നോവലെന്ന കലാപം: അല്‍ത്തുറോ അറിയാസിന്റെ കൃതികളെപ്പറ്റി

അല്‍ത്തുറോ അറിയാസ്
അല്‍ത്തുറോ അറിയാസ്

ഗ്വാത്തിമാലയില്‍നിന്നും സാഹിത്യത്തില്‍ ആദ്യ നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങുകയും അതോടെ ആ പുരസ്‌കാരം ഏറ്റുവാങ്ങിയ ആദ്യ ലാറ്റിനമേരിക്കന്‍ നോവലിസ്റ്റെന്ന ബഹുമതി നേടുകയും ചെയ്ത അന്‍ഖെല്‍ അസ്തൂറിയാസി (Miguel Angel Asturiaz)നു ശേഷം ഗ്വാത്തിമാലയില്‍ സാഹിത്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വളരെ കുറവാണ്. അവിടുത്തെ മായന്‍ സംസ്‌കാരവും അവരുടെ പുരോലിഖിതങ്ങളുമെല്ലാം വളരെ വേഗം കമ്പോളവല്‍ക്കരിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതും. സ്പാനിഷ് അധിനിവേശാനന്തരം തകര്‍ത്തെറിയപ്പെട്ട ആ ജീവിതങ്ങളില്‍ നഷ്ടമായത് നൂറ്റാണ്ടുകളുടെ തനതു സംസ്‌കാരത്തിന്റേയും മിത്തുകളുടേയും ഉപകഥകളുടേയുമെല്ലാം ചരിത്രങ്ങളായിരുന്നു. ഒട്ടനവധി നരവംശ ശാസ്ത്രജ്ഞരും ചരിത്രകാരന്മാരുമെല്ലാം അവയെ മടക്കിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അവയൊന്നും അവരാഗ്രഹിക്കുന്ന രീതിയില്‍ ഫലവത്തായില്ല. മായന്‍ ചരിത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത് വെറും ഓര്‍മ്മകളുടേയും പുരാവൃത്തങ്ങളുടേയും മിശ്രണങ്ങള്‍ മാത്രമായിരുന്നില്ല; മറിച്ച് അവരുടെ അനന്യമായ ശാസ്ത്രാവബോധം കൂടിയായിരുന്നു. ഗ്രഹചലനങ്ങളെക്കുറിച്ചും വേലിയേറ്റങ്ങളെക്കുറിച്ചും പ്രചണ്ഡവാതങ്ങളെക്കുറിച്ചും ഭൂകമ്പങ്ങളുടെ ആഗമനങ്ങളെക്കുറിച്ചുമെല്ലാം അവര്‍ക്കുണ്ടായിരുന്ന അവബോധം ഇന്നും ഉത്തരാധുനിക ശാസ്ത്ര-സാങ്കേതിക ലോകത്തിന് മഹാവിസ്മയമായി നിലകൊള്ളുന്നു. തദ്ദേശീയ ഭാഗിക സംസ്‌കൃതി (Partial systems of Culture)യെക്കുറിച്ചും അവയുടെ നിലനില്‍പ്പിനെക്കുറിച്ചും ഉല്‍ബോധിതയായി അവരുടെ ആവശ്യങ്ങള്‍ക്കായി നിരന്തരം പടപൊരുതുന്ന റിഗോബെര്‍ത്ത മെന്‍ചു (Rigoberta Menchu)വാണിന്ന് ഗ്വാത്തിമാലയിലെ ശബ്ദങ്ങളില്‍ പ്രമുഖ സ്ഥാനമര്‍ഹിക്കുന്നൊരാള്‍. മെന്‍ചു അവരുടെ പ്രമാണ സാഹിത്യ (Testimonial Writing) രൂപമാവിഷ്‌കരിക്കുമ്പോള്‍ത്തന്നെ അമേരിക്കന്‍ സര്‍വാധിപത്യത്തിനെതിരെയും ഇതര ലാറ്റിനമേരിക്കന്‍ നവ-കൊളോണിയല്‍ ശാക്തീകരണത്തിനെതിരെയും തദ്ദേശിയരെ ബോധവല്‍ക്കരിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. 

