ആത്മനിരാസത്തിന്റെ തേങ്ങലുകള്‍: 'Blinding' എന്ന നോവലിനെക്കുറിച്ച്

റൊമേനിയന്‍ എഴുത്തുകാരന്‍ മിര്‍ച്ചിയ കര്‍തറെസ്‌ക്യൂവിന്റെ 'Blinding' എന്ന നോവലിന്റെ വായന 
ആത്മനിരാസത്തിന്റെ തേങ്ങലുകള്‍: 'Blinding' എന്ന നോവലിനെക്കുറിച്ച്

ധുനിക കിഴക്കന്‍ യൂറോപ്യന്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരുവനാണ് റൊമേനിയന്‍ സാഹിത്യകാരനായ മിര്‍ച്ചിയകര്‍തറെസ്‌ക്യൂ (Mircea Cartarescu). കവി, നോവലിസ്റ്റ്, കഥാകാരന്‍ എന്നീ നിലകളില്‍ റൊമേനിയക്കു പുറത്തും ശ്രദ്ധേയനായി മാറിയ കര്‍തറെസ്‌ക്യൂ 1956-ല്‍ റൊമേനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റിലാണ് ജനിച്ചത്. എണ്‍പതുകളില്‍ ലോകസാഹിത്യത്തില്‍ തിളങ്ങിനിന്ന തന്റെ മറ്റു പല തലമുറയെഴുത്തുകാരെയും പോലെ കര്‍തറെസ്‌ക്യൂവിന്റെ രചനകളും നിരവധി യൂറോപ്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഗൃഹാതുരത്വം എന്ന നോവല്‍ (Nostalgia) ഈ ലേഖകന് കുറച്ചുകാലം മുന്‍പ് തന്നെ വായിക്കുവാന്‍ കഴിഞ്ഞതിലൂടെയാണ് റൊമേനിയന്‍ സാഹിത്യത്തിലെ അറിയപ്പെടാതെ കിടന്ന പ്രതിഭയെക്കുറിച്ച് കൂടുതലറിയാനും അന്വേഷിക്കാനും കഴിഞ്ഞത്. ലോകസാഹിത്യം കണ്ട മികച്ച എഴുത്തുകാരായ ഇ.ടി.എ. ഫോഫ്മാന്‍, ഫ്രാന്‍സ് കാഫ്ക, ഹോര്‍ഹ് ലൂയി ബോര്‍ഹസ്, ബ്രൂണോ ഷൂള്‍സ്, ഹൂലിയൊ കോര്‍ത്തസാര്‍, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്, മിലന്‍ കുന്ദേര, മിലറോഡ് പാവിക് തുടങ്ങിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കണ്ടെത്താനും കര്‍തറെസ്‌ക്യുവിനു  കഴിഞ്ഞു. ഇതുവരെ ഇംഗ്ലീഷ് വായനക്കാര്‍ക്കിടയില്‍ അദൃശ്യനായി നിന്നിരുന്ന ഈ സാഹിത്യപ്രതിഭ 2005-ല്‍ നൊസ്റ്റാള്‍ജിയ എന്ന നോവലിന്റെ പരിഭാഷയിലൂടെയാണ് ലോകസാഹിത്യത്തിലേക്കു കടന്നുവന്നത്. മിര്‍ച്ചികര്‍തെയാറസ്‌ക്യൂ എപ്പോഴും അവിടെത്തന്നെയുണ്ടായിരുന്നു. നൊബേല്‍ പുരസ്‌കാരത്തിനുള്ള അവസാന പട്ടികയില്‍ അദ്ദേഹം എത്തിച്ചേര്‍ന്നിരുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. പരിഭാഷകള്‍ക്ക് ഇന്നും വ്യവസ്ഥിതമായ ഒരന്വേഷണ പാരമ്പര്യമില്ലാത്തതും കര്‍തറെസ്‌ക്യൂ പോലുള്ള ഒരു പ്രതിഭയുടെ കടന്നുവരവിനെ വൈകിപ്പിച്ചു എന്നു കരുതാനെ പറ്റൂ. പലപ്പോഴും ധീരനായ ഒരു പരിഭാഷകന്റെ അഭാവവും ഇമ്മാതിരി രചനകളുടെ മൊഴിമാറ്റത്തിന് കാലതാമസമുണ്ടാക്കും. ചരിത്രനിയോഗങ്ങളുടെ ഒരു ഭാഗമായിത്തീരുവാന്‍ സാഹിത്യരചനകള്‍ക്കു കഴിയുകയെന്നതും ഒരസാധാരണ ദൗത്യത്തിന്റെ വഴികളിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂ.

