ചലനമറ്റുപോയ ജീവിതചിത്രണം: മൃണാള്‍ സെന്നിനെ കുറിച്ച് 

മൃണാള്‍ദായ്ക്ക് നല്ല ചലച്ചിത്രകാരനെന്ന പെരുമ ആദ്യമായി നല്‍കിയത് ഭുവന്‍ഷോം എന്ന ചലച്ചിത്രമായിരുന്നു.
മൃണാള്‍ സെന്‍
മൃണാള്‍ സെന്‍

ന്ത്യന്‍ ചലച്ചിത്രരംഗത്തേയ്ക്ക് ഏറെ ചൂടും വെളിച്ചവും പകര്‍ന്ന ബംഗാളില്‍നിന്നുള്ള മൂന്നു നക്ഷത്രങ്ങള്‍-സത്യജിത് റേ, ഋത്വിക് ഘട്ടക്ക്, മൃണാള്‍ സെന്‍-കലാമൂല്യത്തിലും പ്രതിജ്ഞാബദ്ധതയിലും ജനകീയതയിലും വിശ്വസിച്ചിരുന്നവരായിരുന്നു. ഇവരുടെ സമീപനങ്ങളിലും നിലപാടുകളിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നിരിക്കാം; എങ്കിലും, ഈ മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടാണ് അവര്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിച്ചത്. സമാന്തര സിനിമയുടെ മൂന്നു വ്യത്യസ്ത വഴികളിലൂടെയാണ് ഇവര്‍ സഞ്ചരിച്ചത്. മാര്‍ഗ്ഗങ്ങള്‍ വിഭിന്നമായിരിക്കുമ്പോഴും നിരന്തരം സംവാദങ്ങളിലും തര്‍ക്കങ്ങളിലും ഏര്‍പ്പെട്ടപ്പോഴും ഈ ചലച്ചിത്രകാരന്മാര്‍ എപ്പോഴും പരസ്പരം തിരിച്ചറിഞ്ഞു. ഇവര്‍ നിരന്തരം പരീക്ഷണങ്ങളിലേര്‍പ്പെടുകയും തങ്ങളുടെ ഓരോ ആവിഷ്‌കാരത്തേയും വെല്ലുവിളിയായി ഏറ്റെടുക്കുകയും ചെയ്തു. മാര്‍ക്‌സിസത്തോടും മാര്‍ക്‌സിസ്റ്റു കലാവീക്ഷണങ്ങളോടും ആഭിമുഖ്യം കാണിച്ചിരുന്ന മൃണാള്‍ സെന്‍ തന്റെ ചലച്ചിത്രജീവിതത്തിലുടനീളം നിരന്തരം നവീകരിക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹം പല ഭാഷകളില്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചു. കയ്യൂര്‍ സമരചരിത്രത്തെ ചലച്ചിത്രമാക്കാന്‍ താല്പര്യപ്പെട്ടുകൊണ്ട് മൃണാള്‍ദാ കേരളത്തിലും എത്തിയിരുന്നു, ആ പദ്ധതി വിജയിച്ചില്ലെങ്കിലും. ഓരോ ചലച്ചിത്രാവിഷ്‌കാരവും വ്യത്യസ്തവും നൂതനവുമായിരിക്കാന്‍ സെന്‍ അഭിലഷിച്ചിരുന്നു. ചലച്ചിത്രകലയെ വ്യത്യസ്തമായ രീതികളില്‍ പരിചരിക്കുന്ന മൂന്നു മൃണാള്‍ സെന്‍ ചിത്രങ്ങളെക്കുറിച്ചാണ് ഈ ലേഖനം. 

1

ഭൂവന്‍ഷോം
മൃണാള്‍ദായ്ക്ക് നല്ല ചലച്ചിത്രകാരനെന്ന പെരുമ ആദ്യമായി നല്‍കിയത് ഭുവന്‍ഷോം എന്ന ചലച്ചിത്രമായിരുന്നു. പല കാരണങ്ങള്‍കൊണ്ട്, പ്രേക്ഷകര്‍ക്ക് അത് ഒരു പുതിയ അനുഭവമായിരുന്നു. ഇന്ത്യയിലെ നവതരംഗത്തിന്റെ തുടക്കമായി ചിലര്‍ അതിനെ വിശേഷിപ്പിച്ചു. ഭുവന്‍ഷോം എന്ന കര്‍ക്കശക്കാരനായ റെയില്‍വേ ഉദ്യോഗസ്ഥന്റേയും ഒരു ഗ്രാമീണ യുവതിയുടേയും അഭിമുഖീകരണത്തിന്റെ ആവിഷ്‌കരണമായിരുന്നു, ഈ ചലച്ചിത്രം. ബ്യൂറോക്രാറ്റിനെ ഗ്രാമീണ യുവതി മെരുക്കിയെടുക്കുന്ന ചലച്ചിത്രമായി പെട്ടെന്ന് ഇതു വ്യാഖ്യാനിക്കപ്പെട്ടു. ഒരു വമ്പന്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുവിനെ ഗ്രാമീണ സുന്ദരി പരിഷ്‌കൃതനാക്കുന്നുവെന്ന് സത്യജിത് റേ എഴുതുന്നുണ്ട്. ഈ കാഴ്ചയോട് മൃണാള്‍ സെന്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നു. ബ്യൂറോക്രസി; ഉദ്യോഗസ്ഥ മേധാവിത്വം, മൃണാള്‍ദായെ സംബന്ധിച്ചിടത്തോളം അതീവ പ്രതിലോമകരമായ ഒരു രാഷ്ട്രീയ സംവര്‍ഗ്ഗമായിരുന്നു. ഉദ്യോഗസ്ഥ ദുഷ്പ്രഭുവിനെ തിരുത്താനാകില്ല. ബ്യൂറോക്രസിയെ പരിഷ്‌കരിക്കുന്നതോ അതിനോടു ഒത്തുതീര്‍പ്പുകള്‍ക്കു ശ്രമിക്കുന്നതോ തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനു യോജിച്ചതായി അദ്ദേഹം കരുതിയതേയില്ല. അതിനെ പരിഷ്‌കരിക്കുകയെന്ന ആശയത്തിനു തന്നെ പ്രതിലോമ സ്വഭാവമുണ്ടെന്ന് മൃണാള്‍ദായ്ക്ക് അഭിപ്രായമുണ്ടായിരുന്നിരിക്കണം. ഗര്‍വ്വിയും കര്‍ക്കശക്കാരനും ഏകാകിയും ദു:ഖിതനുമായ ഭുവന്‍ഷോം ഗൗരിയുടെ സാമീപ്യത്തിലൂടെ താന്‍ സ്വയമേറ്റി നടക്കുന്ന ദുരന്തത്തെ തിരിച്ചറിയുന്നതായി മൃണാള്‍ സെന്‍ തന്റെ ചലച്ചിത്രത്തെക്കുറിച്ചു പറഞ്ഞു. മൃണാള്‍ സെന്നോ സത്യജിത് റേയോ-ഏതു വ്യാഖ്യാനമാണ് യാഥാര്‍ത്ഥ്യത്തോട് അടുത്തുനില്‍ക്കുന്നത്? ഈ ചോദ്യം മൃണാള്‍ സെന്‍ തന്നെ ഉയര്‍ത്തിയിരുന്നു.

