനസ്സിലുള്ളതുകൊണ്ട് തൃക്കാക്കര അമ്പലത്തില്‍നിന്ന് താമരപ്പൂ വാങ്ങി (ഹിന്ദു ദൈവങ്ങളെ വരക്കുന്ന കുട്ടിക്ക് വാമനന്റെ താമരപ്പൂക്കള്‍ കൂടുതലിഷ്ടമായേനെ എന്ന് ഉള്ള്, ഭ്രാന്ത് പറഞ്ഞതിന്‍ പ്രകാരം) ആ കല്ലറയില്‍ വച്ചിട്ടുണ്ട്. 

അമ്പലം തുറക്കുന്ന വൈകുന്നേര സമയമാകാത്തതുകൊണ്ടുമാത്രം  'താമരപ്പൂ പ്ലാന്‍' നടക്കാതെവന്നു ഹരികുമാര്‍ സാറിനൊപ്പമുള്ള ആ മഞ്ഞുമ്മല്‍ ദിവസം. ഞാനായി വിവരിച്ചു കൊടുത്ത ക്ലിന്റിന്റെ താമരപ്പൂവിഷ്ടം ഓര്‍മ്മവച്ച് ഹരികുമാര്‍സര്‍ ഒരു കെട്ട് താമരപ്പൂക്കളും കൊണ്ടാണ് വന്നിരിക്കുന്നതെന്നു കണ്ട് അന്നെനിക്ക് ആശ്വാസമായി. 
ജോസഫ് പോയപ്പോഴും ആലോചിച്ചു, വാമനന്റെ താമരപ്പൂ വാങ്ങി ജോസഫ് വശം ക്ലിന്റിനു കൊടുത്തുവിട്ടാലോ ? ഇത്തിരി സ്വബോധം വന്ന നേരത്തെങ്ങോ ആ തോന്നലിനെ ക്യാന്‍സല്‍ ചെയ്തുകളഞ്ഞുവെങ്കിലും ജോസഫിന്റെ കാല്‍ക്കലിരിക്കുന്ന ഓരോ വെള്ളപ്പൂവും വെള്ളത്താമരയായി അവിടെ ഞാനിരുന്ന നേരമൊക്കെയും എനിക്കനുഭവപ്പെട്ടു...
വെറുതെ ഒരു തോന്നല്‍ വന്ന് ചിന്നമ്മച്ചേച്ചിയെ വിളിച്ചപ്പോള്‍ ജോസഫിന്റെ വയ്യായ്കക്കാര്യവും മഞ്ഞുമ്മല്‍ ആശുപത്രിവാസവും അറിഞ്ഞതാണ് എങ്കിലും ജോസഫിനെ ജീവനോടെ കാണാന്‍ കഴിയാതിരുന്നതിലെ കുറ്റബോധവുമായി ഞാനവിടെ ഇരിക്കുമ്പോള്‍ ജോസഫിന്റെ പതിനഞ്ചാം വയസ്സു തുടങ്ങിയുള്ള കൂട്ടുകാരനും അമ്മുനായരുടെ അച്ഛനും എന്റെ തൃക്കാക്കര അയല്‍ക്കാരനും ആയ നളിനാക്ഷനങ്കിള്‍ അടുത്തുവന്നിരുന്നു.. 
ക്ലിന്റിനൊപ്പം വളര്‍ന്ന അമ്മുനായരെഴുതിയ ക്ലിന്റിനെക്കുറിച്ചുള്ള പുസ്തകം ജോസഫിന്റെ ആഗ്രഹപ്രകാരം സമകാലിക മലയാളം വാരികയ്ക്കായി റിവ്യു ചെയ്തത് ഞാനാണ്. അമ്മുവിന്റെ പുസ്തകം വിവര്‍ത്തനം ചെയ്യണം ഞാന്‍ എന്നും ഹരികുമാര്‍ സാറിന്റെ ക്ലിന്റ് സിനിമയ്‌ക്കൊപ്പം അത് പ്രകാശനം ചെയ്യണമെന്നും ജോസഫിന് ആഗ്രഹമുണ്ടായിരുന്നു എങ്കിലും പല കാരണങ്ങള്‍ കൊണ്ട് അതൊന്നും നടന്നില്ല.

