അലയടിച്ചുയര്‍ന്ന ആ കണ്ണുകള്‍: പ്രിയ പ്രകാശ് വാര്യറെക്കുറിച്ച്

അലയടിച്ചുയര്‍ന്ന ആ കണ്ണുകള്‍: പ്രിയ പ്രകാശ് വാര്യറെക്കുറിച്ച്

ഒരു ദിനംകൊണ്ട് 6,06,000 ഫോളോവേഴ്സെന്ന റെക്കോഡും സ്വന്തമാക്കിയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ ജൈത്രയാത്ര ആരംഭിച്ചത്. ഇപ്പോള്‍ 6.2 ദശലക്ഷം ഫോളോവേഴ്സുണ്ട്.

ന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആര്‍ക്കും പ്രിയ വാര്യരെ പരിചയപ്പെടുത്തേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല, വിശേഷിച്ച് യുവതലമുറയ്ക്ക്. ഒരൊറ്റ രാത്രി ഇരുട്ടിവെളുക്കും മുന്‍പേ ആ വീഡിയോ വൈറലായി. നിരവധിപേര്‍ അവരുടെ കണ്ണിറുക്കലില്‍ നിലംപരിശായി. അഭിനന്ദന പ്രവാഹത്തിനിടെ, നൊടിയിടെ ഇന്റര്‍നെറ്റില്‍ സെലിബ്രിറ്റിപ്പട്ടം നേടിയ ഇന്ത്യക്കാരിയെന്ന വിശേഷണവും സ്വന്തമാക്കി. ഒരു ദിനംകൊണ്ട് 6,06,000 ഫോളോവേഴ്സെന്ന റെക്കോഡും സ്വന്തമാക്കിയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ ജൈത്രയാത്ര ആരംഭിച്ചത്. ഇപ്പോള്‍ 6.2 ദശലക്ഷം ഫോളോവേഴ്സുണ്ട്.

ഇത്രയേറെ പ്രശസ്തി എന്തെങ്കിലും വിവാദങ്ങളില്ലാതെ എങ്ങനെ പൂര്‍ണ്ണമാകാനാണ്? നാലു പതിറ്റാണ്ടായി കേരളത്തിന്റെ ഫോക്ലോര്‍ ഗാനശാഖയുടെ ഭാഗമായ 'മാണിക്യ മലരായ പൂവി' എന്ന ഗാനം സിനിമയില്‍ ചിത്രീകരിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവുമായി ഇസ്ലാമിക നേതാക്കന്മാര്‍ രംഗത്തെത്തി. പ്രവാചകന്‍ മുഹമ്മദ് നബിയുടേയും ഭാര്യ ഖദീജയുടേയും പ്രണയം വിവരിക്കുന്ന പാട്ടില്‍ ഇസ്ലാമിക വിശ്വാസമനുസരിച്ചു കണ്ണിറുക്കല്‍ രംഗം അനുചിതമായെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു. പ്രിയയുടെ കണ്ണിറുക്കലിലൂടെ തങ്ങളുടെ മതത്തെ അപമാനിച്ചെന്ന ആക്ഷേപവുമായി പ്രിയയ്ക്കും സിനിമാ

നിര്‍മ്മാണക്കാര്‍ക്കുമെതിരെ രണ്ട് ക്രിമിനല്‍ക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഒടുവില്‍, സുപ്രീംകോടതി ഈ കേസ് തള്ളിക്കളഞ്ഞു. ഒരു പാട്ടിന്റെ പേരില്‍, മറ്റു പണികള്‍ ഇല്ലാത്തതുകൊണ്ടാണോ കേസുമായി വന്നതെന്ന നിശിതമായ വിമര്‍ശനത്തോടെയാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസ് തള്ളിയത്.
തൊണ്ണൂറുക്കള്‍ക്കുശേഷം ജനിച്ച, അതായത് ആധുനിക ഇന്റര്‍നെറ്റ് ലോകത്തിന്റെ പടിവാതിലില്‍ ജനിച്ചുവീണ, ഇന്ത്യക്കാരില്‍ ഒരുപക്ഷേ, ഏറ്റവും പോപ്പുലറായ വ്യക്തി പ്രിയ വാര്യരാവും. 2018-ല്‍ ഗൂഗിള്‍ ഇന്ത്യ പുറത്തിറക്കിയ വാര്‍ഷിക റാങ്കിങ് മാത്രം മതി അതിനു തെളിവ്. ആ റിപ്പോര്‍ട്ട് പ്രകാരം, പോയ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത് പ്രിയയുടെ പേരാണ്.

