അന്നത്തെ ഞാനും ഇന്നത്തെ ഞാനും (തുടര്‍ച്ച)

മൈതാനത്തിന്റെ  തെക്കേ അതിരിനോട് ചേര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന മരത്തിന്റെ  ഇടയില്‍ കൂടെയാണ് ഞാന്‍ മൈതാനം കണ്ടിരുന്നത്.
അന്നത്തെ ഞാനും ഇന്നത്തെ ഞാനും (തുടര്‍ച്ച)

ഹാരാജാസ് കോളേജ് മൈതാനം മുഴുവന്‍ നിലാവ് പരന്നുകിടക്കുകയാണ്. നിലാവിന് അത്രയേറെ ഭംഗിയുണ്ടെന്ന് അപ്പോഴാണ് എനിക്കു തോന്നിയത്. മൈതാനത്തിന്റെ  തെക്കേ അതിരിനോട് ചേര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന മരത്തിന്റെ  ഇടയില്‍ കൂടെയാണ് ഞാന്‍ മൈതാനം കണ്ടിരുന്നത്. മൈതാനത്തുനിന്നും  അപ്പോള്‍ തണുത്ത കാറ്റുമടിക്കുന്നുണ്ടായിരുന്നു. മുറിയിലെ കയ്യുള്ള ചാരുകസേരയില്‍ അമര്‍ന്നുകിടന്നുകൊണ്ട്  രാത്രികാലത്തെ എറണാകുളത്തെ ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്.  തൊട്ടപ്പുറത്തെ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളില്‍നിന്നും ഇടയ്ക്കിടെ പുറപ്പെടുന്ന സൈറന്‍ ശബ്ദങ്ങളും കെ.പി.സി.സി. ഓഫീസിന് തൊട്ടുകിഴക്കു ഭാഗത്തുള്ള മഹാത്മാഗാന്ധി റോഡിലൂടെ വേഗത്തില്‍ ഇരമ്പിപ്പായുന്ന വാഹനങ്ങളുടെ മുഴക്കങ്ങളുമല്ലാതെ മറ്റൊരു ശബ്ദവും അവിടെ കേള്‍ക്കാനുണ്ടായിരുന്നില്ല.  ഒരുപക്ഷേ, ഞാന്‍ മാത്രമേ  അപ്പോള്‍ ഉണര്‍ന്നിരിക്കുന്നുള്ളൂവെന്നും എനിക്ക് തോന്നി. ശാന്തമായ ഒരു നഗരത്തിന്റെ ഏതോ ഒരിടത്തിരുന്നു ഒരാള്‍ ജീവിതം കണ്ടുകൊണ്ടിരിക്കുന്നു. തൊട്ടുമുന്‍പുള്ള ഞാനും, ഇപ്പോഴത്തെ ഞാനും തമ്മില്‍ വളരെയധികം  വ്യത്യാസമുള്ളതായും എനിക്ക് തോന്നി. ഒരുപക്ഷേ, എനിക്ക്  വിശ്വസിക്കാന്‍ കഴിയാത്ത ഒരിടത്താണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്.  ഒരു ചാരുകസേര, ഈ മെത്ത, ഈ കൊതുകുവല, ഈ  കാര്‍പ്പെറ്റ്, ഈ മുറി,  എല്ലാം യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ? ഇന്നലെവരെ  ഇങ്ങനെയൊരവസ്ഥയെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍പോലും കഴിഞ്ഞിരുന്നില്ല.  മുന്‍പില്‍ തീര്‍ത്തും ശൂന്യതയായിരുന്നു.  ജീവിതം എങ്ങോട്ടേക്ക്  തിരിയുമെന്നറിയാത്ത നിസ്സഹായത.  ഇപ്പോഴിതാ കാലമര്‍ത്തി നില്‍ക്കാന്‍ കഴിയുന്ന ഒരിടത്ത് എത്തിയിരിക്കുന്നു. അത് ശാശ്വതമാണോ എന്നുമറിയില്ല.  എങ്കിലും ഒന്നുറപ്പായിരുന്നു. ഇനിയുള്ള എന്റെ ജീവിതം  ഇന്നലത്തേതിന്റെ തുടര്‍ച്ചയായിരിക്കില്ല.  ഏതോ ഒരു മുഹൂര്‍ത്തത്തില്‍ അത് മാറിയിരിക്കുന്നു. പുതിയൊരു ജീവിതം. അത് ഏതു രീതിയിലായിരിക്കും എന്ന് ഇനിയും നിര്‍ണ്ണയിക്കപ്പെടേണ്ടതുണ്ട്. എങ്കിലും ഒന്നിലും അത്രയൊന്നും ഉല്‍ക്കണ്ഠയില്ലാതെ എല്ലാറ്റിനേയും സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുക.
നാളെത്തന്നെ കലൂരില്‍ ചെന്ന് എന്റെ പെട്ടി കൊണ്ടുവരണമെന്നു ഞാന്‍ തീരുമാനിച്ചു. 

