റെസ്റ്റൂക്ക: നാല് എന്‍ജിനീയര്‍മാര്‍ തുടങ്ങിയ സ്റ്റാര്‍ട്ട്അപ്പ് 

ഡെലിവറി കമ്പനികളും ഹോട്ടല്‍ ഉടമകളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സമയത്താണ് റസ്റ്റൂക്ക എന്ന പുതിയ ആപ്പിന്റെ വരവ്.
അഭിജിത് ആര്‍. കൃഷ്ണ, ശ്രീരാജ് ആര്‍., മുഹമ്മദ് ഷഹജാദ് എസ്., നിഖില്‍ സോമന്‍
അഭിജിത് ആര്‍. കൃഷ്ണ, ശ്രീരാജ് ആര്‍., മുഹമ്മദ് ഷഹജാദ് എസ്., നിഖില്‍ സോമന്‍

ഡെലിവറി കമ്പനികളും ഹോട്ടല്‍ ഉടമകളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സമയത്താണ് റസ്റ്റൂക്ക എന്ന പുതിയ ആപ്പിന്റെ വരവ്. ക്ലൗഡ് ബെയ്‌സ്ഡ് റസ്റ്റോറന്റ് മാനേജ്‌മെന്റ് സംവിധാനമാണ് റസ്റ്റൂക്ക. ഓര്‍ഡറുകളെടുക്കാനും സ്റ്റോക്ക് അറിയാനും ബില്ലിങും ഹോം ഡെലിവറി എന്‍ക്വയറികള്‍ കൈകാര്യം ചെയ്യാനുമൊക്കെ ഈ ആപ്പിലൂടെ സാധിക്കും. റസ്റ്റോറന്റുകള്‍ക്ക് ആവശ്യമായ ഒരു ടോട്ടല്‍ സൊല്യൂഷനാണ് ഈ ആപ്പ്. എന്‍ജിനീയറിംഗ് ബിരുദധാരികളായ നാലു പേരുടെ കൂട്ടായ്മയാണ് ഈ സ്റ്റാര്‍ട്ട് അപ്പിനു പിന്നില്‍. ഇത്തരമൊരു സംരംഭത്തിലേക്ക് എത്തിപ്പെട്ട വഴികള്‍ സഹസ്ഥാപകനായ നിഖില്‍ പറയുന്നു
പത്തനംതിട്ട മുസ്ലിയാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ സഹപാഠികളായിരുന്നു ഞങ്ങള്‍ നാലു പേരും. വ്യത്യസ്ത രീതിയില്‍ ചിന്തിക്കുന്ന ഈ കൂട്ടായ്മയുടെ ആദ്യ സംരംഭമായിരുന്നു cybroze.com എന്ന ടെക് ബ്ലോഗ്. എല്ലാത്തിന്റേയും തുടക്കം അവിടെനിന്നായിരുന്നു. അത്യാവശ്യം ഇന്റര്‍നെറ്റ്  ട്രാഫിക്കും അതുവഴി ചെറിയ വരുമാനവും ഈ ബ്ലോഗ് വഴി കിട്ടിയിരുന്നു. അങ്ങനെയാണ് ഒരു വ്യത്യസ്തമായ സോഫ്റ്റ് വെയര്‍ പ്രൊഡക്റ്റ് അവതരിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തത്- നിഖില്‍ സോമന്‍ പറയുന്നു.

കോളേജിലെ സ്റ്റാര്‍ട്ട് അപ് സോണിലെടുത്ത ഒരു ചെറിയ ഓഫീസ് സ്‌പെയിസില്‍ നിന്നാണ് റസ്റ്റൂക്കയുടെ തുടക്കം. ഭാവിയിലെ റസ്റ്റോറന്റുകള്‍ എന്ന പേര് കടമെടുത്ത് റസ്റ്റൂക്ക എന്ന പേരുമിട്ടു. എന്നാല്‍ പത്തനംതിട്ട പോലൊരു സ്ഥലത്തെക്കാള്‍ എന്തുകൊണ്ടും ഒരു നഗരമായിരുന്നു കൂടുതല്‍ സൗകര്യം. അങ്ങനെയാണ് റസ്റ്റൂക്ക തിരുവനന്തപുരത്ത് എത്തുന്നത്. സിസ്ലിന്റെ ടെക്നോളജീസ് സി.എം.ഡിയായ ഷെറിന്‍ മോന്‍ ആവശ്യമായ സഹായങ്ങളെല്ലാം വാഗ്ദാനം ചെയ്തു. അങ്ങനെയാണ് പെന്റാജന്റ് ടെക്നോളജീസ് സ്ഥാപിക്കുന്നത്. വിശദമായ ഒരു മാര്‍ക്കറ്റ് സ്റ്റഡിയായിരുന്നു ആദ്യം ചെയ്തത്. അതുവഴി റസ്റ്റോറന്റ് മേഖലയിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും മനസ്സിലാക്കാനും ഇവര്‍ക്കു കഴിഞ്ഞു. അതിനനുസരിച്ചാണ് റസ്റ്റൂക്ക വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. മറ്റുള്ള ഡെലിവറി കമ്പനികളെപ്പോലെ ഇടനിലക്കാരായി നില്‍ക്കാതെ റസ്റ്റോറന്റുകള്‍ നേരിട്ട് ഡെലിവറി നടത്തുന്ന സംവിധാനത്തിലേക്ക് റസ്റ്റൂക്ക എത്തി. അതായത് ഹോട്ടലും കസ്റ്റമറും നേരിട്ടായി ബന്ധം.

