വിവര്‍ത്തന സരസ്വതി: ടി.പി. രാജീവന്‍ എഴുതുന്നു

ഇംഗ്ലീഷില്‍ എഴുതുന്നവര്‍ക്ക് മാത്രം ലഭിക്കുന്ന മാന്‍ ബുക്കര്‍ പ്രൈസ് ഈ വര്‍ഷം ലഭിച്ചത് ഓള്‍ഗ ടെകാര്‍ഷുക് (Olga Tokarczuk) എന്ന പോളിഷ് എഴുത്തുകാരിക്കാണ്.
ഓള്‍ഗ ടെകാര്‍ഷുകും ജന്നിഫര്‍ ക്രോഫ്റ്റും
ഓള്‍ഗ ടെകാര്‍ഷുകും ജന്നിഫര്‍ ക്രോഫ്റ്റും

No problem is as consubstantial with literature and its modest mystery as the one posed by translation.
-Jorge Luis Borges

വിവര്‍ത്തകരുടേയും വിവര്‍ത്തനങ്ങളുടേയും വര്‍ഷമായിരുന്നു 2018. ഇംഗ്ലീഷില്‍ എഴുതുന്നവര്‍ക്ക് മാത്രം ലഭിക്കുന്ന മാന്‍ ബുക്കര്‍ പ്രൈസ് ഈ വര്‍ഷം ലഭിച്ചത് ഓള്‍ഗ ടെകാര്‍ഷുക് (Olga Tokarczuk) എന്ന പോളിഷ് എഴുത്തുകാരിക്കാണ്. ജന്നിഫര്‍ ക്രോഫ്റ്റ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത 'ഫ്‌ലൈറ്റ്‌സ്' എന്ന നോവലിനാണ് പുരസ്‌കാരം. ഓള്‍ഗയും ജന്നിഫറും പങ്കിടുകയായിരുന്നു സമ്മാനത്തുക.

മൗലിക രചനപോലെ തന്നെ വിവര്‍ത്തനത്തിന്റേയും പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കി എന്നതാണ് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രഖ്യാപനത്തിന്റെ സവിശേഷത. സാധാരണ, വിവര്‍ത്തനം കഴിയുന്നതോടെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുന്നവരാണ് വിവര്‍ത്തകര്‍. ആ പതിവ് തെറ്റിച്ച് ജന്നിഫര്‍ ക്രോഫ്റ്റ് രംഗത്തേയ്ക്കു വന്നു. അവര്‍ ആരാണെന്ന് വായനക്കാര്‍ അറിഞ്ഞു.
അമേരിക്കയിലെ അയോവ സര്‍വ്വകലാശാലയില്‍നിന്ന് എം.എഫ്.എ. ബിരുദം, നോര്‍ത്ത് ഈസ്റ്റേണ്‍ സര്‍വ്വകലാശാലയില്‍നിന്ന് പി.എച്ച്.ഡി., പെന്‍ എന്‍ഡോവ്‌മെന്റ്, വിവര്‍ത്തനത്തിനുള്ള മൈക്കേല്‍ ഹെന്റി സമ്മാനം മുതലായവ നേടിയ എഴുത്തുകാരിയാണ് ജന്നിഫര്‍ ക്രോഫ്റ്റ്. മാന്‍ ബുക്കര്‍ പുരസ്‌കാര നിര്‍ണ്ണയ സമിതി വിവര്‍ത്തകയെപ്പറ്റി പ്രത്യേകം പരാമര്‍ശിച്ചില്ലായിരുന്നെങ്കില്‍ വിവര്‍ത്തനം എന്ന കര്‍മ്മം നിര്‍വ്വഹിച്ചശേഷം അവഗണനയിലേയ്ക്കു തള്ളപ്പെടുന്ന അനേകായിരം പേരില്‍ ഒരുവളായി

