ഇന്ത്യയ്ക്കു നേരെ പാഞ്ഞൊരുണ്ട: 'ഉണ്ട' സിനിമയെക്കുറിച്ച്

ആത്മവിശ്വാസത്തിന്റെ ബലത്തില്‍ നീട്ടിപ്പിടിച്ച ഉണ്ടയില്ലാ തോക്കുകള്‍ മാത്രമാണെന്ന സത്യം വളരെ സുന്ദരമായി പറയുന്ന സിനിമയാണ് 'ഉണ്ട.' 
ഇന്ത്യയ്ക്കു നേരെ പാഞ്ഞൊരുണ്ട: 'ഉണ്ട' സിനിമയെക്കുറിച്ച്

ന്നേകാല്‍ നൂറ്റാണ്ടുകൊണ്ടു നേടിയെന്ന് അഭിമാനം കൊള്ളുന്ന നവോത്ഥാന മൂല്യങ്ങളുടെ നാടെന്ന, ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന, പൊതിഞ്ഞു പറച്ചിലുകള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമൊന്നുമില്ലാത്ത, ആത്മവിശ്വാസത്തിന്റെ ബലത്തില്‍ നീട്ടിപ്പിടിച്ച ഉണ്ടയില്ലാ തോക്കുകള്‍ മാത്രമാണെന്ന സത്യം വളരെ സുന്ദരമായി പറയുന്ന സിനിമയാണ് 'ഉണ്ട.' ഇതര സംസ്ഥാന തെരഞ്ഞെടുപ്പു ജോലിക്ക് ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിനു സഹായികളായി കേരളത്തില്‍നിന്നയക്കപ്പെടുന്ന, അവിടെ വച്ചു മൂന്നു സംഘങ്ങളായി തിരിയുന്ന സംഘത്തിലൊന്നിന്റെ നാലുദിവസത്തെ രാപ്പകലുകളാണ് നവാഗതനായ ഇര്‍ഷാദ് തിരക്കഥയൊരുക്കി ഖാലിദ് റഹ്മാന്റെ സംവിധാനത്തിലൊരുക്കിയ 'ഉണ്ട' എന്ന ചലച്ചിത്രം.  അധിക്ഷേപങ്ങളും അവഹേളനങ്ങളും കൊണ്ട് പിറന്ന ഊരുകളിലേക്കു തിരിച്ചോടിക്കപ്പെടുന്ന, ബിജു കുമാര്‍മാരുടേയും അധിനിവേശ അധികാരശക്തികളാല്‍ ഊരുകളില്‍നിന്ന് ആട്ടിയോടിക്കപ്പെടുന്ന കുനാല്‍ ചന്ദുമാരുടേയും ദേശസുരക്ഷാ കവചങ്ങള്‍ക്കും അതിദേശീയതാവാദങ്ങള്‍ക്കുമുള്ളില്‍ നിശ്ശബ്ദമായി ഇല്ലായ്മ ചെയ്യപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കഥ കൂടിയാണ് ഒതുക്കവും മുറുക്കവുമുള്ള ഒരു ചലച്ചിത്രാനുഭവമായി ഉണ്ട പറയുന്നത്. 

