മോദിയെ ചോദ്യം ചെയ്യാന്‍ പോകുന്നത് കര്‍ഷകര്‍: മറിയം ധാവ്‌ലെ സംസാരിക്കുന്നു

2014-ല്‍ ഭരണനയങ്ങളെ ചോദ്യം ചെയ്യാനുള്ള ത്രാണിപോലും രാജ്യത്തെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും കാണിച്ചില്ല.
മറിയം ധാവ്‌ലെ
മറിയം ധാവ്‌ലെ

ഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ (AIDWA) ജനറല്‍ സെക്രട്ടറിയാണ് മറിയം ധാവ്‌ലെ. വിദ്യാര്‍ത്ഥിജീവിതം മുതല്‍ അവകാശ സമരപ്പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. ബോംബെയില്‍ ഒരു അഭിഭാഷകന്റെ മകളായി ജനിച്ച മറിയം പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായിരുന്നു. സി.പി.ഐ.(എം) കേന്ദ്രക്കമ്മിറ്റി അംഗമായ ഇവരുടെ ജീവിതപങ്കാളി ഡോ. അശോക് ധാവ്ല*!*!*!െ സി.പി.ഐ.(എം) സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് അംഗവും രാജ്യമാകെ വീശിയടിക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അഖിലേന്ത്യാ കിസാന്‍ സഭയുടെ പ്രസിഡന്റുമാണ്. കേരളത്തില്‍ സംഘടനാ പരിപാടികള്‍ക്ക് എത്തിച്ചേര്‍ന്ന മറിയം ധാവ്ല*!*!*!െ സമകാലിക പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നു.

ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു?
സാമൂഹ്യ വിമോചന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും പുരോഗമന പ്രസ്ഥാനങ്ങളും നടത്തിയ ഇടപെടലുകള്‍ ആധുനികവും പരിഷ്‌കൃതവുമായ ജീവിതത്തെ സംബന്ധിച്ച അവബോധം സ്ത്രീകളില്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ നാടുവാഴിത്തവും അതിനു മുന്‍പുള്ള സാമൂഹ്യ സംഘടനാരൂപങ്ങളും ഇപ്പോഴും സജീവമായി മേധാവിത്വം പുലര്‍ത്തുന്നുണ്ട്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വിലങ്ങുതടിയായി നില്‍ക്കുന്ന ഈ മനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് അധികാര രാഷ്ട്രീയം ഇന്നു ശ്രമിക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഈ ദിശയിലുള്ള ഭരണനടപടികള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വീകരിച്ചതായി കാണാം. ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭഗവത് പരസ്യമായിത്തന്നെ പറഞ്ഞത് സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയിരിക്കണം എന്നാണ്.

എന്തെല്ലാം തരത്തിലുള്ള വിവേചനങ്ങളാണ് സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്നത്?
ഒരു പുരുഷാധിപത്യ സമൂഹത്തില്‍ നേരിടേണ്ടിവരുന്ന എല്ലാ വിവേചനങ്ങളും ഇന്ത്യന്‍ സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. സാമൂഹ്യ അവശതകളും ഒപ്പം സ്ത്രീ എന്ന നിലയിലുള്ള വിവേചനങ്ങളും അനുഭവിക്കേണ്ടിവരുന്ന സ്ഥിതിയാണ്. തുല്യ ജോലിക്ക് തുല്യ ശമ്പളം പല തൊഴില്‍ മേഖലയിലുമില്ല. ആത്മഹത്യ ചെയ്ത കൃഷിക്കാരികളുടെ കണക്ക് ഒരു രേഖയിലുമില്ല. കാരണം, സ്ത്രീകള്‍ക്ക് പട്ടയവും ആധാരവുമില്ലാത്തതാണ്. ലോകത്ത് ഏറ്റവുമധികം പേര്‍ പോഷകാഹാരക്കുറവുകൊണ്ട് മരിക്കുന്നതില്‍ ഏറ്റവുമധികം സ്ത്രീകള്‍ മരിക്കുന്ന രാജ്യമാണ് ഇന്ത്യ. സതി മഹത്വവല്‍ക്കരിക്കുന്നതുള്‍പ്പെടെ ബഹുഭാര്യാത്വം, സ്ത്രീധനം, ദേവദാസി സമ്പ്രദായം, വിധവാവിവാഹ നിരോധനം, ബാലവിവാഹം തുടങ്ങിയ അനാചാരങ്ങളാല്‍ ബന്ധിതമാണ് ഇന്ത്യന്‍ സമൂഹം.

