ഒരു വലിയ മനുഷ്യനെ അറിയുന്നു: യു.കെ. കുമാരന്‍ എഴുതുന്നു (തുടര്‍ച്ച) 

കെ.പി.സി.സി. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ഭാഗമായി മൂന്നു പുസ്തകങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഗാന്ധിജിയുടെ ഇന്ത്യ, നെഹ്റുവിന്റെ സോഷ്യലിസ്റ്റ് സങ്കല്പം, ജനാധിപത്യം ഇന്ത്യയില്‍ എന്നിവയായിരുന്നു അവ.
ഒരു വലിയ മനുഷ്യനെ അറിയുന്നു: യു.കെ. കുമാരന്‍ എഴുതുന്നു (തുടര്‍ച്ച) 

കെ.പി.സി.സി. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ഭാഗമായി മൂന്നു പുസ്തകങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഗാന്ധിജിയുടെ ഇന്ത്യ, നെഹ്റുവിന്റെ സോഷ്യലിസ്റ്റ് സങ്കല്പം, ജനാധിപത്യം ഇന്ത്യയില്‍ എന്നിവയായിരുന്നു അവ. കേരളത്തിലെ ഭൂപരിഷ്‌ക്കരണത്തെ സംബന്ധിച്ചു പുതിയൊരു പുസ്തകം  തയ്യാറായിരുന്നു.  പുസ്തകങ്ങള്‍ പുറത്തിറങ്ങിയപ്പോഴാണ്  പുതിയൊരു പ്രതിസന്ധി ഉണ്ടായത്. പുസ്തകങ്ങള്‍ വായനക്കാരുടെ കൈകളില്‍ എത്തണമല്ലോ. അതിനെന്താണ് വഴി? വീക്ഷണം വാരികയില്‍ പുസ്തകങ്ങളെക്കുറിച്ചുള്ള പരസ്യം വന്നിരുന്നുവെങ്കിലും, അത്രയൊന്നും പ്രതികരണം ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസ്സില്‍ വായനക്കാര്‍ കുറവായതു കൊണ്ടായിരിക്കാം തണുത്ത പ്രതികരണത്തിന് കാരണമെന്നും തോന്നി.  അതുകൊണ്ടു വായനക്കാരെ കണ്ടെത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വായനക്കാരെ  തേടി പോവുകയാണെന്ന് കെ.പി.സി.സി.  പ്രസിഡന്റ് അഭിപ്രായപ്പെട്ടു.  അതിന് അദ്ദേഹം കണ്ടെത്തിയ വഴി കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ നടക്കുന്നിടത്ത് പുസ്തകങ്ങള്‍ എത്തിക്കുക എന്നതായിരുന്നു. സമ്മേളനം നടക്കുന്ന സ്ഥലത്ത് ഒരു സ്റ്റാള്‍ ആരംഭിക്കുക. അവിടെ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുക, ആവശ്യക്കാര്‍ പുസ്തകം തേടി സ്റ്റാളിലേക്കും പുസ്തകങ്ങള്‍ ആവശ്യക്കാരുടെ അടുത്തേക്കും എത്തുമെന്ന് അദ്ദേഹം പറഞ്ഞു.  ഇത് ആദ്യമായി പരീക്ഷിച്ചത് പാലക്കാട്ടായിരുന്നു.
  

 പാലക്കാട് കോണ്‍ഗ്രസ്സിന്റെ വിപുലമായ ഒരു സമ്മേളനം നടക്കുകയാണ്.  ഏറ്റവും ജനകീയനായ നേതാവായ പി. ബാലനാണ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്.  വളരെ പാവപ്പെട്ട നിലയില്‍നിന്നും ഉയര്‍ന്നുവന്ന നല്ലൊരു വായനക്കാരന്‍ കൂടിയായ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സമ്മേളനം  വലിയ വിജയമായിരിക്കും എന്ന ധാരണയുണ്ടായിരുന്നു. ഒരു ദിവസം കാലത്ത് പ്രസിഡന്റ് പറഞ്ഞു:
    ''നാളെ നമുക്ക് പാലക്കാട്ട് പോകണം. പുസ്തകങ്ങള്‍ കൂടി കൊണ്ടുപോകണം. യു.കെ കൂടി പോന്നോളൂ.''
  

