അടിമയുടെ സ്വര്‍ഗ്ഗരാജ്യം: ആര്‍എസ് കുറുപ്പ് എഴുതുന്നു

അടിമത്തം അവസാനിപ്പിച്ച അമേരിക്കന്‍ ആഭ്യന്തരയുദ്ധം ആരംഭിക്കാന്‍ കാരണമായതെന്ന് എബ്രഹാം ലിങ്കണ്‍ വിശേഷിപ്പിച്ച  അങ്കിള്‍ ടോംസ് ക്യൂബന്‍ എന്ന പുസ്തകത്തെക്കുറിച്ച്
അങ്കിള്‍ ടോംസ് ക്യാബിന്റെ ഇലസ്‌ട്രേഷന്‍
അങ്കിള്‍ ടോംസ് ക്യാബിന്റെ ഇലസ്‌ട്രേഷന്‍



ര്‍ക്ക് വായിക്കാന്‍ വേണ്ടിയാണ് താനീ പുസ്തകം എഴുതുന്നതെന്നുള്ള കാര്യത്തില്‍ ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. അത് അടിമകളായിരുന്ന കറുത്ത വര്‍ഗ്ഗക്കാരായിരുന്നില്ല. കാരണം അവര്‍ക്ക് വായിക്കാനറിയുമായിരുന്നില്ല. അക്കാലത്തെ വെളുത്ത വര്‍ഗ്ഗക്കാരായ അമേരിക്കക്കാരെ രണ്ടു വിഭാഗമായി തരംതിരിക്കാം. അടിമഉടമകളും അല്ലാത്തവരും. ഈ രണ്ടു കൂട്ടരേയും ഉദ്ദേശിച്ചാണ് ഹാരിയറ്റ് തന്റെ ഗ്രന്ഥം രചിച്ചിരിക്കുന്നത്. ഈ പുസ്തകത്തിന്റെ വിഷയം ഒരടിമയുടെ അല്ലെങ്കില്‍ ഒരു കൂട്ടം അടിമകളുടെ ദുരിതജീവിതമാണെന്നു പറയുന്നതു ഭാഗിക സത്യം മാത്രമായിരിക്കും. ഈ പുസ്തകം അടിമത്ത്വസമ്പ്രദായത്തെക്കുറിച്ചു കൃത്യമായി പറഞ്ഞാല്‍ അതിവിഹീനമായ അത്തരമൊരു സമ്പ്രദായം സാദ്ധ്യമാക്കുന്ന ചരിത്ര സാമൂഹ്യസന്ദര്‍ഭങ്ങളെക്കുറിച്ചുള്ള വിശദമായ അവലോകനമാണ്. എന്തിനുവേണ്ടിയാണ് താനീ പുസ്തകം എഴുതുന്നതെന്ന്, പുസ്തകത്തിന്റെ പ്രയോജനം എന്തെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ തന്നെ വ്യക്തമാക്കുന്നുണ്ട് ഹാരിയറ്റ്, അടിമവ്യവസ്ഥ എന്നേയ്ക്കുമായി അവസാനിപ്പിക്കുക. മോചനത്തില്‍ കുറഞ്ഞതൊന്നും ഒരടിമയെ തൃപ്തിപ്പെടുത്തുകയില്ല. വെള്ളക്കാര്‍ക്ക് അടിമത്ത്വത്തോടുണ്ടായിരുന്ന സമീപനം നിശിതമായ വിമര്‍ശനത്തിനു വിധേയമാകുന്നു. തെക്കുള്ള നല്ല യജമാനരുടേയും വടക്കുള്ള അടിമത്ത വിരോധികളുടേയും മനോഭാവങ്ങള്‍ ഫലത്തില്‍ അടിമവ്യവസ്ഥ ശാശ്വതീകരിക്കാന്‍ മാത്രമേ കാരണമാവൂ എന്നുതന്നെയാണ് ഹാരിയറ്റ് പറഞ്ഞുറപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആ മനോഭാവം പൂര്‍ണ്ണമായി ഉപേക്ഷിച്ച് ഈ സമ്പ്രദായത്തിനൊരറുതി വരുത്താന്‍ ക്രിസ്തീയമായ സ്‌നേഹമാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്യുന്നു. പുസ്തകം പ്രസിദ്ധപ്പെടുത്തി ഒരു ദശകത്തിനകം വിജയകരമായ ഒരു ആഭ്യന്തരയുദ്ധത്തിലൂടെ അമേരിക്കന്‍ അടിമത്ത്വം നിയമപരമായെങ്കിലും അവസാനിപ്പിക്കുകയും ചെയ്തു. 

അടിമവ്യവസ്ഥ ഏറ്റവും മൃദുവായ രൂപത്തില്‍  നിലനിന്നിരുന്ന സംസ്ഥാനമാണ് കെന്റെക്കി. അവിടെ സ്‌നേഹവും കാരുണ്യവുമുള്ള ഒരു യജമാനന്റെ വീടിന്റെ നടുത്തളത്തില്‍ രണ്ടു മാന്യന്മാര്‍, വീട്ടുടമസ്ഥന്‍ ഷെല്‍ബിയും വ്യാകരണത്തോടു വലിയ ബഹുമാനമില്ലാത്ത ഹാലി എന്നൊരാളും തമ്മില്‍ നടത്തിയ സംഭാഷണത്തോടു കൂടിയാണ് നോവല്‍ ആരംഭിക്കുന്നത്. 

നല്ല യജമാനന്‍ എന്ന മിത്ത്

മാന്യനായിരുന്ന ഷെല്‍ബി പക്ഷേ, ഊഹക്കച്ചവടത്തില്‍ തല്‍പ്പരനായിരുന്നു. നിയന്ത്രണമില്ലാത്ത ആ വ്യാപാരം നഷ്ടത്തില്‍ കലാശിച്ചു. കുറച്ച് ആസ്തികള്‍ വില്‍ക്കാതെ മാര്‍ഗ്ഗമില്ലെന്നായി. ഏറ്റവും എളുപ്പം വില്‍ക്കാന്‍ കഴിയുന്ന ആസ്തി അടിമകളായിരുന്നു അക്കാലത്ത്. കമ്പോളത്തില്‍ ഷെല്‍ബി നല്‍കിയിരുന്ന കടപത്രങ്ങളെല്ലാം സ്വന്തം പേരില്‍ വാങ്ങി അദ്ദേഹത്തോട് വിലപേശാനെത്തിയിരിക്കുകയായിരുന്നു അടിമക്കച്ചവടക്കാരനായ ഹാലി. അയാള്‍ ആവശ്യപ്പെടുന്നതു നല്‍കിയില്ലെങ്കില്‍ ആ വീടിനെ സാമ്പത്തികമായി തകര്‍ക്കാന്‍ അയാള്‍ക്കു കഴിയുമായിരുന്നു. അയാള്‍ തെരഞ്ഞെടുത്തതോ, ഷെല്‍ബിയുടെ കാര്യസ്ഥനും വിശ്വസ്തനും ഭൃത്യന്മാരുടെ തലവനും എല്ലാമായിരുന്ന ടോമിനേയും മിസിസ്സ് ഷെല്‍ബിയുടെ വാത്സല്യഭാജനം കൂടിയായ പരിചാരിക എലിസയുടെ അഞ്ചുവയസ്സുകാരന്‍ മകന്‍ ഹാരിയേയും. താന്‍ കൈക്കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ കൂടെയുണ്ടായിരുന്ന ടോമിനെ അധികം താമസിയാതെ നിയമപരമായി സ്വതന്ത്രനാക്കാന്‍ ഷെല്‍ബി തീരുമാനിച്ചിരുന്നു. ക്വാഡ്രൂണ്‍ - നാലിലൊന്നു മാത്രം കറുപ്പുരക്തമുള്ള - ആയ എലിസയെ തീരെ കുട്ടിയായിരിക്കുമ്പോള്‍ ഷെല്‍ബി തെക്കുനിന്നു വാങ്ങിക്കൊണ്ടുവന്നതാണ്. മിസ്സിസ് ഷെല്‍ബി അവളെ എഴുത്തും വായനയും പഠിപ്പിച്ചു. വാത്സല്യത്തോടെ പെരുമാറി. തന്റെ വിളിപ്പുറത്തു തന്നെ നില്‍ക്കുന്ന വിശ്വസ്ത പരിചാരികയാക്കി. യൗവ്വനാരംഭത്തില്‍ത്തന്നെ മറ്റൊരാളുടെ അടിമയായ ജോര്‍ജ്ജ് എന്ന യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.

