പ്രകൃതിയുടെ ജീവിതച്ഛായ: 'പെയിന്റിങ് ലൈഫ്' എന്ന സിനിമയെക്കുറിച്ച്

പ്രകൃതിയുടെ ജീവിതച്ഛായ: 'പെയിന്റിങ് ലൈഫ്' എന്ന സിനിമയെക്കുറിച്ച്

ഹിമാലയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ഉള്‍ഗ്രാമത്തിലാണ് കഥ നടക്കുന്നത്

''Cinema is the ultimate pervert art. It doens't give you what you desire, it tells you how you desire'
-Slavoj Zizck'
                                 
ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ എന്ന നോവലില്‍ സിദ്ധാര്‍ത്ഥന്‍ ഒഴുകുന്ന ജലത്തിലേക്ക്, സുതാര്യമായ ഹരിതത്തിലേക്ക്, സ്ഫടികരേഖകള്‍കൊണ്ടെന്ന പോലുള്ള വിസ്മയാവഹമായ രൂപഭാവങ്ങളിലേക്ക് പ്രേമപൂര്‍വ്വം നോക്കുന്ന സന്ദര്‍ഭം വിവരിക്കുന്നുണ്ട്. ''അത്യുജ്ജലങ്ങളാം മുത്തുകള്‍ അതിന്റെ അഗാധതയില്‍നിന്നും ഉയര്‍ന്നുവരുന്നത്, കണ്ണാടി പോലുള്ള ഉപരിതലത്തില്‍ കുമിളകള്‍ ഒഴുകിനടക്കുന്നത്, ആകാശനീലിമ അതില്‍ പ്രതിഫലിക്കുന്നത് അവന്‍ കണ്ടു. ഒരായിരം നയനങ്ങളാല്‍, ഹരിതശുഭ്ര സ്ഫടിക ആകാശനീല നയനങ്ങളാല്‍ നദി അവനെ നോക്കി. എത്ര തീവ്രമായി താനീ നദിയെ പ്രേമിക്കുന്നു. എത്ര ശക്തമായി അതുതന്നെ വശീകരിക്കുന്നു. അതിനോട് താനെന്തുമാത്രം കൃതാര്‍ത്ഥനാണ്. തന്റെ ഹൃദയത്തില്‍ നവമായി ഉണര്‍ന്ന ആ ശബ്ദം അവന്‍ കേട്ടു. അതവനോട് പറഞ്ഞു. ഈ നദിയെ പ്രേമിക്കുക. ഇതിന്റെ സാമീപ്യത്തില്‍ വസിക്കുക. ഇതില്‍നിന്നും പഠിക്കുക.'' സിദ്ധാര്‍ത്ഥയില്‍ നിറഞ്ഞ് പരക്കുന്ന ഈ ഇമേജറിയെ അന്വര്‍ത്ഥമാക്കുകയാണ് ബിജുകുമാര്‍ ദാമോദരന്‍ സംവിധാനം നിര്‍വ്വഹിച്ച ഇംഗ്ലീഷ് സിനിമ 'പെയിന്റിങ് ലൈഫ്.'

ഹിമാലയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ഉള്‍ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഉള്‍ക്കുളിരേറ്റുന്ന ഗൂഢവും അതിസുന്ദരവുമായ ആ വനസ്ഥലിയിലേക്ക് പുതിയ സിനിമയിലേക്കുള്ള ചേരുവയെന്ന നിലയില്‍ ഒരു ഗാനരംഗ ചിത്രീകരണത്തിനായി ബോളിവുഡ് സംവിധായകനും (പ്രകാശ് ബാരെ) സംഘവും എത്തുകയാണ്. അയാള്‍ക്കൊപ്പം പ്രധാന നടി അപര്‍ണയും (റിധാബരി ചക്രബര്‍ത്തി) ഛായാഗ്രാഹകനും (രവി സിങ്) സഹസംവിധായകരുമാണുള്ളത്. അഞ്ചുദിവസത്തെ ഷൂട്ടിങ്ങിനായി യൂണിറ്റ് റെഡിയാക്കാനുള്ള തയ്യാറെടുപ്പിനായി പ്രൊഡക്ഷന്‍ കണ്‍ട്രോളറുമുണ്ട്. പ്രദേശത്ത് ആകെയുള്ള ഗസ്റ്റ്ഹൗസിലാണ് സംഘത്തിന്റെ താമസം. പ്രകൃതിയുടെ എയര്‍കണ്ടീഷനിങ്ങില്‍ സ്വയം നഷ്ടപ്പെടുന്ന അവരിലേക്ക് ഭീതിതമായ ഒരു വാര്‍ത്ത വരുന്നു. കഠിനമായ മഴയിലും വെള്ളപ്പാച്ചിലിലും പാലങ്ങള്‍ തകരുകയും വൈദ്യുതി നിലയ്ക്കുകയും ചെയ്തിരിക്കുന്നു. ഷൂട്ടിങ്ങ് മുടങ്ങുമെന്ന് മാത്രമല്ല, അവരുടെ തിരിച്ചുപോക്കുപോലും തടയപ്പെട്ടിരിക്കുകയാണ്. പ്രതിസന്ധിയുടേയും നിരാശാബോധത്തിന്റേയും മെലിഞ്ഞൊഴുക്കിലേക്ക് ഒരു പ്രവാഹത്തെ സിനിമയിവിടെ സൂക്ഷിച്ചിട്ടുണ്ട്.

