ചില പരിചയപ്പെടലുകള്‍(തുടര്‍ച്ച)

പുതിയ ലക്കത്തിന്റെ  കുറച്ചു  പ്രൂഫ് വായിക്കാനുണ്ടായിരുന്നു. ചില ലേഖനങ്ങള്‍ കൂടി എത്തിക്കുകയും വേണം.  
ചില പരിചയപ്പെടലുകള്‍(തുടര്‍ച്ച)

രു നാള്‍ കാലത്ത് കെ.പി.സി.സി. ഓഫീസ് മാനേജര്‍ തിരുമുല്‍പ്പാട് എന്നോട് പറഞ്ഞു:
''ഇന്ന് വൈകീട്ട് വീക്ഷണം എഡിറ്റോറിയല്‍ മീറ്റിങ്ങുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. കുമാരന്‍ കൂടി ഉണ്ടാവണം.'' 
    എഡിറ്റോറിയല്‍ മീറ്റിങ്ങിന്റെ സ്വഭാവം എന്താണെന്ന്  എനിക്കറിയില്ലായിരുന്നു. കോളേജ് മാഗസിന്റെ എഡിറ്ററായിരുന്നു.  പത്രാധിപസമിതി ഉണ്ടായിരുന്നു.  എന്നാല്‍ അതിന്റെ പേരില്‍ യോഗം ചേരാനൊന്നും കഴിഞ്ഞിരുന്നില്ല.  മാനേജ്മെന്റ് എല്ലാ കാര്യങ്ങളിലും ഇടപെട്ടു മുടക്കുമായിരുന്നു.  ആദ്യമായിട്ടാണ് ഒരു എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നത്.  എനിക്കുണ്ടായ സന്തോഷത്തിന്  മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.  ഞാന്‍ കൂടി ആ യോഗത്തില്‍ പങ്കെടുക്കേണ്ട എന്തോ ഒരു ചെറിയ പ്രാധാന്യം എനിക്കുണ്ടെന്ന് ആരോ തിരിച്ചറിഞ്ഞിരിക്കുന്നു.  അതുകൊണ്ടായിരിക്കുമല്ലോ പ്രസിഡന്റ് അങ്ങനെയൊരു നിര്‍ദ്ദേശം കൊടുക്കാന്‍ കാരണം.
    പുതിയ ലക്കത്തിന്റെ  കുറച്ചു  പ്രൂഫ് വായിക്കാനുണ്ടായിരുന്നു. ചില ലേഖനങ്ങള്‍ കൂടി എത്തിക്കുകയും വേണം.  മാധവന്‍മാഷും വാരിയര്‍സാറും ലേഖനങ്ങള്‍ തിടുക്കപ്പെട്ടു എഴുതിക്കൊണ്ടിരിക്കുകയാണ്. മാധവന്‍മാഷ് ദേശീയ - അന്തര്‍ദ്ദേശീയ വിഷയങ്ങളും വാരിയര്‍സാര്‍ കേരള രാഷ്ട്രീയവുമാണ്  കൈകാര്യം ചെയ്യുന്നത്.  എഡിറ്റോറിയല്‍ യോഗം കഴിഞ്ഞതിനു ശേഷം പ്രസ്സിലേക്ക് പോകാമെന്ന് ഞാന്‍ വിചാരിച്ചു.  നാലു മണിയോടെ പ്രസിഡന്റ് ഓഫീസില്‍ എത്താമെന്നാണ്  അറിയിച്ചിരിക്കുന്നത്.  അദ്ദേഹം ഒരിക്കലും പറഞ്ഞ സമയം തെറ്റിക്കാറില്ല. അദ്ദേഹത്തെ കാണാന്‍ കാത്തിരിക്കുന്നവരോടും ഓഫീസിലുള്ളവര്‍ കൃത്യസമയം പറയും. ആ സമയത്ത് വന്നാല്‍ മതി. അന്നും നാലു മണിക്ക് തന്നെ പ്രസിഡന്റ് എത്തി. വൈകാതെ വാരികയുടെ എഡിറ്റോറിയല്‍ യോഗം ആരംഭിക്കുകയും ചെയ്തു. എഡിറ്റോറിയല്‍ യോഗത്തില്‍ പുതുതായി ഒരാള്‍ കൂടി ഉണ്ടായിരുന്നു. എനിക്ക് പരിചയമില്ല. നല്ല ഗുസ്തിക്കാരനെപ്പോലെ തടിച്ചുള്ള ഒരാള്‍. നല്ല ഉറച്ച ശബ്ദത്തില്‍ പ്രസിഡന്റിനോട് എന്തോ ചില കാര്യങ്ങള്‍ വളരെ സ്വാതന്ത്ര്യത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്നു.  ഞാനയാളെ സൂക്ഷ്മമായി നോക്കി. എന്റെ നോട്ടം കണ്ടിട്ടാകാം പ്രസിഡന്റ് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. എന്നിട്ട് എന്നോട് പറഞ്ഞു:

''ഇദ്ദേഹം  പെരുന്ന തോമസ്. കേരളകൗമുദി ലേഖകനാണ്.''
