സ്പന്ദിക്കുന്ന സമരകാലങ്ങള്‍: 'സമരകേരളം' എന്ന പുസ്തകത്തെക്കുറിച്ച്

വ്യക്തമായ ലക്ഷ്യങ്ങളും കാരണങ്ങളും ഓരോ സമരത്തിന്റെ പിന്നിലും ഉണ്ടായിരുന്നു. ദീര്‍ഘകാലത്തെ ഇത്തരം സമരങ്ങളുടെ സമാഹാരമാണ് മലയാളിയുടെ ജീവചരിത്രം. 
സ്പന്ദിക്കുന്ന സമരകാലങ്ങള്‍: 'സമരകേരളം' എന്ന പുസ്തകത്തെക്കുറിച്ച്

കേരളം മലയാളികളുടെ മാതൃഭൂമിയായി രൂപപ്പെട്ടത് നിരവധി സമരങ്ങളിലൂടെയാണ്. പിന്നീട് ഇന്ത്യയുടെ ഭൂപടത്തില്‍ സവിശേഷ സ്ഥാനം നേടിയതും സമരപരമ്പരകളുടെ ഊര്‍ജ്ജത്തിലൂടെയാണ്. നവോത്ഥാനകാലം മുതല്‍ കേരളം നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരു ജനതയെ ആന്തരികമായി ശക്തിപ്പെടുത്താനും രാഷ്ട്രീയമായി സജീവമാക്കാനും സാമ്പത്തിക പുരോഗതിയിലേക്ക് എത്തിക്കാനും ഈ സമരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളീയര്‍ക്ക് സമരം സാമൂഹിക അതിജീവനത്തിന്റേയും രാഷ്ട്രീയാവബോധത്തിന്റേയും വഴിയും വെളിച്ചവുമാണ്. വ്യക്തമായ ലക്ഷ്യങ്ങളും കാരണങ്ങളും ഓരോ സമരത്തിന്റെ പിന്നിലും ഉണ്ടായിരുന്നു. ദീര്‍ഘകാലത്തെ ഇത്തരം സമരങ്ങളുടെ സമാഹാരമാണ് മലയാളിയുടെ ജീവചരിത്രം. 

ആധുനിക കേരളത്തിന്റെ നിര്‍മ്മിതിയുമായി നടന്ന സമരങ്ങളേയും ഇന്നും തുടര്‍ന്നുവരുന്ന സമരങ്ങളേയും കേരള ചരിത്രരചനയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ സര്‍വ്വകലാശാല/അക്കാദമിക് ചരിത്രകാരന്മാര്‍ നടത്തിയിട്ടില്ല. ഈ വലിയ ചരിത്രപഥങ്ങള്‍ എന്നും അവരുടെ അന്വേഷണങ്ങള്‍ക്ക് പുറത്താണ്. ഓരോ പ്രത്യേക കാലഘട്ടത്തിലും ഉയര്‍ന്നുവന്ന ആശയങ്ങളേയും രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളേയും സമാഹരിക്കാനും അക്കാദമിക്കുകള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, അക്കാദമിക് സമ്പ്രദായങ്ങള്‍ക്ക് പുറത്തുനിന്നുകൊണ്ട് ചരിത്രാന്വേഷണങ്ങളും പഠനങ്ങളും രചനകളും നടത്തുന്നവരെ പരിഗണിക്കാനും അവര്‍ തയ്യാറായിട്ടില്ല. അത്തരം ശ്രമങ്ങളെ തിരസ്‌കരിക്കുകയാണ് ചെയ്യുന്നത്. പി.കെ. ബാലകൃഷ്ണനില്‍നിന്ന് തുടങ്ങിയ അത്തരം പാര്‍ശ്വവല്‍ക്കരണങ്ങള്‍ ഇപ്പോഴും തുടരുന്നു. ചെറായി രാമദാസ്, കെ. ശിവശങ്കരന്‍ നായര്‍, ദളിത്ബന്ധു എന്‍.കെ. ജോസ്, കെ.കെ. കൊച്ച്, ടി.എച്ച്.പി. ചെന്താരശ്ശേരി, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ കേരളത്തിന്റെ വിവിധ ചരിത്രസന്ദര്‍ഭങ്ങളെ വിശകലനം ചെയ്തു രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അവരെയൊന്നും മുഖ്യധാര ചരിത്രരചനയുടെ ഭാഗമായി പരിഗണിക്കുന്നില്ല. വലിയ ഫെല്ലോഷിപ്പുകളും ഗ്രാന്റും നേടി നടത്തുന്ന ചരിത്രരചനാ അനുഷ്ഠാനങ്ങളെക്കാള്‍ വലിയ ചരിത്രപഠനങ്ങളാണ് അവര്‍ നടത്തിയിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകനായ ആര്‍.കെ. ബിജുരാജ് നടത്തുന്ന ചരിത്രപഠനങ്ങളോട് അക്കാദമിക്കുകള്‍ ഇപ്പോഴും ആഭിമുഖ്യം പുലര്‍ത്തിയിട്ടില്ല. എഴുപതുകളിലെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പരിണാമത്തെക്കുറിച്ചുള്ള ചരിത്രപഠനമായ ബിജുരാജിന്റെ നക്‌സല്‍ദിനങ്ങള്‍ (ഡി.സി. ബുക്സ്) വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടില്ല. ഒരു വലിയ കാലത്തിന്റെ അനുഭവസമുച്ചയമാണ് ആ രചന. കഴിഞ്ഞ അറുപതുവര്‍ഷക്കാലത്തെ കേരളത്തിലെ സമരങ്ങളുടെ ചരിത്രമാണ് ആര്‍.കെ. ബിജുരാജിന്റെ 'സമരകേരളം' എന്ന ഗ്രന്ഥം. ആധുനിക കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പരിണാമങ്ങളുടെ രൂപരേഖയാണിത്. 

