നഷ്ടഗാനങ്ങള്‍; എങ്കിലും ഇഷ്ടഗാനങ്ങള്‍: ഗായകരുടെ വേദനയും നിരാശയും, രവിമേനോന്‍ എഴുതുന്നു

പ്രണയം പാപമല്ല എന്നെഴുതിയ  കടും ചുവപ്പ് ടീഷര്‍ട്ട്. അതിനു മുകളില്‍ കൗബോയ് സ്റ്റൈല്‍  ഡെനിം ജാക്കറ്റ്. തലയില്‍ ചാരനിറമുള്ള കമ്പിളിരോമത്തൊപ്പി.  
നഷ്ടഗാനങ്ങള്‍; എങ്കിലും ഇഷ്ടഗാനങ്ങള്‍: ഗായകരുടെ വേദനയും നിരാശയും, രവിമേനോന്‍ എഴുതുന്നു

പ്രണയം പാപമല്ല എന്നെഴുതിയ  കടും ചുവപ്പ് ടീഷര്‍ട്ട്. അതിനു മുകളില്‍ കൗബോയ് സ്റ്റൈല്‍  ഡെനിം ജാക്കറ്റ്. തലയില്‍ ചാരനിറമുള്ള കമ്പിളിരോമത്തൊപ്പി.  മുഖത്ത് വട്ടക്കണ്ണട. കാതില്‍ ഒറ്റക്കടുക്കന്‍. ഏത് ന്യൂജെന്‍ കിടാവിനെക്കാള്‍ 'ന്യൂജെ'നായി മൈക്കിന് മുന്നില്‍ ഇരിക്കുന്നു കെ.പി. ഉദയഭാനു എന്ന ഗായകന്‍  ചുണ്ടില്‍ ഒരു നിത്യഹരിത പ്രണയഗാനത്തിന്റെ ശീലുകളുമായി: 'അല്ലിയാമ്പല്‍ കടവിലന്നരയ്ക്ക് വെള്ളം, അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം...'

നഷ്ടപ്പെട്ടുപോയ പഴയൊരു പാട്ട്   'വീണ്ടെടുക്കുക'യാണ് ഉദയഭാനു; ഗായകന്‍ എം.എസ്. നസീമിന്റെ വീട്ടിലെ കൊച്ചു റെക്കോര്‍ഡിംഗ് മുറിയില്‍  ഇരുന്നുകൊണ്ട്. ''യേശുദാസിന്റെ ശബ്ദത്തിലേ ഇതുവരെ അല്ലിയാമ്പല്‍ കേട്ടിട്ടുള്ളു.  ചേട്ടന്‍ പാടിയാല്‍ അതെങ്ങനെയിരിക്കും എന്നറിയാനൊരു മോഹം. വിരോധമില്ലെങ്കില്‍ ഒന്ന് പാടിത്തന്നുകൂടെ?'' എന്ന് നസീം ചോദിച്ചപ്പോള്‍   ആരോടും മറുത്തുപറഞ്ഞു ശീലമില്ലാത്ത ഉദയഭാനു  ചിരിച്ചു. നിഷ്‌കളങ്കമായ ചിരി.  ''അതിനെന്താ? എനിക്ക് പാടാന്‍ വെച്ചിരുന്ന പാട്ടല്ലേ? ഒരു ഓര്‍മ്മപുതുക്കലും ആയല്ലോ...''  വരികളെഴുതിയ പുസ്തകം  എടുത്തുനീട്ടിയപ്പോള്‍ ചിരിച്ചുകൊണ്ട് വിലക്കി അദ്ദേഹം. ''കുറെയേറെ പാടിപ്പഠിച്ചതാണ് ആ പാട്ട്. ഓര്‍മ്മിച്ചെടുക്കാനാകുമോ എന്ന് നോക്കട്ടെ...'' പതിറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക്  സഞ്ചരിച്ച്, ഓര്‍മ്മയില്‍നിന്ന് ഓരോ വരിയും അനായാസം വീണ്ടെടുത്ത്   ഉദയഭാനു ആ പാട്ടിന് ഹൃദയവും ആത്മാവും പകരുന്നത് അത്ഭുതത്തോടെ കേട്ടു നിന്നു  ഞങ്ങള്‍. 

നിര്‍ഭാഗ്യംകൊണ്ട്  മാത്രം ഉദയഭാനുവിനെ ഒഴിഞ്ഞുപോയ പാട്ടായിരുന്നു 'റോസി'യിലെ  'അല്ലിയാമ്പല്‍' എന്നത് എല്ലാവരുമറിയുന്ന സത്യം. പി. ഭാസ്‌കരന്റെ വരികളില്‍നിന്ന്  ആ ഗാനം  സൃഷ്ടിക്കുമ്പോള്‍   ഭാനുവിന്റെ ശബ്ദമായിരുന്നു  സംഗീതസംവിധായകന്‍ കെ.വി. ജോബിന്റെ  മനസ്സില്‍. അന്നത്തെ തിരക്കുള്ള ഗായകനാണ്; പോരാത്തതിന് നേര്‍ത്ത വിഷാദഭാവമുള്ള പ്രണയഗാനങ്ങള്‍ അതീവ ഹൃദ്യമായി പാടുകയും ചെയ്യും. മുന്‍പ് 'പടക്കുതിര' എന്ന നാടകത്തിനു വേണ്ടി ചെയ്ത 'പഞ്ചവര്‍ണ്ണ കിളിപ്പെണ്ണേ നിനക്കായിട്ട്' (രചന: ശ്രീമൂലനഗരം വിജയന്‍) എന്ന  പാട്ടിന്റെ ഈണം  അല്ലിയാമ്പലിലേക്ക് സന്നിവേശിപ്പിക്കുകയിരുന്നു ജോബ് മാസ്റ്റര്‍.  ഭാനുവിനെ പാട്ട് പാടി പഠിപ്പിച്ചെങ്കിലും   റെക്കോര്‍ഡിംഗ് സമയത്ത് വിധി ഇടപെട്ടു.  കടുത്ത ജലദോഷവും ചുമയും കാരണം ഉദയഭാനുവിനു പിന്മാറേണ്ടിവന്നതും ഒടുവില്‍ സ്ഥലത്തുണ്ടായിരുന്ന കെ.ജെ. യേശുദാസ് എന്ന താരതമ്യേന നവാഗതനായ പാട്ടുകാരന്റെ സ്വരത്തില്‍ അത് റെക്കോര്‍ഡ് ചെയ്യപ്പെട്ടതും ഇന്ന് ചരിത്രം. യേശുദാസിന്റെ  പിന്നണിഗാന ജീവിതത്തില്‍ത്തന്നെ വഴിത്തിരിവായി മാറി അല്ലിയാമ്പല്‍. വര്‍ഷങ്ങള്‍ക്കുശേഷം  അതേ ഗാനം ഞങ്ങളെ  പാടിക്കേള്‍പ്പിക്കുമ്പോള്‍ എന്തെന്തു ചിന്തകളായിരിക്കും ഉദയഭാനുവിന്റെ മനസ്സിനെ വന്നു മൂടിയിരിക്കുക എന്നോര്‍ക്കുകയായിരുന്നു ഞാന്‍. സ്വതസിദ്ധമായ ശൈലിയില്‍  തലയുയര്‍ത്തിപ്പിടിച്ച് വിദൂരതയിലെങ്ങോ കണ്ണുനട്ടുകൊണ്ട്  അല്ലിയാമ്പലിന്റെ ആത്മാവിലൂടെ ഒഴുകുകയാണ് ഉദയഭാനു. യേശുദാസിന്റെ ആലാപനത്തില്‍നിന്ന് തീര്‍ത്തും വിഭിന്നമായിരുന്നു ഉദയഭാനു അല്ലിയാമ്പലിന് പകര്‍ന്നു നല്‍കിയ ഭാവം. നേര്‍ത്ത വിഷാദം കലര്‍ന്ന ആ ശബ്ദത്തില്‍  പ്രണയത്തെക്കാള്‍ നിറഞ്ഞുനിന്നത് പ്രണയനഷ്ടമല്ലേ എന്നു തോന്നി. ''അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളംതത്തമ്മേ ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നുചേരാത്തൂ'' എന്ന് ഭാനു പാടുമ്പോള്‍ നിഷ്‌കളങ്കനായ ഒരു ഗ്രാമീണ കാമുകന്റെ പ്രണയിനിക്കുവേണ്ടിയുള്ള  കാത്തിരിപ്പിലെ  ആകാംക്ഷയും ആകുലതയും മുഴുവന്‍ വന്നുചേരുന്നു അതില്‍. 