 എനിക്കും അതില്‍ സന്തോഷമായിരുന്നു. പുസ്തകവില്പനയിലുള്ള അനുഭവം കൂടി ആര്‍ജ്ജിക്കാമല്ലോ. പുസ്തകപ്രസിദ്ധീകരണത്തിന് മേല്‍നോട്ടം വഹിക്കുന്നതുകൊണ്ടു പുസ്തക നിര്‍മ്മാണത്തെ സംബന്ധിച്ച ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു.  പുസ്തകം അച്ചടിക്കുമ്പോഴുണ്ടാവുന്ന നിര്‍മ്മാണച്ചെലവ്, കടലാസിന്റെ വില, അച്ചടിക്കൂലി എന്നിവയെക്കുറിച്ചു ചില ധാരണകളൊക്കെ ഉണ്ടാക്കാന്‍ സാധിച്ചു. പുസ്തകത്തിന്റെ രൂപകല്പനയെക്കുറിച്ചും ചില കാഴ്ചപ്പാടുകളുണ്ടായി.  അതിനിടയില്‍ കമ്പോസിങ്ങിനെക്കുറിച്ചും പ്രായോഗികതലത്തില്‍ ചില അനുഭവങ്ങള്‍ ആര്‍ജ്ജിക്കാനും സാധിച്ചിരുന്നു.  ടൈപ്പ് വെച്ച കെയ്‌സുകളും  അവ ഉറപ്പിക്കുന്ന രീതികളും പഠിച്ചു. ഇപ്പോഴിതാ വില്പനാനുഭവം കൂടി ഉണ്ടാകാന്‍ പോവുന്നു.

