ഈ ലോകം എത്ര മനോഹരം: സജ്‌ന ഷാജി എന്ന ട്രാന്‍സ്‌ജെന്‍ഡറെക്കുറിച്ച്

By എസ്. കലേഷ്   |   Published: 19th January 2019 02:30 PM  |  

Last Updated: 19th January 2019 02:30 PM  |   A+A-   |  

സജ്‌നയും കുട്ടികളും


 

''ഞാനെവിടെങ്കിലും ഒറ്റയ്ക്ക് പോയാല്‍ കുട്ടികളെവിടെ എന്നാകും പരിചയക്കാരുടെ ചോദ്യം. കുട്ടികളെ കണ്ടാല്‍ അമ്മയ്ക്ക് സുഖമല്ലേ എന്നും. ഈ ചോദ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു ഇക്കാലംവരെയുള്ള എന്റെ ജീവിതം. ആണും പെണ്ണും കെട്ടവനേയെന്ന വിളി കേട്ട കാതുകളാണിത്'' സജ്ന ഷാജി പറഞ്ഞുതുടങ്ങി. സജ്നയുമായി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി പരിസരത്തിരുന്നാണ് സംസാരിച്ചത്. കലയിലും സാഹിത്യത്തിലും സിനിമയിലും ഇന്ന് ട്രാന്‍സ്ജെന്‍ഡറുകളും സ്വവര്‍ഗ്ഗാനുരാഗികളും ഇടമുറപ്പിച്ചു കഴിഞ്ഞു. ചലച്ചിത്രകാരന്‍ ഋതുപര്‍ണഘോഷ് മുതല്‍ വിജയരാജ മല്ലിക വരെയുള്ളവര്‍. ട്രാന്‍സ്ജെന്‍ഡര്‍ നയം ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. നയം വ്യക്തമാക്കിയതുകൊണ്ട് സമൂഹം മുന്നോട്ടുപോയോ? മറുപടി സജ്ന പറയട്ടെ.

തുറിച്ചുനോക്കി അകലം പാലിച്ച് ചാന്തുപൊട്ടെന്നും ഒന്‍പതെന്നും വിളിച്ചകറ്റി നിര്‍ത്തിയിട്ടുണ്ട് മലയാളികളുടെ കപട സദാചാരം. ഒരുവേള കോടതിവരെ വിധിച്ചു സ്വവര്‍ഗ്ഗാനുരാഗം കുറ്റകൃത്യമെന്ന്. അഞ്ചുവര്‍ഷത്തിനുശേഷം, 2018-ല്‍ പരമോന്നത നീതിപീഠം അതു തിരുത്തി. ജനാധിപത്യ രാജ്യത്തിന് ഒരു തൂവല്‍കൂടി കിട്ടി. പിന്നോട്ടല്ല, മുന്നോട്ടാണ് സമൂഹം സഞ്ചരിക്കേണ്ടതെന്നതിന്റെ തെളിവായി സജ്നയെപ്പോലെ അനേകം പേര്‍ ഇരുള്‍മുറികളില്‍നിന്ന്  ഇനിയും പുറത്തെത്തേണ്ടതുണ്ട്. 

ഷാജി എന്ന സജ്ന
ഷാജി എന്നായിരുന്നു ആദ്യപേര്. 27 വയസ്സുള്ള സജ്ന ഇന്ന് അഞ്ചു കുട്ടികളുടെ അമ്മയാണ്. സ്വത്വ പ്രതിസന്ധിയില്‍ വീടുവിട്ടിറങ്ങി തെരുവിലായ ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികളെ കൂടെ കൂട്ടുകയായിരുന്നു സജ്ന. എറണാകുളം പാലാരിവട്ടത്താണ് താമസം. കോട്ടയം ജില്ലയിലെ കറുകച്ചാലാണ് സജ്നയുടെ ജന്മദേശം. പതിമൂന്നാം വയസ്സില്‍ വീടുവിട്ടിറങ്ങി. പുരുഷശരീരവും സ്ത്രീശബ്ദവും ചേഷ്ടകളും പരിഹസിക്കപ്പെട്ടപ്പോള്‍ അതു വേണ്ടിവന്നു. ''ചെറുപ്പത്തില്‍ പെണ്ണാച്ചി എന്നായിരുന്നു എന്റെ വിളിപ്പേര്. ലാല്‍ജോസിന്റെ സിനിമ ഇറങ്ങിയതോടെ പേര് മാറി- ചാന്തുപൊട്ട്. സ്‌കൂള്‍നാടകങ്ങളില്‍ പെണ്‍വേഷം എനിക്കുവേണ്ടി മാറ്റിവച്ചു. ഞാന്‍ ചെയ്താല്‍ മേക്കപ്പ് കുറച്ചു മതിയെന്ന് കൂട്ടുകാര്‍. എന്റെ സ്വത്വം ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഈ ലോകത്ത് എന്നെപ്പോലെ ഞാന്‍ മാത്രമേയുള്ളുവെന്നായിരുന്നു എന്റെ വിചാരം. ഒരു കോളനിയിലായിരുന്നു ഞങ്ങളുടെ വീട്. വീട്ടില്‍ മൂന്നു മക്കള്‍. ഞാന്‍ ഇളയ കുട്ടി. മൂത്തത് പെങ്ങള്‍, പിന്നെ ചേട്ടന്‍. ഉപ്പ മരിച്ചുപോയി. ഉമ്മയുണ്ട്. ഉപ്പയുടെ മദ്യപാനം വീടിനെ തകര്‍ത്തിരുന്നു. യത്തീംഖാനയിലായിരുന്നു പഠനം. അവിടെ വെച്ചും ഞാന്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. അവിടത്തെ കുട്ടികള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാരണയുണ്ട്'' -സജ്ന പറയുന്നു.