കെപി ഉദയഭാനു
കെപി ഉദയഭാനു

നന്തന്‍കോട്ടെ ഫ്‌ലാറ്റിലേക്ക് ഒരുമിച്ച് തിരിച്ചുപോകുമ്പോള്‍ ചോദിക്കാതിരിക്കാനായില്ല: ''ഇത്രയും കാലത്തിനു ശേഷം  ആ പാട്ട് പാടിയപ്പോള്‍  സങ്കടം തോന്നിയോ? പുതിയൊരു ഗായകനെ സൃഷ്ടിച്ച പാട്ട് എന്നതിനോടൊപ്പം  പഴയൊരു ഗായകനെ സിനിമയുടെ പുറമ്പോക്കിലേക്ക് മാറ്റിനിര്‍ത്തിയ പാട്ട് എന്നുകൂടി വിശേഷിപ്പിക്കാമല്ലോ അല്ലിയാമ്പലിനെ. യേശുദാസ് എന്ന ഉദയസൂര്യന്റെ പ്രഭയില്‍ മാഞ്ഞുപോകുകയായിരുന്നില്ലേ താങ്കള്‍ ഉള്‍പ്പെടെയുള്ള ഗായകര്‍?'' കുറേ നേരം ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കി ചിരിച്ചുകൊണ്ടിരുന്നു ഉദയഭാനു. പിന്നെ നിസ്സംഗമായി പറഞ്ഞു: ''എന്തിന് ദുഃഖിക്കണം?  എനിക്കൊരു പരിഭവവുമില്ല. ദാസ് അത്രയും മനോഹരമായല്ലേ അത് പാടിയത്. ആ റെക്കോര്‍ഡിംഗ്  കേട്ടുനില്‍ക്കുമ്പോഴേ ഞാന്‍ സ്വയം പറഞ്ഞിരുന്നു, നമ്മുടെയൊക്കെ  സൂര്യനിതാ  അസ്തമിക്കാന്‍  പോകുന്നു എന്ന്. പാട്ട് ദാസ് റെക്കോര്‍ഡ് ചെയ്തയുടന്‍ അയാളെ ആദ്യം ചെന്ന് അഭിനന്ദിച്ചതും ഞാനാണ്. അതൊക്കെ ഈയടുത്ത കാലത്തുപോലും ദാസ് ഓര്‍മ്മിച്ചെടുത്തപ്പോള്‍ അത്ഭുതം തോന്നി. യേശുദാസിനെപ്പോലൊരു പ്രതിഭാസത്തിന്റെ ഉദയത്തിനു  നിമിത്തമാകാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമേയുള്ളൂ.  തികച്ചും സ്വാഭാവികമായിരുന്നു ദാസിന്റെ വളര്‍ച്ച . ഉയരങ്ങളിലേക്കുള്ള ആ യാത്രയില്‍ അല്ലിയാമ്പല്‍  ഒരു ചവിട്ടുപടിയായി എന്നു മാത്രം.'' അധികമാരുമറിയാത്ത മറ്റൊരു കഥ കൂടി പങ്കുവെച്ചു  ഉദയഭാനു. ''ഓരോ ഗാനത്തിനും അതിന്റേതായ തലക്കുറിയുണ്ട്. അത് നമ്മളായിട്ട് തിരുത്താന്‍ ശ്രമിക്കുന്നതെന്തിന്? സത്യത്തില്‍ അല്ലിയാമ്പല്‍ നഷ്ടപ്പെട്ടതിനു പരാതി പറയാന്‍ എനിക്ക് അവകാശമില്ല. നിണമണിഞ്ഞ കാല്‍പ്പാടുകളിലെ അനുരാഗനാടകത്തിന്‍ എന്ന ഗാനം യഥാര്‍ത്ഥത്തില്‍ പി.ബി. ശ്രീനിവാസിനെക്കൊണ്ട് പാടിക്കാനാണ് ബാബുരാജ്  ഉദ്ദേശിച്ചിരുന്നത് എന്നറിയുമോ? പി.ബി.എസ്. പാടിക്കേട്ടപ്പോള്‍ ബാബുവിന് പിടിച്ചില്ല. അങ്ങനെയാണ്  ഞാന്‍ അത് പാടുന്നത്. പാട്ട് കേട്ട് ആദ്യം എനിക്ക്  കൈ തന്ന്  അഭിനന്ദിച്ചതും പി.ബി.എസ് തന്നെ.  നല്ല മനസ്സുള്ളവര്‍ക്കേ അതിനു കഴിയൂ...  സിനിമയില്‍ നേട്ടങ്ങള്‍ക്കൊപ്പം നഷ്ടങ്ങളും നമ്മള്‍ മുന്‍കൂട്ടി കണ്ടേ പറ്റൂ. രണ്ടും  ഒരുപോലെ സ്വീകരിക്കാനാണ് എനിക്കിഷ്ടം. അമിതമായ ആഹ്ലാദമില്ല; അളവറ്റ നിരാശയും...'' ഉദയഭാനുവിന്റെ വാക്കുകളില്‍ പതിവുപോലെ  ഋഷിതുല്യമായ നിസ്സംഗത.

കൈവിട്ടുപോയ മഴവില്ല് 
ആ നിര്‍മമതയുടെ നേരിയ  ലാഞ്ഛന ഗായകന്‍  ജെ.എം. രാജുവിന്റെ വാക്കുകളിലും കേട്ടു കഴിഞ്ഞ ദിവസം; 'കാറ്റു വിതച്ചവനി'ലെ 'മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു മണിമുകില്‍ തേരിലിറങ്ങി' എന്ന  പ്രശസ്ത ഗാനത്തെക്കുറിച്ച് സംസാരിക്കേ.  എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം അടുത്തിടെയാണ് ആ  പാട്ട് രാജു ശ്രദ്ധയോടെ കേട്ടത്; സ്വന്തം ഓഫീസ് മുറിയുടെ ഏകാന്തതയില്‍ ഇരുന്ന്.  ''കേദാര്‍ രാഗസ്പര്‍ശമുള്ള പാട്ടിന്റെ പല്ലവി ഡിജിറ്റല്‍  നിലവാരത്തോടെ കംപ്യൂട്ടറില്‍നിന്ന് ഒഴുകിവന്നപ്പോള്‍ സ്വയം മറന്നുപോയി. ഇതെനിക്ക് പാടാന്‍ വെച്ച പാട്ടായിരുന്നു, ഈ ട്യൂണ്‍ എന്റേതാണ് എന്നൊക്കെ ലോകത്തോട് വിളിച്ചുപറയാന്‍ തോന്നി. പക്ഷേ, ഏതാനും നിമിഷങ്ങളേ നീണ്ടുനിന്നുള്ളൂ ആ തോന്നല്‍. പിന്നെ സ്വയം പറഞ്ഞു: എന്തിന്? യേശുദാസ് എത്ര മനോഹരമായി പാടിവെച്ചിരിക്കുന്നു ആ പാട്ട്. ആര്‍.കെ. ശേഖര്‍ എത്ര ഔചിത്യത്തോടെ അതിന്റെ വാദ്യവിന്യാസം നിര്‍വ്വഹിച്ചിരിക്കുന്നു; കണ്ണന്‍ എത്ര മനോഹരമായി അത് റെക്കോര്‍ഡ് ചെയ്തിരിക്കുന്നു... ജീവിതത്തിലെ എണ്ണമറ്റ  വഴിത്തിരിവുകളില്‍ ഒന്നായി ആ നഷ്ടത്തെ കാണാന്‍  ശീലിച്ചിരിക്കുന്നു ഞാന്‍.  ചില നഷ്ടങ്ങളും ജീവിതത്തില്‍ പില്‍ക്കാലത്ത് നേട്ടങ്ങളായി ഭവിക്കുമല്ലോ...'' റേഡിയോ സിലോണ്‍  പ്രക്ഷേപണം ചെയ്തിരുന്ന  ക്രിസ്ത്യന്‍ ആര്‍ട്ട്‌സിന്റെ 'വാനമുദം' പരിപാടിയിലൂടെ  സിനിമാ പിന്നണിഗായകരെക്കാള്‍ ഒരുകാലത്ത് മലയാളികള്‍ക്കിടയില്‍ പ്രശസ്തനായിരുന്ന ഗായകന്‍ പറയുന്നു. 

നാല്‍പ്പത്തഞ്ചു വര്‍ഷം മുന്‍പ് ആ ഗാനം പിറന്നുവീണ നിമിഷങ്ങളിലേക്ക് തിരിച്ചുനടക്കുമ്പോള്‍  വികാരാധീനനാകും രാജു. 1973-ലാണ്. ചെന്നൈ ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് സിനിമാ നിര്‍മ്മാണത്തിലേക്ക് കടക്കുന്നു. റേഡിയോയിലൂടെ നേടിയെടുത്ത അഭൂതപൂര്‍വ്വമായ സ്വീകാര്യത വെള്ളിത്തിരയിലും ആവര്‍ത്തിക്കാമെന്നായിരുന്നു പ്രക്ഷേപണ നിലയത്തിന്റെ  ജീവാത്മാവും പരമാത്മാവുമായ റവ. സുവിശേഷമുത്തു എന്ന സുവിയുടെ  കണക്കുകൂട്ടല്‍. പടത്തിന്റെ സംവിധാനം സുവി തന്നെ. സഹായിയായി ഐ.വി. ശശി എന്ന  കലാസംവിധായകനുണ്ട്. തിരക്കഥാകൃത്തായി ആലപ്പി ഷെരീഫും. 'ചന്ദ്രിക' ആഴ്ചപ്പതിപ്പില്‍ ഷെരീഫ് എഴുതിയ നിറങ്ങള്‍ എന്ന നോവലാണ്  'കാറ്റ് വിതച്ചവന്‍' എന്ന പേരില്‍ സിനിമയാക്കുന്നത്. സംഗീത സംവിധായകരായി നിശ്ചയിക്കപ്പെട്ടത് സ്വാഭാവികമായും ക്രിസ്ത്യന്‍ ആര്‍ട്ട്‌സിലെ നിലയവിദ്വാന്മാരായ പീറ്റര്‍ പരമശിവവും  രൂപനേശനും തന്നെ. പീറ്റര്‍  രൂബന്‍ എന്ന പേരിലായിരുന്നു സിനിമയില്‍ ഈ സംഗീത ദ്വയത്തിന്റെ അരങ്ങേറ്റം. ശങ്കര്‍  ജയ്കിഷന്റെ  മാതൃകയില്‍ ജെ.എം. രാജു നിര്‍ദ്ദേശിച്ച പേര്.

