അതിരുകളില്ലാത്ത ആ ലോകത്തേക്ക്: സൈമണ്‍ ബ്രിട്ടോയെക്കുറിച്ച്

വല്ലാത്ത ആത്മവിശ്വാസത്തിന്റെ ഉടമയായിരുന്നു ബ്രിട്ടോ. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍. പാര്‍ട്ടി മതംപോലെയായിരുന്നു, ജനിച്ചപ്പോഴേ കൂടെ ഉണ്ടായിരുന്നതുപോലെ.
അതിരുകളില്ലാത്ത ആ ലോകത്തേക്ക്: സൈമണ്‍ ബ്രിട്ടോയെക്കുറിച്ച്

ജീവിതത്തിന്റെ അതിരുകള്‍ ഇല്ലാത്ത നിസ്സഹായതയിലേക്ക് ബ്രിട്ടോ പോയി. സംവത്സരങ്ങളായി കൂടെ നടന്ന പ്രിയ സഖാവ് പൊടുന്നനെ ഒന്നും പറയാതെ അപ്രത്യക്ഷനായി. കഴിഞ്ഞ ഒരു മാസക്കാലമായി എന്നെ പിടികൂടിയ ഒരുതരം പനി എങ്ങനെയെല്ലാമാണ് എന്നെ ബാധിച്ചത്? പരീക്ഷണങ്ങള്‍, ടെസ്റ്റുകള്‍, കാത്തിരിപ്പിന്റെ പരീക്ഷണങ്ങള്‍; മരണത്തിനും ജീവിതത്തിനും ഇടയിലെ തുരുമ്പിച്ച സങ്കീര്‍ണ്ണതകളിലേക്കുള്ള മനസ്സിന്റെ അപഥസഞ്ചാരം. ഞാന്‍ ബ്രിട്ടോയെ വിളിച്ചില്ല. എത്രകാലം മുന്‍പേ ഇതൊക്കെ അനുഭവിച്ചവനാണ് അവന്‍. വേണ്ട വിളിക്കണ്ട. നിനച്ചിരിക്കാതെ ബ്രിട്ടോയുടെ വിളി! ഞാന്‍ പറഞ്ഞു, കുരുങ്ങിയെന്നു, തോന്നുന്നു. രോഗം എന്റെ നേരെ മുന്നില്‍ വന്ന് ട്രിഗര്‍ വലിച്ച വിവരം വിശദമാക്കി. മനുഷ്യനു ജീവിതത്തോടുള്ള സ്‌നേഹം എത്ര ജന്മം ജീവിച്ചാലും തീരില്ല. അല്ലേടാ ബ്രിട്ടോ, പറയാതിരുന്നതിന് എന്നെ വഴക്ക് പറഞ്ഞു. ''പിന്നെ നിനക്കൊന്നും വരികേലെടാ പൊട്ടാ, ഞാന്‍ അങ്ങോട്ടു വരാം അടുത്ത ആഴ്ച.'' വന്നില്ല. ഇനി വരില്ല.

എന്നാണ് ബ്രിട്ടോയെ ആദ്യമായി കാണുന്നത്. ഓര്‍മ്മിച്ചെടുക്കേണ്ട കാര്യം ഇല്ല. എന്നും എന്നോടൊപ്പം ഉണ്ടായിരുന്നതുപോലെ. കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഇരുള്‍മൂടിയ വഴികളിലൂടെ വെറുതെ ആള്‍ക്കൂട്ടങ്ങളായി നയിക്കപ്പെടുന്ന കാലത്ത് ഏതോ ഒരു നാള്‍. ഇടതുപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയം തിടംവെച്ച് വളരാന്‍ തുടങ്ങുന്നതേയുള്ളൂ. കേരളത്തില്‍ അവിടവിടെയായി ചില തുരുത്തുകള്‍ മാത്രം. കെ.എസ്.യുവിന്റെ മേല്‍ക്കോയ്മയെ മറികടന്ന് വീശിയ ശീതക്കാറ്റ്, അതിനെ തടയാനുള്ള പ്രാകൃതമായ ശ്രമങ്ങള്‍. എഴുപതുകളുടെ പകുതി വരെ നേരിട്ട പീഡനകാലം. ആ കൂടെ പരസ്പരം അറിയാതെ ബ്രിട്ടോയും ഞാനും ഉണ്ടായിരുന്നു. പിന്നെ പല ദിക്കുകളിലായി അങ്ങനെ എത്രയോ പേര്‍. അതിനിടയിലേക്ക് അടിയന്തരാവസ്ഥയുടെ വരവും പോക്കും. പിന്നെ ശരിക്കും ഒളിച്ചുള്ള സംഘടന പ്രവര്‍ത്തനം. അങ്ങനെയൊരു കൂട്ടായ്മയിലാണ് ഞാന്‍ ആദ്യമായി ബ്രിട്ടോയെ കാണുന്നത്. പിന്നെ ബ്രിട്ടോ എന്റെ മനസ്സിന്റെ പിന്‍ അറകളിലേക്ക് പാറിവീണ മഹാ സൗഹൃദത്തിന്റെ സഖാവ് ആയിത്തീര്‍ന്നു, ബ്രിട്ടോ തന്റെ ജീവിതത്തിലെ നിര്‍ണ്ണായക സന്ദര്‍ഭങ്ങളേയും സന്ദിഗ്ദ്ധതകളേയും എന്നോട് പങ്കുവെച്ചിട്ടുണ്ട്, തിരിച്ചു ഞാനും. അതവിടെ കിടക്കട്ടെ.

