നീതി തേടി ഒരു വ്യാഴവട്ടം: പൊലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ കണ്ണീര്‍വഴികള്‍

മോന്‍ പോയതില്‍ പിന്നെ ഒരു കാക്ക എപ്പോഴും വരും. മോനെ മരിച്ചിട്ടു കൊണ്ടുവന്ന ജഗതിയിലെ വീട്ടിലാണ് ആദ്യം വന്നത്. ഇപ്പോള്‍ ഇവിടെയും വരും. അതിനു ഞാന്‍ ഭക്ഷണം കൊടുക്കും.
നീതി തേടി ഒരു വ്യാഴവട്ടം: പൊലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ കണ്ണീര്‍വഴികള്‍

കനില്ലാത്ത ഒരു ലോകം അവര്‍ക്കില്ലായിരുന്നു. മകനെ ദാരുണമായി കൊലപ്പെടുത്തിയ നിയമപാലകര്‍ക്കെതിരെ തോരാത്ത കണ്ണുനീരുമായി ആ അമ്മ കഴിഞ്ഞ പതിമൂന്നു വര്‍ഷമായി നടത്തിയ പോരാട്ടം ഒടുവില്‍ ഫലം കണ്ടു. പിഞ്ചിയ വെള്ളസാരിയുടുത്ത് കൈയിലൊരു കുടയുമായി പ്രഭാവതിയമ്മ നീതിക്കായി കോടതിവരാന്തകളില്‍ നിരന്തരം കയറിയിറങ്ങി. 13 വര്‍ഷം മുന്‍പാണ് ഫോര്‍ട്ട് സ്റ്റേഷനില്‍ മകന്‍ ഉദയകുമാറിനെ പൊലീസ് ഉരുട്ടിക്കൊലപ്പെടുത്തിയത്. അതിനുശേഷം നീതിക്കുവേണ്ടി ഈ അമ്മ ഒറ്റയ്ക്കു നടന്നുതീര്‍ത്ത വഴികള്‍ ഏറെയാണ്. കാലില്‍ ചെരുപ്പുപോലുമിടാതെ, നെടുങ്കന്‍ നിയമക്രമങ്ങളെക്കുറിച്ചറിയാതെ എല്ലായിടത്തും പരാതി മാത്രം പറഞ്ഞ് അവര്‍ നടന്നു. 

കരമന നെടുങ്കാട് വീട്ടില്‍ പ്രഭാവതിയുടെ ഏക മകനായിരുന്നു ഉദയകുമാര്‍. മകന് ഒരു വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. സഹോദരനായിരുന്നു ഏക അത്താണി.  വീട്ടുജോലിക്കു പോയാണ് ഉദയനെ വളര്‍ത്തിയത്. 2005 സെപ്റ്റംബര്‍ 28-ന് അങ്കണവാടിയിലെ ജോലി കഴിഞ്ഞെത്തിയ പ്രഭാവതിയമ്മയെ തേടിയെത്തിയത് മകന്‍ മോര്‍ച്ചറിയിലാണ് എന്ന വാര്‍ത്തയാണ്. 

