ഇരുട്ടു പിഴിഞ്ഞു പിഴിഞ്ഞ്‌ ഇത്തിരി വെളിച്ചം: പ്രളയം തകര്‍ത്തയിടത്ത് നിന്ന് പിടിച്ചുകയറുമ്പോള്‍, സേതു എഴുതുന്നു

ഇരുട്ട് പിഴിഞ്ഞു പിഴിഞ്ഞു കിട്ടുന്ന ഇത്തിരി വെളിച്ചത്തിന് എന്തൊരു വെളിച്ചം, കൂരിരുട്ടാകുമ്പോള്‍ പ്രത്യേകിച്ചും!
ഇരുട്ടു പിഴിഞ്ഞു പിഴിഞ്ഞ്‌ ഇത്തിരി വെളിച്ചം: പ്രളയം തകര്‍ത്തയിടത്ത് നിന്ന് പിടിച്ചുകയറുമ്പോള്‍, സേതു എഴുതുന്നു

രുട്ട് പിഴിഞ്ഞു പിഴിഞ്ഞു കിട്ടുന്ന ഇത്തിരി വെളിച്ചത്തിന് എന്തൊരു വെളിച്ചം, കൂരിരുട്ടാകുമ്പോള്‍ പ്രത്യേകിച്ചും!
ഈയിടെ ചിറവക്കാട് എന്നൊരു കൊച്ചു ഗ്രാമത്തില്‍ നടന്ന 'ദുരിതമുഖത്തെ കാവല്‍ഭടന്മാരെ' ആദരിക്കുന്ന ചടങ്ങില്‍ വച്ച് ജൈസല്‍ താനൂര്‍ എന്ന മത്സ്യത്തൊഴിലാളിയെ പരിചയപ്പെടാനിടയായി. ആ സാധാരണ തൊഴിലാളിക്ക് ചുറ്റുമായി ഒരു സിനിമാതാരത്തെയെന്ന പോലെ ആരാധിക്കാന്‍ ആളുകള്‍ കൂടിയപ്പോള്‍ (അക്കൂട്ടത്തില്‍ ചില അറിയപ്പെടുന്ന സിനിമാതാരങ്ങളുമുണ്ടായിരുന്നു) തോന്നിയതാണിത്. വല്ലപ്പോഴും കാണാന്‍ കിട്ടുന്ന, ഒരുപക്ഷേ, ഇനിയൊരിക്കലും കിട്ടാനിടയില്ലാത്ത ഒരു അപൂര്‍വ്വ നിമിഷം. കാരണം, ദുരന്തത്തിനു നടുവില്‍ സ്വന്തം മുതുകിനെ ചവിട്ടുപടിയാക്കാന്‍ തോന്നിയല്ലോ ഈ ചെറുപ്പക്കാരന്. അങ്ങനെ മുഖമില്ലാത്ത, ശബ്ദമില്ലാത്ത എത്രയോ ചെറുപ്പക്കാരായ സന്നദ്ധസേവകര്‍.