ഹാരിയറ്റ് ബീച്ചര്‍ സ്‌റ്റോവിന്‍
ഹാരിയറ്റ് ബീച്ചര്‍ സ്‌റ്റോവിന്‍

അടിമജീവിതം ദുസ്സഹമായിരിക്കുകയാണെന്നും കാനഡയിലേയ്ക്ക് രക്ഷപ്പെടാന്‍ താനുറപ്പിച്ചിരിക്കുകയാണെന്നും ജോര്‍ജ്ജ് എലിസയെ അറിയിച്ചിരുന്ന അന്ന് ഹാലി വന്ന ദിവസം കാലത്ത് തന്റെ കുഞ്ഞുമകന്‍ വില്‍ക്കപ്പെട്ടുവെന്ന കാര്യം എലിസ അന്നു വൈകുന്നേരം തന്നെ അറിഞ്ഞു. തന്റെ യജമാനത്തിക്ക് തന്നോടും മകനോടും എത്രതന്നെ വാത്സല്യവും സ്‌നേഹവും ഉണ്ടെങ്കിലും ആ വില്‍പ്പന തടയാന്‍ കഴിയുകയില്ലെന്നും അവള്‍ മനസ്സിലാക്കി. ''ഞാനെന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താമോ എന്നു ശ്രമിച്ചു നോക്കാന്‍ പോകുന്നു ദൈവം അവിടുത്തെ അനുഗ്രഹിക്കട്ടെ; എന്നോടു കാണിച്ച ദയാവായ്പിനെല്ലാം പ്രതിഫലം തരട്ടെ.'' അവന്‍ തന്റെ മിസ്സിസിനൊരു കുറിപ്പു എഴുതി വച്ചു.

രാത്രി അവള്‍ കുഞ്ഞുമായി അങ്കിള്‍ ടോമിന്റെ ക്യാബിന്റെ ജനാലയിലേക്കു പോയി. വിശ്വസ്തനായ ഒരു നീഗ്രോ വീട് എന്നു പറയുന്നത് യജമാനന്റെ വസതിയെക്കുറിച്ചാണ്. തന്റെ പാര്‍പ്പിടത്തെ വിശേഷിപ്പിക്കാന്‍ അയാള്‍ മാടം, കുടില്‍ എന്നൊക്കെ അര്‍ത്ഥമുള്ള ക്യാബിന്‍ എന്ന പദമാണ് ഉപയോഗിക്കുക. 
ടോം എലിസയെ തടയാന്‍ ശ്രമിച്ചില്ല. അവള്‍ പോകട്ടെ, അതവളുടെ അവകാശമാണ്. പക്ഷേ, ക്ലോയി നിര്‍ബന്ധിച്ചിട്ടും ടോം അങ്ങനെ ഓടിപ്പോകാന്‍ തയ്യാറായില്ല. ''നീ കേട്ടില്ലേ? എന്നെ വിറ്റില്ലെങ്കില്‍ വീടടക്കം എല്ലാവരേയും വില്‍ക്കേണ്ടിവരും'' അയാള്‍ കരഞ്ഞുപോയി. ടോമിനറിയാമായിരുന്നു താനേറെ സ്‌നേഹിക്കുന്ന തന്റെ കുടുംബത്തോട് അവസാനമായി യാത്ര പറയുകയാണെന്ന്.

നല്ല യജമാനന്‍ എന്ന മിത്ത് തകരുന്നത് ഈ ഘട്ടത്തില്‍ത്തന്നെ നാം കാണുന്നു. ഷെല്‍ബി നല്ല മനുഷ്യനാണ്. ടോമിന് എല്ലാം സൗകര്യങ്ങളും നല്‍കിയിരുന്നു. പക്ഷേ, തന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏറ്റവും സൗകര്യപ്രദമായ മാര്‍ഗ്ഗം ടോമിനേയും  എലിസയുടെ  കൈക്കുഞ്ഞിനേയും വില്‍ക്കുന്നതാണെന്നു വന്നപ്പോള്‍ ഒരു മനസ്സാക്ഷിക്കുത്തും അയാള്‍ക്ക് അനുഭവപ്പെട്ടില്ല. മിസ്സിസ് ഷെല്‍ബിക്ക് പക്ഷേ, മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടുക തന്നെ ചെയ്തു. എന്നാല്‍, അവര്‍ക്ക് ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എലിസയ്ക്കുവേണ്ടിയുള്ള വേട്ട കുറച്ചു സമയത്തേയ്ക്കു താമസിപ്പിക്കാനല്ലാതെ. അടിമകളെപ്പോലെ തന്നെ

വോട്ടവകാശമില്ലാത്തവരായിരുന്നു  സ്ത്രീകളും. ഈ പുസ്തകം എഴുതപ്പെടുന്ന കാലത്താണ് സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടിയുള്ള ആദ്യ സമ്മേളനം നടക്കുന്നത്. (1848-ലെ സെനേക്കാ കണ്‍വെന്‍ഷന്‍) അതിനെക്കുറിച്ചൊന്നും ഒരു പരാമര്‍ശവും നോവലില്ല. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചു പറയാന്‍ നോവലിസ്റ്റ് ഉദ്ദേശിച്ചിട്ടുണ്ടെന്നു തോന്നുന്നുമില്ല. സ്ത്രീയുടെ അസ്വാതന്ത്ര്യവും കര്‍ത്തൃത്വശൂന്യതയും  പക്ഷേ, മിസ്സിസ് ഷെല്‍ബിയെപ്പോലുള്ളവരുടെ നിസ്സഹായതയില്‍നിന്നു വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നു.
മറ്റൊരു നിയമം പക്ഷേ, പ്രതികൂല വിമര്‍ശനത്തിനു വിധേയമാകുന്നണ്ടതില്‍. എന്നു മാത്രമല്ല, 1850-ലെ ആ നിയമമാണ് ഈ നോവല്‍ രചനയ്ക്ക് ഹാരിയറ്റിനെ പ്രേരിപ്പിച്ച കാര്യങ്ങളില്‍ പ്രധാനമായ ഒന്ന്. അടിമത്തത്തില്‍നിന്നു രക്ഷപ്പെട്ടു വരുന്ന കറുത്തവര്‍ഗ്ഗക്കാരെ പിടികൂടാന്‍ സഹായിക്കേണ്ടത് അടിമത്തം നിലവിലില്ലാത്ത സംസ്ഥാനങ്ങളിലെ പൗരന്മാരുടേയും നിയമപരമായ ബാദ്ധ്യതയാക്കി വ്യവസ്ഥചെയ്ത നിയമമാണത്. അങ്ങനെ രക്ഷപ്പെടുന്നവര്‍ക്ക് ആഹാരമോ വസ്ത്രമോ കിടക്കാനിടമോ നല്‍കുന്ന സ്വതന്ത്ര പൗരന്‍ കുറ്റത്തില്‍ പങ്കാളിയായി കണക്കാക്കപ്പെടുകയും ചെയ്യും. വടക്കോട്ട് സഞ്ചരിച്ച് കാനഡയില്‍ അഭയം നേടാന്‍ ശ്രമിക്കുന്ന കറുത്തവര്‍ഗ്ഗക്കാരുടെ പ്രയാണം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കി ഈ നിയമം. കുഞ്ഞിനേയും കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന എലിസയുടെ അനുഭവങ്ങളുടെ വിവരണങ്ങളിലൂടെ ഈ നിയമത്തിന്റെ കാര്‍ക്കശ്യം മാത്രമല്ല, അത്തരമൊരു നിയമം സൃഷ്ടിക്കാന്‍ തയ്യാറായ വടക്കന്‍ സംസ്ഥാനങ്ങളിലെ അടിമത്ത വിരോധികളുടെ ഹിപ്പോക്രസിയും തുറന്നു കാണിക്കുന്നു ഹാരിയറ്റ്.

