ഘാനയില്‍നിന്നു ഗാന്ധി കുടിയിറക്കപ്പെടുമ്പോള്‍: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

രണ്ടു വര്‍ഷം മുന്‍പാണ് ഘാനയുടെ തലസ്ഥാനമായ അക്രയില്‍ സ്ഥിതിചെയ്യുന്ന യൂണിവേഴ്സിറ്റി ഓഫ് ഘാനയുടെ വളപ്പില്‍ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത്.
ഘാനയില്‍നിന്നു ഗാന്ധി കുടിയിറക്കപ്പെടുമ്പോള്‍: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

ണ്ടു വര്‍ഷം മുന്‍പാണ് ഘാനയുടെ തലസ്ഥാനമായ അക്രയില്‍ സ്ഥിതിചെയ്യുന്ന യൂണിവേഴ്സിറ്റി ഓഫ് ഘാനയുടെ വളപ്പില്‍ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത്. അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയായിരുന്നു ആ കര്‍മ്മം നിര്‍വ്വഹിച്ചത്. അന്നുതന്നെ ഗാന്ധിയുടെ പ്രതിമയ്‌ക്കെതിരെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്ത് വരുകയുണ്ടായി. കറുത്തവരായ ആഫ്രിക്കക്കാരെ ഇന്ത്യക്കാരെക്കാള്‍ താഴ്ന്നപടിയില്‍ നില്‍ക്കുന്ന ജനതയായി വീക്ഷിച്ച വംശീയവാദിയായിരുന്നു ഗാന്ധി എന്ന് ആരോപിച്ചാണ് അന്ന് ഘാനയിലെ വിദ്യാര്‍ത്ഥി-അധ്യാപക സമൂഹം അദ്ദേഹത്തിന്റെ പ്രതിമയ്‌ക്കെതിരെ പ്രതിഷേധവുമായി കളത്തിലിറങ്ങിയത്.

പ്രതിഷേധം ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നു. 2018 ഡിസംബര്‍ 12-ന് ഘാന സര്‍വ്വകലാശാലയുടെ ലെഗൊന്‍ കാമ്പസില്‍നിന്നു ഗാന്ധി പ്രതിമ നീക്കം ചെയ്യപ്പെട്ടു. ആഫ്രിക്കന്‍ ജനതയുടെ ആത്മാഭിമാനത്തെ അപഹസിക്കുന്ന ചിഹ്നങ്ങള്‍ അരുത് എന്ന മുദ്രാവാക്യമത്രെ ഗാന്ധിപ്രതിമാ വിരോധികള്‍ മുഴക്കിയിരുന്നത്. കറുത്തവരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനാണ് തങ്ങള്‍ രംഗത്തിറങ്ങിയതെന്നു പ്രക്ഷോഭകര്‍ അന്ന് അവകാശപ്പെടുകയുണ്ടായി.
ഘാന സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആരോപിക്കുന്നതുപോലെ ഗാന്ധി വംശീയവാദിയായിരുന്നോ? 1894 തൊട്ട് 1914 വരെ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി അഭിഭാഷകവൃത്തിയിലേര്‍പ്പെട്ട് ജീവിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. ആ കാലയളവില്‍ അദ്ദേഹം ആഫ്രിക്കയിലെ 'കാപ്പിരി'കള്‍ക്ക് നേരെ വംശീയ വിവേചനം പ്രകടിപ്പിച്ചിരുന്നതായി ഒന്നിലേറെപ്പേര്‍ എഴുതിയിട്ടുണ്ട്. 2014-ല്‍ പുറത്തുവന്ന അരുന്ധതി റോയിയുടെ 'ദ ഡോക്ടര്‍ ആന്‍ഡ് ദ സെയ്ന്റ്' എന്ന പ്രബന്ധം അക്കൂട്ടത്തില്‍പ്പെടുന്നു. അംബേദ്കറുടെ 'ജാതിനിര്‍മ്മൂലനം' എന്ന കൃതിയുടെ പുതിയ പതിപ്പിനെഴുതിയ ആമുഖമത്രേ ആ ദീര്‍ഘപ്രബന്ധം. ഗാന്ധിയില്‍ വംശീയ ദുരഭിമാനം മുഴച്ചുനിന്നതായി റോയ് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഗാന്ധിയുടെ വംശീയ മനോഭാവം
അരുന്ധതിക്കു മുന്‍പ് വേറെ ചില എഴുത്തുകാരും ഗാന്ധിയുടെ വംശീയ മനോഭാവത്തിലേക്ക് ശ്രദ്ധ ചെല്ലിച്ചത് കാണാം. 'ഗാന്ധി ഇന്‍ സൗത്ത് ആഫ്രിക്ക' എന്ന പ്രബന്ധം രചിച്ച പോള്‍ എഫ്. പവറും 'എം.കെ. ഗാന്ധി: സം എക്‌സ്‌പെരിമെന്റ്‌സ് വിത്ത് ട്രൂത്ത്' എന്ന പ്രബന്ധമെഴുതിയ ജെ.എച്ച്. സ്റ്റോണും ഉദാഹരണങ്ങളാണ്. തന്റെ ദക്ഷിണാഫ്രിക്കാ നാളുകളില്‍ ഗാന്ധി ആഫ്രിക്കന്‍ ജനതയെ വംശീയതലത്തില്‍ അപകൃഷ്ടരായി കാണുംവിധം പെരുമാറുകയുണ്ടായെന്ന വിമര്‍ശനം അവര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തെക്കുറിച്ച് പഠനം നടത്തിയ നഗിന്‍ദാസ് സാംഗ്വി, അശ്വിന്‍ ദേശായ്, ഗൂലം വഹെദ് എന്നിവരും അദ്ദേഹം മഹാത്മാവ് എന്നതിലേറെ വംശീയവികാരം പോലുള്ള ദൗര്‍ബ്ബല്യങ്ങള്‍ക്ക് ചിലപ്പോഴെങ്കിലും കീഴ്പെട്ട വ്യക്തി എന്ന നിലയിലാണ് വിലയിരുത്തിയിട്ടുള്ളത്.

