ആള്‍ക്കൂട്ടങ്ങളുടെ അനീതിക്കു പിന്നില്‍

ആള്‍ക്കുട്ട വിചാരണയ്ക്കും കൈയേറ്റങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നിലുള്ള മനശാസ്ത്ര കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം
ആള്‍ക്കൂട്ടങ്ങളുടെ അനീതിക്കു പിന്നില്‍

നുഷ്യജീവന്‍ പോരാടി പിടയുന്നത് കണ്ടുരസിക്കുന്ന വിനോദ ഉപാധിയുടെ, ഭീകരരൂപമായിരുന്നു പ്രാചീന റോമിലെ കൊളോസിയത്തില്‍ നടന്നിരുന്ന മനുഷ്യനും വന്യമൃഗങ്ങളുമായുള്ള പോരാട്ടം. കോഴിപ്പോരുകളും കാളപ്പോരുകളുംകൊണ്ട് തമിഴ്നാട്ടിലെ ഗ്രാമങ്ങള്‍ നിര്‍വൃതി പൂണ്ടപ്പോള്‍, കുടിപ്പകയുടേയും പടകുറുപ്പുമാരുടേയും നാടായ കണ്ണൂരിലാകട്ടെ, കോഴികള്‍ക്കു പകരം മനുഷ്യര്‍ തന്നെ നേരിട്ടു പോരാടി. പരസ്പരം പോരടിച്ചു ഒരാള്‍ മരിക്കുന്നതു കണ്ട് ആര്‍പ്പു വിളിക്കാന്‍ അക്കാലത്തു ജനങ്ങള്‍ തിക്കിത്തിരക്കിയിരുന്നു.

എല്ലാ ദിവസവും ആരെയെങ്കിലും തല്ലണമെന്നു വാശിയുള്ള ഒരു തലമുറ പാലായില്‍ ഒരു കാലത്തു ഉണ്ടായിരുന്നുവെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ഏതെങ്കിലും ദിവസം തല്ലുകൊള്ളാത്ത ഇര ഒത്തുവന്നില്ലെങ്കില്‍, തല്ലുകൊള്ളാന്‍വേണ്ടി തങ്ങളുടെതന്നെ സംഘത്തിലുള്ള ഒരാളെ അവര്‍ നറുക്കിട്ടു തീരുമാനിക്കുമായിരുന്നുവത്രേ. .ക്രിസ്തുവിനെ വധിക്കണം എന്ന ആവശ്യവുമായി യഹൂദര്‍, റോമന്‍ ഗവര്‍ണര്‍ പീലാത്തോസിന്റെ കൊട്ടാരത്തിന്റെ മുന്‍പില്‍നിന്നു മുറവിളിച്ചത് ഇപ്രകാരമായിരുന്നു: 'അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക.' തങ്ങളുടെ അടിമത്വത്തേക്കാളും യാതനകളെക്കാളുമൊക്കെ ഉപരിയുള്ള പ്രാധാന്യവും ആഗ്രഹവും യഹൂദര്‍ക്ക് അപ്പോള്‍ ക്രിസ്തുവിന്റെ രക്തം വീണു കാണാനായിരുന്നു.
മനുഷ്യചരിത്രത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍, ഇപ്രകാരം രക്തം ചിന്തപ്പെട്ട ഒരുപാട് പേരുടെ പേരുകള്‍ കാണാം. അക്കൂട്ടത്തില്‍ അപരാധികളും നിരപരാധികളും ഉണ്ട്. രാജന്‍ പിള്ള, ഹര്‍ഷദ് മേത്ത, നമ്പി നാരായണ്‍ അങ്ങനെ നീളുന്നു നമ്മുടെ നാട്ടില്‍ മാനസികമായി ചവിട്ടി മെതിക്കപ്പെട്ടവരുടെ നിര. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് പാലക്കാട് മധു എന്ന ആദിവാസി യുവാവിനെ ഒരുകൂട്ടം ആളുകള്‍ ഒരു കൊടുംകുറ്റവാളിയെപ്പോലെ തടഞ്ഞുവച്ചത് എന്തിനായിരുന്നു? ഒരു ദുര്‍ബ്ബല യുവാവ്, പട്ടിണി മൂലം ഭക്ഷണം മോഷ്ടിച്ചത് ഒരു വലിയ തെറ്റാണോ? മാനസികനില തെറ്റിയ ഒരു സാധുവിനെ ആളുകള്‍ ഉപദ്രവിക്കുന്നത് കണ്ടുനില്‍ക്കാനും ആ കിരാത കര്‍മ്മത്തിന് തങ്ങള്‍ സാക്ഷ്യം വഹിച്ചു എന്ന് അറിയിക്കാനായി അവരെ ചേര്‍ത്തുനിര്‍ത്തി സെല്‍ഫിഎടുക്കാനും ആളുകളുണ്ടായി.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനാധിപത്യമൂല്യങ്ങളെ താരതമ്യേന ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ത്തന്നെ അഞ്ചു വര്‍ഷത്തിനുള്ളില്‍ എത്രയോ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങു തകര്‍ത്തു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് നഗരത്തില്‍ പട്ടാപ്പകല്‍ പൊതുജനം നോക്കിനില്‍ക്കെ ഒരു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. അയാള്‍ ചെയ്ത കുറ്റം മറ്റൊരു സ്ത്രീയുടെ വീട്ടില്‍നിന്ന് ഇറങ്ങിവരുന്നതു കണ്ടു എന്നതാണ്. ഇന്ത്യയില്‍ ഒരു കോടതിയിലും നിലനില്‍ക്കുന്ന കുറ്റമല്ല അയാള്‍ ചെയ്തത്. സദാചാര അസ്‌കിരത ബാധിച്ച ഒരു ജനക്കൂട്ടമാണ് ഈ അരും കൊല ചെയ്തത്.
 