ജന്നിഫറും ആരും അറിയാതെ പോകുമായിരുന്നു.
ജന്നിഫര്‍ ക്രോഫ്റ്റ് നിര്‍വ്വഹിച്ച വിവര്‍ത്തനം എത്ര പ്രയാസമേറിയതും പ്രസക്തവുമാണ് എന്നതിന് നമ്മള്‍ ഓള്‍ഗ ടെകാര്‍ഷുക്കിന്റെ നോവല്‍ തന്നെ വായിക്കണം. നോവല്‍ എന്ന മാധ്യമത്തെപ്പറ്റിയുള്ള എല്ലാ മുന്‍ധാരണകളും തെറ്റിക്കുന്നതാണ് ഇതിലെ ആഖ്യാനവും രൂപവും വാക്കുകളുടെ അര്‍ത്ഥം നോക്കി മാത്രം വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നതല്ല അത്. സ്ഥലകാലങ്ങളിലൂടെയുള്ള സഞ്ചാരം, ജീവിതത്തിന്റേയും മരണത്തിന്റേയും കുഴമറിച്ചില്‍, നൂറ്റാണ്ടുകളുടെ ഇടകലരല്‍, മനുഷ്യശരീരത്തിന്റെ അപഗ്രഥനം എന്നിവയെല്ലാം ചേര്‍ന്ന് വളരെ സങ്കീര്‍ണ്ണമായ ലോകമാണ് ആവിഷ്‌കരിക്കപ്പെടുന്നത്.