തൃശൂരാണ് പ്രിയയുടെ വീട്. അച്ഛന്‍ പ്രകാശ് വാര്യരാണ് പ്രിയയുടെ രക്ഷകര്‍ത്താവും മീഡിയ മനേജരും. ഒരു അഭിമുഖം കിട്ടാന്‍ എളുപ്പമല്ലായിരുന്നു. ഏതാണ്ട് മൂന്നു ദിവസം തൃശൂര്‍ ഇരുന്നു നെറ്റ്വര്‍ക്ക് ചെയ്തതിന്റെ ഫലമായാണ് അവസാനം പ്രകാശ് സമ്മതം മൂളിയത്, അതും സിനിമാ താരമായ പ്രാദേശിക എം.പിയുടേതടക്കം പ്രശസ്തരായ നിരവധി പേരുടെ ശുപാര്‍ശയ്ക്കു ശേഷം. 

കൊമ്പന്‍മീശക്കാരന്‍ അച്ഛന്‍ പ്രകാശ് വാര്യര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനാണ്. അഭിമുഖങ്ങള്‍ പരമാവധി ഫോണിലൂടെയാക്കാനും അവയുടെ എണ്ണം പരമാവധി കുറക്കാനുമാണ് അദ്ദേഹത്തിന്റെ താല്പര്യം. അഭിമുഖത്തിനായി വീടിനു പുറത്തുകൊണ്ടുപോകാന്‍ ആരേയും പെട്ടെന്നൊന്നും അദ്ദേഹം അനുവദിക്കില്ല, സെല്‍ഫിയെടുക്കാനെന്ന പേരില്‍ അതിക്രമം കാണിക്കുന്ന ജനക്കൂട്ടത്തെയാണ് പേടി. 

ഒടുവില്‍, ഒരു ഞായറാഴ്ച നേരിട്ട് കണ്ടപ്പോള്‍ പ്രകാശിനോട് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം കിട്ടാന്‍പോലും ഇത്രയും ബുദ്ധിമുട്ടേണ്ടിവന്നിട്ടില്ല എന്നു പറഞ്ഞു. ഉരുളയ്ക്കുപ്പേരി ഉടനെത്തി: ''മുഖ്യമന്ത്രിക്ക് കരിംപൂച്ചകളുടെ സുരക്ഷിതത്വമുണ്ട്. എന്റെ മകളെ സംരക്ഷിക്കാന്‍ ഞാന്‍ മാത്രമേ ഉള്ളൂ.'' ഈയടുത്ത് കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ ഓടിക്കൊണ്ടിരുന്ന കാറില്‍ ഒരു നടിയെ അപമാനിക്കാന്‍ ശ്രമമുണ്ടായത് ഓര്‍മ്മയില്‍ വന്നു. 

പ്രകാശ് തുടര്‍ന്നു: ഈ ആഴ്ച കൂടുതല്‍ തിരക്കേറിയതായിരുന്നു. കണ്ണിറുക്കുക പോയിട്ട് മിക്കവാറും പ്രവൃത്തിദിനങ്ങളില്‍ ഒരുപോള കണ്ണടയ്ക്കാന്‍പോലും പ്രിയയ്ക്കായിക്കാണില്ല. ആഴ്ചയുടെ ഭൂരിഭാഗം ദിവസങ്ങള്‍ ഒരു ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലായിരുന്നു. കേരളത്തില്‍ തിരിച്ചെത്തിയശേഷം യാത്രാക്ഷീണംപോലും മാറ്റാതെ മസ്‌കറ്റില്‍ പോകാനൊരുങ്ങുന്ന ഒരു സുഹൃത്തിനെ യാത്രയാക്കാന്‍ കരിപ്പൂരിലേയ്ക്ക് പുറപ്പെട്ടു. ആ വ്യാഴാഴ്ചയോടെ ഗൂഗിള്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു, തുടര്‍ന്ന് അഭിമുഖം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ നിരവധി വിളികള്‍. അങ്ങോട്ടുമിങ്ങോട്ടുമുള്ള പറന്നുനടക്കലുകള്‍ക്കിടെ വീട്ടുകാരുടെ ആഗ്രഹംപോലെ തന്റെ കൊമേഴ്സ് ബിരുദപഠനവും പ്രിയയ്ക്ക് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. അതിനാല്‍ ഈ തിരക്കിനിടെ തൃശൂര്‍ വിമല കോളേജില്‍ സാധാരണ കോളേജ് കുമാരിയായും പ്രിയയെത്തും.
''വിദ്യാഭ്യാസം സിനിമാ ജീവിതവുമായി കൂട്ടിയിടിച്ച് ഇല്ലാതാകരുത്. നീ പ്ലസ്ടു വരെയല്ലേ പഠിച്ചുള്ളൂ എന്ന് എന്റെ മകളെ നോക്കി പിന്നീടുള്ള കാലത്ത് ആരും പറയരുതെന്നാണ് ആഗ്രഹം'' -പ്രകാശ് പറഞ്ഞു.

