ആള്‍ക്കൂട്ട ആക്രമണത്തിനു വിധേയമായ മീശ

നിശിതമായ എതിര്‍പ്പിനിടയിലും വര്‍ഗ്ഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരായ നിലപാടുകളുമായി മുന്നോട്ടു പോകാന്‍ ആഴ്ചപ്പതിപ്പിന് സാധിച്ചതായിരുന്നു 'മീശ' കലാപത്തിന്റെ  ഉള്ളിലെ അജന്‍ഡ.
എസ്. ഹരീഷ്
എസ്. ഹരീഷ്

രാഷ്ട്രീയശേഷിയിലല്ല, പ്രഹരശേഷിയും സ്വാധീനശേഷിയുമാണ് നിര്‍ണ്ണായകം എന്നു കരുതുന്ന സംഘപരിവാര്‍ സംഘടനകള്‍ 'മീശ'യ്ക്ക് എതിരെ നടത്തിയ കലാപം ഒന്നിലേറെ യുദ്ധമാനങ്ങളാണ് നല്‍കിയത്. ഹിന്ദുത്വത്തിന്റെ ആശയപ്രചാരണം ഒരു ലിബറലെന്നു തോന്നിപ്പിക്കുന്ന മാധ്യമത്തിലൂടെ നടത്തണമെന്ന നിഗൂഢ അജന്‍ഡ കൂടി അതിനു പിന്നിലുണ്ടായിരുന്നു. പരസ്യം പിന്‍വലിച്ചും വനിതാമാര്‍ച്ച് നടത്തിയുമൊക്കെ ആ മാധ്യമസ്ഥാപനത്തെ അവര്‍ ആദ്യം പ്രതിരോധത്തിലാക്കി. മാതൃഭൂമി പത്രത്തിന്റെ മൃദുഹിന്ദുത്വ സമീപനത്തില്‍ പൊതുവില്‍ തൃപ്തരായിരുന്ന സംഘപരിവാറുകാര്‍, ആഴ്ചപ്പതിപ്പിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ മുന്‍പേ ഉയര്‍ത്തിയിരുന്നു. നിശിതമായ എതിര്‍പ്പിനിടയിലും വര്‍ഗ്ഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരായ നിലപാടുകളുമായി മുന്നോട്ടു പോകാന്‍ ആഴ്ചപ്പതിപ്പിന് സാധിച്ചതായിരുന്നു 'മീശ' കലാപത്തിന്റെ  ഉള്ളിലെ അജന്‍ഡ.

മീശയുടെ രണ്ടു ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞതിനു ശേഷമാണ് വിവാദമുണ്ടാകുന്നത്. നോവലില്‍ നിന്നടര്‍ത്തിയെടുത്ത സംഭാഷണങ്ങള്‍ ഉപയോഗിച്ച് ഹിന്ദുത്വ സംഘടനകള്‍ വ്യാജപ്രചരണം വന്‍തോതില്‍ നടത്തി. ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകള്‍ ഭോഗാസക്തികള്‍ എന്ന തലക്കെട്ടിട്ടായിരുന്നു ഹരീഷിന്റെ നോവലിനെ ദുര്‍വ്യാഖ്യാനിച്ച് സംഘപരിവാര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. വ്യായാമംകൊണ്ട് ശരീരത്തെ കബളിപ്പിക്കാന്‍ കഴിയാതെ ഹൃദയാഘാതം വന്ന് മരിച്ച ഒരു കഥാപാത്രം പറയുന്ന സംഭാഷണമാണ് ഹരീഷിന്റെ വ്യക്തിപരമായ നിലപാട് എന്ന നിലയ്ക്ക് സംഘപരിവാര്‍ പ്രചരിപ്പിച്ചത്. ഹരീഷിനു നേരെ സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും ഭീഷണികള്‍ വന്നു. ഭാര്യയുടേയും മക്കളുടേയും ഫോട്ടോ ഉപയോഗിച്ച് അപമാനിച്ചു. സമ്മര്‍ദ്ദത്തിനൊടുവില്‍ രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാന്‍ തനിക്ക് ശേഷിയില്ലെന്ന് പ്രഖ്യാപിച്ച് നോവല്‍ ഹരീഷ് പിന്‍വലിച്ചു.