ബാലന്‍
ബാലന്‍

പാലക്കാട് പോവുന്നതിലുള്ള സന്തോഷത്തിന് കാരണം അതുമാത്രമായിരുന്നില്ല.  കാനായി കുഞ്ഞിരാമന്‍ കേരളത്തിലാദ്യമായി ഒരു പടുകൂറ്റന്‍ ശില്പം മലമ്പുഴയില്‍ നിര്‍മ്മിച്ചിരിക്കുന്നു.  മലമ്പുഴയിലെ 'യക്ഷി'യെന്ന മനോഹരമായ ശില്പം പത്രമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയുമാണ്.  അത് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. അതോടൊപ്പം വിവാദവും ആരംഭിച്ചുകഴിഞ്ഞിരുന്നു. ശില്പത്തിന്റെ പരിപൂര്‍ണ്ണ നഗ്‌നതയായിരുന്നു വിവാദത്തിനുള്ള കാരണം.  അതിന്റെ സൗന്ദര്യപരമായ അംശങ്ങളെ മാറ്റിനിര്‍ത്തിയായിരുന്നു വിവാദം മുഴുവന്‍. 'യക്ഷി' കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുകയും ചെയ്തു. അപ്പോഴാണ്  പാലക്കാട്ടേക്ക്  അവസരം ലഭിക്കുന്നത്.  രണ്ടു കാറുകളിലാണ് ഞങ്ങള്‍ പാലക്കാട്ടേക്ക് പുറപ്പെട്ടത്. പ്രസിഡന്റ് ഒരു കാറിലും, മറ്റേ കാറില്‍ സെക്രട്ടറിമാരും. പ്രസിഡന്റിന്റെ കാറിലാണ് ഞാന്‍ കയറിയിരുന്നത്. അദ്ദേഹത്തോടൊപ്പം ഞാന്‍ ആദ്യമായിട്ടാണ് യാത്ര ചെയ്യുന്നത്. രണ്ടാമത്തെ കാറിലാണ് സെക്രട്ടറിമാര്‍ കയറിയത്. പ്രസിദ്ധീകരണങ്ങള്‍ കയറ്റിയതും കാറിലായിരുന്നു.  ഡ്രൈവര്‍മാര്‍ക്ക് ഒഴിവു വരുമ്പോള്‍ അവര്‍ വില്പനയില്‍ എന്നെ സഹായിക്കാമെന്ന് എനിക്ക് ഉറപ്പു തന്നിരുന്നു. അതുകൊണ്ടുതന്നെ പ്രയാസമൊന്നും ഉണ്ടാകില്ലെന്നും തോന്നി. സമ്മേളനം നടക്കുന്നിടത്ത് ഏതാനും മേശകള്‍ വച്ചു അതിന്റെ മുകളില്‍ പുസ്തകങ്ങള്‍ നിരത്തിവെച്ചു. വില്പനക്കാരനായി ഞാന്‍ നിന്നു.  വില്പനയുടെ രീതിയൊന്നും എനിക്കറിയില്ല. സമ്മേളനത്തിനെത്തുന്നവര്‍ ആരെങ്കിലും പുസ്തകം വാങ്ങാന്‍ വരുമോ? എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഉച്ചയ്ക്കു മുന്‍പുതന്നെ നിരത്തിവെച്ച പുസ്തകങ്ങള്‍ അധികവും വിറ്റുതീര്‍ന്നു. കോണ്‍ഗ്രസ്സില്‍ വായനക്കാരുടെ വംശം തീരെ കുറ്റിയറ്റുപോയിട്ടില്ലെന്ന്  തിരിച്ചറിഞ്ഞ ഒരു സന്ദര്‍ഭമായിരുന്നു. അതില്‍ സന്തോഷം തോന്നുകയും ചെയ്തു.
ഞങ്ങള്‍ക്കുള്ള ഉച്ചഭക്ഷണം ഒരുക്കിയിരുന്നത് കുന്നിന്‍മുകളിലുള്ള സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലായിരുന്നു. അവിടേക്ക് പോകാന്‍ കാറില്‍ കയറിയതായിരുന്നു ഞങ്ങള്‍.  മുന്നിലുള്ള കാറില്‍ പ്രസിഡന്റും പിന്നിലുള്ള കാറില്‍ സെക്രട്ടറിമാരും. പ്രസിഡന്റിന്റെ കാറില്‍ മുന്‍ സീറ്റിലാണ് ഞാനിരുന്നത്. കാര്‍ മുന്നോട്ടേക്കെടുത്തപ്പോള്‍ പെട്ടെന്ന് കോണ്‍ഗ്രസ്സിന്റെ സമുന്നതനായ ഒരു നേതാവ് അവിടേക്ക് തിരക്കിട്ടു വന്നു. എന്നിട്ടു കാറിന്റെ  മുന്‍വാതിലില്‍ കൈവെച്ച് എന്നോടു തെല്ലുച്ചത്തില്‍ ആവശ്യപ്പെട്ടു. ''ഇറങ്ങടോ താഴെ.'' 