എന്നാല്‍, ഇപ്പോള്‍ ഗ്വാത്തിമാലയിലെ സ്ഥിതി ഇതല്ല. ദിവസവും കലുഷിതമായിക്കൊണ്ടിരിക്കുന്ന ഗ്വാത്തിമാലന്‍ ഭൂമിക ഒട്ടനവധി മാഫിയകള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കുമായി തീറെഴുതിക്കഴിഞ്ഞിരിക്കുന്നു. രണ്ടു പ്രബലമായ ഏകാധിപത്യ ഭരണകൂടങ്ങളെ ഈ ലാറ്റിനമേരിക്കന്‍ രാജ്യം കാണുകയുണ്ടായി. ചെറുത്തുനില്‍പ്പിന്റെ മുനകള്‍ ഒടിയുന്നതോടെ ആന്തരികാധിനിവേശം ശക്തമാവുകയുമുണ്ടായി. ഇത്തരമൊരു സാഹചര്യത്തില്‍, അസ്തൂറിയാസിന്റെ അതിക്രൂരനായ പ്രസിഡന്റി(The President)ന്റെ  ആവിഷ്‌കാരത്തിനുശേഷം സമകാലിക ഗ്വാത്തിമാല ഇത്തരം ആഖ്യായികകള്‍ നിര്‍മ്മിക്കുന്നുണ്ടോയെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. അര്‍ത്തുറൊ അറിയാ (Arturo Arias)സിന്റെ നോവലുകളാണ് ഇതിനുള്ള ഉത്തരം തരുന്നതും. 
'ബോംബുകള്‍ക്ക് ശേഷ'(After the Bombs)മെന്ന അറിയാസിന്റെ നോവല്‍ ഗ്വാത്തിമാലയുടെ വര്‍ത്തമാനമുഖമാകുന്നതെങ്ങനെയെന്ന് പരിശോധിക്കുന്നതിനും മുന്‍പ് ഗ്വാത്തിമാലന്‍ സാഹിത്യത്തിന്റെ ചില വഴിത്തിരുവുകളെക്കുറിച്ച് പറയേണ്ടതാവശ്യമാണ്. 

ആഖ്യായികയെന്ന കലാപം
കലാപങ്ങളെ രേഖപ്പെടുത്തുകയെന്നത് ഏതൊരാഖ്യായികയുടേയും ധര്‍മ്മമെന്നിരിക്കെ, പലപ്പോഴും അത്തരമെഴുത്തുകള്‍ റിപ്പോര്‍ട്ടുകളുടെ രൂപത്തില്‍ അവതരിക്കുന്നത് സ്വാഭാവികമാണല്ലോ. മാര്‍ക്വേസിന്റെ 'ദ ന്യൂസ് ഓഫ് എ കിഡ്‌നാപ്പിങ്ങിലും' 'ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ടോള്‍ഡി'ലുമെല്ലാം അത്തരം അവസ്ഥകള്‍ നാം കണ്ടതാണ്. പലപ്പോഴും നഗരകലാപങ്ങളേയും സ്റ്റേറ്റിന്റെ അക്രമണോത്സുകതയേയുമെല്ലാം പകര്‍ത്തുമ്പോള്‍ എന്തുകൊണ്ടോ അവ യാഥാസ്ഥിതിക രൂപത്തില്‍ വിലയം കൊള്ളുന്നുണ്ട്. നാച്വറലിസമെന്ന സാഹിത്യരൂപത്തില്‍നിന്നും വിഭിന്നമായി അത്തരം അവസ്ഥകളെ പ്രതിപാദന രീതികളുടെ വൈപുല്യത്താല്‍ അവതരിപ്പിക്കുമ്പോഴാണ് അവയ്ക്ക് കഥയുടെ പ്രതിനിധാനം കൈവരുന്നത്. റിപ്പോര്‍ട്ടുകളും കഥകളും തമ്മിലുള്ള ആന്തരിക ബന്ധത്തെ അടുത്തറിഞ്ഞ് അതിനൊരു