കലാചരിത്രത്തിലേയ്ക്ക് പിടിച്ച റാന്തല്‍ വിളക്ക്: ഡോ അജിത്കുമാറിന്റെ പുസ്തകത്തെക്കുറിച്ച്
By ജോണി എം.എല്‍. | Published: 19th January 2019 12:29 PM |
Last Updated: 19th January 2019 12:31 PM | A+A A- |

കേരളത്തിലെ പ്രതിഭാശാലിയായ ഒരു യുവ എഴുത്തുകാരന്‍, ഈ അടുത്തിടെയായി പുറത്തിറങ്ങുന്ന മഹാത്മാ അയ്യന്‍കാളിയുടെ ജീവചരിത്രങ്ങളിലെ ആഖ്യാനങ്ങളെക്കുറിച്ചു പൊതുവെ വിലയിരുത്തി സംസാരിക്കവെ എന്നോട് പറഞ്ഞ ഒരു കാര്യം ഈ പുസ്തകനിരൂപണത്തിനു ആമുഖമായാല്‍ കൊള്ളാം എന്നു തോന്നുന്നു. സ്വയം ഒരു ദളിത് പണ്ഡിതന്‍ കൂടിയായ അദ്ദേഹം പറഞ്ഞത് ഇതാണ്: ''അയ്യന്‍കാളിയുടെ ചരിത്രം എഴുതുന്നവര്‍ ഇപ്പോള്‍ അയ്യന്‍കാളിയുടെ അടുത്തുനിന്നു ജീവിതം നോക്കിക്കണ്ടവര്‍ ആണെന്നു തോന്നുന്നു. അത്രയ്ക്കുണ്ട് ഭാവനാവിലാസം. അദ്ദേഹം വണ്ടിയില്‍ നിന്നിറങ്ങുന്നത്, മുണ്ടു മാടിക്കെട്ടുന്നത്, കൈ ഉയര്‍ത്തുന്നത്. എല്ലാം ഒരു മോഹന്‍ലാല്‍ സിനിമയുടെ എഡിറ്റിങ് രീതിയിലാണ് വിവരിച്ചിരിക്കുന്നത്.'' ഇതു കേട്ടപ്പോള്‍ ഞാന്‍ കലാചരിത്ര രചനയെക്കുറിച്ചു അറിയാതെ ഓര്‍ത്തുപോയി. നമ്മുടെ കലാചരിത്ര രചനയില്‍ ഏറെ പങ്കും ഹാഗിയോഗ്രാഫി അഥവാ വ്യക്തിപ്രകീര്‍ത്തന സ്വഭാവം ഉള്ളവയാണ്. അങ്ങനെ നമ്മുടെ മുന്നില്‍ സംഭൂതനാകുന്ന കലാകാരനോ കലാകാരിക്കോ തൊലിപ്പുറത്തൊരു ചുളിവൊ മറുകോ കൂടിയുണ്ടാവുകയില്ല. അവര്‍ പലപ്പോഴും ദിവ്യത്വവും അമാനുഷികതയും ആവഹിച്ചു ചരിത്രപുസ്തകത്താളുകളില്‍ ഇരിക്കുന്നു. ചരിത്രത്തിന്റെ ആഖ്യാനങ്ങളെ ആകര്‍ഷകമാക്കാന്‍ ഇത്തരമൊരു രചനാസമ്പ്രദായം ആവശ്യമാണെന്നിരിക്കെ, പുതിയ ചിത്രരചനാ രീതികളില്‍ ആഖ്യാനത്തിന്റെ ശയ്യാഗുണങ്ങളെ തികച്ചും മാറ്റിനിറുത്തി വസ്തുതകള്‍ക്കു മാത്രം പ്രാമുഖ്യം നല്‍കി വരുന്നുണ്ട്. ഇതിനു രണ്ടിനും ഇടയില്‍ നില്‍ക്കുന്ന ഒരു ആഖ്യാനരീതി സ്വീകരിച്ചുകൊണ്ട് ഡോ. അജിത്കുമാര്‍ എഴുതിയ 'കരിക്കട്ടയില്‍നിന്നും എണ്ണച്ചായത്തിലേക്ക്' എന്ന ലഘു കലാചരിത്ര പ്രവേശികയെ ഈ സന്ദര്‍ഭത്തില്‍ ഒന്നു നിരൂപണം ചെയ്യുന്നതു നന്നായിരിക്കും.
