അധിനിവേശവും ചെറുത്തുനില്പും: സേതുവിന്റെ നോവലുകളെക്കുറിച്ച്

പൊതുവേ പറഞ്ഞാല്‍ ആധുനിക തലമുറയിലെ മറ്റെല്ലാ എഴുത്തുകാരേയും പോലെ മനുഷ്യാവസ്ഥയെക്കുറിച്ച് ആവര്‍ത്തിച്ച് വിറപൂണ്ട എഴുത്തുകാരനാണ് സേതുവും. 
അധിനിവേശവും ചെറുത്തുനില്പും: സേതുവിന്റെ നോവലുകളെക്കുറിച്ച്


പേടിസ്വപ്നങ്ങളിലും പൊള്ളുന്ന പകല്‍ക്കിനാവുകളിലും ഭ്രമാത്മകതയിലും വളരെക്കാലം ജീവിച്ച എഴുത്തുകാരനാണ് സേതു. യാഥാര്‍ത്ഥ്യത്തില്‍ തുടങ്ങുന്ന സേതുവിന്റെ രചനകള്‍ ഒടുവില്‍ വാസ്തവിക ലോകത്തിന്റെ അതിര്‍ത്തികള്‍ ലംഘിച്ച് ദുഃസ്വപ്നത്തിന്റേയും ഭ്രമാത്മകതയുടേയും ലോകത്തില്‍ എത്തിച്ചേര്‍ന്ന് ചില അഗാധയാഥാര്‍ത്ഥ്യങ്ങള്‍ പ്രകാശിപ്പിക്കുന്നു. മനുഷ്യജീവിതത്തിന്റെ അതിഭൗതിക വശങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് എഴുതിയ എഴുത്തുകാരനാണ് അദ്ദേഹം. ചരിത്രത്തേയും ദേശസംബന്ധിയായ യാഥാര്‍ത്ഥ്യങ്ങളെയും മറന്ന് മനുഷ്യന്റെ കേവലമായ അവസ്ഥയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാലത്തെ മിക്ക കഥകളും നോവലുകളും. യുക്തികൊണ്ടറിയാനും അനുഭവിക്കുവാനുമാകാത്ത ജീവിതത്തിന്റെ ഗൂഢവശങ്ങളും മനുഷ്യന്റെ നിലനില്പിനെ സംബന്ധിക്കുന്ന ആശങ്കകളുമാണ് അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിന്റെ വലിയൊരു ഭാഗത്ത് നിറഞ്ഞിരിക്കുന്നത്. പൊതുവേ പറഞ്ഞാല്‍ ആധുനിക തലമുറയിലെ മറ്റെല്ലാ എഴുത്തുകാരേയും പോലെ മനുഷ്യാവസ്ഥയെക്കുറിച്ച് ആവര്‍ത്തിച്ച് വിറപൂണ്ട എഴുത്തുകാരനാണ് സേതുവും. 

കാലവും കലയും കാഴ്ചപ്പാടും മാറിയപ്പോള്‍ സേതുവിന്റെ കലയിലും ജീവിത മനോഭാവങ്ങളിലും വമ്പിച്ച മാറ്റങ്ങള്‍ സംഭവിച്ചു. ആദ്യകാലത്ത് രചനാലോകത്തുനിന്നും മാറ്റിനിര്‍ത്തിയ ജീവിതത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ വശങ്ങളും വംശചരിത്രവും ദേശചരിത്രവും അദ്ദേഹത്തിന്റെ രചനകളുടെ കേന്ദ്രഭാവമായി പിന്നീട് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കാലത്തിനും കലയ്ക്കും സംഭവിച്ചുകൊണ്ടിരുന്ന സൂക്ഷ്മവും മൗലികവുമായ മാറ്റങ്ങള്‍ സേതുവിന്റെ പ്രതിഭ വേഗത്തില്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ്  ആ മാറ്റം സംഭവിച്ചത്. സ്വകാര്യമായ പേടിസ്വപ്നങ്ങളില്‍നിന്നും ഭീതികളില്‍നിന്നും ചരിത്രത്തിന്റേയും പുരാവൃത്തത്തിന്റേയും മാനവവംശത്തിന്റേയും ഭീതികളിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു. രാഷ്ട്രീയമായ രൂക്ഷപ്രശ്‌നങ്ങളിലേക്ക് ഉറച്ച ചുവടുവയ്പുകളോടെ നടന്നടുക്കുന്ന നിരവധി രചനകള്‍ അദ്ദേഹം ഇതിനകം രചിച്ചുകഴിഞ്ഞു. അതിലൊന്നാണ് 'മറുപിറവി' (2011) എന്ന നോവല്‍. ചരിത്രത്തിന്റേയും സംസ്‌കാരത്തിന്റേയും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തിന്റേയും അടിത്തട്ട് തേടിയുള്ള യാത്രയാണ് അദ്ദേഹം ഈ കൃതിയില്‍ നടത്തുന്നത്. മനുഷ്യന്റെ വേരുകള്‍ തേടിയുള്ള യാത്ര. പ്രാക്ചരിത്രത്തിലേക്കും പുരാവൃത്തങ്ങളിലേക്കും ഏറ്റവും പ്രാചീനമായ വംശസ്മരണകളിലേക്കും ദേശസ്മൃതികളിലേക്കും വിദൂരതയിലുള്ള നാടോടിയായ വിശ്വാസങ്ങളിലേക്കും അദ്ദേഹം കടന്നുചെല്ലുന്നു. ആധുനിക മനുഷ്യന്‍ നടത്തിയ ഗവേഷണങ്ങളില്‍നിന്നും ഖനനങ്ങളില്‍നിന്നും ലഭിച്ച അറിവുകള്‍ സ്വാംശീകരിച്ചും ചരിത്രം ശേഷിപ്പിക്കുന്ന വിടവുകളുടെ സാദ്ധ്യതകളാരാഞ്ഞും ഭൂതകാലത്തെ പുനഃസൃഷ്ടിച്ചും ഇരുളിലാണ്ടു കിടക്കുന്ന ചരിത്രാനുഭവങ്ങളേയും മനുഷ്യാനുഭൂതികളേയും ഭാവനയിലൂടെ പൂരിപ്പിച്ചും ആണ് ഈ കൃതിയുടെ അടിസ്ഥാനശില്പം പണിതിരിക്കുന്നത്. വിദൂരമായ ചരിത്രാനുഭവങ്ങളെ വീണ്ടെടുക്കുമ്പോള്‍ കലയുടെ സ്വച്ഛന്ദ സ്വാതന്ത്ര്യം ഉപയോഗിച്ച് അപായകരമല്ലാത്ത സങ്കല്പങ്ങളും നുണകളും സൃഷ്ടിക്കുന്നുണ്ട് നോവലിസ്റ്റ്. പഴങ്കഥകളുടേയും ഐതിഹ്യങ്ങളുടേയും ചട്ടക്കൂടുകളുപയോഗിച്ചും ചരിത്രവസ്തുതകള്‍ സൂചകങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് സര്‍ഗ്ഗാത്മകമായി ആഖ്യാനം ചെയ്തും പ്രാചീന കാവ്യഭാവനയുടെ സാധ്യതകള്‍ പ്രയോനജപ്പെടുത്തിയുമാണ് ചരിത്രത്തെ പുനഃസൃഷ്ടിച്ചിരിക്കുന്നത്. വിദൂര ഭൂതകാലത്തെ മനുഷ്യന്റെ പോക്കുവരവുകള്‍, അധിനിവേശത്തിനായി അന്യനാടുകളിലേക്ക് പോകുന്നവര്‍ സ്വന്തം നാട്ടില്‍നിന്നും പുറത്താക്കപ്പെട്ട് ചിതറിപ്പോയ ഡയസ്പോറകള്‍ (diaspora), ദീര്‍ഘകാലത്തെ പ്രവാസത്തിനുശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുന്നവര്‍, ഊരും പേരും നഷ്ടപ്പെട്ട് എവിടെയെന്നില്ലാതെ അലയുന്ന അഭയാര്‍ത്ഥികള്‍ കുടിയേറ്റത്തിനായി പോകുന്നവര്‍ ഇങ്ങനെ മനുഷ്യന്റെ നിതാന്തമായ യാത്രകളുടെ ചരിത്രം പറയുകയാണ് നോവലില്‍ ഈ എഴുത്തുകാരന്‍. 