അന്ന് വേദിയിലിരിക്കുമ്പോള്‍ ഉള്ളില്‍ ഓളംതല്ലിയിരുന്നത് കുറേ പഴയ ഓര്‍മ്മകളായിരുന്നു. നാലു വശത്തും പുഴകളാല്‍ ചുറ്റപ്പെട്ട, ചേന്ദമംഗലമെന്ന ചരിത്രപ്രസിദ്ധമായ ഗ്രാമത്തില്‍ പിറന്ന് വളരുമ്പോള്‍ മലവെള്ളത്തിനായി കാത്തിരുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു. ചെറുതും വലുതുമായ നാല് മലവെള്ളമെങ്കിലും കണ്ട ഓര്‍മ്മയുമുണ്ട്. ഏറ്റവും ഒടുവിലത്തേത് 1961-ലോ മറ്റോ ആയിരുന്നു. വെള്ളം പൊങ്ങുമ്പോള്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ടവരെ മാറ്റിപ്പാര്‍പ്പിക്കാനായി ചില സ്‌കൂളുകള്‍ ക്യാമ്പുകളാക്കേണ്ടിവരാറുണ്ടെങ്കിലും ആര്‍ക്കും ജീവപായമുണ്ടായതായി കേട്ടിട്ടില്ല. നാശനഷ്ടങ്ങളും പൊതുവെ കുറവായിരുന്നു. ശാന്തമായി കയറി, ശാന്തമായി ഇറങ്ങിപ്പോകുന്ന വെള്ളം. മാത്രമല്ല, പിന്നീടുള്ള രണ്ടു മൂന്നു വര്‍ഷങ്ങളില്‍ എക്കലും വണ്ടലുമടിഞ്ഞുകയറിയ പറമ്പുകളിലെ തെങ്ങുകള്‍ വലിയ കായ്ഫലം തന്നിരുന്നു. പക്ഷേ, കുട്ടികളുടെ താല്പര്യം വഞ്ചി കളിക്കാനായിരുന്നു. മിക്ക വീടുകളിലും കളിവഞ്ചികളുണ്ടായിരുന്നു. 

ജനങ്ങള്‍ പൊതുവെ പ്രകൃതിയോട് അത്രയ്ക്ക്  ഇണങ്ങി ജീവിച്ചിരുന്ന കാലം. അതുകൊണ്ടു തന്നെ അന്നത്തെ കാരണവന്മാരുടെ  ചൊല്ലുകളില്‍ 'തൊണ്ണൂറ്റൊന്‍പതിലെ വെള്ളവും' 'നൂറ്റിപ്പതിനാറിലെ കാറ്റും' കടന്നുവരിക സ്വാഭാവികമായിരുന്നു. അവര്‍ പോയ കാലത്തെ അളന്നിട്ടിരുന്നത് പ്രകൃതിയുടെ ഇത്തരം ഭാവപ്പകര്‍ച്ചകളിലൂടെയായിരുന്നു. പക്ഷേ, ഇനിയുള്ള കാലത്ത് 'രണ്ടായിരത്തി പതിനെട്ടിലെ മഹാപ്രളയം' കഴിഞ്ഞുള്ള  വര്‍ഷത്തില്‍ പിറന്ന കുഞ്ഞ് എന്നാരും പറഞ്ഞേക്കില്ല. കാരണം, മിക്കവരും മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു പേടിസ്വപ്നമായിരുന്നു അത്.  ഇപ്പോഴും ഇടയ്ക്ക് പാതിരാത്രിയില്‍ ഉറക്കം ഞെട്ടിയുണര്‍ന്ന് മുകളിലത്തെ മുറിയിലെ ജനാലയില്‍ക്കൂടി മുറ്റത്തേക്ക് നോക്കുമ്പോള്‍ അരണ്ട നിലാവില്‍ വെള്ളം തിരയടിക്കുന്നതുപോലെ തോന്നാറുണ്ട്.  കാതില്‍ വെള്ളം ഇരമ്പുന്ന ശബ്ദവും... കാരണം, മുടിയഴിച്ചിട്ട് അലറിവിളിച്ചു വരുന്ന യക്ഷിയെപ്പോലെയായിരുന്നല്ലോ ഇക്കുറിയത്തെ പ്രളയം. 
നമുക്കൊക്കെ പരിചയമുള്ള മലവെള്ളം ഒരു മഹാപ്രളയമായി മാറിയതെങ്ങനെ? 

