ക്യാമറയ്ക്കു പിന്നിലെ കാത്തിരിപ്പ്: ഉമ്മര്‍ ടികെ എഴുതുന്നു

കാഴ്ചയ്ക്കപ്പുറം ക്യാമറയെ ആയുധമാക്കുകയായിരുന്നു അവര്‍.
ബാബു കാമ്പ്രത്ത്
ബാബു കാമ്പ്രത്ത്

സാമൂഹികമായ ഇടപെടലുകളില്‍ ഡോക്യുമെന്ററികള്‍ക്കുള്ള പ്രാധാന്യം ചെറുതല്ല. പ്രത്യേകിച്ചും നമ്മുടെ പാരിസ്ഥിതിക മേഖലകളില്‍ല്‍ ശരത്ചന്ദ്രനേയും ബാബുരാജിനേയും എം. എ. റഹ്മാനേയും പോലുള്ളവര്‍ നടത്തിയ ഇടപെടലുകള്‍. കാഴ്ചയ്ക്കപ്പുറം ക്യാമറയെ ആയുധമാക്കുകയായിരുന്നു അവര്‍. പ്ലാച്ചിമടയിലായാലും പാത്രക്കടവിലായാലും എന്‍ഡോസള്‍ഫാന്‍ മേഖലയിലായാലും സാക്ഷികളെയല്ല, സമരങ്ങളില്‍ നേരിട്ടിടപെടുന്ന ആക്ടിവിസ്റ്റുകളെയാണ് നാം കാണുന്നത്. പരിസ്ഥിതി ഡോക്യുമെന്ററികളില്‍ ആദ്യം ഓര്‍മ്മിക്കുന്ന പേരുകളും ഇവരുടേതാണ്. സമരമുഖങ്ങളിലെ ഈ ക്ഷോഭസാന്നിധ്യവഴികളില്‍നിന്നും മാറി ധ്യാനാത്മകമായ ഏകാന്തവഴികളിലൂടെ സഞ്ചരിക്കുന്ന സംവിധായകനാണ് ബാബു കാമ്പ്രത്ത്. ദേശീയതലത്തിലും അന്തര്‍ദ്ദേശീയ തലത്തിലും അനേകം അവാര്‍ഡുകള്‍ നേടിയവയാണ് ബാബു കാമ്പ്രത്തിന്റെ പരിസ്ഥിതി പ്രധാനമായ ഡോക്യുമെന്ററികള്‍. 

പുല്ലും പുല്‍ച്ചാടിയും ഭൂമിയുടെ അവകാശികളാണെന്ന ഭൗമകേന്ദ്രിതമായ കാഴ്ചപ്പാടിനെ പരിസ്ഥിതി മൊത്തത്തില്‍ ഉപഭോഗത്തിനുള്ളതാണെന്ന മനുഷ്യകേന്ദ്രിത കാഴ്ചപ്പാടിനെതിര്‍ നിര്‍ത്തുന്നവയാണ് അദ്ദേഹത്തിന്റെ ഡോക്യുമെന്ററികള്‍. ആദ്യ ഡോക്യുമെന്ററിയായ കാനത്തില്‍ മനുഷ്യസാന്നിധ്യമേ ഇല്ല. ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളിലെ പ്രകൃതിദത്ത നീര്‍ച്ചാലാണ് കാനം. ആ നീര്‍ച്ചാലിന്റേയും അതിന്റെ ഭാഗമായ പാറക്കുളത്തിന്റേയും ചുറ്റുപാടുകളുടേയും ജീവിതചിത്രണമാണത്. ഒരു മഴക്കാലത്തില്‍ തുടങ്ങി അടുത്ത മഴക്കാലം വരെയുള്ളതാണ് അതിന്റെ കാലദൈര്‍ഘ്യം. നിരന്തരവും ധ്യാനാത്മകവുമായ കാത്തിരിപ്പിലൂടെയാണ് കാനത്തിന്റെ ആവാസവ്യവസ്ഥ അദ്ദേഹം പകര്‍ത്തിയത്. 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ 30 മിനിറ്റിലേക്കൊതുക്കുകയായിരുന്നു. പിന്നീടുള്ള ഡോക്യുമെന്ററികളിലും ഇതേ സമീപനം തന്നെയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
 

''മേഘമായി, മഴയായി, നീര്‍ച്ചാലായി, പുഴയായി കടലിലെത്തുന്ന വെള്ളത്തിന്റെ ഊരുചുറ്റല്‍. കുന്ന് ഇതില്‍ പങ്കാളിയാവുകയാണ്. ജലം ജീവനായി ഒന്നുമറ്റൊന്നിനാഹാരമായി ആഹാരശൃംഖലയിലൂടെയുള്ള ജലസഞ്ചാരമാണ് ഭൂമിയിലെ ജീവന്റെ ആധാരം'' എന്ന കാനത്തിലെ ആദ്യ നരേഷനില്‍ത്തന്നെ സംവിധായകന്റെ പ്രകൃതിബോധവും കാലബോധവും പ്രത്യക്ഷമാവുന്നു. അവയെ സാധൂകരിക്കുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ ദൃശ്യപരിചരണങ്ങളും. പതിഞ്ഞ താളത്തില്‍ ഓരോ ജീവികളിലേക്കും ചെടികളിലേക്കും സൂക്ഷ്മതയോടെയും കൗതുകത്തോടെയും അദ്ദേഹത്തിന്റെ ക്യാമറ സഞ്ചരിക്കുന്നു. നമ്മുടെ തൊട്ടു മുന്നില്‍ നാമെന്നും കാണുന്ന എന്നാല്‍ തിരിച്ചറിയാത്ത കാഴ്ചകള്‍ തന്നെയാണ് അദ്ദേഹം നമ്മുടെ നോട്ടത്തിലേക്കു കൊണ്ടുവരുന്നത്. 