സൗദ്യ അറേബ്യയില്‍ ബിസിനസ് ചെയ്യുന്ന നാസര്‍ (ശങ്കര്‍ രാമകൃഷ്ണന്‍) ഗസ്റ്റ് ഹൗസിലെ മറ്റൊരു മുറിയിലുണ്ട്. അയാള്‍ സംവിധായകന്റെ ആരാധകനാണുതാനും. കണക്ടിവിറ്റി കൈമോശം വന്നതിനാല്‍ അതിദുര്‍ബ്ബലനും അക്ഷമനുമായി മാറിയ നാസര്‍ സിനിമാ സംഘത്തില്‍ അഭയം തിരയുന്നു. തണുപ്പിന്റെ നിശാപടലങ്ങളിലേക്ക് ചൂടുവീഞ്ഞൊഴുക്കി അയാളാ നിരാശപൊതിഞ്ഞ ആമ്പിയന്‍സഴിച്ചുമാറ്റുന്നു. മദ്യമധുരമനോജ്ഞമായ ആര്‍പ്പുവിളികളിലും ഗാനാലാപനത്തിലുമായി മുന്നോട്ട് നീങ്ങുന്ന അവര്‍ക്ക്, ആ ആഘോഷങ്ങള്‍ക്ക് പ്രകൃതിയുടെ ഒരു തിരുത്ത്/തുരുത്ത് ഗസ്റ്റ്ഹൗസിലെ മുറിയില്‍ തന്നെയുണ്ട്, നാസറിന്റെ സഹധര്‍മ്മിണി (ഗീതാഞ്ജലി ഥാപ്പ)യാണത്.  അവരിലൂടെയാണ് പെയിന്റിങ് ലൈഫിന്റെ ക്രാന്തദര്‍ശിത്വമുള്ള കഥ പുരോഗമിക്കുന്നത്.