രണ്ടായിരത്തിന്റെ തുടക്കകാലം. കൗമാരത്തിലെത്തിയ ഷാജിയുടെ പുരുഷശരീരത്തിലെ പെണ്‍സാന്നിദ്ധ്യം വീട്ടുകാരെ പ്രതിസന്ധിയിലാക്കിയില്ല. നാട്ടുകാര്‍ക്കായിരുന്നു പ്രശ്‌നം. അവരത് കഥമെനഞ്ഞ് പ്രചരിപ്പിച്ചു. പരിഹാസവും ചൂഴ്ന്നുനോട്ടവും ഇല്ലാത്ത ഒരു മുഖംപോലും റോഡുകളില്‍ കാണാനായില്ല. പത്താം ക്ലാസ്സ് കഴിഞ്ഞതോടെ വീടുവിട്ടിറങ്ങി. വീട്ടുകാര്‍ കടുത്ത ദുഃഖത്തിലായി. ''പത്തുമാസം ചുമന്ന് നൊന്തുപ്രസവിച്ച ഒരമ്മയ്ക്കും സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാനാകില്ല. പിടിച്ചുപറിക്കാരനോ കള്ളനോ ആകട്ടെ, അവരെ എങ്ങനെ ഒരമ്മ ഉപേക്ഷിക്കും? പക്ഷേ, എനിക്ക് അവിടെ നില്‍ക്കാനായില്ല.'' അക്കാലം സജ്ന ഓര്‍ത്തു.

വീടുവിട്ടിറങ്ങിയപ്പോള്‍ എങ്ങോട്ടു പോകും എന്ന ചോദ്യമായിരുന്നു മുന്നില്‍. കൊയിലാണ്ടിയിലെ കൊല്ലത്തേക്കായിരുന്നു ആദ്യയാത്ര. വയര്‍ ഒതുക്കാനുള്ള മെഷീന്‍ ഉണ്ടാക്കുന്ന കമ്പനിയില്‍ ജോലി തരപ്പെട്ടു. കൂടെ ജോലിചെയ്തിരുന്ന പകല്‍മാന്യന്മാരുടെ വക രാത്രിപീഡനം. അങ്ങനെ ആ ജോലി ഉപേക്ഷിച്ചു. ഉത്സവപ്പറമ്പുകള്‍, തെരുവുകള്‍, കടത്തിണ്ണകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍... ഒരര്‍ത്ഥവും ഇല്ലാതെ ചുറ്റിസഞ്ചരിച്ചു. പശിയടക്കാന്‍ അനേകം പണികള്‍. ഓണക്കാലത്ത് തുണി വാങ്ങി കച്ചവടം ചെയ്തു. ഉത്സവപ്പറമ്പുകളില്‍ ചെറിയ ഫാന്‍സി കടകളിട്ടു. മഴക്കാലത്ത് പട്ടാണി വാങ്ങി പച്ചനിറം ചേര്‍ത്ത് പച്ചപ്പട്ടാണിയാക്കി വില്പനയ്ക്കിറങ്ങി. അങ്ങനെ പലവഴി ചലിപ്പിച്ച ജീവിതമാണ് സജ്നയുടേത്.

സജ്ന സ്ത്രീവേഷം അണിഞ്ഞുതുടങ്ങിയിട്ട് മൂന്നു വര്‍ഷം. സമൂഹ മനോഭാവത്തില്‍ മാറ്റമുണ്ടായെന്നു തോന്നിയപ്പോഴാണ് സ്ത്രീവേഷം അണിഞ്ഞത്. സ്ത്രീസ്വത്വം ഉള്ളിലടക്കി നടക്കാനായിരുന്നു അതുവരെ താല്പര്യം. ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ വളരെ കുറച്ചുപേര്‍ മാത്രമേ മുന്‍പ് വെളിച്ചപ്പെട്ടിരുന്നുള്ളൂ. ഇന്നത് മാറി. ട്രാന്‍സ്ജെന്‍ഡറുകളെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ഇന്നത്തെ കുട്ടികള്‍ക്ക് ധാരണയുണ്ട്. സ്വത്വം തിരിച്ചറിയുന്നതോടെ രൂപപ്പെടുന്ന പ്രതിസന്ധി അവര്‍ക്ക് മറികടക്കാനാകും.