പുതുച്ഛായ നല്‍കുകയാണ് മാര്‍ക്വേസ് ചെയ്തതെങ്കില്‍, ജനങ്ങളുടെ ഉള്‍ജീവിതങ്ങളില്‍നിന്നും ഭയത്തിന്റെ ഭീകരമൂര്‍ത്തിയായ പ്രസിഡന്റിനെ സൃഷ്ടിക്കുകയാണ് അസ്തൂറിയാസ് ചെയ്തത്. അസ്തൂറിയാസില്‍നിന്നും മാര്‍ക്വേസിന്റെ ജനറലിലേക്കുള്ള ദൂരമെത്രയാണെന്ന് ഇവിടെ പരിശോധിക്കുന്നില്ല. എന്നാല്‍ വര്‍ത്തമാന കാലുഷ്യങ്ങളുടെ പരിസ്ഥിതിയില്‍ അനുഭവവേദ്യമായ സംഭവങ്ങളെ ആഖ്യായികയാക്കുകയെന്നത് കലാപാന്തരീക്ഷങ്ങളുടെ പെരുമ്പറകള്‍ മുഴങ്ങുന്ന ലാറ്റിനമേരിക്കന്‍ നാടുകളുടെ ഒരു വെല്ലുവിളി തന്നെയാണ്. 


അറിയാസിന്റെ നോവലില്‍ പല വര്‍ത്തമാനത്തിന്റെ നേര്‍രേഖകളുമാണ് ഇല്ലാതായിരിക്കുന്നു. 1954-ല്‍ ഗ്വാത്തിമാലയിലെ നഗരങ്ങള്‍ക്കു മുകളില്‍ നിപതിച്ച ബോംബുകള്‍ പഴയ ഭരണകൂടത്തെ തകര്‍ത്തുകൊണ്ട് പുതിയൊരു ഭരണക്രമം സൃഷ്ടിച്ചതെങ്ങനെയെന്ന് അറിയണമെങ്കില്‍ വെറുമൊരു പ്രസിഡന്റിന്റെയോ ജനറലിന്റെയോ മാനസിക സംത്രാസങ്ങളേയും ജനങ്ങളുടെ വിക്ഷുബ്ധതകളേയും അനാവരണം ചെയ്യുന്ന ആഖ്യായികകള്‍കൊണ്ടോ ആവില്ല എന്ന സന്ദേശമാണ് ഇതിലുള്ളത്. 
അറിയാസ് ഗ്വാത്തിമാലയെ കാഴ്ചകളുടെ ആവര്‍ത്തനത്തിന്റെ ഭൂമിയാക്കുകയാണ്. നഗരം വിഴുങ്ങിക്കൊണ്ടിരിക്കുന്ന അഗ്‌നിയുടെ ജിഹ്വയ്ക്കുള്ളില്‍ കാണാതായവരും എരിഞ്ഞമര്‍ന്നവരുമെല്ലാം അനേകം. രഹസ്യയോഗങ്ങളുടേയും പരസ്യ പ്രഖ്യാപനങ്ങളുടേയുമെല്ലാം സ്വകാര്യവും പൊതുവുമായ സ്ഥലങ്ങളെല്ലാം വെന്തെരിഞ്ഞു കഴിഞ്ഞിരിക്കുന്നു. തകര്‍ന്നടിഞ്ഞ സൗധങ്ങള്‍ക്കിടയില്‍നിന്നും വിറങ്ങലിച്ച ആകാശത്തിലേക്ക് പരക്കുന്ന നേര്‍ത്ത ധൂമവലയങ്ങളില്‍ പട്ടിണിക്കാരന്റേയും അവന്റെ/അവളുടെ സന്തത സഹചാരികളുടേയും വ്യക്തതയില്ലാത്ത മുഖങ്ങള്‍ കാണാം. തകര്‍ന്നടിഞ്ഞ ഓഫീസുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും മുഴുവന്‍ തീ തിന്നാത്ത റെക്കോര്‍ഡ് പുസ്തകങ്ങളുടെ താളുകള്‍ കണ്ടേക്കാം. മൃഗങ്ങളും പക്ഷികളുമെല്ലാം എന്നേ അപ്രത്യക്ഷരായിക്കഴിഞ്ഞ നഗരചത്വരങ്ങളുടെ വിടവിലെവിടെയോ ഒരു എലിമ്പന്‍ നായ ഓടുന്നതും കാണാം. 