കാലത്ത് ഒമ്പതരമണിയോടെ  ഓഫീസിലെ എല്ലാ ജീവനക്കാരും  എത്തിയിരുന്നു. ഓഫീസ് സഹായി നാരായണന്‍ജി എന്ന് വിളിക്കുന്ന ആള്‍ എന്നെ എല്ലാവര്‍ക്കും  പരിചയപ്പെടുത്തി. ഇന്നലെ എനിക്കു മുറി കാണിച്ചുതന്നത് ഇയാളായിരുന്നു.  സെക്രട്ടേറിയേറ്റില്‍നിന്നും ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച  തിരുമുല്‍പ്പാടാണ്  ഓഫീസ് മാനേജര്‍. പിന്നെ ക്ലാര്‍ക്കുമാരായ രാഘവന്‍, പുഷ്പന്‍, ജോണ്‍. അപ്പോഴും  അവിടെ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കപ്പെട്ടിട്ടില്ല.  അത് തീരുമാനിക്കാന്‍ പ്രസിഡന്റ് വരണം. അദ്ദേഹം എറണാകുളത്തുണ്ടെങ്കില്‍ എന്നും കാലത്ത് തന്നെ ഓഫീസില്‍ വരും.  അദ്ദേഹം വരാറായിരിക്കുന്നുവെന്നും അവര്‍ അറിയിച്ചു.  പ്രസിഡന്റിനെ കാണാന്‍ വേണ്ടി ധാരാളം പേര്‍ ഓഫീസ് പരിസരത്ത് കാത്തുനില്‍ക്കുന്നുമുണ്ടായിരുന്നു.  മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്  ഞാന്‍ ഓഫീസിന്റെ വടക്കെ വരാന്തയില്‍ വന്നു നിന്നു പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു.  കെ.പി.സി.സി. ജംഗ്ഷന്‍ എന്നാണ് അവിടം അറിയപ്പെടുന്നത്. അതിന്റെ വടക്കുവശത്തെ റോഡ് നേരെ പടിഞ്ഞാറോട്ട് ചെന്ന്  സുഭാഷ് പാര്‍ക്കിന് സമീപം എത്തിച്ചേരുന്നു. നല്ല തിരക്കുള്ള റോഡാണ്. കാലത്തുതന്നെ മൈതാനത്ത് കുട്ടികള്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്നു.

പെട്ടെന്ന് കോണിപ്പടികള്‍ കയറി അതിവേഗത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വരാന്തയിലൂടെ എന്നെ കടന്നുപോകുന്നത് കണ്ടു.  എന്നെ കണ്ടപ്പോള്‍ ഹൃദ്യമായി ഒന്നു ചിരിച്ചു.  ഞാനും അകത്തേക്ക് കടന്നു. തെല്ലിട കഴിഞ്ഞു തിരുമുല്‍പ്പാടിനെ അകത്തേക്ക് വിളിച്ചു.  പിന്നെ പ്രസിഡന്റും തിരുമുല്‍പ്പാടും ഒന്നിച്ചു പുറത്തേക്ക്  വരുന്നതാണ് കണ്ടത്.  എന്നെ വിളിച്ചു തൊട്ടപ്പുറത്തെ  മുറിയിലേക്ക് നടന്നു.  പ്രസിഡന്റിന്റെ മുറിക്ക് എതിരെയുള്ള ഒരു മുറി.  അതിന്റെ കവാടത്തില്‍ പേര് കണ്ടു.  വീക്ഷണം ഓഫീസ്.  അതിനകത്ത്  നാലു പേര്‍ ഇരിക്കുന്നുണ്ടായിരുന്നു.  അവരെ പ്രസിഡന്റ് എനിക്കു പരിചയപ്പെടുത്തിത്തന്നു. വീക്ഷണം പത്രാധിപര്‍ ഡി. വിവേകാനന്ദന്‍ വക്കീല്‍, പത്രാധിപസമിതി അംഗങ്ങളായ മാധവന്‍ മാഷ്, വാരിയര്‍ സാര്‍, മാനേജര്‍ ബാലന്‍. ഒടുവില്‍ പത്രാധിപരോട് അദ്ദേഹം പറഞ്ഞു:
''ഇത് കുമാരന്‍. ജേര്‍ണലിസം കോഴ്സ് പഠിക്കുകയാണ്. ഇനി ഇവിടെ ഉണ്ടാകും. നമുക്കു ഇയാളെ ഉപയോഗിക്കാം''