തല്ലിക്കൊല്ലുന്നവന്റെ
മനഃശാസ്ത്രം 

അമേരിക്കയിലെ വെര്‍ജീനിയയില്‍ 1790 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കേണല്‍ ചാള്‍സ് ലിഞ്ച് എന്ന ഒരു പട്ടാള ഓഫീസറുടെ പ്രവൃത്തികളില്‍നിന്നാണ് ഇങ്ങനെയൊരു പദം ഇംഗ്ലീഷില്‍ ഉണ്ടാവുന്നത്. തന്റെ വീടിന്റെ പരിസരത്ത് അതിക്രമിച്ചു കടക്കുന്നവരെ അയാള്‍ നിയമവിരുദ്ധമായി വിചാരണ ചെയ്യുകയും മരത്തില്‍ കെട്ടിയിട്ട് അടിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം ആള്‍ക്കൂട്ടവിചാരണയ്ക്ക് വിധേയരായവര്‍ ആദ്യകാലഘട്ടങ്ങളില്‍ സമൂഹത്തിലെ അധഃസ്ഥിത വര്‍ഗ്ഗത്തില്‍പ്പെട്ടവരായിരുന്നു. നിയമവ്യവസ്ഥിതി ശരിയായ രീതിയിലല്ല മുന്‍പോട്ട് പോകുന്നത് എന്നു കരുതുന്ന ഒരു കൂട്ടരാണ് ഇപ്രകാരം നിയമം കയ്യിലെടുക്കുന്നതും സ്വയം വിചാരണയും ശിക്ഷയും നടപ്പാക്കുന്നതും.

കുറ്റവാളി എന്നു മുദ്രകുത്തപ്പെട്ടവര്‍ പരസ്യമായി കൊടുംക്രൂരതകള്‍ക്ക് വിധേയരാകുന്നത് കണ്ടുകൊണ്ട് നില്‍ക്കാന്‍ ജനക്കൂട്ടം ഉത്സുകരായി കൂടാറുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും വ്യഭിചാരംപോലുള്ള കുറ്റങ്ങള്‍ക്ക് അനേകര്‍ നോക്കിനില്‍ക്കെ തലവെട്ടി കൊല്ലുന്ന രീതി ഇപ്പോഴും സൗദിപോലുള്ള രാജ്യങ്ങളില്‍ ഉണ്ട്. തന്റെ സഹജീവി ഏറ്റവും നിസ്സഹായമായ അവസ്ഥയില്‍ കല്ലെറിഞ്ഞു കൊല്ലപ്പെടുന്നതും വേദനകൊണ്ട് പുളയുന്നതും തല നഷ്ടപ്പെട്ടു ശരീരം പിടയുന്നതും കണ്ടുരസിക്കാന്‍ തടിച്ചുകൂടുന്നവരില്‍ മലയാളികളുമുണ്ട് എന്നതാണ് സത്യം. ഇതുപോലെയുള്ള അനേകം നിയമവിരുദ്ധവും നിയമാനുസൃതവുമായ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ ഒരു ഉത്സവംപോലെ കണ്ട് രസിച്ച് ആളുകള്‍ കൊണ്ടാടും.

അമേരിക്കയില്‍ അടിമവ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് 1921-ല്‍ നടന്ന കണക്കെടുപ്പില്‍ ഏതാണ്ട് 3224 ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് നടന്നത്. അതില്‍ 2522 കറുത്തവര്‍ഗ്ഗക്കാരും 702 വെളുത്തവര്‍ഗ്ഗക്കാരുമാണ് കൊല്ലപ്പെട്ടത്. ചില ആള്‍ക്കൂട്ടക്കൊലപാതകങ്ങളും പരസ്യവിചാരണകളും പത്രങ്ങളില്‍ പരസ്യം വരെ ചെയ്താണ് നടന്നിരുന്നത്. എത്ര കൂടുതല്‍ ആളുകള്‍ ഇതില്‍ പങ്കെടുക്കുന്നുവോ അതിനനുസരിച്ച് ഈ ആഘോഷത്തിന്റെ ഹരവും കൂടിയിരുന്നു. ഒരു ആരോപണം ഉന്നയിക്കപ്പെട്ട വ്യക്തിയില്‍നിന്ന് ഉറ്റവരും സുഹൃത്തുക്കളുമായി ഓരോരുത്തരായി അകന്നുമാറി തുടങ്ങും. കുറ്റാരോപിതനായ ഒരു വ്യക്തിയെ പിന്താങ്ങുന്നത് അപകടകരമാണ് എന്ന് അവര്‍ക്കറിയാം. ആള്‍ക്കൂട്ടം വിധി പറഞ്ഞാല്‍ പിന്നെ ആ രാജ്യത്തെ നീതിന്യായ വ്യവസ്ഥിതി അയാളെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചാലും അയാള്‍ക്ക് രക്ഷയില്ല. അതിന് രണ്ട് കാരണങ്ങളാണ്. തെറ്റുകാരനല്ല എന്ന കോടതിവിധി എത്തുമ്പോഴേയ്ക്കും അയാള്‍ മാനസികവും ശാരീരികവും സാമൂഹികവുമായി തകര്‍ന്നിട്ടുണ്ടാവും. രണ്ടു കോടതിവിധികൊണ്ട് ജനങ്ങള്‍ അവരുടെ വികാരത്തില്‍ ചാലിച്ചെഴുതിയ അവരുടെ മനസ്സിലെ വിധി മായുന്നില്ല.

