ഒരുനാള്‍ സ്‌നേഹം ഉദിച്ചുയരില്ലേ?: കെ. അരവിന്ദാക്ഷന്‍ എഴുതുന്നു
By കെ. അരവിന്ദാക്ഷന്‍ | Published: 19th January 2019 12:42 PM |
Last Updated: 19th January 2019 12:43 PM | A+A A- |

തോമസ് മന്‍
ഞങ്ങളുടെ (നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായ പി. മോഹനന്റേയും എന്റെയും) ജീവിതത്തിലേക്ക് തോമസ് മന്റെ 'മാജിക് മൗണ്ടന്‍' കടന്നുവരുന്നത് ഇരുപത്തിമൂന്നാം വയസ്സിലാണ്. പനമ്പിള്ളി ഗോവിന്ദമേനോന്റെ പുസ്തകശേഖരത്തില്‍നിന്നാണ് മോഹനന് 'മാജിക് മൗണ്ടന്‍' കിട്ടുന്നത്. മോഹനനെ മരണം കാര്‍ന്നുതിന്ന 2014 വരെയുള്ള നാല് പതിറ്റാണ്ടുകളില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഞങ്ങളുടെ സംഭാഷണങ്ങളില്‍ 'മാജിക് മൗണ്ടനും' തോമസ് മനും കടന്നുവരാതിരുന്നിട്ടില്ല. അത് 'ഡെത്ത് ഇന്‍ വെനീസ്', 'ഡോക്ടര്‍ ഫോസ്റ്റസ്', ബ്രൂഡന്‍ ബുക്സ്, 'ജോസഫ് ബ്രദേഴ്സ്', 'കണ്‍ഫെഷന്‍സ് ഓഫ് ഫെലിക്സ് ക്രുള്‍', ഹെര്‍മന്‍ ഹെസ്സെയുമായുള്ള സംഭാഷണം, മാനവികതയെപ്പറ്റിയുള്ള മന്റെ മാനിഫെസ്റ്റോ തുടങ്ങി ഏതിലൂടെയും കടന്നുപോയിട്ടുണ്ട്. കൊട്ടാരക്കരയിലും മദിരാശിയിലും, കട്ടപ്പനയ്ക്കും കുമിളിക്കുമിടയിലുള്ള പുറ്റടിയിലും ഞാന്‍ ജോലി ചെയ്യുന്ന കാലം കത്തിടപാടുകളുടേതായിരുന്നു. നീണ്ട കത്തുകളില്‍ ഒരിക്കല്‍പ്പോലും മാജിക് മൗണ്ടനോ തോമസ് മനൊ വാക്കുകളാകാതിരുന്നിട്ടില്ല. മോഹന്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നതിന് തൊട്ടുമുന്‍പുള്ള മാസങ്ങളില്‍ തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ വാര്‍ഡിലെ അനുഭവങ്ങള്‍ 'മാജിക് മൗണ്ടനി'ലെ ബെര്‍ഗോഫ് സാനട്ടോറിയവുമായി ബന്ധപ്പെടുത്തി സംസാരിക്കാറുണ്ട്; ഫോണിലൂടെ.
ആത്മബന്ധത്തിന്റെ മൊഴിമാറ്റം
'മാജിക് മൗണ്ടനു'മായുള്ള ആത്മബന്ധമാണ് 1996 ജൂലായ് പതിമൂന്നിന് ആ കൃതി മലയാളത്തിലാക്കാനുള്ള ശ്രമത്തിലെത്തിച്ചത്. മോഹനനും കവി കെ.ജി. ശങ്കരപ്പിള്ളയും എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ആ വിവര്‍ത്തനം ആരംഭിക്കുന്നതിങ്ങനെയാണ്: ''യാതൊരു ഭാവവുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍, വേനല്‍ മദ്ധ്യത്തില്‍ തന്റെ ജന്മനഗരമായ ഹാംബര്‍ഗില്‍നിന്ന് ഒരു മൂന്നാഴ്ച സന്ദര്‍ശനത്തിന് ഗ്രിന്‍സ് പ്രവിശ്യയിലെ ഡാവോസ് പ്ലാറ്റ്സയിലേക്ക് യാത്ര ചെയ്യുകയായിരുന്നു''. വിവര്‍ത്തനം നിലച്ചുപോയത് 1997 ഫെബ്രുവരി പതിമൂന്നിനാണ്: 'മാജിക് മൗണ്ട'ന്റെ നൂറ്റിനാല്പതാം പേജില്‍: ''എവിടെയോ എപ്പോഴോ ഒരു ചാരിറ്റി സംഗീതവേളയിലോ മറ്റോ ആരോ പാടിയ പാട്ട് മൂളി. അതവന്റെ (ഹാന്‍സ് കാസ്ട്രോപ്പിന്റെ) ഓര്‍മ്മയില്‍ ഇപ്പോഴെത്തി. വളരെ മൃദുലമായ ഒന്ന്:
താങ്കളുടെ മധുരമുള്ള ചുണ്ടുകളില്‍നിന്നുള്ള ഒരു വാക്കിന്
എന്നെ അത്ഭുതകരമായി ഉന്മേഷവാനാക്കാനാകും
അവനിങ്ങനെ തുടരാന്‍ വെമ്പി:
എന്റെ ഹൃദയത്തിനുള്ളില്‍ അത് തെന്നുന്നു,
മധുരമായ ഓര്‍മ്മകള്‍ എന്നില്‍ നിറയുന്നു
പക്ഷേ, വെറുപ്പ് കലര്‍ന്നൊരു ചുമല്‍ കുലുക്കലോടെ പെട്ടെന്ന് നിര്‍ത്തി: ''വങ്കത്തം''! തന്റെ ഈരടികള്‍ തീര്‍ത്തും അരസികവും അഴകൊഴമ്പനും കാല്പനികവുമാണെന്ന് പൊടുന്നനെ മനസ്സിലാക്കിക്കൊണ്ട്''.
നിലച്ചുപോയ ഘടികാരം:
വിവര്‍ത്തനത്തിന്റെ ഘടികാര സൂചി ഇവിടെ വെച്ച് നിലച്ചുപോയത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ട്. വിവര്‍ത്തനത്തില്‍ തീക്ഷ്ണമായ നഗ്‌നമാക്കപ്പെടലുണ്ട്. 'മാജിക് മൗണ്ടനി'ല്‍ അതെനിക്ക് സാധിക്കില്ല. അത്രമാത്രം ഞാനതുമായി ജൈവികമായും ആത്മീയമായും ബന്ധിതമായിരിക്കുന്നു.
പിന്നീടാണ്, തൃശൂരിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍ മദ്ധ്യാഹ്നത്തിനു മുന്‍പുള്ള ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ഞാന്‍ സ്‌നേഹിതന്‍ മൂസാക്കുട്ടിയുമായി സംസാരിക്കുന്നത്. 'മാജിക് മൗണ്ടനി'ലെ മഹാമൗനത്തിന്റെ അര്‍ത്ഥതലങ്ങളെപ്പറ്റി. മനുഷ്യന്റെ ബോധതലങ്ങളെ കശക്കിയെറിയുന്ന 'ജെയിംസ് ജോയ്സി'ന്റെ 'യുലിസിസ്സ്' വിവര്‍ത്തനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അന്നയാള്‍. മോഹനന്റേയും എന്റെയും പ്രേരണയില്‍. 'മാജിക് മൗണ്ട'ന്റെ വിവര്‍ത്തനവും അയാള്‍ ഏറ്റെടുത്തു. അച്ചടക്കത്തോടേയും അര്‍പ്പണത്തോടേയും പൂര്‍ത്തീകരിക്കുകയും ചെയ്തു. മൂസക്കുട്ടിയോട് മലയാളം കടപ്പെട്ടിരിക്കുന്നു.
1924 ല്‍ ജര്‍മ്മന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച 'മാജിക് മൗണ്ട'ന്റെ ഇംഗ്ലീഷ് പരിഭാഷ 1928- ലാണ് പുറത്തുവന്നത്. വിവര്‍ത്തകനായ ലോ പോര്‍ട്ടര്‍ ഇങ്ങനെയെഴുതി, പരിഭാഷയുടെ ആമുഖക്കുറിപ്പില്‍: '...സര്‍ഗ്ഗാത്മക ക്രിയയില്‍ വാക്കും ചിന്തയും അവിഭാജ്യമാണ്. ഈയൊരു തലം മനസ്സിലാക്കുന്നത് ഏതൊരു വിവര്‍ത്തകനേയും വിവര്‍ത്തനത്തില്‍നിന്നും പിന്തിരിപ്പിക്കും. സ്വയം ഉള്‍വലിയും. ഈ ഗ്രന്ഥം ഏവരും വായിച്ചിരിക്കണം, ഭാഷകള്‍ക്കതീതമായി. കാരണം, സകല സ്ഥലകാലങ്ങളേയും ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നു. അഥവാ ഇത് സര്‍വ്വവ്യാപിയാണ്. എന്തുകൊണ്ടെന്നാല്‍ തോമസ് മന്‍ കാലത്തിന്റെ വിത്തുകള്‍ക്കുള്ളിലേക്കാണ് നോക്കുന്നത്...''
