കോട്ടയ്ക്കല്‍ ശശിധരന്റെ പകര്‍ന്നാട്ടം എന്ന ആത്മകഥയെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു

സ്‌നേഹോഷ്മളതയോടെ പ്രതിപാദിക്കുന്ന 'പകര്‍ന്നാട്ടം' എന്ന ഈ 'വലിയ കൃതി' അത് എഴുതിയ കലാകാരന്റെ വലിപ്പം അനുഭവിക്കാന്‍ വായനക്കാരനെ സഹായിക്കുന്നു. 
കോട്ടയ്ക്കല്‍ ശശിധരന്റെ പകര്‍ന്നാട്ടം എന്ന ആത്മകഥയെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു

''ഇംഗ്ലീഷിലെ ഇരുപത്തിയാറ് അക്ഷരങ്ങള്‍ പോലും പഠിക്കാത്ത ഞാന്‍, കഥകളിയിലെ ഇരുപത്തിനാല് മുദ്രകള്‍ ഉപയോഗിച്ച്'' ഓക്സ്ഫഡും കേംബ്രിഡ്ജും ഹാര്‍വാര്‍ഡും ഉള്‍പ്പെടെ ലോകോത്തര യൂണിവേഴ്സിറ്റികളില്‍ ക്ലാസ്സെടുത്തു എന്നോര്‍മ്മിക്കുന്ന കോട്ടയ്ക്കല്‍ ശശിധരന്‍ അതിനൊരു ആമുഖമായി ഈ വരികള്‍ കുറിക്കുന്നു. ''അയ്നെ ബ്‌ടെ നിര്‍ത്താമ്പറ്റ്‌ല്യ. ഒന്നിന്റേങ്കിലും വയറ് കഴിയാന്‍ വഴിണ്ടായാല്‍ അത്രയും ആശ്വാസായി... മാന്വോ, യ്യ് വല്യ പൊലീസൊക്കെ അല്ലെ? അണക്ക് കോട്ടക്കല് നല്ല പരിചോംണ്ട്. കോട്ടക്കലെ വാരരെ കണ്ട് അവ്‌ടെ കതളില് കുട്ട്യാളെ ട്ക്ക്ണ്ണ്ടാച്ചാല്‍  ഇദ്‌നിം കൂടി ചേര്‍പ്പിച്ചാല്‍ നന്നാര്ന്നു. ഓനാണെങ്കില്‍ വെളിച്ചപ്പാടും കൊട്ടും ഒക്കെ വല്യ ഇഷ്ടാ. പൂരാടം നാള്. ആ കൃഷ്ണന്റെ കിരീടം ഒന്ന് തലേല് വെച്ചാ ന്റെ കുട്ടീടെ അരിഷ്ടൊക്കെ തീരും.''

അഞ്ചാമത്തെ ക്ലാസ്സില്‍നിന്ന് ജയിച്ച് ഒന്‍പതു വയസ്സുള്ളപ്പോഴാണ്, ഗ്രാമത്തിലുള്ളവര്‍ ജാന്വേടത്തി എന്ന് വിളിച്ചിരുന്ന ആ അമ്മ വിശേഷിപ്പിച്ചതുപോലെ  ''ഒരു സാമര്‍ത്ഥ്യോംല്ലാത്ത'' ആ ബാലന്‍ പന്തല്ലൂരില്‍നിന്ന് കഥകളി അഭ്യസിക്കാന്‍ പോകുന്നത്. ആ ബാലനിപ്പോള്‍ അറുപതു പിന്നിട്ട ഒരു കുടുംബനാഥന്‍ മാത്രമല്ല, ലോകത്തെങ്ങുമുള്ള അരങ്ങുകള്‍ക്ക് ചിരപരിചിതനായ അതുല്യ കലാകാരനായി ഉയര്‍ന്നിരിക്കുന്നു. അവിടെയെത്താന്‍ താന്‍ പിന്നിട്ട കനല്‍വഴികള്‍, അനുഭവിച്ച സങ്കടങ്ങള്‍, അതിലൂടെ കൈവന്ന മനവ്യോദാരതയും സ്‌നേഹവും 'പകര്‍ന്നാട്ടം' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ആത്മകഥയിലൂടെ കോട്ടയ്ക്കല്‍ ശശിധരന്‍ ദീപ്തമാക്കുന്നു. 