മനുഷ്യന്റെ
ആള്‍ക്കൂട്ട രൂപാന്തരം

The crowd-A study of the popular mind (1896) എന്ന പുസ്തകത്തില്‍ ഏൗേെമ്‌ല ഘല ആീി ഈ ആള്‍ക്കൂട്ട രൂപാന്തരത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ഇങ്ങനെ. ഒരു വ്യക്തിവൈകാരികമായ ഒരു ആള്‍ക്കൂട്ടത്തിലേക്ക് എത്തുമ്പോള്‍ അയാളുടെ അടിസ്ഥാന സ്വഭാവങ്ങള്‍, സമൂഹത്തിലെ അയാളുടെ സ്ഥാനം, ജോലി, ബൗദ്ധികമായി പക്വത എന്നിവയെല്ലാം അയാള്‍ പാടെ വിസ്മരിച്ചു, അയാളുടെ സ്വത്വബോധത്തില്‍നിന്നു മാറി ആള്‍ക്കൂട്ടത്തിന്റെ പൊതുസ്വഭാവത്തിലേക്ക് വിലയം പ്രാപിക്കുന്നു. ഈ വ്യക്തി ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഒരിക്കലും ചെയ്യാന്‍ തുനിയാത്ത കാര്യങ്ങള്‍ ഈ വൈകാരിക സമൂഹത്തിനുള്ളില്‍നിന്നു ചെയ്യാന്‍ ഇയാള്‍ മടികാണിക്കുന്നില്ല. അതായത് ഒരു വ്യക്തി അവരുടെ അയാളുടെ നാഗരികതയും മാന്യതയും എല്ലാം വിസ്മരിച്ച് അടിസ്ഥാന പ്രാകൃത സ്വഭാവത്തിലേക്ക് മടങ്ങുന്നു എന്നര്‍ത്ഥം.ആള്‍ക്കൂട്ട മനഃശാസ്ത്രവും അക്രമവും എന്ന പുസ്തകത്തില്‍ ഡോ. വെന്‍ഡി ജെയിംസ് (ഉൃ. ണലിറ്യ ഖമാല െവേല ു്യെരവീഹീഴ്യ ീള ാീയ ാലിമേഹശ്യേ മിറ ്ശീഹലിരല) ആള്‍ക്കൂട്ടം എങ്ങനെ അക്രമത്തിലേയ്ക്ക് എത്തിപ്പെടുന്നു എന്നു സൂചിപ്പിക്കുന്നു.

1) പടര്‍ന്നുപിടിക്കുന്ന വൈകാരികത (ഇീിമേഴശീി വേലീൃ്യ)
വൈകാരികമായി വളരെ ഉയര്‍ന്ന ഒരു സമൂഹത്തിലേക്ക് ഒരു വ്യക്തി എത്തിപ്പെടുന്നു. ഇവിടെ എത്തിപ്പെടുന്ന ഓരോ ആളുകളേയും ഇതേ വൈകാരികതയിലേയ്ക്ക് ഇതേ സമൂഹം സമ്മോഹനം ചെയ്യുന്നു. ഇത് പലപ്പോഴും അപകടകരമായ അതിവൈകാരിക ചെയ്തികളിലേയ്ക്ക് ഇവരെ എത്തിക്കും.

2) വൈകാരികതയുടെ പേരില്‍ ഒന്നിക്കുന്നവര്‍ (ഇീി്‌ലൃഴലിരല ഠവലീൃ്യ)
മേല്‍പ്പറഞ്ഞതില്‍നിന്നു നേരെ വിപരീതമായ കാര്യമാണ് ഇവിടെ നടക്കുന്നത്. ഒരേ വൈകാരികതയുള്ള ആളുകള്‍ ഒരുമിച്ചുകൂടുന്നു. അല്ലെങ്കില്‍ ഈ വൈകാരികതയാണ് ഇവരെ ഒന്നിപ്പിക്കുന്നത്. ഇവര്‍ അക്രമാസക്തരായത് ഒരു കൂട്ടത്തില്‍പ്പെട്ടു എന്നതുകൊണ്ടല്ല. മറിച്ച് അതിവൈകാരികമായിത്തന്നെ ഒരു ആക്രമണത്തിന് മുതിര്‍ന്ന് ഇവര്‍ ഒത്തുകൂടി എന്നുള്ളതുകൊണ്ടാണ്.

3) ആള്‍ക്കൂട്ടത്തില്‍ ആരും അറിയാതെ ( ഋാലൃഴലി േിീൃാ വേലീൃ്യ)സ
മുന്‍പ് പറഞ്ഞ രണ്ടു കാരണങ്ങള്‍കൊണ്ടും ഒത്തുകൂടിയവര്‍ക്ക് തങ്ങള്‍ ഒരു സമൂഹത്തില്‍ ആയതിനാല്‍ ഒരിക്കലും ആരും തങ്ങളെ തിരിച്ചറിയില്ല എന്ന സുരക്ഷിതത്വബോധം നല്‍കുന്നു. 
ഇതുപോലെയുള്ള ഒരു ആള്‍ക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കാനും അക്രമത്തിന് തിരികൊളുത്താനും അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കാന്‍ ഉത്സാഹം കാണിക്കുകയും ചെയ്യുന്നവര്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരായിരിക്കും. എന്നാല്‍, കൂടെയുള്ള ബഹുഭൂരിപക്ഷവും ഒരു ആവേശത്തില്‍ നിയമങ്ങള്‍ ലംഘിക്കുന്ന സാധാരണക്കാരായ ചെറുപ്പക്കാര്‍ ആയിരിക്കും. ഇപ്രകാരമുള്ള വിചാരണയ്ക്ക് ഒരു പൊതുസ്വഭാവമുണ്ട്. ആളുകളെ മരത്തില്‍ കെട്ടിയിട്ടു, കൈകള്‍ രണ്ടും പുറകില്‍ വരിഞ്ഞുകെട്ടി, മരത്തോട് ചേര്‍ത്തുനിര്‍ത്തുകയോ അടിച്ച് അവശനാക്കി, മുട്ടില്‍ നിര്‍ത്തി, പിന്നീട് തറയില്‍ ചേര്‍ത്തു കിടത്തി ക്ഷമ യാചിപ്പിച്ചു, രക്തം വാര്‍ന്നു മരിക്കാന്‍ വിടുക.

