കളിമണ്ണിലെഴുതിയ റാഫ യുഗം: എഎന്‍ രവീന്ദ്രദാസ് എഴുതുന്നു

റാഫ എന്നു വിളിപ്പേരുള്ള സ്‌പെയിന്‍കാരന്‍ റാഫേല്‍ നദാല്‍ പെരേര റൊളാങ് ഗാരോസില്‍ പന്ത്രണ്ടാം പട്ടവും കിരീടമുയര്‍ത്തി കളിമണ്‍ കോര്‍ട്ടില്‍ ഇതാ, ഫ്രെഞ്ച് വിപ്ലവത്തിന്റെ ഒരു യുഗം പൂര്‍ത്തിയാക്കുന്നു.
കളിമണ്ണിലെഴുതിയ റാഫ യുഗം: എഎന്‍ രവീന്ദ്രദാസ് എഴുതുന്നു

തേക്കാള്‍ ആധികാരികവും സമ്പൂര്‍ണ്ണവുമായ ഒരു വിജയഗാഥ വിശ്വടെന്നീസിന്റെ പൂമുഖപ്പടിയായ ഗ്രാന്‍ഡ് സ്ലാമില്‍ രചിക്കാനുണ്ടോ. റാഫ എന്നു വിളിപ്പേരുള്ള സ്‌പെയിന്‍കാരന്‍ റാഫേല്‍ നദാല്‍ പെരേര റൊളാങ് ഗാരോസില്‍ പന്ത്രണ്ടാം പട്ടവും കിരീടമുയര്‍ത്തി കളിമണ്‍ കോര്‍ട്ടില്‍ ഇതാ, ഫ്രെഞ്ച് വിപ്ലവത്തിന്റെ ഒരു യുഗം പൂര്‍ത്തിയാക്കുന്നു. പാരീസിലെ കളിമണ്‍ കോര്‍ട്ടില്‍ തോല്‍വിയറിയാത്ത യോദ്ധാവാണ് താനെന്ന് ഒരിക്കല്‍ക്കൂടി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വിളംബരം ചെയ്ത റാഫ ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ മറ്റൊരു പുരുഷ, വനിതാ താരവും നേടിയതിനേക്കാള്‍ ട്രോഫികള്‍ ഇവിടെനിന്നു വാരിയെടുത്തു.

നിരന്തരം വേട്ടയാടിയ പരുക്കുകളുടെ തടവറയില്‍നിന്നു തിരിച്ചെത്തിയ റാഫേല്‍ നദാലിനു ചിലതെല്ലാം തെളിയിക്കാനും സമര്‍ത്ഥിക്കാനുമുണ്ടായിരുന്നു. അത് ഇത്തവണ ഫ്രെഞ്ച് ഓപ്പണില്‍ പന്ത്രണ്ടാം കിരീടത്തിന്റെ നിറവിലെത്തിയപ്പോള്‍ ഗ്രാന്‍ഡ് സ്ലാം ചരിത്രത്തില്‍ മഹത്തായ ഒരു അധ്യായം കൂടി എഴുതിച്ചേര്‍ക്കുകയായിരുന്നു. വിജയം അനായാസം കൈവന്നതല്ല. ഫൈനലില്‍ വെല്ലുവിളിയാകുമെന്നു കരുതിയ ഓസ്ട്രിയയുടെ യുവതാരം ഡൊമിനിക് തീമിനെ നാല് സെറ്റ് പോരാട്ടത്തില്‍ നദാല്‍ മറികടന്നത് മറ്റാര്‍ക്കും ഈ പ്രതലത്തില്‍ കാഴ്ചവെയ്ക്കാനാവാത്ത അതുല്യമായ പോരാട്ടവീര്യവും രചനാത്മകതയും കൊണ്ടാണ്. അതേസമയം കളിമണ്ണില്‍ റാഫ രാജാവിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാരന്‍ താന്‍ തന്നെയാണെന്നതിന്റെ മിന്നലൊളികള്‍ തീമിന്റെ കളിയിലുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ഫൈനലില്‍ കണ്ടതിനേക്കാള്‍ കരുത്തനും ശക്തനുമായാണ് തീം ഇത്തവണ കലാശ പോരിനിറങ്ങിയതെങ്കിലും ക്ലേ കോര്‍ട്ടില്‍ അസാമാന്യമായ വിരുതും വിജയ ചരിത്രവുമുള്ള നദാലിനു തെല്ലും പതര്‍ച്ചയുണ്ടായില്ല. ഗെയിമിനുമേല്‍ നദാലിനുള്ള മാനസികവും ശാരീരികവുമായ ആധിപത്യത്തിനു മുന്‍പില്‍ ശക്തനായ പ്രതിയോഗിയാകാന്‍ ഡൊമിനിക് തീമിനു കഴിഞ്ഞില്ലെന്നതാണ്  യാഥാര്‍ത്ഥ്യം.