സ്ത്രീകളുടെ തുല്യത എന്ന അവകാശം ഈ കാലഘട്ടത്തില്‍ എത്രത്തോളം സംരക്ഷിക്കപ്പെടുന്നു?
1792-ല്‍ ഫ്രെഞ്ച് വിപ്ലവമാണ് സ്ത്രീകളുടെ തുല്യത എന്ന ആശയം മറ്റു സ്വാതന്ത്ര്യ മുദ്രാവാക്യങ്ങള്‍ക്കൊപ്പം മുന്നോട്ടുവെച്ചത്. ഉല്പാദന ബന്ധങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് രൂപപ്പെട്ട സാമൂഹ്യ ബന്ധങ്ങള്‍ പല സമൂഹങ്ങളിലും സ്ത്രീയെ സ്വതന്ത്രയാക്കുന്നതില്‍ പങ്കുവഹിച്ചു. ലോകത്തിലാദ്യമായി സ്ത്രീസ്വാതന്ത്ര്യമുയര്‍ത്തിപ്പിടിച്ചത് സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥിതിയും യു.എസ്.എസ്. ആറുമായിരുന്നു. സോവിയറ്റ് റഷ്യയില്‍ 2-ാം ലോകമഹായുദ്ധ കാലത്ത് നൂറു കണക്കിന് യുദ്ധ ടാങ്കുകളിലെ റണ്ണര്‍മാര്‍ (ഡ്രൈവര്‍) സ്ത്രീകളായിരുന്നു. ട്രക്കുകളിലും വിമാനങ്ങളിലും സ്ത്രീകള്‍ ഡ്രൈവര്‍മാരായി. ലോകത്തിലാദ്യമായി ബഹിരാകാശത്തേയ്ക്ക് വാലന്റീന തെരഷ്‌ക്കോവ എന്ന സ്ത്രീയെ പറഞ്ഞയച്ചുകൊണ്ട് സ്ത്രീ മുന്നേറ്റത്തിന്റെ പുതിയ ഗാഥകളാണ് സോവിയറ്റ് യൂണിയന്‍ രചിച്ചത്. മുതലാളിത്ത ലോകത്തിന്റെ ജീര്‍ണ്ണത നിറഞ്ഞതും അരാജകത്വം വഴികാട്ടിയുമായ സ്ത്രീ സ്വാതന്ത്ര്യ മാതൃകകള്‍ക്ക് ബദലായി പുരുഷനോടൊപ്പം തുല്യപങ്കാളിയായി വ്യക്തിത്വമുയര്‍ത്തിപ്പിടിക്കുന്ന  സ്ത്രീ സങ്കല്പനങ്ങള്‍ രൂപപ്പെട്ടു. എന്നാല്‍, മുതലാളിത്തത്തിന് സ്ത്രീ വിമോചനമുള്‍പ്പെടെയുള്ള ഒരു സ്വാതന്ത്ര്യ അവകാശങ്ങളും സംരക്ഷിക്കാന്‍ ഇന്നു താല്പര്യമില്ല. ആധുനിക സാങ്കേതികവിദ്യ ഉപയോഗം സ്ത്രീകളുടെ സ്വതന്ത്ര ചിന്തയെ പരിപോഷിപ്പിക്കുന്നുണ്ട്. ഒരു പരിഷ്‌കൃത സമൂഹം സ്ത്രീയുടെ കൂടിയാണ് എന്ന അവബോധം രൂപപ്പെടുന്നുണ്ട്.