റൊമേനിയയില്‍നിന്നുള്ള മറ്റുചില എഴുത്തുകാരായ നോര്‍മാന്‍ മാനിയക്കും നീര്‍തഷെയുടെ പിന്‍ഗാമിയായി ഏവരും വിലയിരുത്തുന്ന ദാര്‍ശനികനായ ഇ.എം. ഷിയാറോനും അവരുടേതായ വഴികള്‍ തുറന്നുകിട്ടിയത് ഒരുപക്ഷേ, ഭാഗ്യം തുണച്ചതുകൊണ്ടുമായിരിക്കും. അവര്‍ക്കൊക്കെ കൂടുതല്‍ സഹായമായി തീര്‍ന്നത് പ്രവാസിയായി റൊമേനിയക്കു പുറത്തേക്കു കടന്നുവന്നതിലൂടെയാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കമ്യൂണിസ്റ്റ് സമഗ്ര ഏകാധിപത്യത്തിന്റെ കീഴിലുള്ള ചെഷസ്‌ക്യൂവിന്റേതുപോലുള്ള ഭരണകൂടം ഷിയാറോന്റെ റൊമേനിയന്‍ ഭാവിയിലുള്ള രചനകള്‍ തീയിട്ടു നശിപ്പിച്ചത് സാഹിത്യത്തിലെ ദുരന്തപൂര്‍ണ്ണമായ ഓര്‍മ്മയായിന്നും അവശേഷിക്കുന്നു. മിര്‍ച്ച എലിയേദിനെ (Mirceo Eliade) പോലുള്ള റൊമേനിയന്‍ എഴുത്തുകാരനേയും ഇവിടെ ഓര്‍മ്മിക്കപ്പെടേണ്ടതായിട്ടുണ്ട്. 

ആത്മനിരസനത്തിന്റേതായ വഴിയില്‍ അനുകമ്പയ്ക്കും സ്‌നേഹത്തിനും വേണ്ടി നില്‍ക്കുന്ന കര്‍തറെസ്‌ക്യൂ ഓര്‍മ്മകളെ ശരിക്കും പ്രതിരോധിക്കാനും സ്വപ്നം കാണാനുമുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കാതിരിക്കാനും തന്റെ രചനകളിലൂടെ ശ്രമിച്ചിരുന്നു. അദ്ദേഹം നമുക്ക് സ്വപ്നങ്ങള്‍ പകര്‍ന്നു നല്‍കുന്നതിലൂടെ സാഹിത്യത്തിലുള്ള നമ്മുടെ വിശ്വാസത്തെയാണ് പിടിച്ചുനിര്‍ത്തുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ കണ്ണഞ്ചിക്കല്‍ (Blinding) ഒരു നോവല്‍ത്രയത്തിന്റെ ഒന്നാം ഭാഗമായിട്ടാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. അമേരിക്കയിലെ ആര്‍ച്ചിപെലാഗൊ ബുക്ക്‌സ് (Arhipelago Books, Brooklyn Newyork) പുറത്തിറക്കിയിരിക്കുന്ന ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയിരിക്കുന്നത് ടെക്സാസ് സര്‍വ്വകലാശാലയിലെ സാഹിത്യവിഭാഗം അസ്സോസിയേറ്റ് പ്രൊഫസ്സറായ സീന്‍കോട്ടറാണ് (Sean Cottor).  ഒരു പതിവ് നോവല്‍ സമ്പ്രദായത്തില്‍ ഇതിനെ ചേര്‍ത്തുവിളിക്കാന്‍ കഴിയാതെവരുന്ന രീതിയിലുള്ള ആധുനിക നോവല്‍ ആഖ്യാനത്തിന്റെ ഉദാത്തമായ മുഖമാണിതിനു സ്വന്തമായുള്ളത്. നോവല്‍ പ്രമേയത്തെക്കുറിച്ച് പറയുമ്പോള്‍ പാതി സ്വപ്നമായും ഓര്‍മ്മയായുമുള്ള ഒരാഖ്യാന രീതിയാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. അതോടൊപ്പം ബുക്കാറസ്റ്റ് നഗരത്തിലൂടെയുള്ള ഒരര്‍ദ്ധ ഭ്രമാത്മക സഞ്ചാരമായും ഇതിനെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. സമകാലീന റൊമേനിയന്‍ സാഹിത്യത്തില്‍നിന്നും പുറത്തുവന്ന ഏറ്റവും മഹത്തായ ഒരു രചനയായി ഇതിനെ അംഗീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നോവല്‍ മൊത്തത്തില്‍ ഭാവനയുടെ ഒരു മഹാഗോപുരമായും കലാവല്ലഭത്വത്തിന്റെ പ്രതീകമായും വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. 