ഏഴുകളുടെ ബൃഹ്ദാഖ്യാനം:
ഏഴ് നീണ്ട അദ്ധ്യായങ്ങള്‍ ഉള്‍ച്ചേര്‍ന്ന ബൃഹദ് ഗ്രന്ഥമാണ് 'മാജിക് മൗണ്ടന്‍' ഉപരിതലത്തില്‍. ഇത് ഹാന്‍സ് കാസ്ട്രോപ്പ് എന്ന ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ കഥയാണ്. എന്നാല്‍, അതങ്ങനെയല്ല, ഇത് നിങ്ങളുടേയും എന്റെയുമാണ്. നാളെ, ഭൂമിയില്‍ പിറക്കാനിരിക്കുന്നവരുടേയും ഇന്നലെ ഭൂമിയില്‍നിന്ന് തിരോധാനം ചെയ്തവരുടേയുമാണ്. ഇക്കഥ പറയേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. ഭൂതകാലത്തിന്റെ ആഴത്തിലേക്കുള്ള അന്വേഷണമാണിത്. വര്‍ത്തമാനത്തില്‍നിന്നുകൊണ്ട് ഭാവിയുടെ ചക്രവാളങ്ങള്‍ അനാവൃതമാക്കുന്നു.
സ്ഥകാലങ്ങളുടെ കഥയാകുമ്പോള്‍ അതിന്റെ ദൈര്‍ഘ്യം നമ്മുടെ മനോനിലയില്‍ അളക്കാനാവില്ല. അത് സ്വയം അഴിയുകയാണ്. എഴുത്തുകാരന്‍ കാഴ്ചക്കാരനായി, ക്രോണിക്കളറായി, മാറിനില്‍ക്കുന്നു. ഇവിടെ ഏഴ് മിനിട്ടുകളിലോ ഏഴ് മണിക്കൂറുകളിലോ ഏഴ് മാസങ്ങളിലോ ഏഴ് വര്‍ഷങ്ങളിലോ ഏഴ് നൂറ്റാണ്ടുകളിലോ ഹാന്‍സ് കാസ്ട്രോപ്പിന്റെ കഥ മുഴുവനാക്കാനാകില്ല. നശ്വരമായ (Mortal) കാലമല്ല ഹാന്‍സ് കാസ്ട്രോപ്പില്‍ ചുഴറ്റുന്നത്. അല്ലെങ്കില്‍ അയാളെ കാലച്ചുഴിയിലാക്കുന്നത്. വെറും നശ്വരനായ അയാളില്‍ കാലാതീതമായ കാലം ചുറ്റിയടിക്കുമ്പോള്‍ അയാള്‍ കാലത്തിനുള്ളില്‍ ചുറ്റിത്തിരിയുന്നു. സാധാരണ മനുഷ്യരുടെ സമയത്തിന്റേതായ എല്ലാ അളവുകോലുകളും അങ്കനങ്ങളും സൂചികളും - വിനാഴിക, മിനിട്ട്, മണിക്കൂര്‍, ദിവസം, ആഴ്ച, മാസം, വര്‍ഷം... എല്ലാമിവിടെ കാലത്തിന്റെ അനന്തമായ ചുഴിയില്‍ പെട്ട് അവയുടേതായ എല്ലാ അര്‍ത്ഥഭാവങ്ങളും അഴിഞ്ഞ് വാക്കുകള്‍ക്കും ഭാഷയ്ക്കും സംവേദനങ്ങള്‍ക്കുമതീതമായി പരിണമിക്കുന്നു. സാനട്ടോറിയത്തിലെത്തുന്ന രോഗാതുരരായ മനുഷ്യര്‍ക്കുള്ളിലെ ആന്തരാവയവങ്ങളുടെ അഴിയല്‍ പോലെ.
ആരംഭം:
തോമസ് മന്‍ മാജിക് മൗണ്ടന്‍ ആരംഭിക്കുന്നു...
ഹാംബര്‍ഗില്‍നിന്ന് ഡാവോസിലേക്ക് ഏറെ ദൂരമുണ്ട്. ഹ്രസ്വമായൊരു താമസത്തിന് ഒട്ടേറെ ദൈര്‍ഘ്യമേറിയത്; സമയത്തെ ദൂരത്താല്‍ അളക്കുകയാണെങ്കില്‍. നാട്ടിന്‍പുറങ്ങള്‍ താണ്ടി കുന്ന് കേറി താഴ്വരയിലേക്കിറങ്ങി തെക്കന്‍ ജര്‍മ്മനിയുടെ സമതലത്തിലൂടെ തടാകക്കരയിലൂടെ 'അടിത്തട്ടില്ലാത്ത' ചതുപ്പിന് മുകളിലൂടെയാണ് യാത്ര. അടിത്തട്ടില്ലാത്ത ചതുപ്പ് ഭൂമി കാസ്ട്രോപ്പ് എത്തിപ്പെടാന്‍ പോകുന്ന കാലത്തിന്റെ സൂചനയാണ്.
മറ്റൊരു കാലത്തിലേക്കും സ്ഥലത്തിലേക്കും കാസ്ട്രോപ്പ് ചുഴറ്റിയെറിയപ്പെടുന്നു. വായനക്കാരനും. തന്റെ ജന്മദേശത്തിനും തനിക്കുമിടയില്‍ തിരിയുകയും ചുറ്റുകയും ചെയ്യുന്ന സ്ഥലബോധം കാലബോധമായി അയാളെ പിടികൂടുന്നു. ഓരോ മണിക്കൂറിലും (കാലത്തിന്റെ ഏറ്റവും ചെറിയൊരു ഗുണിതത്തില്‍) അയാളില്‍ അത് മാറ്റങ്ങളുണ്ടാക്കി. ഉയരങ്ങളിലേക്ക് പോകുംതോറും ജീവിതത്തിന്റെ വ്യര്‍ത്ഥത അയാളറിഞ്ഞു. ചെറുതായി തലചുറ്റുന്നതായും ഛര്‍ദ്ദിക്കാന്‍ വരുന്നതായും തോന്നി. കാലത്തെ അന്വേഷിച്ച സാര്‍ത്രില്‍ നമുക്കീ 'Nause' പിന്നീട് കാണാനായിട്ടുണ്ട്. അയാളുടെ കസിന്‍ (ബന്ധു) ജോച്ചിം സിംസന്റെ ശബ്ദമാണ് മഞ്ഞുമൂടിയ പാറകളുടെ ദൃശ്യത്തില്‍നിന്ന് അയാളെ ഉണര്‍ത്തുന്നത്. ''ഹല്ലോ! നിങ്ങളെത്തിക്കഴിഞ്ഞു! ഇവിടെയാണിറങ്ങേണ്ടത്.''
സ്റ്റേഷനിലിറങ്ങി ആദ്യത്തെ നാലഞ്ച് നിമിഷങ്ങള്‍ പിന്നിട്ടിട്ടുണ്ടാവില്ല. കാസ്ട്രോപ്പ് സ്വതസിദ്ധമായി ചോദിച്ചു: ''നിങ്ങളും എന്റെ കൂടെ മടങ്ങുകയല്ലേ?'' 'മാജിക് മൗണ്ട'ന്റെ ലോകങ്ങളെ അറിയാന്‍ തുടങ്ങിയിരുന്ന സാനട്ടോറിയത്തിലെ അന്തേവാസിയായ ജോച്ചിം പ്രതിവചിച്ചു: ''എപ്പോള്‍?'' കാസ്ട്രോപ്പ് നിഷ്‌ക്കളങ്കത വിശദമാക്കി: ''മൂന്നാഴ്ച!'' ജോച്ചിം തിരുത്തി: ''ഇവിടം മൂന്നാഴ്ച ഞങ്ങള്‍ക്ക് ഒന്നുമല്ല. നിങ്ങള്‍ക്കത് വലിയ കാലമായി തോന്നിയേക്കാം. ഇവിടവുമായും ഇഴുകിച്ചേരൂ. അപ്പോഴറിയാം കാര്യങ്ങളുടെ ഗതി. കാലാവസ്ഥ മാത്രമല്ല ഇവിടത്തെ പ്രത്യേകത. നിങ്ങള്‍ക്കത് ഭാവനയില്‍പ്പോലും കാണാന്‍ കഴിയില്ല. മൂന്നാഴ്ച നിങ്ങളെപ്പോലുള്ള സമതല ജീവികള്‍ക്കാണ്.''
ബര്‍ഗോഫ് സാനട്ടോറിയം:
സ്പോഞ്ചിന്റേതുപോലുള്ള സുഷിരങ്ങള്‍ ഉള്ള ഒരു നീണ്ട കെട്ടിടമാണ് ബര്‍ഗോഫ് സാനട്ടോറിയം. സ്പോഞ്ചിലേതുപോലെ സുഷിരങ്ങള്‍ എന്ന പ്രയോഗം തന്നെ സാനട്ടോറിയത്തിലെ അന്തേവാസികളുടെ ദ്രവിച്ച ശ്വാസകോശങ്ങളെ ദ്യോതിപ്പിക്കുന്നു.