വിവര്‍ത്തനത്തിലേക്ക് വായനാലോകത്തിന്റെ ശ്രദ്ധ തിരിയാന്‍ മറ്റൊരു കാരണം നമ്മുടെ ബെന്യാമിന് ലഭിച്ച ആദ്യ ജെ.സി.ബി പുരസ്‌കാരമാണ്. അദ്ദേഹത്തിന്റെ 'മുല്ലപ്പൂ ദിനങ്ങള്‍' എന്ന മലയാള നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായ ജാസ്മിന്‍ ഡെയ്‌സിനാണ് (Jasmine Days) പുരസ്‌കാരം. ഇരുപത്തിയഞ്ചു ലക്ഷമാണ് അവാര്‍ഡ് തുക എന്നതു മാത്രമല്ല ഈ പുരസ്‌കാരത്തെ ശ്രദ്ധേയമാക്കുന്നത്. ഇതര ഇന്ത്യന്‍ ഭാഷകളില്‍നിന്നുള്ള ഇംഗ്ലീഷ് വിവര്‍ത്തനങ്ങളേയും ഇന്ത്യാക്കാരായ ഇംഗ്ലീഷ് എഴുത്തുകാരുടെ രചനകളേയും പിന്‍തള്ളിയാണ് 'ജാസ്മിന്‍ ഡെയ്‌സ്' പുരസ്‌കാരം നേടിയത്. ചുരുക്കപ്പട്ടികയില്‍ ജീത്ത് തയ്യിലിനെപ്പോലുള്ള പ്രശസ്തരായവരും ഉണ്ടായിരുന്നു. മാന്‍ ബുക്കറിലെന്നപോലെ എഴുത്തുകാരനും വിവര്‍ത്തക ഷഹനാസ് ഹബീബും പുരസ്‌കാരം പങ്കിടുകയാണ് ചെയ്തത്.
മലയാള ഭാഷയില്‍നിന്നുള്ള നോവല്‍ വിവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാന്‍ തുടങ്ങിയിട്ട് കുറേ വര്‍ഷങ്ങളായി. ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ ഭാഗമായി നല്‍കപ്പെടുന്ന ഡി.എസ്.സി. സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയില്‍ ആനന്ദും ബെന്യാമിനും കെ.ആര്‍. മീരയും മുന്‍ വര്‍ഷങ്ങളില്‍ സ്ഥാനം നേടിയിരുന്നു. വിവര്‍ത്തനത്തിനുള്ള ക്രോസ്വേര്‍ഡ് പുരസ്‌കാരം നേടിയതില്‍ എം. മുകുന്ദന്റേയും സേതുവിന്റേയും സുഭാഷ് ചന്ദ്രന്റേയും നോവലുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നു. ഈ പുരസ്‌കാരവും ഈ വര്‍ഷം ലഭിച്ചത് ബെന്യാമിന്റെ നോവലിനാണ്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയില്‍ ഈ വര്‍ഷം ടി.ഡി. രാമകൃഷ്ണന്റെ 'ആണ്ടാള്‍ ദേവനായിക'യുടെ ഇംഗ്ലീഷ് വിവര്‍ത്തനം ഉള്‍പ്പെടുന്നു. വിവര്‍ത്തന ലോകത്തുനിന്നുള്ള ഏറ്റവും ഒടുവിലത്തെ നല്ല വാര്‍ത്ത വി. മുസഫര്‍ അഹമ്മദിന്റെ 'മരുഭൂമിയുടെ ആത്മകഥ' എന്ന യാത്രാവിവരണം 'കേമല്‍സ് ഇന്‍ ദ സ്‌കൈ' (Camels in the Sky) എന്ന പേരില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചതാണ്.
വിവര്‍ത്തനത്തെപ്പറ്റിയും വിവര്‍ത്തകരെപ്പറ്റിയും മലയാളത്തിലെ പല എഴുത്തുകാരും വായനക്കാരും വെച്ചുപുലര്‍ത്തുന്ന ധാരണകള്‍ മാറേണ്ടിയിരിക്കുന്നു എന്നാണ് ഈ വസ്തുതകള്‍ സൂചിപ്പിക്കുന്നത്. വിവര്‍ത്തനം ഒരു പ്രധാന സാഹിത്യമേഖലയാണ് എന്നു നമ്മള്‍ അംഗീകരിച്ചിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിവര്‍ത്തനം പ്രസിദ്ധീകരിക്കപ്പെടുന്നതോടെ മോശമാകുന്നതോ അവസാനിക്കുന്നതോ ആണ് മലയാളത്തിലെ എഴുത്തുകാരും വിവര്‍ത്തകരും തമ്മിലുള്ള ബന്ധം പലപ്പോഴും. നിഘണ്ടുവിന്റെ സഹായത്തോടുകൂടിയുള്ള ഒരു യാന്ത്രിക പ്രവൃത്തിയായി വിവര്‍ത്തനത്തെ എഴുത്തുകാര്‍ കാണുന്നതുകൊണ്ടും വേണ്ടത്ര അംഗീകാരവും പ്രതിഫലവും ലഭിക്കുന്നില്ല എന്ന വിവര്‍ത്തകരുടെ പരിഭവവുമാണ് ഇതിനു കാരണം. വിവര്‍ത്തകരെ നമുക്ക് കുറ്റം പറയാന്‍ കഴിയില്ല. മൗലിക രചനപോലെ തന്നെ ക്ലേശമേറിയതാണ് വിവര്‍ത്തനവും. ആദ്യത്തേതിലെന്നപോലെ സര്‍ഗ്ഗാത്മകതയുടെ അനിവാര്യത രണ്ടാമത്തേതിലും ഉണ്ട്. സര്‍ഗ്ഗാത്മകതയുള്ള ഒരു വിവര്‍ത്തകനു മാത്രമേ ഒരു നല്ല കൃതിയുടെ മൗലികത നഷ്ടപ്പെടാതെ അത് മറ്റൊരു ഭാഷയില്‍ പുനഃസൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ. അതില്ലാത്തതുകൊണ്ടാണ് മലയാളത്തിലെ പല നോവലുകളും പരിഭാഷയില്‍ പരാജയപ്പെട്ടത്. അന്യമായ ലിപികളിലുള്ള അച്ചടി മാത്രമായി മാറിപ്പോയത്. അനുഭവങ്ങള്‍ ഇല്ലാതായത്.