''തലയെന്നു പറയുമ്പോള്‍ ചീര്‍പ്പെടുക്കാനോങ്ങുന്ന/തലമുറയാണെന്റെ ശത്രു'' എന്നൊരിക്കല്‍ മുല്ലനേഴി എഴുതിയത് ഓര്‍മ്മവരുന്നു. കലാചരിത്രം മലയാളിയെ സംബന്ധിച്ചിടത്തോളം രവി വര്‍മ്മയില്‍ തുടങ്ങി കാനായിയില്‍ ഒടുങ്ങുകയും പിന്നെ ഏറെ സമ്മര്‍ദ്ദം ചെലുത്തിയാല്‍ നമ്പൂതിരിയെന്നോ ബിനാലെയെന്നോ ഒക്കെ പറഞ്ഞു തടിതപ്പുന്ന ഒരു രംഗമാണ്. കല മതി കലാചരിത്രം എന്തിന് എന്ന പൊതുവിജ്ഞാനത്തിന്റെ തണലിലാണ് മലയാളി രക്ഷപെട്ടു പോരുന്നത്. അതേസമയം, കലാരംഗത്തിന് എന്തെങ്കിലും അപചയം സംഭവിച്ചാല്‍ ''ഇവിടെ ശരിയായ കലാനിരൂപണമോ കലാചരിത്രമോ ഇല്ല'' എന്നൊരു ആത്യന്തിക വിധി നിര്‍ണ്ണയം കൂടി നടത്താന്‍ മലയാളി മടിക്കാറില്ല. ഇനി അഥവാ ഏതെങ്കിലും ഒരു കലാകാരന് കലാചരിത്രത്തെക്കുറിച്ചു രണ്ടു വാക്കു പറയാനുള്ള പൊതു ഇടം ലഭിച്ചാല്‍ അയാള്‍ തന്റെ സ്തുതിപാഠകരുടെ പേരുകള്‍ എടുത്തു പറഞ്ഞുകൊണ്ട് യഥാര്‍ത്ഥ കലാചരിത്രകാരന്മാരെ തമസ്‌കരിച്ചു കളയുകയും ചെയ്യും. ഇങ്ങനെ വൈരനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ഒരു അസൂയക്കൂട്ടത്തിന്റെ ഇടയിലേക്കാണ് അജിത്കുമാര്‍ തന്റെ പുസ്തകം ഇറക്കിവിടുന്നത്. പ്രസാധകര്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടാണ്.