കടലില്‍നിന്ന് അയ്യായിരം അടി ഉയരെയാണ് താന്‍ എത്തിപ്പെട്ടിരിക്കുന്നതെന്ന് കാസ്ട്രോപ്പ് മനസ്സിലാക്കുന്നു. നിതാന്തമായ മഞ്ഞിന്റെ ലോകം. ആറാമദ്ധ്യായത്തില്‍, ആറാം ഇന്ദ്രിയമെന്നുമാവാം, Snow എന്നൊരു ഉപദ്ധ്യായം തന്നെയുണ്ട് നോവലില്‍. മുപ്പതോളം പുറങ്ങളില്‍ നോവലിന്റെ ഓരോ ഏടിലും വ്യാപിച്ചിരിക്കുന്ന മഞ്ഞിനെ സ്ഫുടീകരിക്കുകയും സ്ഥൂലീകരിക്കുകയുമാണിവിടെ. ഈ സീസണിലെ മഞ്ഞുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേത് ഒന്നുമല്ല. മഞ്ഞുവീഴ്ച പൈശാചികവും അനന്തവുമാണ്. വിചിത്രവും അസാമാന്യവുമായ ബര്‍ഗോഫിന്റെ സ്ഥലപ്രകൃതിയെപ്പറ്റി വ്യക്തത നല്‍കുന്നു. ''രാപ്പകലില്ലാതെ മഞ്ഞ് പൊഴിഞ്ഞു. തുറന്നുകിടന്നിരുന്ന കുറച്ച് വഴികള്‍പോലും തുരങ്കങ്ങളായി. ഇരുവശങ്ങളിലും അത്യുന്നതമായ മഞ്ഞ് മതിലുകള്‍. വെണ്‍മയെഴുന്ന സുതാര്യമായ പ്രതലങ്ങള്‍ കാണാന്‍ ഭംഗിയുണ്ട്. അതിന്മേല്‍ സന്ദര്‍ശകര്‍ എല്ലാത്തരത്തിലുമുള്ള തമാശകളും സന്ദേശങ്ങളും പേരുകളുമെഴുതി... മഞ്ഞ് നിശ്ശബ്ദമായി പെയ്തുകൊണ്ടിരുന്നു...'' (പുറം 471) പുറംലോകം കാണാനേയില്ല. ശൂന്യം. ശിശിരത്തില്‍ മൃതദേഹങ്ങള്‍ ബോബ് സ്ലെഡ് വഴി താഴേക്ക് വരുന്നതിന്റെ വിവരണം കേട്ട കാസ്ട്രോപ്പ് ജോച്ചിമിന്റെ നേരെ പൊട്ടിച്ചിരിച്ചു. അയാളുടെ ചിരിയില്‍ ആത്മരോഗത്തിന്‍ വിത്തുകളുണ്ട്.

നമ്പര്‍ 34:
കാസ്ട്രോപ്പിന്റെ താമസമുറി നമ്പര്‍ 34. ജോച്ചിമിന്റെ വലതു ഭാഗത്ത്. മറുഭാഗത്ത് റഷ്യന്‍ ദമ്പതികളാണ്. അലോസരപ്പെടുത്തുംവിധം ഉറക്കെ സംസാരിക്കുന്നവര്‍.
എന്തൊരു മനോഹരമായ മുറി, തനിക്കിവിടെ രണ്ടാഴ്ച ആനന്ദത്തോടെ കഴിയാം എന്ന് കാസ്ട്രോപ്പ് അത്ഭുതം കൂറിയതിന് മറുപടിയായി ഇതേ മുറിയില്‍ താമസിച്ചിരുന്ന ഒരമേരിക്കന്‍ സ്ത്രീ മിനിഞ്ഞാന്നാണ് മരിച്ചതെന്ന് ജോച്ചിം തുറന്നടിക്കുന്നു. മരണഗന്ധമകറ്റാനും മരണവിത്തുകള്‍ നശിപ്പിക്കാനും മുറി ഫോര്‍മലിന്‍ കൊണ്ട് പുകച്ച കാര്യം ജോച്ചിം പറഞ്ഞു. ബര്‍ഗോഫ് സാനട്ടോറിയത്തിലെ മുറികളിലും ഫര്‍ണീച്ചറുകളിലും പൂശിയിരുന്ന വെളുപ്പ് മരണത്തിന്റെ നിറമായി കലരുന്നു. വെള്ള ചുവരുകള്‍, വെള്ള ഫര്‍ണീച്ചര്‍, വെള്ള കര്‍ട്ടന്‍...

ഇടനാഴിയില്‍ അവനെത്തന്നെ ശ്രദ്ധിക്കുന്ന ഒരു നഴ്സിനെ കണ്ടു. ഒന്നാം നിലയിലെത്തിയ കാസ്ട്രോപ്പ് വേരാഴ്ത്തിയപോലെ സ്തംഭിച്ചുനിന്നു. ഇടനാഴിയുടെ വളവില്‍നിന്ന് ഭയാനകമായ ശബ്ദം. അതുറക്കെയല്ല. തീര്‍ത്തും ഭയാനകമായത്. താനിതുവരെ ഒരിക്കലും കേട്ടിട്ടില്ലാത്ത മനുഷ്യശബ്ദം. ശരീരത്തിനുള്ളിലെ അവയവങ്ങളെല്ലാം തകര്‍ന്ന് പൊടിഞ്ഞ് ജൈവദ്രാവകമായി പുറത്തേക്ക് തള്ളുമ്പോഴത്തെ ദുര്‍ബ്ബലമായ നീണ്ട ചുമ... ക്ഷയരോഗബാധയാല്‍ ആസന്നമരണനായ ഒരു മനുഷ്യന്റെയുള്ളില്‍നിന്ന് പുറന്തള്ളുന്ന ശബ്ദം കേട്ടിട്ടുള്ള ആര്‍ക്കും തോമസ് മന്റെ വിവരണം എത്രമാത്രം സത്യസന്ധമാണെന്നറിയാം. അതൊരിക്കലും മനുഷ്യന്റെ ചുമയല്ല. ജീവിതത്തിന്റെ ശബ്ദമല്ല. മരണത്തിന്റെ നിലയ്ക്കാത്ത ഓര്‍മ്മപ്പെടുത്തലാണ്. അയാള്‍ ചുമയ്ക്കുമ്പോള്‍ അയാളുടെ ശരീരത്തിന്നുള്‍വശം മുഴുവന്‍ നമുക്കു പുറത്ത് കാണാം. ജീവിതത്തെ അതിന്റെ അത്യന്ത ജീര്‍ണ്ണതയില്‍ നാം കാണുന്നു. മറ്റൊരര്‍ത്ഥത്തില്‍ എന്താണ് മനുഷ്യന്‍? അയാള്‍, ആ ചുമയ്ക്കുന്ന മനുഷ്യന്‍ ആയ കാലത്ത് ഒരു കുതിരസവാരിക്കാരനായിരുന്നു. അത്രയും അരോഗദൃഢഗാത്രനായിരുന്ന മനുഷ്യന്റെ അറപ്പിക്കുന്ന ജൈവദ്രാവകമായിത്തീരുന്ന ശരീരമാണ് നമുക്ക് മുന്നില്‍.
ആത്മബന്ധത്തിന്റെ അടയാളം:
ഹാന്‍സ് കാസ്ട്രോപ്പിനെപ്പറ്റി നാല് പതിറ്റാണ്ടുകള്‍ സംവദിച്ച എന്റെ ആത്മമിത്രം തന്റെ ശ്വാസകോശങ്ങളും കരളും ആന്തരാവയവങ്ങളും അര്‍ബ്ബുദത്തിന്റെ നീറിപ്പിടിക്കുന്ന കനലുകളില്‍ വെന്തുരുകി ദ്രവമായിത്തീര്‍ന്നിരുന്ന മാസങ്ങള്‍. അയാള്‍ ആര്‍.സി.സിയിലും തിരുവനന്തപുരത്തെ വാടക വീട്ടിലുമായി കഴിയുന്നു. ഒരു സാക്ഷിയായി ഞാന്‍ തൃശൂരിലെ സാന്ത്വനപരിചരണ കേന്ദ്രത്തില്‍ ബര്‍ഗോഫിലെന്നപോലെ ജൈവദ്രാവകമായി പുറത്തേക്ക് തള്ളുന്ന മരണം നിത്യേനയെന്നോണം കാണുന്നു. ഉള്ളിലഴുകിത്തീര്‍ന്ന മനുഷ്യജീവന്‍ എന്റെ കൈകള്‍ക്കുള്ളിലൂടെ ഊര്‍ന്നുപോകുമ്പോഴുള്ള തണുപ്പറിയുന്നു. മോഹന്‍ അവന്റെ ഏറ്റവും അടുത്ത എഴുത്തുകാരനായ തോമസ് മന്‍ ബെര്‍ഗോഫില്‍ വിവരിച്ച മരണത്തിന്റെ ഇരയായിത്തീര്‍ന്നപ്പോള്‍, ഞാനിപ്പുറെ സാക്ഷിയായി അവശേഷിക്കുന്നു. 'മാജിക് മൗണ്ടനു'മായുള്ള രണ്ടു സ്‌നേഹിതരുടെ ആത്മബന്ധത്തിന്റെ അടയാളമായി ഈ ലേഖനം മാറുന്നു.