ഗസ്റ്റ്ഹൗസിലെ അവധൂത
''ജീവിതം ഒരു മഹാത്ഭുതമാണ്, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി കരുതിവെയ്ക്കുന്നു'' എന്ന് ചിദംബരസ്മരണയ്ക്ക് ആമുഖമായി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതുന്നുണ്ട്. ഗാനചിത്രീകരണത്തിനായെത്തുന്ന സംവിധായകനായി ചില കരുതിവെക്കലുകള്‍ പ്രകൃതി ഒരുക്കുകയാണിവിടെ. അതില്‍ അതിപ്രധാന ഘടകമാണ് നായിക. രണ്ട് സ്ത്രീകളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. ഒരാള്‍, ഗാനരംഗത്തില്‍ അഭിനയിക്കാനായെത്തിയ നടി അപര്‍ണയാണ്. ഗ്രാമത്തിലേക്കുള്ള യാത്രയിലേ അവരുടെ സ്വഭാവം വ്യക്തമാക്കുന്ന സീനുകളുണ്ട്. ബാഹ്യവും പരിഷ്‌കൃതവുമായ സ്വയം ബോധത്തിന്റെ സെല്‍ഫിത്തടവിലാണവള്‍. മനോഹരമെന്ന് തോന്നിയിടങ്ങളിലും ഗ്രാമജീവിതങ്ങള്‍ക്ക് നടുവിലും നിന്ന് മുഖം വിടര്‍ത്തി സെല്‍ഫിയെടുക്കുകയാണ് അപര്‍ണയുടെ കൗതുകങ്ങളിലൊന്ന്. അതായത്, തന്റെ പ്രദര്‍ശനോത്സുകതകളിലേക്കുള്ള വസ്തു(ഒബ്ജക്ട്)വായി മാത്രമേ അവള്‍ ആ പ്രകൃതിയെ/മനുഷ്യനെ വീക്ഷിക്കുന്നുള്ളൂ. ഏതു വിധേനയും ഷൂട്ടിങ് പൂര്‍ത്തിയാക്കി തനിക്ക് കൂടുതല്‍ മൈലേജ് ലഭിക്കാവുന്ന സിനിമയിലേക്കുള്ള തിരിച്ചിറക്കമാണവളുടെ ലക്ഷ്യം. അതിന്റെ നഷ്ടബോധവും പേറി സ്വയം ശപിച്ചാണ് പ്രകൃതിത്തടവിന്റെ ദിനരാത്രങ്ങളില്‍ അവളവിടെ ജീവിക്കുന്നതും. 
രണ്ടാമത്തെയാളാണ് കഥയിലെ നായിക. അവള്‍ക്ക് സിനിമയില്‍ പേരില്ല. ജീവിതത്തില്‍ ആദ്യമായാണവള്‍ ആ താഴ്വരയിലെത്തുന്നത്. എന്നാല്‍ അവിടുത്തെ പ്രകൃതി അവള്‍ക്ക് പച്ചവെള്ളം പോലെ പരിചിതമാണ്. ഓരോ പുല്‍ക്കൊടികളിലും മലമടക്കുകളിലും അവള്‍ നഷ്ടപ്പെട്ടെന്നു കരുതിയ തന്നെത്തന്നെ തിരയുകയാണ്. നാസറിലെ കച്ചവടക്കാരന് അവളിലെ അവധൂതപ്രകൃതിയെ തിരിച്ചറിയാനുള്ള കെല്‍പ്പില്ല, സമയവുമില്ല. എന്നാല്‍ അതിവേഗത്തില്‍ സംവിധായകന്‍ തന്റെ പ്രവാചകയെ ദര്‍ശിക്കുന്നു. ഒരുമിച്ചുള്ള സമാഗമങ്ങളിലും വഴിനടത്തങ്ങളിലും പരസ്പരമവര്‍ തിരയുന്നത് അന്യമായിക്കഴിഞ്ഞ അസ്വസ്ഥതകളില്‍ നിന്നുള്ള വീണ്ടെടുപ്പു തന്നെയാണ്. 

സംവിധായകന്റെ കുടുംബജീവിതം ഭദ്രമല്ല. വാണിജ്യ സിനിമകളുടേയും ആരാധകരുടേയും തടവിലാണയാളുടെ ജീവിതം. വിരസവും ആവര്‍ത്തന സ്വഭാവമുള്ളതുമായ അയാളുടെ കാഴ്ചകളിലേക്ക് അവധൂതയായാണ് നായികയെത്തുന്നത്. മലകള്‍ക്കപ്പുറം മറഞ്ഞുകിടക്കുന്ന ദുരൂഹതകളെ, സൗന്ദര്യത്തെ, രാഷ്ട്രീയത്തെ ദ്രുതവേഗത്തില്‍ അവള്‍ അയാളിലേക്ക് പകര്‍ത്തുകയാണ്. അതിനായാണ് ഇരുവരുമൊത്ത് ബുദ്ധവിഹാരകേന്ദ്രത്തിലേക്കുള്ള യാത്ര അരങ്ങൊരുങ്ങുന്നത്. നടന്ന് വിയര്‍ത്ത് തളര്‍ന്നുനീങ്ങിയ യാത്ര സംവിധായകനില്‍ കത്തുന്ന ഒരു രഥചക്രമായിത്തീര്‍ന്നു. വിമലീകരിക്കപ്പെടുന്ന അയാളുടെ ചിന്തകളിലേക്ക് നവധാരയുടെ മറ്റൊരു വന്മല പതിയെപ്പതിയെ സ്വയംഭൂവാകുകയായിരുന്നു.

