ഭൂമിയുടെ മകള്‍ ഒറോത: താഹ മാടായി എഴുതുന്നു

സ്ത്രീ ശാക്തീകരണത്തിന്റേയും സഹനത്തിന്റേയും രണ്ടറ്റങ്ങളാണ് ഒറോതയും സീതയും.
വരണ്ടൊഴുകുന്ന ചെമ്പേരിപ്പുഴ- ഒറോതയുടെ വഴികള്‍
വരണ്ടൊഴുകുന്ന ചെമ്പേരിപ്പുഴ- ഒറോതയുടെ വഴികള്‍

റോത പ്രകൃതിയുടെ മകള്‍ എന്ന വായനയ്ക്കാണ് ഇപ്പോള്‍ പ്രസക്തി. അവള്‍ മലവെള്ളത്തില്‍ എവിടെ നിന്നോ ഒലിച്ചുവന്നു, പിന്നീട് മലകയറി എങ്ങോട്ടോ പോയി. സീതയെപ്പോലെ ഭൂമി പിളര്‍ന്നുപോവുകയല്ല, ഇച്ഛയുടെ മലകളിലേയ്ക്ക് അവള്‍ നടന്നുകയറുകയാണ്. സ്ത്രീ ശാക്തീകരണത്തിന്റേയും സഹനത്തിന്റേയും രണ്ടറ്റങ്ങളാണ് ഒറോതയും സീതയും.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നാണ് തിരുവിതാംകൂറില്‍നിന്ന് മലബാര്‍ പ്രദേശത്തേയ്ക്കുണ്ടായ കുടിയേറ്റക്കാരുടെ പ്രവാഹം. കാലിഫോര്‍ണിയന്‍ ഗോള്‍ഡ്റഷിനോട് ഉപമിക്കാവുന്ന ഈ വലിയ മനുഷ്യപ്രവാഹത്തെക്കുറിച്ച് എത്രയെത്ര വീരസമര ഗാഥകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു!
കാക്കനാടന്‍, ഒറോതയുടെ ആമുഖം.
''ഞങ്ങള്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്, കുഞ്ഞേ'' -മേരിയമ്മ പറഞ്ഞു.
''ഇവിടെ വരുമ്പോള്‍ ഒന്നുമുണ്ടായിരുന്നില്ല. തെരുവപ്പുല്ല് മാത്രം!''
ചെമ്പേരി യാത്രക്കിടയിലാണ് മേരിയമ്മയെ കാണുന്നത്. വീട്ടുപറമ്പില്‍ നട്ടുനനച്ചു പരിപാലിച്ച കൈതച്ചക്ക മുറിച്ച് അവര്‍ ഒരു പാത്രത്തില്‍ കൊണ്ടുവെച്ചു.
''ഞങ്ങള്‍ ഒരുപാട് അദ്ധ്വാനിച്ചവരാ. ആണുങ്ങളും പെണ്ണുങ്ങളും വീട്ടിന് പുറത്തിറങ്ങി പണിയെടുത്തു'' -അനുബന്ധമായി, മേരിയമ്മയുടെ ഭര്‍ത്താവ് അഗസ്തി തുണ്ടത്തില്‍ പറഞ്ഞു.
അവിടെയാണ് ഊന്നല്‍.
ആണുങ്ങളുടെ മാത്രം ചരിത്രമല്ല മലബാര്‍ കുടിയേറ്റം. 

പെണ്ണുങ്ങളോടൊപ്പമുള്ള ഒരു ജനതയുടെ പുറപ്പാടാണ് അത്. മലബാര്‍ കുടിയേറ്റം മുഖ്യ പ്രമേയമായി വരുന്ന കാക്കനാടന്റെ നോവലില്‍ 'ഒറോത' എന്ന പെണ്‍ജന്മം കേന്ദ്ര പ്രമേയമായി വരുന്നത്. ചരിത്രപരമായ ആ കടും യാഥാര്‍ത്ഥ്യം കൊണ്ടാണ്. കേരളത്തിലെ കുടിയേറ്റ ചരിത്രത്തിലെ പ്രധാനപ്പെട്ട തുടക്കത്തില്‍ സ്ത്രീകളും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍, മത സാമുദായിക മേഖലകളില്‍ സ്ത്രീകള്‍ക്കു ചലനാത്മകമായ ഒരിടം ഇപ്പോഴും അനുവദിച്ചു കിട്ടിയിട്ടില്ല, ഏറ്റവും ഒടുവിലത്തെ സന്ദര്‍ഭത്തില്‍പ്പോലും 'വനിതാമതില്‍' ആണ് നിര്‍മ്മിച്ചത് എന്നോര്‍ക്കുക. എന്നാല്‍, കുടിയേറ്റ ചരിത്രത്തില്‍ പുരുഷന്മാരോടൊപ്പം സ്ത്രീകളും ഉണ്ടായിരുന്നു. 1937-ലാണ് കേരളത്തില്‍ ജീവല്‍ സാഹിത്യസംഘടന രൂപം കൊള്ളുന്നത്. ''യഥാര്‍ത്ഥ മനുഷ്യനെ ആവിഷ്‌കരിക്കുന്ന സാഹിത്യ''മെന്നാണ് കെ. ദാമോദരന്‍ അതേക്കുറിച്ചു അഭിപ്രായപ്പെട്ടത്. ആധുനികതയുടെ പ്രധാന അപ്പോസ്തലന്മാരില്‍ ഒരാളായ കാക്കനാടന്‍ 'ഒറോത' എഴുതുമ്പോള്‍, ജീവിതത്തെ സാഹിത്യത്തിലേയ്ക്ക് ചേര്‍ത്തുപിടിക്കുകയാണ് ചെയ്തത്. ആധുനികന്‍ എഴുതിയ ജീവല്‍ സാഹിത്യമാണ് 'ഒറോത.' ഒന്നാം ലോകമഹായുദ്ധത്തോടെ ഒരു തരം ധന/ധാന്യ പ്രതിസന്ധി, കൃഷിചെയ്ത ഭൂമിയുടെ മേലുള്ള ഇച്ഛാഭംഗം തിരുവിതാകൂറില്‍നിന്ന് ഒരു ജനതയുടെ വന്‍ ഇളകിമറിയലുകളിലും കൂട്ട പ്രവാസത്തിലേക്കും നയിച്ചു. ഉള്ളില്‍നിന്നു തന്നെയുള്ള മഹാ പ്രവാസമായിരുന്നു അത്.
1939 മുതല്‍ 1965 വരെയാണ് മലബാര്‍ കുടിയേറ്റക്കാലം. അരിക്ഷാമം രൂക്ഷമായ കാലത്താണ് തിരുവിതാംകൂറിലെ ഭൂമി വിട്ട് അവര്‍ മലബാര്‍ മലനിരകളിലേക്ക് പുറപ്പെടുന്നത്.
''പട്ടിണി മാത്രമായിരുന്നില്ല പ്രശ്‌നം'' -ചെമ്പേരിയിലെ കുടിയേറ്റക്കാരില്‍ ഒരാളായ ജോസഫ് ജോണ്‍ പൂച്ചാലില്‍ പറയുന്നു.
''വംശവര്‍ധനയുണ്ടായ ഒരു ജനത വസ്തു വിസ്തീര്‍ണ്ണം ആഗ്രഹിച്ചു നടത്തിയ ഒരു യാത്രയാണത്.''