തൊണ്ണൂറ്റൊന്‍പതിലെ വെള്ളക്കാലത്ത് അണക്കെട്ട് ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നാണെങ്കില്‍ വെള്ളത്തെ ഉപയോഗിക്കാനും മെരുക്കാനുമായി എത്രയോ അണക്കെട്ടുകള്‍. അണക്കെട്ടുകള്‍ കൂടിയതാണ് ഇന്നത്തെ കുഴപ്പത്തിന് കാരണമെന്ന് ആരും പറയില്ല. പക്ഷേ, പിടിപ്പില്ലാത്തവരുടെ കൈയില്‍ അണക്കെട്ടുകള്‍ മയങ്ങിക്കിടക്കുന്ന ചെകുത്താന്മാരായി മാറിയേക്കാമെന്നു മാത്രം. അതിന്റെ കാരണങ്ങള്‍ തേടിപ്പോകുമ്പോള്‍ ന്യായങ്ങളും മറുന്യായങ്ങളും വ്യാഖ്യാനങ്ങളും നിരവധി. പരസ്പരം വിരല്‍ചൂണ്ടുന്നവര്‍ ഇടയ്ക്ക് ആകാശത്തേക്കും വിരല്‍ നീട്ടുന്നത് കാണാം. മുന്‍പില്ലാത്ത അതിവൃഷ്ടി തന്നെയല്ലേ കാരണം? സുനാമിക്ക് ശേഷമുള്ള മാറ്റങ്ങള്‍, ആഗോളതാപനം, പാരീസ് ഉടമ്പടി etc. etc. പക്ഷേ, ഏതു സാധാരണക്കാരനും മനസ്സിലാവുന്ന, ബന്ധപ്പെട്ടവരില്‍ ചിലരുടെയെങ്കിലും പിടിപ്പുകേട് തന്നെയാണ് നമ്മെ വല്ലാതെ അസ്വസ്ഥരാക്കുന്നതും ഭയപ്പെടുത്തുന്നതും. ഈ നൂറ്റാണ്ടിലെ ഒരേയൊരു ദുരന്തമെന്ന് പറഞ്ഞ് ഒഴിവാകാന്‍ നോക്കുമ്പോള്‍ എതിര്‍ക്കാനുമുണ്ട് കുറേ പരിസ്ഥിതിവാദികള്‍. ഇത്രയുമല്ലെങ്കിലും, ഇനിയും ആവര്‍ത്തിച്ചേക്കാമെന്ന് അവര്‍ മുന്നറിയിപ്പ് തരുമ്പോള്‍ പതിവുപോലെ അവരെ ദോഷൈകദൃക്കുകളായി മാറ്റിനിറുത്താന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, ഇന്നത്തെ മാറിയ ചുറ്റുപാടുകളില്‍ അവരെ വിശ്വസിക്കാനും കാണും കുറേ മുന്‍കാല അവിശ്വാസികള്‍. 

പ്രളയം തകര്‍ത്ത ചേന്ദമംഗലം കൈത്തറി നിര്‍മ്മാണ കേന്ദ്രം വൃത്തിയാക്കുന്നു
പ്രളയം തകര്‍ത്ത ചേന്ദമംഗലം കൈത്തറി നിര്‍മ്മാണ കേന്ദ്രം വൃത്തിയാക്കുന്നു

എന്തായാലും, പ്രളയകാലത്തും പിന്നീടും കേരളമൊന്നാകെ മാറുന്നത് നാം കണ്ടു. കേരളം പിറന്നിട്ട് കാലമേറെയായെങ്കിലും അതിന് ഒരു ഐക്യകേരളമായി മാറാന്‍ അരനൂറ്റാണ്ടെങ്കിലും വേണ്ടിവന്നുവെന്നത് ഒരു അപ്രിയ സത്യം. ശബ്ദമില്ലാത്ത, മുഖമില്ലാത്ത, കൊടിയില്ലാത്ത അസംഖ്യം സന്നദ്ധപ്രവര്‍ത്തകര്‍. നേതാവില്ലാതെയും കൊടിയില്ലാതെയും നമുക്ക് സംഘടിക്കാനാവുമെന്ന് ദുരന്തകാലം തെളിയിച്ചു. ഒരായിരം ജൈസല്‍മാര്‍... കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍ എന്ന കവിവാക്യം അന്വര്‍ത്ഥമാക്കുന്ന വിധം ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും നീണ്ടുവരുന്ന കൈത്താങ്ങുകള്‍... പ്രളയത്തിന്റെ ഇരുട്ടിലൂടെ തെളിഞ്ഞുവന്നത് വെളിച്ചത്തിന്റെ ഒരു മഹാപ്രളയം.

