പീച്ച്മരങ്ങള്‍ പൂക്കുമ്പോള്‍: കവി സച്ചിദാനന്ദന്റെ യാത്രാനുഭവങ്ങള്‍

ഭിക്ഷു ആള്‍ക്കൂട്ടത്തില്‍ നിന്ന് അപ്രത്യക്ഷനായിഅയാളുടെ അഭാവത്തില്‍ എല്ലാവരുടേയുംഭിക്ഷാപാത്രങ്ങള്‍ ശൂന്യമായിരിക്കുന്നു- ഔയാങ് ജിയാങ്ഘേ (ചൈനീസ് കവി, 'റൂമിയോട്')
ഴേയ് ജാംഗ് മ്യൂസിയത്തിന് മുന്നില്‍
ഴേയ് ജാംഗ് മ്യൂസിയത്തിന് മുന്നില്‍

                  
ഹോങ്കോംഗില്‍ അഞ്ചു ദിവസം താമസിച്ച ശേഷമാണ് സുഹൃത്തുക്കളുടെ കൂടെ (സാമൂഹ്യ മനശ്ശാസ്ത്രജ്ഞന്‍ അഷീസ് നന്ദി, കവിയായ വിവേക് നാരായണന്‍, നോവലിസ്റ്റുകളായ അല്ലന്‍ സീലി, ശര്‍മിഷ്ഠ മോഹന്തി,  ഫിലിം നിര്‍മ്മാതാവ് കബീര്‍ മോഹന്തി, രുദ്രവീണാ വാദകനും ദ്രുപദ് ഗായകനുമായ ബഹാവുദ്ദീന്‍ ദാഗര്‍,  ഹോങ്കോംഗില്‍ താമസിക്കുന്ന   ചൈനീസ് കവി ബെയ് ദാവോ, അമേരിക്കന്‍ ചൈനീസ് എഴുത്തുകാരിയായ ലിഡിയ  എന്നിവരായിരുന്നു സുഹൃത്തുക്കള്‍)  ഞാന്‍ ചൈനയിലെ ഹാങ്ചൗ നഗരത്തിലേക്ക് യാത്ര തിരിച്ചത്. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ ചൈനയിലും ഇന്ത്യയിലും മാറിമാറി ഒത്തുകൂടി അനൗപചാരികമായ ചര്‍ച്ചകളും വായനകളും നടത്തുന്ന ഒരു സംഘമാണ് അത്. 'അള്‍മോസ്റ്റ് ഐലന്‍ഡ്' എന്ന ഓണ്‍ ലൈന്‍ പ്രസിദ്ധീകരണമാണ് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ത്യയില്‍ മറ്റു ചില ഇന്ത്യന്‍ എഴുത്തുകാരും ചൈനയില്‍ മറ്റു ചില ചൈനീസ് എഴുത്തുകാരും ഇതില്‍ പങ്കെടുക്കുക പതിവാണ്.

ഹോങ്കോംഗില്‍ ഞാനും വിവേക് നാരായണനും ബെയ് ദാവോയും ഔയാങ് ജിയാങ്ഘേ  എന്ന മറ്റൊരു ചൈനീസ് കവിയും 'ഹോങ്കോംഗ് കാവ്യോത്സവ'ത്തിലും പങ്കെടുക്കുകയുണ്ടായി. അതിനായി ഇന്ത്യന്‍ കവികളുടേയും ചൈനീസ് കവികളുടേയും കവിതകള്‍ ഇംഗ്ലീഷ്, ചൈനീസ് എന്നീ ഭാഷകളിലേക്ക് പരിഭാഷ ചെയ്ത് ഒരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചിരുന്നു. 'ഇടങ്ങള്‍', 'പക്ഷികള്‍ എന്റെ പിറകെ വരുന്നു', 'പ്രതിച്ഛായകള്‍' എന്നിവയായിരുന്നു എന്റെ കവിതകള്‍. ഇവയുടെ വായനയോടെയാണ് ചൈനയിലും ഹോങ്കോംഗിലും നടന്ന മൂന്ന് വായനകളും ആരംഭിച്ചത്. അവ എനിക്ക് പതിവുപോലെ ഏറെ പുതിയ സുഹൃത്തുക്കളെ നേടിത്തരികയും ചെയ്തു. ഇപ്പോള്‍ എഴുതുന്ന ചൈനീസ് കവികളില്‍ എനിക്ക് ഏറ്റവും പ്രിയങ്കരരാണ് ബെയ് ദാവോ, ഔയാങ് ജിയാങ്ഘേ, ക്സീചുവാന്‍  എന്നിവര്‍. ആദ്യത്തെ രണ്ടുപേരും ഹോങ്കോംഗില്‍   ഉണ്ടായിരുന്നു. ബെയ് ദാവോ ചൈനയിലും വന്നു. കൂടാതെ ചില ചിന്തകരും നോവലിസ്റ്റുകളും ഉണ്ടായിരുന്നു. ഹോങ്കോംഗില്‍ എല്ലാ സൗകര്യങ്ങളുമുള്ള ഹോട്ടല്‍ ജെന്‍ ആയിരുന്നു താമസസ്ഥലം.  ചെന്ന ദിവസം പരിപാടികള്‍ ഉണ്ടായിരുന്നില്ല, അതുകൊണ്ട് ഞാനും അല്ലന്‍ സീലിയും പുറത്തിറങ്ങി തെരുവുകളില്‍  അല്പം ചുറ്റിനടന്നു. പിറ്റേന്ന് ഹോങ്കോംഗ് കനാലില്‍ ഒരു ബോട്ടുയാത്രയും തുറമുഖത്തെ മ്യൂസിയം  സന്ദര്‍ശനവും ഉണ്ടായി.