2014-ല്‍ ഫ്രെഞ്ച് ഓപ്പണ്‍ നേടിയതിനുശേഷം പരുക്കിന്റെ പിടിയിലായ നദാലിന്റെ ടെന്നീസ് കരിയര്‍ അവസാനിച്ചുവെന്നു തോന്നിച്ചതായിരുന്നു. ആ അനിശ്ചിതത്വവും ആശങ്കയുമെല്ലാം തൂത്തെറിഞ്ഞ് 2017-ല്‍ വീണ്ടുമൊരു ഫീനിക്‌സ് ജന്മമെടുത്ത റാഫ പിന്നീട് തിരിഞ്ഞുനോക്കാതെ ഒരു ഡസന്‍ ഫ്രെഞ്ച് കിരീടമെന്ന അസുലഭ ധന്യമുഹൂര്‍ത്തത്തെ പുല്‍കിനില്‍ക്കുന്നു. 2005-ല്‍ ആദ്യമായി ഫ്രെഞ്ച് ഓപ്പണ്‍ നേടിയതിനുശേഷം 2015, 2016 വര്‍ഷങ്ങളില്‍ പരുക്കുമൂലം കളിക്കാതിരുന്നപ്പോഴൊഴികെ  എല്ലാ വര്‍ഷം ഈ കിരീടം നദാലിനെ തന്നെ തേടിയെത്തി. റൊളാങ് ഗാരോസിലെ 12 കിരീടത്തോടെ ഏതെങ്കിലുമൊരു ഗ്രാന്‍ഡ് സ്ലാമില്‍ ഏറ്റവുമധികം നാഴികക്കല്ലാണ് റാഫ കുറിച്ചത്. ഓസ്‌ട്രേലിയയുടെ ഇതിഹാസ ടെന്നീസ് റാണി മാര്‍ഗരറ്റ് കോര്‍ട്ട് സ്ഥാപിച്ച പതിനൊന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ട്രോഫികളുടെ സര്‍വ്വകാല റെക്കോര്‍ഡാണ് ഈ ജൂണ്‍ ഒന്‍പതിന് റൊളാങ് ഗാരോസില്‍ നദാല്‍ സ്വന്തം പേരിലേക്കു മാറ്റിയെഴുതിയത്.

പാരീസില്‍ ഈ ഫൈനലോടെ 93-ാം മത്സരവും നേടിയ നദാല്‍ സുദീര്‍ഘമായ ഈ പ്രയാണവഴിയില്‍ രണ്ട് മത്സരത്തില്‍ മാത്രമേ ഇവിടെ തോറ്റിട്ടുള്ളൂവെന്നതും അപൂര്‍വ്വ റെക്കോര്‍ഡ് തന്നെ. ഞാന്‍ തീമിനെ അഭിനന്ദിക്കുന്നു. തീമിനും ഇവിടെ ജയത്തിന് അര്‍ഹതയുണ്ടായിരുന്നു. 2005-ല്‍ അരങ്ങേറുമ്പോള്‍ ഈ 2019-ലും ഇവിടെ കളിക്കാനാവുമെന്ന് ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല-വിജയമുഹൂര്‍ത്തത്തില്‍ റാഫയുടെ വാക്കുകള്‍ ഇതായിരുന്നു. 2005-2008, 2010-2014, 2017-2018 വര്‍ഷങ്ങളിലാണ്  ഇവിടെ മറ്റു പതിനൊന്നു കിരീടങ്ങള്‍ നേടിയത്.

950 വിജയം, 
82 ട്രോഫികള്‍ 

ഈ ഫ്രെഞ്ച് ഓപ്പണോടെ റാഫേല്‍ നദാല്‍ കരിയറില്‍ 950-ാമത് മത്സര വിജയവും എല്ലാ ടൂര്‍ണമെന്റുകളിലുമായി 82-ാമത് കിരീടവുമാണ് സ്വന്തമാക്കിയത്. 12 തവണ ഒരു ഗ്രാന്‍ഡ് സ്ലാം വേദിയില്‍ കിരീടം നേടുകയെന്നത് അസാധ്യമായി തോന്നാം. പക്ഷേ, റാഫയ്ക്ക് അത് സാധിച്ചിരിക്കുന്നു. മഹാനായ ചാമ്പ്യനും ടെന്നീസ് ഇതിഹാസവുമാണ് റാഫയെന്ന് ഡൊമിനിക് തീമിന്റെ അഭിനന്ദനം. ടെന്നീസ് വിദഗ്ദ്ധന്മാര്‍ക്കും കളിപ്രേമികള്‍ക്കും പറയാനുള്ളതും അതുതന്നെ. അതേ റാഫ അതു നേടിയിരിക്കുന്നു.

ഗ്രാന്‍ഡ് സ്ലാമില്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കിയതിനൊപ്പം ഒരു ടൂര്‍ണമെന്റില്‍ ഏറ്റവുമധികം കിരീട നേട്ടങ്ങളുള്ള മാര്‍തീന നവരതിലോവയുടെ 12 കിരീടങ്ങള്‍ക്കൊപ്പമെത്താനും ഈ ഫ്രെഞ്ച് ഓപ്പണ്‍ കിരീടത്തോടെ നദാലിനായി. ഇപ്പോള്‍ നിലവിലില്ലാത്ത അമരിടെക് കപ്പ്, വെര്‍ജീനിയ സ്ലിംസ്, ആവോണ്‍ ചാമ്പ്യന്‍ഷിപ്പ് ഷിക്കാഗോ എന്നിവയിലായിരുന്നു മര്‍തീനയുടെ ഡസന്‍ കിരീടങ്ങളുടെ കൊയ്ത്ത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി റൊളാങ് ഗാരോസില്‍ ഈ സ്പാനിഷ് കാളക്കൂറ്റന്റെ അശ്വമേധം തുടങ്ങുകയാണ്. പിടിച്ചുകെട്ടാന്‍ പോന്ന ഒരു എതിരാളി ഇനിയും അവതരിക്കേണ്ടിയിരിക്കുന്നു. ഇവിടെ തുടര്‍ച്ചയായി മൂന്നു കിരീടമെങ്കിലും നേടുകയെന്ന റെക്കോര്‍ഡ് നദാല്‍ മൂന്നു വട്ടം കുറിച്ചു (2005-2008, 2010-2014, 2017-2019).