പ്രളയം നാശം വിതച്ച ഞങ്ങളുടെ നാട്ടില്‍ വഞ്ചിക്ക് പുറമെ വലിയ ചെമ്പു കുട്ടകത്തില്‍ വരെ വൃദ്ധരെ കയറിയിരുത്തി, വടം കെട്ടി വലിച്ചു, ലോറിയില്‍ പിടിച്ചുകയറ്റി, സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചിരുന്നത് യാതൊരു മുന്‍പരിചയവുമില്ലാത്ത സാധാരണക്കാരായ ചെറുപ്പക്കാരായിരുന്നു. വൈദ്യുതി കൂടി പിണങ്ങിനിന്ന കാലത്ത്, രാപ്പകല്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത് അധികവും ഇത്തിരി വെട്ടത്തിലായിരുന്നു. കൊടികളുടെ ചുവടെ കുഞ്ഞാടുകളായി നില്‍ക്കാത്ത ചെറുപ്പക്കാരെ അരാഷ്ട്രീയ വാദികളും സാമൂഹ്യബോധമില്ലാത്ത അലസരുമെന്നു മുദ്രകുത്തിയിരുന്നവര്‍ക്ക് നാവടക്കേണ്ടിവന്ന കാലം. സര്‍ക്കാര്‍ ഏജന്‍സികളും സൈന്യവുമെല്ലാം ആവുന്നത്ര പണിപ്പെട്ടെങ്കിലും നാടിനെ നടുക്കിയ ഇത്തരമൊരു മഹാദുരന്തത്തെ നേരിടാന്‍  അവര്‍ക്ക് പരിമിതികളുണ്ടെന്നും അപ്പോഴെല്ലാം അസംഘടിതമായ ജനത്തിന്  ഉണരാതെ വയ്യെന്നും തെളിയിക്കപ്പെട്ടു. 

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ദുരന്തനിവാരണ ഏജന്‍സികള്‍ അണക്കെട്ടുകളില്‍ കണ്ണുംനട്ടിരുന്നപ്പോള്‍, കേരളമാകെ കെട്ടിവരിഞ്ഞുനിന്നിരുന്ന ഞരമ്പുകളായ അസംഖ്യം തോടുകളെ മറന്നു. ഉള്‍നാടുകള്‍ ഒരുകാലത്ത് പോക്കുവരവിനും ചരക്കുനീക്കങ്ങള്‍ക്കും ആശ്രയിച്ചിരുന്നത് ഈ തോടുകളെയായിരുന്നു. അവയില്‍ പലതും ഇരുവശങ്ങളിലുമുള്ള കൈയേറ്റങ്ങളിലൂടെ മെലിഞ്ഞുപോയെങ്കിലും ഇത്തരം വിനാശകാലത്ത് അവയുടെ പ്രഹരശക്തി വലുതായിരുന്നു. പെരിയാറിന്റെ നൂറ് മീറ്റര്‍ വരെയുള്ളവര്‍ ശ്രദ്ധിക്കണമെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ തുടര്‍ച്ചയായി മുന്നറിയിപ്പു കൊടുത്തിരുന്നപ്പോള്‍ ഈ തോടുകളിലൂടെ വെള്ളം നിര്‍ബാധമായി കടന്നുപോയത് അസംഖ്യം കിലോമീറ്ററുകള്‍. പാടങ്ങളും പുതിയ കൈവഴികളായി.