ബംഗാളിനെ പരിചയപ്പെടുത്തിക്കൊണ്ടാണ് ചലച്ചിത്രം ആരംഭിക്കുന്നത്. വിവേകാനന്ദന്റെ ചിത്രം കാണിച്ചുകൊണ്ട് സുവര്‍ണ്ണ ബംഗാള്‍ എന്നു പറയുന്നു. സത്യജിത് റേയുടെ ചിത്രത്തോടൊപ്പം മഹത്തായ ബംഗാള്‍ എന്ന ശബ്ദം കേള്‍ക്കുന്നു. തെരുവിലെ പ്രകടനങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും കലാപങ്ങളുടേയും ദൃശ്യങ്ങളോടൊപ്പം ബംഗാളിന്റെ അനന്യതയെ സൂചിപ്പിക്കുന്ന വാക്കുകള്‍ ഉച്ചരിക്കപ്പെടുന്നു. തുടര്‍ന്ന്, ഭുവന്‍ഷോം എന്ന ബംഗാളിയെ മൃണാള്‍ സെന്‍ പരിചയപ്പെടുത്തുന്നു. അയാള്‍ വിശുദ്ധനായ, കലര്‍പ്പില്ലാത്ത ബംഗാളിയാണ്. സത്യസന്ധന്‍. ജോലിയില്‍ കൃത്യനിഷ്ഠയും അച്ചടക്കവുമുള്ളവന്‍, അഴിമതിരഹിതന്‍, കര്‍ശനക്കാരന്‍. ഓഫീസിനെ ചന്തയാക്കി മാറ്റിയ സ്വന്തം മകനെ ജോലിയില്‍നിന്നും ഭുവന്‍ പുറത്താക്കി. അയാള്‍ ഏകാകിയാണ്. വിധുരന്‍. കീഴ്ജീവനക്കാര്‍ക്ക് അയാളോട് ആദരവിലേറെ ഭയമുണ്ട്. അയാളില്ലാത്ത സന്ദര്‍ഭങ്ങളില്‍ ഭുവന്‍ഷോം പരിഹസിക്കപ്പെടുന്നു. കണിശക്കാരനും സത്യസന്ധനുമായ ഒരു ഉദ്യോഗസ്ഥനാണെന്നതിലുപരി രാഷ്ട്രീയബന്ധങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു ദുഷ്പ്രഭുവായി ഭുവന്‍ ചിത്രീകരിക്കപ്പെടുന്നില്ല. അയാളുടെ കര്‍ക്കശമാര്‍ന്ന സമീപനങ്ങള്‍ക്ക് രാഷ്ട്രീയമായ മാനങ്ങള്‍ നല്‍കുന്നില്ല. അയാള്‍ക്ക് ആന്തരികമായി എന്തോ തകരാറുണ്ട്. സാമൂഹിക വ്യവസ്ഥയും ജീവിതസാഹചര്യങ്ങളും ഭുവന്‍ഷോമില്‍ കെട്ടിയേല്‍പ്പിച്ചതാകണം, അത്. അയാള്‍ അഴിമതിവിരുദ്ധനാണെന്ന കാര്യം കൂടുതല്‍ ശ്രദ്ധിക്കണം. അത് കേവലനന്മയെക്കുറിച്ചുള്ള സന്മാര്‍ഗ്ഗബോധമായി അയാളില്‍ പ്രവര്‍ത്തിക്കുന്നു. മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോമിനെ ഉദ്യോഗസ്ഥ ദുഷ്പ്രഭു എന്ന രാഷ്ട്രീയഗണം കൊണ്ട് രേഖപ്പെടുത്താനാകില്ല. 

