അരവിന്ദന്റെ കലയിലേക്കൊരു വെട്ടുവഴി: എസ് ജയചന്ദ്രന്‍ നായരുടെ പുസ്തകത്തെക്കുറിച്ച്

ജി. അരവിന്ദനെ മലയാളി മറന്നിരിക്കുന്നു എന്ന ദുഃഖസത്യത്തിലാണ് എസ്. ജയചന്ദ്രന്‍ നായരുടെ 'മൗനപ്രാര്‍ത്ഥനകള്‍' എന്ന കൃതി പ്രസക്തമാകുന്നത്.
അരവിന്ദന്റെ കലയിലേക്കൊരു വെട്ടുവഴി: എസ് ജയചന്ദ്രന്‍ നായരുടെ പുസ്തകത്തെക്കുറിച്ച്

ജി. അരവിന്ദനെ മലയാളി മറന്നിരിക്കുന്നു എന്ന ദുഃഖസത്യത്തിലാണ് എസ്. ജയചന്ദ്രന്‍ നായരുടെ 'മൗനപ്രാര്‍ത്ഥനകള്‍' എന്ന കൃതി പ്രസക്തമാകുന്നത്. ഒരാളെ മറന്നവരുടെ മുന്‍പില്‍ അയാളുടെ സര്‍ഗ്ഗജീവിതത്തിന്റെ പഠനങ്ങള്‍ നിരത്തുന്നതില്‍  വലിയ അര്‍ത്ഥമൊന്നുമില്ല. ആദ്യം ആ മനുഷ്യനെ ചലച്ചിത്രകാരനായി അറിയുക. പിന്നെയാവാം അയാളുടെ ചലച്ചിത്രപഠനങ്ങള്‍ എന്ന മട്ടിലാണ് ജയചന്ദ്രന്‍ നായരുടെ ഈ കൃതി. അതുകൊണ്ടുതന്നെ ഞങ്ങള്‍ നാട്ടില്‍ പറയുമ്പോലെ, അരവിന്ദനിലേക്കുള്ള ഒരു വെട്ടുവഴിയാകുന്നു ഈ കൃതി, ജയചന്ദ്രന്‍ നായര്‍ വെട്ടിയുണ്ടാക്കിയ ഒരു വഴി.
സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ എഴുതിയ 'കാമുകി'  സിനിമയാക്കാന്‍ ആലോചിച്ചപ്പോള്‍ സ്വാഭാവികമായും അതിന്റെ കലാസംവിധായകനായി തീരുമാനിച്ചത് അരവിന്ദനെയാണ്. മാവേലിക്കര - മാന്നാര്‍ പ്രദേശങ്ങളില്‍ അരവിന്ദന്റെ സ്‌കൂട്ടറിനു പിന്‍സീറ്റില്‍ കയറി ലൊക്കേഷന്‍ നോക്കി നടന്നത് ഇന്നലത്തെപ്പോലെ ഞാന്‍ ഓര്‍ക്കുന്നു. സാമ്പത്തികപ്രശ്‌നം കാരണം നിര്‍മ്മാണം തുടങ്ങിയപാടെ നിര്‍ത്തേണ്ടിവന്നെങ്കിലും ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. തിരുവനന്തപുരത്ത് 'ചിത്രലേഖ' പലപ്പോഴും അരവിന്ദന്റെ താവളമായി എന്ന അടൂര്‍ സ്മരണ മുതല്‍ പലരുടേയും സ്മരണകളിലൂടെയാണ് ഈ കൃതി അരവിന്ദന്‍ എന്ന ചലച്ചിത്രകാരന്റെ ഉള്ളിലേക്ക് ഊളിയിടുന്നത്.  പിന്നീട് അടൂരിന്റെ ആദ്യചിത്രമായ 'സ്വയംവരം' ഉണ്ടായപ്പോള്‍ കോഴിക്കോടന്‍ രാത്രികളില്‍ അതിന്റെ പോസ്റ്റര്‍ ഒട്ടിച്ചുനടന്നത് അരവിന്ദനും കൂട്ടുകാരുമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഏതായാലും പട്ടത്തുവിളയും തിക്കോടിയനും അടക്കമുള്ള സുഹൃത്തുക്കള്‍ മുന്‍കയ്യെടുത്ത്, അരവിന്ദന്റെ ആദ്യചിത്രമായ 'ഉത്തരായണ'ത്തിനു വഴിയൊരുക്കിയപ്പോള്‍ ''നമുക്ക് ഗോപാലകൃഷ്ണനെക്കൊണ്ടു ചെയ്യിക്കാ''മെന്നായിരുന്നു അരവിന്ദന്റെ ആദ്യ പ്രതികരണമെന്ന് ഈ കൃതി സാക്ഷ്യപ്പെടുത്തുന്നു.