അധിനിവേശത്തിന്റെ രാഷ്ട്രീയം

ചരിത്രത്തെപ്പറ്റിയും മണ്ണും മനുഷ്യനും തമ്മിലുള്ള അഗാധ ബന്ധത്തെക്കുറിച്ചുമെല്ലാം നോവലില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും നോവലിലെ യഥാര്‍ത്ഥ പ്രമേയം ഇതൊന്നുമല്ല. അധിനിവേശ ശക്തികള്‍ ചരിത്രത്തേയും മനുഷ്യജീവിതത്തേയും എപ്രകാരമാണ് കീഴടക്കുന്നതെന്ന് സൂക്ഷ്മമായി നോവലില്‍ ആവിഷ്‌കരിക്കുന്നുണ്ട്. അതാണ് നോവലിലെ യഥാര്‍ത്ഥ പ്രമേയം. അധിനിവേശ ശക്തികള്‍ (coloniser) നടത്തുന്ന ആക്രമണവും അതിനു വിധേയരാകുന്ന അധിനിവേശിതരുടെ (colonised) ചെറുത്തുനില്പുമാണ് നോവലിലെ യഥാര്‍ത്ഥ ഇതിവൃത്തം. ഒരു ദേശം കൊളോണിയല്‍ അവസ്ഥകളിലേക്ക് വഴുതിവീഴുന്നത് നോവല്‍ കാണിച്ചുതരുന്നു. പ്രാചീനമായ മിചിരിപട്ടണത്തിന്റെ കഥ പറയുന്നു എന്ന മട്ടില്‍ നാടിന്റെ ചരിത്രം വിവരിക്കുമ്പോള്‍ അതില്‍ അന്തര്‍ധാരയായി നീങ്ങുന്നത് മനുഷ്യന്‍ നേരിട്ട അധിനിവേശത്തിന്റേയും രാഷ്ട്രീയവും സാംസ്‌കാരികവുമായ ആക്രമണങ്ങളുടേയും ചിതറിത്തെറിച്ചുപോകുന്ന വംശങ്ങളുടെ സങ്കടങ്ങളുടേയും സ്വന്തം വീട് തേടുന്ന അനാഥജനത നേരിടുന്ന ഭീകരാവസ്ഥകളുടേയും ചരിത്രമാണ്. വിദേശാധിപത്യത്തിനു കീഴടങ്ങുന്ന ജനത പ്രകടിപ്പിക്കുന്ന വിധേയത്വവും ആശ്രിത മനോഭാവവും ഞെട്ടിക്കുന്നതാണ്. അധീശശക്തികള്‍ എങ്ങനെ ഒരു നാടിന്റെ സ്വാതന്ത്ര്യവും ജനതയുടെ മൗലികാവകാശങ്ങളും കയ്യടക്കുന്നുവെന്ന് നോവല്‍ സൂക്ഷ്മമായി വ്യക്തമാക്കുന്നുണ്ട്. പ്രാചീന കാലത്തിന്റെ ഭാവലോകങ്ങള്‍ വെളിപ്പെടുത്തുന്ന ഭാഷയും രാഷ്ട്രീയ രൂപകങ്ങള്‍ ഉപയോഗിച്ചും അര്‍ത്ഥവത്തായ പഴങ്കഥകള്‍ സൃഷ്ടിച്ചുമാണ് അധിനിവേശത്തിന്റെ  ക്രൂരതയും സ്വാതന്ത്ര്യം വച്ച് കീഴടങ്ങുന്ന ജനതയുടെ ദൈന്യതയും ശ്വാസംമുട്ടലും നോവലിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. 
അധീശ ശക്തികളുടെ ഇടപെടലുകള്‍ ഒരു നാടിന്റെ സാംസ്‌കാരിക സ്വത്വത്തെ (cultural identity) ശിഥിലമാക്കുന്നത് നോവല്‍ കാണിച്ചുതരുന്നു. ആധിപത്യത്തിനിരയാകുന്ന ജനത സാമൂഹികവും സാംസ്‌കാരികവുമായ ധാരണകളെല്ലാം അടിയറവച്ച് സ്വന്തം നാട്ടില്‍ സാംസ്‌കാരിക ശൈഥില്യത്തിനും അന്യവല്‍ക്കരണത്തിനും വിധേയമാകുന്നു. അധിനിവേശിതരുടെ പാരമ്പര്യത്തേയും സംസ്‌കാരത്തേയും വികൃതമാക്കിയും തകര്‍ത്തും അവരെ അന്യരാക്കുക എന്നത് കോളനിവല്‍ക്കരണത്തിന്റെ അടിസ്ഥാന നയമാണ്. മാത്രമല്ല, അവരുടെ ഭൂതകാലത്തെപ്പോലും വികൃതമാക്കുകയും വിലക്ഷണമാക്കുകയും തകര്‍ക്കുകയും ചെയ്യുമെന്ന് ഫ്രാന്റ്‌സ് ഫാനണി (Frantz Fanon)നെപ്പോലെയുള്ള പോസ്റ്റ് കൊളോണിയലിസ്റ്റ് ചിന്തകന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അധിനിവേശിത ജനതയുടെ ബുദ്ധിശക്തിയേയും ഭാവനയേയും ഇല്ലാതാക്കി അവരെ അന്ധജനതയാക്കി മാറ്റുവാനും ശ്രമമുണ്ടായിട്ടുണ്ട്. ആദര്‍ശങ്ങളും വിശ്വാസങ്ങളും നഷ്ടപ്പെട്ട് ജനത സാംസ്‌കാരികമായി അന്ധരായി മാറുന്നു. ഈ അവസ്ഥ കൊളോണിയല്‍ കാലത്തു മാത്രമല്ല, പോസ്റ്റ് കൊളോണിയല്‍ കാലത്തും സംഭവിക്കുന്നുണ്ട്. കരുത്താര്‍ജ്ജിച്ച രാഷ്ട്രീയ സാമ്പത്തിക ശക്തികള്‍ നേരിട്ട് ആധിപത്യം സ്ഥാപിക്കാതെ മറഞ്ഞിരുന്ന് മറ്റ് നാടുകളെ ആശയപരമായി സ്വാധീനിക്കുവാനും രാഷ്ട്രീയമായി നിയന്ത്രിക്കുവാനും ശ്രമിക്കുന്നത് ഇന്ന് പരക്കെ കാണുന്ന രാഷ്ട്രീയ പ്രതിഭാസമാണ്. നിയമങ്ങള്‍ അടിച്ചേല്പിച്ചും സാംസ്‌കാരികമായി ചെറുത്തും വ്യക്തിഹത്യകള്‍ വിദഗ്ദ്ധമായി നടപ്പിലാക്കിയും ദുഷിച്ച ആശയങ്ങള്‍ പ്രചരിപ്പിച്ചും അന്യനാടുകളെ തകര്‍ക്കുന്ന ഇന്നത്തെ അധീശ ശക്തികളുടെ ഭയാനകമായ മുഖം കൂടി ഈ നോവല്‍ അനാവരണം ചെയ്യുന്നുണ്ട്. 