പക്ഷിവേട്ടയ്ക്കായി ഭുവന്‍ഷോം ഇറങ്ങിത്തിരിക്കുന്ന സന്ദര്‍ഭം പ്രധാനമാണ്. ദീര്‍ഘകാലത്തെ ചിട്ടയുള്ള ഔദ്യോഗിക സേവനത്തിനുശേഷം മടുപ്പുതോന്നി പുറംലോകത്തെ അഭിമുഖീകരിക്കുകയാണ്, അയാള്‍. ആ നിര്‍ബ്ബന്ധബുദ്ധിക്കാരന്റെ പരിമിതികള്‍ ഓരോന്നും പുറത്തുവരുന്നു. വേഗത്തിലോടുന്ന കാളവണ്ടി അയാളില്‍ ഭയം ജനിപ്പിക്കുന്നു. സമാധാനത്തോടെ കാളവണ്ടിയില്‍ ഇരിക്കാന്‍ അയാള്‍ക്കു കഴിയുന്നില്ല. പിന്നീട്, ഗൗരിയുടെ എരുമ അയാളെ വല്ലാതെ പേടിപ്പിക്കുന്നു. അത് ഷോമിനെ ദീര്‍ഘദൂരം ഓടിപ്പിക്കുന്നു. എരുമയ്ക്കു മാത്രമേ നിങ്ങളെ കണ്ടാല്‍ പേടി തോന്നാത്തതുള്ളൂയെന്ന ഗൗരിയുടെ വാക്കുകള്‍ അയാളുടെ ശരീരഭാഷയും സംസാരവുമെല്ലാം മറ്റുള്ളവരില്‍ സൃഷ്ടിക്കുന്ന പ്രതികരണങ്ങളുടെ സൂചനയാണ്. പക്ഷിവേട്ടയ്ക്കുള്ള യാത്രയിലെ അനുഭവങ്ങള്‍ അയാളെ സ്വയം തിരിച്ചറിയുന്നതിനും മാറിത്തീരുന്നതിനും പ്രേരിപ്പിക്കുന്നത് പിന്നീട് നാം കാണുന്നു. തന്റെ ഔദ്യോഗിക ജോലിയില്‍ കൃത്യനിഷ്ഠയും അച്ചടക്കവും പുലര്‍ത്തുകയും കീഴ്ജീവനക്കാരോട് അത് ആവശ്യപ്പെടുകയും ചെയ്യുന്ന ഭുവന്‍ഷോം മറ്റു പല ജോലികളിലും എത്രമാത്രം അജ്ഞനാണെന്ന് സ്വയം മനസ്സിലാക്കുന്നു. തന്നില്‍ വലിയ പേടി സൃഷ്ടിച്ച എരുമ ഗൗരിയുടെ മുന്നില്‍ അരുമയായ കൂട്ടുകാരിയായി മാറിത്തീരുന്നത് കാണുന്നു. ഗൗരിയുടെ സാമര്‍ത്ഥ്യം, അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ പ്രകടമാക്കുന്ന സ്വാതന്ത്ര്യം, നിശ്ചയദാര്‍ഢ്യം, ഏതു തൊഴിലും ചെയ്യുന്നതിനുള്ള താല്പര്യവും വിരുതും... എല്ലാം ഭുവന്‍ഷോമിനെ അതിശയിപ്പിക്കുന്നുണ്ട്. ആ ഗ്രാമീണ യുവതി ഷോമിനെ നയിക്കുന്നത് ഒരു പുതിയ ലോകത്തിലേക്കാണ്. അധികാരപ്രയോഗങ്ങളില്ലാതെ സ്വേച്ഛയാ ചെയ്യുന്ന പ്രവൃത്തികളുടേയും സ്‌നേഹത്തിന്റേയും സഹകരണത്തിന്റേയും സൗന്ദര്യത്തിന്റേയും ലോകമാണത്. പ്രകൃതിയുടേയും പക്ഷികളുടേയും അസാധാരണമായ സൗന്ദര്യക്കാഴ്ചകളിലേക്കാണ് അവള്‍ അയാളെ കൂട്ടിക്കൊണ്ടു പോകുന്നത്. പക്ഷികളെ വേട്ടയാടുന്നതിനുള്ള ഭുവന്‍ഷോമിന്റെ താല്പര്യത്തിന് അവള്‍ കൂട്ടു നില്‍ക്കുന്നുവല്ലോയെന്ന് പ്രേക്ഷകര്‍ ശങ്കിക്കുമ്പോള്‍പോലും ആത്യന്തികമായി അയാളെ പക്ഷികള്‍ വേട്ടയാടുന്നവനായിട്ടല്ല, അവയെ സ്‌നേഹത്തോടെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവനായിട്ടാണ് ഗൗരി മാറ്റിത്തീര്‍ക്കുന്നത്. പിന്നെ, ഭുവന്‍ഷോമിന്റെ മനസ്സില്‍ ഗൗരി നല്‍കിയ നല്ല അനുഭവങ്ങളുടെ ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല. ഗൗരിയെ വിട്ടുപിരിഞ്ഞു കഴിയുമ്പോള്‍ത്തന്നെ ഷോം അവളെക്കുറിച്ച് പെട്ടെന്നോര്‍ക്കുന്നു. അയാള്‍ക്കു തിരിച്ചു നടക്കേണ്ടി വരുന്നു. പക്ഷിയെ അവള്‍ക്കു നല്‍കി, കറുത്ത കുരുവിയോടൊപ്പം അതിനെ സംരക്ഷിക്കണമെന്നു പറയുന്നിടത്തോളം അയാളുടെ പക്ഷിവേട്ടയുടെ താല്പര്യങ്ങള്‍ മാറിത്തീരുന്നു. താന്‍ ശിക്ഷ നല്‍കാന്‍ ഉറപ്പിച്ചിരുന്ന കീഴ്ജീവനക്കാരനായ ടിക്കറ്റ് പരിശോധകന്‍ ജാദവ് പട്ടേല്‍ ഗൗരിയുടെ ഭര്‍ത്താവാണെന്നറിയുമ്പോള്‍ ഭുവന്‍ഷോമില്‍ അങ്കലാപ്പുണ്ടാകുന്നുണ്ട്. തന്റെ ഭര്‍ത്താവിനെ ശിക്ഷിക്കാനിരിക്കുന്ന മേലുദ്യോഗസ്ഥനാണ് തന്റെ മുന്നില്‍ നില്‍ക്കുന്നതെന്നറിയാതെ ഗൗരി നടത്തുന്ന അഭ്യര്‍ത്ഥന, ജാദവിനെതിരെ നടപടികളുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന അപേക്ഷ, ഭുവന്‍ഷോമിനു തള്ളിക്കളയാന്‍ കഴിയുമായിരുന്നില്ല. ഭുവന്‍ഷോം മാറിത്തീരുന്നു. ഗ്രാമീണസ്ത്രീ ഈ ഉദ്യോഗസ്ഥപ്രമാണിയെ സാമാന്യ മര്യാദ അഭ്യസിപ്പിക്കുന്നു. അയാളുടെ കുഴഞ്ഞ, മുഷിഞ്ഞ ജീവിതത്തില്‍ പ്രകാശമായി ഗൗരി വരുന്നു. പ്രകൃതി എന്താണെന്ന്, പ്രകൃതിയുടെ മൂല്യം എന്താണെന്നു കൂടി അയാള്‍ അറിയുന്നു. ചലച്ചിത്രത്തിന്റെ അന്ത്യത്തില്‍, ജാവേദ് പട്ടേലിനോടുള്ള പെരുമാറ്റവും ഓഫീസിലെ തന്റെ മുറിയില്‍ ഉല്ലാസപൂര്‍വ്വം കാണിക്കുന്ന കോപ്രായങ്ങളും ഭുവന്‍ഷോമില്‍ സംഭവിച്ച വലിയ പരിവര്‍ത്തനത്തെ വെളിപ്പെടുത്തുന്നതാണ്.
ഇന്ത്യന്‍ ചലച്ചിത്രകലയില്‍ ചില നൂതന പ്രവണതകള്‍ക്ക് മൃണാള്‍ സെന്നിന്റെ ഈ ചിത്രം തുടക്കമിടുന്നുണ്ടെന്നു പറഞ്ഞല്ലോ. വളരെ വിചിത്രമായ ചില ദൃശ്യപരിവര്‍ത്തനങ്ങളിലൂടെ, അപ്രതീക്ഷിതമായി ചില ദൃശ്യങ്ങളെ അടുപ്പിച്ചുവയ്ക്കുന്നതിലൂടെ, സവിശേഷമായ ചില ഗോപനങ്ങളിലൂടെ... ഇങ്ങനെയെല്ലാം നവീന മൂലകങ്ങളെ ഇന്ത്യന്‍ ചലച്ചിത്രകലയിലേക്ക് കൊണ്ടുവരാന്‍ മൃണാള്‍ദായ്ക്കു കഴിയുന്നു. ഭുവന്‍ഷോമിന്റെ കാഴ്ച ചലച്ചിത്രഭാവുകത്വത്തിന്റെ നവീകരണം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഗൊദാര്‍ദിനെപ്പോലുള്ള മാര്‍ക്‌സിസ്റ്റ് ചലച്ചിത്രകാരന്മാരുടെ ശൈലി പിന്തുടര്‍ന്നുകൊണ്ട് ഡോക്യുമെന്ററി ചിത്രങ്ങളുടെ രീതിയിലുള്ള നീണ്ട ദൃശ്യങ്ങള്‍ ഈ ചലച്ചിത്രത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. ഭുവന്‍ഷോമിന്റെ കാളവണ്ടിയിലുള്ള സഞ്ചാരദൃശ്യങ്ങള്‍ ഒരു ഡോക്യുമെന്ററി ചിത്രത്തെ ഓര്‍മ്മിപ്പിക്കും. ചലച്ചിത്രത്തിന്റെ തുടക്കത്തില്‍, ഷോമിന്റെ ഓഫീസ് പ്രവര്‍ത്തനത്തെ കാണിക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യയിലെ പ്രേക്ഷകര്‍ക്കു നല്‍കിയ നവീനമായ അനുഭവത്തേയും എടുത്തു പറയണം. ഭുവന്‍ഷോമില്‍ പ്രത്യക്ഷപ്പെടുന്ന ആക്ഷേപഹാസ്യകാരനെ, കാര്‍ട്ടൂണിസ്റ്റിനെ മൃണാള്‍ദായുടെ പിന്നീടുള്ള ചിത്രങ്ങളില്‍ നാം കണ്ടുമുട്ടുന്നില്ല.