കെകെ മാധവന്‍
കെകെ മാധവന്‍


അന്ന് എനിക്കവിടെ ഒരു കസേരയും മേശയും കിട്ടി. കസേരയില്‍ ഇരിക്കുമ്പോള്‍ ഒരിക്കല്‍ക്കൂടി ഞാന്‍ കടന്നെത്തിയ വഴികളെക്കുറിച്ചോര്‍ത്തു. വലിയ ഒരവിശ്വസനീയത അതിന്റെ മുന്‍പില്‍ ഉണ്ടായിരുന്നു. ഇവിടെ എന്തായിരിക്കും എന്റെ ജോലി? പത്രപ്രവര്‍ത്തനം ഞാന്‍ പഠിച്ചു വരുന്നതേയുള്ളൂ.  കോളേജില്‍ മാഗസിന്‍ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടും എനിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പ്രസ്സില്‍ കൂടി പോകേണ്ടിവന്നില്ല. കുറേ ലേഖനങ്ങളും കഥകളും സംഘടിപ്പിച്ചു കൊടുക്കുക എന്നതായിരുന്നു ചുമതല. മറ്റൊന്നിലും മാനേജ്മെന്റ് അടുപ്പിച്ചില്ല. അന്ന് അങ്ങനെയായിരുന്നു പ്രവര്‍ത്തനരീതി. എങ്കിലും ഒരു പത്രപ്രവര്‍ത്തകനോ പത്രാധിപരോ ആയിത്തീരണമെന്ന അഭിലാഷം അപ്പോഴേ മനസ്സില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു വാരികയുടെ ഓഫിസിലെ കസേരയില്‍ ഏതോ ഒരു ചുമതലക്കാരനായി എത്തിയിരിക്കുന്നു. എനിക്കൊന്നും അറിയുകയുമില്ല.
    പത്രാധിപര്‍ എന്നോട് എന്തെല്ലാമോ ചോദിച്ചുകൊണ്ടിരുന്നു. എന്റെ നാട്ടുവിശേഷം, എന്റെ അഭിരുചികള്‍ തുടങ്ങിയവ. പ്രായമായ മറ്റു രണ്ടുപേര്‍ വളരെ ഗൗരവത്തോടെ  എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്. അവര്‍ തല ഉയര്‍ത്തുന്നതേ ഇല്ല.  ഒരുപക്ഷേ, പുതിയ ലക്കത്തിലേക്ക് ആവശ്യമായ ലേഖനങ്ങളാകാം. തെല്ലിട കഴിഞ്ഞു പത്രാധിപര്‍ ഒരു നിറഞ്ഞ ട്രേ എന്റെ മേശപ്പുറത്തേക്ക് നീക്കിവെച്ചു. എന്നിട്ട് പറഞ്ഞു:    ''ഇതിലുള്ള മാറ്ററുകളൊക്കെ ഒന്നു നോക്ക്. ഇതില്‍ ഉപയോഗിക്കാന്‍ പറ്റിയ മാറ്റര്‍ വല്ലതും ഉണ്ടോ എന്നറിയാലോ.''
    ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ കയ്യില്‍ കിട്ടിയ ആദ്യ മാറ്റര്‍. അത് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. എഡിറ്റിംഗ് എവിടെനിന്നും തുടങ്ങണം? ട്രേയിലെ മാറ്ററുകളില്‍നിന്നും ഒരെണ്ണമെടുത്തു. ആദ്യവായനയില്‍ത്തന്നെ ഒരു നിലവാരവുമില്ലാത്തതാണെന്ന് മനസ്സിലായി.  വായിച്ചു തുടങ്ങുമ്പോള്‍ത്തന്നെ തുടര്‍ന്നു വായിപ്പിക്കാന്‍ കഴിയുന്ന എന്തോ ഒന്ന് എല്ലാറ്റിലും ഉണ്ടായിരിക്കണമെന്ന നിലപാട് രചനയെ സംബന്ധിച്ചു ഞാന്‍ പുലര്‍ത്തിയിരുന്നു. അതിനോട് നീതിപുലര്‍ത്താത്തവ സ്വീകരിക്കാനും വിഷമമായിരുന്നു. ലേഖനങ്ങളില്‍ ചിലത് മറിച്ചുനോക്കി ഞാന്‍ മടക്കിവെച്ചു. കെ.പി.സി.സിയുടെ ഔദ്യോഗിക മുഖപത്രമായി പുറത്തുവന്ന 'വീക്ഷണം' വാരിക ഞാന്‍ കണ്ടിരുന്നില്ല. ഒരു ലക്കം മാത്രമേ പുറത്തു വന്നിരുന്നുള്ളൂ. പത്രാധിപരുടെ മേശപ്പുറത്തുനിന്നും ഒരു കോപ്പി എടുത്തു മറിച്ചു നോക്കി.  കോണ്‍ഗ്രസ് നേതാക്കന്മാരുടേതാണ് അധിക ലേഖനങ്ങളും.  സമകാലീന രാഷ്ട്രീയത്തോടുള്ള പ്രതികരണങ്ങളായിരുന്നു ഏറെയും. ചില സൈദ്ധാന്തിക ലേഖനങ്ങളും ഉണ്ടായിരുന്നു.  