കാലത്തിന്റെ മണല്‍പ്പരപ്പിനടിയില്‍ മയങ്ങിയിരുന്ന മുസിരിസ്സിനെ തൊട്ടുണര്‍ത്തുകയാണ് നോവലിസ്റ്റ്. മുസ്സിരിസ് പഴയ മുചിരിപട്ടണം. ഇന്നത്തെ കൊടുങ്ങല്ലൂര്‍. കൊടുങ്ങല്ലൂരില്‍ ഇപ്പോള്‍ നടക്കുന്ന ഖനനവും ചരിത്രാന്വേഷണവുമാകാം ഇത്തരമൊരു രചനയിലേക്ക് സേതുവിനെ നയിച്ചത്. തന്റെ നാടുമായി ബന്ധപ്പെട്ട ചരിത്രത്തിലൂടെ അദ്ദേഹം മനുഷ്യന്റെ ഭൂതകാലം തേടുകയാണ്. പോയ കാലത്തുനിന്നും വരും കാലങ്ങളിലേക്ക് തെറിച്ചുപോകുന്ന കുറേ ഓര്‍മ്മക്കല്ലുകള്‍ പെറുക്കിയെടുക്കുകയാണ് അദ്ദേഹം. ആ ഓര്‍മ്മക്കല്ലുകള്‍ നോവലില്‍ രാഷ്ട്രീയ രൂപകങ്ങളായി മാറുന്നുണ്ട്. ഓര്‍മ്മ ചരിത്രമാണ്. 'ഉണങ്ങാത്ത പൊറ്റകളിലെ ഒരിക്കലും ചാവാത്ത അണുക്കളായി ഓര്‍മ്മകള്‍' ചരിത്രത്തില്‍നിന്നും നോവലിലേക്ക് പ്രവേശിക്കുന്നു. കുട്ടികള്‍ പെറുക്കിയെടുത്ത മുത്തുകളിലെ പൂപ്പലില്‍ ഒരു ദേശത്തിന്റെ ചരിത്രം എഴുത്തുകാരന്‍ ദര്‍ശിക്കുന്നു. പ്രധാന കഥാപാത്രമായ അരവിന്ദന്റെ അനുഭവങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും ചരിത്രത്തെ വീണ്ടെടുക്കുവാനും മനുഷ്യവംശ സ്മരണകളെ ഉണര്‍ത്തുവാനും തുനിയുകയാണ് എഴുത്തുകാരന്‍. മൂവായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സ്ഥലകാലങ്ങള്‍ അരവിന്ദന്റെ ഓര്‍മ്മയില്‍ തെളിയുന്നു. സ്വന്തം ദേശത്തേയും കാലത്തേയും ഓര്‍ക്കുവാന്‍, വീണ്ടെടുക്കുവാന്‍, ചരിത്രത്തെ ഉണര്‍ത്തിയെടുക്കുവാന്‍ അരവിന്ദന്‍ കൂട്ടുകാരനായ ചരിത്രകാരനോടൊപ്പം നാട്ടില്‍ എത്തുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. സ്ഥലകാലങ്ങളിലൂടെ അവര്‍ സഞ്ചരിക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് തന്റെ നാട്ടില്‍ മുസിരിസ് ജ്വലിച്ചു നിന്നതും റോമാക്കാരും ഗ്രീക്കുകാരും പശ്ചിമേഷ്യരുമായി ഇടപാടുകള്‍ നടത്തിയതും പിന്നീട്, പതിന്നാലാം നൂറ്റാണ്ടില്‍ മഹാപ്രകൃതിയുടെ മാരകമായ കുസൃതിയിലൂടെ, പ്രളയജലത്തിലൂടെ മുസിരിസ് തകര്‍ന്നുപോയതും അരവിന്ദന്റെ ഓര്‍മ്മകളിലൂടെ കടന്നുപോകുന്നു. ഓര്‍മ്മകള്‍ വ്യക്തിയുടേതല്ല, മാനവരാശിയുടേതാണ്. അതിരില്ലാത്ത ജലരാശിയുടെ മഹാപ്രയാണത്തില്‍ പഴയ കരകള്‍ മാഞ്ഞുപോകുന്നു, പുതിയ കരകള്‍ പിറക്കുന്നു, പുതിയ ജനപഥങ്ങള്‍ രൂപംകൊള്ളുന്നു എന്ന് നോവലിസ്റ്റ് പറയുന്നുണ്ട്. പെരിയാര്‍ പല കൈവഴികളായി പിരിഞ്ഞു. ചരിത്രം പുതിയ ചാലുകള്‍ കീറി നീങ്ങി. അതിലേക്ക് എത്തിനോക്കുകയാണ് അരവിന്ദനും ചരിത്രകാരനായ പെരുമാളും കുട്ടിക്കാലത്തെ അരവിന്ദന്റെ കൂട്ടുകാരും. മൂവായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് വിദേശികള്‍ മുചിരിയിലെത്തി. പറങ്കികളും ഡച്ചുകാരും ഇംഗ്ലീഷുകാരും വന്നു. സംഘര്‍ഷങ്ങള്‍ പലതുണ്ടായി. സാമൂതിരിയുടേയും തിരുവിതാംകൂറിന്റേയും ഇടയിലെ ആട്ടിന്‍കുട്ടിയായ കൊച്ചി പലതും അനുഭവിച്ചു. സാമൂതിരിയുടേയും ടിപ്പുവിന്റേയും ആക്രമണങ്ങള്‍. ഒരുപാട് ചോരയൊഴുകിയ നാടാണിത്. പാലിയം സമരം ഓര്‍മ്മയില്‍ വന്നു. ചരിത്രത്തിന്റെ പരിഹാസം നിറഞ്ഞ ചിരി അരവിന്ദന്‍ കേള്‍ക്കുന്നു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടത്, പഴയ വിശ്വാസങ്ങള്‍ വീണുപോയത്, വിപ്ലവകാരികള്‍ പ്രവര്‍ത്തിച്ചത് എന്നിവയെല്ലാം ചരിത്രവസ്തുതകളുടെ രൂപത്തിലല്ല, കലാകാരന്റെ സര്‍ഗ്ഗാത്മക നിനവുകളായി, കാലത്തിന്റെ ഓര്‍മ്മകളായി പ്രകാശിപ്പിക്കുന്നു. 