2

ഏക് ദിന്‍ അചാനക്

ഒരു ദിവസം പെട്ടെന്ന് പ്രൊഫസര്‍ ശശാങ്ക് വീട്ടില്‍നിന്നും അപ്രത്യക്ഷനാകുന്നു. നീതയുടേയും അമിത്തിന്റേയും സീമയുടേയും അച്ഛന്‍ കോളേജ് അദ്ധ്യാപനത്തില്‍നിന്നും വിരമിച്ചിരുന്നു. വീട്ടില്‍ എഴുത്തും വായനയുമായി കഴിയുകയായിരുന്നു. അന്ന് വൈകുന്നേരം നല്ല ഇടിയും മിന്നലും മഴയുമുണ്ടായിരുന്നു. മഴയും നോക്കി വീട്ടുവരാന്തയില്‍ കൊച്ചുകുട്ടിയെപ്പോലെ കുറേ നേരം അദ്ദേഹം നിന്നിരുന്നുവെന്നു നീതയുടെ അമ്മ പറയുന്നു. പിന്നെ, മഴയൊഴിഞ്ഞ ഒരു ഇടവേളയില്‍ പുറത്തേക്കിറങ്ങി. മഴ തോര്‍ന്നതായിരുന്നില്ല. ശക്തമായ ഇടിയും മിന്നലും മഴയും പിന്നെയുമുണ്ടായി. ഓഫീസില്‍നിന്നും നീതയും കോളേജില്‍നിന്നും സീമയും ബിസിനസ് സ്ഥലത്തുനിന്നും അമിത്തും വീട്ടിലെത്തുമ്പോള്‍ അച്ഛന്‍ അവിടെയില്ല. പിന്നെ, അദ്ദേഹം തിരിച്ചു വന്നില്ല. 
മൃണാള്‍ സെന്നിന്റെ ഏക് ദിന്‍ അചാനക് (ഒരു ദിവസം പെട്ടെന്ന്) എന്ന ചലച്ചിത്രം ഇങ്ങനെയാണ് ആരംഭിക്കുന്നത്. ഈ പെട്ടെന്നുള്ള അപ്രത്യക്ഷമാകല്‍ ഒരു മദ്ധ്യവര്‍ഗ്ഗകുടുംബത്തില്‍ എന്തെന്തു പ്രതികരണങ്ങളാണ് സൃഷ്ടിക്കുക! ഏറ്റവുമേറെ ദുരഭിമാനം കുടിയിരിക്കുന്ന ഇടം മദ്ധ്യവര്‍ഗ്ഗ കുടുംബങ്ങളാണ്. മറ്റുള്ളവരോടെന്തു പറയും, അവര്‍ എന്തെല്ലാം ചോദിക്കും എന്ന ഉല്‍ക്കണ്ഠയെ പേറിക്കൊണ്ടാണ് അത് എപ്പോഴും നില്‍ക്കുന്നത്. ഇപ്പോള്‍, കാണാതായവനോടുള്ള സ്‌നേഹവിശ്വാസങ്ങള്‍പോലും മറന്ന് അതിന്റെ ദുരഭിമാനത്തെ മദ്ധ്യവര്‍ഗ്ഗ കുടുംബം പ്രകടിപ്പിക്കും. പ്രൊഫസറെ കാണാതായ ദിവസം രാത്രിയില്‍ അപര്‍ണ എന്ന വിദ്യാര്‍ത്ഥിനി; പ്രൊഫസറുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പഠിക്കുന്നവള്‍, ആ വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നുണ്ട്. അദ്ദേഹം ഉറങ്ങിയെന്ന മറുപടിയാണ് ആ കുടുംബം നല്‍കുന്നത്. എന്തിനാണ് കള്ളം പറയാന്‍ എന്നോടു പറഞ്ഞതെന്ന അമ്മയുടെ ചോദ്യത്തിന് അവരെക്കൂടി വിഷമിപ്പിക്കേണ്ടല്ലോയെന്ന മറുപടിയാണ് അമിത്ത് പറയുന്നത്. കാരണം അതല്ലെന്നു പ്രേക്ഷകര്‍ക്കു പെട്ടെന്നുതന്നെ മനസ്സിലാകുന്നു. ദുരഭിമാനം പ്രവര്‍ത്തിച്ചു തുടങ്ങുകയാണ്! എന്തുകൊണ്ടാണെന്നറിയില്ല, നന്നായി തോന്നുന്നില്ല എന്നെഴുതിയ പ്രൊഫസറുടെ ഒരു കുറിപ്പ് അവര്‍ക്കു കിട്ടുന്നുണ്ടെങ്കിലും അത് ആരേയും കാണിക്കേണ്ടെന്നു തീരുമാനമാനിക്കപ്പെടുന്നു. മദ്ധ്യവര്‍ഗ്ഗ കുടുംബത്തിന്റെ ദുരഭിമാനം നിറഞ്ഞ ഉള്ളത്തെ ഒരു മന:ശാസ്ത്രജ്ഞന്റേയോ സാമൂഹിക ശാസ്ത്രജ്ഞന്റേയോ പാടവത്തോടെ മൃണാള്‍ സെന്‍ ആവിഷ്‌കരിക്കുന്നു. പ്രൊഫസറുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന അദ്ധ്യാപകനോട് അച്ഛന്‍ അവിടെ എത്തിയിരുന്നോയെന്ന് അമിത്ത് വിളിച്ചു ചോദിക്കുന്നുണ്ട്. വളരെ പ്രതികൂലമായ ഒരു കാലാവസ്ഥയില്‍ അദ്ദേഹം വീട്ടിലില്ലെന്നറിയുന്ന സുഹൃത്ത് ആശ്ചര്യപ്പെടുന്നു.

മൃണാള്‍സെന്‍ സംവിധാനരംഗത്ത്- ആദ്യകാലം
മൃണാള്‍സെന്‍ സംവിധാനരംഗത്ത്- ആദ്യകാലം

എല്ലാ അസംതൃപ്ത കുടുംബങ്ങളും അവയുടേതായ സവിശേഷ രീതികളില്‍ അസംതൃപ്തമാണെന്ന ടോള്‍സ്റ്റോയിയുടെ വാക്യം നമ്മുടെ ചലച്ചിത്രത്തിലെ കുടുംബത്തിനും ബാധകമാണോയെന്നു പരിശോധിക്കേണ്ടിയിരിക്കുന്ന സന്ദര്‍ഭങ്ങളാണ് പിന്നീടുണ്ടാകുന്നത്. പുറമേക്ക് സംതൃപ്തമെന്നു തോന്നുന്ന, കുഴപ്പങ്ങളേതുമില്ലെന്നു കരുതപ്പെടുന്ന കുടുംബങ്ങളുടെ അകങ്ങളും പുകയുന്നുണ്ട്. ഒരാളുടെ അപ്രത്യക്ഷമാകല്‍, ഒരു ആത്മഹത്യ, ഒരു അസാധാരണ സംഭവം... മറച്ചുവെയ്ക്കപ്പെട്ട ഉള്ളിനെ പുറത്തുകൊണ്ടുവരുന്നു. പുറത്തുള്ളവര്‍ മാത്രമല്ല, അകത്തുള്ളവര്‍ കൂടിയും തങ്ങളെത്തന്നെ സംശയത്തോടെ നോക്കിക്കാണാന്‍ തുടങ്ങുന്നു. പ്രൊഫസറുടെ അന്തര്‍ദ്ധാനം ഒളിച്ചുവെയ്ക്കാന്‍ കഴിയാത്ത കാര്യമായി മാറിത്തീരുകയാണ്. പൊലീസ് അന്വേഷിക്കുന്നു. കണ്ടെത്താനാകുന്നില്ല. വീട്ടിലെ എന്തെങ്കിലും പ്രശ്‌നങ്ങള്‍കൊണ്ട് അദ്ദേഹം പുറപ്പെട്ടുപോയതാണോയെന്ന സംശയത്തിലാണ് അവരെത്തുന്നത്. അമിത്തും അച്ഛനും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്ന് ചോദിക്കപ്പെടുന്നു. മകന്റെ പെരുമാറ്റത്തില്‍, മകന്റെ ബിസിനസ്സ് ജീവിതത്തില്‍ അദ്ദേഹം ദു:ഖിതനായിരുന്നുവെന്ന പ്രശ്‌നം ഉയര്‍ന്നുവരുന്നു. അച്ഛന്റെ താല്പര്യപ്രകാരമുള്ള വിദ്യാഭ്യാസം ചെയ്യാന്‍ അമിത്തിനു കഴിഞ്ഞിരുന്നില്ല. അവന്‍ ബിസിനസ്സിനു പണം ചോദിക്കുന്നത് അമ്മയോടാണ്. അമ്മ വഴിയാണ് അവന്റെ ആഗ്രഹം അച്ഛന്റെ മുന്നിലെത്തുന്നത്. അച്ഛന്റെ ഉപദേശങ്ങള്‍ അവനില്‍ നീരസം ഉണ്ടാക്കുന്നുണ്ട്. അച്ഛനില്‍നിന്നും പണം സ്വീകരിക്കാതെ അവന്‍ മടങ്ങിപ്പോകുന്നു. അവനെ സ്വന്തം താല്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതില്‍ ഖിന്നയാകുന്ന അമ്മയെ നാം കാണുന്നു. മറ്റുള്ള അദ്ധ്യാപകര്‍ കാലാവധി നീട്ടി വാങ്ങി ഔദ്യോഗികവൃത്തിയില്‍ തുടരുമ്പോള്‍ പ്രൊഫസര്‍ ശശാങ്ക് അതില്‍ താല്പര്യം കാണിക്കാത്തതിനെക്കുറിച്ച്, പഠനത്തിനുള്ള അനുബന്ധ പുസ്തകങ്ങള്‍ എഴുതിയോ ട്യൂഷന്‍ നല്‍കിയോ പണം സമ്പാദിക്കാത്തതിനെ ചൊല്ലിയും ഭാര്യ പ്രൊഫസറോടു തര്‍ക്കിക്കുന്നുണ്ട്. ഇവയെല്ലാം പ്രൊഫസറെ കാണാതാകുന്നതിനുള്ള കാരണമായി ആര്‍ക്കു പറയാന്‍ കഴിയും? എങ്കിലും, ഒരു അപ്രത്യക്ഷമാകല്‍ എല്ലാ ചെറിയ പ്രശ്‌നങ്ങളേയും കൂടി വളരെ പെരുപ്പിക്കുന്നുവെന്ന് മൃണാള്‍ദായ്ക്ക് പറയേണ്ടതുണ്ടായിരുന്നു. വളരെ യഥാതഥമായ ഒരു സങ്കേതത്തിലൂടെയാണ് അദ്ദേഹം ഈ പ്രശ്‌നലോകങ്ങളെ ആവിഷ്‌കരിക്കുന്നത്.