റൊമേനിയയുടെ രാഷ്ട്രീയ പശ്ചാത്തലമായും ചരിത്രവുമായും വല്ലാതെ ബന്ധപ്പെട്ടു കിടക്കുന്ന ഒരു രചനയാണിത്. ചിറകുകള്‍ (wings) എന്ന ശീര്‍ഷകത്തോടെയാണ് ഈ നോവല്‍ ത്രയത്തിന്റെ തലങ്ങള്‍ പൂര്‍ണ്ണതയിലേക്കെത്തിച്ചേരുന്നത്. ഏകാധിപത്യ പിശാചിന്റെ ഒരു നാടായ റൊമേനിയയില്‍നിന്നും കര്‍തറെസ്‌ക്യൂവിനെ പോലുള്ള ഒരെഴുത്തുകാരന് പ്രതിരോധിക്കുവാനുള്ള മാര്‍ഗ്ഗം സ്വന്തം എഴുത്തിന്റെ ശക്തിയൊന്നുകൊണ്ടു മാത്രമാണ്. എല്ലാം എല്ലാമായും ഇവിടെ ബന്ധപ്പെട്ടു കിടക്കുന്നു. ഒരു വലിയ ഗൂഢാലോചനയുടെ വിശാലതയ്ക്കുള്ളില്‍ കഴിയേണ്ടിവരുന്ന റൊമേനിയന്‍ ജനതയുടെ സ്വാതന്ത്ര്യ മോഹങ്ങളെ ഒരു ശക്തിക്കും ഇല്ലാതാക്കുവാന്‍ കഴിയില്ലെന്നുള്ള ആത്മവിശ്വാസത്തിന്റെ പ്രതീകാത്മകമായ യാത്രയാണ് ഇടത് ചിറക് (Left Wing) എന്ന നോവലിന്റെ ഒന്നാം ഭാഗത്തിലൂടെ അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. സ്വന്തം ഓര്‍മ്മകളെ ചുരുക്കി പുറത്തെടുക്കുന്നത് വഴി കര്‍തറെസ്‌ക്യൂ പലതും വായനക്കാരോട് ആവശ്യപ്പെടുന്നുണ്ട്. ഇതിനുവേണ്ടി ആക്ഷേപഹാസ്യവും ഭ്രമാത്മകതയും ഏതാണ്ട് വളരെയടുത്തു ചേര്‍ന്നിരിക്കുന്ന മിസ്റ്റിക്കലായ ഊഹാപോഹങ്ങളും അദ്ദേഹം വളരെ സമര്‍ത്ഥമായി ഇതില്‍ ഉപയോഗിക്കുന്നുണ്ട്. 

ബാല്യകാലം മുതല്‍ വികസിതമായി തീരുന്ന ഒരു കവിയുടെ മനസ്സിന്റെ വളര്‍ച്ചയുടെ ഏറ്റവും സാന്ദ്രമായ വിശകലനം പോലെയെ ആഖ്യാതാവായ കഥാപാത്രത്തിന്റെ ബാല്യകാലവും കൗമാരവും നമുക്കു മുന്നില്‍ അദ്ദേഹം അവതരിപ്പിക്കുന്നുള്ളു. 'ബ്ലൈന്‍ഡിങ്ങ്' എന്ന നോവല്‍ രൂപരേഖയായി എടുത്തുകാണിക്കുന്നത് അതിപ്രമുദിതമായ (Rapturous) ഒരു ലോകത്തിന്റെ ഐക്യദാര്‍ഢ്യതയാണ്. ഇതിനുള്ളില്‍ നമ്മുടെ ജനതയും ഒരുതരം വിസ്തൃതിയുടെ പ്രതീകമാണ്. ഈയൊരു ഒത്തുചേരലിനെ വീണ്ടെടുക്കുന്നത് ശരിക്കും കലയുമാണ്. നിങ്ങളിവിടെ നിന്നുള്ള ഒരാളല്ല... പുറത്തേക്കുള്ള വഴി കണ്ടെത്തുവാന്‍ നിങ്ങള്‍ പരിശ്രമിക്കേണ്ടിയിരിക്കുന്നു. നോവലിലെ  ഫ്രാ ഫെര്‍നാന്‍ദൊ എന്ന കഥാപാത്രം ആത്മഭാഷണത്തിലൂടെ വിളിച്ചുപറയുന്നത് കര്‍തറെസ്‌ക്യൂവിന്റെ മായാരൂപദര്‍ശനപരമായ സ്വപ്നങ്ങളുടെ നിശ്ചിത രൂപത്തിലുള്ള തലങ്ങളെ എടുത്തുകാണിക്കുന്നു. 