ഫ്രെഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഒരു എതിരാളിക്കും നദാലിനെ അഞ്ച് സെറ്റ് പോരാട്ടത്തിലേക്ക് വലിച്ചുകൊണ്ടു പോകാന്‍ കഴിഞ്ഞിട്ടില്ല എന്നതും ആ അധിനിവേശ കഥയിലെ അമ്പരപ്പിക്കുന്ന സ്ഥിതിവിവരക്കണക്കാണ്. 2005-ല്‍ അരങ്ങേറിയതിനുശേഷം സ്പാനിഷ് താരത്തിന് ഇവിടെ രണ്ടുതവണ മാത്രമേ അഞ്ച് സെറ്റ് കളിക്കേണ്ടിവന്നിട്ടുള്ളൂ. 2009-ല്‍ ആദ്യ റൗണ്ടില്‍ ജോണ്‍ ഇസ്നര്‍ക്കെതിരെയും 2013-ല്‍ സെമിയില്‍ നൊവാക് ദ്യോക്കോവിച്ചിനുമെതിരായായിരുന്നു  ആ മാരത്തണ്‍ പോരാട്ടങ്ങള്‍.

1967 മുതല്‍ തുടങ്ങുന്ന ഓപ്പണ്‍ യുഗത്തില്‍ എല്ലാ മത്സരങ്ങളും ബെസ്റ്റ് ഓഫ് ഫൈവ് സെറ്റ് ആയതോടെ ഏറ്റവും കുറച്ച് ഗെയിമുകള്‍ നഷ്ടപ്പെടുത്തി ഫ്രെഞ്ച് ഓപ്പണ്‍ ജയിച്ച രണ്ടാമത്തെ താരമെന്ന ബഹുമതി 2017-ല്‍ നദാലിനുണ്ട്. അന്നു നഷ്ടപ്പെടുത്തിയത് 35 ഗെയിമുകള്‍ മാത്രം. 1978-ലെ ഫൈനലില്‍ 32 ഗെയിം മാത്രം നഷ്ടപ്പെടുത്തിയ ബ്യോണ്‍ ബോര്‍ഗാണ് ഒന്നാമന്‍. അതേസമയം 2008-ലും 2009-ലും 2017-ലും ഒറ്റ സെറ്റും വിട്ടുകൊടുക്കാതെയാണ് നദാല്‍ കിരീടമുയര്‍ത്തിയത്. ഓപ്പണ്‍ യുഗത്തില്‍ 1978-ല്‍ ബോര്‍ഗും 1973-ല്‍ ഇലിനസ്താസെയും ഒറ്റ സെറ്റും നഷ്ടപ്പെടുത്താതെ കിരീടമണിഞ്ഞവരാണ്.

കരുത്തുറ്റ സെര്‍വ്, 
മിന്നുന്ന റിട്ടേണ്‍ 

ബേസ് ലൈനിനു പുറത്തുനിന്നുള്ള കരുത്തുറ്റ സെര്‍വുകളും മിന്നുന്ന റിട്ടേണുകളും റാഫേല്‍ നദാലിന്റെ തേച്ചുമിനുക്കിയ ആയുധങ്ങളാണ്. എതിരാളികളുടെ ദൗര്‍ബ്ബല്യത്തിലേക്ക് തുരന്നു കയറാന്‍ തന്റെ ഈ ആയുധങ്ങള്‍ മികച്ച ഫോമില്‍ കളിക്കുമ്പോള്‍ റാഫ സമര്‍ത്ഥമായി നടപ്പാക്കുന്നു. ഫ്രെഞ്ച് ഓപ്പണില്‍ റാഫയെ തോല്പിക്കുകയെന്നതാണ്  ടെന്നീസിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് റോജര്‍ ഫെഡററുടെ നാട്ടുകാരന്‍ കൂടിയായ സ്റ്റാന്‍ വാവ്‌റിങ്ക മുന്‍പു പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. 2015-ല്‍ ഒരിക്കല്‍ മാത്രമാണ് ക്ലേ കോര്‍ട്ടില്‍ വാവ്‌റിങ്കയ്ക്ക് റാഫയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