വീടുവിട്ടിറങ്ങിയെങ്കിലും സജ്നയെ കണ്ടെത്തി വീട്ടുകാര്‍ തിരികെ കൊണ്ടുവന്നു. എന്നാല്‍, കുടുംബാന്തരീക്ഷത്തില്‍ സജ്നയ്ക്ക് അധികനാള്‍ തുടരാനായില്ല. വീണ്ടും വീടുപേക്ഷിച്ചു. ''ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വത്തില്‍ ജീവിക്കണമെന്ന ആഗ്രഹത്തോടെയാണ് ഞാന്‍ കൊച്ചിയിലെത്തുന്നത്. ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലികിട്ടി. അക്കാലത്ത് ഒരു ജെന്റ്സ് ഹോസ്റ്റലിലായിരുന്നു താമസം. വേഷം പുരുഷന്റേത്. രണ്ടോ മൂന്നോ ട്രാന്‍സ്ജെന്‍ഡറുകളെ മാത്രമേ അക്കാലത്ത് ഞാന്‍ കണ്ടിട്ടുള്ളൂ. ട്രാന്‍സ് കമ്മ്യൂണിറ്റി കൊച്ചിയില്‍ സജീവമാണെന്നും അറിഞ്ഞിരുന്നില്ല. ഈ നഗരത്തിലെത്തിയിട്ട് 13 വര്‍ഷമാകുന്നു. ഇടയ്ക്ക് ബാംഗ്ലൂരിലും കണ്ണൂരിലും താമസിച്ചു. കണ്ണൂരില്‍ ബുക്ക് കമ്പനിയിലും ഐസ്‌ക്രീം കമ്പനിയിലുമായി ജോലി ചെയ്തു. കണ്ണൂരിലും ആരും എന്റെ സ്വത്വം അംഗീകരിച്ചിരുന്നില്ല. കൊച്ചിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലെ സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും ക്രൂരമായി പെരുമാറിയില്ല. എല്ലായിടത്തേയും പോലെ പരിഹാസം നേരിട്ടു. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീടത് രസകരമായി ഞാനെടുത്തു'' -സജ്ന പറഞ്ഞു. 

തുച്ഛശമ്പളത്തില്‍ മുന്നോട്ടുപോകാനാകില്ലെന്ന ബോധ്യത്തിലാണ് സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ സജ്ന തീരുമാനിച്ചത്. ഹൈപ്പര്‍ മാര്‍ക്കറ്റില്‍നിന്നു കിട്ടിയ പണവും ആകെയുള്ള മൊബൈല്‍ ഫോണ്‍ വിറ്റ വകയും ചേര്‍ത്ത് മൂലധനമാക്കി ഒരു ചെറിയ സംരംഭം സജ്ന തുടങ്ങി. പാലാരിവട്ടത്ത് ഒരു ഹോസ്റ്റല്‍ എടുത്തു. അവിടെ ആണ്‍കുട്ടികള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കി. സജ്നയ്ക്ക് പാചകം വശമായിരുന്നു. രുചികരമായ ഭക്ഷണമായിരുന്നു ഹോസ്റ്റലിന്റെ പ്രത്യേകത. ആലപ്പുഴയില്‍നിന്നു പ്രായമുള്ള ഒരമ്മയും മകനും സഹായത്തിനെത്തി. ക്രമേണ ഹോസ്റ്റല്‍ പച്ചപിടിച്ചു. നല്ല ഭക്ഷണമെന്ന് കേട്ടറിഞ്ഞ് കൂടുതല്‍ കുട്ടികളെത്തി. കിടക്കകള്‍ വേണ്ട, തലചായ്ക്കാന്‍ ഒരിടം മതിയെന്നായി. മൂന്ന് ഹോസ്റ്റലുകളിലായി 280-ഓളം കുട്ടികളുമായി ഹോസ്റ്റല്‍ വളര്‍ന്നു. അന്നവിടെ താമസിച്ച ഒരാളും അറിഞ്ഞില്ല, ആ ഹോസ്റ്റല്‍ നടത്തുന്നത് ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആയിരുന്നെന്ന്. പാചകം ചെയ്തും കണക്കുകള്‍ നോക്കിയും കാണാമറയത്തായിരുന്നു സജ്ന. എന്നാല്‍, ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വം വൈകാതെ പുറത്തറിഞ്ഞു. ഹോസ്റ്റലില്‍ കുട്ടികള്‍ കുറഞ്ഞു. കെട്ടിടത്തിന്റെ വാടകക്കരാര്‍ കാലാവധി കഴിഞ്ഞതോടെ ഉടമസ്ഥന്‍ പുതുക്കാന്‍ തയാറായില്ല. അങ്ങനെ ആ സംരംഭത്തിന് താഴുവീണു. അക്കാലത്തിന്റെ ഓര്‍മ്മയില്‍ കട്ടിലും പാത്രങ്ങളുമെല്ലാം ഇന്നും സജ്ന സൂക്ഷിക്കുന്നു.

