അര്‍ജന്റീനിയന്‍ എഴുത്തുകാരന്‍ ഹൂലിയൊ കോര്‍ത്തസാറിന്റെ ക്രോണോപിയസ് ആന്‍ഡ് ഫാമോസ് എന്ന അസാധാരണ പുസ്തകം വായിക്കുമ്പോള്‍

ഹൂലിയൊ കോര്‍ത്തസാറിനെ വായിക്കാതിരിക്കുകയെന്നത് ശരിക്കും ഭീകരമായ അനന്തരഫലങ്ങളുണ്ടാക്കുന്ന ഗുരുതരമായ ഒരു അദൃശ്യ രോഗാവസ്ഥ തന്നെയാണ്.
ഹൂദ്‌ലിയോ കോര്‍ത്തസാര്‍
ഹൂദ്‌ലിയോ കോര്‍ത്തസാര്‍

ലോകപ്രശസ്തനായ അര്‍ജന്റീനിയന്‍ എഴുത്തുകാരന്‍ ഹൂലിയൊ കോര്‍ത്തസാറിനെക്കുറിച്ച് (Julio Cortazar) നൊബേല്‍ സാഹിത്യപുരസ്‌കാര ജേതാവായ ചിലിയിലെ മഹാകവി പാബ്ലൊ നെരൂദയുടെ ഈ വാക്കുകള്‍ നോവലിസ്റ്റും ചെറുകഥാകൃത്തും കവിയും ഗദ്യകാരനുമായ ഹൂലിയൊ കോര്‍ത്തസാറിന്റെ മഹാപ്രതിഭത്വത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അസാധാരണ നോവലായ ഹോപ്പ്‌സ്‌കോച്ച്, ബ്ലേ അപ്പും മറ്റു കഥകളും. ദി വിന്നേര്‍സ് , നിക്കാരാഗ്വന്‍ ചിത്രങ്ങള്‍, സാന്ധ്യവെളിച്ചവും മറ്റു കവിതകളും, എ സെര്‍ട്ടന്‍ ലൂക്കാസ് തുടങ്ങിയ വിഖ്യാത രചനകളിലൂടെ അദ്ദേഹം ലോകമെമ്പാടുമുള്ള വായനക്കാരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. 

ഈ അടുത്തകാലത്താണ് കോര്‍ത്തസാറിന്റെ ക്രോണോപിയൊസും ഫാമോസും (Cronopias and famos) എന്ന അസാധാരണമായ പുസ്തകം വായിക്കാന്‍ കഴിഞ്ഞത്. അമേരിക്കയിലെ ന്യൂ ഡയറക്ഷന്‍സ് പ്രസാധകര്‍ (New Directions publishing Newyork) പുറത്തിറക്കിയ ഈ പുസ്തകത്തെ ഏത് സാഹിത്യവിഭാഗത്തിലാണ് ഉള്‍പ്പെടുത്തേണ്ടതെന്ന സംശയം ഇപ്പോഴും ബാക്കിനില്‍ക്കുന്നു. തികച്ചും സാധാരണമായ വസ്തുക്കളെ, സംഭവങ്ങളെ വിചിത്രമായ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുന്ന കോര്‍ത്തസാറിന്റെ സൂക്ഷ്മനിരീക്ഷണവും അവതരണ രീതിയുമൊക്കെ ഉദാത്തമെന്നു മാത്രമെ പറയാന്‍ കഴിയൂ. തൊട്ടുമുന്‍പ് ഇതിനെയെല്ലാം അദ്ദേഹം കണ്ടെത്തിയെന്നു തോന്നിക്കുന്ന അനുഭവമാണ് വായനക്കാരെ അഭിമുഖീകരിക്കുന്നത്. ഇവയെല്ലാം ചേര്‍ന്ന കോര്‍ത്തസാറിന്റെ ഈ രചനയെ വളരെ വിചിത്രമായ വൈകാരികതലമുണര്‍ത്തുന്ന ഒന്നായി തോന്നിക്കുകയും ചെയ്യും.