കൊച്ചു മിര്‍സിയയുടെ ബുക്കാറസ്റ്റ് നഗരക്കാഴ്ചകള്‍ അതിന്റെ പോഷണകാലത്തിന്റെ ദൃശ്യങ്ങളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. നീണ്ടകാലത്തെ രോഗാവസ്ഥയും അതിന്റെ ഫലമായുണ്ടായ ഏകാന്തതയും മിര്‍ച്ചിയയെ ഭാവനയുടെ നിഗൂഢതക്കുള്ളിലേക്ക് താഴ്ത്തിക്കൊണ്ടുപോകുന്നതും തിരിച്ചറിയാന്‍ കഴിയും. രോഗാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കേണ്ടിവന്ന അവന്റെ ജീവിതസമസ്യകളെ വളരെ ശക്തമായിത്തന്നെ നോവലില്‍ ചിത്രീകരിക്കുന്നുമുണ്ട്. നോവലിലൂടെ നാം തിരിച്ചറിയുന്ന മറ്റൊരു യാഥാര്‍ത്ഥ്യവുമുണ്ട്. ഓര്‍മ്മകള്‍ക്ക് അതിന്റേതായ ഒരു ലോകത്തെ സൃഷ്ടിക്കുവാന്‍ കഴിയും. ഭൂതകാലമാണ് എല്ലാമെല്ലാമായി നിറഞ്ഞുനില്‍ക്കുന്നത്... ഭാവിയെന്ന അനിശ്ചിതത്വത്തിന് യാതൊരു പ്രാധാന്യവും കൊടുക്കാനാവില്ല. അങ്ങനെയുള്ള ഒരു ഭൂതകാലത്തിനുള്ളിലാണ് മാനവരാശിയുടെ ചരിത്രമുറങ്ങിക്കിടക്കുന്നത്. കര്‍തെറസ്‌ക്യുവിന്റെ ദാര്‍ശനികമായ വിചിന്തനങ്ങളിലൂടെ ഇതുപോലുള്ള ഒരു നോവലിനെ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞു. 

നോവല്‍ സാഹിത്യത്തില്‍ ഇത്തരം രചനകളെ അത്യാധുനികതയുടെ പ്രതീകങ്ങളുമായി മാത്രമെ നമുക്കുള്‍ക്കൊള്ളുവാന്‍ കഴിയൂം. വളരെ ലളിതമായ ഒരു പ്രമേയസാധ്യതയെ അവ പ്രതിരോധിക്കുകയും ചെയ്യുന്നു. നോവലിന്റെ ആദ്യത്തെ ഭാഗമാണ് ഏറ്റവും ശക്തമായിട്ടുള്ളത്. ഇതിന്റെ ആഖ്യാതാവായ മിര്‍ച്ചിയ, ഒരുപക്ഷേ, അത് ഇതേ പേരിലുള്ള നോവലിസ്റ്റ് തന്നെയാവും ജാലകത്തിലൂടെ പുറത്തേക്കു നോക്കിനിന്നുകൊണ്ട് ഓര്‍മ്മയിലൂടെ തന്റെ പഴയകാലത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഭാഗമാണിത്. പെട്ടെന്നുതന്നെ രാത്രിയിലെ ഭാരിച്ച നിശ്ശബ്ദതയില്‍ നീലചാന്ദ്രിക വെളിച്ചത്തില്‍ പൊട്ടിത്തെറിക്കുന്ന ബുക്കാറസ്റ്റ് നഗരത്തെയാണ് നാം കാണുന്നത്. അതോടെ അയാളുടെ മാന്ത്രികമായ മിസ്റ്റിക്കല്‍ സഞ്ചാരത്തിന്റെ തുടക്കവും കുറിക്കുന്ന ഓര്‍മ്മകള്‍ ഭ്രമാത്മകതയുടെ തലങ്ങള്‍ക്കുള്ളിലേക്ക് കോടിയൊതുങ്ങി പോകുന്നു. ബുക്കാറസ്റ്റ് നഗരദൃശ്യങ്ങള്‍ ഇത്തരം

സ്വപ്നതലങ്ങള്‍ക്കുള്ളില്‍നിന്നും പുറത്തേക്കും തിരിച്ചും കടന്നുപോകുന്ന ഇതില്‍ കുടുംബകഥയുടെ ഭാഗങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കുള്ളിലാണ് വികസിതമാകുന്നത്.  രാജ്യത്തിന്റെ റഷ്യന്‍ അധിനിവേശ കാലവും ഇതോടൊപ്പം തന്നെയുണ്ട്. സര്‍റിയലിസ്റ്റ് ദര്‍ശനങ്ങളുടെ വിചിന്തിനങ്ങളും ഇതോടൊപ്പം ചേരുന്നുണ്ട്. ശരിക്കും ഭയാനകമായ ചിത്രങ്ങളാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഇതിനുള്ളില്‍ ജിപ്സി നാടോടിക്കഥകളുടെ മുഴക്കങ്ങളുണ്ട്, രക്തപങ്കിലമായ ഇതിഹാസ ചരിത്രത്തിന്റെ സ്പര്‍ശമുണ്ട്. അതോടൊപ്പം ലൈംഗിക ചോദനകളുടെ വിഭ്രാന്തിയില്‍ മുങ്ങിനില്‍ക്കുന്ന കാലസ്മൃതികളുണ്ട്. 