പിറന്നുവളര്‍ന്ന നാടും പിന്നീട് കുടിയേറിയ നാടും ഒരുപോലെ നാശനഷ്ടങ്ങള്‍ക്കു വിധേയമായ ദുരനുഭവമാണെനിക്ക്. ചേന്ദമംഗലത്തിന്റെ നാശനഷ്ടങ്ങള്‍ ഇതിനകം ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. പ്രത്യേകിച്ചും നാടിന്റെ അഭിമാനമായ, നിരവധി കുടുംബങ്ങളുടെ ജീവിതോപായമായ, കൈത്തറി വ്യവസായത്തെപ്പറ്റി പറയാതെ വയ്യ. അത്രയ്ക്ക് പേരുകേട്ടതാണ് ചേന്ദമംഗലത്തെ കൈത്തറി മുണ്ടുകള്‍. ആ കൈത്തറികളുടെ താളം കേട്ടാണ് ഞാന്‍ വളര്‍ന്നത്. സംഘടിത തൊഴില്‍ശാലകള്‍ക്കപ്പുറമായി നാലു ചുറ്റുമുള്ള വീടുകളിലും തറികളുണ്ടായിരുന്നു; ഒന്നോ രണ്ടോ തറികള്‍. വരുമാനം കുറവായതുകൊണ്ടു പുരുഷന്മാര്‍ മുന്‍പേ ഈ തൊഴിലില്‍നിന്ന് മാറിയിരുന്നു. അതുകൊണ്ടു സ്ത്രീകളായിരുന്നു നെയ്തുകൊണ്ടിരുന്നത്. നൂല് ചുറ്റാനും പാവ് ഉണക്കാനുമായി വയസ്സായവരും കുട്ടികളുമൊക്കെ ഒപ്പം കൂടും. അങ്ങനെ ഒരു മുഴുവന്‍ കുടുംബത്തിന്റെ വിയര്‍പ്പായിരുന്നു നമ്മള്‍ ഉടുത്തിരുന്ന മുണ്ട്.
രാവിലെ തന്നെ തുടങ്ങും ഈ തറികള്‍ ശബ്ദിക്കാന്‍. ഈ പ്രളയകാലത്ത് ഈ തറികളെല്ലാം ഒറ്റയടിക്ക് നശിച്ചുപോയപ്പോള്‍ നാടിന്റെ നട്ടെല്ലാണ് ഒടിഞ്ഞുപോയത്. കൊടിയ ദുരിതത്തിലേക്ക് വീണുപോയതോ തൊഴില്‍രഹിതരായ അനേകം കുടുംബങ്ങളും. നശിച്ചുപോയ തറികള്‍ക്ക് പുറമെ ഓണക്കാലത്തേക്കായി ഒരുക്കിവച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ തുണികളും ചെളികയറി ചീത്തയായപ്പോള്‍ എന്നും അവരുടെ കൈത്താങ്ങായി നിന്നിരുന്ന സൊസൈറ്റികളും തളര്‍ന്നുപോയി.  അന്നന്ന് നെയ്തുതീര്‍ക്കുന്ന വസ്ത്രങ്ങള്‍ വൈകിട്ട് ഈ സൊസൈറ്റികളിലെത്തിച്ചു അതില്‍നിന്നു കിട്ടുന്ന വരുമാനത്തിലൂടെയാണ് ഈ തൊഴിലാളി സ്ത്രീകള്‍ ജീവിച്ചിരുന്നത്... ഈ അവസ്ഥയെപ്പറ്റി കേട്ടറിഞ്ഞ് കുറേ നല്ലവര്‍ രംഗത്തെത്തിയതോടെയാണ് വിസ്മയകരമായി അവര്‍ക്ക് കരകയറാന്‍ കഴിഞ്ഞത്. സിനിമാ സംവിധായകന്‍ രാജീവ് രവിയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണിമാ ഇന്ദ്രജിത്തിനെപ്പോലെ മറ്റു പലരും പലവിധ സഹായങ്ങളുമായെത്തി. ലക്ഷക്കണക്കിനു രൂപയുടെ തുണികള്‍ വെടിപ്പാക്കി ഫാഷന്‍ വസ്ത്രങ്ങളാക്കി മാറ്റിയത് ശാലിനി ജെയിംസെന്ന (മന്ത്ര) ഫാഷന്‍ ഡിസൈനറായിരുന്നു. ചേന്ദമംഗലത്തിന്റെ പശ്ചാത്തലത്തിലുള്ള എന്റെ 'മറുപിറവി' എന്ന നോവല്‍ വായിച്ചിട്ടുള്ള അവര്‍ അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈ വസ്ത്രങ്ങള്‍ക്ക് മറുപിറവി എന്നുതന്നെയാണ് പേരു കൊടുത്തത് - നൂറ്റാണ്ടിന്റെ പഴക്കമുള്ള ഒരു പരമ്പരാഗത വ്യവസായത്തിന്റെ, ഒരു ദേശത്തിന്റെ തന്നെ മറുപിറവിയായിരുന്നു ഫലത്തില്‍ അത്. അതില്‍നിന്നു കിട്ടിയ വരുമാനം കൊണ്ട് ആ സൊസൈറ്റി നടത്തുന്ന ഒട്ടേറെ തറികളുള്ള ഷെഡ് വീണ്ടും ശബ്ദിക്കാന്‍ തുടങ്ങി.