നേരത്തേ ത്രിപുര യൂണിവേഴ്സിറ്റിയില്‍ ചരിത്രാധ്യാപകനും ഇപ്പോള്‍ ഡല്‍ഹിയിലെ സി.എസ്.ഡി.എസ്സില്‍ അസോഷ്യേറ്റ് പ്രൊഫസറുമായ നിഷികാന്ത് കോല്‍ഗെ, ഗാന്ധിയില്‍ ആരോപിക്കപ്പെടുന്ന വംശീയ സങ്കുചിതത്വത്തെ അല്പം വിമര്‍ശനാത്മകമായി സമീപിക്കുന്ന ഒരു ലേഖനം രണ്ടുകൊല്ലം മുന്‍പ് എഴുതുകയുണ്ടായി. 2016 ജനുവരി 30-ലെ 'ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലി'യില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആ ലേഖനത്തില്‍ ഗാന്ധിജി തന്റെ ദക്ഷിണാഫ്രിക്കന്‍ കാലത്ത് എഴുതിയ ചില കുറിപ്പുകളില്‍ വംശീയ മനോഭാവം കടന്നുവരുന്നതായി കോല്‍ഗെ നിരീക്ഷിക്കുന്നു. ലേഖകന്‍ ചൂണ്ടിക്കാട്ടുന്ന ഏതാനും ഉദാഹരണങ്ങള്‍ ശ്രദ്ധിക്കാം:

1896-ല്‍ ഗാന്ധി എഴുതി: ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ തരംതാഴ്ത്തുക എന്ന ഉദ്ദേശ്യത്തോടെ ബ്രിട്ടീഷ് ഭരണാധികാരികള്‍ കൊണ്ടുവന്ന നിയമത്തില്‍ നമ്മെ ആ രാജ്യത്തെ കാപ്പിരിവംശക്കാരോട് സമാനമായി പരിഗണിക്കുന്നു. അതേ വര്‍ഷം അദ്ദേഹം വീണ്ടും എഴുതി: നമ്മെ കാപ്പിരികളെപ്പോലുള്ള ജനതയായി വീക്ഷിക്കാന്‍ യൂറോപ്യന്മാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയുള്ള നിരന്തര പോരാട്ടമാണ് നമ്മുടേത്. ഭാര്യയെ ലഭിക്കാന്‍ ഏതാനും മൃഗങ്ങളെ സ്വന്തമാക്കുകയും പിന്നീട് അലസതയിലും നഗ്‌നതയിലും മുഴുകുകയും ചെയ്യുന്നവരാണ് കാപ്പിരികള്‍. 1899-ല്‍ അദ്ദേഹം കുറിച്ചതിങ്ങനെ: ''കാപ്പിരികളെക്കാള്‍ ഏത് നിലയ്ക്കും ഏറെ മുകളില്‍ നില്‍ക്കുന്നവരാണ്  ഇന്ത്യാക്കാരായ നാം. പക്ഷേ, യൂറോപ്യന്മാരുടെ നിയമം നമ്മെ കാപ്പിരികളുടെ വിതാനത്തിലേക്ക് തരം താഴ്ത്തും.