ഇന്ത്യയിലെ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് എത്തരത്തിലുള്ളതാണ്?
പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ഉല്‍പതിഷ്ണുക്കളാണ് അനാചാരങ്ങള്‍ക്കും നാടുവാഴിത്ത ജീവിതതിന്മകള്‍ക്കുമെതിരായ ഉണര്‍വിന്റെ ബോധ്യം സമൂഹത്തില്‍ അങ്കുരിപ്പിച്ചത്. ഇതില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ മുദ്രാവാക്യങ്ങളും രൂപപ്പെട്ടു. സതി എന്ന അനാചാരത്തിനെതിരെ ബംഗാളില്‍ രാജാറാം മോഹന്‍ റോയി, മഹാരാഷ്ട്രയില്‍ സാവിത്രി ഭായ് ഫൂലേ, ദേശീയ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയ ഗോപാലകൃഷ്ണ ഗോഖലെ തുടങ്ങിയവര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നവരാണ്. അയിത്തത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ സാഹിത്യ-സാംസ്‌കാരിക മേഖലകളിലും ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായി. കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക മേഖലകളെയാകെ ഇളക്കി മറിച്ച നവോത്ഥാനത്തിന്റെ കാറ്റ് സ്ത്രീകളെ മുഖ്യ ജീവിതധാരയിലേക്ക് അണിനിരത്തി. ആര്യാപള്ളം, ദേവയാനിടീച്ചര്‍ തുടങ്ങിയ നേതാക്കളുടേയും തന്റേടം പ്രകടിപ്പിച്ച നിരവധി സ്ത്രീ നായികമാരുടേയും ജീവിതം ഈ പോരാട്ടങ്ങളുടെ സാക്ഷ്യപത്രമാണ്. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും മഹാത്മാ അയ്യന്‍കാളിയും ഡോ. പല്‍പ്പുവും മന്നത്ത് പത്മനാഭനും ചവറ കുര്യാക്കോസ് അച്ചനും പണ്ഡിറ്റ് കറുപ്പനുമെല്ലാം നയിച്ച നവോത്ഥാന ചിന്തകള്‍ ദേശീയ പ്രസ്ഥാനത്തിനും അവകാശങ്ങള്‍ക്കും അന്തസ്സിനും വേണ്ടി പോരാടിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും വെളിച്ചം പകര്‍ന്നു. ഈ വെളിച്ചം തുടര്‍ന്ന് ഏറ്റുപിടിക്കുന്ന പ്രസ്ഥാനങ്ങളുടെ സജീവതയാണ് ഒരു മതനിരപേക്ഷ സാമൂഹ്യബോധവും ജനാധിപത്യപരതയും കേരളത്തില്‍ നിലനിര്‍ത്തിയത്.

ഉദാരവല്‍ക്കരണ കാലഘട്ടം സ്ത്രീകള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്?
സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ സമ്പത്തിന്റെ കേന്ദ്രീകരണത്തിനുവേണ്ടി മനുഷ്യരാശിയെ ചൂഷണം ചെയ്യുകയാണ് ഉദാരവല്‍ക്കരണം ചെയ്യുന്നത്. മുതലാളിത്ത സമൂഹം രൂപംകൊള്ളുന്ന കാലഘട്ടത്തില്‍ പ്രകടിപ്പിച്ച പുരോഗമനപരത ഇന്ന് അനാവശ്യമാണെന്ന് അവര്‍ കരുതുന്നു. ഇന്നു വിപണിയാണ് പ്രധാനം. വിപണി മത്സരങ്ങള്‍ക്കുവേണ്ടി അനാചാരങ്ങളെ വരെ പ്രോത്സാഹിപ്പിക്കാന്‍ ഉദാരവല്‍ക്കരണത്തിന് ഒരു മടിയുമില്ല. നാം പുറത്തെറിഞ്ഞ അനാചാരങ്ങളെ സാമൂഹ്യജീവിതത്തിന്റെ അകത്തളങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അതുകൊണ്ടാണവര്‍ ഉത്സാഹം കാണിക്കുന്നത്.

പികെ ശ്രീമതി, ബൃദ്ധ കാരാട്ട്, മറിയം ധാവ്‌ലെ, ദീപിക രാജാവത്ത്, ആനി രാജ എന്നിവര്‍
പികെ ശ്രീമതി, ബൃദ്ധ കാരാട്ട്, മറിയം ധാവ്‌ലെ, ദീപിക രാജാവത്ത്, ആനി രാജ എന്നിവര്‍