സാഹസികമായ ഒരു യാത്രയായിരുന്നു എലിസയുടേത്. തന്നെ പിന്‍തുടര്‍ന്ന ഹാലിയില്‍നിന്നു രക്ഷപ്പെടാന്‍ ഹിമഖണ്ഡങ്ങള്‍ ഒഴുകിനടക്കുന്ന ഒഹായോ നദിയിലേക്ക് എടുത്തുചാടി അവള്‍. കുഞ്ഞിനേയുംകൊണ്ട് ഒരു മഞ്ഞുപാളിയില്‍നിന്നു മറ്റൊന്നിലേയ്ക്ക് ചാടി മറുകരയിലെത്തി. അസാദ്ധ്യമെന്നുതന്നെ കരുതാവുന്ന ഒരു കൃത്യം. പക്ഷേ, താനിത് എഴുതുന്നത് ഒരു യഥാര്‍ത്ഥ സംഭവത്തെ മനസ്സില്‍വെച്ചുകൊണ്ടാണെന്ന് ഹാരിയറ്റ് നോവലിന്റെ അവസാന അദ്ധ്യായത്തില്‍ പറയുന്നുണ്ട്. 
ന്യൂ ഓര്‍ലീന്‍സിലെ മനുഷ്യച്ചന്തയില്‍ ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്ന ബന്ധശൈഥില്യങ്ങള്‍ക്ക് തല്‍ക്കാലം സാക്ഷിയാവേണ്ടിവന്നില്ല ടോമിന്, അവിടുത്തെ അപമാനകരമായ ക്രയവിക്രയ പരിപാടിയില്‍ പങ്കെടുക്കേണ്ടിയും വന്നില്ല. കാരണം കപ്പലില്‍ വെച്ചു പരിചയപ്പെടുക മാത്രമല്ല, വെള്ളത്തില്‍ വീണിടത്തുനിന്ന് അയാള്‍ രക്ഷപ്പെടുത്തുക കൂടി ചെയ്ത മാലാഖപോലൊരു പെണ്‍കുട്ടി. ഇവാ, ഇവാന്‍ ജലിന്‍ സെന്റ് ക്ലയര്‍ അയാളെ വിലക്കുവാങ്ങാന്‍ അവളുടെ അച്ഛനെ നിര്‍ബന്ധിച്ചു. അഗസ്റ്റിന്‍ സെന്റ് ക്ലയര്‍ അതിനു തയ്യാറാവുകയും ചെയ്തു.

ഷെല്‍ബിയെപ്പോലെ, അല്ല അതിനെക്കാള്‍ നല്ല ഒരു യജമാനനായിരുന്നു അഗസ്റ്റിന്‍. കാനഡയില്‍നിന്ന് ന്യൂഓര്‍ലീന്‍സിലേക്കു കുടിയേറിയ ഒരു തോട്ടമുടമയുടെ ഇരട്ടക്കുട്ടികളില്‍ ഒരുവനായിരുന്ന അഗസ്റ്റിന്‍ സെന്റ് ക്ലയര്‍.
കുഞ്ഞിനെപ്പോലെ നിഷ്‌കളങ്കനും സ്‌നേഹസമ്പന്നനും ആയ ഒരു മുതിര്‍ന്ന കറുത്തമനുഷ്യനും മാലാഖയെപ്പോലുള്ള ഒരു വെളുത്ത പെണ്‍കുട്ടിയുമായുള്ള ആ ബന്ധത്തിന്റെ പേരില്‍ മാത്രമല്ല പുസ്തകത്തിലെ സെന്റ് ക്ലയര്‍ വിഭാഗം ശ്രദ്ധേയമാകുന്നത്. അടിമത്തത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ പലതും ഇവിടെ ഗൗരവപൂര്‍വ്വമായി ചര്‍ച്ച ചെയ്യപ്പെടുന്നു. വീടു ഭരണത്തില്‍ അഗസ്റ്റിനെ സഹായിക്കാന്‍ വെര്‍മോണ്ടില്‍ നിന്നെത്തിയ (പിതൃസഹോദരീപുത്രി) ഒഫീലിയ സ്വാഭാവികമായും അടിമത്ത സമ്പ്രദായത്തിനെതിരാണ്, കറകളഞ്ഞ ക്രിസ്തീയ വിശ്വാസിയുമാണ്. വടക്കുള്ള അബോളിഷനിസ്റ്റുകള്‍ എന്നറിയപ്പെടുന്നവരുടെ നിലപാടിലെ കാപട്യം ഒഥീലയുടെ പറച്ചിലിലേയും പ്രവൃത്തിയിലേയും വൈരുദ്ധ്യങ്ങള്‍ തുറന്നുകാണിക്കുന്നു. ഹാരിയറ്റ് നോവലിന്റെ രൂപഭംഗിക്കു കോട്ടം തട്ടാതെ തന്നെ ഈ ഖണ്ഡത്തില്‍.
ഈ പുസ്തകം തെക്കുള്ള അടിമ ഉടമകളേയും വടക്കുള്ള അബോളിഷനിസ്റ്റുകളേയും ഉദ്ദേശിച്ചെഴുതപ്പെട്ടിട്ടുള്ളതാണ്  എന്നുകൂടി വിദഗ്ദ്ധമായി സൂചിപ്പിക്കുന്നു ബ്രീച്ചര്‍ സ്റ്റോം.
മാര്‍ക്‌സും മറ്റും തങ്ങളുടെ പ്രധാന സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയാണ് ഈ നോവല്‍. അവരുടെ സിദ്ധാന്തങ്ങളുടെ അനുരണനങ്ങള്‍ ശ്രദ്ധാലുവായ ഒരു വായനക്കാരന് ഇതില്‍ കണ്ടെത്താന്‍ കഴിയും. ഉദാഹരണത്തിന് സെന്റ് ക്ലയര്‍ ഒഫീലിയ ചേച്ചിയോട് പറയുന്ന പല വാക്യങ്ങളും മാര്‍ക്‌സ് അക്കാലത്ത് ന്യൂയോര്‍ക്ക് ട്രിബൂണിലെഴുതിയ ലേഖനങ്ങളിലെ ചില വാക്യങ്ങളുടെ നേര്‍ പരാവര്‍ത്തനങ്ങളെന്നു തോന്നാവുന്നതാണ്. അമേരിക്കന്‍ മുതലാളിത്തത്തിന്റെ അച്ചാണി അടിമ സമ്പ്രദായമാണെന്നും അമേരിക്കയില്‍ത്തന്നെ വടക്കുള്ള സ്വതന്ത്രനായ തൊഴിലാളി താന്‍ അടിമയെക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും കരുതുന്നത് മൗഢ്യമാണെന്നും മാര്‍ക്‌സ് അക്കാലത്തെഴുതിയ ലേഖനങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മൂലധനത്തിന്റെ മൂന്നാം വാല്യത്തില്‍ അടിമത്തവാദികളുടെ നീഗ്രോ ഭരിക്കപ്പെടാന്‍ വിധിക്കപ്പെട്ടവനാണ്, ചാട്ടവാറടി കൊണ്ടാലേ അവന്‍ പണിയെടുക്കുകയുള്ളൂ എന്നൊക്കെയുള്ള ചില വാദഗതികള്‍ ഉദ്ധരിക്കുന്നുമുണ്ട് മാര്‍ക്‌സ്. സ്റ്റോ ഈ സിദ്ധാന്തത്തെ ഭാഗികമായെങ്കിലും അംഗീകരിച്ചുവെന്നൊരു തെറ്റിദ്ധാരണ ഈ പുസ്തകം പ്രസിദ്ധീകരിച്ച കാലം മുതല്‍ നിലനില്‍ക്കുന്നു. നല്ലവനോ ദുഷ്ടനോ എന്നു നോക്കാതെ യജമാനനെ അനുസരിക്കുന്ന ആളാണ് ടോം എന്നതു ശരി. പക്ഷേ, അയാള്‍ ഒരനീതിയേയും അനുകൂലിച്ചിട്ടില്ല എന്നു മാത്രമല്ല പ്രതിരോധിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് വസ്തുത, കൂടാതെ സെന്റ് ക്ലയര്‍ കഥാഖണ്ഡത്തിലെ ടോപ്സി എന്ന കഥാപാത്രം ഈ പ്രകൃതിജന്യ അടിമത്ത സിദ്ധാന്തത്തിന്റെ നിരാകരണമായിക്കൂടി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്ന്  എന്റെ പക്ഷം.
ജനിച്ചനാള്‍ തൊട്ട് Wicked എന്ന വിശേഷണം മാത്രം കേട്ടുവളര്‍ന്ന താന്‍ ചീത്തയായിരിക്കാന്‍ വിധിക്കപ്പെട്ടവളാണെന്നു ബോദ്ധ്യപ്പെട്ട ടോംപ്സിയുടെ കാര്യങ്ങള്‍ ഒരു കുട്ടിയെ സ്വയം നവീകരണത്തിനു വിധേയയാകാന്‍ പ്രേരിപ്പിക്കുന്നതല്ലല്ലോ  ഈ മനോഭാവം. 