പരിസ്ഥിതി എന്നത് നമ്മെ സംബന്ധിച്ച് പൊതുവെ കാടും കുന്നുകളും പുഴയും കടലുമൊക്കെയാണ്. തൊട്ടടുത്തുള്ള പ്രകൃതി നമ്മുടെ പരിഗണനാ വിഷയമേ ആകാറില്ല. നാം ജീവിക്കുന്ന ചുറ്റുപാടുകളിലെ ജൈവവൈവിധ്യങ്ങളെ, അതിന്റെ സൂക്ഷ്മഭാവങ്ങളെയാണ് ബാബു കാമ്പ്രത്തിന്റെ ക്യാമറ ഒപ്പിയെടുക്കുന്നത്. മനുഷ്യസ്പര്‍ശം അധികമേല്‍ക്കാത്ത ചെങ്കല്‍ പ്രദേശത്തിന്റെ ചിത്രീകരണമാണ് കാനം. പലതരം പക്ഷികള്‍, തുമ്പികള്‍, തവളകള്‍, പാമ്പുകള്‍, മത്സ്യങ്ങള്‍, പൂമ്പാറ്റകള്‍, പുല്‍ച്ചെടികള്‍, കുറ്റിച്ചെടികള്‍, പുഴുക്കള്‍ തുടങ്ങി ആ ചെങ്കല്‍ക്കുളവും അതിന്റെ പരിസരങ്ങളുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയേയും അതീവ സൂക്ഷ്മതയോടെ സമീപിക്കുകയും ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു സംവിധായകന്‍. നിസ്സാരമെന്നു തോന്നാവുന്ന ഒരു ഇടനാടന്‍ ചെങ്കല്‍ക്കുന്നില്‍ ഇത്രയധികം ജീവവൈവിധ്യങ്ങളുണ്ടെന്ന അത്ഭുതം ഈ സിനിമ കാണിച്ചുതരുന്നു.
സിനിമ ചലനത്തിന്റെ കലയാണ്. കാലത്തെ നിശ്ചലതയിലൊതുക്കുന്നത് ഫോട്ടോഗ്രഫിയും (frozen moment). ബാബു കാമ്പ്രത്തിന്റെ തട്ടകം ഫോട്ടോഗ്രഫിയാണ്. ഡോ. ജാഫര്‍ പാലോട്ടിനും വി.സി. ബാലകൃഷ്ണനുമൊപ്പം പുറത്തിറക്കിയ കേരളത്തിലെ ചിത്രശലഭങ്ങള്‍ എന്ന പുസ്തകത്തിലെ പൂമ്പാറ്റച്ചിത്രങ്ങള്‍ ഒരു ഫോട്ടോഗ്രാഫറെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഉന്നതസ്ഥാനം രേഖപ്പെടുത്തുന്നതാണ്. ഒറ്റനോട്ടത്തില്‍ തരിശുനിലമെന്നു തോന്നിക്കുന്ന മാടായിപ്പാറ 113 തരം പൂമ്പാറ്റകളുടെ ആവാസകേന്ദ്രമാണ്. ആ ചെങ്കല്‍പ്പരപ്പിലൂടെ പതിറ്റാണ്ടു നടത്തിയ സഞ്ചാരമാണ് ചിത്രശലഭങ്ങളുടെ ഫോട്ടോകളെടുക്കുന്നതിലേക്കു അദ്ദേഹത്തെ നയിച്ചത്. കേരളത്തിലെ പൂമ്പാറ്റകളെക്കുറിച്ചുള്ള ആധികാരികമായ ഏക ഗ്രന്ഥമാണത്. മലയാളത്തിലെ ആദ്യത്തെ ഫുള്‍കളര്‍ ഗ്ലോസ്സി പേപ്പറിലിറങ്ങിയ പുസ്തകം എന്ന സവിശേഷതയും ഇതിനുണ്ട്.


