ഭ്രമാത്മകമായ നിമിഷങ്ങളുടെ പുനര്‍നിര്‍മിതി: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച്

ഏതൊരു ദസ്തയെവ്‌സ്‌കി കഥാപാത്രത്തെക്കാളും ജ്വരബാധിതനായ ഒരു കലാകാരനായിരുന്നു വിന്‍സന്റ് വാന്‍ഗോഗ്.
ഭ്രമാത്മകമായ നിമിഷങ്ങളുടെ പുനര്‍നിര്‍മിതി: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച്

തൊരു ദസ്തയെവ്‌സ്‌കി കഥാപാത്രത്തെക്കാളും ജ്വരബാധിതനായ ഒരു കലാകാരനായിരുന്നു വിന്‍സന്റ് വാന്‍ഗോഗ്. വാന്‍ഗോഗിന്റെ ഭ്രാന്തെടുത്ത ചിത്രകലാ ജീവിതത്തെക്കുറിച്ച് ഒട്ടനവധി മനോഹരങ്ങളായ പുസ്തകങ്ങളുണ്ടായിട്ടുണ്ട്. മുപ്പതുകളിലെ ഗ്രേറ്റ് ഡിപ്രഷന്റെ കാലത്താണ് വിന്‍സന്റ് വാന്‍ഗോഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഇര്‍വിങ് സ്റ്റോണ്‍ Lust for Life എന്ന വിഖ്യാത ഗ്രന്ഥമെഴുതിയത്. ഇര്‍വിങ് സ്റ്റോണിന്റെ ആദ്യ പുസ്തകമായിരുന്നിട്ടും, പ്രസ്തുത പുസ്തകം എത്രയോ കാലം പുസ്തക വില്പന ചരിത്രത്തിലെ ബെസ്റ്റ് സെല്ലറുകളിലൊന്നായി തുടര്‍ന്നു. ആ പുസ്തകം സമ്പന്നനാക്കി മാറ്റിയെന്നു മാത്രമല്ല, ഒരു കലാകാരന്റെ വിഭ്രമങ്ങളും ഒറ്റപ്പെടലുകളും പീഡിതമായ ജീവിതസാഹചര്യങ്ങളും എത്രമേല്‍ ഭയാനകവും ദുഃഖപൂര്‍ണ്ണവും ആണെന്ന് ഇര്‍വിങ് സ്റ്റോണ്‍ വരച്ചുവെച്ചു. തന്റേതായ രാസത്വരകങ്ങളൊന്നും പുരട്ടി വാന്‍ഗോഗിന്റെ ജീവിതത്തെ കൃത്രിമമാക്കാന്‍ സ്റ്റോണ്‍ ശ്രമിച്ചില്ല. ഈ പുസ്തകമാണ് വാന്‍ഗോഗിനെ ലോകസമക്ഷം പ്രതിഷ്ഠിച്ചതില്‍ ഏറ്റവും പ്രമുഖം. 

രണ്ടാം ലോകയുദ്ധശേഷം ഈ പുസ്തകം അതേ പേരില്‍ പ്രസിദ്ധമായൊരു ഹോളിവുഡ് ചലച്ചിത്രമായി പ്രേക്ഷക മനസ്സുകളിലേക്ക് ഇരച്ചുകയറി. വാന്‍ഗോഗിന്റെ ജീവിതനാടകങ്ങളും അക്രമങ്ങളും ചിത്തഭ്രമങ്ങളും വികാര സംഘര്‍ഷങ്ങളും ആവിഷ്‌കരിക്കപ്പെട്ട ആ ടെക്‌നി കളര്‍ സെല്ലുലോയിഡ് വിന്‍സെന്റ് മിന്നീല്ലിയും കിര്‍ക് ഡഗ്ലസ്സും ചേര്‍ന്നു നിര്‍മ്മിച്ച്, ആന്തണി ക്വീന്‍ വാന്‍ഗോഗിനെ അനശ്വരനാക്കി. മനോരോഗിയും സ്ത്രീലമ്പടനും മുഴുക്കുടിയനുമായ ഒരു കലാകാരന്റെ ബ്രഷുകള്‍ സൃഷ്ടിക്കുന്ന ഉന്മാദങ്ങള്‍ക്കുള്ളിലേക്ക് പ്രേക്ഷകര്‍ കടന്നുചെന്നു. 1888 ഡിസംബര്‍ 23-ന് രാത്രിയില്‍ തന്റെ ചെവി അറുത്തെടുത്ത് ഒരു അഭിസാരിക പെണ്‍കുട്ടിക്ക് സമര്‍പ്പിക്കുന്നതും മുഴുക്കുടിയനും മനോരോഗിയുമായ വാന്‍ഗോഗിന്റെ വിഭ്രമങ്ങളിലെ സ്വാഭാവികമായൊരു കൃത്യമായേ സ്റ്റോണ്‍ അവതരിപ്പിക്കുന്നുള്ളൂ. ആന്തണി ക്വീനിലൂടെ ലോകം ദര്‍ശിച്ച വാന്‍ഗോഗായിരുന്നു ലോക പെയിന്റിങ്ങിലെ അവിസ്മരണീയനായ ആ അപസ്മാര രോഗിയെപ്പറ്റിയുള്ള പ്രചുരപ്രചാരം നേടിയ ജീവിതകഥ. വാന്‍ഗോഗ് എന്തായിരുന്നുവെന്നു വെളിപ്പെടുത്തപ്പെട്ടതായിരുന്നു 1888 ഡിസംബര്‍ 23-ന് രാത്രിയില്‍ സംഭവിച്ച ചെവിയറുക്കലും വേശ്യാഗൃഹത്തിലെത്തി അതു സമര്‍പ്പിക്കലും. എന്നാല്‍, ഒരു നൂറ്റാണ്ടിനിപ്പുറവും ആ രാത്രിയില്‍ വാന്‍ഗോഗ് എന്തിനായിരുന്നു അതു ചെയ്തത് എന്നതിന് വ്യക്തമായൊരു ഉത്തരവും ജീവചരിത്രകാരന്മാര്‍ നല്‍കിയിട്ടില്ല. പെട്ടെന്ന് ഉന്മാദം കയറി നടത്തിയ വെറുമൊരു ഭ്രാന്ത് എന്ന് അതിനെ ലഘുവായി കാണാമോ? ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് 'വാന്‍ഗോഗിന്റെ ചെവി' (Van Gogh's Ear by Bernadette Murphy) എന്ന പുസ്തകത്തില്‍ ബെര്‍തത്വേ മര്‍ഫി. 

തന്റെ കലാജീവിതത്തിന്റെ അത്യുന്നതിയില്‍ നില്‍ക്കെ ഒരു കലാകാരന്‍ മൃഗീയമായ അത്തരമൊരു കൃത്യം എന്തിനു ചെയ്തു, 'റേച്ചല്‍' എന്ന അഭിസാരിക പെണ്‍കുട്ടി ആരായിരുന്നു. അദ്ദേഹം തന്റെ ചെവി മുഴുവനുമായി അറുത്തെടുത്തിരുന്നോ അതോ മൃദുവായ കീഴ്ഭാഗം മാത്രമായിരുന്നോ അറുത്തെടുത്തത്? ഈ ചോദ്യങ്ങളുമായി ആംസ്റ്റര്‍ഡാമിലും പാരീസിലും വാഷിങ്ടണിലും ലോകമെമ്പാടുമുള്ള വാന്‍ഗോഗ് മ്യൂസിയങ്ങളിലും ആര്‍ക്കൈവ്കളിലും കയറിയിറങ്ങി ഗ്രന്ഥകാരി. വാന്‍ഗോഗിന്റെ ഹൃദയസ്പര്‍ശമേറ്റ തെരുവുകളില്‍, വേശ്യാഗൃഹങ്ങളില്‍, കഫേകളിലും പൊലീസ് സ്റ്റേഷനുകളിലും കയറിച്ചെന്ന സഹോദരന്‍ തിയോക്കും വാന്‍ഗോഗിന്റെ സുഹൃത്തും അതിഥിയുമായിരുന്ന ചിത്രകാരന്‍ പോള്‍ ഗോഗിന്‍, വാന്‍ഗോഗിന്റെ ഡോക്ടര്‍, റേച്ചല്‍ എന്ന അഭിസാരികയുടെ വീട്, അവരുടെ ചെറുമകന്‍, ബന്ധുക്കള്‍, അര്‍ലസ് എന്ന വാന്‍ഗോഗിന്റെ പ്രിയപ്പെട്ട ഗ്രാമം തുടങ്ങി ഭ്രമാത്മകമായ ഒരു ലോകം വരച്ച് വച്ച് ഒരു ഡിറ്റക്ടീവ് നോവല്‍പോലെ ലോക ചിത്രകലയിലെ എക്കാലത്തേയും അവിസ്മരണീയനായ ഒരു കഥാപാത്രത്തിന്റെ ജ്വരബാധിതമായൊരു നിമിഷത്തെ പുനര്‍നിര്‍മ്മിക്കുകയാണ് മര്‍ഫി. മര്‍ഫി ഒരു എഴുത്തുകാരിയല്ല, ഇവരുടെ ആദ്യ പുസ്തകമാണിത്. സ്വന്തം കുടുംബത്തിലും വ്യക്തിജീവിതത്തിലും വന്ന വലിയ തകര്‍ച്ചകളില്‍ പകച്ചുപോയൊരു നിമിഷമാണ് അവരുടെ മനസ്സില്‍ വാന്‍ഗോഗിന്റെ ചെവി പ്രത്യക്ഷപ്പെടുന്നത്. ഇംഗ്ലണ്ടില്‍ ജനിച്ച്, ഫ്രാന്‍സില്‍ തന്റെ യൗവ്വനം ചെലവഴിച്ച്  മര്‍ഫി പല മേഖലകളില്‍ പണിയെടുത്ത് ജീവിച്ചു, ജേര്‍ണലിസം അവരുടെ മേഖലയായിരുന്നില്ല. അച്ഛനമ്മമാര്‍ മരിക്കുകയും ജീവിതം ദുസ്സഹമാവുകയും ചെയ്ത കാലം, കാന്‍സര്‍ ബാധിതയായ സഹോദരിയുടെ മരണം, തന്റെ തകരുന്ന ശരീരവും മനസ്സും ഒന്നു തണുപ്പിക്കണമെന്ന് അവര്‍ കരുതുന്നു.