മൗലിക വിവര്‍ത്തനത്തിന്റെ  ഈ രഹസ്യമാണ് കാതറിന്‍ സില്‍വര്‍ എന്ന സ്പാനിഷ്-ഇംഗ്ലീഷ് വിവര്‍ത്തക 'സാഹിത്യ വിമര്‍ശനവും അട്ടിമറിയും (Literary Translation and Sub-version) എന്ന ലേഖനത്തില്‍ വിശദീകരിക്കുന്നത്. അവര്‍ എഴുതുന്നു: സാഹിത്യ വിവര്‍ത്തനം ഒരു അട്ടിമറിക്കലാണ്.  യാഥാര്‍ത്ഥ്യത്തിന്റെ ബദലായതോ ഉപപാഠമായതോ (Sub-version) ആയ തലം ആവിഷ്‌കരിക്കാനുള്ള രഹസ്യമായ മാര്‍ഗ്ഗമാണ് വിവര്‍ത്തനം. നമ്മളെപ്പറ്റിയും ലോകത്തെപ്പറ്റിയുമുള്ള അനുഭവം നാം കാണുകയും വരക്കുകയും എഴുതുകയും പുനരാഖ്യാനം ചെയ്യുകയും ചെയ്യുന്ന സവിശേഷമായ വഴിയാണ് യാഥാര്‍ത്ഥ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍.
വിവര്‍ത്തനങ്ങളില്ലാത്ത ഒരു ഭാഷയോ സാഹിത്യകൃതിയോ സങ്കല്പിച്ചു നോക്കുക. 'വിവര്‍ത്തനത്തില്‍ ചോര്‍ന്നുപോകുന്നതാണ് കവിത' എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്താല്‍ ചോര്‍ന്നുപോകുമെന്നു ഭയന്നിരുന്നെങ്കില്‍ രാമായണവും മഹാഭാരതവും കാളിദാസ കൃതികളും സംസ്‌കൃതത്തില്‍ മാത്രം ഒതുങ്ങിപ്പോകുമായിരുന്നില്ലേ?  ഇലിയഡും ഒഡീസിയും നാം എങ്ങനെ വായിക്കുമായിരുന്നു? നെരൂദയേയും ഒക്ടോവിയോ പാസ്സിനേയും ബ്രെഹ്റ്റിനേയും നാം എങ്ങനെ അറിയുമായിരുന്നു? ദസ്തയേവ്‌സ്‌കിയും മാര്‍ക്വേസും കുന്ദേരയും കാല്‍വിനോവും ബഷീറിനേയും തകഴിയേയും ഉറൂബിനേയും വിജയനേയും പോലെ നമുക്കു പ്രിയപ്പെട്ടവരാകുമായിരുന്നോ?

ഒക്ടോവിയോ പാസ്സിന്റേയും ബോര്‍ഹസ്സിന്റേയും ഇംഗ്ലീഷ് വിവര്‍ത്തകനും കവിയുമായ എലിയറ്റ് വെയിന്‍ ബെര്‍ഗര്‍ ഒരു അഭിമുഖത്തില്‍ വിവര്‍ത്തനത്തിന്റെ പ്രവചനാനീതത വ്യക്തമാക്കുന്നുണ്ട്. പുറംലോകം അത്രയൊന്നും അറിയാത്ത സ്പാനിഷ് കവി സേവിയര്‍ വിലൗരൂഷിയയുടെ  (Xavier Villaurrutia) കവിതകള്‍ 1990-കളിലാണ് വെയ്ന്‍ ബെര്‍ഗര്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. അധികമാരും അതു വായിച്ചില്ല. വര്‍ഷങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ വന്നപ്പോഴാണ് വെയ്ന്‍ ബെര്‍ഗര്‍ റാണദാസ് ഗുപ്ത എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനെ പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ 'സോളോ' എന്ന നോവലിന് പ്രചോദനം വിലൗരൂഷിന്റെ കവിതകളാണെന്നും നോവലിലെ ഉന്മേഷരഹിതനായ കവി എന്ന കഥാപാത്രം എഴുതുന്ന കവിതകളായി ഉപയോഗിച്ചത് വിലൗരൂഷിന്റെ കവിതകളാണെന്നും ദാസ് ഗുപ്ത വിവര്‍ത്തകനോട് പറഞ്ഞു.