ബോംബുകളുടെ വര്‍ഷം അത്രയ്ക്കും മാരകമായിരുന്നു. ഒരു ഭരണകൂടം മാത്രമല്ല; ആരുമവിടെ അവശേഷിക്കാന്‍ പാടില്ലെന്ന മുന്നറിയിപ്പാണ് അതു നല്‍കിയത്. ആകെ തകര്‍ന്നടിഞ്ഞ നഗരത്തില്‍നിന്നും ഉയരുന്ന ഒന്നോ രണ്ടോ ശബ്ദങ്ങള്‍ അവ എന്തിന്റെയെന്നോ ആര്‍ക്കു വേണ്ടിയെന്നോ ആര്‍ക്കും പറയാനാകുന്നില്ല. രാവിന്റെ നിലാവെളിച്ചത്തില്‍ ഗ്വാത്തിമാലന്‍ നഗരങ്ങള്‍ മറ്റൊരു പ്രതീതി ഉളവാക്കി. എല്ലാവരും ഒഴിഞ്ഞുപോയ ഒരിടം പോലെ. അതുമല്ലെങ്കില്‍ ജീവനുവേണ്ടി തിരച്ചില്‍ തുടരുന്ന അന്യഗ്രഹം പോലെ. രാവും പകലും ഇടമുറിയാതെ വീണുകൊണ്ടിരുന്ന ബോംബുകളുടെ പുരാവൃത്തമായി വികസിക്കുന്ന നോവല്‍ എല്ലാ അര്‍ത്ഥത്തിലും കലാപത്തിന്റെ തന്നെ സൃഷ്ടിയായിത്തീരുകയാണ്. 

ബാഹ്യസംഭവങ്ങളെ അതേപടി പകര്‍ത്തുകയോ അവയില്‍നിന്നുമൊരു നവ ആഖ്യായികയ്ക്ക് ആവിഷ്‌കാരം ചെയ്യുന്നതിനോ അല്ല അറിയാസ് ശ്രമിക്കുന്നത്. കാഴ്ചകളുടെ സംത്രാസങ്ങളില്‍നിന്നും വളര്‍ത്തിയെടുത്ത കഥകള്‍ ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നതിനോടൊപ്പം അയാളുടെ ആത്മകഥനമോ പ്രസ്താവനയോ മാത്രമാക്കിത്തീര്‍ക്കാതെ ചില വ്യക്തികളുടെ കൂടി കഥനമാക്കുവാനാണ് അറിയാസ് ഉദ്യമിക്കുന്നത്. അതോടെ നോവലെന്ന തനി സ്വരൂപത്തില്‍ നിന്നും അടര്‍ന്നുമാറി അതിനായുള്ള ആഖ്യായികതന്നെ കലാപത്തിന്റെ രൂപം കൈവരിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. അറിയാസിന്റെ ഭാഷ വെറും സംസാരഭാഷയല്ല. സാഹിത്യേതര കലാപത്തിന്റെ സ്വരം അതിനുണ്ട്. പട്ടാളക്കാര്‍, പിച്ചക്കാര്‍, വേശ്യകള്‍, കൂട്ടിക്കൊടുപ്പുകാര്‍ എന്നിങ്ങനെ ഒട്ടനേകം ആളുകള്‍ അവരുടെ സംഭാഷണങ്ങള്‍ ഒരു പ്രത്യേക സംഭവത്തിലോ വസ്തുതയിലോ കേന്ദ്രീകരിക്കാതെ ഒട്ടനവധി കാര്‍ക്കശ്യങ്ങളിലൂടെ നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നു. സംസാരഭാഷയുടെ അഭാവമാണ് കലാപഭാഷയുടെ നിര്‍മ്മിതിക്ക് തുടക്കം കുറിക്കുന്നതും. 