പെരുന്ന തോമസ്. എവിടെയോ ഞാന്‍ ആ പേര് കേട്ടിട്ടുണ്ട്. ആരാണ് ഇദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്? ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നു.  അതിനിടയില്‍ പ്രസിഡന്റ് സംസാരിച്ചു തുടങ്ങി. പുതുതായി തുടങ്ങിയ വീക്ഷണം വാരികയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍. വാരിക വലിയൊരു പ്രസ്ഥാനമായി വികസിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഭാവിയില്‍ ഇതൊരു പത്രമായി വളരാനും സാദ്ധ്യതയുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വായനയുടെ പുതിയൊരു സംസ്‌ക്കാരമാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്. ആദ്യകാലത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക്  വിപുലമായൊരു വായനാസംസ്‌ക്കാരമുണ്ടായിരുന്നു. പിന്നെ അത് നഷ്ടപ്പെട്ടു.  അത് തിരിച്ചു കൊണ്ടുവരാന്‍ വീക്ഷണത്തിലൂടെ കഴിയണം.  ഒരു കൊച്ചുകുഞ്ഞിന്റെ  ആവേശത്തോടെയാണ് വീക്ഷണത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത്. ഒരുപക്ഷേ, അദ്ദേഹം പ്രസിഡന്റായിരുന്നില്ലെങ്കില്‍ ഇങ്ങനെയൊരു പ്രസിദ്ധീകരണം ഉണ്ടാകുമായിരുന്നില്ലെന്നും എനിക്ക് തോന്നി. ഇതിനുവേണ്ടി ഫണ്ടുണ്ടാക്കാന്‍  അദ്ദേഹം കേരളത്തിലുടനീളം  സഞ്ചരിക്കുകയുണ്ടായി.  അദ്ദേഹത്തിന്റെ സംസാരം കഴിഞ്ഞതിനുശേഷം ഓരോരുത്തരേയും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അദ്ദേഹം ക്ഷണിച്ചു. ആദ്യം പത്രാധിപര്‍, പിന്നെ മറ്റംഗങ്ങള്‍. പെരുന്ന തോമസ് വളരെ ആവേശത്തോടെയാണ് സംസാരിച്ചത്. രാഷ്ട്രീയത്തിലേയും പത്രപ്രവര്‍ത്തനത്തിലേയും കാപട്യങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ സംസാരം.  എന്തും തുറന്നു പറയുന്ന ഒരു പ്രകൃതമാണ് അദ്ദേഹത്തിനുള്ളതെന്ന് തോന്നുന്നു. അദ്ദേഹത്തെ കേട്ടുകൊണ്ടിരിക്കെ ഞാന്‍ ആലോചിക്കുകയായിരുന്നു ഈ പേര് ഞാന്‍ എവിടെയാണ് കേട്ടത്? വളരെ പരിചിതമായ ഒരു പേര്. ചര്‍ച്ചയുടെ ഒടുവില്‍ എന്നോട് സംസാരിക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു.  ഞാനത്  പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പും നടത്തിയിരുന്നില്ല.  അത്രയൊന്നും അറിയാത്ത കാര്യത്തെക്കുറിച്ചു അവരുടെ മുന്‍പില്‍ സംസാരിക്കുന്നത് ശരിയല്ലെന്നും തോന്നി. എങ്കിലും എന്നെ പരിഗണിച്ചതില്‍ എനിക്ക് സന്തോഷം ഉണ്ടായിരുന്നു.  എഴുന്നേറ്റുനിന്നു വളരെ ഭവ്യതയോടെ  പറഞ്ഞു:
''ഞാന്‍ കാര്യങ്ങള്‍ മനസ്സിലാക്കി വരുന്നതേ ഉള്ളൂ. പിന്നീടൊരിക്കല്‍ അഭിപ്രായം പറയാം.''

