പ്രശാന്ത് വിജയ്: അതിശയങ്ങളുടെ  ചലച്ചിത്രകാരന്‍

ചെറിയ സിനിമയാണെങ്കിലും കലാപരമായോ സാങ്കേതികമായോ കോംപ്രമൈസ് ചെയ്യരുതെന്ന് ആദ്യമേ തീരുമാനിച്ചിരുന്നതായി പ്രശാന്ത് പറയുന്നു.
പ്രശാന്ത് വിജയ്: അതിശയങ്ങളുടെ  ചലച്ചിത്രകാരന്‍

രാജ്യാന്തരശ്രദ്ധ പതിഞ്ഞ 'അതിശയങ്ങളുടെ വേനല്‍' എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രശാന്ത് വിജയ്. അദൃശ്യനാകാനുള്ള ഒരു ഒന്‍പതു വയസ്സുകാരന്റെ അതിയായ ആഗ്രഹവും അതു നേടാനുള്ള യത്‌നവുമായിരുന്നു ആ ചിത്രത്തിന്റെ പ്രമേയം. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ മിതത്വവും കൊണ്ട് ആദ്യ ചിത്രം തന്നെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയത് തിരുവനന്തപുരത്ത്. തുടര്‍ന്ന് പൂനെയില്‍നിന്ന് എം.ബി.എ. ജോലിയാകട്ടെ ഇന്ത്യയിലെ പല നഗരങ്ങളിലും. ഒടുവില്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയം ചലച്ചിത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. 

അരവിന്ദന്റെയും അടൂരിന്റെയുമൊക്കെ സിനിമകള്‍ കണ്ട് വളര്‍ന്ന പ്രശാന്ത് ചെറുപ്പത്തിലേ തിരക്കഥകള്‍ എഴുതാന്‍ ശ്രമിച്ചിരുന്നു. ''വീട്ടില്‍ ചെറുപ്പകാലത്ത് വായനയുടെ ഒരു പശ്ചാത്തലം എനിക്കുണ്ടായിരുന്നു. എന്നാല്‍ അതിന്റെ അടുത്ത ഘട്ടമായ എഴുത്തിന് അത്ര ധൈര്യം പോരായിരുന്നു. പൊതുവേ ഭാവനയുടെ ഒരു കുറവ് എനിക്കുണ്ടെന്ന് തോന്നിയിട്ടുണ്ട്. ലേഖനങ്ങള്‍ എഴുതാറുണ്ട്, അതും മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാത്രം. പക്ഷേ, കഥ എഴുതാന്‍ അധികം ശ്രമിച്ചിട്ടില്ല, പറ്റില്ല എന്നൊരു തോന്നലായിരുന്നു. അമ്മാവനായ മോഹന്‍ കുറിശ്ശേരി തിരക്കഥകള്‍ എഴുതുമായിരുന്നു. തിരക്കഥ എഴുതണം, അതിലൂടെയാണ് സിനിമ ഉണ്ടാവുന്നത് എന്നൊക്കെ മനസ്സിലാവുന്നത് അങ്ങനെയാണ്.'' - പ്രശാന്ത് പറയുന്നു. ലൊക്കേഷന്‍ ശബ്ദലേഖനത്തിന് ആദ്യത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ സന്ദീപ് കുറിശ്ശേരിയുടെ പിതാവ് മോഹന്‍ കുറിശ്ശേരിയുടെ അനന്തരവനാണ് പ്രശാന്ത്. 