മാക്സിമോവിന്റെ അന്വേഷണങ്ങള്‍
ഗ്വാത്തിമാലയില്‍ കലാപകാരികളുടെ ബോംബുകള്‍ വീഴുമ്പോള്‍ മാക്സിമോവ് കൈക്കുഞ്ഞായിരുന്നു. സര്‍ക്കാരുമായി ബന്ധമുണ്ടായിരുന്നെങ്കിലും അതിനെ നിശിതമായി വിമര്‍ശിച്ചിരുന്ന ആ കുട്ടിയുടെ പിതാവ് ബോംബുകള്‍ വീഴുവാന്‍ തുടങ്ങിയ രാത്രി വീട്ടില്‍ മടങ്ങിയെത്തുകയുണ്ടായില്ല. മാക്സിമോവിന്റെ മാതാവ് കുഞ്ഞിന്റെ അച്ഛന്‍ മറ്റൊരു ദിവസം മടങ്ങിയെത്തുമെന്ന വ്യഥചിന്തയുമായി അതിനെ വളര്‍ത്തുകയും ഗ്വാത്തിമാലയെന്ന രാജ്യം വഞ്ചകരുടേയും ഭീകരരുടേതുമാണെന്ന വിശ്വാസം കുഞ്ഞിന് നല്‍കുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് നാം കാണുന്നത് മാക്സിമോവിന്റെ അന്വേഷണങ്ങളാണ്. മാക്സിമോ അന്വേഷിക്കുന്നത് സ്വന്തം പിതാവിനെ മാത്രമല്ല; നഷ്ടപ്പെട്ട ഇതര പിതാക്കളേയും അവരുടെ സന്താനങ്ങളുടെ വര്‍ത്തമാനങ്ങളില്‍നിന്നും അറിവായ ഒട്ടനവധി പൗരരേയുമാണ്. അയാളുടെ അന്വേഷണങ്ങളില്‍ അറിയാസ് മനപ്പൂര്‍വ്വം ഒളിപ്പിച്ചുവെച്ച അസ്തൂറിയാസിന്റെ ഓര്‍മ്മഘടകങ്ങളും കടന്നുവരുന്നു. അസ്തൂറിയാസില്‍നിന്നും വിഭിന്നമായാണ് ആഖ്യായിക വളരുന്നതെങ്കിലും അതിനുള്ളില്‍ ഒളിച്ചും പതുങ്ങിയും മായന്‍ വംശജരുടെ കാലടിയൊച്ചകള്‍ നാം കേള്‍ക്കുന്നു. 

ലാറ്റിനമേരിക്കന്‍ പ്രക്ഷോഭങ്ങളും കലാപങ്ങളും വ്യത്യസ്തമായ ജനപങ്കാളിത്തമാണ് കാട്ടിത്തരുന്നത്. ഒരുവശത്ത് ഗറില്ലായുദ്ധ രീതികള്‍ പ്രബലമായിരിക്കുമ്പോള്‍ മറുവശത്ത് നീതി ലഭിക്കും വരെയുള്ള നിരാഹാര മാര്‍ഗ്ഗവും നമ്മള്‍ കാണുന്നുണ്ട്. ഗ്വാത്തിമാലയുടെ ചരിത്രത്തില്‍ മെന്‍ചുവുള്‍പ്പെടുന്നവര്‍ അമേരിക്കന്‍ സാമ്രാജ്യത്തിനെതിരെയും ആന്തരിക അധിനിവേശത്തിനെതിരെയും പടപൊരുതുന്നത് സായുധമാര്‍ഗ്ഗത്തിലൂടെ അല്ലെന്ന് നാമോര്‍ക്കണം. കാണാതായ ഭര്‍ത്താവിനുവേണ്ടിയുള്ള നീതിനിഷേധത്തിനെതിരെയുള്ള  മാക്സിമോവിന്റെ മാതാവിന്റെ സമരമാര്‍ഗ്ഗം മെന്‍ചുവിന്റെ സമരശൈലി അനുസ്മരിപ്പിക്കുന്നു. മാക്സിമോയെന്ന കഥാപാത്രമാകട്ടെ, ഏതു വഴിയിലൂടെ സഞ്ചരിക്കണമെന്നറിയാതെ പരിഭ്രമിക്കുന്നത് സ്വാഭാവികമാകാം. എന്നാല്‍, ചിങ്കോളോ(Chingolo)യെപ്പോലൊരു വ്യക്തിയുമായുള്ള സൗഹൃദം അയാളെ പുരാവൃത്തങ്ങളിലേക്കുതന്നെ കൊണ്ടുചെന്നെത്തിക്കുന്നു. മായന്‍ വംശജര്‍ അവരുടെ കലാപങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെന്ന വേദനിക്കുന്ന ചരിത്രാവബോധമാണ് ഇവിടെ ഉണ്ടാകുന്നത്. 