സാഡിസം 
മറ്റുള്ള മനുഷ്യരുടെ വേദനയില്‍ ആനന്ദം കണ്ടെത്തുന്ന ഒരു മനഃശാസ്ത്ര പ്രതിഭാസം മനുഷ്യനില്‍ അന്തര്‍ലീനമായുണ്ട്. ഇതു ചില മനുഷ്യരില്‍ വളരെ കൂടുതലായിരിക്കും. ആനന്ദലബ്ധിക്കായി മറ്റു മനുഷ്യരെ ക്രൂരമായി പീഡിപ്പിക്കാനും ഇക്കൂട്ടര്‍ക്ക് മടിയില്ല. ലൈംഗിക വേഴ്ചയുടെ സമയത്ത് ഇണയെ കടിച്ചുമുറിക്കുക, കട്ടിലില്‍ ചേര്‍ത്തു ബന്ധിച്ചു, ചാട്ടവാര്‍കൊണ്ട് അടിച്ചു മുറിവേല്‍പ്പിക്കുക, ചെറിയ ഷോക്കടിപ്പിക്കുക മുതല്‍ ബ്ലേഡ്‌കൊണ്ട് വരഞ്ഞുകീറുകയും കത്തികൊണ്ട് ശരീരഭാഗങ്ങള്‍ അറുത്തുമുറിക്കുകയും ചെയ്യുക, വധിക്കുകയും അതില്‍ രതിമൂര്‍ച്ച പ്രാപിക്കുകയും ചെയ്യുന്ന സൈക്കോപാത്തുകള്‍ വളരെയധികം ഉണ്ട്. ഈ അന്യദുഃഖം ആസ്വദിക്കുന്ന അവസ്ഥ ഏറിയും കുറഞ്ഞും സമൂഹത്തില്‍ ഏറെ കാണാം. ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണുനീര്‍ കാണുമ്പോള്‍ കിട്ടുന്ന ആ സുഖമുണ്ടല്ലോ. ഈ സുഖങ്ങള്‍ക്ക് മനഃശാസ്ത്രത്തില്‍ സാഡിസ്റ്റിക്ക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്നു പറയുന്നു.

ഒരു ആള്‍ക്കൂട്ടത്തിന്റെ ബുദ്ധിനിലവാരം (Q) എന്നു പറയുന്നത് വൈകാരികമായി അക്രമം നടത്താന്‍ ആഹ്വാനം നല്‍കുന്ന നേതാവിന്റെ ബുദ്ധിയെ ആളുകളുടെ എണ്ണംകൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന നിസ്സാരമായ ബുദ്ധി അളവാണ്. അതായത് കടുത്ത ബുദ്ധിമാന്ദ്യമുള്ള ഒരു വ്യക്തിയുടെ ബുദ്ധി നിലവാരത്തിലും താഴെയായിരിക്കും ഈ വൈകാരിക ആള്‍ക്കൂട്ടത്തിന്റെ ബുദ്ധി നിലവാരം (കഝ) എന്നു പറയുന്നത്.

ഇവരുടെ അതിവൈകാരികത ഇവരെ ഒരേ ശാരീരിക ഭാഷയുള്ളവരാക്കുന്നു. ഇപ്രകാരമൊരു കൊല നടത്തിക്കഴിയുമ്പോള്‍ ഓരോ വ്യക്തിയിലും കുറ്റബോധത്തിനു പകരം വല്ലാത്തൊരു ആത്മസംതൃപ്തി ഉടലെടുക്കുന്നു. ജനക്കൂട്ടത്തില്‍ ആയതിനാല്‍ ആരും തങ്ങളെ തിരിച്ചറിയുന്ന ആത്മവിശ്വാസവും ഇവര്‍ക്കുണ്ടാകും.

കാട്ടുനീതി 
ഹെയ്തി എന്ന് സൗത്ത് അമേരിക്കന്‍ രാജ്യത്തില്‍ ഒരു ഭൂകമ്പത്തെ തുടര്‍ന്ന് ഒരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചു. വൂഡൂ പുരോഹിതരുടെ മന്ത്രങ്ങളാണ് ഈ പകര്‍ച്ചവ്യാധിക്ക് കാരണമായത് എന്നൊരു വാര്‍ത്ത വളരെവേഗം പടര്‍ന്നു. ഇപ്രകാരം ആള്‍ക്കൂട്ടം പറഞ്ഞുണ്ടാക്കിയ വൈകാരികതയുടെ ഫലമായി 45 വൂഡൂ പുരോഹിതരാണ് ആള്‍ക്കൂട്ട വിചാരണയിലൂടെ വധിക്കപ്പെട്ടത്. 
ഒരു രാജ്യത്ത് നിലനില്‍ക്കുന്ന നീതിന്യായ വ്യവസ്ഥിതിയെ തൃണവല്‍ക്കരിച്ച് ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്ന രീതിക്കാണ് കാട്ടുനീതി എന്നു പറയുന്നത്. വാസ്തവത്തില്‍ കാട്ടുനീതി എന്നൊരു സമാന്തര നീതിന്യായ വ്യവസ്ഥിതി തന്നെ നൈജീരിയയില്‍ നിലനില്‍ക്കുന്നു എന്നതാണ് സത്യം.