എ സുജനപാല്‍
എ സുജനപാല്‍

എന്താണ് കാര്യമെന്ന് എനിക്കാദ്യം മനസ്സിലായില്ല. എനിക്ക് ഇറങ്ങുകയോ ഇറങ്ങാതിരിക്കുകയോ ചെയ്യാം. എന്നാല്‍ അവിടെ അസുഖകരമായ ഒരന്തരീക്ഷം ഉണ്ടാകേണ്ട എന്നു കരുതി ഞാന്‍ കാറില്‍നിന്നും താഴെ ഇറങ്ങി. പ്രസിഡന്റ് അതെല്ലാം കണ്ടിരിക്കുകയായിരുന്നു.  ഒന്നും പറയാനാവാത്ത അവസ്ഥയിലായിരിക്കാം അദ്ദേഹം. സമുന്നതനായ  നേതാവിനെ കയറ്റിക്കൊണ്ടു കാര്‍ മുന്നോട്ടു നീങ്ങി. അന്നത്തെ  നട്ടുച്ചവെയിലില്‍ അപമാനിക്കപ്പെട്ട മനസ്സോടെയാണ് ഞാന്‍ കുന്നു നടന്നുകയറിയത്. താഴെനിന്നും ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട് ഗസ്റ്റ്ഹൗസിലേക്ക്. പാലക്കാട്ടെ ഉച്ചവെയിലിന് തീയിനെക്കാള്‍ ചൂടുണ്ടായിരുന്നു.  എന്നാല്‍ അതൊന്നും  തന്നെ അത്രയൊന്നും വേവിക്കുകയുണ്ടായില്ല.  നേതാവിന്റെ ശബ്ദം എന്റെ ഇടനെഞ്ചില്‍ ചിലമ്പിക്കൊണ്ടേയിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഈ തരത്തില്‍ ഞാന്‍ അപമാനിക്കപ്പെടുന്നത്. തിളങ്ങുന്ന വെയിലില്‍ വലിയ കയറ്റം അത്രയും ദൂരം നടന്നുകയറിയത് ഞാനറിഞ്ഞില്ല.  ചില സന്ദര്‍ഭങ്ങളില്‍ കണ്ണുകളില്‍ ഊറിക്കൂടിയ  നനവു മാത്രം അറിഞ്ഞു. കുന്നുകയറി ഗസ്റ്റ്ഹൗസില്‍ എത്തിയപ്പോള്‍ പ്രസിഡന്റ് അതിന്റെ മുന്‍വശത്ത് നില്‍ക്കുന്നത് ഞാന്‍ കണ്ടു. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ആശ്വസിപ്പിക്കുവാന്‍ വേണ്ടിയെന്നോണം പറഞ്ഞു:
''ഒന്നും തോന്നേണ്ട. പുള്ളിയുടെ രീതി അങ്ങനെയാണ്.''

എന്നാല്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്കൊട്ടും ആശ്വാസം തന്നില്ല. അന്നുച്ചയ്ക്ക് ഭക്ഷണമൊന്നും കഴിക്കാതെ ഞാന്‍ മുറിക്കുള്ളില്‍ത്തന്നെ ഇരുന്നു. മറ്റുള്ളവരെ  അല്പം പോലും ഗൗനിക്കാത്ത ഇങ്ങനേയും ചില നേതാക്കള്‍ ഇവിടെയുണ്ടെന്ന്  തിരിച്ചറിയാന്‍ ആ സംഭവം ഇടയാക്കി. പിന്നീട് പല സന്ദര്‍ഭങ്ങളും ആ നേതാവുമായി ഇടപഴകാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. അപ്പോഴൊക്കെ അന്നത്തെ കാര്യം എന്റെ മനസ്സിലേക്ക്  തികട്ടിവരും. എന്നാല്‍ അത് പുറത്തെടുക്കാന്‍ ഞാന്‍ തുനിഞ്ഞില്ല.

പുസ്തകങ്ങള്‍ക്ക് പാലക്കാട്  നല്ല വില്പനയാണ് ഉണ്ടായിരുന്നത്. അതുകൊണ്ടാകാം സമ്മേളനത്തോടനുബന്ധിച്ച് പുസ്തകവില്പന കെ.പി.സി.സി. ഒരു ശൈലിയാക്കി മാറ്റുകയുണ്ടായി.  പ്രസിഡന്റിനോടൊന്നിച്ചു കേരളത്തിലെ  പലയിടങ്ങളിലും പുസ്തകക്കെട്ടുമായി എനിക്ക് പോകേണ്ടിവന്നു. അതൊക്കെത്തന്നെ പുതിയ പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.  സമ്മേളനങ്ങള്‍ കഴിഞ്ഞു പലപ്പോഴും വളരെ വൈകിയായിരിക്കും മടങ്ങുക.  രാത്രികളില്‍ കേരളത്തിലെ  വിവിധയിടങ്ങളിലെ ദൃശ്യങ്ങള്‍ ഉറങ്ങാതെ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ഒരു രാത്രിക്ക്  സമാനമായിരിക്കില്ല മറ്റൊരു രാത്രി. ദൃശ്യങ്ങളും ശബ്ദങ്ങളും വ്യത്യസ്തമായിരിക്കും. കണ്ണും ചെവിയും തുറന്നിരുന്നാലെ അവയുടെ വൈവിദ്ധ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയുകയുള്ളൂ. രാത്രി യാത്രകളിലൂടെ  ഞാനറിഞ്ഞത് കേരളത്തിന്റെ വൈവിധ്യങ്ങള്‍ തന്നെയായിരുന്നു.