വിമോചന ദൈവശാസ്ത്രത്തിന്റെ വളര്‍ച്ചക്കൊപ്പം ലാറ്റിനമേരിക്കന്‍ നാടുകളില്‍ അരങ്ങേറിയ മറുചിന്തകളും പ്രവര്‍ത്തനങ്ങളും വെറും ദൈവനിഷേധമായിരുന്നില്ല. യുവാക്കളുടെ വലിയ നിര സ്റ്റേറ്റിനെ അടക്കിവാണിരുന്ന പൗരോഹിത്യത്തെ എതിര്‍ക്കുന്നതോടൊപ്പം സ്വയം സ്വതന്ത്രരാകുവാന്‍ ആഗ്രഹിക്കുക കൂടിയാണ് ഇവിടെയുണ്ടായത്. മാക്സിമോ അയാളുടെ അന്വേഷണങ്ങളില്‍ മുന്‍തൂക്കം കൊടുത്തിരുന്നത് യുവാവെന്ന നിലയിലുള്ള ശാരീരിക വിമോചനമായിരുന്നു. ഒരുവന്റെ ശരീരം അനേക വ്യവഹാരങ്ങളുടെ ഭാഗമാകുമ്പോള്‍ത്തന്നെ, വിമോചിതമാകുന്നത് എങ്ങനെയെന്ന ചോദ്യം വര്‍ത്തമാന പരിസ്ഥിതിയില്‍ നമ്മെ ഏറെ അലട്ടുന്ന ഒന്നാണ്. മാക്സിമോവിന്റെ കാര്യത്തില്‍ മറ്റുള്ളവരുടെ ആരോപിക്കപ്പെട്ട നോട്ടങ്ങളില്‍നിന്നും വിമുക്തനാകാന്‍ അയാള്‍ ആഗ്രഹിക്കുന്നു. (തന്റെ പുത്രന്‍ മുഷ്ടിമൈഥുനം ചെയ്യുന്നുണ്ടോയെന്ന് വേവലാതിപ്പെടുന്ന അമ്മയില്‍നിന്നുപോലും!) എന്നാല്‍, ചെന്നുകേറുന്നിടത്തൊക്കെ പട്ടാളക്കാരുടെ ക്രൂര ആക്രമണങ്ങള്‍ മാത്രമാണ് അയാള്‍ കാണുന്നത്. പീഡിതമാകുന്ന ശരീരങ്ങളും അവ നേരില്‍ക്കാണുന്ന ആത്മപീഡനം അനുഭവിക്കുന്ന ആളുടെ ശരീരക്കാഴ്ചയും തമ്മിലുള്ള വേറിട്ടൊരു ബന്ധത്തെ നാം ഇവിടെ അറിയുന്നു.