ക്‌ളിന്റിന്റെ ഓര്‍മകളില്‍ ചിന്നമ്മയും ജോസഫും
ക്‌ളിന്റിന്റെ ഓര്‍മകളില്‍ ചിന്നമ്മയും ജോസഫും

''വില്‍പവറുണ്ടെങ്കില്‍ ഒരുപക്ഷേ, തിരിച്ചുവന്നേക്കാം ജോസഫ് ജീവിതത്തിലേക്ക്'' എന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം എന്നും ''അതില്ലാതായിട്ട് നാളേറെയായിരുന്നു'' എന്ന് നന്നായറിയാമായിരുന്നുവെന്നും ബാക്കിസമയം ഉന്തിത്തള്ളിനീക്കുന്ന രണ്ടുപേര്‍ മാത്രമായിരുന്നല്ലോ കുറേക്കാലമായി അവര്‍ എന്നും ക്ലിന്റിന്റെ ചിത്രസൂക്ഷിപ്പുമായി ബന്ധപ്പെട്ട് ചില ധാരണകള്‍ ഇടക്കാലത്ത് ഉരുത്തരിഞ്ഞുവന്നത് കാവല്‍ക്കുപ്പായമൂരി വയ്ക്കാന്‍ ജോസഫിന് അനുകൂലമായി  നിന്നിട്ടുണ്ടാവും എന്നുമെല്ലാം നളിനാക്ഷനങ്കിള്‍ ജോസഫ് കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
ഒരു എട്ടു വയസ്സുകാരന്‍ കുട്ടിയുടെ ഗതികേടിനെക്കുറിച്ചു പറയാനാണ് ഒരു പൊരിവെയില്‍ നേരത്ത് ആദ്യമായി ക്ലിന്റിന്റെ കല്ലറ തിരഞ്ഞുപിടിച്ചു പോയത്. അച്ഛനുമമ്മയും ഇരുപുറവും നിന്ന് സ്‌നേഹിച്ചു യാത്രയാക്കിയ ഏഴു വയസ്സുകാരനു മാത്രമേ, അച്ഛനുമമ്മയും തര്‍ക്കവിഷയമാക്കിയ എട്ടു വയസ്സുകാരന്റെ ജീവിതസങ്കടം മനസ്സിലാവൂ എന്ന തോന്നലിന് ഒരടിസ്ഥാനവും ഉണ്ടായിരുന്നില്ല. പാലെറ്റും ബ്രഷുമായി ആകാശം നോക്കിക്കിടക്കുന്ന കല്ലറക്കാരന്റെ മുന്‍പില്‍ കണ്ണു നിറച്ചുനിന്ന് സങ്കടമൊക്കെ അവിടെ തൂവിയിട്ട് ഉള്ള് തണുപ്പിച്ചപ്പോള്‍..., അന്നെങ്ങാനുമാണോ ക്ലിന്റ് വീട്ടുകാരും ഞാനും ഒറ്റവീട്ടുകാരായത് ?

മറ്റൊരിക്കല്‍ വെറുതെ അവന്റെ കല്ലറയില്‍ അവനുമായി കുശലം പറയാന്‍ പോയപ്പോഴാണ്, കല്ലറക്കു മേലെയുള്ള അവന്റെ ആകാശക്യാന്‍വാസിനെ ട്രസ് വര്‍ക്ക് ക്രൂരമായി മറച്ചിരിക്കുന്നതു കണ്ടു ഷോക്കടിച്ചുനിന്നതും ''അവനിനി എവിടെ വരയ്ക്കും?'' എന്ന് സങ്കടപ്പെട്ട് മലയാളം വാരികയില്‍ ലേഖനമെഴുതിയതും. അപ്പോഴാണോ ഞങ്ങളൊറ്റ വീട്ടുകാരായത്?