സിഎച്ച് ഹരിദാസ്
സിഎച്ച് ഹരിദാസ്

പിന്നീടൊരുനാള്‍ വൈകുന്നേരം  ശ്രീമുദ്രാലയത്തില്‍ ചെന്നപ്പോള്‍  ശ്രീകണ്ഠന്‍ നായരുടെ മുന്‍പില്‍ എം. ഗോവിന്ദന്‍ ഇരിക്കുന്നതു കണ്ടു. അദ്ദേഹത്തെ അവിടെ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം എപ്പോഴും ഇങ്ങനെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രതീക്ഷിക്കാതെയാണ് മദ്രാസില്‍നിന്നും കേരളത്തിലെത്തുക. ഗോവിന്ദന്‍ എനിക്കു നേരിട്ടറിയാവുന്ന ഏക സാഹിത്യകാരനാണ്. യാദൃച്ഛികമായിട്ടാണ്  പരിചയപ്പെട്ടതെങ്കിലും പിന്നീട് എഴുത്തുകളിലൂടെ ആ ബന്ധം തുടര്‍ന്നു. ഞാനുമായി കത്തുകളിലൂടെ ബന്ധപ്പെടുന്ന ഏക സാഹിത്യകാരന്‍ അദ്ദേഹമാണെന്നു പറയാം. ഗോവിന്ദന്റെ പത്രാധിപത്യത്തിലുള്ള 'സമീക്ഷ' വായിച്ചു പലപ്പോഴും ഞാന്‍ അദ്ദേഹത്തിന് കത്തയച്ചിട്ടുണ്ട്. അദ്ദേഹം  മറുപടിയും എഴുതും. കോഴിക്കോട് പഠിക്കുമ്പോഴാണ് ഞാന്‍ ഗോവിന്ദനുമായി പരിചയപ്പെടാന്‍ ഇടയായത്.  എന്റെ സുഹൃത്തുക്കളായ സി.എച്ച്. ഹരിദാസിനും, എ. സുജനപാലിനും ഗോവിന്ദനുമായി നേരത്തേ ബന്ധമുണ്ടായിരുന്നു. അദ്ദേഹം കോഴിക്കോട്ടു വരുമ്പോള്‍ എപ്പോഴും  അവര്‍ കൂടെ കാണും. ഒരു നാള്‍ കോളേജ് വിട്ടു നഗരത്തിലെത്തിയപ്പോള്‍ പാളയത്തുവെച്ച് ഹരിദാസിനേയും സുജനപാലിനേയും കണ്ടു. അവര്‍ ഗോവിന്ദനെ കാണാന്‍ പോവുകയാണ്. അദ്ദേഹം ഉച്ചയ്ക്കുള്ള വണ്ടിക്ക്  കോഴിക്കോട്ടെത്തിയിരുന്നു. വൈകിട്ട് നഗരത്തില്‍ ഒരു സാംസ്‌ക്കാരിക യോഗമുണ്ട്. പാളയത്തെ  കോര്‍പ്പറേഷന്‍ റെസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. ഗോവിന്ദനെപ്പറ്റി ധാരാളം കേട്ടിട്ടുള്ളതുകൊണ്ടും  സമീക്ഷ വായിക്കുന്നതുകൊണ്ടും അദ്ദേഹത്തെ കാണാന്‍ എനിക്കും താല്പര്യം തോന്നി. ഞാനും അവരോടൊപ്പം റസ്റ്റ് ഹൗസിലേക്ക് കടന്നു. ഗോവിന്ദന്‍ മുറിയില്‍ തന്നെ ഉണ്ടായിരുന്നു. ഹരിദാസ് എന്നെ ഗോവിന്ദന് പരിചയപ്പെടുത്തിയപ്പോള്‍, നേരത്തെ പരിചയമുള്ളതു പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്.  ഏറ്റവും ചെറിയ എഴുത്തുകാരനെപ്പോലും ശ്രദ്ധിക്കുന്ന ഒരാളാണ് ഗോവിന്ദന്‍ എന്ന് പലരും പറഞ്ഞു കേട്ടിരുന്നു. മദ്രാസില്‍നിന്നും പുറത്തിറങ്ങുന്ന 'അന്വേഷണം' മാസിക അടക്കമുള്ള പല പ്രസിദ്ധീകരണങ്ങളിലും കഥകള്‍ എഴുതുന്ന ഒരാള്‍ എന്ന നിലയ്ക്ക് അദ്ദേഹം എന്നെയും ശ്രദ്ധിച്ചിട്ടുണ്ടാകാമെന്ന് ഞാന്‍ വിശ്വസിച്ചു. അന്വേഷണത്തിലാണ് എന്റെ ആദ്യ കഥ പ്രസിദ്ധപ്പെടുത്തിയത്. അന്ന് വളരെ നേരം ഞങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഏറെ നേരവും ഗോവിന്ദനാണ് സംസാരിച്ചിരുന്നത്.  സംസാരിക്കുന്നത് അദ്ദേഹത്തിന്  ഏറെ ഇഷ്ടപ്പെട്ട ഒരു കാര്യമാണെന്ന് അപ്പോഴേ തോന്നിയിരുന്നു.  സാഹിത്യവും രാഷ്ട്രീയവും പത്രപ്രവര്‍ത്തനവുമൊക്കെ സംസാരത്തില്‍ കടന്നുവന്നു. അദ്ദേഹം യോഗസ്ഥലത്തേക്ക് പോകുമ്പോള്‍ ഞങ്ങളും അനുഗമിച്ചു.  ഇത്രയും നേരം സംസാരിക്കുന്നതിനിടയില്‍ ഹരിദാസും സുജനപാലും അദ്ദേഹത്തെ ഗോവിന്ദന്‍ എന്നു മാത്രമാണ് വിളിച്ചിരുന്നത്. ആദരസൂചകമായി ഒരു വിശേഷണവും ചേര്‍ത്തു വിളിക്കാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല. അതിനെക്കുറിച്ചു പിന്നീട് ചോദിച്ചപ്പോഴാണ്  അറിഞ്ഞത് 'ഗോവിന്ദന്‍'  എന്നു മാത്രം വിളിക്കുന്നതാണ്  അദ്ദേഹത്തിന് ഇഷ്ടമെന്ന്. എന്നാല്‍ അങ്ങനെ വിളിക്കുന്നതില്‍ എനിക്ക് തെല്ല് വിഷമമുണ്ടായിരുന്നു. യോഗം കഴിഞ്ഞ് അദ്ദേഹത്തെ തിരിച്ചു താമസസ്ഥലത്താക്കിയിട്ടാണ്  ഞങ്ങള്‍ മടങ്ങിയത്.
     ശ്രീമുദ്രാലയത്തില്‍ എന്നെ  കണ്ടപ്പോള്‍ ഗോവിന്ദന്‍ ചോദിച്ചു: ''കുമാരന്‍ എന്താ ഇവിടെ.''
    