ലോകത്തിന്റെ ഭൂതകാലത്തിലൂടെയും നോവല്‍ സഞ്ചരിക്കുന്നുണ്ട്. മനുഷ്യചരിത്രത്തിലെ സംഘര്‍ഷങ്ങളും മനുഷ്യനേറ്റ പീഡനങ്ങളും മുറിവുകളും നോവലില്‍ വന്നു നിറയുന്നു. കെയ്‌റോയില്‍നിന്നും വന്ന അരവിന്ദന്റെ കുട്ടിക്കാലത്തെ കൂട്ടുകാരനായ ആസാദിലൂടെയാണ് ഈജിപ്റ്റിലെ അലക്സാന്‍ഡ്രിയയും ക്ലിയോപാട്രയും മമ്മികളുടെ കാലവും പുറത്തുവരുന്നത്. ലോകം മുഴുവന്‍ ചുറ്റിനടന്നിട്ടുള്ള ആസാദ് നാട് നഷ്ടപ്പെട്ട് അന്യനാടുകളിലൂടെ അലയുന്ന ഡയസ് പോറകളെക്കുറിച്ചും, സ്വന്തം നാട്ടില്‍നിന്നും പുറത്താക്കപ്പെട്ട് ലോകമെങ്ങും അലയുന്നവരെക്കുറിച്ചും ഉള്‍ക്കാഴ്ചയോടെ പറയുന്നുണ്ട്. റോമാക്കാര്‍ ബാബിലോണിലെ പള്ളി തകര്‍ത്ത ശേഷം ജൂതന്മാര്‍ ലോകമെമ്പാടും ചിതറിപ്പോയതായി ആസാദ് പറയുന്നു. ജീവന്‍ രക്ഷിക്കുവാനും ജീവിതമുണ്ടാക്കുവാനും വേണ്ടിയാണ് അന്യനാടുകളില്‍ കുടിയേറിയത്. ആരുമില്ലാത്തവനാണ് ആസാദ്. മറ്റുള്ളവരുടെ കുത്തും ചവിട്ടുമേറ്റു വളര്‍ന്നു. ആസാദും ഒരര്‍ത്ഥത്തില്‍ ഡയസ്പോറയാണ്. ലോകമെങ്ങും ചിതറിത്തെറിച്ച ജൂതന്മാര്‍ മുചിരിയില്‍ വളരെ മുന്‍പ് തന്നെ എത്തിയിരുന്നു. വളരെ വര്‍ഷങ്ങള്‍ അവര്‍ ഇവിടെ താമസിച്ചു. അവര്‍ ഈ നാടിന്റെ ഭാഗമായെങ്കിലും പുതുരാഷ്ട്രം - ഇസ്രയേല്‍ - രൂപപ്പെട്ടപ്പോള്‍ അവര്‍ മടങ്ങിപ്പോയി. ചരിത്രത്തില്‍നിന്നും തെറിച്ചുപോയവരുടെ ചരിത്രത്തിലേക്കുള്ള തിരിച്ചുപോക്കായിരുന്നു അത്. ഊരും പേരും നഷ്ടപ്പെട്ട് ലോകമെമ്പാടും ചിതറിപ്പോയ ജൂതസമൂഹം അനുഭവിച്ച അന്യദേശവാസവും അതു സംബന്ധിച്ചുണ്ടായ വ്യാകുലതകളും ഈ നോവലിലെ പ്രധാന ഭാഗമാണ്. ലോകചരിത്രത്തേയും ലോക രാഷ്ട്രീയത്തേയും ലോക സാഹിത്യത്തേയുമെല്ലാം പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിച്ച പ്രശ്‌നമാണ് ജൂത സമൂഹത്തിന്റേത്. ചിതറിത്തെറിച്ച് മുചിരിയിലെത്തിയ ജൂതരിലൂടെ ചരിത്രത്തില്‍ കുടിയിറക്കപ്പെട്ടവരുടേയും പ്രവാസമനുഭവിച്ചവരുടേയും പ്രശ്‌നങ്ങളില്‍ എത്തുകയാണ് എഴുത്തുകാരന്‍. നോവലില്‍ ഏലിയാഹു ബെസലേല്‍ എന്ന എണ്‍പതു വയസ്സ് പ്രായമുള്ള ജൂതന്റെ ഓര്‍മ്മകളിലൂടെ സ്വന്തം നാട്ടില്‍നിന്നും പുറത്താക്കപ്പെട്ടവരുടെ വ്യാകുലതകളും ആശങ്കകളും സ്വപ്നങ്ങളും ചിത്രീകരിക്കുന്നു. ഏലിയാഹു ബെസലേല്‍ കേരളത്തില്‍ ജനിച്ചുവളര്‍ന്ന് അന്‍പതുകളില്‍ ഇസ്രയേലിലേക്ക് കുടുംബത്തോടൊപ്പം മടങ്ങിപ്പോയ ജൂതനാണ്. ജൂതന്മാര്‍ ലോകത്ത് എവിടെയും അനുഭവിച്ച കൊടുംക്രൂരതകളുടേയും പീഡനങ്ങളുടേയും ഓര്‍മ്മകള്‍ ബെസലേലിലൂടെ കടന്നുപോകുന്നു. ''അരവിന്ദനറിയാമോ, ലോകത്തിന്റെ പല ഭാഗത്തായി ചിതറിക്കിടക്കുകയാണ് എന്റെ മൂന്നാം തലമുറ'' എന്ന് ബെസലേല്‍ അരവിന്ദനോട് അഗാധ ഖേദത്തോടെ പറയുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന മൂന്നാം തലമുറയില്‍പ്പെട്ട പലര്‍ക്കും പിതൃഭൂമി അവരുടെ പൂര്‍വ്വികരുടെ നാടായ കേരളമാണ്. അവര്‍ കേരളത്തിലേക്ക് വരാന്‍ കൊതിക്കുന്നു. താന്‍ കുട്ടിക്കാലത്ത് പലസ്തീന്‍ മണ്ണിനെ സ്വപ്നം കണ്ടതുപോലെ അവര്‍ ഈ നാടിനെ സ്വപ്നം കാണുന്നുവെന്നും ബെസലേല്‍ അരവിന്ദനോട് പറയുന്നുണ്ട്. ''ഏതാണ് മാതൃഭൂമി? ഏതാണ് പിതൃഭൂമി?'' എന്ന് ദയനീയ സ്വരത്തില്‍ ബെസലേല്‍ അരവിന്ദനോട് ചോദിക്കുന്നുണ്ട്. സ്വന്തം നാട് തേടി ലോകമെങ്ങുമുയരുന്ന ഡയസ്പോറകളുടെ തീവ്ര വ്യഥകളാണ് ഇവിടെ പുറത്തുവരുന്നത്. 

അരവിന്ദന്‍ നാടിന്റേയും വംശത്തിന്റേയും ചരിത്രത്തിലൂടെ കടന്നുപോയപ്പോള്‍ സ്വയമറിയാതെ ഒരു നോവല്‍ എഴുതിപ്പോകുന്നു. എഴുത്തുകാരനല്ലാത്ത അരവിന്ദന്‍ അറുപതാം വയസ്സിലെഴുതിയ നോവലാണത്. ആ നോവലില്‍ ചരിത്രത്തില്‍ അധിനിവേശ ശക്തികള്‍ നടത്തിയ രാഷ്ട്രീയവും സാംസ്‌കാരികവുമായ ആക്രമണങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു. രചനയുടെ കഠിനമായ അസ്വസ്ഥതയും ലഹരിയും അനുഭവിച്ചുകൊണ്ടാണ് അരവിന്ദന്‍ അതെഴുതിയത്. പുതിയ കാലത്തെ സൗന്ദര്യവിചാരത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മെറ്റാ ഫിക്ഷന്‍ (meta-fiction) ആണത്. പല അടരുകളുള്ള ഒരു പഴങ്കഥയാണ് അതില്‍ പറയുന്നത്. മണ്ണും മനുഷ്യനും തമ്മിലുള്ള അഗാധ ബന്ധത്തെക്കുറിച്ച് പ്രാചീന കാലസ്മരണകളുണര്‍ത്തുന്ന ഭാവനയിലൂടെ ചിത്രീകരിക്കുകയാണ് നോവലില്‍. കന്നിപ്പെണ്ണിനെ കീഴടക്കുന്ന പുരുഷനെപ്പോലെ മനുഷ്യന്‍ മണ്ണിനെ പുണര്‍ന്ന്, മണ്ണിന്റെ നേരറിഞ്ഞ് അതിനെ കീഴടക്കുന്നത് ഹൃദ്യമായി നോവലില്‍ വരച്ചിട്ടിട്ടുണ്ട്. ആദി ഉഴവനായ മുത്തപ്പന്‍ കുടികൊള്ളുന്ന നടുകല്ലിനു മുന്‍പില്‍ വണങ്ങി ജോലി ആരംഭിക്കുന്ന ഉഴവരുടെ അദ്ധ്വാനം ഉന്മാദകമായ ഭാഷയിലാണ് വിവരിച്ചിട്ടുള്ളത്. മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യനെ ചിത്രീകരിക്കുമ്പോള്‍ രതിയുടെ താളക്രമം ഉയരുന്നു: ''കന്നിമണ്ണില്‍ മാണിക്കന്റെ ആദ്യത്തെ കൊത്ത് വീണപ്പോള്‍ അവള്‍ ആദ്യമൊന്ന് പിടഞ്ഞു. പിന്നെ കുടഞ്ഞു, എതിര്‍ത്തു. ഇരട്ടി വീര്യമുള്ള രണ്ടാം കൊത്തില്‍ ഒന്നിളകി ഒന്നു പുളഞ്ഞു. പിന്നെ മൂന്നാം കൊത്തിനായി കാത്തു കിടന്നു.'' ഈ വിവരണത്തില്‍ രതിയുടെ തുടിപ്പുകളും താളക്രമവുമുണ്ടെന്ന് വ്യക്തമാണ്. 
മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്ന ഈ പഴങ്കഥ വേറെ തലങ്ങളിലേക്ക് പോകുന്നുണ്ട്. മനുഷ്യചരിത്രത്തെ പഴങ്കഥയെന്ന ചിമിഴില്‍ നിറക്കുകയാണ് നോവലിസ്റ്റ്. ഒരു സംസ്‌കാരത്തെ തിരിച്ചുപിടിക്കുകയാണ് താനെന്ന് അരവിന്ദന്‍ പറയുന്നു. മനുഷ്യപ്രകൃതിയിലെ പ്രാകൃതമായ ആക്രാന്തങ്ങളും ചരിത്രത്തെ വികൃതമാക്കുന്ന അധിനിവേശവും അധികാരത്തിന്റെ നിഷ്ഠുര നടപടികളും സ്വാതന്ത്ര്യം നഷ്ടപ്പെട്ട ജനതയുടെ ശ്വാസംമുട്ടലുകളുമെല്ലാം ആ പഴങ്കഥയില്‍ കലര്‍ന്നു കിടക്കുന്നു. വാസ്തവത്തില്‍ ഈ പഴങ്കഥ എഴുത്തുകാരന്‍ നിര്‍മ്മിച്ച വിസ്തൃതമായ രാഷ്ട്രീയ രൂപക (Political metaphor)മാണ്. പഴങ്കഥയിലൂടെ മനുഷ്യന്റെ സൂക്ഷ്മമായ രാഷ്ട്രീയ ചരിത്രവും മനുഷ്യന്‍ നേരിട്ട സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധികളുമാണ് ചിത്രീകരിക്കുന്നത്. 

വേറൊരു ഭാഷയും വേറൊരു ആഖ്യാനരീതിയും ഉപയോഗിച്ചാണ് പ്രാചീനകാലത്തെ മനുഷ്യാനുഭവങ്ങള്‍ പുനഃസൃഷ്ടിക്കുന്നത്. ഇന്നത്തേതില്‍നിന്നും പാടെ വ്യത്യസ്തമായ ആചാരരീതികളും മനുഷ്യബന്ധങ്ങളും നീതിബോധവും വിചാരരീതികളുമാണ് അന്ന് നിലനിന്നിരുന്നത്. ഗോത്രകാലഘട്ടത്തെ വിദൂരമായി ഓര്‍മ്മിപ്പിക്കുന്ന സമൂഹമാണ് അത്. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് നടന്നതായി സങ്കല്പിച്ച് രചിച്ച കൃതിയില്‍, പുറത്തുനിന്നും വരുന്ന അധീശാധികാര ശക്തികള്‍ നാടിന്റെ സ്വാതന്ത്ര്യം കവര്‍ന്നെടുത്ത് കിരാതമായ നീതിവ്യവസ്ഥ സ്ഥാപിച്ച് അധികാരം ഉറപ്പിക്കുന്നത് സൂക്ഷ്മമായി കാണിച്ചുതരുന്നുണ്ട്. അധികാരത്തിന്റെ കരുത്ത് എങ്ങനെ കറുത്ത നീതിബോധവ്യവസ്ഥ നടപ്പിലാക്കുന്നുവെന്ന് ഈ പഴങ്കഥ വ്യക്തമാക്കുന്നു. ഭരണകൂടവും പുരോഹിതവര്‍ഗ്ഗവും ചരിത്രാതീത കാലത്തുതന്നെ ഉണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രാചീനകാലത്തെ സംബന്ധിക്കുന്ന നോവലിലെ പഴങ്കഥയിലും അധികാരിവര്‍ഗ്ഗമുണ്ട്,  പുരോഹിതന്മാരുമുണ്ട്. പ്രാകൃത പൗരോഹിത്യം സൃഷ്ടിച്ച ആചാരങ്ങളും വ്യവസ്ഥകളുമാണ് നോവലിലെ കുട്ടുവന് അധികാരം നല്‍കിയത്. ഉഴവന്‍ മാണിക്കനും വെളുമ്പനായ കിച്ചനും വള്ളിയും വടക്കേത്ത് തങ്കയും മകള്‍ പൊന്നുവും പേരക്കിടാവ് കുങ്കമ്മയും അടങ്ങുന്ന ജനങ്ങള്‍ നാട്ടുപ്രമാണിയായ കുട്ടുവന്റെ അടിമകളാണ്. കുട്ടുവന്‍ അധികാരത്തിന്റെ ചിഹ്നമാണ്. മാണിക്കനും കിച്ചനും മറ്റും മണ്ണിനോട് പടവെട്ടി ധാന്യങ്ങള്‍ ഉല്പാദിപ്പിക്കുന്നു. കിട്ടുന്ന വിളവ് ആവശ്യം കൂടുതലുള്ളവരുമായി പങ്കിടുക എന്നതാണ് ഉഴവന്റെ ധര്‍മ്മമെന്ന് മാണിക്കന്‍ വിശ്വസിക്കുന്നു. സ്വകാര്യ സ്വത്തില്ലാതിരുന്ന ചരിത്രത്തിലെ പ്രാചീന ഘട്ടത്തെ അതോര്‍മ്മിപ്പിക്കുന്നു. പക്ഷേ, ഉഴവരുടെ മേല്‍ അധികാരിക്ക് വലിയ അവകാശങ്ങളുണ്ട്. നാട്ടുപ്രമാണിയായ കുട്ടുവനറിയാതെ ആര്‍ക്കും മണ്ണ് കൈക്കലാക്കി പണിയുവാനാകില്ല. സദാ റോന്തുചുറ്റുന്ന കുട്ടുവന്റെ ഭടന്മാരുടെ വലയത്തിലാണ് എല്ലാവരും. പാടത്ത് പണിയുന്നതിന് കരം കൊടുക്കണം. വിളവെടുപ്പ് കഴിഞ്ഞാല്‍ അതിലൊരു ഭാഗം പ്രമാണിക്ക് അടിയറ വക്കണം. വിലപിടിപ്പുള്ളതെല്ലാം ഊരുക്കുടയനുള്ളതാണ്. കരയിലെ ഓരോ പെണ്ണും കരാധിപന് അവകാശപ്പെട്ടതാണ്. ഏറ്റവും പ്രാചീനകാലത്തും അധികാരം അതിന്റെ ക്രൂര നഖങ്ങളുമായി ജനങ്ങള്‍ക്ക് നേരെ ചാടിവീണിരുന്നു എന്ന് കാണിക്കുന്നതാണ് അന്നത്തെ വ്യവസ്ഥകളും ചിട്ടകളും വിശ്വാസങ്ങളുമെല്ലാം. രാജാവിനു മുന്‍പില്‍ മനുഷ്യാദ്ധ്വാനവും പെണ്ണിന്റെ മാനവും സമ്പത്തുമെല്ലാം കാഴ്ചവെയ്ക്കണമെന്ന കാട്ടുനീതിക്കു പിന്നില്‍ അന്ധമായ പൗരോഹിത്യം പ്രവര്‍ത്തിച്ചിരുന്നു എന്ന് വ്യക്തമാണ്. സ്ത്രീവിരുദ്ധത അതിന്റെ എല്ലാ ക്രൂരതയോടും കൂടി അന്നു നിലവിലിരുന്നു. 

വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന 'കൊണ്ടാട്ട'ത്തില്‍ കരാധിപനെ എല്ലാവരും പ്രശംസിച്ചു പാടും. ഗോത്രകാലത്തെ ഓര്‍മ്മിപ്പിക്കും വിധം തീവെട്ടികളുടെ വെളിച്ചത്തില്‍ കുട്ടുവന്‍ എന്ന അധികാരി മൈതാനത്തെ പ്രധാന അരങ്ങില്‍ ഉയര്‍ന്ന പീഠത്തിലിരിക്കും. ചാര്‍ച്ചക്കാരും ഗോത്രസഭക്കാരും വശങ്ങളില്‍ ഇരിക്കും. മുന്തിയ നിരയില്‍ ഉഴവര്‍. കൊട്ടും പാട്ടും വീരപരാക്രമങ്ങളുമായി ആളുകള്‍ ചുറ്റുമുണ്ടാകും. രാജസ്തുതിഗാനങ്ങള്‍ ഉയരും. അധികാരത്തെ വണങ്ങാന്‍ ജനങ്ങളെ ശീലിക്കുവാന്‍ വ്യവസ്ഥ എപ്പോഴും ശ്രദ്ധിച്ചു. രാജശാസനകളനുസരിക്കുവാന്‍ ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. ഇതിനെതിരെയുള്ള ചിന്തയും ചെറുത്തുനില്പും ചെറുതായെങ്കിലും അന്നുണ്ടായിരുന്നു. വ്യവസ്ഥയ്‌ക്കെതിരായ കലാപമായി അത് വളര്‍ന്നില്ല. മാണിക്കന്‍, കിച്ചന്‍ എന്നിവരുടെ ചിന്തകളില്‍ വ്യവസ്ഥാവിരുദ്ധമായ പലതുമുണ്ടായിരുന്നു. ഉത്സവവേളകളില്‍ രാജസ്തുതികളല്ല പാടേണ്ടത്, ഈ മണ്ണിനെപ്പറ്റിയാണ്, മണ്ണില്‍ പണിയെടുക്കുന്നതിനെതിരെയും കലാപചിന്ത ഉയര്‍ന്നിരുന്നു. കാഴ്ചകള്‍ കണ്ടുരസിക്കുന്ന നാടുവാഴികള്‍ക്ക് എന്തിന് കരച്ചുങ്കം കൊടുക്കണം എന്ന് കിച്ചന്‍ രോഷത്തോടെ മാണിക്കനോട് ചോദിക്കുന്നുണ്ട്. കിഴക്കന്‍ മലകള്‍ക്ക് ഇണയായി ദൈവങ്ങള്‍ കടലില്‍നിന്നും പൊക്കിയ കരയില്‍ വിളവുണ്ടാക്കാന്‍ കുറേപ്പേര്‍ പണിയെടുക്കുമ്പോള്‍ ആര് ആര്‍ക്കാണ് ചുങ്കം കൊടുക്കേണ്ടതെന്നും കിച്ചന്‍ കുപിതനായി ചോദിക്കുന്നു. വഴങ്ങളെല്ലാം മേലാളരുടെ സൃഷ്ടിയാണെന്ന് കിച്ചന്‍ തിരിച്ചറിയുന്നുണ്ട്. തങ്ങളുടെ താല്പര്യങ്ങള്‍ക്കുവേണ്ടി അവര്‍ പടച്ചുണ്ടാക്കിയതാണ് അതെല്ലാം. കരയിലെ ഉഴവരുടെ കണ്ണുതെളിയുന്ന ഒരുകാലം വരുമെന്ന് കിച്ചന്‍ ആഗ്രഹിക്കുന്നുണ്ട്. വിലപിടിപ്പുള്ളതെല്ലാം ഊരുക്കുടയവനെന്ന വഴക്കം മാറണമെന്ന് മറ്റൊരു കഥാപാത്രമായ വടക്കോത്ത് തങ്കയും ആഗ്രഹിക്കുന്നു. പാരമ്പര്യത്തില്‍ ലയിച്ചു കിടക്കുന്ന അടിമത്തത്തിന്റെ ചോര തിരിച്ചറിയുവാനും അതിനെതിരെ ചിന്തിക്കുവാനും ചെറുത്തുനില്‍ക്കാനും കുറച്ചുപേര്‍ക്ക് കഴിഞ്ഞെങ്കിലും ആ ചിന്തകള്‍ കലാപമായി ഉയര്‍ന്നുവന്നില്ല. 
കിച്ചനോളം പാരമ്പര്യവിരുദ്ധമായി ചിന്തിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും മാണിക്കന് സ്വന്തമായ ചില ആദര്‍ശങ്ങളുണ്ടായിരുന്നു. മാണിക്കന്‍ സ്വന്തമായി നടത്തിയ ആഘോഷങ്ങളില്‍ പുകഴ്ത്തുപാട്ടുകള്‍ പാടുവാന്‍ ആരെയും അനുവദിച്ചില്ല. ഉഴവരുടെ ദൈവങ്ങള്‍ രണ്ടാണ് എന്ന് മാണിക്കന്‍ വിശ്വസിച്ചു. വിളകളെ കാക്കുന്ന വേന്തനും നടുക്കല്ലുകളില്‍ കുടികൊള്ളുന്ന കാര്‍ന്നോന്മാരുമാണ് ആ രണ്ട് ദൈവങ്ങള്‍.  രാജാവിനോട് കാണിക്കുന്ന ദൈവഭക്തിയെ അംഗീകരിക്കുവാന്‍ അയാള്‍ക്ക് സാധിച്ചില്ല. രാജാവിനോടും അധികാരവര്‍ഗ്ഗത്തോടും വിധേയത്വം പുലര്‍ത്തുന്ന പാരമ്പര്യത്തിലെ അടിമത്ത ചിന്തയോട് പൊരുത്തപ്പെട്ടുപോകാനും മാണിക്കനു കഴിഞ്ഞില്ല. വ്യവസ്ഥയ്ക്ക് എതിരെ കലാപചിന്തകളുയര്‍ന്നെങ്കിലും അതു ശക്തിപ്പെട്ടില്ല. മാനവവംശത്തിന്റെ ഉദയഘട്ടത്തിലെ അധികാരവ്യവസ്ഥയുടെ യഥാര്‍ത്ഥ അവസ്ഥയാണ് പഴങ്കഥയെന്ന രാഷ്ട്രീയ രൂപകത്തിലൂടെ എഴുത്തുകാരന്‍ ചിത്രീകരിക്കുന്നത്. 