അമിതാവ് ഘോഷിന്റെ നോവല്‍ത്രയം വായിച്ചിട്ടുള്ളതുകൊണ്ട് ഹോങ്കോംഗിന്റെ ചരിത്രവും ബ്രിട്ടീഷ് അധിനിവേശത്തിലും അതിന്റെ സാമ്പത്തികാധാരമായ കറുപ്പുകച്ചവടത്തിലും ആ തുറമുഖത്തിന്റെ പങ്കും നന്നായി അറിയാമായിരുന്നു. അവിടത്തുകാര്‍ മറച്ചുവെയ്ക്കാനാഗ്രഹിക്കുന്ന ചരിത്രമാണത്. അവിടത്തെ ചൈനീസ് കുടിയേറ്റക്കാരെ രണ്ടാം തരക്കാരായാണ് മെയിന്‍ ലാന്‍ഡില്‍ ഉള്ളവര്‍ ഇന്നും  കാണുന്നത്. എന്നാല്‍, യാത്രികരെ സംബന്ധിച്ചിടത്തോളം സൗഹൃദം നിറഞ്ഞ സ്ഥലമാണത്; അധികം പേര്‍ക്കും  അത്യാവശ്യം ഇംഗ്ലീഷ് അറിയാം.     'സമകാലീന സാഹിത്യവും സാംസ്‌കാരിക പരിസ്ഥിതിയും' എന്നതായിരുന്നു പൊതുവായ ചര്‍ച്ചാവിഷയം. ചര്‍ച്ചകള്‍ ഹോങ്കോംഗ് സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് വകുപ്പിന്റെ ചര്‍ച്ചാമുറിയില്‍  ആയിരുന്നു. ഇന്ത്യയില്‍ ഒരു സര്‍വ്വകലാശാലയ്ക്കും ഞാന്‍ ഇത്ര വിശാലവും ആധുനികവുമായ ഒരു ക്യാമ്പസ് കണ്ടിട്ടില്ല. ആദ്യത്തെ പാനല്‍ 'സാംസ്‌കാരിക വ്യവസായത്തില്‍നിന്ന് സാഹിത്യ വ്യവസായത്തിലേക്ക്' എന്ന വിഷയത്തിലായിരുന്നു.  അഡോണോ പറയുന്ന 'സാംസ്‌കാരിക വ്യവസായം', ജനപ്രിയ സാഹിത്യം, സാഹിത്യത്തില്‍ വിപണിയുടെ ഇടപെടല്‍, മാധ്യമങ്ങളുടെ പങ്ക്, ഡിജിറ്റല്‍ മാധ്യമങ്ങളുടെ വരവും സാഹിത്യത്തിലെ മാറ്റങ്ങളും ഇവയെല്ലാം ചര്‍ച്ചാവിധേയമായി.  'യാന്ത്രിക പുനരുല്പാദന യുഗത്തിലെ കല' എന്ന ലേഖനം എഴുതിയ, അത് കൊണ്ടുവരുന്ന ജനാധിപത്യവല്‍ക്കരണം ആഘോഷിച്ച, വാള്‍ട്ടര്‍ ബെന്യാമിന്‍, ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അത് മാറ്റി എഴുതുമായിരുന്നു എന്ന് ഞാന്‍ പറഞ്ഞു. അത്  അച്ചടി, ശബ്ദലേഖനം, ദൃശ്യലേഖനം മുതലായവ ഉത്തമകലയെ കൂടുതലായി ജനങ്ങളില്‍ എത്തിക്കും എന്നായിരുന്നു ബെന്യാമിന്റെ നിഗമനം.  അത് ശരിയുമായിരുന്നു. എന്നാല്‍, ഒപ്പം അവ കലയെ  നിസ്സാരവല്‍ക്കരിക്കുകയും പുതിയ ഒരു തരം ജനപ്രിയകല തന്നെ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഒരുപക്ഷേ, മുന്‍കൂട്ടി കണ്ടില്ല.