ലണ്ടന്‍ ഉടമ്പടിയിലെ 14-ാം വകുപ്പിനു വിരുദ്ധമായി നമ്മെ തദ്ദേശവാസികളായ കറുത്തവര്‍ക്ക് തുല്യരായി കാണുന്ന നിയമം ട്രാന്‍സ്വാള്‍ ഭരണകൂടം നടപ്പാക്കിയിരിക്കുന്നു എന്ന് 1902-ല്‍ എഴുതിയ ഗാന്ധി 1905-ല്‍ ഇപ്രകാരം കുറിച്ചു: ''പ്ലേഗ് ആശുപത്രിയില്‍ ഇന്ത്യക്കാരേയും കാപ്പിരികളേയും ഒരേപോലെ കാണുമെന്നും ഒരുമിച്ച് താമസിപ്പിക്കുമെന്നും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1906-ല്‍ അദ്ദേഹം എഴുതി: ''ഇന്ത്യാക്കാരേയും കാപ്പിരികളേയും ഒരേ നിലയില്‍ വീക്ഷിക്കുന്നത് കടുത്ത അനീതിയാണ്. 1907-ല്‍ അദ്ദേഹം രേഖപ്പെടുത്തിയതിങ്ങനെ: ''കാപ്പിരികള്‍ പൊതുവെ അപരിഷ്‌കൃതരാണ്. കുറ്റവാളികളായ കാപ്പിരികള്‍ കൂടുതല്‍ അപരിഷ്‌കൃതരത്രേ. അവര്‍ കുഴപ്പക്കാരും വൃത്തിഹീനരും മൃഗതുല്യജീവിതം നയിക്കുന്നവരുമാണ്.
മുകളില്‍ കൊടുത്ത കുറിപ്പുകള്‍ക്ക് പുറമെ ഗാന്ധിയുടെ ചില നടപടികളും അദ്ദേഹത്തില്‍ വംശീയവാദി മുദ്രചാര്‍ത്താന്‍ ഇടനല്‍കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ജയിലുകളില്‍ ഇന്ത്യാക്കാരായ തടവുകാര്‍ക്ക് തദ്ദേശീയരുടേതില്‍നിന്നു വ്യത്യസ്തമായ ഭക്ഷണവും പ്രത്യേക വിസര്‍ജ്ജന സൗകര്യങ്ങളും നല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം അവയിലൊന്നാണ്. പ്രസ്തുത ആവശ്യം അദ്ദേഹത്തിന്റെ വംശീയാഹങ്കാരത്തിനുള്ള തെളിവായി വീക്ഷിക്കുന്നത് ശരിയല്ലെന്ന പക്ഷക്കാരനാണ് നിഷികാന്ത് കോല്‍ഗെ. തദ്ദേശീയര്‍ക്കും യൂറോപ്യര്‍ക്കും അവരവരുടെ രുചിക്കും ശീലങ്ങള്‍ക്കുമനുസരിച്ചുള്ള ഭക്ഷണം ജയിലുകളില്‍ നല്‍കിപ്പോന്നപ്പോള്‍ ഇന്ത്യക്കാരായ തടവുകാര്‍ക്ക് നല്‍കപ്പെട്ടത് തദ്ദേശീയര്‍ക്ക് നല്‍കപ്പെട്ട ഭക്ഷണമായിരുന്നു. തങ്ങള്‍ ശീലിക്കാത്ത ഭക്ഷണത്തിനു പകരം തങ്ങള്‍ ശീലിച്ച ഭക്ഷണം ഇന്ത്യക്കാര്‍ക്ക് നല്‍കണമെന്ന ആവശ്യത്തില്‍ വംശീയത ആരോപിക്കുന്നത് നീതീകരിക്കത്തക്കതല്ലെന്നു ലേഖകന്‍ നിരീക്ഷിക്കുന്നു.
ഇന്ത്യന്‍ തടവുകാര്‍ക്ക് പ്രത്യേകമായി മലമൂത്രവിസര്‍ജ്ജന സൗകര്യം (ടോയ്ലറ്റ്) ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിനു പിന്നിലും വംശീയതയല്ല പ്രവര്‍ത്തിച്ചത് എന്നത്രേ ലേഖകന്‍ അഭിപ്രായപ്പെടുന്നത്. തടവില്‍ കഴിയുന്ന തദ്ദേശീയര്‍ ടോയ്ലറ്റില്‍ പോകുന്ന ഇന്ത്യക്കാരെ അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. അതില്‍നിന്നു ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനം ലഭിക്കണമെങ്കില്‍ അവര്‍ക്ക് പ്രത്യേക ടോയ്ലെറ്റ് സൗകര്യം ഉണ്ടാവണമെന്നതിനാലാണ്  അത്തരമൊരു നിര്‍ദ്ദേശം ഗാന്ധി മുന്നോട്ടുവെച്ചത്. ഇന്ത്യന്‍ വംശജര്‍ക്ക് പ്രത്യേക ഭക്ഷണമെന്നപോലെ പ്രത്യേക ടോയ്ലറ്റ് സൗകര്യവും സജ്ജീകരിക്കണമെന്ന ആവശ്യങ്ങളുടെ പേരില്‍ ഗാന്ധി കറുത്തവര്‍ഗ്ഗക്കാര്‍ക്ക്  അസ്പൃശ്യത കല്പിച്ചു എന്ന മട്ടില്‍ ആരോപണമുയര്‍ത്തുന്നത്  ന്യായീകരണം അര്‍ഹിക്കുന്നില്ലെന്നു കോല്‍ഗെ വിദീകരിക്കുന്നു.