മാവോയിസ്റ്റ് ഭീതിയും ആക്രമണ ഭീഷണിയും ഉള്ള ബസ്തര്‍ എന്ന ആദിവാസി ഗ്രാമത്തിലേക്കാണ്, അവിടത്തെ ഇലക്ഷന്‍ സുഗമമായി നടത്താന്‍ കേരളത്തില്‍നിന്നുള്ള സേന അയക്കപ്പെടുന്നത്. താരപ്പകിട്ടോ അതിമാനുഷിക പരിവേഷങ്ങളോ ഇല്ലാത്ത മമ്മൂട്ടി കഥാപാത്രം മണി എന്ന ക്യാംപ് എസ്.ഐയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സേനയിലൊരുവനാണ് ബിജു കുമാര്‍ എന്ന ആദിവാസി വംശജന്‍. തന്നിലേക്കുതന്നെ ചുരുങ്ങിയിരിക്കുന്ന ഒരുവനെന്നു തോന്നിക്കുന്നുണ്ട് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ രംഗം മുതല്‍, ആ കഥാപാത്രം. നൂറ്റാണ്ടുകള്‍കൊണ്ട് ശീലമായ വിധേയത്വത്തിന്റേയും കീഴാളത്വത്തിന്റേയും ഭാഷ ഉദ്യോഗസ്ഥന്റെ അധികാര ഭാഷയിലേക്കു പകര്‍ത്തപ്പെടുന്നേയില്ലാത്ത ബിജു കുമാറെന്ന കഥാപാത്രത്തെ അതിസൂക്ഷ്മമായ തന്മയത്വത്തോടെയാണ് ലുക്മാന്‍ അവതരിപ്പിക്കുന്നത്. ജനിച്ച ഊരിന്റെ, അതിന്റെ അപരിഷ്‌കൃതമെന്നു പുറം ലോകം പറയുന്ന സംസ്‌കാരത്തിന്റെ, വംശത്തിന്റെ, അതിന്റെ ശേഷിപ്പായ രൂപത്തിന്റെ, ഒക്കെ പേരില്‍ പിന്തുടര്‍ന്ന് അധിക്ഷേപിക്കപ്പെടുമ്പോഴും തന്റെ ഊരിനെക്കുറിച്ച്, ആദിവാസിയെന്ന തന്റെ സ്വത്വത്തെക്കുറിച്ച് അഭിമാനവും സ്‌നേഹവും ഉള്ളില്‍ സൂക്ഷിക്കുന്നവനാണ് ബിജു കുമാര്‍. വാറ്റുചാരായം തിരക്കി ആദിവാസിക്കുടിലിലേക്കു പോകുന്ന സഹപ്രവര്‍ത്തകനു കൂട്ടു പോകുമ്പോഴും അവിടത്തെ കുഞ്ഞുങ്ങള്‍ക്ക് ഒരു പൊതി ബിസ്‌കറ്റ് കയ്യില്‍ കരുതിയിരുന്നു അയാള്‍. 'വര്‍ഗ്ഗസ്‌നേഹമെന്ന്' അതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുമ്പോഴും ''രണ്ടു ബിസ്‌കറ്റല്ലേ സാറേ, വിട്ടേരെ...'' എന്നയാള്‍ സ്വയം ഒതുങ്ങുന്നുണ്ട്. എന്നാല്‍, മറ്റേയാള്‍ അടങ്ങുന്നില്ല, ''വേഗം നടക്ക്, മാവോയിസ്റ്റുകള്‍ വന്നാല്‍ ആദിവാസിയായതുകൊണ്ട് നിന്നെയവര്‍ വിട്ടയക്കും, എന്നെ കൊല്ലും...'' എന്നാണയാളുടെ അടുത്ത 'ഫലിതം.' ആദിവാസികളെല്ലാം മാവോയിസ്റ്റുകളാണെന്ന പറഞ്ഞുവയ്ക്കലും വംശപരമായ പ്രത്യേകതകളുടെ പേരില്‍ നടത്തുന്ന ശാരീരിക അധിക്ഷേപവുമൊരുമിച്ചു നടത്തുന്ന അത്തരമൊന്നിനെപ്പോലും ഫലിതമെന്നെണ്ണി ഉറക്കെച്ചിരിക്കുന്നുണ്ട് തിയേറ്റര്‍. എന്നാല്‍, തൊട്ടടുത്ത നിമിഷം ആ പരിഹാസത്തിന്റെ നീറ്റലില്‍ പൊള്ളിപ്പിടഞ്ഞ ബിജു ''താന്‍ കുറേ നേരമായല്ലോ ആദിവാസി, മാവോയിസ്റ്റ് എന്നൊക്കെ പറയുന്നു...''