ബര്‍ഗോഫിന്റെ തീന്‍ശാല:
നോവലിന് ഏഴ് അദ്ധ്യായങ്ങളുണ്ടെങ്കില്‍ ബര്‍ഗോഫിന്റെ സാംസ്‌കാരിക വിനിമയകേന്ദ്രമായ തീന്‍ശാലയില്‍ ഏഴ് മേശകളാണുള്ളതെന്ന് ആകസ്മികമല്ല. ആദ്യമായി ജോച്ചിമിനൊപ്പം തീന്‍ശാലയിലെത്തുന്ന കാസ്ട്രോപ്പും ജോച്ചിമും വീണ്ടുമെത്തുന്നത് 'സമയ'ത്തില്‍ തന്നെയാണ്. ഏഴാമദ്ധ്യായത്തിലെ പത്ത് ഉപാദ്ധ്യായങ്ങളില്‍ ആദ്യത്തേത് By The Ocean of Time ആണ്. (പുറം 541) അതിലെ ആദ്യവാചകം വായനക്കാരനോടുള്ള ചോദ്യമാണ്: ''നിങ്ങള്‍ക്ക് സമയത്തെ വിവരിക്കാനാവുമോ?'' കാലം കടന്നുപോയി, കാലം ഒഴുകി... എന്നൊക്കെ പറയാം. അതിനപ്പുറം? നോവലിന്റെ മൂന്നാം അദ്ധ്യായത്തില്‍ കടന്നുവരുന്ന സെറ്റംബ്രിനി ചെകുത്താന് കാവ്യം രചിച്ച ഗുരുവിന്റെ ശിഷ്യനാണ്. കണ്ടാല്‍ ആകെ അവലക്ഷണം തോന്നുന്ന അയാളെ തോമസ് മന്‍ പരിചയപ്പെടുത്തുന്നത് മാന്യനായിട്ടാണ്. അയാള്‍ അയാളെ വിശേഷിപ്പിക്കുന്നത് ഹ്യുമാനിസ്റ്റായിട്ടാണ്. Homo humanus സെറ്റംബ്രിനി പറയുന്നുണ്ട്. നിങ്ങള്‍ ഉയരത്തിലാണെന്നത് വെറും അനുമാനം മാത്രമാണ്. നിങ്ങള്‍ ശരിക്കും പാതാളത്തിലാണ്. നാം വെറും നിഴലുകള്‍ മാത്രം. നിഴലുകളുടെ രാജ്യത്തെ ഒഡീസിയസിനെപ്പോലെയാണ് കാസ്ട്രോപ്പ് എന്ന് സെറ്റംബ്രിനി. കാരണം, കാസ്ട്രോപ്പ് സ്വയം പരിചയപ്പെടുത്തിയത് അരോഗദൃഢഗാത്രനായിട്ടാണ്. മരണത്തിന്റെ പാതാളത്തിലേക്ക് വന്നെത്താന്‍ ധീരത കാണിച്ച യുവാവ്, അദ്ധ്വാനത്തിന്റേയും പ്രായോഗികജ്ഞാനത്തിന്റേയും ലോകത്തെ ജീനിയസ് എന്നാണ് അതിന് ഹ്യുമനിസ്റ്റ് ഉത്തരം നല്‍കിയത്. കടുത്ത പരിഹാസത്തില്‍, സെറ്റംബ്രിനി തന്നോടുള്ള ആത്മനിന്ദയും മരണത്തോടുള്ള കറുത്ത ഹാസ്യവും ഉള്‍ക്കൊള്ളിച്ചു.

സമയം സ്പേസിലെ ചലനമാണ്:
സെറ്റംബ്രിനി തുടരുകയാണ്, ഇവിടെ സമയത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റ് മാസമാണ്. അങ്ങനെയാണ് ഞങ്ങള്‍, നിഴലുകള്‍ സമയത്തെ കാണുന്നത്. ഉല്‍ക്കണ്ഠ നിഴലുകളുടെ അവകാശമാണ്.
തെര്‍മോമീറ്ററില്‍ നോക്കുമ്പോള്‍ സമയം നീങ്ങുന്നത് സാവകാശമാണ്, കാസ്ട്രോപ്പ് പറഞ്ഞു. ഇവിടെ നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നുവോ അങ്ങനെയാണ് സമയം. ഹ്രസ്വമെന്ന് തോന്നിയാല്‍ ഹ്രസ്വം. ദീര്‍ഘമെന്ന് തോന്നിയാല്‍ ദീര്‍ഘം. എത്ര ഹ്രസ്വം, ആര്‍ക്കറിയാം.
കാസ്ട്രോപ്പിന്റെ അഭിപ്രായത്തോട് അച്ചടക്കക്കാരനായ ജോച്ചിം യോജിച്ചില്ല: വാച്ചുകളും കലണ്ടറുകളും നമുക്കെല്ലാവര്‍ക്കും ഒന്നുപോലെയാണ്. നിങ്ങള്‍ക്കും എനിക്കും. എന്റെ വാച്ചില്‍ ഒരു സെക്കന്റ് സൂചി ഒരു വട്ടം ചുറ്റുന്നതാണ് മിനിട്ട്.
കാസ്ട്രോപ്പ്: അത് (സമയം) നമ്മുടെ ഇന്ദ്രിയങ്ങളിലാണ്. അത് ചലനമാണ്. സ്പേസിലെ ചലനം. കാലത്തെ (Time) space കൊണ്ടളന്ന് നോക്കൂ. ഹാംബര്‍ഗില്‍നിന്ന് ഡാവോസിലേക്ക് ഇരുപത്തിനാല് മണിക്കൂര്‍ ട്രെയിനില്‍. നടന്നാലോ. ഇനി ഭാവനയിലോ? അപ്പോള്‍ എന്താണ് സമയം? സമയത്തെക്കുറിച്ചുള്ള നമ്മുടെ ഗണിതങ്ങളെല്ലാം മാദ്ധ്യസ്ഥമാണ്.
നിങ്ങള്‍ക്കെത്ര വയസ്സായെന്ന സെറ്റംബ്രിനിയുടെ ചോദ്യത്തിന് കാസ്ട്രോപ്പിന് ശരിയായ ഉത്തരം നല്‍കാനായില്ല. ബോധാബോധങ്ങളുടെ ഊഞ്ഞാലില്‍ അയാള്‍ ആടിക്കൊണ്ടിരുന്നു. ജീവിതത്തിന്റേയും മരണത്തിന്റേയും. കാലത്തിന്റേയും സ്പെസിന്റേയും.
രോഗം, പീഡനം...
ബെര്‍ഗോഫില്‍ നിര്‍ണ്ണീതമായ കാലങ്ങളില്ല (Seaosns). മഞ്ഞും വേനലും വസന്തവും ശരത്തും എപ്പോഴെന്ന് പ്രവചിക്കാനാവില്ല. പരസ്പരം കലരുകയാണ്. മനുഷ്യവാസ്ഥയിലേതുപോലെ. രോഗവും സ്വാസ്ഥ്യവും സുഖവും ദു:ഖവും മരണവും കൂടിക്കുഴയുകയാണ്. എല്ലാം വേറിട്ടതായി തോന്നാം. എന്നാല്‍, ആകെ ഒരു കുഴമറിയലാണ്. ഈ അവസ്ഥ കാരുണ്യരഹിതമെന്ന് ഒരു കഥാപാത്രം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. കടുത്ത വേനലില്‍ ശരീരം തണുപ്പില്‍ കോച്ചി വിറയ്ക്കുന്നു. ആത്മാവ് കഠിനമായി പീഡിപ്പിക്കപ്പെടുന്നു. മുന്‍പിലുള്ള ദൃശ്യങ്ങളാല്‍ അവമതിക്കപ്പെടുന്നു. മനുഷ്യന്റെ രോഗാവസ്ഥയ്ക്ക് ഇന്നും അതില്‍നിന്നും മാറ്റമില്ല. രോഗം പീഡനവും അവമതിയുമായി ഈ സത്യാനന്തര കാലത്തും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നത് നാം കാണുന്നു. സാന്ത്വന പരിചരണത്തിന്റെ ഹോസ്പീസ് കേന്ദ്രത്തില്‍, ഞാനിതിന് സാക്ഷിയാണ്. രോഗം, പീഡനം, അവമതി, ചതി, നാട്യങ്ങള്‍, നുണകള്‍, മരണം, കാമം ഒരേ സമയം ജീവന്റെ വ്യത്യസ്ത അടരുകളായി ഒന്നില്‍നിന്ന് മറ്റൊന്നിനെ വേര്‍തിരിക്കാനാവാത്ത വണ്ണം കൂടിക്കലര്‍ന്നിരിക്കുന്നു.

കാസ്ട്രോപ്പിനെപ്പോലെയല്ലേ ഞാനും എന്ന് പാലിയേറ്റീവ് ക്ലിനിക്കിന്റെ കിടത്തിചികിത്സാവിഭാഗത്തിന്റെ ചൂടിലൂടെ ഓരോ ക്യുബിക്കിളിന് മുന്നിലും നില്‍ക്കുമ്പോള്‍ തോന്നാറുണ്ട്. മരണാസന്നരായ രോഗികള്‍ക്കായി ഓരോ മുറിയിലും ഘടിപ്പിച്ചിട്ടുള്ള ചെറിയ കഴുത്തും വലിയ വയറുമുള്ള ഓക്സിജന്‍ ഭരണികള്‍ക്ക് പകരം ഓരോ ക്യുബിക്കിളിലും ശ്വാസമെടുക്കുന്ന മരണാസന്ന രോഗികളുടെ മുഖത്ത് ഘടിപ്പിച്ചിട്ടുള്ള ഓക്സിജന്‍ മാസ്‌ക്കുകളാണ്. താഴെവച്ചിട്ടുള്ള ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകളില്‍നിന്നും പ്രാണവായു അദൃശ്യകുമിളകളായി പൊങ്ങി രോഗിയുടെ അന്തര്‍കോശങ്ങളില്‍ അപ്രത്യക്ഷമാവുന്നു.