കംപോസിംഗ് സമയത്ത് രാജുവും കൂടെയിരിക്കണം എന്ന് സുവിക്കു നിര്‍ബന്ധം. വാനമുദത്തിലെ ഹിറ്റ് ഗാനങ്ങള്‍ക്കെല്ലാം പിന്നില്‍ രാജുവിലെ  പ്രൊഫഷണല്‍ സംഗീതജ്ഞന്റെ സ്പര്‍ശമുണ്ടെന്ന് നന്നായറിയാം അദ്ദേഹത്തിന്. ഇനിയുള്ള കഥ രാജുവിന്റെ വാക്കുകളില്‍ കേള്‍ക്കുക: ''അന്ന് കാലത്ത്  എമറാള്‍ഡ് തിയേറ്ററില്‍നിന്ന് ഞാനൊരു സിനിമ കണ്ടു. ഹൃഷികേശ് മുഖര്‍ജിയുടെ ഗുഡ്ഢി. ആ സിനിമയിലെ ഒരു പാട്ട് വല്ലാതെ മനസ്സിനെ  തൊട്ടു. വസന്ത് ദേശായി ചിട്ടപ്പെടുത്തി നമ്മുടെ വാണി ജയറാം പാടിയ പ്രാര്‍ത്ഥനാഗീതം-  ഹം കോ മന്‍ കി ശക്തി ദേനാ... സിനിമ കണ്ടു പുറത്തിറങ്ങിയിട്ടും ഞാന്‍ മൂളിക്കൊണ്ടേയിരുന്നു ആ പാട്ട്. കേദാറിന്റേയും ഹമീര്‍ കല്യാണിയുടേയും ഒക്കെ സ്പര്‍ശമുള്ള  ഈണമാണ് അതെന്നറിഞ്ഞത് പിന്നീടാണ്. വൈകുന്നേരം കാറ്റ് വിതച്ചവനിലെ പാട്ടുകളുടെ കംപോസിംഗിനിരിക്കുമ്പോഴും  മനസ്സ് മൂളിക്കൊണ്ടിരുന്നത് അതേ ഈണം തന്നെ.  ഇടയ്‌ക്കൊരിക്കല്‍ ആ മൂളല്‍ കുറച്ച് ഉറക്കെയായിപ്പോയപ്പോള്‍  ഭാഗവതര്‍ എന്ന് എല്ലാവരും വിളിക്കുന്ന പീറ്റര്‍ പറഞ്ഞു: അസലായിരിക്കുന്നു. ഇത് കേദാര്‍ ആണ്. ഹാര്‍മോണിയത്തില്‍ ട്യൂണ്‍ വായിച്ചു കേള്‍പ്പിച്ച് ഭാഗവതര്‍ പറഞ്ഞു: കൊള്ളാം ഈ രാഗം മതി നമുക്ക്. ഇത് ബേസ് ചെയ്ത് പാട്ടുണ്ടാക്കിയാല്‍ നന്നാകും. മലയാള സിനിമയില്‍  അതുവരെ അധികമാരും ഉപയോഗിച്ചിട്ടില്ലാത്ത രാഗമാണ്. ദേവരാജന്‍ മാസ്റ്ററുടെ 'എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍', ബാബുരാജിന്റെ 'കവിളത്തെ കണ്ണീര്‍ കണ്ടു...' അങ്ങനെ വിരലില്‍ എണ്ണാവുന്ന പാട്ടുകള്‍ മാത്രം.''

സിനിമയിലെ സ്വപ്നസമാനമായ രംഗത്താണ് പാട്ട് വരേണ്ടത്. പാടി അഭിനയിക്കുന്നത് നായകനായ കെ.പി. ഉമ്മര്‍. നവാഗത ഗാനരചയിതാവായ പൂവച്ചല്‍ ഖാദര്‍ കഥാസന്ദര്‍ഭം മനസ്സില്‍ കണ്ടു എഴുതിവെച്ചിരുന്ന പല്ലവികളില്‍നിന്ന് ഇഷ്ടപ്പെട്ട ഒന്ന് തിരഞ്ഞെടുക്കുന്നു രാജു. ''മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു മണിമുകില്‍ തേരിലിറങ്ങി മരതക കിങ്ങിണി കാടുകള്‍ പുളകത്തിന്‍ മലരാട ചുറ്റിയൊരുങ്ങി, പുഴയുടെ കല്യാണമായി...'' ലളിതവും കാല്‍പ്പനികവുമായ വരികള്‍. ഇനി ട്യൂണ്‍ ഇടണം. ''കേദാറിന്റെ ഭാവചാരുത  മുഴുവന്‍ വരികളിലേക്ക്  ആവാഹിച്ച്   ഭാഗവതരുടെ ഹാര്‍മോണിയത്തിന്റെ അകമ്പടിയോടെ   ഞാന്‍ പല്ലവി പേടിക്കേള്‍പ്പിച്ചപ്പോള്‍ ചുറ്റുമിരുന്നവര്‍ ലയിച്ചു  കേട്ടിരുന്നു. കേദാര്‍ രാഗത്തിന്റെ ഇന്ദ്രജാലം എന്നല്ലാതെ മറ്റെന്തു പറയാന്‍. സുവി ഉള്‍പ്പെടെ എല്ലാവര്‍ക്കും ട്യൂണ്‍ ഇഷ്ടമായി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പാട്ടിന്റെ അനുപല്ലവിയും ചരണവും തയ്യാര്‍.''

ക്രിസ്ത്യന്‍ ആര്‍ട്ട്‌സിന്റെ ശബ്ദമായ ജെ.എം. രാജു തന്നെ  ആ പ്രണയഗാനം പാടണം എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല സുവിശേഷമുത്തുവിന്. വാനമുദത്തില്‍ രാജു പാടിയ പല പാട്ടുകളും ജനപ്രീതിയില്‍ സിനിമാഗാനങ്ങളെപ്പോലും അതിശയിച്ചിരുന്ന കാലമാണ്.  ''പാട്ട് അന്നുതന്നെ ഞാന്‍ പഠിച്ചു. എങ്കില്‍ പിന്നെ ഒരു ടെസ്റ്റ് റെക്കോര്‍ഡിംഗ് ആകാമെന്നായി സുവി. പൂര്‍ണ്ണ ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ തന്നെ, ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് സ്റ്റുഡിയോയില്‍ വെച്ച് പാട്ട് റെക്കോര്‍ഡ് ചെയ്യപ്പെടുന്നു. മദ്രാസിലെ അന്നത്തെ പ്രമുഖ വാദ്യ വിദഗ്ധരെ തന്നെയാണ്  പാട്ടിന്റെ പിന്നണിയില്‍ സുവി അണിനിരത്തിയത്. വയലിന്‍ വായിച്ചത് പ്രഗത്ഭനായ കൃഷ്ണ,  വിഖ്യാത ഷഹനായ് കലാകാരന്‍ സത്യത്തിന്റെ അനുജന്‍. ഫ്‌ലൂട്ട് ഗുണസിംഗ്. വൈബ്രോഫോണ്‍ മംഗളമൂര്‍ത്തി. തബല ധ്രുവന്‍ - ഭൈരവന്‍ സഹോദരന്മാര്‍... റെക്കോര്‍ഡ് ചെയ്തു കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. ഇത് നിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുമെന്ന് മനസ്സിലിരുന്ന് ആരോ മന്ത്രിക്കും പോലെ...''  പടത്തിലെ നായകനായ കെ.പി. ഉമ്മര്‍ താന്‍ പാടി അഭിനയിക്കേണ്ട   പാട്ട് കേള്‍ക്കാന്‍ സ്റ്റുഡിയോയില്‍ എത്തിയത് മറ്റൊരു മറക്കാനാവാത്ത അനുഭവം. ''പാട്ടു കേട്ട് ആവേശഭരിതനായി എന്നെ കെട്ടിപ്പിടിച്ചു ഉമ്മുക്ക. സന്തോഷമായി മോനെ. ഇത് ഹിറ്റാകും. നിന്റെ കാലം തെളിയും'' അദ്ദേഹം പറഞ്ഞു. 