സജ്നയിലെ അമ്മ

ഹോസ്റ്റല്‍ കാലത്ത് സ്വത്വസംഘര്‍ഷം അനുഭവിച്ച മൂന്ന് കുട്ടികളെ (ദിയ, മഞ്ജു, അച്ചു) സജ്ന വീട്ടിലേക്ക് കൊണ്ടുവന്നു. അവരില്‍ രണ്ടുപേര്‍ക്ക് ജോലിയായി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനു പിന്‍വശത്തായിരുന്നു അന്നു താമസം. ഹോസ്റ്റലുകള്‍ പൂട്ടിയതോടെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി. കെട്ടിടങ്ങള്‍ തിരഞ്ഞിറങ്ങി. ട്രാന്‍സ്ജെന്‍ഡറാണെന്ന് അറിഞ്ഞതോടെ പലരും മുഖംതിരിച്ചു. ഹോസ്റ്റലിന്റെ പേരില്‍ മറ്റെന്തോ ബിസിനസ്സിനാണ് ഇവരുടെ നീക്കമെന്നായിരുന്നു ആരോപണം. 

പിന്നീട് നാലുപേരുകൂടി സജ്നയുടെ വീട്ടിലേയ്ക്കു വന്നു. പുതിയതായി വന്ന ആ കുട്ടികള്‍ക്ക് പുറത്തേയ്ക്കിറങ്ങാന്‍ പേടിയായിരുന്നു. ''മുടിയൊക്കെ വളര്‍ത്തി ക്ലീന്‍ ഷേവ് ചെയ്താണ് അവര്‍ നടന്നിരുന്നത്. എനിക്കൊപ്പം പുറത്തേയ്ക്കു വന്നുതുടങ്ങി. അമ്മേ എന്നു വിളിച്ചിരുന്നെങ്കിലും ദൃഢമായ ബന്ധം അന്നു രൂപപ്പെട്ടിരുന്നില്ല.'' എന്നാല്‍, ഇപ്പോള്‍ കൂടെക്കഴിയുന്ന അഞ്ചു കുട്ടികള്‍ തന്റെ ജീവിതം തന്നെയാണെന്ന് സജ്ന. എന്തു കാര്യമുണ്ടെങ്കിലും അവര്‍ അമ്മയോടു വന്നു പറയും. അശ്വതി അച്ചു, രെന, സാണ്‍ട്രിയ, താഹിറ, അഭിരാമി എന്നിവരാണവര്‍. അഭിരാമിയേയും സാണ്‍ട്രിയയേയും മറൈന്‍ഡ്രൈവില്‍നിന്നാണ് സജ്ന കണ്ടെത്തിയത്. ഒരു രാത്രി അവിടെ കിടന്നുറങ്ങുന്നതു കണ്ടു. മകള്‍ അശ്വതിക്ക് അവരെ അറിയാമായിരുന്നു. തെരുവില്‍ കിടന്നുറങ്ങണ്ട, വീട്ടിലേയ്ക്ക് വരാന്‍ സജ്ന പറഞ്ഞു. അഭിരാമിയും സാന്‍ട്രിയയും അശ്വതിയും പാലാരിവട്ടത്ത് ബ്യൂട്ടീഷ്യന്‍ കോഴ്സ് ചെയ്യുന്നു. രെന എറണാകുളം മഹാരാജാസ് കോളേജില്‍ ബി.എ മലയാളം വിദ്യാര്‍ത്ഥിയാണ്. അശ്വതിയെ വീട്ടില്‍ അംഗീകരിച്ചു. 

ഹിജഡ ചടങ്ങായ റീത്തയിട്ടാണ് സജ്ന മക്കളെ സ്വീകരിച്ചത്. സര്‍ജറി കഴിഞ്ഞ് നാല്‍പ്പത്തിയൊന്നാം ദിവസമാണ് അത്. ആട്ടവും പാട്ടും നിറഞ്ഞ കല്യാണം പോലെയുള്ള പരിപാടി. മഞ്ഞളിട്ട് കുളിപ്പിച്ച്, ഹിജഡകളുടെ ദൈവമായ സന്തോഷിമാതായെ പ്രാര്‍ത്ഥിക്കും. കുളിപ്പിച്ച വെള്ളം കടലിലൊഴുക്കും. അനേകം കമ്മ്യൂണിറ്റികള്‍ പങ്കെടുക്കാനെത്തും. കൂടെവരാന്‍ ഇഷ്ടമുള്ള കുട്ടികള്‍ താല്പര്യം പ്രകടിപ്പിക്കുന്നതോടെ വിഷയത്തില്‍ തീരുമാനമാകും.