നാസറില്‍നിന്ന് നക്ഷത്രവര്‍ഷങ്ങളുടെ ദൂരമാണ് അയാളുടെ ഭാര്യയിലേക്ക്. നാസറിനതറിയാവുന്നതും അതിലയാള്‍ വഴക്കിടുന്നതുമാണ്. ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ട ആദ്യനിമിഷങ്ങളില്‍ത്തന്നെ തിരിച്ചുപോകാന്‍ തയ്യാറെടുക്കുന്ന നാസറിനോട് ഒപ്പം വരുന്നില്ലെന്ന ദൃഢനിശ്ചയം പ്രാഥമികമായി എടുക്കാന്‍ അവള്‍ തയ്യാറാകുന്നുണ്ട്. തന്റെ ചേതനയില്‍ ചേരാനുള്ള ദ്വന്ദ പ്രകൃതികള്‍ അവിടെത്തന്നെ നിശ്ചയമാണെന്നും അതില്‍ ലയിക്കലാണ് ആത്മദൗത്യമെന്നും ഹ്രസ്വനേരമെങ്കിലും അവള്‍ മനസ്സില്‍ കരുതുകയാണ്. എന്നാല്‍, ഏതൊരു സ്ത്രീയും അകപ്പെടുന്ന നിസ്സഹായതയുടെ ഇരുള്‍ക്കയത്തില്‍ കറുത്ത വസ്ത്രത്തില്‍ പൊതിഞ്ഞ് അവള്‍ ആഴ്ന്നിറങ്ങുന്നു. അയാളോടൊപ്പം അനുസരണയുള്ള യന്ത്രപ്രതിമയെന്നോണം അവള്‍ തിരിഞ്ഞുനടക്കുന്നത് പ്രേക്ഷകനില്‍ നിരാശയുണ്ടാക്കുമായിരിക്കാം, എങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നല്ല!

'പെയിന്റിങ് ലൈഫ്' നിരവധി സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയാണ് പ്രകൃതിജീവനത്തിന്റെ പ്രതിരോധങ്ങളുടെ കഥ പറയുന്നത്. അതില്‍ ഏറ്റവും സുതാര്യം നായികയൊത്തുള്ള സംവിധായകന്റെ യാത്രയും വര്‍ത്തമാനങ്ങളുമാണ്. കറുത്ത പര്‍ദ്ദയ്ക്കുള്ളില്‍ ചങ്ങലക്കിട്ട വര്‍ണ്ണാഭമായ ചിന്താസൗന്ദര്യങ്ങളെ സ്വതന്ത്രമാക്കുകയാണ് ഡോ. ബിജു ഈ കഥാപാത്രത്തിലൂടെ നടത്തുന്നത്. മതധാര്‍മ്മികതകളുടെ ഉളളറകളില്‍ കഴിയുന്ന മുസ്ലിം സ്ത്രീ എന്ന പരിപ്രേക്ഷ്യത്തെ ഒരവധൂതയിലൂടെ അട്ടിമറിക്കുകയാണ്, രോഗശമനത്തിനുള്ള ഔഷധം രോഗബാധിതയില്‍ത്തന്നെ കണ്ടെത്തുകയാണിവിടെ. ഇതാണ് സിനിമയുടെ പ്രത്യക്ഷമായ പുരോഗമന മുഖം.

പ്രകൃതി എന്ന പാഠപുസ്തകം
പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കലാണ് ക്രിയാത്മകതയുടെ പരകോടിയെന്ന് ഓര്‍മ്മപ്പെടുത്തുന്ന നിരവധി സന്ദര്‍ഭങ്ങള്‍ സിനിമയിലുണ്ട്. വഴിമുടക്കിയ പ്രകൃതിയുടെ സ്ഫടികസമാനമായ/പ്രതിഫലിപ്പിക്കുന്ന 'പ്രകൃതി' തൊട്ടറിയലാണ് അവധൂതനായിക സംവിധായകനു നല്‍കുന്ന പാഠം. ഒന്നാമധ്യായം അവള്‍ തന്നെ ആരംഭിക്കുകയാണ്. വിദൂരമായ ഗിരിസഞ്ചയത്തിനപ്പുറമുള്ള ബുദ്ധ മൊണാസ്ട്രിയിലേക്ക് അയാളെ അവള്‍ നയിക്കുന്നു. ജീവിതം പോലെ ആരോഹണാവരോഹണങ്ങള്‍ നിറഞ്ഞ, ദുര്‍ഘടങ്ങള്‍ നിറഞ്ഞ കാനനപന്ഥാവില്‍ അടിക്കടി സംവിധായകന്‍ തന്റെ ഫ്രെയിമുകള്‍ തിരയുകയാണ്. മൊണാസ്ട്രിയുടെ തലവനും ഭിഷഗ്വരനുമായ ഭിക്ഷുവിനെ പരിചയപ്പെടുന്നതോടെ, സംവദിക്കുന്നതോടെ വൈഡ് ഷോട്ടില്‍ നിശ്ചലമായിരുന്ന സംവിധായകനിലെ ക്യാമറ പാന്‍ചെയ്ത് തുടങ്ങുകയാണ്. പ്രസവവേദനയനുഭവിക്കുന്ന ഗ്രാമീണ സ്ത്രീയുടെ കുടിലിലേക്ക് ആ രാത്രി ഭിക്ഷുവിനൊപ്പം ഇറങ്ങിത്തിരിക്കുന്ന സംവിധായകന് തന്റെ ദൗത്യത്തിലേക്കുള്ള പലായനത്തിന്റെ ആവശ്യകത മനസ്സിലായിട്ടുണ്ട്. അങ്ങനെ ആദ്യമായി അയാള്‍ ഒരു പ്രസവത്തിന് സാക്ഷിയാകുന്നു. ഉര്‍വരതയുടെ സംഗീതത്താല്‍ അപ്പോള്‍ മാത്രം ജനിച്ചുവീണ കുഞ്ഞ്, പിറവിക്ക് പരിസരമൊരുക്കിയ പ്രകൃതി എല്ലാം സംവിധായകനില്‍ നിറയുകയാണ്.