തൊടുപുഴയിലെ കരിമണ്ണൂര്‍ വില്ലേജില്‍നിന്നാണ് ജോസഫ് ജോണ്‍ തന്റെ മുപ്പതാം വയസ്സില്‍ ചെമ്പേരിക്കടുത്തുള്ള ഈ ദേശത്തേക്കു വരുന്നത്.
''തളിപ്പറമ്പില്‍നിന്നുള്ള ഏതോ സമയത്തുള്ള ഒരു ബസിലാണ് ഞാന്‍ ഇവിടെ വന്നിറങ്ങിയത്. ഇപ്പോള്‍ ആ ബസ് ചരിത്രത്തിലുണ്ടാവാന്‍ വഴിയില്ല. പക്ഷേ, ആ ബസില്‍ വന്നിറങ്ങിയവര്‍ ഇവിടയുണ്ട്. ആ ബസ് ഉണ്ടോ?''
സഞ്ചാരത്തേയും കാലപ്രവാഹത്തിലും തുരുമ്പെടുക്കാത്ത മനുഷ്യരുടെ ഇച്ഛകളേയും കുറിച്ചാണ് ഈ നാട്ടുദാര്‍ശനികന്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.
''കാലം കഴിയുന്തോറും പ്രകാശം കുറഞ്ഞുവരികയാണ്. അല്ലെങ്കില്‍ സ്‌നേഹം ഇരുണ്ടുവരുന്നു''.
അല്പം ഫിലോസഫിക്കലായി ജോസഫ് ജോണ്‍ പൂച്ചാലില്‍ തുടര്‍ന്നു: ഞാന്‍ കൃഷിക്കാരന്‍ ആയിരുന്നു, ബിസിനസ്സുകാരന്‍ ആയിരുന്നു, വൈദ്യകല വശമുണ്ട്, ഇങ്ങനെ ഞാന്‍ പലതുമാണ്.''
ഒരു ചെറിയ സഞ്ചിയില്‍ വാതശമനത്തിനുള്ള ആയുര്‍വ്വേദ മരുന്നുകുപ്പികള്‍ കരുതിയിട്ടുണ്ട് അദ്ദേഹം. വേദനയുള്ളവര്‍ക്കു വില്‍ക്കും.
''കരിമണ്ണൂരില്‍ ഞാന്‍ വയല്‍ കൃഷിചെയ്തു ശീലമുള്ള ആളായിരുന്നു. എന്നാല്‍, ഇവിടെ വന്നപ്പോള്‍ ജീവിക്കാന്‍ വേണ്ടി കപ്പ കൃഷി ചെയ്തു.''
ഭക്ഷണത്തിനുവേണ്ടി കപ്പ, ചേന, ചേമ്പ്, കാച്ചില്‍, പുനം കൃഷി കുടിയേറ്റ ജനത വേഗം ഇളകാത്ത മണ്ണില്‍ ഇതെല്ലം കൃഷിചെയ്തു. വിയര്‍പ്പായിരുന്നു ഭൂമിയെ നനച്ചത്.
''കപ്പ കഴിച്ചു വിശപ്പകറ്റി'' -മേരിയമ്മ പറഞ്ഞു.
''തെരുവത്തൈലം (പുല്‍ത്തൈലം) വിറ്റാണ് ആദ്യകാല കുടിയേറ്റക്കാര്‍ പണം കണ്ടെത്തിയത്. കുടിയേറ്റ ജനത ആദ്യം വിപണിയിലെത്തിച്ചത് പുല്‍ത്തൈലമാണ്. പിന്നെ കുരുമുളക്, തെങ്ങു, കശുമാവ്, കവുങ്ങ്, റബ്ബര്‍- വിപണിയില്‍ മലഞ്ചരക്കുകള്‍ കൂടി.
മുന്‍പ്...
അഗസ്തി തുണ്ടത്തില്‍ തുടര്‍ന്നു: ''ഞങ്ങളുടെ പൂര്‍വ്വികര്‍ ഇവിടെ വരുമ്പോള്‍ കരിമ്പാലര്‍ എന്ന ആദിവാസികളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഒരിടത്തു പാര്‍ക്കാതെ താല്‍ക്കാലികമായി വീട് വെച്ച് അടുത്തടുത്ത മലകളിലേയ്ക്കു കയറിപ്പോകുന്നവരാണ് കരിമ്പാലര്‍. അവരുമായി കുടിയേറ്റ ജനത ഏറ്റുമുട്ടിയിരുന്നില്ല എന്നാണ് പൂര്‍വ്വികരില്‍നിന്ന് അറിഞ്ഞത്. പൊതുവെ സമാധാന പ്രിയരായിരുന്നു കുടിയേറ്റ ജനത. കരിമ്പാലര്‍ മറ്റു ഗോത്രത്തില്‍പ്പെട്ടവരെ തൊടാറില്ല. കുടിയേറ്റക്കാരുടെ കയ്യില്‍നിന്നു പണം വാങ്ങില്ല. താല്‍ക്കാലികമായി അവര്‍ കെട്ടുന്ന കുടില്‍ മറ്റുള്ളവര്‍ തൊടുന്നതും അവര്‍ക്കിഷ്ടമല്ല.''
ആദ്യകാലത്ത് കുടിയേറിയവര്‍ വന്യവും വിജനവുമായ പ്രകൃതിയോട് മാത്രമല്ല, ഈ പ്രകൃതിയില്‍ ആളനക്കമറിയാതെ വിഹരിച്ച മൃഗങ്ങളോടും അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ എതിരിട്ടിരിക്കണം. കാട്ടുപന്നികളുടെ സാന്നിധ്യമായിരുന്നു കൂടുതല്‍. കടുവ പിടിച്ചുകൊണ്ടുപോയ ചിലരെക്കുറിച്ചുള്ള കഥ പണ്ട് കേട്ടിരുന്നു. പാമ്പു കടിയേറ്റു മരിച്ചവരുമുണ്ട്.
ഇവിടെയടുത്ത് പുലിക്കുരുമ്പ എന്ന സ്ഥലമുണ്ട്.
മുന്‍പ് കൃഷിപ്പണിക്കു പോയ ഒരാള്‍ കുരുമ്പ (കൊരമ്പ പഴയകാലത്തു കൃഷിപ്പണിക്കാര്‍ മഴയില്‍നിന്നും വെയിലില്‍നിന്നും രക്ഷയ്ക്കായി തലയിലിട്ടു നടന്ന കൈതയോലകൊണ്ട് മെടഞ്ഞ നീളന്‍ തലത്തൊപ്പി) വെച്ച് എവിടെയോ പോയതായിരുന്നു. തിരിച്ചു വരുമ്പോള്‍ കുരുമ്പയില്‍ ഒരു കടുവക്കുഞ്ഞ് പതുങ്ങിയിരിക്കുന്നു!
ആ സ്ഥലം പിന്നെ പുലിക്കുരുമ്പയായി. പുലി മറഞ്ഞ പാതാളം പോലെ, പുലിയൊളിച്ച കുരുമ്പ.