ടാഗോര്‍ ഹൗസ്
ടാഗോര്‍ ഹൗസ്

ബ്ലോഗുകളുടേയും മറ്റും സാധ്യതകളേയും ദുരുപയോഗത്തേയും കുറിച്ചും ഞാന്‍ സംസാരിച്ചു. മലയാളത്തില്‍ വ്യാപകമായി സൈബറിടങ്ങള്‍  സാഹിത്യപ്രചാരണത്തിനു വിശേഷിച്ചും കവിതയ്ക്ക് ഉപയോഗിക്കുന്നുണ്ടെന്നും ചിലരെങ്കിലും ഹൈപെര്‍ലിങ്ക്, മള്‍ട്ടി മീഡിയാ കവിതകളിലൂടെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും നല്ല രചനകളും അവിടെ ഉണ്ടാകുന്നുണ്ടെന്നും ഒപ്പം വിമര്‍ശനത്തിന്റെ അസാന്നിദ്ധ്യം പല പുതുകവികളിലും കപടമായ ആത്മസംതൃപ്തി ഉണ്ടാക്കുന്നുണ്ടെന്നും  ഞാന്‍ പറഞ്ഞു. വിപണിക്കുവേണ്ടി എഴുതുന്ന ആരും തന്നെ ഞങ്ങളുടെ കൂട്ടത്തിലില്ലാതിരുന്നതുകൊണ്ട് ആ ഭാഗം വാദിക്കാന്‍ ആളില്ലാതെ പോയി. 

രണ്ടാമത്തെ പാനലില്‍ ഭാഷാപരവും വംശീയവും സാംസ്‌കാരികവുമായ സ്വത്വത്തിന്റെ പ്രശ്‌നങ്ങളും കിഴക്കന്‍പടിഞ്ഞാറന്‍ പാരമ്പര്യങ്ങളുടെ സ്വാധീനവും ആയിരുന്നു ചര്‍ച്ചാവിഷയം. അഷീസ് നന്ദി കിഴക്കിനേയും പടിഞ്ഞാറിനേയും കൃത്യമായി വ്യവച്ഛേദിച്ചതിനെ ഞാന്‍ ചോദ്യം ചെയ്തു.  കിഴക്കില്‍ പടിഞ്ഞാറും പടിഞ്ഞാറില്‍ കിഴക്കും ഉണ്ടെന്നായിരുന്നു എന്റെ വാദം. കേരളത്തിന്റെ സംസ്‌കാരവും മലയാളഭാഷയും തന്നെയാണ് ഞാന്‍ ഉദാഹരണങ്ങളായി എടുത്തത്. നമ്മുടെ വാക്കുകള്‍ മുതല്‍ ആഹാരം വരെ ലോകത്തിന്റെ എത്രയോ ഭാഗങ്ങളില്‍നിന്നു വന്നവയാണ്. ഒപ്പം തന്നെ ഗാന്ധിയുടെ ധാര്‍മ്മികരൂപീകരണത്തില്‍ തോറോ, ടോള്‍സ്റ്റോയ് തുടങ്ങിയവരുടെ പങ്കും ഞാന്‍ ചൂണ്ടിക്കാണിച്ചു. ഓറിയന്റലിസം പോലെ ഒരു ഓക്സിഡന്റലിസവും ഉണ്ടെന്നും ഞാന്‍ പറഞ്ഞു. രണ്ടും സ്വഭാവനയ്‌ക്കൊത്ത് കിഴക്കിനേയും പടിഞ്ഞാറിനേയും നിര്‍മ്മിക്കുന്നുവെന്നും. നോവല്‍ ഒരു പാശ്ചാത്യരൂപം ആണെന്ന അല്ലന്‍ സീലിയുടെ വാദവും മുഴുവന്‍ അംഗീകരിക്കുക പ്രയാസമാണെന്ന്, 'ഗെഞ്ചിയുടെ കഥ'യും 'കാദംബരി'യും ചൂണ്ടിക്കാട്ടി  ഞാന്‍ പറഞ്ഞു. അതേസമയം ആധുനിക നോവല്‍ പാശ്ചാത്യ സ്വാധീനം കാണിക്കുന്നത് ഞാന്‍ നിഷേധിച്ചുമില്ല. റിയലിസത്തിനു ശേഷമുള്ള ഘട്ടത്തില്‍ നാം പല പഴയ കിഴക്കന്‍ രീതികളും ഉപയോഗിക്കുന്നുണ്ടെന്നും മിത്ത്, മാജിക്ക് , മഹാകാവ്യം ഞാന്‍ സോദാഹരണം ചൂണ്ടിക്കാട്ടി.