അന്നത്തെ സംസാരം അവസാനിച്ചപ്പോള്‍ കെ.പി.സി.സി. പ്രസിഡന്റിനെ മറ്റൊരു തരത്തില്‍ അറിയുകയായിരുന്നു ഞാന്‍. അദ്ദേഹം തികഞ്ഞ ഒരു രാഷ്ട്രീയക്കാരനാണ്. എന്നാല്‍ അതിലുപരിയായി എന്തെല്ലാമോ സവിശേഷതകള്‍ അദ്ദേഹത്തില്‍ ഉള്ളതായി അനുഭവപ്പെട്ടു.  ഒരു കേവലമൊരു രാഷ്ട്രീയക്കാരന്‍ എന്നതിലുപരി മറ്റെന്തൊക്കെയോ ആണ് അദ്ദേഹം. അധികാരത്തിലോ മറ്റ് ബാഹ്യമായ ആഡംബരങ്ങളിലോ അഭിരമിക്കാത്ത ഒരു മനസ്സ് അദ്ദേഹത്തിനുണ്ടെന്ന് ഞാന്‍ ഇതിനിടെ മനസ്സിലാക്കിയിരുന്നു. എന്നാല്‍, അതിന് പുറമെ പൊതുസമൂഹം ആവശ്യപ്പെടുന്ന ചില സവിശേഷതകള്‍ കൂടി അദ്ദേഹത്തിലുണ്ടെന്ന് തിരിച്ചറിയുവാനും കഴിഞ്ഞു. അതെന്നെ സന്തോഷിപ്പിക്കുകയായിരുന്നു. ഒരുപക്ഷേ, ഞാന്‍ വിഭാവനം ചെയ്യുന്ന ഒരു രാഷ്ട്രീയസ്വഭാവം  അദ്ദേഹത്തില്‍ കണ്ടതുകൊണ്ടാകും. 
ചര്‍ച്ച കഴിഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ പെരുന്ന തോമസിനെക്കുറിച്ചാണ് ഓര്‍ത്തുകൊണ്ടിരുന്നത്.  ചില പ്രത്യേകതയുള്ള ഒരാള്‍. പെട്ടെന്നാണ്  വൈക്കം മുഹമ്മദ് ബഷീര്‍ എന്റെ ഓര്‍മ്മയിലേക്ക് കടന്നുവന്നത്. അദ്ദേഹത്തിന്റെ രചനകളില്‍ ചിലയിടങ്ങളില്‍ പെരുന്ന തോമസിനെ പരാമര്‍ശിക്കുന്നുണ്ട്.  പെരുന്ന ഒരു കഥാകൃത്ത് കൂടിയാണ്.  അദ്ദേഹം പ്രസിഡന്റിന്റെ മുറിയി നിന്നും ഇറങ്ങിവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു ചോദിച്ചു: ''ബഷീറിന്റെ രചനകളില്‍ പരാമര്‍ശിക്കുന്ന പെരുന്ന തോമസ് താങ്കളാണോ?''
''അതെ കുട്ടി. അത് ഞാന്‍ തന്നെ.''
അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം. എന്നെക്കുറിച്ച് അദ്ദേഹം ഒന്നും ചോദിച്ചില്ല. ഞാന്‍ പറയാനും തുനിഞ്ഞില്ല. 