ചേമ്പേരിയില്‍ കുടിയേറ്റക്കാര്‍ പണിത പള്ളി പുതുക്കി പണിതപ്പോള്‍
ചേമ്പേരിയില്‍ കുടിയേറ്റക്കാര്‍ പണിത പള്ളി പുതുക്കി പണിതപ്പോള്‍


ചെമ്പേരി പുഴയുടെ അരികെ നില്‍ക്കുമ്പോള്‍, ഒരു കാറ്റു വന്നു ചെറിയൊരു ചുഴലി വട്ടം തീര്‍ത്ത് പുഴക്കപ്പുറമുള്ള മലഞ്ചെരിവുകളിലേക്കു പോയി. ഇവിടെ അനേകം പടവുകളുള്ള ചെമ്പേരി ക്രിസ്തീയ ദേവാലയം. മലബാറിലേക്ക് കുടിയേറിയവരുടെ കയ്യില്‍ കുരിശും ജപമാലയുമുണ്ടായിരുന്നു. നല്ല വിളവെടുപ്പിനുവേണ്ടി ലൂക്ക 17:11-19 വായിച്ചും നല്ല കാലാവസ്ഥയ്ക്കുവേണ്ടി യാക്കോബ് 1:12-18, മത്തായി; 8:23-27 വായിച്ചും പ്രകൃതിക്ഷോഭങ്ങള്‍ അടങ്ങാന്‍ 2 കോറി 4:8-13, ലൂക്കാ 8:22-25 വായിച്ചും കുടിയേറ്റ ക്രൈസ്തവര്‍ കുരിശിനു മുന്നില്‍ കൃതാര്‍ത്ഥരായി ഇരുന്നു. കുടിയേറ്റക്കാരിലുണ്ടായ ചുരുക്കം ചില അക്രൈസ്തവ കുടുംബങ്ങള്‍ അവരുടേതായ ദൈനംദിന പ്രാര്‍ത്ഥനകളിലൂടെയും കടന്നുപോയി. എല്ലാവരും തുല്യമായി വീതിച്ചെടുത്ത പ്രാര്‍ത്ഥന ഒന്നു മാത്രം, അദ്ധ്വാനിക്കുക, അദ്ധ്വാനിക്കുക. അങ്ങനെ വിയര്‍ത്തു വിയര്‍ത്ത് അവര്‍ മലഞ്ചെരിവുകളില്‍ മല വിഭവങ്ങളുടെ വിളവെടുപ്പുത്സവങ്ങള്‍ ഉണ്ടാക്കി.