'ഭാവിയുടെ സാഹിത്യഭാവന' ആയിരുന്നു മൂന്നാമത്തെ പാനലിനു വിഷയം. എന്നാല്‍, അവസാനത്തെ ദിവസമായിരുന്നതിനാല്‍ പൊതുവായ ചര്‍ച്ചകളായി അതു മാറി. പ്രധാനമായും ഞങ്ങള്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു. ലോകത്തു വലതുപക്ഷത്തിന്റെ ഉയര്‍ച്ച ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍  ചര്‍ച്ചയില്‍ വന്നു. അവസാന ദിവസം അത്താഴം കഴിഞ്ഞു വലിയ സങ്കടത്തോടെയാണ് ചൈനയിലേക്ക് കൂടെ വരാത്ത  ഔയാംഗിനെപ്പോലുള്ള എഴുത്തുകാരോട് ഞങ്ങള്‍ വിട പറഞ്ഞത്.

2

ഈ കാട് ഒരിക്കലും പുതുതായിരുന്നില്ല, രാമാ,
ഇതു നിന്റേതല്ല, നീ  അതിനെ
കീഴടക്കിക്കഴിഞ്ഞാല്‍ പോലും.

                         വിവേക് നാരായണന്‍ (ഇന്ത്യന്‍ ഇംഗ്ലീഷ് കവി,  'ഇവിടം')

 ഹാങ്ചൗവില്‍ ഞാന്‍ പോകുന്നത് ആദ്യമായാണ്, മുന്‍പ് നാലു തവണയായി ചൈനയിലെ മറ്റു പലയിടങ്ങളിലും പോയിട്ടുണ്ടെങ്കിലും. ഹോങ്കോംഗില്‍നിന്ന് രണ്ടര മണിക്കൂര്‍ മതി ആകാശം വഴി ഇവിടെ എത്താന്‍ . ഒക്ടോബര്‍ 15-നാണ് ഞങ്ങള്‍ നഗരത്തിന്റെ കേന്ദ്രഭാഗത്തുള്ള 'നരദാ ഗ്രാന്‍ഡ് ഹോട്ടലി'ല്‍  താമസം തുടങ്ങിയത്. അന്നു തന്നെ വൈകുന്നേരം ഷൂ യു എന്ന ഹെരിറ്റേജ് ഹോട്ടലില്‍ സ്വീകരണമുണ്ടായിരുന്നു. ഞങ്ങള്‍ എല്ലാം ചെറുതായി സംസാരിക്കുകയോ കവിത വായിക്കുകയോ ചെയ്തു. ഗൂ ഷെങ് എന്ന പ്രശസ്തനായ ഗായകന്റെ ചൈനീസ് ഫ്‌ലൂട്ട് വായന വൈകുന്നേരത്തെ സമ്പന്നമാക്കി. മഴയുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ അടുത്തു തന്നെയുള്ള ഗ്രാന്‍ഡ് കനാലിന്റെ വളഞ്ഞ പാലത്തിന്റെ ഉച്ചിയില്‍ കയറി ഇരുവശത്തുമുള്ള കാഴ്ചകള്‍ കണ്ടു. ചൈനീസ് തേയിലയും പാരമ്പര്യരീതിയിലുള്ള, നേരിയ മുള കൊണ്ടുണ്ടാക്കിയ കുടയും ഞങ്ങള്‍ക്ക് സമ്മാനമായി ആതിഥേയര്‍ കരുതിയിരുന്നു.   