ഒരു നിമിഷത്തിനുവേണ്ടി എത്രയോ കാലം കാത്തിരിക്കാനുള്ള ക്ഷമ ഫോട്ടോഗ്രാഫര്‍ക്കു വേണം. അത്തരമൊരു മനസ്സാണ് വര്‍ഷങ്ങള്‍ നീളുന്ന ചിത്രീകരണത്തിന് അദ്ദേഹത്തെ പ്രാപ്തനാക്കുന്നത്. കാനം, കൈപ്പാട് തുടങ്ങിയ ഡോക്യുമെന്ററികളില്‍ ഈ രീതി നമുക്കു കണ്ടറിയാനാവും. ഫോട്ടോഗ്രാഫറെന്ന നിലയില്‍ രണ്ടു വര്‍ഷം നീണ്ട നിരന്തരമായ യാത്രയാണ് കാനത്തിന്റെ പിറവിക്കു കാരണമായത്. ഓരോ ഋതുക്കളിലും പ്രകൃതിക്കു വന്നുചേരുന്ന സൂക്ഷ്മവ്യതിയാനങ്ങള്‍ അദ്ദേഹം ക്ഷമയോടെ ഒപ്പിയെടുക്കുന്നു. ആ പ്രദേശത്തെ ജീവജാലങ്ങളുടെ ഋതുഭേദങ്ങളിലൂടെയുള്ള സഞ്ചാരവും അതിജീവനവും അത്ഭുതകരമാം വിധം അവതരിപ്പിച്ചിരിക്കുന്നു. ''വെറും ചരല്‍ക്കൂനയല്ല, കുന്ന് ജീവന്റെ അദ്ഭുതലോകമാണ്. പ്രകൃതിയെ സ്‌നേഹിക്കുന്ന ഒരു മനസ്സുണ്ടെങ്കില്‍ ഈ കാഴ്ച നിങ്ങളുടെ ചുറ്റുവട്ടത്തുനിന്നുതന്നെ കാണാവുന്നതാണ്'' എന്ന വാക്യത്തിലൂടെയാണ് കാനം അവസാനിക്കുന്നത്.  നമ്മുടെ തൊട്ടടുത്തുള്ള പ്രകൃതിയെ സ്‌നേഹത്തോടെയും അത്ഭുതത്തോടെയും നോക്കിക്കാണാനുള്ള ഒരു കണ്ണ് ബാബു കാമ്പ്രത്തിന്റെ ഡോക്യുമെന്ററികള്‍ നല്‍കുന്നു. 


പഴയങ്ങാടിക്കടുത്ത് പുഴ കടലില്‍ ചേരുന്ന അഴിമുഖതീരത്തിനു പിറകിലായി, ഓരുജലം കയറിനില്‍ക്കുന്ന കായലിനോട് ചേര്‍ന്ന് ഏറ്റിറക്കങ്ങളില്‍ പുഷ്ടിപ്രാപിക്കുന്ന ചതുപ്പുനിലങ്ങളുടെ ആവാസവ്യവസ്ഥയെയാണ് രണ്ടാമത്തെ ഡോക്യുമെന്ററിയായ കൈപ്പാട് അവതരിപ്പിക്കുന്നത്. കാനത്തില്‍ മനുഷ്യസാന്നിധ്യമില്ലെങ്കിലും കൈപ്പാടില്‍ ആവാസവ്യവസ്ഥയുടെ ഒരു കണ്ണി മാത്രമായി മനുഷ്യന്‍ കടന്നുവരുന്നു. കിളികള്‍ക്കും പുഴുക്കള്‍ക്കും മണ്ണിരയ്ക്കുമുള്ള പ്രാധാന്യം മാത്രമേ ഇവിടെ മനുഷ്യനു നല്‍കുന്നുള്ളു എന്നതു ശ്രദ്ധിക്കേണ്ടതാണ്. ഉപ്പിനെ അതിജീവിച്ചു വളരുന്ന വിത്തുകള്‍ ഉപയോഗിച്ചു രാസവളങ്ങളോ കീടനാശിനികളോ ഇല്ലാതെ പ്രകൃത്യനുകൂലമായ സവിശേഷി കൃഷിരീതികളാണ് കര്‍ഷകര്‍ പിന്തുടരുന്നത്. നൂറ്റാണ്ടുകളായി കര്‍ഷകരിലൂടെ കൈമാറിയ അറിവുകളാണ് അവരുടെ കൈമുതല്‍. കൈപ്പാടിലെ കൃഷിരീതികളും ചെമ്മീന്‍ കെട്ടുകളുമെല്ലാം സൂക്ഷ്മമായിത്തന്നെ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നു. മത്സ്യങ്ങള്‍, ഞണ്ടുകള്‍, അനേകം ജലജീവികള്‍, അവിടെയെത്തുന്ന നീര്‍ക്കാക്കകള്‍, പക്ഷികള്‍, സൂക്ഷ്മജീവികള്‍, ദേശാടനക്കിളികള്‍ ഇങ്ങനെ കൈപ്പാടുമായി ബന്ധപ്പെട്ട ജൈവവ്യവസ്ഥയിലെ കണ്ണികളെയെല്ലാം സൂക്ഷ്മമായി ചിത്രീകരിക്കുന്നു സംവിധായകന്‍. കൊറ്റിയുടെ ധ്യാനത്തിലൂടെയാണ് ബാബു കാമ്പ്രത്തിന്റെ ക്യാമറ തന്റെ തൊട്ടടുത്തുള്ള ഈ ലോകം അതിസൂക്ഷ്മതയോടെ ചിത്രീകരിച്ചിരിക്കുന്നത്.