അപ്പോള്‍ 'വാന്‍ഗോഗിന്റെ ചെവി' എന്ന പ്രോജക്ടുമായി അവര്‍ അര്‍ലസിലും ആംസ്റ്റര്‍ഡാമിലും പാരീസിലുമൊക്കെ യാത്രയാകുന്നു. ആരായിരുന്നു വാന്‍ഗോഗ് എന്നറിയാതെയായിരുന്നു യാത്ര തുടങ്ങിയത്. ഇര്‍വിങ് സ്റ്റോണിന്റെ ചിത്രമല്ലാതെ മറ്റൊരു വാന്‍ഗോഗും മനസ്സിലുണ്ടായിരുന്നില്ല. ഒരുപാട് എഴുത്തുകാരും ഗവേഷകരും ഊളിയിട്ട് നോക്കിയ ഒരു ജീവിതത്തിലേയ്ക്കാണ് താന്‍ പരതിച്ചെല്ലുന്നതെന്നത് അവരെ പിന്‍തിരിപ്പിച്ചില്ല. അസുഖബാധിതയായ തനിക്ക് ഇനി ഒരുപാട് സമയമില്ല. അതുകൊണ്ട് അവര്‍ വീണ്ടും വാന്‍ഗോഗിന്റെ ജീവിതത്തില്‍ ധൃതിയിട്ട് പരതിനടന്നു. വാന്‍ഗോഗിന്റെ കുടുംബ പശ്ചാത്തലം അറിയുന്ന ആരും ഇത്ര കിറുക്കല്ലേ വാന്‍ഗോഗിന് വന്നുള്ളൂയെന്നു ചിന്തിച്ചുപോവും. വാന്‍ഗോഗ് കുടുംബത്തിലെ ആറു കുട്ടികളില്‍ രണ്ടുപേര്‍ ആത്മഹത്യ ചെയ്തു. രണ്ടുപേര്‍ ഭ്രാന്താശുപത്രിയില്‍ മരണപ്പെട്ടു. പിന്നെയുള്ള ഒരാള്‍ തിയോ (ആര്‍ട്ട് ഡീലറായിരുന്നു), അയാള്‍ക്ക് ബ്രയിന്‍ സിഫിലിസ്, വിന്‍സന്റിന് ഏതാണ്ട് മുഴുകിറുക്കും. എന്നിട്ടും വിന്‍സന്റ് വരച്ചു, ഉന്മാദം ബാധിച്ച മനസ്സിന്റെ വര്‍ണ്ണങ്ങളായിരുന്നു ക്യാന്‍വാസില്‍ പടര്‍ന്നത്. അതു ലോകോത്തരങ്ങളായതില്‍ അതിശയമില്ല. പിന്നെയെന്താണ് ഈ ചെവിയറുക്കലില്‍ മാത്രം ഇത്ര പ്രത്യേകത, പല കിറുക്കുകളിലും അക്രമങ്ങളിലും നിന്ന് ഒന്നുമാത്രമെടുക്കുന്നത് എന്തിന്? മര്‍ഫി ഉത്തരം പറയാതെ അന്വേഷിക്കുകയായിരുന്നു, ഏതാണ്ട് എഴു വര്‍ഷങ്ങള്‍. വാന്‍ഗോഗിനെക്കുറിച്ച് നമ്മള്‍ വായിച്ചതൊക്കെ ചര്‍ച്ചയാകുന്നു. വാന്‍ഗോഗിന്റെ ചെവിക്ക് പിന്നിലുള്ള സംഭവങ്ങള്‍ തേടി മര്‍ഫി ആംസ്റ്റര്‍ഡാമിലെ മ്യൂസിയത്തിലെത്തുന്നു. ഫീക് പാബ്സ്റ്റ് (Fieke Pabst) എന്ന ലൈബ്രേറിയനു മുന്നില്‍ മര്‍ഫി ഇരിക്കുകയാണ്, മേശമേലാകെ വാന്‍ഗോഗ് ഫയലുകളുടെ കൂമ്പാരം. ഫയലുകള്‍ മറിക്കവെ ഫീക് പാബ്സ്റ്റ് മൃദുവായി ചിരിച്ചുകൊണ്ട് ചോദിക്കുകയാണ്, എന്തുകൊണ്ടാണ് ഇപ്പോള്‍ ഈ ഗവേഷണം? ''ഞാന്‍ എന്തൊക്കെയോ പറഞ്ഞു, എന്റെ സഹോദരിയുടെ മരണത്തെക്കുറിച്ചും... അവര്‍ മെല്ലെ ചോദിച്ചു: ''കാന്‍സര്‍''. ഞാന്‍ തലയാട്ടി. ''എനിക്കും കാന്‍സറാണ്, എന്റെ സഹോദരിയും കഴിഞ്ഞ വര്‍ഷം മരിച്ചു'', അവര്‍ പറയുകയാണ്, എന്നിട്ട് അവര്‍ നിശ്ശബ്ദയായി, ''നമുക്ക് ലഞ്ച് കഴിക്കാം...'' പിന്നെ ഫീക് എന്റെ ആത്മസുഹൃത്തായി, വാന്‍ഗോഗ് മ്യൂസിയം മുഴുവനായി എനിക്കായി തുറന്നിടപ്പെട്ടു...'' ആ ആദ്യ ദിവസം, അതൊരു മൂടിക്കെട്ടി വിളറിയ ദിവസമായിരുന്നു, ആ ദിവസത്തിന്റെ അവസാനം ലൈബ്രറി അടയ്ക്കും മുന്‍പാണ് 'Ear' എന്നെഴുതിയ ഫയല്‍ ഞാന്‍ തുറന്നത്. ആദ്യത്തെ മൂന്നാല് പേജുകള്‍ മറിച്ചുനോക്കി. പെട്ടെന്നു ഞാന്‍ അസ്വസ്ഥയായി, രോഗം പിടിപെട്ടപോലെ. 

ആ ഫയലില്‍ പ്രസിദ്ധമായൊരു ആര്‍ട്ട് മാഗസിനില്‍ മാര്‍ട്ടിന്‍ ബെയ്ലി എന്നൊരു ജേര്‍ണലിസ്റ്റ് വാന്‍ഗോഗിനെക്കുറിച്ചെഴുതിയ ഒരു ലേഖനമുണ്ടായിരുന്നു, ബാന്‍ഡേജ് കെട്ടിയ ചെവിയോടെയുള്ള വാന്‍ഗോഗിന്റെ ചിത്രവും, വാന്‍ഗോഗിന്റെ ചെവി (Van Gogh's Ear) എന്നുതന്നെയായിരുന്നു തലക്കെട്ടും. ഏതൊരു ഗവേഷകനും പത്രപ്രവര്‍ത്തകനും ഇത്തരം അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് മുന്നില്‍ സ്തബ്ധരായിപ്പോകും, നമ്മള്‍ തേടിയലയുന്നത് അവിചാരിതമായി നമ്മുടെ മുന്നിലേക്ക് എടുത്തുചാടുംപോലെ, നമ്മള്‍ അമ്പരക്കും, ഹൃദയം തണുത്തുപോകും. സത്യത്തില്‍ ഞാനാകെ തകര്‍ന്നുപോയി. കാരണം, ആ ലേഖനത്തില്‍ എല്ലാം ഉണ്ടായിരുന്നു, ഗവേഷണം തുടങ്ങിയ ആദ്യ ദിവസം തന്നെ താന്‍ ഗവേഷണം നടത്താന്‍ പോകുന്ന കാര്യങ്ങളൊക്കെ അവിസ്തരമായി മറ്റൊരാള്‍ എഴുതിയിരിക്കുന്നത് വായിക്കേണ്ടിവരിക, ഇനി ഞാനെന്തിന് മറ്റൊരു ഗവേഷണം നടത്തണം? എന്റെ അന്വേഷണം പെട്ടെന്ന് നിലച്ചപോലെ ഞാന്‍ തളര്‍ന്നിരുന്നു. 1888 ഡിസംബറിലെ ക്രിസ്തുമസ് കാലത്ത് വാന്‍ഗോഗിനുണ്ടായ മാനസിക ആഘാതത്തെക്കുറിച്ച് അഭിസാരികയായ പെണ്‍കുട്ടിയുടെ പേരുപോലും പറയുന്ന ലേഖനത്തില്‍ വാന്‍ഗോഗിന്റെ സഹചാരിയും സുഹൃത്തും സംഭവത്തിന്റെ ഏക ദൃക്സാക്ഷിയുമായ പോള്‍ ഗോഗിന്റെ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളും വരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അഞ്ച് മണിക്ക് ലൈബ്രറി അടയ്ക്കുന്നതിന് തൊട്ടുമുന്‍പ് ഫീക് വീണ്ടും എന്റെ മുന്നിലെത്തി. ഞങ്ങള്‍ മാര്‍ട്ടിന്‍ ബെയിലിയുടെ ലേഖനത്തെപ്പറ്റി സംസാരിച്ചു, അവര്‍ എനിക്ക് മാര്‍ട്ടിന്‍ ബെയിലിയുടെ ഇ-മെയില്‍ അഡ്രസ്സ് നല്‍കി. ഞാന്‍ ആകെ അസ്വസ്ഥയായിരുന്നു. ഫീക് പറഞ്ഞു: ''ഇനി വാന്‍ഗോഗ് ഗാലറികള്‍ കാണൂ.'' ഞാന്‍ എഴുന്നേറ്റ് ഗാലറികളിലേയ്ക്ക് നടന്നു, പലതും ഞാന്‍ മുന്‍പ് കണ്ട പെയിന്റിങ്ങുകളാണ്.