ഞാന്‍ മഹാരാജാസിലേക്ക് പി.ജി. പഠനത്തിനു ചെല്ലുമ്പോള്‍ ബ്രിട്ടോ എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടറി. ഞാന്‍ സംസ്ഥാന ഭാരവാഹികളില്‍ ഒരാള്‍. എറണാകുളം കേന്ദ്രീകരിച്ച് പിന്നീട് ഹൈക്കോടതി ജഡ്ജിയായി പി.കെ. മോഹനന്‍, വി.ആര്‍. രഘു, കെ.ഡി. വിന്‍സെന്റ് തുടങ്ങിയവരും. ഞാനും ബ്രിട്ടോയുമായി നിരന്തര സഹവാസം. മഹാരാജാസ് ഹോസ്റ്റലിലെ കോമണ്‍ റൂം എന്നറിയപ്പെടുന്ന വിശാലമായ 84-ാം നമ്പര്‍ മുറി എത്രയോ ദീര്‍ഘകാലം ഞങ്ങളുടെ ആവാസസ്ഥലമായിരുന്നു. പല ദിക്കുകളിലേക്ക് സഞ്ചരിച്ചുപോയി രാത്രിയാകുമ്പോള്‍ ആ മുറിയിലേക്ക് എത്തിച്ചേരും. ഞങ്ങള്‍ എത്തിയെന്ന് അറിഞ്ഞാല്‍ ഒരുപാട് പേര്‍ വരും. ആ ഹോസ്റ്റല്‍ വിപ്ലവത്തിന്റെ ഇടനാഴി ആയി ഞങ്ങളൊക്കെ കരുതിയിരുന്നു. പ്രീഡിഗ്രിക്കാരുമുണ്ട്. നിരന്തരം സംശയങ്ങള്‍. ബ്രിട്ടോയുടെ സൈദ്ധാന്തിക മറുപടികള്‍. ആ ഹോസ്റ്റലിലെ താമസക്കാരില്‍ ഏറിയ പങ്കും എസ്.എഫ്.ഐക്കാരാണെന്ന് പറയാം.

നിയമസഭാംഗമായിരിക്കെ തന്നെ കാണാനെത്തിയ അംഗപരിമിതരുടെ ആവലാതികള്‍ ശ്രദ്ധയോടെ കേള്‍ക്കുന്ന സൈമണ്‍ ബ്രിട്ടോ
നിയമസഭാംഗമായിരിക്കെ തന്നെ കാണാനെത്തിയ അംഗപരിമിതരുടെ ആവലാതികള്‍ ശ്രദ്ധയോടെ കേള്‍ക്കുന്ന സൈമണ്‍ ബ്രിട്ടോ