 
തന്റെ മൂന്നാമത്തെ ഡോക്യുമെന്ററിയായ ബിഹൈന്റ് ദ മിസ്റ്റില്‍ പുറം ലോകം മൂന്നാറിനെക്കുറിച്ചു സൃഷ്ടിച്ചിട്ടുള്ള കാല്പനിക പരിവേഷങ്ങള്‍ക്കപ്പുറം തലമുറകളായി അടിമകളാക്കപ്പെട്ട മനുഷ്യജീവിതങ്ങളെയാണ് കാമ്പ്രത്തിന്റെ ക്യാമറ കാണിച്ചുതരുന്നത്. മറ്റ് രണ്ട് ഡോക്യുമെന്ററികളില്‍നിന്നും ഭിന്നമായി മനുഷ്യര്‍, അതും അടിമസമാനമായ ജീവിതം നയിക്കുന്ന മനുഷ്യര്‍ കേന്ദ്രമായി വരുന്നു. കേരളത്തിലെ ഏറ്റവും മനോഹര ഭൂപ്രദേശമായ മൂന്നാറിന്റെ മറ്റൊരു മുഖമാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. പെമ്പിളൈ ഒരുമൈ സമരമാണ് മൂന്നാറിന് കാല്പനികതയ്ക്കപ്പുറം മറ്റൊരു മുഖമുണ്ടെന്നു നമ്മെ ബോധ്യപ്പെടുത്തിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് അവിടെ തേയിലത്തോട്ടങ്ങള്‍ രൂപപ്പെട്ടത്. അധിനിവേശവും തേയിലത്തോട്ടവ്യാപനവും ഒന്നായിത്തന്നെയാണ് സംഭവിച്ചത്. മുതുവാന്മാരെ അരികുകളിലേക്കൊതുക്കിയാണ് കാടുവെട്ടിത്തെളിച്ച് തേയിലത്തോട്ടങ്ങള്‍ വെച്ചുപിടിപ്പിച്ചത്. കൂലിപ്പണിക്കാരെ ആവശ്യമായി വന്നപ്പോള്‍ തമിഴ്നാട്ടിലെ അടിമജീവിതം നയിക്കുന്ന താഴ്ന്ന വിഭാഗത്തില്‍പ്പെടുന്ന ജനവിഭാഗങ്ങളെ കങ്കാണിമാര്‍ മൂന്നാറിലേക്കു കൊണ്ടുവന്നു. ജാതീയമായ അടിമത്തത്തിനു പകരം തൊഴില്‍പരമായ അടിമത്തത്തിലേക്കാണ് അവര്‍ പതിച്ചതെന്നു മാത്രം.

തേയിലക്കാടുകളിലെ അടിമജീവിതങ്ങള്‍

ബ്രിട്ടീഷുകാര്‍ തേയിലത്തോട്ടങ്ങളിലേക്കു ജോലിക്കായി കൊണ്ടുവന്ന തൊഴിലാളികളുടെ, തലമുറകളായി തുടരുന്ന അടിമജീവിതത്തിന്റെ ദൈന്യതകളിലേക്കാണ് സംവിധായകന്റെ ക്യാമറ തിരിയുന്നത്. മൂന്നാര്‍ എന്ന സ്വര്‍ഗ്ഗം, അവിടെ മനുഷ്യനും പ്രകൃതിയും ഒരുപോലെ നേരിടുന്ന പ്രതിസന്ധികള്‍ അവതരിപ്പിക്കുന്നതിലൂടെ നമ്മുടെ സൗന്ദര്യക്കാഴ്ചകളെ അട്ടിമറിക്കുന്നു അദ്ദേഹം. സഞ്ചാരിയുടെ കൗതുകക്കണ്ണല്ല ബാബുവിന്റെ സിനിമയിലേത്. മഞ്ഞിന്‍മറയ്ക്കപ്പുറം സഞ്ചാരികള്‍ കാണാത്ത മനുഷ്യജീവിതങ്ങളിലാണ് സിനിമയുടെ നോട്ടം. അവിടെ കങ്കാണിമാരുടെ ക്രൂരമായ മര്‍ദ്ദനങ്ങളേറ്റുവാങ്ങേണ്ടിവന്ന വൃദ്ധജനങ്ങളുടെ ഓര്‍മ്മകളുണ്ട്. ലയത്തിലെ നരകജീവിതം അനുഭവിക്കുന്ന അമ്മമാരുടെ രോഷങ്ങളുണ്ട്. ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളൊന്നും അവശേഷിക്കാത്ത കുഞ്ഞുങ്ങളുടെ നിരുന്മേഷമായ കണ്ണുകളുണ്ട്. തൊഴില്‍ സമയത്തിനുശേഷം പുറമ്പോക്കില്‍ കൃഷിചെയ്തു വല്ലതും മിച്ചം വെക്കാമെന്ന മനുഷ്യരുടെ വിഫല പ്രതീക്ഷകളുണ്ട്. 