രതിയും അരാജകത്വവും
അധികാരവും രതിയും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ മാനങ്ങള്‍ ആവിഷ്‌കരിക്കപ്പെടുന്നുണ്ട് അറിയാസിന്റെ നോവലിനുള്ളില്‍. അധികാര ഉന്മാദികളായ പട്ടാളക്കാര്‍ ലിംഗഭേദമില്ലാതെ ശരീരങ്ങള്‍ ക്രൂര രതിക്കു വശംവദമാക്കുമ്പോള്‍ സ്റ്റേറ്റിനെതിരെയുള്ള പ്രതികരണങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്നത് ഒരു കൂട്ടം വ്യഭിചാരികളിലൂടെയാണ്. വേശ്യകളുടേയും കൂത്തിച്ചികളുടേയും നഗരനൃത്തങ്ങളും നാഗരിക പ്രഹരങ്ങളും ഗ്വാത്തിമാലയില്‍ നിയമിതരായ അമേരിക്കന്‍ അംബാസഡര്‍മാരെ ഞെട്ടിക്കുന്നു. ശരീരങ്ങള്‍ തെരുവിലൂടെ നിര്‍ദ്ദാക്ഷിണ്യം വലിച്ചിഴക്കപ്പെടുമ്പോള്‍ ഒട്ടനവധി മറുശരീരങ്ങള്‍ അവയുടെ പ്രതിഷ്ഠാനത്താലും പ്രകടനത്താലും സ്റ്റേറ്റിനേയും പട്ടാളഭരണത്തേയും ചോദ്യം ചെയ്യുന്നു. ആര്‍ത്തിരമ്പുന്ന കലാപശാലയായി ഒരു രാജ്യം മാറിത്തീരുന്നത് ശരീരപ്രകടനങ്ങളിലൂടെയാണ്. ലിംഗഭേദമനുസൃതമായ നിര്‍ണ്ണയാവസ്ഥയിലേക്കല്ല നാമിവിടെ കടന്നുചെല്ലുന്നത്. സ്ത്രീയുടേതെന്നോ പുരുഷന്റേതെന്നോ അഥവാ ഉഭയലൈംഗികതയുടേതെന്നോ അറിയാന്‍ സാധിക്കാത്ത ശരീരങ്ങളാണ് സ്റ്റേറ്റിനെതിരെയുള്ള പ്രത്യക്ഷ കലാപങ്ങള്‍ സാധ്യമാക്കുന്നത്. 

ഗ്വാത്തിമാലയെ നിരന്തരം വിറ്റ് കാശാക്കിക്കൊണ്ടിരുന്ന ഒരു അംബാസഡറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില വേശ്യകള്‍ അതിദാരുണമായി വേട്ടയാടപ്പെടുന്ന രംഗമുണ്ട് നോവലില്‍. അത്തരമൊരു സാഹചര്യത്തില്‍ അവരെ സഹായിക്കാനായി മുന്നോട്ടു വരുന്നത് സാധാരണ ജനങ്ങള്‍ മാത്രമാണ്. പൊലീസ് വേട്ട അതിന്റെ മുറയ്ക്കു തുടരുമ്പോള്‍, നഗ്‌നശരീരങ്ങളായിത്തന്നെ ഞങ്ങള്‍ ചെറുത്തുനില്‍ക്കുമെന്ന സന്ദേശമാണ് നഗരങ്ങളിലെ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവര്‍ക്കുള്ളതും. (എവിടെയോ നമ്മുടെ വര്‍ത്തമാനത്തിന്റെ അടരുകള്‍ ഇത്തരം പ്രതിപാദ്യങ്ങളില്‍ നാം വായിച്ചെടുക്കുന്നില്ലേ? പ്രത്യേകിച്ചും മണിപ്പൂര്‍ വനിതകളുടെ ഇന്ത്യന്‍ എംബസിക്കു മുന്നിലുണ്ടായ പ്രകടനം? 'ഇന്ത്യന്‍ ആര്‍മി, റേപ്പ് അസ്!' എന്നു മുദ്രിതമായ).