'മൗലിക രചനകള്‍ക്കെന്നപോലെ വിവര്‍ത്തനത്തിനും ഒരാളുടെ ജീവിതത്തില്‍ പ്രത്യക്ഷപ്പെടാനും ജീവിതവീക്ഷണം മാറ്റാനുമുള്ള കഴിവുണ്ടെന്ന് എലിയറ്റ് വെയ്ന്‍ ബെര്‍ഗര്‍ എഴുതുന്നു. എവിടെയും 'പോകാനില്ലാതായാല്‍ ഒരു കവിതയും മരിക്കും' എന്നാണ് അദ്ദേഹം വിശ്വസിക്കന്നത്. ''വിവര്‍ത്തനങ്ങള്‍ ഇല്ലാതായാല്‍ എന്തു സംഭവിക്കും?'' അഭിമുഖകാരന്‍ ചോദിക്കുന്നു.
''നമ്മള്‍ കൂടുതല്‍ സംസാരശേഷി നഷ്ടപ്പെട്ടവരാകും', മറുപടിക്ക് വെയ്ന്‍ ബെര്‍ഗര്‍ക്ക് ആലോചിക്കേണ്ടിവരുന്നില്ല. വിവര്‍ത്തനത്തെപ്പറ്റിയുള്ള ഏറ്റവും പ്രൗഢമായ പുസ്തകമാണ് മാര്‍ക്വേസ്, യോസ് തുടങ്ങിയവരുടെ കൃതികള്‍ സ്പാനിഷില്‍നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത എഡിത്ത് ഗ്രോസ്മാന്റെ 'എന്തുകൊണ്ട് വിവര്‍ത്തനം കാര്യമാകുന്നു' (Why Translation Matters) എന്നത്. അതിന്റെ ആരംഭത്തില്‍ അവര്‍ എഴുതുന്നു:

വിവര്‍ത്തനത്തെ ഗൗരവമായി കാണുന്നവര്‍ സ്വയം എഴുത്തുകാരായി തന്നെയാണ് കാണുന്നത്. പ്രസാധക സ്ഥാപനങ്ങളുടേയും എഴുത്തുകാരുടേയും വിനീതവിധേയനായ സേവകരല്ല വിവര്‍ത്തകര്‍. എ എന്ന ഭാഷയില്‍ എഴുതപ്പെട്ട ഒരു കൃതി ബി എന്ന ഭാഷയില്‍ എഴുതുകയോ മാറ്റി എഴുതുകയോ എന്നതാണ് വിവര്‍ത്തനത്തിന്റെ അടിസ്ഥാന നിര്‍വ്വചനം. മാറ്റിയെഴുതപ്പെടുന്ന ഭാഷയിലെ വായനക്കാര്‍ക്ക് അടിസ്ഥാന കൃതിയിലേതിനു സമാനമായ വൈകാരികവും സൗന്ദര്യപരവുമായ അനുഭവം ലഭിക്കണം. നല്ല വിവര്‍ത്തനങ്ങള്‍ ആ ലക്ഷ്യത്തില്‍ എത്തുന്നു. പരാജയപ്പെട്ട വിവര്‍ത്തനങ്ങള്‍ ഒരിക്കലും തുടക്കരേഖ (Starting Line) വിട്ടു മുന്നോട്ടു പോകുന്നില്ല.