അന്നു വൈകീട്ട് വാരികയിലേക്കാവശ്യമായ ലേഖനങ്ങളുമായി  പ്രസ്സിലേക്ക് ചെല്ലുമ്പോള്‍, അതിന്റെ മുറ്റത്ത്  സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ നില്പുണ്ടായിരുന്നു.  അദ്ദേഹത്തെ പ്രസ്സിന് പുറത്ത് ആ നിലയില്‍ ആദ്യമായാണ് കാണുന്നത്. മുന്‍പു കാണുമ്പോഴൊക്കെ  മുറിക്കുളളില്‍ തിരക്കിട്ട് ജോലി ചെയ്യുകയായിരിക്കും.  സംസാരിക്കാന്‍പോലും സാവകാശം ലഭിക്കാറില്ല.  അദ്ദേഹത്തോട് സംസാരിക്കണമെന്ന് വല്ലപ്പോഴും ഞാന്‍ ആഗ്രഹിച്ചിരുന്നു.  പ്രശസ്തനായ ഒരെഴുത്തുകാരനെ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ ആദ്യമായിട്ടാണ് ഞാന്‍ അടുത്തു നിന്നും കാണുന്നത്.  അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകങ്ങള്‍ ഏറെയും വായിച്ചിട്ടുണ്ട്. 'കാഞ്ചനസീത' എനിക്കിഷ്ടപ്പെട്ട നാടകമാണ്. കാഞ്ചനസീതക്കനുബന്ധമായി രാമായണത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയും നാടകങ്ങള്‍ വരുന്നുണ്ട് എന്ന് കേട്ടിരുന്നു. ഒരുപക്ഷേ, അതിന്റെ  ആലോചനയിലായിരിക്കും അദ്ദേഹം. ശ്രീകണ്ഠന്‍നായരുടെ 'അര്‍ച്ചന ടീച്ചര്‍' എന്ന സിനിമ ഞാന്‍ കണ്ടിരുന്നു. 'കാമുകി' എന്നൊരു സിനിമ ഇടയ്ക്ക് മുടങ്ങിപ്പോയതായും കേട്ടു. പ്രശസ്തരായ എഴുത്തുകാരാരുമായും എനിക്ക് വ്യക്തിപരമായ ബന്ധമുണ്ടായിരുന്നില്ല.  പലരേയും പരിചയപ്പെട്ടിട്ടുപോലും ഇല്ല. എല്ലാ എഴുത്തുകാരേയും ആദരിക്കും. ദൂരെനിന്ന് അവരെ മനസ്സിലാക്കുന്നതിനായിരുന്നു ഏറെ താല്പര്യം.  അതുകൊണ്ടാണ് അഞ്ചുവര്‍ഷക്കാലം കോഴിക്കോട് നഗരത്തില്‍ താമസിച്ചിട്ടും അവിടെയുള്ള ഒരെഴുത്തുകാരനെപ്പോലും വ്യക്തിപരമായി പരിചയപ്പെടാന്‍ തുനിയാതിരുന്നത്.  അപ്പോഴേക്കും മലയാളത്തിലെ  ഒട്ടുമിക്ക ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എന്റെ രചനകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ പേര് പറഞ്ഞു പരിചയപ്പെടാനും എളുപ്പമായിരുന്നു. എന്നാല്‍ അത്തരം ഒരു പരിചയപ്പെടലിനോട് എനിക്കെന്നും വിമുഖതയായിരുന്നു. പരിചയപ്പെടാന്‍ ഒരു നിമിത്തം വേണം. അതല്ലാതെയുള്ള പരിചയപ്പെടല്‍ ആത്മപ്രശംസയുടെ ഭാഗമാണെന്ന്  പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരം സന്ദര്‍ഭങ്ങള്‍ ഞാന്‍ കഴിവതും ഒഴിവാക്കിക്കൊണ്ടിരുന്നു.  ആകാശവാണിയില്‍  അക്കാലത്ത് ധാരാളം എഴുത്തുകാരുണ്ടായിരുന്നു. യുവവാണി, സാഹിത്യവേദി എന്നീ പംക്തികളില്‍ പതിവായി ഞാന്‍ പങ്കെടുക്കാറുമുണ്ട്. ആകാശവാണിയില്‍ എത്തുന്ന സന്ദര്‍ഭങ്ങളില്‍ പരിപാടി റെക്കോര്‍ഡ് ചെയ്യാന്‍ പോകുന്ന വഴി തിക്കോടിയനേയും ഉറൂബിനേയും അക്കിത്തത്തേയും കക്കാടിനേയും കെ.എ. കൊടുങ്ങല്ലൂരിനേയും യു.എ. ഖാദറിനേയും വിനയനേയും എല്ലാം കാണാറുണ്ടായിരുന്നു. അവരോടൊക്കെ ആദരവ് കാട്ടി റെക്കോര്‍ഡിങ്ങിന്റെ ചുമതലയുണ്ടായിരുന്ന എ.