''കോട്ടയ്ക്കല്‍ വിശ്വംഭര സന്നിധിയിലുള്ള പി.എസ്.വി. നാട്യസംഘത്തില്‍നിന്ന് കഥകളി പഠിച്ച് വിശ്വോത്തര കലയെന്ന വിശേഷണം സാധുവാക്കാന്‍വേണ്ടി ലോകാന്തരങ്ങളില്‍ കലായാത്രികനായി'' നടത്തിയ സഫലമായ ആ യാത്ര ആരെയും വിസ്മയിപ്പിക്കും വിധം സംഭവബഹുലമായിരുന്നു. 

''നാട്യസംഘത്തിലെ കോഴ്സിന്റെ അവസാന വര്‍ഷം. കഥകളിയഭ്യാസം കൊണ്ട് ദൃഢമായ ശരീരപ്രകൃതിയും ചെറുപ്പത്തിന്റെ പ്രസരിപ്പും എല്ലാം ചേര്‍ന്ന് എനിക്കല്പം ആകാരഭംഗി വന്നിരുന്നു'' എന്ന് എഴുതുന്നതോടൊപ്പം എട്ടു വര്‍ഷത്തെ അഭ്യാസകാലം  പൂര്‍ത്തിയാകാറായപ്പോഴാണ് ഇനിയെന്ത് എന്ന ചോദ്യം ഉയര്‍ന്നു വന്നതെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. ഒരു തൊഴിലോ അതില്‍നിന്നുള്ള വരുമാനമോ ഇല്ലാത്ത അവസ്ഥ. അങ്ങനെ കഴിയുമ്പോഴാണ് , ആര്യവൈദ്യശാലയില്‍ ചികിത്സയ്ക്കായെത്തിയ ഭരതനാട്യ നര്‍ത്തകനായ രാം ഗോപാലുമായി പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ബോംബയിലേക്കും ഡല്‍ഹിയിലേക്കും ആത്മകഥാകാരന്‍ പോയതും. ഇരുപത്തേഴു ദിവസങ്ങള്‍ക്കു ശേഷം നാട്ടിലേക്കു മടങ്ങുമ്പോള്‍ കോട്ടയ്ക്കലേക്ക് തിരിച്ചുപോയി കൂടുതല്‍ പഠിക്കാന്‍ രാം ഗോപാല്‍ നിര്‍ദ്ദേശിച്ചു. ഒപ്പം മാസം തോറും അറുന്നൂറു രൂപ. തുടര്‍ന്ന് ഒന്‍പതാം വര്‍ഷത്തെ അഭ്യാസം ആരംഭിച്ച കാലത്ത് അപ്പോള്‍ പതിനേഴ് വയസ്സായിരുന്നു- ഗുരു കേളുനായരോടൊപ്പം വിശ്വഭാരതിയിലേക്ക് ആത്മകഥാകാരന്‍ പോയി. അവിടെനിന്നാണ്, ബ്രിട്ടന്‍ സന്ദര്‍ശിക്കാനും കഥകളി അവതരിപ്പിക്കാനുമുള്ള സൗഭാഗ്യം കിട്ടുന്നത്. ഡല്‍ഹിയില്‍ മടങ്ങിയെത്തി ഇന്റര്‍നാഷണല്‍ കഥകളി സെന്ററില്‍ നൂറ്റിയന്‍പതു രൂപ മാസശമ്പളത്തില്‍ ജോലിക്കാരനായി ചേര്‍ന്നു. ''കഥകളി സെന്ററിലെ ജീവിതവുമായി ഒരുവിധം പൊരുത്തപ്പെട്ടുപോവാന്‍ തുടങ്ങി. ഭക്ഷണം അടുത്തുള്ള ഒരു അച്യുതന്‍നായരുടെ ഹോട്ടലിലാണ്. മാസം അന്‍പതു രൂപയ്ക്ക് രണ്ടു നേരം ഭക്ഷണം... സെന്ററില്‍നിന്ന് സമയത്തിന് ശമ്പളം കിട്ടാത്തതുകൊണ്ട് ഹോട്ടലിലെ കടം തീര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല..'' സെന്ററിന്റെ സംഘാംഗമെന്ന നിലയ്ക്ക് പലേടത്തും കഥകളി അവതരിപ്പിച്ചിരുന്നു. രാഷ്ട്രപതിക്ക് മുന്‍പില്‍ കഥകളി അവതരിപ്പിക്കുമ്പോള്‍ അവിടെ സന്നിഹിതയായിരുന്ന മൃണാളിനി സാരാഭായിയുടെ ക്ഷണമനുസരിച്ച് ദര്‍പ്പണ (അഹമ്മദബാദ്)യില്‍ ചേരുമ്പോള്‍, അത് തന്റെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന ബന്ധമായി വളരുമെന്ന് കോട്ടയ്ക്കലിന് സങ്കല്പിക്കാന്‍ കഴിയുമായിരുന്നില്ല. തന്റെ കലാജീവിതത്തെ ഉയരങ്ങളിലെത്തിച്ച ആ ബന്ധം അമ്മയുള്‍പ്പെടെയുള്ള തന്റെ കുടുംബത്തെ പോറ്റാന്‍ ചാലു കീറിയതിനു പുറമെ വിദേശയാത്രയ്ക്ക് അത് അവസരമൊരുക്കുകയും ചെയ്തു. ഷിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളില്‍ കഥകളി അവതരിപ്പിക്കുമ്പോള്‍, ഗുരുതുല്യനായ ചാത്തുണ്ണിപ്പണിക്കരോടും 'മഹാനര്‍ത്തകിയായി താന്‍ ആരാധിച്ചിരുന്ന' മൃണാളിനി സാരാഭായിയോടും അരങ്ങു പങ്കിടുകയുണ്ടായി. 