അതുപോലെതന്നെ സാമൂഹ്യപ്രവര്‍ത്തകരായ ലക്ഷ്മി മേനോനും  ഗോപിനാഥ് പാറയിലും കൂടി രൂപം കൊടുത്ത 'ചേക്കുട്ടിപ്പാവകളും' ജനപ്രീതി നേടിയത് പെട്ടെന്നായിരുന്നു. ചെളി കയറിയ തുണികള്‍ കഴുകി വെടിപ്പാക്കി അതില്‍നിന്ന് കുട്ടിപ്പാവകളെ ഉണ്ടാക്കുകയായിരുന്നു അവര്‍ ചെയ്തത്. ഇന്നിത് പലയിടങ്ങളിലും സന്നദ്ധസംഘങ്ങളും  ഉണ്ടാക്കുന്നുണ്ടെങ്കിലും  ഒരു പൊതു ഏജന്‍സിയിലൂടെ 'ഓണ്‍ലൈനായി' വിറ്റു കിട്ടുന്ന ലക്ഷക്കണക്കിനുള്ള വരുമാനം മറ്റൊരു സൊസൈറ്റിയുടെ രക്ഷയ്‌ക്കെത്തി. ഇതിനിടയില്‍ ചേക്കുട്ടികള്‍ ബാര്‍ബിയെപ്പോലെ ലോകമെമ്പാടും എത്തിക്കഴിഞ്ഞിരിക്കുന്നു. ഈയിടെ അമേരിക്കയിലെ ഒരു സുഹൃത്ത് അയച്ചുതന്ന ചിത്രത്തില്‍ അവരുടെ ക്രിസ്തുമസ് മരത്തില്‍ തൂങ്ങിക്കിടന്നിരുന്നത് ചേക്കുട്ടികളായിരുന്നു. (ചേക്കുട്ടിപ്പാവകളെപ്പറ്റി ഞാന്‍ എഴുതിയ ബാലസാഹിത്യകൃതി അടുത്തു തന്നെ ഡി.സി. ബുക്ക്‌സ് പുറത്തിറക്കുന്നു.) പ്രളയം നശിപ്പിച്ച രണ്ട് സ്‌കൂളുകള്‍ ഡല്‍ഹിയിലെ എ.പി. ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള 'ദീപാലയ' എന്ന സംഘടന ആധുനിക രീതിയില്‍ നവീകരിച്ചത് മുപ്പത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ്.  
ഈ ഘട്ടത്തില്‍ പലതും ഓര്‍ത്തുപോകുകയാണ്... മുന്നിലുള്ള പാടത്തൂടെ റോഡ് മുറിച്ചുകടന്ന് എന്റെ മുറ്റത്തേക്ക് ഇരച്ചുകയറിയ വെള്ളം ഇറയം വരെയെത്തുന്ന ഇരമ്പം കേട്ടു നന്നെ വെളുപ്പിന് ഞെട്ടിയുണര്‍ന്ന്, ഒഴിവുകാലം ആസ്വദിക്കാനായി വിദേശത്തുനിന്നു വന്ന രണ്ടു പേരക്കുട്ടികളേയും കൊണ്ട് അരയോളം വെള്ളത്തില്‍ രക്ഷപ്പെടുകയായിരുന്നു ഞങ്ങള്‍. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒരു തുള്ളി വെള്ളം പോലുമില്ലായിരുന്നു മുറ്റത്ത്. മുകളിലെ നിലയിലേക്ക് കേറാന്‍ തോന്നാതിരുന്നത് ഭാഗ്യം. പിന്നീട് വീട്ടിനകത്ത് അഞ്ചരയടിയോളം വെള്ളം കയറിയെങ്കില്‍, മുറ്റത്ത് ഒരാള്‍പ്പൊക്കം വെള്ളമുണ്ടായിരുന്നു. 