പ്രസാധകര്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ആയിരിക്കെ പുസ്തകത്തിന്റെ പ്രാഥമിക ഉപഭോക്താക്കള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആയിരിക്കും എന്നൊരു മുന്‍വിധി ഉണ്ടാവുക സ്വാഭാവികം. ഗ്രന്ഥകാരനും ഈ ഒരു മുന്‍വിധി ഉണ്ടെന്നതു രചനയിലുടനീളം കാണാം. പക്ഷേ, ഈ പുസ്തകം വായിക്കേണ്ടതു കുട്ടികള്‍ക്കൊപ്പം അവരുടെ രക്ഷകര്‍ത്താക്കള്‍ കൂടിയാണെന്നു ഞാന്‍ പറയും. കാരണം, ഇന്ന് ഒരു വിദ്യാര്‍ത്ഥി പന്ത്രണ്ടാം ക്ലാസ്സു കഴിഞ്ഞാല്‍ നേരെ തൊഴില്‍ കിട്ടുന്ന വിദ്യാഭ്യാസത്തിനു പറഞ്ഞയക്കുക എന്നൊരു സാമാന്യരീതി രക്ഷിതാക്കള്‍ക്കിടയില്‍ കാണുന്നുണ്ട് (പടം വരയ്ക്കണമെങ്കില്‍ ഒരു ജോലി കിട്ടിയിട്ടും വരയ്ക്കാമല്ലോ, പാട്ടു പാടണമെങ്കില്‍ ഒരു ജോലി കിട്ടിയിട്ടും പാടാമല്ലോ എന്നിങ്ങനെയൊക്കെയാണ് കലയെക്കുറിച്ചു ആളുകള്‍ ചിന്തിക്കുന്നത്). അത്തരം രക്ഷിതാക്കള്‍ ആവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് അജിത്കുമാര്‍ തയാറാക്കിയിരിക്കുന്നത്. കലയുടെ ധര്‍മ്മം എന്ത് എന്നു തുടങ്ങി ലോക കലാചരിത്രത്തിലെ പതിമൂന്നോളം നാഴികക്കല്ലുകളെ ആധാരമാക്കി അവയ്ക്കു ചുറ്റും ശാസ്ത്രീയവും യുക്തിഭദ്രവും അതേസമയം ഭാവനാമൃതവുമായ ഒരു ആഖ്യാനം സൃഷ്ടിച്ചിരിക്കുകയാണ് അജിത്കുമാര്‍ ചെയ്തിരിക്കുന്നത്. കലയെക്കുറിച്ച് ഇപ്പുസ്തകം വായിച്ചാല്‍ തെല്ലൊരു അഭിമാനബോധം തോന്നിയില്ലെങ്കില്‍ ഒന്നുകൂടി വായിച്ചുനോക്കൂ എന്നു ഞാന്‍ പറയും. പിന്നെ ഈ പുസ്തകം വായിക്കേണ്ടത് കേരളത്തിലെ ഫൈന്‍ ആര്‍ട്സ് കോളേജില്‍ പഠിക്കുന്ന വിദ്വാന്മാരാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നല്ലേ ക്രോച്ചേ പറഞ്ഞിരിക്കുന്നത് എന്ന്, ക്രോച്ചേയുടെ ലാവണ്യസിദ്ധാന്തത്തെക്കുറിച്ച് എഴുതാന്‍ പറഞ്ഞപ്പോള്‍ എഴുതിയിട്ടുള്ള വിദ്വാന്മാര്‍ ഇപ്പോഴും ഇവിടെയൊക്കെ പഠിക്കുന്നുണ്ട്. അവരുടെ തെറ്റിദ്ധാരണ കൂടി മാറ്റാന്‍ ഈ പുസ്തകത്തിനു കഴിയും എന്ന് എനിക്കുറപ്പുണ്ട്.