ചെമ്പേരിയിലെ കുടിയേറ്റ തലമുറയുടെ ഇങ്ങേയറ്റത്തെ കണ്ണികളിലൊരാളായ ജോബിഷ് എം. ജോസഫ് കുടിയേറ്റ കാരണങ്ങള്‍ യാത്രയ്ക്കിടയില്‍ വിശദീകരിച്ചു: ''കൊടിയ ദാരിദ്ര്യം അനുഭവിച്ചവരായിരുന്നു ആ തലമുറ. തിരുവിതാംകൂറില്‍ പിടിച്ചുനില്‍ക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലാതിരുന്നവരാണ് മലബാറിലേക്ക് കുടിയേറിയവരില്‍ കൂടുതലും. സാധാരണ കുടിയേറ്റ ചരിത്രങ്ങളില്‍നിന്ന് മലബാര്‍ കുടിയേറ്റം വ്യത്യസ്തമാകുന്നത്; ഏറെ സൗകര്യങ്ങളുണ്ടായിരുന്ന വിദ്യാലയങ്ങള്‍, ആശുപത്രികള്‍, വാഹനസൗകര്യം അങ്ങനെ മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഉള്ള നാട്വിട്ടു വളരെ വിദൂരമായ ഏറെ വന്യമായ ഈ ഇടങ്ങളിലേക്കു വന്നു എന്നതാണ്. അവരെ അതിനു പ്രേരിപ്പിച്ചത് സാമ്പത്തിക പരാധീനതയും ഭക്ഷ്യദൗര്‍ലഭ്യവുമാണ്. വാസ്തവത്തില്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്താണ് ഇതിനു തുടക്കം കുറിക്കുന്നത്. തിരുവിതാംകൂറിലെ അക്രൈസ്തവ സമുദായങ്ങള്‍ മിക്കവാറും മരുമക്കത്തായ സമ്പ്രദായമാണ് പിന്തുടര്‍ന്നത്. മക്കത്തായികളായ ക്രിസ്ത്യാനികള്‍ക്ക് അവരുടെ ഭൂമി വിറ്റ് കുറഞ്ഞവിലയ്ക്ക് കൂടുതല്‍ ഭൂമി കിട്ടുന്ന ഇടങ്ങളിലേക്കു പോകാനുള്ള സൗകര്യം കിട്ടി. കൃഷി ചെയ്യാന്‍ അവര്‍ക്കറിയാമായിരുന്നു. അവര്‍ക്കു വേണ്ടിയിരുന്നത് ഭൂമിയായിരുന്നു. ഇടനാടും തീരനാടും കടന്നിട്ടാണ് അവര്‍ മലനാട്ടില്‍ എത്തുന്നത്. അധ്വാനിച്ചു മുന്നേറാനുള്ള ദൃഢനിശ്ചയം അതിലുണ്ടായിരുന്നു. പിന്നീട് കുടിയേറ്റ ജനത ഒരു സമൂഹം എന്ന നിലയില്‍ ശാക്തീകരിക്കപ്പെടുന്നത് പേരുപോലും അറിയപ്പെടാത്ത ഒരുപാടു വൈദികരിലൂടെയാണ്. പള്ളിയും അതിന്റെ ഉപോല്പന്നമായി പള്ളിക്കൂടങ്ങളും വന്നു.''
എന്തായിരുന്നു ചെമ്പേരിയിലേക്ക് തിരുവിതാംകൂറില്‍നിന്നു പുറപ്പെട്ടവരുടെ ഉള്ളിലെ തിരയിളക്കങ്ങള്‍ എന്ന് 'ഓറോത'യില്‍നിന്നു വായിക്കാം:

ഏലിക്കുട്ടി
ഏലിക്കുട്ടി

നാട്ടിലെ ജീവിതം ദാരിദ്യ്രപൂര്‍ണ്ണവും ദു:ഖഭരിതവുമായിത്തീര്‍ന്നിരുന്ന കാലത്ത് ഒരു നാള്‍ പൂവരണിയില്‍ പോയി മടങ്ങിവന്ന കുഞ്ഞുവര്‍ക്കി ഓറോതയോടു പറഞ്ഞു:
നമ്മടവിടുന്നൊരുപാട് പേരു മലവാറിപ്പോകുവാ. ഞങ്ങടെ ചിറ്റപ്പന്മാരും പേരപ്പന്മാരും അയലത്തുകാരും ആരോണ്ടൊക്കെ പോണൊണ്ട്. മലവാറി വെല കൊറഞ്ഞൊരുപിടി ഭൂമി കിട്ടുമെന്നാ പറേന്നത്. നമ്മക്കും പോയാലോ, ഒള്ളത് വിറ്റുപെറുക്കി?
ഒറോത ആ നേരത്തു മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ, ആ വിഷയത്തെക്കുറിച്ച് അവള്‍ ആലോചിച്ചു. പലരും മലബാറിലേക്ക് കുടിയേറുന്നതിനെക്കുറിച്ചു അവള്‍ കേട്ടിരുന്നു. വിലകുറച്ചു ഭൂമി കിട്ടും. അദ്ധ്വാനിക്കാന്‍ വേണ്ടത്ര സ്ഥലം കിട്ടും. നല്ല മണ്ണാണ്. പക്ഷേ, ജോലി ചെയ്യണം. ജോലി ചെയ്താല്‍ പ്രയോജനമുണ്ട്. ശോഭനമായ ഒരു ഭാവി അവളുടെ മനസ്സില്‍ തെളിഞ്ഞുവന്നു. മലബാര്‍ ഒരു മനോഹര സ്വപ്നമായി അവളുടെ ഉള്‍ക്കളത്തില്‍ പൂത്തിറങ്ങി.
(ഒറോത, പേജ് 44-45, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്) 
ഒരു മഹാപ്രളയകാല ഓര്‍മ്മകള്‍ മനസ്സില്‍നിന്നു പൂര്‍ണ്ണമായും ഒഴുകിത്തീരുന്നതിനിടയിലാണ് 'ഒറോത' വീണ്ടും വായിക്കുന്നത്.
ആ മഹാപ്രളയകാലം 'ഒറോത'യില്‍നിന്ന് വായിക്കാം:
കൊല്ലവര്‍ഷം 1099-ല്‍ കിഴക്കന്‍ മലമ്പ്രദേശങ്ങള്‍ ഭീകരമായൊരു ഗര്‍ജ്ജനത്തോടെ പൊടുന്നനെ പൊട്ടിയൊലിച്ചു. പെരിയാര്‍ മുതല്‍ താമ്രപര്‍ണി വരെയുള്ള നദികള്‍ അലറിവിളിച്ച്, കുളം കുത്തി, ഭൂമി കുലുക്കി, തീരങ്ങളെ വിഴുങ്ങി, ഭ്രാന്തെടുത്തൊഴുകി. മണിമലയാറിന്റേയും പമ്പയുടേയും മീനച്ചിലാറിന്റേയും അച്ചന്‍കോവിലാറിന്റേയും എന്നുവേണ്ട എല്ലാ നദികളുടേയും തീരപ്രദേശങ്ങള്‍ പ്രളയബാധിത പ്രദേശങ്ങളായി. ഭൂമി ഒടുങ്ങുന്ന പ്രളയമെത്തിയെന്നു മനുഷ്യര്‍ കരുതി.

തുടര്‍ന്നുള്ള വരികളില്‍ പ്രളയം ഏറ്റവും കുടിലമായ വാക്കുകളില്‍ കാക്കനാടന്‍ രേഖപ്പെടുത്തുന്നു. മലകളുടെ ചോരയായി ഒഴുകിവന്ന ജലത്തെ കാക്കനാടന്‍ വിവരിക്കുന്നു. വാക്കുകള്‍ പ്രളയജലം പോലെ പൊട്ടിയൊലിച്ചു അലറിപ്പായുന്നു.