പതുക്കെപ്പതുക്കെ 'ദര്‍പ്പണ' കോട്ടയ്ക്കല്‍  ശശിധരന്റെ രണ്ടാം ഭവനമായി. അവിടെനിന്ന് ആദ്യമായി 'കൈനിറയെ' ശമ്പളം കിട്ടിയതും സഹപ്രവര്‍ത്തകരായ വെണ്‍മണി ഹരിദാസും കലാമണ്ഡലം ബലരാമനും ഭാസ്‌ക്കരനുമൊത്തു അവിടെ പുതിയൊരു ജീവിതം കരുപ്പിടിപ്പിച്ചതും ശമ്പളത്തിനു പുറമെ അമേരിക്കന്‍ യാത്രയില്‍നിന്നു കിട്ടിയ പ്രതിഫലവും ചേര്‍ത്ത് തന്റെ ഭാവി നന്മ മാത്രം പ്രാര്‍ത്ഥിച്ചു കഴിയുന്ന അമ്മയ്ക്ക് അയച്ചുകൊടുത്തതും അദ്ദേഹം ഓര്‍മ്മിക്കുന്നു. കൂട്ടത്തില്‍ ഡല്‍ഹിയിലെ അച്യുതന്‍ നായരുടെ കടയിലെ കുടിശ്ശിക തീര്‍ത്തുകൊടുക്കാന്‍ മറന്നില്ല. അവധിക്കാലത്ത് നാട്ടിലെത്തുന്ന അദ്ദേഹം ബന്ധങ്ങള്‍ പുതുക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിനിടയിലാണ് തന്റെ ജീവിതത്തെ പരിമളവാഹിയാക്കുന്ന ഒരു കത്ത്, അവധിക്കാലം ചെലവഴിക്കാന്‍ വീട്ടിലെത്തിയതിനെപ്പറ്റി അദ്ദേഹം ഓര്‍മ്മിക്കുന്നു: ''ദേശമംഗലത്തു നിന്നാണെന്ന് പുറത്തെ സീല്‍ കണ്ടപ്പോള്‍ മനസ്സിലായി. കത്തു പൊട്ടിച്ച് വായിച്ചു, നന്ദകുമാരേട്ടന്റെ അനിയത്തി വസന്ത എഴുതിയതാണ്.'' എട്ടു കൊല്ലങ്ങള്‍ക്കു ശേഷം ഹരിദാസും ബലരാമനും ദര്‍പ്പണ വിട്ടതോടെ ഒറ്റപ്പെടല്‍ ശക്തിപ്പെടാതിരിക്കാന്‍ ഒരു കാരണം ജീവിതപങ്കാളിയായെത്തിയ വസന്തയായിരുന്നുവെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. 