നൊവാക് ദ്യോക്കോവിച്ച്
നൊവാക് ദ്യോക്കോവിച്ച്


നദാലിന്റെ നേട്ടങ്ങള്‍ ഏറെയും കളിമണ്ണില്‍ ഒതുങ്ങുന്നുവെന്നതില്‍ വില കുറച്ചു കാണേണ്ടതില്ല. കാരണം മണ്‍പ്രതലത്തെ കീഴടക്കണമെങ്കില്‍ അസാധാരണ പ്രതിഭ തന്നെ വേണം. കരുത്തനായിരിക്കുകയും വേണം. എത്രയോ തവണ കളിയുടെ സുന്ദര മുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ചിരിക്കുന്നു ഈ സ്പാനിഷുകാരന്‍. ഇരുപത് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുള്ള റോജര്‍ ഫെഡറര്‍ ടെന്നീസ് കോര്‍ട്ടിലെ നര്‍ത്തകനാണെങ്കില്‍ നദാല്‍ തികഞ്ഞ പോരാളിയാണ്. പറന്നു പറന്ന് ഉയരത്തില്‍ നൃത്തം ചെയ്യുന്ന ഫെഡറര്‍ക്ക് ആകാശം നിഷേധിച്ചുകൊണ്ട്  ആക്രമിക്കുന്നവനാണ് റാഫേല്‍ നദാലെന്ന് ഇരുവരുടേയും കളി വിശകലനം ചെയ്തുകൊണ്ട് വിഖ്യാത ടെന്നീസ് നിരൂപകന്‍ പീറ്റര്‍ ബോഡോ പറയുന്നുണ്ട്.
വേഗം കുറഞ്ഞ ഹാര്‍ഡു കോര്‍ട്ടുകളിലേക്ക് വരുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ നദാല്‍ തന്നെയാണ്. നൊവാക് ദ്യോക്കോവിച്ചിനെപ്പോലെ ഒരാള്‍ വേഗം കുറഞ്ഞ പ്രതലത്തില്‍ നദാലിനു തലവേദന സൃഷ്ടിച്ചേക്കാം. അതേസമയം യുവപ്രതിഭകളായ ഡൊമിനിക് തീമും ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവും ഗ്രാന്‍ഡ് സ്ലാം വേദികളില്‍ വലിയ ചലനം സൃഷ്ടിക്കാനാവുന്ന തലത്തിലേക്ക് ഇനിയും ഉയര്‍ന്നുവന്നിട്ടില്ല.

കാര്‍ലോസ് മോയ
കാര്‍ലോസ് മോയ

രണ്ടു വര്‍ഷം മുന്‍പ് പരിശീലകനായ സ്‌പെയിനിന്റെ മുന്‍താരം കാര്‍ലോസ് മോയയുടെ നിര്‍ദ്ദേശ പ്രകാരം സെര്‍വുകളുടേയും ഗ്രൗണ്ട്‌സ് സ്‌ട്രോക്കുകളുടേയും വേഗം കൂട്ടിയത് നദാലിനെ കാര്യമായി തുണച്ചിട്ടുണ്ട്. പ്രതിരോധത്തില്‍നിന്ന് ആക്രമണത്തിലേക്കു കയറിപ്പോകുന്നത് ടെന്നീസ് ചരിത്രത്തില്‍ മറ്റാരേക്കാളും നന്നായി പ്രാവര്‍ത്തികമാക്കുന്നത്  റാഫേല്‍ നദാലാണെന്ന് ജോണ്‍ മെക്കന്റോ സാക്ഷ്യപ്പെടുത്തുന്നു. മണിക്കൂറില്‍ 90 മൈലിലേറെ വേഗതയുള്ള ഫോര്‍ഹാന്‍ഡുകളാണ് ആ റാക്കറ്റില്‍നിന്നു പ്രവഹിക്കുന്നത്. ദീര്‍ഘകാലമായി പരിശീലകനായ  അമ്മാവന്‍ ടോണി നദാലിനൊപ്പം പിന്നീട് ചേര്‍ന്ന കാര്‍ലോസ് മോയ നദാലിന്റെ ഫോര്‍ഹാന്‍ഡുകള്‍ക്കു മൂര്‍ച്ചകൂട്ടാന്‍ സഹായിച്ചതിനൊപ്പം ബേസ് ലൈനിനടുത്തുനിന്നു കളിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

നദാല്‍ കിരീടവുമായി
നദാല്‍ കിരീടവുമായി

ഒപ്പം കൂടുതല്‍ ആക്രമണോത്സുകതയോടെ ബാക്ക്ഹാന്‍ഡുകള്‍ പ്രയോഗിക്കാനും നദാലിനു കഴിയുന്നു. ശക്തമായ പ്രതിരോധ ഗെയിമും സെര്‍വുകള്‍ക്ക് മൂര്‍ച്ചകൂട്ടിയും മികച്ച തന്ത്രങ്ങളും കൊണ്ട് അപ്രതീക്ഷിതമായി അസാധാരണ ഫോമിലേക്ക് ഉയരാനുള്ള സവിശേഷമായ കഴിവും ഈ താരത്തിനുണ്ടെന്ന് വിദഗ്ദ്ധന്മാര്‍ ചൂണ്ടിക്കാട്ടുന്നു.

അതിശയമില്ലെന്ന്
ഫെഡറര്‍ 

ക്ലേ കോര്‍ട്ടില്‍ റാഫയുടെ ആധിപത്യത്തില്‍ ഒട്ടും അതിശയമില്ലെന്നാണ് റോജര്‍ ഫെഡറര്‍ പറയുന്നത്. പഴയകാലത്തെപ്പോലെ റാഫ ഇന്നും കളിമണ്ണില്‍ വിരാജിക്കുകയാണ്. കൊള്ളിയാന്‍ പോലെ എയ്‌സുകള്‍ ഉതിര്‍ക്കുന്നവരാണ് സമകാലിക ടെന്നീസിലെ ഈ രണ്ട് മുന്‍നിരക്കാരും. സ്വന്തം കഴിവിലും അധ്വാനത്തിലും വിശ്വാസമുണ്ടെങ്കില്‍ ജീവിതത്തില്‍ എത്ര ദൂരം വരേയും പോകാന്‍ സാധിക്കുമെന്നതിന്റെ ഉത്തമ മാതൃകയാണ് ഇവര്‍.

