വൈകിയെത്തിയ അംഗീകാരം: ഡോ. എം ലീലാവതിയെക്കുറിച്ച്

കേന്ദ്രസാഹിത്യ അക്കാദമിയുടെ വിവര്‍ത്തന പുരസ്‌കാരം നേടിയ ഡോ. എം. ലീലാവതിയുടെ വിവര്‍ത്തന രംഗത്തെ സംഭാവനകളെ വിലയിരുത്തുകയാണ് ലേഖിക
വൈകിയെത്തിയ അംഗീകാരം: ഡോ. എം ലീലാവതിയെക്കുറിച്ച്

ഡോ. എം. ലീലാവതി ഇക്കൊല്ലം കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം നേടിയിരിക്കുന്നു. ഒരു വിവര്‍ത്തക എന്ന നിലയില്‍ 1950 മുതല്‍ സജീവമായ ഡോ. ലീലാവതി ഇപ്പോഴാണ് ആ നിലയില്‍ അംഗീകരിക്കപ്പെടുന്നത്. സര്‍ ജെയിംസ് ജീന്‍സിന്റെ Mysterious Universe (1959-ല്‍) ഡി.ഡി. കൊസംബിയുടെ Culture and Civilization of Ancient India (തര്‍ജ്ജമ പൂര്‍ത്തിയാക്കിയത് 1972-ല്‍, പ്രസിദ്ധീകൃതമാകുന്നത് 2004-ല്‍) എന്നിവലയെല്ലാം തന്നെ സാഹിത്യത്തിനപ്പുറം ശാസ്ത്ര-സാമൂഹ്യശാസ്ത്ര മേഖലകളില്‍ ടീച്ചര്‍ക്കുള്ള പ്രാവീണ്യത്തിനു നിദര്‍ശനങ്ങളാണ്. ഇവയ്ക്കു പുറമെ നിരവധി ശാസ്ത്രകൃതികളും ജീവചരിത്രങ്ങളും ടീച്ചര്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ നിരയിലെ ഒടുവിലത്തെ കണ്ണിയാണ് 'ശ്രീമദ് വാല്മീകി രാമായണം' വിവര്‍ത്തനം.

വിവര്‍ത്തനം എന്നാല്‍ മൂലഗ്രന്ഥത്തിലെ പദം ലക്ഷ്യഭാഷയിലെ പദത്തോട് അനുരൂപമാക്കിത്തീര്‍ക്കുകയാണ് എന്ന ഒരു ധാരണ പൊതുവെ നിലവിലുണ്ട്. എന്നാല്‍, സമാനമായ സംയോജന മൂല്യത്തിനപ്പുറം വിവര്‍ത്തനത്തിന് ഒരു ലക്ഷ്യമുണ്ടെന്നും അതിനെ ഒരു സാംസ്‌കാരിക വ്യവഹാരമായി കാണേണ്ടതുണ്ടെന്നുമുള്ള അഭിപ്രായവും പിന്നീട് ഉയര്‍ന്നുവന്നിട്ടുണ്ട്. വിവര്‍ത്തനവും ഒപ്പം തന്നെ വരാവുന്ന വ്യാഖ്യാനവും കേവലം മൊഴിമാറ്റം എന്ന കള്ളിയില്‍ മാത്രം ഒതുക്കാവുന്നതല്ലെന്ന, സാമൂഹിക രാഷ്ട്രീയ പ്രാധാന്യം ലക്ഷീകരിക്കുന്ന ഒരു പ്രവര്‍ത്തനം തന്നെയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം വിവര്‍ത്തന സംബന്ധിയായ നിരവധി സിദ്ധാന്തങ്ങള്‍ പടിഞ്ഞാറ് ഉരുത്തിരിയാന്‍ കാരണമായി. വിവര്‍ത്തനത്തെ Wandering existance in perpetual exile എന്നാണ് Hillis Miller വിശദീകരിച്ചിട്ടുള്ളത്. നഷ്ടപ്പെട്ടുപോയ ഏതോ പറുദീസയെ തിരിച്ചുപിടിക്കാനുള്ള ആകാംക്ഷപോലെയുള്ള ഒരു പ്രക്രിയയായിട്ടാണ് പടിഞ്ഞാറ് പലരും വിവര്‍ത്തനത്തെ നോക്കിക്കാണുന്നത്. 