പ്രകൃതിയല്ല കുറ്റവാളി, മാര്‍ദ്ദവമില്ലാത്ത, മേധാവിത്വ സ്വഭാവമുള്ള ആഗ്ലോസാക്‌സന്‍ സമൂഹത്തിന്റെ പെരുമാറ്റരീതികളാണ്. ഹൃദയത്തില്‍ ഒഴിഞ്ഞ സ്ലേറ്റുമായി ജനിക്കുന്ന ഓരോ കറുത്ത കുഞ്ഞിനോടും നീ ചീത്തയാണ്, ഭരിക്കാന്‍ കഴിവില്ലാത്ത ആളാണ്. ചാട്ടവാറടി നിനക്കു വിധിക്കപ്പെട്ടിട്ടുള്ളതാണ് എന്നു പറഞ്ഞു മനസ്സിലാക്കുകയാണ്. അതിനെ അങ്ങനെ വിശ്വസിപ്പിക്കുകയാണ് മേധാവി വര്‍ഗ്ഗം ചെയ്യുന്നത്. മുതിര്‍ന്നാല്‍ ഒരിക്കലും ചിന്തിക്കാനവസരം കൊടുക്കാതിരിക്കുക എന്നതും അവരുടെ മറ്റൊരു തന്ത്രമത്രേ. എന്നിട്ടും ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന കുറച്ചു പേരെങ്കിലും അവരുടെ കൂട്ടത്തിലുണ്ടായി. അങ്ങനെയുള്ളവരില്‍ ഒരാളാണ് ടോം. മറ്റൊരാളാണ് ജോര്‍ജ്ജ്. സ്വഭാവ സവിശേഷതകളില്‍ ടോമിന്റെ എതിര്‍ ധ്രുവത്തില്‍ നില്‍ക്കുന്ന ഒരാള്‍. അയാള്‍ ഒളിച്ചോടി രക്ഷപ്പെട്ടുവരുന്ന തെക്കന്‍ നീഗ്രോകളെ സഹായിക്കാന്‍ പ്രതിബന്ധരായിരുന്ന ക്വാക്കര്‍ മതഗ്രൂപ്പുകാര്‍ അയാളുടെ സഹായത്തിനെത്തി. ജോര്‍ജ്ജിന്റെ ഭാര്യ എലിസയും മകന്‍ ഹാരിയും നേരത്തെ അവരുടെ സംരക്ഷണവലയത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. ആ കുടുംബം രക്ഷപ്പെട്ടുവരുന്ന മറ്റു പല നീഗ്രോകളോടൊപ്പം ക്വാക്കറുമാരുടെ സഹായത്തോടെ കാനഡയിലേയ്ക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഹാലിയുടേയും മറ്റും ആളുകള്‍ നിയമപാലകരോടൊപ്പം പിന്തുടര്‍ന്നടുത്തെത്തി. ആയുധധാരികളായ അവര്‍ക്കു നേരെ ക്വാക്കര്‍മാരിലൊരാളിന്റെ കൈത്തോക്കു വാങ്ങി ചൂണ്ടിക്കൊണ്ട് ജോര്‍ജ്ജ് പറഞ്ഞു: 'We don't  own your country we stand here as free under god's  sky as you are  and by the great god that made us we will fight for our liberty  till we die.' അയാള്‍  വെടിവെക്കുക തന്നെ ചെയ്തു.

അപ്പോള്‍ മാക്‌സിയന്‍ മാതൃകയിലുള്ള സായുധ വിമോചനയുദ്ധങ്ങളുടെ ആദ്യ പ്രയോക്താക്കള്‍ ഹാരിയറ്റിന്റെ കഥാപാത്രങ്ങളാണെന്നു പറയാമോ? മൂലധനം പുറത്തുവരുന്നതിനു പത്തു കൊല്ലമെങ്കിലും മുന്‍പാണ് നോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നതെന്നോര്‍ക്കണം. മറ്റൊന്ന് തീവ്ര ക്രൈസ്തവ വിശ്വാസികളായ ക്വാക്കര്‍ സംഘത്തിന്റേതായിരുന്നു ജോര്‍ജ്ജ് ഉപയോഗപ്പെടുത്തിയ ആയുധം. ക്വാക്കര്‍മാര്‍ മോചനം തേടിവരുന്ന കറുത്തവര്‍ഗ്ഗക്കാരെ രക്ഷപ്പെടാന്‍ സഹായിക്കാറുണ്ടായിരുന്നുവെന്നത് ചരിത്ര സത്യം. അങ്ങനെ രക്ഷപ്പെടാന്‍ സഹായിച്ചിരുന്നവരില്‍ മറ്റൊരു പ്രശസ്ത വ്യക്തിയും ഉള്‍പ്പെടും. സഹനസമര സമ്പ്രദായത്തിന്റെ ഉപജ്ഞാതാവായ ഹെന്റി ഡേവിഡ് തോറോ സഹനത്തെ അടിയുറച്ച ദൈവവിശ്വാസത്തിലൂടെ ഒരേ സമയം പ്രതിരോധവും ക്രിയാത്മക മുന്നേറ്റവുമാക്കി വ്യവസ്ഥാ പരിണാമം കൈവരിക്കുക എന്നതായിരുന്നു ടോമിന്റെ പാത്രസൃഷ്ടിയിലൂടെ ഹാരിയറ്റ് ആവിഷ്‌കരിച്ച ആശയം. ആദ്യഘട്ടങ്ങളില്‍ ദൈവത്തെ തള്ളിപ്പറഞ്ഞ ജോര്‍ജ്ജ് ഒടുവില്‍ വെടിവെക്കുന്നതിനു മുന്‍പ് ദൈവത്തെ വാഴ്ത്തുന്നുണ്ട്. ഇതില്‍ അപാകത ഒന്നും ഇല്ല. അടിമവ്യവസ്ഥ നിയമപരമായി അവസാനിക്കുന്നത് നാലഞ്ചുകൊല്ലം നീണ്ടുനിന്ന ഒരു യുദ്ധത്തിലൂടെ തന്നെയാണ്. പക്ഷേ, പരിപൂര്‍ണ്ണമായ വിമോചനം അമേരിക്കന്‍ നീഗ്രോകള്‍ക്കുണ്ടായില്ല. വിവേചനത്തിനെതിരായ സമരവും അതുകൊണ്ടുതന്നെ തുടര്‍ന്നുപോന്നു. ആ സമരം പക്ഷേ, തോറോയും സ്‌കിനുമൊക്കെ വിഭാവനം ചെയ്തതും പില്‍ക്കാലത്ത് ഗാന്ധി പ്രയോഗത്തില്‍ കൊണ്ടുവന്നതുമായ മാര്‍ഗ്ഗത്തിലുള്ളതായിരുന്നു, അതിനു നേതൃത്വം കൊടുത്തവര്‍ തികഞ്ഞ മതവിശ്വാസികളും.

