ജമ്പിങ് പിറ്റിലെ ഇന്ത്യന്‍ വിസ്ഫോടനം: എം ശ്രീശങ്കറെക്കുറിച്ച്

ശ്രീശങ്കറിനു മുന്‍പില്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി വഴിമാറുന്നത് ഇന്ത്യന്‍ അത്ലറ്റിക്സില്‍ മാറ്റത്തിന്റെ ശംഖൊലിയാണ് മുഴക്കുന്നത്.
ജമ്പിങ് പിറ്റിലെ ഇന്ത്യന്‍ വിസ്ഫോടനം: എം ശ്രീശങ്കറെക്കുറിച്ച്

ലോങ്ജമ്പ് പിറ്റില്‍ പുത്തന്‍ കരുത്തിന്റേയും പ്രതിഭാശേഷിയുടേയും വിസ്മയമാകുന്ന ശ്രീശങ്കര്‍ മുരളി എന്ന എം. ശ്രീശങ്കറിനു മുന്‍പില്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി വഴിമാറുന്നത് ഇന്ത്യന്‍ അത്ലറ്റിക്സില്‍ മാറ്റത്തിന്റെ ശംഖൊലിയാണ് മുഴക്കുന്നത്. ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്റെ ലോക ജൂനിയര്‍ അണ്ടര്‍ 20 ലോങ്ജമ്പ് റാങ്കിങ്ങില്‍ ശ്രീശങ്കറിലൂടെ ഒരു ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്തെത്തിയതും അനര്‍ഘ മുഹൂര്‍ത്തമാണ്. 2018 സെപ്റ്റംബറില്‍ ഭുവനേശ്വറില്‍ നടന്ന ദേശീയ ഓപ്പണ്‍ അത്ലറ്റിക്സില്‍ 8.20 മീറ്ററിലെത്തി ദേശീയരേഖ പുതുക്കിയ പ്രകടനമാണ് ഈ പാലക്കാട്ടുകാരനെ ചാട്ടക്കാരുടെ ലോക റാങ്കിങ്ങിന്റെ നെറുകയിലെത്തിച്ചത്. 
അന്ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ഈ അഞ്ചേമുക്കാല്‍ അടി ഉയരക്കാരന്‍ കരിയറിലെ ഏറ്റവും നല്ല ചാട്ടത്തിലൂടെ അങ്കിത്ശര്‍മ്മയുടെ പേരിലുള്ള ഓപ്പണ്‍മീറ്റ് റെക്കോര്‍ഡിനൊപ്പം  (7.87 മീറ്റര്‍) ദേശീയ റെക്കോര്‍ഡു (8.19 മീറ്റര്‍) മാണ് ഒറ്റയടിക്ക് ചീന്തിക്കളഞ്ഞത്. തന്റെ അഞ്ചാം ശ്രമത്തില്‍ സ്വര്‍ണ്ണം തൊട്ട ഈ ബിരുദവിദ്യാര്‍ത്ഥി, എട്ട് മീറ്റര്‍ ചാടുന്ന എട്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന ബഹുമതിപ്പട്ടികയിലും പേര് കൊത്തി. ഒപ്പം 1974-ലെ ടെഹ്‌റാണ്‍ ഏഷ്യന്‍ ഗെയിംസില്‍ 8.07 മീറ്റര്‍ താണ്ടിയ ടി.സി. യോഹന്നാനു ശേഷം പിറ്റില്‍ എട്ട് മീറ്ററിലെ ആദ്യ മലയാളി മുദ്രയും ശ്രീശങ്കറിന്റെ കിരീടത്തിലെ കിന്നരിയായി. 

ശ്രീശങ്കറിന് ഒളിംപിക് മെഡല്‍ നേടാനാകും. ഈ താരത്തിന്റെ ശേഷിയും പ്രകടനമികവും വിലയിരുത്തിക്കൊണ്ട് പ്രവാചക ദൃഷ്ടിയോടെ ഇങ്ങനെ പറയുന്നത് മറ്റാരുമല്ല, ഇന്ത്യയില്‍ ചാട്ടക്കാരുടെ കുലപതിയായ സാക്ഷാല്‍ ടി.സി. യോഹന്നാന്‍ തന്നെ. 