നാല് പ്രധാന ഭാഗങ്ങളായിട്ടാണ് ഈ പുസ്തകം കോര്‍ത്തസാര്‍ വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. ആദ്യത്തെ ഭാഗം പ്രവര്‍ത്തനരേഖകള്‍ (Instruction manual) എന്ന ശീര്‍ഷകത്തിനുള്ളിലാണ് കടന്നുവരുന്നത്. വളരെ സൂക്ഷ്മമായതും അതോടൊപ്പം വളരെ വിചിത്രമായ ചില വസ്തുക്കളെക്കുറിച്ച് വളരെ സമര്‍ത്ഥമായി നേടിയെടുത്ത നിര്‍ദ്ദേശങ്ങളും കോര്‍ത്തസാര്‍ രേഖകളായി കരുതിവയ്ക്കുന്നുണ്ട്. മുടി ചീകുന്നതെങ്ങനെയാണ് (How to Comb the Hair). വിലപിക്കുന്നതെങ്ങനെ (How to Cry), ഒരു വാച്ചിനു ചാവികൊടുക്കുന്നതെങ്ങനെ (How to Wind a Watch) ഇവയെല്ലാം തന്നെ അവയുടേതായ ആമുഖങ്ങളോടുകൂടി കടന്നുവരുന്ന നിര്‍ദ്ദേശങ്ങളായിട്ടാണ് രൂപാന്തരപ്പെടുന്നത്. റോമില്‍ എങ്ങനെയാണ് ഉറുമ്പുകളെ കൊല്ലുക (How  to kill ants in Rome) എന്ന വാക്കുകള്‍കൊണ്ടുള്ള ശകലവും അസാധാരണമായ രൂപത്തോടെ വായനയില്‍ സന്നിവേശിക്കുന്നു. ഇവയ്ക്ക് ഒരിക്കലും ഉപദേശത്തിന്റേതായ ഒരു ധ്വനിയോ രീതിയോ ഉണ്ടാകുന്നില്ല. പക്ഷേ, അവയെല്ലാം തന്നെ വളരെ ബുദ്ധിപൂര്‍വ്വമായ ആഖ്യാനങ്ങളായിട്ടു മാത്രമേ സാന്നിദ്ധ്യം കുറിക്കുന്നുള്ളു. 

നാം ജീവിതത്തില്‍ ദൈനംദിനമായി കണ്ടുമുട്ടുന്ന ചില വസ്തുക്കളില്‍ നമുക്കൊപ്പം ജീവിക്കുകയും കിടന്നുറങ്ങുകയും ചെയ്യുന്ന ഒരു സ്ത്രീ, നമുക്കു സ്വന്തമായിട്ടുള്ള ഒരു വാച്ച്, മേശപ്പുറത്ത് വായനയ്ക്കിടയില്‍ തുറന്നുവച്ചിരിക്കുന്ന നോവലിന്റെ വിതിര്‍ന്നിരിക്കുന്ന പേജുകള്‍ ഇവയെല്ലാം തന്നെ നമ്മെ അഭിമുഖീകരിക്കുന്ന ഒരുപക്ഷേ, വിഷാദാത്മകമായ രൂപങ്ങളാണ് അവശേഷിപ്പിക്കുന്നത്. ഭവനത്തിലെ മുകളിലത്തെ നിലയില്‍നിന്നും താഴേക്കുള്ള ഗോവണിപ്പടവുകള്‍, അതിനപ്പുറം തെരുവിന്റെ സാന്നിദ്ധ്യം തുടങ്ങുമെന്നുള്ള യാഥാര്‍ത്ഥ്യവും അദ്ദേഹം തിരിച്ചറിയുന്നു. അവിടെ തികച്ചും പരിചിതമായ ഭവനങ്ങളുടെ നീണ്ടനിരതന്നെയുണ്ടാകും. തെരുവിനപ്പുറത്തെ ഹോട്ടല്‍ മന്ദിരവും തനിക്കു മീതെ ആക്രമിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന തിരക്കിന്റെ വന്യതകളും ദര്‍ശിക്കുമ്പോള്‍ ജീവചൈതന്യം ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കുന്ന മനുഷ്യരുടെ മുഖങ്ങളും തെരുവിന്റെ മൂലയില്‍ തന്റെ കൈവിരല്‍ സ്പര്‍ശം ഏറ്റുവാങ്ങാന്‍ അടുക്കിവച്ചിരിക്കുന്ന പത്രക്കെട്ടുകളുമൊക്കെ ചേര്‍ന്നു സൃഷ്ടിക്കുന്ന പരിചിതമെങ്കിലും ആവര്‍ത്തനവിരസമായ ഒരു ചിത്രം പങ്കുവച്ചുതരുന്ന ദൃശ്യങ്ങളാണ്. കോര്‍ത്തസാറിനു മാത്രമെ ഇതുപോലുള്ള ഒരു ദൃശ്യത്തെ അവതരിപ്പിക്കാന്‍ കഴിയൂ. അസാധാരണമായ കൈവശപ്പെടുത്തല്‍ (Unusuea loccupations) എന്ന രണ്ടാമത്തെ ഭാഗത്തില്‍ ആഖ്യാതാവിന്റെ കുടുംബത്തിലെ ഒഴിയാബാധകളേയും അഭിരുചികളേയും വിവരിക്കുന്നു. ഇതിനുള്ളില്‍ ഒരു കടുവയുടെ താമസസൗകര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഒരേയൊരു കടുവയുടെ കാര്യമാണ് ഇവിടെ കടന്നുവരുന്നത്. ഇവിടെ ദൃശ്യമാകുന്ന സങ്കീര്‍ണ്ണതകള്‍ക്കുള്ളില്‍ എല്ലാ സംവിധാനങ്ങളെപ്പറ്റിയും നിരീക്ഷണമുണ്ടാകുന്നുണ്ട്.

 
ഇത് തുടങ്ങുന്നതു തന്നെ ഒരു പ്രത്യേക രീതിയിലാണ്. ഞങ്ങള്‍ ശരിക്കും വളരെ വിചിത്രമായ ഒരു കുടുംബമാണ് പിന്നീടത് മുന്നോട്ടുപോകുന്നത് മൗലികതയുടെ അഭാവത്താല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പരാജയപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ്. ഞങ്ങള്‍ക്കൊരു പരാജയ ...... അത് മൗലികതയില്ലാത്തതുകൊണ്ടുമാണ് സംഭവിക്കുന്നത്. ആഖ്യാതാവിന്റെ വാദഗതികളും ഇതിനെ സാധൂകരിക്കുന്നതാണ്. കോര്‍ത്തസാറിന്റെ രചനകളിലെ മുന്‍ കഥാപാത്രങ്ങളെപ്പോലെ ഇതിലെ കഥാപാത്രങ്ങളും ഭാവനയുടെ വിചിത്രമായ ലോകത്തുനിന്നുകൊണ്ടാണ് സംവേദിക്കുന്നത്. ഞങ്ങള്‍ ഇവിടെ നിരവധി പേരുണ്ട്. ഹംബോള്‍ട്ട് തെരുവിലാണ് ഞങ്ങളെല്ലാവരും തന്നെ താമസിക്കുന്നത്. ഞങ്ങളുടെ തൊഴിലിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാനാവില്ല. അതിനു കാരണങ്ങളായി കാണിക്കാന്‍ കഴിയുന്നത് അതിലെ പ്രധാനപ്പെട്ട പല ഘടകങ്ങളും കാണപ്പെടുത്തിയ എന്നതുകൊണ്ടാണ്. കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള ഞങ്ങളുടെ ഉല്‍ക്കണ്ഠകളും പ്രത്യാശകളും ഇവിടെ കാരണമായി കടന്നുവരുന്നുണ്ട്. 