ഏതെങ്കിലും തത്ത്വചിന്താ പദ്ധതിയുടെ പ്രയോക്താക്കളായി സൃഷ്ടിക്കപ്പെട്ടവരല്ല ഹാരിയറ്റിന്റെ കഥാപാത്രങ്ങള്‍. അങ്കിള്‍ ടോംസ് ക്യാബിന്‍ വായിച്ച് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നില്ല മാര്‍ക്‌സും റക്‌സിനും തോറോയുമൊന്നും തങ്ങളുടെ തത്ത്വചിന്താ പദ്ധതികള്‍ വികസിപ്പിച്ചെടുത്തത്. ഇവരെല്ലാം പക്ഷേ, ഒരേ ചരിത്രസന്ദര്‍ഭത്തിന്റെ ഉല്‍പ്പന്നങ്ങളായിരുന്നു. ഭൗതിക സാഹചര്യങ്ങളാണ് പ്രാഥമികം. ആശയം പിന്നീടുണ്ടാവുന്നതാണ്. ഒരേ ലക്ഷ്യത്തിലേയ്ക്കു നയിക്കുന്ന രണ്ടു ചിന്താധാരകള്‍ ആ ചരിത്രസന്ദര്‍ഭത്തിന്റെ സൃഷ്ടിയായിരുന്നു. അതു രണ്ടും അങ്കിള്‍ ടോംസ് ക്യാബിനില്‍ പ്രതിഫലിക്കുന്നുവെന്നു  കരുതിയാല്‍ മതി.

സെന്റ് ക്ലയര്‍, ടോമിനു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തു. അതറിഞ്ഞ നിമിഷം ആകാശത്തേയ്ക്കുയര്‍ത്തിയ ടോമിന്റെ മുഖത്തു കണ്ട പ്രകാശം, അയാള്‍ ഉച്ചരിച്ച 'ദൈവം അനുഗ്രഹിക്കട്ടെ'യുടെ മുഴക്കം അതൊക്കെ അഗസ്റ്റിനെ അസ്വസ്ഥനാക്കിയെന്ന് ഹാരിയറ്റ് പറയുന്നു. ഒരു സ്വതന്ത്ര പൗരനായാല്‍ കിട്ടാനിടയുള്ളതിനെക്കാള്‍ എത്രയധികം സൗകര്യങ്ങളാണ് ടോം ഇവിടെ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇവിടം വിടുന്നതില്‍ സന്തോഷിക്കാനെന്തിരിക്കുന്നുവെന്നും അഗസ്റ്റിന്‍ ചോദിച്ചു. ടോമിന്റെ വ്യക്തിത്വത്തെ പൂര്‍ണ്ണമായി അനാവരണം ചെയ്യുന്ന വാക്യങ്ങളാണ് അതിനയാള്‍ പറഞ്ഞ മറുപടി. അത് അങ്ങനെ തന്നെ ഇവിടെ പകര്‍ത്തട്ടെ. Knows all that masar st. Clare master has been too good, but mas  I'd rather have poor clothes, poor house, poor everything and have them mine than have the best and have  any man's else I had so masar I think its nature masar.

ടോമിനെ സംബന്ധിച്ചിടത്തോളം മോചനം എന്നു പറയുന്നത് പ്രാഥമികമായി സ്വതന്ത്ര പൗരനാവുക എന്നതുതന്നെയായിരുന്നു. ആത്മാവിന്റെ മോചനം അയാളുടെ ആത്യന്തിക ലക്ഷ്യമായിരുന്നെങ്കിലും പക്ഷേ, സ്വതന്ത്രനാവാന്‍ ടോമിനു വിധിയുണ്ടായിരുന്നില്ല. ആദ്യം ഇവായും പിന്നീട് അഗസ്റ്റിനും മരിച്ചു. മേരി സെന്റ് ക്ലയര്‍ ഭര്‍ത്താവിന്റെ വാക്കു പാലിക്കാന്‍ തയ്യാറായില്ല. വീണ്ടും വില്‍ക്കപ്പെട്ട ടോമിന് സ്ലേവ് വേര്‍ഹൗസിലേക്ക് പോകേണ്ടിവന്നു.
''സ്ലേവ് വെയര്‍ ഹൗസ് എന്നാല്‍, ഒരു ഭീകരമായ സ്ഥലമാണെന്ന് എന്റെ വായനക്കാരില്‍ ചിലരെങ്കിലും വിചാരിച്ചേക്കാം'' - ഹാരിയറ്റ് നമ്മെ അദ്ഭുതപ്പെടുത്തുന്നു. പക്ഷേ, അങ്ങനെയല്ല. നിഷ്‌കളങ്കനായ സുഹൃത്തേ ഇക്കാലത്ത് വിദഗ്ദ്ധമായും സൗമ്യമായും പാപം ചെയ്യാന്‍ മനുഷ്യന്‍ പഠിച്ചിരിക്കുന്നു. മനുഷ്യനെന്ന വസ്തു വളരെ വിലയുള്ളതാണ്. അതുകൊണ്ടുതന്നെ ചന്തയിലെത്തുന്നതു വരെയെങ്കിലും ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുന്ന തരത്തില്‍ ആ വസ്തു സൂക്ഷിക്കപ്പെടേണ്ടതുണ്ട്. മനുഷ്യനെ വില്‍പ്പനച്ചരക്കാക്കുന്ന കച്ചവടക്കാര്‍ കുറ്റമറ്റതും ചിട്ടപ്പടിയുള്ളതുമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്, ഈ അടിമകളെ ശബ്ദജടിലമായ വിനോദങ്ങളിലേര്‍പ്പെടുത്താന്‍ അങ്ങനെ അവരുടെ ഉള്ളിലെ ആലോചനകളെ മുക്കിക്കളയാനും അവരുടെ സ്ഥിതിയെന്നതിനെക്കുറിച്ച് അവര്‍ക്കൊരു ബോധവും ഉണ്ടാകാതിരിക്കാനും വടക്കുനിന്ന് അവരെ വാങ്ങി ചന്തയില്‍ എത്തിക്കുന്നതുവരെയുള്ള കാലയളവില്‍ പരദ്രോഹികളും ചിന്താശൂന്യരും മൃഗീയരുമായി അവരെ മാറ്റാനുള്ള ചിട്ടപ്പടിയുള്ള പരിശ്രമങ്ങളാണ് നടക്കുന്നതെന്നും നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു. തുടര്‍ന്നു നിരര്‍ത്ഥകമായ പാട്ടും കൂത്തുമൊക്കെയായി രാത്രികള്‍. കോമാളി വേഷം കെട്ടി കൂടെയുള്ളവരെയെന്നതിലധികം യജമാനനെ സന്തോഷിപ്പിക്കാന്‍ ചില നീഗ്രോകളുമുണ്ടായിരുന്നു.