ഇത്തരത്തില്‍ അരവിന്ദനുമായി അടുത്തു പ്രവര്‍ത്തിച്ച നിരവധി പേരുടെ ഓര്‍മ്മകളിലൂടെ - നമ്പൂതിരി, നെടുമുടി വേണു (നെടുമുടിയുടെ ആദ്യചിത്രം അരവിന്ദന്റെ 'തമ്പാ'ണ്), 'ഉത്തരായണ'ത്തിന്റെ ഛായാഗ്രാഹകനായ മങ്കട രവിവര്‍മ്മ, എസ്.പി. രമേശ് മുതല്‍ കാവാലം നാരായണപ്പണിക്കര്‍ (അരവിന്ദന്റെ പല ചിത്രങ്ങളുടേയും നാടകപ്രവര്‍ത്തനങ്ങളുടേയും കൂട്ടാളിയായിരുന്നു കാവാലം)  വരെയുള്ളവരുടെ ഓര്‍മ്മകളിലൂടെ - അരവിന്ദന്റെ വ്യക്തിത്വത്തിലേക്കും രീതികളിലേക്കും ശീലങ്ങളിലേക്കും കലയിലേക്കും എത്തുന്നു ഈ കൃതി. അധികമാരും എഴുതിക്കാണാത്ത 'മാറാട്ടം' അടക്കമുള്ള അരവിന്ദന്‍ ചലച്ചിത്രകൃതികളുടെ വിശദമായ അവലോകനവും ഈ കൃതി സാധിക്കുന്നു. അതും ആദ്യചിത്രം മുതല്‍ ഒന്നൊന്നായി അവസാന ചിത്രംവരെ എന്ന പതിവു നേര്‍രേഖാ രീതിയിലല്ലാതെ. പ്രമേയം, അതിന്റെ പരിചരണരീതി എന്നിവയിലൂടെ വിശദമായി കടന്നുപോകുന്ന അവലോകനം.
   ഇതില്‍ത്തന്നെ 'പോക്കുവെയിലി'ന്റെ പരിചരണരീതിയെക്കുറിച്ചുള്ള പരാമര്‍ശം രസകരമായ ഒരു കാര്യം പുറത്തുകൊണ്ടുവരുന്നു. മിക്ലോസ് യാങ്ങ്ചോവിന്റെ എല്ലാ ചിത്രങ്ങളിലേയുംപോലെ ലോങ്ങ് ടേക്കുകളുടെ, സുദീര്‍ഘമായ ഷോട്ടുകളുടെ അയഞ്ഞ താളത്തിലുള്ള ചിത്രമാണ് 'പോക്കുവെയില്‍'. എന്നാലിത്, യാങ്ങ്‌ചോവിലെല്ലാമുള്ളപോലെ ആന്ദ്രേ ബസാന്റെ മിസ് എന്‍സീന്‍ സിദ്ധാന്തത്തിന്റെ  പ്രയോഗപാഠമല്ല. മറിച്ച് ഹരിപ്രസാദ് ചൗരസ്യയുടേയും രാജീവ് താരാനാഥിന്റേയും മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത സംഗീതത്തിനൊപ്പിച്ച് ഫിലിം എഡിറ്റ് ചെയ്തപ്പോള്‍ സംഭവിച്ചതാണ്. അരവിന്ദന്‍ തന്നെയാണിതു വെളിപ്പെടുത്തുന്നത്. അങ്ങനെയാകാം ഈ ചിത്രം സംഗീതംപോലെ താളകേന്ദ്രീകൃത(temporal)മായ ദൃശ്യാനുഭവമായത്. യാങ്ങ്ചോ ചിത്രങ്ങളിലെ കൊറിയോഗ്രാഫിക് സൗന്ദര്യത്തിനു പിന്നാലെ അരവിന്ദന്‍ പോകാഞ്ഞതും അതുകൊണ്ടാകാം. ഷൂട്ടിങ്ങില്‍ മനപ്പൂര്‍വ്വമായി ആസൂത്രണം ചെയ്തതല്ല, എഡിറ്റിങ്ങില്‍  വന്നു ഭവിച്ചതാണ് ഈ ചിത്രത്തിന്റെ ദൃശ്യതാളം.