ലോകസിനിമയുമായി പരിചയമുള്ള കാഴ്ചക്കാര്‍ക്ക് വേണ്ടിയാണ് അതിശയങ്ങളുടെ വേനല്‍ ഒരുക്കിയതെന്ന് പറയുന്നു പ്രശാന്ത്. അതിശയങ്ങളുടെ വേനലിനു മുന്‍പേ ചെയ്ത അംഗുലീചാലിതവും പ്രേക്ഷകശ്രദ്ധ നേടിയ ഹ്രസ്വചിത്രമായിരുന്നു. ബ്ലോഗില്‍ വായിച്ച കഥയ്ക്ക് തിരക്കഥ എഴുതിയതായിരുന്നു അംഗുലീചാലിതമെന്ന ഹ്രസ്വചിത്രം. ''ആ കഥയില്‍ എന്റേതായ പുതിയ തലങ്ങള്‍ കൊണ്ടുവരാന്‍ പറ്റിയതില്‍ സംതൃപ്തിയുണ്ട്. ഒന്നുമറിയാതെ, ഒരു പരിചയവുമില്ലാതെ ചെയ്തു നോക്കിയതിന് സ്വീകാര്യത കിട്ടിയതും സന്തോഷമുള്ള കാര്യമായിരുന്നു. 'അതിശയങ്ങളുടെ വേനലി'ലേക്ക് നയിച്ചതും 'അംഗുലീചാലിത'മാണ്. കുറഞ്ഞ ചെലവില്‍ അധികം സങ്കീര്‍ണ്ണതകളില്ലാതെ ഒരു സിനിമ ചെയ്യുക എന്നത് തന്നെയായിരുന്നു ആദ്യ ലക്ഷ്യം. അദൃശ്യനാവാന്‍ ആഗ്രഹിക്കുന്ന കുട്ടി ചെയ്യുന്ന കാര്യങ്ങളും, അവന്‍ അപകടത്തിലേക്ക് പോകുമ്പോള്‍ അവന്റെ വീട്ടുകാര്‍ എടുക്കുന്ന നടപടികളും- ഇത്രയും കാര്യങ്ങള്‍ അടങ്ങുന്ന ഒരു കഥാതന്തു ആയിരുന്നു മനസ്സില്‍. റിയലിസ്റ്റിക് ആയ സിനിമകളാണ് ഞങ്ങളൊക്കെ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടാണ് ഇതിന് റിയലിസ്റ്റിക് സ്വഭാവം തെരഞ്ഞെടുത്തത്. അതിഭാവുകത്വം ഒട്ടുമില്ലാത്ത പരിചരണമാണ്. അല്പം അസാധാരണമായ ഒരു കഥയാണ് പറയുന്നതെങ്കിലും നമ്മുടെ ജീവിതത്തില്‍ സ്ഥിരം കാണുന്ന കാര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അത് പറയാന്‍ ശ്രമിച്ചു.''- പ്രശാന്ത് പറയുന്നു. പ്രശാന്തിന്റെ സുഹൃത്തായ നിഖില്‍ നരേന്ദ്രനാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്.  

യു.കെ. ഏഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം അതിശയങ്ങളുടെ വേനല്‍ നേടി. മുന്‍പ് മുംബൈ ചലച്ചിത്രമേളയിലും കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ശ്രദ്ധ നേടിയ  ചിത്രത്തിന്റെ ആദ്യ അന്താരാഷ്ട്ര പ്രദര്‍ശനമായിരുന്നു അത്. പിന്നീട് ന്യൂയോര്‍ക്ക്, മെല്‍ബേണ്‍, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലെ ചലച്ചിത്രമേളകളിലും ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. ചിത്രത്തിലെ ഒന്‍പതു വയസ്സുകാരന്‍ ആനന്ദിന്റെ വേഷം ചെയ്ത ചന്ദ്രകിരണിനെ സിങ്കപ്പൂര്‍ ചലച്ചിത്ര മേളയിലെ മികച്ച നടനായി വിഖ്യാത ചലച്ചിത്രകാരന്‍ ഗിരീഷ് കാസറവള്ളി ചെയര്‍മാനായ ജൂറി തെരഞ്ഞെടുത്തു.  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരജൂറിയുടെ പ്രത്യേക പരാമര്‍ശവും ചന്ദ്രകിരണിന്റെ അഭിനയത്തിനു ലഭിച്ചു.