എന്നാല്‍, ഇതില്‍നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് ഭാരതീയ ചിന്തയില്‍ വിവര്‍ത്തനത്തെപ്പറ്റി രൂപപ്പെട്ടിട്ടുള്ളത്. പരിഭാഷ കോവലമായൊരു യാന്ത്രിക പ്രക്രിയയായിട്ടല്ല, ആത്മസാക്ഷാല്‍ക്കാരത്തിനുള്ള ഉപാധിയായിട്ടാണ് ഇവരില്‍ പലരും സമീപിക്കുന്നത്. 'വാക്യപദീയ'ത്തില്‍ പരാമര്‍ശിക്കുന്ന പദത്തിന്റെ വൈഖരി, മാധ്യമ, പശ്യന്തി എന്നീ തലങ്ങളും നാദ, രൂപ, സ്വരൂപ എന്ന് ശ്രീ അരബിന്ദോ നിര്‍ദ്ദേശിക്കുന്ന തലങ്ങളും പദമൂല്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഓരോ പരിഭാഷയും ഭാഷാപരമായ അര്‍ത്ഥഗ്രഹണത്തിനപ്പുറം ഉള്ളുണര്‍വ്വില്‍നിന്ന് ഉല്‍ഭൂതമാകുന്ന ധാരണയെ സ്വാംശീകരിക്കാന്‍ പ്രാപ്തമാകുമ്പോഴാണ് യഥാര്‍ത്ഥ ധര്‍മ്മം നിര്‍വ്വഹിക്കുന്നത്. ഇതിന് മൂലഗ്രന്ഥത്തിന്റെ അന്തസ്സത്ത പിടികിട്ടണം. ഒരു കൃതിയുടെ സ്ഥിതിനിര്‍ണ്ണയം (Orientation) മനസ്സിലാക്കുന്നത് അലങ്കാരശാസ്ത്രത്തെ അപഗ്രഥിച്ച് അതിലൂടെ രസ-ധ്വനി തലങ്ങളിലേക്ക് പ്രവേശിക്കുമ്പോഴാണ് എന്ന് ഭാരതീയ സൗന്ദര്യശാസ്ത്രം സൂചിപ്പിക്കുന്നു. 

വാല്മീകി രാമായണം പോലൊരു ബൃഹദ് ഗ്രന്ഥത്തിലെ പദങ്ങള്‍ക്കും പദസംഘാതങ്ങള്‍ക്കും സൂചിതാര്‍ത്ഥത്തിനും വ്യഞ്ജിതാര്‍ത്ഥത്തിനുമപ്പുറം ഒരു തലമുണ്ടെന്നതാണ് വാസ്തവം. ആ ഒരു മാനമാണ് (dimension) കൃതിയുടെ ഉള്‍ക്കാമ്പിലേക്കു പ്രവേശിക്കാനുള്ള ചൂണ്ടുവിരല്‍. രണ്ടു ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നു എന്നതുകൊണ്ടുമാത്രം ഒരു പരിഭാഷയും കേമം ആകണമെന്നില്ല. രണ്ടു സംസ്‌കാരങ്ങളുടേയും കാലഘട്ടങ്ങളുടേയും ആശയചാതുര്യം ഉള്‍ക്കൊള്ളാനുള്ള പാടവം ഉണ്ടായാല്‍ മാത്രമേ പരിഭാഷാ-വ്യാഖ്യാനങ്ങള്‍ സഫലമാകൂ. ഒരു കൃതിയുടെ ഉപരിതലാര്‍ത്ഥം മാത്രം മനസ്സിലാക്കി, പദാനുപദ വിവര്‍ത്തനം നിര്‍വ്വഹിച്ചാല്‍ പരിഭാഷയ്ക്ക് ചൈതന്യം ഉണ്ടാകില്ല. 