ടീ എസ്റ്റേറ്റുകളില്‍ അടിമവേല ചെയ്യുന്ന മനുഷ്യജീവിതത്തിലേക്കുള്ള ബാബുവിന്റെ ക്യാമറാസഞ്ചാരമാണ് ബിഹൈന്റ് ദ മിസ്റ്റ്. മൂന്നാറില്‍ മാത്രമല്ല, ഇന്ത്യയിലെവിടെയും തോട്ടം തൊഴിലാളികളുടെ ജീവിതം സവിശേഷ പ്രാധാന്യമുള്ളതാണ്. പെട്ടുകഴിഞ്ഞാല്‍ പുറത്തുചാടാന്‍ പറ്റാത്ത രാവണന്‍കോട്ടയാണത്. കമ്പനിയുടെ ഔദാര്യമായ ലയങ്ങളില്‍ ജീവിച്ച് ഒരിക്കലും സ്വന്തമാക്കാനാവാത്ത വീടിനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പേറി തലമുറകളിലേക്കു പകരുന്ന കടവും ബാധ്യതകളുമായി അടിമജീവിതം നയിക്കുക എവിടുത്തേയും തേയിലത്തൊഴിലാളികളുടെ വിധിയാണ്. ആസ്സാമില്‍ ഇങ്ങനെ രൂപപ്പെട്ട ജനവിഭാഗങ്ങളെ ടീ ട്രൈബ് എന്നുതന്നെ വിളിക്കാറുണ്ട്. 58 വയസ്സില്‍ കമ്പനിയില്‍നിന്നു പിരിയുമ്പോള്‍ ലയത്തില്‍നിന്നുമിറങ്ങണം. താക്കോല്‍ തിരിച്ചേല്പിക്കണം. തലമുറകള്‍ക്കു മുന്‍പ് വിട്ടുവന്ന തമിഴ്നാട്ടിലാകട്ടെ, ജനിച്ച മൂന്നാറിലാകട്ടെ, അവര്‍ക്കൊരിടമില്ല. അപ്പോള്‍ ചെയ്യാവുന്നത് ലയത്തിലെ തുടര്‍ജീവിതത്തിനായി സ്വന്തം മക്കളെ തോട്ടം തൊഴിലിന് അയക്കുക എന്നതു മാത്രം. തലമുറകളായി മോചനമില്ലാത്ത തൊഴില്‍. തുച്ഛമായ വേതനം. അടിമത്തം നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും മറ്റൊരു രൂപത്തില്‍ അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ബാബുവിന്റെ ക്യാമറ തുറന്നു കാട്ടുന്നത്. കൊച്ചു കുട്ടികള്‍ കെട്ടുന്ന ഒരു കളിവീടിന്റെ ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്. ഒരിക്കലും സാധിക്കാനാവാത്ത തലമുറകളായുള്ള സ്വപ്നം. മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളിലൊന്ന്. തലചായ്ക്കാനൊരു കൂര. 
ദേശീയതലത്തിലും അന്തര്‍ദ്ദേശീയ തലത്തിലും അംഗീകാരം നേടിയ ഈ ഡോക്യുമെന്ററികള്‍ക്കുശേഷം മദര്‍ ബേഡ് എന്ന ഡോക്യുമെന്ററിയുമായി അദ്ദേഹം വീണ്ടുമെത്തുന്നു. 2018 ഫെബ്രുവരിയില്‍ നടന്ന പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രമായിരുന്നു മദര്‍ ബേഡ്. അതിന്റെ ആദ്യ പ്രദര്‍ശനവും. മദര്‍ ബേഡില്‍ ബാബുവിന്റെ ക്യാമറ മുഖ്യമായും പക്ഷികളിലേക്കാണ് തിരിയുന്നത്. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിക്കടുത്ത ചെമ്പല്ലിക്കുണ്ടിലെ തുളിശ്ശേരി എന്ന ചെറിയൊരു ദ്വീപില്‍ ഒറ്റയ്ക്കു കഴിയുന്ന നാരായണിയമ്മ എന്ന സ്ത്രീയേയും ആ ദ്വീപിലെത്തുന്ന ദേശാടനക്കിളികളേയും കുറിച്ചുള്ളതാണ് ഈ ഡോക്യുമെന്ററി. 