അതേസമയം ആഫ്രിക്കയിലെ കറുത്ത ജനതയ്ക്കു നേരെ ഗാന്ധിയെപ്പോലുള്ള ഒരാള്‍ സ്വീകരിക്കാന്‍ പാടില്ലാത്ത നിലപാടുകള്‍ ഒരു തലത്തില്‍ അദ്ദേഹം സ്വീകരിച്ചു എന്നത് യാഥാര്‍ത്ഥ്യമാണെന്ന കാര്യം ലേഖകന്‍ കാണാതിരിക്കുന്നില്ല. പക്ഷേ, സന്ദര്‍ഭത്തില്‍ നിര്‍ത്തി പരിശോധിക്കുമ്പോള്‍ ആ നിലപാടുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ചില രാഷ്ട്രീയ ഘടകങ്ങളാണെന്നു കാണാന്‍ സാധിക്കുമെന്ന് കോല്‍ഗെ സൂചിപ്പിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ പൗരാവകാശങ്ങള്‍ക്കുവേണ്ടി  സംസാരിക്കാന്‍ അന്നത്തെ സാഹചര്യങ്ങളില്‍ അത്തരം സമീപനവും നിലപാടും ആവശ്യമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ആ വാദം അത്ര ശരിയാണോ എന്ന സംശയം പലര്‍ക്കുമുണ്ടാകാം. ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ആഫ്രിക്കയിലെ ദേശീയ ജനവിഭാഗമായ കറുത്തവരെ ഇകഴ്ത്തിക്കാണിക്കുന്നതെന്തിന്? ഒരു വലിയ പരിധിവരെ ഗാന്ധിയില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട നെല്‍സണ്‍ മണ്ടേല ഇവ്വിഷയകമായി പ്രകടിപ്പിച്ച അഭിപ്രായത്തില്‍ ഈ ചോദ്യത്തിനുള്ള മറുപടി അടങ്ങിയിട്ടുണ്ട്. മണ്ടേല പറയുകയുണ്ടായി: ''അദ്ദേഹം (ഗാന്ധി) ആഫ്രിക്കയിലെ ദേശവാസികളോടല്ല, മറിച്ച് കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന ദേശവാസികളോടാണ് പ്രതികരിച്ചത്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ''ഗാന്ധി പ്രകടിപ്പിച്ച മുന്‍വിധികള്‍ ക്ഷമിക്കപ്പെടേണ്ടവയാണ്. അവ പ്രകടിപ്പിക്കപ്പെട്ട കാലവും സാഹചര്യങ്ങളും കണക്കിലെടുത്തുവേണം അവയെ വിലയിരുത്താന്‍.''

നെല്‍സണ്‍ മണ്ടേല ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ പോരാളിയും നേതാവുമാണ്. 1994-1999 കാലത്ത് അദ്ദേഹം ആ രാജ്യത്തിന്റെ പ്രസിഡന്റുമായിരുന്നു. പക്ഷേ, ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലൊന്നായ ഘാനയിലെ ജനങ്ങള്‍ മണ്ടേലയുടെ വീക്ഷണത്തോടൊപ്പം നില്‍ക്കുന്നില്ല. അതിന്റെ തെളിവും ഫലശ്രുതിയുമത്രേ ഘാന സര്‍വ്വകലാശാലാ വളപ്പില്‍നിന്നുള്ള ഗാന്ധി പ്രതിമയുടെ നിഷ്‌കാസനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com