പ്രാക്തനാചാരങ്ങളും മനുഷ്യവിരുദ്ധമായ വ്യവസ്ഥകളും നിലനിന്ന ഇടത്തേക്കാണ് അധീശ ശക്തികള്‍ വലിയ പ്രലോഭനങ്ങളും മറച്ചുവയ്ക്കപ്പെട്ട അക്രമവാസനകളുമായി പ്രത്യക്ഷപ്പെടുന്നത്. പരദേശികളും അധിനിവേശ ശക്തികളുമായ യവനര്‍ മുചിരിയില്‍ എത്തിയതോടെ അവിടത്തെ വ്യവസ്ഥകളും ക്രമങ്ങളും കീഴ്മേല്‍ മറിഞ്ഞു. അവിടത്തെ ദൃഢമായ വിശ്വാസങ്ങളും മൂല്യങ്ങളും മാറിമറഞ്ഞു. അധീശ ശക്തികള്‍ സാവധാനം മുചിരിയുടെ സമ്പത്തും അദ്ധ്വാനവും കവര്‍ന്നെടുത്ത് സംസ്‌കാരത്തെയും മൂല്യവ്യവസ്ഥയെയും ജീവിതത്തേയുമെല്ലാം തകര്‍ത്തു തുടങ്ങി. കുരുമുളകിന്റേയും മറ്റ് സുഗന്ധദ്രവ്യങ്ങളുടേയും വിപണനത്തിനു വന്ന യവനര്‍ ഇവിടത്തെ ജനതയേയും ഭരണവ്യവസ്ഥയേയുമെല്ലാം കീഴടക്കുവാനാരംഭിക്കുന്നു. വടക്കോത്ത് തങ്കയും മകള്‍ പൊന്നുവും പൊന്നുവിന്റെ മകള്‍ കുങ്കുമ്മയും- സ്ത്രീസമൂഹം മുഴുവന്‍- അധീശാധികാരത്തിന് സ്വയം കീഴടങ്ങുകയാണ്. പ്രതിരോധങ്ങളൊന്നും തീര്‍ക്കാതെ അധീശ ശക്തിക്കു മുന്‍പില്‍ ആഹ്ലാദത്തോടെ കീഴടങ്ങുകയാണ് പലരും. സ്വത്വവും സ്വാതന്ത്ര്യവും അടിയറവയ്ക്കുന്നു. സാംസ്‌കാരികമായ ശൈഥില്യത്തിന് വിധേയരാകുന്നു. അധീശ ശക്തിയോട് ഇടയുന്ന വളരെ ചെറിയ ന്യൂനപക്ഷമുണ്ടാകാം. ആ എതിര്‍ശബ്ദങ്ങള്‍ നിശ്ശബ്ദരായി പോകുന്നു. യവനര്‍ക്കു മുന്‍പില്‍ സ്വാതന്ത്ര്യം അടിയറവച്ച് അഭിരുചിയും വംശതാല്പര്യവും മറന്ന് കീഴടങ്ങുന്ന ജനതയുടെ ചിത്രം നോവലിലുണ്ട്. രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ അധിനിവേശത്തിന് നാട് നിശ്ശബ്ദം വിധേയമാകുന്ന ചിത്രത്തിലൂടെ കഴിഞ്ഞൊരു കാലഘട്ടത്തിലെ രാഷ്ട്രീയ ചരിത്രം രേഖപ്പെടുത്തുകയാണ് എഴുത്തുകാരന്‍. 

അന്നത്തെ ഭരണകൂടത്തിനും യവനരെ പേടിയായിരുന്നു. പരദേശികളുടെ എല്ലാവിധ അധിനിവേശത്തിനും സ്വത്വത്തെ ശിഥിലമാക്കുന്ന ആക്രമണത്തിനും വിധേയമാകുകയാണ് കുട്ടുവനും ഭരണകൂടവും. ''പരദേശികളുടെ കണ്ണിനു പിടിക്കാത്ത ഒന്നും എങ്ങും കണ്ടുപോകരുത്'' എന്ന് നിര്‍ദ്ദേശമാണ് കുട്ടുവന്‍ കൊടുത്തത്. പരദേശികളുടെ ഇഷ്ടമനുസരിച്ച് ജീവിക്കുവാന്‍ നാട്ടുപ്രഭുക്കള്‍ പ്രജകളോട് പറഞ്ഞു. ജനങ്ങളെ കര്‍ശനമായ നിരീക്ഷണത്തിന് (surveillance) വിധേയമാക്കുകയും ചെയ്തു. യവനത്താവളങ്ങളുടെ മുന്‍പില്‍ കരകളില്‍നിന്നുള്ളവര്‍ കാത്തുനിന്നു. യവനരെ സ്തുതിച്ച് പാണന്മാര്‍ പാട്ടുകള്‍ പാടി അടിമത്തത്തിന് വിജയം നേര്‍ന്നു. കപ്പല്‍ക്കാരുടെ നിറഞ്ഞ മടിശ്ശീലകളെ കാത്തിരിക്കുകയാണ് മുചിരിയിലെ അങ്ങാടികള്‍. വണിക്കുകളും ഇടനിലക്കാരും മാത്രമല്ല, സ്ത്രീകളും അവരെ കാത്തുനിന്നു. തങ്കയും പൊന്നുവും യവനനായ ആഡ്രിയനുമായി ബന്ധപ്പെട്ട് രതിലീലകളിലേര്‍പ്പെട്ടു. കുങ്കമ്മ ആഡ്രിയന്റെ മകനായ ഓറിയോണ്‍ എന്ന നീലക്കണ്ണുകളുള്ള പയ്യനെ കാത്തിരുന്നു. നക്ഷത്രക്കൂട്ടങ്ങളുടെ പേരുള്ള നീലക്കണ്ണുകളുള്ള വേട്ടക്കാരനായ ഓറിയോണെ കാത്തിരിക്കുന്ന കുങ്കുമ്മ വിദേശികളുടെ മാന്ത്രിക പ്രലോഭനങ്ങളില്‍ വീണുപോകുന്ന ദേശവാസികളുടെ വിധേയത്വത്തേയും അടിമത്തത്തേയും കുറിക്കുന്ന രാഷ്ട്രീയ രൂപകമാണ്. അധിനിവേശാധികാരത്തിന്റെ മുന്‍പില്‍ തകര്‍ന്നു പോകുന്ന അധിനിവേശിത ജനതയുടെ വീഴ്ചയുടെ പ്രതിരൂപമാണ് കുങ്കുമ്മ. പടിഞ്ഞാറന്‍ അഭിരുചികളുടേയും വൈദേശികവും ഉപരിപ്ലവവുമായ ആശയങ്ങളുടേയും അടിമകളായ ഇന്നത്തെ പുതുലോകത്തിന്റെ സ്വഭാവത്തിലേക്ക് ആ രാഷ്ട്രീയ പ്രതിരൂപം വിരല്‍ചൂണ്ടുന്നു.

യവനരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നുണ്ടെങ്കിലും അവര്‍ വംശത്തില്‍ കലര്‍പ്പ് കലരാതെ ശുദ്ധി സൂക്ഷിക്കുന്നുണ്ട്! കൊടുംവീര്യമുള്ള യവന വീജക്കള്‍ക്കെതിരെ കവചം തീര്‍ക്കാന്‍ കെല്പുള്ള കൂട്ട് ഉണ്ടാക്കുവാന്‍ അവിടെ വൈദ്യന്മാരുണ്ട്! ചോരയില്‍ മായം കലരാന്‍ അവര്‍ തയ്യാറല്ല. 'ഊരുക്കുടയവനു വേണ്ടി പോരാടി മരിച്ച ആദിപുലവന്റെ കുലമാണത്' എന്നവര്‍ അഭിമാനിക്കുകയും ചെയ്യുന്നു. എന്നാല്‍, പിതാവ് ആരെന്നറിയാത്ത കുഞ്ഞിനെ പ്രസവിക്കുകയും ചെയ്യുന്നു. സാമൂഹിക ജീവിതത്തിന്റേയും സംസ്‌കാരത്തിന്റേയും അടിത്തട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ജീര്‍ണ്ണതകളേയും പരിഹാസ്യമായ വൈരുദ്ധ്യങ്ങളേയും അധാര്‍മ്മികതകളേയും പുറത്തുകൊണ്ടുവരികയാണ് നോവലിസ്റ്റ്. രാഷ്ട്രീയമായും സാംസ്‌കാരികമായും അധിനിവേശത്തിനു വിധേയമായ ജനതയുടെ അവസ്ഥയാണ് പുരാവൃത്തത്തിന്റേയും ചരിത്രത്തിന്റേയും സ്വഭാവങ്ങള്‍ ഒരുപോലെ പ്രകടിപ്പിക്കുന്ന ഈ പഴങ്കഥയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. നാടിന്റെ സമ്പത്തും ആത്മീയതയുമെല്ലാം അപഹരിക്കുവാന്‍ വന്ന അധീശ ശക്തിയുടെ സാന്നിദ്ധ്യം ഭാഗ്യമായി കണ്ട ജനതയുടെ കഥയാണ് പറയുന്നത്. അവരുടെ കാലടികള്‍ വീണ് കാടും മലയും പൂക്കുമെന്നു തന്നെ അവര്‍ കരുതി. സമ്പത്തിന് അത്യാര്‍ത്തിയുള്ള ജനതയായി അവര്‍ മാറി. നേരുള്ള ഉഴവന്റെ വാക്കുകള്‍ ആരും കേട്ടില്ല. അധീശ ശക്തിയോട് വിധേയത്വം പ്രകടിപ്പിച്ച് സ്വാതന്ത്ര്യം അടിയറവച്ച ജനതയുടെ പതനം ചരിത്രത്തിലുണ്ട്. അധികാരലോകവും പൗരോഹിത്യവും എഴുതിച്ചേര്‍ത്ത വ്യവസ്ഥകളിലടങ്ങിയിരിക്കുന്ന അധാര്‍മ്മികതയും മനുഷ്യവിരുദ്ധതയും ഇവിടെ രാഷ്ട്രീയ പ്രതിരൂപങ്ങളിലൂടെ ധ്വനിപ്പിച്ചു കേള്‍പ്പിക്കുകയാണ് എഴുത്തുകാരന്‍. സാംസ്‌കാരികമായ അധിനിവേശം ഒരു നാട്ടിലെ ജനങ്ങളെ അവരുടെ സ്വാഭാവികമായ അവസ്ഥകളില്‍നിന്നും പിടിച്ചുമാറ്റി അവരെ സ്വന്തം നാട്ടില്‍ അപരന്മാരാക്കി മാറ്റുന്ന അവസ്ഥയിലേക്ക് വിരല്‍ചൂണ്ടുകയാണ് എഴുത്തുകാരന്‍. 
