അജീഷ് ദാസന്‍: കവിതയുടെയും പാട്ടിന്റെയും പുതുമുഖം

ക്യാന്‍സര്‍ വാര്‍ഡ്, കോട്ടയം ക്രിസ്തു എന്നീ കവിതാസമാഹാരങ്ങളിലൂടെയാണ് അജീഷ് സ്വന്തം കവിത രേഖപ്പെടുത്തിയത്.
അജീഷ് ദാസന്‍: കവിതയുടെയും പാട്ടിന്റെയും പുതുമുഖം

ലയാള കവിതയില്‍ സ്വന്തം വഴിവെട്ടിയ പുതുമുറ കവികളില്‍ ശ്രദ്ധേയനാണ് അജീഷ് ദാസന്‍. ക്യാന്‍സര്‍ വാര്‍ഡ്, കോട്ടയം ക്രിസ്തു എന്നീ കവിതാസമാഹാരങ്ങളിലൂടെയാണ് അജീഷ് സ്വന്തം കവിത രേഖപ്പെടുത്തിയത്. അവനവനിലേക്കും സമൂഹത്തിലേക്കുമുള്ള നോട്ടത്തില്‍ നിന്നും രൂപപ്പെടുന്ന പരിഹാസത്തിന്റെയും സാമൂഹികവിമര്‍ശനത്തിന്റെയും കാവ്യവഴിയാണ് അജീഷിന്റേത്. ഈ കവിതകളില്‍ കവി ഒരു ഉത്തമപുരുഷനല്ല, മറിച്ച് വീഴ്ചകളും പരാജയഭീതിയും ആത്മപരിഹാസവും നിറഞ്ഞ ഒരുവനാണ്. നോട്ടം സൂക്ഷ്മമാകുമ്പോഴും, അത് അതേപടി പകര്‍ത്താതെ തലചെരിച്ച് സംശയാലുവാകുന്ന കവിയെ അജീഷ്ദാസന്റെ കവിതകളില്‍ കാണാം. ദേശീയമൃഗം, കാന്‍സര്‍ വാര്‍ഡ്, തര്‍ജ്ജമ, ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ വിചാരണ, മരിച്ച വീട്ടിലെ പാട്ട്, ശവപ്പെട്ടി മാര്‍ച്ച് തുടങ്ങിയയാണ് അജീഷിന്റെ ശ്രദ്ധേയ കവിതകള്‍.

കവിതയെക്കുറിച്ച് അജീഷ് ഇങ്ങനെ പറയുന്നു: ' കവിത എനിക്ക് തികച്ചും വ്യക്തിപരമായ ഒന്നാണ്. കവിതയിലെ ഞാന്‍ രാഷ്ട്രീയബോധമുള്ള പൗരനായും വേലിചാടുന്ന കാമുകനായും മരണവീട്ടിലെ കരച്ചിലുകാര്‍ക്ക് കൂട്ടിരിപ്പുകാരനായും അതിതീവ്രവിപ്ലവകാരിയായുമൊക്കെ പ്രത്യക്ഷപ്പെടുമ്പോഴും യഥാര്‍ത്ഥത്തിലെ ഞാന്‍ അത്രമേല്‍ ഭീരുവായ ഒരാളാണ്. എനിക്ക് ഈ ലോകം അസഹ്യമാണ്. ആള്‍ക്കൂട്ടങ്ങളെ നയിക്കാന്‍ ഒരു താല്‍പ്പര്യവും ഇല്ലാത്ത, അതിനുതക്ക പ്രാപ്തിയില്ലാത്ത ഒരു പാവം. പക്ഷേ, ചിലപ്പോഴെങ്കിലും എനിക്ക് അങ്ങനെയുള്ള എന്നെ മടുക്കാറുണ്ട് . സമൂഹത്തോട് കലഹിക്കുന്ന ഒരാളുടെ, അല്ലെങ്കില്‍ ഘോര ഘോരം ആള്‍ക്കൂട്ടത്തോട് ഉച്ചത്തില്‍ പ്രഘോഷണം നടത്തുന്ന ഒരാളുടെ ജീവിതം (മറ്റൊരു ജീവിതം) ഞാന്‍ ആഗ്രഹിക്കാറുണ്ട്. പക്ഷേ എങ്ങനെ സാധ്യമാകും ആ ജീവിതം. എന്റെ ആ അന്വേഷണമാണ് എന്റെ കവിത. ഒരു ഇരട്ടവ്യക്തിത്വം എനിക്ക് ഉള്ളതായി തോന്നിയിട്ടുണ്ട് .എന്നെ പരിചയപ്പെടുന്ന ചിലരെങ്കിലും അത് പറഞ്ഞിട്ടുണ്ട്.  ആ കവിതകള്‍ എഴുതിയ ആളല്ലല്ലോ ഈ ഞാന്‍ എന്ന്. എനിക്ക് ഒളിച്ചിരിക്കാനുള്ള ഒരിടമാണ് എന്റെ കവിതയെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ചലച്ചിത്ര ഗാനരചനാരംഗത്തും സജീവമായ അജീഷിന്റെ പാട്ടുകള്‍ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. പൂമരത്തിലെ കടവത്തൊരു തോണിയിരിപ്പൂ... ഇനി ഒരു കാലത്തേക്കൊരു പൂ വിടര്‍ത്തുവാന്‍ എന്നീ പാട്ടുകളിലൂടെയാണ് ഈ യുവകവി സിനിമാരംഗത്ത് നിലയുറപ്പിച്ചത്. ലക്ഷക്കണക്കിന് ശ്രോതാക്കളാണ് ഈ പാട്ടുകള്‍ ഇതിനകം കേട്ടിരിക്കുന്നത്. ജോസഫിലെ പൂമുത്തോളേ...എന്ന പാട്ട് 2018-ല്‍ പുറത്തിറങ്ങിയ മികച്ചപാട്ടുകളിലൊന്നാണ്. പരമ്പരാഗത കവിതയുടെ ഭാരമില്ലാതെ, ലളിതപദാവലികളുടെ കാവ്യഭംഗിയാണ് അജീഷിന്റെ പാട്ടുകളുടെ സവിശേഷത. വാമൊഴിയുടെ സൗന്ദര്യവും ആ പാട്ടുകളില്‍ തിളങ്ങുന്നു.    