അരാജകത്വം നിലനില്‍ക്കുന്നത് വെറും കുത്തഴിഞ്ഞ ഭരണക്രമത്തിനുള്ളില്‍ മാത്രമല്ല. പലപ്പോഴും അരാജകത്വത്തിന്റെ വഴികള്‍ നമുക്ക് ചില അന്വേഷണങ്ങള്‍ക്കുള്ളിലും ദര്‍ശിക്കാനാവും. അരാജക മനസ്സുകളാണ് എക്കാലത്തും വിപ്ലവങ്ങള്‍ക്കായുള്ള താത്ത്വികാടിത്തറ ഒരുക്കിയിരുന്നത്. മാക്സിമോവിന്റെ മാതാവിന്റെ സങ്കല്‍പ്പങ്ങള്‍ ഒടുവില്‍ അവരെ എത്തിക്കുന്നത് തന്റെ പുത്രന്‍ ഒരിക്കലും പിടികിട്ടാനാകാത്ത ഗ്വാത്തിമാലന്‍ കാലങ്ങളിലേക്കാണ്. ഭാവനാത്മകമായിപ്പോലും പിതാവിനെക്കുറിച്ചുള്ള ഉദ്വിഗ്‌നതകള്‍ അതോടെ അസ്തമിക്കുകയും ചെയ്യുന്നു. അമാരെന (Amarena)യെന്ന സ്ത്രീയുടെ ജീവിതം അരാജക മനസ്സിന്റെ വിക്ഷുബ്ധതകളെ തുറന്നുകാട്ടുന്നുണ്ട്. ഒരേസമയം അമേരിക്കന്‍ സൈനികര്‍ക്കും ഗ്വാത്തിമാലന്‍ പട്ടാളത്തിനും വിധേയമായിരിക്കെ, ചിങ്കോളയുമായുള്ള ചങ്ങാത്തത്തിലൂടെ പട്ടാളഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് അമാരെന ചെയ്യുന്നത്. അതിനവര്‍ക്ക് കൊടുക്കേണ്ടിവന്ന വില ചെറുതൊന്നുമല്ല. ശരീരങ്ങളുടെ വാങ്ങലുകളും കൊടുക്കലുകളും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഗ്വാത്തിമാലയില്‍ അവരുമൊരു ഉല്‍പ്പന്നമായി മാറിത്തീരുകയുണ്ടായി. സ്റ്റേറ്റിനെതിരെയുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ക്കുള്ളില്‍ എത്രയോ ഇതുപോലുള്ള കഥകള്‍ ഒളിച്ചിരിക്കുന്നു. 

അറിയാസിന്റെ നോവലിലെ രതിഭാവനകള്‍ സ്റ്റേറ്റിന്റെ തന്നെ വൈകൃതങ്ങളുടെ കുപ്പായമായിരിക്കെ, മൃഗീയവിനോദങ്ങളില്‍ ഏര്‍പ്പെടുന്ന പട്ടാളത്തിന്റെ അനുരണനങ്ങള്‍ തന്നെയാണ് ഇന്നും മധ്യേഷ്യയിലേയും അമേരിക്കയിലേയും പല ക്യാമ്പുകളിലും നമുക്ക് കാണാന്‍ കഴിയുന്നത്. ശരീര പീഡനങ്ങളുടെ ആകാശഗംഗയില്‍ ഒറ്റതിരിയുന്ന വാല്‍നക്ഷത്രമായി മാക്സിമോ മാറുന്നു. അവസാനിക്കാത്ത തിരച്ചിലുകള്‍ അയാളുടെ രതിപൂര്‍ത്തീകരണത്തിന്റെ പന്ഥാവുകള്‍ കൂടിയാണ്. 
എന്നിരുന്നാലും 60-കള്‍ക്കു ശേഷം എഴുതപ്പെട്ട ഏതൊരു ലാറ്റിനമേരിക്കന്‍ മുഖ്യധാരാ നോവലിനെക്കാളും അധികം സ്ത്രീകള്‍ സ്റ്റേറ്റിനെതിരെ പടപൊരുതുന്നത് കാണാന്‍ കഴിയുക ഈ നോവലിലാണ്. അങ്ങനെ നോക്കുമ്പോള്‍, സ്ത്രീ വിമോചനത്തിന്റെ ലാറ്റിനമേരിക്കന്‍ ആഖ്യായികയായിക്കൂടി ഈ നോവല്‍ വായിക്കപ്പെടേണ്ടതാണ്. 

After The Bombs
by Arturo Arias
Translated By: Asa Zatz
U.S: Curbstone Publications
Price: $ 18.20

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com