''എന്നെ അവര്‍ അമ്മയെന്നാണ് വിളിക്കുന്നത്. എനിക്ക് മറുത്തൊരു വാക്കില്ലവര്‍ക്ക്. ഒരമ്മയുടെ സ്‌നേഹം ഞാനവര്‍ക്ക് കൊടുക്കുന്നു. എവിടെ പോയാലും ഞങ്ങളൊരുമിച്ചാണ്. ജന്മംകൊണ്ട് എനിക്ക് ഒരമ്മയാകാന്‍ കഴിയില്ല. ഇങ്ങനെയെങ്കിലും അമ്മയാകാന്‍ കഴിയുന്നത് വലിയ ഭാഗ്യം. കാരണം മഞ്ഞിലും വെയിലിലും മഴയിലും അലഞ്ഞുനടന്ന പഴേകാലം എന്നെ ജീവിതം പഠിപ്പിച്ചു. കുട്ടികള്‍ക്കൊപ്പമുള്ള ജീവിതം അടിപൊളിയാണ്. സന്തോഷമാണ്. ഞങ്ങള്‍ ചേര്‍ന്നാണ് പാചകം. ഒരു ട്രാന്‍സ്മെനും ഉണ്ടായിരുന്നു- പ്രവീണ്‍. ആ കുട്ടി കുറച്ചുകാലമേ എന്റെയൊപ്പം ഉണ്ടായിരുന്നുള്ളൂ. മഹാരാജാസില്‍ വിദ്യാര്‍ത്ഥിയാണ്. അവന് ഒറ്റയ്ക്ക് നില്‍ക്കാന്‍ ശേഷിയായപ്പോള്‍ അമ്മേ, എനിക്ക് ഒറ്റയ്ക്ക് നില്‍ക്കാനാകും, അതുകൊണ്ട് ഹോസ്റ്റലിലേക്ക് മാറുകയാണെന്നു പറഞ്ഞു. പലരും നല്ല ജീവിതം വരുമ്പോള്‍ പോകും. അങ്ങനെതന്നെ വേണം'' -സജ്ന പറയുന്നു. 

ചികിത്സ നടത്താത്തതിനാല്‍ സജ്നയുടെ ശരീരം സ്ത്രീയുടേതല്ല. രാവിലെ എഴുന്നേറ്റ് മേക്കപ്പിട്ട് സ്ത്രീവേഷം ധരിക്കും. പുച്ഛത്തോടെ നോക്കുന്ന സ്ത്രീകളുമുണ്ട്. മേക്കപ്പ് അധികമായാല്‍ നാട്ടുകാര്‍ ശ്രദ്ധിക്കും. ഇപ്പോഴും ആളുകള്‍ നോക്കിച്ചിരിക്കാറുണ്ട്. സജ്ന അതു കാര്യമാക്കാറില്ല. നമുക്കെന്തെങ്കിലും കുറവുകളുണ്ടോയെന്നു നമ്മള്‍ കരുതുമ്പോഴാണ് ആ ചിരി വേദനയാകുന്നതെന്ന് സജ്നയുടെ തത്ത്വശാസ്ത്രം.

കൊച്ചിയിലെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കിടയില്‍ മാര്‍വല്‍, മുദ്ര എന്നീ സംഘടനകളും നൂറിലേറെ അംഗങ്ങളും ഉണ്ട്. ജനനി എന്ന പേരില്‍ ക്യൂയര്‍ സൊസൈറ്റി തുടങ്ങാനുള്ള തയാറെടുപ്പിലാണ് സജ്ന. ട്രാന്‍സ്ജെന്‍ഡറായതിനാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടവരെ കണ്ടെത്തി, അവര്‍ക്ക് പഠിക്കാനും ജോലിചെയ്ത് ജീവിക്കാനും സാഹചര്യം ഒരുക്കുകയാണ് ഉദ്ദേശ്യം. ഒരു വീട് വാടകയ്ക്കെടുത്ത് അവിടെ കുട്ടികളെ നിറുത്താനാണ് ആദ്യ നീക്കം. എന്നാല്‍, ഈ ആശയങ്ങളെല്ലാം നടപ്പാക്കാന്‍ പണം വേണം. സജ്നയുടെ കൈവശം ആശയങ്ങള്‍ ആവശ്യത്തിലേറെയുണ്ട്. പക്ഷേ, പണമില്ല. താമസിക്കുന്ന വീടിന് 12,000 രൂപയാണ് വാടക. ഓരോ മാസവും എങ്ങനെ കഴിഞ്ഞുപോകുമെന്ന ചോദ്യത്തിന് ഉത്തരമില്ല. തെരുവില്‍ ഇറങ്ങാതെ ജീവിതം എങ്ങനെ ചലിപ്പിക്കാനാകുമെന്നതാണ് സ്ഥിരജോലിയില്ലാത്ത ഓരോ ട്രാന്‍സ്ജെന്‍ഡറുകളുടേയും പ്രതിസന്ധിയെന്ന് സജ്ന.