'സത്യത്തിലേയ്ക്കു നയിക്കുന്ന ഒരു നുണയാണ് കല' എന്ന അര്‍ത്ഥം വരുന്ന രീതിയില്‍ പിക്കാസോ പറഞ്ഞതിനെ സൂചിപ്പിച്ചുകൊണ്ട് കല എന്ന വ്യാജത്തെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് മുന്നേറുന്ന അജിത്കുമാര്‍ കല ഉത്ഭവിക്കാനുണ്ടായ കാരണങ്ങളിലേയ്ക്ക് നീങ്ങുന്നു. 40,000 കൊല്ലങ്ങള്‍ക്കു മുന്‍പ് ജര്‍മ്മനിയില്‍ ഉണ്ടാക്കപ്പെട്ടു എന്നു കരുതുന്ന ഹൂലന്‍സ്റ്റെയിന്‍ സ്റ്റേഡല്‍ ലയണ്‍ മാന്‍ എന്നൊരു ചെറു ദന്തശില്പത്തെ മുന്‍നിറുത്തി എങ്ങനെയാണ് ആദ്യകാല മനുഷ്യന്‍ നാച്ചുറലിസത്തില്‍ എത്തിച്ചേര്‍ന്നതെന്നും എന്നാല്‍, ഇന്നത്തെ നാച്ചുറലിസവും അന്നത്തെ നാച്ചുറലിസവും ഉണ്ടായി വന്നത് രണ്ടു ആവശ്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു എന്നതും വിശദീകരിക്കുന്നു. ഇന്നത്തെ മലയാളി അനുഭവിക്കുന്ന ഒരു വലിയ പ്രശ്‌നമാണ് എങ്ങനെ ഒരു കലയെ വായിച്ചെടുക്കും എന്നുള്ളത്. ഇതു മലയാളിയുടെ മാത്രം പ്രശ്‌നമായി ചുരുക്കാന്‍ പാടില്ല എങ്കിലും സന്ദര്‍ഭത്തെ മുന്‍നിറുത്തി അങ്ങനെ പറഞ്ഞു എന്നുമാത്രം. പ്രമുഖ ജര്‍മ്മന്‍ ആശയ കലാകാരനായിരുന്നു ജോസഫ് ബേയൂസ് ഒരു ചത്ത മുയലിനെ മടിയിലിരുത്തി ''എങ്ങനെയാണ് ഞാന്‍ ചത്ത മുയലിനോട് കല വിശദീകരിച്ചു കൊടുക്കുക'' എന്ന് അദ്ഭുതപ്പെടുന്ന ഒരു പെര്‍ഫോമന്‍സ് ഉണ്ട്. ചത്ത മുയലിനു കല മനസ്സിലാകില്ലെങ്കിലും ജീവിച്ചിരിക്കുന്ന മലയാളി മനസ്സുവെച്ചാല്‍ കലയെ മനസ്സിലാക്കാം. അതിനുള്ള ഒരു പ്രാരംഭ പീഠികയായി അജിത്കുമാര്‍ ഒന്നും രണ്ടും അദ്ധ്യായങ്ങളിലായി രവി വര്‍മ്മയുടെ ''ദേ പപ്പാ വരുന്നു'' എന്ന ചിത്രവും പോള്‍ ഗോഗാന്റെ ''എവിടെനിന്നു വരുന്നു, നാം ആരാണ്, നാം എവിടേയ്ക്ക് പോകുന്നു'' എന്ന ചിത്രവും നിര്‍ദ്ദിഷ്ട ചിഹ്നവ്യവസ്ഥയില്‍നിന്നുകൊണ്ട് വിശദീകരിക്കുന്നുണ്ട്. ഇവിടെ ഒരു വിമര്‍ശനം എന്ന രീതിയില്‍ പറയാവുന്നത്, ദേ പപ്പാ വരുന്നു എന്നത് രവി വര്‍മ്മ ഇട്ട പേരല്ല, മറിച്ച് രവി വര്‍മ്മയുടെ ആദ്യകാല പ്രഘോഷകരായ പദ്മനാഭന്‍ തമ്പിയും ഇ.എം.