നോവലിന്റെ രണ്ടാം ഭാഗത്ത് മാരിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതോടൊപ്പം അവളുടെ ലൈംഗികമായ ഉണര്‍വ്വുകളും മദ്യശാലയിലെ സംഗീതപരിപാടികളും നൃത്തപരിപാടികളും ചേര്‍ന്നുകൊണ്ട് തിന്മയുടേതായ പ്രേതാഗാരങ്ങള്‍ സൃഷ്ടിക്കുന്നു. വീണ്ടും മൂന്നാം ഭാഗത്തെ കവിയായ കഥാപാത്രത്തിലേക്കു തിരിച്ചുപോകുമ്പോള്‍ അവന്റെ രോഗാവസ്ഥയുടെ കാലത്തിലേക്കാണ് എത്തിച്ചേരുന്നത്. ഭ്രാന്തമായ മാനസികാവസ്ഥയും വിഭ്രാന്തിയും സൃഷ്ടിക്കുന്ന ഒരവസ്ഥയില്‍ അവന് പിടിച്ചുനില്‍ക്കാനാവാതെ വരുന്നു. നേരെയുള്ള ആഖ്യാനം പ്രതീക്ഷിക്കുന്ന ഒരു വായനക്കാരനിവിടെ ഒരുതരം അര്‍ദ്ധഘനീഭവിച്ച ആഖ്യാനത്തിന്റെ സ്പര്‍ശം അനുഭവിക്കേണ്ടിവരുന്നത് കുറച്ചൊക്കെ സങ്കീര്‍ണ്ണതയുണ്ടാക്കുമെങ്കിലും ഇത് നോവല്‍ നമ്മോടാവശ്യപ്പെടുന്ന ഒരു നിയോഗമായി ഏറ്റെടുക്കാന്‍ നാം തയ്യാറാകണം. ആഖ്യാതാവിന്റെ ജ്വരം ബാധിച്ച മനസ്സിന്റെ ഭ്രമാത്മകതയായി ഇതിനെ ഉള്‍ക്കൊള്ളുകയും വേണം. തന്റെ ഏകാന്തതയെ അയാള്‍ അത്രമേല്‍ ഇഷ്ടപ്പെടുന്നുണ്ട്. ഏകാന്തതയുടെ ഗര്‍ത്തത്തിനുള്ളില്‍ കിട്ടുന്ന ശാന്തതയുടെ ഭാവത്തിന് ഭ്രാന്തമായ അവസ്ഥയെന്ന് പറയുവാനാവുമെങ്കിലും അത് ജീവിതത്തിന്റെ പൊരുത്തപ്പെടാനാവത്ത ഒരു കാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. പിന്നീടവന്‍ ഒരു ചിന്തയില്‍ എത്തിച്ചേരുകയും ചെയ്യുന്നുണ്ട്. ഏകാന്തത ശരിക്കും ഉന്മാദാവസ്ഥയുടെ മറ്റൊരു രൂപംതന്നെയാണ്. അങ്ങനെ വരുമ്പോള്‍ അവന്റെ ആഖ്യാനതലങ്ങള്‍ക്ക് തന്റെ മാനസികാവസ്ഥയെക്കുറിച്ച് വളരെയേറെ പറയുവാനുള്ള ഒരു പ്രതിസന്ധിയിലേക്ക് എത്തിച്ചേരാന്‍ കഴിയും. അത് മറികടക്കാനുള്ള ഒരു ശ്രമവും സാധ്യമാവുകയുമില്ല. 

