ദുരന്തം വഴികാട്ടിയ ആള്‍ക്കൂട്ടനന്മ: മഹാപ്രളയത്തിലെ കേരളജനത

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ നഷ്ടമായത് 483 പേരുടെ ജീവനാണ്. എന്നാല്‍, ലക്ഷക്കണക്കിന് ജനങ്ങളെയാണ് കേരളം പ്രളയത്തില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്തിയത്. 
ദുരന്തം വഴികാട്ടിയ ആള്‍ക്കൂട്ടനന്മ: മഹാപ്രളയത്തിലെ കേരളജനത

ജാതീയവും സാമൂഹ്യവുമായ ചില വിള്ളലുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നൂറ്റാണ്ടുകളായി താരതമ്യേന സമാധാനപ്രിയരായി ജീവിച്ചവരായിരുന്നു മലയാളികള്‍. സ്വജീവിതത്തെ ബാധിക്കാത്ത സഹവര്‍ത്തിത്വവും മലയാളിക്ക് ശീലമാണ്. എന്നാല്‍, ഇത്തവണ അതിജീവനത്തിന് സഹായിച്ചത് വ്യതിരക്തതയുള്ള ചിലകൂട്ടായ്മകളാണ്. നൂറ്റാണ്ടിലെ ദുരന്തമായെത്തിയ പ്രളയം ദുരിതക്കാഴ്ചകള്‍ക്കിടയ്ക്ക് നല്‍കിയത് മനുഷ്യത്വത്തിന്റെ പ്രകടനമായിരുന്നു. എവിടെയോ മാഞ്ഞുപോയിരുന്ന സഹകരണവും ദയയും കരുണയുമൊക്കെ നിമിഷങ്ങള്‍ക്കുള്ളില്‍ മടങ്ങിയെത്തി. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ നഷ്ടമായത് 483 പേരുടെ ജീവനാണ്. എന്നാല്‍, ലക്ഷക്കണക്കിന് ജനങ്ങളെയാണ് കേരളം പ്രളയത്തില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്തിയത്. 

റസിഡന്റ്‌സ് അസോസിയേഷനുകളും ക്ലബ്ബുകളും സമൂഹമാധ്യമത്തിലെ കൂട്ടായ്മകളും  രംഗത്തിറങ്ങി. ജാതി/മത/ദേശ/രാഷ്ട്രീയ കൂട്ടായ്മകളും സഹായസന്നദ്ധരായി നിലകൊണ്ടു. സര്‍വതും നശിച്ചുപോയ ജനതയെ സഹായിക്കാന്‍ അവര്‍ ഒറ്റക്കെട്ടായി നിരത്തിലിറങ്ങി. മനസു കൊണ്ടും ഉള്ള പൈസ നല്‍കിയും മിക്കവരും മാതൃകയായി. വ്യക്തികളും കുടുംബങ്ങളും സംഘടനകളും ആരെയും ആശ്രയിക്കാതെ സര്‍ക്കാര്‍ സംവിധാനത്തോട് ചേര്‍ന്ന് ദുരിതം പേറിയ ജനതയുടെ ആവശ്യങ്ങള്‍ക്കായി സാധനങ്ങള്‍ സംഭരിച്ചു കൂട്ടി. ചില കല്ലുകടികളുണ്ടെങ്കിലും ഒരു ജനതയുടെ മഹാമനസ്‌കതയ്ക്കു മുന്നില്‍ അതു മറക്കാം. 

പതിനാലു ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായിരുന്നു. റാന്നിയിലടക്കം വെള്ളം ഇരച്ചെത്തിയത് അര്‍ദ്ധരാത്രിയിലാണ്. ചരിത്രത്തിലാദ്യമായി മുപ്പത്തഞ്ച് ഡാമുകള്‍ ഒന്നിച്ച തുറന്നത് പ്രളയം മനുഷ്യനിര്‍മിതമാണെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍, പ്രളയത്തില്‍ സര്‍ക്കാര്‍ പോലും പതറിയപ്പോള്‍ ഏകോപനമില്ലാതെ കൃത്യതയോടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് നന്മനിറഞ്ഞ ആള്‍ക്കുട്ടങ്ങളായിരുന്നു മത്സ്യത്തൊഴിലാളികളും യുവതലമുറയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ചിലത് പഠിപ്പിക്കുകയായിരുന്നു. 

സ്മാര്‍ട്ട്‌ഫോണിന്റെ വ്യാപനത്തോടൊപ്പം ഐടി അറിവും ബന്ധങ്ങളും വ്യാപിച്ചു. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമായി. ഇല്ലാത്ത സാമഗ്രികള്‍ക്കായി അവര്‍ സ്റ്റാറ്റസുകള്‍ കുറിച്ചു. മറുപടി ചാറ്റുകളില്‍ പറന്നെത്തി. മിനിട്ടുകള്‍ക്കകം സാധനങ്ങള്‍ ആവശ്യസ്ഥലങ്ങളിലെത്തി. പ്രളയം തുറന്നു വിട്ടത് നന്മയുടെ വറ്റാത്ത ഉറവകളായിരുന്നു.  പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും വിനിയോഗവുമാണ് പ്രളയം ഓര്‍മ്മപ്പെടുത്തിയ മറ്റൊന്ന്. നദികളും അണക്കെട്ടുകളും തുടങ്ങി ഭൂമി വരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനുള്ള താക്കീത് കൂടിയായി ഈ ദുരന്തം. വികസനത്തിന്റെ പേരില്‍ പ്രകൃതിയിലെ കടന്നുകയറ്റം എത്രമാത്രം അപകടകരമാണെന്ന ബോധ്യം കൂടിയാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com