ഹോളണ്ടിലും ബെല്‍ജിയത്തിലുമായിരുന്നപ്പോള്‍ വരച്ച ആദ്യകാല ചിത്രങ്ങളാണ് ഏറെയും. ഇരുണ്ട് മ്ലാനമായ പെയിന്റിങ്ങുകള്‍. ''ആ ചിത്രങ്ങള്‍ എന്നെ വല്ലാതെ ഉലച്ചു, അടുത്ത മുറിയിലേയ്ക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ ആ പെയിന്റിങ്ങുകള്‍ക്കിടയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാചകം ഞാന്‍ ശ്രദ്ധിച്ചു: 'I feel failure' - Vincent Van Gogh. സ്വയം ഒരു പരാജിതനെന്ന് വിലയിരുത്തിയ അസ്വസ്ഥനായ വാന്‍ഗോഗ് മൂകനായി വീണ്ടും എന്റെ മനസ്സിലേയ്ക്ക് കയറിവന്നു, Suddenly I was full of empathy for this troubled man I had never met... പിന്നെ മര്‍ഫി നടത്തിയത് ഏതു ചട്ടപ്പടിയുള്ള ഗവേഷണത്തേയും തോല്‍പ്പിക്കുന്ന ശ്രമകരമായ പഠനങ്ങളും യാത്രകളുമായിരുന്നു. ഒരു നൂറ്റാണ്ടിനപ്പുറമുള്ള പത്രങ്ങള്‍ തേടിപ്പിടിച്ചു, പൊലീസ് റെക്കോര്‍ഡുകളും ആശുപത്രി രേഖകളും പരിശോധിച്ചു, വാന്‍ഗോഗിന്റെ ജീവചരിത്രകാരന്മാരെ തേടിയലഞ്ഞ് അവരുടെ സ്വകാര്യ ശേഖരങ്ങളിലെ നോട്ടുകള്‍ വരെ പകര്‍ത്തിയെടുത്ത് ഒരു കുറ്റാന്വേഷകയുടെ സാമര്‍ത്ഥ്യത്തോടെ വാന്‍ഗോഗിന്റെ ചെവിയറുക്കലും റേച്ചലിന്റെ പശ്ചാത്തലങ്ങളും കണ്ടെത്തി ഒരു ഡിറ്റക്ടീവ് നോവല്‍ പോലെ അത് വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. പോള്‍ ഗോഗിനായിരുന്നു ചെവി മുറിക്കല്‍ സംഭവത്തിലെ ഏക ദൃക്സാക്ഷി, സംഭവസ്ഥലത്ത് എത്തിച്ചേരുന്ന ഒരു പൊലീസുകാരനും. രണ്ടുപേരും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പറഞ്ഞിട്ടുള്ളത്. സംഭവ ദിവസം പോള്‍ ഗോഗിന്‍ അര്‍ലസിലെ മഞ്ഞഗൃഹത്തില്‍ (Yellow Home) വാന്‍ഗോഗിനൊപ്പം താമസിച്ചിരുന്നു. ഗോഗിന്‍ പുറത്ത് നടക്കാനിറങ്ങിയ സമയത്തായിരുന്നു സംഭവം നടക്കുന്നത്. രാത്രി ഏതാണ്ട് 11.30ന്. പൊലീസ് അങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാന്‍ഗോഗിന്റെ മഞ്ഞഗൃഹത്തില്‍നിന്ന് അഞ്ചുമിനിറ്റ് അകലെയായിരുന്നു വേശ്യാഗൃഹം. കാത് മുറിച്ച് പൊതിഞ്ഞു വേശ്യാലയത്തിലെത്തി റേച്ചലിനെ വിളിച്ചു നല്‍കുകയാണ്. അപാരമായ മനസാന്നിദ്ധ്യം ഭ്രാന്തെടുത്ത ആ നിമിഷത്തില്‍ വാന്‍ഗോഗിനുണ്ടായിരിക്കണം.