സുഹാസിനി മുലെ
സുഹാസിനി മുലെ

ഫ്‌ലാഷ്ബാക്കുകളിലൂടെ പഴയ സംഭവങ്ങള്‍ ഒന്നൊന്നായി മൃണാള്‍ദാ കാണിച്ചുതരുന്നു. പ്രൊഫസറുടെ വിദ്യാര്‍ത്ഥിനി അപര്‍ണ്ണ ഒരു ലേഖനവുമായി അദ്ദേഹത്തിനടുത്തെത്തുന്നുണ്ട്. അദ്ദേഹം എഴുതിയ ലേഖനത്തോടു മറ്റൊരാളുടെ പ്രതികരണമാണത്. അയാള്‍ ആശയചോരണം ആരോപിക്കുന്നു. പ്രൊഫസര്‍ അതു വായിച്ച് അസ്വസ്ഥനാകുന്നു. ദ്വേഷത്തിനും സങ്കടത്തിനും അടിപ്പെടുന്നു. ഇയാള്‍ എന്തൊക്കെയാണ് എഴുതിയിരിക്കുന്നതെന്നു ചോദിക്കുന്നു. തനിക്ക് എതിര്‍വാദം പറയാന്‍ ഒരു ലേഖനമുണ്ടെന്ന് അദ്ദേഹം പറയുന്നു. അതു പ്രസിദ്ധീകരിച്ച ആനുകാലികത്തിനായി അദ്ദേഹം തിരയുന്നുവെങ്കിലും കണ്ടെത്താന്‍ കഴിയുന്നില്ല. തന്റെ ലൈബ്രറിയില്‍ മറ്റുള്ളവര്‍ ഇടപെടുന്നതിനെക്കുറിച്ച് അദ്ദേഹം രോഷം കൊള്ളുന്നു. ധിഷണയുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫസര്‍ക്ക് വേദനാകരമായ ഒരു അനുഭവമായി ഇതു മാറിയിരുന്നിരിക്കണം. പ്രൊഫസറുടെ അന്തര്‍ദ്ധാനത്തിനുശേഷം, ഒരു ദിവസം അദ്ദേഹത്തിന്റെ മുറിയില്‍നിന്നും ഒരു കാര്‍ഡ് കണ്ടെത്തുന്നുണ്ട്. അപര്‍ണ്ണ എന്ന പേര് പല പ്രാവശ്യം പല രീതികളില്‍ എഴുതിയിരിക്കുന്ന കാര്‍ഡാണത്.

മൃണാള്‍സെന്‍ ചിത്രീകരണത്തിനിടയില്‍
മൃണാള്‍സെന്‍ ചിത്രീകരണത്തിനിടയില്‍

പ്രൊഫസറുടെ ഭാര്യയാണത് കണ്ടെത്തുന്നത്. അവര്‍ ദു:ഖിതയാകുന്നു. പിന്നീട്, ആ കാര്‍ഡ് കാണുന്ന അപര്‍ണ്ണ ഞെട്ടിത്തെറിക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്നു. ഞാന്‍ അദ്ദേഹത്തെ അങ്ങനെ കരുതിയിരുന്നുവെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോയെന്ന് അവള്‍ കേഴുന്നു. നീതയുടേയും അമ്മയുടേയും മൗനത്തിനു മുന്നില്‍നിന്നും അവള്‍ ഇറങ്ങിപ്പോകുന്നു. പ്രൊഫസറുടെ ബൗദ്ധികവും വൈകാരികവുമായ മനോലോകം എന്തായിരുന്നുവെന്ന സന്ദേഹങ്ങള്‍ക്ക് ആ കുടുംബത്തോടൊപ്പം പ്രേക്ഷകരും പെട്ടുപോകുന്നു. പ്രൊഫസര്‍ മാത്രം ഇടപഴകിയിരുന്ന ലൈബ്രറിയിലെ പുസ്തകങ്ങള്‍ കോളേജിലേക്കു സംഭാവനയായി മാറ്റപ്പെടുന്നു. പ്രൊഫസറുടെ സാന്നിദ്ധ്യമില്ലാതെയും ജീവിതം സാധാരണനിലയിലേക്കു വരികയാണ്.

ഭൂവന്‍ഷോം
ഭൂവന്‍ഷോം


ഒരു വര്‍ഷം കഴിയുമ്പോള്‍, ഇടിയും മിന്നലും മഴയുമുള്ള അതേ ദിനത്തില്‍ അവര്‍ അദ്ദേഹത്തെ ഓര്‍ക്കുന്നു. അവര്‍ എങ്ങനെയാണ് അദ്ദേഹത്തെ നോക്കിക്കണ്ടതെന്ന് ആത്മവിമര്‍ശസ്വരത്തില്‍ പറയുന്നു. സീമ അച്ഛന്റെ ഈഗോയേയും ഗര്‍വ്വിനേയും കുറിച്ചു പറയുന്നു. അമിത്ത് തന്നോടുള്ള അച്ഛന്റെ പെരുമാറ്റത്തില്‍ തൃപ്തനായിരുന്നില്ലെന്നു തീര്‍ച്ച. മക്കളെക്കുറിച്ച് അദ്ദേഹം വിചാരപ്പെട്ടിരുന്നില്ലെന്ന് അവന്‍ പറയുന്നു. നീതയ്ക്ക് തന്റെ അച്ഛന്‍ ഒരു സാധാരണ മനുഷ്യനാണെന്നു തോന്നുന്നുണ്ട്. അയാളുടെ വായനയേയും എഴുത്തിനേയും അദ്ധ്യാപനത്തേയും ചൂണ്ടി തങ്ങള്‍ ആരോപിച്ചിരുന്ന മഹത്വങ്ങള്‍ വെറുതെയായിരുന്നുവെന്ന് അവള്‍ക്കു തോന്നുന്നു. അദ്ദേഹം വ്യത്യസ്തനാകാന്‍ ആഗ്രഹിച്ചിരുന്നു. വലുതായതൊന്നും ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പ്രൊഫസര്‍ ശശാങ്ക് വെറും സാധാരണ മനുഷ്യനായിരുന്നു. ഈ തിരിച്ചറിവിലാണോ അദ്ദേഹം അപ്രത്യക്ഷനായതെന്ന് അവള്‍ ചോദിക്കുന്നു. സ്വയം സാധാരണ മനുഷ്യനായി തിരിച്ചറിഞ്ഞ അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നോ? ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും സങ്കടകരമായ കാര്യം നമുക്കെല്ലാവര്‍ക്കും ഒരു ജീവിതമേ ജീവിക്കാന്‍ കിട്ടുന്നുള്ളൂവെന്നതാണെന്ന പ്രൊഫസറുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ ഭാര്യയില്‍നിന്നും നാം കേള്‍ക്കുന്നുണ്ട്. ഇത് നീതയുടെ വിചാരത്തെ മറ്റു വാക്കുകളില്‍ പറയുകയാണോ? നമുക്ക് നമ്മുടെ തെറ്റുകള്‍ ഇപ്പോള്‍ തന്നെ തിരുത്തേണ്ടിവരുന്നു, എന്നാല്‍, നാം തിരുത്താന്‍ കഴിയാത്ത ദുര്‍ഗതിയിലാണ് താനും. തെറ്റുകള്‍ മനസ്സിലാക്കി തിരുത്തി ജീവിക്കാന്‍ നമുക്ക് ഒരു രണ്ടാം ജന്മം കിട്ടുന്നില്ല. പ്രൊഫസറുടെ ഒഴിഞ്ഞുപോക്കില്‍ ഏറ്റവും ദു:ഖകരമായ ജീവിതം നയിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയാണ്. ദു:ഖത്തില്‍നിന്നും മോചനം കിട്ടാന്‍ നീതയുടെ സഹായത്തോടെ അവര്‍ ഒരു ദൈവമനുഷ്യനെ തേടുന്നുണ്ട്. അതിന്റെ നൈഷ്ഫല്യം അറിയുന്നുമുണ്ട്. 