മനുഷ്യച്ചന്തയില്‍ കച്ചവടം തുടങ്ങി ഇംഗ്ലീഷിലും ഫ്രെഞ്ചിലും ലേലം വിളിയുടെ ബഹളം. ലേലക്കാരന്റെ കൊട്ടുവടി മുട്ടുന്ന ശബ്ദം. ടോം വില്‍ക്കപ്പെട്ടു. പൊക്കം കുറഞ്ഞ ഒരു വെടിയുണ്ടത്തലയന്‍ ഒരു മാര്‍ദ്ദവവുമില്ലാതെ ടോമിന്റെ തോളില്‍ പിടിച്ചു: ''അങ്ങോട്ട് മാറി നില്‍ക്കെടാ.''

ഈ വലിയ പണമിടപാടുകാരന്‍ എല്ലാ ആത്മാക്കളേയും വിലയ്ക്കുവാങ്ങുന്ന വലിയ അടിമ ഉടമ ഇനിയുള്ള ഭാഗങ്ങളില്‍ ഒരു പ്രധാന കഥാപാത്രമായിത്തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. അവന്റെ വചനങ്ങള്‍ ഉദ്ധരിക്കപ്പെടുന്നുമുണ്ട്. ആ ഭാഗങ്ങളിലും അവനുണ്ടായിരുന്നു. അവന്റെ സാന്നിധ്യം കൂടുതല്‍ പ്രകടമാകുന്നത് അവസാന അദ്ധ്യായങ്ങളിലാണെന്നു മാത്രം.

അവന്റെ വചനങ്ങളടങ്ങിയ പുസ്തകം, ബൈബിള്‍, ടോം എപ്പോഴും കൂടെ കൊണ്ടുനടക്കുമായിരുന്നു. റെഡ്റിവറിലൂടെ പുതിയ ജോലിസ്ഥലത്തേയ്ക്കുള്ള യാത്രയ്ക്കിടയില്‍ സൈമണ്‍ ലെഗ്രി, അതാണ് വെടിയുണ്ടത്തലയന്റെ പേര്, ടോമിന്റെ നല്ല വസ്ത്രങ്ങളഴിച്ചു വാങ്ങി പ്ലാന്റേഷന്‍ അടിമയുടെ വേഷം പകരം കൊടുത്തു. സ്വതസിദ്ധമായ അനുസരണയോടെ ടോം അടിമയുടെ വസ്ത്രം ധരിച്ചു. അപ്പോഴും അയാള്‍ തന്റെ ബൈബിള്‍ യജമാനന്റെ കണ്ണില്‍പ്പെടാതെ പുതിയ ഉടുപ്പിന്റെ കീശയിലേയ്ക്ക് മാറ്റാന്‍ മറന്നില്ല. പക്ഷേ, മെത്തഡിസ്റ്റുകളുടെ സ്‌തോത്ര പുസ്തകം ലെഗ്രിയുടെ കൈയില്‍ കിട്ടി. ''അപ്പോള്‍ നീ പള്ളിക്കാരന്‍ ആണല്ലേ'' -അയാള്‍ ചോദിച്ചു. ''അതേ'' എന്ന് ടോമിന്റെ ദൃഢമായ മറുപടി. ''എനിക്കിവിടെ ഒച്ചയുണ്ടാക്കി പ്രാര്‍ത്ഥിക്കുന്ന പള്ളിപ്പാട്ടുപാടുന്ന നിഗര്‍മാരെ വേണ്ട'' -അയാള്‍ ക്ഷുഭിതനായി. ''ഇപ്പോള്‍ ഞാനാണ് നിന്റെ പള്ളി. മനസ്സിലായോ ഞാന്‍ പറയുന്നതെന്തോ അതായാല്‍ മതി.'' തുടര്‍ന്നു നോവലിസ്റ്റ് തന്നെ പറയട്ടെ, എന്തോ ഒന്നു നിശ്ശബ്ദനായ കറുത്ത മനുഷ്യന്റെ ഉള്ളിലിരുന്ന് ഉത്തരമായി പറഞ്ഞു: ''അല്ല'' പണ്ടു കേട്ടിട്ടുള്ള ഒരു പ്രവചനസ്വരം അയാളുടെ ഉള്ളിലേക്കൊഴുകിവന്നു. 
''ഭയപ്പെടരുത് ഞാന്‍ നിന്നെ രക്ഷപ്പെടുത്തിയിരിക്കുന്നു. ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതത്രേ.'' സൈമണ്‍ ലെഗ്രി അതുകേട്ടില്ല. അയാള്‍ ഒരിക്കലും ഈ ശബ്ദം കേള്‍ക്കുകയില്ല. 