അഗസ്തി തുണ്ടത്തില്‍
അഗസ്തി തുണ്ടത്തില്‍


'തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം' എന്ന മലയാളികളുടെ വെള്ളപ്പൊക്കോര്‍മ്മകളിലെ ഏറ്റവും പ്രധാനപ്പെട്ട ആ ഒഴുക്കിലാണ് 'ഒറോത' മീനച്ചിലാറിലൂടെ ഒഴുകിവരുന്നത്. ഒന്‍പതു മാസം മാത്രം പ്രായമുണ്ടായിരുന്ന ആ ഒഴുക്കില്‍ വന്ന കുഞ്ഞിനെ രക്ഷപ്പെടുത്തിയത് വെട്ടുകാട്ടില്‍ പാപ്പന്‍ എന്ന മധ്യവയസ്‌കനാണ്. നിരുപാധിക സ്‌നേഹം നല്‍കി അയാള്‍ കുഞ്ഞിനെ വളര്‍ത്തി. വളര്‍ന്നപ്പോള്‍ പ്രകൃതിയോടും മനുഷ്യപ്രകൃത കാമനകളോടും അവള്‍ പൊരുതുന്നു. ആത്മബോധം അവളില്‍ ആഴത്തില്‍ പടര്‍ന്ന വേരുകളാണ്.

മേരിയമ്മ
മേരിയമ്മ

എങ്കിലും ആത്മവിലാപത്തിന്റെ ഇലകള്‍ അവള്‍ പൊഴിക്കുന്നു. 
ഒറോത 'പ്രകൃതിയുടെ മകള്‍' എന്ന വായനക്കാണ് ഇപ്പോള്‍ പ്രസക്തി. അവള്‍ മല വെള്ളത്തില്‍ എവിടെനിന്നോ ഒലിച്ചുവന്നു, പിന്നീട് മലകയറി എങ്ങോട്ടോ പോയി. സീതയെ പോലെ ഭൂമി പിളര്‍ന്നുപോവുകയല്ല, ഇച്ഛയുടെ മലകളിലേക്ക് അവള്‍ നടന്നുകയറുകയാണ്. സ്ത്രീ ശാക്തീകരണത്തിന്റേയും സഹനത്തിന്റേയും രണ്ടറ്റങ്ങളാണ് ഒറോതയും സീതയും. കാലാതീതമായി തുടിച്ചുനില്‍ക്കുന്ന 'സ്ത്രീ സ്വാതന്ത്ര്യം' എന്ന ആശയത്തിന്റെ ഇങ്ങേയറ്റത്തെ തുടര്‍ച്ചയാണ് 'ഒറോത.'

ക്ലാരമ്മ
ക്ലാരമ്മ


ചെമ്പേരിയുടെ കരയില്‍നിന്ന് അതിനപ്പുറമുള്ള മലഞ്ചെരിവുകളിലേക്കു കൈ ചൂണ്ടി ജോബിഷ് എം. ജോസഫ് എന്ന ചങ്ങാതി പറഞ്ഞു: ''അതാണ് ഒറോത കയറിപ്പോയ വഴി... മലയുടെ പടിഞ്ഞാറേ ചെരിവില്‍ക്കൂടി...''
ഒറ്റയ്ക്ക് കാട്ടുചെടിപ്പടര്‍പ്പുകള്‍ വെട്ടിമാറ്റിക്കൊണ്ട് ആത്മബോധത്തിന്റെ പരമപീഠം കയറിയവളാണ് ഒറോത.

ജോബീഷ് എം ജോസഫ്
ജോബീഷ് എം ജോസഫ്


ഒറോത പോയ വഴിയേ ഒരു പുരുഷനും കയറാനായില്ല. ആ വഴിയില്‍ അവളല്ലാതെ മറ്റാരുമില്ല. വടക്കന്‍ തോറ്റത്തിലെ കാരിയെപ്പോലെ (പുലി മറഞ്ഞ തൊണ്ടച്ചന്‍) മലകയറി മറഞ്ഞ കാരിച്ചിയാണ് ഒറോത. കുരിശു ചുമന്ന് അവള്‍ക്കു മുന്നിലോ പിന്നിലോ ആരുമുണ്ടായിരുന്നില്ല.
ചെമ്പേരി യാത്രക്കിടയില്‍ ക്ലാരമ്മ എന്ന വയോധികയെ കണ്ടുമുട്ടി. കൈപ്പള്ളില്‍ തോമസ് എന്ന കുടിയേറ്റക്കാരന്‍ എഴുതിയ 'കുടിയേറ്റ ചരിത്രപ്പാട്ട്' അവര്‍ പാടിക്കേള്‍പ്പിച്ചു. കൈപ്പള്ളില്‍ തോമസ് ജീവിച്ചിരുന്നപ്പോള്‍ നല്ല ഈണത്തോടെ പാടിയിരുന്നു ഈ പാട്ടെന്നു ക്ലാരമ്മ ഓര്‍ക്കുന്നു:
''മലബാറെന്നൊരു നാമം പോലും 
അറിയാത്തവരും യാത്ര തിരിച്ചു 
കെട്ടിയ പെണ്ണിനെ ഇട്ടേച്ചും ചിലര്‍ 
കെട്ടിച്ചതിനെ കൂട്ടിക്കൊണ്ടും 
ചേട്ടനൊരുത്തന്‍ നാട്ടിലവനുടെ 
കൂട്ടക്കാരെല്ലാം മലബാറില്‍
കേട്ടോടിയ നമ്മുടെ ചാണ്ടിച്ചേട്ടന്‍ 
നാളെപ്പോകും മലബാറിന് 
നമ്മുടെ കൊച്ചു പറമ്പും പുരക്കും 
തോമ്മച്ചേട്ടന് നോട്ടവുമുണ്ട് 
എന്തെടിയൊന്നും മിണ്ടാത്തത് നീ 
സ്വന്തക്കാരെ പിരിയാന്‍ മടിയോ
കെട്ടിയ പുരുഷന്‍ ഞാനാണെങ്കില്‍ 
കെട്ടിയ പെണ്ണിനെ വിട്ടു തരേണം 
ഒത്തോരു പണവും വേണം നാളെ 
പത്തുമണിക്ക് ഗമിച്ചീടേണം 
പെണ്ണിനെ മലബാറിന് വിടില്ല 
നിര്‍ണ്ണയം എന്നുടെ കണ്ണടയാതെ 
മിത്രജനങ്ങള്‍ പോകുന്നെടുടെ 
ഭര്‍ത്താവേ താനെന്തറിയുന്നു 
പുത്രകളെത്ര രക്ഷിപ്പോരോ 
ധാത്രിയുമിപ്പോ മലബാറെത്തി ചട്ടികള്‍ കൊട്ടകളും കാല്‍പ്പെട്ടികള്‍