ജെഎം രാജുവും യേശുദാസും
ജെഎം രാജുവും യേശുദാസും


ഇനിയാണ്  ആന്റി ക്ലൈമാക്സ്. ആദ്യ സിനിമയുടെ വിജയത്തിനു വേണ്ടി ഒരു പബ്ലിസിറ്റി കാമ്പെയ്ന്‍ ആസൂത്രണം ചെയ്യുന്നു സുവി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലൂടെ ഒരു സംഗീത യാത്ര. മലയാളികള്‍ക്കിടയില്‍ ക്രിസ്ത്യന്‍ ആര്‍ട്ട്‌സിന്റെ പേര് പ്രശസ്തമാക്കിയ രാജു തന്നെ വേണം ആ യാത്രയ്ക്ക് ചുക്കാന്‍ പിടിക്കാന്‍. അങ്ങനെ സുവിയുടെ നിര്‍ദ്ദേശപ്രകാരം പ്രോഗ്രാം ഓഫീസര്‍ റവ. ജെ.എം. ആര്‍തറിനേയും കൂട്ടി കേരളത്തിലേക്ക് തിരിക്കുന്നു രാജു. കാമ്പെയ്ന്‍ കഴിഞ്ഞു ചെന്നൈയില്‍ തിരിച്ചെത്തിയ  ശേഷമാകാം പാട്ടുകളുടെ റെക്കോര്‍ഡിംഗ് എന്നായിരുന്നു തീരുമാനം. ''യാത്രയുടെ അവസാനം തിരുവനന്തപുരത്തെ നന്ദാവനം ലോഡ്ജില്‍ തങ്ങുമ്പോഴാണ് ഇടിത്തീ പോലെ ആ ഫോണ്‍ സന്ദേശം:  ''മഴവില്ലിനജ്ഞാതവാസം'' യേശുദാസിന്റെ സ്വരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. തരിച്ചിരുന്നുപോയി. എത്രയോ  നാളുകളായി കെട്ടിയുയര്‍ത്തിയ പ്രതീക്ഷയാണ്  തരിപ്പണമായത്.. പക്ഷേ, ആരോട് പരാതിപ്പെടാന്‍?''അണിയറയില്‍ സംഭവിച്ചതെന്തെന്ന് രാജു അറിഞ്ഞത് ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷം സംഗീത സംവിധായകന്‍ പീറ്ററില്‍നിന്നാണ്. രാജു കേരള പര്യടനത്തിനു പോയ നാളുകളിലൊന്നില്‍ പാട്ടുകള്‍ കേള്‍ക്കാന്‍ ആര്‍.കെ. ശേഖര്‍ ക്രിസ്ത്യന്‍ ആര്‍ട്ട്‌സില്‍ എത്തുന്നു.  തിരക്കേറിയ ഓര്‍ക്കസ്ട്ര അറേഞ്ചര്‍ ആണ് അക്കാലത്ത് ശേഖര്‍. ''മഴവില്ലിനജ്ഞാതവാസം കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടമായി. ആരാണിത് ശരിക്കും പാടാന്‍ പോകുന്നത് എന്നറിയണം അദ്ദേഹത്തിന്. രാജു തന്നെ എന്ന് സുവി മറുപടി പറഞ്ഞപ്പോള്‍ ശേഖറുടെ മുഖം  മങ്ങി. അപ്പോള്‍ യേശുദാസ് സിനിമയില്‍ പാടുന്നില്ലേ എന്നായി അദ്ദേഹം. സൗന്ദര്യപൂജയ്ക്ക് പൂക്കൂടയേന്തുന്ന എന്ന പാട്ട് ദാസിനെക്കൊണ്ട് പാടിക്കാന്‍ വെച്ചിരിക്കുകയാണെന്ന് സുവി പറഞ്ഞപ്പോള്‍ ശേഖര്‍ ഉള്ളില്‍ തോന്നിയത് തുറന്നുപറഞ്ഞു: അയ്യോ. സിനിമയിലെ ഏറ്റവും നല്ല പാട്ട് വേണ്ടേ യേശുദാസിനെക്കൊണ്ട് പാടിക്കാന്‍?  രാജു പാടിയത് മോശമാണെന്നല്ല പറഞ്ഞത്. പക്ഷേ,   ദാസ് പാടിയാല്‍ ഇത് വേറൊരു തലത്തിലെത്തും. സുവി ശങ്കിച്ചുനിന്നപ്പോള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാനെന്നോണം ശേഖര്‍ ഇത്രകൂടി പറഞ്ഞു: നിങ്ങള്‍ ഏതായാലും ഇനിയും സിനിമയെടുക്കുമല്ലോ. അടുത്ത പടത്തില്‍ രാജു രണ്ടു പാട്ട് പാടട്ടെ...'' ആലോചിച്ചപ്പോള്‍ അതും ശരിയാണല്ലോ എന്ന് തോന്നിയിരിക്കണം സംവിധായകന്. അടുത്തൊരു ദിവസം തന്നെ ഭരണി സ്റ്റുഡിയോയില്‍വെച്ച് യേശുദാസിന്റെ ശബ്ദത്തില്‍  മഴവില്ലിനജ്ഞാതവാസം റെക്കോര്‍ഡ് ചെയ്യപ്പെടുന്നു. ശേഖറിന്റെ അതിഗംഭീരമായ ഓര്‍ക്കസ്ട്രേഷന്റേയും കണ്ണന്റെ ശബ്ദലേഖന പാടവത്തിന്റേയും പിന്തുണയോടെ. ''ഇന്നും അത് യൂട്യൂബില്‍ കേള്‍ക്കുമ്പോള്‍ പുതുമ നശിക്കാത്ത അനുഭവമായി തോന്നും.  മുന്‍പൊക്കെ അത് കേള്‍ക്കുമ്പോള്‍ ചെറിയൊരു വ്യഥ തോന്നിയിരുന്നു. ഇപ്പോഴില്ല.  യേശുദാസ് എത്ര മനോഹരമായാണ് ആ ഗാനത്തിന്റെ ആത്മാവില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നത്. ആ ശബ്ദസൗകുമാര്യത്തെ അസാധ്യം എന്നല്ലാതെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകളില്ല. സ്വന്തം കഴിവുകളെക്കുറിച്ചെന്നപോലെ  പരിമിതികളെക്കുറിച്ചും പൂര്‍ണ്ണ ബോധ്യമുള്ള ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ പരാതിയില്ല. അത് യേശുദാസിന് വിധിച്ച പാട്ടു തന്നെയാണ്...'' രാജു പറയുന്നു.
നിര്‍ഭാഗ്യം കൊണ്ട് പാട്ടുകള്‍ കൈവിട്ടുപോയ സന്ദര്‍ഭങ്ങള്‍ വേറെയുമുണ്ട് ജെ.എം. രാജുവിന്റെ ജീവിതത്തില്‍. ആദ്യത്തേത് സിനിമാജീവിതത്തിന്റെ ആരംഭഘട്ടത്തിലാണ്  1967-ല്‍. എം.എസ്. ബാബുരാജ് മെലഡിയുടെ സുല്‍ത്താനായി ജ്വലിച്ചുനില്‍ക്കുന്ന  കാലം. ''ബാബുക്കയുടെ പാട്ടുകളോട് പണ്ടേയുണ്ട് ആരാധന. ആദ്യം അദ്ദേഹത്തെ കണ്ടു സംസാരിച്ചത് കൊച്ചിയില്‍ വെച്ചാണ്. കച്ചേരിപ്പടിയില്‍  ഇന്ന് ശീമാട്ടി സമുച്ചയം തലയുയര്‍ത്തി നില്‍ക്കുന്ന  സ്ഥലത്തു പണ്ടുണ്ടായിരുന്ന മദ്രാസ് കേഫില്‍ വെച്ച്. ചെന്നൈയിലേക്ക് കുടിയേറിയ ശേഷം സ്വാമീസ് ലോഡ്ജില്‍ വെച്ച് പിന്നെയും രണ്ടുമൂന്ന് തവണകൂടി കണ്ടു. ഓരോ തവണയും കാണുമ്പോള്‍ എന്നെക്കൊണ്ട് പാടിക്കും അദ്ദേഹം. പി.ബി. ശ്രീനിവാസിന്റെ തമിഴ് പാട്ടുകളാണ് ഞാന്‍ പാടുക. ബാബുക്ക മനോഹരമായി ഹാര്‍മോണിയം വായിച്ചു തരും. മറക്കാനാവാത്ത അനുഭവങ്ങളാണ് അവയൊക്കെ.'' ഒരു ദിവസം കൂടിക്കാഴ്ച കഴിഞ്ഞ് ബാബുരാജും കൂട്ടരും കംപോസിംഗിനായി ജൂപ്പിറ്റര്‍ പിക്ചേഴ്സിന്റെ ഓഫീസിലേക്ക് യാത്രയായപ്പോള്‍ രാജുവും കൂടെ കൂടി. 'കളക്ടര്‍ മാലതി' എന്ന പടത്തിലെ പാട്ടുകളുടെ സൃഷ്ടിയാണ്. വയലാറിന്റെ കാവ്യസുന്ദരമായ ഈരടികള്‍ക്ക് ബാബുക്ക ഹാര്‍മോണിയത്തില്‍ ട്യൂണ്‍ ഇടുന്നു: നീലക്കൂവള പൂവുകളോ വാലിട്ടെഴുതിയ കണ്ണുകളോ... യേശുദാസിനു പാടാനുള്ള പാട്ട്. ഈണം പൂര്‍ണ്ണമായപ്പോള്‍ ബാബുക്ക എന്നെക്കൊണ്ട് അത് വെറുതെ പാടിച്ചു നോക്കി. മറ്റൊരാള്‍ പാടിക്കേള്‍ക്കാനുള്ള കൗതുകം കൊണ്ടാവാം. ഞാന്‍ പാടിയത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്ന് മുഖഭാവത്തില്‍നിന്നു മനസ്സിലായി. അല്പസമയത്തിനകം പടത്തിന്റെ നിര്‍മ്മാതാവ് ചിന്നമാപ്പിള എന്നു പേരുള്ള ഒരാള്‍ സ്ഥലത്തെത്തുന്നു. അദ്ദേഹത്തിനുവേണ്ടി ഒരിക്കല്‍ക്കൂടി  പാടി ഞാന്‍.  എല്ലാം കഴിഞ്ഞു തിരികെ ചെട്ട്പെട്ടിലെ  എന്റെ താമസസ്ഥലത്തേക്ക്. കുറച്ചു ദിവസം കഴിഞ്ഞു ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചശേഷം തിരിച്ചു ലോഡ്ജ് മുറിയില്‍ എത്തിയപ്പോഴാണ്  ഹൃദയഭേദകമായ ഒരു വാര്‍ത്ത സഹമുറിയന്‍ പറഞ്ഞ്  അറിയുന്നത്.  ഞാന്‍ ഇല്ലാത്തപ്പോള്‍ എന്നെ തിരഞ്ഞു ബാബുരാജിന്റെ മ്യൂസിക് ഇന്‍ചാര്‍ജ് ചിന്നത്തമ്പി മുറിയില്‍ വന്നിരുന്നുവത്രെ. മൂന്നു മണിക്കൂറോളം കാത്തിരുന്നു മടങ്ങി. കാര്യമെന്തെന്നറിഞ്ഞപ്പോഴാണ് ഞെട്ടിപ്പോയത്.  യേശുദാസ് സ്ഥലത്തില്ല. ഉടന്‍ പാട്ട് റെക്കോര്‍ഡ് ചെയ്യുകയും വേണം. നിര്‍മ്മാതാവ് ചിന്നമാപ്പിള അപ്പോഴാണ് ഒരു നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കുന്നത്. അന്ന് ആ പയ്യന്‍  നന്നായി പാടിയല്ലോ. അയാള്‍ തന്നെ സിനിമയിലും പാടട്ടെ. ബാബുക്കയ്ക്കും വിരോധമില്ല. അക്കാര്യം ചൂടോടെ അറിയിക്കാന്‍ എന്നെ തിരഞ്ഞെത്തിയതാണത്രെ ചിന്നത്തമ്പി.''
അവസരങ്ങള്‍ ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല. ആ ഗാനം പിന്നീട് യേശുദാസിന്റെ സ്വരത്തില്‍ തന്നെ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു. സൂപ്പര്‍ ഹിറ്റാകുന്നു. 'കുരുതിക്കളം' എന്ന ചിത്രത്തിലെ 'കാലമൊരു കാളവണ്ടിക്കാരന്‍' എന്ന ഗാനവുമായി ബന്ധപ്പെട്ടുമുണ്ട് ഇതുപോലൊരു നഷ്ടത്തിന്റെ കഥ. രാജുവിന്റെ ഗാനമേള കേട്ട് പടത്തില്‍ ഒരു പാട്ട് വാഗ്ദാനം ചെയ്തതായിരുന്നു കുരുതിക്കളത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന സുരേന്ദ്രന്‍. നുങ്കംപാക്കത്തെ ഓഫീസില്‍ രാജുവിനെ വിളിച്ചുവരുത്തി സംഗീതസംവിധായകരായ ജയവിജയന്മാര്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു സുരേന്ദ്രന്‍. ''ഒടുവില്‍ എനിക്ക് പാടാന്‍ വെച്ചിരുന്ന പാട്ട് ദാസ് പാടി. സിനിമയില്‍ ഒരു പുതിയ ഗായകന് മുന്നില്‍ എന്തെല്ലാം കടമ്പകള്‍ ഉണ്ടെന്ന് അറിഞ്ഞുവരുന്നേ ഉണ്ടായിരുന്നുള്ളൂ ഞാന്‍.'' ആ തിരിച്ചറിവില്‍ നിന്നാവണം  പില്‍ക്കാലത്ത് സംഗീതസംവിധായകനെന്ന നിലയില്‍ നിരവധി ചലച്ചിത്രേതര ഗാന ആല്‍ബങ്ങള്‍ പുറത്തിറക്കിയപ്പോള്‍ കഴിയുന്നത്ര പുതുഗായകര്‍ക്ക് അവസരം നല്‍കാന്‍ രാജു ശ്രദ്ധിച്ചതും.  ''പാടാന്‍ അവസരം നിഷേധിക്കപ്പെട്ട   പാട്ടുകാരന്റെ വ്യഥ എന്നെപ്പോലെ അറിഞ്ഞവര്‍ അധികമുണ്ടാവില്ല. അതുകൊണ്ടുതന്നെ ഒരു പാട്ടു പാടാന്‍ മോഹിച്ച് എന്റെ മുന്നിലെത്തുന്ന   ആരെയും നിരാശരാക്കി മടക്കാറില്ല ഞാന്‍...''
സിനിമയില്‍ അധികം പാട്ടുകള്‍ പാടിയിട്ടില്ല രാജു. പാടിയവയില്‍ ശ്രദ്ധിക്കപ്പെട്ടവയാകട്ടെ , അപൂര്‍വ്വവും. 'നാടന്‍ പെണ്ണ്'  (1967) എന്ന സിനിമയിലെ   നാടന്‍ പ്രേമം നാടോടി പ്രേമം (ജയചന്ദ്രനോടൊപ്പം) ആയിരുന്നു ആദ്യഗാനം. പ്രേമഗീതങ്ങളിലെ കളകളമൊഴിയും 'ഈ നാടി'ലെ 'ഇരുമെയ്യാണെങ്കിലും' എന്ന ഗാനശകലവും ജെ.എം. രാജു എന്ന ഗായകന്റെ  പ്രതിഭ തെളിയിക്കാന്‍ പോന്ന സൃഷ്ടികള്‍ ആയിരുന്നോ എന്നു സംശയം. അക്കാര്യത്തില്‍  ശ്രീകാന്ത് എന്ന ഗായകന്‍ കുറേക്കൂടി ഭാഗ്യവാനായിരുന്നു. വയലാറിന്റെ മികച്ച രചനകളില്‍ ഒന്ന് ദേവരാജന്റെ ഈണത്തില്‍ പാടാന്‍ അവസരമുണ്ടായി അദ്ദേഹത്തിന്.  ചുവന്ന സന്ധ്യകളിലെ ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ ഈശ്വരന്‍ ജനിക്കും മുന്‍പേ. എങ്കിലും നഷ്ടപ്പെട്ട അപൂര്‍വ്വ സുന്ദരമായ ഒരു ഗാനത്തിന്റെ ഓര്‍മ്മകള്‍ ഇന്നും ശ്രീകാന്തിനെ പിന്തുടരുന്നു; ഉറക്കത്തില്‍പ്പോലും.  'കൊട്ടാരം വില്‍ക്കാനുണ്ട്' എന്ന ചിത്രത്തിലെ 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം' എന്ന അര്‍ത്ഥഭംഗിയാര്‍ന്ന ഗാനം. ''നഷ്ടത്തെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്നതില്‍  അര്‍ത്ഥമില്ലെന്നറിയാം. എന്തു ചെയ്യാം. രണ്ടാഴ്ചയോളം നമ്മള്‍ പാടി ഹൃദിസ്ഥമാക്കിയതല്ലേ? വല്ലാത്തൊരു ആത്മബന്ധം വന്നുപോയി ആ പാട്ടിനോട്.'' ഇന്നും ആ ഗാനം പാടാതെ ഗാനമേളകള്‍ അവസാനിപ്പിക്കാറില്ല ശ്രീകാന്ത്. 

