ബിനില്‍, ആഷ്ലി: തേനീച്ചകളുടെ സംരക്ഷകര്‍

വിപണിയില്‍ അത്ര സുലഭമല്ലാത്ത ചെറുതേന്‍ വികസിപ്പിച്ചെടുക്കാനായിരുന്നു ബിസിനസ്സുകാരനായ ബിനിലിന്റെ ആദ്യ ശ്രമം.
ആഷ്‌ലിയും ബിനിലും
ആഷ്‌ലിയും ബിനിലും

വ്യത്യസ്തമായ ഒരു സംരംഭത്തിനാണ് അങ്കമാലി സ്വദേശിയായ ബിനില്‍ തുടക്കം കുറിച്ചത്. ചെറുതേനീച്ചകള്‍ക്ക് സംരക്ഷണം നല്‍കുന്ന ഒരു സംരംഭം. വിപണിയില്‍ അത്ര സുലഭമല്ലാത്ത ചെറുതേന്‍ വികസിപ്പിച്ചെടുക്കാനായിരുന്നു ബിസിനസ്സുകാരനായ ബിനിലിന്റെ ആദ്യ ശ്രമം. ലാഭകരമായ കൃഷി എന്ന രീതിയില്‍ ഇത് നടത്താനാകില്ല, പകരം ശുദ്ധമായ ചെറുതേന്‍ എടുക്കുകയെന്നതു മാത്രമായിരുന്നു എന്റെ ലക്ഷ്യം. എന്നാല്‍, അതിനെക്കുറിച്ച് പഠിച്ച്, മനസ്സിലാക്കി, ഗവേഷണം നടത്തിക്കഴിഞ്ഞപ്പോള്‍ അവയെ സംരക്ഷിക്കാനായി അടുത്ത പദ്ധതി. നിലവില്‍ ചെറുതേന്‍ കൃഷി നടത്തുന്നവര്‍ വളരെ ചുരുക്കമാണ്. വന്‍തേനീച്ച കൃഷിയാണ് നമ്മുടെ സംസ്ഥാനത്ത് അധികവും- ബിനില്‍ പറയുന്നു. നിലവില്‍ 170 ചെറുതേനീച്ചകളുടെ കോളനികളുണ്ട് ബിനിലിന്. 

സത്യത്തില്‍ ചികിത്സയ്ക്കായി ഒരു ആയുര്‍വ്വേദ വൈദ്യന്റെയടുത്ത് പോയപ്പോഴാണ് ചെറുതേനിന്റെ വിലയറിഞ്ഞത്. സംസാരിക്കുന്ന കൂട്ടത്തില്‍ ചെറുതേന്‍ ചാലിക്കേണ്ട മരുന്നുകളൊന്നും ഇപ്പോള്‍ താനെഴുതാറില്ലെന്ന് അദ്ദേഹം പറഞ്ഞു. വിപണിയില്‍ കിട്ടുന്നതില്‍ ഭൂരിഭാഗവും വ്യാജനായിരിക്കും. അതില്‍ മരുന്നു ചേര്‍ത്ത് കഴിച്ചാല്‍ ദൂഷ്യഫലങ്ങളാകും ഉണ്ടാകുക. ഇനി കിട്ടിയാല്‍ത്തന്നെ അത് വന്‍തേനായിരിക്കും, അത് മരുന്ന് ചേര്‍ക്കാന്‍ പറ്റുകയുമില്ല. അതൊഴിവാക്കാന്‍ മരുന്നു കുറിക്കുന്നതു തന്നെ ഒഴിവാക്കിയിരുന്നു അദ്ദേഹം. അങ്ങനെയാണ് എനിക്ക് ഇതില്‍ താല്പര്യമുണ്ടാകുന്നത്. അങ്ങനെ ഇതിനായി ഇറങ്ങിയപ്പോഴാണ് ചില തിരിച്ചറിവുകള്‍ എനിക്കുണ്ടായത്. ഔഷധമൂല്യമുള്ള സസ്യങ്ങളില്‍നിന്ന് പരാഗണം നടത്തുന്നത് ചെറുതേനീച്ചകളാണ്. മുക്കുറ്റി, തുമ്പ തുടങ്ങി നമ്മുടെ മുട്ടിനു താഴെയുള്ള ചെടികളിലാണ് ഇവര്‍ പരാഗണം നടത്തുക. ചെറുചെടികളില്‍ പരാഗണം നടത്താന്‍ ഇവയ്‌ക്കേ കഴിയൂ. പൂക്കളില്‍നിന്നു മാത്രമല്ല, ഔഷധസസ്യങ്ങളിലെ ചെറിയ പുഷ്പങ്ങളില്‍ നിന്നുപോലും തേന്‍ ശേഖരിക്കും- ബിനില്‍ പറയുന്നു. 