ദര്‍പ്പണസംഘാംഗമായി അമേരിക്കയില്‍ നടത്തിയ യാത്ര പിന്നീട് പതിവായി. മൃണാളിനി സാരാഭായിയുടെ മകള്‍ മല്ലികാ സാരാഭായി നര്‍ത്തകിയായി പ്രശസ്തയായതിനു പുറമെ ക്രമേണ ദര്‍പ്പണയുടെ അധിപയായി ഉയര്‍ന്നു. അവര്‍ രൂപംകൊടുത്ത നിരവധി നൃത്തശില്പങ്ങള്‍ രംഗത്തവതരിപ്പിക്കുന്നതില്‍ പങ്കാളിയാവുക മാത്രമല്ല, സ്വന്തം നിലയില്‍ അദ്ദേഹം ചില രചനകള്‍ നടത്തുകയും ചെയ്തിരുന്നു. കുടുംബനാഥനായതോടെ ദര്‍പ്പണയില്‍നിന്നുള്ള പരിമിതമായ വരുമാനം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അപര്യാപ്തമായ സാഹചര്യത്തില്‍, ഒഴിവു സമയത്ത് സ്വകാര്യമായ നിലയില്‍ കുട്ടികളെ പഠിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെ ദര്‍പ്പണയുടെ മേധാവി എതിര്‍ത്തു. വിദേശങ്ങളില്‍നിന്ന് നൃത്താഭ്യാസത്തിനായി നിരവധി പേര്‍ ദര്‍പ്പണയിലെത്തുന്നത് കുറഞ്ഞുതുടങ്ങി. കലാകാരന്മാരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത് ദര്‍പ്പണയുടെ ചുമതലക്കാരിയായ മല്ലികയുടെ സ്വഭാവ പ്രത്യേകതയായി. അമ്മയായ മൃണാളിനി സാരാഭായി അതിനെ മൗനംകൊണ്ട് പിന്താങ്ങി. അതിന്റെ ഫലമായി പ്രശസ്തരായ പലരും അവിടെ നിന്നൊഴിഞ്ഞുതുടങ്ങി. വിദേശയാത്രയില്‍ കിട്ടുന്ന പ്രതിഫലം പോലും മുഴുവനായി കലാകാരന്മാര്‍ക്ക് കിട്ടാത്ത അവസ്ഥ. നിശ്ശബ്ദമായി, ആ മഹാസ്ഥാപനം അപ്രത്യക്ഷമാകുന്നതിന് സാക്ഷിയാവുന്ന ഗ്രന്ഥകാരന്‍ അതേപ്പറ്റി വേദനയോടെയാണ് രേഖപ്പെടുത്തുന്നത്. 

അമേരിക്കയിലേക്കു വീണ്ടും, അതിനെത്തുടര്‍ന്ന് യൂറോപ്പില്‍. അതിനുശേഷം സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് അരങ്ങില്‍ വീണ് ശശിധരന്‍ അവശനാകുന്നത്. മടങ്ങിവന്ന് ചികിത്സയ്ക്കുശേഷം അരങ്ങില്‍ സജീവമാകുന്നതും അരക്കെട്ടിലെ വേദനയുമായി വേഷമാടിത്തീര്‍ക്കുന്നതും ആത്മകഥയില്‍ പ്രതിപാദിക്കുന്നു. എല്ലാ വര്‍ഷവും ആര്യവൈദ്യശാലയില്‍പ്പോയി ചികിത്സ നടത്തുന്നത് അങ്ങനെയാണ് പതിവാകുന്നത്. സബര്‍മതി തീരത്തെ വീട്ടില്‍ കാത്തുകഴിയുന്ന ഭാര്യയും മകന്‍ കീര്‍ത്തിയും. നാട്ടില്‍ അമ്മയും സഹോദരിയും കൊണ്ടു നിറയുന്ന ഗ്രന്ഥകാരന്റെ സ്വകാര്യ ലോകം. ഹൃദ്യമായ ഓര്‍മ്മകള്‍കൊണ്ട് സമ്പന്നമായിരുന്നു. കലാരംഗത്ത് കൈവന്ന നേട്ടങ്ങളിലും അംഗീകാരങ്ങളിലും ഒരിക്കല്‍പ്പോലും അഹങ്കരിക്കാതെ താന്‍ കടന്നുവന്ന വഴികള്‍ എന്നും എപ്പോഴും അദ്ദേഹം ഓര്‍മ്മിച്ചു. അതുകൊണ്ടുതന്നെ ആവശ്യങ്ങളുമായി തന്നെ സമീപിക്കുന്നവര്‍ വെറും കൈയോടെ മടങ്ങാതിരിക്കാന്‍ ശശിധരന്‍ കരുതലെടുത്തിരുന്നു. 