ഖാലിദ് റഹ്മാന്‍
ഖാലിദ് റഹ്മാന്‍

എന്നുവരേയ്ക്കുമില്ലാത്തവിധം സൗമ്യമല്ലാത്ത എതിരൊച്ചയാവുന്നു; തനിക്കു നേരെ ഉയരുന്ന കൈകള്‍ തടയുന്നു. എന്നാല്‍, ബിജു കുമാറിന്റെ പ്രതികരണത്തിനോ തിരിച്ചടിക്കോ ഒരു ചെറു കയ്യടിപോലും തീയറ്ററില്‍നിന്നുയരുന്നില്ല. കാരണമുണ്ട്, കാലമിതുവരെ പൊതു ഇടങ്ങളെന്നോ സ്വകാര്യ ഇടങ്ങളെന്നോ ഭേദങ്ങളില്ലാതെ പെരുമാറുന്ന ഇടങ്ങളിലെവിടേയും അനിഷ്ടം തോന്നുന്നവര്‍ക്കു നേരെയോ, സുഹൃത്തുക്കളെ സ്‌നേഹപൂര്‍വ്വം പരിഹസിക്കാനോ ഒക്കെ നടത്തിയ എണ്ണിയാല്‍ തീരാത്ത വംശ/വര്‍ണ്ണാധിക്ഷേപങ്ങളെ, ജാതീയാവഹേളനങ്ങളെ മനുഷ്യവിരുദ്ധതയെന്നല്ലാതെ തമാശയെന്നു മാത്രം കരുതാന്‍ ശീലിച്ച നവോത്ഥാന മലയാളിയുടെ കപട നിഷ്‌കളങ്കതയുടെ കരണമടച്ചുള്ള അടിയാണ് ആ രംഗത്തു പൊട്ടിയത്.

ഹര്‍ഷദ്
ഹര്‍ഷദ്

വാറ്റുചാരായത്തിനു വേണ്ടി ആദിവാസിക്കുടിലിനെ ആശ്രയിക്കുന്ന പൊലീസുകാരന് അല്ലാത്ത സമയങ്ങളിലെല്ലാം അവരോട് പുച്ഛവും പരിഹാസവുമാണ്. തങ്ങളുടെ നേട്ടങ്ങള്‍ക്കും ഭോഗപരതയ്ക്കുംവേണ്ടി മാത്രം ഉപയോഗിക്കാനും അല്ലാത്തപ്പോള്‍ അവജ്ഞയോടെ ഉപേക്ഷിക്കാനും മടിയില്ലാത്ത അധീശവര്‍ഗ്ഗത്തിന്റെ പ്രതിനിധി തന്നെയാണിവിടെ കാവല്‍ക്കാരനാവേണ്ടുന്ന പൊലീസുകാരനും.

താന്‍ കടന്നുവന്ന, തന്റേതു മാത്രമല്ലാത്ത ജീവിതത്തിന്റെ ചങ്കുപൊടിയുന്ന നീറ്റലുകളെ അവഹേളനത്തിന്റെ ആഴത്തിലുള്ള, മുറിപ്പാടുകളെ ബിജു കുമാര്‍ സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ തുറന്നു പറയുന്ന, ദീര്‍ഘമായ ഒരു രംഗം ചിത്രത്തിലുണ്ട്. മലയാള സിനിമ ഇന്നോളം ഇടം കൊടുക്കാത്ത ആ രംഗത്തില്‍, പഠിച്ചാലും ഉദ്യോഗം നേടിയാലും തങ്ങളെ മനുഷ്യരായി ഗണിക്കാത്തവരോടുള്ള അരികുമനുഷ്യരുടെ അടക്കിപ്പിടിച്ച രോഷവും സങ്കടവും അണമുറിഞ്ഞൊഴുകുക തന്നെയാണ്. തിരികെ നാട്ടില്‍ ജീവനോടെ എത്തിയാല്‍, അത്രമേല്‍ ആശിച്ചു പൊരുതിനേടിയതെങ്കിലും അവഹേളനത്തിന്റെ ഇടമായ ജോലി രാജിവച്ച് ഊരിലേക്കു മടങ്ങിപ്പോവാന്‍ മാത്രം മുറിവേല്‍പ്പിക്കപ്പെട്ടവനാണയാള്‍. അവന്റെ സങ്കടം വെറും സിനിമാക്കഥയല്ല, ആവര്‍ത്തിക്കപ്പെടുന്ന ജീവിതാനുഭവങ്ങള്‍ തന്നെയെന്ന നേര്, ചിത്രം റിലീസായി തൊട്ടടുത്ത ദിവസം സമാനമായ സാഹചര്യത്തില്‍ ജോലി രാജിവച്ച കണ്ണൂരിലെ പൊലീസുകാരന്റെ പത്രവാര്‍ത്തയായി നമ്മുടെ മുന്നിലെത്തുന്നു. സിനിമയില്‍ ബിജു കുമാറിന്റെ ഉള്ളുലയ്ക്കുന്ന സങ്കടം അവഹേളിച്ചവനെപ്പോലും കൊല്ലാതെ കൊല്ലുംവിധം പശ്ചാത്താപവിധേയനാക്കുന്നുണ്ട്. എന്നാല്‍, യഥാര്‍ത്ഥ ജീവിതത്തില്‍ പൊലീസ് സ്റ്റേഷനെന്നോ, മെഡിക്കല്‍ കോളേജെന്നോ സ്‌കൂളെന്നോ ഒക്കെ ഇടങ്ങള്‍ മാത്രം മാറി കഥ തുടരുക തന്നെ ചെയ്യുന്നു. എന്തായാലും തൊഴിലിടങ്ങളിലെ ജാതീയ വിവേചനത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യത്തെ സത്യസന്ധമായി തുറന്നുപറയുന്ന ആദ്യത്തെ മലയാള ചലച്ചിത്രമെന്ന് ഉണ്ട അടയാളപ്പെടുന്നുണ്ട്. സിനിമയിലെ വര്‍ണ്ണവെറിയേയും വളരെ ഭംഗിയായി ഉണ്ട, പരിഹസിക്കുന്നുണ്ട്. സിനിമാഭിനയ മോഹിയായ കോണ്‍സ്റ്റബിളിന്റെ പറച്ചിലാണ് ''വെയിലിന്റെ ചൂടല്ല, പൊള്ളിക്കുന്നത് കറുത്തുപോകുമെന്ന പേടിയാണ്, കറുത്താല്‍ സിനിമയില്‍ വേഷം കിട്ടില്ല'' കാലമെത്ര പഴകിയ, കലയിലെ (സ)വര്‍ണ്ണ സങ്കല്‍പ്പത്തെയാണ് അതി ലളിതമായ ഒറ്റയൊരു ഡയലോഗിലൂടെ ട്രോളുന്നതെന്നു നോക്കൂ.