വെസ്റ്റ് ലേക്ക്: ബെയ് ദാവോയ്‌ക്കൊപ്പം
വെസ്റ്റ് ലേക്ക്: ബെയ് ദാവോയ്‌ക്കൊപ്പം


പഴമയും പുതുമയും സംവദിക്കുന്ന ഒരു നഗരമാണ് ഹാങ്ചൗ. പുതിയ ഭാഗങ്ങള്‍ വിമാനത്താവളത്തില്‍നിന്നു വരുമ്പോള്‍ ആദ്യം കാണുക അവയാണ്;  ഏതു പുതുനഗരത്തേയും പോലെയാണ്. ഹോങ്കോംഗ്, അഥവാ, ഷാങ് ഹായ് പോലെ, അത്രയൊന്നും ഭംഗിയില്ലാത്ത അംബരചുംബികളും 'മാളു'കളും മേല്‍പ്പാലങ്ങളും നിറഞ്ഞ വീതിയുള്ള തെരുവുകള്‍. എന്നാല്‍, ക്രമേണ പ്രകൃതിദൃശ്യം മാറിവരുന്നു. പഴക്കമേറിയ തെരുവുകള്‍, ക്ലാസ്സിക്കല്‍ ചൈനീസ് മാതൃകയിലുള്ള, മേല്‍ക്കൂരയുടെ അറ്റം വളഞ്ഞ, അലങ്കാരത്തൂണുകളും ചിത്രങ്ങളുമുള്ള കെട്ടിടങ്ങള്‍, പാരമ്പര്യവേഷം ധരിച്ച മനുഷ്യര്‍, ചൈനീസ് ചെടികള്‍ നിറഞ്ഞ തോട്ടങ്ങള്‍, ചൈനീസ് ലിപികളിലുള്ള മനോഹരമായ ബോര്‍ഡുകള്‍, ഇടയ്ക്കിടയ്ക്കു ജലാശയങ്ങള്‍. കിഴക്കന്‍ ചൈനയിലെ ഷീജിയാംഗ് പ്രവിശ്യയുടെ ഈ തലസ്ഥാനത്താണ് ബീജിങ്ങില്‍നിന്ന് ആരംഭിക്കുന്ന 'ഗ്രാന്‍ഡ് കനാല്‍' അവസാനിക്കുന്നത്. അങ്ങനെ ഒന്‍പതാം നൂറ്റാണ്ട് മുതല്‍ തന്നെ ഇത് ഒരു പ്രമുഖ വാണിജ്യകേന്ദ്രമായി. 2 കോടി 21 ലക്ഷം ആളുകള്‍ വസിക്കുന്ന ഹാങ്ചൗ ചൈനയിലെ നാലാമത്തെ നഗരമാണ്.  2022-ലെ ഏഷ്യന്‍ ഗെയിംസ് നടക്കാന്‍ പോകുന്ന നഗരം  എന്ന ഒരു പുതിയ പ്രാധാന്യവും അതിനുണ്ട്.    