സജ്ന

2018 നവംബറില്‍ പാലാരിവട്ടത്ത് ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സദാചാരഗുണ്ടകളുടെ മര്‍ദ്ദനമേറ്റ സംഭവത്തോടെയാണ് സജ്ന വാര്‍ത്തകളില്‍ നിറഞ്ഞത്. വിദ്യാര്‍ത്ഥിയായ രെനയുമായി രാത്രി ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. ''രെന ചികിത്സയിലുള്ള കുട്ടിയാണ്. കുറച്ച് ബ്രെസ്റ്റൊക്കെയുണ്ട്. ഞങ്ങളെക്കണ്ട് ഒരു അന്‍പതുവയസ്സുകാരന്‍ എത്രയാണ് റേറ്റെന്നു ചോദിച്ചു. വില്‍ക്കാന്‍ കൊണ്ടുവന്നതല്ലടാ, ഇതെന്റെ മോളാണെന്നു ഞാന്‍ പറഞ്ഞു. അയാള്‍ പോയിട്ട് തിരിച്ചുവന്ന് ഞങ്ങളുടെ ടൂവീലറിന്റെ രണ്ട് ഇന്‍ഡിക്കേറ്ററുകളും തല്ലിപ്പൊട്ടിച്ചു. രെന പ്രതികരിച്ചപ്പോള്‍ അവളുടെ കഴുത്ത് ഇടിച്ചു ചതച്ചു. ബഹളമുണ്ടാക്കിയപ്പോള്‍ അവിടെനിന്ന അശ്വതിയെ തള്ളിയിട്ട് അയാള്‍ ഓടി. ഞാന്‍ പിറകെ ഓടി. കുറച്ചാളുകള്‍ അയാളെ വളഞ്ഞു. ഞങ്ങള്‍ തല്ലാന്‍ ഓടിച്ചുവെന്നായി അയാളുടെ വാദം. വണ്ടി നന്നാക്കാനുള്ള പണം തന്നിട്ട് പോയാല്‍ മതിയെന്നു ഞാനും. അവിടെയെത്തിയ പൊലീസുകാര്‍ ഇടപെട്ടു. അതോടെ അയാള്‍ക്ക് പരാതി ഇല്ലെന്നു പറഞ്ഞു. എന്നാല്‍, ഞങ്ങളുടെ പരാതി കേള്‍ക്കാന്‍ പൊലീസ് തയ്യാറായുമില്ല. കൂടിനിന്നവരിലൊരാള്‍ ഓടിവന്ന് നീ ആണും പെണ്ണും കെട്ടവനല്ലേടാന്നു പറഞ്ഞു നെഞ്ചില്‍ പിടിച്ചു ഞെരിച്ചു. പാലാരിവട്ടം ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ ഇന്നും കേസ് നിലവിലുണ്ടെങ്കിലും തുടര്‍നടപടികളായിട്ടില്ല.

സജ്നയ്ക്കും മക്കള്‍ക്കും കമ്മലും മാലയും പാദസരവും ഉണ്ടാക്കാനറിയാം. കുപ്പികളുടെ പുറത്തുള്ള ആര്‍ട്ട് വര്‍ക്ക് അടക്കമുള്ള കരകൗശലങ്ങള്‍ ഇവര്‍ക്കറിയാം. യുട്യൂബില്‍ നോക്കി പഠിച്ചതാണ്. എന്നാല്‍, അതൊന്നും വില്‍ക്കാനുള്ള സംവിധാനമില്ല. ഓണ്‍ലൈനായി വില്‍ക്കണമെങ്കില്‍ ഒരു ലാപ്ടോപ്പും നെറ്റ്കണക്ഷനും വേണം. സജ്നയ്ക്ക് ഫുഡിന്റെ ലൈസന്‍സ് ഉണ്ട്. വൈകാതെ ഒരു അച്ചാര്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാനാകുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. ഈ ആശയവുമായി അനേകം പടികള്‍ കയറിയിറങ്ങി. ലോണിനു ശ്രമിച്ചു. അത് കിട്ടണമെങ്കില്‍ കൊമേഴ്സ്യല്‍ ബില്‍ഡിംഗ് വേണം. ആ ചെലവ് അറിഞ്ഞ ദിവസം ഫുഡ് ലൈസന്‍സ് വീട്ടിലെ ചുവരലമാരയില്‍ കൊണ്ടുവച്ചു. 