മരണത്തിന്റെ മെഴുക് രൂപം:
ഡോക്ടര്‍ അകത്ത് കടക്കാന്‍ തുറന്ന വാതിലിലൂടെ ചെറുതാടിയുള്ള അവശനായ ഒരു യുവാവ് കിടക്കുന്നത് കാസ്ട്രോപ്പ് കാണുകയാണ്. മരണത്തിന്റെ മെഴുക് രൂപം. തന്റെ തുറിച്ച കണ്ണുകള്‍ പ്രതീക്ഷയോടെ തുറന്ന വാതിലിലൂടെ ചലിപ്പിക്കുന്നു. രോഗത്തിന്റെ ആന്തരികമായ ജൈവദ്രാവകത്തില്‍നിന്നും മരണത്തിന്റെ നൂല്‍പ്പാലത്തിലൂടെ അയാള്‍ സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് പ്രതീക്ഷയോടെ നോക്കുകയാണ്. കാസ്ട്രോപ്പ് ജീവിതത്തില്‍ ആദ്യമായിട്ടാണ് മരണം മുഖാമുഖം കാണുന്നത്. ശരിയാണ് അവന്റെ അച്ഛനും അമ്മയും മുത്തച്ഛനും നേരത്തെ മരിച്ചിരുന്നു. പക്ഷേ, ആ മരണങ്ങളെല്ലാം നടന്നത് അവന്റെ പിന്നിലായിട്ടാണ്. പൈതൃകമായി, നീരുവീണ് മൃതമായ അവരുടെ ശ്വാസങ്ങള്‍ അവന് കിട്ടിയിരുന്നു, ഒപ്പം ബാല്യത്തിന്റെ അനാഥത്വവും. ആ ഒസ്യത്തുമായിട്ടാണ് കാസ്ട്രോപ്പ് ബര്‍ഗോഫിലെത്തുന്നത്.
മരണാസന്നമായ ആ യുവാവിന്റെ കണ്ണുകള്‍ കാസ്ട്രോപ്പ് തിരിച്ചറിഞ്ഞു. അയാള്‍ അതില്‍നിന്ന് ഒന്ന് കുതറാനാവാം ഒറ്റയ്ക്ക് ബര്‍ഗോഫില്‍നിന്ന് പുറത്തുകടക്കുന്നത്. ഒറ്റയ്ക്കുള്ള നടത്തം അയാളെ എത്തിച്ചത് മുത്തച്ഛന്റെ താടിവിറയലിലേക്കും മൂക്കില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നതിലുമാണ്. രക്തവാര്‍ച്ച ശക്തമായിരുന്നു. അത് നിയന്ത്രിക്കാന്‍ അയാള്‍ ആവതും പണിപ്പെട്ടു. നരച്ച തൂണി മൂക്കില്‍ ചുറ്റി അരുവിയുടെ വക്കിലെ ബെഞ്ചില്‍ കിടന്നു. പെട്ടെന്ന് കാലവും സ്ഥലവും സംഹരിക്കപ്പെട്ട് അയാള്‍ എവിടേയ്ക്കോ വലിച്ചെറിയപ്പെട്ടു. ബെഞ്ചില്‍ കിടക്കുന്നത് അയാളുടെ ജീവനില്ലാത്ത ശരീരം മാത്രമാണ്. യഥാര്‍ത്ഥ കാസ്ട്രോപ്പ് മറ്റേതോ കാലത്തിലോ ദേശത്തിലോ ആണ്. അയാള്‍ അവിടെ തന്റെ സ്‌കൂള്‍ സഹപാഠിയായിരുന്ന പ്രിബിസ്ലാവ് ഹിപ്പിയെ കാണുകയാണ്. പ്രാക്തനമായ ഒരു വംശത്തിന്റെ ശേഷിപ്പാണ് ഹിപ്പി. അവന്റെ കണ്ണുകള്‍ക്ക് അകലങ്ങളിലെ പര്‍വ്വതനിരകളുടെ ഭാവവും നിറവുമായിരുന്നു. അത് കാസ്ട്രോപ്പിന്റെ നീലക്കണ്ണുകളില്‍നിന്ന് വ്യത്യസ്തമായിരുന്നു. കാസ്ട്രോപ്പ് ഹിപ്പിയെ പിന്തുടര്‍ന്നു. അവന്റെ അസാന്നിധ്യം കാസ്ട്രോപ്പിനെ അസ്വസ്ഥനാക്കി. അവനോട് പെന്‍സില്‍ കടം വാങ്ങിയതും പെന്‍സില്‍ ചെത്തിയ ലോലമായ ചീളുകള്‍ (shavings) അമ്മാവന്‍ ടിനാപ്പാളിന്റെ മേശവലിപ്പില്‍ രഹസ്യമായി സൂക്ഷിച്ചതും അയാളോര്‍ത്തു. തന്റെ സ്വത്വം തന്നെയാണ് പ്രിബിസ്ലാവിന്‍ ഹിപ്പി. ആദിമ മനുഷ്യനില്‍നിന്ന് ആധുനികനിലേക്കുള്ള പ്രയാണത്തിലെ ഒരു കണ്ണിയായി ഹിപ്പിയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഹിപ്പിയോടുള്ള സ്വവര്‍ഗ്ഗാനുരാഗം നോവലിസ്റ്റായ തോമസ് മനും പങ്കിടുന്നുണ്ട്. പേരുകേട്ട സ്വവര്‍ഗ്ഗാനുരാഗിയായിരുന്നു അദ്ദേഹം. സ്വവര്‍ഗ്ഗാനുരാഗത്തിന്റെ മഴവില്ലുകളില്‍ ക്രിസ്തുവിനേയും ജോണിനേയും കൃഷ്ണനേയും അര്‍ജുനനേയും രാമകൃഷ്ണപരമഹംസരേയും വിവേകാന്ദനെയും സിദ്ധാര്‍ത്ഥ ഗോതമനേയും ആനന്ദനേയും ഗാന്ധിയേയും കല്ലന്‍ബാക്കിനേയും നമുക്ക് കാണാനാവും. പ്രിബിസ്ലാവ് ഹിപ്പിയിലുള്ള കാസ്ട്രോപ്പിന്റെ സവര്‍ഗ്ഗാനുരാഗം സാനട്ടോറിയത്തില്‍ രോഗശമനത്തിനായെത്തിയ ചൗചാറ്റ് യുവതിയിലേക്കുള്ള അനുരാഗമായി പരിണമിക്കുന്നുണ്ട്. പ്രിബിസ്ലാവിന്റെ അതേ കണ്ണുകളോടെയാണ് അവള്‍ അവനെ നോക്കുന്നത്. അവളുടെ നോട്ടത്തിനു ഒരു മയവുമില്ല. പ്രിബിസ്ലാവിനെപ്പോലെ തല മുന്നോട്ടാക്കിയാണ് അവളും ഇരുന്നത്. അവളുടെ ഒടിഞ്ഞ ചുമലുകളും ഉരുണ്ട പിന്‍ഭാഗവും അവനെ ആകര്‍ഷിച്ചു.
തന്റെ തൊട്ടപ്പുറെയുള്ള മുറിയിലെ റഷ്യന്‍ ദമ്പതികള്‍ തലേന്ന് സന്ധ്യയ്ക്ക് നടത്തിയിരുന്ന ലൈംഗിക കേളികളുടെ കിതപ്പും പിടിവലിയും കിണുങ്ങലും ഉറക്കെയുള്ള ചുംബനങ്ങളും കാസ്ട്രോപ്പ് തിരിച്ചറിയുന്നു. രോഗത്തിന്റെ ശാരീരിക ജീര്‍ണ്ണതയിലും മനുഷ്യനില്‍ ആദിമ വികാരങ്ങളിലൊന്നായ കാമത്തിന്റെ 'ആഭാസകര'മെന്ന് തോന്നിപ്പിക്കുന്ന ബഹിര്‍സ്ഫുരണമുണ്ട്. മരണവും സ്ഥലകാലങ്ങളും അരാജകമായ ഋതുക്കളും വ്യത്യസ്ത സംസ്‌കാരങ്ങളും ഭാഷകളും മാത്രമല്ല, കാമവും ബര്‍ഗോഫ് സാനട്ടോറിയത്തിന്റെ ആത്മാംശങ്ങളിലൊന്നാണെന്ന് തോമസ് മന്‍ സൂചിപ്പിക്കുന്നു. ലിംഗത്തില്‍ കാന്‍സര്‍ ബാധിച്ച് ലിംഗഛേദം നടത്തേണ്ടിവന്ന അമ്പത്തിരണ്ടുകാരന്‍ തനിക്കിനിയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനാവില്ലേയെന്ന് ആത്മവേദനയോടെ ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. രോഗം കാമത്തെ ശമിപ്പിക്കുന്നില്ല.
പൂര്‍ണ്ണാരോഗ്യവാനായ ഒരാള്‍!
സാനട്ടോറിയത്തില്‍ അതിഥിയായെത്തിയ കാസ്ട്രോപ്പ് താന്‍ ആരോഗ്യവാനാണെന്നും ഒരാഴ്ചയ്ക്കുശേഷം മടങ്ങിപ്പോകുമെന്നുമറിയിക്കുമ്പോള്‍ സാനട്ടോറിയത്തിലെ ഡോക്ടര്‍ ക്രോക്കോസ്‌കി അത്ഭുതം കൂറുന്നുണ്ട്. പൂര്‍ണ്ണാരോഗ്യവാനായ ഒരാള്‍ ഒരു പ്രതിഭാസമാണ്! പഠിക്കേണ്ട പ്രതിഭാസം! ലോകം, മനുഷ്യന്‍ എത്ര രോഗാതുരമാണെന്ന് കറുത്ത യുക്തിയില്‍ ഡോക്ടര്‍ ആരോപിക്കുകയാണ്. അതില്‍ യുദ്ധങ്ങള്‍ ബാധിച്ച യൂറോപ്യന്‍ നാഗരികതയുടെ രോഗാവസ്ഥയുണ്ട്. ഒരു മനുഷ്യന്‍ വ്യക്തിയെന്ന നിലയില്‍ അവന്റെ വ്യക്തിജീവിതം മാത്രമല്ല ജീവിക്കുന്നത്; ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ തന്റെ കാലത്തിന്റേയും (life of his epoch) തന്റെ സമകാലികരുടെയും കൂടി ജീവിതം ജീവിക്കുന്നുണ്ട്: തോമസ് മന്‍ ഓര്‍മ്മിപ്പിക്കുന്നു.