ഹാങ് ചൗവിന്റെ ദീര്‍ഘ ചരിത്രത്തിന്റെ സൂചനകള്‍ അല്ലന്‍ സീലിയും വിവേക് നാരായണനും ശര്‍മിഷ്ഠയുമൊത്ത് ഷിജിയാംഗ് മ്യൂസിയത്തില്‍ പോയപ്പോള്‍ എനിക്കു കിട്ടി. ഒരു മ്യൂസിയം അല്ല, പല മ്യൂസിയങ്ങളുടെ ഒരു സങ്കേതം ആണ് അത്. തോടുകളും ചെടികളും നിറഞ്ഞ ആ വലിയ വളപ്പില്‍, ഉത്ഖനനം ചെയ്‌തെടുത്ത കളിമണ്‍പാത്രങ്ങള്‍, ലോഹോല്പന്നങ്ങള്‍, പ്രതിമകള്‍, പ്രാചീന ചിത്രങ്ങള്‍, ആധുനിക ചിത്രങ്ങള്‍, രാജമുദ്രകള്‍,  നാണയങ്ങള്‍,  തകര്‍ന്നുപോയ ലീ ഫെംഗ്പഗോഡയുടെ അവശിഷ്ടങ്ങളുടെ ഒരു മ്യൂസിയം, ഇവയെല്ലാം ഇവിടെയുണ്ട്. തുടര്‍ന്ന് ഷെ ജിയാംഗ് 'സ്‌ക്രോള്‍' ലൈബ്രറി സന്ദര്‍ശനമായിരുന്നു. പഴയ കയ്യെഴുത്തുപ്രതികളുടെ വലിയ ശേഖരം അവിടെയുണ്ട്. അവ എങ്ങനെ റിപ്പയര്‍ ചെയ്യുന്നുവെന്നും  സംരക്ഷിക്കുന്നുവെന്നും അവിടത്തെ ജോലിക്കാര്‍ കാണിച്ചുതന്നു. തൊട്ടു തന്നെ ചൈനയിലെ കടലാസ്സു നിര്‍മ്മാണ വിദ്യയുടെ ഒരു മ്യൂസിയവും ഉണ്ട്. പഴയ കാലത്തെ യന്ത്രങ്ങള്‍, കടലാസ്സിന്റെ ചേരുവകള്‍, പല തരം കടലാസ്സിന്റെ മാതൃകകള്‍ ഇവയെല്ലാം അവിടെ കണ്ടു. വെസ്റ്റ് ലേക്ക് എന്നറിയപ്പെടുന്ന സമുദ്രസമാനമായ തടാകത്തിലൂടെയുള്ള ഒരു മണിക്കൂര്‍ നീണ്ട ബോട്ട് യാത്ര രസകരമായിരുന്നു. ഈ തടാകത്തിനു  അനേകം പേരുകളുണ്ട്: വൂ ഫൗന്ഗ്, ക്യുവാന്‍, ക്വിവാന്റാന്ഗ്, ഷാംഗ് എന്നിങ്ങനെ. ആദ്യം ഇത് ഒരു വലിയ നദിയായിരുന്നു. പിന്നെ മല ഇടിഞ്ഞും മറ്റും നാലുപാടും മണ്ണ് വീണു തടാകമായി മാറി. ഹാങ്ചൗവിനു മുഴുവന്‍ കുടിക്കാനും കൃഷിക്കുമുള്ള വെള്ളം നല്‍കുന്നത് ഈ തടാകമാണ്. അനേകം രാജവംശങ്ങളിലൂടെ ഇത് മോടി നേടി വളര്‍ന്നു. പല ഭരണാധികാരികളും കവികള്‍ കൂടി ആയിരുന്നു, അവര്‍ തടാകത്തെക്കുറിച്ചു കവിതകളെഴുതി. ''വസന്ത മാരുതന്‍ പടിഞ്ഞാറന്‍ തടാകത്തില്‍ തിരിച്ചു വന്നിരിക്കുന്നു. ഉറവകളിലെ നീരിനു തെളിഞ്ഞ പച്ചനിറം, ഇപ്പോള്‍ ചായമിട്ടതുപോലെ... സുരഭിലമേഘങ്ങള്‍ ഭാവനയ്ക്കും അതീതം. ലോലമായ കിഴക്കന്‍ കാറ്റില്‍ ഇതളുകള്‍ മഞ്ഞുതരികള്‍പോലെ കൊഴിഞ്ഞുവീഴുന്നു'' (ഔ യാന്ഗ് സിയു, പതിനൊന്നാം നൂറ്റാണ്ട്)  അവിടെ പോകാത്തവര്‍ പോലും തടാകത്തെ ഒഴിച്ച് നിര്‍ത്തിയില്ല: ''ഞാന്‍ ആ തടാകത്തില്‍ പോയിട്ടില്ല, പക്ഷേ, എന്റെ സ്വപ്നങ്ങളില്‍ അത് കടന്നു വന്നിട്ടുണ്ട്. ജലത്തിന്റേയും മുകിലുകളുടേയും മഞ്ഞു പുതച്ച വിശാലത, താമരയിലകള്‍ വില്ലോ മരങ്ങളുടെ കരയുന്ന ചില്ലകളില്‍ അലിഞ്ഞു ചേരുന്ന സ്ഥലം''  (ഹ്വാങ് സുന്‍സിയാന്‍)  അതിന്റെ തീരങ്ങള്‍ മുഴുവന്‍ മനോഹരമായ നടപ്പാതകളും പാലങ്ങളും പഗോഡകളും ക്ഷേത്രങ്ങളും പൂന്തോട്ടങ്ങളുമാണ്.

ഹോങ്കോങ്: ചിത്രമുറി
ഹോങ്കോങ്: ചിത്രമുറി

 ലീ ഫെംഗ്പഗോഡയുടെ പതനത്തെക്കുറിച്ചു പ്രസിദ്ധ കഥാകൃത്തായ ലൂ ഷുന്‍ എഴുതിയിട്ടുണ്ട്. യുവാംഗ് ക്ഷേത്രം, ജിംഗ്സി ക്ഷേത്രം, ഒടിഞ്ഞ പാലം, ഒറ്റക്കുന്ന് ഇങ്ങനെ പേരെടുത്ത സന്ദര്‍ശന സ്ഥലങ്ങള്‍ ഇതിനു ചുറ്റുമുണ്ട്. ചൈന ജനകീയ റിപ്പബ്ലിക് ആയപ്പോഴാണ് ഇത് ടൂറിസ്റ്റുകള്‍ക്കു തുറന്നു കൊടുത്തത്. ബായ് ജൂയി, സു ഷി എന്ന കവികളുടെ സ്മാരകവും ഞങ്ങള്‍   സന്ദര്‍ശിച്ചു. അവിടെ അവരുടെ വലിയ പടങ്ങളും കാവ്യശകലങ്ങളും കാണാം. തടാകക്കരയിലൂടെ ഉലാത്തുന്നത് അപൂര്‍വ്വമായ അനുഭവമാണ്. വലിയ നടപ്പാതകള്‍ക്കരികെ താമരക്കുളങ്ങള്‍,  പൂത്തുനില്‍ക്കുന്ന പീച്ച് മരങ്ങള്‍, പ്ലം വൃക്ഷങ്ങള്‍, ടൂലിപ്പുകള്‍, വില്ലോമരങ്ങള്‍, മഞ്ഞമുളകള്‍, ഇടയ്ക്കിടയ്ക്ക് ശില്‍പ്പങ്ങള്‍... എത്ര മണിക്കൂര്‍ വേണമെങ്കിലും അവിടെ ചെലവിടാം. തീരത്ത് ടാഗോര്‍ താമസിച്ചിരുന്ന വീട്ടിലും അതിനടുത്തുള്ള റെസ്റ്റോറന്റിലും ഞങ്ങള്‍ പോയി. വഴിയിലെ അമ്പലങ്ങളും ചെറിയ ഗാലറികളും സ്മാരകങ്ങളും സന്ദര്‍ശിച്ചു.