കാലത്തെ നോവലില്‍ വേലികെട്ടി നിര്‍ത്തിയിട്ടില്ല. നോവലില്‍ പല കാലങ്ങള്‍ ഒന്നിച്ചൊഴുകുന്നു. വര്‍ത്തമാനകാലവും ചരിത്രവും പുരാവൃത്തവും പ്രാചീന കാവ്യഭാവനയുമെല്ലാം നോവലില്‍ കുത്തിയൊഴുകുന്നു. 'ജലപ്രവാഹങ്ങള്‍ക്ക് അതിരുകളും ദിശകളുമില്ല' എന്ന് നോവലിസ്റ്റ് ഒരു ഭാഗത്ത് പറയുന്നുണ്ട്. കാലത്തിനും അതു ബാധകമാണ്. അതിരുകളും ദിശകളുമില്ലാതെ കാലവും പ്രവഹിക്കുന്നു, ചരിത്രവും പ്രവഹിക്കുന്നു. കാലപ്പകര്‍ച്ചകളുടെ അന്തമില്ലായ്മ നോവലിലുണ്ട്. പല ചരിത്രപ്രതിസന്ധികളുടേയും നേരെ കാലം ഒഴുകി പരക്കുന്നുണ്ട്. കാലപ്പകര്‍ച്ചകളുടെ ഇരുളും വെട്ടവും നോവലില്‍ മാറിമാറി വരുന്നു. കാളപൂട്ടുകാരനായ കിച്ചന്‍ പിന്നീട് നഗരത്തിന്റെ പകിട്ടിലേക്ക് വരുന്നുണ്ട്. പഴയ മുചിരി പുതിയ ലോകത്തെ, കാലത്തെ നേരിടുന്നു. തങ്ങളുടെ കാലമേതെന്ന് അറിയാതെ കിച്ചനും കുങ്കുമ്മയും കുഴഞ്ഞുപോകുന്നുണ്ട്. സ്ഥലകാലങ്ങളുടെ കണിശങ്ങളില്‍നിന്നും കുതറിമാറാനുള്ള ശ്രമങ്ങളില്‍ പലപ്പോഴും അവരുടെ കാലുകള്‍ വഴുതിപ്പോകുന്നു. മുചിരിയിലെ കുങ്കുമ്മ പുതിയ കാലത്ത് കൊച്ചിയില്‍ കോര്‍പ്പറേറ്റ് രീതികളെ വെല്ലുന്ന ബുദ്ധി പ്രകടിപ്പിക്കുന്നയാളായി മാറി. പുനര്‍ജനി കാത്തുകിടന്ന മുചിരിയുടെ മറുപിറവിയാണ് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ എന്ന് കുങ്കുമ്മ തിരിച്ചറിയുന്നുണ്ട്. ഒരുപാട് കണക്കുകൂട്ടലുകളുമായി ഉയരങ്ങള്‍ തേടുകയാണ് കുങ്കുമ്മ. പല കാലങ്ങളെ കൂട്ടിക്കലര്‍ത്തി പല സംസ്‌കാരങ്ങളെ കൂട്ടിമുട്ടിച്ച് ചരിത്രത്തില്‍ മനുഷ്യനനുഭവിച്ച അധിനിവേശാഘാതങ്ങളുടെ ആഴം വെളിപ്പെടുത്തുകയാണ് നോവലിസ്റ്റ്. 

എല്ലാ കലാസൃഷ്ടികളില്‍നിന്നും ഉയര്‍ന്നുവരുന്ന ഭാവതരംഗങ്ങളിലൊന്ന് അത് രൂപംകൊണ്ട കാലത്തെ ആവാഹിച്ചെടുത്തുകൊണ്ടായിരിക്കും പ്രത്യക്ഷപ്പെടുന്നത്. 'മറുപിറവി' എന്ന നോവലും പ്രാചീനകാല മനുഷ്യാനുഭവങ്ങളോടൊപ്പം ഈ കാലത്തെ മറഞ്ഞിരിക്കുന്ന അഗാധ യാഥാര്‍ത്ഥ്യങ്ങള്‍ കൂടി പുറത്തുകൊണ്ടുവരുന്നു. സാംസ്‌കാരികവും രാഷ്ട്രീയവുമായ അധീശാധികാരത്തിനു കീഴടങ്ങുന്ന, ചിന്താപരമായ അടിമത്തത്തിനു വഴങ്ങുന്ന ഇന്നത്തെ ജീവിതത്തെക്കുറിച്ചുകൂടി നോവല്‍ പറയാതെ പറയുന്നുണ്ട്. നമ്മുടെ ചിന്താധാരകളെയും, ഭരണകൂട നയങ്ങളേയും സൗന്ദര്യാഭിരുചികളേയും ജീവിതസങ്കല്പത്തേയുമെല്ലാം മറഞ്ഞിരുന്ന് സ്വാധീനിച്ച് വിപല്‍ക്കരമായ പരിണാമങ്ങള്‍ക്ക് വിധേയമാക്കുന്ന അധീശാധികാരത്തെക്കുറിച്ചു കൂടി നോവല്‍ ആഴത്തില്‍ സൂചിപ്പിക്കുന്നു. നോവലിലെ പഴങ്കഥ ഈ കാലത്തിന്റേയും കഥയാണെന്ന് വ്യക്തം. സത്യമറിഞ്ഞ് സ്വതന്ത്രനാകാനും എല്ലാത്തരത്തിലുള്ള അധിനിവേശങ്ങളെയും ചെറുക്കാനും സാംസ്‌കാരിക സ്വത്വം കൂടുതല്‍ ജ്വലിപ്പിക്കാനും നോവല്‍ ആവശ്യപ്പെടുന്നതായി സൂക്ഷ്മവായനയില്‍ ബോദ്ധ്യപ്പെടുന്നു. കലാസൃഷ്ടി എന്ന നിലയിലുള്ള 'മറുപിറവി'യുടെ നേട്ടമാണത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com