കുടുംബത്തിലെ അംഗങ്ങളായ മനുഷ്യരുടെ വിചിത്രമായ സ്വഭാവരീതികളും അവരുടെ ജീവിതത്തിലെ സമാനതകളില്ലാത്ത അഭിരുചികളും മനുഷ്യബന്ധങ്ങളുടെ സ്പര്‍ശത്താല്‍ ഉത്തേജിതമാകുന്ന ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ ഇവിടെ രേഖപ്പെടുത്തുന്നുണ്ട്. എപ്പോഴും താന്‍ പിന്നാക്കം മലര്‍ന്നുവീഴുമെന്ന് ഭയപ്പെടുന്ന ഒരമ്മായിയുടെ കഥാപാത്രം വിചിത്രമാണ്. വര്‍ഷങ്ങളോളം അവരെ ഈ ഒഴിയാബാധയില്‍നിന്നും സുരക്ഷിതയാക്കാന്‍ കുടുംബം ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷേ, കാലം അന്ന് തീര്‍ത്തും പരാജയമാണെന്നു ഞങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു. ഞങ്ങള്‍ കൂടുതല്‍ ഇതിനുവേണ്ടി പരിശ്രമിക്കുമ്പോള്‍ അമ്മായിയുടെ പിന്‍വീഴ്ച ഒന്നുകൂടി തീവ്രമാവുകയായിരുന്നു. അവരുടെ ഈ നിഷ്‌ക്കളങ്കമായ രോഗാവസ്ഥ ഏവരേയും അസ്വസ്ഥരാക്കി. പിന്നോട്ടു വീഴുമെന്നുള്ള ഭയം അത് ഞങ്ങളുടെ അമ്മായിയേയും കുടുംബത്തേയും വല്ലാത്ത ആശങ്കയിലാഴ്ത്തി. എപ്പോഴും അവരുടെ ഇക്കാര്യത്തിലുള്ള ചോദ്യങ്ങള്‍ക്കു കിട്ടുന്ന നിശ്ശബ്ദതയാണ് ഞങ്ങളെ അസ്വസ്ഥരാക്കിയത്. ജീവിതത്തില്‍ അവര്‍ക്കു വേണ്ടത്ര സ്വതന്ത്രമായ ചലനങ്ങള്‍ ഞങ്ങള്‍ അനുവദിച്ചുകൊടുത്തു. ജീവിതം അങ്ങനെ കടന്നുപോയി; പക്ഷേ, അത് മറ്റൊരു ജീവിതത്തെപ്പോലെയും അത്രയ്ക്കു മോശമായിരുന്നുമില്ല. കോര്‍ത്തസാറിന്റെ ഇത്തരം രചനകള്‍ക്കു പലപ്പോഴും കഥകളോടാണ് കൂടുതല്‍ അടുപ്പമുണ്ടായിരുന്നത്. 

മൂന്നാം ഭാഗത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പൊതുവെ നീണ്ട ഒരു രചനാരീതി അസ്ഥിരമായ പദാര്‍ത്ഥങ്ങള്‍ (Unstable Stuff) എന്ന രൂപത്തിലാണ് കോര്‍ത്തസാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവിടെയും എഴുത്തിന്റെ രീതി പൊതുവെ ഹ്രസ്വമായവയാണ്. ഒന്നോ രണ്ടോ പേരുകള്‍ക്കപ്പുറത്തേക്ക് ഒന്നും കടന്നുപോകുന്നില്ല. കൂടുതല്‍ രചനകള്‍ ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. 

വിസ്മയാവഹമായ ഉദ്യമങ്ങള്‍ (Marvllous Pursuits) എന്ന രചനയില്‍ ഒരു എട്ടുകാലിയുടെ കാല് മുറിച്ചെടുത്ത് അത് വിദേശകാര്യമന്ത്രിക്ക് അയയ്ക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പിന്നീടെന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് സങ്കല്പിക്കുക. ഒരു കവറിനുള്ളിലാക്കി അതുമായി താഴേക്കിറങ്ങിപ്പോയി തപാല്‍പെട്ടിയിലിടുക; ഇതോടൊപ്പം സംഭവിക്കാവുന്ന നിരവധി വിസ്മയാവഹമായ ഉദ്യമങ്ങളെക്കുറിച്ചും കോര്‍ത്തസാര്‍ എഴുതുന്നുണ്ട്. ബ്യൂനസ് അയേര്‍സിലെ തെരുവോരങ്ങളില്‍ വരിയായി നില്‍ക്കുന്ന വൃക്ഷങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുക. അതിനടുത്ത ദിവസം നീല യൂണിഫോമിട്ട തപാല്‍ക്കാരന്‍ അത് വിദേശമന്ത്രാലയത്തില്‍ കൊടുക്കുന്നതും നിരീക്ഷിച്ച് കാത്തിരിക്കുക. ഇത് നേരില്‍ കാണുമ്പോള്‍ മന്ത്രി ഭയത്തോടെ തന്റെ അവസ്ഥയെക്കുറിച്ചോര്‍ക്കുക. മന്ത്രി രാജിവയ്ക്കുകയാണെന്ന് അലറിവിളിച്ചുകൊണ്ട് ഇടനാഴിയിലൂടെ പാഞ്ഞുപോകുന്ന രൂപത്തിനു മുന്നില്‍ അഴിമതി നിറഞ്ഞ മന്ത്രിയുടെ അധികാരവലയം തീര്‍ക്കുന്ന പൊരുത്തക്കേടുകള്‍. അതിനടുത്ത ദിനം ശത്രുസൈന്യം നഗരത്തിലേക്ക് കടന്നുവരുന്നു എന്ന വാര്‍ത്ത പുറത്തുവരുന്നു. എല്ലാം നരകതുല്യമായി മാറുകയാണ്. ഒരു രാഷ്ട്രീയ അലിഗറിയായി ഭാഗം രൂപാന്തരപ്പെടുന്നതും വായനക്കാര്‍ തിരിച്ചറിയുന്നു. 