എത്ര ക്ലേശകരമാണ് കവിതാ വിവര്‍ത്തനമെന്നും എഡിത്ത് ഗ്രോസ്മാന്‍ പറയുന്നുണ്ട്. കവിതയുടെ ആശയവും ബിംബങ്ങളും മാത്രം ശ്രദ്ധിച്ചാല്‍ വിവര്‍ത്തനത്തില്‍ അതിന്റെ തനിമ നഷ്ടമാകും. വൃത്തം, അലങ്കാരം, പ്രാസം തുടങ്ങിയ ഭാഷാപരമായ സവിശേഷതകളില്‍ കുടുങ്ങിപ്പോയാല്‍ കവിതയുടെ സത്യം ബലികഴിക്കേണ്ടിവരും. ലിപികളുടേയും വാക്കുകളുടേയും ക്രമീകരണത്തില്‍ വീണുപോയാല്‍ കവിതയുടെ ചൈതന്യം നഷ്ടമാകും. അതാണ് കവിതയില്‍ എല്ലാമായത്. പക്ഷേ, ഇതെല്ലാം വ്യാജ സന്ദേഹങ്ങളാണ്. ഏറ്റവും നല്ല കവിതാവിവര്‍ത്തനം മറ്റൊരു ഭാഷയില്‍ തികച്ചും പുതിയ പറച്ചില്‍ സൃഷ്ടിക്കുന്നു. പുതിയത്, ഏറ്റവും തുല്യമാത്, മൂല്യമുള്ളത്.
സമാനമായ അനുഭവവും ഉള്‍ക്കാഴ്ചയും തന്നെയാണ് മലയാള കൃതികള്‍ക്ക് ഈയടുത്ത കാലത്തുണ്ടായ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും നല്‍കുന്നത്. തികച്ചും അപരിചിതമായ ലോകങ്ങളെ മറ്റൊരു ഭാഷയില്‍ പുനഃസൃഷ്ടിക്കുക എന്നത്. വിവര്‍ത്തനവും സര്‍ഗ്ഗാത്മകമാകുന്ന ഒരു പ്രക്രിയയായി മാറുന്നുണ്ട് ഇവയിലെല്ലാം. എഴുത്തുകാരനെപ്പോലെ വിവര്‍ത്തകനും അനുഭവിക്കുന്നുണ്ട്. വി. മുസാഫര്‍ അഹമ്മദിന്റെ 'മരുഭൂമിയുടെ ആത്മാകഥ'യുടെ വിവര്‍ത്തനത്തിന് വിവര്‍ത്തകന്‍ വി.ജെ. മാത്യു എഴുതിയ കുറിപ്പില്‍ അതു വ്യക്തമാക്കുന്നുണ്ട്:

ഇതിനു മുന്‍പ് ഞാന്‍ ഏതെങ്കിലും മരുഭൂമി കാണുകയോ മരുഭൂമിയെപ്പറ്റി വായിക്കുകയോ ചെയ്തിട്ടില്ല. ഈ എഴുത്തുകാരന്റെ അടുപ്പം തോന്നിക്കുന്നതും ചിത്രതുല്യവുമായ ഭാഷ എന്നെ സ്പര്‍ശിച്ചു. ഇതിന്റെ വിവര്‍ത്തനം പൂര്‍ത്തിയായപ്പോള്‍ മരുഭൂമിയില്‍ ജീവിച്ച അനുഭവമാണ് എനിക്കുള്ളത്. വിവര്‍ത്തനത്തില്‍ അത് പ്രതിഫലിക്കുമെന്നും വായനക്കാര്‍ക്കും അതേ അനുഭവം ലഭിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
നമ്മുടെ അക്കാദമികളും സര്‍വ്വകലാശാലകളും മലയാളത്തിനു ലഭിക്കുന്ന ഈ അംഗീകാരങ്ങള്‍ എപ്പോഴാവും ശ്രദ്ധിക്കുക. അതോ ഉറവ വറ്റിയ എഴുത്തുകാര്‍ക്ക് ഡി ലിറ്റും പുരസ്‌കാരങ്ങളും വീണ്ടും വീണ്ടും നല്‍കി കാലം കഴിക്കുമോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com