കഥയോ കവിതയോ ഒന്നുമില്ല. കോണ്‍ഗ്രസ്സിന് വളരെ കാലത്തിനു ശേഷമാണ്  ഒരു ഔദ്യോഗിക പ്രസിദ്ധീകരണമുണ്ടാവുന്നത്.  കുറേ മുന്‍പ് കോണ്‍ഗ്രസ് ബുള്ളറ്റിന്‍ എന്നൊരു പ്രസിദ്ധീകരണം കണ്ടിരുന്നു. പിന്നെ അത് കാണാതായി. കോണ്‍ഗ്രസ്സുകാരെക്കൊണ്ടു  വായിപ്പിക്കാന്‍ വേണ്ടിയാണ് കെ.പി.സി.സി. പ്രസിഡന്റ് ഇങ്ങനെയൊരു പ്രസിദ്ധീകരണം തുടങ്ങുന്നതെന്ന്' സി.എച്ച്. ഹരിദാസ് പറഞ്ഞതായി ഞാന്‍ ഓര്‍ത്തു. അദ്ദേഹം  വായനയില്‍ വളരെ താല്പര്യമുള്ള ഒരാളാണെന്നും ഹരിദാസ് പറഞ്ഞിരുന്നു. വാരിക അത്രയൊന്നും ആകര്‍ഷകമായ പ്രസിദ്ധീകരണമായിരുന്നില്ല.  കവര്‍ ചട്ടയില്ല. അച്ചടിച്ചു കുത്തിക്കെട്ടിയ ഒരു വാരിക. ഞാനത് സൂക്ഷ്മമായി മറിച്ചുനോക്കിക്കൊണ്ടിരിക്കെ പത്രാധിപര്‍ പറഞ്ഞു:
''നമുക്ക് ഉച്ചകഴിഞ്ഞു പ്രസ്സ് വരെയൊന്നു പോകണം.''
എവിടെ പോകുന്നതിലും സന്തോഷം. അതുവരെ അച്ചടിപ്രസ്സിനെ പുറത്തുനിന്നേ കണ്ടിരുന്നുള്ളൂ. ഞാനിതാ ആദ്യമായി ഒരു പ്രസ്സ് പൂര്‍ണ്ണമായും കാണാന്‍  പോകുന്നു. വൈകീട്ട് പത്രാധിപരുമൊന്നിച്ചു പ്രസ്സിലേക്ക് പുറപ്പെട്ടു. എറണാകുളം സൗത്തില്‍ ലായം റോഡിലാണ് പ്രസ്സ്- ശ്രീമുദ്രാലയം.  ഒരു ചെറിയ വളപ്പിനുള്ളില്‍ ഓടിട്ട പഴയൊരു വീട്. അകത്തു മുഴുവന്‍ അടിച്ചതും അടിക്കാന്‍ പോകുന്നതുമായ കടലാസുകള്‍ കെട്ടിക്കിടക്കുന്നു.  അച്ചടി നടന്നുകൊണ്ടിരിക്കുന്നതിന്റെ താളാത്മകമായ ശബ്ദം. അതിന്റെ മണം. ഞാന്‍ ഏറെ ആഗ്രഹിച്ച ശബ്ദവും ആസ്വദിക്കാന്‍ കൊതിച്ച ഗന്ധവും.  പടിഞ്ഞാറ്റു മുറിപോലുള്ള ഒരിടത്ത് വലിയ മേശയ്ക്ക് പിറകില്‍ പ്രൗഢനായ ഒരാള്‍ ഇരിക്കുന്നു.  കഷണ്ടി കയറിയ മുടി. അദ്ദേഹത്തിന്റെ കണ്ണുകളാണ് ശ്രദ്ധിച്ചത്. വളരെ പ്രത്യേകതകള്‍ ഉണ്ടതിന്. പരിചയമുള്ള ഒരു മുഖം. പത്രാധിപര്‍ എന്നെ പരിചയപ്പെടുത്തിയത്  ഇങ്ങനെയാണ്:  ''പുതിയ ആളാണ്. കോഴിക്കോട്ടുകാരനാണ്.''
അപ്പോള്‍ മറുചോദ്യം: ''മലബാറിന്റെ ഗുണം കിട്ടിയിട്ടുണ്ടോ?'' പിന്നെ എന്നോട് പേരു ചോദിച്ചു. ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം: ''കോഴിക്കോട്ടുനിന്നു തന്നെ.''
തെല്ലിട കഴിഞ്ഞു. വാരിക സംബന്ധമായ കാര്യങ്ങള്‍ സംസാരിച്ചു പിരിയുമ്പോള്‍ പത്രാധിപര്‍ അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തി: ''വാരികയുടെ എഡിറ്റോറിയല്‍ കാര്യങ്ങള്‍ നോക്കാന്‍ ഇനി കുമാരനുമുണ്ടാകും. ഇയാളായിരിക്കും പ്രസ്സില്‍ വരിക.''
അദ്ദേഹമൊന്നു അമര്‍ത്തി മൂളി. പിന്നെ ഒരു ചിന്തകന്റെ ഭാവത്തില്‍ കണ്ണുകള്‍ അമര്‍ത്തി അടച്ചു. പ്രസ്സില്‍നിന്നും ഇറങ്ങി കോഫി ഹൗസില്‍ കയറി കാപ്പികുടിച്ചുകൊണ്ടിരിക്കെ പത്രാധിപര്‍ ചോദിച്ചു:
''ശ്രീകണ്ഠനെ കുമാരനറിയില്ലേ? പ്രസ്സില്‍ നാം കണ്ട സി.ആര്‍. ശ്രീകണ്ഠനെ.''
''നാടകകൃത്ത് സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ സാറാണോ അത്.'' ഞാന്‍ അത്ഭുതപ്പെട്ടു.
''അതെ. ആ ശ്രീകണ്ഠന്‍ തന്നെ.''