ഉദ്യോഗതലത്തിലെ ജാതീയത

ആദിവാസിയോ ദലിതനോ സ്വപ്രയത്‌നത്താല്‍ ആര്‍ജ്ജിച്ചെടുക്കുന്ന ജ്ഞാനാധികാരത്തിനു മേലേ, അതിനുമുകളിലായി ജാത്യാധികാരശ്രേണീപ്രോക്തമായി തനിക്കു ലഭ്യമായിരിക്കുന്നതെന്ന് അപരന്‍ കരുതുന്ന വിധേയാധികാരം പ്രവര്‍ത്തിക്കുമ്പോഴാണ് ജാതീയാവഹേളനങ്ങള്‍ ഉണ്ടാവുന്നത്. അധികാരം എന്നാല്‍, നിയന്ത്രണമെന്നാണ്, അത് ഉദ്യോഗതലത്തിലായാലും രാഷ്ട്രീയാധികാരമെന്ന നിലയിലായാലും വിധേയപ്പെട്ടു നില്‍ക്കണമെന്നു വിചാരിക്കപ്പെടുന്നവരില്‍നിന്ന് എതിര്‍വാക്കുകള്‍, പ്രതിരോധങ്ങള്‍ ഉണ്ടാവുമ്പോഴാണ് വിധേയാധികാരി വ്രണിതാഭിമാനിയും അക്രമാസക്തനുമാവുന്നത്.