രക്തമൊലിച്ച് നില്‍ക്കുന്ന വന്‍ഗോഗിനെ കണ്ട് പെണ്‍കുട്ടി ബോധരഹിതയായി വീണു. തിരികെ കൈയില്‍ റേസറുമായി മടങ്ങിവരുന്ന വാന്‍ഗോഗിനെ നിരത്തില്‍വെച്ച് ഗോഗിന്‍ കാണുന്നുണ്ട്. അന്തം വിട്ടുപോയ ഗോഗിന്‍ മുറിയില്‍ എത്തുമ്പോള്‍ ബോധരഹിതനായി വീണുകിടക്കുന്ന വാന്‍ഗോഗിനെയാ കാണുന്നത്. ഗോഗിന്‍ കുനിഞ്ഞ് വാന്‍ഗോഗിനെ  സ്പര്‍ശിക്കുന്നു, ജീവനുണ്ടെന്നു മനസ്സിലായി. മുറിയാകെ രക്തം കെട്ടിക്കിടക്കുകയാണ്. പൊലീസ് ആദ്യം ഗോഗിനെ അറസ്റ്റു ചെയ്യുന്നു. ഗോഗിന്റെ വിശദീകരണത്തെത്തുടര്‍ന്നു വിട്ടയക്കുന്നു. ഗോഗിന്‍ പാരീസിലേയ്ക്ക് പോകുന്നു, പിന്നീട് ഒരിക്കലും അര്‍ലസിലേയ്ക്ക് മടങ്ങി വന്നതുമില്ല. സംഭവം കഴിഞ്ഞയുടന്‍ തന്റെ സുഹൃത്തുക്കളോട് ഭയാനകമായ ആ സംഭവം നടുക്കത്തോടെയാണ് ഗോഗിന്‍ പറഞ്ഞത്. വര്‍ഷങ്ങള്‍ക്കുശേഷം പക്ഷേ, തന്റെ ആത്മകഥയില്‍ സംഭവത്തെ ലഘൂകരിച്ച് എഴുതുകയും ചെയ്തു. ഗോഗിന്‍ സത്യസന്ധതയോ ആത്മാര്‍ത്ഥതയോ ഉള്ള സുഹൃത്തായിരുന്നില്ലെന്ന് മര്‍ഫി തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കുകയാണ്. മാനസിക തകര്‍ച്ചയില്‍പ്പെട്ടിരുന്ന വാന്‍ഗോഗിനെ രക്ഷപ്പെടുത്താനായി യാതൊന്നും ഗോഗിന്‍ ചെയ്തില്ലെന്നും അവര്‍ പറയുന്നു. മര്‍ഫിയുടെ ആക്ഷേപങ്ങള്‍ സാധൂകരിക്കുന്നതാണ് 2009-ല്‍ രണ്ട് ജര്‍മ്മന്‍ ഗവേഷകര്‍ നടത്തിയ പഠനവും. അവരും ഗോഗിനെ സംശയത്തോടെയാണ് കാണുന്നത്. പോള്‍ ഗോഗിന്‍ ഒരു കത്തി ഉപയോഗിച്ച് വാന്‍ഗോഗിന്റെ ചെവി അറുത്തെടുത്ത് പൊതിഞ്ഞു നല്‍കി എന്നാണ് അവര്‍ പറയുന്നത്. അതു പക്ഷേ, പുറത്തു പറയില്ലെന്നു രണ്ടുപേരും ധാരണയിലെത്തിയിരുന്നുവത്രേ. ഈ കണ്ടെത്തലുകളോട് പക്ഷേ, മര്‍ഫി യോജിക്കുന്നില്ല. ബ്ലേഡ് കൊണ്ട് ചെവിയുടെ മൃദുവായ ഭാഗം അറുത്തെടുക്കയേ സംഭവിച്ചിട്ടുള്ളൂവെന്നും അത് വാന്‍ഗോഗ് തന്നെ ചെയ്തതാണെന്നുമുള്ള നിഗമനത്തിലാണ് അവര്‍ എത്തുന്നത്. ചെവി മുഴുവനായി കത്തികൊണ്ട് അരിഞ്ഞെടുത്തുവെന്ന വ്യാപകമായ റിപ്പോര്‍ട്ടുകളും പ്രചരണങ്ങളും വസ്തുതാ വിരുദ്ധമാണെന്നു സാഹചര്യത്തെളിവുകളുടേയും മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ അവര്‍  നിഗമനത്തിലെത്തുകയാണ്. വാന്‍ഗോഗ് ആകട്ടെ, ഈ സംഭവത്തെപ്പറ്റി സംസാരിച്ചിട്ടുമില്ല. തെക്കന്‍ ഫ്രാന്‍സിലെ ജനങ്ങള്‍ പൊതുവില്‍ ഏതു കാര്യവും പര്‍വ്വതീകരിച്ചു പറയുന്നവരാണെന്നും ഇക്കാര്യത്തില്‍ സംഭവിച്ചതും അത്തരമൊരു പ്രചരണമാണെന്നും തന്റെ തെക്കന്‍ ഫ്രാന്‍സിലെ ദീര്‍ഘ ജീവിതം ഉദാഹരിച്ച് മര്‍ഫി സമര്‍ത്ഥിക്കുകയാണ്. പത്രങ്ങളും ഉദ്യോഗസ്ഥരുമൊക്കെ സംഭവങ്ങള്‍ പര്‍വ്വതീകരിക്കുന്നതായിരുന്നു. അര്‍ലസിലെ പ്രാദേശിക പത്രം സംഭവ പിറ്റേന്നു റിപ്പോര്‍ട്ട് ചെയ്തത് വാന്‍ഗോഗ് ചെവിയറുത്ത് റേച്ചല്‍ എന്ന അഭിസാരികയ്ക്ക് സമര്‍പ്പിച്ചുവെന്നാണ്. ഇതു ശരിയാണെന്നു വേശ്യാലയത്തിലും മഞ്ഞഗൃഹത്തിലും സംഭവദിവസം രാത്രി എത്തിയ പൊലീസുകാരന്‍ അല്‍ഫോണ്‍സ് റോബര്‍ട്ടും ശരിവയ്ക്കുന്നു, ''വേശ്യാലയ ഉടമസ്ഥയുടെ സാന്നിദ്ധ്യത്തില്‍, ന്യൂസ്പേപ്പറില്‍ പൊതിഞ്ഞ ചെവി എനിക്ക് തന്നിട്ട്, പെയിന്റര്‍ നല്‍കിയ സമ്മാനമാണെന്ന് റേച്ചല്‍ പറഞ്ഞു. കുറേ നേരം അവരെ ചോദ്യം ചെയ്തു, പൊതി തുറന്നു നോക്കിയപ്പോള്‍ അതൊരു മുഴുവന്‍ ചെവി ആയിരുന്നു...'' സംഭവത്തിനു 30 വര്‍ഷങ്ങള്‍ക്കു ശേഷമൊരു ജീവചരിത്രകാരന്റെ ചോദ്യത്തിന് പൊലീസുകാരന്‍ നല്‍കിയ മറുപടിയാണിത്. ആ ദിവസത്തെ പൊലീസ് റെക്കോര്‍ഡുകളിലാവട്ടെ, ഇതിനെക്കുറിച്ച് പറഞ്ഞിട്ടുമില്ല. ഇര്‍വ്വിങ് സ്റ്റോണിന് വാന്‍ഗോഗിനെ ചികിത്സിച്ച സര്‍ജന്‍ നല്‍കിയ റിപ്പോര്‍ട്ടും തെറ്റായിരുന്നുവെന്ന് മര്‍ഫി പറയുന്നു. വാന്‍ഗോഗിന്റെ ഈ ചെവിയറുക്കല്‍ കഥ അദ്ദേഹത്തിന്റെ കൂട്ടുകാരും സുഹൃത്തുക്കളും നല്ലതുപോലെ ഉപയോഗിച്ചുവെന്നാണ് മര്‍ഫിയുടെ നിഗമനം. ഈ സംഭവത്തില്‍ നമുക്ക് വിശ്വസിക്കാനാവുന്നത്, മര്‍ഫിയുടെ അഭിപ്രായത്തില്‍, പോള്‍ സിഗ്നാക് എന്ന പെയിന്ററുടെ അഭിപ്രായം മാത്രമാണ്. സിഗ്നാക് വാന്‍ഗോഗിന്റെ സത്യസന്ധനും ആത്മാര്‍ത്ഥതയുള്ള സുഹൃത്തായിരുന്നു. സംഭവം കഴിഞ്ഞശേഷം വാന്‍ഗോഗിനൊപ്പം ആശുപത്രിയില്‍ ചെലവഴിച്ചയാളായിരുന്നു സിഗ്നാക്. സിഗ്നാക് അര്‍ത്ഥശങ്കയില്ലാതെ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: 'Vincent cut off the lobe, and not the whole ear'. സിഗ്നാക്കിന്റെ ഈ അഭിപ്രായമാണ് ആംസ്റ്റര്‍ഡാമിലെ വാന്‍ഗോഗ് മ്യൂസിയവും ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. സിഗ്നാക് പക്ഷേ, ബാന്‍ഡേജ് ഇട്ട വാന്‍ഗോഗിനെയാണ് പരിചരിച്ചിരുന്നത്. 1889 ഏപ്രിലില്‍ വാന്‍ഗോഗ് വരച്ച Ward in the Hospital in Arles എന്ന പെയിന്റിങ്ങില്‍ ആശുപത്രി വാസം ഇതിവൃത്തമായെങ്കിലും അതിലും ബാന്‍ഡേജിട്ട വാന്‍ഗോഗാണുള്ളത്. ചുരുക്കത്തില്‍ എന്താണ് സത്യമെന്നത് വാന്‍ഗോഗിനു മാത്രമേ പറയാനാവൂ. അദ്ദേഹമാകട്ടെ, അതൊന്നും പറഞ്ഞിട്ടുമില്ല. തന്റെ അപസ്മാര കലാജീവിതത്തിലെ സാധാരണ സംഭവങ്ങളില്‍ ഒന്നു മാത്രമായി ഈ ചെവി മുറിക്കലും. ആ സംഭവം കഴിഞ്ഞു കഷ്ടിച്ച് ഒന്നര വര്‍ഷക്കാലമേ പിന്നെ വാന്‍ഗോഗ് ജീവിച്ചിരുന്നുള്ളൂ, 29 ജൂലൈ 1890-ല്‍ മരിക്കുമ്പോഴും ഹതാശനായൊരു കുടിയനും പരാജിതനായൊരു കലാകാരനുമായിട്ടായിരുന്നു വാന്‍ഗോഗ് സ്വയം ഒടുങ്ങിയത്. അത് അങ്ങനെയായിരുന്നില്ലയെന്ന് കലയും കാലവും തെളിയിച്ചത് കാണാനും അറിയാനും വലിയ കലാകാരന്മാര്‍ക്കൊന്നും കഴിയാത്തപോലെ വാന്‍ഗോഗിനും കഴിഞ്ഞിരുന്നില്ല. ഇര്‍വിങ് സ്റ്റോണിന്റെ Just for Life 1956-ലാണ് സിനിമയായി റിലീസ് ചെയ്യപ്പെടുന്നത്. എന്നാല്‍, അന്‍പതുകള്‍ മുതല്‍ തന്നെ വാന്‍ഗോഗിന്റെ കഥകള്‍ പല രൂപത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. പീഡിതനായ ഒരു ജീനിയസ് എന്ന നിലയിലാണ് സിനിമയിലൂടെ വാന്‍ഗോഗ് ലോകശ്രദ്ധയില്‍ നിറഞ്ഞത്. സിനിമ റിലീസ് ചെയ്യപ്പെട്ടതോടെ അര്‍ലസും വാന്‍ഗോഗിന്റെ മഞ്ഞഗൃഹവും വലിയൊരു ടൂറിസ്റ്റ് കേന്ദ്രമായി. വാന്‍ഗോഗ് വരച്ചിട്ട അര്‍ലസിലെ ഗ്രാമസൗന്ദര്യങ്ങള്‍ വലിയ തോതില്‍ വില്‍പ്പനയ്‌ക്കെത്തി. വാന്‍ഗോഗിന്റെ കാലത്ത് വേശ്യാത്തെരുവുകള്‍ ഫ്രെഞ്ച് ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. മദ്യപാനവും ചൂതാട്ടവും വേശ്യാഗൃഹ സന്ദര്‍ശനങ്ങളും അംഗീകൃതമായിരുന്ന ആ കാലം പെട്ടെന്നു നിയമങ്ങളിലൂടെ മാറി വന്നപ്പോള്‍ അര്‍ലസുകാര്‍ വാന്‍ഗോഗ് തങ്ങള്‍ക്ക് സമ്മാനിച്ച ചീത്തപ്പേര് ഓര്‍ത്തു ദുഃഖിച്ചു തുടങ്ങിയെന്നതും കൗതുകകരമാണ്. ആശുപത്രിവാസം കഴിഞ്ഞ് അക്രമകാരിയും തികഞ്ഞ ഭ്രാന്തനുമായി അര്‍ലസിലെത്തിയ വാന്‍ഗോഗിന്റെ വിചിത്രമായ ഭാവങ്ങള്‍ ജീവചരിത്രകാരന്മാര്‍ പകര്‍ത്തിയിട്ടുണ്ട്. മുഴുക്കുടിയനായ വാന്‍ഗോഗിന്റെ ഭ്രാന്ത് അതിരുകള്‍ ലംഘിച്ചപ്പോള്‍ പ്രദേശവാസികള്‍ മേയര്‍ക്ക് പരാതി നല്‍കുന്നു. വാന്‍ഗോഗ് പിന്നെ മഞ്ഞഗൃഹം വിട്ടൊഴിയേണ്ടിവരുന്നു.