I wondered who would find a woman less well rounded because she did not finish college and chose to pursue a full time film career. വെര്‍ച്ച്വല്‍ ലോകത്തു റാണിയായാലും യഥാര്‍ത്ഥ ജീവിതത്തില്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ അത്രയെളുപ്പമല്ല തന്നെ.
നഗരഹൃദയത്തോട് ചേര്‍ന്നാണ് പ്രിയയുടെ വീട്. രണ്ടു ബെഡ്റൂം ഫ്‌ലാറ്റില്‍ ചുമരില്‍ വലിയ ഫ്‌ലാറ്റ് സ്‌ക്രീന്‍ ടിവിയൊക്കെയായി ഏതൊരു മധ്യവര്‍ഗ്ഗ കുടുംബത്തിലും കാണുന്നതുപോലെയുള്ള സാധാരണ അന്തരീക്ഷം. സ്‌നാക്‌സ് മുതല്‍ ഷോപ്പിംഗ് മാള്‍ വരെയുള്ള സകലതിന്റേയും പ്രൊമോഷന് ലക്ഷങ്ങള്‍ വാങ്ങുന്നുവെന്നു പറയപ്പെടുന്ന ഒന്നാംനിര താരത്തിന് അതിതുവരെ ഒരുപക്ഷേ, ചെലവാക്കാന്‍ സാധിച്ചിട്ടില്ലാത്തതുപോലെ. 

അഭിമുഖം അരമണിക്കൂറില്‍ കൂടുതല്‍ നീണ്ടുപോകരുതെന്ന് അച്ഛന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. പ്രിയയ്ക്ക് നഗരത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകാനുണ്ട്. അമ്മയും മറ്റൊരു സ്ത്രീയും അടുക്കളയില്‍ത്തന്നെ നിന്നു. ഉയരംകൂടിയ, ഉല്ലാസവാനായ മുത്തച്ഛന്‍ വാതില്‍ കടന്നുവന്നു സ്വയം പരിചയപ്പെടുത്തി. പ്രിയ ഫോട്ടോ ഷൂട്ടിന് ഉതകുന്ന തരത്തില്‍ പര്‍പ്പിള്‍ നിറമുള്ള വസ്ത്രവും ചേരുന്ന മേയ്ക്കപ്പുമിട്ട് കിടപ്പുമുറികളിലൊന്നില്‍നിന്നും പുറത്തുവന്നു. ഞങ്ങള്‍ക്ക് അഭിമുഖമായ കസേരയില്‍, ഉയരം കൂടിയ തോള്‍ കുനിച്ച് അല്പം മുന്നോട്ടാഞ്ഞ് ഇരുന്നു. ക്ഷീണം പ്രകടമായിരുന്നു. ഇങ്ങനെയാണെങ്കില്‍ പടങ്ങള്‍ നന്നാകുമോ എന്നു പേടിച്ചിരുന്നതായി എന്റെ കൂടെ വന്ന ഫോട്ടോഗ്രാഫര്‍ എന്നോട് പിന്നീട് പറഞ്ഞു.
പക്ഷേ, സംസാരം തുടങ്ങിയതോടെ ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റുപോലെ വീശിയടിച്ച ആ 19-കാരിയായി ഞങ്ങളുടെ മുന്നിലേയ്ക്ക് തിരിച്ചുവന്നിരുന്നു. പോയ വര്‍ഷം പ്രിയ കടന്നുപോയ അത്ഭുതലോകത്തെ കഥകള്‍ വിവരിക്കുമ്പോള്‍ അവരുടെ വലിയ കണ്ണുകള്‍ തിളങ്ങി. 
''ഞാനിത് ആസ്വദിക്കുന്നു'' പ്രിയ പറഞ്ഞു. 
''ആ പാട്ടു റിലീസായതാണ് ഈ വര്‍ഷത്തെ ഏറ്റവും നല്ല കാര്യം. അതിനുശേഷമാണ്, ഞാന്‍ വര്‍ക്ക് ചെയ്തു തുടങ്ങിയത്. അതാണ് അടുത്ത നല്ല കാര്യം. ഈ പ്രായത്തില്‍ ഒരു അഭിനേതാവ് ആകണമെന്നു ഞാന്‍ എക്കാലവും ആഗ്രഹിച്ചിരുന്നു.''