ഉദ്യോഗതലത്തിലും ജാതീയതയ്ക്കു സമാനമായ ശ്രേണീബന്ധവും അതു മുന്നോട്ടുവയ്ക്കുന്ന കൂടിയവന്‍/കുറഞ്ഞവന്‍ നിയന്ത്രണാധികാരവും വര്‍ത്തിക്കുന്നുണ്ട്. 'ഉണ്ടയെത്തിക്കാന്‍' വൈകിപ്പിക്കുന്നതിലൂടെ തങ്ങളുടെ ജീവനു സുരക്ഷയൊരുക്കുന്നതില്‍ മന:പൂര്‍വ്വമായ അമാന്തം മേലുദ്യോഗസ്ഥനായ മണി വരുത്തുന്നുണ്ട് എന്നു തെറ്റിദ്ധരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍, മണിയോട് അസഹിഷ്ണുതയോടെ പെരുമാറിയതു കണ്ടു വിഷമം തോന്നിയ മറ്റൊരു പൊലീസുകാരന്‍ അയാളെ ഉപദേശിക്കുന്നത് ''നിങ്ങള്‍ക്കിങ്ങനെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യംപോലും അദ്ദേഹമനുവദിച്ചു തരുന്നതുകൊണ്ടാണ്'' എന്നാണ്. അതിനു മറുപടി ''പറയാനുള്ളത് ആരോടായാലും പറയുകതന്നെ വേണം'' എന്നാണ്. ജനാധിപത്യമെന്നത് അധികാര സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യപ്പെടുന്ന, ചെയ്യപ്പെടാവുന്ന ഒന്നല്ല എന്നും ബാഹ്യമെന്നതുപോലെ തന്നെ പ്രധാനമാണ് ആഭ്യന്തര ജനാധിപത്യമെന്നും എതിര്‍ശബ്ദങ്ങളാല്‍ കൂടിയാണ് അവ പൂര്‍ത്തിയാവുകയെന്നും പറഞ്ഞുവയ്ക്കുന്നു, സിനിമയിലെ സൂക്ഷ്മരാഷ്ട്രീയം. തിരികെ ചോദ്യം ചെയ്യപ്പെട്ടാലോ, ആവതില്ലായ്മകള്‍ക്കു ക്ഷമ പറഞ്ഞാലോ അസ്തമിച്ചു പോവുന്നതല്ലാ നായക പ്രഭാവം എന്നൊരു തിരുത്തല്‍ ചലച്ചിത്ര മാതൃക കൂടി ഒപ്പം വയ്ക്കുന്നുണ്ട് ആ ചെറുരംഗം.

ഉണ്ടയെന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഉടനീളം പരുക്കന്‍ ശബ്ദത്തില്‍ പതിഞ്ഞ ഒരാദിമ സംഗീതത്തിന്റെ ശീലുകളുണ്ട്. ചിലയിടങ്ങളിലതിനു ഹൃദയതാളത്തോളം മുറുക്കമുണ്ട്, ചിലപ്പോള്‍ അയഞ്ഞ്... തീരെ അയഞ്ഞില്ലെന്നപോലെ... ഈ സിനിമയിലെ നായകന്‍ മണിയുമങ്ങനെതന്നെ... ചിലപ്പോള്‍ സിനിമയിലൊരു നായകനേയില്ലെന്നു തോന്നിക്കുന്നേടത്തോളം അയാള്‍ സിനിമക്കുളളിലേക്ക് അയഞ്ഞില്ലെന്നു തന്നെയായിരിക്കുന്നു. ഫ്‌ലാഷ്ബാക്ക് രംഗങ്ങളോ പാട്ടോ ഇല്ലാത്ത സിനിമയില്‍ മണി സാര്‍ സഹപ്രവര്‍ത്തകരുമായുള്ള ഭക്ഷണമധ്യേ നടത്തുന്ന ഒരോര്‍മ്മ പറച്ചിലുണ്ട്. വടക്കന്‍ വീരഗാഥയിലോ ലൗഡ്സ്പീക്കറിലോ കഥ പറയുമ്പോളിലോ പ്രേക്ഷകര്‍ കേട്ട ഓര്‍മ്മ പറച്ചിലല്ല, അതു പറയുന്നത് മമ്മൂട്ടിയുമല്ല... മണി സാറാണ്...! അത്രമാത്രം സംഭാഷണത്തിലും നില്‍പ്പിലും നടപ്പിലും രൂപത്തിലും നോട്ടത്തിലും മണി സാറായി മാറിയിട്ടുണ്ട് അദ്ദേഹം.