നാലഞ്ചു ദിവസം കഴിഞ്ഞു, വെള്ളം ഇറങ്ങിപ്പോയ ശേഷം മടങ്ങിവന്ന ഞങ്ങള്‍ ഏറെ നേരം തരിച്ചിരുന്നുപോയി. ഓര്‍ക്കാപ്പുറത്ത് കയറിയിറങ്ങിയ വെള്ളം ബാക്കിവച്ച അവശിഷ്ടങ്ങളെല്ലാം ചിതറിക്കിടക്കുന്നത് ജനാലപ്പാളികള്‍ വേര്‍പെടുത്തിയപ്പോള്‍ കാണാനായി. പൊളിഞ്ഞു വീണ പുസ്തക ഷെല്‍ഫുകള്‍, കനത്ത ചെളിയില്‍ ഒഴുകിനടക്കുന്ന പുസ്തകങ്ങള്‍, ഷോക്കേസിലെ, ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുമായി പാടുപെട്ട് ശേഖരിച്ച കൗതുകവസ്തുക്കള്‍... പിന്നെ കേടായ കുറേ ഉപകരണങ്ങള്‍, ചെളി കെട്ടിയ ഫര്‍ണീച്ചറുകള്‍, കമിഴ്ന്നടിച്ചു കിടക്കുന്ന ഫ്രിഡ്ജ്...

അകത്ത് കയറാനാവില്ല. ചെളിയില്‍ തെന്നിവീഴും. പാമ്പുകളും മറ്റു വിഷജീവികളും കണ്ടേക്കാം. വീട് വൃത്തിയാക്കാനായി ദിവസങ്ങളോളം പണിക്കാരെ കിട്ടാന്‍ സാദ്ധ്യതയില്ല. ദിവസങ്ങളായി എങ്ങും വൈദ്യുതിയില്ല. സമീപത്തുള്ള മിക്ക വീടുകളിലേയും സ്ഥിതി സമാനമാണ്. കര്‍ഷകത്തൊഴിലാളികള്‍ പാര്‍ക്കുന്ന പ്രദേശത്ത് വീടുകള്‍ തകര്‍ന്നവരും കുറേ ഭാഗങ്ങള്‍ പൊളിഞ്ഞുപോയവരും നിരവധി. അപ്പോള്‍ വലിയൊരു കൈത്താങ്ങായി വന്നത് മലപ്പുറം കൊണ്ടോട്ടിയില്‍നിന്നു വന്ന ചെറുപ്പക്കാരുടെ ഒരു സന്നദ്ധസംഘമായിരുന്നു. കൈയിലുള്ള ജനറേറ്റര്‍, പമ്പ്‌സെറ്റ് എന്നിവയടങ്ങുന്ന ഉപകരണങ്ങള്‍കൊണ്ട് ഒരു ദിവസത്തിനുള്ളില്‍ വീടിനകത്തുള്ള ചെളി മുഴുവന്‍ അവര്‍ വൃത്തിയാക്കിത്തന്നു. ഇതേ മുസ്ലിം ചെറുപ്പക്കാരുടെ സംഘമാണ് ഇവിടത്തെ പുരാണപ്രസിദ്ധമായ നരസിംഹസ്വാമി ക്ഷേത്രവും വെടിപ്പാക്കിക്കൊടുത്തത്. അതുകഴിഞ്ഞ് അന്നു രാത്രി അവര്‍ അന്തിയുറങ്ങിയത് വരാപ്പുഴയ്ക്കടുത്തുള്ള ഒരു ക്രിസ്ത്യന്‍പള്ളിയുടെ ഹാളിലായിരുന്നു. ദുരന്തമുഖത്ത് എന്തു മതം, എന്തു ജാതി? സമൂഹം കെട്ടിപ്പൊക്കിയ എത്രയോ മതിലുകളാണ് അക്കാലത്ത് പൊളിഞ്ഞുവീണത്? ഐക്യകേരളമെന്ന മഹത്തായ സ്വപ്നം സാര്‍ത്ഥകമായ ഒരേയൊരു അവസരം. 