ഈസ്റ്റര്‍ ദ്വീപില്‍ കണ്ണാടികളുടെ പ്രവര്‍ത്തനരീതികള്‍ എന്ന രചന ഒരു ചെറുകഥയുടെ ഉദാത്തമായ അംശം ഉള്‍ക്കൊള്ളുന്ന ഒന്നാണ്. ഈസ്റ്റര്‍ ദ്വീപിന്റെ പശ്ചിമ ഭാഗത്ത് നിങ്ങള്‍ ഒരു കണ്ണാടി ഉറപ്പിച്ചുവയ്ക്കുമ്പോള്‍ അത് പിന്നിലേക്ക് ഓടിയകലുകയാണ്. പിന്നീടൊന്ന് കിഴക്കു ഭാഗത്ത് ഉറപ്പിക്കുമ്പോള്‍ അത് മുന്നിലേക്ക് ഓടിയകലുന്ന അതിന്റെ പലായനങ്ങള്‍ സമയബന്ധിതമാണെന്ന് നിരീക്ഷണങ്ങള്‍ വെളിപ്പെടുത്തിത്തരുന്നുണ്ട്. പക്ഷേ, അവ നിര്‍മ്മിക്കപ്പെട്ടിരുന്ന വസ്തുക്കളുടെ പോരായ്മകള്‍കൊണ്ട് ഇതില്‍ വ്യത്യാസങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്. നരവംശ ശാസ്ത്രജ്ഞനായ സോളൊമന്‍ ലെമോസ് മുഖക്ഷൗരത്തിനായി ഈ കണ്ണാടിയില്‍ നോക്കുമ്പോള്‍ താന്‍ സ്വയം ടൈഫസ് രോഗബാധയാല്‍ മരിച്ചതായിട്ടാണ് തിരിച്ചറിയുന്നത്. ഇത് സംഭവിച്ചത് ദ്വീപിന്റെ കിഴക്കുഭാഗത്തുവച്ചാണ്. അതേസമയം അയാള്‍ പടിഞ്ഞാറു ഭാഗത്ത് വച്ചിരുന്ന ചെറിയ കണ്ണാടിയെക്കുറിച്ച് മറന്നുപോയിരുന്നു. അത് കല്ലുകള്‍ക്കിടയിലെവിടെയോ വീണുകിടക്കുകയായിരുന്നു. നരവംശ ശാസ്ത്രജ്ഞന്റെ ശാരീരികഭാഗങ്ങള്‍ അത് ആര്‍ക്കുവേണ്ടിയും പ്രതിഫലിക്കുവാന്‍ കഴിയാതെ വന്ന ഒരവസ്ഥയിലായിരുന്നു. ബാത്ത് ടബ്ബില്‍ നഗ്‌നനായി കിടക്കുന്ന അയാളുടെ രൂപം അദൃശ്യതയുടെ സ്പര്‍ശം ഏറ്റുവാങ്ങി. ഭ്രമാത്മകമായ ദൃശ്യങ്ങളും ഈസ്റ്റര്‍ ദ്വീപിലെ കണ്ണാടികളും ചേര്‍ന്നൊരുക്കുന്ന ഒരു ലേബ്രിന്‍തില്‍നിന്നും പുറത്തുവരാന്‍ കഴിയാതെ വായനക്കാര്‍ തരിച്ചുനില്‍ക്കുന്ന അവസ്ഥയാണിത്. സോളൊമന്‍ ലെമോസിന്റെ ജീവിതസമസ്യകളിലൂടെ കോര്‍ത്തസാര്‍ അവതരിപ്പിക്കുന്ന അസാധാരണമായ ദൃശ്യചാരുതകള്‍ ലാറ്റിനമേരിക്കന്‍ എഴുത്തിന്റെ ആധുനിക തലങ്ങളെ എടുത്തുകാണിക്കുന്നു. 