അവര്‍ എല്ലാവരും എങ്ങോട്ടൊക്കെയോ പോയി. മഹാരാജാസില്‍ പഠിക്കാത്തവരും അവിടത്തെ കോറിഡോറുകളില്‍ ഒതുങ്ങി പതുങ്ങിയിരുന്നവരും ആ വഴിയേ പോയവരും മഹാരാജാസിന്റെ ഉടമകള്‍ ആകുന്ന കാലമാണിപ്പോള്‍. അവരും ഉടമസ്ഥന്മാരായിക്കോട്ടെ. മഹാരാജാസിന്റെ സംവാദ മണ്ഡലങ്ങളില്‍ ജ്വലിച്ചവരും ഭയപ്പെടുത്തലുകളേയും അതിക്രമങ്ങളേയും നേരിട്ടവരുടെ ശബ്ദം കാതടപ്പിക്കുന്ന പുതിയ ചിലമ്പിച്ച ശബ്ദഘോഷങ്ങളില്‍പ്പെട്ട് നേര്‍ത്ത് ഇല്ലാതായിപ്പോയി. എന്തെല്ലാം സഹിച്ചവര്‍. എന്നാല്‍, ബ്രിട്ടോയുടെ സമരജീവിതം മഹാരാജാസുമായി ഇഴുകിപ്പരന്നാണ് കിടന്നിരുന്നത്, അന്നു മുതല്‍ അന്ത്യംവരേയും. ബ്രിട്ടോയെ മഹാരാജാസ് എപ്പോഴും വിളിച്ചുകൊണ്ടേയിരിക്കും. അതായിരുന്നു അഭിമന്യു വരെയുള്ളവരുമായി ബ്രിട്ടോയ്ക്കുണ്ടായിരുന്ന സഹവാസത്തിനും ഇഴയടുപ്പത്തിനും കാരണം. ഞാന്‍ പഠിക്കാന്‍ ചെല്ലുമ്പോള്‍ മഹാരാജാസില്‍ കെ.എസ്.യുവിന്റെ വാഴ്ചക്കാലമായിരുന്നു. അന്നത്തെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് കൗണ്‍സിലറായി പിന്നീട് കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ ആയും ഉള്ള എന്റെ വിജയത്തിന് പിറകില്‍ ബ്രിട്ടോ ഉണ്ടായിരുന്നു. അക്കാലത്ത് എറണാകുളത്തു നടന്ന ജനനിബിഡമായ സര്‍വ്വകലാശാല യുവജനോത്സവം അതില്‍ ആപാദം മുഴുകി ബ്രിട്ടോ. യുവജനോത്സവത്തില്‍ മത്സരിക്കാന്‍ എത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ എസ്.എഫ്.ഐ നേതാവ് സി.വി. ജോസ് തിരികെ കോളേജില്‍ ചെന്നതേ ഉണ്ടായിരുന്നുള്ളൂ. അവിടെവെച്ച് എതിരാളികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. ബ്രിട്ടോയാണ് ആ വിവരം എന്നോട് പറയുന്നത്. അന്നത്തെ അവന്റെ മുഖഭാവം, ഭാവപ്പകര്‍ച്ച, വിമ്മിഷ്ടം രാത്രി ഞങ്ങള്‍ പത്തനംതിട്ടയ്ക്കു പോയി. അധികം വൈകാതെ ബ്രിട്ടോയും ആ വഴിയേ. 84-ാം നമ്പര്‍ മുറിയിലെ വളരെ വൈകിയുള്ള കിടപ്പ് ഹോസ്റ്റലിനു മുകളിലെ ടാങ്കിനുള്ളില്‍നിന്നും വെള്ളം കോരിയുള്ള കൂട്ടക്കുളി, അതിനു മുന്‍പ് എണ്ണയ്ക്കുവേണ്ടിയുള്ള മുറിതോറും ബ്രിട്ടോയുടെ അന്വേഷണം, ബ്രിട്ടോയുടെ ഭാഷയില്‍ പറഞ്ഞാല്‍ എണ്ണ തപ്പല്‍.