''പിന്നെ, വര്‍ക്ക് ഇല്ലാത്തപ്പോള്‍ ഞാന്‍ കോളേജില്‍ പോകും'' -പ്രിയ കൂട്ടിച്ചേര്‍ത്തു. ജീവിതം മാറിയിരിക്കുന്നു, എന്നാല്‍, പലതും പഴയപോലെ തന്നെ.
''ഞങ്ങള്‍ മധ്യവര്‍ഗ്ഗ കുടുംബത്തിലുള്ളവരാണ്. ആ കുടുംബ പശ്ചാത്തലത്തിലാണ് എന്റെ എല്ലാ ചിന്തകളും. ഇപ്പോഴും സാദാ ബസിലാണ് ഞാന്‍ കോളേജില്‍ പോകുന്നത്. പ്രശസ്തിയായി തുടങ്ങിയ സമയത്ത് തനിയെ പുറത്തുവിടാന്‍ മാതാപിതാക്കള്‍ ഭയന്നിരുന്നു. പക്ഷേ, എനിക്ക് പുറത്തു കറങ്ങാന്‍ ഇഷ്ടമാണ്, എനിക്കതു വേണ്ടാന്നു വെയ്ക്കാന്‍ കഴിയില്ല. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലും സെല്‍ഫി എടുക്കട്ടെ എന്നു ചോദിച്ചു വരുന്നതൊക്കെ ചിലപ്പോള്‍ അസ്വസ്ഥപ്പെടുത്താറുണ്ട്. എങ്കിലും, ഞാനവ ആസ്വദിക്കുന്നു.''

ഒന്നിലധികം ഫിലിംഫെയര്‍ അവാര്‍ഡ് ചടങ്ങുകള്‍, സിനിമാ ലോഞ്ചുകള്‍, പരിപാടികളിലെ ക്ഷണം, ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ പ്രമുഖരുമായുള്ള കണ്ടുമുട്ടലുകള്‍ തുടങ്ങി പോയ വര്‍ഷത്തെ പൂവണിഞ്ഞ പല സ്വപ്നങ്ങളെക്കുറിച്ചും പ്രിയ വാചാലയായി. പക്ഷേ, എന്തുകൊണ്ട് താന്‍ വൈറല്‍ എന്നത് ഇപ്പോഴും ഒരു കടംകഥപോലെ തുടരുന്നുവെന്നതും മറച്ചുവെയ്ക്കുന്നില്ല.
''ആ വീഡിയോയിലൊരു പുതുമ ഉണ്ടായിരുന്നിരിക്കാം. ഇന്നത്തെ കാലത്ത് എല്ലാവരും അവരവരുടെ ഫോണുകളിലാണ് ടെക്സ്റ്റിങ്. ഫോണില്‍ സംസാരിക്കുമ്പോഴും ഒരു ഭാവഭേദവുമില്ല. അതുകൊണ്ടായിരിക്കും അത് (കണ്ണിറുക്കല്‍) നിഷ്‌കളങ്കമായി ജനം കരുതിയത്, പുതുമ തോന്നിയത്, ആകര്‍ഷകമായി തോന്നിയത്'' -പ്രിയ പറഞ്ഞു.

പുതുവര്‍ഷത്തില്‍, ബോളിവുഡ് സിനിമയ്ക്ക് പുറമെ പ്രിയ ഓരോ തെലുങ്ക്, തമിഴ് സിനിമകളില്‍ കൂടി അഭിനയിക്കാന്‍ 'യെസ്' പറഞ്ഞിട്ടുണ്ട്. 'ഒരു അഡാര്‍ ലൗ' ഫെബ്രുവരി 14-നു റിലീസാകുമെന്ന പ്രതീക്ഷയിലാണ്. സിനിമാ സ്വപ്നങ്ങള്‍ പരീക്ഷയെ തടസ്സപ്പെടുത്തരുതെന്നു കരുതി സിനിമകളുടെ എണ്ണം മനപ്പൂര്‍വ്വം കുറച്ചതാണെന്ന് അച്ഛന്‍ പ്രകാശ് ഇടയ്ക്കുകയറി പറഞ്ഞു. 
''തീര്‍ച്ചയായും, എനിക്ക് വര്‍ക്ക് തുടരണം. പക്ഷേ, പഠനം തടസ്സപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ മാതാപിതാക്കള്‍ അതു സമ്മതിക്കുകയുമില്ല. ഞാന്‍ ബിരുദം നേടണമെന്നാണ് അവരുടെ ആഗ്രഹം. ഞാനിതു രണ്ടും ബാലന്‍സ് ചെയ്യാനാണ് നോക്കുന്നത്'' -പ്രിയയുടെ നിലപാട് ഇങ്ങനെ.