പ്രകാശ് ബാരെ, ഡോ. ബിജു, റിധാബരി ചക്രബര്‍ത്തി എന്നിവര്‍
പ്രകാശ് ബാരെ, ഡോ. ബിജു, റിധാബരി ചക്രബര്‍ത്തി എന്നിവര്‍

വനമധ്യത്തിലെ ചെറുഗ്രാമത്തില്‍നിന്ന് സിനിമാസംഘം വേട്ടയ്ക്ക് പോകുന്ന സീക്വന്‍സുകള്‍ സിനിമയിലുണ്ട്. പ്രഗല്‍ഭനായ വേട്ടക്കാരനൊപ്പം ഹോട്ടല്‍ തൊഴിലാളിയും ഗ്രാമവാസിയുമായ ടെന്‍സിങ്ങാണ് അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്. ഇവിടെ സംവിധായകന് മാത്രമല്ല, അയാളുടെ ക്രൂവിനാകെ പ്രകൃതിയൊരുക്കുന്ന വനപാഠം ശ്രദ്ധിക്കേണ്ടതുണ്ട്. ആഹ്ലാദപ്രകടനമായി തുടങ്ങി വിലാപയാത്രയില്‍ അവസാനിക്കേണ്ട ജീവിതത്തിന്റെ തന്നെ വേട്ടയാണ് ആ യാത്ര. തങ്ങള്‍ അഭിമുഖീകരിച്ചിരുന്ന ഉപരിശ്രേണിയുടെ സ്റ്റാറ്റസ് അപ്പാടെ നിരാകരിക്കാനും മണ്ണിലേക്ക് സ്വയം പടര്‍ത്താനും അമിതവേഗത്തിന്റെ നൈരന്തര്യങ്ങളുപേക്ഷിച്ച് ക്ഷമയുടെ പ്രതലസൂക്ഷ്മത നിലനിര്‍ത്താനും വേട്ടക്കാരന്‍ അയാളുടെ ജീവിതം തന്നെ വേട്ടയാടിക്കൊടുക്കുന്ന അപൂര്‍വ്വതയിലേക്ക് സിനിമ സഞ്ചരിക്കുകയാണ്. ഇവിടെയൊക്കെ പ്രകൃതിയെ പ്രതിരോധത്തിന്റെ ഒരാവരണമായി നിലനിര്‍ത്തുകയാണ് സംവിധായകന്‍. സ്വന്തം ജീവിത ദൗത്യത്തെ/ലക്ഷ്യബോധത്തെ തെളിഞ്ഞുകാണാനുള്ള കണ്ണാടിയായി കഥപറയുന്ന ഭൂമികയെ അവതരിപ്പിക്കുന്നു എന്നത് വലിയ രാഷ്ട്രീയ ശരികളിലൊന്നാണ്. 'പെയിന്റിങ് ലൈഫി'ന്റെ അന്ത്യത്തില്‍ നായകനായ സംവിധായകന്‍ ചെയ്യുന്നതും മറ്റൊന്നല്ല. 