നോവലിസ്റ്റിന്റെ ഭാഷയുടെ ഉന്മാദാവസ്ഥയും നാമിവിടെ അനുഭവിക്കുന്നുണ്ട്. ഇത് അന്നത്തെ ബുക്കാറസ്റ്റ് നഗരത്തിന്റെ അവസ്ഥയെ ചിത്രീകരിക്കുവാന്‍ ഏറെ സഹായകമായി തീരുകയും ചെയ്തു. നോവലിന്റെ വ്യത്യസ്തമായ ഒരു വായനയും നോവലിസ്റ്റ് വായനക്കാരില്‍നിന്നും പ്രതീക്ഷിക്കുന്നു. അതെ വായനയില്‍ നിറയെ വെല്ലുവിളികള്‍ തന്നെയാണ്. പക്ഷേ, അത് ഒരിക്കലും ഭാവിയുടെ ഉന്മാദാവസ്ഥയെ ഊതിക്കെടുത്തുന്നുമില്ല. ഒരു .........ഥമായ കഥാംശത്തിന്റെ കുറവ് നമുക്കു വിട്ടുകളയാവുന്നതേയുള്ളു. യുദ്ധാനന്തര ബുക്കാറസ്റ്റിന്റെ ചിത്രങ്ങള്‍ മെനഞ്ഞെടുക്കുമ്പോള്‍, കമ്യൂണിസത്തിന്റെ പതനത്തിനു ശേഷമുള്ള അവസ്ഥ വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ പോരായ്മക്ക് പ്രാധാന്യം കൊടുക്കാനുമാവില്ല. മറ്റുള്ള എഴുത്തുകാരരെപ്പോലെ ആശയപ്രാധാന്യമുള്ള ഒരു രചനയ്ക്കു പിന്നാലെ പോകാതെ വായനക്കാര്‍ക്കു മുന്നില്‍ മൗലികമായ വെല്ലുവിളികള്‍കൊണ്ട് പുതിയ ഒരു ലോകം സൃഷ്ടിക്കുവാനുള്ള ഒരു ശ്രമം കൂടിയാണ് ഇതിലൂടെ സംഭവിക്കുന്നത്. ഇക്കാര്യത്തില്‍ കര്‍തെറസ്‌ക്യൂ ഒട്ടും അനുകമ്പ കാണിക്കുന്നുമില്ല. ബുക്കാറസ്റ്റ് നഗരത്തിന്റെ യാഥാര്‍ത്ഥ്യമായതും ഭ്രമാത്മകമായതുമായ ഒരിടത്തെ ചിത്രീകരിക്കുമ്പോള്‍ ഇവയ്ക്കിടയില്‍പ്പെടുന്ന ഒരു നിഗൂഢമായ ലോകത്തെക്കുറിച്ച് ചിന്തിക്കുവാന്‍ അദ്ദേഹം മുന്നോട്ടു വരുമ്പോള്‍ ഓര്‍മ്മകളും ഭ്രമാത്മകമായ ചിന്തകളും കൂടിക്കുഴഞ്ഞ ഒരു തലമാണ് അനാവരണം ചെയ്യപ്പെടുന്നത്. 

മതപരമായ നിരവധി ഉള്‍ക്കാഴ്ചകളും മിര്‍ച്ചയയുടെ മനസ്സിലേക്ക് കടന്നുവരുന്നുണ്ട്. ഒരു ഗ്രാമത്തിന്റെ തന്നെ നഗ്‌നമായ ദൃശ്യാനുഭവങ്ങള്‍ തണുത്തുറഞ്ഞ കിഴക്കന്‍ യൂറോപ്യന്‍ മതസങ്കല്പങ്ങളുടെ അതിസൂക്ഷ്മമായ ഒരു നിലനില്പിനെയാണ് എടുത്തുകാണിക്കുന്നത്. മരിച്ചുപോയവരുടെ കൂട്ടായുള്ള കുഴിമാടത്തില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ദൃശ്യങ്ങള്‍ സ്വര്‍ഗ്ഗനരകങ്ങള്‍ക്കിടയിലെ അവസാനിക്കാത്ത പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന പതിന്നാലു പേജോളം നീണ്ടുപോകുന്ന അസാധാരണമായ ഒരു ആഖ്യാനം അതിനെ സാക്ഷ്യപ്പെടുത്തുന്ന ഒന്നാണ്. ലൈംഗികതയും മരണവും ചരിത്രവും ഓര്‍മ്മകളും മതവും ദൈവവുമൊക്കെ ചേര്‍ന്നുകൊണ്ട് സൃഷ്ടിക്കുന്ന ഭ്രമാത്മകമായ ലോകം ഈ നോവലിന്റെ മാത്രം പ്രത്യേകതയാണ്. കമ്യൂണിസ്റ്റ് ഭരണകൂടം സൃഷ്ടിച്ച മടുപ്പിനെ ചിത്രീകരിക്കാന്‍ ബ്ലൈന്‍ഡിങ്ങിലെ അസാധാരണമായ ഭ്രമാത്മക കാഴ്ചകള്‍ ശക്തമായ പിന്തുണ നല്‍കിയെന്നുള്ളത് മറക്കാനും കഴിയില്ല. ഒരു സ്ത്രീ കഥാപാത്രത്തിന്റെ കാല്‍നഖങ്ങളില്‍ ബൈബിളിലെ രംഗങ്ങള്‍ വരച്ചു കാണിച്ചുകൊണ്ട് അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തുന്നു. ഭാവനയും ഭ്രമാത്മകതയും സ്വപ്നങ്ങളും വിട്ടുകൊണ്ടുള്ള കളിക്ക് അദ്ദേഹം തയ്യാറാകുന്നുമില്ല. നോവലില്‍ കടന്നുവരുന്ന രണ്ട് പുരോഹിത കഥാപാത്രങ്ങളുണ്ട്. ബള്‍ഗേറിയയില്‍നിന്ന് മാലാഖമാരെ വിളിച്ചുവരുത്തുന്ന ധീരനാണ് അതിലൊരാള്‍. മറ്റൊന്ന് മതപരമായ ചിന്തകളില്‍ മാത്രം മുഴുകി കഴിയുന്ന ന്യൂ ഓര്‍ലിയന്‍സില്‍നിന്നുള്ള ഒരുവന്‍. ശരിക്കും നിഗൂഢമായ ഈ രൂപങ്ങള്‍ നോവലിന്റെ അവസാന ഭാഗത്ത് ഉരുവിടുന്ന മാന്ത്രിക കല്പനകളിലൂടെ ബുക്കാറസ്റ്റ് നഗരത്തിന്റെ തേങ്ങലുകള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയും. 