നാരായണിയമ്മ ആ പക്ഷിസങ്കേതത്തിന്റെ കാവലാളാണ്. ലക്ഷക്കണക്കിനു ദേശാടനക്കിളികള്‍ അവിടെ വര്‍ഷങ്ങളായി വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. നൂറോളം സ്പീഷിസില്‍പ്പെട്ട പക്ഷികള്‍ ഇവിടെ സഞ്ചാരികളായെത്തുന്നു. കടല്‍ക്കാക്കകള്‍, വൈല്‍ഡ് ഡെക്ക്സ്, ഐബിസ് തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. പ്രജനന കാലത്തിനുശേഷം അവ തിരിച്ചുപോകുകയും ചെയ്യുന്നു. ഇതിനെല്ലാം സാക്ഷിയായി നാരായണിയമ്മ അവിടെ വസിക്കുന്നു. പക്ഷികളെ സംബന്ധിച്ച് മൈഗ്രേഷന്‍ എന്നത് ജനിതകമായ ഒരോര്‍മ്മയാണ്. അതിനു സഹായകമായ ഒരു സാഹചര്യവും അതു രൂപപ്പെടുത്തുന്നതില്‍ മുഖ്യമാണ്. സുരക്ഷിതത്വം അനുഭവപ്പെടുന്ന പരിസരം പക്ഷികള്‍ക്കു വളരെ പ്രധാനപ്പെട്ടതുമാണ്. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനു ശേഷമാണ് കോര്‍മറ്റ് എന്ന പേരിലറിയപ്പെടുന്ന നീര്‍ക്കാക്കകള്‍ ബ്രീഡിങ്ങിനു പറ്റിയ ഇടമായി ഇവിടം തെരഞ്ഞെടുത്തു തുടങ്ങിയത് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 
പകലുകളിലല്ല, രാത്രികളിലാണ് പക്ഷികള്‍ അവിടെ എത്തുന്നത്. രാത്രി പക്ഷികളുടേതും പകല്‍ നാരായണിയമ്മയുടേതുമാണ് ഡോക്യുമെന്ററിയില്‍. രാത്രി വിളക്കുമെടുത്തു പുറത്തേക്കിറങ്ങുന്ന നാരായണിയമ്മയെ സംവിധായകന്‍ ചിത്രീകരിക്കുന്നു. ആ പക്ഷികളുടെ കാവലാളാണ് നാരായണിയമ്മ. വര്‍ഷങ്ങളായി അവരീ വിഹഗസഞ്ചാരങ്ങള്‍ക്കു സാക്ഷിയാണ്. വേട്ടക്കാരവിടെ എത്താതിരിക്കുന്നത് നാരായണിയമ്മയുടെ കാവലുകൊണ്ടാണ്. നിരന്തരമായ സാമീപ്യം കൊണ്ട് പക്ഷികള്‍ക്കു സുരക്ഷിത സ്ഥാനമായി ആ പ്രദേശം അനുഭവപ്പെടുന്നു എന്നതു നിസ്സാര കാര്യമല്ല. ഗവണ്മെന്റിന്റെ സംരക്ഷണയിലുള്ള ഒരു പക്ഷിസങ്കേതമല്ല ഇത്. എന്നിട്ടും സ്വകാര്യമായ ആ തുരുത്തും സമീപ പ്രദേശങ്ങളും അനേകായിരം പക്ഷികളുടെ സംരക്ഷണകേന്ദ്രമാവുന്നു എന്നതു വളരെ പ്രധാനമാണ്. എല്ലാ സാമൂഹിക ബന്ധങ്ങളില്‍ നിന്നുമകന്നു പക്ഷികളുടെ കാവല്‍ക്കാരിയായുള്ള നാരായണിയമ്മയുടെ ഏകാന്ത ജീവിതം പക്ഷികളുമായി ലയിച്ചുചേരുന്നുണ്ടോ എന്നതില്‍ സംശയം തോന്നാം. ചിലപ്പോള്‍ ചിറകു തളര്‍ന്ന വലിയൊരു ദേശാടനക്കിളിയായും നാരായണിയമ്മ മാറുന്നു. കേരളത്തിലെ ഏതൊരു ഔദ്യോഗിക പക്ഷിസങ്കേതത്തിലും കാണാത്തത്രയും വൈവിധ്യവും വൈപുല്യവുമാര്‍ന്ന പക്ഷികളെ ഇവിടെ കാണുന്നു. ബി.ബി.സിയും മറ്റും അനേകം കോടികള്‍ ചെലവഴിച്ചു നിര്‍മ്മിക്കുന്ന ഡോക്യുമെന്ററികളോട് കിടനില്‍ക്കുന്നവയാണ് മദര്‍ ബേഡിലെ ദൃശ്യങ്ങളും അതിന്റെ പരിചരണവും. പ്ലാനറ്റ് എര്‍ത്ത് സീരിസുകളോ ഗോലപ്പോഗോസോ നിര്‍മ്മിച്ചിട്ടുള്ളത് ഏറ്റവും നൂതനമായ ലെന്‍സുകളുടെയും സാങ്കേതിക സംവിധാനങ്ങളുടെയും ലോകത്തിലെ ഏറ്റവും മികച്ച ടെക്നിഷ്യന്മാരുടേയും സഹായത്തോടെയാണ്. എന്നാല്‍, പ്രകൃതിയെ കൗതുകത്തോടെയും സൂക്ഷ്മതയോടെയും നോക്കിക്കാണാനുള്ള കണ്ണും അനന്തമായി കാത്തിരിക്കാനുള്ള ക്ഷമയും അര്‍പ്പണ മനോഭാവവുമാണ് ബാബു കാമ്പ്രത്തിന്റെ മൂലധനം. അഞ്ചു വര്‍ഷത്തെ ശ്രമഫലമായാണ് മദര്‍ബേഡ് ചിത്രീകരിക്കപ്പെട്ടത്. അതിലൊരു വര്‍ഷം ശബ്ദലേഖനത്തിനു മാത്രമായിരുന്നു. 

നാരായണിയമ്മയെ ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഒരാത്മബന്ധത്തിന്റെ തുടക്കം കൂടിയായിരുന്നു ബാബുവിന്. തന്റെ അമ്മയുമായി ഏതൊക്കെയോ തരത്തിലുള്ള സാമ്യമാകാം അതിനുള്ള കാരണമെന്ന് ആദ്യ പ്രദര്‍ശനത്തിനുശേഷം കാണികളുമായുള്ള സംവാദത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍കൊണ്ട് കരയുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്ന അവസാന വര്‍ഷങ്ങളില്‍ അദ്ദേഹം തന്നെയായിരുന്നു അവരുടെ ജീവിതാവശ്യങ്ങള്‍ക്കു തുണയായതും. നാരായണിയമ്മയുടെ മരണത്തിനു ശേഷമാണ് സിനിമ പൂര്‍ത്തിയാവുന്നത്. 
സിനിമയുടെ അവസാനം ബാബുവിന്റെ ക്യാമറ നാരായണിയമ്മയുടെ ക്ഷയോന്മുഖമായ വീട്ടിലേക്കും പരിസരങ്ങളിലേക്കും സഞ്ചരിക്കുന്നു. മുന്‍പു കണ്ട പച്ചപ്പാര്‍ന്ന പ്രദേശങ്ങള്‍ വരണ്ട തരിശുനിലങ്ങളായി മാറിയിരിക്കുന്നു. വെള്ളം കെട്ടിനിന്ന ചതുപ്പുകള്‍ ക്രിക്കറ്റ് മൈതാനങ്ങളായി രൂപം മാറിയിരിക്കുന്നു. പരിസ്ഥിതിനാശത്തെക്കുറിച്ച് രോഷാകുലനാകുന്ന ഒരാക്ടിവിസ്റ്റിലേക്കുള്ള മാറ്റം ഇത്തരം ദൃശ്യങ്ങളില്‍ വായിക്കാവുന്നതാണ്. തൊട്ടു മുന്‍പുള്ള ബിഹൈന്റ് ദ മിസ്റ്റില്‍ കുട്ടികള്‍ കളിവീടു കെട്ടുന്ന അവസാന ദൃശ്യത്തില്‍ ഈ മാറ്റത്തിന്റെ സൂചനയുമുണ്ട്. 