യു.കെ. കുമാരന്‍
യു.കെ. കുമാരന്‍

ഗോവിന്ദന്‍ എന്നോട് സംസാരിക്കുന്നത് ശ്രീകണ്ഠന്‍ നായര്‍ നോക്കി ഇരിക്കുകയായിരുന്നു. വളരെ താല്പര്യത്തോടെയാണ് ഗോവിന്ദന്‍ അങ്ങനെ അന്വേഷിച്ചത്. വളരെ മുന്‍പെ പരിചയമുണ്ടായപോലെ.  അത്രയും  ദിവസത്തിനിടയില്‍ ശ്രീകണ്ഠന്‍ നായര്‍ എന്നോട് ഔപചാരികമായി മാത്രമാണ് സംസാരിച്ചിരുന്നത്. വീക്ഷണം വാരികയിലെ ഒരു ജീവനക്കാരന്‍ എന്ന പരിഗണനയിലപ്പുറം അദ്ദേഹം ഒന്നും എനിക്കു തന്നിരുന്നില്ല.
ഞാന്‍ എറണാകുളത്ത് പത്രപ്രവര്‍ത്തനകോഴ്സില്‍ ചേര്‍ന്നതും ഇപ്പോള്‍ വീക്ഷണം വാരികയിലെ ഒരു സ്റ്റാഫാണെന്നും ഗോവിന്ദനെ അറിയിച്ചു. അദ്ദേഹം ഹരിദാസിന്റേയും സുജനപാലിന്റേയും വിശേഷങ്ങള്‍ തിരക്കി. ''ഗോവിന്ദന് കുമാരനെ അറിയാമോ''  ശ്രീകണ്ഠന്‍ നായര്‍ തിരക്കി. അപ്പോള്‍ ഗോവിന്ദന്റെ  മറുപടി ഇങ്ങനെയായിരുന്നു:
''കുമാരന്‍ വളര്‍ന്നു വരുന്ന ഒരു കഥാകൃത്തല്ലേ''  ശ്രീകണ്ഠന്‍ നായര്‍ എന്റെ നേരെ കൗതുകത്തോടെ നോക്കി. 

