ബ്രൂവറി മുതല്‍ സാലറി വരെസര്‍ക്കാര്‍ നേരിട്ട ചലഞ്ചുകള്‍

2018-ല്‍ സുപ്രീംകോടതി വിധിയായും ഹൈക്കോടതി വിധിയായും വന്നുതറച്ച ഓരോ മുള്ളുകളുമായിത്തന്നെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ 2019-ലേക്കു കാലെടുത്തുവയ്ക്കുന്നത്.
ബ്രൂവറി മുതല്‍ സാലറി വരെസര്‍ക്കാര്‍ നേരിട്ട ചലഞ്ചുകള്‍

2018-ല്‍ സുപ്രീംകോടതി വിധിയായും ഹൈക്കോടതി വിധിയായും വന്നുതറച്ച ഓരോ മുള്ളുകളുമായിത്തന്നെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ 2019-ലേക്കു കാലെടുത്തുവയ്ക്കുന്നത്. ശബരിമലയിലെ യുവതീപ്രവേശനം, കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ എന്നിവ സര്‍ക്കാരിനെ പിന്തുടരുന്നു. ശബരിമല യുവതീപ്രവേശന വിധി സൃഷ്ടിച്ച പലതരം അലകളുടേയും ചര്‍ച്ചകളുടേയും ഭാഗമാണ് ജനുവരി ഒന്നിന്റെ വനിതാമതില്‍. ഏകദേശം പിരിച്ചുവിട്ട അത്രതന്നെ കണ്ടക്ടര്‍മാരെ പി.എസ്.സി മുഖേന നിയമിക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണ വിജയം കണ്ടില്ല. ഒറ്റയടിക്കു ജോലിയും കൂലിയും ഇല്ലാതായ എംപാനലുകാരുടേയും അവരുടെ കുടുംബങ്ങളുടേയും സ്ഥിതിയോടു കണ്ണടച്ചു നില്‍ക്കാന്‍ സര്‍ക്കാരിനു കഴിയുകയുമില്ല. ഓഖി ചുഴലിക്കാറ്റും മഹാപ്രളയവും അപ്രതീക്ഷിതമായിത്തീര്‍ത്ത ദുരന്തങ്ങള്‍ സര്‍ക്കാരിന്റെ കാര്യക്ഷമതയുടെ മാറ്റുരച്ചു നോക്കി കടന്നുപോകുന്ന വര്‍ഷമാണിത്. പിണറായി വിജയന്‍ സര്‍ക്കാരിനെ ഭരണപരമായും രാഷ്ട്രീയമായും ഉലച്ച മറ്റു പ്രധാന സംഗതികളില്‍ ഒന്നാമത് മന്ത്രി കെ.ടി. ജലീല്‍ പഴികേട്ട ബന്ധുനിയമനം തന്നെ. ബ്രൂവറി അനുമതി, പ്രളയാനന്തര നവകേരള നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാലറി ചലഞ്ച്, കരുണ മെഡിക്കല്‍ കോളേജ് പ്രവേശനക്കുരുക്ക് എന്നിവയുമുണ്ട്. 