അസാധ്യമെന്നത് സാധ്യതയെന്നു തന്നെയാണ് ഫ്രെഞ്ച് ഓപ്പണിലേക്കുള്ള തന്റെ ഓരോ വരവിലും നദാല്‍ തെളിയിക്കുന്നത്. ഏത് സീസണില്‍ തനിക്ക് തിരിച്ചടി നേരിട്ടാലും അതിന് ആഘോഷത്തോടെ ഈ മുപ്പത്തി മൂന്നുകാരന്‍ മറുപടി നല്‍കുന്നത് ഫ്രെഞ്ച് ഓപ്പണിലാണ്. 2017-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ക്ലാസ്സിക് ഫൈനലില്‍ ഫെഡററോട് തോല്‍വിയേറ്റ നദാല്‍ ഫ്രെഞ്ച് ഓപ്പണില്‍ കിരീടം നേടിക്കൊണ്ട് പ്രതിവിധി ചെയ്തു.

പരുക്കും അസുഖവും വേട്ടയാടിയ രണ്ടരവര്‍ഷത്തോളം കിരീടങ്ങള്‍ അകന്നുനിന്ന കരിയറിന്റെ രണ്ടാം വരവില്‍ 2017-ലെ നദാലിന്റെ ഫ്രെഞ്ച് ഓപ്പണ്‍ വിജയം യാദൃച്ഛികമായിരുന്നില്ല. പിന്നാലെ ആ വര്‍ഷത്തെ യു.എസ് ഓപ്പണ്‍ ഹാര്‍ഡ് കോര്‍ട്ടില്‍ നേടിയ തന്റെ മൂന്നാം കിരീടം കളിമണ്ണിലെ രാജാവിന്റെ ടെന്നീസ് സപര്യയ്ക്ക് ഇരട്ടിമധുരമാവുകയും ചെയ്തു.

അടങ്ങാത്ത പോരാട്ടവീര്യത്തിന്റെ ആള്‍രൂപമായി ടെന്നീസ് കോര്‍ട്ടില്‍ നിറസാന്നിധ്യമായ നദാലിന്റെ ജൈത്രയാത്രയ്ക്ക് അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടത് 2014-ലാണ്. ആദ്യം കാല്‍മുട്ടിനും പിന്നീട് കൈക്കുഴയ്ക്കുമേറ്റ പരുക്ക് 2015-ലെ പോരാട്ടഭൂമികയില്‍നിന്ന് നദാലിനെ മാറ്റിനിര്‍ത്തി. എഴുതിത്തള്ളിയവര്‍ക്കു മറുപടി നല്‍കാന്‍ 2016-ലെ തിരിച്ചുവരവിലും കഴിഞ്ഞില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിനു പിന്നാലെ പരുക്കുമൂലം ഫ്രെഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ പിന്‍വാങ്ങേണ്ടിയും വന്നു. വിംബിള്‍ഡണിന് എത്തിയില്ല. അവസാന ഗ്രാന്‍ഡ് സ്ലാമായ യു.എസ് ഓപ്പണിന്റെ പ്രീക്വാര്‍ട്ടറില്‍ പുറത്താവുകയും ചെയ്തു.

അങ്ങനെ നദാലിന്റെ കാലം കഴിഞ്ഞുവെന്ന വിലയിരുത്തലുകള്‍ നടക്കവെയാണ് 2017-ല്‍ താരം തിരിച്ചെത്തിയത്. എ.ടി.പി റാങ്കിങ്ങില്‍ ഒന്‍പതാം പടിയില്‍നിന്ന് ഒന്‍പത് മാസം കൊണ്ട് ഒന്നാം റാങ്കിലേക്ക് കുതിച്ചെത്തി. സ്റ്റാന്‍ വാവ്‌റിങ്കയെ കീഴടക്കി ഫ്രെഞ്ച് ഓപ്പണില്‍ പത്താമുദയം. പിന്നാലെ യു.എസ് ഓപ്പണിലും കിരീടധാരണം.

ഫെഡററിലേക്ക്
രണ്ട് കിരീടങ്ങള്‍ ദൂരം 

തന്റെ ഉത്തമസുഹൃത്തും കോര്‍ട്ടിലെ ചിരകാല വൈരിയുമായ റോജര്‍ ഫെഡററുടെ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ റെക്കോര്‍ഡിലേക്കെത്താന്‍ റാഫയ്ക്ക് ഇനി രണ്ട് കിരീടങ്ങള്‍ മാത്രം. പുരുഷന്മാരില്‍ ഏറ്റവുമധികം ഗ്രാന്‍ഡ് സ്ലാം നേടിയ റോയ് എമേഴ്‌സന്റെ റെക്കോര്‍ഡ് നിലനിന്നത് സുദീര്‍ഘമായ 33 വാസരങ്ങളാണ്. 1967-ലെ വേനല്‍ക്കാലത്താണ് എമേഴ്‌സണ്‍ തന്റെ 12-ാമത്തേയും അവസാനത്തേതുമായ ഗ്രാന്‍ഡ് സ്ലാം നേടിയത്. ഒടുവില്‍ 2000-ത്തില്‍ അമേരിക്കയുടെ പീറ്റ് സംപ്രാസാണ് ആ നാഴികക്കല്ലു മറികടന്നത്.