ദര്‍പ്പണയുമായുള്ള ബന്ധം ദുര്‍ബ്ബലമായിരുന്നുവെങ്കിലും ലോകമെങ്ങുമുള്ള അരങ്ങുകളില്‍ തന്നെ എത്തിക്കുകയും കാലുറപ്പിക്കാന്‍ ഇടം തരികയും ചെയ്ത സ്ഥാപനമെന്ന നിലയ്ക്ക് മൃണാളിനിയും മല്ലികയും മോശമായി പെരുമാറുമ്പോള്‍പ്പോലും നീരസം പോലും പ്രദര്‍ശിപ്പിക്കാതെ എല്ലാത്തരം അവഗണനകളും അദ്ദേഹം മനസ്സിലേറ്റി. ആരോടും പരിഭവിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആ കാലഘട്ടത്തില്‍ പ്രസിദ്ധ നര്‍ത്തകരായ  ധനഞ്ജയ-ശാന്ത ദമ്പതിമാരുമായി സൗഹൃദം സ്ഥാപിക്കുന്നത്. അവരുമൊത്ത് പലവട്ടം അദ്ദേഹം അമേരിക്ക സന്ദര്‍ശിച്ചു. ഈ യാത്രകള്‍ക്കിടയിലാണ് ക്ലെയര്‍ മൗണ്ടിലെ പമോനയില്‍ മൃച്ഛകടികം അവതരിപ്പിക്കാന്‍ അദ്ദേഹം ക്ഷണിക്കപ്പെടുന്നത്. അരങ്ങുകളില്‍ ഒതുങ്ങിനിന്ന അദ്ദേഹത്തിന്റെ കലാപ്രകടനം യൂണിവേഴ്സിറ്റികളിലെത്തപ്പെട്ടു. ലോകോത്തര യൂണിവേഴ്സിറ്റിമകളായ കേംബ്രിഡ്ജിലും ഓക്സ്ഫഡിലും ഹാര്‍വാര്‍ഡിലും അദ്ദേഹം കഥകളി അദ്ധ്യാപകനായി. ഒരുപക്ഷേ, മലയാളിയായ ഒരു കഥകളി കലാകാരന്‍ ആദ്യമായാണ്, ആ വിശ്വോത്തര കല വിദേശ യൂണിവേഴ്സിറ്റികളിലെ പഠനവിഷയമാക്കാന്‍ അവസരം കിട്ടുന്നത്. മൂന്നും നാലും മാസങ്ങള്‍ നീണ്ടുപോകുന്ന ആ പഠനക്കളരിയില്‍ പഠിക്കാന്‍ ചെറുപ്പക്കാരും ചെറുപ്പക്കാരികളും പ്രദര്‍ശിപ്പിച്ച കൗതുകവും താല്പര്യവും അതീവ ഹൃദ്യമായാണ് അദ്ദേഹം പ്രതിപാദിക്കുന്നത്. കഥകളിക്കു പുറമെ കൂടിയാട്ടവും ഭരതനാട്യവും കുച്ചിപുഡിയും പല ഘട്ടങ്ങളിലായി അഭ്യസിച്ചത് അദ്ദേഹത്തിന്റെ കലാവ്യക്തിത്വത്തിന് കൂടുതല്‍ തിളക്കം നല്‍കിയതിനു പുറമെ അദ്ധ്യാപകനെന്ന നിലയ്ക്ക് താന്‍ പഠിക്കുന്ന വിഷയങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാനും അതുമൂലം അദ്ദേഹത്തിനു സാധിച്ചു. ആത്മകഥാകാരന്‍ ഇങ്ങനെ തിരിഞ്ഞുനോക്കുന്നു: ''സ്വപ്നം കാണാനാവാത്ത നേട്ടങ്ങള്‍ ജീവിതത്തില്‍ എനിക്കുണ്ടായിട്ടുണ്ട്. ലോകോത്തര സര്‍വ്വകലാശാലകള്‍ എന്നെയും എന്നിലെ കലാകാരനേയും അംഗീകരിച്ചിരിക്കുന്നു. കഥകളി എന്ന നാലക്ഷരം പല വന്‍കരകളിലും എത്തിക്കാന്‍ എനിക്കു കഴിഞ്ഞു. പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ ചോദിക്കാറുണ്ട്, ''മാധവാ നീ എന്നെ ഇനിയും പരീക്ഷിക്കാനായിട്ടല്ലല്ലോ ഇത്രയും സന്തോഷം തന്നത്?'' അങ്ങനെ സ്വന്തം ജീവിതത്തേയും അനുഭവങ്ങളേയും സത്യസന്ധതയോടെ, സ്‌നേഹോഷ്മളതയോടെ പ്രതിപാദിക്കുന്ന 'പകര്‍ന്നാട്ടം' എന്ന ഈ 'വലിയ കൃതി' അത് എഴുതിയ കലാകാരന്റെ വലിപ്പം അനുഭവിക്കാന്‍ വായനക്കാരനെ സഹായിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com