പി. മെഹ്റാലിയുടെ അടുത്തേക്ക് പോകും. അപ്പോഴൊക്കെ ഓര്‍ക്കും എന്നെങ്കിലും  ഇവരുമായി പരിചയപ്പെടാന്‍ ഒരവസരമുണ്ടാകും.  ഒരു നിമിത്തം വന്നു വീഴാതിരിക്കില്ല.  അതുപോലെ കോഴിക്കോട്ട് നഗരത്തിലൂടെ നടക്കുമ്പോള്‍ ചിലപ്പോള്‍ എം.ടി. വാസുദേവന്‍നായരേയും എന്‍.പി. മുഹമ്മദിനേയും  കാണാറുണ്ട്. ഒന്നുകില്‍ അവര്‍ എനിക്കെതിരെ വരുന്നു. അല്ലങ്കില്‍ എന്നെ മറികടന്നു പോകുന്നു. അപ്പോഴൊക്കെ മനസ്സില്‍ പറയും. എനിക്ക് ഒരുപാട് ആദരവുള്ള എഴുത്തുകാര്‍. ഒരിക്കല്‍ അവരുമായി യാതൊരു ആമുഖവും കൂടാതെ സംസാരിക്കാന്‍ കഴിയുന്ന ഒരവസരം വന്നേക്കും.  സ്വയം പരിചയപ്പെടുത്തി, പ്രശസ്തരായ എഴുത്തുകാര്‍ക്ക് കത്തെഴുതുന്ന ശീലവും എനിക്കില്ലായിരുന്നു. അവരുടെ കൃതികള്‍ കൊതിയോടെ വായിക്കുക മാത്രമാണ്  ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെയാണ് സാഹിത്യരംഗത്ത് അത്ര വിപുലമായ സൗഹൃദബന്ധങ്ങള്‍ എനിക്ക് ആദ്യകാലത്ത് ഉണ്ടാകാതിരുന്നത്.
അലസനായി നില്‍ക്കുന്ന സി.എന്‍. ശ്രീകണ്ഠന്‍നായരുടെ അടുത്തേക്ക് ഞാന്‍ ചെന്നു. എന്നെ പരിഗണിക്കുന്ന മട്ടില്‍ അദ്ദേഹം ചെറുതായി ഒന്നു ചിരിച്ചു. ഇക്കാലത്തിനിടയില്‍ വീക്ഷണത്തിലെ ഒരു ജീവനക്കാരന്‍ എന്ന നിലയില്‍ എന്നെ അംഗീകരിക്കുന്ന കാഴ്ചപ്പാടില്‍ അദ്ദേഹം എത്തിയിരുന്നു. സംസാരിക്കുന്ന മനോഭാവത്തിലാണെന്നു തോന്നിയതുകൊണ്ടു ഞാന്‍ അദ്ദേഹത്തിന്റെ നാടകങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍  ചോദിക്കാന്‍ തീരുമാനിച്ചു.  ശ്രദ്ധേയങ്ങളായ ധാരാളം നാടകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അവയില്‍ തികച്ചും പരീക്ഷണാത്മകമായ ഒരു നാടകവുമുണ്ട്, 'കലി'. വേദിയില്‍ അത് പരാജയപ്പെടുകയായിരുന്നു.  അതിനെക്കുറിച്ച് അദ്ദേഹം അന്നു പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്. ''ആ നാടകത്തിന് ഒരു ആദ്യരാത്രി ഇല്ലായിരുന്നു'' ഞാന്‍ സംശയം ഉന്നയിച്ചത് ഇതിനെ മുന്‍നിര്‍ത്തിയാണ്. പിന്നെ 'കാമുകി' മുടങ്ങിപ്പോയതിനെക്കുറിച്ചുമാരാഞ്ഞു.  ഇതിനിടയില്‍ ഒരിക്കലും ഞാന്‍ എഴുതുന്ന കാര്യം പറയാതിരിക്കാന്‍ ശ്രമിച്ചിരുന്നു. സംസാരം  പല വിഷയങ്ങളെക്കുറിച്ചും കടന്നു പോകുന്നതിനിടയില്‍ ഒരു കാര്‍ മുറ്റത്തു വന്നുനിന്നു. അതില്‍നിന്നും തടിച്ചു കുറുതായ വെള്ള വസ്ത്രം ധരിച്ച ഒരാള്‍ ഇറങ്ങിവന്നു. ആരാണെന്ന് പെട്ടെന്ന് മനസ്സിലായി.  പത്രങ്ങളില്‍ പടങ്ങള്‍ പതിവായി കാണാറുണ്ട്.  ഫാക്ട് മാനേജിംഗ് ഡയറക്ടര്‍ എം.കെ.കെ. നായര്‍, കലാസ്‌നേഹിയായ മാനേജ്മെന്റ് വിദഗ്ദ്ധന്‍. തികച്ചും ഒരപരിചിതനായിട്ടുപോലും എന്നെ കണ്ടു ഹൃദ്യമായി ആദ്ദേഹം ചിരിച്ചു. ഞാന്‍ തൊഴുതു. പിന്നെ അവര്‍ അകത്തേക്ക് നടന്നു. 