അന്നത്തെ ബ്രിട്ടോ വീല്‍ച്ചെയറില്‍ ഇരുന്ന് നമ്മള്‍ കണ്ട ആളല്ല. ആരോഗ്യ ദൃഢഗാത്രന്‍. നീണ്ട മുടി, ആറടിയോളം പൊക്കം, വെളുത്തു ചുമന്ന്, അന്നേ ജീന്‍സും ഇന്‍സെര്‍ട്ട് ചെയ്ത ഷര്‍ട്ടും ഇട്ട് കയ്യില്‍ പുസ്തകം, സിദ്ധാന്തങ്ങള്‍; ആകെ ഒരു നെടുവിരിയന്‍ ഉത്തമപുരുഷന്‍. പിന്നീട് കൊതിപ്പിക്കുന്ന ആ ശരീരത്തിന് വന്നുപിണഞ്ഞ ദുര്യോഗം.
അക്കാലത്ത് ഞങ്ങളുടെ കയ്യില്‍ പൈസയില്ല. തീരെ പൈസ ഇല്ലാതെ വരുമ്പോള്‍ ഞങ്ങള്‍ രണ്ടാളും എന്റെ വീട്ടിലേക്കോ ബ്രിട്ടോയുടെ വീട്ടിലേക്കോ പോകും. പുഴയിലെ കുളി തേവാരം, ബ്രിട്ടോയുടെ വീട്ടില്‍ മമ്മിയുടെ സല്‍ക്കാരം. ഇന്നലെ ഞാന്‍ മമ്മിയെ കണ്ടു. മകന്റെ വേര്‍പാടില്‍ എന്റെ കൈപിടിച്ച് പഴയതെല്ലാം എണ്ണിപ്പെറുക്കി മുളചീന്തുന്ന ശബ്ദത്തില്‍ കരഞ്ഞുകൊണ്ടേയിരുന്നു. മകനുമായുള്ള ഒടുവിലത്തെ കാഴ്ച, അവസാനത്തെ പ്രാതല്‍ എല്ലാം ഓര്‍ത്തെടുത്തു പറഞ്ഞു.

നഗരത്തില്‍ ഒരു പൈസയും ഇല്ലാതെ വരുമ്പോള്‍ മഹാരാജാസ് യൂണിറ്റ് കമ്മിറ്റിയാണ് അക്ഷയഖനി. പിന്നെ അദ്ധ്യാപകരായ സി.ആര്‍. ഓമനക്കുട്ടന്‍ സാര്‍, സുഗതന്‍ സാര്‍, രത്‌നം ടീച്ചര്‍, സുഷമ്മ ടിച്ചര്‍ ഇവരോടൊക്കെ കൈനീട്ടും, തരും. അതിനിടയില്‍ ബ്രിട്ടോ കലൂര്‍ എവിടെയോ ട്യൂഷന്‍ പഠിപ്പിക്കാന്‍ പോയി, ഉദ്ദേശ്യം ചെലവ് കാശ്. 
എപ്പോഴും പറയുന്ന ബ്രിട്ടോയുടെ ബീഹാറിലെ ജീവിതം ഒരിക്കല്‍ ഞങ്ങള്‍ രണ്ടാളും ബീഹാറിലേക്ക് പോയി. ആ പഴയ കോളേജിലേക്കും ഉള്‍പ്രദേശങ്ങളിലേക്കും സഞ്ചരിച്ചു പോകുക തന്നെ ചെയ്തു. റിസര്‍വ്വേഷന്‍ ഇല്ലാതെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ തിരക്കിനിടയില്‍ തീവണ്ടിയിലെ രണ്ട് ബാത്‌റൂമുകള്‍ക്കിടയില്‍ ഇടുങ്ങിയ സ്ഥലത്ത് സഹികെട്ട് കിടന്നുറങ്ങിയിട്ടുണ്ട്. ഇതിനിടയില്‍ വായന, സിനിമ, സര്‍വ്വകലാശാല ചലച്ചിത്ര ക്യാമ്പില്‍ പഠനം. ചിറ്റൂരുള്ള ഫിലിം സൊസൈറ്റിക്കാരുടെ സിനിമ കാണാന്‍ പോക്ക്. പലപ്പോഴും എന്നെയും കൂട്ടും. ഞാന്‍ ഓര്‍ക്കുകയാണ് ബ്രിട്ടോയെത്തന്നെ  നായകനാക്കി സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിന്റെ പശ്ചാത്തലമാക്കി ജനയുഗം നോവല്‍പതിപ്പില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അത് എഴുതിയ ആളുടെ പേര് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഞങ്ങള്‍ ഒരുമിച്ചിരുന്ന് ആ നോവല്‍ വായിച്ചു. ബ്രിട്ടോ വളരെക്കാലം  പൊന്നുപോലെ ആ പുസ്തകം സൂക്ഷിച്ചിരുന്നു. അക്കാലത്തെ നിരന്തരമായ രാഷ്ട്രീയ ചര്‍ച്ചകള്‍, വരും വരുമെന്നുള്ള പ്രതീക്ഷ വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍, 1990-കളിലെ സോഷ്യലിസ്റ്റ് തിരിച്ചടി ബ്രിട്ടോയില്‍ ഉണ്ടാക്കിയ മനഃസംഘര്‍ഷം വഴികാട്ടുമെന്നു കരുതിയ നക്ഷത്രങ്ങള്‍ വീണടിയുന്നതു കണ്ടപ്പോഴുണ്ടായ മനോവ്യാഥി- ഞങ്ങള്‍ പരസ്പരം എത്രയോ കാലം പങ്കുവെച്ചു. വല്ലാത്ത ആത്മവിശ്വാസത്തിന്റെ ഉടമയായിരുന്നു ബ്രിട്ടോ. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍. പാര്‍ട്ടി മതംപോലെയായിരുന്നു, ജനിച്ചപ്പോഴേ കൂടെ ഉണ്ടായിരുന്നതുപോലെ.