കുമ്മനം രാജശേഖരന്‍
കുമ്മനം രാജശേഖരന്‍


മലയാളത്തിലെ ഏറ്റവും പ്രശസ്തമായ നാടകങ്ങള്‍ രചിച്ച ഒരു പ്രമുഖ എഴുത്തുകാരനെ തിരിച്ചറിയാന്‍ കഴിയാതെ പോയതില്‍ എനിക്ക്  കുറ്റബോധം തോന്നി.  എന്റെ അജ്ഞതയില്‍ നേരിയ ലജ്ജയും. അദ്ദേഹത്തിന്റെ എത്രയോ നാടകങ്ങള്‍ വളരെ കൊതിയോടെയാണ് വായിച്ചത്. മലയാളനാടക ചരിത്രത്തില്‍ ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിച്ച എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം. പത്രാധിപര്‍ കുറേ നേരം ശ്രീകണ്ഠന്‍നായരെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നു. പത്രാധിപര്‍ രാഷ്ട്രീയക്കാരനാണെങ്കിലും സാഹിത്യത്തിലും ഏറെ താല്പര്യമുള്ള ഒരാളായിരുന്നു.  രാഷ്ട്രീയത്തില്‍ ചില മൂല്യങ്ങള്‍ വേണമെന്ന് ശഠിക്കുന്നവരുടെ കൂട്ടത്തിലാണെന്ന് തോന്നി. പ്രമുഖ എഴുത്തുകാരുമായി വ്യക്തിപരമായി അടുപ്പവുമുണ്ട്.  അന്ന് വൈകീട്ട് ക്ലാസ്സിലേക്ക്  പോകുന്നതിന് മുന്‍പ് എനിക്ക് രണ്ടു കത്തുകള്‍ എഴുതാനുണ്ടായിരുന്നു. ഒന്ന് അച്ഛനും മറ്റൊന്ന് സി.എച്ച്. ഹരിദാസനും.  വീക്ഷണത്തിന്റെ  ലെറ്റര്‍പാഡ്  എടുത്ത് രണ്ടു പേര്‍ക്കും വിശദമായ കത്തുകളെഴുതി. നേരത്തെ എറണാകുളത്ത് ഒരു മേല്‍വിലാസം കൊടുക്കാനുണ്ടായിരുന്നില്ല.  ഇപ്പോഴതുണ്ടല്ലോ. ക്ലാസ്സില്‍ കയറുന്നതിന് മുന്‍പു തൊട്ടടുത്തുള്ള തപാലാപ്പീസില്‍ കത്തുകളിട്ടു.