ബി.ജെ.പി ഭരണം ഘടനാപരമായി ഇന്ത്യയില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാം?
സംഘപരിവാറും അവരുടെ സഹായികളും ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച ദേശീയതയുടെ മൂല്യങ്ങള്‍ക്ക് എതിരാണ്. ഈ മൂല്യങ്ങളുടെ അടിത്തറയില്‍ നാം സൃഷ്ടിച്ച ഭരണഘടനയും അതിന്റെ സ്തംഭങ്ങളായ ജനാധിപത്യം, ഫെഡറലിസം, മതനിരപേക്ഷത എന്നീ ആശയങ്ങളും സംഘപരിവാറിനു യോജിക്കാനാവുന്ന കാര്യങ്ങളല്ല. അതുകൊണ്ട് ഭരണഘടനയെക്കാള്‍ തങ്ങള്‍ക്ക് വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് ആശ്രയിക്കാനാവുന്നത് എന്ന് അവര്‍ നിരന്തരമായി പ്രഖ്യാപിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്നു. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ വെള്ളത്തിലെ വരപോലെയായി. കാര്‍ഷിക ദുരിതം ലക്ഷക്കണക്കിനു പേരുടെ ആത്മഹത്യയിലേക്ക് നയിച്ചു. നോട്ട് നിരോധനം, ജി.എസ്.ടി പോലുള്ള ഭ്രാന്തന്‍ പരിഷ്‌കാരങ്ങള്‍ ലക്ഷക്കണക്കിന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കുകയും കോടികളെ വഴിയാധാരമാക്കുകയും ചെയ്തു. പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞവര്‍ 90 ലക്ഷം പേരുടെ നിലവിലുള്ള തൊഴില്‍ തട്ടിപ്പറിച്ചു. വിലക്കയറ്റം താങ്ങാനാവാത്ത സ്ഥിതിയായി. കോര്‍പ്പറേറ്റുകള്‍ക്കു മാത്രം രാജ്യത്തെ പൊതു ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ വായ്പ 11 ലക്ഷം കോടി രൂപയുടേതാണ്.
അഴിമതിയില്‍ ഭരണം മുങ്ങിക്കുളിച്ചു. രാഷ്ട്രീയ മേഖലയിലെ ധാര്‍മ്മികത അപ്രത്യക്ഷമായി. ഇത്തരമൊരു മാറ്റം ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത് സ്ത്രീകള്‍, ആദിവാസികള്‍, ന്യൂനപക്ഷ ജനവിഭാഗങ്ങള്‍, ദളിത് വിഭാഗക്കാര്‍ എന്നിവരെയാണ്. 40 ശതമാനം ഭൂരഹിതരായ ജനങ്ങളുടെ നാടായി ഇന്ത്യ മാറി. ഗ്രാമീണ മേഖലയിലെ ദുരിതം മൂലം ജനങ്ങള്‍ നഗരങ്ങളിലേക്ക് പലായനം നടത്തുകയാണ്.

ഭരണനയങ്ങള്‍ക്കെതിരെ രൂപപ്പെടുന്ന പ്രതിഷേധങ്ങളെ എങ്ങനെ കാണുന്നു?
2014-ല്‍ ഭരണനയങ്ങളെ ചോദ്യം ചെയ്യാനുള്ള ത്രാണിപോലും ഇന്ത്യയിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും കാണിച്ചില്ല. ഇടതുപക്ഷമാണ് വരാന്‍പോകുന്ന അപകടം ജനങ്ങളെ ബോധ്യപ്പെടുത്തിയത്. തുടര്‍ന്ന് കൃഷിക്കാരുടേയും തൊഴിലാളികളുടേയും മറ്റ് അധ്വാനിക്കുന്നവരുടേയും സമരമുന്നേറ്റങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. രാജസ്ഥാനിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും തെലങ്കാനയിലും തമിഴ്നാട്ടിലും കാര്‍ഷക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നത് ആര്‍ക്കും അവഗണിക്കാനായില്ല. സാംസ്‌കാരിക കലാ-അക്കാദമിക് മേഖലകളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ തിരുകിക്കയറ്റാനുള്ള പരിശ്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക മേഖലയില്‍ പ്രതിരോധം വളര്‍ന്നു. ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെ അടിച്ചമര്‍ത്തുന്നതിനെതിരെ ചെറുത്തുനില്‍പ്പുകള്‍ ചെറുതും വലുതുമായി രൂപം കൊണ്ടു. ഇത്തരത്തില്‍ വളര്‍ന്നുവന്ന സാമൂഹ്യ, രാഷ്ട്രീയ മുന്നേറ്റങ്ങള്‍ രാജ്യത്ത് പ്രശ്‌നങ്ങളെ എങ്ങനെയാണ് ഏറ്റെടുത്തത് എന്നു നാം കണ്ടുവരികയാണ്.