ചെറിയ സിനിമയാണെങ്കിലും കലാപരമായോ സാങ്കേതികമായോ കോംപ്രമൈസ് ചെയ്യരുതെന്ന് ആദ്യമേ തീരുമാനിച്ചിരുന്നതായി പ്രശാന്ത് പറയുന്നു. ''ഈ സിനിമ പലതരത്തിലും ഒരു പരീക്ഷണമായിരുന്നു. അതില്‍  മുഴുവനായി വിജയിച്ചിട്ടില്ലായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. വിജയിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ കുറച്ചുകൂടി അംഗീകരിക്കപ്പെടുമായിരുന്നു. ഇതിന്റെ വൈകാരികതയും വരികള്‍ക്കിടയിലെ രാഷ്ട്രീയവുമെല്ലാം കുറച്ചുകൂടി തുറന്നു പറഞ്ഞിരുന്നെങ്കില്‍, ചിത്രം കുറച്ചുകൂടി പോപ്പുലര്‍ ആകുമായിരുന്നു. അടുത്ത തവണ സിനിമയെടുക്കുമ്പോള്‍ ഞാന്‍ എനിക്കു കൊടുക്കുന്ന ഗുണപാഠം ഇത്രയും മിനിമല്‍ ആവരുത് എന്നതാണ്.'' 

'അധികം ചെലവില്ലാതെ സാധാരണക്കാര്‍ക്കും സിനിമയെടുക്കാം എന്നുവന്നപ്പോഴാണ് ഇനി കാത്തിരിക്കേണ്ടതില്ലെന്നു തോന്നിയത്. എന്തിനാണ് ഞാന്‍ സിനിമ ചെയ്യുന്നതെന്ന് ചോദിച്ചാല്‍ അതെനിക്ക് വഴങ്ങുന്ന ഒരു മാധ്യമമായതുകൊണ്ടാണ്, അല്ലാതെ നൂറുകോടി ക്ലബ്ബില്‍ കയറാനോ സൂപ്പര്‍താരങ്ങളുടെ ഫാനായതുകൊണ്ടോ അല്ല. പടം വരയ്ക്കുക, എഴുതുക എന്നൊക്കെ പറയുന്നത് ആദ്യാവസാനം ഒരാളുടെ സൃഷ്ടിയാണ്. അങ്ങനെയുള്ള അടിസ്ഥാനകഴിവുകള്‍ എനിക്കില്ല. എനിക്ക് നന്നായി ചെയ്യാന്‍ കഴിയുന്നത് അങ്ങനെയുള്ളവരുടെ കഴിവുകളെ ഏകോപിക്കുക മാത്രമാണ്. അങ്ങനെ വരുമ്പോള്‍ എന്റെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഏറ്റവും നല്ല കലാരൂപം സിനിമ ആവുന്നു.'

അടുത്ത ചിത്രത്തിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് മൂന്നോ നാലോ ആശയങ്ങള്‍ സുഹൃത്തുക്കളുമായി സഹകരിച്ച് വികസിപ്പിച്ചിരുന്നു. പക്ഷേ അവയെല്ലാം കുറച്ചു വലിയ പ്രോജക്ടുകളാണ്. ഇപ്പോള്‍ എനിക്ക് ചെയ്യാന്‍ താത്പര്യം മറ്റൊരു കൊച്ചു ചിത്രമാണ്. എന്നാല്‍ ആശയത്തിലും അവതരണത്തിലും വ്യത്യസ്തമായിരിക്കണമെന്നുമുണ്ട്. ഒരു ചെറുകഥ വായിക്കുന്നപോലെ കാണാവുന്ന ഒരു സിനിമ. സാഹിത്യത്തോടും അഡാപ്‌റ്റേഷനോടുമുള്ള താത്പര്യം കൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ട ചെറുകഥകള്‍ കഴിയുന്നത്ര വായിച്ചുകൊണ്ടിരിക്കുന്നു. പറ്റിയ ഒരെണ്ണം ഇതുവരെ കിട്ടിയിട്ടില്ല.' പ്രശാന്ത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com