കേരള പിറവിക്കുശേഷം സമൂഹത്തിന്റെ ഓരോ തലങ്ങളിലും വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്കായി നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ട്. ആ സമരങ്ങള്‍ സമൂഹത്തിന്റെ ആന്തരികഘടനയിലും ഉപരിതലത്തിലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആ സമരപരമ്പരകളെ രേഖപ്പെടുത്തുക എന്നത് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തെ ബലപ്പെടുത്താനും പുതിയ അന്വേഷണങ്ങള്‍ക്ക് വഴി തുറക്കാനും സഹായിക്കും. ഇതാണ് ആര്‍.കെ. ബിജുരാജിന്റെ 'സമരകേരളം' എന്ന ഗ്രന്ഥത്തിന്റെ ലക്ഷ്യം. മാത്രമല്ല, കേരളത്തിലുണ്ടായ സമരങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ തിരിച്ചറിയാനും അതിന്റെ പ്രസക്തി കണ്ടെത്താനുമുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. ബിജുരാജ് എഴുതുന്നു: ''സമരത്തിലൂടെ രൂപപ്പെട്ടുവെങ്കിലും ഇന്ന് സമരങ്ങളെ എതിര്‍ക്കുന്ന സമരങ്ങളോട് വിരക്തിയും പുച്ഛവുമുള്ള പുതു സാമൂഹിക മനസ്സ് ബോധപൂര്‍വ്വം തന്നെ ഇവിടെ വളര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. അതുകൊണ്ടുകൂടിയാവണം തെരുവില്‍ പ്രതിഷേധിക്കാനുള്ള സാധ്യതകള്‍പോലും എളുപ്പത്തില്‍ അടച്ചുകളയാന്‍ ഭരണകൂടത്തിനായത്. ആര്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പക്ഷേ, സമരം തുടരുക തന്നെയാണ്. ''ദരിദ്രര്‍, തൊഴിലാളികള്‍, ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍ എന്നിവരെല്ലാം കൂടുതല്‍ കൂടുതലായി സമരത്തിലേക്ക് നയിക്കപ്പെടുകയാണ്.'' കേരളത്തിലുണ്ടായ സമരങ്ങളുടെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ ഒരു ജനതയുടെ ഇച്ഛയുടേയും രാഷ്ട്രീയാവബോധത്തിന്റേയും അതിജീവനത്തിന്റേയും ചരിത്രം കൂടിയായി അത് മാറും. സമരകേരളം എന്ന ഈ പുസ്തകം ആത്യന്തികമായി ലക്ഷ്യംവെയ്ക്കുന്നത് അതാണ്. 
സമരകേരളം തയ്യാറാക്കിയിരിക്കുന്നത് സമരങ്ങളില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ അനുഭവങ്ങള്‍, സ്മരണകള്‍, വിശകലനങ്ങള്‍, വ്യത്യസ്ത പത്രറിപ്പോര്‍ട്ടുകള്‍, ചരിത്രഗ്രന്ഥങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ സമരങ്ങള്‍ രൂപപ്പെട്ടുവന്ന സാഹചര്യങ്ങള്‍, അത് സമൂഹത്തില്‍ വ്യാപിച്ചത് എങ്ങനെ, സമരങ്ങളുടെ ഗതിക്രമങ്ങള്‍, ജയപരാജയങ്ങള്‍ എല്ലാം വിശദമായി മനസ്സിലാക്കാനാവും. ഈ പുസ്തകത്തിലെ ഓരോ അധ്യായവും നിരവധി വലിയ ചരിത്രരചനകള്‍ക്കുള്ള അടിസ്ഥാന രേഖയാണ്. ഈ ഗ്രന്ഥം ചരിത്രരചന എന്നതിനപ്പുറം ഡോക്യുമെന്റേഷനും റഫറന്‍സും കൂടിയാണ്. സമീപകാല രാഷ്ട്രീയസാമൂഹിക പ്രശ്‌നങ്ങളെ എങ്ങനെ അവതരിപ്പിക്കാം എന്നതിന്റെ മാതൃകയാണിത്. 