എനിക്കു വയ്യാതെ വന്നതറിഞ്ഞ് പലതവണ മുത്തലിബ് എന്ന സ്ഥിരം ഓട്ടോക്കാരനൊപ്പം (ആ ആള്‍ ഒരു വര്‍ഷം മുന്‍പ് മരിച്ചുപോയി...!) ഒന്നും രണ്ടും മണിക്കൂര്‍ നേരം എന്റെ വയ്യായ്കക്കട്ടിലരികത്ത് വന്നിരുന്നു പിന്നീട് ക്ലിന്റച്ഛനും ക്ലിന്റമ്മയും. ക്ലിന്റിനു ശേഷം വന്ന ലക്ഷ്മിക്കുട്ടി എന്ന തത്തയുടേയും ഇഷ്ടമില്ലായ്മ വന്നാല്‍ പഞ്ചസാരഭരണി തള്ളി നീക്കിത്താഴെയിട്ടു പൊട്ടിക്കുന്ന അവളുടെ കൃസൃതിയെക്കുറിച്ചും പിന്നെ വന്ന ദേശാടനക്കിളി (വിഷ്ണു എന്നവര്‍ വിളിച്ചുപോന്ന)യെക്കുറിച്ചും അവരുടെയെല്ലാം ഋതുക്കള്‍ക്കുശേഷം കൂട്ടുവന്ന കണ്ണനെന്ന അണ്ണാനെക്കുറിച്ചും അഭയാര്‍ത്ഥികളായെത്തിയ കാക്കത്തൊള്ളായിരം പൂച്ചകളെക്കുറിച്ചും അവരെ ചിക്കന്‍ വേവിച്ചൂട്ടുന്നതിനെക്കുറിച്ചും ഭക്ഷണാവശിഷ്ടങ്ങള്‍ തിന്നാന്‍ എത്തിയ എലിക്കൂട്ടത്തേയും പോറ്റുന്നതിനെക്കുറിച്ചും ഇതിനെല്ലാമെതിരായി കോളനിയില്‍ ചിലര്‍ ഒച്ചവയ്ക്കുന്നതിനെക്കുറിച്ചും പറഞ്ഞ് എന്റെ വീട്ടിലെ സങ്കടങ്ങളെ പറത്തിക്കളഞ്ഞ് കണ്ണുമിഴിച്ചിരുന്നു കഥ കേള്‍ക്കുന്നവരാക്കി ഞങ്ങളെ അവര്‍ മാറ്റിയപ്പോഴാണോ ഞങ്ങളൊറ്റ വീട്ടുകാരായത്?
ക്ലിന്റ് സിനിമയുടെ സ്വിച്ചോണ്‍കര്‍മ്മത്തിന്റെയന്ന് ക്ലിന്റായഭിനയിക്കുന്ന കുട്ടിയെ മടിയിലിരുത്തി അവന്റെ നീളന്‍ തലമുടിയിലൂടെ ജോസഫ് നിര്‍ത്താതെ വിരലോടിക്കുന്നതു കണ്ട്, ''അതു ശ്രദ്ധിച്ചോ?'' എന്ന സംവിധായകനോടുള്ള എന്റെ അന്വേഷണത്തിനുമപ്പുറത്തേയ്ക്കു ചെന്ന് ജോസഫിനോട് ആ രംഗത്തെക്കുറിച്ചു തിരക്കുകയുണ്ടായി ഞാന്‍. ''മോന്‍ മടിയിലിരിക്കുമ്പോള്‍ ഞാനങ്ങനെ ചെയ്യുന്നത് അയാള്‍ക്ക് ഒരുപാടിഷ്ടമായിരുന്നു'' എന്ന ജോസഫിന്റെ മറുപടിയിലെ ഉള്‍വേവിനെ തൊട്ടപ്പോഴാണോ ഞങ്ങളൊറ്റ വീട്ടുകാരായത്?