ലെഗ്രി അടിമവ്യവസ്ഥയിലെ ക്രൂരനായ യജമാനന്റെ പ്രതിനിധിയാണ്. അയാള്‍ക്ക് നീഗ്രോകളായ രണ്ട് പിണിയാളുകളുണ്ട്, ഓവര്‍സീയര്‍മാരായി - സാംബോവും ക്വിംബോവും. നീഗ്രോ ഓവര്‍സീയര്‍മാര്‍ ആ പണിയിലേര്‍പ്പെട്ടിരിക്കുന്ന വെള്ളക്കാരെക്കാള്‍ ക്രൂരന്മാരായിരിക്കുമെന്നുള്ള വസ്തുത ഹാരിയറ്റ് സമ്മതിക്കുന്നു. കൂടുതല്‍ ശിഥിലീകരിക്കപ്പെട്ട, അധഃപതിക്കപ്പെട്ട മനസ്സാണ് നീഗ്രോ മനസ്സെന്നതാണ് കാര്യം. ലോകത്തിലെ ഏതു മര്‍ദ്ദിത വര്‍ഗ്ഗത്തിനും ഇതു ബാധകമാണ്. അടിമ എന്നും ഏകാധിപതിയാണ് അവനാകാന്‍ കഴിയുമെങ്കില്‍. ടോമിനെ അങ്ങനെ ക്രൂരനും ഏകാധിപത്യ പ്രവണതകളുള്ളവനുമായ ഒരു ഓവര്‍ സീയര്‍ ആക്കാനായിരുന്നു ലെഗ്രിയുടെ ഉദ്ദേശ്യം. ഇപ്പോഴുള്ള രണ്ടുപേരെക്കാള്‍ കഴിവും കാര്യക്ഷമതയും കായികശേഷിയുമുള്ളയാളാണ് ടോമെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ ഇരുകാലികളുടെ യജമാനനായ അയാള്‍ക്കു മനസ്സിലായിരുന്നു. നിര്‍ഭയത്വവും കാഠിന്യവും ധാരാളമായി ഉണ്ടായിരിക്കണം ഓവര്‍സീയര്‍ക്ക്, ടോമിനില്ലാത്തതും അതായിരുന്നുവല്ലോ. അപ്പോള്‍ അതുണ്ടാക്കി കൊടുക്കേണ്ടിയിരിക്കുന്നു. മറ്റാളുകളോടും കാഠിന്യം കാണിക്കാത്തയാളാണെങ്കിലും സ്വന്തം വിശ്വാസങ്ങളില്‍ കാഠിന്യം പുലര്‍ത്തിയിരുന്ന ആളാണ് ടോംമെന്ന് ലെഗ്രി മനസ്സിലാക്കിയിട്ടുണ്ട്. അപ്പോള്‍ അയാളെ മെരുക്കിയാല്‍ പോരാ തകര്‍ക്കുക തന്നെ വേണം.
ടോം വളരെപ്പെട്ടെന്നുതന്നെ തന്റെ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടു. ക്വാര്‍ട്ടേഴ്സ് എന്നു വച്ചാല്‍ ചാളകളാണ്. ഫര്‍ണ്ണീച്ചര്‍ ഇല്ല. കിടക്കാന്‍ വയ്ക്കോല്‍, കീറപ്പുതപ്പ്, സ്വയം പൊടിച്ചെടുക്കുന്ന ഗോതമ്പുകൊണ്ട് വളരെപ്പേര്‍ക്കുവേണ്ടിയുള്ള ഒരടുപ്പില്‍ സ്വയം റൊട്ടിയുണ്ടാക്കാന്‍ മാത്രമായി ദീര്‍ഘനേരം കാത്തിരിപ്പ്. ഷെല്‍ബിയുടെ വീടിനടുത്ത് മാസര്‍ ജോര്‍ജ്ജ് വേദപാഠക്ലാസ്സുകളെടുക്കാറുണ്ടായിരുന്ന ക്യാബിനെക്കുറിച്ച് ടോം ആലോചിച്ചുവോ എന്ന് ഹാരിയറ്റ് പറയുന്നില്ല. വായനക്കാരന് ആലോചിക്കാതിരിക്കാന്‍ കഴിയുകയില്ല. ടോം പക്ഷേ, ഇതെല്ലാം കഴിഞ്ഞ് ബൈബിള്‍ വായിക്കാന്‍ സമയം കണ്ടെത്തിയിരുന്നു
ടോം ചാളയില്‍ വച്ചു മാത്രമല്ല, ജോലിസ്ഥലത്തുവെച്ചും മറ്റുള്ളവരെ സഹായിക്കാറുണ്ടായിരുന്നു. അതപകടമാണെന്നു മുന്നറിയിപ്പു കിട്ടിയിട്ടും. ഒരു ദിവസം അയാള്‍ താന്‍ പറിച്ചെടുത്ത കോട്ടണില്‍ കുറച്ച് ജോലിചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒരു മുളാട്ടോ സ്ത്രീയുടെ കൂടയില്‍ ഇട്ടുകൊടുക്കുന്നത് ലെഗ്രി കണ്ടു. അന്നു വൈകുന്നേരം ഉല്‍പ്പന്നങ്ങള്‍ തൂക്കിനോക്കി ആ സ്ത്രീയെ ചാട്ടവാറടിക്കു ശിക്ഷിച്ചു. ശിക്ഷ നടപ്പാക്കേണ്ടത് ടോമാണെന്നു തീരുമാനിക്കുകയും ടോമിനോടത് പറയുകയും ചെയ്തു. ''വയ്യ''എന്ന് ടോം മറുപടി പറഞ്ഞപ്പോള്‍ തോല്‍വാറുകൊണ്ട് മുഖമടച്ച് പൊതിരെ തല്ലിയിട്ട് യജമാനന്‍ ചോദിച്ചു: ''നിനക്കു വയ്യ എന്നു നീ വീണ്ടും പറയുമോ?''
''പറയും, മാസര്‍. ഞാന്‍ രാപകല്‍ ജോലി ചെയ്യാന്‍ തയ്യാറാണ്. എനിക്കു ജീവനുള്ളിടത്തോളം കാലം പക്ഷേ, ഇത് ഞാനൊരിക്കലും ചെയ്യുകയില്ല. ഒരിക്കലും തന്നെ ലെഗ്രി വിലയ്ക്കു വാങ്ങിയതാണെന്ന വസ്തുത അംഗീകരിച്ചുകൊണ്ട് മാസര്‍ക്കുവേണ്ടി തന്റെ ശരീരം കൊണ്ടു ചെയ്യാവുന്ന എല്ലാം ജോലികളും കഴിവിന്റെ പരമാവധി ഭംഗിയായിത്തന്നെ ചെയ്യുന്നതാണെന്നും എന്നാല്‍, തന്റെ ആത്മാവ് ലെഗ്രിക്ക് എന്നല്ല ആര്‍ക്കും വിറ്റിട്ടില്ല എന്നും അത് തന്റെ യഥാര്‍ത്ഥ പ്രഭുവിനുള്ളതാണെന്നും കൂടി വ്യക്തമാക്കി ടോം. വാങ്ങാന്‍ കഴിവുള്ളവന്‍ വില തന്നു വാങ്ങിയിരിക്കുകയാണത്.

ഒന്നിനും എന്നെ മുറിവേല്‍പ്പിക്കാന്‍ കഴിയുകയില്ല.'' കഠിനമായി മര്‍ദ്ദിക്കാന്‍ തന്റെ കറുത്ത ഭൃത്യന്മാര്‍ക്കുത്തരവു കൊടുത്തു ലെഗ്രി. അവര്‍ ഒരു എതിര്‍പ്പും പ്രകടിപ്പിക്കാത്ത അയാളെ വലിച്ചിഴച്ചുകൊണ്ടുപോയി.
തന്റെ സഹജീവികളെ പീഡിപ്പിക്കാന്‍ വിസമ്മതിച്ചുകൊണ്ടുള്ള എതിര്‍പ്പില്ലായ്മയും സഹനവും വലിയ ഒരു എതിര്‍പ്പും പ്രതിരോധവുമായിരുന്നുവെന്നു തുടര്‍ന്നുവരുന്ന ഭാഗങ്ങള്‍ വ്യക്തമാക്കുന്നു. ലെഗ്രി നേരത്തെ വാങ്ങി തന്റെ മിസ്ട്രസ്സായി കൂടെ താമസിച്ചിരുന്ന കാസ്സി ഈ പീഡനകാലത്താണ് ടോമിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നത്. നീഗ്രോകള്‍ക്കൊപ്പം അവര്‍ പണിയെടുക്കാറുണ്ടെങ്കിലും ഓവര്‍സീയര്‍മാര്‍ക്ക് അവരെ ഭയമായിരുന്നു. ലെഗ്രി എബിലിന്‍ എന്ന പെണ്‍കുട്ടിയെ കൊണ്ടുവന്ന് കാസ്സിക്കൊപ്പം കുടിവെക്കാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ക്ക് ലെഗ്രിയോട് നേരത്തേതന്നെയുണ്ടായിരുന്ന വെറുപ്പ് കൂടുതല്‍ പ്രകടിതമായ രൂപം കൈക്കൊണ്ടത്. ടോമിനു ക്രൂരമര്‍ദ്ദനമേറ്റ രാത്രിയില്‍ അയാളുടെ മാടത്തില്‍പോയി മുറിവുകള്‍ക്കു മരുന്നുപുരട്ടി ആശ്വസിപ്പിക്കാന്‍ അവര്‍ തയ്യാറായി. ദൈവവിശ്വാസം നേരത്തെതന്നെ നഷ്ടപ്പെട്ടവളാണെങ്കിലും അയാള്‍ക്ക് ബൈബിള്‍ വായിച്ചുകൊടുത്തു. ദൈവം ആ പരിസരത്തൊന്നുമില്ലെന്നും കൂടെയുള്ള നീഗ്രോകളെ വിശ്വസിക്കരുതെന്നും അവരെല്ലാം തന്‍കാര്യം നോക്കുന്നവരാണെന്നും കാസ്സി ലെഗ്രിയോട് പറഞ്ഞു, കൂടെ സ്വന്തം കഥയും. 