പ്രശസ്തിയിലേക്കുള്ള പ്രിയയുടെ വളര്‍ച്ച പ്രലോഭിപ്പിക്കുന്നതാണ്. എവിടെയോ ഉണ്ടായിരുന്നയാള്‍ എല്ലായിടവും എത്തിയതുപോലെ. സ്ത്രീത്വവും സ്വാതന്ത്ര്യവും പുനര്‍ നിര്‍ണ്ണയിക്കപ്പെടേണ്ട വ്യക്തിഗത ജീവിതവിജയം. എന്നാല്‍, സ്ത്രീക്ക് അനുകൂലമായ തരത്തില്‍ ഇവിടെയുള്ള സമ്പ്രദായങ്ങള്‍ മാറിയെന്ന് അതിനര്‍ത്ഥമില്ല. മാറിയിട്ടുമില്ല.
20 വയസ്സ് പൂര്‍ത്തിയാകുന്നതിനു മുന്‍പേ ആഗോളപ്രശസ്തി നേടിയ പ്രിയ സ്വജീവിതത്തില്‍ സാമൂഹികമായും സാമ്പത്തികമായും ഒരു വലിയ അളവോളം സ്വാതന്ത്ര്യം നേടിക്കഴിഞ്ഞു. പ്രിയയെപ്പോലെയാകാന്‍ നിരവധിയാളുകള്‍ ആഗ്രഹിക്കുന്നുമുണ്ടാകുമെന്നു തീര്‍ച്ചയാണ്. എന്നിട്ടും പ്രിയയുടെ അത്യുജ്ജ്വലമായ വിജയം സഹപ്രവര്‍ത്തകരായ മറ്റു സ്ത്രീകളുടെ പേടിപ്പെടുത്തുന്നതായ അനുഭവ വൈപരീത്യം കാണാതിരുന്നു കൂടാ. എന്തിന്, പ്രിയ വാര്യര്‍പോലും അത്തരം അനുഭവ പരിസരങ്ങളില്‍നിന്നും പൂര്‍ണ്ണമായി വിടുതല്‍ നേടിയിട്ടില്ല.

പ്രിയയെ വളര്‍ത്തിയ ഇന്റര്‍നെറ്റ് തന്നെ എടുക്കാം. ലോകത്തിന്റെ നെറുകയില്‍ കൊണ്ടെത്തിച്ച് അത് അവരെ തിരിച്ചുകടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അഭിനയിച്ച പാട്ട് വൈറല്‍ ആയതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രിയയെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണങ്ങളും വ്യാപകമായി. വൈറല്‍ ആകുന്നതിനുവേണ്ടി മാര്‍ക്കറ്റിങ് കാട്ടിക്കൂട്ടലുകള്‍ കാണിച്ചെന്നായിരുന്നു ആദ്യ ആരോപണം. പിന്നീട് പ്രിയ ഒരു ധിക്കാരിയും അഹങ്കാരിയും ആണെന്ന തരത്തില്‍ പ്രചാരണമുണ്ടായി. കഴിവില്ലാത്തവളെന്നും എടുത്തുചാട്ടക്കാരിയെന്നും പിന്നീട് ആരോപണമുയര്‍ന്നു. പരമ്പരാഗത രീതിയെക്കാള്‍ മോഡേണ്‍ വസ്ത്രങ്ങളോടുള്ള അഭിരുചിയാണ് പിന്നീട് സൈബര്‍ ആക്രമണങ്ങള്‍ക്കു തുരുമ്പായത്. ലൈംഗികമായ അധിക്ഷേപങ്ങളും മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. യൂട്യൂബില്‍ പ്രിയയെ ലക്ഷ്യമിട്ടു ചിലര്‍ ട്രോള്‍ സാമ്രാജ്യം തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

ഈയിടെ ചെയ്ത രണ്ട് പരസ്യചിത്രങ്ങള്‍ പ്രതീക്ഷിച്ച സ്വീകാര്യത കിട്ടാതെ വരികയും കൂടി ചെയ്തപ്പോള്‍ ട്രോളുകള്‍ക്ക് ആക്കം കൂട്ടി. വര്‍ഷാന്ത്യത്തില്‍, ഒരു 'അഡാര്‍ ലവ്വി'ലെ മറ്റൊരു ഗാനം കൂടി റിലീസ് ആയി. യൂട്യൂബില്‍ അതിനു കിട്ടിയ ലൈക്കുകള്‍ 29000 ആണെങ്കില്‍, ഡിസ് ലൈക്കുകള്‍ രണ്ട് ലക്ഷമാണ്.
''ആദ്യമൊക്കെ മോശം കമന്റുകള്‍ വായിക്കുമ്പോള്‍ ഹൃദയം തകരുമായിരുന്നു. കാരണം, ഇതേ ആളുകളാണ് എന്നെ ഉയരത്തിലെത്തിച്ചത്. അവര്‍ തന്നെ എന്നെ വലിച്ചു താഴെയിടാന്‍ തുടങ്ങി. പിന്നെപ്പിന്നെ ഇതൊക്കെ നമ്മുടെ സിസ്റ്റത്തിന്റെ ഭാഗമാണ് എന്നു മനസ്സിലായി. നിങ്ങള്‍ പ്രശസ്തനാണെങ്കില്‍, പബ്ലിക് ഫിഗര്‍ ആണെങ്കില്‍ ഇതൊക്കെ അനുഭവിച്ചേ പറ്റൂ'' -പ്രിയ പറയുന്നു 