അകലേര്‍ സന്ധാനേ
അകലേര്‍ സന്ധാനേ


പെട്ടെന്നുള്ള അപ്രത്യക്ഷമാകല്‍ പ്രതീകാത്മകമായ മരണമാണ്. അത് ഒരു ശൂന്യതയെ സൃഷ്ടിക്കുന്നു. പ്രൊഫസറുടെ അന്തര്‍ദ്ധാനം അഭാവത്തെ മാത്രമല്ല സൃഷ്ടിച്ചത്. ഒരു നിരര്‍ത്ഥകതയേയും അതു സൃഷ്ടിച്ചു. എന്തിനൊക്കെയോ അര്‍ത്ഥം നഷ്ടപ്പെടുന്നു. ഉണ്ടെന്നു കരുതിയത് ഇല്ലെന്നാകുന്നു. ഭൗതികമായ ശരീരം മാത്രമല്ല ഇല്ലാതാകുന്നത്. നീത മനസ്സില്‍ കല്‍പ്പിച്ചു വച്ചിരുന്ന മഹത്വങ്ങളും ഇല്ലാതാകുന്നു. കുടുംബത്തില്‍ മാത്രമല്ല, പ്രൊഫസറുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാവരിലും അതു ബാധിക്കുന്നു. പ്രൊഫസറുടെ ദു:ഖകാരണം എന്തായിരുന്നു? എല്ലാ കാരണങ്ങളും യുക്തിസഹിതം പറഞ്ഞ് പ്രേക്ഷകരെ സംതൃപ്തരാക്കാന്‍ മൃണാള്‍ദാ മുതിരുന്നില്ല. പ്രൊഫസറുടെ അപ്രത്യക്ഷമാകല്‍ ഒരു തുറന്ന ചോദ്യമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. നമ്മെ വിചാരപ്പെടുത്തുന്നു. അന്തര്‍ദ്ധാനത്തിനുശേഷം ഏതാണ്ട് ഒരു വര്‍ഷം തികയുമ്പോള്‍, അദ്ദേഹം തിരിച്ചുവരുന്നതിനെക്കുറിച്ചുള്ള ഒരു പരാമര്‍ശം സഹപ്രവര്‍ത്തകനായിരുന്ന അദ്ധ്യാപകന്‍ നടത്തുന്നുണ്ട്. അയാളുടെ വാക്യം പൂര്‍ത്തീകരിക്കപ്പെടുന്നില്ല. പ്രൊഫസറുടെ ഭാര്യയുടെ മുഖം അതിനെ താങ്ങാന്‍ കഴിയാത്ത ഭാവം കൊണ്ടു നിറയുന്നു. പുറത്ത്, ശക്തിയേറിയ മിന്നല്‍ തെളിയുന്നു, ഇടിമുഴക്കം കേള്‍ക്കുന്നു.             
മൃണാള്‍ദായുടെ മറ്റു ചില ചലച്ചിത്രങ്ങളില്‍ക്കൂടി അപ്രത്യക്ഷമാകല്‍ പ്രമേയമാകുന്നുണ്ട്. ആ ചലച്ചിത്രങ്ങളില്‍ ഹിംസയുടെ മൂലകങ്ങള്‍ ഉണ്ടായിരുന്നു. ഇവിടെ അതില്ല. എല്ലാവരും കുടുംബനാഥനെ കാത്തിരിക്കുന്നതിനാല്‍ ആരോപണങ്ങളുടേയും പ്രത്യാരോപണങ്ങളുടേയും അന്തരീക്ഷം ഇവിടെ സൃഷ്ടിക്കപ്പെടുന്നില്ല. ഒരു ശൂന്യത മാത്രം സൃഷ്ടിക്കപ്പെടുന്നു. ചലച്ചിത്രകേന്ദ്രത്തിലെ ഈ ശൂന്യത നാശകാരിയല്ല. ഒരു ശൂന്യതയുണ്ടെന്ന് മൃണാള്‍ സെന്‍ നമ്മോടു പറയുക മാത്രം ചെയ്യുന്നു. പ്രൊഫസറുടെ ജീവിതത്തെ മഹത്വവല്‍ക്കരിക്കാതെ, ഭൂമിയില്‍ തൊട്ടു നില്‍ക്കുന്നതായിട്ടാണ് സെന്‍ ചിത്രീകരിച്ചത്. അതിഭൗതികമായ മൂലകങ്ങളുടെ കടന്നുവരവിനെ സഫലമായി പ്രതിരോധിച്ചിരിക്കുന്നു. ചലച്ചിത്രത്തിലെ ശൂന്യത ഉത്തരമില്ലാത്ത ചോദ്യംപോലെ നില്‍ക്കുന്നു. പ്രേക്ഷകനില്‍ നീറ്റലുണ്ടാക്കുന്നു. പ്രേക്ഷകന്‍ തന്റെ ജീവിതാനുഭവമായി ഇതിനെ ഏറ്റെടുക്കുന്നു. ഉത്തരം കിട്ടാതെ ചലച്ചിത്രം അവസാനിച്ചു പോയതില്‍ പ്രേക്ഷകന്‍ നിരാശനാകുന്നില്ല. പക്ഷേ, അയാള്‍ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരിക്കുന്നു.