കൊലചെയ്യാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന ഒരാളുടെ മാനസികാവസ്ഥ ശാസ്ത്രജ്ഞരെ എക്കാലവും അമ്പരപ്പിച്ചിട്ടുള്ള വിഷയമാണ്. ആ പ്രവൃത്തി ചെയ്യുന്നതിനു മുന്‍പായി അവര്‍ക്ക് ഒരു 'വിശുദ്ധ വിറയല്‍' അനുഭവപ്പെടുമെന്നാണ് ജന്തുശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചിട്ടുള്ള കോണ്‍റാഡ് ലോറന്‍സ് പറയുന്നത്. അത് സ്വന്തം സമൂഹത്തിന്റെ 'സംരക്ഷണത്തിനായുള്ള വീരോചിത പ്രവൃത്തി'യാണെങ്കില്‍ അതിനു മുന്‍പ് നട്ടെല്ല് മുതലുള്ള വിറയല്‍ ആയിരിക്കും അനുഭവപ്പെടുക. മൃഗങ്ങളില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തുള്ള രോമങ്ങള്‍ ഉയര്‍ന്നുനില്‍ക്കും. 'നട്ടെല്ലില്‍നിന്നും അനുഭവപ്പെടുന്ന വിറയല്‍ ഇരുകൈകളിലേക്കും പ്രവഹിക്കും. എല്ലാ തടസ്സങ്ങളും അപ്രസക്തമാകും. കൊല്ലുന്നതിനോ മുറിവേല്‍പ്പിക്കുന്നതിനോ ഉള്ള മാനസികമായ വിഷമതകളെല്ലാം അപ്രത്യക്ഷമാകും. അതിക്രമങ്ങള്‍ ചെയ്യുമ്പോഴും അതൊരു പുണ്യപ്രവൃത്തി ആണെന്ന ബോധം മനസ്സിനെ കീഴടക്കും'- ലോറന്‍സ് എഴുതി. സഹപാഠിയായ മാഷാല്‍ ഖാനെ വടികളും കല്ലുകളുംകൊണ്ട് കൊന്ന പാകിസ്താനിലെ മര്‍ദാന്‍ യൂണിവേഴ്സിറ്റിയിലെ 2025 വിദ്യാര്‍ത്ഥികള്‍ക്കും തങ്ങള്‍ ചെയ്യുന്നത് പുണ്യപ്രവൃത്തി ആണെന്നു തോന്നിയിട്ടുണ്ടാകണം. ഒടുവില്‍ ഒരു വിദ്യാര്‍ത്ഥി കൈത്തോക്കെടുത്ത് വെടിയുതിര്‍ക്കുകയും ചെയ്തു. ഈ പ്രവൃത്തിയിലൂടെ മഹത്തരമായ ഒരു കര്‍ത്തവ്യം നിര്‍വ്വഹിച്ചതായി അവര്‍ പറയുന്നു. നൂറുകണക്കിനാളുകള്‍ ഇത് കാണുകയും മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയും ബാക്കിയുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുകയും ചെയ്ത് ആനന്ദനിര്‍വൃതിയടഞ്ഞു. ദൃശ്യങ്ങള്‍ ആര് ഷൂട്ട് ചെയ്തുവെന്നു മാത്രം മറച്ചുവച്ചു. ഇസ്ലാമിനെക്കുറിച്ച് ബഹുമാനം കുറഞ്ഞ രീതിയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു എന്ന മാരക തെറ്റാണ് ഖാനെതിരെ ആരോപിച്ച കുറ്റം. ഒടുവില്‍ അതു തെറ്റാണെന്നു തെളിഞ്ഞു. അതുവരേയും ഖാന്റെ സ്വന്തം ഗ്രാമത്തില്‍ ശരിയായ വിധം ശവസംസ്‌കാര ചടങ്ങുകള്‍ ചെയ്യാന്‍പോലും കഴിഞ്ഞില്ല. ഖാന്‍ പതിവായി നിസ്‌കരിക്കുന്ന ഒരാളാണെന്നു തെളിഞ്ഞപ്പോള്‍ മാത്രമാണ് പ്രധാനമന്ത്രി നവാസ് ഷെരീഫും ബിലാവല്‍ ഭൂട്ടോയെപ്പോലുള്ള പ്രതിപക്ഷ നേതാക്കളും ഖാനോട് സഹതാപം കാട്ടുന്ന പ്രസ്താവനകള്‍ പുറപ്പെടുവിച്ചത്. കടുത്ത മതനിന്ദ നടത്തുന്നവരുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്നവരാണോ പാകിസ്താനിലെ ഭൂരിപക്ഷം ജനതയും എന്ന് ലോകമാധ്യമങ്ങള്‍ അദ്ഭുതത്തോടെ ചോദിച്ചു. മതനിന്ദകള്‍ക്കെതിരെയുള്ള ശിക്ഷകള്‍ കോടതിയില്‍ വളരെ സാവകാശമാണ് തീര്‍പ്പ് കല്പിക്കുന്നത് എന്നതിനാല്‍ തങ്ങള്‍ അതിനുവേണ്ടി കാത്തുനില്‍ക്കാതെ സ്വയം ശിക്ഷ നടപ്പാക്കുന്നു എന്നാണ് ആളുകള്‍ ഇതിനു മറുപടി പറഞ്ഞത്.

വംശീയ ഉന്മൂലനം മനഃശാസ്ത്രം

തന്റെ തന്നെ ശത്രുവായ ശരീരഭാഗം
സാധാരണഗതിയില്‍ ആരോഗ്യവാനായ ഒരു വ്യക്തി, അയാള്‍ക്ക് തന്റെ ശരീരത്തിലെ ഒരു ഭാഗം പ്രത്യേകിച്ച് കാല്‍ തന്റെ ശരീരത്തിന് ഭാഗമല്ല എന്നു തോന്നല്‍ ഉണ്ടാകുന്ന ഒരു നാഡീരോഗ അവസ്ഥയുണ്ട്. ബോഡി ഇന്റഗ്രിറ്റി ഐഡന്റിറ്റി ഡിസോര്‍ഡര്‍ എന്നൊരു രോഗാവസ്ഥയാണിത്. എന്തോ ഒരു അബദ്ധത്തില്‍ തങ്ങളുടെ ശരീരത്തിന്റെ ഭാഗമായി മാറിയ ഈ ശരീരഭാഗം എങ്ങനെയെങ്കിലും അടര്‍ത്തി മാറ്റണം എന്ന ചിന്ത ഇവരെ നിരന്തരം വേട്ടയാടും. ഈ അവസ്ഥയുടെ പാരമ്യത്തില്‍ അവര്‍ കൈകാലുകള്‍ സ്വന്തമായി മുറിച്ചുമാറ്റാന്‍ ശ്രമിക്കുകയും സാരമായിത്തന്നെ മുറിവേറ്റ ഈ ഭാഗം അവസാനം ശസ്ത്രക്രിയയിലൂടെ മാറ്റേണ്ടതായി വരുകയും ചെയ്യും. 