ശ്രീകാന്തിന്റെ ചന്ദ്രകളഭം  
''കൊട്ടാരം വില്‍ക്കാനുണ്ട്'' എന്ന സിനിമയ്ക്കുവേണ്ടി പാടാന്‍ വിളിക്കുമ്പോഴേക്കും രണ്ട് മനോഹര ഗാനങ്ങള്‍ ദേവരാജന്‍ മാസ്റ്റര്‍ക്കുവേണ്ടി പാടിക്കഴിഞ്ഞിരുന്നു ശ്രീകാന്ത്. ആദ്യം പാടിയത് മാധുരിയോടൊപ്പം 'ഭാര്യ ഇല്ലാത്ത രാത്രി'; എന്ന ചിത്രത്തിലെ  അഭിലാഷമോഹിനീ എന്ന യുഗ്മഗാനം. അതു കഴിഞ്ഞാണ് ശ്രീകാന്തിന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ഗാനം അദ്ദേഹത്തെ തേടിയെത്തുന്നത്. ചുവന്ന സന്ധ്യകളിലെ 'ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ.' ദേവരാജന്‍ അവതരിപ്പിച്ച പുതിയ ഗായകനെക്കുറിച്ച്  സിനിമാലോകം അതോടെ ചര്‍ച്ച ചെയ്തു തുടങ്ങുന്നു. അതിനിടയിലാണ്  പുതിയ ചിത്രത്തില്‍ പാടാനുള്ള ക്ഷണം. കാംദാര്‍ നഗറിലെ വീട്ടിന്റെ മുകള്‍നിലയിലെ റിഹേഴ്സല്‍ മുറിയില്‍ ചെന്നപ്പോള്‍ ഹാര്‍മോണിയവുമായി കാത്തിരിക്കുന്നു സംഗീതകുലപതി. വയലാറിന്റെ കൈപ്പടയിലുള്ള കടലാസ്സ് ശ്രീകാന്തിന്റെ കയ്യില്‍ കൊടുത്ത് മാസ്റ്റര്‍ പറഞ്ഞു: ''നന്നായി വായിച്ചു പഠിക്കണം. അര്‍ത്ഥഗാംഭീര്യമുള്ള ഗാനമാണ്. ആശയം ഒട്ടും ചോര്‍ന്നുപോകാതെ വേണം പാടാന്‍...'' ചന്ദ്രകളഭത്തിന്റെ വരികളിലൂടെ കണ്ണോടിച്ചപ്പോള്‍ കോരിത്തരിച്ചുപോയെന്ന് ശ്രീകാന്ത്. കൊതിതീരും  വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ... വയലാറിന്റെ ആ ചോദ്യം  ഹൃദയത്തെ തൊട്ടു.

യേശുദാസും ശ്രീകാന്തും
യേശുദാസും ശ്രീകാന്തും


ഒരാഴ്ച നീണ്ട പാട്ടു പഠിക്കലായിരുന്നു പിന്നെ. ദിവസവും കാലത്ത് മാസ്റ്ററുടെ വീട്ടിലെത്തും ശ്രീകാന്ത്. വരികളും വാക്കുകളും അക്ഷരങ്ങളും വരെ അവയുടെ ഭാവം ഉള്‍ക്കൊണ്ട് പാടേണ്ടതെങ്ങനെ എന്നു വിശദീകരിച്ചുതരും അദ്ദേഹം. ഇടക്കൊരിക്കല്‍ മാസ്റ്റര്‍  പറഞ്ഞത് ഓര്‍മ്മയുണ്ട്: നീ വിചാരിക്കും ഒരു പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍  ഇത്രയും റിഹേഴ്സല്‍ എന്തിനെന്ന്. ചിലപ്പോള്‍ ഈ പാട്ടാകും നിനക്കൊരു ജീവിതം തരുക. ഏതു അര്‍ദ്ധരാത്രിക്ക് ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി  പാടാന്‍ പറഞ്ഞാലും നിനക്കിത് ധൈര്യമായി പാടാന്‍ കഴിയണം. ആ വ്യക്തിത്വം പോലെ തന്നെ സുതാര്യമായിരുന്നു മാസ്റ്ററുടെ വാക്കുകളിലെ ആത്മാര്‍ത്ഥതയും എന്ന് ശ്രീകാന്ത്.  ''രാവും പകലും എന്റെ ചുണ്ടിലും മനസ്സിലും ചന്ദ്രകളഭത്തിന്റെ വരികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റെക്കോര്‍ഡിംഗിന്റെ ദിവസം എത്തുമ്പോഴേക്കും ആ പാട്ട് മനഃപ്പാഠമായിരുന്നു എനിക്ക്...''  ഭരണി സ്റ്റുഡിയോയിലാണ് റെക്കോര്‍ഡിംഗ് ഉച്ചയ്ക്ക് രണ്ടു മണിക്ക്. ''തലേന്ന്  കാലത്തു മുഴുവന്‍ ഞാന്‍ മാഷിനൊപ്പമായിരുന്നു. ടി നഗറില്‍ ഞാന്‍  താമസിക്കുന്ന സത്യാഭവന്‍ ലോഡ്ജില്‍  ചെന്ന് നന്നായി വിശ്രമിച്ചു വരാന്‍ പറഞ്ഞ് മാസ്റ്റര്‍ ഊണ്  കഴിക്കാന്‍ പോയി. ഒരു കാര്യം അദ്ദേഹം പ്രത്യേകം സൂചിപ്പിച്ചിരുന്നു: ''വെയിലു കൊള്ളരുത്; വിയര്‍ക്കരുത്. നാളെ പാട്ട് റെക്കോര്‍ഡ് ചെയ്യാനുള്ളതാണ്.'' പിറ്റേന്നു കാലത്തു തന്നെ മാസ്റ്ററെ കാണാനെത്തി ശ്രീകാന്ത്.  പൂമുഖത്തു കാത്തിരിക്കുകയാണ് അദ്ദേഹം. മുഖം അത്ര പ്രസന്നമല്ല. എന്നെ കണ്ടയുടന്‍ അമര്‍ത്തിയൊന്നു മൂളി. പിന്നെ അടിമുടി നോക്കി. എന്നിട്ട് പതുക്കെ പറഞ്ഞു: ''നിന്റെ പാട്ട് പോയല്ലോടാ.'' പിന്നെ നിശ്ശബ്ദതയാണ്. എനിക്കൊന്നും മിണ്ടാന്‍  പറ്റുന്നില്ല.  പ്രതീക്ഷയുടെ ഒരു വലിയ ഗോപുരം ഉള്ളില്‍ തകര്‍ന്നുവീണ പോലെ. എന്റെ നില്‍പ്പ് കണ്ട് മനമലിഞ്ഞാവണം, മാസ്റ്റര്‍ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു: ''നിന്റെ വികാരം എനിക്ക് മനസ്സിലാകും. മുകളില്‍ ചെല്ല്. അതേ സിനിമയിലെ വേറൊരു പാട്ട് നിനക്കു വേണ്ടി വെച്ചിട്ടുണ്ട്. വിഷമിക്കേണ്ട...'' അന്നു പഠിച്ചു റെക്കോര്‍ഡ് ചെയ്ത പാട്ടാണ് 'ഭഗവാന്‍ ഭഗവാന്‍ പ്രകൃതിയെ സൃഷ്ടിച്ച നൃപതിയെ സൃഷ്ടിച്ച പ്രജകളെ സൃഷ്ടിച്ച ഭഗവാന്‍.' അയിരൂര്‍ സദാശിവനും ഉണ്ടായിരുന്നു സഹഗായകനായി. 