ഹരികുമാര്‍സാറിന്റെ 'ക്ലിന്റ്' സിനിമ കണ്ട് ഇഷ്ടമാകാതെ, അത് പറഞ്ഞാല്‍ ചിന്നമ്മച്ചേച്ചിക്കും ജോസഫിനും നോവുമെന്ന ഭയത്തോടെ മിണ്ടാതിരിക്കാന്‍ നോക്കിയിട്ടു തീരെ പറ്റാതെ ഒടുക്കം ആ മൂവിയെ  വിമര്‍ശിച്ച് റിവ്യൂ എഴുതിയപ്പോള്‍, ''മോള് അങ്ങനെ പറഞ്ഞത് നന്നായി, മോളോളം നന്നായി ക്ലിന്റിനെ ആര്‍ക്കാണറിയുക?''എന്നു ചോദിച്ച് ജോസഫ് ഫോണ്‍ വിളിച്ചപ്പോഴാണോ ഞങ്ങളൊറ്റ വീട്ടുകാരായത്?
ക്ലിന്റ് സിനിമയെ വിമര്‍ശിച്ചെഴുതിയ ലേഖനം വായിച്ച്, സിനിമ കണ്ടല്ലാതെ എനിക്ക് പരിചയമില്ലാത്ത അഞ്ജലി മേനോന്‍, 'കൂടെ' സിനിമയുടെ സെറ്റില്‍നിന്നു ഒരു രാത്രി നേരത്തു വിളിച്ച്, ''ഇനി കേരളത്തില്‍ വരുമ്പോള്‍ എനിക്ക് ക്ലിന്റിന്റെ വീട്ടില്‍ പോകണം, ക്ലിന്റിനെക്കുറിച്ച് എന്തോ ഒന്ന് ചെയ്യണമെന്നുണ്ട്. ഫീച്ചര്‍ ഫിലിമോ ഡോക്യുമെന്ററിയോ എന്നറിയില്ല, അതെന്നാവും എന്നുമറിയില്ല. പക്ഷേ, അത് ക്ലിന്റിനെക്കുറിച്ചല്ല, അവനെ അത്രമേല്‍ ഉള്‍ക്കൊണ്ട, സാധാരണ പുറംമട്ടുകളുള്ള അവന്റെ അസാധാരണ രക്ഷിതാക്കളെ കേന്ദ്രീകരിച്ചാവും'' എന്നു പറഞ്ഞത് ഞാന്‍ ആവേശത്തോടെ കേട്ടുനിന്നു. ക്ലിന്റിനെക്കാളും എന്നെയും അത്ഭുതപ്പെടുത്തിയിട്ടുള്ളത്  ആ രണ്ടാളുകള്‍ തന്നെയായിരുന്നു.

ഒരു നാലുവയസ്സുകാരനെ വളര്‍ത്തുന്ന അഞ്ജലിക്ക് ക്ലിന്റിന്റെ അച്ഛനമ്മമാരെച്ചൊല്ലി ഉണ്ടായ അത്ഭുതം എനിക്ക് മനസ്സിലാകുമായിരുന്നു. വാശിപിടിക്കല്ലേ എന്നു പറഞ്ഞ് എന്റെ മകനെ പലതിനും വിലക്കിത്തന്നെ വളര്‍ത്തുന്നതിനിടെ ഞാനെത്രയോ തവണ, ക്ലിന്റിന്റെ സാധാരണ അച്ഛനമ്മമാരുടെ അസാധാരണത്വത്തെക്കുറിച്ചോര്‍ത്ത്  സ്വയം പുച്ഛിച്ചിരിക്കുന്നു!