ഹാങ് ചൗ സര്‍വ്വകലാശാലയുടെ നാന്‍ ഷാന്‍ ക്യാമ്പസിലുള്ള ചൈനീസ് ആര്‍ട്ട് ഫാക്കല്‍റ്റിയിലായിരുന്നു വൈകുന്നേരത്തെ കവിത വായന. അതിനു മുന്‍പ് ഞങ്ങള്‍ അവരുടെ ഗാലറി സന്ദര്‍ശിച്ചു. സമകാലീന ചൈനീസ് കലയുടെ മാതൃകകള്‍ അവിടെ കണ്ടു, വിദ്യാര്‍ത്ഥികളുടെ സൃഷ്ടികളും ഉണ്ടായിരുന്നു. ചൈന അതിന്റേതായ ഒരു ആധുനികത കലയില്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ക്ലാസ്സിക്കല്‍ ചൈനീസ് കലയും ചൈനീസ് ചിത്രലിപികളും ഉപയോഗിക്കുന്ന ചില സൃഷ്ടികളെങ്കിലും ഞങ്ങള്‍ അവിടെ കണ്ടു. വീഡിയോ ആര്‍ട്ട്, ഇന്‍സ്റ്റലേഷനുകള്‍ തുടങ്ങിയ രീതികള്‍ ഒക്കെത്തന്നെയാണ് അധികം വിദ്യാര്‍ത്ഥികളും ഉപയോഗിക്കുന്നത്. എന്നാല്‍ വിസ്മയകരം എന്നു വിശേഷിപ്പിക്കാവുന്ന ഒരു കലാസൃഷ്ടിയും അവിടെ കണ്ടില്ല വിശേഷിച്ചും എന്നെപ്പോലെ യൂറോപ്യന്‍ ആധുനിക കലയുടെ പ്രധാന കേന്ദ്രങ്ങള്‍ എല്ലാം സന്ദര്‍ശിച്ച ഒരാളെ ആകര്‍ഷിക്കുന്നതായി ഏറെയൊന്നും അവിടെ ഇല്ലായിരുന്നു എന്ന് പറയാതെ വയ്യ.

ഹാങ്ചൗ
ഹാങ്ചൗ

കവിതവായനയ്ക്ക് ഹാള്‍ നിറയെ ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. ബെയ് ദാവോ,  ഴായ് യോംഗ് മിംഗ്, അല്ലന്‍ സീലി, വിവേക് നാരായണന്‍, ശര്‍മിഷ്ഠ മോഹന്തി  എന്നിവരാണ് എന്നെക്കൂടാതെ വായനയില്‍ ഉണ്ടായിരുന്നത്. ''ഇന്ത്യയിലെ പുതിയ തലമുറയിലെ കവികളെ ആകമാനം സ്വാധീനിച്ച ഒരാള്‍'' എന്നും ''നിങ്ങള്‍ കേരളം സന്ദര്‍ശിച്ചാല്‍ സച്ചിദാനന്ദന്റെ പേര് പറഞ്ഞാല്‍ കുറേ സുഹൃത്തുക്കളെയെങ്കിലും ഉണ്ടാക്കാം'' എന്നും വിവേക് നാരായണന്‍ എന്നെ അവതരിപ്പിച്ചു പറഞ്ഞത് കേട്ടപ്പോള്‍ സന്തോഷം തോന്നി. (കുറേ ശത്രുക്കളേയും ഉണ്ടാക്കാം എന്നുകൂടി പറയേണ്ടിയിരുന്നു എന്നും തോന്നിയെങ്കിലും). ഞങ്ങള്‍ സ്വന്തം ഭാഷകളില്‍ വായിക്കുകയും ചൈനീസ് വിവര്‍ത്തനങ്ങള്‍ സ്‌ക്രീനില്‍ പ്രൊജക്റ്റ് ചെയ്യുകയുമായിരുന്നു. 'പക്ഷികള്‍ എന്റെ പിറകേ വരുന്നു', 'ഇടങ്ങള്‍', 'പ്രതിച്ഛായകള്‍' എന്ന ആനുപൂര്‍വ്വിയുടെ ചില ഭാഗങ്ങള്‍ ഇവയാണ് ഞാന്‍ വായിച്ചത്.
ഹാങ് ചൗവില്‍നിന്ന് ഹോങ്കോംഗ് വഴി തിരിച്ചു പോരുമ്പോള്‍ ഒരിക്കല്‍ക്കൂടി അവിടെ വായിക്കപ്പെട്ട ചില കവിതകള്‍ ഞാന്‍ വായിച്ചു നോക്കുകയായിരുന്നു:

താരാട്ട്
അല്ലന്‍ സീലി

തൊട്ടിലിന്റെ വലയില്‍നിന്ന് ഒരിക്കലും പുറത്തു കടക്കരുത്
കട്ടിലിന്റെ പലകയ്ക്കും അപ്പുറം പോകരുത്
ഈ വരാന്തയുടെ അടഞ്ഞ വാതിലിനുമപ്പുറം പോകരുത്
ആനവാതില്‍ കടന്നു പുറത്തേയ്ക്കു പോകരുത്
അച്ഛന്റെ വിളിപ്പുറത്തിന്നപ്പുറം പോകരുത്
അഞ്ചാം അധ്യായത്തിന്നപ്പുറം പോകരുത്
അമ്മയുടെ പാവാടച്ചരടിന്നപ്പുറം പോകരുത്
ഒരു ഭാര്യയ്ക്കുമപ്പുറം പോകരുത്
ആറു പെണ്മക്കള്‍ക്കുമപ്പുറം പോകരുത്
ഖൈബര്‍ ചുരത്തിന്നുമപ്പുറം പോകരുത്
'കാലാ പാനി'ക്കുമപ്പുറം പോകരുത്
ചന്ദ്രന്റെ വിശാലമായ മുഖത്തിന്നപ്പുറം പോകരുത്
ദൈവത്തിന്റെ ഉടുപ്പിന്റെ വക്കിന്നുമപ്പുറം പോകരുത്
എങ്കില്‍ ഞാന്‍  നിന്നെ ആയുസ്സ് മുഴുവന്‍ സ്‌നേഹിക്കും

ഗുഹയ്ക്കടുത്തുള്ള ഒരു ഗ്രാമീണഭവനം
ഗുഹയ്ക്കടുത്തുള്ള ഒരു ഗ്രാമീണഭവനം

കീ ലു സിന്ഗ് (അന്ത്യ ഭാഗം)*
ബെയ് ദാവോ

രാവിലത്തെ മണി അടിക്കാന്‍ സമയമായി
ആത്മാക്കള്‍ക്ക് പാതാളത്തില്‍നിന്ന് ഉയര്‍ന്നു വരാന്‍ സമയമായി
ഋതുകള്‍ക്ക് കണ്ണു ചിമ്മാന്‍ സമയമായി
പൂക്കള്‍ വിടര്‍ന്നു വാടി പഴങ്ങളുടെ വിത്തുകള്‍
തുപ്പിയെറിയാന്‍ സമയമായി
മാറാല തര്‍ക്കശാസ്ത്രം പുനര്‍നിര്‍മ്മിക്കാന്‍ സമയമായി
പഴയ ഓര്‍മ്മകളെ വെടിവെച്ചു വീഴ്ത്താന്‍ സമയമായി
ആരാച്ചാര്‍ തന്റെ ഒഴിഞ്ഞ കിടയ്ക്ക തേടേണ്ട സമയമായി
നക്ഷത്രപ്രകാശം മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും
അന്യോന്യം ബന്ധിപ്പിക്കേണ്ട സമയമായി
പരസ്യപ്പലകയിലെ സ്ത്രീക്ക് പുഞ്ചിരിക്കാന്‍ സമയമായി
തീരങ്ങളിലെ കടുവകളെ കൂടു തുറന്നു പുറത്തു വിടാന്‍ സമയമായി
കല്‍പ്രതിമകള്‍ക്ക് എണീറ്റ് നടക്കാന്‍ സമയമായി
ആവിവണ്ടിയുടെ ചൂളംവിളി ആകാശത്തെ മറിച്ചിടേണ്ട സമയമായി
അജ്ഞാതരുടെ യുഗം വരാന്‍ സമയമായി
കവിത സ്വര്‍ഗ്ഗത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തേണ്ട സമയമായി സമയമായി.

 *ഒരു ചൈനീസ് പാട്ട്       

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com