പ്രിയ പഠിക്കുന്ന വനിതകള്‍ക്ക് മാത്രമുള്ള കലാലയമായ വിമലാ കോളേജിലും സ്ഥിതി വ്യത്യസ്തമല്ല. പ്രബലമായ സീറോ മലബാര്‍ സഭയുടെ കീഴില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന കോളേജില്‍ കാനോനിക സംസ്‌കാരവും സദാചാരനിയമങ്ങളും ശക്തമാണ്. എന്നാല്‍, കേരളത്തിലെ ഏറ്റവും സീറ്റ് കിട്ടാന്‍ പാടുള്ള കോളേജുകളില്‍ ഒന്നാണ് വിമല. വിദ്യാഭ്യാസ നിലവാരംപോലെ തന്നെ, സാംസ്‌കാരിക പശ്ചാത്തലവും കോളേജിന്റെ സ്വീകാര്യതയ്ക്ക് പുറകില്‍ ഉണ്ടെന്നു വ്യക്തം. പെണ്‍കുട്ടികളെ ബിരുദ ജീവിതത്തിനിടെ ആണ്‍കുട്ടികളില്‍നിന്ന് അകറ്റി നിര്‍ത്താനും അതുവഴി പ്രണയത്തില്‍ വീഴാതിരിക്കാനുമൊക്കെ കോളേജ് ശ്രദ്ധിക്കാറുണ്ട്. അതായത് പ്രിയ വാര്യര്‍ സിനിമയിലെപ്പോലെ പഠിക്കുന്നിടത്തുവെച്ച് ഒരു ആണ്‍കുട്ടിയെ നോക്കി കണ്ണിറുക്കിയത് യഥാര്‍ത്ഥ ജീവിതത്തിലായിരുന്നെങ്കില്‍ ഒരുപക്ഷേ, അതൊരു ദുരന്തത്തില്‍ കലാശിച്ചേനെ.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതു പോയിട്ട് കോളേജില്‍ കുട്ടികള്‍ക്ക് ഫോണ്‍ തന്നെ കൊണ്ടുവരുന്നതിന് വിലക്കുണ്ട്. കോളേജിലും ഹോസ്റ്റലിലും മൊബൈല്‍ ഉപയോഗിക്കാനും പാടില്ല. എങ്ങാനും കണ്ടുപിടിച്ചാല്‍ തക്ക ശിക്ഷയും കിട്ടും. വിദ്യാര്‍ത്ഥിനികള്‍ ചുരിദാര്‍ അല്ലാതെ ജീന്‍സോ ശരീരത്തില്‍ ഒട്ടിക്കിടക്കുന്ന മറ്റു വസ്ത്രങ്ങളോ ധരിക്കരുത്. കോളേജിന്റെ പ്രവേശന കവാടത്തില്‍ത്തന്നെ 'പ്രവൃത്തിസമയങ്ങളില്‍ വിദ്യാര്‍ത്ഥിനികളെ സന്ദര്‍ശിക്കുന്നത് വിലക്കിയിരിക്കുന്നു' എന്ന് ബോര്‍ഡ് എഴുതിവെച്ചിട്ടുണ്ട്.