ഉണ്ടയെന്ന ചിത്രത്തിലെ രണ്ടില്ലായ്മകളെ കുറിച്ചുകൂടി പറയേണ്ടതുണ്ട്. ഒന്ന്, കച്ചവട സാധ്യതയെന്ന പേരിലോ ദൃശ്യസമ്പന്നതയ്‌ക്കോ വേണ്ടി തിരുകിക്കയറ്റപ്പെട്ട സ്ത്രീ കഥാപാത്രങ്ങള്‍, രണ്ട് കണ്ടു പരിചയിച്ച സിനിമാപ്പൊലീസു പേരുകളുടെ ജാതി വാലറ്റങ്ങള്‍... ഈ ഒഴിച്ചു നിര്‍ത്തലുകള്‍ യദൃച്ഛയാ സംഭവിച്ച ഒന്നല്ല. ഒന്നാമത്തേത്, പാട്ടായാലും പെണ്ണായാലും കഥയ്ക്കാവശ്യമല്ലാത്തതൊന്നും കാഴ്ചക്കാരന്റെ കണ്ണും ആവശ്യപ്പെടുന്നില്ലെന്നും കച്ചവടവും കലയിലെ ഏച്ചുകെട്ടലുകളും തമ്മില്‍ ഒരു ബന്ധവുമില്ല എന്നും തിരിച്ചറിവുള്ള ഉമര്‍ ഖാലിദ് എന്ന സംവിധായകന്റേയും ഇര്‍ഷാദ് എന്ന തിരക്കഥാകൃത്തിന്റേയും തന്റേടമുള്ള വിളിച്ചുപറയല്‍, രണ്ടാമത്തേതു ചില വിളിച്ചുപറയലുകളോളം തന്നെ പ്രസക്തമാണ് ഒഴിച്ചുനിര്‍ത്തലുകളെന്ന ബോധ്യവും!

ആദിവാസികള്‍ എന്നു ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന ലോകത്തെ ഏതു രാജ്യത്തിലേയും ആദിമ നിവാസികളാണ് അന്നാട്ടിലെ തദ്ദേശീയ ജനത. പ്രാദേശികവും വൈദേശികവുമായ അധിനിവേശങ്ങള്‍ക്കും ആട്ടിയോടിക്കലുകള്‍ക്കും ചരിത്രകാലത്തും വര്‍ത്തമാനത്തിലും വിധേയരാക്കപ്പെടുന്ന, വംശഹത്യക്കു വിധേയരാക്കപ്പെടുന്ന, സംസ്‌കാരനാശത്തിനു വഴിപ്പെടേണ്ടി വരുന്ന ആ പ്രാഗ് ജനതയ്ക്ക് ഏതു നാട്ടിലും ഒരേ ജീവിതവും ഒരേ രീതികളും ഒരേ താളവുംതന്നെയാണ്. തിബറ്റന്‍ അതിര്‍ത്തിയിലെ ആദിവാസി ഗ്രാമത്തില്‍ ഊരുകാവലിനു കൊളുത്തിവയ്ക്കപ്പെടുന്ന ചെരാതുപോലൊന്നു തന്റെ ഊരിനുമുണ്ട് എന്ന് ബിജു കുമാര്‍ പറയുന്നത് അതിനാലാണ്. അമേരിക്കയിലെ അമരിന്ത്യക്കാരെന്ന് അറിയപ്പെടുന്ന ജനവിഭാഗം, ആസ്ത്രേലിയയിലെ അബ് ഒര്‍ജിനലുകള്‍, സ്‌കാന്‍ഡിനേവിയയിലെ സാമി (Saami) വംശജര്‍, ന്യൂസിലന്‍ഡിലെ മവോറികള്‍ തുടങ്ങി ലോകത്തെല്ലായിടത്തും അധിനിവേശത്താല്‍ ഒഴിപ്പിക്കപ്പെടുന്ന തദ്ദേശ ജനവിഭാഗങ്ങളിലൊന്നാണ് ബസ്തറിലെ ആദിവാസി ജനതയും. ബസ്തറിനെക്കുറിച്ചുളള ആമുഖ വാചകങ്ങളൊന്നില്‍ പറയുന്നുണ്ട് ''ബസ്തര്‍ വലിയ ഗ്രാനൈറ്റ് നിക്ഷേപമുള്ള നാടാണ്, വമ്പന്‍ പണക്കാരും അതുകൊണ്ടുതന്നെ മാവോയിസ്റ്റുകളും ഉള്ള നാട്.''