അവയവഘടനയിലെ പൊരുത്തമില്ലായ്മയെക്കുറിച്ച് നിരവധി സൂചനകള്‍ ഈ നോവലില്‍ കടന്നുവരുന്നുണ്ട്. എഴുത്തുകാരന്‍ കൂടുതലായി വികസിപ്പിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരാശയമാണിത്. ഇതേ അവസ്ഥയിലുള്ള ഒരു ചിത്രശലഭത്തെ നിരവധി തവണ അദ്ദേഹം പ്രതിഫലനത്തിലൂടെ കാണിച്ചുതരുന്നുണ്ട്. ഒരു കഥാപാത്രം ധരിക്കുന്ന മോതിരത്തിലും അതിനെ കാണാന്‍ കഴിയും. രോഗാവസ്ഥയ്ക്കു ശേഷമുള്ള മിര്‍ച്ചിയയുടെ മുഖത്തും അതിന്റെ സാന്നിദ്ധ്യമുണ്ട്. നോവലിസ്റ്റും അദ്ദേഹത്തിന്റെ ആഖ്യാതാവും ചേര്‍ന്നുകൊണ്ട് ജനങ്ങളുടേയും യന്ത്രങ്ങളുടേയും നഗരങ്ങളുടേയും ശരീരശാസ്ത്രത്തിന്റെ നേര്‍ക്ക് വല്ലാത്ത ഒരഭിനിവേശം കാണിക്കുന്നുണ്ട്. ഈ നോവലില്‍ എല്ലാം ജീവിക്കുന്ന ഒരു സത്തയാണ് ആഖ്യാതാവ് ജീവിതരീതികളെ കാണുന്നത്. ശരിക്കും നിര്‍ജ്ജീവമായ വസ്തുക്കളുടെ പ്രതിലങ്ങള്‍ക്കു താഴെയായിട്ടാണ്. ബുക്കാറസ്റ്റിനെ ഒരു ജൈവനഗരമായിട്ടാണ് അദ്ദേഹം കാണുന്നത്. നഗരത്തിലെ ശിലാരൂപങ്ങള്‍ പോലും ഉദ്യാനങ്ങളില്‍ ലൈംഗികവേഴ്ചകളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് തോന്നിക്കുന്നു. ചുവന്ന രക്തധമനികളെ പോലെയാണ് ട്രാമുകള്‍ തിരക്കിട്ടു പാഞ്ഞുപോകുന്നത്. 
നഗരവീഥികളിലെ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ സുതാര്യമായി രൂപാന്തരപ്പെടുന്നു. ഇതുവഴി നഗരത്തിന്റെ തുടിപ്പുകളുടെ സ്പര്‍ശത്തെയാണ് അദ്ദേഹം എടുത്തുകാണിക്കുവാന്‍ ശ്രമിക്കുന്നത്. ഇത്തരം പ്രതിബിംബങ്ങള്‍കൊണ്ട് ആഖ്യാതാവ്  തീര്‍ച്ചയായും എന്തിനുവേണ്ടിയോ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളായി ഇത് മാറുന്നു. അവന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളും ആരോഗ്യപരമായ പ്രതിസന്ധികളും തനിക്കു ചുറ്റുമുള്ള ലോകത്തെ കാണുന്നതിന് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നു. ബുക്കാറസ്റ്റ് നഗരക്കാഴ്ചകളിലൂടെ സാര്‍വ്വലൗകികമായ ഒരു ദൃശ്യത്തെ ചിത്രീകരിക്കാനുള്ള ദര്‍ശനം തന്നെയാണിത്. അതുവഴി ഈ ലോകത്തെക്കുറിച്ച് കൂടുതല്‍ അറിയാനും അസ്തിത്വത്തിന്റെ സഹജമായ സ്വഭാവത്തെ എടുത്തുകാണിക്കാനും ആഖ്യാതാവ് തയ്യാറാകുന്നുണ്ട്. 