സാധാരണ പരിസ്ഥിതി സിനിമകളില്‍നിന്നും ബാബുവിന്റെ ഡോക്യുമെന്ററികളെ വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങള്‍ ഏറെയാണ്. പരിസ്ഥിതിനാശത്തെക്കുറിച്ചുള്ള അതിവാചാലത അവിടെ കാണുന്നേയില്ല. കുന്നിടിക്കുന്നതിനെക്കുറിച്ചോ വയല്‍ നികത്തലിനെക്കുറിച്ചോ പുഴ മലിനമാകുന്നതിനെക്കുറിച്ചോ പ്രത്യക്ഷമായ വാക്കുകളോ ദൃശ്യങ്ങളോ ഒന്നും അദ്ദേഹം ഉപയോഗിക്കുന്നില്ല. എങ്കിലും ചിത്രങ്ങള്‍ കണ്ടുകഴിയുമ്പോള്‍ ഈ സുന്ദരമായ പ്രകൃതിയിലേക്ക് ഇരച്ചുവരുന്ന ജെ.സി.ബികളെക്കുറിച്ചു നാമോര്‍ക്കാതിരിക്കില്ല. വാചാലതയിലൂടെയല്ല, നിശ്ശബ്ദതയിലൂടെയാണ് കാമ്പ്രത്തിന്റെ സിനിമകള്‍ സംവേദനം സാധ്യമാക്കുന്നത്. 
സവിശേഷമായ ഒരു കാലബോധം സംവിധായകന്‍ പിന്തുടരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. പ്രകൃതിയുടെ അനന്തചലനത്തില്‍നിന്നും ഒരു വര്‍ഷമാണ് സംവിധായകന്‍ സ്വീകരിക്കുന്ന ഏകകം. ഒരു മഴക്കാലം മുതല്‍ അടുത്ത മഴക്കാലം വരെയുള്ള സമയമാണ് കാനത്തിലും കൈപ്പാടിലും മദര്‍ ബേഡിലുമെല്ലാമുള്ളത്. ഇത്ര നീണ്ട ഒരു കാലബോധം പാരിസ്ഥിതികതയില്‍ വളരെ പ്രധാനപ്പെട്ടതുമാണ്. പ്രാചീന മനുഷ്യനെ സംബന്ധിച്ചു കാലത്തിന്റെ യൂണിറ്റ് വര്‍ഷങ്ങളായിരുന്നു. ആ വാര്‍ഷിക ചലനത്തിനനുസരിച്ചാണ് അവന്‍ കൃഷിയും ജീവിതവുമെല്ലാം ക്രമപ്പെടുത്തിയത്. ഈ വാര്‍ഷികതാളം ബാബു കാമ്പ്രത്തിന്റെ ആഖ്യാനരീതിയുടെ സവിശേഷതയാണ്. പക്ഷേ, ആധുനിക മനുഷ്യനെ സംബന്ധിച്ച് ഈ കാലത്തിന്റെ ഏകകം നിമിഷങ്ങളിലേക്കോ അതിലും കുറവിലേക്കോ മാറിയിരിക്കുന്നു. 

ബാബുവിന്റെ ഫ്രെയിമുകള്‍ ചലനാത്മകങ്ങളല്ല. നിശ്ചലതയിലേക്കു ചലനത്തെ കൊണ്ടു വരികയാണദ്ദേഹം. ഒരര്‍ത്ഥത്തില്‍ സ്റ്റില്‍ ഫോട്ടോഗ്രഫികൊണ്ടു നിര്‍മ്മിക്കപ്പെട്ടതാണ് കാനം. എന്നാല്‍, കൈപ്പാടില്‍ ചലനത്തിലേക്കുള്ള വികാസം രൂപപ്പെടുന്നുണ്ട്. നിശ്ശബ്ദവും നിരന്തരവുമായ കാത്തിരിപ്പിലൂടെ ചലനങ്ങള്‍ ക്യാമറാ ഫ്രെയിമിലേക്കു കടന്നുവരികയാണ്. മഴയും വെയിലും മഞ്ഞും കാറ്റും മുതല്‍ പ്രകൃതിയിലെ അതിസൂക്ഷ്മ ചലനങ്ങള്‍ വരെ ക്യാമറയിലേക്കു കടന്നുവരുന്നു. അപൂര്‍വ്വമായി വരുന്ന പാനിങ്ങ് ഷോട്ടുകള്‍പോലും അത്രമേല്‍ മന്ദതാളത്തിലുള്ളതാണ്. കാനത്തിലും കൈപ്പാടിലും സൂരജ് തലശ്ശേരി എന്ന ക്യാമറാമാന്റെ സാന്നിധ്യമുണ്ടെങ്കിലും ബിഹൈന്റ് ദി മിസ്റ്റിലും മദര്‍ ബേഡിലും സംവിധായകന്‍ തന്നെ ക്യാമറ കൈകാര്യം ചെയ്യുന്നു. 