ഉള്‍സിനിമാ വിമര്‍ശനങ്ങള്‍ 
നിങ്ങള്‍ എന്തിനാണ് പാട്ട് ചിത്രീകരിക്കുന്നത്? നിങ്ങള്‍ എന്തിനാണ് സിനിമയെടുക്കുന്നത്? മൊണാസ്ട്രി യാത്രയ്ക്കിടെ നായിക സംവിധായകനോട് ചോദിക്കുകയാണ്. എന്റെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ എന്നതാണ് അയാളുടെ മറുപടി. പ്രേക്ഷകര്‍ തൃപ്തരായാല്‍ സ്വയം സംതൃപ്തനാകുമോ, ഇത്രയും മനോഹരമായ സ്ഥലത്തെ ഒരു ഗാനത്തിനായി മാത്രം ഉപയോഗപ്പെടുത്തേണ്ടതുണ്ടോ? ഇവിടുത്തെ കഥ/രാഷ്ട്രീയം സിനിമയാക്കരുതോ? നിങ്ങള്‍ക്ക് മേധാപഠ്കറെ അറിയാമോ?... നദിക്കരയിലെ ചോദ്യങ്ങള്‍ക്ക് കനം വെയ്ക്കുകയാണ്. 

സമകാല/സകലകാല കൊമേഴ്സ്യല്‍ സിനിമാ വ്യവസായത്തെ നിശിതമായി വിമര്‍ശിക്കുകയാണ് ഇവിടെ ഡോ. ബിജു. സിനിമാ ലോകത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ അത് ആത്മവിമര്‍ശനപരമാണ്. അത്രമാത്രം പുഴുക്കുത്തുകള്‍ ഇവിടുത്തെ സിനിമാ വ്യവസായത്തെ മലീമസമാക്കുന്നുണ്ട്. ഒരു സിനിമാപ്രേക്ഷക പോലുമല്ല ഇവിടെ നായിക. ഞാന്‍ നിങ്ങളുടെ സിനിമകള്‍ കണ്ടിട്ടില്ലെന്നവര്‍ തുറന്നുപറയുന്നുമുണ്ട്. അങ്ങനെയൊരാളെക്കൊണ്ട് വാണിജ്യ വ്യവസായത്തില്‍ അഭിരമിച്ചിരിക്കുന്ന സിനിമാ ബോധത്തെ ചോദ്യം ചെയ്യിക്കുന്നതില്‍ കൃത്യമായ രാഷ്ട്രീയവുമുണ്ട്. കല ആര്‍ക്കുവേണ്ടി/എന്തിനുവേണ്ടി എന്നത് പ്രധാനമാണല്ലോ. നിരവധി ജനകീയ സമരങ്ങള്‍ നടന്ന, സായുധാക്രമണങ്ങള്‍ നടന്ന, ജനജീവിതം തിരസ്‌കരിക്കപ്പെട്ട ഒരു പ്രദേശത്തെ നിങ്ങള്‍/സിനിമാക്കാര്‍ എങ്ങനെയാണ് അടയാളപ്പെടുത്തുക എന്നതാണ് അതിലെ സൂക്ഷ്മരാഷ്ട്രീയം.

ഗ്രാമവാസികള്‍ ടിവിയോ സിനിമയോ കണ്ടിട്ടില്ലെന്ന് മനസ്സിലാക്കുന്ന സഹസംവിധായകന്‍ തന്റെ ലാപ്ടോപ്പില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ഭാഗം നോക്കുക. ആളുകളെ ഇപ്പോള്‍ അത്ഭുതപരതന്ത്രരാക്കിക്കളയാമെന്ന അയാളുടെ വ്യാമോഹത്തിന് മുഖത്തടിയേല്‍ക്കാന്‍ അധികനേരം വേണ്ടിവന്നില്ല. ഓരോരുത്തരായി ഇറങ്ങിപ്പോകുകയും യന്ത്രം അവശേഷിക്കുകയും ചെയ്തു. യന്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ദൃശ്യങ്ങള്‍ തങ്ങള്‍ക്കായി ഒന്നും കരുതിവെയ്ക്കുന്നില്ലെന്ന് എളുപ്പത്തില്‍ തിരിച്ചറിഞ്ഞ ഗ്രാമീണരുടെ പത്തിലൊന്ന് യുക്തി ദൃശ്യനിര്‍മ്മാതാക്കള്‍ക്കില്ലാതെ പോയെന്ന് ഈ സന്ദര്‍ഭം ഓര്‍മ്മപ്പെടുത്തുന്നു. യന്ത്രവും കലയും തമ്മിലുള്ള വ്യത്യാസം വിഭവശേഷിയുടെ സമാഹരണത്തെ മുന്‍നിര്‍ത്തിയല്ലെന്നും അതിന്റെ പുനരുല്പാദനത്തെ കേന്ദ്രീകരിച്ചാണെന്നുമുള്ള തിരിച്ചറിവിലേക്ക് ഒരു ഫിലിം മേക്കര്‍ എത്തേണ്ടതുണ്ട്. താനൊരു യന്ത്രമാണെന്ന ബോധത്തിലേക്ക് സംവിധായകനെ വിചാരണചെയ്യാന്‍ നായികയ്ക്ക്/അവളൊരുക്കിയ പ്രകൃതിക്ക് കഴിയുന്നുവെന്നതിന്റെ സാക്ഷ്യമാണ് ചിത്രീകരണത്തിനായുള്ള സാധ്യത തെളിയുമ്പോള്‍ ആ ഉദ്യമത്തില്‍നിന്നുള്ള അയാളുടെ പിന്‍മാറ്റം. ഇങ്ങനെ സിനിമയ്ക്കുള്ളില്‍ നിന്നുതന്നെ സിനിമയെ ആഴത്തില്‍ വിമര്‍ശിക്കുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു 'പെയിന്റിങ് ലൈഫ്.'