ഇതൊരു മനോരോഗമാണ് എന്നു പറഞ്ഞുകൂടാ. ഈ രോഗമുള്ളവര്‍ക്ക് ഇടത്തെ കാല്‍ മുറിച്ചു കളയാനാണ് തോന്നുക. മസ്തിഷ്‌കത്തിലെ വലത് പരിറ്റല്‍ ലോബില്‍ സംഭവിക്കുന്ന ക്ഷതം ആയിരിക്കാം ഇങ്ങനെ ഒരു അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് വൈദ്യസമൂഹത്തിന്റെ നിഗമനം. അപൂര്‍വ്വം ചില കേസുകളില്‍ തങ്ങളുടെ ശരീരഭാഗം മുറിച്ചുമാറ്റപ്പെട്ടു എന്ന ചിന്ത ചിലര്‍ക്ക് ലൈംഗിക ഉത്തേജനം പ്രധാനം ചെയ്യുന്നു. 

ഇതുപോലെതന്നെയാണ് തന്റെ രാജ്യത്തുള്ള കുറച്ചു ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ രാജ്യത്തില്‍പ്പെട്ടവരല്ല എന്നും അവര്‍ തങ്ങള്‍ക്കെതിരാണ് എന്നും അവര്‍ രാജ്യദ്രോഹികളാണ് എന്നുമുള്ള ചിന്ത ഒരു ഭൂരിപക്ഷ സമൂഹത്തില്‍ ഉടലെടുക്കുന്നത്. വംശീയ ഉന്മൂലനങ്ങളുടെ മനഃശാസ്ത്രം ഉടലെടുക്കുന്നത് സമൂഹത്തിന്റെ ഈ അപരബോധത്തില്‍നിന്നാണ്.
വംശീയ കലാപങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുകയും അതിന് തിരികൊളുത്തുകയും ചെയ്യുന്ന ആളുകളെ ഭരിക്കുന്നത് ഗോത്രവര്‍ഗ്ഗ മനോഭാവങ്ങളാണ്. ഈ മനോഭാവമാകട്ടെ, തന്റെ ഗോത്രത്തിനു പുറത്തുള്ളവരെയെല്ലാം ശത്രുക്കളായി കാണാന്‍ പ്രേരിപ്പിക്കുന്നു.

ന്യൂറോ സൈക്കാട്രിസ്റ്റ് ഡോ. ഏറ ദത്തയുടെ അഭിപ്രായത്തില്‍ ഈ ഗോത്രീയ മനോഭാവം മനുഷ്യനെ ഗുഹാമനുഷ്യന്റെ അവസ്ഥയിലേയ്ക്ക് എത്തിക്കുന്നു. തന്റെ ചുരുങ്ങിയ അതിര്‍ത്തി പ്രദേശത്തേക്ക് കടന്നുവരുന്നവരെ നിഷ്‌കരുണം വധിക്കാനാണ് ഈ സമയത്തുള്ള ചോദന.
ഇതില്‍ ഇരയാകുന്നവര്‍, ഭൂരിപക്ഷ ഗോത്രത്തിനു പുറത്തുള്ളവരാണ്. ഈ പരദേശീസ്പര്‍ദ്ധ (തലിീുവീയശമ) തങ്ങളുടെ ഗോത്രത്തിനു ചുറ്റുമുള്ളവരെ ദുഷ്ടരും തങ്ങള്‍ക്കു ഭീഷണിയും ക്രൂരരും കാരുണ്യം അര്‍ഹിക്കാത്തവരുമായി ചിന്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് എല്ലാം ചില പൊതുസ്വഭാവങ്ങളുണ്ട്. തങ്ങള്‍ ചെയ്യുന്നത് ഒരു നന്മയാണ് എന്ന ചിന്ത, ഏതോ അദൃശ്യശക്തിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍ എന്ന ചിന്ത, ഇര ഒരിക്കലും ദയ അര്‍ഹിക്കുന്നില്ല എന്ന ബോധം.

വംശീയ കലാപങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങില്‍ എല്ലാം തന്നെ ഈ ഗോത്രീയ സംസ്‌കാരം നിലനില്‍ക്കുന്ന രാജ്യങ്ങളാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇപ്രകാരമുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രണ്ടു രാജ്യങ്ങള്‍ ഇന്ത്യയും പാകിസ്താനുമാണ്. മതരാഷ്ട്രം നല്‍കുന്ന ശക്തമായ പിന്തുണ ഇന്ത്യയും പാകിസ്താനുമടക്കമുള്ള രാജ്യങ്ങളെ വീണ്ടും ഗോത്രവര്‍ഗ്ഗ സംസ്‌കാരത്തിന്റെ മൂല്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഈ ഗോത്ര വൈകാരികത ഒരു വ്യക്തിയില്‍നിന്നു മറ്റൊരു വ്യക്തിയിലേക്ക് വളരെ വേഗം പടര്‍ന്നു പിടിക്കും. നാസി ജര്‍മ്മനിയുടെ മുഖ്യ പ്രചാരകനായ ജോസഫ് ഗീബല്‍സ് പറയുന്നതുപോലെ ഒരു നുണ കൂടുതല്‍ ആളുകള്‍ വിശ്വസിക്കണമെന്ന് ഉണ്ടെങ്കില്‍ വളരെ വലിയൊരു നുണ പറയുകയും അത് ആവര്‍ത്തിച്ചു പറയുകയും ചെയ്യുക.

ഹര്‍ഷദ് മേത്ത
ഹര്‍ഷദ് മേത്ത


അനേകായിരം ജാതി, ഭാഷ, വര്‍ഗ്ഗ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയിലാണ് ഇത്തരത്തിലുള്ള വിദ്വേഷ കലാപങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത്. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു അഭിപ്രായപ്പെടുന്നതുപോലെ വെറും 5000 രൂപ ഉണ്ടെങ്കില്‍ ആര്‍ക്കും ഇന്ത്യയില്‍ ഒരു വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍, സംഗതി അതിലും പുരോഗമിച്ചു. ഒരു വാട്സ്ആപ്പ് സന്ദേശം മതി ഒരു ഗ്രാമം മുഴുവന്‍ എരിഞ്ഞടങ്ങാന്‍. അതിവൈകാരികമായ വ്യാജ സന്ദേശങ്ങളും ചിത്രങ്ങളും നുണകളും പ്രചരിക്കുന്നത് ഈ ദിശയിലേക്കുള്ള ഒരു പോക്കാണ്. സമൂഹമാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ ഇത് ക്ഷിപ്ര സാധ്യമാവുകയും ചെയ്യുന്നു.