ശ്രീമുദ്രാലയത്തില്‍നിന്നും സന്ധ്യയോടെയാണ് ഗോവിന്ദന്‍ ഇറങ്ങിയത്. ഞാനും അദ്ദേഹത്തെ  അനുഗമിച്ചു. അന്ന് അദ്ദേഹം എറണാകുളം റെയില്‍വേ സ്റ്റേഷനിലെ റിട്ടയറിങ്ങ്  റൂമിലാണ് താമസിച്ചിരുന്നത്.  അവിടേക്ക് പോകുന്ന വഴി ഇന്ത്യന്‍ കോഫിഹൗസില്‍ കയറി ഞങ്ങള്‍ കാപ്പികുടിച്ചു.  മുറിയിലേക്കുള്ള വഴിയിലുടനീളം  അദ്ദേഹം വിദേശ എഴുത്തുകാരെക്കുറിച്ചാണ്  സംസാരിച്ചിരുന്നത്. മുറിയിലെത്തിയപ്പോള്‍ അദ്ദേഹം ലോകകാര്യങ്ങളിലേക്ക് കടന്നു. നല്ലൊരു ശ്രോതാവിനെ കിട്ടിയാല്‍ അദ്ദേഹം ധാരാളം സംസാരിക്കും. ഇടയ്ക്ക് എന്തെങ്കിലും സംശയം ചോദിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമാണ്. അന്നു പോരാന്‍ നേരത്ത് അദ്ദേഹം  പറഞ്ഞിരുന്നത് റഷ്യയെക്കുറിച്ചായിരുന്നു. ഒരു കമ്യൂണിസ്റ്റിന്റെ മനസ്സുണ്ടെങ്കിലും കമ്യൂണിസത്തിന്റെ ഘടനാപരമായ സംവിധാനങ്ങളോട് വളരെ എതിര്‍പ്പുള്ള ആളാണ് ഗോവിന്ദനെന്ന് എനിക്ക്  നേരത്തേ അറിയാം. ലോകത്തിലെ ആദ്യത്തെ  കമ്യൂണിസ്റ്റ് രാഷ്ട്രമായ റഷ്യയെക്കുറിച്ചു വിമര്‍ശനാത്മകമായിട്ടാണ് അദ്ദേഹം സംസാരിച്ചത്. മകള്‍ അവിടെ പഠിച്ചിരുന്നതുകൊണ്ട് റഷ്യയെക്കുറിച്ച് കുറേ കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തിനറിയുകയും ചെയ്യാം. അന്ന് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു:  ''റഷ്യയിലെ ഭരണസംവിധാനം എത്രനാള്‍ ഇങ്ങനെത്തന്നെ തുടരുമെന്നു പറയാന്‍ കഴിയില്ല. അത് തകരും. തകരാതെ വയ്യ.''

അങ്ങനെയൊരു തകര്‍ച്ചയെക്കുറിച്ചു ആര്‍ക്കും സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത ഒരു കാലമായിരുന്നു അത്. ഗോവിന്ദന്റെ പ്രവചനം എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അതു സംഭവിക്കുകതന്നെ ചെയ്തു. അതായിരുന്നു ഗോവിന്ദന്‍. ഗോവിന്ദന്റെ വാക്ക്.

(തുടരും)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com