2006-ല്‍ 'The Yellow Home' എന്നൊരു പുസ്തകം മാര്‍ട്ടിന്‍ ഗേഫോര്‍ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാന്‍ഗോഗിന്റേയും ഗോഗിന്റേയും അര്‍ലസിലെ ജീവിതമാണ് പുസ്തകത്തിലെ ഇതിവൃത്തം. ഏതാണ്ട് മുപ്പതിലധികം പരാതികള്‍ ഇവര്‍ക്കെതിരെ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നതാണ് മാര്‍ട്ടിന്‍ പറയുന്നത്. 'Van Gough Betrayed' എന്നൊരു പുസ്തകവും മാര്‍ട്ടിന്‍ എഴുതിയിട്ടുണ്ട്. അതില്‍ പറയുന്നത് വാന്‍ഗോഗും ഗോഗിനും ഏറെ സമയം ചെലവിട്ടിരുന്ന കഫേ (Cafe de la Gare)യുടെ ഉടമസ്ഥനായിരുന്നു അര്‍ലസില്‍ വാന്‍ഗോഗിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ്. ആശുപത്രി ജീവിതവും അതിനിടയിലെ അക്രമങ്ങളും മാനസിക തകര്‍ച്ചകളും ഏകാന്ത സെല്ല് ജീവിതവുമൊക്കെ കഴിഞ്ഞു വരുമ്പോള്‍ വാന്‍ഗോഗിന് മഞ്ഞഗൃഹത്തില്‍ പ്രവേശിക്കാനാകുന്നില്ല. കെട്ടിടമുടമകള്‍ വാന്‍ഗോഗിന് താമസിക്കാന്‍ അനുമതി നല്‍കുന്നില്ല. മഞ്ഞഗൃഹം നഷ്ടമായത് വാന്‍ഗോഗിനെ നടുക്കുന്നതായി, അദ്ദേഹം സഹോദരന്‍ തിയോയ്ക്ക് എഴുതി: 'As you well know, I love Arles os much', ഞാന്‍ ഇനി ഒരിക്കലും ചിത്രകാരന്മാരെ അര്‍ലസിലേയ്ക്ക് ക്ഷണിക്കില്ല, 'they run the risk of losing their heads like me.'

സ്ത്രീകള്‍ എന്നും വാന്‍ഗോഗിന്റെ ദൗര്‍ബ്ബല്യമായിരുന്നു. സ്ത്രീകളുടെ ഒരു നിരതന്നെ വാന്‍ഗോഗിന്റെ ജീവിതത്തിലുണ്ട്. ലണ്ടനിലെ വീട്ടുകാരിയുടെ മകള്‍, വിധവയായ സ്വന്തം സഹോദരീ പുത്രി കീ, സിയാന്‍ എന്ന വേശ്യ, വിഷം കഴിച്ച് മരിച്ച Margot Begemann, തന്റെ പെയിന്റിങ്ങുകളിലൂടെ അനശ്വരമാക്കിയ Agustina Segotori, മാദം Ginox അഗസ്റ്റിന്‍ റൗളിന്‍... നീണ്ട നിരയാണത്.  ജീവചരിത്രകാരന്മാര്‍ ഒരുപാട് സ്ത്രീബന്ധങ്ങളെപ്പറ്റി എഴുതിയിട്ടുണ്ടെങ്കിലും റേച്ചലിനെ വലുതായൊന്നും പരാമര്‍ശിച്ചിട്ടില്ല. മര്‍ഫി റേച്ചലിനെ കണ്ടെത്താന്‍ നടത്തിയ അന്വേഷണങ്ങളും കൗതുകമുള്ളതാണ്. അര്‍ലസിലെ പഴയ സെന്‍സസ്, പൊലീസ്, റവന്യു റിക്കോര്‍ഡുകളൊക്കെ പരതിയപ്പോള്‍ ഒട്ടനവധി റേച്ചല്‍മാര്‍ പ്രത്യക്ഷപ്പെട്ടു, ശ്രമകരമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഗാബി എന്ന ഗബ്രിയേലയായിരുന്നു വാന്‍ഗോഗിന്റെ റേച്ചല്‍ എന്നു തിരിച്ചറിയുന്നത്. വാന്‍ഗോഗ് ജീവചരിത്രകാരനായ പിയറെ ലെപ്രഹോന്‍ എഴുതിയത് വാന്‍ഗോഗ് 'സമ്മാനം' നല്‍കുമ്പോള്‍ ഗാബിയെന്ന റേച്ചലിന് പ്രായം പതിനാറ് വയസ്സുമാത്രം. ആ പ്രായത്തിലെ ഏതു പെണ്‍കുട്ടിയാണ് ഒരു ചെവിക്കഷണം കൈയില്‍ കിട്ടിയാല്‍ ബോധരഹിതയാകാത്തത്. ഈ ജീവചരിത്രക്കുറിപ്പില്‍നിന്നാണ് മര്‍ഫി റേച്ചലിനെ തേടിപ്പോയത്.