രാജന്‍ പിള്ള
രാജന്‍ പിള്ള

മനുഷ്യന്‍ കാട്ടാളനായി മാറുമ്പോള്‍ 
ഒരു മനുഷ്യര്‍ എങ്ങനെ കാട്ടാളനായി മാറുന്നു എന്നതിനെക്കുറിച്ച് ഏറ്റവും അധികം പാഠങ്ങള്‍ നടത്തിയ സമൂഹ മനഃശാസ്ത്രജ്ഞന്മാരാണ് ഡോ. ഫിലിപ്പ് ജി. സിംബാര്‍ഡോ, ഡോ. സ്റ്റാന്‍ലി മില്‍ഗ്രാം എന്നിവര്‍. ഓരോ മനുഷ്യനും ഒരു മദര്‍ തെരേസയോ ഒരു ഹിറ്റ്ലറോ ആകാന്‍ സാഹചര്യങ്ങള്‍ കാരണമാകുന്നു എന്ന് അവര്‍ അഭിപ്രായപ്പെടുന്നു. തങ്ങളുടെ ചെയ്തികള്‍ അറിയപ്പെടുകയില്ല എന്നും പിടിക്കപ്പെടുകയില്ല എന്നും ഉറപ്പുള്ള അവസ്ഥയില്‍ ആളുകള്‍ കൂടുതല്‍ ക്രൂരന്മാരായി തീരും.

നമ്പി നാരായണന്‍
നമ്പി നാരായണന്‍


ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍ (യൂണിഫോമുകള്‍), ആയുധങ്ങള്‍, ചിഹ്നങ്ങള്‍ ഇവയൊക്കെ ധരിക്കുമ്പോള്‍ ആളുകളില്‍ അക്രമവാസന കൂടിവരുന്നു. തങ്ങള്‍ക്ക് അധികാരം ലഭിച്ചാല്‍ കാര്യങ്ങള്‍ മുഴുവന്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള ഒരു കാനന വാസന, ഒരു കിരാത  വെമ്പല്‍ ഓരോ വ്യക്തിയിലും ഉണ്ടാകുമെന്നാണ് ഡോ. ഫിലിപ്പ് ജി. സിംബാര്‍ഡോയുടെ സ്റ്റാന്‍ഫോര്‍ഡ് ജയില്‍ പരീക്ഷണത്തില്‍ തെളിയുന്നത്. 1971-ല്‍ ഡോ. സിംബാര്‍ഡോ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ തന്റെ വിദ്യാര്‍ത്ഥികളെ ഒരു പരിക്ഷണത്തിനു വിധേയരാക്കി. അദ്ദേഹം അവരെ തിരിച്ച് കുറ്റവാളികളുടേയും ജയില്‍ വാര്‍ഡന്മാരുടേയും റോള്‍ നല്‍കി. 
ആറുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് പരീക്ഷണം മുഴുപ്പിക്കാനാവാതെ അവസാനിപ്പിക്കേണ്ടിവന്നു. ഗാര്‍ഡുകളായി വേഷമിട്ട വിദ്യാര്‍ത്ഥികള്‍ കുറ്റവാളികളുടെ വേഷമിട്ട തങ്ങളുടെ സഹപാഠികളോട് അതിക്രൂരമായിട്ടാണ് പെരുമാറിക്കൊണ്ടിരുന്നത്. തങ്ങള്‍ക്ക് അധികാരം കിട്ടി എന്ന തോന്നല്‍പോലും അവരില്‍ ക്രൂരമായ ഒരു മനോവിശേഷം ഉണ്ടാക്കിയെടുത്തു. അധികാരത്തിന്റെ യൂണിഫോം, സംഘ ബല ചിഹ്നങ്ങള്‍ ശക്തി ഇവയെല്ലാം തങ്ങളുടെ സഹപാഠികളോട് ക്രൂരമായി പെരുമാറാന്‍ ഇവരെ പ്രേരിപ്പിക്കുകയായിരുന്നു.

സാഡിസത്തിന്റ ഡിജിറ്റല്‍ രൂപങ്ങള്‍ 
പ്രിന്റ് മീഡിയയുടെ കാലം കടന്ന് ഡിജിറ്റല്‍ മീഡിയ വാര്‍ത്താമേഖലകള്‍ കയ്യടക്കി. ഇപ്പോള്‍ ഇതാ സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ ആവിര്‍ഭാവത്തോടുകൂടി വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടുകളായി. ആര്‍ക്കെങ്കിലും ഒരു പിഴവ് വരേണ്ട താമസം, ആദ്യത്തെ കല്ല് മുഖ്യധാരാ മാധ്യമങ്ങളുടെ വക. ബാക്കിയുള്ള തേജോവധം ഫെയ്‌സ്ബുക്ക് കീബോര്‍ഡ് ആക്ടിവിസ്റ്റുകളുടെ വക. കീബോര്‍ഡിനു മുന്‍പിലിരുന്നു അവര്‍ വിപ്ലവം നയിക്കും. കുഴിയില്‍ വീണ പന്നിക്ക് കല്ലും തടിയും. ആടുകള്‍ പട്ടികള്‍ ആയിക്കൊണ്ടിരിക്കുന്നു, ഫോട്ടോഷോപ്പില്‍ വാര്‍ത്തകളും അസംബന്ധങ്ങളും നുണപ്രചാരങ്ങളും നിര്‍മ്മിച്ചു, ഫേസ്ബുക്കില്‍ കൊടുത്തു പലരേയും അവര്‍ നശിപ്പിച്ചു, അനേകം ആളുകള്‍ അവര്‍ക്ക് ഇരയായി.