ഐക്യകേരളം തന്നെ പിറന്നത് വിവിധ സമരങ്ങളിലൂടെയും പ്രചോദനങ്ങളിലൂടെയുമാണ്. സ്വാതന്ത്ര്യത്തിനു മുന്‍പ് തന്നെ ഐക്യകേരളം എന്ന ആശയം ഉയര്‍ന്നുവരികയും വ്യത്യസ്ത ഘട്ടങ്ങളിലൂടെ 1956-ല്‍ അത് യാഥാര്‍ത്ഥ്യമാകുകയും ചെയ്തു. ബിജുരാജ് എഴുതുന്നു: ''കേരളം ഇന്നത്തെ രൂപത്തില്‍ യാഥാര്‍ത്ഥ്യമായത് വലിയ സമരചരിത്രങ്ങളുടെ തുടര്‍ച്ചയിലാണ്. എളുപ്പമായിരുന്നില്ല ഈ 'ദേശ'രൂപീകരണം.'' ഈ ദേശരൂപീകരണത്തോടനുബന്ധിച്ചും നിരവധി സമരങ്ങള്‍ ഉണ്ടായി. 'തലസ്ഥാനവാദ വാദം', ഹൈക്കോടതി ബെഞ്ചിന്റെ ആസ്ഥാനം തുടങ്ങി നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. 1957-ല്‍ ആദ്യത്തെ മന്ത്രിസഭ അധികാരത്തില്‍ വന്നശേഷം നടന്ന വിമോചനസമരം, കേരളത്തിന്റെ ചരിത്രത്തിലെ വലിയൊരു അധ്യായമാണ്. ബിജുരാജ് എഴുതുന്നു: ''സമരം പില്‍ക്കാല കേരളചരിത്രത്തില്‍ വലിയ സ്വാധീനമുണ്ടാക്കി. സാമുദായിക സംഘടനകളും സഭയും ശക്തരാണെന്ന് തെളിയിച്ചു. അവര്‍ സമ്മര്‍ദ്ദ രാഷ്ട്രീയം പിന്നീട് പല വിധത്തില്‍ പല രൂപത്തില്‍ പ്രയോഗിച്ചു. സാമുദായിക കക്ഷികള്‍ രൂപംകൊടുത്ത പാര്‍ട്ടികള്‍ക്കും അവരുടെ പിന്തുണയുള്ളവര്‍ക്കും അപ്രമാദിത്വം ലഭിച്ചു.'' ഈ സമരത്തിന്റെ വ്യത്യസ്ത രീതികളിലുള്ള തുടര്‍ച്ചകള്‍ പിന്നീട് കേരളത്തില്‍ ഉണ്ടായി. ഇന്നും അത്തരം സമരങ്ങളുടെ സാദ്ധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. 