എന്തുകൊണ്ട് ആ പാട്ട് തന്നില്‍നിന്ന് എടുത്തുമാറ്റി എന്ന് ഒരിക്കലും മാസ്റ്ററോട് ചോദിച്ചിട്ടില്ല ശ്രീകാന്ത്; അദ്ദേഹം മരിക്കും വരെ. ''മാസ്റ്റര്‍ക്ക് അത് ഇഷ്ടപ്പെടില്ല എന്ന് അറിയാവുന്നതുകൊണ്ടാണ്.  അന്ന് വേദന തോന്നിയിരുന്നെങ്കിലും ഇന്നോര്‍ക്കുമ്പോള്‍  അദ്ദേഹത്തെ  കുറ്റപ്പെടുത്താന്‍ തോന്നുന്നില്ല  എനിക്ക്. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ എന്നെക്കൊണ്ട് പാടിക്കുമായിരുന്നു അദ്ദേഹം. ഒരുപക്ഷേ, കാര്യങ്ങള്‍ സ്വന്തം നിയന്ത്രണത്തില്‍  ഒതുങ്ങിനില്‍ക്കാത്തതുകൊണ്ടാവാം.'' നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷം അടുത്തിടെയാണ് മാസ്റ്ററുടെ അടുത്ത സുഹൃത്തായ ഒരു ഡോക്ടറില്‍നിന്ന് അന്നത്തെ മനംമാറ്റത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ശ്രീകാന്ത് അറിഞ്ഞത്. ''ഞാന്‍ വിശ്രമത്തിനായി ലോഡ്ജിലേക്ക് തിരിച്ചു പോന്ന ശേഷം മാസ്റ്റര്‍ക്ക് വയലാറിന്റെ ഫോണ്‍ വന്നത്രെ. ആരാണ് പാടുന്നതെന്ന് അറിയാന്‍ വേണ്ടിയായിരുന്നു വിളി. പുതിയൊരു ആളാണെന്ന് പറഞ്ഞപ്പോള്‍ വയലാറിന് നിരാശ. യേശുദാസിനെ ഉദ്ദേശിച്ച് എഴുതിയ പാട്ട് മറ്റൊരാള്‍ പാടുന്നത് അദ്ദേഹം എങ്ങനെ സഹിക്കും? മാത്രമല്ല, വയലാറിന്റെ ആരോഗ്യസ്ഥിതി കുറച്ചു മോശമായി വരുന്ന സമയവുമാണ്. മനസ്സില്ലാമനസ്സോടെ ആണെങ്കിലും വഴങ്ങാതിരിക്കാന്‍ പറ്റിയില്ലത്രേ മാസ്റ്റര്‍ക്ക്.  എങ്ങനെ അദ്ദേഹത്തെ കുറ്റപ്പെടുത്താനാകും?'' ശ്രീകാന്തിന്റെ ചോദ്യം. ചന്ദ്രകളഭം എന്ന പാട്ടിന്റെ ചരണത്തില്‍ 'ഈ വര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ  സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധര്‍വഗീതമുണ്ടോ' എന്ന് എഴുതുമ്പോള്‍ ഗാനഗന്ധര്‍വന്‍ തന്നെയായിരുന്നില്ലേ വയലാറിന്റെ മനസ്സില്‍?

അയിരൂര്‍ സദാശിവന്‍
അയിരൂര്‍ സദാശിവന്‍


എസ്.ടി. ശശിധരന്‍ എന്ന ഗായകന്റെ ഓര്‍മ്മയില്‍ മറ്റൊരു നഷ്ടാനുഭവമുണ്ട്.   കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് ബി.എ മ്യൂസിക് ഒന്നാം റാങ്കുമായി സിനിമയില്‍ പാടാന്‍ മദ്രാസിലേക്ക് വണ്ടികയറിയതാണ് പത്തനംതിട്ടയിലെ കലഞ്ഞൂര്‍  സ്വദേശി ശശിധരന്‍. ചെന്നപ്പോള്‍ മനസ്സിലായി  അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന്. നല്ല സ്വാധീനം വേണം. അല്ലെങ്കില്‍ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാവണം.  രണ്ടു കാര്യത്തിലും പിന്നിലാണ് താന്‍. ആദ്യം പോയി കണ്ടത് ബാബുരാജിനെ. അതുകഴിഞ്ഞു ദേവരാജനേയും. വുഡ്ലാന്‍ഡ്സ് ഹോട്ടലിലെ മുറിയില്‍ വെച്ചായിരുന്നു ദേവരാജനുമായുള്ള കൂടിക്കാഴ്ച. ബി.എ മ്യൂസിക് ഒന്നാം റാങ്കുകാരന്‍ എന്ന് കേട്ടപ്പോള്‍  ശശിധരനെ  ആപാദചൂഡം നോക്കി  അമര്‍ത്തിയൊന്നു മൂളി ദേവരാജന്‍. പിന്നെ പറഞ്ഞു: ''ഏതായാലും വീട്ടിലേക്ക് വാ. കുറച്ചു ഗ്രാമഫോണ്‍ റെക്കോര്‍ഡ്സ് തരാം. കേട്ടുനോക്ക്.''  പിറ്റേന്ന് തന്നെ മാസ്റ്ററുടെ വീട്ടില്‍ ചെന്ന് റെക്കോര്‍ഡുകള്‍ ഏറ്റുവാങ്ങി ശശിധരന്‍. നാട്ടില്‍നിന്നു പണം സംഘടിപ്പിച്ച് ഒരു റെക്കോര്‍ഡ് പ്ലെയറും സ്വന്തമാക്കി. എന്നെങ്കിലും മാസ്റ്റര്‍ക്കുവേണ്ടി പാടാനാകും എന്ന പ്രതീക്ഷയോടെ പാട്ടുകേള്‍ക്കല്‍ യജ്ഞം തുടങ്ങുന്നു ശശിധരന്‍.

വുഡ്ലാന്‍ഡ്സിലേക്ക് ഇടയ്ക്കിടെ പുതിയ ഗായകനെ വിളിച്ചുവരുത്തും ദേവരാജന്‍. ''ഒരു ദിവസം കാലത്ത് ചെന്നപ്പോള്‍ മാസ്റ്റര്‍ പറഞ്ഞു -  നിനക്കൊരു പാട്ട് പഠിപ്പിച്ചുതരാന്‍ പോകുകയാണ്. ശ്രദ്ധിച്ചു പഠിക്കണം. അടുത്തിറങ്ങാന്‍ പോകുന്ന ഒരു വടക്കന്‍ പാട്ട് സിനിമയിലെ പാട്ടാണ്. ഹാര്‍മോണിയം വായിച്ചു മാസ്റ്റര്‍ പാടിത്തുടങ്ങുന്നു: രൂപവതി രുചിരാംഗി രോമാഞ്ചം ചൂടിവരൂ... പ്രണയഭരിതമായ ഈണം. വയലാറിന്റെ വരികളാണെന്ന് കേട്ടപ്പോഴേ മനസ്സിലായി. അന്ന് മുഴുവന്‍ ആ പാട്ട് എന്നെ പഠിപ്പിക്കുകയായിരുന്നു മാസ്റ്റര്‍. പൂര്‍ണ്ണമായി മനസ്സ് അര്‍പ്പിച്ചുകൊണ്ടുതന്നെ ഞാന്‍ പാടി. ആദ്യമായി സിനിമയില്‍ പാടാന്‍ പോകുന്ന പാട്ടല്ലേ. മാസ്റ്റര്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു. അന്ന് വൈകിട്ട്, എന്നെ അമ്പരപ്പിച്ചുകൊണ്ട് മാസ്റ്റര്‍ പ്രഖ്യാപിക്കുന്നു:   ''പഠിപ്പിച്ചെന്നു കരുതി നിന്നെക്കൊണ്ട് ഇത് പാടിപ്പിക്കും എന്ന് പ്രതീക്ഷിക്കേണ്ട.'' വിങ്ങുന്ന മനസ്സുമായാണ് ശശിധരന്‍ അന്ന് താമസസ്ഥലത്തേക്ക് തിരിച്ചുപോയത്. അടുത്ത ദിവസം തന്നെ യേശുദാസിന്റെ ശബ്ദത്തില്‍ ആ ഗാനം റെക്കോര്‍ഡ് ചെയ്തതായി  അറിഞ്ഞു. ''എന്തിനാണ് മാസ്റ്റര്‍ എനിക്ക് പ്രതീക്ഷ നല്‍കിയതെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടിയിട്ടില്ല.''