എറണാകുളം ജീവിതം

''മലയാളികള്‍ അപ്പനും അമ്മയ്ക്കും വിളിക്കും. എന്നാല്‍, ഹിന്ദിക്കാര്‍ ഞങ്ങള്‍ക്ക് പണം തരും. ഞങ്ങള്‍ അവര്‍ക്ക് ദൈവങ്ങള്‍. ഞങ്ങള്‍ അറിഞ്ഞു ശപിച്ചാല്‍ അതേല്‍ക്കുന്നവര്‍ പിന്നെ കാണില്ല.'' എറണാകുളത്തെ സ്ഥിതി മാറിവരുന്നുണ്ടെന്ന് സജ്ന പറഞ്ഞു. തമിഴ്നാട്ടില്‍ ട്രാന്‍സ്ജെന്‍ഡറുകളെ സമൂഹം അംഗീകരിക്കുന്നു. ജനനവും മരണവും നടന്നാല്‍ പ്രധാന അതിഥികളാണവര്‍. കൊച്ചി നഗരത്തിലെ ട്രാന്‍സ് കമ്മ്യൂണിറ്റികളില്‍ നല്ല വിദ്യാഭ്യാസമുള്ളവരും പഠനം നടത്താന്‍ കഴിയാത്തവരുമുണ്ട്. ഭൂരിപക്ഷം പേര്‍ക്കും ജോലിയില്ല. കാരണം തൊഴില്‍സ്ഥാപനങ്ങള്‍ക്ക് അവരെ വേണ്ട. ചില ഹോട്ടലുകളില്‍ ജോലി കിട്ടും. ക്ലീനിംഗും പാത്രം കഴുകലും. കാണാമറയത്തെ പണിക്ക് തുച്ഛവേതനം. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കിടയിലും തൊലി വെളുത്ത, കാണാന്‍ ഭംഗിയുള്ളവര്‍ക്ക് പരിഗണന ലഭിക്കുന്നുണ്ടെന്ന് സജ്ന. ''അവര്‍ക്കൊന്നും തെരുവിലിറങ്ങേണ്ടിവരില്ല. തെരുവിലകപ്പെട്ടവരില്‍  കൂടുതലും പ്രിവിലേജുകളില്ലാത്തവരാണ്. 

ലൈംഗിക തൊഴിലിനായി തെരുവിലിറങ്ങിയാല്‍ പിന്നെ തിരിച്ചുകയറാനാകില്ല. അവരെ കുറ്റം പറയാനാകില്ല. ഇപ്പോഴുള്ളവര്‍ അതു തുടരട്ടെ. എന്നാല്‍, വരും തലമുറയെങ്കിലും തെരുവിലിറങ്ങരുതെന്നാണ് എന്റെ ആഗ്രഹം'' -സജ്ന നിലപാട് വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ക്ഷേമം ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.

രന, സാണ്‍ട്രിയ, താഹിറ, അഭിരാമി, അശ്വതി എന്നിവര്‍ സജ്‌നയോടൊപ്പം

തെരുവില്‍ ജീവിക്കുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ ഭീകരമായ പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഗുണ്ടാക്രമണ വാര്‍ത്തകള്‍ മാത്രമേ പുറംലോകം അറിയൂ. ലൈംഗികതൊഴിലിനിടെ അവിടെ പാഞ്ഞെത്തുന്ന ഗുണ്ടകള്‍ കത്തിയും വടിവാളും കഴുത്തില്‍വെച്ച് സ്വര്‍ണ്ണവും പണവും മൊബൈലുമെല്ലാം കവരും. കൂട്ടത്തില്‍ ക്രൂരമായ മര്‍ദ്ദനവും നടത്തും. പലരും പുറത്തുപറയില്ല. പതിനേഴും പതിനെട്ടും വയസ്സുള്ള കുട്ടികളാണ് ഗുണ്ടകള്‍. പൊലീസ് പിടിക്കുമ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍കൂടി അറിഞ്ഞുകൊണ്ടാണിതെന്ന് അവര്‍ കള്ളം പറയും. തെരുവില്‍ ജീവിക്കുന്നവരുടെ ജീവന് പുല്ലുവിലയാണെന്ന് സജ്ന പറയുന്നു. 

''മുന്‍പൊരിക്കല്‍ ഞാനും മോഷണത്തിനിരയായി. ഒരുകാലത്ത് ട്രെയിനില്‍ കയ്യടിച്ച് കാശു ചോദിക്കുകയായിരുന്നു എന്റെ തൊഴില്‍. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ പോകും. ഒരു ദിവസം രാത്രി എറണാകുളം സൗത്തിലിറങ്ങി നോര്‍ത്തിലേയ്ക്ക് നടന്നു. ഷേണായീസ് തിയേറ്ററിനടുത്തുവച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ബാഗും ഫോണും തട്ടിപ്പറിച്ചുകൊണ്ടുപോയി. ബൈക്കിന്റെ നമ്പര്‍ ഞാന്‍ ഓര്‍ത്തെടുത്ത് കേസ് കൊടുത്തു. നീണ്ടകാലം കേസുമായി നടന്നിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ഡി.വൈ.എസ്.പിയേയും ഐ.ജിയേയും പോയി കണ്ടു. അങ്ങനെ ഫോണും പണവും തിരിച്ചുകിട്ടി'' -സജ്ന പറഞ്ഞു. 