തടവുകാരുടെ വ്യായാമം: വാന്‍ഗോഗിന്റെ രചന
തടവുകാരുടെ വ്യായാമം: വാന്‍ഗോഗിന്റെ രചന

1888 ഡിസംബര്‍ 23-ന് രാത്രിയാണ് അര്‍ലസിലെ Tolerance No.1 എന്ന വേശ്യാഗൃഹത്തിന്റെ വാതിലില്‍ വാന്‍ഗോഗ് മുട്ടുന്നത്. ഇതൊരു ഇടുങ്ങിയ തെരുവാണ്. നേരത്തെ സൂചിപ്പിച്ചപോലെ വാന്‍ഗോഗിന്റെ മഞ്ഞഗൃഹത്തില്‍നിന്ന് അഞ്ചു മിനിറ്റ് അകലത്തില്‍. രാത്രി എല്ലാ വേശ്യാത്തെരുവുകളിലും മങ്ങിയ വെളിച്ചവും പതുങ്ങിയ ആള്‍രൂപങ്ങളും കാണാം. വേശ്യാലയങ്ങള്‍ ലൈസന്‍സ് എടുത്ത് നടത്തപ്പെടുന്ന പെണ്‍വാണിഭ സ്ഥലവുമാണ്. വാന്‍ഗോഗിന്റെ വേശ്യാലയ സന്ദര്‍ശനവും സമ്മാന നല്‍കലിലും  'അഴിക്കപ്പെടാ'ത്തതെന്തോ ഒളിഞ്ഞിരിപ്പുണ്ടെന്ന് മര്‍ഫി പറയുന്നു. പൊലീസ് റെക്കോര്‍ഡുകള്‍ പരതിയിട്ട് ഒന്നും ലഭിച്ചില്ല. വിന്‍സന്റ് റേച്ചല്‍ എന്ന പതിനാറുകാരിയെ വെറുതെയങ്ങ് മോഹിച്ചുപോയതാണോ? നേരത്തെ റേച്ചലുമായി വിന്‍സന്റ് അടുത്തിരുന്നോ? ഹൃദയം പകുത്തു നല്‍കും എന്ന സാധാരണ പൈങ്കിളി പ്രേമകഥപോലെ, ചെവി അറുത്തുനല്‍കും എന്നൊരു പ്രഖ്യാപനം ഏതൊരു നിമിഷമാണ് വിന്‍സന്റിന്റെ മനസ്സില്‍ ഉദിച്ചത്. റേച്ചലിന്റെ കയ്യില്‍നിന്ന് പൊതിഞ്ഞ ചെവി ഏറ്റുവാങ്ങിയ പൊലീസുകാരന്‍ അല്‍ഫോണ്‍സ് റോബര്‍ട്ടും ഇക്കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ഗോഗിന്‍ ഇതൊട്ട് പരാമര്‍ശിച്ചിട്ടേയില്ല. വാന്‍ഗോഗ് തന്റെ സഹോദരന്‍ തിയോയോടുപോലും യാതൊന്നും പറഞ്ഞിട്ടുമില്ല. ഡിസംബറിലെ സംഭവം കഴിഞ്ഞ് ആശുപത്രിവാസവും സെല്‍വാസവും ഒക്കെ കഴിഞ്ഞ് 1889 ഫെബ്രുവരി മൂന്നിന് സഹോദരന്‍ തിയോയ്ക്ക് എഴുതിയ കത്തില്‍ റേച്ചലിനെക്കുറിച്ച് ചെറിയ ഒരു പരാമര്‍ശം വാന്‍ഗോഗ് നടത്തുന്നുണ്ട്: 'people say good things of her.' ഇത് വല്ലാത്ത ഒരു പരാമര്‍ശമായാണ് മര്‍ഫിക്ക് തോന്നുന്നത്, ആര്‍ക്കും അങ്ങനെയേ തോന്നൂ. വേശ്യാവൃത്തി നടത്തുന്ന പതിനാറുകാരിയായ ഒരു പെണ്‍കുട്ടിയെപ്പറ്റി ആളുകള്‍ നല്ലത് പറയുന്നുവെന്ന് വാന്‍ഗോഗ് എഴുതുമ്പോള്‍ ആരും ചിരിച്ചുപോവും. പക്ഷേ, ആലോചിച്ചെടുക്കുന്നത് മറ്റൊരു രീതിയിലാണ്, വേശ്യാവൃത്തി സാധാരണമായ ഒരു ജീവിതമാര്‍ഗ്ഗമായ സമൂഹത്തില്‍, പ്രാദേശികമായി അറിയപ്പെടുന്നവളും ആളുകള്‍ ഇഷ്ടപ്പെടുന്നവളുമാകാം റേച്ചല്‍. മര്‍ഫി അര്‍ലസില്‍ റേച്ചല്‍ കുടുംബത്തിന്റെ പിന്‍മുറക്കാരെ തേടിയലഞ്ഞു. ''ഒരു അപരാഹ്നത്തില്‍ ഫോണ്‍ ബെല്ലടിച്ചു. 'Madame Murphy', റിസീവറിന്റെ മറുതലയ്ക്കല്‍ ഒരു വിറയാര്‍ന്ന ശബ്ദം. അദ്ദേഹം സ്വയം പരിചയപ്പെടുത്തി, ഞാന്‍ റേച്ചലിന്റെ ചെറുമകന്‍, അമ്പരന്നുപോയി ഞാന്‍, ആഴ്ചകള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ മേല്‍വിലാസം തേടിപ്പിടിച്ച് ഞാനൊരു സന്ദര്‍ശനാനുമതി തേടിയിരുന്നു. അവിശ്വസനീയമായി തോന്നി, അദ്ദേഹം എനിക്ക് സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നു. ഒരു ഉച്ചസമയത്ത് ഞാന്‍ ഗാബി എന്ന റേച്ചലിന്റെ കഥ കേള്‍ക്കാനായി ചെറുമകനായ മുത്തശ്ശന്റെ മുന്നിലെത്തി. അദ്ദേഹം സ്‌നേഹത്തോടെ എന്നെ സ്വീകരിച്ചു. എന്താണ് എന്റെ സന്ദര്‍ശനോദ്ദേശ്യം എന്ന് അദ്ദേഹത്തിന് അപ്പോഴും മനസ്സിലായിരുന്നില്ല. അദ്ദേഹം വളരെ ശ്രദ്ധയോടെ ഗബ്രിയേല എന്ന തന്റെ മുത്തശ്ശിയെക്കുറിച്ച് പറയാന്‍ തുടങ്ങി, വാക്കുകളില്‍ മുത്തശ്ശിയോട് വലിയ ബഹുമാനം ഉണ്ടായിരുന്നു. സംസാരത്തിനിടയില്‍ ചുവരിലെ ഒരു ചിത്രം ചൂണ്ടിക്കാട്ടി- മുത്തശ്ശിയുടെ വിവാഹ ഫോട്ടോ. ഒലീവ് മരത്തണലില്‍ ഏതാണ്ട് മുപ്പതു വയസ്സ് തോന്നിക്കുന്ന ചിരിതൂകി പ്രസന്നവതിയായ യുവതി, അരികെ സ്‌പോര്‍ട്‌സ് ജാക്കിത്തൊപ്പി വെച്ച മനുഷ്യനും. എനിക്കത് അവിശ്വസനീയമായി തോന്നി. ഞാന്‍ തേടിയലഞ്ഞ റേച്ചല്‍ ഇതാ എന്റെ മുന്നില്‍. അദ്ദേഹം മറ്റൊരു ചിത്രം കാണിച്ചു, അതില്‍ അവര്‍ പ്രായമേറി രൂപം മാറിയിരുന്നു, ചെറുപ്പത്തിലെ തുടുത്ത മുഖം ഒട്ടിവലിഞ്ഞിരുന്നു. രണ്ട് ചിത്രങ്ങളിലും അവര്‍ അര്‍ലസിലെ പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. തന്റെ മുത്തശ്ശിയുടെ കുടുംബം അര്‍ലസുകാരാണെന്നും അവര്‍ ഒരിക്കലും അര്‍ലസ് വിട്ട് മറ്റൊരിടത്തും താമസിച്ചിട്ടില്ലെന്നും ഒരിക്കലോ മറ്റോ മെഡിക്കല്‍ ട്രീറ്റ്‌മെന്റിനായി പാരീസില്‍ പോയിട്ടുണ്ടെന്നും അപ്പോള്‍ ഒരു കുതിര പ്രദര്‍ശനം കണ്ടിരുന്നുവെന്നും പറഞ്ഞു. അദ്ദേഹം വാചാലമായി മുത്തശ്ശിയെക്കുറിച്ച് പറയവേ ഞാന്‍ വാന്‍ഗോഗിന്റെ സംഭവം ഓര്‍മ്മിപ്പിച്ചു. മുത്തശ്ശിക്ക് വാന്‍ഗോഗുമായി എന്തു ബന്ധമായിരുന്നുവെന്ന എന്റെ കൃത്യമായ ചോദ്യസമയത്തായിരുന്നു വാതിലില്‍ ഒരു മുട്ട്. അദ്ദേഹത്തിന്റെ മകള്‍ മുറിയിലേയ്ക്കു വന്നു. അതുവരെ ഇടമുറിയാതെ സംസാരിച്ചിരുന്നയാള്‍ പെട്ടെന്നു  മൗനിയായി. അപ്പോള്‍ത്തന്നെ ഒരു പുരോഹിതനും മുറിയിലേയ്ക്കു കയറി. ഞാന്‍ അവരോട് യാത്ര പറഞ്ഞു, എന്റെ പ്രധാന ചോദ്യത്തിന് ഉത്തരം അപ്പോള്‍ കിട്ടിയിരുന്നില്ല.