ക്ലിന്റിനെ ചൊല്ലിയുള്ള ഓരോ സ്വപ്നത്തിനുമേലെയും ''അതിപ്പം വിരിയും ദാ ഇപ്പോ'' എന്നു പറഞ്ഞടയിരിക്കുന്ന ജോസഫിന്റ ഹൃദയമിടിപ്പിനെക്കുറിച്ച് നന്നായറിയാവുന്നതിനാല്‍, ആ അഞ്ജലി മേനോന്‍ ഫോണ്‍വാര്‍ത്ത ജോസഫിനോടും ചിന്നമ്മയോടും പറയാതെ ഇന്നീ നിമിഷം വരെ ഒളിച്ചുവച്ചപ്പോഴാണോ ഞങ്ങളൊരേ വീട്ടുകാരായത്? (ഏദന്‍ സിനിമ കൊണ്ട് പുരസ്‌കൃതനായ സഞ്ജു സുരേന്ദ്രന്‍ പണ്ടൊരുനാള്‍ വരച്ചുകാണിച്ച ക്ലിന്റ് ഫീച്ചര്‍ഫിലിം സ്വപ്നവും ഞാന്‍ അവരോട്, അവരുടെ അക്ഷമയോട് പറയാതെ കാത്തുവച്ചു).
നളിനാക്ഷന്‍ അങ്കിള്‍ എന്നെ ആര്‍ക്കൊക്കെയോ പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. അവര്‍ക്കെല്ലാം എന്റെ ഫോണ്‍നമ്പര്‍ സഹിതം എന്നെ അറിയാമായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. എഴുത്തുകാരി എന്നത് ചെറിയ മേല്‍വിലാസവും ക്ലിന്റിനോടേറ്റവും അടുപ്പമുള്ള പ്രിയ എന്നത് വലിയ മേല്‍വിലാസവും ആയി ഞാനവിടെ ഇരുന്നു. ക്ലിന്റിനെ അവന്‍ ജീവിച്ചിരുന്നപ്പോള്‍ കാണാത്ത എന്നെക്കുറിച്ചാണ് ക്ലിന്റിനോട് ഏറ്റവുമടുപ്പമുള്ള ആള്‍ എന്ന് ജോസഫും ചിന്നമ്മച്ചേച്ചിയും പറഞ്ഞിരുന്നത് !

എന്റെ ഇരുപതുകളിലെങ്ങോ സെബാസ്റ്റ്യന്‍ പള്ളിത്തോടെഴുതിയ ക്ലിന്റ് എന്ന പുസ്തകം എറണാകുളത്തെ മഹാകവി ജി ഓഡിറ്റോറിയത്തില്‍ വച്ച് പ്രകാശിപ്പിക്കുമ്പോള്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കാന്‍ ആരോ എന്തുകൊണ്ടോ എന്നെ വിളിച്ചിരുന്നു. ക്ലിന്റ് വരച്ച അസ്തമനത്തേയും ചടങ്ങിനു സാക്ഷിനിന്ന എറണാകുളത്തെ അസ്തമയത്തേയും ചേര്‍ത്തു ഞാന്‍ കോറിയിട്ട വാക്കുകള്‍ക്കിടയിലൂടെ കുനിഞ്ഞ് മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണീരൊപ്പിയ ജോസഫ്, അതാണ് ഞാന്‍ കണ്ട ആദ്യ ജോസഫ്. തലമുടിവെട്ടിയ ചിന്നമ്മയയേയും കുറുകിയ രൂപക്കാരന്‍ ജോസഫിനേയും എന്റെ മനസ്സിലെ ക്ലിന്റച്ഛനമ്മമാര്‍ എന്ന സങ്കല്പവുമായി ചേര്‍ത്തുവയ്ക്കാന്‍ പറ്റാതെ നിന്ന എന്നെ അതോടെ പെട്ടെന്ന് കാണാതായി. ''മോള് സംസാരിച്ചപ്പോള്‍ മാത്രം എനിക്കു കരച്ചില്‍ വന്നു'' എന്നു പറഞ്ഞ് അടുത്തു വന്നുനിന്ന ജോസഫിനൊപ്പം എന്റെ കൈയിലേക്ക് കൈവച്ചു ചിന്നമ്മച്ചേച്ചി... അന്നേ ഞങ്ങളൊറ്റ വീട്ടുകാരായതാണോ?