ടോമിന്റെ സഹനം ലെഗ്രിയുടെ ദൈവവാസമില്ലാത്ത മനസ്സില്‍ ആശങ്കകള്‍ സൃഷ്ടിച്ചു. സ്വതവേ യുള്ള പ്രേതഭയം വളരാന്‍ തുടങ്ങി. അയാളുടെ ഈ ദൗര്‍ബ്ബല്യം മുതലെടുത്ത് എബലിനൊത്ത് രക്ഷപ്പെടാനായിരുന്നു കാസ്സി ആദ്യം തീരുമാനിച്ചത്. അതിനവര്‍ ടോമിന്റെ സഹായം തേടി. ലെഗ്രിയെന്നല്ല ആരെയും നോവിക്കാതെ എബലിനുമൊത്ത് രക്ഷപ്പെടാന്‍ കഴിയുമെങ്കില്‍ ചെയ്തു കൊള്ളാന്‍ ടോം കാസ്സിയെ അനുവദിച്ചു. പക്ഷേ, താന്‍ ഒപ്പമുണ്ടാവുകയില്ല. ഇവിടെത്തന്നെ പാവപ്പെട്ടവരുടെ ഒപ്പം കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്.
കാസ്സിയും എബലിനും രക്ഷപ്പെട്ടു, വിചിത്രമായ ചില മാര്‍ഗ്ഗങ്ങളവലംബിച്ച് ''അവരെങ്ങനെ രക്ഷപ്പെട്ടു എന്നു നിനക്കറിയാം അല്ലേ'', ലെഗ്രി ടോമിനോടു ചോദിച്ചു. ''എനിക്കറിയാം മാസര്‍ ഞാന്‍ പറയുകയില്ല. ഞാന്‍ മരിച്ചോളാം'' എന്നായിരുന്നു ടോമിന്റെ മറുപടി. തുടര്‍ന്നു വന്നതു കൊടിയ മര്‍ദ്ദനം. മൃതപ്രായനായ ടോമിനെ നോക്കി തന്നെത്തന്നെ അമ്പരിപ്പിച്ചുകൊണ്ട് വികാരധീനനായ സാംബോ പറഞ്ഞു: ''അവന്‍ പോയി എന്നു തോന്നുന്നു.'' ''അവന്‍ തെറ്റു ഏറ്റുപറയുന്നില്ലെങ്കില്‍ ഞാന്‍ അവന്റെ അവസാന തുള്ളി രക്തം വരെ എടുക്കും'' എന്നായിരുന്നു ലെഗ്രിയുടെ മറുപടി. ഞാനെന്റെ ആത്മാവുകൊണ്ട് നിന്നോട് ക്ഷമിച്ചിരിക്കുന്നു എന്നു ടോം കണ്ണടച്ചു. ടോം അപ്പോള്‍ മരിച്ചില്ല. തന്നെ കൊണ്ടുപോകാന്‍ പഴയ കൊച്ചെജമാനന്‍ ജോര്‍ജ്ജ് വരുന്നതുവരെ അയാള്‍ കാത്തുകിടന്നു. ''ഞാനെന്റെ സ്വദേശത്തേയ്ക്കു പോകുന്നു. കെന്റക്കിയെക്കാള്‍ നല്ലത് ദൈവസന്നിധിയാണ്'' എന്നു പറഞ്ഞ് അയാള്‍ കണ്ണടച്ചു. ജോര്‍ജ്ജ് തിരികെ പോയി തന്റെ അടിമകളെ മുഴുവന്‍ സ്വതന്ത്രരാക്കി. ടോം മരിക്കുന്നതിനു മുന്‍പുതന്നെ സാംബോയും ക്വിംബോയും കരഞ്ഞുകൊണ്ട് അയാളോട് മാപ്പു ചോദിച്ചിരുന്നു. 

ടോമിന്റെ സഹനത്തിന്റെ സക്രിയതക്കുദാഹരണമാണീ സംഭവങ്ങള്‍. ധാര്‍മ്മികബോധത്തോടെ സദുദേശ്യത്തോടെയുള്ള സഹനം മുക്തിയുദ്ധത്തിലെ ഏറ്റവും നല്ല ആയുധമാണെന്ന് പില്‍ക്കാലത്ത് തെളിയിക്കപ്പെട്ടിട്ടുണ്ടല്ലോ.
ഒരു കലാസൃഷ്ടിയെന്ന നിലയില്‍ ഈ കൃതിക്കു പല കുറവുകളുമുള്ളതായി അഭിപ്രായങ്ങളുണ്ടായിട്ടുണ്ട്. പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് സണ്‍ഡേ സ്‌ക്കൂള്‍ ഫിഷനെന്നും മറ്റും ഇതിനെ നിരൂപകര്‍ വിളിച്ചിരുന്നു. പില്‍ക്കാലത്ത് ഉണ്ടായ പല നോവല്‍ നിര്‍വ്വചനങ്ങളുടേയും പരിധിയില്‍ ഈ നോവല്‍ വരുന്നില്ല. വാദത്തിനുവേണ്ടി വേണമെങ്കില്‍ സമ്മതിക്കാം. പക്ഷേ, ബൈബിളിലെ ഉദ്ധരണികള്‍ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കാവ്യഭംഗിയോടുകൂടിയ ആഖ്യാനം ഹൃദയവര്‍ജ്ജകമായിട്ടുണ്ട്. വിവരണങ്ങളും ഗ്രന്ഥകര്‍ത്രിയുടെ അഭിപ്രായങ്ങളും മറ്റും വൃഥാസ്ഥൂലത കൈവരിച്ചിട്ടില്ലേ എന്ന ചോദ്യമുണ്ടാവാം. പക്ഷേ, ഇപ്പോള്‍ ഇതു വായിക്കുന്നവര്‍ക്ക് അത് ആസ്വാദനത്തെ സഹായിക്കുന്ന ഉപാഖ്യാനങ്ങളായാണ് അനുഭവപ്പെടുന്നത്. ഗ്രന്ഥകര്‍ത്രി വായനക്കാരോടു നേരിട്ടു ചോദിക്കുന്ന ചോദ്യങ്ങള്‍ ഹൃദയഹാരികളായും.

അവസാന ഭാഗത്ത് കഥ ശുഭാന്തമാക്കാന്‍ വേണ്ടി വിവരിച്ചിരിക്കുന്ന കൂടിച്ചേരലുകളുടെ വര്‍ണ്ണനയെക്കുറിച്ചും സൗന്ദര്യശാസ്ത്രമൗലികവാദികള്‍ എതിര്‍പ്പു പ്രകടിപ്പിച്ചേക്കാം. കഥാപാത്രങ്ങളെ വഴിക്കുപേക്ഷിക്കാന്‍ നോവലിസ്റ്റിനു സാധിക്കുകയില്ലല്ലോ. പരത്തില്‍ മാത്രമല്ല, ഇഹത്തിലും മുക്തി എന്നതായിരുന്നു താനും ടോമിന്റെയെന്നപോലെ ഹാരിയറ്റിന്റേയും ലക്ഷ്യം.
ആ ശബ്ദം എപ്പോഴും കേള്‍ക്കുന്ന, ആ ശബ്ദത്തിന്റെ സ്രോതസ്സായ വലിയ ഉടമക്കാണ് താന്‍ ആത്യന്തികമായി വില്‍ക്കപ്പെട്ടിരിക്കുന്നുതെന്നു വിശ്വസിക്കുന്ന ടോമും അവനെ പൂര്‍ണ്ണമായി നിഷേധിക്കുന്ന ക്രൂരനായ ലെഗ്രിയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചിത്രീകരണം അടിമ വ്യവസ്ഥയുടെ ക്രൂരത അനാവരണം ചെയ്യുക മാത്രമല്ല, അതിനു വ്യത്യസ്തമായ ഒരു നിവാരണമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുക കൂടി ചെയ്യുന്നുണ്ട് എന്നു ഞാന്‍ കരുതുന്നു.
    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com