കനലണയാതെ ബന്ധുനിയമനം

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബിനെ നിയമിച്ചതില്‍ ക്രമക്കേടും സ്വജനപക്ഷപാതവും നടന്നുവെന്ന് ആരോപിച്ചത് മുസ്ലിം യൂത്ത് ലീഗാണ്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് കത്തിച്ച വിവാദം കത്തിപ്പടരുന്നതിനിടെ മന്ത്രിയുടെ ഭാഗത്തുനിന്നു പലതരം ന്യായീകരണങ്ങള്‍ ഉണ്ടായെങ്കിലും അദീബിന് രാജിവച്ചു പോകേണ്ടിവന്നു. മന്ത്രി രാജിവയ്ക്കണം എന്ന ആവശ്യം വഴിതടയലായും കരിങ്കൊടി പ്രതിഷേധമായും നിയമസഭയില്‍നിന്നുള്ള ഇറങ്ങിപ്പോക്കായുമൊക്കെ നീറിനിന്നെങ്കിലും ഇപ്പോള്‍ തണുത്തിരിക്കുന്നു. ആരോപണം ലീഗും യു.ഡി.എഫും ഏറ്റെടുത്തതോടെയാണ് മന്ത്രിയുടെ രാജിക്കുവേണ്ടിയുള്ള ആവശ്യമായി മാറിയത്. പ്രതിഷേധം കനത്തു. മന്ത്രി സമൂഹമാധ്യമത്തിലും നിയമസഭയിലും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.പി. അബ്ദുല്‍ വഹാബ് വാര്‍ത്താസമ്മേളനത്തിലും നല്‍കിയ വിശദീകരണങ്ങള്‍ ഫലം കണ്ടില്ല. ജലീലിന്റെ പഴയ പാര്‍ട്ടിയായ ലീഗിന് അദ്ദേഹത്തോടുള്ള വിരോധം ആരോപണത്തെ സ്വാധീനിച്ചിട്ടുണ്ട് എന്ന വാദമാണ് ഭരണപക്ഷത്തുനിന്നും ഉയര്‍ന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ജലീലിനെ മത്സരിപ്പിച്ച് ലീഗിനു വെല്ലുവിളി ഉയര്‍ത്താന്‍ ആലോചിക്കുന്ന സി.പി.എമ്മിനും ജലീലിനും മുന്‍കൂട്ടി തീര്‍ത്ത പ്രതിരോധമാണ് ബന്ധുനിയമന ആരോപണം എന്നും വന്നു. സാമ്പത്തിക അഴിമതി നടന്നതായി പ്രതിപക്ഷത്തിനും ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നില്ല. ആ നിയമനം വ്യവസ്ഥകളനുസരിച്ചു മാത്രമാണ് നടത്തിയതെന്ന് ഒടുവില്‍ മുഖ്യമന്ത്രിതന്നെ നിയമസഭയില്‍ വിശദീകരിച്ചു. മാത്രമല്ല, യോഗ്യത മറികടന്നു ബന്ധുക്കളേയും മറ്റും നിയമിച്ചതിന്റെ ചരിത്രം വിശദീകരിച്ചാല്‍ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തെ നിരവധി ഉദാഹരണങ്ങളുണ്ട് എന്നുകൂടി മുഖ്യമന്ത്രി പറഞ്ഞു. ചില സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പ്രതിപക്ഷം ജലീലിനെ വിട്ടു എന്ന പ്രതീതിയാണ് ഇപ്പോഴത്തേത്. പക്ഷേ, കനലണയാതെ കിടക്കുന്ന രാഷ്ട്രീയപ്പോരുണ്ട് അതില്‍.

ബ്രൂവറിക്കുടത്തിലെ ഭൂതം

പത്രപ്പരസ്യവും പൊതുവായ അറിയിപ്പും നല്‍കാതെ ബ്രൂവറിയും കോമ്പൗണ്ടിംഗ്, ബ്ലെന്റിംഗ്, ബോട്ടിലിംഗ് യൂണിറ്റും അനുവദിച്ചുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകതന്നെ ചെയ്തു. മൂന്ന് ബ്രൂവറിക്കും രണ്ട് ബ്ലെന്റിംഗ്, കോമ്പൗണ്ടിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റുകള്‍ക്കുമാണ് അനുമതി നല്‍കിയത്. വിശദീകരണങ്ങള്‍ പല തലങ്ങളിലുണ്ടായി. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ വിശദീകരണം, മുഖ്യമന്ത്രിയുടെ വിശദീകരണം, ഇടതുമുന്നണിയുടെ വിശദീകരണം. പ്രതിപക്ഷവും സര്‍ക്കാരും സ്വന്തം വാദങ്ങള്‍ക്കു വ്യക്തത വരുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു. അങ്ങോട്ടുമിങ്ങോട്ടും ന്യായാന്യായങ്ങള്‍ എണ്ണിപ്പറഞ്ഞു കൊടുത്തു. ഒടുവില്‍, ബ്രൂവറി യൂണിറ്റുകളും ബ്ലെന്റിംഗ് യൂണിറ്റുകളും അനുവദിച്ച തീരുമാനം റദ്ദാക്കിയാണ് സര്‍ക്കാര്‍ ആ കുരുക്കില്‍നിന്നു തലയൂരിയത്. ഇടപാടില്‍ കോടികള്‍ മറിഞ്ഞെന്നും സി.പി.എമ്മിന്റെ ഉന്നത തലങ്ങളില്‍ വന്‍ ഗൂഡാലോചന നടന്നുവെന്നുമാണ് പ്രതിപക്ഷം ആരോപിച്ചത്. പക്ഷേ, തെളിവൊന്നും കൊണ്ടുവന്നുമില്ല. മദ്യമൊഴുക്കാനാണ് നീക്കം, ഇതുപോലെരു സുപ്രധാന കാര്യത്തില്‍ നയം മാറ്റമുണ്ടായപ്പോള്‍ അത് 'പരമരഹസ്യമായി' നടപ്പാക്കിയത് ഗൂഢാലോചനയുടെ തെളിവാണ്, മുന്നണി ഏകോപന സമിതിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തില്ല, ബജറ്റിലോ നയപ്രഖ്യാപനത്തിലോ ഉള്‍പ്പെടുത്തിയില്ല, മദ്യനയത്തില്‍ പറഞ്ഞില്ല തുടങ്ങിയ വമര്‍ശനങ്ങളും ഉയര്‍ന്നു.