ഗബ്രിയേലയുടെ ചെറുമകനായ മുത്തശ്ശന്‍ പറഞ്ഞ ഒരു കാര്യം മര്‍ഫിയുടെ മനസ്സില്‍ കിടന്നു. അവര്‍ ഒരിക്കല്‍ പാരീസില്‍ പോയിട്ടുണ്ടെന്ന കാര്യം. ഗബ്രിയേലയുടെ ജീവിതകാലത്ത് സാധാരണ ഗുഹ്യരോഗങ്ങളോ ഗുരുതരമായ മറ്റു അസുഖങ്ങളോ ബാധിച്ചവരാണ് പാരീസില്‍ ചികിത്സയ്ക്ക് പോയിരുന്നത്. മര്‍ഫി മെഡിക്കല്‍ രേഖകള്‍ ചികഞ്ഞ് പാരീസിലെ ആശുപത്രിയിലെത്തി. ഗബ്രിയേലയുടെ രേഖയും ഭാഗ്യത്തിന് കൈയില്‍ കിട്ടി. പേപ്പട്ടി കടിച്ചതിന് ആന്റി റാബിസ് വാക്‌സിനെടുക്കാനായിരുന്നത്രേ ഗബ്രിയേല പാരീസിലെത്തിയതെന്നു മനസ്സിലായി. രണ്ടാമതും മര്‍ഫി മുത്തശ്ശനെ കാണാനെത്തി. യൗവ്വനത്തില്‍ മുത്തശ്ശിയെ പേപ്പട്ടി കടിച്ചത് ശരിയായിരുന്നുവെന്നും അതിന്റെ പശ്ചാത്തലവും മുത്തശ്ശന്‍ വിവരിച്ചു. ക്ഷീണിതനായിരുന്ന മുത്തശ്ശന്‍ വാന്‍ഗോഗ് സംഭവത്തെക്കുറിച്ച് ഒന്നുമേ പറഞ്ഞില്ല, ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'So 'Rachel' is my great grandmother'. അവരെക്കുറിച്ച് ഒരു അപഖ്യാതിയും ഞാനിഷ്ടപ്പെടുന്നില്ലയെന്ന വ്യക്തമായ സൂചനയായിരുന്നു അത്. റേച്ചല്‍ പണിയെടുത്തിരുന്ന പല സ്ഥലങ്ങളിലും കുടുംബസുഹൃത്തുക്കളുടെ അവ്യക്തമായ ഉത്തരങ്ങളിലും നിന്ന് മര്‍ഫി എത്തിയ നിഗമനം റേച്ചല്‍ ജനങ്ങള്‍ ഇഷ്ടപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്ന ഒരു സ്ത്രീ ആയിരുന്നുവെന്നാണ്. വിന്‍സന്റ് തിയോയ്ക്ക് എഴുതിയത് ശരിയാണെന്ന് മര്‍ഫി വിലയിരുത്തുന്നു. കല്യാണത്തിന് മുന്‍പ് റേച്ചല്‍ വേശ്യാലയങ്ങളില്‍ ജോലിക്കാരിയായി പണിയെടുത്തിരുന്നു. വാന്‍ഗോഗ് സംഭവമുണ്ടാകുമ്പോള്‍ അവര്‍ ടോളറന്‍സ് നമ്പര്‍-1 എന്ന വേശ്യാലയത്തിലെ തുണിയലക്കുകാരിയായിരുന്നു. പതിനാറ് വയസ്സുള്ള ഒരു പെണ്‍കുട്ടി അതികഠിനമായി പണിയെടുക്കുന്നത് വിന്‍സന്റ് കണ്ടിരിക്കണം. കനിവ് വിന്‍സന്റിന്റെ രക്തത്തിലലിഞ്ഞു ചേര്‍ന്നതാണ്. ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന രണ്ട് കുട്ടികളുടെ അമ്മയായ ഒരു സ്ത്രീയുടെ കഷ്ടപ്പാട് കണ്ട് അവരെ കൂടെ കൂട്ടിയ കഥയും വിന്‍സന്റിന്റെ ജീവിതത്തിലുള്ളതാണ്. പതിനാറ് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ കഷ്ടപ്പാട് കണ്ട് എങ്ങനെ സഹായിക്കണമെന്ന വിചാരം അപസ്മാരമായി മാറിയപ്പോള്‍ സംഭവിച്ച ദുരന്തമാണ് 23 ഡിസംബര്‍ രാത്രിയില്‍ സംഭവിച്ചതെന്ന നിഗമനത്തിലാണ് മര്‍ഫി എത്തുന്നത്. ആ വേശ്യാലയത്തില്‍ മറ്റൊരു അക്രമവും സന്ദര്‍ശനവും വിന്‍സന്റ് നടത്തിയതായി രേഖകളില്ല. 23-ന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ചിത്തഭ്രമം ബാധിച്ചവനായാണ് വിന്‍സന്റിനെ കണ്ടിരുന്നതെന്ന് ഗോഗിന്‍ പറഞ്ഞിട്ടുമുണ്ട്. ഉച്ചത്തില്‍ ബൈബിള്‍ വായിക്കുകയും താന്‍ ഒരു ക്രിസ്തുവാണെന്ന് അലറിവിളിക്കുകയും ചെയ്തിരുന്നത്രേ. '...my friend had come to believe himself a Christ, a God.' ഒരുപക്ഷേ, ആ അപസ്മാരത്തില്‍ പേപ്പട്ടി കടിച്ച് മുറിവേറ്റിരുന്ന പെണ്‍കുട്ടിക്ക് തന്റെ ശരീരത്തില്‍നിന്നൊരു കഷണം അറുത്തു നല്‍കാന്‍ ഒരുമ്പെട്ടതാകാനുള്ള സാധ്യതയും മര്‍ഫി കാണുന്നു. താളം തെറ്റിയ മനസ്സില്‍നിന്നുണ്ടായ  അബോധമായൊരു പ്രവൃത്തിയായത് കാരണമാണ് വിന്‍സന്റ് ഒരിടത്തും ഇക്കാര്യം പറയാതിരുന്നത്. ആ പെണ്‍കുട്ടിയും പൊലീസും വെറുമൊരു ചിത്തരോഗിയുടെ പ്രവൃത്തിയായേ സംഭവത്തെ കണ്ടുള്ളൂ.

മര്‍ഫി
മര്‍ഫി

താളം തെറ്റിയ മനസ്സിന്റെ വിഭ്രമങ്ങള്‍ മുഴുവനായും ക്യാന്‍വാസുകളിലേയ്ക്ക് ഒഴുകി പരന്നപ്പോള്‍ അനുപമങ്ങളായ കലാരേഖകള്‍ ചരിത്രത്തിന്റെ ഭാഗമായി. സ്ത്രീകളോടുള്ള അദമ്യമായ ആഗ്രഹങ്ങള്‍ വാന്‍ഗോഗിനെ പ്രകമ്പനം കൊള്ളിച്ചു. ലൈംഗിക ദാഹവും കരുണയും കഷ്ടപ്പെടുന്നവരോടുള്ള അനുതാപവുമൊക്കെ അതിരുകള്‍ ലംഘിച്ച് അവരിലേക്ക് ഒഴുകി, ഉന്മാദം പൂണ്ടൊരു സമര്‍പ്പണമായി. അതുകൊണ്ടാണ് വാന്‍ഗോഗ് ചിത്രങ്ങള്‍ക്ക് ഏറ്റവും മനോഹരമായ കലാനിരൂപണങ്ങള്‍ ഫ്രെഞ്ചില്‍ എഴുതിയ എമിലി ബെര്‍നാഡിനെ മര്‍ഫി ഉദ്ധരിക്കുന്നത്. വാന്‍ഗോഗ് ചിത്രങ്ങളിലെ സ്ത്രീകളെ നോക്കി ബെര്‍നാഡ് എഴുതി, 'Sublime scenes of devotion...'  മര്‍ഫി തുടരുകയാണ്: വാന്‍ഗോഗ് ചിത്രങ്ങളിലെ മദാം ജിനോക്‌സിനേയും അഗസ്റ്റീന്‍ റൗളിലുമൊക്കെ അഗാധമായ ലൈംഗിക ദാഹം നിറയുന്നുണ്ട്, പക്ഷേ, അര്‍ലസിലെ പാവം പെണ്‍കുട്ടിയോട് കരുണയല്ലാതെ മറ്റൊന്നും വിന്‍സന്റിന് ഉണ്ടായിരുന്നില്ല.