ലീല മേനോന്‍
ലീല മേനോന്‍


കഴിഞ്ഞ ദിവസങ്ങളില്‍ ക്ലാസ്സിലെത്തിയിരുന്നത് അനിശ്ചിതത്വത്തിന്റെ നടുവില്‍ നിന്നായിരുന്നു. ക്ലാസ്സില്‍ എത്രനാള്‍ തുടരാന്‍ കഴിയുമെന്ന് അറിയാത്തതിന്റെ ഉറപ്പില്ലായ്മ എന്നെ നിരന്തരമായി പിന്തുടര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ ക്ലാസ്സുമായി അത്രയേറെ ആഭിമുഖ്യം പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. സഹപാഠികളുമായി അടുക്കാനോ അദ്ധ്യാപകരുമായി സമ്പര്‍ക്കം പുലര്‍ത്താനോ തോന്നിയിരുന്നില്ല.  എന്നാല്‍, ഇന്ന് അങ്ങനെയല്ല. ക്ലാസ്സിലെ അന്തരീക്ഷം തന്നെ വളരെയേറെ ഹൃദ്യമായി എനിക്ക് തോന്നിത്തുടങ്ങി. സഹപാഠികളുമായി ഇടപഴകാനും അദ്ധ്യാപകരുമായി നല്ല ബന്ധം പുലര്‍ത്താനും  ഞാന്‍ മുതിര്‍ന്നു. ഇരുപത്തഞ്ചോളം പേര്‍ പത്രപ്രവര്‍ത്തനകോഴ്സില്‍ ഉണ്ടായിരുന്നു.  അതില്‍ മൂന്നുപേരുമായിട്ടാണ്  ഏറെ ബന്ധം പുലര്‍ത്തിയിരുന്നത്.  കോട്ടയം സ്വദേശി ആര്‍. രാജശേഖരന്‍, എറണാകുളത്തുകാരായ ലീലാ ഭാസ്‌ക്കരമേനോന്‍, സി.എസ്. മുരളീധരന്‍. രാജശേഖരന്റെ വീട്ടില്‍ രണ്ടു തവണ ഞാന്‍ പിന്നീട് പോവുകയും ചെയ്തു. രാജശേഖരനും ലീലാ ഭാസ്‌ക്കരമേനോനും പത്രപ്രവര്‍ത്തനത്തില്‍ ഉറച്ചുനിന്നു. രാജശേഖരന്‍ അതിനുശേഷം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു.  ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായ കുമ്മനം രാജശേഖരന്‍ എന്ന പേരില്‍ ശ്രദ്ധേയനായി. അദ്ദേഹം ഇപ്പോള്‍ മിസോറാം ഗവര്‍ണറാണ്. ലീലാ ഭാസ്‌ക്കരമേനോന്‍ ടാറ്റാപുരം പോസ്റ്റോഫീസിലെ ജീവനക്കാരിയായിരുന്നു.  പിന്നീട് 'ഇന്ത്യന്‍ എക്സ്പ്രസ്സി'ല്‍ ചേര്‍ന്നു. ധാരാളം ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തകളിലൂടെ ലീലാ മേനോന്‍ എന്ന പേരില്‍ മാധ്യമ ശ്രദ്ധ നേടാന്‍ അവര്‍ക്ക് സാധിച്ചു. സി.എസ്. മുരളീധരന്‍ എറണാകുളത്തെ രാമകൃഷ്ണാശ്രമത്തിന്റെ പ്രമുഖ സംഘാടകരില്‍ ഒരാളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