ചേമ്പേരി കവല
ചേമ്പേരി കവല

 
കോട്ടകള്‍ കെട്ടിയെടുത്തു കെട്ടാത്തതനവധി 
എണ്‍പതുപേരെയിട്ട് ഞെരുക്കും 
ബസ്സില്‍ കേറി വാവല് തൂങ്ങും മാതിരി തൂങ്ങി
തൂങ്ങിയിട്ടെങ്ങനെ ആലുവയെത്തി 
പരിശോധകരാം പലിശക്കൂട്ടം 
പരിതാപകരം പറയാന്‍ വയ്യ 
കഷ്ടതയെല്ലാം തീര്‍ന്നീടുമീ 
തീവണ്ടിയിലേക്കെന്നു നിനച്ചു 
ഫ്രീ പാസ്സിന്നൊരുറുപ്പിക വേണം 
വേഗം വേണം വണ്ടി വരാറായി 
ഷൊര്‍ണ്ണൂരെത്തിയ നേരത്തേക്കും 
തുക തൊണ്ണൂറും ചിലവായി കഷ്ടം 
പിന്നീടുള്ളൊരു പത്തും കൊണ്ട് 
കോഴിക്കോട്ടൊരു ഹോട്ടലിലെത്തി 
ഇഷ്ടന്മാരും നാട്ടുജനങ്ങളും 
ഒട്ടേറെ കണ്ടു ഹോട്ടലിലപ്പോള്‍ 
ചേട്ടാ എവിടുന്നാണ് വരുന്നത് 
നാട്ടുവിശേഷം എന്തെല്ലാമോ 
അരി മണ്ണെണ്ണ ലഭിക്കുന്നുണ്ടോ 
ഗുരുതരമാണോ കണ്‍ട്രോളെല്ലാം 
സ്ഥലമെങ്ങാനും വാങ്ങിക്കോ താന്‍ വിലയോ കൂടി വരുന്നത് കേട്ടോ 
പേരാവൂരെന്നാല്‍ എന്തൊരു തുച്ഛം 
മറ്റൊരു സ്ഥലമില്ലിതു പേരിന് 
കുട്ട്യാടിക്കു സമാനം ചേട്ടാ.
വയലിന്നാശ തനിക്കുണ്ടെങ്കില്‍ 
വയനാട്ടില്‍ തന്‍ പോരുക ചേട്ടാ 
നിലമാണഗ്രഹമെങ്കില്‍ പോരൂ നിലമ്പൂരെക്കുടനെ ഞാനും... ഇങ്ങനെ പോകുന്നു 'കുടിയേറ്റ ചരിത്രപ്പാട്ട്.' സത്യസഭയ്ക്ക് പ്രചാരം വരുവാന്‍ സത്വരമായി നാം ശ്രദ്ധിക്കണം എന്നുകൂടി പാടിപ്പറയുന്നുണ്ട് ഈ പാട്ട്. 
മലബാര്‍ കുടിയേറ്റം മുഖ്യ പ്രമേയമായി വരുന്ന എസ്.കെ. പൊറ്റക്കാടിന്റെ 'വിഷ കന്യകയില്‍നിന്ന് കാക്കനാടന്റെ 'ഒറോത'യിലെത്തുമ്പോള്‍ സ്ത്രീ/കുടിയേറ്റ ജനത/പരിസ്ഥിതി/ എന്നിവയില്‍ ദേശങ്ങളുടെ ചരിത്ര ഭാഗധേയത്തെ മറ്റൊരു വിധത്തില്‍ സംബോധന ചെയ്യുന്നത് കാണാം. മലബാറില്‍ പൊറ്റക്കാട് കണ്ട 'കാട'ല്ല കാക്കനാടന്‍ കണ്ട 'നാട്.'
ചെമ്പേരിപ്പുഴയുടെ കരയില്‍, ജോബിഷ് എം. ജോസഫിനോടൊപ്പം നില്‍ക്കുമ്പോള്‍ 'ഒറോത'യിലെ വരികള്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മവന്നു: 
ഒറോത ദു:ഖമായിരുന്നു. ഒറോത ത്യാഗമായിരുന്നു. ഒറോത കരുത്തായിരുന്നു. ജീവിച്ചിരിക്കെ തന്നെ ഒറോത ഒരു ഐതിഹ്യമായിരുന്നു.

ആദ്യകാല കുടിയേറ്റക്കാരന്‍ അഗസ്തി തുണ്ടത്തിലിന്റെ വീട്
ആദ്യകാല കുടിയേറ്റക്കാരന്‍ അഗസ്തി തുണ്ടത്തിലിന്റെ വീട്

മലയാള മനോരമയുടെ ദൈവ ചിത്രങ്ങള്‍ 

മലയാള മനോരമ വായിച്ചുണര്‍ന്ന ഒരു കാലമുണ്ടായിരുന്നു ചെമ്പേരിക്ക്. തിരുവിതാംകൂറില്‍നിന്നു കുടിയേറിയ 'മല'യാളികള്‍ മലയാള മനോരമ വായിച്ചാണ് ലോകവിശേഷങ്ങളിലേയ്ക്ക് മല കയറിയത്. പഴയ മനോരമ ഓര്‍മ്മകള്‍ പറയുന്ന ഒരു കടയുണ്ട് ചെമ്പേരി ടൗണില്‍ ഇപ്പോഴും. ജോസ് എന്ന മനോരമ കുഞ്ഞേട്ടന്റെ കടയിലെ ചുവരില്‍ മനോരമയുടെ പിതാമഹന്മാരുടെ ചിത്രങ്ങള്‍ ചില്ലിട്ട് ദൈവ ചിത്രങ്ങള്‍ പോലെ തൂക്കിയിട്ടുണ്ട്. കെ.സി. മാമ്മന്‍ മാപ്പിളയും കെ.എം. ചെറിയാനും ഈ ചുവരിലിരുന്ന് പുതിയ കാലത്തോട് എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്. ഏറെ പഴക്കമുണ്ട് ഈ ഫോട്ടോകള്‍ക്ക്.