എന്നാല്‍, എമേഴ്‌സന്റെ അത്രയും കിരീടങ്ങള്‍ ഒരാള്‍ ഒറ്റ ഗ്രാന്‍ഡ് സ്ലാമില്‍ നേടുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല. അതും കേവലം 15 വര്‍ഷത്തിനുള്ളില്‍. 12 ഫൈനല്‍, 12 ട്രോഫികള്‍. ഈ ജൂണ്‍ മാസത്തെ രണ്ടാമത്തെ ഞായറാഴ്ച നദാല്‍ തന്റെ 12-ാം ഫ്രെഞ്ച് ഓപ്പണിനൊപ്പം 18-ാം ഗ്രാന്‍ഡ് സ്ലാം കിരീടത്തിലുമാണെത്തിയത്. ഫെഡററും നദാലും ദ്യോക്കോവിച്ചും (15 കിരീടം) ഒന്നിച്ചണി നിരക്കുന്ന ഗ്രാന്‍ഡ് സ്ലാം ടെന്നീസിലെ അന്യൂനമായ ഒരു യുഗം കൂടിയാണിതെന്നത് ആരെയാണ് സന്തോഷിപ്പിക്കാത്തത്.

കുറേ മാസങ്ങള്‍ നീണ്ട അഗ്‌നിപരീക്ഷകള്‍ താണ്ടി വിജയത്തിലേക്കെത്തിയ റാഫേല്‍ നദാലിന്റെ ഫ്രെഞ്ച് ഓപ്പണ്‍ യുഗത്തിന് സമാനതകളില്ല. തന്റെ സ്വപ്നങ്ങള്‍ക്കുമേല്‍ മൂടിയ പരുക്കിന്റെ കാര്‍മേഘങ്ങള്‍ മുറിച്ചുകടന്നെത്തിയ വീരയോദ്ധാവിന്റെ ടെന്നീസ് ഗാഥയാണ് റൊളാങ് ഗാരോസില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. തയ്യാറെടുപ്പില്‍ തന്റെ പ്രിയപ്പെട്ട പ്രതലത്തില്‍ ജയിക്കാനായില്ലെന്നത് നദാലിനെ ക്ഷീണിപ്പിച്ചിരുന്നു. ഇങ്ങനെയൊരു പ്രതിസന്ധി നേരിടുന്നത് 2004-നുശേഷം ആദ്യമായിരുന്നു. എന്നാല്‍, ഇറ്റാലിയന്‍ ഓപ്പണിലൂടെ വിജയപാതയില്‍ തിരിച്ചെത്തി. ഫ്രെഞ്ച് ഓപ്പണിനിറങ്ങിയപ്പോള്‍ തനിക്ക് കൈവെള്ളയില്‍ വരച്ചതുപോലെയുള്ള കളിമണ്ണിലെ ഓരോ മണല്‍ത്തരിയും ഈ ചാമ്പ്യനെ പ്രചോദിപ്പിക്കുകയായിരുന്നു. അവിടെ മറ്റാര്‍ക്കും സ്പര്‍ശിക്കാനാവാത്തവിധം നദാലിന്റെ കളിക്കാകെ രൂപപരിണാമം കൈവന്നു.

റോജര്‍ ഫെഡറര്‍
റോജര്‍ ഫെഡറര്‍

പൂര്‍ണ്ണവും ഉദാത്തവുമായ പ്രകടനം. സെമിയില്‍ അതിന്റെ ഇരയാകേണ്ടിവന്ന ഫെഡറര്‍ നേരിട്ടുള്ള സെറ്റുകളിലാണ് അടിയറവു പറഞ്ഞത്. മുന്‍കോര്‍ട്ടില്‍ ദയാരഹിതമായ ആക്രമണമാണ് നദാല്‍ എതിരാളികള്‍ക്കുമേല്‍ അഴിച്ചുവിട്ടത്. അതിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു  തീമിനെതിരെയുള്ള ഫൈനല്‍. ഒന്നു പറയാം. കളിമണ്ണില്‍ ഇതേക്കാള്‍ സുസ്ഥിരമായ ഒരു പ്രകടനം ലോകം കണ്ടിട്ടില്ല.

പ്രായം വെറുമൊരു
അക്കം മാത്രം 

2013-ലെ യു.എസ് ഓപ്പണില്‍ നാല്പതാം വയസ്സില്‍ ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം നേടുമ്പോള്‍ ലിയാന്‍ഡര്‍ പെയ്‌സ് പറഞ്ഞത് പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്നായിരുന്നു. പെയ്‌സിന്റെ ആ വാക്കുകള്‍ ഒരേപോലെ ശരിവെച്ചാണ് ഫെഡററും ഒപ്പം നദാലും ടെന്നീസ് ലോകത്തെ കാല്‍ക്കീഴിലാക്കി യാത്ര തുടരുന്നത്. അതുകൊണ്ടായിരിക്കാം 18 ഗ്രാന്‍ഡ് സ്ലാമായി ഫ്രെഞ്ച് ഓപ്പണ്‍ കൂടെ കൊണ്ടുപോകുമ്പോള്‍ അഹങ്കാരമൊന്നുമില്ലാതെ ഇനിയും കാണാമെന്ന് റൊളാങ് ഗാരോസിനോട് വിടപറയാന്‍ നദാലിനു കഴിയുന്നത്.

മറ്റുള്ളവര്‍ റാക്കറ്റ് തൂക്കിയിട്ട് വിശ്രമിക്കുന്ന പ്രായത്തിലും ഫെഡററും നദാലും കളിമേടുകളില്‍ ശക്തമായ സാന്നിധ്യമാണ്. കാലം കഴിഞ്ഞുവെന്നു വിമര്‍ശകര്‍ ഓരോ വട്ടവും എഴുതിത്തള്ളുമ്പോഴും  പ്രായത്തെ വെല്ലുന്ന പ്രസരിപ്പും കേളീചാതുരിയുമായാണ് ഇവര്‍ ടെന്നീസ് പ്രേമികളെ ആനന്ദത്തിലാറാടിക്കുന്നത്. ഏതു സമ്മര്‍ദ്ദത്തേയും അതിജീവിച്ചു കളിക്കാനുള്ള മനക്കരുത്താണ് ഇരുവരുടേയും കൈമുതല്‍.