സിക്കിമിലാണ് സിനിമ ചിത്രീകരിച്ചത്. രണ്ട് നദികള്‍ക്ക് 48 അണക്കെട്ടുകളുടെ ഭാരമേല്‍ക്കേണ്ടിവന്ന പ്രദേശമാണത്. കൂണ്‍ പോലെ മുളച്ച് ജീവിതം ദുസ്സഹമാക്കിയ ഡാമുകള്‍ക്കെതിരെ പ്രദേശവാസികള്‍ രംഗത്തിറങ്ങി. അവര്‍ സമരം ചെയ്തു. സമരങ്ങളെ നേരിടുന്ന വിചിത്രമായ ഒരു ഭരണകൂട രീതിയുണ്ടല്ലോ. അത്തരത്തില്‍ സായുധമായാണ് ഈ സമരത്തെ സര്‍ക്കാര്‍ പ്രതിരോധിച്ചത്. കുടികിടപ്പിനുവേണ്ടി ശബ്ദമുയര്‍ത്തിയ ഗ്രാമീണരെ പട്ടാളം ബന്ദികളാക്കി കൊണ്ടുപോയി. അവരാരും പിന്നീടൊരിക്കലും തിരിച്ചുവന്നില്ല. അങ്ങനെ അനാഥമയ ഒരു ഗ്രാമത്തിന്റെ, നിരാലംബമായ ആ പ്രകൃതിയുടെ രാഷ്ട്രീയമാണ് സിനിമ ആവിഷ്‌കരിക്കുന്നത്. 

ടെന്‍സിങ്ങിന്റെ വാക്കുകളിലൂടെയാണ് ഗ്രാമത്തെ വിഴുങ്ങിയ ഭരണകൂട ഭീകരത വ്യക്തമാകുന്നത്. അയാളും ആ പോരാട്ടത്തിന്റെ ഇരകളിലൊരാളാണ്. ആനന്ദത്തിന്റേയും ആത്മസംതൃപ്തിയുടേയും നിഴല്‍പോലുമേല്‍ക്കാത്ത ഗ്രാമീണരുടെ അതിജീവനം അവരുടെ മുഖഭാവം പോലെ ദാരുണമാണ്. ഗസ്റ്റ് ഹൗസിലേക്ക് പാലുമായെത്തുന്ന കുട്ടികളുടെ വീട്ടിലെത്തുന്ന സംവിധായകന്‍ അവരുടെ അനാഥബാല്യവും അനുഭവിക്കുന്ന സംഘര്‍ഷങ്ങളും തിരിച്ചറിയുന്നുണ്ട്. എന്നാല്‍, അവരോടൊപ്പം സെല്‍ഫിയെടുക്കുന്നതിനിടയില്‍ പാല്‍ തട്ടിമറിക്കുന്ന സിനിമാനടി അതറിയുന്നതേയില്ല. പാല്‍ മറിഞ്ഞതിലല്ല, തന്റെ ആഢ്യമുദ്ര പേറുന്ന ഷൂവില്‍ അതിന്റെയംശം പതിഞ്ഞതിലാണ് അവര്‍ക്ക് സങ്കടം. ഇങ്ങനെ വിവിധ ധ്രുവങ്ങളിലായി ഇവരുടെ വിരുദ്ധമായ രാഷ്ട്രീയ ധാരണ അടിവരയിടുവാനും ഇവിടെ സിനിമ ശ്രമിക്കുകയാണ്. 