ഇടതുമുന്നണി പ്രകടനപത്രികയില്‍ പറഞ്ഞ നടപടികളുമായിത്തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് എന്നതാണ് മറുപടിയില്‍ മുഖ്യമന്ത്രിയും മന്ത്രിയും ചൂണ്ടിക്കാണിച്ചത്. 'മൂന്ന് ബ്രൂവറിക്കും രണ്ട് ബ്ലെന്റിംഗ്, കോമ്പൗണ്ടിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റുകള്‍ക്കും തത്ത്വത്തില്‍ അനുമതി നല്‍കുകയും പൊതുസംവിധാനത്തിനകത്തുള്ള രണ്ട് യൂണിറ്റുകള്‍ക്ക് ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്  അനുവദിക്കുകയുമാണ് ചെയ്തത്. ഇത്തരം ഉല്പാദന കേന്ദ്രങ്ങളില്‍നിന്ന് ഒരു വിതരണവും നടക്കുന്നില്ല. അതുകൊണ്ട് തന്നെ മദ്യമൊഴുക്കുക എന്ന പ്രശ്‌നം ഇതിനകത്ത് ഉത്ഭവിക്കുന്നേയില്ല. സംസ്ഥാനത്ത് പുതുതായി നൂറുകണക്കിന് തൊഴിലവസരം ഉണ്ടാകും, നികുതിയിനത്തില്‍ നമ്മുടെ വരുമാനം വര്‍ദ്ധിക്കും. ഇങ്ങനെ തൊഴിലവസരവും ഖജനാവിലെ വരുമാനവും വര്‍ദ്ധിക്കുന്നതിനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്' എന്ന വിശദീകരണത്തിനൊപ്പം, ഇത് സംസ്ഥാനത്തിന് എതിരാണ് എന്നു പ്രതിപക്ഷ നേതാവിനല്ലാതെ മറ്റാര്‍ക്കാണ് പറയാനാവുക എന്ന മുനവച്ച ചോദ്യവുമുണ്ടായി. എന്നിട്ടും റദ്ദാക്കുകതന്നെ ചെയ്തു. കേരളം എല്‍.ഡി.എഫ് ഭരണത്തിലായിരുന്ന 1999-നു ശേഷം ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ലൈസന്‍സ് നല്‍കിയില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാല്‍, 2003-ല്‍ എ.കെ. ആന്റണി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെന്ന് പുറത്തുവന്നു. പ്രതിപക്ഷത്തിന് അത് അടിയുമായി. എങ്കിലും വിവാദം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ താല്പര്യം കാണിച്ചത്. 'ഒരു അടിസ്ഥാനവുമില്ലാതെ അനാവശ്യമായി ഉയര്‍ന്നുവന്ന വിവാദം തുടരുന്നത് സംസ്ഥാനത്തിന്റെ ഭാവിക്ക് ഗുണകരമല്ല. കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന സ്ഥിതിവിശേഷമാണ് ലോകജനതയുടെ മുഴുവന്‍ സഹായം കേരളത്തില്‍ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സാഹചര്യമുണ്ടാക്കിയത്. അത്തരമൊരു സ്ഥിതിവിശേഷത്തെ നിലനിര്‍ത്തിക്കൊണ്ടുപോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിലൂടെ മാത്രമേ കേരളത്തിലെ ജനത അനുഭവിച്ച കാലവര്‍ഷക്കെടുതിയെ മറികടക്കുന്നതിനുള്ള സാഹചര്യത്തെ ബലപ്പെടുത്തിക്കൊണ്ട് പോകാന്‍ പറ്റൂ. ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാ തരത്തിലും ശരിയായ ഒന്നാണെങ്കിലും തീരുമാനം പിന്‍വലിക്കുകയാണ്' റദ്ദാക്കാനുള്ള തീരുമാനം അറിയിച്ചു മുഖ്യമന്ത്രി പറഞ്ഞു. 