ഈ ഫ്രെഞ്ച് ഓപ്പണ്‍ സെമിഫൈനലുള്‍പ്പെടെ ഇരുവരും തമ്മിലേറ്റുമുട്ടിയത് 39 തവണ. നേരിട്ടുള്ള ഏറ്റുമുട്ടലില്‍ നദാലിന് 24-15ന്റെ മുന്‍തൂക്കം. എന്നാല്‍, ഈ സെമി കഴിയുമ്പോള്‍ കഴിഞ്ഞ ആറ് മുഖാമുഖങ്ങളില്‍ ഫെഡററുടെ ലീഡ് 5-1 ആണ്. ഗ്രാന്‍ഡ് സ്ലാമില്‍ നദാല്‍ 10-3. റൊളാങ് ഗാരോവിലെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ നദാല്‍ 6-0നു മുന്നില്‍. ഇവരുടെ പോരാട്ടങ്ങളില്‍ 54 ഷോട്ടുകളുടെ വരെ റാലികള്‍ ഉണ്ടായിട്ടുണ്ട്. ഇരുവരും പൊരിഞ്ഞ പോരാട്ടത്തില്‍ കോര്‍ട്ടിന്റെ മുക്കിലും മൂലയിലും ഓടിയെത്തുന്നത് കണ്ട് കാണികള്‍ അതിശയിച്ചുപോയിട്ടുണ്ട്.

പുല്‍കോര്‍ട്ടിലെ ഫെഡററുടെ അശ്വമേധത്തെ അതിശയിപ്പിക്കുന്ന പടയോട്ടമാണ്  നാലു വയസ്സിനിളപ്പമുള്ള നദാല്‍ കളിമണ്ണില്‍ കാഴ്ചവെയ്ക്കുന്നത്. വിംബിള്‍ഡണ്‍ ഫെഡററുടെ  മേച്ചില്‍പ്പുറമാണെങ്കില്‍ പാരീസിലെ കളിമണ്‍ പ്രതലം റാഫയുടെ മാത്രം തട്ടകമായിട്ട് വര്‍ഷമെത്രയായിരിക്കുന്നു. കളിമണ്ണിലെ എക്കാലത്തേയും മികച്ച താരമായ നദാല്‍ ഫെഡററുടെ ഫ്രെഞ്ച് ഓപ്പണ്‍ സ്വപ്നങ്ങള്‍ക്ക് എന്നും വിലങ്ങുതടിയായിരുന്നു. പരുക്ക് വില്ലനായ നദാലിന്റെ അഭാവത്തില്‍ ഒരിക്കല്‍ മാത്രമാണ് ഫെഡറര്‍ പാരീസില്‍ കിരീടമുയര്‍ത്തിയത്.

വിജയദാഹമുള്ള
പോരാളികള്‍ 

റാഫേല്‍ നദാലിനേയും റോജര്‍ ഫെഡററേയും പോലെ വിജയദാഹമുള്ള കളിക്കാരെ ടെന്നീസ് ലോകം അധികമൊന്നും കണ്ടിട്ടില്ല. എന്നാല്‍, അക്കാര്യത്തില്‍ ഫെഡററേക്കാള്‍ മുന്നില്‍ നദാലാണ് താനും. ദീര്‍ഘകാലമായി ഫെഡററുമായി നിലനില്‍ക്കുന്ന ടെന്നീസ്‌കോര്‍ട്ടിലെ വൈര്യത്തേക്കാള്‍ റാഫയെ സംബന്ധിച്ചിടത്തോളം ഈ ടെന്നീസ് യുഗത്തെ നിര്‍ണ്ണയിക്കുന്ന മഹാന്മാരായ കളിക്കാരുടെ തലമുറയില്‍ താനും പ്രതിഷ്ഠിക്കപ്പെടുന്നുവെന്നതാണ്  പ്രധാനം. തങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ കളിക്ക് പ്രാധാന്യമേറ്റിയിട്ടുണ്ടെന്നും നദാല്‍ കരുതുന്നു.

തന്റെ കരിയറില്‍ വ്യത്യസ്ത ശൈലിയിലും വ്യത്യസ്ത കോര്‍ട്ടുകളിലുമായി നിരവധി എതിരാളികളെ നേരിട്ടിട്ടുണ്ട്. അതിലെല്ലാം പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഭാഗ്യവാനാണ്. മാത്രമല്ല, കളിക്കുന്ന കാലത്ത് 20-ഉം 18-ഉം 15-ഉം ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയ മൂന്നു പേര്‍ ഉണ്ടെന്നത് മഹത്തരവുമാണ്. തന്നേയും ഫെഡററേയും ദ്യോക്കോവിച്ചിനേയുമാണ് നദാല്‍ ഇതു പറയുമ്പോള്‍ ഉദ്ദേശിച്ചത്.