പത്തൊന്‍പതാം വയസ്സില്‍ ഈ ദൂരം കടക്കാന്‍ കഴിയുന്ന ശ്രീശങ്കറിന്റെ ചാട്ടത്തിനു കഴിഞ്ഞ മൂന്ന് ഒളിംപിക്സില്‍ രണ്ടെണ്ണത്തില്‍ വെങ്കല മെഡലിന്റെ മൂല്യമുണ്ടായിരുന്നെന്ന് ദീര്‍ഘകാലം ദേശീയ റെക്കോര്‍ഡിന്റെ സൂക്ഷിപ്പുകാരനായിരുന്ന യോഹന്നാന്‍ ചൂണ്ടിക്കാട്ടുന്നു. താന്‍ പങ്കെടുത്ത 1976-ലെ മോണ്‍ട്രിയോള്‍ ഒളിംപിക്സില്‍ അമേരിക്കയുടെ റാന്‍ഡി വില്യംസ് ഇതേക്കാള്‍ കുറഞ്ഞ പ്രകടന (8.11 മീറ്റര്‍)ത്തോടെ വെള്ളി നേടിയത് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ശ്രീശങ്കറിന് 7.95 മീറ്ററിലെത്താനേ കഴിഞ്ഞുള്ളു. അതിനു നാല് മാസം മുന്‍പ് ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സില്‍ 7.99 മീറ്റര്‍ ചാടിയ ശ്രീശങ്കറിന് ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്ഥാനത്തേക്ക് പിന്‍മാറേണ്ടിവന്നു. സ്പോര്‍ട്‌സില്‍ ഒരാളുടെ പ്രതിഭാശേഷിയെ സാധൂകരിക്കുന്ന തലത്തിലേക്ക് എല്ലായ്‌പോഴും അയാളുടെ പ്രകടനം ഉയരണമെന്നില്ലെന്നതിന്റെ ദൃഷ്ടാന്തവുമാണിത്. 
2017-ല്‍ ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ 7.57 മീറ്ററില്‍ സ്വര്‍ണ്ണം, ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക് മീറ്റില്‍ 7.60 മീറ്ററോടെ നാലാം സ്ഥാനം, ഇന്ത്യന്‍ ഗ്രാന്‍പ്രീ മീറ്റില്‍ 7.63 മീറ്ററില്‍ ഒന്നാം സ്ഥാനം, ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മീറ്റ് റെക്കോര്‍ഡോടെ (7.72 മീറ്റര്‍) സ്വര്‍ണ്ണം. 2018-ല്‍ ഏഷ്യന്‍ ഗെയിംസ് ടെസ്റ്റ് മീറ്റില്‍ 7.74 മീറ്ററിലേക്ക് ചാടി നാലാം സ്ഥാനം, ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 7.75 മീറ്ററോടെ സ്വര്‍ണ്ണമെഡല്‍, ഫിന്‍ലന്‍ഡില്‍ നടന്ന ലോക ജൂനിയര്‍ മീറ്റില്‍ 7.76 മീറ്ററിലെത്തി ആറാം സ്ഥാനം, ഏഷ്യന്‍ ഗെയിംസില്‍ 7.95 മീറ്ററോടെ ആറാമത്, ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സില്‍ 7.99 മീറ്ററോടെ സ്വര്‍ണ്ണം, ദേശീയ ഓപ്പണ്‍ അത്ലറ്റിക്സില്‍ ദേശീയ റെക്കോര്‍ഡോടെ (8.20 മീറ്റര്‍) സുവര്‍ണ്ണപ്പതക്കം. പരിശീലനത്തിലും പ്രകടനത്തിലും പ്രതിഭാശാലിത്വംകൊണ്ട് അനുക്രമമായ പുരോഗതി കൈവരിക്കുന്ന ശ്രീശങ്കറിന്റെ രണ്ട് വര്‍ഷത്തിനുള്ളിലെ (2017-'18) വളര്‍ച്ചയുടെ ഗ്രാഫ് സൂചിപ്പിക്കുന്നത് ഇന്ത്യന്‍ അത്ലറ്റിക്സിലെ പുതിയ ഭാവുകത്വ പരിണാമവും നവതാരുണ്യവുമാണ്.