സഖാക്കള്‍ക്കൊപ്പം
സഖാക്കള്‍ക്കൊപ്പം

ഈ ജനകീയ മുന്നേറ്റങ്ങളെ എങ്ങനെയാണ് ഭരണാധികാരികള്‍ നേരിട്ടത്?
ജനങ്ങളില്‍ വളര്‍ന്നുവരുന്ന യോജിപ്പ് ദുര്‍ബ്ബലമാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ വര്‍ഗ്ഗീയതയാണ് ഉപയോഗിക്കുന്നത്. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അതിന്റെ തെളിവാണ്. ഹിന്ദുവിനെ മുസ്ലിമിനും ദളിതനെ ദളിതല്ലാത്തവര്‍ക്കും ആദിവാസിയെ ദളിതര്‍ക്കും എതിരായി വെറുപ്പിന്റെ രാഷ്ട്രീയമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. താഴെ തലം മുത്ല്‍ പാഠപുസ്തകങ്ങള്‍ വരെ മനസ്സുകള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന സ്ഥിതിയാണ്. ജീസസ് ക്രൈസ്റ്റിനെ പിശാചായി ചിത്രീകരിക്കുന്ന പാഠഭാഗങ്ങള്‍ കാണാം. ജനങ്ങളുടെ പിന്നോക്ക സാമൂഹ്യബോധം തുടരുന്ന തരത്തിലാണ് മനോഭാവങ്ങളെ രൂപപ്പെടുത്തുന്നത്. പെണ്‍കുട്ടികളെ പ്രതിബിംബവല്‍ക്കരിക്കുന്നത് വീട്ടുജോലികള്‍ ചെയ്യുന്നവരും വസ്ത്രം കഴുകുന്നവരും മാത്രമായാണ്. സ്ത്രീകള്‍ക്ക് പുതിയ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. പെണ്‍കുട്ടികള്‍ക്ക് ശാസ്ത്രശാഖകളും പുതിയ സാങ്കേതികവിദ്യകളുമല്ല; വേദിക് പഠനം, സൗന്ദര്യപരിശീലക കോഴ്‌സുകള്‍, ഭക്ഷണം തയ്യാറാക്കല്‍ (പാചകകല) തുടങ്ങിയവയിലാണ് പരിശീലനം നല്‍കേണ്ടത് എന്ന് സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. എങ്ങനെ നല്ല പുത്രവധുവാകാം എന്ന പരിശീലനമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടത് എന്ന് അവര്‍ പ്രചരിപ്പിക്കുന്നു.
രാജസ്ഥാനില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് വേദിയില്‍ പ്രസംഗിച്ചത് തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ബാലവിവാഹത്തിനു സഹായകരമായ നിലപാടെടുക്കും എന്നാണ്. കശ്മീരില്‍ കത്വായില്‍ എട്ടു വയസ്സുകാരി പിഞ്ചുബാലികയെ അമ്പലത്തില്‍ വച്ച് ബലാത്സംഗം ചെയ്തു കൊന്നവരെ രക്ഷിക്കാന്‍ ബി.ജെ.പി എം.എല്‍.എ തന്നെ മുന്നോട്ടുവരുന്നത് നമുക്ക് കാണാനായി. ഇത് ഒരു പുതിയ സംസ്‌കാരമാണ്. കൊലപാതകങ്ങള്‍ നടത്തുന്നതും തട്ടിക്കൊണ്ടു പോകുന്നതും ബലാത്സംഗം നടത്തുന്നതുമായ ഒരു ബി.ജെ.പി  സംസ്‌കാരം നാട്ടില്‍ വളരുകയാണ്. സാമൂഹ്യഘടനാ സംവിധാനങ്ങള്‍ തകര്‍ക്കപ്പെടുകയാണ്. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലുകളില്‍ സ്ഥാനം നല്‍കുന്നില്ല. അവര്‍ക്ക് സ്‌റ്റൈപ്പന്റ് വൈകിക്കുന്നു. ഹോസ്റ്റലുകളില്‍ സസ്യഭക്ഷണം നിര്‍ബ്ബന്ധമാക്കുന്നു.

മീ ടൂ ക്യാമ്പയിനെ എങ്ങനെ കാണുന്നു?
സ്ത്രീകള്‍ക്കെതിരായ മൂല്യബോധവും ആശയങ്ങളും പ്രചരിപ്പിക്കപ്പെടുന്ന ഒരു പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകളെ സാമൂഹ്യമായി കരുത്തുള്ളവരാക്കുന്ന ഏതു രക്ഷാകവചങ്ങളും സ്വാഗതാര്‍ഹമാണ്.