ബര്‍ഗോഫ് സാനട്ടോറിയം മനുഷ്യനാഗരികതയുടെ ഒരു പരിച്ഛേദമാണ്, മൈക്രോ കോസമാണ്. അതിലെ മനുഷ്യരുടെ രോഗഗ്രസ്തമായ കോശങ്ങള്‍ ആ നാഗരികതയുടെ പ്രതിഫലനങ്ങളാണ്. ആ കോശങ്ങളിലെ ഡി.എന്‍.എയാണ് മാജിക് മൗണ്ടന്റെ ഘടനയിലുള്ളത്. പല ഭാഷകള്‍ സംസാരിക്കുന്ന, വ്യത്യസ്ത ആശയങ്ങള്‍ പുലര്‍ത്തുന്ന, വിശ്വാസങ്ങളുള്ള, ഭാവങ്ങളുള്ള ഒരു ലോകമായി അത് നമ്മുടെ മുന്നില്‍ അനാവൃതമാവുന്നു. സാനട്ടോറിയത്തിലെ വ്യത്യസ്ത മനുഷ്യരെ ഒന്നിപ്പിക്കുന്ന അടിസ്ഥാന ഘടകം രോഗമാണ്. ഈ രോഗമാകട്ടെ, അവരുടെ ശരീരത്തിനേയും മനസ്സിനേയും കാര്‍ന്നുതിന്നുന്നതാണ്. അതിനു മുന്‍പില്‍ അവരുടെ ഭാഷയ്‌ക്കോ ആശയത്തിനോ സംസ്‌കാരത്തിനോ വിലയില്ല. മറ്റൊരു തലത്തില്‍ രോഗം, ജീവിതവും മരണവുമാണ്. കാലവും സ്ഥലവും രോഗവും (മരണവും) പരസ്പരം ഉരസുന്നതിന്റേയും ഇടറുന്നതിന്റേയും സമരസപ്പെടുന്നതിന്റേയും വീണ്ടും വിഘടിക്കുന്നതിന്റേയും ശബ്ദങ്ങളും ഗന്ധങ്ങളും നാം കാണുന്നു.
ഇവിടെ മനുഷ്യര്‍ സ്വതന്ത്രരാണ്. കാലം അവര്‍ക്കൊന്നുമല്ല. ഇവിടെ ജീവിതത്തിന് പ്ര ത്യേകിച്ച് വിലയൊന്നുമില്ല. ഓരോ നിമിഷത്തിലും ജീവിതം ജീര്‍ണ്ണിക്കുകയാണ്. നോക്കൂ, താഴ് വരയിലേക്ക്, സമതലങ്ങളിലേക്ക്. അവിടെയാണ് ജീവിതത്തിന് ഗൗരവമുള്ളത്. കുറച്ചുനാള്‍ ഈ സാനട്ടോറിയത്തില്‍ ജീവിച്ചാല്‍ നിങ്ങള്‍ക്കത് ബോധ്യമാവും. ഇവിടെ ജീവിതവുമായി പൊരുത്തപ്പെടുക അത്ര എളുപ്പമല്ല. മരണം അതീവ നിഗൂഢമാണ്. ആരും തൊട്ടടുത്ത മുറിയിലെ ആള്‍ പോലുമറിയില്ല. ശവപ്പെട്ടി എത്തുന്നത് നിങ്ങള്‍ അടുത്ത മുറിയില്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴാകാം. അന്ത്യകൂദാശ കൊടുക്കാന്‍ പുരോഹിതന്‍ മരണമുറിയില്‍ കടക്കുന്ന നിമിഷം വല്ലാത്തൊരു ഭയാനകത നമ്മെ ചൂഴുന്നതായി കേള്‍ക്കാം. എല്ലാം ഭൂമിക്കടിയിലേക്ക് താഴ്ന്നുപോകുന്നപോലെ. രോഗബാധിതയായ ഒരു പെണ്‍കുട്ടിയുടെ അവസാന നിമിഷങ്ങള്‍ നോവലിസ്റ്റ് വിവരിക്കുകയാണ് ജോച്ചിമിലൂടെ. പിന്നെയും പിന്നെയും നാം മരണത്തിലൂടെ സഞ്ചരിക്കുന്നു. പതിനാറുകാരനായ ആന്റണ്‍ സ്റ്റീര്‍മാന്‍ കാറ്റുകളുടെ ചിറകുകളില്‍ പറന്നകന്നതായി സെറ്റംബ്രിനിയെന്ന Homo humanus അറിയിക്കുന്നു. അവന്റെ ഒഴിഞ്ഞുകിടക്കുന്ന കസേരയില്‍ മറ്റൊരാള്‍.
കസേര ഒഴിയുന്നില്ല
ആന്റണ്‍ സ്റ്റീര്‍മാന്റെ ആ ഒഴിഞ്ഞ കസേര വായിച്ചപ്പോള്‍, ഞങ്ങളുടെ പാലിയേറ്റീവ് ക്ലിനിക്കിന്റെ കിടത്തി ചികിത്സാവിഭാഗത്തിലെ ചൂരല്‍ കസേരയാണ് ഓര്‍ത്തത്. അതില്‍ ചാരിക്കിടക്കാം. ഒരിക്കല്‍ ഒരു പതിനാറുവയസ്സുള്ള പെണ്‍കുട്ടിക്കുവേണ്ടി ഞാന്‍ തന്നെയാണ് അതവിടെ എത്തിച്ചത്. ഞാന്‍ ചാരിക്കിടന്ന് വായിച്ചിരുന്ന കസേരയാണ്. ആ കസേരയില്‍ കിടന്ന് ഞാന്‍ മാജിക് മൗണ്ടന്‍ വായിച്ചിട്ടുണ്ട്. അവള്‍ക്ക് വേദനയില്‍നിന്ന് അല്പനേരം ആശ്വസിക്കാന്‍ ഈ കസേരയുടെ ആകൃതിയിലും പ്രകൃതിയിലും ഒരു ചൂരല്‍ കസേര വേണമെന്ന് പറഞ്ഞു. അവള്‍ ആ കസേരയില്‍ കിടന്നാണ് മരിച്ചത്. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഒരിക്കല്‍ ഞാനത് അവിടെനിന്നും വീട്ടിലേക്ക് കൊണ്ടുപോയാലോ എന്നാലോചിച്ചു. പക്ഷേ, മനസ്സ് വന്നില്ല. മരണത്തിന് ഇവിടെ കസേര വേണമെന്ന് തോന്നി. ഇപ്പോഴും അതവിടെ, ചിലപ്പോള്‍ ഒഴിഞ്ഞും മറ്റ് ചിലപ്പോള്‍ മരണത്തെ കാത്തും കിടപ്പുണ്ട്.
ആ കസേര കിടക്കുന്ന വരാന്തയിലൂടെ കടന്നുപോകുമ്പോള്‍ അവലക്ഷണം ബാധിച്ച ആ ഹ്യുമനിസ്റ്റിനെ ഞാന്‍ ഓര്‍ക്കാറുണ്ട്. അയാളെപ്പോലെ ഞാനും അവലക്ഷണം കെട്ടവന്‍. ദൈവമില്ലാത്ത ആത്മീയതയെപ്പറ്റിയും മാനവികതയെപ്പറ്റിയും ക്ലിനിക്കിലെ കുട്ടികളോട് സംസാരിക്കാറുണ്ട്. അധികാരം നീതി; നിഷ്ഠുരാധിപത്യം സ്വാതന്ത്ര്യം; അന്ധവിശ്വാസം അറിവ്; അനശ്വരതയുടെ നിയമം; മാറ്റത്തിന്റെ നിയമം; ജ്ഞാനോദയത്തിന്റെ ശക്തി, പ്രാപഞ്ചിക സാഹോദര്യം, നീതി, ശാസ്ത്രം, യുക്തി, ലോക റിപ്പബ്ലിക്, നാഗരികത, യുക്തി, സ്‌നേഹം...
തെര്‍മോമീറ്റര്‍ 99.6ഡിഗ്രി
ഒരു ദിവസം ഡോക്ടര്‍ ഫ്രോലിന്‍വോണ്‍ മൈലന്‍ ഡോങ്ക് കാസ്ട്രോപ്പിന്റെ വാതിലില്‍ മുട്ടി. തന്റെ ദൗത്യനിര്‍വ്വഹണത്തിനായി. നിങ്ങള്‍ക്ക് ഉള്ളില്‍ രോഗമുണ്ടെന്നറിയിക്കുന്നു. തുടര്‍ന്ന് അഞ്ച് ഫ്രാങ്ക് വിലയുള്ള തെര്‍മോമീറ്റര്‍ അയാള്‍ക്ക് നല്‍കുന്നു. അതിന്റെ മിന്നുന്ന വെള്ളി ശരീരോഷ്മാവിന് താഴെയായിരുന്നു. ഡോക്ടര്‍ പോയ ഉടനെ കാസ്ട്രോപ്പ് തെര്‍മോമീറ്റര്‍ നാക്കിന്നടിയില്‍ വെയ്ക്കുന്നു. വാച്ചില്‍ സമയം നോക്കുന്നു. ഏഴ് മിനിട്ടുകള്‍ കടന്നുപോകാന്‍ കാത്ത് നില്‍ക്കുന്നു. തെര്‍മോമീറ്റര്‍ നാക്കിന്നടിയില്‍ അമര്‍ത്തി അയാള്‍ മുറിയില്‍ നടക്കുന്നു. സമയം ഇഴയുന്നു. ഒരിക്കലും അവസാനിക്കുന്നില്ല. വാച്ചില്‍ നോക്കി. രണ്ടര മിനിറ്റ് കടന്നുപോയിരിക്കുന്നു. അയാള്‍ അനേകം കാര്യങ്ങള്‍ അതിനിടയില്‍ ചെയ്തു. അവസാനം വായില്‍നിന്ന് തെര്‍മോമീറ്ററെടുത്ത് വായിച്ചു. 99.6 ഡിഗ്രി.