ജമ്പിങ്ങ് പിറ്റിലെ ശ്രീശങ്കറിന്റെ കുതിപ്പ് കുറേക്കൂടി സൂക്ഷ്മമായി വിലയിരുത്തിയാല്‍ 2016-ല്‍ കോഴിക്കോട്ട് നടന്ന ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ 7.49 മീറ്റര്‍ ചാടി റെക്കോര്‍ഡിട്ട് രണ്ട് വര്‍ഷത്തിനിപ്പുറം അധികം ചാടുന്നത് 70 സെന്റിമീറ്ററിലേറെയാണ്. 2017-ല്‍ ദേശീയ സീനിയര്‍ മീറ്റില്‍ അരങ്ങേറ്റം കുറിച്ച ഈ യുവതാരത്തിന്റെ ഷോക്കേസ്സിലേക്ക് 2018-ലെ മൂന്ന് ദേശീയ സീനിയര്‍ കിരീടങ്ങളും ചെന്നെത്തിയെന്നും ഓര്‍ക്കുക. ഏഷ്യന്‍ ഗെയിംസില്‍ തന്റേതല്ലാത്ത ദിവസത്തില്‍ മങ്ങിപ്പോയ ശ്രീശങ്കറിനെക്കാള്‍ 15 സെന്റിമീറ്റര്‍ അധികം ചാടി ഇന്തോനേഷ്യക്കാരന്‍ സപ്വാതുറഹ്മാന്‍ വെങ്കലം നേടിയതില്‍നിന്നും മനസ്സിലാക്കേണ്ടത്, മികച്ച ഫോമിലെത്തിയാല്‍ ഈ ഇളംമുറക്കാരന് മെഡല്‍ മേഖലയിലേക്ക് കുതിക്കാന്‍ കഴിയുമെന്നുതന്നെയാണ്. 
മുന്‍ ദേശീയ അത്ലറ്റുകളായ മുരളിയുടേയും ബിജിമോളുടേയും മകനായ ശ്രീശങ്കറിന് സ്പോര്‍ട്സ് പാരമ്പര്യത്തിന്റെ പിന്‍ബലമുണ്ട്. 2012-ല്‍ സംസ്ഥാന അത്ലറ്റിക് മീറ്റില്‍ റെക്കോര്‍ഡ് പ്രകടനത്തോടെ തന്റെ പേരെഴുതിച്ചേര്‍ത്ത പാലക്കാട്ടുകാരന്‍ പയ്യന്‍ ആറ് വര്‍ഷത്തിനിപ്പുറം പിറ്റില്‍ ഒട്ടുമിക്ക ദേശീയ റെക്കോര്‍ഡുകളുടേയും അവകാശിയാകുന്നത് കണ്‍കുളിര്‍ക്കെയാണ് കേരളം കണ്ടുനിന്നത്. ദേശീയ അത്ലറ്റിക്സില്‍ അങ്കിത് ശര്‍മ്മയില്‍നിന്ന് ചാട്ടക്കാരിലെ പുതിയ പ്രതിഭാതിളക്കത്തിന്റെ ദീപനാളം ഏറ്റുവാങ്ങിയ ശ്രീശങ്കര്‍ മുരളിക്കു പ്രായം അനുകൂലമാണെന്നതു മാത്രമല്ല, അടുത്ത അഞ്ച് വര്‍ഷത്തേക്ക് വിദഗ്ദ്ധ പരിശീലനത്തിലൂടെയും മികച്ച അവസരങ്ങളിലൂടെയും കഴിവുകള്‍ രാകിമിനുക്കിയെടുക്കാനായാല്‍ ബഹുദൂരം മുന്നോട്ടുപോകാമെന്ന് വിദഗ്ദ്ധന്മാര്‍ നിരീക്ഷിക്കുന്നു. 

രാജ്യാന്തരതലത്തില്‍ കേരളത്തിനു തിളങ്ങാന്‍ കഴിയുന്ന ചുരുക്കം ചില ഇനങ്ങളില്‍ ഒന്നാമത്തേത് ലോങ്ജമ്പാണ്. എങ്കിലും യോഹന്നാനേയും സുരേഷ് ബാബുവിനേയും അഞ്ജുബോബിയേയും പോലെ അസാമാന്യ ഗണത്തിലുള്ളവര്‍ എന്തേ ധാരാളമായി വരുന്നില്ല. ആ അന്വേഷണത്തിനുള്ള ഏറ്റവും പുതിയ ഉത്തരമാണ് ശ്രീശങ്കര്‍ മുരളി എന്ന 19 കാരന്‍. ലോകത്തെ മികച്ച അത്ലറ്റുകള്‍ പങ്കെടുക്കുന്ന ഡയമണ്ട് ലീഗ് യോഗ്യതയ്ക്കായി പരിശ്രമിക്കുന്ന ശ്രീശങ്കറിനൊപ്പം രാജ്യവും 2020 ഒളിംപിക്സിലേക്ക് കണ്ണുനട്ടിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com