ഹൂദ്‌ലിയോ കോര്‍ത്തസാര്‍
ഹൂദ്‌ലിയോ കോര്‍ത്തസാര്‍

സൃഷ്ടിയുടെ അശാന്തരൂപങ്ങള്‍
ഹൗ ഈസിറ്റ് ഗോയിങ്ങ് ലോവ്‌സ് എന്ന ശകലത്തില്‍ മനുഷ്യജീവിതത്തില്‍ പ്രകടമാകുന്ന ആശംസാസന്ദേശങ്ങളുടെ ശൂന്യതയെയാണ് എടുത്തുകാണിക്കുന്നത്. ചെറിയ പാരഗ്രാഫുകളിലൂടെ സംവേദനക്ഷമതയുടെ തകര്‍ച്ചയും ചിത്രീകരിക്കുന്നു. നീതിബോധമില്ലാത്ത കഥയില്‍ (Story with no moral) അര്‍ജന്റീനിയന്‍ രാഷ്ട്രീയതലങ്ങളിലെ ജീര്‍ണ്ണതകള്‍ എടുത്തുകാണിക്കുന്ന തടവുകാരന്‍  (The Prisonoi) എന്ന ഭാഗം ശരിക്കും പൊതുസ്വഭാവമുള്ള ഒരു രചനയാണ്. കോര്‍ത്തസാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത് ഭാഷയുടെ സൗന്ദര്യത്തെക്കുറിച്ചാണ്. ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്ന കഥകളിലൂടെ കോര്‍ത്തസാര്‍ വൈവിദ്ധ്യമാര്‍ന്ന തന്റെ കഴിവിന്റെ അപാരതയെയാണ് അനാവരണം ചെയ്യുന്നത്. ഒരു നീതിബോധകസിദ്ധാന്തത്തെ കോര്‍ത്തസാര്‍ ബോധപൂര്‍വ്വം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. സര്‍ഗ്ഗാത്മകതയുടെ മൂല്യബോധത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള ഒരു സമീപനവും നാം തിരിച്ചറിയുന്നു. ഏറ്റവും അവസാനമായി ചേര്‍ത്തിരിക്കുന്ന ക്രോനോപിയോസ് ആന്റഫാമാസ് എന്ന ഭാഗത്ത് (ഈ പുസ്തകത്തിന്റെ ശീര്‍ഷകമായി വരുന്നത്) സൃഷ്ടികളുടെ അശാന്തമായ ചില രൂപങ്ങളാണ്. വേണമെങ്കില്‍ ഒരു മനുഷ്യരൂപത്തിന്റെ കല്പന ഇതിനോട് ചേര്‍ത്തുവെക്കാവുന്നതേയുള്ളു. എസ്പെരാന്‍സാസ് (Esperanzas) എന്നു വിളിക്കുന്ന ഒരു മൂന്നാം ബൗദ്ധികരൂപത്തേയും കോര്‍ത്തസാര്‍ അവതരിപ്പിക്കുന്നു. ഈ മൂന്നു രൂപങ്ങളേയും വ്യത്യസ്തമായ കഥാഖ്യാനങ്ങള്‍ക്കുള്ളില്‍ ചിത്രീകരിച്ചുകൊണ്ട് രംഗത്തെ കൂടുതല്‍ ദീപ്തമാക്കാനും അദ്ദേഹത്തിനു കഴിയുന്നു. ഇവയെക്കുറിച്ച് കൂടുതല്‍ തിരിച്ചറിയാന്‍ വേണ്ടി അവയുടെ സഞ്ചാരങ്ങളോടുള്ള സമീപനങ്ങളിലെ വൈവിധ്യതയെ അദ്ദേഹം ചിത്രീകരിക്കുന്നു. ക്രോനോപിയോസും ഫാമാസും യാത്രയെ സ്വീകരിക്കുമ്പോള്‍ എസ്പെരാന്‍സാസ് അതിനോട് ആഭിമുഖ്യം കാണിക്കുന്നുമില്ല. ഓര്‍മ്മകള്‍ സൂക്ഷിച്ചുവയ്ക്കുവാനുള്ള ഫാമാസിന്റെ സമീപനങ്ങളെ വേറിട്ടൊരു ദൃശ്യമായി ഇവിടെ ഇണക്കിച്ചേര്‍ക്കുന്നുമുണ്ട്. ചെറിയ ചെറിയ ഭാഗങ്ങളായി കടന്നുവരുന്ന മൂന്നുകൂട്ടരും ലഘൂകരിക്കപ്പെടുന്നതിന്റെ തീവ്രമായ കെണിയിലേക്ക് വീഴുന്നുമില്ല. കോര്‍ത്തസാറിന്റെ ഭാവനയുടെ മികവിനാല്‍ ഇവയോരോന്നും