മനോരമ കുഞ്ഞേട്ടന്‍ എന്ന ജോസ്
മനോരമ കുഞ്ഞേട്ടന്‍ എന്ന ജോസ്

മലയാള മനോരമയുടെ ഏതെങ്കിലും യൂണിറ്റില്‍ ഇത്രയും പഴക്കമുള്ള ചിത്രങ്ങളുണ്ടോ എന്നറിയില്ല. മനോരമയുടെ പിതാക്കന്മാരുടെ ഫോട്ടോകള്‍ ചുവരില്‍ തൂക്കിയ, മനോരമയുടെ ഏജന്റും പ്രാദേശിക ലേഖകനുമായ ജോസിനെ ചെമ്പേരിക്കാര്‍ സ്‌നേഹത്തോടെ മനോരമ കുഞ്ഞേട്ടന്‍ എന്നു വിളിച്ചു. ശീതീകരണ മുറിയിലെ സുഖലോലുപ ഇരിപ്പു പത്രപ്രവര്‍ത്തന കാലത്തിനു മുന്‍പ് ഓരോ നാട്ടിലും മനോരമ കുഞ്ഞേട്ടനെപ്പോലെയുള്ള ആളുകളാണ് വാര്‍ത്തകളുടെ ഉറവിടങ്ങളായി പ്രവര്‍ത്തിച്ചത്. ഇങ്ങനെയുള്ള എത്രയോ കാല്‍നടക്കാരാണ് ഇന്നു കാണുന്ന മിക്കവാറും പത്രങ്ങളുടേയും സ്രോതസ്സുകള്‍. പ്രഫഷണലിസം എന്നതേക്കാള്‍ ഇന്റിമസി എന്നതായിരിക്കാം അവരെ പ്രചോദിപ്പിക്കുന്ന മനോവികാരം. അതുകൊണ്ടു ചുവരില്‍ ആ ചിത്രങ്ങള്‍. ഇന്റിമസിയില്ലാത്ത പ്രഫഷണലിസത്തില്‍നിന്നു  നമുക്ക് എന്താണ് പഠിക്കാനുള്ളത്?

മനോരമ കുഞ്ഞേട്ടന്റെ കടയിലിരുന്നു എത്രയോ ദിവസങ്ങള്‍ കാക്കനാടന്‍ കഥ പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ, കാക്കനാടന്‍ കഥ പറഞ്ഞിരുന്ന കേരളത്തിലെ ഒരേയൊരു കട ഇതായിരിക്കാം, കാക്കനാടന്മാരെല്ലാം മനോരമ കുഞ്ഞേട്ടന്റെ അരികില്‍ വന്നിട്ടുണ്ട്. പനങ്കള്ളും കപ്പയുമായിരുന്നു കാക്കനാടന്റെ ഇഷ്ട വിഭവം. നമ്മുടെ വായനയെ ഒരുകാലത്തു സജീവമാക്കി നിലനിര്‍ത്തിയത് മാത്യു മറ്റവും വേളൂര്‍ കൃഷ്ണന്‍കുട്ടിയുമാണെന്ന് മനോരമ കുഞ്ഞേട്ടന്‍ വിശ്വസിക്കുന്നു. വായനയെ ജനകീയമാക്കിയത് അവരാണ്. പുതിയ കാലത്തു വായന കുറയുന്നു എന്ന പരാതി മനോരമ കുഞ്ഞേട്ടനുണ്ട്.
സോഷ്യല്‍ മീഡിയ കാലത്ത് വായന മറ്റൊരു വിധത്തില്‍ വളരുന്നു എന്ന് മനോരമ കുഞ്ഞേട്ടനോട് പറഞ്ഞില്ല.
നരച്ച മുടി ശോഭയുള്ള കിരീടമാണ് എന്ന് ബൈബിളില്‍ പറയുന്നുണ്ട്. മനോഹരമായി ചിരിക്കുന്ന ഈ മനുഷ്യന്‍ ആ തിരുവെഴുത്ത് ഓര്‍മ്മിപ്പിച്ചു.

മാത്യു
മാത്യു

വരൂ, ഒരു ചായ കുടിക്കാം
ചായക്കട നടത്തുന്ന 85 വയസ്സുള്ള മാത്യുച്ചേട്ടന്, ഓര്‍മ്മകള്‍ ഒരുപാട് പറയാനുണ്ട്. കാട്ടുമൃഗങ്ങള്‍ വിഹരിച്ച ചെമ്പേരി, വസൂരിയുടേയും മലമ്പനിയുടേയും ഓര്‍മ്മകള്‍... കഷ്ടപ്പാടിന്റെ ദുരിതകാലങ്ങള്‍... നോവ് തിന്നു ഭ്രാന്തുപിടിച്ച മനുഷ്യരെക്കുറിച്ചുള്ള കഥകള്‍...
''ഇപ്പോഴും ദൈവത്തില്‍ വിശ്വാസമുണ്ടോ?'' എന്ന ചോദ്യത്തിന് ഉറച്ചതും സ്വര്‍ഗ്ഗവിചാരവുമുള്ള മറുപടി പെട്ടെന്നു തന്നെ വന്നു:
''കഷ്ടപ്പെടുന്നവരെ ദൈവം ഒരുനാളും കൈവെടിയില്ല. ദുഃഖത്തിനു പിറകെ സുഖം വരുന്നുണ്ട്. കഷ്ടപ്പെടുമ്പോള്‍ 'ദൈവമേ രക്ഷിക്കൂ' എന്നല്ലാതെ 'എന്റെ യുക്തിയേ എന്നെ രക്ഷിക്കൂ' എന്ന് ആരെങ്കിലും പറയുമോ?''
വിശ്വാസത്തിന്റെ രുചിയുള്ള ഒരു ചായ കുടിച്ചപ്പോള്‍ മാത്യു ചേട്ടന്‍ ചോദിച്ചു:
ചായ എങ്ങനെ?