രാമായണത്തിന്റെ ഉള്‍ക്കാമ്പ് തേടിയുള്ള ഡോ. എം. ലീലാവതിയുടെ തീര്‍ത്ഥയാത്രയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 'മാ നിഷാദ' എന്നൊരു ലേഖനം (അമൃതമശ്നുതേ) എന്ന സമാഹാരത്തില്‍) 1982-ല്‍ ടീച്ചര്‍ എഴുതിയിട്ടുണ്ട്. മാതൃകാപുരുഷന്‍ ആരെന്ന വാല്മീകിയുടെ ചോദ്യത്തിന് ഇക്ഷ്വാകു വംശജനായ രാമനെയാണ് നാരദമുനി ചൂണ്ടിക്കാണിക്കുന്നത്. മഹത്തായ മനുഷ്യമാതൃകയെ വാക്കുകളില്‍ പ്രതിഷ്ഠിക്കുകയെന്ന കാലനിരപേക്ഷമായ ലക്ഷ്യത്തിനു പുറമെ, സീതയ്ക്കുണ്ടായ അപവാദം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന കാലബദ്ധമായ ഒരു ലക്ഷ്യം കൂടി രാമായണരചനയില്‍ വാല്മീകി മഹര്‍ഷിക്കുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണമാണ് 'മാ നിഷാദ' എന്ന ലേഖനത്തില്‍ ആരംഭിക്കുന്നത്. നേരത്തെ രാമായണത്തെ പ്രകൃതിയില്‍ അരങ്ങേറുന്ന ഋതുപരിണാമ നാടകത്തിന്റെ പ്രതിഫലനമായി അവതരിപ്പിക്കുന്ന ഒരു ലേഖനം ടീച്ചര്‍ എഴുതിയിട്ടുണ്ട്. (നവതരംഗം 1972) ഇതോടൊപ്പം 'രാമായണത്തിലേക്കുള്ള ഒരു സമീപനം' എന്ന ഗ്രന്ഥത്തില്‍ ഡോ. സി. നാരായണമേനോന്‍, രാമനെന്ന വ്യക്തിയുടെ വികസിത സത്തയാണ് - വ്യക്തിയുടെ വ്യാപാരമണ്ഡലം പ്രപഞ്ചസത്തയോട് ഏകീഭവിക്കുന്നത് - മഹത്ത്വമാതൃകയായ രാമന്‍ അഥവാ രാമത്വം എന്നു പരാമര്‍ശിച്ചിട്ടുണ്ട്. ഡോ. മേനോന്റെ വാദഗതികള്‍ രാമായണത്തെ സംബന്ധിച്ച് പുതിയൊരു ഉള്‍ക്കാഴ്ച രൂപപ്പെടുത്താന്‍ ടീച്ചറെ പ്രേരിപ്പിച്ചു. ദേശമംഗലം രാമവാരിയര്‍, കുട്ടിക്കൃഷ്ണമാരാര്‍, കുമാരനാശാന്‍, ഐ.സി. ചാക്കോ, കെ.പി. നാരായണപിഷാരടി, അക്കിത്തം തുടങ്ങി നിരവധി പേര്‍ കാലാകാലങ്ങളിസല്‍ രാമനെ സംബന്ധിച്ചു നടത്തിയ നിരീക്ഷണങ്ങള്‍ ടീച്ചര്‍ സസൂഷ്മം പരിശോധിക്കുകയുണ്ടായി. ഇവയാകട്ടെ, രാമായണത്തിന്റെ ബീജശ്ലോകമായ 'മാ നിഷാദ' എന്നു തുടങ്ങുന്ന ശ്ലോകത്തെ സംബന്ധിച്ച് പുതിയൊരു കാഴ്ചപ്പാട് ടീച്ചര്‍ക്ക് നല്‍കുന്നു. 

മാ നിഷാദ പ്രതിഷ്ഠാം ത്വമ ഗമഃശാശ്വതീഃസദാഃ
യത് ക്രൗഞ്ച മിഥുനാദേകമവധീഃകാമമോഹിതം