ചാലഞ്ചിലെ ചാലഞ്ച് 

മഹാപ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങളെ സഹായിക്കുന്നതിന് ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ ഒരു മാസത്തെ ശമ്പളം പത്തു മാസഗഡുക്കളായി നല്‍കുക. ടി.വി ചാനല്‍ അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ ആശയം മുന്നോട്ടുവച്ചത്. ഇതിനു സാലറി ചലഞ്ച് എന്ന പേരു വീഴുകയും അതിവേഗം വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. പക്ഷേ, അതേ വേഗത്തില്‍ത്തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നു. 'പ്രളയം കാരണം എല്ലാം നഷ്ടപ്പെട്ട് മൂക്കറ്റത്തോളം കടം കയറിയവരില്‍നിന്നുപോലും ഒരു മാസത്തെ ശമ്പളം നിര്‍ബ്ബന്ധപൂര്‍വ്വം പിടിച്ചുവാങ്ങുന്നത് മനുഷ്യത്വമില്ലായ്മയാണ്' എന്ന കുറ്റപ്പെടുത്തലാണ് പ്രതിപക്ഷത്തുനിന്ന് ഉയര്‍ന്നത്. നിര്‍ബ്ബന്ധിച്ച് ആരില്‍നിന്നും ഒരു മാസത്തെ ശമ്പളം വാങ്ങില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രി ടി.എം. തോമസ് ഐസക്കും മറ്റു മന്ത്രിമാരും കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ ആവര്‍ത്തിച്ചു. പക്ഷേ, അങ്ങനെയല്ല കാര്യങ്ങള്‍ എന്ന സംശയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞുകൊണ്ടിരുന്നു. 'ഒരു മാസത്തെ ശമ്പളം നല്‍കാത്തവരെ ഭീഷണിപ്പെടുത്തുക മാത്രമല്ല, കായികമായിപ്പോലും ഉപദ്രവിച്ച് സമ്മതിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ നിര്‍ബന്ധപിരിവില്‍നിന്നു പ്രളയബാധിതരെപ്പോലും ഒഴിവാക്കിയിട്ടില്ല.'' എന്നാണ് ചെന്നിത്തല കുറ്റപ്പെടുത്തിയത്. ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ നിര്‍വ്വാഹമില്ലെന്ന് എഴുതിക്കൊടുത്തവരെ ഭരണപക്ഷ യൂണിയന്‍ ഭീഷണിപ്പെടുത്തി വിസമ്മതപത്രം തിരിച്ചു വാങ്ങുന്നു, എല്ലാം നഷ്ടപ്പെട്ടവരില്‍നിന്നു വീണ്ടും പിടിച്ചുപറി നടത്തുകയാണ് തുടങ്ങിയ ആരോപണങ്ങള്‍ക്കു പിന്നാലെ കോടതിയും സര്‍ക്കാരിനോടു ചോദിച്ചു: ഇതു നിര്‍ബ്ബന്ധ പിരിവാണോ? അല്ലെന്നും താല്പര്യമുള്ളവര്‍ നല്‍കിയാല്‍ മതിയെന്നും വിശദീകരിച്ച സര്‍ക്കാര്‍ അതനുസരിച്ചു പുതിയ ഉത്തരവും ഇറക്കി. പക്ഷേ, അതിനിടെ സന്മനസ്സുള്ളവരും ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകരില്‍ ഒരു വിഭാഗവും സമ്മതപത്രം നല്‍കിയിരുന്നു. പ്രളയകാലത്തെ ഐക്യവും നവകേരള നിര്‍മ്മാണത്തില്‍ പ്രകടിപ്പിച്ച രാഷ്ട്രീയാതീത ആവേശവും ആദ്യം പൊളിഞ്ഞുവീണത് സാലറി ചാലഞ്ചിനോടുള്ള പ്രതികരണങ്ങളിലാണ്. 