സംഘപരിവാറിനെതിരെ കടുത്ത പ്രതിഷേധമാണ് കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക ലോകത്തുനിന്നും ഉണ്ടാകുന്നത്. എഴുത്തുകാരന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരവധി രാഷ്ട്രീയക്കാരും സാഹിത്യകാരും രംഗത്ത് വന്നിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം സര്‍ക്കാരും ഹരീഷിന് പിന്തുണ പ്രഖ്യാപിച്ചു. പിന്‍വലിച്ച നോവല്‍ പ്രസിദ്ധീകരിക്കാന്‍ 'മലയാളം വാരിക' ഉള്‍പ്പെടെയുള്ളവ രംഗത്തു വന്നു. എന്നാല്‍, പ്രകാശനച്ചടങ്ങുകളൊന്നുമില്ലാതെ നോവല്‍ പുസ്തക രൂപത്തില്‍ ഡി.സി. ബുക്‌സ് പുറത്തിറക്കി. മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാമെന്ന് ഡി.സി. ബുക്സ് അറിയിച്ചിരുന്നു. അങ്ങനെ,  സംഘപരിവാര്‍ വെല്ലുവിളികളോട് വിട്ടുവീഴ്ചയില്ല എന്ന നിലപാടായി മാറി നോവല്‍ അപ്പോള്‍ തന്നെ പുറത്തിറക്കാനുള്ള ഹരീഷിന്റേയും പ്രസാധകരുടേയും തീരുമാനം. 

അതേസമയം, നോവല്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനാവില്ല എന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീംകോടതിയില്‍ കേസ് ജയിച്ചെങ്കിലും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലയില്‍നിന്നും അസിസ്റ്റന്റ് എഡിറ്ററെ മാറ്റി. എഴുത്തുകാരനും സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് മാതൃഭൂമി മാനേജ്മെന്റ് ഈ തീരുമാനം എടുത്തത്.


കഥപറച്ചില്‍ ജനാധിപത്യത്തിന്റെ ഉയര്‍ന്ന രൂപമാണ്. എന്നെ മറ്റുള്ളവര്‍ക്കുവേണ്ടി ഒരു കഥയായി ആവിഷ്‌കരിക്കണമെന്ന തോന്നലാണ് അത്. ഉയര്‍ന്ന പൗരബോധവും ജനാധിപത്യബോധവുമുള്ള സ്വതന്ത്ര രാജ്യങ്ങളാണ് നോവലുകള്‍. അവിടെ കഥാപാത്രങ്ങള്‍ എഴുത്തുകാരുടെ പിടിയില്‍ നിന്നാല്‍ കഥ തീര്‍ന്നു! സ്വതന്ത്രരായ മനുഷ്യന്‍ ജീവിതത്തിലായാലും കഥയിലായാലും എപ്പോഴും യുക്തിപൂര്‍വ്വവും കാര്യകാരണസഹിതവും പെരുമാറണമെന്നും സംസാരിക്കണമെന്നുമില്ല. രാഷ്ട്രീയ ശരികള്‍ മാത്രം പറയുകയും ഇപ്പോള്‍ സംസാരിക്കുന്നതിന് കൃത്യമായ തുടര്‍ച്ച പിന്നെ ജീവിതത്തില്‍ ഉണ്ടാക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്ന ആരെയും ഞാന്‍ കണ്ടുമുട്ടിയിട്ടില്ല. നമുക്ക് അങ്ങനെ ആഗ്രഹിക്കാം. പക്ഷേ, അത് അസംഭവ്യമാണ്. ജീവിതവും കഥയും അസംബന്ധങ്ങള്‍ പറയാനുള്ളതു കൂടിയാണ്- 

എസ്. ഹരീഷ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com