തുടര്‍ന്ന് കാസ്ട്രോപ്പും ജോച്ചിമും ഡോക്ടര്‍ ബ്രഹന്‍സിനെ സന്ദര്‍ശിക്കുന്നിടത്ത് കാസ്ട്രോപ്പിന്റെ മലയിറങ്ങാനുള്ള ആഗ്രഹത്തെ ഡോക്ടര്‍ നേരിടുകയാണ്. ഇവിടെ മാന്യമായ ജീവിതമില്ലേ? ഇതൊരു തടവറയല്ല. സൈബീരിയന്‍ പീനല്‍ കോളനിയുമല്ല. മൈക്കിള്‍ ഫൂക്കേ Madness and Civilisation-ല്‍ ലെപ്രസോറിയത്തിന്റേയും സാനട്ടോറിയത്തിന്റേയും ആശുപത്രിയുടേയും തടവറയുടേയും പീനല്‍ കോളനിയുടേയും ഉല്‍ഭവങ്ങളും വളര്‍ച്ചകളും ചരിത്രഭാഷയില്‍ വിശദമാക്കുന്നുണ്ട്. ബര്‍ഗോഫ് സാനട്ടോറിയം തടവറയും പീനല്‍ കോളനിയുമാണെന്ന് ഡോക്ടര്‍ ഭംഗ്യന്തരേണ ആവര്‍ത്തിക്കുകയാണോ? അല്ലെങ്കില്‍ വായനക്കാരനില്‍ നോവലിസ്റ്റ് ആ ബോധം ജനിപ്പിക്കുകയാണോ?
എന്താണിവിടെ കുറ്റകരമാകുന്നത്? ശിക്ഷിക്കപ്പെടേണ്ടതാകുന്നത്? അതിനുള്ള വിശദീകരണങ്ങളാണ് നോവലില്‍ ക്രമാനുഗതമായി നീറിപ്പിടിക്കുന്നത്. സമൂഹത്തിന്റേയും ശരീരത്തിന്റേയും രോഗാവസ്ഥകള്‍ തുറന്നുകാട്ടുന്ന നോവലുകള്‍ വിശ്വസാഹിത്യത്തില്‍ ഉണ്ടായിട്ടുണ്ട്. അലക്സാണ്ടര്‍ സോള്‍ഷെറ്റ്സിന്റെ 'കാന്‍സര്‍ വാര്‍ഡ്' ഉദാഹരണം. അതുപോലെ സമൂഹത്തിന്റെ രോഗാവസ്ഥയും അതില്‍ വ്യക്തികള്‍ തടവിലാക്കപ്പെട്ട് പീഡിതരാകുന്നതിന്റേയും നോവലുകള്‍ കാഫ്കയിലും കുന്ദേരയിലും കൂറ്റ്സെയിലുമുണ്ട്. കാഫ്കെയുടെ പീനല്‍ കോളനി (കഥ), കാസില്‍ (നോവല്‍), കൂറ്റ്സെയുടെ ലൈഫ് ആന്റ് ടൈം ഓഫ് മൈക്കിള്‍ കെ, കുന്ദേരയുടെ ജോക്. ഒന്നും രണ്ടും ലോകമഹായുദ്ധത്തില്‍ യൂറോപ്പനുഭവിച്ച അതിതിക്തമായ പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍. ഇന്ത്യനവസ്ഥയില്‍ ജീവിതത്തേയും മരണത്തേയും തൊട്ടറിയുന്ന താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനിലെ ജീവന്‍ മശായി ഒരു യൂറോപ്യന്‍ ഭാഷയില്‍ സാധ്യമാകണമെന്നില്ല. മനുഷ്യന്റെ നാഡിമിടിപ്പിലൂടെ ജീവന്റേയും മരണത്തിന്റേയും താളവും താളഭേദവുമറിഞ്ഞ് മരണം പ്രവചിക്കുന്ന ജീവന്‍ മശായിയെ ഞാന്‍ തോമസ് മന്റെ 'മാജിക് മൗണ്ടനി'ലേക്ക് extrapolate ചെയ്തുനോക്കിയിട്ടുണ്ട്. 'മാജിക് മൗണ്ടന്‍' ഡോവോസ് പ്ലാറ്റ്സിയിലാണെങ്കില്‍, ജീവന്‍ മശായ് ബംഗാളിലെ ഗ്രാമങ്ങളിലാണ്. ഇന്ത്യന്‍ നാഗരികതയുടെ ചലനരഹിതമെന്ന് തോന്നിപ്പിക്കുന്ന ഗ്രാമങ്ങളിലെ ഇരുട്ടും നിഴലും കാലവും കാലരാഹിത്യവും കെട്ടിക്കിടക്കുന്ന പാരമ്പര്യത്തിലാണ് താരാശങ്കര്‍ മരണത്തെ അന്വേഷിക്കുന്നത്, ജീവിതത്തിന്റെ പൊരുളായി. ആധുനിക വൈദ്യശാസ്ത്രത്തോട് ജീവന്‍ മശായി തോറ്റുപോകുന്നു. അയാള്‍ വെറുക്കപ്പെട്ടവനാകുമ്പോള്‍, ഫൂക്കോ ചൂണ്ടിക്കാട്ടിയ ആശുപത്രികളും തടവറകളും രൂപപ്പെടുന്നു.
സാനട്ടോറിയത്തിന്റെ ഡയറക്ടര്‍ ഡോക്ടര്‍ ബ്രഹന്‍സ് കാസ്ട്രോപ്പിനെ മെഡിക്കല്‍ മുറിയില്‍ പരിശോധിക്കുന്നു. ഡോക്ടര്‍ക്ക്, ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന ധാതുവാണ് കാസ്ട്രോപ്പ്. വിശദമായ പരിശോധനയ്ക്കുശേഷം ഡോക്ടര്‍ തന്റെ കണ്ടെത്തലുകള്‍ പ്രഖ്യാപിക്കുന്നു. നിങ്ങള്‍ സമതലത്തിലേക്ക് തിരിച്ചുപോകുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങള്‍ക്ക് ഇവിടേയ്ക്ക് ഉടനെ തിരിച്ചുപോരേണ്ടിവരും. ഇവിടത്തെ അന്തരീക്ഷവായു രോഗത്തിന് പറ്റിയതാണ്. അത് ശരീരത്തെ മൊത്തമായി മാറ്റിമറിക്കുന്നു (Revolutionise), ഉള്ളിലുള്ള സകല ദൗര്‍ബ്ബല്യങ്ങളെയും അത് ഉപരിതലത്തിലെത്തിക്കുന്നു.
ഡോക്ടര്‍ ബ്രഹന്‍സിന്റെ അസിസ്റ്റന്റായ ഡോ. ക്രോക്കോസ്‌കി പറയുന്നുണ്ട്: ''സ്നേഹശക്തിയുടെ വേഷപ്രച്ഛന്നമായ ആവിഷ്‌കാരങ്ങളല്ലാതെ മറ്റൊന്നുമല്ല രോഗം. സ്‌നേഹം ഭാവം മാറുന്നതാണ് എല്ലാ രോഗവും.''
ശരീരത്തിന്റെ രോഗശുശ്രൂഷ ചെയ്യുന്ന ഏതൊരു ഭിഷഗ്വരനും ഈ സത്യമറിയാം. സമൂഹത്തിന്റെ രോഗമാറ്റത്തിന് സജ്ജനാകുന്ന വിപ്ലവകാരിയും ഇതറിയുന്നുണ്ട്. ആത്മാവിന്റെ രോഗം കണ്ടെത്തുന്ന അന്വേഷിയും ഇവിടേയ്ക്കാണെത്തുന്നത്. രോഗം മാറ്റത്തിന്റെ (Revolution) മാധ്യമമാണ്. നോവലിന്റെ അവസാന അദ്ധ്യായമായ അശനിപാതം (Thunderbolt) ഇതിന്റെ അടയാളമത്രെ.