അഴിയാത്ത സ്വാശ്രയക്കുരുക്ക് 

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പ്രതിപക്ഷ സഹകരണത്തോടെ നടത്തിയ നീക്കത്തിനുണ്ടായത് വലിയ തിരിച്ചടിയായിപ്പോയി എന്നു കരുതുന്നുണ്ടോ? സര്‍ക്കാരിന് രണ്ട് വര്‍ഷം തികഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തില്‍ മലയാളം വാരിക ചോദിച്ചു. 'കേരളത്തിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ നിസ്സഹായരാകുന്നു, വഴിയാധാരമാകുന്നു. കോഴ്സ് തുടരാന്‍ പറ്റാത്ത സ്ഥിതി. അപ്പോള്‍ പൊതു അഭിപ്രായം വന്നത് അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം എന്നാണ്. ഞങ്ങളല്ല ആദ്യം അതിന് പുറപ്പെടുന്നത്. പൊതു അഭിപ്രായം ഇങ്ങനെ വരികയാണ്. ആ പൊതു അഭിപ്രായം എല്ലാവരുടേയും അടുത്തെത്തി. അപ്പോള്‍ എല്ലാവരും അത് സര്‍ക്കാരിനു മേലെ സമ്മര്‍ദ്ദമായി കൊണ്ടുവന്നു. അതില്‍ ആരും ഒഴിവില്ല. കുട്ടികളുടെ ഭാവി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം എന്നായിരുന്നു ഞങ്ങളുടെ മുന്നില്‍ വന്ന പ്രശ്‌നം. ഞങ്ങള്‍ നടപടി എടുത്തില്ല എന്നു വിചാരിക്കുക. ഈ കുട്ടികളെ സംരക്ഷിക്കാന്‍ ഒന്നും ചെയ്തില്ല എന്ന കടുത്ത വിമര്‍ശനം സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരും. ഇത് അല്പം സങ്കീര്‍ണ്ണമായ പ്രശ്‌നം തന്നെയാണ്. കോടതിയെ വെല്ലുവിളിക്കുക എന്ന ഉദ്ദേശ്യം ഞങ്ങള്‍ക്കില്ല. കുട്ടികളെ രക്ഷിക്കണമെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ ഞങ്ങള്‍ അതിനു നേതൃത്വം നല്‍കി. സര്‍ക്കാരാണല്ലോ നേതൃത്വം നല്‍കേണ്ടത്. പക്ഷേ, അത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് സുപ്രീംകോടതി വീണ്ടും നിലപാടെടുത്തു. അതിന്റെ അടിസ്ഥാനത്തില്‍, നേരത്തെ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ച ഗവര്‍ണര്‍ അത് പിടിച്ചുവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ അവിടെ നില്‍ക്കട്ടെ, ബാക്കി കാര്യങ്ങളൊക്കെ എല്ലാവരും കൂടി ആലോചിച്ച് തീരുമാനിക്കാം'' എന്ന വിശദമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. അതിനുശേഷം ഭരണപക്ഷവും പ്രതിപക്ഷവും കൂടി ഗവര്‍ണറെ കണ്ടു. ഓര്‍ഡിനന്‍സ് അദ്ദേഹം ഒപ്പുവച്ചെങ്കിലും സുപ്രീംകോടതി അത് റദ്ദാക്കി. ബില്‍ നിയമമാക്കിയെങ്കിലും അതിനും നിലനില്‍പ്പുണ്ടായില്ല. അതോടെ വിദ്യാര്‍ത്ഥികള്‍ പുറത്തായി. തങ്ങളില്‍നിന്നു മാനേജ്മെന്റുകള്‍ വാങ്ങിയ തലവരിപ്പണം തിരിച്ചുകിട്ടാന്‍ കയറിയിറങ്ങുകയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, പാലക്കാ കരുണ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി പ്രവേശനം ക്രമപ്പെടുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ചട്ടവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളേയും പുറത്താക്കണമെന്നും കോടതി ഉത്തരവിട്ടു. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വിദ്യാര്‍ത്ഥി പ്രവേശനം സാധൂകരിക്കാന്‍ സര്‍ക്കാര്‍ പാസ്സാക്കിയ ബില്‍ നിയമവിരുദ്ധമാണെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി താക്കീത് ചെയ്തു. വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് പാസ്സാക്കിയതിനെ രൂക്ഷമായാണ് കോടതി വിമര്‍ശിച്ചത്. 2016-2017 അദ്ധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ടാണ് നിയമക്കുരുക്കുണ്ടായത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കു വിലകല്പിക്കാതെ ചട്ടവിരുദ്ധമായാണ് രണ്ട് കോളേജുകളും പ്രവേശനം നടത്തിയത്. ഇതിനെതിരെ പിന്നീട് പ്രവേശന മേല്‍നോട്ട സമിതിയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും നടപടിയിലേക്കു നീങ്ങി. വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കുകയും ചെയ്തു. എന്നിട്ടും രണ്ട് കോളേജുകളും ഈ വിദ്യാര്‍ത്ഥികളുമായി അദ്ധ്യയനം തുടര്‍ന്നു. മേല്‍നോട്ടസമിതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍, ഹൈക്കോടതിയും സുപ്രീംകോടതിയും വിദ്യാര്‍ത്ഥി പ്രവേശനം റദ്ദാക്കിയ നടപടി ശരിവെച്ചു. വിദ്യാര്‍ത്ഥികള്‍ രണ്ടു വര്‍ഷം പഠനം പൂര്‍ത്തീകരിച്ചെങ്കിലും ഒരു പരീക്ഷപോലും എഴുതാനായില്ല. കേരള ആരോഗ്യ സര്‍വ്വകലാശാല ഇവര്‍ക്ക് രജിസ്ട്രേഷനും അനുവദിച്ചില്ല. ഇതോടെയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സര്‍ക്കാരിനേയും രാഷ്ട്രീയ പാര്‍ട്ടികളേയും സമീപിച്ചത്. 180 വിദ്യാര്‍ത്ഥികളുടേയും പ്രവേശനം ക്രമപ്പെടുത്താന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ മെറിറ്റ് പരിശോധിച്ച് പട്ടിക നല്‍കാനാണ് നിര്‍ദ്ദേശിച്ചത്. കണ്ണൂരിലെ 44 വിദ്യാര്‍ത്ഥികള്‍ക്കും കരുണയിലെ 25 വിദ്യാര്‍ത്ഥികള്‍ക്കും മാത്രമേ മെറിറ്റ് പ്രകാരം പ്രവേശനം നല്‍കാവു എന്നു സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ പ്രവേശന പട്ടികയിലെ അവസാന വിദ്യാര്‍ത്ഥിയുടെ റാങ്ക് ചൂണ്ടിക്കാട്ടി തങ്ങളുടെ പ്രവേശനവും ക്രമപ്പെടുത്തണമെന്നു മറ്റു വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വെട്ടിലാവുകയും ചെയ്തു. തുടര്‍ന്നാണ് 180 വിദ്യാര്‍ത്ഥികളുടേയും പ്രവേശനം ക്രമപ്പെടുത്താന്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഓര്‍ഡിനന്‍സ് റദ്ദാക്കുമെന്ന് സുപ്രീംകോടതി സൂചന നല്‍കിയതിനു പിന്നാലെയാണ് അത് മറികടക്കാന്‍ ബില്‍ നിയമസഭയില്‍ കൊണ്ടുവന്നു നിയമമാക്കിയത്. പ്രതിപക്ഷത്തിന്റെ പിന്തുണയും ലഭിച്ചു. എങ്കിലും അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. സ്വാശ്രയ മാനേജ്മെന്റുകളുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന പേരുദോഷം മാത്രമായി ബാക്കി.

തയ്യാറാക്കിയത് : പി.എസ്. റംഷാദ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com