ജെ. വെണ്ണിയൂരും ആണെന്നു പറയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ആരോപിതമായ ഒരു അര്‍ത്ഥത്തിലേയ്ക്ക് രവി വര്‍മ്മയേയും രവി വര്‍മ്മ ചിത്രത്തേയും വലിച്ചിഴയ്ക്കുകയാണോ എന്നു തോന്നാം. പക്ഷേ, ഒരു കലാവസ്തു ഒരു പാഠമായിരിക്കെ അതില്‍നിന്ന് ആരോപിതാര്‍ത്ഥങ്ങള്‍ ഉപപാഠങ്ങളുടെ സൃഷ്ടിയിലൂടെ വായിച്ചെടുക്കാമെന്ന സ്വാതന്ത്ര്യം അജിത്കുമാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഒരു കഥയുമില്ലാത്തതാണ് കല എന്നൊരു തോന്നല്‍ ആളുകള്‍ക്കുണ്ട്. നിങ്ങള്‍ വരയ്ക്കുന്നു. ആരൊക്കെയോ കാണുന്നു. ഇത്രയൊക്കെയേ കലയുടെ ധര്‍മ്മമായി പലരും വിലയിരുത്തുന്നുള്ളൂ. അങ്ങനെയൊരു വിലയിരുത്തല്‍ തകര്‍ക്കപ്പെടുന്നത് പലപ്പോഴും കലാസൃഷ്ടികള്‍ പലരുടേയും വികാരങ്ങളെ വെറുതെയങ്ങു വ്രണപ്പെടുത്തുമ്പോഴാണ്. എം. എഫ്. ഹുസ്സൈന്‍ ഒരു ചിത്രം വരച്ചപ്പോള്‍, ഏകദേശം രണ്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോഴാണ് പലരുടേയും വികാരത്തിനു മുറിവേറ്റത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജയ്പൂര്‍ കലാമേളയില്‍ രാധാബിനോദ് ശര്‍മ്മ എന്നൊരു മണിപ്പൂരി കലാകാരന്റെ പെയിന്റിങ്ങിനെ ചവുട്ടിക്കീറാന്‍ ഒരു സ്ത്രീ മുന്നിട്ടിറങ്ങി. കത്വയില്‍ ഒരു പെണ്‍കുട്ടിയെ ഭീകരമായി ബലാത്സംഗം ചെയ്തു കൊന്നപ്പോള്‍ കേരളത്തിലെ ഒരു കലാകാരി വരച്ച ചിത്രം വിവാദങ്ങള്‍ക്കു ഇടവരുത്തി. ഇതൊക്കെ നോക്കുമ്പോള്‍ കലയ്‌ക്കൊരു കഥയും ഇല്ല എന്നു പറയുന്നത് വീണ്‍വാക്കായിപ്പോകും. കലയ്ക്കു മനുഷ്യന്റെ മസ്തിഷ്‌ക വികാസവുമായും സാമൂഹ്യ സ്ഥാപനങ്ങളുടെ വികാസവുമായും ഒക്കെ ബന്ധപ്പെട്ട കഥകളും ചരിത്രവും ഉണ്ടെന്ന് അജിത്കുമാര്‍ ഈ പുസ്തകത്തില്‍ സ്ഥാപിച്ചെടുക്കുന്നുണ്ട്. ലാസ്‌കയിലേയും അല്‍റ്റാമിറായിലേയും ബിംബെദ്കയിലേയും ചുവര്‍ച്ചിത്രങ്ങള്‍ മനുഷ്യര്‍ അവരുടെ ജീവിതത്തെ സംഭരിച്ചുവെയ്ക്കാന്‍ ഉണ്ടാക്കിയ ഹാര്‍ഡ് ഡിസ്‌കുകള്‍ ആണെന്നു ഗ്രന്ഥകാരന്‍ പറയുന്നു. ചൈനയിലെ കളിമണ്‍ സൈന്യവും തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രവും മുന്‍നിറുത്തി കലയുടെ മരണാനന്തരവും ആത്മീയവും ആയ ആവശ്യങ്ങള്‍ എന്ത് എന്ന് അജിത് വിശദീകരിക്കുന്നു. ഇതോടൊപ്പം കലാകാരന്‍ എന്ന വ്യക്തി ഒരു ഗില്‍ഡില്‍നിന്ന് എങ്ങനെ ഉരുത്തിരിഞ്ഞു സവിശേഷ വ്യക്തിത്വമായി പരിണമിക്കുന്നു എന്നും വ്യക്തമാക്കുന്നു.