കമ്മീഷന്‍ നിരക്ക് ഇല്ലാത്തതിനാല്‍ റസ്റ്റോറന്റുകള്‍ക്കും താല്പര്യമാണ് റസ്റ്റൂക്കയോട്. പരാതികള്‍ ഒഴിവാക്കി കുറ്റമറ്റ രീതിയില്‍ വലിയ അധ്വാനമില്ലാതെ വിതരണം സംവിധാനം കൈകാര്യം ചെയ്യാന്‍ റസ്റ്റൂക്കയായിരുന്നു ഭേദം. ആശാവഹമായ പ്രതികരണമാണ് റസ്റ്റൂക്കയ്ക്കുണ്ടായത്. കഴിഞ്ഞ വര്‍ഷം അവസാനമാണ് റസ്റ്റൂക്ക വിപണിയിലെത്തിയത്. കസ്റ്റമേഴ്സിന്റെ പ്രതികരണം മികച്ചതായിരുന്നെന്ന് നിഖില്‍ പറയുന്നു. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസ്സിയേഷന്‍ കമ്പനിയുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കമ്മീഷന്‍ നിരക്ക് കൊടുക്കാതെ സ്വന്തം നിലയ്ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ അവര്‍ക്ക് കഴിയും. അതുകൊണ്ടുതന്നെ ഹോട്ടലുടമകള്‍ക്ക് ഈ സോഫ്റ്റ് വെയറിനോട് വലിയ താല്പര്യമാണ്.

നിലവില്‍ എറണാകുളം ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ 4000 ഹോട്ടലുകളില്‍ അന്‍പതു ശതമാനം ഓര്‍ഡറുകള്‍ ഓണ്‍ലൈന്‍ ആപ്പുകളില്‍നിന്നാണ്. ഓണ്‍ലൈന്‍  ഭക്ഷണ വിതരണത്തില്‍ ഏറ്റവും മുന്നില്‍ കൊച്ചിയാണ്. ഭക്ഷണം ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് ഒരു ഫാഷന്‍ പോലെയായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇത് ഏറ്റവുമധികം ബാധിക്കുന്നതും കൊച്ചി നഗരത്തെയാണ്. കൊച്ചി നഗരത്തില്‍ മാത്രമായി പ്രതിദിനം 25,000 പേര്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഭക്ഷണം വീടുകളിലേക്ക് എത്തിക്കുന്നുണ്ട്. 40 മുതല്‍ 50 ലക്ഷം രൂപ വരെയുള്ള കച്ചവടമാണ് ഓണ്‍ലൈന്‍ ശൃംഖലയുമായി ബന്ധിപ്പിച്ച 200 ഹോട്ടലുകളില്‍ നടക്കുന്നത്.  കോഴിക്കോട് ഓണ്‍ലൈന്‍ ഭക്ഷണാവ്യാപാരം തുടങ്ങാനുള്ള ശ്രമം ഹോട്ടലുടമകള്‍ തടഞ്ഞിരുന്നു.

കൊച്ചിക്കു പുറമേ തിരുവനന്തപുരത്തും കോഴിക്കോടും ഡെലിവറി തുടങ്ങിയിട്ടുണ്ട്. ഹോട്ടലുടമകളില്‍നിന്ന് 30 ശതമാനം കമ്മീഷനും ഫുഡ് ഓര്‍ഡറുകളില്‍നിന്ന് 18 ശതമാനവുമാണ് ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ ഈടാക്കുന്നത്. ഈ കമ്മീഷന്‍ നിരക്ക് അനുവദിക്കാനാവില്ലെന്ന് പറഞ്ഞ് ഹോട്ടലുടമകളുടെ സംഘടനകള്‍ കഴിഞ്ഞ ഡിസംബറില്‍ പത്തു ദിവസത്തേക്ക് ഓണ്‍ലൈന്‍ ഡെലിവറികള്‍ എടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വന്തം നിലയില്‍ കൈകാര്യം ചെയ്യുന്ന ഡെലിവറി ആപ്പുകളെക്കുറിച്ച് അന്വേഷണം വന്നത്. ഹോട്ടല്‍ മെനുവിനെക്കാളും വില കുറവിലാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളിലെ ഭക്ഷണവില. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണവ്യാപാരം ചുവടുറപ്പിച്ച് മുന്നേറിയാല്‍ പിന്നീട് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന തലത്തിലേക്ക് ഇവര്‍ നീങ്ങുമോ എന്ന ഭയവും ഹോട്ടലുടമകള്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റസ്റ്റൂക്ക പോലെയുള്ള സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രസക്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com