തൃശൂരില്‍ ജോലിചെയ്ത കാലത്ത് സഹപ്രവര്‍ത്തകനായ ഒരാളെ സജ്ന തീവ്രമായി സ്‌നേഹിച്ചിരുന്നു. മൂന്നുവര്‍ഷം അയാളുമായി തുടര്‍ന്ന ബന്ധം പിന്നീട് പിരിഞ്ഞു. ''അതെനിക്ക് കടുത്ത സങ്കടമുണ്ടാക്കി. അയാളുടെ വീട്ടില്‍ പ്രശ്‌നമായി. എനിക്കത് താങ്ങാനായില്ല. ഈ പ്രായത്തിനിടയില്‍ ഒരുപാട് അലഞ്ഞു. തെരുവില്‍ ജീവിച്ചു. ലൈംഗികചൂഷണങ്ങള്‍ അനുഭവിച്ചു. ഇപ്പോള്‍ ഞാനാരേയും അഗാധമായി സ്‌നേഹിക്കാറില്ല. കാരണം, കളഞ്ഞിട്ടു പോയാല്‍ അതെനിക്ക് താങ്ങാനാകില്ല. ഞാന്‍ തളര്‍ന്നാല്‍ എന്റെ കുട്ടികളേയും അതു ബാധിക്കും. അവര്‍ക്ക് മറ്റാരുമില്ല. ഇപ്പോള്‍ ഒരാളുമായി അടുത്ത സൗഹൃദമുണ്ട്. ഞങ്ങള്‍ വിവാഹം ചെയ്യാന്‍ ആലോചിക്കുന്നു. സ്ത്രീയോ പുരുഷനോ ആകാനല്ല, ഒരു ട്രാന്‍സ്ജെന്‍ഡറായി അറിയപ്പെടാനാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്. എന്റെ സ്വത്വമാണത്'' -സജ്നയുടെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ മിന്നലുണ്ട്.

സഹായധനമായി പണം നല്‍കാന്‍ ശേഷിയുള്ളവരും സന്നദ്ധസംഘടനകളും ഇത് ശ്രദ്ധിക്കുക. 20,000 രൂപ മതി സജ്നയ്ക്കും മക്കള്‍ക്കും ഒരുമാസം കടന്നുപോകാന്‍. അത് സമാഹരിക്കണമെങ്കില്‍ ഇവര്‍ക്ക് ജോലി വേണം. പഠിക്കുന്ന കുട്ടികള്‍ക്ക് ജോലി ചെയ്യാന്‍ പരിമിതിയുണ്ട്. മുന്‍പ് പറഞ്ഞതുപോലെ ചെറുകിട സംരംഭം നടത്താനുള്ള പരിശ്രമത്തിലാണിവര്‍. 2018 ഡിസംബര്‍ ആദ്യവാരം സംസാരിക്കുമ്പോള്‍ സജ്ന ഒരു റേഷന്‍കാര്‍ഡിനായുള്ള നെട്ടോട്ടത്തിലായിരുന്നു. ഇന്നലെ ഫോണില്‍ വിളിച്ചപ്പോള്‍ റേഷന്‍ കാര്‍ഡ് അനുവദിച്ചെന്നു പറഞ്ഞു. വീട്ടുകാര്‍ അംഗീകരിച്ചുവെന്ന വിശേഷവും. ഇനി റേഷന്‍ വാങ്ങിയെങ്കിലും വിശപ്പില്ലാതെ കഴിയാനാകുമെന്ന പ്രതീക്ഷ ശബ്ദത്തിലുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ എന്നു രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍കാര്‍ഡും കൈവശമുണ്ട്. 50,000 രൂപയുണ്ടെങ്കില്‍ ചെറിയൊരു അച്ചാര്‍ നിര്‍മ്മാണ യൂണിറ്റ് എനിക്കും മക്കള്‍ക്കും തുടങ്ങാനാകും. നഗരത്തിലും കടകളിലുമായി അതു ഞങ്ങള്‍ വിറ്റഴിക്കും. പത്തുബോട്ടില്‍ ദിവസവും വിറ്റുപോയാല്‍ മതി, ഈ ലോകം എത്ര മനോഹരമെന്നു ഞങ്ങളും പറയും'' -സജ്ന ഫോണ്‍വച്ചു.