3

അകലേര്‍ സന്ധാനേ
ചലച്ചിത്രത്തിനുള്ളിലെ ചലച്ചിത്രമായിരുന്നു മൃണാള്‍ സെന്നിന്റെ അകലേര്‍ സന്ധാനേ. (In Search of Famine) 1943-ല്‍, അഞ്ചുദശലക്ഷത്തോളം ആളുകളുടെ കൂട്ടമരണത്തിനിടയാക്കിയ ബംഗാളിലെ ക്ഷാമത്തിന്റെ കഥ തേടിപ്പോകുന്ന ഒരു സിനിമാക്കമ്പനിയെക്കുറിച്ചുള്ള ചലച്ചിത്രാവിഷ്‌കാരമാണിത്. സാമൂഹിക യാഥാര്‍ത്ഥ്യത്തെ ശക്തമായി ആവിഷ്‌കരിക്കുന്ന മാധ്യമമായി ചലച്ചിത്രത്തെ നോക്കിക്കണ്ടിരുന്ന ഒരു ചലച്ചിത്രകാരന്‍, തന്റെ ചലച്ചിത്രാദര്‍ശത്തെ തന്നെ ചോദ്യമായി ഉന്നയിച്ചുകൊണ്ട് നിര്‍മ്മിച്ച ചലച്ചിത്രമെന്ന പ്രാധാന്യം ഇതിനുണ്ട്. മൂവിക്യാമറയും യാഥാര്‍ത്ഥ്യവും ഉള്‍പ്പെടുന്ന പ്രശ്‌നമണ്ഡലത്തെ മൃണാള്‍ സെന്‍ സവിശേഷമായ പരിചരണങ്ങള്‍ക്കു വിധേയമാക്കുന്നു. 
പ്രതിജ്ഞാബദ്ധനായ ഒരു ചലച്ചിത്രകാരന്‍ തന്റെ സംഘത്തോടൊപ്പം ഒരു ഗ്രാമത്തിലെത്തിച്ചേരുന്നു. ഗ്രാമത്തിലെ പഴയ ജന്മിയുടെ മാളികയിലാണ് സിനിമാക്കമ്പനി താമസിക്കുന്നത്. കാലത്തിന്റെ ഒഴുക്കില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 1943-ലെ ക്ഷാമകാലത്ത് കുബേരന്മാര്‍ ജീവിച്ചിരുന്ന മാളികയുടെ പ്രതാപകാലം അസ്തമിച്ചിരിക്കുന്നു. ആ മാളിക ശോഷിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയിലാണ്. അവിടെ ജീവിക്കുന്നത് ഒരു സ്ത്രീയും ശയ്യാവലംബിതനായ അവരുടെ ഭര്‍ത്താവും മാത്രം. സമ്പന്നരെല്ലാം കല്‍ക്കത്തയിലേക്കോ ഡല്‍ഹിയിലേക്കോ മുംബൈയിലേക്കോ അമേരിക്കയിലേക്കോ കുടിയേറിയിരിക്കുന്നു. പഴയ ക്ഷാമകാലത്ത് ഭക്ഷണം തേടി കല്‍ക്കത്തയിലേക്ക് പലായനം ചെയ്ത ദരിദ്രരില്‍നിന്നും ഭൂമി കൈക്കലാക്കി സമ്പന്നരായവരെക്കുറിച്ച് ജ്ഞാനവൃദ്ധനായ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പറയുന്നുമുണ്ട്. എന്നാല്‍, സിനിമാക്കമ്പനി പോകുന്ന വണ്ടിയെ നോക്കി ഒരു പട്ടിണിക്കോലം പറയുന്ന വാക്കുകള്‍ കൂടി-അവര്‍ പഴയ ക്ഷാമത്തെക്കുറിച്ച് സിനിമയെടുക്കാന്‍ പോകുകയാണ്, ഇവിടെ ക്ഷാമം ഞങ്ങളെ പൊതിഞ്ഞുനില്‍ക്കുന്നു-സ്വയം വിമര്‍ശത്തോടെ മൃണാള്‍ സെന്‍ നിബന്ധിച്ചിരിക്കുന്നു. ഗ്രാമവാസികള്‍ക്കു ക്ഷാമവും ദാരിദ്ര്യവുമായി തീരുന്നത് നഗരവാസികള്‍ക്ക് ചലച്ചിത്രവും ഫോട്ടോഗ്രാഫിക് ചിത്രങ്ങളുമായിട്ടാണല്ലോ പ്രത്യക്ഷപ്പെടുന്നത്. സിനിമാക്കമ്പനിക്കുവേണ്ടി നാട്ടിലെ ചന്തയിലെ സാമാനങ്ങള്‍ മൊത്തമായി കൊണ്ടുപോകുന്നതിനാല്‍ അവിടെനിന്നും നാട്ടിലെ മനുഷ്യര്‍ക്ക് ആവശ്യസാധനങ്ങള്‍ കിട്ടുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ക്ഷാമത്തെക്കുറിച്ചുള്ള സിനിമ ക്ഷാമം സൃഷ്ടിക്കുന്നുവെന്നു തന്നെ. എത്രമാത്രം പ്രതിജ്ഞാബദ്ധതയോടെ സാമൂഹിക യാഥാര്‍ത്ഥ്യത്തെ പകര്‍ത്തിയാലും നിങ്ങളുടെ പ്രവര്‍ത്തനം അതിവിശുദ്ധമല്ലെന്ന് മുഴുവന്‍ കലാകാരന്മാരോടും മൃണാള്‍ദായ്ക്കു പറയണമായിരുന്നു. താനും ഈ നീചവ്യവസ്ഥയ്ക്കു കൂട്ടുനില്‍ക്കുന്നുണ്ടോയെന്ന് ആകുലനാകാത്തവന്‍ കലാകാരപദവിക്ക് അര്‍ഹനല്ലെന്ന് നമ്മുടെ ചലച്ചിത്രകാരന് അറിയാമായിരുന്നു. ചലച്ചിത്രത്തിന്റെ നിര്‍മ്മാണം തുടരുന്തോറും പഴയ ക്ഷാമകാലവും വര്‍ത്തമാനകാലവും തമ്മില്‍ വലിയ ഭേദങ്ങളില്ലെന്നു മനസ്സിലാക്കപ്പെടുന്നു. ഗ്രാമീണ ജനത നേരിടുന്ന ഗുരുതരമായ ഭക്ഷണ ദൗര്‍ലഭ്യത്തിലേക്കു മൃണാള്‍ദായുടെ ക്യാമറ ചെന്നെത്തുന്നു.