അന്ന് അത്രയ്‌ക്കൊന്നും തിരക്കില്ലാത്ത ഒരു ദിവസമായിരുന്നു.  വാരികക്കാവശ്യമായ ലേഖനങ്ങളെല്ലാം നോക്കിക്കൊടുത്തു. കുറേക്കൂടി കഴിഞ്ഞാല്‍ നേരിട്ട് ക്ലാസ്സിലേക്ക് പോകാം. ഇതിനിടയില്‍ എന്തുചെയ്യണമെന്ന്  ആലോചിച്ചിരിക്കുമ്പോഴാണ് മുന്‍പില്‍ അച്ചടിച്ചുവെച്ച ഫോറങ്ങള്‍ കാണുന്നത്.  കഴിഞ്ഞ കുറേ നാളായി ഞാനത് കാണുന്നു. എന്താണെന്നറിയാന്‍ കൗതുകത്തോടെ അതു മറിച്ചുനോക്കി. അയ്യപ്പപ്പണിക്കരുടെ കവിതകള്‍. അദ്ദേഹത്തിന്റെ കവിതകള്‍ ആദ്യമായിട്ടാണ്  പുസ്തകരൂപത്തിലാക്കുന്നത്. എനിക്കിഷ്ടപ്പെട്ട കവിയാണ് അയ്യപ്പപ്പണിക്കര്‍. അതുകൊണ്ടുതന്നെ അതൊന്നു മറിച്ചുനോക്കാന്‍ എനിക്ക് താല്പര്യം തോന്നി. പ്രസ്സുകാര്‍ സമ്മതിക്കുമോ എന്നറിയില്ല.  കുറച്ചു നാളത്തെ പ്രസ്സുമായുള്ള ഇടപെടലോടെ ഞാനവിടുത്തെ അന്തേവാസിയായി കഴിഞ്ഞിരുന്നു.  ആ സ്വാതന്ത്ര്യമെടുത്ത് ഞാന്‍ മനേജരോട് അനുവാദം ചോദിച്ചു.  അയാളതിന് സമ്മതവും തന്നു. കടലാസ്സുകള്‍ മറിച്ചുനോക്കിയപ്പോഴാണ് വലിയൊരത്ഭുതം എന്റെ മുന്‍പില്‍ പൊട്ടിവീണത്. കവിതാസമാഹാരത്തിന് പഠനം എഴുതിയത് ചിത്രകാരനായ എം.വി. ദേവനാണ്. ആദ്യമായിട്ടാണ്  എം.വി. ദേവന്റെ അത്തരത്തിലുള്ള ഒരു പഠനം ഞാന്‍ കാണുന്നത്. ചിത്രകാരനായ ദേവനെയറിയാം.  ഉറൂബിന്റെ നോവലുകള്‍ക്ക്  വരച്ച ചിത്രങ്ങള്‍ പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കണ്ടിട്ടുണ്ട്. അദ്ദേഹം എന്റെ നാട്ടുകാരന്‍ കൂടിയാണ്. വലിയൊരു പഠനമായിരുന്നു അത്. മുന്‍പ് അത്തരത്തിലുള്ള പഠനങ്ങള്‍ (അവതാരികകള്‍) വളരെ കുറച്ചേ കണ്ടിരുന്നുള്ളൂ. ഉമ്മാച്ചു (എന്‍.പി. മുഹമ്മദ്), താമരത്തോണി (സി.