എന്നത് കേവലം ഒരു കിളിക്കഥയല്ല എന്ന് ആദ്യം വിവക്ഷിച്ചത് ദേശമംഗലം രാമവാരിയരാണ്. ഇതിന്റെ ആന്തരാര്‍ത്ഥങ്ങളെ തേടുമ്പോള്‍ 'കാമമോഹിതം' എന്ന പദം സീതയെ സൂചിപ്പിക്കാനുള്ളതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. 'നിഷാദം' എന്ന പദത്തിന് 'അപവാദം' എന്നൊരര്‍ത്ഥമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അത് രാമനെ സൂചിപ്പിക്കാനുള്ളതാണെന്നായിരുന്നു കുട്ടിക്കൃഷ്ണമാരാരുടെ വാദം. 'ഏകം കാമമോഹിതം' എന്നത് രാമനാണ് ചേരുക എന്നും യശഃകാമ മോഹിതനായ രാമന്‍ (രാമന്റെ യശസ്സ്) ഹതമായി എന്നാണ് വ്യാഖ്യാനിക്കേണ്ടതെന്ന് മാരാര്‍ വാദിച്ചു സ്ഥാപിച്ചു. ഉത്തമ മനുഷ്യമാതൃകയെ അവതരിപ്പിക്കുമ്പോള്‍ ആ വ്യക്തിയുടെ ഹതമായ യശസ്സിനെക്കുറിച്ചു പറയുക എന്നതില്‍ ഒരനൗചിത്യമുണ്ട്. അതാണ് ടീച്ചറെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. കാമമോഹിതം എന്ന ശബ്ദം സീതയ്ക്കാണ് ചേരുന്നതെന്നും കാമംകൊണ്ട് വിവക്ഷിക്കുന്നത് ഗര്‍ഭകാലത്തെ ഇച്ഛയാവാമെന്നും അതു സാധിപ്പിക്കാനെന്ന വ്യാമോഹത്തില്‍ പെടുത്തിയാണ് സീതയെ കാട്ടിലേക്കയച്ചതെന്നും വ്യാഖ്യാനിച്ചാല്‍ കാമമോഹിതം സീതയ്ക്കും ചേരും എന്നാണ് ടീച്ചറുടെ നിരീക്ഷണം. പിന്നീട് ഇത് തികച്ചും സാധുവായ അഭിപ്രായമാണെന്നതിന് തെളിവുകള്‍ ടീച്ചര്‍ കണ്ടെത്തുന്നുണ്ട്. 'ഭാരതസ്ത്രീ' എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ രചനാകാലത്ത് സീതയെപ്പറ്റി എഴുതാന്‍ വാല്മീകി രാമായണത്തെ കൂടുതല്‍ പഠിച്ചപ്പോള്‍ സീതയുടെ ഗര്‍ഭകാലത്തെ ഇച്ഛയെ സൂചിപ്പിക്കുന്ന അവസരത്തില്‍ മൂന്നിടത്ത് കവി കാമപദം പ്രയുക്തമാക്കിയിട്ടുണ്ട് എന്നു ടീച്ചര്‍ മനസ്സിലാക്കി (ഉത്തര രാമായണത്തില്‍ 42-ാം സര്‍ഗ്ഗം 32, 34 ശ്ലോകങ്ങള്‍, 45-ാം സര്‍ഗ്ഗം 24-ാം ശ്ലോകം). ഇവയെല്ലാം ചേര്‍ത്തുവെച്ച് രാമനെ സംബന്ധിച്ച മാരാരുടെ വായനയെ ടീച്ചര്‍ അപനിര്‍മ്മിക്കുന്നു. 1982 മുതല്‍ ടീച്ചര്‍ നിരന്തരം നടത്തിയ ഈ അന്വേഷണവും അപഗ്രഥനവും മലയാള സാഹിത്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയി. 'നിമിഷം' എന്ന കവിതയെ പുതിയൊരു വെളിച്ചത്തില്‍ അവതരിപ്പിച്ചുകൊണ്ട് 1953-ല്‍ ടീച്ചര്‍ എഴുതിയ ലേഖനത്തിന് ഒരു സ്ത്രീക്കിതിനു കഴിയുമോ എന്നു സംശയം പ്രകടിപ്പിക്കുകയും അതിനെ അംഗീകരിക്കാന്‍ വിസമ്മതം കാണിക്കുകയും ചെയ്ത അതേ പുരുഷാധിപത്യ പ്രവണത തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. അഞ്ചര ദശാബ്ദത്തിനു ശേഷവും ടീച്ചറുടെ വിമര്‍ശന നിലപാടുകളോടുള്ള പുരുഷാധിപത്യ ചിന്താഗതി മാറ്റമില്ലാതെ തുടരുകയാണ് എന്നു വ്യക്തം. 