വംശഹത്യയുടെ സൂചനകള്‍
രണ്ടു ലക്ഷത്തിലധികം ഉണ്ടായിരുന്ന തന്റെ വംശമിന്നു പതിനായിരത്തില്‍ താഴെയായത് എങ്ങനെയാണെന്ന് അറിയില്ലെന്ന്, അവരെല്ലാമെങ്ങോട്ടാണ് പോയതെന്നു നിലവിളിക്കുന്ന, തന്റെ മകന്‍ കൊല്ലപ്പെട്ടതറിയാതെ അവനെ തിരഞ്ഞു മരണത്തിലേക്കാണെന്നറിഞ്ഞുകൊണ്ടും പോകാനൊരുങ്ങുന്ന, സ്വയം അസുരക്ഷിതത്വത്തിന്റെ പടുകുഴിയില്‍ നില്‍ക്കുമ്പോഴും കാവല്‍ക്കാരായി വന്നവരോട് ''നിങ്ങള്‍ സുരക്ഷിതരല്ലേ?'' എന്നാശങ്കപ്പെടുന്ന കുനാല്‍ ചന്ദ്, മാവോയിസ്റ്റെന്നാരോപിച്ചു കൊല്ലാന്‍ കൊണ്ടുപോകുമ്പോഴും മരവിച്ച് ഒരേ ഇരിപ്പിരിക്കുന്ന കുനാലിന്റെ മൂത്തമകന്‍... അപകടമോ അഭയമോ എന്നറിയാതെ തോക്കിലേക്കു വിരല്‍നീട്ടുന്ന കുനാലിന്റെ ഇളയ മകന്‍... ഈ മൂന്നു കഥാപാത്രങ്ങളുടെ വിരലിലെണ്ണാവുന്ന ദൃശ്യങ്ങളില്‍ ഉണ്ട എന്ന സിനിമ വരച്ചിടുന്നത് ദശാബ്ദങ്ങളായി ഇന്ത്യയിലെ ദളിത് ജനകോടികളനുഭവിക്കുന്ന നരകജീവിതത്തിന്റെ അസ്വസ്ഥത നിറഞ്ഞ നേര്‍ച്ചിത്രങ്ങളാണ്, സംസാരിക്കുന്നത്, വിലമതിക്കാനാവാത്ത ഗ്രാനൈറ്റ് ഖനിക്കുവേണ്ടി അവിടെ ജനിച്ചുവളര്‍ന്ന ലക്ഷക്കണക്കായ മനുഷ്യരെ വംശഹത്യ ചെയ്യുന്ന സമ്പന്നരായ പ്രാദേശിക അധിനിവേശക്കാരുടെ, ഉത്തരേന്ത്യന്‍ ബസ്തറുകളും മണിയുടെ, ബിജു കുമാറിന്റെ നവോത്ഥാന കേരളത്തിലെ തൊവരിമലയും തമ്മില്‍ അന്തരമില്ലാതാക്കുന്ന ഭൂമിയുടെ രാഷ്ട്രീയമാണ്.
ദയാ പാര്‍ എന്ന മഹാരാഷ്ട്രക്കാരനായ ദളിത് കവിയുടെ ബുദ്ധന്‍ എന്നു പേരായ കവിതയില്‍ അദ്ദേഹം
''അഗതികളുടെ 
ക്ഷീണത്തിലും
ദു:ഖങ്ങളിലും 
സാന്ത്വനമായി
കുടിലുകളില്‍നിന്ന് 
കുടിലുകളിലേക്ക്
ഹൃദയം തകര്‍ക്കുന്ന 
ഇരുട്ടിലൂടെ
കൈകളിലൊരു 
ടോര്‍ച്ചുമായി''
പോകുന്നവനെന്ന് ബുദ്ധനെ എഴുതുന്നുണ്ട്. ഈ സിനിമയിലുണ്ട് അങ്ങനെയൊരു സ്‌നേഹ ബുദ്ധന്‍; കപില്‍ സിംഗ് എന്നു പേരായ സൈനിക ഡോക്ടര്‍... ''ജയ് റാമും വടിവാളും അധികാര രാഷ്ട്രീയവും കയ്യൂക്കും ചേര്‍ന്നു മഹത്തായ ജനാധിപത്യത്തെ അട്ടിമറിക്കുമ്പോള്‍ നിസ്സഹായരായിപ്പോവുന്ന കാവലാളുകളായി നിശ്ചലം വിറങ്ങലിച്ചു നില്‍ക്കേണ്ടിവരുന്ന ഓരോ ഇന്ത്യാക്കാരന്റേയും പ്രതീക്ഷ ഉയിരുകൊടുത്തും മുറിവേറ്റുവാങ്ങിയും നാടുകാക്കുന്ന, ആലംബഹീനരെ കാക്കുന്ന കപില്‍ദേവിനെപ്പോലുള്ള സ്‌നേഹബുദ്ധരില്ലാതാരിലാണ്?''