കെപി വിജയന്‍
കെപി വിജയന്‍


അദ്ധ്യാപകരില്‍ മൂന്നു പേര്‍ പ്രമുഖരായിരുന്നു.  മലയാളത്തില്‍ പത്രപ്രവര്‍ത്തനത്തെക്കുറിച്ചു ലക്ഷണമൊത്ത ആദ്യപുസ്തകമായ 'പത്രങ്ങള്‍ വിചിത്രങ്ങള്‍' എഴുതിയ കെ.പി. വിജയന്‍. ഇദ്ദേഹം മാതൃഭൂമി അസി. എഡിറ്ററായിരുന്നു. കേരളത്തിലെ പ്രമുഖമായ മാനേജ്മെന്റ് വിദ്യാഭ്യാസം നല്‍കുന്ന കളമശ്ശേരിയിലെ  എസ്.സി.ഇ.എം.എസ്. എന്ന സ്ഥാപനത്തിന്റെ ഉടമ ജി.പി.സി. നായര്‍. 'ടൈംസ് ഓഫീസ് ഇന്ത്യ'യില്‍ നിന്നും വിരമിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.ബി. നായര്‍, കെ.പി. വിജയന്‍ വളരെ പതിഞ്ഞ സ്വരത്തിലാണ് സംസാരിക്കുന്നത്. നന്നായി ശ്രദ്ധിച്ചിരുന്നാല്‍ മാത്രമേ സംസാരിക്കുന്നതെന്തെന്ന്  വ്യക്തമാവൂ. അന്നു വൈകീട്ട്  ഞാന്‍ വളരെ സന്തോഷത്തോടെ  ചെല്ലുമ്പോള്‍ ക്ലാസ്സ് തുടങ്ങാറാവുന്നതേയുള്ളൂ.  വിജയന്‍ മാഷ് ക്ലാസ്സിലേക്ക് പുറപ്പെടാനൊരുങ്ങുന്നു.  എന്നെ കണ്ടപ്പോള്‍ അദ്ദേഹം നിന്നു     ''ഞാന്‍ നിന്നോട് ഒരു കാര്യം പറയാന്‍ വിചാരിച്ചിരുന്നു.''  ഞാന്‍ അത്ഭുതപ്പെട്ടു. അദ്ദേഹത്തിന് എന്ത് കാര്യമാണ് പറയാനുള്ളത്.
''നീ എഴുതുന്ന കഥകളില്‍ ചിലതൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്.''
അക്കാലത്ത് മലയാളത്തിലെ മുഖ്യമായ പ്രസിദ്ധീകരണങ്ങളില്‍ ഒഴിച്ചു മറ്റു പല സമകാലിക പ്രസിദ്ധീകരണങ്ങളിലും എന്റെ കഥകളും ലേഖനങ്ങളും വരുന്നുണ്ടായിരുന്നു. അത് അദ്ദേഹം ശ്രദ്ധിച്ചുവെന്നതില്‍ സന്തോഷം തോന്നി. അദ്ദേഹം എന്താണ് പറയാന്‍ പോവുന്നത്?
പത്രപ്രവര്‍ത്തനത്തില്‍ വരുന്നതിന് മുന്‍പ് എനിക്ക് സാഹിത്യത്തെക്കുറിച്ച് ധാരാളം സങ്കല്പങ്ങളുണ്ടായിരുന്നു. എന്നാല്‍ ദൈനംദിന പത്രപ്രവര്‍ത്തനം സാഹിത്യത്തിന് ഗുണം ചെയ്യില്ലെന്ന് ഇപ്പോള്‍ മനസ്സിലായി.
ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് ഉറ്റുനോക്കി. ലോക മലയാളകഥാമത്സരത്തില്‍ മൂന്നാം സമ്മാനം കിട്ടിയത് എന്റെ കഥയ്ക്കായിരുന്നു. ഒന്നാം സമ്മാനം എം.ടിയുടെ കഥയ്ക്ക്. പത്രത്തില്‍ ചേര്‍ന്നത് മുതല്‍  മനസ്സറിഞ്ഞു ഒരു കഥ എഴുതാന്‍ കഴിഞ്ഞിട്ടില്ല. ''കുമാരന്‍ ഇക്കാര്യങ്ങളൊക്കെ മനസ്സില്‍ വെച്ചാല്‍ മതി.''
അദ്ദേഹം ക്ലാസ്സിലേക്ക് നടന്നു. പിറകെ ഞാനും. അതിനു ശേഷം എന്റെ മനസ്സില്‍ എപ്പോഴും കെ.പി. വിജയന്‍ എന്ന അദ്ധ്യാപകന്‍ ഓര്‍മ്മിപ്പിച്ച കാര്യം മായാതെ കിടക്കുമായിരുന്നു. എഴുത്തില്‍ ഒരു മുന്‍കരുതലെടുക്കാന്‍ ചിലപ്പോള്‍ അത് സഹായിച്ചിട്ടുണ്ടാകാം.