മൃണാള്‍സെന്‍
മൃണാള്‍സെന്‍

 
ചലച്ചിത്രത്തിനുള്ളിലെ ചലച്ചിത്രത്തിന്റെ ചിത്രണത്തോടൊപ്പം അതിനു സമാന്തരമെന്നോണം മറ്റു ചില ആവിഷ്‌കാരങ്ങള്‍ കൂടി അകലേര്‍ സന്ധാനേയില്‍ സംഭവിക്കുന്നുണ്ട്. സിനിമാക്കമ്പനിയുടെ പ്രവര്‍ത്തനത്തിനിടയില്‍ അവര്‍ക്കാവശ്യമായ ഭക്ഷണം പാകം ചെയ്യാനും മറ്റു പണികള്‍ ചെയ്യാനും എത്തിച്ചേരുന്ന ദുര്‍ഗ്ഗയുടെ ജീവിതം, ശയ്യാവലംബിയായ ഭര്‍ത്താവിനെ പരിചരിക്കുന്ന സ്ത്രീയുടെ ജീവിതം, സിനിമാക്കമ്പനിയെ പല കാര്യങ്ങളിലും സഹായിക്കാന്‍ നില്‍ക്കുന്ന കലാസ്‌നേഹിയായ പഴയ നാടകനടന്റെ ജീവിതം... ഇവയെല്ലാം ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയും മുഖ്യപ്രമേയവുമായി കൂടിക്കുഴഞ്ഞു നീങ്ങുകയും ചെയ്യുന്നു. ദുര്‍ഗ്ഗ തന്റെ ജീവിതത്തെ ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രത്തോട് എങ്ങനെയെല്ലാമോ ഒത്തുചേര്‍ക്കുന്നു. ചലച്ചിത്രത്തിലെ ഒരു ദൃശ്യചിത്രണം കണ്ട് അവള്‍ നിലവിളിക്കുന്നുണ്ട്. കട്ടിലില്‍നിന്നും എഴുന്നേല്‍ക്കാനോ അനങ്ങാനോ പോലുമാകാതെ കിടപ്പിലായിരുന്ന വൃദ്ധന്‍ മരണമടയുന്നു. ആ സ്ത്രീ ഒറ്റയ്ക്കാവുന്നു. പഴയ നാടകനടന്‍ ഏറ്റെടുക്കുന്ന കാര്യങ്ങള്‍ അയാളെ ചില വിഷമസ്ഥിതികളിലേക്കു നയിക്കുന്നു. കലയുടേയും ജീവിതത്തിന്റേയും കൂടിക്കുഴയലാണ് സംഭവിക്കുന്നത്. ദുര്‍ഗ്ഗയെപ്പോലെ ചിലര്‍ക്കെങ്കിലും കലയും ജീവിതവും പരസ്പരം വേര്‍തിരിക്കാനാവാത്ത സ്ഥിതിയിലാകുന്നു. പുന:സൃഷ്ടിക്കപ്പെടുന്ന ഭൂതകാലം വര്‍ത്തമാന യാഥാര്‍ത്ഥ്യമായി അവളെ വേട്ടയാടുന്നുവോ? മൃണാള്‍ദായുടെ യഥാതഥവാദത്തോടുള്ള ആഭിമുഖ്യങ്ങള്‍ ഇവിടെ തെളിയുന്നുണ്ട്. തന്റെ ചലച്ചിത്രകലയില്‍ ഏറ്റവും നൂതനമായ സങ്കേതങ്ങള്‍ സ്വീകരിക്കുമ്പോഴും യഥാതഥവാദത്തോടുള്ള തന്റെ ആഭിമുഖ്യങ്ങള്‍ അദ്ദേഹം ഉപേക്ഷിക്കുന്നില്ല. ചലച്ചിത്രകലയെ ഒന്നാമതായി റിയലിസ്റ്റിക് കലാരൂപമായി കാണേണ്ടതുണ്ടെന്ന് അദ്ദേഹം കരുതിയിരുന്നു? 
സിനിമാക്കമ്പനിയില്‍നിന്നും ഒരു നടി പിണങ്ങിപ്പിരിഞ്ഞ് കല്‍ക്കത്തയിലേക്കു മടങ്ങിപ്പോകുന്നു. ഗ്രാമത്തിലെ വേശ്യയുടെ ഭാഗം അഭിനയിക്കാന്‍ സംഘത്തിന് പുതിയ ഒരാളെ കണ്ടെത്തേണ്ടിവരുന്നു. ചലച്ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന ഗ്രാമത്തില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ അവര്‍ ശ്രമിക്കുന്നു. ഒരു ഗ്രാമപ്രമുഖന്റെ മകള്‍ക്ക് അഭിനയിക്കാനുള്ള താല്പര്യം ഉണ്ടെന്നറിഞ്ഞ് സംവിധായകനും ഗ്രാമവാസിയായ നാടകനടനും കൂടി അവളെ കാണുന്നുണ്ട്. തന്റെ മകള്‍ വേശ്യയുടെ ഭാഗമാണ് അഭിനയിക്കേണ്ടതെന്നറിഞ്ഞ ഗ്രാമപ്രമുഖന്‍ അവരോടു കയര്‍ക്കുന്നു. മകള്‍ വേശ്യയുടെ റോളില്‍ അഭിനയിച്ചാല്‍ സമൂഹത്തില്‍ വേശ്യയായി മുദ്രകുത്തപ്പെടുമെന്ന് ഗ്രാമപ്രമുഖന്‍ ഭയക്കുന്നുണ്ട്. കലയെ ജീവിതമായിത്തന്നെ തിരിച്ചറിയുകയാണ്, അയാള്‍. ഇങ്ങനെ ചെയ്യുന്നതിലൂടെ കലാവിരുദ്ധമായി തീരുന്ന പ്രവണതകളേയും സമീപനങ്ങളേയും ചലച്ചിത്രകാരന്‍ ഫോക്കസ് ചെയ്യുന്നു. കല ജീവിതം തന്നെ. എന്നാല്‍, അതിലേറെ കല കല തന്നെയാണ്. ചലച്ചിത്രം ജീവിതത്തിന്റെ ആവിഷ്‌കാരമാകാം. എന്നാല്‍, ആദ്യമായി അത് ചലച്ചിത്രം തന്നെയാണ്. കലയെ ജീവിതത്തില്‍നിന്നും മാറ്റിനിര്‍ത്തി പരിശോധിക്കേണ്ട പ്രകരണങ്ങളുണ്ടെന്നു പറയാന്‍ വെമ്പുന്ന ചലച്ചിത്രകാരനെ നാം ഇവിടെ കണ്ടുമുട്ടുന്നു. മാര്‍ക്‌സിസത്തോടും മാര്‍ക്‌സിസത്തിന്റെ കലാവീക്ഷണങ്ങളോടും വലിയ അടുപ്പം കാണിച്ചിരുന്ന മൃണാള്‍ സെന്‍ അതിന്റെ യാന്ത്രിക വ്യാഖ്യാനങ്ങളോടു ചെറുത്തുനിന്നു. എപ്പോഴും പുതിയ ചലച്ചിത്ര സങ്കേതങ്ങള്‍ തേടിപ്പോകാന്‍   സെന്നിനെ പ്രാപ്തനാക്കിയത് വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശവും സ്വയംവിമര്‍ശവുമായിരിക്കണം.  

ഗ്രാമത്തിലെ നാടകനടന്റെ മകളെ ചലച്ചിത്രത്തില്‍ അഭിനയിപ്പിക്കാനുള്ള ശ്രമവും എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവരുന്നു. ഒരു നടിയെ കണ്ടെത്താനുള്ള സിനിമാസംഘത്തിന്റെ ശ്രമം ദുര്‍ഗ്ഗയിലെത്തിച്ചേരുന്നു. കൈകള്‍ നഷ്ടപ്പെട്ട് ക്ഷീണിതനായ ഭര്‍ത്താവും രോഗബാധിതനായ കുഞ്ഞും അടങ്ങുന്ന ദുര്‍ഗ്ഗയുടെ കുടുംബം ജീവിക്കുന്നത് അവളുടെ അദ്ധ്വാനത്തില്‍നിന്നുള്ള വരുമാനം കൊണ്ടാണ്. സിനിമയില്‍ അഭിനയിച്ചാല്‍ കിട്ടുന്ന പണം അവളുടെ ജീവിതത്തിന് ആശ്വാസമാകുമായിരുന്നു. എന്നാല്‍, കാര്യങ്ങള്‍ ആ ദിശയിലല്ല നീങ്ങുന്നത്. മകന്റെ രോഗശുശ്രൂഷയ്ക്കായി അവള്‍ വാങ്ങിയ തുകപോലും അവളുടെ ഭര്‍ത്താവിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ദുര്‍ഗ്ഗയ്ക്കു തിരിച്ചു നല്‍കേണ്ടിവരുന്നു. സിനിമാസംഘത്തോട് ഗ്രാമവാസികളില്‍ അപ്രീതിയും അനിഷ്ടവും പെരുകുന്നു. ഹെഡ്മാസ്റ്ററുടെ ഉപദേശപ്രകാരം അവര്‍ ഗ്രാമം വിട്ടുപോകുന്നു. മൃണാള്‍ സെന്‍ ദുര്‍ഗ്ഗയുടെ ശേഷജീവിതം കൂടി പറഞ്ഞിട്ടേ ചലച്ചിത്രം അവസാനിപ്പിക്കുന്നുള്ളൂ. രോഗബാധിതനായ കുഞ്ഞ് അസുഖം മൂര്‍ച്ഛിച്ച് മരിക്കുന്നു. അവളുടെ ഭര്‍ത്താവ് പുറപ്പെട്ടുപോകുന്നു. അവള്‍ ഒറ്റയ്ക്കാകുന്നു. ദുര്‍ഗ്ഗയെ കലയില്‍നിന്നും ബഹിഷ്‌കൃതരാക്കിയവര്‍ ജീവിതത്തില്‍നിന്നുകൂടി പുറന്തള്ളുകയായിരുന്നുവെന്നു നമുക്കു തോന്നുന്നു. കലയും ജീവിതവും തമ്മിലുള്ള ബന്ധത്തെ ചലച്ചിത്രകാരന്‍ വീണ്ടും എടുത്തു പറയുന്നതായും. കലയും ജീവിതവും തമ്മിലുള്ള എപ്പോഴും അനിശ്ചിതവും സന്ദിഗ്ദ്ധവുമായ ബന്ധങ്ങളെ മൃണാള്‍ദാ വലിയ പ്രശ്‌നീകരണങ്ങള്‍ക്കു വിധേയമാക്കുന്നതാണ് ഈ ചലച്ചിത്രത്തില്‍ നാം കാണുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com