കുട്ടികളെക്കുറിച്ചു മുതിര്‍ന്നവരുടെ സമൂഹം എടുത്തിരിക്കുന്ന നിലപാട് എന്നത്, അവര്‍ക്കു ചില കാര്യങ്ങള്‍ മാത്രമേ മനസ്സിലാകൂ എന്നും പ്രായത്തിനു അനുസരിച്ചുള്ള ചിത്രശില്പങ്ങളെ അവര്‍ക്കു നല്‍കാവൂ എന്നുമൊക്കെയാണ്. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളിലെ ചുവരുകളില്‍ ഇപ്പോഴും മിക്കി മൗസും ഡോറെമോനും മഹാത്മാ ഗാന്ധിയും മാത്രം ഇടംപിടിക്കുന്നത്. ഒരുപക്ഷേ, ആ ചുമരുകളില്‍ ഗൂര്‍ണിക്കയാണ് അല്ലെങ്കില്‍ വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കളാണ് അതുമല്ലെങ്കില്‍ എ. രാമചന്ദ്രന്റെ ഒരു ചിത്രമാണ് പകര്‍ത്തിയിടുന്നതെങ്കില്‍ അതു കുട്ടികളുടെ മനസ്സില്‍ എന്നെന്നേയ്ക്കുമായി പതിയും എന്ന വസ്തുത പലപ്പോഴും മുതിര്‍ന്നവര്‍ എന്ന് അവകാശപ്പെടുന്നവര്‍ സമ്മതിച്ചു കൊടുക്കാറില്ല. അങ്ങനെ ചിത്ര-ശില്പ കലകള്‍ കുട്ടികള്‍ക്കിടയില്‍ പകര്‍ത്തുമെങ്കില്‍ തീര്‍ച്ചയായും മറ്റൊരുതരം ലാവണ്യബോധം ഉള്ള കുട്ടികള്‍ ആകും ഉണ്ടാകുന്നത്. ആ ഒരു കുറവ് നികഴ്ത്താന്‍ അജിത്കുമാറിന്റെ പുസ്തകത്തിന് കഴിയും എന്നത് ഉറപ്പാണ്. 1940-കളില്‍ ഡോക്ടര്‍ സാക്കിര്‍ ഹുസൈന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജി വാര്‍ദ്ധായില്‍ നയീ താളീം അഥവാ പുതിയ പാഠ്യപദ്ധതി എന്നൊരു വിദ്യാഭ്യാസ രീതി പരീക്ഷിച്ചു. അതില്‍ കലയിലൂടെ വിദ്യാഭ്യാസം എന്ന രീതിയാണ് പിന്തുടര്‍ന്നത്. നന്ദലാല്‍ ബോസിന്റെ ശിഷ്യനായിരുന്ന ദേവി പ്രസാദാണ് ഈ വിദ്യാഭ്യാസ പദ്ധതിയെ നടപ്പിലാക്കിയത്. അത് എത്രമാത്രം വിജയിച്ചു എന്നറിയണമെങ്കില്‍ അദ്ദേഹം എഴുതിയ 'കല: വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം' (നാഷണല്‍ ബുക്ക് ട്രസ്റ്റ്) എന്ന പുസ്തകം വായിച്ചാല്‍ മതി. അതിന്റെ ഒരു സമകാലികമായ തുടര്‍ച്ചയെന്നോണം 'കരിക്കട്ടയില്‍നിന്ന് എണ്ണച്ചായത്തിലേയ്ക്ക്' എന്ന പുസ്തകത്തെ വായിച്ചെടുക്കാന്‍ കഴിയും. കൂടാതെ, ഈ പുസ്തകം പ്രൈമറി ക്ലാസ്സുകള്‍ മുതല്‍ ബിരുദ തലം വരെ ഉപ പാഠപുസ്തകമായി ഉള്‍പ്പെടുത്തുകയും വേണം.