ഏറെ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ആദ്യ മൂന്നു ഡോക്യുമെന്ററികളും ഗോവ ഫിലിം ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 2009-ലെ കേരള ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള സമ്മാനം നേടിയ കാനം അതേ വര്‍ഷം തന്നെ പ്രശസ്തമായ വാതവരണ്‍ രാജ്യാന്തര പരിസ്ഥിതി വന്യജീവി ചലച്ചിത്രോത്സവത്തിലേക്കും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഗോവയില്‍ 2010-ലെ വസുധ പുരസ്‌കാരം കൈപ്പാടിനായിരുന്നു. ബിഹൈന്റ് ദ മിസ്റ്റ് മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കുകയുണ്ടായി.
പ്രപഞ്ചത്തിലെ എല്ലാ ജീവികളേയും ഒരുപോലെ കാണുന്ന ബഷീറിയന്‍ ദര്‍ശനമാണ് ബാബു കാമ്പ്രത്ത് മുന്നോട്ടു വെക്കുന്നത്. വിദൂരങ്ങളായ കടലിനെക്കുറിച്ചും പുഴകളെക്കുറിച്ചും വനങ്ങളെക്കുറിച്ചും ആധികൊള്ളുകയും തൊട്ടടുത്തുള്ള പാരിസ്ഥിതിക യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന വൈരുധ്യത്തെ അദ്ദേഹം പ്രശ്‌നവല്‍ക്കരിക്കുന്നു. ആഴത്തിലുള്ള അന്വേഷണവും പാരിസ്ഥിതിക നിലപാടുകളും സൂക്ഷ്മമായ ചിത്രീകരണവും പെയിന്റിങ്ങിനെ അനുസ്മരിപ്പിക്കുന്ന ദൃശ്യപരിചരണവുമെല്ലാമാണ് അദ്ദേഹത്തിന്റെ ഡോക്യുമെന്ററികളെ വേറിട്ട അനുഭവമാക്കി മാറ്റുന്നത്. 


പ്രകൃതിയിലേക്കു സൂക്ഷ്മമായി നോക്കുന്ന ക്യാമറ നമ്മോട് പലതും പറയുന്നു. നമ്മുടെ തൊട്ടു മുന്‍പിലേക്കു നോക്കാന്‍ അതു പ്രേരിപ്പിക്കുന്നു. അവിടെ ഇതുവരെ നാം കാണാത്ത അത്ഭുത പ്രപഞ്ചങ്ങളുണ്ട്. പ്രകൃതിയുടെ വിസ്മയക്കാഴ്ചകള്‍ വനങ്ങളിലും വിദൂരസ്ഥങ്ങളിലും മാത്രമല്ല, നാം നിത്യവും നടക്കുന്ന വഴികള്‍ക്കിരുപുറവും ജൈവവെവിധ്യങ്ങളുടെ സമ്പന്നതയുണ്ട്. നാമതു കാണാന്‍ ശ്രമിച്ചില്ലെന്നു മാത്രം. അതു നോക്കിക്കാണാനുള്ള പ്രേരണയാണ് കാമ്പ്രത്തിന്റെ ക്യാമറ നമുക്കു നല്‍കുന്നത്. കുട്ടിയായിരിക്കെ സത്യജിത് റായ് രവീന്ദ്രനാഥടാഗോറിനെ കാണാന്‍ പോയ കഥയുണ്ട്. എന്താണ് ജീവിതത്തിലെ ആഗ്രഹമെന്ന് ടാഗോര്‍ റായിയോട് ചോദിച്ചു. ഈ ലോകം മുഴുവന്‍ ചുറ്റിക്കാണണമെന്നു റായ് പറഞ്ഞു. അപ്പോള്‍ ടാഗോര്‍ പറഞ്ഞത്രെ, നീ പുലരാന്‍ നേരത്ത് എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങുക. അവിടെ ഒരു പുല്‍ക്കൊടി നീ കാണും. അതിനറ്റത്ത് ഒരു മഞ്ഞുതുള്ളി ഇറ്റുവീഴാന്‍ നില്‍ക്കുന്നുണ്ടാവും. അത് സൂക്ഷ്മമായി നിരീക്ഷിക്കുക. പ്രപഞ്ചം മുഴുവന്‍ അതില്‍ പ്രതിഫലിക്കുന്നതു നിനക്കു കാണാം. മഹാകവിയുടെ ഈ വാക്കുകളുടെ പൊരുള്‍ ബാബു കാമ്പ്രത്തിന്റെ ഡോക്യുമെന്ററികള്‍ നമുക്കു പറഞ്ഞുതരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com