കൂടുതല്‍ സാധ്യതകള്‍ നമുക്കു മുന്നില്‍ തുറന്നുവയ്ക്കുന്നുമുണ്ട്. പക്ഷേ, വായനയ്ക്കിടയില്‍ നമുക്കു അനുഭവപ്പെടുന്ന പാരസ്പര്യലോപത ഒരു പരിധിവരെ വായനക്കാരെ നിരാശപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എഴുത്തിന്റെ യജമാനനായ കോര്‍ത്തസാറിന്റെ രചനകള്‍ വായിച്ചെടുക്കാന്‍ വായനക്കാരന് തയ്യാറെടുപ്പുകള്‍ ആവശ്യമായി വരുന്നു. കരച്ചിലുകളും വാക്കുകളും വില്‍ക്കുന്ന ഒരു മനുഷ്യനെ കോര്‍ത്തസാര്‍ യാതൊരു സാരോപദേശവുമില്ലാത്ത .....കഥയില്‍ അവതരിപ്പിക്കുന്നുണ്ട്. പക്ഷേ, അയാള്‍ ആവശ്യപ്പെടുന്ന അധികവിലയെക്കുറിച്ച് വാദപ്രതിവാദത്തിനു തയ്യാറാകുന്ന ജനങ്ങളെ അയാള്‍ക്കു നേരിടേണ്ടതായി വരുന്നുണ്ട്. അവര്‍ വേണ്ടത്ര കിഴിവിനായി ആവശ്യമുയര്‍ത്തുകയും ചെയ്യുന്നു. പക്ഷേ, തെരുവുകച്ചവടക്കാര്‍ക്ക് വിലാപങ്ങളും നെടുവീര്‍പ്പുകള്‍ സ്ത്രീകള്‍ക്കും വില്‍ക്കുവാന്‍ അയാള്‍ക്ക് സാധിക്കുന്നുണ്ട്. അവസാനം അയാള്‍ക്കൊരു തിരിച്ചറിവുണ്ടായി. രാജ്യത്തെ ഏകാധിപതിക്കൊപ്പം ഒരു ജനക്കൂട്ടത്തെ അയാള്‍ക്കു നേരിടേണ്ടതായി വന്നു. ഏകാധിപതിക്കു ചുറ്റും ജനറല്‍മാരും സെക്രട്ടറിമാരും അയാള്‍ക്കുവേണ്ടി കാത്തുനിന്നിരുന്നു. അയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്താണെന്ന് പരിഭാഷപ്പെടുത്താന്‍ അനുചരന്മാരോട് ഏകാധിപതി ആവശ്യപ്പെടുന്നു. നിങ്ങളുടെ അവസാന വാക്കുകള്‍ വില്‍ക്കാന്‍ വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്... അയാള്‍ പറഞ്ഞു. അയാള്‍ അര്‍ജന്റീനിയന്‍ ഭാഷയാണ് സംസാരിക്കുന്നത് പ്രഭോ. അങ്ങനെയോ... പക്ഷേ, എനിക്കത് മനസ്സിലാകുന്നില്ലല്ലോ. തെരുവില്‍ നിറയുന്ന പ്രതിരോധങ്ങളുടെ കൂട്ടനിലവിളിയോടെ ഇത് അവസാനിക്കുന്നു. ലോകമെമ്പാടും ഏകാധിപതിക്ക് ഒരേ മുഖമാണുള്ളത്. ഭയം അവരെ നിയന്ത്രിച്ചുകൊണ്ടേയിരിക്കുന്നു. അസാധാരണ ദര്‍ശനസുഭഗമായ ഒരു ഇതിവൃത്തം ഇവിടെ മനുഷ്യനെ വേദനിപ്പിക്കുന്നു. ഇതാണ് യഥാര്‍ത്ഥ കലയുടെ ശക്തി. ക്രോണോപിയോസും ഫാമാസും എസ്പരാന്‍സും നിറഞ്ഞ ഒരു ലോകം, അത് ഏകാധിപതിയുടെ കിരാതഭൂമിക തന്നെയാണ്. ഓര്‍മ്മകളെ കൈവിട്ടുപോകാതെ സൂക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ് ഇവര്‍. സ്വപ്നങ്ങള്‍ക്കുപോലും വിലക്കുള്ള ഒരു ജനതയുടെ അമര്‍ത്തിവച്ച നിശ്വാസങ്ങള്‍ക്ക് കൊടുങ്കാറ്റിന്റെ ശക്തിയുണ്ടെന്നും ഇവര്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. 