തോമസ് കളത്തറ
തോമസ് കളത്തറ

വെറ്റിലയുടെ മണം 
തെരുവപ്പുല്ല് മാത്രമുണ്ടായിരുന്ന ചെമ്പേരിയില്‍ വെറ്റിലക്കൃഷി ചെയ്ത ഉപജീവനം കണ്ടെത്തിയ ആളാണ് ഇപ്പോള്‍ 100 വയസ്സുള്ള ഫിലിപ്പ് ചേട്ടന്‍. കുടിയാന്മലയില്‍ മരക്കൂപ്പ് നടത്തിയിരുന്ന ഹസൈനാര്‍ ഹാജിക്കയുടെ കൂപ്പിലെ മരപ്പണിക്കാര്‍ക്കുവേണ്ടി മാത്രമായിരുന്നു ആ വെറ്റിലക്കൃഷി! 60 വെറ്റിലയുടെ ഒരു കെട്ടിന് രണ്ടണയായിരുന്നു അക്കാലത്ത് കൂലി. 30 വര്‍ഷത്തോളം ഹാജിക്കയ്ക്കു വെറ്റില കൊടുത്ത ഫിലിപ്പ് ചേട്ടന്‍ പക്ഷേ, കൂലി വാങ്ങുന്ന കാര്യത്തില്‍ ഏറെ ഉദാസീനനായിരുന്നു. ഹാജിക്കയ്ക്കു സംശയമായി, വേഷം മാറി വന്ന ധനികനായ ഒരു കുടിയേറ്റക്കാരന്‍ ആയിരിക്കുമോ ഫിലിപ്പ്? ഹസൈനാര്‍ ഹാജി കാര്യസ്ഥന്മാരെ രഹസ്യമായി വിട്ട് കാര്യങ്ങള്‍ തിരക്കി.

കാര്യസ്ഥന്മാര്‍ കണ്ടത്, ഒരു മരച്ചോട്ടില്‍ ഓലകൊണ്ടും കീറത്തുണികൊണ്ടും മറച്ച ഒരാള്‍ക്ക് മാത്രം ഒന്നു കഷ്ടിച്ച് നിവര്‍ന്നു കിടക്കാവുന്ന ഒരു ഷെഡില്‍ കിടക്കുന്ന 'വെറ്റില മുതലാളി'യെയാണ്.
മരക്കൂപ്പില്‍നിന്നു മരം ഈര്‍ന്നു കൊണ്ടുപോയി പുര കെട്ടാന്‍ പറഞ്ഞു ഹാജിക്ക. ഹാജിക്ക നല്‍കിയ മരത്തിലും കല്ലിലുമായി ഫിലിപ്പ് പുരയെടുത്തു.
അതുവരെ ഫിലിപ്പിന് കൊടുക്കാനുണ്ടായിരുന്ന കൂലിക്കു പകരം ഒരു പുര തന്നെ കിട്ടിയ കഥ പറഞ്ഞു ഫിലിപ്പ് ചേട്ടന്‍.
നൂറാം വയസ്സിലും ആ കഥ പറയുമ്പോള്‍ മൈത്രിയുടെ വെളിച്ചമുണ്ട് കണ്ണുകളില്‍.

ഫിലിപ്പ്
ഫിലിപ്പ്

നിങ്ങള്‍ നിങ്ങളുടെ ശരീരമാണ്
ചെമ്പേരി ടൗണിലെ വയോജന മന്ദിരത്തിലിരുന്ന് തോമസ് കുളത്തറ പറയുന്നത്, നമ്മുടെയൊക്കെ ആരോഗ്യത്തെക്കുറിച്ചാണ്. ശരീരത്തിനും മനസ്സിനും ഏറെ മെച്ചമുള്ള ആയുര്‍വേദം വിട്ടു ആളുകള്‍ അലോപ്പതിയിലേയ്ക്ക് ഓടിപ്പോകുന്നതില്‍ അദ്ഭുതപ്പെടുന്നു അദ്ദേഹം. ചെമ്പേരിയുടെ വികസന നാള്‍വഴികള്‍ എണ്ണയെണ്ണി പറഞ്ഞ തോമസ് കുളത്തറ ഇപ്പോള്‍ ആരോഗ്യപരിപാലനത്തില്‍ ആയുര്‍വേദത്തെ സത്യമാര്‍ഗ്ഗമായി കാണുന്നു. ക്യാന്‍സറിന് പച്ചമരുന്ന് കറ്റാര്‍വാഴപ്പോള എന്ന് അദ്ദേഹം പറയുന്നു.

ബ്രാണ്ടിയിലും വിസ്‌കിയിലും ചേര്‍ത്ത് കഴിക്കാവുന്ന രീതികള്‍ അദ്ദേഹം കൈമാറിയ ലഘുലേഖയില്‍ കാണുന്നു. അര്‍ശ്ശസ്സിന് പേര് അറിയാത്ത ഒരു വടക്കേ ഇന്ത്യന്‍ ചെടി (പുളിക്കല്‍ ക്ലാരമ്മയുടെ വീട്ടില്‍) മൂന്നില പറിച്ച്, അതില്‍ രണ്ടര ഇല എടുത്ത്, ഒരു വെറ്റിലക്കകത്ത് പൊതിഞ്ഞു സൂര്യനുദിക്കുന്നതിനു മുന്‍പ് കഴിക്കുക എന്നും ഈ ലഘുലേഖയില്‍ കാണുന്നു. ഈ മരുന്ന് കഴിക്കുമ്പോള്‍ മീനും മുട്ടയും കഴിക്കരുത്. ഏഴു ദിവസം സ്ത്രീപുരുഷ ബന്ധവും പാടില്ല!

ഇങ്ങനെ, ചെമ്പേരി ആയുര്‍രേഖയില്‍, അവരുടേതായ മരുന്ന് കഥകളും പറയുന്നു. നാട്ടു ചികിത്സാരീതികളില്‍ ഏറെ ആത്മവിശ്വാസമുണ്ട് തോമസ് കുളത്തറയ്ക്ക്. ചെമ്പേരിയിലെ നാട്ടു വൈദ്യന്മാര്‍ മാസത്തിലൊരിക്കല്‍ ഈ വയോജന മന്ദിരത്തില്‍ ഒന്നിച്ചിരിക്കാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com