സിക്കിമിന്റെ പശ്ചാത്തല സൗന്ദര്യം ആഴത്തില്‍ പകര്‍ത്തിയ ക്യാമറ പെയിന്റിങ് ലൈഫിന്റെ വിഷയാവതരണത്തില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. എം.ജെ. രാധാകൃഷ്ണനാണ് ഛായാഗ്രാഹകന്‍. മനോഹര ഭൂപ്രകൃതി കയ്യില്‍ കിട്ടിയാല്‍ എക്സ്ട്രീം ലോങില്‍ അധികം ഷോട്ടുകള്‍ പ്ലാന്‍ ചെയ്യാനാണ് ഏതു ക്യാമറാമാനും ശ്രമിക്കുക. അന്തരീക്ഷത്തിന്റെ പ്രലോഭനത്താലും വര്‍ണ്ണസങ്കരങ്ങളുടെ ലാവണ്യത്താലും കഥാപാത്രങ്ങളെ വസ്തുവിലേക്ക് ചുരുക്കുന്ന ആ അതിവിദൂരക്കാഴ്ച നാമെത്ര കണ്ടതാണ്. എന്നാല്‍, ഇവിടെ സാധാരണ ലോങ് ഷോട്ടുകള്‍ പോലും പരിമിതമാണ്. മിഡ് ഷോട്ടുകളിലാണ് ക്യാമറ നങ്കൂരമിടുന്നത്. ഓരോ ഷോട്ടും ചുവരില്‍ തൂക്കിയ ചിത്രമായി, ക്യാന്‍വാസില്‍ പൂര്‍ണ്ണമായ ഒരു പെയിന്റിങായി പ്രേക്ഷകന് അനുഭവപ്പെടും. മിഡ് ഷോട്ടിന്റെ ഒരു പ്രത്യേകത കഥാപാത്രങ്ങളുടെ സ്വഭാവ ചലനങ്ങളെ പിടികൂടാമെന്നതാണ്. താന്‍ ഉന്നയിക്കുന്ന വിഷയത്തില്‍നിന്നും ഡോ. ബിജു ഒരു ഘട്ടത്തിലും ഫോക്കസ് ഔട്ട് ആകുന്നില്ലെന്നത് ഷോട്ട് പ്ലാനിങ്ങിലുള്‍പ്പെടെ കൃത്യമാണ്. സംവിധായകന്റെ സിനിമയാണ് 'പെയിന്റിങ് ലൈഫ്'. സകല മേഖലകളിലും ആ കയ്യൊതുക്കവും കൃതഹസ്തതയുമുണ്ട്. മാര്‍ക് ചാന്‍ സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തല സംഗീതം പോലെ ഉപരിതലത്തില്‍ നിറഞ്ഞുപരക്കുന്ന അരുവികണക്കെയാണതിന്റെ ഒഴുക്ക്. അതേസമയം, അടിയൊഴുക്കിന്റെ അന്തര്‍ധാര സൂക്ഷിക്കുന്നുമുണ്ട്. ഇവിടെ സൂക്ഷ്മതകളുടെ താഴ്വരയാണ്/പ്രകൃതിയാണ് ബിജുകുമാര്‍ ദാമോദരന്‍ പിന്നിടുന്നതും മറികടക്കുന്നതും. 

ഹെര്‍മന്‍ ഹെസ്സെയിലേക്ക് മടങ്ങിയെത്തിയാല്‍, ''സിദ്ധാര്‍ത്ഥന്‍ നദിയുടെ             രഹസ്യങ്ങളില്‍ ഒന്നുമാത്രമാണ് അറിഞ്ഞത്. തന്റെ ആത്മാവിനെ ഗ്രസിച്ച ഒന്ന്. ജലം തുടര്‍ച്ചയായി ഒഴുകിക്കൊണ്ടിരുന്നിട്ടും അത് അപ്പോഴും അവിടെത്തന്നെയുണ്ടെന്ന് അവന്‍ കണ്ടു. എപ്പോഴും അത് അതേ ജലം തന്നെയാണെങ്കിലും ഓരോ നിമിഷവും അത് പുതിയതുമാണ്. ആര്‍ക്കാണ് അത് മനസ്സിലാക്കാനും സ്വയം ബോധ്യപ്പെടുത്താനുമാവുന്നത്. ഈ നദിയേയും അതിന്റെ രഹസ്യങ്ങളേയും മനസ്സിലാക്കുന്ന ഒരുവന്‍ വളരെയധികം അറിയുമെന്ന്, എല്ലാ രഹസ്യങ്ങളും മനസ്സിലാക്കുമെന്ന് അവനു തോന്നി.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com