ക്യാംപിലെ ഓരോരുത്തരേയുംപോലെ ഇലയനക്കത്തില്‍പ്പോലും ഏതു സമയത്തും ഉണ്ടായേക്കാവുന്ന ഒരു മാവോയിസ്റ്റ് ആക്രമണത്തെപ്പറ്റിയുള്ള ആശങ്ക ചിത്രത്തിന്റെ തുടക്കം മുതല്‍ക്കേ പ്രേക്ഷകനുമുണ്ട്. എന്നാല്‍, അത്തരമൊന്നു ചിത്രത്തിന്റെ അവസാനം വരേക്കുണ്ടാവുന്നില്ല. മാവോയിസ്റ്റുകളില്‍നിന്നോ മാവോയിസ്റ്റുകളെന്നു മുദ്രകുത്തി വംശഹത്യ ചെയ്യപ്പെടുന്ന ആദിവാസികളില്‍നിന്നോ അല്ല, മൊത്തവിലയ്ക്ക് ജനാധിപത്യത്തെ തൂക്കി വാങ്ങുന്നവരില്‍നിന്നാണ് ഈ രാജ്യത്തെ വിമോചിതരാക്കേണ്ടത്. അതിന് ആയുധമോ ആള്‍ബലമോ ഇല്ലാത്ത സേനാനികളാണ് നാമെല്ലാം; ആത്മവിശ്വാസം ഒന്നുമാത്രമാണ് അവരുടെ തീബോംബുകളെ, അവരുടെ വടിവാളുകളെ എതിര്‍ത്തു തോല്‍പ്പിക്കാനും നമുക്കു മിച്ചമുള്ളത്. തോല്‍ക്കണോ ജയിക്കണോ എന്നതു തെരഞ്ഞെടുക്കേണ്ടത് നമ്മളാണ്. ബസ്തറിലെ മനുഷ്യര്‍ ട്രിഗറിലമര്‍ന്ന വിരലുകളോടെ തങ്ങള്‍ക്കു നേരെ ചൂണ്ടപ്പെടുന്ന തോക്കിന്‍ക്കുഴലിനു മുന്നിലേക്കുയര്‍ത്തിക്കാട്ടുന്ന അടയാളരേഖകള്‍, ഞങ്ങളുമീ മണ്ണില്‍ ജനിച്ചു ജീവിക്കുന്നവര്‍ തന്നെയെന്ന അവകാശരേഖകള്‍ കൂടിയാണ്. കുമ്പിട്ടു കുനിഞ്ഞു വോട്ടുപെട്ടി നീക്കിവച്ച് ഓച്ഛാനിച്ചു നില്‍ക്കുന്നവരുടെ നേര്‍ക്ക് ഒരലര്‍ച്ചയെങ്കിലുമാവാനാശിക്കുന്ന പൗരബോധമുള്ള ഓരോ ഇന്ത്യാക്കാരന്റേയും മനസ്സാണ് പ്രതീകാത്മകമായി ചിന്തിച്ചാല്‍ ചിത്രത്തിന്റെ അവസാന രംഗം. 

ചത്തുപോയിരിക്കുന്നു, ഈ മണ്ണ്... ജീവിക്കാന്‍ നാമീ നാടിനെ പുനര്‍ജ്ജീവിപ്പിക്കേണ്ടതുണ്ട്; വീണ്ടെടുക്കേണ്ടതുണ്ട്, വംശ, വര്‍ണ്ണവെറികളുടെ, ജനാധിപത്യവിരുദ്ധതയുടെ ഇരുണ്ടകാലത്തു നിന്നും... ഊരുകാവലിനു വിളക്കുകള്‍ കൊളുത്തി നാടിനു നാം കാവലാളുകളാവുകയെന്ന് കവിതപോലെ ആത്മാവിലേക്കു തുളഞ്ഞിറങ്ങുന്ന ഉണ്ട; ഒരു സിനിമകൊണ്ട് എത്രയാവുമോ അത്രയെന്നു നിസ്സംശയം പറയാവുന്ന സിനിമയാവുന്നു!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com