ഒരു ചെറിയ ക്രോണോപിയൊ തെരുവിലേക്കുള്ള വാതിലിന്റെ ചാവിക്കുവേണ്ടി തിരയുകയായിരുന്നു. തിരച്ചിലിനിടയില്‍ ക്രോണോപിയൊ ഒന്നു നിന്നു. രാത്രിമേശയിലും കിടപ്പുമുറിയിലും തെരുവിലുള്ള ഭവനത്തിലെ മറ്റിടങ്ങളിലും അയാള്‍ തിരഞ്ഞു. പക്ഷേ, ഒരു സത്യം മാത്രം അവിടെ അവശേഷിക്കുന്നു. വാതിലിന്റെ ചാവി ക്രോണോപിയോക്ക് അനിവാര്യമായിരുന്നു. ഇവരുടെ ലോകം എത്രയോ വിചിത്രമാണ്. വെറും സാധാരണ മനുഷ്യരുടെ എല്ലാവിധ പെരുമാറ്റ രീതികളും സ്വമേധയാ ഉള്‍ക്കൊള്ളുന്നവരാണവര്‍. കോര്‍ത്തസാറിന്റെ ഭാവനയിലെ വിചിത്ര സന്തതികള്‍.

പാബ്ലൊ നെരൂദയുടെ വാക്കുകള്‍ ഒരിക്കല്‍ക്കൂടി ഇവിടെ ഓര്‍ത്തുപോകുന്നു. കോര്‍ത്തസാറിന്റെ രചനകള്‍ വായനക്കാര്‍ തീര്‍ച്ചയായും വായിച്ചിരിക്കണം. വിഖ്യാത പരിഭാഷകള്‍ ആദ്യമായി ഹോപ്പ്‌സ്‌കോച്ച് എന്ന നോവല്‍ പരിഭാഷപ്പെടുത്തിയതിനെക്കുറിച്ച് അദ്ദേഹത്തിന്റെ 'ഇത് രാജ്യദ്രോഹമാണെങ്കില്‍' (If this be Treason) എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ നോവലിലെ നിരവധി അദ്ധ്യായങ്ങള്‍ കോര്‍ത്തസാര്‍ തിരക്കുള്ള ബ്യൂനസ് അയേര്‍സിലെ ഒരു മദ്യശാലയിലിരുന്നാണ് എഴുതിയത്. മദ്യശാലയുടെ ഒരു മൂലയില്‍ ആരെയും ഇരിക്കാന്‍ അനുവദിക്കാത്ത ഒരു മേശയും കോര്‍ത്തസാറിനുവേണ്ടി മാത്രം ഒഴിഞ്ഞുകിടന്നിരുന്നു. ആക്ഷേപഹാസ്യത്തിന്റെ ഉദാത്തമായ ഒരു ലോകം ഈ പുസ്തകത്തില്‍ നമുക്കുവേണ്ടി തുറന്നുതരുന്നു. വായനക്കാരുടെ തുടിക്കുന്ന ഹൃദയം സ്പന്ദനതാളത്തിനൊത്ത് അവയ്‌ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ ഹൂലിയോ കോര്‍ത്തസാര്‍ അവര്‍ക്കു മുന്നില്‍ അനശ്വരതയുടെ തലങ്ങള്‍ സൃഷ്ടിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com