ഈ ലോകം ശരിക്കും ഒരു യന്ത്രമാണ്. അതിന്റെ ഒരു ശരീരഭാഗം മാത്രമാണ് നഗരം. കാര്‍തെറസ്‌ക്യൂവിന്റെ ഭാവന വികസിക്കുന്നതിന്റെ ശക്തമായ ഒരു ചിത്രം നമുക്ക് ഇതുവഴി ലഭിക്കുന്നുണ്ട്. മാരിയ എന്ന കഥാപാത്രം നോവലിന്റെ രണ്ടാം ഭാഗത്തില്‍ കടന്നുവരുമ്പോള്‍ നഗരത്തിലേക്കു വരുന്നതിന്റെ ആദ്യ പ്രതികരണങ്ങള്‍ അവര്‍ പങ്കുവച്ചുതരുന്നുണ്ട്. മിര്‍ച്ചിയയും മാരിയയും തമ്മിലുള്ള ബന്ധം വിദൂരവും സങ്കീര്‍ണ്ണവുമായി നിലനില്‍ക്കുന്നതിന്റെ രൂപാന്തരത്വവും തിരിച്ചറിയേണ്ടതായിട്ടുണ്ട്. ശരിക്കും ഈ വിശ്വത്തിന്റെ സ്ത്രീരൂപ ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് അവര്‍ നിലനില്‍ക്കുന്നത്. നോവലിസ്റ്റിന്റെ ഈ ഭാഗത്തുള്ള ധ്യാനാത്മകമായ ഭാവനകളെ ഇതോടൊപ്പം ചേര്‍ത്തുവച്ചിട്ടുണ്ട്. നോവലിസ്റ്റ് സൂചിപ്പിക്കുന്നത് നോക്കൂ:
എന്റെ ഓര്‍മ്മകള്‍ എന്റെ ജീവിതത്തിന്റെ രൂപാന്തരത്വമാണ്. ഒരു ലാര്‍വയില്‍നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു പ്രാണിയില്‍നിന്ന് രൂപപ്പെട്ടതാണ് എന്റെ ജീവിതം. പിന്നീട് അതൊരു ചിത്രശലഭമായി മൂന്ന് പൂവുകളെ തേടിപ്പോകും. സ്വപ്നങ്ങള്‍, ഓര്‍മ്മകള്‍, വൈകാരികത... അവിടെയാണ് എന്റെ ലോകം കൂടുതല്‍ സമ്പന്നമായി തീരുന്നത്.  റൊമേനിയ എന്ന തന്റെ ഭൂമികയെ ബുക്കാറസ്റ്റ് എന്ന തന്റെ നഗരത്തെ യുദ്ധാനന്തര യൂറോപ്പിന്റെ വിനാശങ്ങള്‍ക്കിടയില്‍നിന്നും ഉയര്‍ത്തിയെടുക്കുന്നതിനെ ഈ എഴുത്തുകാരന്‍ വിഭാവനം ചെയ്യുന്നു. വായനക്കാരെ സംബന്ധിച്ചിടത്തോളം ഇതിലൂടെയുള്ള യാത്ര വളരെ വിചിത്രമായ ഒരു തീര്‍ത്ഥാടനമാണ്. ഇതിന്റെ ലേബ്രിന്‍തില്‍നിന്ന് പുറത്തുകടക്കുവാന്‍ അവര്‍ക്ക് സമയം ഏറെ വേണ്ടിവരും. ആധുനിക യൂറോപ്യന്‍ എഴുത്തിന്റെ കിഴക്കന്‍ യൂറോപ്യന്‍ സാഹിത്യത്തിന്റെ ചലനാത്മകതയുടെ ദ്രുതതാളങ്ങള്‍ നാമിവിടെ അടുത്തറിയുന്നു. ലോകസാഹിത്യത്തില്‍ ഇങ്ങനെയൊക്കെ ഇപ്പോഴും സംഭവിക്കുന്നുണ്ടെന്ന് നൊബേല്‍ പുരസ്‌കാര കമ്മിറ്റിയെ പോലുള്ളവര്‍ക്ക് തിരിച്ചറിവുണ്ടായാല്‍ അടുത്തകാലത്തുണ്ടായ ഛിദ്രവാസനകളില്‍നിന്നും  അവര്‍ക്ക് മോചനം നേടുവാന്‍ കഴിയും. 
Blinding (Novel)
Mircea Cartarescu
Translated From Romanian
Sean Cotter
Pub: Archipelago Books
Brokyln, Newyork
464 pags $2995

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com