ദക്ഷിണാമൂര്‍ത്തി
ദക്ഷിണാമൂര്‍ത്തി

സിനിമയില്‍ ഒരു ബ്രെയ്ക്കിനുവേണ്ടി കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവന്നു ശശിധരന്. 'വീണ്ടും പ്രഭാത'ത്തിലെ 'എന്റെ വീടിനു ചുമരുകളില്ല' ആയിരുന്നു ആദ്യം പുറത്തിറങ്ങിയ ഗാനം. സംഗീതം: ദക്ഷിണാമൂര്‍ത്തി. പാട്ട് അന്നത്തെ യുവതലമുറ ഏറ്റെടുത്തു  ഹിറ്റാക്കിയെങ്കിലും അതിനൊരു തുടര്‍ച്ചയുണ്ടായില്ല. അരപ്പാട്ടുകളും മുറിപ്പാട്ടുകളും പാടി മനം മടുത്ത ശശിധരന്‍,  അധ്യാപനമാണ് തന്റെ തട്ടകം എന്ന ഉത്തമ ബോധ്യത്തോടെ ഒടുവില്‍ തിരികെ നാട്ടിലേക്ക് വണ്ടികയറുന്നു; പത്തനംതിട്ട എസ്.എന്‍. ട്രസ്റ്റ് സ്‌കൂളിലായിരുന്നു തുടക്കം. പിന്നെ ഡല്‍ഹി സര്‍വ്വകലാശാലയില്‍നിന്ന് സംഗീതത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദമെടുത്ത് ചിറ്റൂര്‍ കോളേജില്‍ ലക്ചററായി ചേര്‍ന്നു. 2005-ല്‍ വിരമിച്ചതും അവിടെനിന്നു തന്നെ. ''തിരിഞ്ഞുനോക്കുമ്പോള്‍,  'പൊന്നാപുരം കോട്ട'യിലെ ആ ഗാനം പാടാതിരുന്നത്  ഒരു കണക്കിന് നന്നായി എന്നു തോന്നാറുണ്ട്. പാടിയിരുന്നെങ്കില്‍ ഒരുപക്ഷേ, അടുത്ത അവസരത്തിനായി  ചെന്നൈയില്‍ തന്നെ തങ്ങിയേനെ  ഞാന്‍. സിനിമയില്‍ പാടാന്‍  വേണ്ടി യൗവ്വനം മുഴുവന്‍ ഹോമിച്ച് ജീവിതം തന്നെ തുലച്ചുകളഞ്ഞ എത്രയോ ഗായകരെ നമുക്കറിയാം. അവരില്‍ ഒരാളായി കോടമ്പാക്കത്ത് ഒടുങ്ങിപ്പോകുമായിരുന്നു ഞാനും. ഭാഗ്യത്തിന് അതുണ്ടായില്ല.'' ശശിധരന്‍.

സദാശിവന്റെ നഷ്ടം; പ്രേംപ്രകാശിന്റേയും
ശശിധരന് തൊട്ടുമുന്‍പ് സിനിമാനഗരത്തില്‍ അവസരം തേടിയെത്തിയതാണ് അയിരൂര്‍ സദാശിവന്‍. അമച്വര്‍ നാടങ്ങളില്‍ പാടിയ പരിചയവുമായി ചെന്നൈയില്‍ വന്നിറങ്ങി ഏറെക്കഴിയും മുന്‍പ് ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ സിനിമയ്ക്കുവേണ്ടി രണ്ടു മനോഹര ഗാനങ്ങള്‍  പാടാന്‍ ഭാഗ്യമുണ്ടായി അദ്ദേഹത്തിന്. മരത്തിലെ 'മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട്', ചായത്തിലെ 'അമ്മേ അവിടുത്തെ മുന്‍പില്‍ ഞാനാര്.' രണ്ടും മലയാളികള്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കുന്ന  ഗാനങ്ങള്‍. പിന്നെയും കുറച്ചു പാട്ടുകള്‍ കൂടി പാടിയെങ്കിലും അയിരൂര്‍ സദാശിവന്‍ എന്ന ഗായകന്‍  ഇന്നും ഓര്‍ക്കപ്പെടുന്നത്  ഈ രണ്ടു പാട്ടുകളിലൂടെ  തന്നെയാകണം.  ''ഭാഗ്യമുണ്ടായിരുന്നെങ്കില്‍ മറ്റൊരു ക്ലാസ്സിക് ഗാനം കൂടി എന്റെ ശബ്ദത്തില്‍ പുറത്തുവന്നേനെ. എന്തുചെയ്യാം, സിനിമയില്‍ നല്ല സമയം എന്നൊരു ഘടകം കൂടിയുണ്ടല്ലോ.''- അയിരൂര്‍ സദാശിവന്റെ വാക്കുകള്‍. സദാശിവനെ നിര്‍ഭാഗ്യംകൊണ്ട് ഒഴിഞ്ഞുപോയ ആ ഗാനം ഏതെന്നുകൂടി അറിയുക: 'സന്ന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു...' ഹരിഹരന്‍ സംവിധാനം ചെയ്ത 'രാജഹംസ'ത്തിനുവേണ്ടി വയലാര്‍ - ദേവരാജന്‍ ടീം സൃഷ്ടിച്ച സുന്ദരഗാനം. മലയാളത്തിലെ ഏറ്റവും തികവാര്‍ന്ന ചലച്ചിത്ര ഗാനമായി പലരും എടുത്തുപറയുന്ന സൃഷ്ടി.

''വീട്ടില്‍ വിളിച്ചുവരുത്തിയാണ് മാസ്റ്റര്‍ എന്നെ സന്ന്യാസിനി പാടിപ്പഠിപ്പിച്ചത്. ഒരാഴ്ചയോളം നീണ്ട കഠിന പരിശീലനം. വയലാറിന്റെ വരികളുടെ അര്‍ത്ഥഭംഗി  അന്നേ മനസ്സില്‍ തങ്ങിയിരുന്നു. പ്രത്യേകിച്ച്, 'രാത്രി പകലിനോടെന്നപോലെ യാത്ര ചോദിപ്പൂ നാം' എന്ന ഭാഗം. വിടവാങ്ങലിന്റെ തീവ്രമായ വേദന മുഴുവന്‍ ഉള്‍ക്കൊണ്ട് വേണം അതിന്റെ ആലാപനം എന്ന് മാസ്റ്റര്‍ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞത് ഓര്‍മ്മയുണ്ട്.'' സദാശിവന്‍ പില്‍ക്കാലത്ത് ഒരു കൂടിക്കാഴ്ചയില്‍ ഓര്‍മ്മിച്ചു. ''പക്ഷേ,  ആ ഗാനം യേശുദാസിന്റെ സ്വരത്തിലാണ് സിനിമയ്ക്കു വേണ്ടി പിന്നീട്  റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. എന്താണ് കാരണമെന്ന് ഇതാ ഈ നിമിഷം വരെ ഞാന്‍ മാസ്റ്ററോട് ചോദിച്ചിട്ടില്ല. റെക്കോര്‍ഡിംഗ് കമ്പനികള്‍ക്കിടയിലുള്ള എന്തോ സാങ്കേതിക പ്രശ്‌നമായിരുന്നു അതിനു പിന്നില്‍ എന്നൊക്കെ  പറഞ്ഞുകേട്ടിട്ടുണ്ട്. സത്യമറിയില്ല.  എന്തായാലും നഷ്ടം നഷ്ടം തന്നെയല്ലേ? വേദന തോന്നിയിരുന്നു അന്ന്. പക്ഷേ,  യേശുദാസിന്റെ സ്വരത്തില്‍ ആ ഗാനം കേള്‍ക്കുമ്പോള്‍  ദുഃഖവും നിരാശയും ഞാന്‍ മറക്കും. അത് അദ്ദേഹത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ട പാട്ടു തന്നെ എന്ന് സ്വയം സമാധാനിക്കും.'' പ്രായശ്ചിത്തമെന്നോണം  'രാജഹംസ'ത്തില്‍ മറ്റൊരു ഗാനം സദാശിവനെക്കൊണ്ട് പാടിച്ചു ദേവരാജന്‍: 'ശകുന്തളേ ഓ മിസ് ശകുന്തളേ...'