ഇതെല്ലാം അവലോകനവിശകലനത്തിന്റെ ഭാഗമായി പറഞ്ഞുപോകുന്നതേയുള്ളൂ. അവലോകനമേയുള്ളൂ; വിരസവും പണ്ഡിതോന്മുഖവുമായ പഠനമില്ല എന്നതാണ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത്; സുഖകരവും. ലളിത പാരായണം അങ്ങനെ ഇവിടെ സാധിക്കുന്നു. അരവിന്ദനെ അറിയാത്ത, അറിയാന്‍ ഇതുവരെ മിനക്കെടാത്ത സാധാരണ വായനക്കാരുടെ കൂട്ടാളിയാവുന്നു അതുകൊണ്ട് ഈ കൃതി. ഷാജി എന്‍. കരുണ്‍ എന്ന അരവിന്ദന്റെ ഏതാണ്ട് സ്ഥിരം സിനിമാട്ടോഗ്രാഫറേയും ആ മനുഷ്യന്‍ അരവിന്ദന്റെ കലയില്‍ നിര്‍വ്വഹിച്ച സര്‍ഗ്ഗാത്മക പങ്കാളിത്തത്തേയും ജയചന്ദ്രന്‍ നായര്‍ മറന്നിട്ടില്ലെന്നുകൂടി ചൂണ്ടിക്കാണിക്കട്ടെ. അരവിന്ദന്‍ അങ്ങനെ സ്വയംഭൂവായ ഒരു പ്രതിഭ അല്ലാതാവുന്നു ഈ കൃതിയില്‍. അരവിന്ദനോടു കൂടിനിന്ന എല്ലാ സര്‍ഗ്ഗാത്മക മനസ്സുകളും ഒന്നിച്ചാണ് അരവിന്ദന്റെ സര്‍ഗ്ഗാത്മക ജീവിതത്തെ സമ്പൂര്‍ണ്ണവും സമഗ്രവുമാക്കുന്നത്. ഒരാളും  ഒരു ദ്വീപല്ല എന്ന ജോണ്‍ ഡണ്ണിന്റെ വരികള്‍ ഓര്‍ത്തുപോകും ഈ കൃതി മുന്നോട്ടുവയ്ക്കുന്ന അരവിന്ദന്‍ ചിത്രം സമഗ്രമായി അനുഭവിക്കുമ്പോള്‍. വിഗ്രഹങ്ങളെ സൃഷ്ടിക്കുകയും അവയുടെ സംരക്ഷണത്തിനായി മനുഷ്യര്‍ തെരുവിലിറങ്ങുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരമൊരു സമീപനം ഒരു മഹാകലാകാരനോട് അപൂര്‍വ്വമത്രേ.

എങ്കിലുമുണ്ട് അബദ്ധങ്ങളും അശ്രദ്ധകളും ചിലതൊക്കെ ഈ കൃതിയിലും. 'ചെറിയ മനുഷ്യരും വലിയ ലോകവും'  എന്ന അരവിന്ദന്റെ പ്രശസ്ത കാര്‍ട്ടൂണ്‍ പരമ്പരയെ പരാമര്‍ശിക്കുമ്പോള്‍ ഒന്നിലധികം തവണ അതിലെ മുഖ്യകഥാപാത്രത്തിന്റെ പേര് രാമു എന്നതിനു പകരം രവിയാവുന്നുണ്ട്. (അരവിന്ദന്‍ മകനു പേരിട്ടതും രാമു എന്നാണ്) 'ഖസാക്കിന്റെ ഇതിഹാസം' മലയാളിഭാവുകത്വത്തില്‍ ചെയ്തതെന്തോ അതാണ് 'ചെറിയ മനുഷ്യരും വലിയ ലോകവും' മലയാളത്തില്‍ ചെയ്തതെന്ന വളരെ ശ്രദ്ധേയമായ നിരീക്ഷണത്തിനിടയ്ക്ക് ഗ്രന്ഥകാരന്‍ ചെന്നുപെട്ട ചെറിയ ആശയക്കുഴപ്പമാണിതെന്നു മനസ്സിലാക്കാന്‍ ക്ലേശമില്ല. എന്നാലും അബദ്ധം അബദ്ധമായി  അവശേഷിക്കുന്നു. ഗ്രാമത്തില്‍ വൈദ്യുതി വരുന്നതിന്റെ അങ്കലാപ്പുകള്‍ പ്രമേയമായ 'ഒരിടത്തി'ന്റെ വിശകലനത്തിനിടയ്ക്ക്, വരാനിരിക്കുന്ന വെളിച്ചം കുടുംബബന്ധങ്ങളിലെ വെളിച്ചം കെടുത്തുന്നതു കണ്ട് ''കറന്റും വെളിച്ചവും ഇവിടെ വേണ്ടാര്ന്നു'' എന്നു പരിതപിക്കുന്നത് ജോസ്‌കുട്ടിയല്ല, അയാളുടെ കാമുകിക്കുട്ടിയാണ്. ജോസ്‌കുട്ടിക്ക് വെളിച്ചാസക്തി ചിത്രാന്ത്യംവരെയുണ്ട്. ഈ ആസക്തിയാണ് ഷോക്കേറ്റു മരിക്കുന്ന അയാളുടെ ദുരന്തത്തിനു കാരണവും.

അങ്ങനെ നാളെ തിരുത്താവുന്ന ചില അബദ്ധങ്ങള്‍. ഇതൊന്നും ഈ കൃതിയുടെ സമഗ്ര ശോഭയ്ക്കൊട്ടും മങ്ങലേല്പിക്കുന്നില്ല. അരവിന്ദനേയും ആ ചലച്ചിത്രകാരന്റെ കലയേയും അന്വേഷിക്കുന്ന ആര്‍ക്കും ഒഴിവാക്കാനാവാത്ത ഒരു കൃതിയത്രേ ജയചന്ദ്രന്‍ നായരുടെ 'മൗനപ്രാര്‍ത്ഥനപോലെ'.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com