'സിനിമയില്‍ പാട്ടെഴുത്തുക എന്നത് എന്റെ വലിയ ആഗ്രഹം ആയിരുന്നു. അതിനുവേണ്ടി ചാന്‍സ് ചോദിച്ചു കുറെ നടന്നു. പക്ഷേ, ആരും ഒരവസരം എനിക്കു തന്നില്ല. അങ്ങനെ ആ മോഹം എന്നന്നേക്കുമായി ഞാന്‍ അവസാനിപ്പിച്ചു. അപ്പോഴാണ് പൂമരം എന്ന സിനിമയില്‍ പാട്ടെഴുതാന്‍ എബ്രിഡ് ഷൈന്‍ എനിക്കൊരു അവസരം തരുന്നത്. തുടര്‍ന്ന് ഒരു പഴയ ബോംബ് കഥ, ജോസഫ്, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടിയും പാട്ടുകള്‍ എഴുതി .പാട്ടെഴുത്തുകാരന് മാത്രമായി ഒരു ഇടം ഇന്ന് സിനിമയില്‍ ഇല്ല. കവിയായ ഒരു പാട്ടെഴുത്തുകാരനെയും അവിടെ ആവശ്യമുണ്ടോ എന്നും സംശയമാണ്. എങ്കിലും ഞാനും ശ്രമിക്കുന്നു എന്നുമാത്രം. മൂന്നു വയസ്സുകാരിയായ എന്റെ മകള്‍ക്കു മുന്‍പില്‍ എഴുതിക്കഴിഞ്ഞ പാട്ട് ട്യൂണോടുകൂടി പാടി കേള്‍പ്പിക്കാറുണ്ട്. ആ പാട്ടും വരികളും അവള്‍ക്കു കൂടി ആസ്വദിക്കാന്‍ കഴിയുന്നുണ്ടോ എന്നു ഞാന്‍ നോക്കാറുണ്ട്. അര്‍ത്ഥസമ്പുഷ്ടമായ പഴയകാല സിനിമാ ഗാനങ്ങളുടെ ഒരു എളിയ ആരാധകനായ എനിക്ക്, അറിയപ്പെടുന്നെങ്കില്‍ ആ പാരമ്പര്യത്തിന്റെ കണ്ണിയായ ഒരു പാട്ടെഴുത്തുകാരനായി അറിയപ്പെടാനാണ് ആഗ്രഹം.' -പാട്ടെഴുത്തിനെക്കുറിച്ച് അജീഷ് ഇങ്ങനെ പറഞ്ഞു.
കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയാണ് അജീഷ് ദാസന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com