പി. ശ്രീധരന്‍) എന്നിവയിലെ  അവതാരികകള്‍ ഏറെ ശ്രദ്ധേയങ്ങളായിരുന്നു. ഇപ്പോഴിതാ അതേ ഗൗരവത്തിലുള്ള മറ്റൊരു അവതാരിക. അന്നു വൈകീട്ട് അവിടെ ഇരുന്നുകൊണ്ടതു വായിച്ചുതീര്‍ത്തു. അയ്യപ്പപ്പണിക്കരുടെ കവിതയെ ചിത്രകലയുമായി നിബന്ധിച്ചുകൊണ്ടുള്ള ഒരന്വേഷണമാണ്  അവതാരികയില്‍ കണ്ടത്. എം.വി. ദേവന്‍ എന്ന വലിയ ചിത്രകാരന്റെ സാഹിത്യ മനസ്സിനെ ആദ്യമായി ഞാന്‍ അറിയുകയായിരുന്നു.  പുറംലോകം  അറിയാത്ത ഇത്തരം വ്യക്തിത്വങ്ങള്‍ ഓരോരുത്തരിലും ഉണ്ടെന്നും ഞാന്‍ മനസ്സിലാക്കുകയായിരുന്നു. എം.വി. ദേവനെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. കാണണമെന്ന് എനിക്കാഗ്രഹമുണ്ട്. അദ്ദേഹം എറണാകുളത്താണ് താമസമെന്നറിയാം.  ഫാക്ടിലെ വാസ്തുശില്പ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും കേട്ടിരുന്നു. പ്രശസ്തനായ ചിത്രകാരന്‍ വാസ്തുവിദ്യയിലും പ്രഗല്‍ഭനാകുന്നു.  എന്നാല്‍, അത്ഭുതമെന്ന് പറയട്ടെ, അടുത്തയാഴ്ച ഞാന്‍ അദ്ദേഹത്തെ കാണുക തന്നെ ചെയ്തു. വാരികയിലേക്കുള്ള ലേഖനങ്ങളുമായി ശ്രീമുദ്രാലയത്തില്‍ ചെന്നപ്പോള്‍ സി.എന്‍. ശ്രീകണ്ഠന്‍നായരുടെ മുറിയില്‍ അദ്ദേഹം ഇരിക്കുന്നു. സ്വര്‍ണ്ണനിറത്തിലുള്ള ജുബ്ബയും തോളിലിരിക്കുന്ന രണ്ടാംമുണ്ടുമാണ്  ശ്രദ്ധിക്കാന്‍ തോന്നിയത്. അദ്ദേഹം ഉച്ചത്തിലാണ് സംസാരിക്കുന്നത്.  വളരെ സ്ഫുടമായ  ഭാഷയില്‍. ഞാന്‍ പരിചയപ്പെടാന്‍ പോയില്ല. അതിന്റെ ആവശ്യമില്ലല്ലോ. എന്നെയാരും പരിചയപ്പെടുത്താനും തുനിഞ്ഞില്ല. അതിന്റേയും ആവശ്യമില്ല.  ലേഖനങ്ങള്‍ മാനേജരെ ഏല്പിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു ദേവന്‍ മാഷെ ഒരിക്കല്‍ക്കൂടി ആദരവോടെ നോക്കിക്കാണാന്‍ ഞാന്‍ തിരിച്ചുപോരുകയായിരുന്നു.