കാമ്പസിനകത്താകട്ടെ, വിദ്യാര്‍ത്ഥിനികളുടെ ഓരോ ചലനവും നിരീക്ഷിക്കാന്‍ മുക്കിലും മൂലയിലും നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും വിമലാ കോളേജ് ഊര്‍ജ്ജസ്വലമായ ഒരു സ്ഥലമാണ്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നു പേരുള്ള തൃശൂരിന്റെ പരിച്ഛേദമാണ് വിമല. മിക്കവാറും എല്ലാ ശനിയാഴ്ചകളിലും ഇവിടെ സാംസ്‌കാരിക പരിപാടികള്‍ നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥിനികള്‍ ഇവയിലൊക്കെ സജീവപങ്കാളികളാണ്. ഞാന്‍ കാമ്പസില്‍ പോയ അന്ന് അവിടെ വിദ്യാര്‍ത്ഥിനികള്‍ പ്രശസ്തരായ കവികളുടെ കവിതകള്‍ ഒരു വേദിയില്‍ അവതരിപ്പിക്കുകയായിരുന്നു. സിലബസില്‍ ഉള്ളത് മിക്കവാറും ആണ്‍കവികളായതുകൊണ്ടാവും മികവാറും എല്ലാവരും കള്ളത്താടിയും മീശയും വെച്ച്, മുണ്ടും ഷര്‍ട്ടും ധരിച്ചുമൊക്കെയാണ് പ്രത്യക്ഷപ്പെടുന്നത്.
അതിനിടെ സഹോദരിയുടെ പരിപാടി കാണാനെത്തിയ ഒരാള്‍ അവിടെയുള്ള ഒരു അധ്യാപികയുമായി രസകരമായ ഒരു സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ''കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സമ്മതിക്കാത്തത് സങ്കടകരമാണ്. സഹോദരി യാത്രചെയ്താണ് ഇവിടെയെത്തുന്നത്, വീട്ടില്‍ തിരിച്ചെത്തുന്നതുവരെ അമ്മ ടെന്‍ഷനിലാണ്'' സഹോദരന്‍ പറഞ്ഞു.
''നിങ്ങള്‍ വാര്‍ത്തകളൊന്നും വായിക്കുന്നില്ലേ? മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെയാണ് കുട്ടികളെ നശിപ്പിക്കുന്നതെന്നോ! അതു കയ്യില്‍ കിട്ടിയാല്‍പ്പിന്നെ ആണ്‍കുട്ടികളുമായുള്ള ചാറ്റിങ് തുടങ്ങും'' അധ്യാപികയുടെ മറുപടിയാണ്.

''ടീച്ചറെന്തിനാണ് നെഗറ്റിവ് കാര്യങ്ങള്‍ മാത്രം ആലോചിക്കുന്നത് ?''
''നിങ്ങള്‍ക്കറിയാഞ്ഞിട്ടാണ്, ഒരിക്കല്‍ ഞങ്ങള്‍ ഇവിടെയുള്ള ഹോസ്റ്റലില്‍പ്പോയി നോക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ഒളിച്ചോടാന്‍ റെഡിയായി നില്‍ക്കുകയാണ്. അവള്‍ രഹസ്യമായി ബോയ്ഫ്രണ്ടുമായി ഫോണില്‍ ചാറ്റുന്നുണ്ടായിരുന്നു. നമുക്ക് ഊഹിക്കാനേ പറ്റില്ല ഇവര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്.''
''ഒരു പെണ്‍കുട്ടി ആര്‍ക്കെങ്കിലുമൊപ്പം പോകാന്‍ തീരുമാനിച്ചാല്‍, അവള്‍ പോകില്ലേ?''
''നിങ്ങളുടെ സഹോദരി പോകണമെന്നുണ്ടോ നിങ്ങള്‍ക്ക് ?''
''അതില്ല, പക്ഷേ...''
''നോക്ക്, ഇത് ഓക്‌സിജന്‍ ഒന്നുമല്ലല്ലോ. നിങ്ങള്‍ക്ക് നിങ്ങളുടേതായ ന്യായങ്ങളുണ്ടാകാം. പക്ഷേ, നിങ്ങളുടെ സഹോദരിയുടെ കാര്യത്തില്‍ ഞങ്ങള്‍ ഉത്തരവാദിത്വം എടുക്കണ്ട എന്നാണോ?'' അധ്യാപിക ചോദിച്ചു. പിന്നെ അവര്‍ വിദ്യാര്‍ത്ഥികളെ മോശം പെരുമാറ്റത്തില്‍നിന്നും എങ്ങനെ രക്ഷപ്പെടാം എന്നു ബോധവല്‍ക്കരിക്കുന്ന കോളേജിലെ കൗണ്‍സലിംഗ് ക്ലാസ്സുകളെപ്പറ്റി വിശദമായി സഹോദരനു പറഞ്ഞുകൊടുത്തു. 

''പരിസരത്തെ എല്ലാ കോളേജിലും അച്ചടക്കനിയമങ്ങളുണ്ട്. അത്രയേ ഇവിടെയുമുള്ളൂ. ബാക്കിയൊക്കെ ഊതിപ്പെരുപ്പിച്ച കാര്യങ്ങളാണ്'' കോളേജിന്റെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബീന ജോസ് തന്റെ മുറിയിലിരുന്നു ഊഷ്മളമായ ചിരിയോടെ വ്യക്തമാക്കി. അവരുടെ പിറകില്‍ എല്ലാ നിരീക്ഷണക്ക്യാമറകളിലേയും ദൃശ്യങ്ങള്‍ വലിയ മോണിറ്ററുകളില്‍ നിറഞ്ഞുനിന്നു. 

''ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് പ്രിന്‍സിപ്പല്‍ ചുമതല ഏറ്റെടുത്തത്, അതുകൊണ്ടുതന്നെ പ്രിയയെക്കുറിച്ചു കൂടുതലൊന്നും എനിക്കറിയില്ല.'' പ്രിയയുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കുന്ന അധ്യാപികയെ പ്രിന്‍സിപ്പല്‍ അവിടെ വിളിച്ചുവരുത്തിയിരുന്നു. പിന്നെ ഞങ്ങള്‍ തമ്മിലായി സംസാരം. 
''പ്രിയ നന്നായി പഠിക്കുന്ന കുട്ടിയാണ്. പരീക്ഷകളില്‍ 80-90 ശതമാനം മാര്‍ക്കുണ്ട്. തിരക്കു പിടിച്ച ഷെഡ്യൂളുകളില്‍ വര്‍ക്ക് ചെയ്യുമ്പോഴും പ്രിയ 70 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങുന്നുണ്ട്''  പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത  അധ്യാപിക പറഞ്ഞു. 
''വലിയ പ്രശസ്തിയുള്ള ആളാണെന്ന ഭാവമൊന്നും പ്രിയക്കില്ല. പൊതുവെ ഇവിടെ അത്തരം കാര്യങ്ങള്‍ക്കൊന്നും വലിയ ശ്രദ്ധ കൊടുക്കാറില്ല. കാരണം, മറ്റു കുട്ടികള്‍ക്ക് അവരെ വേണ്ട വിധം പരിഗണിക്കുന്നില്ലെന്നു തോന്നാം. സത്യത്തില്‍, പ്രിയ സിനിമാക്കാര്യങ്ങള്‍ ഒഴിവാക്കി പഠനം തുടരണമെന്നാണ് എന്റെ ആഗ്രഹം'' അവര്‍ പറഞ്ഞു.

ഇതു പിന്നീട് പ്രിയയുമായി പങ്കുവെച്ചപ്പോള്‍, അക്കാര്യങ്ങളെക്കുറിച്ചൊക്കെ ബോധ്യമുണ്ടെന്നു തന്നെയാണ് പ്രിയ മറുപടി നല്‍കിയത്. 
''ആര് എന്തൊക്കെ പറഞ്ഞാലും ചെറുപ്പം മുതലേ എന്തൊക്കെ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ടോ അതൊക്കെ ചെയ്തിട്ടുണ്ട്. സമൂഹം എന്തു വിചാരിക്കുമെന്നൊന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല. പൊതുവെ പെണ്‍കുട്ടികള്‍ എന്തൊക്കെ ചെയ്താലും അതൊക്കെ വിമര്‍ശിക്കുന്ന സ്വഭാവമാണ് സമൂഹത്തിനുള്ളത്. ഈ സമൂഹത്തിന് എന്നെ ഒരിക്കലും അംഗീകരിക്കാനാകില്ല'' പ്രിയ പറഞ്ഞു. 

കോളേജില്‍നിന്നും ഞാന്‍ പുറത്തിറങ്ങുമ്പോള്‍ ഉച്ചയായിരുന്നു. ഉയരമുള്ള കോളേജ് മതിലിന്റെ പ്രധാന പ്രവേശന കവാടത്തിനരികെ കുറേ വിദ്യാര്‍ത്ഥിനികള്‍ കൂട്ടംകൂടിനില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ, ഗേറ്റ് തുറന്നുകൊടുക്കാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ സമ്മതിച്ചില്ല. ഓഫീസില്‍നിന്നും നിര്‍ദ്ദേശം ലഭിക്കാതെ വിദ്യാര്‍ത്ഥിനികളെ ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തുവിടാന്‍ പറ്റില്ലെന്ന് സെക്യൂരിറ്റിക്കാരന്‍. ഞങ്ങളുടെ ബൈക്ക് വന്നപ്പോള്‍ പുള്ളിക്കാരന്‍ ഒന്ന് അന്തിച്ചുനിന്നു, ഗേറ്റ് തുറന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ ഓടിക്കളയാതിരിക്കാനെന്നവണ്ണം ഞങ്ങളുടെ ബൈക്ക് കടന്നു പോകാന്‍ മാത്രം ഗേറ്റ് ഒരല്പം തുറന്നുതന്നു. കവാടം കടന്നുപോകുന്നതിനിടെ കൂട്ടംകൂടി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ രഹസ്യം പറയുന്നുണ്ടായിരുന്നു: ''ഓടിവാ, നമുക്ക് വേഗം ഗേറ്റിനു പുറത്തു കടക്കാം.''
ക്യാമറകള്‍ നോക്കി കണ്ണിറുക്കി കാണിച്ചാല്‍ ഒരുപക്ഷേ, അവര്‍ രക്ഷപ്പെട്ടേക്കാം. 
വാക്കുകള്‍, ചിത്രങ്ങള്‍, കടപ്പാട്-മിന്റ് ദിനപത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com