മഞ്ഞഗൃഹത്തില്‍നിന്നും ഒഴിവാക്കപ്പെടുന്നതോടെ അതിതീവ്രമായ മാനസിക വിഭ്രമങ്ങളിലേയ്ക്ക് വാന്‍ഗോഗ് എടുത്തെറിയപ്പെട്ടു. അര്‍ലസിലെ മഞ്ഞണിഞ്ഞ വയലേലകളും നേര്‍ത്തു മങ്ങിയ വേശ്യാത്തെരുവിലെ സന്ധ്യകളും പുലരുവോളം തുടരുന്ന കഫേകളിലെ മദ്യസേവയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടിവന്നപ്പോള്‍ നിലതെറ്റിയ മനസ്സില്‍ ഉറങ്ങിക്കിടന്ന ആത്മഹത്യാ ചിന്തകള്‍ പതിയെ തല ഉയര്‍ത്താന്‍ തുടങ്ങി. ചെവി അറുക്കലിന്റെ കൃത്യമായ ഒന്നാം വാര്‍ഷികദിനമായ 1889 ഡിസംബര്‍ 23-ന് പെയിന്റ് കുടിച്ച് ആത്മഹത്യ ചെയ്യാനായി ശ്രമം. ആ ദാരുണസംഭവത്തില്‍നിന്നു രക്ഷപ്പെട്ട് നിരാശനായി. വിന്‍സന്റ് സഹോദരന്‍ തിയോയ്ക്ക് അര്‍ലസിനേയും മഞ്ഞഗൃഹത്തേയും നഷ്ടമായതിന്റെ തീവ്രവേദന എഴുതി അറിയിച്ചു: ''ഞാന്‍ രോഗം കൊണ്ട് അവശനായി കിടക്കുകയാണ്, പുറത്തു മഞ്ഞുപെയ്തുകൊണ്ടേയിരിക്കുന്നു, രാത്രി എഴുന്നേറ്റ് പുറത്തേയ്ക്ക് നോക്കി, എത്ര അവര്‍ണ്ണനീയം, മുന്‍പൊരിക്കലും പ്രകൃതി ഇത്രയേറെ ആഴത്തില്‍ എന്നെ സ്പര്‍ശിച്ചിട്ടില്ല...'' പെയിന്ററോടുള്ള ജനങ്ങളുടെ താല്‍പ്പര്യമില്ലായ്മ എന്നും വിന്‍സന്റിനെ വിഷാദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു, തന്നെ ആരും അംഗീകരിക്കുന്നില്ലെന്ന തോന്നല്‍ ജീവിതാന്ത്യം വരെ പിന്തുടര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ അരാജക ജീവിതത്തിന്റെ ആഘോഷങ്ങളായി മാറി വാന്‍ഗോഗിന്റെ പിന്നെയുള്ള കാലം. ചെവി അറുക്കല്‍ കഴിഞ്ഞ് നിരന്തരമായ ചിത്തഭ്രമങ്ങളും ആത്മഹത്യാ ശ്രമങ്ങളുമൊക്കയായി ഏതാണ്ട് ഒരു വര്‍ഷവും ഏഴുമാസവും മാത്രമേ വാന്‍ഗോഗ് പിന്നെ ജീവിച്ചുള്ളൂ. പീഡിത മനസ്സിലെ ഉന്മാദങ്ങളൊക്കെ ക്യാന്‍വാസില്‍ നൃത്തമാടിക്കൊണ്ടിരിക്കവെ 1890 ജൂലൈ 27-ന് വിന്‍സന്റ് തന്റെ നെഞ്ചില്‍ നിറയൊഴിച്ചു. ഒരു നിമിഷംകൊണ്ട് ആ നെഞ്ചില്‍ കെട്ടിക്കിടന്ന കടുത്ത ചായങ്ങള്‍ പുറത്തേയ്ക്ക് പൊട്ടിയൊഴുകി. മരണപ്പെടുമ്പോള്‍ വാന്‍ഗോഗിനു മുപ്പത്തിയേഴ് വയസ്സ്. ആ സ്വയം കൊലപ്പെടുത്തലും പക്ഷേ, വിവാദമായി. അര്‍ലസില്‍നിന്നു മടങ്ങിയശേഷം വിന്‍സന്റ് താമസിച്ചിരുന്നത് അവേര്‍സിലായിരുന്നു, Auvers-Sur-Oise-ല്‍. അവേര്‍സിലെ ഒരു കൂട്ടം ആണ്‍കുട്ടികളായിരുന്നു വാന്‍ഗോഗിനെ കൊന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. വാന്‍ഗോഗ് മ്യൂസിയം പക്ഷേ, ആ ആരോപണം തള്ളിക്കളഞ്ഞിരുന്നു. ജീവിതമുടനീളം ആത്മഹത്യയെക്കുറിച്ച് ഓര്‍ത്തോര്‍ത്ത് നടക്കുകയും കിട്ടുന്ന അവസരങ്ങളിലൊക്കെ അതിന് ഒരുമ്പെടുകയും ചെയ്ത രോഗാതുരനും 'പരാജിതനുമായ' ഒരു കലാകാരന്‍ സ്വയം വെടിവെച്ച് കൊല്ലുക എന്ന നടുക്കുന്നതും നാടകീയത നിറഞ്ഞതുമായൊരു രംഗം വരച്ചിട്ട് വിടവാങ്ങിയത് സ്വാഭാവികമെന്നല്ലാതെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കുക. ഒരുപാട് സുഹൃത്തുക്കള്‍, പ്രത്യേകിച്ച് പ്രൗഢകളായ സ്ത്രീകളും വേശ്യകളും നിവൃത്തികെട്ട വേശ്യകളുമൊക്കെ കയറിയിറങ്ങി അലമ്പാക്കിയ ഒരു ജീവിതമായിരുന്നിട്ടും വാന്‍ഗോഗ് എന്നും ഏകാകിയായൊരു ചിത്തരോഗിയായി ജീവിച്ചു. ബ്രെയിന്‍ സിഫിലിസ് ബാധിതനായ ഏക സഹോദരന്‍ തിയോ മാത്രമായിരുന്നു വിന്‍സന്റിന് അവസാനം വരെ സാന്ത്വനവും തണലും. വിന്‍സന്റിന്റെ പെയിന്റിങ്ങുകളുടെ വില്പനക്കാരനുമായിരുന്നു തിയോ. വിന്‍സന്റിന്റെ മരണം തിയോയെ സ്വാഭാവികമായും തകര്‍ത്തുകളഞ്ഞു; വിന്‍സന്റ് തകരുമ്പോഴൊക്കെ തിയോ ഓര്‍മ്മിപ്പിച്ചിരുന്നു: 'Don't lose heart and remember that I need you os much...' തിയോയ്ക്ക് ഒരു കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം തിരയടിച്ച് നില്‍ക്കവെയാണ് വിന്‍സന്റിന്റെ മരണം കടന്നുവരുന്നത്. ക്രിസ്ത്യന്‍ പള്ളി വിന്‍സന്റിന്റെ മൃതദേഹം സെമിത്തേരിയില്‍ അടക്കാന്‍ വിസമ്മതിച്ചു, ആത്മഹത്യ പാപമാണെന്ന ബൈബിള്‍ വചനം ചൂണ്ടി സെമിത്തേരിയുടെ വാതില്‍ അടയ്ക്കപ്പെട്ടു. ഒരു പാസ്റ്ററുടെ മകനായ വിന്‍സന്റിന് യാതൊരുവിധ ക്രൈസ്തവ  ആശീര്‍വാദങ്ങളും ലഭിച്ചില്ല. എമിലി ബര്‍നാര്‍ഡിനെപ്പോലെ ഏതാനും സുഹൃത്തുക്കള്‍ പാരീസില്‍ നിന്നുവന്നു. തൂവെള്ള പുതപ്പില്‍ പൊതിഞ്ഞ വിന്‍സന്റിന്റെ മൃതശരീരത്തിന് മുകളില്‍ വാന്‍ഗോഗ് ഏറെ ഇഷ്ടപ്പെട്ടിരുന്ന സൂര്യകാന്തിപ്പൂക്കളും മഞ്ഞപ്പൂക്കള്‍ ഡാലിയ പൂക്കളും. പെട്ടിക്ക് ചുറ്റും മഞ്ഞപ്പൂക്കള്‍ വിഷാദമൊതുക്കി നേര്‍ത്ത ചിരിയോടെ വിടര്‍ന്നു കിടന്നിരുന്നു. മഞ്ഞപൂക്കള്‍ വാന്‍ഗോഗിന് പ്രകാശത്തിന്റെ അടയാളമായിരുന്നു. കലയെ ഇഷ്ടപ്പെടുന്നവരുടെ ഹൃദയങ്ങളിലേയ്ക്ക് വാന്‍ഗോഗ് കയറിച്ചെന്നത് മഞ്ഞനിറവുമായിട്ടായിരുന്നു. പൂക്കള്‍ക്ക് അരികില്‍ ചായപ്പെട്ടി, ബ്രഷുകള്‍, മടക്ക് സ്റ്റൂള്‍... അവേര്‍സ് സര്‍ ഒയിസിലെ (Auvers Sur Oise) ഗോതമ്പു പാടത്തില്‍ ആദ്യവെളിച്ചം പടര്‍ന്നു കിടക്കുന്ന പടവില്‍ ചിത്രകലയിലെ എക്കാലത്തേയും വലിയ ചിത്തരോഗിയായ അവധൂതന്റെ മൃതശരീരം അടക്കം ചെയ്യപ്പെട്ടു, 30 ജൂലൈ 1890-ല്‍. ഒറ്റപ്പെട്ട് പൊട്ടിക്കരഞ്ഞ് തിയോ പറഞ്ഞു: 'How empty it is everywhere.' അപാരമായ സ്‌നേഹമായിരുന്നു. തിയോയ്ക്ക് വാന്‍ഗോഗിനോട്, 'like lovers, one could not really live without the other.' കഷ്ടിച്ച് ഒരു ആറുമാസമേ പിന്നെ തിയോ ജീവിച്ചുള്ള, ഹൃദയം തകര്‍ന്ന തിയോ 25 ജനുവരി 1891-ല്‍ 32-ാമത്തെ വയസ്സില്‍ മരണമടഞ്ഞു. പള്ളി സെമിത്തേരിയില്‍ അടക്കിയ തിയോയുടെ മൃതദേഹം ഭാര്യ ജോയുടെ ആഗ്രഹപ്രകാരം പിന്നീട് വാന്‍ഗോഗിന്റെ കല്ലറയ്ക്കടുത്താക്കി. അവേര്‍സിലെ സഹോദര ശവകുടീരങ്ങള്‍ ഇന്നൊരു തീര്‍ത്ഥാടന കേന്ദ്രമാണ്. വാന്‍ഗോഗ് എന്ന പ്രഹേളികയും തിയോ എന്ന സ്‌നേഹവും കാലത്തോട് ഒരുപാട് കഥകള്‍ പറയാന്‍ ഇവിടെ വിശ്രമിക്കുന്നു.

2016-ല്‍ പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച മര്‍ഫിയുടെ ഈ പുസ്തകം വാന്‍ഗോഗ് പഠനങ്ങളില്‍ ഏറ്റവും അവസാനമായി പുറത്തിറങ്ങിയതാണെന്നു തോന്നുന്നു. രോഗബാധിതയായ ഒരു സ്ത്രീ തന്റെ ആത്മകഥാംശങ്ങള്‍ ലയിപ്പിച്ച് എഴുതിയ പുസ്തകമാണിത്. കലാഗവേഷണങ്ങള്‍ നടത്തുന്നവര്‍ക്ക് ഇതൊരു പാഠപുസ്തകമാണ്, സാധാരണ വായനക്കാര്‍ക്ക് വിന്‍സന്റ് വാന്‍ഗോഗ് എന്ന എക്കാലത്തേയും മഹാനായ ചിത്രകാരനിലേയ്ക്കുള്ള ഒരു വാതായനവും.
(Van Gogh's Ear, Bernadette Murphy Penguin, 2016)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com