    രാഷ്ട്രീയത്തെ കുറേക്കൂടി മനസ്സിലാക്കാന്‍ തുടങ്ങിയതോടെ പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം വായിക്കാന്‍ തുടങ്ങി. അപ്പോഴാണ് വാരികയില്‍ എന്റേതായ ഒരു പംക്തി തുടങ്ങിയാലെന്തെന്ന് ഞാന്‍ ആലോചിച്ചത്. വാരികയ്ക്ക് ധാരാളം വരിക്കാരുണ്ടായിരുന്നു.  ഇരുപത്തയ്യായിരത്തോളം കോപ്പി അച്ചടിക്കുന്നു. പതിനയ്യായിരത്തോളം വരിക്കാരുണ്ട്.  ബാക്കി കോപ്പികള്‍ ഏജന്‍സിവഴിയാണ് വില്‍ക്കുന്നത്.  വാരിക വായിക്കപ്പെടുന്നുണ്ടെന്ന്  വായനക്കാരില്‍നിന്നും ലഭിക്കുന്ന കത്തുകളും വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെയാണ് ഒരു പംക്തി എഴുതാന്‍ ആഗ്രഹിച്ചത്. സമകാലിക രാഷ്ട്രീയ സംഭവങ്ങളോടുള്ള ഒരു പ്രതികരണം.  വളരെ ലളിതമായ സമീപനം. ആ പംക്തി ഒരു തൂലികാ നാമത്തില്‍ എഴുതാനാണ് ഞാന്‍ ഉദ്ദേശിച്ചത്. 'അക്തേയന്‍' എന്ന പേരാണ് ഞാന്‍ തിരഞ്ഞെടുത്തത്. ഒ.എം. അനുജന്റെ 'അക്തേയന്‍' എന്ന കവിത ഞാന്‍ വായിച്ചിരുന്നു.  കാട്ടില്‍ മാന്‍വേട്ടക്ക് പോയ രാജാവ് ഒരു തടാകത്തില്‍ തനിച്ചു മുഖം കഴുകാന്‍ തുനിഞ്ഞപ്പോള്‍ ജലോപരി തലത്തില്‍ പ്രതിഫലിച്ച തന്റെ മുഖസൗന്ദര്യം കണ്ട് അമ്പരക്കുകയും അതിനിടയില്‍ മാനായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. രാജാവിന് പിറകെ മാന്‍വേട്ടക്ക് ഇറങ്ങിയ അനുചരവൃന്ദങ്ങള്‍ തടാകക്കരയില്‍ നില്‍ക്കുന്ന മാനിനെ കണ്ടു. അതിന് നേരെ അമ്പെയ്യുന്നു. എന്നിട്ട് വിളിച്ചു പറയുന്നു: ''രാജാവേ  ഞങ്ങളിതാ മാനിനെ പിടിച്ചു. ഓടിവരൂ. ഓടിവരൂ.''
    എനിക്ക് ഇഷ്ടപ്പെട്ട ഒരു കവിതയായിരുന്നു അത്.  കോളം എഴുതി അംഗീകാരത്തിനായി എഡിറ്ററെ ഏല്പിച്ചു. അദ്ദേഹം അത് വായിച്ചു മറ്റു പത്രാധിപസമിതി അംഗമായ മാധവന്‍ മാഷെ ഏല്പിച്ചു. എന്തിലും ആദ്യം ഒരു കുറ്റം കാണുന്ന ഒരു സ്വഭാവം അദ്ദേഹത്തിനുണ്ട്. എന്റെ മുന്‍പിലിരുന്നു വളരെ ശ്രദ്ധാപൂര്‍വ്വം രണ്ടോ മൂന്നോ  തവണ അതു വായിച്ചു.  എന്നിട്ടും  വിശ്വാസം വരാത്തവണ്ണം എന്നെ ഒന്നു നോക്കി ചോദിച്ചു:
    ''എല്ലാ ആഴ്ചയും  ഇതുപോലെ എഴുതാന്‍ കഴിയുമോ?''
    ഞാന്‍ പറഞ്ഞു: ''നോക്കാം.''
    വാരിയര്‍സാറും വായിച്ചു. നല്ല അഭിപ്രായം പറഞ്ഞു.  ഒരു പംക്തി തുടങ്ങുന്ന കാര്യം വാരികയുടെ പ്രസാധകന്‍ കൂടിയായ കെ.പി.സി.സി. പ്രസിഡന്റിനോട്  എഡിറ്റര്‍ പറഞ്ഞു.  അദ്ദേഹം പ്രോത്സാഹിപ്പിക്കുന്ന മട്ടില്‍ എന്റെ  തോളത്ത് ഒന്നു തട്ടി ''നടക്കട്ടെ'' എന്നു പറഞ്ഞു.  തൊട്ടടുത്ത ആഴ്ചതൊട്ട് 'അക്തേയന്‍' എന്ന തൂലികാ നാമത്തിലുള്ള ഒരു പംക്തി വാരികയില്‍ ആരംഭിച്ചു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com