പ്രേംപ്രകാശ്
പ്രേംപ്രകാശ്


'കാര്‍ത്തിക'യില്‍ ബാബുരാജിന്റെ ഈണത്തില്‍ യേശുദാസ് പാടിയ 'പാവാടപ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍' എന്ന സൂപ്പര്‍ ഹിറ്റ് ഗാനം നടനും ഗായകനുമായ പ്രേംപ്രകാശിന്റെ ശബ്ദത്തില്‍ സങ്കല്‍പ്പിച്ചു നോക്കുക. ചെന്നൈയിലെ സ്വാമീസ് ലോഡ്ജിലെ മുറിയിലിരുന്ന് ഹാര്‍മോണിയത്തിന്റെ കട്ടകളിലൂടെ ചടുലവേഗത്തില്‍ വിരലോടിച്ച് ബാബുരാജ് ഈ ഗാനം ആദ്യം പാടിപ്പഠിപ്പിച്ചത് പ്രേംപ്രകാശിനെയാണ്. ''സിനിമയില്‍ പാടാനുള്ള എന്റെ മോഹമറിഞ്ഞു ജ്യേഷ്ഠന്‍ ജോസ് പ്രകാശ്  ആണ് എന്നെ ചെന്നൈയിലേക്ക് ക്ഷണിച്ചത്. പ്രിയസുഹൃത്തായ ബാബുരാജിനെ പരിചയപ്പെടുത്തിയതും ചേട്ടന്‍ തന്നെ.''- പ്രേംപ്രകാശ് ഓര്‍ക്കുന്നു. ''ആദ്യം രേവതി സ്റ്റുഡിയോയില്‍ കൊണ്ടുപോയി ഒന്നുരണ്ട് പാട്ട് എന്നെക്കൊണ്ട് മൈക്കില്‍ പാടിച്ചു കേട്ടു  ബാബുരാജ്. കൊള്ളാമെന്ന് തോന്നിയിരിക്കണം അദ്ദേഹത്തിന്. അങ്ങനെയാണ് സ്വാമീസ് ലോഡ്ജില്‍ വെച്ച് കാര്‍ത്തികയിലെ പാട്ട്  പഠിപ്പിച്ചത്.'' കഴിയുന്നത്ര നന്നായിത്തന്നെ പ്രേംപ്രകാശ് പാടി. കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു പാട്ട് പാടി സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം  ലഭിച്ചതില്‍ സന്തോഷമുണ്ടായിരുന്നു. പക്ഷേ, റിക്കോര്‍ഡിംഗിന്റെ തലേന്ന് തെല്ലൊരു നിരാശയോടെ ബാബുരാജ് പുതുഗായകനോട് പറഞ്ഞു: ''ഈ പാട്ട് യേശുദാസ് പാടണമെന്ന് നിര്‍മ്മാതാവിനു നിര്‍ബന്ധം. സാരമില്ല. തനിക്ക് വേറൊരു പാട്ട് പകരം ഞാന്‍ തരാം.''

കെജി മാര്‍ക്കോസ്
കെജി മാര്‍ക്കോസ്

വിഷമം തോന്നിയെന്നത് സത്യം. അളവറ്റ് പ്രതീക്ഷിച്ചുപോയതല്ലേ? എന്നാല്‍  പാടുന്നത് ഇഷ്ടഗായകന്‍ യേശുദാസ് ആയതിനാല്‍ പരിഭവിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പാട്ട് കൈവിട്ടുപോയെങ്കിലും ഒരു കാര്യത്തില്‍ സന്തോഷവും അഭിമാനവുമുണ്ട് പ്രേംപ്രകാശിന്.  'പാവാടപ്രായത്തില്‍' മലയാളികള്‍ ആദ്യം കേട്ടതും ആസ്വദിച്ചതും തന്റെ ശബ്ദത്തിലായിരുന്നു  എന്നതില്‍. ''കാര്‍ത്തികയുടെ  റെക്കോര്‍ഡ് പുറത്തിറങ്ങും മുന്‍പ് തന്നെ കോട്ടയം തിരുനക്കര മൈതാനത്ത് ഒരു ഗാനമേളയില്‍ ഞാന്‍ ആ പാട്ട് പാടി. നന്നായി പഠിച്ചിരുന്ന പാട്ടായതുകൊണ്ട് ഓര്‍ത്തെടുക്കാന്‍ പ്രയാസം തോന്നിയില്ല. കേട്ടിരുന്നവര്‍ക്ക് അത്ഭുതമായിരുന്നു. കൊള്ളാമല്ലോ, ഇതേത് പാട്ട്?  പലരും ചോദിച്ചു. കുറച്ചുകാലം കൂടി കഴിഞ്ഞാണ് യേശുദാസ് പാടിയ ഗാനം ഡിസ്‌ക്കായി പുറത്തുവന്നത്.''  കാര്‍ത്തികയിലെ നഷ്ടഗാനത്തിന് പകരം  മറ്റൊരു ഗാനം  പാടാന്‍ യുവഗായകനു അവസരം നല്‍കി ബാബുരാജ്.  കാര്‍ത്തികനക്ഷത്രത്തെ പുണരുവാന്‍ എന്തിന് പുല്‍ക്കൊടി വെറുതെ മോഹിച്ചു എന്നു തുടങ്ങുന്ന അശരീരിപ്പാട്ട്. ആ നാളുകളില്‍ തന്നെയാണ്  'ഓളവും തീരവും' എന്ന സിനിമയ്ക്കുവേണ്ടി ഒരു സോളോ  ഗാനം പ്രേംപ്രകാശിനെ ക്കൊണ്ട് ബാബുരാജ് പാടിച്ചു റെക്കോര്‍ഡ് ചെയ്തതും. ഭാസ്‌കരന്‍ മാസ്റ്ററുടെ  രചന.  പാട്ടിന്റെ തുടക്കം ഗായകന്‍ മറന്നിട്ടില്ല   'കന്യകാപ്രായത്തില്‍ വീടുവിട്ടിറങ്ങിയ കണ്ണാടിയാറേ കാട്ടാറെ...' ''നല്ല ട്യൂണ്‍ ആയിരുന്നു. പക്ഷേ, എന്തുകൊണ്ടോ ആ പാട്ട് സിനിമയില്‍ ഇടം നേടിയില്ല. പുറത്തുവന്നിരുന്നെങ്കില്‍ അത് ഹിറ്റായേനെ എന്ന് തോന്നാറുണ്ട്...'' - പ്രേംപ്രകാശ്. പിന്നണി ഗായകനായി തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും പില്‍ക്കാലത്ത് നടനായും നിര്‍മ്മാതാവുമായുമൊക്കെ മലയാളസിനിമയില്‍ സജീവ സാന്നിധ്യമായി പ്രേംപ്രകാശ്. 

ഉണ്ണി മേനോന്‍
ഉണ്ണി മേനോന്‍


അങ്ങനെ നഷ്ടഗാനങ്ങളുടെ 'നിഗൂഢ' കഥകള്‍ എത്രയെത്ര. ഒരൊറ്റ ഗാനം തന്നെ ഒന്നിലേറെ പേര്‍ക്ക് നഷ്ടസ്മൃതിയായി മാറിയതിനും ഉദാഹരണങ്ങള്‍  സുലഭം. 'നിറക്കൂട്ടി'ലെ പൂമാനമേ എന്ന പാട്ടിന്റെ കഥയോര്‍ക്കുക.  യേശുദാസിനും ചിത്രയ്ക്കും  പാടാന്‍ വേണ്ടി ശ്യാം ചിട്ടപ്പെടുത്തിയ പാട്ടാണത്. യേശുദാസിനു ട്രാക്ക് പാടിയത് ഉണ്ണിമേനോന്‍. റെക്കോര്‍ഡിംഗിന് സമയമായപ്പോള്‍  ദാസ് വിദേശത്താണ്. എങ്കില്‍ പിന്നെ ഉണ്ണിമേനോന്റെ ട്രാക്ക് ഗാനം തന്നെ സിനിമയില്‍ ഉപയോഗിക്കാമെന്നായി ശ്യാം. പക്ഷേ, ഒരു പ്രശ്‌നമുണ്ട്. ട്രാക്കിലെ പല്ലവിയില്‍ 'പൂമാനമേ ഒരു പൊന്‍ വിമാനം താ' എന്നാണ് ഉണ്ണി പാടിയിരിക്കുന്നത്. സിനിമയിലെ സിറ്റ്വേഷന് അനുസരിച്ച് പൂവച്ചല്‍ ഖാദര്‍ അത് പൂമാനമേ ഒരു രാഗമേഘം താ എന്ന് മാറ്റിയെഴുതിയിരിക്കുകയാണ്. ഉണ്ണിയെക്കൊണ്ട് പാട്ട് മാറ്റി പാടിക്കാമെന്നുവെച്ചാല്‍, അദ്ദേഹം അമേരിക്കന്‍ പര്യടനത്തിലാണ് താനും. ഒടുവില്‍ യുവപ്രതിഭയായ ജി. വേണുഗോപാലിനെക്കൊണ്ട് ആ ഗാനം റെക്കോര്‍ഡ് ചെയ്യിക്കാം എന്ന് തീരുമാനമാകുന്നു. വേണു വന്ന് പാട്ട് പാടി. എല്ലാവര്‍ക്കും അതിഷ്ടപ്പെടുകയും ചെയ്തു.

പക്ഷേ, കഥ അവിടെയും തീര്‍ന്നില്ല. ബോള്‍ഗാട്ടി പാലസ് പരിസരത്ത് ഗാനരംഗം ചിത്രീകരിക്കുന്ന വേളയില്‍ നിര്‍മ്മാതാവിന് വീണ്ടുവിചാരം. വേണുവിന്റെ ആലാപനത്തില്‍ തൃപ്തി പോരാ അദ്ദേഹത്തിന്. പകരം കെ.ജി. മാര്‍ക്കോസിന്റെ ശബ്ദത്തില്‍ ആ പാട്ട് ഒന്നുകൂടി റെക്കോര്‍ഡ് ചെയ്യണമെന്നായി അദ്ദേഹം. അങ്ങനെ മാര്‍ക്കോസ് വന്ന് 'പൂമാനമേ' പാടുന്നു. ആ ഗായകന്റെ ജീവിതത്തിലെ ഏറ്റവും പ്രശസ്തമായ ഗാനം. ചിത്രയുടേയും മാര്‍ക്കോസിന്റേയും വെര്‍ഷനുകളാണ് ഒടുവില്‍ സിനിമയില്‍ വന്നത്.  ''പരാതിയില്ല. എല്ലാ നഷ്ടങ്ങളും നേട്ടങ്ങളിലേക്ക് വഴിതുറക്കും എന്നാണ് എന്റെ വിശ്വാസം. ഇതും അങ്ങനെയേ ഞാന്‍ കാണുന്നുള്ളൂ...''- ഉണ്ണിമേനോന്റെ വാക്കുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com