എന്നിട്ടോ? ഇതൊക്കെ മാറിമറിയാന്‍ നാളുകള്‍ അധികം വേണ്ടിവന്നില്ല. യാതൊരു കോടതി വിധിയുടേയും പിന്‍ബലമില്ലാതെ വനിതകളെ കയറ്റിവിടേണ്ട ശബരിമലയില്‍ ഇപ്പോള്‍ വലിയൊരു പൊലീസ് സന്നാഹമുണ്ട്. ട്രാന്‍സ്‌ജെന്‍ഡറുകളെപ്പോലും തടയുന്നു. നീട്ടിക്കൊണ്ടു പോകേണ്ടിവരുന്ന നിരോധനാജ്ഞ. പൊലീസ് അയ്യപ്പന്മാര്‍ക്ക് പകരം സാക്ഷാല്‍ പൊലീസ് തന്നെ. വാവരെ വാവര് സ്വാമിയാക്കി ആരാധിക്കുന്ന ശബരിമലയില്‍ അഹിന്ദുക്കള്‍ പ്രവേശിക്കരുതെന്ന് വാദിക്കാനും ആളുകളുണ്ട്. ഒരു വശത്ത് നവോത്ഥാനത്തിനായി മതില്‍ ഉയരുമ്പോള്‍ മറുവശത്ത് തെളിയുന്നത് അയ്യപ്പജ്യോതി.  ബന്ധപ്പെട്ടവരുടെ ചെറിയ വീഴ്ചപോലും മുതലെടുക്കാനായി കാത്തുനില്‍ക്കുകയാണ് രാഷ്ട്രീയക്കാര്‍. ആരും മോശക്കാരല്ലെന്നു മാത്രം. ഏതു വഴിക്കെങ്കിലും പത്ത് വോട്ട് പെട്ടിയില്‍ വീഴ്ത്താനുള്ള പാട് അവര്‍ക്കേ അറിയൂ. 

എന്തായാലും, എവിടുന്നോ വീണുകിട്ടിയ ഇത്തിരി വെളിച്ചം ചതച്ചരച്ച് നാരുകള്‍ കീറിയെടുത്ത് ഇരുട്ടിന്റെ മറകള്‍ നെയ്തു തൂക്കിയിടാന്‍ എന്തു വ്യഗ്രതയാണ് എല്ലാവര്‍ക്കും. ദുരന്തമൊഴിഞ്ഞപ്പോള്‍ വീണ്ടും കൊടികളും മുദ്രാവാക്യങ്ങളും ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. പ്രാര്‍ത്ഥനകള്‍ കൂടി മുദ്രാവാക്യങ്ങളായി മാറുന്നു ദൈവത്തിന്റെ സ്വന്തം നാട്ടില്‍.
മലയാളിക്ക് മനസ്സിലാവുന്ന ഒരേയൊരു ശബ്ദം മുദ്രാവാക്യം മാത്രമാണോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com