ഇത്തരം അവഗണനകള്‍ ലീലാവതി ടീച്ചറുടെ പ്രജ്ഞയെ തളര്‍ത്തുന്നില്ല. വൈഷ്ണവ മതപ്രചരണാര്‍ത്ഥം രാമനെ അവതാരമായി കണ്ട് രചിച്ച അദ്ധ്യാത്മ രാമായണത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു സംവേദനശീലത്തിനും തെറ്റായ വ്യാഖ്യാനങ്ങളിലൂടെ രാമനെ അവതരിപ്പിക്കുന്ന രീതിക്കും ഒരു മാറ്റം കൊണ്ടുവരണമെന്നും രാമനെ വാല്മീകി ചിത്രീകരിച്ച രീതിയില്‍ത്തന്നെ മനസ്സിലാക്കാന്‍ പ്രാപ്തമാക്കേണമെന്നുമുള്ള ആഗ്രഹമാണ് എണ്‍പതാമത്തെ വയസ്സില്‍ വാല്മീകി രാമായണം ഗദ്യവിവര്‍ത്തനത്തിന് ടീച്ചറെ പ്രേരിപ്പിച്ചത്. വള്ളത്തോളിന്റെ വാല്മീകി രാമായണം പദ്യവിവര്‍ത്തനം എന്ന മികച്ച മാതൃക മലയാളിയുടെ മുന്നിലുണ്ട്. എന്നാല്‍, ഗദ്യമാകും സാധാരണക്കാരനെ കൃതിയുമായി കൂടുതല്‍ അടുപ്പിക്കുക എന്ന് ടീച്ചര്‍ കരുതുന്നു. ഇതിനു മുന്‍പ് വാല്മീകി രാമായണത്തിന്റെ രണ്ട് ഗദ്യ വിവര്‍ത്തനങ്ങള്‍ മലയാളത്തിനു ലഭിച്ചിട്ടുണ്ട്. ബ്രഹ്മശ്രീ ശ്രീനിവാസ അയ്യര്‍ 1940-ലും സുധാംശു ചതുര്‍വേദി 1996-ലും ഗദ്യവിവര്‍ത്തനം നടത്തിയിട്ടുണ്ട്. സതിസപ്തമിയും കര്‍മ്മണി പ്രയോഗവും ധാരാളമുള്ള ഒരു കൃതിയുടെ അന്വയക്രമ ഭാഷാവ്യാഖ്യാന മലയാളശൈലി പരിചയിച്ചവരെ കൃതിയില്‍ നിന്നകറ്റിയേക്കാം എന്നു ടീച്ചര്‍ക്കു തോന്നി. മാത്രമല്ല, കേവല പദാനുപദ വിവര്‍ത്തനത്തിനപ്പുറം ഉള്‍ക്കാഴ്ചയോടെ പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തി വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടുന്നിടത്ത് അതു നല്‍കിയാല്‍ മാത്രമേ തന്റെ ലക്ഷ്യം സഫലമാകൂ എന്നും ടീച്ചര്‍ക്കറിയാം. 
24000 ശ്ലോകങ്ങള്‍ ഏതാണ്ട് രണ്ടുകൊല്ലം കൊണ്ടാണ് ടീച്ചര്‍ പരിഭാഷപ്പെടുത്തിയത്. (എല്ലാ കാലത്തിനും അനുയോജ്യമായ കഥ എന്നു കൊണ്ടാടപ്പെട്ട് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍മാര്‍ രാമായണത്തിന്റെ തര്‍ജ്ജമ ഇംഗ്ലീഷില്‍ കൊണ്ടുവരാന്‍ 38 വര്‍ഷമെടുത്തു എന്നതോര്‍ക്കുമ്പോഴാണ് ടീച്ചറുടെ മഹത്വം വ്യക്തമാകുന്നത്). ഒരു പവിത്രമായ അനുഷ്ഠാനം പോലെയാണ് ഈ കര്‍ത്തവ്യം ടീച്ചര്‍ നിര്‍വ്വഹിച്ചത്. പണി പൂര്‍ത്തിയായെങ്കിലും നാലഞ്ചു കൊല്ലം കഴിഞ്ഞാണ് കൃതി വെളിച്ചം കാണുന്നത്. മലയാള ലിപിയില്‍ മൂലകൃതിയിലെ ശ്ലോകങ്ങള്‍ നല്‍കി അതിനു താഴെ വിവര്‍ത്തന വ്യാഖ്യാനങ്ങള്‍ നല്‍കുന്ന രീതിയാണ് ടീച്ചര്‍ അനുവര്‍ത്തിച്ചിരിക്കുന്നത്. 

ബാലകാണ്ഡം (77 സര്‍ഗ്ഗം) അയോധ്യാകാണ്ഡം (119 സര്‍ഗ്ഗം) ആരണ്യകാണ്ഡം (75 സര്‍ഗ്ഗം) കിഷ്‌കിന്ധാകാണ്ഡം (67 സര്‍ഗ്ഗം) സുന്ദരകാണ്ഡം (68 സര്‍ഗ്ഗം) യുദ്ധകാണ്ഡം (128 സര്‍ഗ്ഗം) ഉത്തരകാണ്ഡം (110 സര്‍ഗ്ഗം) എന്നിവ മൂന്നു വാള്യങ്ങളിലായിട്ടാണ് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ ശ്ലോകവും മലയാള ലിപിയില്‍ നല്‍കി അതിനര്‍ത്ഥവും വ്യാഖ്യാനവും ചുവടെ നല്‍കിയിരിക്കുന്നു. 