അഭിമന്യുവിന്റെ മൃതദേഹം മഹാരാജാസ് കോളജില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അന്ത്യാഭിവാദ്യം നല്‍കാനെത്തിയ സൈമണ്‍ ബ്രിട്ടോ
അഭിമന്യുവിന്റെ മൃതദേഹം മഹാരാജാസ് കോളജില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അന്ത്യാഭിവാദ്യം നല്‍കാനെത്തിയ സൈമണ്‍ ബ്രിട്ടോ

കോളേജ് ജീവിതത്തിന്റെ വര്‍ണ്ണാഭമായ തിളക്കങ്ങള്‍. കാല്പനികതയുടെ അതിസാന്ദ്രമായ പ്രതീകങ്ങള്‍. രാഗത്തിന്റേയും ഇഷ്ടത്തിന്റേയും ആര്‍ദ്രമായ കൊച്ചുനിമിഷങ്ങള്‍. വേര്‍പിരിയലിന്റെ തിക്ക്മുട്ടലുകള്‍. അതുണ്ടാക്കിയ ക്ഷണികവും ചിലപ്പോഴൊക്കെ നീണ്ടതുമായ മനോവ്യാധി- എല്ലാം കലര്‍ന്നതായിരുന്നു ബ്രിട്ടോയുടെ ജീവിതം. അതിനിടയിലേക്കാണ് ആ കഠാരമുന നീണ്ടുവന്നത്. ആ സംഭവത്തിന് മൂന്ന് നാല് ദിവസം മുന്‍പേ മഹാരാജാസില്‍ സംഘര്‍ഷം ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. അപ്പോഴൊന്നും ഞങ്ങള്‍ അവിടെ ഇല്ല. ബ്രിട്ടോ ലോ കോളേജില്‍ റിസള്‍ട്ട് അറിഞ്ഞ സന്തോഷത്തില്‍. ആ സംഭവദിവസം തലേന്ന് ഞങ്ങള്‍ നഗരത്തിലൂടെ നടന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി. എനിക്ക് സ്റ്റുഡന്റ് മാസികയുടെ കാര്യത്തിനായി കോഴിക്കോട്ടേയ്ക്ക് പോകേണ്ടതുണ്ടായിരുന്നു. നഗരം ചുറ്റി നടന്നാണ് ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്. അല്ല, ബ്രിട്ടോ എന്നെ വണ്ടി കയറ്റിവിടാന്‍ വന്നു. പിരിയാന്‍ നേരം മഹാരാജാസ് കോളേജിലെ കാര്യം പറഞ്ഞു. ഒടുവില്‍ എന്നോട് നീ സൂക്ഷിക്കണമെന്നു പറഞ്ഞു. തിരിച്ചു ഞാനും. പിറ്റേ ദിവസം വൈകുന്നേരം ദേശാഭിമാനിയില്‍നിന്ന് എന്‍.പി. ചന്ദ്രശേഖരന്റെ വിളി: ''ബ്രിട്ടോയ്ക്ക് കുത്തേറ്റു.'' പിന്നീടുള്ളത് സമകാല ചരിത്രം.