ചെറുതേനീച്ചയുടെ സമ്പര്‍ക്കത്തിലൂടെ പരാഗണസാധ്യത വര്‍ധിക്കുന്നു. അങ്ങനെ കൃഷിക്കും ഗുണം. ഇന്ന് ഈ ചെടികളും കുറവാണ്. പരാഗണം കുറവായതിനാല്‍ തേനീച്ചകളും കുറവാണ്. നമ്മളൊന്നും അതു ശ്രദ്ധിക്കുന്നില്ലെന്ന് മാത്രം. പരിസ്ഥിതിയില്‍ കാര്യമായ മാറ്റം സംഭവിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഇതുതന്നെ ധാരാളം. അങ്ങനെയാണ് ചെറുതേനീച്ചകളെ സംരക്ഷിക്കേണ്ടത് ഒരു ആവശ്യമായിട്ട് തോന്നിത്തുടങ്ങിയത്- ബിനില്‍ പറയുന്നു. ചെറുതേനീച്ചകളെ കിട്ടാന്‍ എളുപ്പമല്ല. വന്‍തേനീച്ചകളെ കൂടായിട്ട് വാങ്ങി കോളനി വിഭജിക്കാനാവും. എന്നാല്‍, ചെറുതേനീച്ചകള്‍ക്ക് അതു പറ്റില്ല. എവിടുന്നെങ്കിലും കുറച്ച് തേനീച്ചകളെ വാങ്ങിക്കൊണ്ട് വന്നു വളര്‍ത്താനായിരുന്നില്ല ലക്ഷ്യം. സംരക്ഷണം എന്നതിനാണ് ഞാന്‍ മുന്‍തൂക്കം നല്‍കിയത്.

അങ്ങനെയാണ് ബിനിലും സഹായി ആഷ്ലിയും പുതിയ സാധ്യതകള്‍ കണ്ടെത്തിയത്. പഴയ വീടുകള്‍ പൊളിക്കുന്ന ആളുകളുമായി ബന്ധപ്പെടും. അങ്ങനെ ഏതെങ്കിലും വീടുകള്‍ പൊളിക്കുമ്പോള്‍ തേനീച്ചയെ കണ്ടാല്‍ ആ വിവരം അവരറിയിക്കും. ഞങ്ങളത് കളക്ട് ചെയ്തു സൂക്ഷിക്കും. മരംവെട്ടുന്നവര്‍ തേനീച്ചകളെ കണ്ടാല്‍ വിവരം അറിയിക്കും. ഇങ്ങനെ 170 ഓളം കോളനികളാണ് ബിനിലും സഹായിയും കൂടി സംരക്ഷിക്കുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര് വരെയുള്ള ചെറുതേനീച്ച കര്‍ഷകരുമായി ഞങ്ങള്‍ ബന്ധപ്പെട്ട് വിവരം ശേഖരിച്ചിട്ടുണ്ട്. ഇതെങ്ങനെയാണ് ചെയ്യേണ്ടതെന്ന വ്യക്തത അങ്ങനെ ഞങ്ങള്‍ നേടി. ലാഭകരമായ കൃഷി ചെയ്യാന്‍ ലക്ഷ്യമിടുന്നവര്‍ക്ക് അനുയോജ്യമല്ല ചെറുതേനീച്ച വളര്‍ത്തല്‍. അതുകൊണ്ടാണ് കര്‍ഷകരാരും തേനീച്ച സംരക്ഷണത്തിലേക്ക് വരാത്തതും. 

ഒരു കോളനിയില്‍നിന്ന് വര്‍ഷം 350- 400 ഗ്രാം ചെറുതേനാകും ലഭിക്കുക. ഒരു വര്‍ഷത്തെ ഇതിന്റെ പരിപാലനം കഴിഞ്ഞ് വിറ്റാല്‍ കിട്ടുന്ന പരമാവധി തുക 800 രൂപയാകും. അത് ലാഭകരമല്ല. അതുകൊണ്ടാണ് ആരും ഇതിനു പിറകേ പോകാത്തതും സംരക്ഷിക്കാത്തതും. പക്ഷേ, ഞാന്‍ ഇഷ്ടത്തോടെ ചെയ്യുന്നതാണ്. അതിനായി കുറച്ച് പൈസ ഞാന്‍ മാറ്റിവച്ചിട്ടുണ്ട്. അട്ടപ്പാടിയില്‍നിന്നും കണ്ണൂരില്‍നിന്നും തേനീച്ചക്കോളനികള്‍ ഞങ്ങള്‍ വാങ്ങിയിട്ടുണ്ട്. അതൊരു ഗവേഷണത്തിന്റെ ഭാഗമായി ചെയ്തതാണ്. പ്രാദേശിക വ്യത്യാസം തേനീച്ചകളെ എങ്ങനെ ബാധിക്കുമെന്ന് തിരിച്ചറിയാന്‍ വേണ്ടീട്ടാണ് അതു ചെയ്തത്. ആ ഭാഗത്തുള്ള തേനീച്ചകള്‍ ഇവിടെ വരുമ്പോള്‍ അതിനെന്ത് സംഭവിക്കും എന്നറിയാന്‍ കൗതുകമുണ്ടായിരുന്നു- ബിനില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com