സ്ത്രീ തുല്യത സംബന്ധിച്ച ഭാവി പ്രതീക്ഷകള്‍?
സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളും ലോകത്താകെ നടന്ന മനുഷ്യവിമോചന പ്രത്യയശാസ്ത്രങ്ങളും നല്‍കിയ പിന്തുണയാണ് സ്ത്രീതുല്യത സംബന്ധിച്ച കാഴ്ചപ്പാടുകള്‍ക്ക് രൂപം നല്‍കിയത്. ഒരു പരിഷ്‌കൃത സമൂഹത്തിന് അതിന്റെ ദുര്‍ബ്ബലരോട് നീതി ഉറപ്പാക്കേണ്ടതുണ്ട് എന്ന ബോധ്യമാണ് സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായത്. എല്ലാ നിലയിലുള്ള ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് സ്ത്രീതുല്യതയ്ക്കുവേണ്ടിയുള്ള മുദ്രാവാക്യം. ലോകത്താകെ ഈ ദിശയില്‍ ശുഭോദര്‍ക്കങ്ങളായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ സമകാലിക സമൂഹത്തില്‍ എന്ത് ഇടപെടലാണ് നടത്തിവരുന്നത്?
ഇന്ത്യയിലെ സാമ്പത്തിക അവശതകള്‍ പരിഹരിക്കുന്നതിനും മിനിമം കൂലിക്കും ഭക്ഷ്യസുരക്ഷയ്ക്കും പൊതുവിതരണ സമ്പ്രദായത്തിനും വേണ്ടിയുള്ള വലിയ പ്രക്ഷോഭങ്ങളാണ് വനിതാപ്രസ്ഥാനങ്ങള്‍ നടത്തുന്നത്. തൊഴിലാളി കര്‍ഷക പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് ഈ സമരമേഖലകള്‍ വികസിപ്പിക്കേണ്ടതുണ്ട്. മനുസ്മൃതി അനുശാസിക്കുന്ന ഇരുണ്ട മധ്യകാലയുഗത്തിലേക്ക് സ്ത്രീകളെ തിരിച്ചുകൊണ്ടു പോകാനുള്ള പരിശ്രമങ്ങള്‍ക്കെതിരേയും വര്‍ഗ്ഗീയതയ്‌ക്കെതിരേയും പോരാട്ടങ്ങള്‍ ഉയര്‍ത്തി സ്ത്രീകളുടെ പ്രസ്ഥാനം മുന്നോട്ടു വരുന്നുണ്ട്.

പാലക്കാട്ട് നടന്ന ഒരു പാര്‍ട്ടി പരിപാടിക്കിടയില്‍
പാലക്കാട്ട് നടന്ന ഒരു പാര്‍ട്ടി പരിപാടിക്കിടയില്‍

സമീപകാലത്ത് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച സുപ്രീംകോടതി വിധിയെ എങ്ങനെ കാണുന്നു?
നവോത്ഥാന വെളിച്ചം പരന്നുതുടങ്ങിയ ഇരുന്നൂറ് കൊല്ലം മുന്‍പത്തെ കേരള ജീവിതപരിസരമാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ആ കാലഘട്ടത്തിന്റെ അനാചാരങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് മുന്നേറി മാറുമറക്കാനും അനാചാരങ്ങള്‍ അവസാനിപ്പിക്കാനും മനുഷ്യകേരളമായി മാറാനും കഴിഞ്ഞ ഈ നാടിനെ ഇന്നത്തെ ഇന്ത്യയുടെ പിന്നോക്ക ബോധത്തിലേക്ക് തിരിച്ചുകൊണ്ടു പോകാനാണ് വര്‍ഗ്ഗീയശക്തികളുടെ പരിശ്രമം. ഇതില്‍ ബി.ജെ.പി കൈക്കൊള്ളുന്ന ഇരട്ടത്താപ്പ് ശ്രദ്ധേയമാണ്. 400 വര്‍ഷമായി സ്ത്രീ പ്രവേശനം നിഷേധിച്ചിരുന്ന മഹാരാഷ്ട്രയിലെ ശനി ശിശ്‌നാപ്പൂര്‍ ക്ഷേത്രത്തിലും അലിദര്‍ഗാ പള്ളിയിലും ഹൈക്കോടതി വിധി പ്രകാരം യാതൊരു തടസ്സവുമില്ലാതെ സ്ത്രീകളുടെ പ്രവേശനം ഉറപ്പാക്കിയവര്‍ തന്നെയാണ് രാഷ്ട്രീയ കാരണങ്ങളാല്‍ കേരളത്തില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നത്. ഇതെല്ലാം ഗൗരവമായി കാണേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com