യസ്യ വിക്രമാസാദ്യ രാക്ഷസാ നിധനം ഗതാ:
തം മംഗ്യ രാഘവം വീരം നാരായണമാനിമയം

തദ്ഭയാദ്ധി പുരീ ലങ്കാ വിഹിതദ്വാര തോരണം
അപ്രമത്തൈശ്ച സര്‍വ്വത്ര ഗുല്‍മേ രക്ഷ്യാപുരീത്വിയം
(യുദ്ധകാണ്ഡം 72-ാം സര്‍ഗ്ഗം 11+12 ശ്ലോകങ്ങള്‍)

എന്നിവ
യാതൊരുവന്റെ പ്രതാപത്തെ ഏറ്റ് രാക്ഷസന്മാര്‍ കാലധര്‍മ്മം 
പ്രാപിച്ചുവോ അപ്രകാരമുള്ള വീരനായ രാഘവന്‍ നാഗരഹി-
തനായ സാക്ഷാല്‍ നാരായണമൂര്‍ത്തിതന്നെയെന്നു ഞാന്‍ കരുതുന്നു
ലങ്കാനഗരം ഇവങ്കലുള്ള ഭീതിയാല്‍ മാത്രമാണല്ലോ 
കോട്ടവാതിലുകളെല്ലാം അടയ്ക്കപ്പെട്ടതായിരിക്കുന്നത്.
ഈ നഗരവും കാവല്‍കാക്കുന്നതില്‍ ജാഗ്രതയുള്ളവരാല്‍ എന്നും രക്ഷിക്കപ്പെടേണ്ടതാണ്. 
എന്നാണ് ബ്രഹ്മശ്രീ ശ്രീനിവാസയ്യര്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത്,
അതേ ശ്ലോകങ്ങള്‍ 

രാക്ഷസന്മാരെ എല്ലാവരെയും നിഹനിച്ച ആ വീരരാഘവന്‍
അമേയനായ നാരായണന്‍ തന്നെയെന്നു ഞാന്‍ വിശ്വസിക്കുന്നു
അവനില്‍നിന്നുള്ള ആപത്തിനെതിരെ കോട്ടവാതിലുകളെല്ലാം
അടച്ച്, തെറ്റു പറ്റാത്ത കാവല്‍ക്കാര്‍ ഈ നഗരിയെ കാക്കണം.
എല്ലായിടത്തും പട ഒരുങ്ങിയിരിക്കണം. 

എന്നാണ് ടീച്ചറുടെ പരിഭാഷ. ശൈലിയിലുള്ള വ്യത്യാസം അനായാസ പാരായണത്തിന് ഉതകുന്നതാണ് എന്നു വ്യക്തമാണല്ലോ. ആരണ്യകാണ്ഡം 69-ാം സര്‍ഗ്ഗത്തിലെ 8 മുതല്‍ 10 വരെയുള്ള ശ്ലോകങ്ങളെ ക്രൌഞ്ചാരണ്യം അതിക്രമിച്ച് മതങ്ശാരണ്യമെത്തും മുന്‍പ് മൂന്ന് ക്രോശം നടന്ന് അതിഘോരവും ഭീമ മൃഗപക്ഷികള്‍ നിറഞ്ഞതും മരങ്ങള്‍ ഇടതിങ്ങി വളര്‍ന്ന് ഗഹനമായിരിക്കുന്നതുമായ ആ കാട്ടില്‍ അവര്‍ പാതാളം പോലെ ആഴമേറിയതും ഇരുട്ടു നിറഞ്ഞതുമായ ഒരു വലിയ ഗുഹ കണ്ടു എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നു. ഇവിടെ 'പൂര്‍വ്വേണ' എന്ന പദത്തിന് മതങ്ഗാരണ്യത്തിനു മുന്‍പ് എന്നതിനു പകരം കിഴക്കോട്ട് എന്നാണ് വള്ളത്തോളിന്റെ വിവര്‍ത്തനം. ഗതി തെക്കോട്ടായതിനാല്‍ മതങ്ഗാരണ്യത്തിനു മുന്‍പേ എന്നര്‍ത്ഥം ഇവിടെ സ്വീകരിച്ചിരിക്കുന്നു എന്ന് ടീച്ചര്‍ രേഖപ്പെടുത്തുന്നുണ്ട്. ഇങ്ങനെ താന്‍ അര്‍ത്ഥം കൊടുക്കുമ്പോള്‍ സംശയം ഉദിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ടീച്ചര്‍ വിശദീകരണം നല്‍കുന്നു. മറ്റൊരു ഉദാഹരണം നോക്കാം. യുദ്ധകാണ്ഡത്തിലെ 113-ാം സര്‍ഗ്ഗത്തിലുള്ള 25-26 ശ്ലോകങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ അഷ്ടാംഗബുദ്ധിയുക്തമായത് എന്ന് പരാമര്‍ശിക്കുന്നുണ്ട് ശുശ്രൂഷ, ശ്രവണം, ഗ്രഹണം, ധാരണം, ഊഹം, അപോഹം, അര്‍ത്ഥവിജ്ഞാനം, തത്ത്വജ്ഞാനം എന്നിവയാണ് അഷ്ടാംഗബുദ്ധി എന്ന്  ടീച്ചര്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, ആദ്യത്തെ നാലംഗങ്ങള്‍ക്ക് ഗ്രഹണം, ധാരണം, ചൈവസ്മരണം, പ്രതിപാദനം എന്ന് പാഠഭേദമുണ്ടെന്നും എടുത്തു പറയുന്നു. യുദ്ധകാണ്ഡം അഞ്ചാംസര്‍ഗ്ഗം വിവര്‍ത്തനം ചെയ്ത് സമുദ്രലംഘനത്തിനുള്ള മാര്‍ഗ്ഗങ്ങളാലോചിക്കാന്‍ വാനരസൈന്യത്തെ സന്നിവേശിപ്പിച്ചിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെ ലക്ഷ്മണനു മാത്രം കേള്‍ക്കാവുന്ന വിധത്തില്‍ വിലപിക്കുന്ന ഒരു രംഗം ഉണ്ടാവുന്നത് സ്വാഭാവികമല്ല. ഈ സര്‍ഗ്ഗം പ്രക്ഷിപ്തമാകാനാണ് സാധ്യത എന്ന് അഭിപ്രായപ്പെടുന്നുണ്ട്. ഉത്തരകാണ്ഡം 106-ാം സര്‍ഗ്ഗത്തില്‍ ലക്ഷ്മണനെ കൈവെടിയുന്ന സന്ദര്‍ഭത്തില്‍ (ശ്ലോകം 12) അവിടെ കൂടിയിരുന്ന എല്ലാവരുടേയും മുന്നില്‍ പറയപ്പെട്ട ധര്‍മ്മയുക്തവും അര്‍ത്ഥയുക്തവുമായ ആ വാക്കുകള്‍ കേട്ടിട്ട് പരിഷന്മദ്ധ്യത്തില്‍വെച്ച് രാമന്‍ ലക്ഷ്മണനോടു പറഞ്ഞു എന്ന് വിവര്‍ത്തനം ചെയ്ത ശേഷം ടീച്ചര്‍ ഇതുകൂടി ചേര്‍ക്കുന്നു: ''ലക്ഷ്മണ പരിത്യാഗത്തിനു മുന്‍പേ വസിഷ്ഠനോടും അമാത്യന്മാരോടും ഇപ്രകാരം കൂടിയാലോചിച്ച രാമന്‍ സീതാ പരിത്യാഗത്തിനു മുന്‍പ് ഇങ്ങനെ ചെയ്യേണ്ടിയിരുന്നു. അങ്ങനെ ചെയ്യാതെ സീതയെ പരിത്യജിച്ച പ്രവൃത്തിയുടെ ആ ശൈലിയെയാണ് കാളിദാസന്‍ വാല്മീകി മഹര്‍ഷിയെക്കൊണ്ട് വിമര്‍ശിപ്പിക്കുന്നത്. അകസ്മാല്‍ കലുഷ പ്രവൃത്തി ചെയ്തതുകൊണ്ടാണ് മഹര്‍ഷിക്കു 'മന്യു' ഉണ്ടായത്. അകസ്മാത് എന്നതിന് അകാരണമെന്നല്ല, പെട്ടെന്നു പരിത്യജിച്ചത് എന്നാണ് അവിടെ അര്‍ത്ഥം കല്പിക്കേണ്ടത് എന്നും കൂട്ടിച്ചേര്‍ക്കുന്നു. ടീച്ചറുടെ വിവര്‍ത്തനത്തിന്റെ ഒരേകദേശ രൂപം ഇതില്‍നിന്നു വ്യക്തമാണല്ലോ. 