''മോന് അപകടമുണ്ടായെന്ന് പറഞ്ഞ് രണ്ട് വനിതാ പൊലീസുകാര്‍ വൈകുന്നേരം വന്നു. നിങ്ങളുടെ മകന്‍ മോര്‍ച്ചറിയിലാണ് എന്ന് പറഞ്ഞായിരുന്നു അവര്‍ വന്നത്. അപകടമുണ്ടായാല്‍ സാധാരണ അത്യാഹിത വിഭാഗത്തിലല്ലേ എത്തിക്കേണ്ടത്. എന്റെ മകനെ അവര്‍ നേരെ മോര്‍ച്ചറിയിലേക്കാണ് കൊണ്ടുപോയത്. അങ്കണവാടിയിലെ ടീച്ചറിനൊപ്പം കാറിലാണ് ഞാന്‍ ആശുപത്രിയിലേക്ക് പോയത്. മോര്‍ച്ചറിയില്‍ കിടന്ന എന്റെ മോന്റെ ഉള്ളംകാലുകള്‍ കണ്ടാല്‍ മനസ്സ് പിടയും.'' പ്രഭാവതിയമ്മ പറയുന്നു. 
കയ്യില്‍ കാശുവെച്ചു എന്നതാണോ എന്റെ മകന്‍ ചെയ്ത തെറ്റ്. റോഡിലൂടെ നടന്നുപോകുമ്പോ നമ്മുടെ കയ്യിലുള്ള പൈസ എവിടുന്നു കിട്ടിയെന്ന് പൊലീസുകാരെ ബോധിപ്പിക്കണോ? സാറേ ഇത് മോഷ്ടിച്ച കാശല്ല, ഞാന്‍ മോഷ്ടിച്ചില്ല എന്നു പറഞ്ഞിട്ടും അവര് കേട്ടില്ല. കുറ്റം സമ്മതിപ്പിക്കാന്‍ അവര്‍ എന്റെ മോനെ അടിച്ചു 22 മുറിവുകള്‍ ഉണ്ടാക്കി. എന്റെ മോന്റെ ഉള്ളംകാല്‍ കണ്ടാല്‍ ഒരുമാതിരിപ്പെട്ടവരൊക്കെ ഹൃദയം പൊട്ടി അവിടെ വീഴും. ഞാന്‍ എന്റെ മകനെ നോക്കിയിട്ടില്ല. ഒരേ ഒരു തവണ ടിവിയില്‍ കണ്ടു. എന്തുകൊണ്ടോ ആ കാഴ്ച കണ്ടു ഞാന്‍ ഹൃദയം പൊട്ടി മരിച്ചില്ല. എന്റെ പിള്ളയെ കൊന്നിട്ട് അവരൊക്കെ സുഖമായി ജീവിക്കുന്നു. അവരും മക്കളുള്ളവര്‍ തന്നെയല്ലേ. എങ്ങനെ അവര്‍ മക്കളുടെ മുഖത്ത് നോക്കുന്നു. തന്‍മുട്ട പൊന്‍മുട്ട എന്നു പറഞ്ഞപോലെ ഓരോരുത്തര്‍ക്കും അവരുടെ മക്കള്‍ വലുതാണ്. എന്റെ മകനുണ്ടായിരുന്നെങ്കില്‍ എനിക്ക് ആശുപത്രിയിലൊക്കെ പോകാന്‍ പേടിക്കണ്ടായിരുന്നു. 

കേസില്‍ പ്രധാന സാക്ഷി വരെ കൂറുമാറി. കേസ് അട്ടിമറിക്കാന്‍ പല കോണുകളില്‍നിന്നു ശ്രമമുണ്ടായി. പലതവണ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പോയി. കൈസഹായത്തിന് സഹോദരന്‍ മോഹനന്‍ മാത്രം. ''ഇനിയൊരമ്മയ്ക്കും എന്റെ ഗതിയുണ്ടാകരുത്, നീതിക്കായി ഒരുപാടലഞ്ഞു, ഇതൊരു പാഠമാകണം...'' മകനെ കൊന്നവര്‍ക്കു ശിക്ഷ കിട്ടിയിട്ടേ അമ്പലത്തില്‍ പോകുകയുള്ളൂവെന്നുപോലും ശപഥം ചെയ്താണ് അമ്മ നിയമയുദ്ധം നടത്തിയത്.  ''ഭര്‍ത്താവ് പിരിഞ്ഞുപോയതില്‍ പിന്നെ എന്റെ മോന് വേണ്ടിയാണ് ഞാന്‍ ജീവിച്ചത്. അവന് പഠിക്കാന്‍ പറ്റിയില്ല. പക്ഷേ, അവന്‍ നന്നായി അധ്വാനിച്ചിരുന്നു.''

പൊലീസുകാരായ കെ. ജിതകുമാറിനും എസ്.വി. ശ്രീകുമാറിനുമെതിരായ കൊലക്കുറ്റം തെളിഞ്ഞു. ഇവര്‍ക്ക് രണ്ടുപേര്‍ക്കും വധശിക്ഷ ലഭിച്ചു. സര്‍വ്വീസിലിരിക്കെ വധശിക്ഷ വിധിക്കപ്പെട്ട ആദ്യ പൊലീസുകാര്‍ കൂടിയാണ് ഇവര്‍. കേസിലെ മൂന്നാം പ്രതി സോമന്‍ വിചാരണവേളയില്‍ മരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com