ആന്‍ഡി മുറെ
ആന്‍ഡി മുറെ

ഇവരുടെ ഈ കാലഘട്ടത്തില്‍ കിരീടം നേടാന്‍ ആര്‍ക്കും എളുപ്പമായിരുന്നില്ല. നദാല്‍, ഫെഡറര്‍, ദ്യോക്കോവിച്ച് മൂവര്‍ സംഘത്തിന്റെ ആധിപത്യ വാഴ്ചയില്‍ പ്രമുഖ കിരീടങ്ങള്‍ നേടാന്‍ കഴിഞ്ഞത് ആന്‍ഡിമനേ, സ്റ്റാന്‍ വാവ്‌റിങ്ക, യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ, മാരിന്‍ ഡിലിച്ച് എന്നിവര്‍ക്ക് മാത്രമാണെന്നും കാണുക.
ഫെഡറര്‍ക്കൊപ്പമെത്തുമോ മറികടക്കുമോ എന്നൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. ഫെഡറര്‍ അദ്ദേഹത്തിന്റെ വഴിക്കു പോകുന്നു. കിരീടങ്ങളില്‍ അദ്ദേഹം എന്നേക്കാള്‍ മുന്നിലാണ്. ഞങ്ങളുടെ യാത്ര എവിടെ അവസാനിക്കുമെന്ന് കാണാമെന്നും ഫ്രെഞ്ച് ഓപ്പണ്‍ കിരീടമുയര്‍ത്തിയ ശേഷം നദാല്‍ പറയുകയുണ്ടായി.

ഫെഡററേക്കാള്‍ വിജയതൃഷ്ണയുള്ളവനാണ് നദാല്‍ എന്നും അതുകൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ ടെന്നീസ് കളിക്കാരനെന്ന ഖ്യാതിയിലേക്ക് ഉയരാന്‍ കഴിഞ്ഞേക്കുമെന്നും മുന്‍ ലോക ഒന്നാം നമ്പര്‍ താരം മാറ്റ്‌സ് വിലാണ്ടര്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. കേളീ മികവില്‍ മാത്രമല്ല, കളിയോടുള്ള വീക്ഷണത്തിലും ലക്ഷ്യബോധത്തിലും ഫെഡററുമായി തന്നെവേണം നദാലിനെ താരതമ്യം ചെയ്യാന്‍. പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെ ഇരുവരും പോരാട്ടത്തിന്റേയും പ്രതിഭയുടേയും സമര്‍പ്പണത്തിന്റേയും പുത്തന്‍ ആവിഷ്‌കാരങ്ങള്‍ നടത്തുന്നു.

സ്റ്റാന്‍ വാവ്‌റിങ്ക
സ്റ്റാന്‍ വാവ്‌റിങ്ക

ടെന്നീസ് കോര്‍ട്ടില്‍ വസന്തം സൃഷ്ടിച്ച കളിക്കാരില്‍ ഫെഡററേയും നദാലിനേയും പോലെ ഏറെപ്പേരുണ്ടാവില്ല. ഫെഡററുടെ നിത്യഹരിത കാലത്ത് തന്റേതായ ചരിത്രവും കാലഘട്ടവും എഴുതിച്ചേര്‍ത്തവനാണ് നദാല്‍. ആധുനിക ടെന്നീസിലെ രണ്ട് ഇതിഹാസങ്ങള്‍. ഇവര്‍ തമ്മിലുള്ള പോര്‍മുഖം ഇനി അധികനാളുകളുണ്ടാവില്ലല്ലോ എന്ന സങ്കടത്തിലാണ് ടെന്നീസ് പ്രേമികള്‍. ലോകം കണ്ട ഏറ്റവും മികച്ച ടെന്നീസ് റോജര്‍ ഫെഡറര്‍ ആണെന്നു വിലയിരുത്തപ്പെടുമ്പോഴും  ആ ഫെഡ്എക്‌സ്പ്രസ്സിനെ മറികടക്കാന്‍ ആര്‍ക്കെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് റാഫേല്‍ നദാലിനാണെന്നു വിദഗ്ദ്ധന്മാര്‍ വീണ്ടും പറയാന്‍ തുടങ്ങിയിരിക്കുന്നു. നദാല്‍ ഫെഡററെ മറികടക്കുമോയെന്നു കാലം തെളിയിക്കട്ടെ. നമുക്കു കാത്തിരിക്കാം.

നദാലിന്റെ ഗ്രാന്‍ഡ് സ്ലാം ട്രോഫികള്‍

വര്‍ഷം    എതിരാളി
ഫ്രെഞ്ച് ഓപ്പണ്‍    
2005    മരിയാനോ പ്യൂര്‍ട്ടോ
2006    റോജര്‍ ഫെഡറര്‍
2007    റോജര്‍ ഫെഡറര്‍
2008    റോജര്‍ ഫെഡറര്‍
2010    റോബിന്‍ ഡോസര്‍ലിങ്
2011    റോജര്‍ ഫെഡറര്‍
2012    നൊവാക് ദ്യോക്കോവിച്ച്
2013    ഡേവിഡ് ഫെറര്‍
2014    നൊവാക് ദ്യോക്കോവിച്ച്
2017    സ്റ്റാന്‍ വാവ്‌റിങ്ക
2018    ഡൊമിനിക് തീം
2019    ഡൊമിനിക് തീം

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍
2009    റോജര്‍ ഫെഡറര്‍

വിംബിള്‍ഡണ്‍
2008    റോജര്‍ ഫെഡറര്‍
2010    തോമസ് ബര്‍ഡിച്ച്

യു.എസ്. ഓപ്പണ്‍
2010    നൊവാക് ദ്യോക്കോവിച്ച്
2013    നൊവാക് ദ്യോക്കോവിച്ച്
2017    കെവിന്‍ ആന്‍ഡേഴ്‌സണ്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com