അന്നു രാത്രിയാണ് കെ.പി.സി.സി. ഓഫീസിനെക്കുറിച്ച് ഞാന്‍ വിശദമായി അറിയുന്നത്. എനിക്ക് പുറമെ കെ.പി.സി.സി. പ്രസിഡന്റിന്റെ ഡ്രൈവറും ഓഫീസിലെ ഒരു പ്യൂണും അവിടെ താമസിക്കുന്നുണ്ട്. അതിനോട് ചേര്‍ന്നുതന്നെയാണ് ഡി.സി.സി. ഓഫീസും. ഗസ്റ്റ് മുറിയായി ഉപയോഗിക്കുന്ന മുറിയാണ് എനിക്ക് തന്നിരിക്കുന്നത്. വീക്ഷണം വാരിക പത്രാധിപസമിതി  അംഗങ്ങളെക്കുറിച്ചും വിശദമായി ഞാന്‍ അറിഞ്ഞത് അപ്പോഴാണ്. എഡിറ്റര്‍ ഡി. വിവേകാനന്ദന്‍ നെയ്യാറ്റിന്‍കര ബാറിലെ പ്രമുഖ  അഭിഭാഷകനായിരുന്നു. നേരത്തെ മത്തായി മഞ്ഞൂരാന്റെ കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു. പിന്നീട് കോണ്‍ഗ്രസ്സില്‍ എത്തി. നെയ്യാറ്റിന്‍കരയില്‍നിന്നും ഒരു പ്രാവശ്യം നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചെങ്കിലും  നിയമസഭ ചേരാതിരുന്നത്  കാരണം എം.എല്‍.എ. ആയില്ല. ഭാര്യ  എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിയായതു കാരണം താമസം കൊച്ചിയിലേക്ക് മാറി. പത്രാധിപസമിതി അംഗമായ കെ.കെ. മാധവന്‍മാഷ്, മാഷല്ല രാജ്യസഭ എം.പി.യാണ്. സഹോദരന്‍ അയ്യപ്പന്റെ  വലിയ അനുയായിയാണ്. മറ്റൊരു പത്രാധിപസമിതി അംഗം കെ.വി.കെ. വാരിയര്‍ കമ്യൂണിസ്റ്റ് സാഹചര്യത്തില്‍നിന്നും അടുത്തകാലത്താണ് കോണ്‍ഗ്രസ്സില്‍ എത്തിപ്പെട്ടത്. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന കെ.ആര്‍. ഗൗരിയമ്മയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ.വി.കെ. വാരിയര്‍. ഭൂപരിഷ്‌കരണ  ബില്‍ തയ്യാറാക്കുന്നതില്‍ സജീവ പങ്കാളിത്തം വഹിച്ചു. അഭിഭാഷക ബിരുദധാരിയായ കെ.വി.കെ. വാരിയര്‍ ഭൂനയത്തെക്കുറിച്ചുള്ള എല്ലാ നിയമങ്ങളും വിശദമായി പഠിച്ച ഒരാള്‍ കൂടിയാണ്.

എല്ലാവരെക്കുറിച്ചുമുള്ള സമഗ്രമായ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ഒന്നെനിക്ക് ബോധ്യമായി.  അടിസ്ഥാനപരമായ ഒരു യോഗ്യതയുമില്ലാത്ത ഒരാള്‍ മാത്രമേ അവിടെയുള്ളൂവെന്ന്. അത് ഞാന്‍ മാത്രമാണ്. അന്നു രാത്രി മുഴുവന്‍ എന്റെ ചിന്ത എന്റെ പരിമിതിയെക്കുറിച്ചു മാത്രമായിരുന്നു. കുറെയധികം വായിക്കുകയും ചിലതൊക്കെ എഴുതുകയും ചെയ്യും എന്നല്ലാതെ അഗാധമായ അറിവൊന്നും എനിക്കൊന്നിലുമില്ലായിരുന്നു.  പറയത്തക്ക ആത്മവിശ്വാസവും ഉണ്ടായിരുന്നില്ല. അന്നു രാത്രി ഉറങ്ങാതെ  മൈതാനത്തിലേക്ക് നോക്കിനില്‍ക്കേ  എന്തൊക്കെയാണ്  എനിക്കുണ്ടാവേണ്ടത്  എന്ന ചിന്തയാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. ഞാന്‍ ആകപ്പാടെ മാറേണ്ടിയിരിക്കുന്നു. പത്രപ്രവര്‍ത്തനം മറ്റൊരു തൊഴില്‍പോലെയല്ല. വലിയൊരു സമൂഹത്തെ നേരിട്ട്  ബാധിക്കുന്ന ഒരിടത്തേയ്ക്കുള്ള യാത്രയും അന്വേഷണവുമാണ്. അതിന് നല്ല ഗൃഹപാഠം നടത്തേണ്ടതുണ്ട്. അതിനൊക്കെ എനിക്ക് കഴിയുമോ? എന്റെ ആത്മവിശ്വാസമില്ലായ്മ എന്നെ അലട്ടിക്കൊണ്ടിരുന്നു. 

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com