ദ്വന്ദ്വയുദ്ധത്തിലെ മദ്ധ്യസ്ഥന്‍:
ദൈവത്തേയും വിശ്വാസത്തേയും മിസ്റ്റിസിസത്തേയും പ്രതിനിധീകരിക്കുന്നവര്‍ ഒരു ഭാഗത്തും യുക്തിയേയും ഹ്യുമനിസത്തേയും ജ്ഞാനോദയത്തേയും പ്രതിനിധീകരിക്കുന്നവര്‍ മറുഭാഗത്തുമായി സംസ്‌കാരങ്ങളുടെ സങ്കരഭൂമിയായ ബര്‍ഗോഫിന്റെ തീന്‍ശാലയില്‍ നടക്കുന്ന സംവാദം ഒരു ദ്വന്ദ്വയുദ്ധത്തിലേക്ക് വഴിമാറുന്നു. രോഗബാധിതനായ നാഫ്ത്ത ആദ്യത്തേതിനെ പ്രതിനിധീകരിച്ച് ദ്വന്ദ്വയുദ്ധത്തിന് മുന്നോട്ടു വരുന്നു. നോവലിന്റെ ആദ്യഭാഗങ്ങളില്‍ തന്നെ നോവലിസ്റ്റ് അവതരിപ്പിക്കുന്ന ഹ്യുമനിസ്റ്റ് (homo humanus), രോഗബാധിതനായ സെറ്റംബ്രിനി മറുഭാഗത്തെ പ്രതിനിധീകരിക്കുന്നു. ഹാന്‍സ് കാസ്ട്രോപ്പാണ് മദ്ധ്യസ്ഥന്‍. റഫറി എന്നും വിളിക്കാം. സെറ്റംബ്രിനിയെയാണ് തോമസ് മന്‍ പ്രതിനിധീകരിക്കുന്നതെന്ന് നമുക്ക് ആദ്യം മുതലേ തോന്നാം. ഇവിടെ അത് അട്ടിമറിക്കപ്പെടുന്നു, ബാഹ്യതലങ്ങളില്ല, ആന്തരികമായി. ഹാന്‍സ് കാസ്ട്രോപ്പിലാണ് തോമസ് മന്റെ സ്വത്വത്തിന്റെ ശോഭ കൂടുതല്‍ തെളിയുന്നതെന്ന് വായനക്കാരന്‍ തിരിച്ചറിയുന്നു.
കാസ്ട്രോപ്പ് തന്നെയാണ് ദ്വന്ദ്വയുദ്ധത്തിനുള്ള സ്ഥലം തെരഞ്ഞെടുക്കുന്നത്. ആ സ്ഥലം നാലാം അദ്ധ്യായത്തില്‍ അയാളുടെ ഒറ്റയ്ക്കുള്ള നടത്തത്തില്‍ നാം കണ്ടതാണ്. മൂക്കില്‍നിന്നുള്ള രക്തവാര്‍ച്ചയില്‍ അവശനായി അരുവിക്കരയിലെ ബെഞ്ചില്‍ അഭയം കണ്ടെത്തിയ കാസ്ട്രോപ്പ്. സ്ഥലകാലങ്ങള്‍ വിച്ഛേദിക്കപ്പെട്ട് അയാള്‍ എവിടേയ്ക്കോ വലിച്ചെറിയപ്പെട്ടു. ആ പഴയ ബെഞ്ചില്‍ അന്നത്തെക്കാള്‍ കൂടുതല്‍ കട്ടിയായി മഞ്ഞ് വീണിരുന്നു. അവന്‍ ആ പരിസരത്തില്‍ എത്തുമ്പോള്‍ തോന്നാറുള്ള അതേ സന്തോഷത്തോടെ ഹിമാന്തരീക്ഷത്തിന്റെ സൗന്ദര്യം വീക്ഷിച്ചു. അവന്‍ എല്ലാവരോടും 'ഗുഡ്മോണിങ്ങ്' പറഞ്ഞെങ്കിലും ആരും പ്രതികരിച്ചില്ല. കാലുഷ്യത്തിന്റെ മുള്‍മുനയിലായിരുന്നു എല്ലാവരും. ''മാന്യരെ, തിരക്ക് കൂട്ടരുത്... മദ്ധ്യസ്ഥനെന്ന നിലയില്‍ എന്റെ കടമയാണ്...'' എന്ന് കാസ്ട്രോപ്പ് പറഞ്ഞ് തീരും മുന്‍പേ നാഫ്ത മൂര്‍ച്ചയോടെ അലറിക്കരഞ്ഞു: ''നിശ്ശബ്ദം!'' വെടിപൊട്ടിക്കാനുള്ള സിഗ്‌നല്‍ തരാന്‍ ആവശ്യപ്പെട്ടു. ആരും സിഗ്‌നല്‍ നല്‍കിയില്ല. നാഫ്ത തന്നെ തന്റെ പ്രതിയോഗിയായ സെറ്റംബ്രിനിയോട് തന്റെ നേരെ വെടിയുതിര്‍ക്കാന്‍ ആവശ്യപ്പെട്ടു. സെറ്റംബ്രിനി കാണികളെ അവിശ്വസിപ്പിച്ചുകൊണ്ട്, അത് തന്നെ നാഫ്തയോടും ആവശ്യപ്പെട്ടു. നാഫ്ത വെടിയുതിര്‍ത്തില്ല.
സെറ്റംബ്രിനി പിസ്റ്റള്‍ വളരെ മുകളിലേയ്ക്കുയര്‍ത്തി. വെടിയുതിര്‍ത്തു. ആവര്‍ത്തിച്ച മാറ്റൊലികളായി വെടിയൊച്ച മലകളെ ഉണര്‍ത്തി. മലകള്‍ ശബ്ദം വന്നിടത്തേക്ക് തന്നെ ചുഴറ്റി വീശി. താഴ്വര ഞെട്ടിവിറച്ചു; ആളുകള്‍ ഓടിക്കൂടിയേക്കുമെന്ന് കാസ്ട്രോപ്പിന് തോന്നി. ഈ വെടിയൊച്ച സമതലങ്ങളില്‍നിന്നുള്ള യുദ്ധത്തിന്റെ സൂചനകൂടിയാണ്.
നിങ്ങള്‍ വായുവിലേക്കാണ് വെടിയുതിര്‍ത്തത്, വീണ്ടും വെടിയുതിര്‍ക്കൂ: നാഫ്തയുടെ വാക്കുകള്‍ക്ക് സെറ്റംബ്രിനി പ്രതികരിച്ചു, എനിക്കിഷ്ടമുള്ളിടത്തേക്ക് ഞാന്‍ വെടിയുതിര്‍ക്കും, ഇനി വെടിയുതിര്‍ക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. ഇനി നിങ്ങളുടെ ഊഴമാണ്. അയാള്‍ നാഫ്തയുടെ നേരെ തിരിഞ്ഞുനിന്നു, തന്റെ നേരെ വെടിയുതിര്‍ക്കാനുള്ള സമ്മതത്തോടെ.
''ഭീരു!'' നാഫ്ത നിലവിളിച്ചുകൊണ്ട് സ്വന്തം തലയിലേക്ക് തന്നെ വെടിയുതിര്‍ത്തു. അയാള്‍ അല്പം പിന്നിലേക്ക് ആടി മഞ്ഞില്‍ മുഖമടച്ച് വീണു. അയാളുടെ വെടിയൊച്ചകളില്‍ മലകള്‍ അമ്മാനമാടി.
വളരെ ചെറിയൊരു ഘടികാരത്തിന്റെ സൂചിയുടെ ചലനം നമുക്ക് കാണാനാവില്ല. അതുപോലെ ഒരു പുല്ലിന്‍തല വളരുന്നത് നമുക്ക് അദൃശ്യമാണ്... അദൃശ്യമായ കാലം മാറ്റങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. മലകള്‍ക്ക് താഴെ യൂറോപ്പിന്റെ സമതലങ്ങളില്‍ യുദ്ധത്തിന്റെ വെടിയൊച്ചകള്‍ ഹുങ്കാരങ്ങളായി. മാനവികതയുടെ മാംസവും തലയോടും കണ്ണും കരളും ഹൃദയവും ചിതറിത്തെറിച്ചു. ശാന്തിയുടെ പ്രാവുകളെ കൊത്തിയകറ്റി കഴുകന്റെ ശക്തി വിജയിച്ചുകൊണ്ടിരുന്നു. സഹോദരന്‍ സഹോദരന്റെ ഘാതകനായി. ''മരണത്തിന്റെ സര്‍വ്വവ്യാപിയായ ഉത്സവത്തില്‍നിന്ന്, സന്നിപാതജ്വരത്തിന്റെ അതിതീവ്രതയില്‍നിന്ന്, മഴ കഴുകിയ സന്ധ്യാകാശത്തില്‍ പൊന്‍തിളക്കം തെളിയുമോ? ഒരു നാള്‍ സ്‌നേഹം ഉദിച്ചുയരില്ലേ?'' എന്ന് മാജിക് മൗണ്ടന്റെ അവസാന വരികള്‍ അക്ഷരാര്‍ത്ഥത്തില്‍ എഴുതി ഒഴിയുമ്പോള്‍, പ്രപഞ്ചത്തിലേക്ക് സ്‌നേഹത്തിന്റെ സ്ഥലകാല അതിര്‍ത്തികളില്ലാത്ത സ്വാതന്ത്ര്യങ്ങള്‍ തുറന്നിടുകയാണ് തോമസ് മന്‍.
സ്വാതന്ത്ര്യത്തിന്റെ ഈ തുറസ്സുകളാണ് ഈ ബൃഹ്ദാഖ്യാനത്തെ ലോകസാഹിത്യത്തിലെ ഏറ്റവും ഉദാത്തമായ ക്ലാസ്സിക്കായി അടയാളപ്പെടുത്തുന്നത്. ആഖ്യാനങ്ങളുടെ ലാളിത്യമോ സങ്കീര്‍ണ്ണതയോ അല്ല ഒരു കൃതിയെ കാലാതീതവും ദേശാതീതവുമാക്കുന്നത്. രോഗഗ്രസ്തമായ ശരീരത്തിലും മനസ്സിലും ആത്മാവിലും ബോധവിപ്ലവങ്ങള്‍ സംഭവിക്കാന്‍ അക്ഷരങ്ങള്‍ തുറസ്സുകള്‍ നല്‍കുമ്പോഴാണ്. അത്തരം ബോധവിപ്ലവങ്ങള്‍ക്കു മാത്രമേ, സമൂഹത്തിന്റെയും ഭൂമിയുടേയും രോഗാതുരതകള്‍ അധ:കരിക്കാനാവൂ.