ബ്രിട്ടോയുടെ ധൈര്യം. ഏതു പീഡനങ്ങളേയും നേരിടുന്നതിനുള്ള കരളുറപ്പ്, കൃത്യനിഷ്ഠ, ആത്മവിശ്വാസം അതൊക്കെ ചരിത്രത്തിന്റെ ഭാഗം. ബ്രിട്ടോ ഒരു മാസം മുന്‍പും വീട്ടിലേക്ക് വന്നിരുന്നു. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് വൈക്കം റ്റി.ബിയില്‍ മുറിയെടുത്ത് പഴയ വിദ്യാര്‍ത്ഥിക്കാലം പുസ്തകമാക്കാന്‍ ഉദ്ദേശിച്ചിരുന്നു. അതിന്റെ തീയതിയും കുറിച്ചിരുന്നു.

അഭിമന്യുവിന്റെ കൊലപാതകം, ബ്രിട്ടോയുടെ ഇടപെടല്‍ അതിനുശേഷം കണ്ടപ്പോള്‍ തീവ്രവാദികള്‍ അവനേയും നോട്ടമിടുന്നുണ്ടോ എന്ന ശങ്ക. ''പഴയ ധൈര്യം എനിക്കില്ലെടാ'' എന്ന ആത്മഗതം.
ബ്രിട്ടോയുടെ എഴുത്തുവഴി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ശരവര്‍ഷം പോലെയായിരുന്നു. ഓരോ രചനയ്ക്ക് മുന്‍പും എന്നെ വിളിക്കും. നീണ്ട ചര്‍ച്ചകള്‍, സംശയങ്ങള്‍. എല്ലാ നോവലുകളും ആദ്യം എനിക്ക് തരും, കുറിപ്പെഴുതി. മഞ്ഞ് പെയ്യുന്ന ചരിത്രാങ്കം വരെ. ബ്രിട്ടോ നടത്തിയ നീണ്ടയാത്ര, എന്നുമുള്ള വിളി അന്നന്നത്തെ യാത്രാവിവരണം. ഒരു ദിവസം വെളുപ്പാന്‍ കാലത്ത് അപ്രതീക്ഷിത വിളി, വിതുമ്പിക്കൊണ്ട് ഡാഡിയുടെ മരണവിവരം എന്നോട് പറഞ്ഞു. അപ്പോള്‍ ബ്രിട്ടോ ബംഗാളിലെ 24 പര്‍ഗാന ജില്ലയിലെ ഉള്‍പ്രദേശത്തായിരുന്നു. ഇത്രയും കൂടി പറഞ്ഞു: ഇന്നലെ രാത്രി ഞാന്‍ ഉറങ്ങിയില്ല. എന്തൊക്കെയോ സ്വപ്നങ്ങള്‍, അപ്പോളായിരിക്കും ഡാഡിയുടെ മരണം നടന്നിരിക്കുന്നത്. അവന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. ഞാന്‍ പറഞ്ഞു: സാരമില്ല, ഞാന്‍ പോകുന്നുണ്ട്. നീ പതുക്കെ വന്നാല്‍ മതി. ബ്രിട്ടോയുടെ എഴുത്തുലോകം അനുഭവിച്ചതായി അറിയലിന്റേതല്ല, അനുഭവിച്ച് അറിയലിന്റേതായിരുന്നു. അതിനുവേണ്ടിയുള്ള അലച്ചില്‍; പരിമിതികളെ മാനിക്കാതെയുള്ള യാത്രകള്‍. സൗഹൃദ വലയത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കല്‍. അതിചിന്തകള്‍, പിടച്ചിലുകള്‍, കാഴ്ചപ്പാടുകള്‍.

ബ്രിട്ടോയുടെ സഹനത്തിന്റേയും അതിജീവനത്തിന്റേയും വിജയം ഓര്‍ക്കുമ്പോള്‍ എന്തിന് ഇത്രവേഗം മരണം വന്ന് എന്റെ പ്രിയ സ്‌നേഹിതനെ കൂട്ടിക്കൊണ്ടുപോയി. ഇനിയും ഇനിയും എത്രയോ ദൂരം സഞ്ചരിക്കാനുണ്ടായിരുന്നു. ബ്രിട്ടോ ഒരു രഹസ്യം അല്ല. അതൊരു പരസ്യജീവിതത്തിന്റെ തെളിഞ്ഞ മുദ്രയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com