''ക്ലിന്റ്, പ്രിയേം കുഞ്ഞുണ്ണിയും വന്നിരിക്കുന്നു, അകത്തേയ്ക്കു കൂട്ടിക്കൊണ്ടുവരട്ടെ?''എന്നു ചോദിച്ച് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാമെന്നു പറഞ്ഞ ആ ചിത്രമുറിയുള്ള കലൂരിലെ വീട്ടിലേക്ക് ഞാനിതു വരെ പോകാത്തതിലെ സങ്കടത്തിന് ഇനി പരിഹാരമില്ല. 
ജോസഫ് മരിച്ചയന്നു രാത്രി, അങ്ങനെ ഓരോന്നോര്‍ത്തോര്‍ത്ത്  എനിക്കു പൊള്ളി. അന്നേരം, ഞാന്‍ വെറുതേ അഞ്ജലി മേനോനെ ഡയല്‍ ചെയ്തു. എന്നിട്ട് ജോസഫ് പോയ കാര്യം പറഞ്ഞു. ക്ലിന്റ് മൂവി റിവ്യു കണ്ടശേഷം അഞ്ജലി എന്നെ വിളിച്ചത് ജോസഫിനോടും ചിന്നമ്മച്ചേച്ചിയോടും പറയാതൊളിച്ചുവച്ചു എന്ന കാര്യവും പറയാതിരിക്കാന്‍ തോന്നിയില്ല. 
ആ പ്ലാനിപ്പോഴും അഞ്ജലിക്കുണ്ടോ എന്നുപോലും ഞാന്‍ ചോദിച്ചില്ല. അപൂര്‍വ്വ സിദ്ധികളുള്ള ഒരു വയ്യാത്ത കുട്ടിയുടെ ചെറുജന്മത്തിലുടനീളം അവനുവേണ്ടി മാത്രം ജനിച്ചതെന്നപോലുള്ള അച്ഛനമ്മമാരാകാന്‍ കഴിഞ്ഞ രണ്ടു സാധാരണക്കാരായ അപൂര്‍വ്വ മനുഷ്യരെക്കുറിച്ചു ഞാനെന്തൊക്കെയോ അഞ്ജലിയോടു പറയാന്‍ നോക്കി.
ഗുസ്തിയിലൊക്കെ ചാമ്പ്യനായിരുന്ന ഒരു താന്‍പോരിമക്കാരന്‍ അരോഗദൃഢഗാത്രന്‍, മകനുണ്ടാവുകയും അവന്‍ വരമൂര്‍ത്തിയവതാരമാണെന്നറിയുകയും അവന്റെ അസുഖങ്ങളെ ചേര്‍ത്തുപിടിക്കേണ്ടിവരികയും ചെയ്യുന്ന ഏടിലെത്തിയപ്പോള്‍ അവനവനെ മുഴുവനായിത്തന്നെ മാറ്റിവച്ച് അവന് തുണയാകാന്‍ വേണ്ടി ചായവും മരുന്നും ബ്രഷും ആയത്, എന്നിട്ടുമവന്‍ മാഞ്ഞുപോയപ്പോള്‍ അവന്‍ വരച്ചിട്ട നിറലോകത്തിനു കാവലാളായി ആ രണ്ടാളുകള്‍ അവരവരെത്തന്നെയും മുഴുവനായും മാറ്റി എഴുതിയത് ഒക്കെയും പല റീലുകളായി വന്നുപോകുന്നതിനിടയിലൂടെ ഞാനന്ന് ഉറങ്ങിയോ എന്ന് നിശ്ചയം പോര... 
ആരു വരച്ച അപൂര്‍വ്വ വരകളായിരിക്കാം ജോസഫും ചിന്നമ്മയും?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com