ശാസ്ത്രം, സാമൂഹ്യശാസ്ത്രം, രാഷ്ട്രീയ ചരിത്രം എന്നീ പരിപ്രേക്ഷ്യങ്ങളിലൂടെ അതാത് സമയങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന ലാവണ്യശാസ്ത്രങ്ങളെക്കൂടി വളരെ ലഘുവായും സരളമായും എന്നാല്‍ ഗൗരവം ഒട്ടും ചോര്‍ന്നുപോകാതേയും ഗ്രന്ഥകാരന്‍ ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. മൈക്കേല്‍ അഞ്ജലോയുടെ 'ആദാമിന്റെ ജനനം' എന്ന വിശ്രുത ചിത്രത്തിന്റെ സാമൂഹ്യ-മതചരിത്രങ്ങളെ വ്യക്തമാക്കുന്ന അജിത്കുമാര്‍, ആ ചിത്രത്തിന്റെ ഘടനയില്‍ ഒളിച്ചിരിക്കുന്ന മസ്തിഷ്‌ക ഘടനയെന്ന ശാസ്ത്രാഭിമുഖ്യമുള്ള വായനകൂടി നടത്തുന്നുണ്ട്. 1990-ല്‍ അമേരിക്കയിലെ ഒരു ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ ഫ്രാങ്ക് മേഷ്‌ബെര്‍ഗെര്‍ ആണ് ഈ ഒരു സാദൃശ്യം കണ്ടെത്തിയത്. ക്ലോഡ് മോണയുടെ തിമിരം എങ്ങനെ ലില്ലിപ്പൂക്കള്‍ എന്ന ചിത്രപരമ്പരയെ സ്വാധീനിച്ചു എന്നു വിവരിക്കുന്നുണ്ട്. അതുപോലെതന്നെയാണ് പിക്കാസോയുടെ ഗൂര്‍ണിക്കയേയും മാര്‍ഷല്‍ ദുഷാമ്പിന്റെ ഫൗണ്ടനേയും കുറിച്ചുള്ള ആഖ്യാനങ്ങള്‍; കഥകളും ചരിത്രവും കേട്ടുകേള്‍വികളും ചൊല്ലുകളും ഒക്കെ വസ്തുതാബന്ധം മുറിയാതെ അജിത്കുമാര്‍ എടുത്തുപയോഗിക്കുന്നുണ്ട്. ഒരേ ഒരു കുറവായി എനിക്കു തോന്നിയത്, ഈ പുസ്തകത്തിലും കലാചരിത്രകാരന്മാരേയും വിമര്‍ശകരേയും കുറിച്ച് യാതൊന്നും പ്രസ്താവിച്ചിട്ടില്ല എന്നുള്ളതാണ്. കലയ്ക്കും പ്രേക്ഷകനും ഇടയില്‍ ഒരു വിമര്‍ശകനും ചരിത്രകാരനും ഉണ്ട് എന്നുള്ള വസ്തുത മറന്നുപോകുന്നത് ശരിയല്ല. കലയുടെ ധര്‍മ്മം ജീവിതവുമായി ബന്ധപ്പെട്ട ഉപയോഗപരതയാണ് എന്ന് ഒരിടത്ത് വാദിക്കുമ്പോള്‍ ഡെന്നിസ് ഡാല്‍ട്ടനെ ഉദ്ധരിച്ചുകൊണ്ട് കലയ്ക്കു ആകര്‍ഷണീയമായ കല അഥവാ ആനന്ദ ദായകത്വം എന്നൊരു ഉപയോഗം മാത്രമേ ഉള്ളൂ എന്നുള്ള വിരുദ്ധ സിദ്ധാന്തവും വായനക്കാരുടെ വിശകലനത്തിനായി അജിത്കുമാര്‍ അവതരിപ്പിക്കുന്നു. എന്തൊക്കെയായാലും പൊതുമാധ്യമങ്ങള്‍ കലാചര്‍ച്ചകള്‍ ഏറ്റെടുക്കാതെ കലാചരിത്രം മുഖ്യധാരയുടെ ഭാഗമാകില്ല എന്നുള്ള വസ്തുത നിലനില്‍ക്കുന്നുണ്ട്. സെന്‍സേഷണല്‍ ആയ കലാവസ്തുക്കളെക്കുറിച്ചുള്ള ചര്‍ച്ചകളല്ലാതെ മറ്റൊന്നും മുഖ്യധാരയ്ക്കു വേണ്ട എന്നതാണ് മറ്റൊരു ദുര്യോഗം. എന്തായാലും അജിത്കുമാറിന്റെ ''കരിക്കട്ടയില്‍നിന്ന് എണ്ണച്ചായത്തിലേയ്ക്ക്'' എന്ന പുസ്തകം എല്ലാവരും ആവശ്യം വായിച്ചിരിക്കേണ്ട ഒന്നാണെന്നു പറയേണ്ടിയിരിക്കുന്നു.