ആദിവാസി ഭൂസമരങ്ങള്‍
പിന്നീടുണ്ടായ ഓരോ സമരങ്ങളേയും ബിജുരാജ് അടയാളപ്പെടുത്തുന്നു. അറുപതുകളോടെ ആദിവാസിമേഖലയില്‍ നിരവധി പോരാട്ടങ്ങള്‍ ഉണ്ടായി. ആദിവാസി കര്‍ഷക കലാപങ്ങള്‍, ആദിവാസി ഭൂസമരങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. വ്യത്യസ്ത കാലങ്ങളില്‍ നടന്ന ദളിത് മുന്നേറ്റങ്ങളും ചരിത്രവഴികളും 'സമരകേരള'ത്തിലുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി നടന്ന പോരാട്ടങ്ങള്‍, ഭാഷാസമരങ്ങള്‍, തൊഴില്‍ മേഖലയിലെ പ്രക്ഷോഭങ്ങള്‍, വിദ്യാര്‍ത്ഥി യുവജന മുന്നേറ്റങ്ങള്‍ തുടങ്ങിയവയും അടയാളപ്പെടുത്തുന്നു. സമൂഹത്തിന്റെ ഓരോ തലങ്ങളിലും കഴിഞ്ഞ അറുപതു വര്‍ഷങ്ങള്‍ക്കിടയില്‍ സമരങ്ങളും മുന്നേറ്റങ്ങളും ഉണ്ടായിരുന്നത് ഈ പുസ്തകം രേഖകളോടെ തെളിയിക്കുന്നു. സമീപ ഭൂതകാലത്തുണ്ടായ ചുംബനസമരത്തിന്റെ നാള്‍വഴികളും ഇതിലുണ്ട്. ബിജുരാജ് എഴുതുന്നു: ''കേരളത്തിലെ അറുപതു വര്‍ഷത്തെ സമരങ്ങളില്‍ 2015-ല്‍ നടന്ന 'ചുംബനസമരം' അഥവാ 'കിസ്സ് ഓഫ് ലൗ' വേറിട്ടുനില്‍ക്കുന്നു. നിരവധി മാനങ്ങളുള്ള സമരം പുതിയ കാലത്തേയും പുതുതലമുറയുടെ സര്‍ഗ്ഗാത്മകതയേയും കലാപത്വരയേയും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. അത് ഒരേസമയം ഫാസിസ്റ്റ് വിരുദ്ധസമരത്തിന്റേയും മതാധിപത്യത്തിനും മതഭ്രാന്തിനുമെതിരെയുള്ള ജനമുന്നേറ്റത്തിന്റേയും രൂപം ഉള്‍ക്കൊണ്ടിരുന്നു.'' ജനശ്രദ്ധ പിടിച്ചുപറ്റിയ ഇത്തരം സമരങ്ങള്‍ മുതല്‍ ചെറിയ ജനകീയ മുന്നേറ്റങ്ങള്‍ വരെ പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നു. ഓരോ സമരത്തേയും വസ്തുനിഷ്ഠമായി അവതരിപ്പിക്കാനാണ് ബിജുരാജ് ശ്രമിക്കുന്നത്. സമരം എന്ന ജനകീയ പ്രതിരോധത്തിന്റെ പ്രസക്തിയും സാധ്യതയും അനിവാര്യതയും തിരിച്ചറിഞ്ഞുകൊണ്ടാണ് ഈ പ്രചോദനങ്ങള്‍ അവതരിപ്പിക്കുന്നത്. സമരവിരുദ്ധതയുടെ അരാഷ്ട്രീയം ഈ ചരിത്രഗ്രന്ഥത്തെ സ്പര്‍ശിക്കുന്നില്ല. 

സമരങ്ങള്‍ ഇപ്പോഴും തുടരുന്നു. ഓരോ കാലത്തിന്റേയും ഉള്ളടക്കവും സ്വഭാവവും അനുസരിച്ച് സമരങ്ങളുടെ രൂപങ്ങളിലും ഭാവങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാവുന്നു. വരാനിരിക്കുന്ന സമരങ്ങളുടെ സ്വഭാവങ്ങള്‍ എന്താണെന്ന് പ്രവചിക്കാനാവില്ല. തെരുവില്‍നിന്നും സൈബര്‍ സ്പെയ്‌സിലേക്ക് സമരങ്ങളും സമരാഹ്വാനങ്ങളും മാറിയ കാലഘട്ടമാണിത്. പക്ഷേ, സമരങ്ങള്‍ നിലക്കില്ല. പുസ്തകം ഉപസംഹരിക്കും മുന്‍പ് ആര്‍.കെ. ബിജുരാജ് എഴുതുന്നു: ''അനീതി പെരുകുമ്പോള്‍, ചൂഷണം കൊടികുത്തിവാഴുമ്പോള്‍ പോരാടുക മാത്രമാണ് ജനത്തിനു മുന്‍പിലെ ഏക വഴി. ചെറുത്തുനില്‍ക്കാതിരുന്നാല്‍, അനീതി അവരെ എല്ലാ അര്‍ത്ഥത്തിലും കശക്കി എറിയും. അതിനാല്‍ത്തന്നെ, അനുദിനം സമരങ്ങള്‍ ശക്തമാവുന്നതാണ് കേരളത്തിലെ സമകാലീന കാഴ്ച.'' ഓരോ കാലഘട്ടം കഴിയുമ്പോഴും ഈ പുസ്തകത്തിന്റെ വളര്‍ച്ചയും സാദ്ധ്യമാണ്. സമരകേരളത്തിലെ ഓരോ അധ്യായങ്ങളും ഓരോ പുസ്തകങ്ങളാവുകയും 'സമരകേരളം' തന്നെ വിപുലപ്പെടുത്തുകയും ചെയ്യേണ്ടിവരും. കാലത്തിന്റേയും ചരിത്രത്തിന്റേയും സവിശേഷമായ ഒരു ഡോക്യുമെന്റാണ് ഈ പുസ്തകം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com