യുങ്ങിന്റെ സിദ്ധാന്തങ്ങളെ കൃത്യമായി പഠിച്ചിട്ടുള്ള ലീലാവതി ടീച്ചര്‍ക്ക് സാധാരണ മനുഷ്യന്റെ മനസ്സ് ആകമാനമുള്ള പ്രജ്ഞയുടെ ഒരംശം മാത്രമേ വഹിക്കുന്നുള്ളു എന്ന് വ്യക്തമായറിയാം. മാത്രമല്ല, ഒരാളുടെ മനസ്സ് ആരോഹണം ചെയ്യുന്ന പ്രജ്ഞയുടെ ഒരു പടി മാത്രമേ പ്രതിനിധാനം ചെയ്യുന്നുള്ളു. അതുകൊണ്ടുതന്നെ രാമനെ സംബന്ധിച്ച് ഭൂതകാലത്ത് പറഞ്ഞുവെച്ചതെല്ലാം ടീച്ചര്‍ ഉള്‍ക്കൊള്ളുന്നു. ഭവല്‍കാല സമീപനങ്ങളെ മനസ്സിലാക്കുന്നു. എന്നിട്ടാണ് വിവര്‍ത്തനം ഒരു ഗ്രന്ഥം മറ്റൊരു ഭാഷയിലേക്ക് കൊണ്ടുവരുമ്പോള്‍ ഭാഷാപരമായ ഉപരിതലാര്‍ത്ഥത്തോടൊപ്പം സങ്കല്പനാര്‍ത്ഥവും സഹജാവബോധാര്‍ത്ഥവും സ്വാംശീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ ഗോപിനാഥന്‍ പറയുന്നത് (Translation, Transcreation and Culture: The Evolving Theories of Translation in Hindi and Modern Indian Language 2000) ശ്രദ്ധേയമാണ്. മൂലഗ്രന്ഥത്തിന്റെ സാംസ്‌കാരിക പരിസരവുമായി ലക്ഷ്യഭാഷയിലെ വായനക്കാരെ പരിചിതമാക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് എ.കെ. രാമാനുജവും പരാമര്‍ശിക്കുന്നുണ്ട് (1980). വിവര്‍ത്തനത്തിന്റെ ലക്ഷ്യമാണ് വിവര്‍ത്തന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ വിവര്‍ത്തകയെ സഹായിക്കുന്നത്. ടീച്ചറെ സംബന്ധിച്ചിടത്തോളം ലക്ഷ്യം വ്യക്തമാണ്. അദ്ധ്യാത്മ രാമായണത്തിലൂന്നി രാമനെ പ്രതി മലയാളത്തില്‍ ഉണ്ടായിട്ടുള്ള ചില സംശയങ്ങള്‍ ദൂരീകരിക്കുക എന്നാണ്. എന്നാല്‍, ഈ പ്രക്രിയയിലൂടെ സംഭവിക്കുന്ന വിമലീകരണമാണ് മുഖ്യം 'There will naturally be no success unless the mind of the translater has sufficient kinship, Sufficient points Spiritual and emotional contact and a Sufficient basis of Common poetical power not only to enter into but to render the Spiritual temperament, the mest of that temperament (On translation Kalidasa-Sri Aurabindo) എന്ന അരബിന്ദോയുടെ അഭിപ്രായം ടീച്ചറുടെ വിവര്‍ത്തനത്തില്‍ സാര്‍ത്ഥകമാകുന്നു എന്നതിനു സംശയമില്ല. 
മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി നല്‍കിയതിനു തൊട്ടുപിറകെ ലഭിച്ച വരപ്രസാദമാണ് ലീലാവതിടീച്ചറുടെ ശ്രീമദ് വാല്മീകി രാമായണം വിവര്‍ത്തനം. വൈകിയാണെങ്കിലും കേന്ദ്രസാഹിത്യ അക്കാദമി അംഗീകാരത്തിലൂടെ ഈ ഗ്രന്ഥം സാധാരണക്കാരിലേക്ക് കൂടുതല്‍ എത്തിച്ചേരും എന്നു പ്രത്യാശിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com