സമൂഹമാധ്യമങ്ങളില്‍ക്കൂടി എന്തു നുണയും പടച്ചുവിടാം എന്നും ആര്‍ക്കെതിരേയും എന്ത് വേണമെങ്കിലും എഴുതാം എന്നും അതില്‍ യാതൊരു തെറ്റുമില്ലായെന്നും ഒരുതരത്തിലും താന്‍ ശിക്ഷിക്കപ്പെടില്ല എന്നുമുള്ള അബദ്ധധാരണയുമാണ് പലപ്പോഴും ഇപ്രകാരമുള്ള അപകീര്‍ത്തിപ്പെടുത്തലിന് ആളുകളെ പ്രേരിപ്പിക്കുന്നത്. അതിലൂടെ അവര്‍ വല്ലാത്തൊരു ആനന്ദ നിര്‍വൃതി അനുഭവിക്കുന്നു.

കീബോര്‍ഡിലെ 
കീചകവധം

സൈബര്‍ സ്റ്റാകിങ്  

ഒരു വ്യക്തിയേയോ സ്ഥാപനത്തേയോ വിഭാഗത്തേയോ അപമാനിക്കാന്‍ വേണ്ടി ഇലക്ട്രോണിക്ക് മാധ്യമങ്ങളില്‍ക്കൂടി കരുതിക്കൂട്ടി നുണപ്രചരണം നടത്തുക, തെറ്റായ ആരോപണം പ്രചരിപ്പിക്കുക, വ്യക്തിഹത്യ നടത്തുക, വ്യക്തികളുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുക, ഒരു വ്യക്തിയുടെ വിവരങ്ങള്‍ ചോര്‍ത്തി അയാള്‍ക്കെതിരെ ഉപയോഗിക്കുക തുടങ്ങിയവ സൈബര്‍ സ്റ്റാകിങ് എന്ന സൈബര്‍ കുറ്റകൃത്യത്തില്‍പ്പെടുന്നു. തനിക്ക് തീര്‍ത്തും അപ്രാപ്യമായ ഒരു വ്യക്തിയെ തന്റെ വരുതിയില്‍ നിര്‍ത്താനുള്ള വാഞ്ഛ, അസൂയ, തന്റെ പരാജയത്തിലുള്ള ഇച്ഛാഭംഗം, അന്യന്റെ വേദനയിലുള്ള ആനന്ദം ഇവയെല്ലാമാണ് ഈ കുറ്റകൃത്യത്തിനു പ്രേരകങ്ങള്‍.

സൈബര്‍ ട്രോളുകള്‍
മിക്ക സൈബര്‍ ട്രോളുകളും താരതമ്യേന നിരുപദ്രവകരവും നര്‍മ്മം, ആക്ഷേപഹാസ്യം തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്നവയുമാണ്. എന്നാല്‍, മനപ്പൂര്‍വ്വം തെറ്റായതും സമൂഹത്തില്‍ തെറ്റി ധാരണയും വംശീയ വിദ്വേഷം ജനിപ്പിക്കുന്നതുമായ ട്രോളുകള്‍ സൈബര്‍ കുറ്റകൃത്യമായാണ് പരിഗണിക്കുന്നത്. 

സൈബര്‍ ബുള്ളിയിംഗ് 
ഒരാളെ മാനസികമായും സാമൂഹികമായും തളര്‍ത്തുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ സമൂഹ മാധ്യമങ്ങളില്‍ക്കൂടി അപകീര്‍ത്തിപരമായ പ്രസ്താവനകള്‍, വാര്‍ത്തകള്‍, ചിത്രങ്ങള്‍ മുതലായവ പടച്ചുവിടുന്നതിനെയാണ് സൈബര്‍ ബുള്ളിയിംഗ് എന്നു വിളിക്കുന്നത്. മറ്റുള്ളവരുടെ വേദനയില്‍ സന്തോഷം കണ്ടെത്തുന്നവരാണ് ഇത് ചെയ്യുന്നത്.കൗമാരക്കാരുടെ ഇടയിലാണ് ഇത് കൂടുതല്‍. തങ്ങളുടെ ഇരയെ മാനസികമായി നിലംപരിശാക്കുക എന്ന ഉദ്ദേശ്യത്തോടെ അവര്‍ക്കെതിരെ ദുഷ്പ്രചരണം നടത്തുക, അവരുടെ കുറവുകളെ ഊതിപ്പെരുപ്പിച്ച് ആക്ഷേപിക്കുകയും തദ്വാരാ അവരുടെ ആത്മവിശ്വാസം നശിപ്പിക്കുകയും ചെയ്യുക. ഒരു ചാനല്‍ ചര്‍ച്ചയില്‍ കാണികളില്‍ ഇരുന്ന് ഒരു പെണ്‍കുട്ടി വളരെ ആവേശത്തോടെ പറഞ്ഞു: 'സര്‍ മാനഭംഗം നടത്തുന്ന ആളുകളെ ജനകീയവിചാരണ ചെയ്തു കൊന്നു കളയണമെന്നാണ് എന്റെ അഭിപ്രായം. അവിടെ സന്നിഹിതനായിരുന്ന പൊലീസ് കഏ ഇതിന് കൃത്യമായി മറുപടി കൊടുക്കുന്നു. കുട്ടി ഇപ്പോള്‍ പറഞ്ഞ അതേ മനോഭാവം തന്നെയാണ് അപകടം. തെറ്റു ചെയ്തു എന്നു നമ്മള്‍ കരുതുന്ന ഒരാളെ പച്ചയ്ക്ക് കത്തിക്കാനുള്ള മനോഭാവം തന്നെയാണ് ആള്‍ക്കൂട്ടക്കൊലപാതകത്തിലേക്ക് എത്തുന്നത്. ഓരോ മണിക്കൂറും ലോകത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് ആരെങ്കിലുമൊക്കെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു. ഡോ. സിംബാര്‍ഡോയുടെ വാക്കുകളില്‍ ക്രൂരത ചെയ്യാന്‍ നിങ്ങള്‍ക്ക് കൃത്യമായ എന്തെങ്കിലുമൊരു ഉദ്ദേശ്യം വേണമെന്നില്ല, അതിനു യോജിച്ച ഒരു അവസരം ലഭിച്ചാല്‍ മതി. ഓരോ മണിക്കൂറിലും ആരെങ്കിലുമൊക്കെ സമൂഹമാധ്യങ്ങളില്‍ വിചാരണ ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com